Friday, 31 July 2020

മനുഷ്യബന്ധങ്ങൾ നിലനിൽക്കട്ടെ..


മനുഷ്യബന്ധങ്ങൾ നിലനിൽക്കട്ടെ..





ഈ എഴുത്ത്  ഏഷ്യാനെറ്റ്  ന്യൂസ്  ഓൺലൈനിൽ  വായിക്കാം 







ഞാൻ താമസിക്കുന്ന ഗൾഫിലെ ചെറുപട്ടണം പ്രശാന്തസുന്ദരമാണ്. ഗ്രാമമെന്നോ പട്ടണമെന്നോ വേർതിരിച്ചു പറയാൻ കഴിയാത്ത ഒരു കടലോരം. കടലും കരയും നീലാകാശവും മലനിരകളും പരസ്പരം പുണർന്നുകിടക്കുന്ന നാട്. പവിഴപ്പുറ്റും പഞ്ചാരമണലും ഉരുളൻകല്ലുകളും പച്ചപ്പും നിറഞ്ഞ കടലോരഗ്രാമങ്ങളുടെ നാട്. ശുദ്ധ അറേബ്യൻ ഗ്രാമസംസ്കാരവും കലർപ്പില്ലാത്ത ഗ്രാമനന്മകളും തുടികൊട്ടുന്ന ദേശം. വെള്ളിയാഴ്ചകളിൽ രാവിലെ പട്ടണത്തിലെ മാർക്കറ്റ് രാവിലെ തന്നെ സജീവമാകും. മീൻ മാർക്കറ്റും പച്ചക്കറി മാർക്കറ്റും ജനങ്ങളെക്കൊണ്ട് നിറയും. വെള്ളിയാഴ്ചകളിൽ ആണ് മിക്കവരും മീൻ വാങ്ങിക്കാൻ ഇറങ്ങുന്നത്. കടലോരപട്ടണമായതിനാൽ മീൻ മാർക്കറ്റിൽ മത്സ്യങ്ങൾ ഇഷ്ടംപോലെ കിട്ടും.കോഫർ, ഷേരി, സാഫി, ഹമൂർ, ഇങ്ങനെയുള്ള അറബിനാട്ടിലെ താരങ്ങൾക്ക് ഒപ്പം നമ്മുടെ നെയ്‌മീനും ചൂരയും പാരയും അയലയും മത്തിയുമൊക്കെ ധാരാളം. നല്ല ഫ്രഷ് മീനുകൾ ചുരുങ്ങിയ വിലയ്ക്ക് കിട്ടുമെന്നതിനാൽ ദുബൈയിൽ നിന്നുപോലും ആൾക്കാർ വീക്കെൻഡിൽ ഇവിടെ മീൻ വാങ്ങാൻ എത്താറുണ്ട്.




മീൻമാർക്കറ്റിനു വെളിയിൽ ഉള്ള നടവഴിയിൽ ആണ് ബംഗാളി വഴിയോര കച്ചവടക്കാരുടെ താവളം. മസറകളിൽ നിന്നുള്ള നാടൻപച്ചക്കറികളും പഴങ്ങളും ആണ് കച്ചവടം. കിയാർ, കൂസ,ലോക്കി ജിർജീർ തുടങ്ങിയ കേരളത്തിൽ പിടിക്കാത്ത പച്ചക്കറികളും പിന്നെ തക്കാളി, വെണ്ടയ്ക്ക, പാവയ്ക്ക,പയർ ബീൻസ്, നാരങ്ങ, മാങ്ങാ, മധുരകിഴങ്ങ് ഒക്കെയാകും കച്ചവടം. ഈന്തപ്പഴത്തിന്റെ സീസൺ പിന്നെ അതാകും മുഖ്യ ആകർഷണം.പലതരം ഈന്തപ്പഴങ്ങൾ.
ഫർദ്, ലുലു, സുക്കാരി തുടങ്ങിയ നാടൻ ഇനങ്ങളുടെ വിൽപ്പന സീസൺ തുടങ്ങിയാൽ പൊടിപൊടിക്കും. ബംഗാളികൾ ആണ് കച്ചവടക്കാർ. തോട്ടങ്ങളിൽ നിന്ന് കൊണ്ടുവരുന്ന പച്ചക്കറി വാങ്ങി ചെറുകിട വിൽപ്പന നടത്തുന്ന കച്ചവടക്കാർ. തുച്ഛമായ ലാഭം മാത്രമാണ് അവർക്ക് ലഭിക്കുക.അവധിദിവസം ആയതിനാൽ വെള്ളിയാഴ്ചയോ ശനിയാഴ്ചയോ ആണ് ഞാൻ മീനും പച്ചക്കറിയും വാങ്ങുക. അങ്ങനെയുള്ള യാത്രകൾക്കിടയിൽ ഉടലെടുത്ത സൗഹൃദങ്ങളിൽ ഒന്നാണ് ബംഗാളിമാമുമായിട്ടുള്ളത് . ഒരു ബംഗാളി വഴിയോരകച്ചവടക്കാരൻ ആണയാൾ. ഒരു പത്തുമുപ്പത്തഞ്ചു വയസ്സുപ്രായം വരുന്ന ഊർജ്ജസ്വലനായ ബംഗാളി ചെറുപ്പക്കാരൻ.മെലിഞ്ഞു കാറ്റേറ്റാൽ വീണു പോകുമെന്നു തോന്നിപ്പിക്കുന്ന ശരീരം. പാൻപരാഗ് മുറുക്കി ചുവപ്പിച്ച ദ്രവിച്ച പല്ലുകൾ.ഇപ്പോഴും മുഖത്ത് നിറയുന്ന ചിരി. ദൂരെനിന്ന് കാണുമ്പോൾ തന്നെ അയാൾ കൈ ഉയർത്തി 'മാമു കൈസേ ഹേ' എന്ന് കുശലാന്വേഷണം നടത്തും. ബംഗാളികൾ തമ്മിൽ മാമു എന്നാണ് വിളിക്കുക. സഹോദരൻ അല്ലെങ്കിൽ അമ്മാവൻ എന്നാണ് അർത്ഥം.കണ്ടാൽ ഒരു ബംഗാളി ലുക്ക്‌ ഉള്ള എന്നെ പലരും ബംഗാളിയായി തെറ്റിധരിക്കാറുണ്ട്. പലപ്പോഴും ബംഗാളികൾ എന്നോട് ബംഗാളിഭാഷയിൽ വർത്തമാനം പറയാൻ ശ്രമിച്ചു 'മിഴുങ്ങസ്യാ' അടിച്ചു നിൽക്കുന്നത് ഞാൻ കാണാറുണ്ട്. ഗൾഫിൽ എന്ത് ബംഗാളി എന്ത് മലയാളി? എല്ലാം ഹാരിജി (വരുത്തൻ) അല്ലേ?.
ബംഗാളി കച്ചവടക്കാരൻ മാമുവിനു എന്നെ കാണുമ്പോൾ വലിയ സന്തോഷമാണ്. വെണ്ടയ്ക്കയും പച്ചമുളകും കിയാറുമാണ് ഞാൻ സാധാരണയായി അയാളുടെ അടുത്തുനിന്ന് വാങ്ങുക. ചെറിയ ചെറിയ തടിപ്പെട്ടികളിൽ പച്ചക്കറികൾ നിറച്ചു വെച്ചിരിക്കും. കിലോകണക്കിന് അല്ല വിൽപ്പന. ഒരു പെട്ടിയ്ക്ക് ഇത്ര എന്ന കണക്കിനാണ് വിൽപ്പന. നാരങ്ങയുടെ സീസൺ ആയാൽ ഞാൻ അതും വാങ്ങിക്കും. സാധാരണ വിൽക്കുന്ന വിലയിൽ നിന്ന് ഒന്നോരണ്ടോ ദിർഹം കുറച്ചാകും അയാൾ എന്നോട് വാങ്ങുക. ഇങ്ങനെ ഒരു ഭായി ഭായി ബന്ധം ആണ് ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നത്. അയാൾക്കോ എനിക്കോ പരസ്പരം പേരുകൾ അറിയില്ല.. മാമുവിളിയിൽ പേരിന് എന്ത് പ്രസക്തി?



അതിനിടയിൽ ആണ് നിനച്ചിരിക്കാതെ കൊറോണ പണി നൽകിയത്. കൊറോണപ്രശ്നം രൂക്ഷമായതോടെ മാർക്കറ്റുകൾ മുനിസിപ്പാലിറ്റി അടച്ചു. മീൻമാർക്കറ്റും പച്ചക്കറി മാർക്കറ്റുമൊക്കെ താഴിട്ടു ജോലിക്കാർ പൂട്ടി. വഴിയോര കച്ചവടക്കാരെ പോലിസ് ഓടിച്ചു മാർക്കറ്റിലേക്കുള്ള വഴിയും ബ്ലോക്ക്‌ ചെയ്തു. കച്ചവടക്കാർ അനാഥമായി ഉപേക്ഷിച്ച പച്ചക്കറിപ്പെട്ടിയും തട്ടുമുട്ടു സാധനങ്ങളും മുനിസിപ്പാലിറ്റിയുടെ ഓറഞ്ച് നിറമുള്ള ലോറി വന്നു കൊണ്ടുപോയി. ആളും ആരവവും നിറഞ്ഞ മാർക്കറ്റിൽ ശ്മശാനമൂകത വന്നുമൂടി. ലോക്ക് ഡോൺ വൈകുന്നേരം ആറുമണിക്ക് തുടങ്ങും .പിന്നെ അണുനശീകരണ ലായനി തളിക്കുന്ന വണ്ടികളുടെ ഇരമ്പൽ മാത്രം. ഇടയ്ക്ക് ആംബുലൻസും പോലീസ് വണ്ടികളും നിലവിളിച്ചുകൊണ്ട് തെരുവിലൂടെ പാഞ്ഞുപോകും . ആ ശബ്ദം കേൾക്കുമ്പോൾ നെഞ്ചിൽ വല്ലാത്തൊരു പടപടപ്പ്.




കൊറോണ പിടിച്ചു പരിചയക്കാരിൽ പലരും ആശുപത്രിയിലായ വാർത്തകൾ ഇങ്ങനെ വന്നുകൊണ്ടിരുന്നു. ഒട്ടുമിക്കപേരും വല്യപരിക്കുകൾ ഇല്ലാതെ കൊറോണയെ അതിജീവിച്ചു.രാവിലെ മാസ്ക് വെച്ചുകൊണ്ട് ജോലിക്കുപോകലും തിരിച്ചു വീട്ടിലെത്തി കൈയ്യും മുഖവും സോപ്പിട്ടു ഉരച്ചു കഴുകലും നിത്യജീവിതത്തിന്റെ ഭാഗമായി. കൊറോണക്കാലം പ്രവാസിയെ പരസ്പരം സഹായിക്കാനും ഊന്നുവടികൾ ആകാനും നന്നായി പഠിപ്പിച്ചു. രോഗമുള്ളവർക്ക് അല്ലറചില്ലറ സഹായങ്ങളും ഭക്ഷണവും എത്തിച്ചുകൊടുക്കുവാൻ പ്രവാസികൾ പഠിച്ചു .കാരണം നാളെ അവരും രോഗത്തിന് അടിപെട്ടേക്കാം. ഇപ്പോൾ യു. എ. ഇ യിൽ കൊറോണ നിയന്ത്രണവിധേയമായതോടെ ജീവിതത്തിന്റെ പഴയ താളം മിക്കമേഖലകളിലും തിരിച്ചു വന്നു. മാർക്കറ്റുകളും പാർക്കുകളും പൊതുഗതാഗതവും ജനങ്ങൾക്കായി തുറന്നിരിക്കുന്നു . എല്ലാം പഴയപടി ആയിത്തുടങ്ങി. ഒരുവ്യത്യാസം മാത്രം എല്ലാചിരിയും സങ്കടവും ഒരുമുഖാവരണത്തിന്റെ മറവിൽ ഒളിപ്പിക്കാൻ ഗൾഫുകാർ പഠിച്ചു.


കഴിഞ്ഞ ദിവസം മാർക്കറ്റിൽ മീൻ വാങ്ങുവാനായി ഇറങ്ങിയതാണ് ഞാൻ. സാമൂഹിക അകലം പാലിച്ചുവേണം മീൻ മാർക്കറ്റിൽ കയറുവാൻ. അപ്പോഴാണ് ദൂരെ നിന്ന് ' മാമു ' വെന്ന വിളികേൾക്കുന്നത്. നമ്മുടെ പഴയ ബംഗാളി വഴിയോര കച്ചവടക്കാരനാണ്.ഏറെ നാളായി കാണാത്ത ഒരു ബന്ധുവിനെ കണ്ട ആവേശത്തോടെ അയാൾ എന്റെ അടുക്കലേക്ക് ഓടി വന്നു. കറുത്ത തുണിമാസ്ക് വെച്ചതിനാൽ മുഖത്തെ ചിരി കാണാൻ കഴിയുന്നില്ല , എന്നിരുന്നാലും കണ്ണുകളിൽ നിന്ന് ആ ചിരി വായിച്ചെടുക്കാം . കണ്ണുകൾ ഒക്കെ കുഴിഞ്ഞു അയാൾ ഒരു കോലമായിരിക്കുന്നു . പാവം അയാൾ കൊറോണ പിടിച്ചു ഒരു മാസം ദൂരെയുള്ള ഫീൽഡ് ഹോസ്പിറ്റലിൽ ആയിരുന്നത്രേ. പനിയും ചുമയും ഒക്കെ വർദ്ധിച്ചു കുറെ ദിവസം ബോധമില്ലാതെ ഏതോ മിഷൻ ഒക്കെ വെച്ചാണ് ശ്വസിച്ചത് എന്ന് അയാൾ പറഞ്ഞു . ഭാഗ്യം കൊണ്ടാണ് രക്ഷപെട്ടത് എന്നു ഡോക്ടറുമാർ പറഞ്ഞത്രേ. തിരിച്ചു വന്നപ്പോൾ പണിയൊന്നും ഇല്ല. മുനിസിപ്പാലിറ്റി ഇപ്പോഴും വഴിയോരകച്ചവടക്കാരെ അനുവദിക്കുന്നില്ല. റൂമിലിരുന്നാൽ ഭ്രാന്തുപിടിക്കുമെന്നതിനാൽ മാർക്കറ്റിൽ രാവിലെ മുതൽ കറങ്ങി നടക്കും .ആരെങ്കിലും പരിചയക്കാർ കൊടുക്കുന്ന പണം കൊണ്ടാണ് ജീവിതം തള്ളിനീക്കുന്നത്. ഞാൻ കൊടുത്ത അല്പം പണം അയാൾ ലേശം മടിയോടെ വാങ്ങി. കൂട്ടുകാർ ആരും അയാളെ കൊറോണ വന്നതിനാൽ അടുപ്പിക്കുന്നില്ലത്രേ. അതാണ് അയാളെ കൂടുതൽ വിഷമിപ്പിക്കുന്നത്. ' ആവൊ ചായ പീയേയാ ' എന്ന എന്റെ ക്ഷണം അയാൾ സന്തോഷപൂർവ്വം സ്വീകരിച്ചു. പാക്കിസ്ഥാനി റെസ്റ്റോറന്റിലെ ടേബിളിലിനു അപ്പുറവും ഇപ്പുറവുമായി ഞങ്ങളിരുന്നു. മാസ്ക് താഴ്ത്തി ചൂടുചായയും ആവി പറക്കുന്ന പെറോട്ടയും സബ്‌ജിയും ഞങ്ങൾ കഴിച്ചു. പിരിയാൻ നേരം എന്റെ കൈപിടിച്ചു അയാളൊന്നു തേങ്ങി..ഒരു ബന്ധുവിനോടെന്ന പോലെ..കൊറോണക്കാലം വരും പോകും.. മനുഷ്യബന്ധങ്ങൾ നിലനിൽക്കട്ടെ..

Bottom of Form


Tuesday, 30 June 2020

കൊറോണക്കാലത്തെ ചില ഐസക്ന്യൂട്ടന്മാർ


കൊറോണക്കാലത്തെ ചില  ഐസക്ന്യൂട്ടന്മാർ




മുല്ലാ നാസറുദ്ദീന്റെ മക്കള്‍ ഒരു ദിവസം മുറ്റത്ത് കളിക്കുകയായിരുന്നു. അപ്പോഴാണ് മുല്ലായുടെ ഒരു പഴയ ചെങ്ങാതി  അവിടെയെത്തിയത്. കുട്ടികളോട് ലോഹ്യവും കൊച്ചുവർത്തമാനവും  പറഞ്ഞു കൊണ്ടിരിക്കെ  അയാള്‍ അവരോട് ഒരു ചോദ്യം  ചോദിച്ചു.

 ഈ സ്രാവും തിമിംഗലവും തമ്മിലുള്ള ബന്ധമെന്താണെന്നറിയാമോ? ’
 ഓ അറിയാം’   മുല്ലായുടെ മകന്‍ തല്‍ക്ഷണം മറുപടി നല്‍കി.
 ശരി. എങ്കില്‍ പറയൂ’   അയാള്‍ പ്രോല്‍സാഹിപ്പിച്ചു
. ‘സ്രാവ് വളര്‍ന്നാണ് തിമിംഗലമായിത്തീരുന്നത്’. മുല്ലയുടെ മകൻ ആധികാരികമായി വ്യക്തമാക്കി.
 അതേയോ? എത്ര കാലമെടുക്കും സ്രാവ് തിമിംഗലമായിത്തീരാന്‍?’
മുന്ന് കൊല്ലവും എട്ടുമാസവും പതിനേഴു ദിവസവും. മാത്രമല്ല, എല്ലാ സ്രാവുകളും ഇങ്ങിനെ വളരുകയില്ല. കരിങ്കടലിനടിയിലെ പ്രത്യേക തരം കള്ളിച്ചെടികള്‍ ഭക്ഷിക്കുന്ന സ്രാവുകള്‍ മാത്രമാണ് ഇത്തരത്തില്‍ വലുതാവുക.’
കിറുകൃത്യമായിരുന്നു അവന്റെ മറുപടി.
ങ്‌ഹേ’   അയാള്‍ ഇത്തവണ ശരിക്കും അന്തംവിട്ടു.
 ഇതൊക്കെ ഇത്ര കൃത്യമായി എങ്ങിനെ മോന്‍ പഠിച്ചുവെച്ചു?’
 , അതെല്ലാം സ്കൂളിൽ നിന്ന്  പഠിച്ചതല്ലേ.. ഞങ്ങളുടെ ശാസ്ത്രപുസ്തകത്തിലെ   നാലാമത്തെ പാഠമാണത് ’
  അവന്‍ അടിപൊളിയായി കാര്യം വിശദീകരിച്ചുകൊടുത്തു.
സുഹൃത്ത് പോയി, ഉടനെതന്നെ മുല്ലാ ഓടിയെത്തി മകനെ കെട്ടിപ്പിടിച്ചു.
 എടാ നീയാടാ എന്റെ മോന്‍. എത്ര കൃത്യമായാണ് പൊട്ടത്തരങ്ങള്‍ സ്വന്തമായി ഉണ്ടാക്കി പറഞ്ഞു ഫലിപ്പിക്കുന്നത്'

അങ്ങനെ ലോകത്തുള്ള എല്ലാ മണ്ടത്തരങ്ങളും വിളിച്ചു കൂകുന്ന  വിരുതന്മാരുടെ സുവര്‍ണ്ണകാലമാണ് ഈ കൊറോണക്കാലം അഥവാ കോവിഡ് കാലം.  ഇത്തരം പൊട്ടത്തരങ്ങള്‍ മഹദ്‌വചനങ്ങളുടെ രൂപത്തില്‍ വാട്‌സപ്പിലൂടെയും ഫേസ്ബുക്കിലൂടെയും പ്രത്യക്ഷപ്പെടുന്നു.അതൊക്കെ മിന്നൽവേഗത്തിൽ ആണ് പ്രചരിക്കുന്നത്. കൊറോണ യൂനിവേഴ്സിറ്റിയിലെ ആധികാരിക പ്രൊഫെസറുമാർ ആണ് മിക്കവരും . ഏറ്റവും ആധികാരികം എന്ന രൂപത്തിലാണ് ഏറ്റവും വലിയ മണ്ടത്തരങ്ങള്‍ വാട്‌സാപ്പിലും ഫേസ്ബുക്കിലും മറ്റും  പ്രത്യക്ഷപ്പെടുക. ഇവ ഫോര്‍വേർഡ്  ചെയ്യുന്നതാവട്ടെ  വിദ്യാഭ്യാസം കുറഞ്ഞവരെന്നോ വിദ്യാസമ്പന്നരെന്നോ  ഭേദവുമില്ല.ഈ സാധനം കൈയ്യിൽ കിട്ടിയാൽ അഞ്ചാറ് ആൾക്കാർക്ക് ഫോർവേഡ്  ചെയ്യാതെ കിടക്കപ്പൊറുതി വരിക ഇല്ല.  മാവേലി നാടുവാഴും കാലം മാനുഷരെല്ലാരുമൊന്നുപോലെ എന്ന് പറഞ്ഞത് പോലെ ഈ കാര്യത്തിൽ മാനുഷർ എല്ലാം സമം.

ഇതാ അത്തരത്തിൽ പടച്ചു വിട്ട ചില സോഷ്യൽ മീഡിയ  വർത്തമാനങ്ങൾ :

പതിനാറു മണിക്കൂര്‍ മാത്രം വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ ഇരുന്നാൽ കൊറോണ ചത്തു പോവും എന്നത്  ഒരു പ്രചാരണം.16  മണിക്കൂർ മറ്റൊരു മനുഷ്യ ശരീരം കിട്ടിയില്ലെങ്കിൽ നമ്മുടെ  റോഡുകളിലും വീടിനു ചുറ്റും ഉള്ള വൈറസ് നശിച്ചു പോകും അതാണ് ബ്രേക് ദ സർക്കിൾ.അതായത് അത് കഴിയുമ്പോൾ വെളിയിലെങ്ങും ഒരു വൈറസും ഇല്ലാത്ത അവസ്ഥ ഉണ്ടാകും. അതുപോലെ കോറോണയെ പ്രതിരോധിക്കുവാൻ  ചൂടുവെള്ളം മാത്രം കുടിച്ചാൽ മതി വയറ്റിൽ എത്തുന്ന വൈറസുകൾ ചൂടുകൊണ്ട് ചത്തോളും.പിന്നെ ചെറുനാരങ്ങയും വെളുത്തുള്ളിയും മഞ്ഞളും  കൊണ്ടുള്ള ചികില്‍സ, തേനും ഇഞ്ചിയും മറ്റു  ചേര്‍ന്ന മരുന്നുകള്‍ എന്നിങ്ങനെ പോയി കഥകള്‍. ഗോമൂത്രം ആണ് അടുത്ത ഇനം.ഗോമൂത്രം കുടിച്ചാൽ കൊറോണ വെരില്ലത്രേ. ഈ തക്കം നോക്കി ഗോമൂത്രം കുപ്പിയിൽ വിറ്റു കാശാക്കിയ ഉത്തരേന്ത്യൻ ഗോസായി വിരുതന്മാർ ധാരാളം.



വാട്‌സാപ്പില്‍ മുഴങ്ങുന്നത് അതി പ്രശസ്തരായ പ്രഗല്‍ഭരായ അമേരിക്കയിലെയും ചൈനയിലെയും   ഡോക്റ്റര്‍മാരുടെയും പേര് വെച്ചുള്ള സന്ദേശങ്ങളാണ്  വിശ്വാസ്യത വര്‍ദ്ധിപ്പിക്കുന്നതിന് ആണ് അത്തരം നുണുക്ക് വിദ്യകൾ .ചൈനയിലെ പ്രൊ. ലൈല അഹ്മദിയുടെ പേരിൽ ഇറങ്ങിയ മേസേജ്  ലക്ഷങ്ങള്‍ക്കിടയില്‍ ആണ് പ്രചരിച്ചത്.അങ്ങനെ ഒരു വ്യക്തി ഉണ്ടോ എന്തോ?. ചൈനയില്‍ മാത്രം കൊറോണ പ്രചരിച്ച ആദ്യ നാളുകളില്‍ അവിടുത്തെ കഥകളിറക്കുന്നതായിരുന്നു സോഷ്യൽ മീഡിയ വീരന്മാരുടെ ഹോബി.  വാട്‌സാപ്പ് സര്‍വകലാശാലയിലെ ഇത്തരം  കണ്ടുപിടുത്തത്തിന്റെ ഉപജ്ഞാതാക്കൾ  എവിടെയോ ഇരുന്ന് ചിരിച്ച് രസിക്കുന്നുണ്ടാവും.

ശൈയിത്താൻ  പല രൂപത്തിലും വരും എന്ന വൈക്കം മുഹമ്മദ് ബഷീര്‍ പറഞ്ഞത് പോലെ, വ്യാജ വാര്‍ത്തകളും പല രൂപത്തിലും വരും. ഗൾഫിൽ പ്രചരിച്ച ഒരു വാർത്ത ഇങ്ങനെ, വൈറസിനെ സമ്പൂര്‍ണ്ണമായി നശിപ്പിക്കുന്നതിന് വേണ്ടി, രാജ്യം മുഴുവന്‍ അര്‍ദ്ധരാത്രിക്ക് ശേഷം ഹെലിക്കോപ്റ്ററില്‍ അണുനാശിനി തളിക്കാന്‍ പോവുന്നു എന്ന വിചിത്ര പ്രചരണം സോഷ്യൽ മീഡിയയിലൂടെ നടന്നു . മുന്നറിയിപ്പിനൊപ്പം മുന്‍കരുതലുകളെടുക്കാനുള്ള ചില നിര്‍ദ്ദേശങ്ങളുമുണ്ടായിരുന്നു. പാതിരാവില്‍ പന്ത്രണ്ടു മണി കഴിഞ്ഞ് ശബ്ദം കേട്ടാല്‍ അത് ഹെലിക്കോപ്റ്ററിന്റേതാണെന്ന് മനസിലാക്കിക്കൊള്ളണം. രാത്രിയില്‍ തുണികളൊന്നും പുറത്തിടരുത്. അവയിലൊക്കെ കീടനാശിനി വീഴാതിരിക്കാനായിരുന്നു ആ മുന്‍കരുതല്‍. ഏറ്റവും ആകര്‍ഷകമായ രീതിയിലാവും നുണകള്‍ അവതരിപ്പിക്കപ്പെടുക. 

ചില മഹാമണ്ടത്തരങ്ങൾ  പ്രചരിപ്പിക്കാന്‍ പ്രശസ്ത താരങ്ങളും മറ്റും  തന്നെ നേരിട്ട് ചാനലുകള്‍ വഴി ഭൂമിയിലേക്കിറങ്ങിയത് ആണ്  വളരെ കൗതുകം .എല്ലാവരും ചേർന്ന് കയ്യടിക്കുമ്പോൾ ഒരുപാട് ബാക്ടീരിയയും വൈറസുമൊക്കെ നശിച്ച് പോകാന്‍ സാധ്യതയുണ്ട് എന്നൊക്കെ  വിളിച്ചു പറയുമ്പോൾ അവരുടെ വിശ്വാസ്യത തന്നെയാണ് നഷ്ടമാകുന്നത്. അടുത്ത വിവരക്കേട് ട്രമ്പച്ചനെപോലുള്ള  രാഷ്ട്രനേതാക്കളിൽ നിന്നാണ് കോറോണയ്ക്ക് അത്‌ഭുതമരുന്ന്  കണ്ടുപിടിച്ചു എന്ന ടീറ്റ്  ചെയ്തതിനു പിന്നാലെ ആ മരുന്ന് വാങ്ങികൂട്ടാൻ ലോകമെമ്പാടുക്കും ഉള്ള ജനം നെട്ടോട്ടമോടി ഒടുവിൽ അത് നിയത്രണമില്ലാതെ കഴിച്ചു കുറേപ്പേരുടെ ജീവൻ  ഒടുങ്ങിയതോടെ ആ  പൂതിയും കഴിഞ്ഞു.

ആത്മീയ വ്യാപാരികൾ  ആണ് മറ്റൊരു കൂട്ടർ  കുവൈറ്റിൽ  തീയിറക്കി കൊറോണയെ നാടുകടത്തിയ അവറാനും മൂന്ന് കൊല്ലം മുമ്പ് കൊറോണ  ലോകത്തിൽ 2020ലിൽ  വരുമെന്ന് ദർശിച്ച ആൾദൈവവും ഒക്കെ  ജനങ്ങളെ വിഡ്ഢികളാക്കുക അല്ലേ ചെയ്തത്?
ഇതൊക്കെ ചെയ്തുകൂട്ടി ജനത്തെ വഴി തെറ്റിച്ചിട്ട് സ്വന്തം ലാവണത്തിൽ സുരക്ഷിതമായി  ഇരുന്നു പൊന്തിയോസ് പീലാത്തോസിനെ പോലെ കൈ കഴുകിയിട്ട് എനിക്ക് ഈ രക്തത്തിൽ പങ്കില്ല എന്നാണല്ലോ ഇവരൊക്കെ നിരന്തരം പറയുന്നത്.


കൊറോണക്കാലത്ത്  വിദഗ്ദ്ധരെ മുട്ടിയിട്ട് വഴിനടക്കാൻ പറ്റാത്ത അവസ്ഥ ആണ്. വരുന്നവനും പോകുന്നവനും എന്തിന് പറയാൻ മുടിവെട്ടുകടയിലെ ബാർബർവരെ ഉപദേശത്തോട്  ഉപദേശം. കേരളത്തിലെ എല്ലാ ചാനൽ അന്തിചർച്ചക്കാരും ഇപ്പോൾ കൊറോണ വിദദ്ധരാണ്.. അതിൽ രാഷ്ട്രീയ നേതാക്കളും മതമേലധികാരികളും  സിൽമാനടികളും   എന്തിന് വക്കീലുമാർ വരെ അല്ലേ പങ്കെടുക്കുന്നത്? ഈ വിദഗ്ദ്ധന്മാർ എന്തൊക്കെ ഉപദേശിച്ചാലും കൊറോണയ്ക്ക് എതിരേഉള്ള പ്രതിരോധമാർഗങ്ങൾ സാധാരണക്കാരൻ ചെയ്യേണ്ടത്  ഇത്രേ ഉള്ളു.. കഴിയുന്നതും വീട്ടിൽ ഇരിക്കുക, പുറത്തുപോകുന്നെങ്കിൽ ഒരു മാസ്ക് ധരിക്കുക, വ്യക്തികളുമായി സുരക്ഷിത അകലം പാലിക്കുക, ഇടയ്ക്കിടെ കൈ സോപ്പിട്ട് കഴുകുക, മൂക്കിലും കണ്ണിലും കൈ ഇട്ടു പിടിക്കാതെ ഇരിക്കുക.. തീർന്നു... അയിനാണ്  ഈ വങ്കത്തരം ഒക്കെ.

(കഥ : കടപ്പാട്)

Thursday, 28 May 2020

കൊറോണക്കാലത്ത് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസിക്ക് ഒരു കൈപ്പുസ്തകം.



കൊറോണക്കാലത്ത്  നാട്ടിലേക്ക് മടങ്ങുന്ന  പ്രവാസിക്ക്  ഒരു കൈപ്പുസ്തകം.




നമ്പൂര്യച്ചനും കാര്യസ്ഥൻ രാമനും കൂടെ സിനിമയ്ക്ക് പോയി. സിനിമയിൽ കാമുകി നഷ്ടപ്പെട്ട നിരാശപൂണ്ട നായകൻ കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടുവാൻ ഒരുങ്ങുന്ന ഭാഗമായപ്പോൾ തിരുമേനി കാര്യസ്ഥനോട് ചോദിച്ചു,

' രാമാ നമ്മടെ നായകൻ ചാടുമോ? ' 

'എന്താ സംശയം അവൻ ചാടും എനിക്കുറപ്പാ..' രാമൻ മറുപടി പറഞ്ഞു.

' ന്നാൽ നൂറുരൂപ പന്തയം അവൻ ചാടില്ല ..നോം പറേണു '..എന്നായി നമ്പൂര്യച്ചൻ.
പക്ഷെ തിരുമേനിയുടെ കണക്ക് തെറ്റിച്ചുകൊണ്ട് നായകൻ ചാടി.  പന്തയത്തിൽ തോറ്റ നമ്പൂര്യച്ചൻ കാശ് കൊടുക്കാരുങ്ങുമ്പോൾ   രാമനോട് ഒരു കാര്യം പറഞ്ഞു .

'എടാ മിടുക്കാ നോം  ഈ പടം മുമ്പ് മൂന്ന് തവണ കണ്ടതാ ..കഴിഞ്ഞ തവണ ചാടിയപ്പോൾ അവന്റെ കയ്യും കാലും ഒടിഞ്ഞിരുന്നു ..ആ അനുഭവം ഉള്ളതുകൊണ്ട് അവൻ ഇത്തവണ ചാടില്ല എന്നാ നോം നിരീച്ചത്..എന്താ പറയ്യാ ..ഇവനൊക്കെ എപ്പോഴാ  ജീവിക്കാൻ പഠിക്ക്യാ..'

ഇതുപോലെ ആണ്  ഓരോ പ്രവാസിയും..ഓരോ തവണ ലോങ്ങ് ലീവിനും ജോലി നഷ്ടപ്പെടും നാട്ടിലെത്തി തെണ്ടി പാപ്പരായി തിരിച്ചുപോകുമ്പോൾ പുതിയ തീരുമാനങ്ങളോടെ ആകും ഓരോ പ്രവാസിയും ഗൾഫിൽ തിരികെയെത്തുക. എന്നാൽ വീണ്ടും നാട്ടിലെത്തുമ്പോൾ അവൻ എല്ലാം മറക്കും..അടിച്ചുപൊളിച്ചു കൈയ്യിലെ കാശെല്ലാം തീർത്തു ഭാര്യയുടെ കെട്ടുതാലി വരെ പണയം വെച്ചാകും തിരിച്ചു ഗൾഫിൽ എത്താനുള്ള ടിക്കറ്റ് എടുക്കുക. എന്നാൽ ഇത്തവണത്തെ കൊറോണക്കാലം പ്രവാസിയെ  ജീവിക്കാൻ  പഠിപ്പിക്കും  ഇതുവരെയുള്ള പോക്ക് കണ്ടിട്ട് തോന്നുന്നത്. കൊറോണക്കാലത്ത്  നാട്ടിലേക്ക് മടങ്ങുന്ന  പ്രവാസിക്ക്  പിടിച്ചുനിൽക്കാൻ ഉപകാരമാകുന്ന ചില പ്രായോഗിക നിർദ്ദേശങ്ങൾ ഇതാ.. പ്രവാസികൾ ഇത് നർമ്മമായി എടുക്കേണ്ട കാരണം ഉള്ളുരുകുന്നവന്റെ  വേദന കണ്ടുനിൽക്കുന്നവന് മനസ്സിലാകണമെന്നില്ല.



കൊറോണകാലത്ത് നാട്ടിലെത്തി സർക്കാർ വക ഫ്രീ ക്വാറന്റീനും അതുകഴിഞ്ഞു ഹോം ക്വാറന്റീനും ഒക്കെ കഴിയുമ്പോൾ പുറത്തേക്ക് ഇറങ്ങി നാലുമാളോരേക്കാണാൻ ഏതു പ്രവാസിയും മോഹിക്കും, പക്ഷെ കുറെ നാളത്തേക്ക് അങ്ങാടിയിലേക്ക് ഇറങ്ങരുത്. ഇറങ്ങിയാൽ  ഇതുവരെയുള്ള നാടിനെക്കുറിച്ചും നാട്ടാരെക്കുറിച്ചുമുള്ള സങ്കല്പങ്ങൾ മാറും. വെറുതെ അങ്ങോട്ട് ചെന്ന് പണി വാങ്ങരുത്. നാട്ടിലെത്തിയ നിങ്ങൾ വീട്ടിൽ അടങ്ങി ഒതുങ്ങി ഇരിക്കുക ആണ് എന്ന് നാട്ടുകാർക്കും സ്വന്തക്കാർക്കും  ബോധ്യം ആകുമ്പോൾ അവർ ഓരോരുത്തരായി ഫോണിലൂടെ വിശേഷം തിരക്കി ഒടുവിൽ കുഴപ്പമൊന്നുമില്ല എന്നറിയുമ്പോൾ പതിയെ വീട്ടിലെത്തും. അതുവരെ അവരെക്കാണാൻ അങ്ങോട്ട് പോകരുത്. ആരെങ്കിലും വീട്ടിലെത്തിയാൽ  അവർക്ക്  കൈകൊടുക്കാനോ കെട്ടിപ്പിടിച്ചു മുത്തം കൊടുക്കണോ നിൽക്കരുത്. അങ്ങനെ ചെയ്താൽ  അവർ നിങ്ങളുടെ പിതാമഹനെ സ്മരിക്കും.വെറുതെ അവരെ തുമ്മിക്കേണ്ട.. ആരെങ്കിലും  കാണാനെത്തുമ്പോൾ  വീടിന്റെ ഏതെങ്കിലും മൂലയില്‍ ചിന്താമൂകനായി നില്‍ക്കുക.' ചിന്താഭാരം തോട്ടില്‍' എന്ന റഷ്യന്‍ പ്രസിദ്ധ നാടോടിഗാനം സ്മരിക്കുക.. അടൂർ ഗോപാലകൃഷ്ണൻ സാറിന്റെ അവാർഡ് സിനിമയിലെ കരമന ജനാർദ്ധനന്റെ മുഖഭാവത്തോടെ നിൽക്കുക ഇവയൊക്കെ അനുവർത്തിക്കാവുന്നതാണ്.


വീട്ടിൽ കാണാൻ വരുന്നവരോട് തന്റെ ജോലി പോയെന്നും അറബി ആറുമാസത്തെ ശമ്പളം തരാൻ ബാക്കിയുണ്ടെന്നും വെച്ചു താങ്ങുക. തിരികെ പോകാൻ ചാൻസ് ഉണ്ടെങ്കിലും ഒരിക്കലും അത് വെളിപ്പെടുത്തരുത്. പണി പോയിട്ടാണ് നാട്ടിൽ എത്തിയതെങ്കിൽ അഭിനയം വേണ്ട, എക്സ്പ്രഷൻ തനിയെ വന്നോളും. കൈയ്യിലെ കാശെല്ലാം തീർന്നുപൊട്ടി പാളീസായിട്ടാണ് നാട്ടിലെത്തിയത് എന്ന് കൂടെകൂടെ സ്വന്തക്കാരോടും അയല്പക്കക്കാരോടും   പറയുക. പാരയായിട്ടുള്ള നമ്മുടെ ആൾക്കാർ തന്നെ നാടുനീളെ അത് പ്രചരിപ്പിച്ചോളും. നമ്മൾ പൊളിഞ്ഞു കുത്തുപാളയെടുത്തു എന്ന് കേട്ടാലുള്ള സന്തോഷം പലർക്കും ചില്ലറയല്ല, അത് മാനുഷിക സ്വഭാവമാണ്.. മൈൻഡ് ചെയ്യണ്ട. ഇതുവരെയുള്ള അവധിക്കാലത്ത് നാം കണ്ട നാട്ടുകാരെയും 
കുടുംബക്കാരെയും ആയിരിക്കില്ല കൊറോണക്കാലത്ത് നാം കാണുക, ഒരു ദാക്ഷണ്യവും പ്രതീക്ഷിക്കരുത്. ' അവനിത്തിരി പത്രാസ് കൂടുതൽ ആയിരുന്നു ' എന്ന് പലരും പറയും.. സാരമില്ല, അസൂയക്കാർ അർമാദിക്കട്ടെ.. മറ്റുള്ളവർക്ക് ഇത്തരം സന്തോഷം നൽകുക കാൽകാശിന് ചിലവില്ലാത്ത പുണ്യപ്രവർത്തിയാണ്.


പിരിവുകാർ പെരുന്നാൾ  കമ്മറ്റിക്കാർ, എൽ. ഐ. സി, മെറ്റ്ലൈഫ് ഏജന്റുമാർ, മണി ചെയിൻ മാർക്കറ്റുകാർ, ക്ലബ്‌ വാർഷികക്കാർ അമ്പലപള്ളിക്കാർ ഇവരെയൊക്കെ അകലെ നിന്ന് കാണുമ്പോഴെ മുറ്റത്തുനിൽക്കുന്ന മുരിങ്ങമരത്തിന്റെ കീഴിലോ കുരുമുളക് ചെടിയുടെ ചോട്ടിലോ ചിന്താമഗ്നനായി വിഷാദഭാവത്തിൽ നിൽക്കുക. അവർ അടുത്ത് വരുമ്പോൾ കൊറോണ ഇടിച്ചു തരിപ്പണമായ തന്റെ കമ്പനിയെക്കുറിച്ചും ഗൾഫ് നാട്ടിൽ പണിയില്ലാത്തതും അവരോട് പറയുക. എന്തെങ്കിലും  ജോലി നാട്ടിൽ  തരപ്പെടാൻ വഴിയുണ്ടോ എന്നു അവരോട് ചോദിക്കുക. ഇൻഷുറൻസ് ഏജന്റുമാരോട് തനിക്ക് ഒരു ഏജൻസി തുടങ്ങാൻ എന്താണ് വഴിയെന്നും ചോദിക്കുക. അവർ വേഗം സ്ഥലം കാലിയാക്കിക്കൊള്ളും. പണ്ട് പുതുപ്പള്ളി പള്ളി  പെരുന്നാളിന് ഒരു പിച്ചക്കാരൻ പറഞ്ഞത് പോലെ പിച്ച തരുന്ന തെണ്ടികളും ഉണ്ട് തെരാത്ത തെണ്ടികളും ഉണ്ട്.. അത്രേ ഉള്ളു കാര്യം.. തന്നോട് കടം  ചോദിക്കുവാൻ  സാധ്യത ഉള്ളവരോട് അവർ ചോദിക്കുന്നതിന് മുമ്പ് അങ്ങോട്ട് കടം ചോദിക്കുക. ബാങ്ക് ലോണിന് ജാമ്യം നിൽക്കാമോ എന്ന്  ശല്യക്കാരായ ബന്ധുക്കളോട്  ചോദിക്കുക. അവർ പിന്നെ അടുക്കില്ല എന്നാൽ  ബാങ്ക് ലോൺ   കഴിവതും എടുക്കരുത്. ഇപ്പോഴത്തെ സാഹചര്യത്തിൽ പണം സൂക്ഷിച്ചു ചിലവാക്കുക  കൊറോണക്കാലം എപ്പോൾ തീരുമെന്ന് ആർക്കും പ്രവചിക്കുവാൻ കഴിയുക ഇല്ല. കൈയ്യിലുള്ള  പണം കരുതി ചിലവാക്കിയാൽ എങ്ങനെയെങ്കിലും പിടിച്ചുനിൽക്കാം. കൈയ്യിൽ എത്ര കാശുണ്ടായാലും അത് തീരാൻ അത്രനേരം വേണ്ട. വരവില്ലാതെ ചിലവ് മാത്രമാകുമ്പോൾ മെല്ലെ പേഴ്‌സ് കാലിയാകും. അമ്പത്താറുമേളവും ചെണ്ടയ്ക്ക് താഴെ..കൈയ്യിൽ പണമില്ലെങ്കിൽ?



തനിക്കുള്ള ആസ്തികളെക്കുറിച്ചും  ബാധ്യതകളെക്കുറിച്ചും ഒരു ലിസ്റ്റ് തയാറാക്കുക. കൈയ്യിലുള്ള ബാങ്ക് ബാലൻസ്, ഭാര്യയുടെയും മക്കളുടെയും സ്വർണാഭരണങ്ങൾ ഇവയുടെ ഒക്കെ കണക്ക് എടുക്കുക. വീട്, വസ്തുക്കൾ, ഫ്ലാറ്റ്, കടകൾ ഇവയൊക്കെ ഇപ്പോൾ നിഷ്ക്രിയ ആസ്തികൾ ആയിട്ട് മാത്രമേ കണക്കാക്കാൻ കഴിയുകയുള്ളു.  അവ ഇപ്പോൾ വിറ്റാൽ വാങ്ങിയ വിലപോലും ലഭിക്കുക ഇല്ല. കിട്ടിയ വിലയ്ക്ക് വിറ്റാൽ ലഭിക്കുന്ന പണം കൈയ്യിൽ  ഇരുന്നു ചിലവായി പോകുമെന്നല്ലാതെ കാര്യമായ പ്രയോജനം ഉണ്ടാകില്ല. ആർകെങ്കിലും പണം കൊടുക്കാൻ ഉണ്ടെങ്കിൽ തവണകളായി കൊടുത്തു തീർക്കുക. കൊടുക്കാതെ ഇരിക്കരുത് അവരും നമ്മെപ്പോലെ പ്രയാസം അനുഭവിക്കുന്നവർ ആയിരിക്കും. ഒരു കാരണവശാലും പുതുതായി വസ്തുവകകൾ വാങ്ങരുത്, ലോണെടുത്തു വീട് പണിയോ കാറോ വാങ്ങരുത്. വീട് മോടിപിടിപ്പിക്കുകയോ പെയിന്റ് ചെയ്യുകയോ അരുത്. കൈയ്യിലെ കാശുചോരുന്ന വഴി അറിയുക ഇല്ല.


കഴിവതും കടം വാങ്ങാതിരിക്കാനുള്ള വഴികൾ ചിന്തിക്കുക, അനാവശ്യ ചിലവുകൾ കുറയ്ക്കുക. ഗൾഫിൽ അരിപ്പിച്ചു ജീവിക്കുന്നവർ പോലും നാട്ടിലെത്തിയാൽ ധാരാളികൾ ആകാറുണ്ട്. മുമ്പൊക്കെ അവധിയ്ക്ക് വരുമ്പോൾ ചെയ്യുന്നതുപോലെയുള്ള ധൂർത്തുകൾ ഒഴിവാക്കുക. വിനോദയാത്രകളും ഹോട്ടലിലെ അടിച്ചുപൊളി തീറ്റിയും തുണിക്കടകളിൽ ഉള്ള കറക്കവും വെറുതെ തുണികൾ വാങ്ങികൂട്ടുന്നതും ഒഴിവാക്കുക, അഥവാ തുണികൾ വാങ്ങണമെങ്കിൽ വലിയ വിലയുള്ള ബ്രാൻഡുകൾ  ആലോചിക്കുകയേ വേണ്ട. കല്യാണം, അടിയന്തരംചോറൂണ്, മാമോദീസ, പാലുകാച്ചൽ ഇവയിലെ ഒക്കെ ആഡംബരം ഒഴിവാക്കുക. വീട്ടിലെ ഭാര്യയോടും മക്കളോടും തന്റെ യഥാർത്ഥ അവസ്ഥ പറയുക.മക്കളെ കഴിവതും സർക്കാർ സ്കൂളിൽ ചേർക്കുക. സർക്കാർ സ്കൂളുകൾ പലതും ഇപ്പോൾ സ്വകാര്യസ്കൂളുകളെക്കാൾ സൂപ്പറാണ്. അതുപോലെ ഗൾഫുകാരന് പണ്ടേയുള്ള മറ്റൊരു അസുഖമാണ് മൊബൈൽ ഫോൺ ഭ്രമം. സ്മാർട്ട് ഫോൺ മോഡലുകൾ ഇടയ്ക്കിടെ മാറ്റുന്ന ശീലം ഉപേക്ഷിക്കുക.ആ പൈസയ്ക്ക് ഒരു കുടുംബആരോഗ്യഇൻഷുറൻസ് എടുക്കുക.. ഒരുപാട് ഉപകരിക്കും.


ടാക്സി പിടിച്ചു പോകുന്നതും റെന്റ് എ കാർ ശീലവും ഒഴിവാക്കി ആനവണ്ടികളെയോ ഓട്ടോറിക്ഷയെയോ ആശ്രയിക്കുക. വീട്ടിലെ പെണ്ണുങ്ങളോട് പൊങ്ങച്ചപാചക പരീക്ഷങ്ങളും ബന്ധുക്കളെ വീട്ടിൽ വരുത്തിയുള്ള  സൽക്കാരങ്ങളും ഒഴിവാക്കാൻ തിട്ടൂരം നൽകുക.  ഗൾഫ്  സാധനങ്ങൾ  ഉപയോഗിച്ചുള്ള  ശീലം  ഒഴിവാക്കി ക്യുട്ടികുറയും  ചന്ദ്രികാസോപ്പും കൊണ്ട് തൃപ്തിപ്പെടുക. പെർഫ്യൂം  ഒരുകാരണവശാലും  ഉപയോഗിക്കരുത്. കൂളിംഗ് ഗ്ലാസ്സും ബർമുഡയും കുറ്റികാട്ടിൽ വലിച്ചെറിയുക. ഷർട്ട് ഇൻസേർട്ട്  ചെയ്യുന്ന ശീലം ഒഴിവാക്കുക. കഴിവതും  മുറിക്കയ്യൻ ഷർട്ടും ഒറ്റമുണ്ടും ഉപയോഗിക്കുക. വീട്ടിൽ റേഷൻ കാർഡ് ഇല്ലെങ്കിൽ അത്യാവശ്യമായി ഒരെണ്ണം സംഘടിപ്പിക്കുക. ഇപ്പോൾ  വെള്ള, നീല കാർഡുകാർക്കും കുറഞ്ഞ വിലയിൽ  റേഷൻകട വഴി കിട്ടുന്ന അരി ബ്രാന്റഡ്  മട്ടഅരിയെക്കാൾ സൂപ്പറാണ്.. വെറുതെ മട്ടഅരി വാങ്ങി  എക്സ്ട്രാ പൈസ കളയേണ്ട.

 പ്രാണവായു ഒഴിച്ച് എല്ലാം പൈസകൊടുത്തു വാങ്ങിക്കാം എന്ന ശീലം പ്രവാസി ഒഴിവാക്കുക. പറമ്പിൽ എന്തെങ്കിലും ഒക്കെ കുത്തികിളച്ചു ഉണ്ടാക്കുക. കഴിവതും പുറത്തുനിന്ന് പണിക്കാരെ നിറുത്തി ചെയ്യിക്കാതെ രാവിലെയും വൈകുന്നേരവും പറമ്പിലിറങ്ങുക. പറ്റുമെങ്കിൽ ഭാര്യയേയും മക്കളെയും കൂടെ കൂട്ടുക. അഞ്ചുസെന്റ് സ്ഥലമേയുള്ളെങ്കിലും വീട് ഒഴിച്ചിട്ടുള്ള സ്ഥലത്ത് പച്ചക്കറി കൃഷി തുടങ്ങുക. മുമ്പ് ഗൾഫ് പണത്തിന്റെ കുത്തലിൽ മുറ്റത്തും പരിസരത്തും വെള്ളം ഇറങ്ങാത്ത നിലയിൽ ടൈൽസ് ഇട്ടവരും വിഷമിക്കേണ്ട. പ്ലാസ്റ്റിക് ചാക്കുകളും  ബക്കറ്റും വീപ്പയും ഗ്രോബാഗുകളും വാങ്ങി  അതിൽ മണ്ണുനിറച്ചു കൃഷി തുടങ്ങുക. മുറ്റത്തോ ടെറസിലോ അനാവശ്യമായി ഒരിഞ്ചുസ്ഥലം  പോലും വെറുതെ ഇടരുത്. വിയർപ്പിന്റെ അസുഖം ഉള്ളവർക്കു ഒഴികെ ആപത്തുകാലത്ത് ചിലവ് കുറയ്ക്കാനുള്ള കച്ചിത്തുരുമ്പാണ് കൃഷി. അടുക്കളയിലേക്ക് ഉള്ളത് കിട്ടിയാൽ അത്രയും വീട്ടുചിലവ് ലാഭം. വെണ്ട,ചീര,വഴുതന,പയർ, പാവൽ, കോവൽ, തക്കാളി,കുമ്പളം, പടവലം, വെള്ളരി തുടങ്ങിയ പച്ചക്കറികളും വാഴ, കപ്പ, ചേന, ചേമ്പ്, കാച്ചിൽ തുടങ്ങിയ കാർഷിക വിളകളുമൊക്കെ മായം ചേർക്കാതെ ഭക്ഷിയ്ക്കാം.വീട്ടുവളപ്പിൽ പപ്പായമരവും മുരിങ്ങയും മാവും പ്ലാവുമൊക്കെ നട്ടുവളർത്താൻ അത്ര അദ്ധ്വാനമൊന്നും വേണ്ട. പണ്ട് ശങ്കരാടി പറഞ്ഞത് പോലെ ഇത്തിരി പരുത്തിക്കുരു.. ഇത്തിരി പിണ്ണാക്ക് .. അത്രേ വേണ്ടു..
കൊറോണക്കാലത്ത് ചക്കയും വാഴപ്പിണ്ടിയും വാഴക്കൂമ്പും ചേമ്പിൻതാളും ചേനത്തടയുമൊക്കെ തീൻമേശകളിൽ മടങ്ങിയെത്തിയിരിക്കുന്നത് വളരെ സന്തോഷമുള്ള കാര്യമാണ്.


 നാട്ടിൽ വന്നാൽ ഉടനടി സ്വന്തമായി ഒരു ബിസിനസ്സിനും ഇറങ്ങരുത്. ഇറങ്ങിയാൽ ഗവണ്മെന്റ് ആപ്പീസുകളിലെ ചുവപ്പ് നാടയും പഞ്ചായത്ത്‌ ഉദ്യോഗസ്ഥന്മാരും പാർട്ടിക്കാരും പാരപണിക്കാരും ചേർന്ന് നശിപ്പിച്ചു കൈയ്യിലിട്ടു തരും. ചെറിയ ശമ്പളത്തിനായാലും ഏതെങ്കിലും ജോലിയ്ക്ക് ചേരുക.നാട്ടിലെ സാഹചര്യങ്ങളും കുത്തിതിരുപ്പും മനസ്സിലാക്കാൻ അത് ഉപകരിക്കും.ഗൾഫിൽ നിന്ന് മടങ്ങുന്ന സ്‌കിൽഡ് ലേബർക്ക് ജോലി കിട്ടുക  അത്ര ബുദ്ധിമുട്ട് അല്ല. നാട്ടിൽ പണിയറിയാവുന്ന  ഇലെക്ട്രിഷ്യൻ, പ്ലംബർ, മേശൻ, മരപ്പണിക്കാരൻ തുടങ്ങിയവർക്ക് നല്ല ഡിമാൻഡ് ആണ്. സ്വന്തമായി ടുവീലറും കൈയ്യിലൊരു മൊബൈൽ ഫോണും പറഞ്ഞ സമയത്ത് വീട്ടിലെത്തി പണി തീർത്തുകൊടുക്കാനുള്ള മനസ്സുമുണ്ടെങ്കിൽ സംഗതി ജോർ. കുറഞ്ഞത് 1000 രൂപയെങ്കിലും ദിവസം കൈയ്യിൽ വരും. ഗൾഫുകാരെ ആരെയും ജോബ് ഡിസിപ്ലിൻ പഠിപ്പിക്കേണ്ട ആവശ്യം ഇല്ല. പന്ത്രണ്ടുമണിക്കൂറൊക്കെ തുടർച്ചയായി പൊരിവെയിലത്ത് പണിയെടുത്തു ശീലമുള്ളവരാണ് പ്രവാസികളിൽ ഭൂരിപക്ഷവും. നാട്ടിലെ സർക്കാർ ഉദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും അറബി അർബാബിനെ ബഹുമാനിക്കുന്നത്പോലെ ബഹുമാനിക്കണം. കാരണം അവരാണ് നാട്ടിലെ അറബിയും അർബാബും. വേണമെങ്കിൽ അവർ മുമ്പിൽ നിന്ന് മാറുമ്പോൾ അറബിയിൽ അഞ്ചാറുചീത്ത വിളിച്ചോളൂ.. മനസമാധാനം കിട്ടും. ഗൾഫിൽ അറബിയെ അയാൾ കേൾക്കാതെ   മലയാളത്തിൽ ചീത്ത വിളിക്കുന്നതുപോലെ. ഗൾഫ് നാടുവിട്ടുപോയി എന്ന് കരുതി നമ്മള്‍ നാട്ടുനടപ്പ് മറക്കരുത്. 


ലോണെടുത്തു കഴിവതും ഒരു ബിസിനസിനും ഇറങ്ങരുത് എന്നാണ് എന്റെ പക്ഷം.ബിസിനസിനു ഇറങ്ങുമ്പോൾ ചുരുങ്ങിയത് രണ്ടു വർഷത്തേക്കുള്ള പ്രവർത്തന മൂലധനം കണ്ടുവെയ്ക്കണം.പലരും കൈയ്യിലുള്ള മുഴുവൻ പണവും പിന്നെ കേറിക്കിടക്കുന്ന വീടും ഭാര്യയുടെ കെട്ടുതാലിയും വരെ പണയം വെച്ച് ബിസിനസിനിറങ്ങും.പിന്നീട് സംരംഭം  നടത്തിക്കൊണ്ട് പോകാൻ മൂലധനം ഉണ്ടാകില്ല. പിന്നെ പിടിച്ചുനിൽക്കാൻ വട്ടിപ്പലിശക്കാരോട് പണം കടംവാങ്ങും. ഒടുവിൽ എല്ലാം നഷ്ടപ്പെട്ടു നാട്ടിൽ നിന്ന് വനവാസത്തിന് പോകേണ്ടിവരും.


 എന്തൊക്കെ സംഭവിച്ചാലും കൈയ്യിലുള്ള ഫിക്സഡ് ഡെപ്പോസിറ്റിൽ, അതെത്ര ചെറിയ തുക ആയാലും അതിൽ കൈവെക്കരുത്. അത് പെരുമഴക്കാലത്തേക്കുള്ള സമ്പാദ്യം ആണ്.   ആ പണം  സ്വന്തനാട്ടിലെ ബാങ്കിലിടാതെ അല്പം ദൂരയുള്ള ബാങ്കിലിടണം. നമ്മൾ ഗൾഫുകാരൻ അല്ല  നാട്ടുകാരൻ ആണ് എന്ന് നാട്ടുകാർക്ക്  തോന്നുന്നത് വരെ കൈയ്യിലെ പൈസ കാര്യമായി പുറത്തിറക്കരുത്. ഇത്രയുമൊക്കെ ആയിക്കഴിയുമ്പോള്‍ നിങ്ങളെപ്പറ്റി ഏറെക്കുറെ ഒരു ധാരണ നാട്ടുകാര്‍ക്കിടയില്‍ ഉണ്ടായിത്തുടങ്ങും. നാട്ടുകാർ  നിങ്ങള്‍ പണ്ട് എങ്ങിനെ ആയിരുന്നോ എന്ന പോലെ അടുത്തിടപഴകാന്‍ തുടങ്ങും. പതിയെ നിങ്ങൾക്കും നാടിനെക്കുറിച്ചു ശരിയായ ധാരണയും കാര്യങ്ങൾ മനസ്സിലാക്കാൻ ഉള്ള കാഴ്ചപ്പാടും ഉണ്ടാകും.പഴയ പ്രതാപങ്ങളേയും ശീലങ്ങളേയും പടിയിറക്കി  കരുതലോടെ മുമ്പോട്ടു നീങ്ങിയാൽ പ്രവാസിയ്ക്ക് ഈ കൊറോണകാലത്തും നാട്ടിൽ പിടിച്ചു നിൽക്കാം.

''പുരയ്ക്ക് മീതെ വെള്ളം
വന്നാലതുക്കുമീതെ തോണി'

Thursday, 30 April 2020

ഓടിക്കോ പ്രവാസി വരുന്നുണ്ട്..


ഓടിക്കോ പ്രവാസി വരുന്നുണ്ട്..






ഈ എഴുത്ത് മനോരമ  ഓൺലൈനിൽ  പ്രസിദ്ധീകരിച്ചു ലിങ്ക്


https://www.manoramaonline.com/literature/your-creatives/2020/05/19/odikko-pravasi-varunnundu.html


പണ്ട് തെക്കനെയും പാമ്പിനെയും ഒരുമിച്ചു കണ്ടാല് ആദ്യം തെക്കനെ വേണം തല്ലി കൊല്ലാന് എന്ന് ഗൾഫിൽ ഒരു പറച്ചിൽ ഉണ്ടായിരുന്നു .ഇപ്പോൾ നാട്ടിൽ ഗൾഫുകാരുടെ സ്ഥിതി മൊത്തത്തിൽ അങ്ങനെ ആയി.കൊറോണയെക്കാളും പേടി നാട്ടാർക്ക് അവരെ ആണ്. നാട്ടിൽ കോവിഡ് കാലം തുടങ്ങിയതിനു മുമ്പു നാട്ടിൽ എത്തിയ ഗൾഫുകാരൻ പോലും ഇപ്പോൾ വീടിനുപുറത്ത് തല കാണിക്കാൻ മടിയാണ്.. അമേരിക്കക്കാരുടെയോ യൂറോപ്പിൽ നിന്ന് അവധിയ്ക്ക് വന്ന പ്രവാസിയുടെ കാര്യം പറയുകയേ വേണ്ട, അവരെ ടെലിഫോൺ വിളിക്കാൻ കൂടി നാട്ടുകാർക്ക് പേടി ആണ്. ടെലിഫോണിൽ കൂടിയെങ്ങാനും കൊറോണ പകർന്നാലോ ?
പണ്ടൊക്കെ നാട്ടിൽ എത്തിയാൽ ബർമുഡയും കൂളിംഗ് ഗ്ലാസ്സും വെച്ച് ഇന്നോവക്കാറിൽ നഗരത്തിൽ ചുറ്റി അടിക്കാനും പരിചയക്കാരെ കാണാനും പോയിരുന്ന പ്രവാസികൾ ഇപ്പോൾ വീടിന് പുറത്ത് ഇറങ്ങിയാൽ അയൽപക്കകാർ ചാടി വീടിനുള്ളിൽ കയറും. പിന്നെ ജനാലയുടെ കർട്ടൻ വിടവിലൂടെ നീണ്ടുവരുന്ന കാകദൃഷ്ടികൾ..പ്രവാസികളുടെ മുറ്റത്തുകൂടെ ഉള്ള നടപ്പും ഇരുപ്പും നോക്കി സി. ഐ.ഡി മൂസയെപ്പോലെ നോക്കി ഇരിപ്പുണ്ട്. എങ്ങാനും ഗേറ്റ് തുറന്നു പുറത്ത് ഇറങ്ങിയാൽ പോലീസിൽ വിളിച്ചു പറയാൻ നമ്പറും ഡയൽ ചെയ്തുകൊണ്ടാണ് പലരുടെയും ഇരിപ്പ്.
നാട്ടിൽ എത്തിയാൽ ചന്തയിൽ പോയി മുന്തിയ അയക്കൂറയും ആവോലിയും ഫ്രഷ് ചിക്കനും പോത്തും വാങ്ങാൻ വേണ്ടി ഇറങ്ങിയിരുന്ന ഗൾഫുകാരെ ഇപ്പോൾ മരുന്നിനുപോലും കാണാൻ ഇല്ല. മത്തി, ചാള, നെത്തോലി തുടങ്ങിയ വമ്പൻ മീനുകൾ വീട്ടുകാർ ആരെയെങ്കിലും വിട്ടു ഫിഷ് സ്റ്റാളിൽ നിന്ന് നിന്ന് വാങ്ങി കറിവെച്ചാൽ പഞ്ചാമൃതം പോലെ ശാപ്പിടാൻ അവർ റെഡി. നാട്ടിൽ ചക്കയുടെ സീസൺ ആയതിനാൽ ലോക്ക് ഡൌൺ കാലത്ത് പ്രവാസിയ്ക്ക് ജീവിതത്തിൽ ഇന്നേവരെ കഴിച്ചിട്ടില്ലാത്ത ചക്ക വിഭവങ്ങൾ തിന്നാൻ ഒരു അവസരം ആയി. പഴുത്ത ചക്ക , പച്ച ചക്ക വേവിച്ചത്, ചക്കപ്പുഴുക്ക് , ഇടിച്ചക്ക തോരൻ , ചക്കചിപ്സ്, ചക്ക എരിശ്ശേരി, ചക്ക അട ,ചക്കപ്രഥമൻ, ചക്ക ചമ്മന്തി, ചക്കക്കുരു മെഴുക്കുപുരട്ടി , ചക്കക്കുരു ചെമ്മീൻ കറി, ചക്കബജി, ചക്കഷേക്ക് , ചക്കപപ്പടം ഒടുവിൽ ചക്ക ചവിണി തോരൻ വരെ ആയി. അങ്ങനെ ഒരുപാട് ചക്ക ഐറ്റംസ്. എല്ലാ ഭക്ഷണത്തിനുമിപ്പോൾ നല്ല രുചി. ചേനത്തണ്ട് , ചേമ്പില താള്,മുരിങ്ങയില എന്നു വേണ്ട ചൊറിയിണത്തിന്റെ ഇല കൊണ്ട് വരെ തോരനും വറവലും ഉണ്ടാക്കാം എന്ന് മലയാളി പഠിച്ചു. മാങ്ങ, മുരിങ്ങക്കായ,കോവയ്ക്ക എന്നിവയ്ക്ക് എന്നാ ഡിമാൻഡ്. ഉണക്കമീൻ വറുത്താലും ബഹുകേമം. ഇതിനൊപ്പം ചമ്മന്തി മാത്രമുണ്ടെങ്കിൽ ചോറുണ്ണുന്നത് അറിയില്ലെന്നു കോട്ടിലും സൂട്ടിലും കറങ്ങി നടന്ന അമേരിക്കൻ പുലികൾ പോലും സമ്മതിച്ചു തുടങ്ങി. കേരളം കണികണ്ടുണരുന്ന നന്മ ഇപ്പോൾ മിക്കയിടത്തും കിട്ടാക്കനി ആയി മാറി. മിൽമാ പാലൊക്കെ ഇപ്പോൾ ആർഭാടം .രാവിലെ ചായ നിർബന്ധമാക്കിയ പലർക്കുമിപ്പോൾ കട്ടനാണു പ്രിയം. കട്ടനായാൽ കടുപ്പം അല്പം കൂട്ടിക്കോ എന്നാണ് അടുക്കളയിലേക്കുള്ള ഓർഡർ.
പണ്ടൊക്കെ ചോക്കലേറ്റും ബദാമും പിസ്തയും ഒക്കെ അയൽവീട്ടിൽ കൊടുത്താൽ ചാടിപ്പിടിച്ചു വാങ്ങി തിന്നുന്ന അയൽവാസികൾ ഇപ്പോൾ അതൊക്കെ കൊടുത്താൽ കയ്യോടെ എടുത്തു കച്ചട ഡ്രമ്മിൽ ഇടുക ആണ്. അതിനോടൊപ്പം വെല്ല കൊറോണ വൈറസിനെയും ഇമ്പോർട്ട് ചെയ്തു കൊണ്ടുവന്നുകാണും എന്ന പേടി ആണ് കാരണം.. വെറുതെ വേലിക്ക് കിടന്നതിനെ എടുത്തു വേഷ്ടിയിൽ വെയ്ക്കണ്ട എന്നതാണ് അയൽക്കാരുടെ മനോഗതം. മിക്കവീടുകളിലും ഗൾഫിൽ നിന്ന് കൊണ്ടുവന്ന പെട്ടികൾ അനാഥപ്രേതങ്ങളെപ്പോലെ വീടിന്റെ മൂലയിൽ കിടക്കുക ആണ്.. പ്ലെയിൻ കേറി വന്നതല്ലേ തൊട്ടാൽ ഇനി കൊറോണ എങ്ങാനും പകർന്നാലോ?

കൊറോണക്കാലത്തെ ക്ഷമയോടെ നേരിടുക ആണ് നാട്ടിൽ എത്തിയ ഓരോ പ്രവാസിയും നേരിടുന്നത്.കോവിഡ് കാലത്ത് നാട്ടിൽ എത്തിയ പ്രവാസികളിൽ മിക്കവാറും എല്ലാവരും അക്ഷരാർത്ഥത്തിൽ പെട്ടുപോയി. ‘നീയെന്താടാ ഇപ്പോൾ നാട്ടിൽ ഓടിപ്പിടിച്ചു നാട്ടിൽ എത്തിയതു’ എന്ന് ബന്ധുക്കളും ‘ചേട്ടൻ ഇപ്പൊ എന്തിനാ നാട്ടിലേക്ക് കെട്ടിഎടുത്തത് ‘എന്ന് ഭാര്യയും ‘അച്ഛന്റെ പണി പോയോ ‘എന്ന് മക്കളും ചോദിക്കുമ്പോൾ കുനിഞ്ഞിരുന്നു കാൽകൊണ്ട് നക്ഷത്രം വരയ്ക്കുക ആണ് മിക്ക പ്രവാസികളും. റോഡിലിറങ്ങി നടക്കാൻ പറ്റാത്തതിനാൽ 'എപ്പ വന്നു എപ്പോഴാ തിരിച്ചു പോകുന്നത് ' എന്ന നാട്ടാരുടെ സ്ഥിരം ക്ളീഷേ ചോദ്യത്തിൽ നിന്ന് കഴിച്ചിലായി. ഗൾഫുകാരോടുള്ള നാട്ടുകാരുടെ സമീപനത്തിലെ മാറ്റം കണ്ട് ഞെട്ടിയിരിക്കുകയാണ് മിക്കപ്രവാസികളും . നാട്ടിൽ അവധിയ്ക്ക് എത്തിയാൽ ഗൾഫുകാരന്റെ വീട്ടിലേക്കു ഇരച്ചെത്തുന്ന പതിവ് കൂടലുകാരായ ചങ്കു ചെങ്ങാതിമാരെ ആരെയും കാണാനില്ല . പിരിവുകാരും ഇൻഷുറൻസ് ഏജന്റുമാരും എന്തിനുപറയാൻ പിച്ചക്കാർ പോലും പടി കയറാതെ ആയി.

കൊറോണ വൈറസിന്റെ മൊത്ത വിതരണക്കാരാണ് ഗൾഫുകാരെന്ന് നാട്ടിൽ മിക്കവരുടെയും ധാരണ. എന്തായാലും ഒരു കൊറോണ വന്നതോടെ പ്രവാസികൾക്ക് കാര്യം മനസ്സിലായി. പ്രവാസിയെ നാട്ടുകാർക്ക് കാശിനു പതിനാറാണ്. പ്രവാസികളെ പുച്ഛിക്കുന്നവരെ, പക്ഷെ നിങ്ങൾ ഒരു കാര്യം മറക്കരുത് പ്രവാസിയുടെ ചോരയും നീരുമാണ് കേരളത്തെ നമ്പർ വൺ സംസ്ഥാനമാക്കി മാറ്റിയത്.പണ്ട് അക്ബർ ചക്രവർത്തി വീർബലിനോട് പറഞ്ഞു ഒരു വാചകം ഭിത്തിയിൽ എഴുതണം. പക്ഷെ ഒരു നിബന്ധന ആ വാചകം സന്തോഷമുള്ളവൻ നോക്കിയാലും സങ്കടമുള്ളവൻ നോക്കിയാലും ഒരുപോലെ ആശ്വാസം നൽകണം. വീർബൽ എഴുതി,
' ഈ സമയവും കടന്നുപോകും'
കൊറോണക്കാലം ഇന്നോ നാളെയോ കഴിയും. കേരളത്തിന്റെ സമ്പത് വ്യവസ്ഥയ്ക്ക് നെടുംതൂണായിരുന്ന പ്രവാസികൾ അവിടെത്തന്നെ കാണും.. ഞങ്ങടെ പുളിഞ്ചിയും പൂക്കും ..

Sunday, 22 March 2020

ചിതറിയ സ്കൂൾ ഓർമ്മകൾ


ചിതറിയ സ്കൂൾ ഓർമ്മകൾ







എന്റെ ചെറുപ്പത്തിൽ നാട്ടിലെ ഏക പ്രാഥമിക വിദ്യാഭ്യാസകേന്ദ്രം ആയിരുന്നു ഇടമൺ ഗവ. എൽ.പി സ്‌കൂൾ. കൊല്ലം ചെങ്കോട്ട റോഡിന്‍റെ സൈഡിൽ നിലകൊള്ളുന്ന ഈ പള്ളികൂടത്തിനു കുറഞ്ഞത് ഒരു പത്തുനൂറു കൊല്ലമെങ്കിലും പഴക്കം കാണും. ആ നല്ല നാളുകളുടെ ഓർമ്മകൾ പ്രത്യേകിച്ച് എൽ. പി സ്കൂൾ ജീവിതകാല ഓർമ്മകൾ വായനക്കാരുമായി പങ്കുവെയ്ക്കുന്നു. കാലത്തിനും ജീവിത സാഹചര്യങ്ങൾക്കും അനുസരിച്ചു അല്പം വ്യത്യാസങ്ങളോടെ എല്ലാ വായനക്കാർക്കും കാണും ഇത്തരം മറക്കാൻ ആകാത്ത സ്കൂൾ ഓർമ്മകൾ.


അന്നൊക്കെ സ്‌കൂളുകളിൽ ഉച്ചക്കഞ്ഞിക്ക് പകരം നൽകിയിരുന്നത് അമേരിക്കൻ പുട്ട് എന്നറിയപ്പെടുന്ന ഉപ്പുമാവും പാലുമായിരുന്നു. എഴുപതുകളിലെ വറുതിക്കാലത്ത്, അമേരിക്ക ഇന്ത്യയെ പ്രീതിപ്പെടുത്താനും കൂടെ നിറുത്താനുമായി നൽകിയിരുന്ന ഗോതമ്പ് പൊടിയും പാലും എണ്ണയുമെല്ലാം കേരളത്തിലെ സ്‌കൂൾ കുട്ടികൾക്ക് മറക്കാനാകാത്ത ഒട്ടേറെ ഓർമ്മകളായിരുന്നു സമ്മാനിച്ചത്. അന്നത്തെ സ്കൂൾ ജീവിതത്തിൽ എനിക്ക് മറക്കാനാവാത്ത ഒരു ഗന്ധമുണ്ട്, പുട്ടുപുരയിൽ നിന്ന് പൊങ്ങുന്ന ഉപ്പുമാവിന്‍റെ ഗന്ധം. ഉള്ളിയും മുളകും വഴറ്റിയ എണ്ണയിലേക്ക് ഗോതമ്പ് റവപ്പൊടി ഇട്ടു കയിൽ കൊണ്ടു ഇളക്കി, ചെല്ലപ്പൻ ചേട്ടൻ ചെമ്പ് ഇറക്കി അടുപ്പിന്‍റെ ഓരത്തു വെയ്ക്കും. ഉച്ചയ്ക്ക് മണിയടിക്കുന്നതിനു അരമണിക്കൂർ മുമ്പ് തന്നെ അതിന്‍റെ കൊതിപ്പിക്കുന്ന മണം ക്ലാസ്സ് റൂമുകളിലേക്ക് അടിച്ചു കയറും. ചെല്ലപ്പൻ ചേട്ടന്റെ കൈപുണ്യത്തിന്‍റെ രുചി അറിഞ്ഞവർ ആയിരുന്നു ഞങ്ങളുടെ നാട്ടിലെ എന്‍റെ പ്രായത്തിലുള്ള മിക്കവരും. ആ ഗോതമ്പുപുട്ടിനു എന്ത് രുചി ആയിരുന്നു. അന്ന് സ്റ്റീൽ പാത്രങ്ങളിൽ ഒന്നും അല്ല സ്കൂളിൽ ഉപ്പുമാവ് നൽകിയിരുന്നത്. വട്ട ഇലയിൽ ആയിരുന്നു അന്ന് ഉപ്പുമാവ് വിളമ്പിയിരുന്നത്. രാവിലെ സ്കൂളിൽ പോകുമ്പോൾ വട്ടയില പറിക്കാൻ വഴിയിലെ വട്ടമരങ്ങളിൽ വലിഞ്ഞു കയറാൻ എന്തായിരുന്നു ഉത്സാഹം. വട്ടയിലയിൽ പൊതിഞ്ഞ ഉപ്പുമാവിന് ഒരു പ്രത്യേക സ്വാദാണ് കേട്ടോ. ചെറിയ ചൂടോടെ, എണ്ണയിൽ മൂത്തുകറുത്ത ഉള്ളികഷ്ണങ്ങളും മുളകും ചേർത്ത ഗോതമ്പുപുട്ട് കഴിയ്ക്കാൻ നല്ല ടേസ്റ്റാണ്. അതിന്‍റെ സ്വാദ് ഇപ്പോഴും നാവിൻ തുമ്പത്തുണ്ട്. ഗോതമ്പ് കൊണ്ടുള്ള റവ ഉപ്പുമാവ് കൂടാതെ മഞ്ഞ ചോളപ്പൊടി കൊണ്ടുള്ള പുട്ടും ചിലപ്പോൾ കിട്ടും. അതിനാണ് സ്വാദ് കൂടുതൽ. മഞ്ഞപ്പുട്ടിന്റെ രുചി, അതോർക്കുമ്പോൾ നാവിലെ രസമുകുളങ്ങളിൽ ഒരു കപ്പലോട്ടത്തിന്‍റെ അവസരം ഇപ്പോഴും ഉണ്ടാകുന്നു എന്നതാണ് സത്യം.

ഉപ്പുമാവ് കഴിക്കുന്ന കുട്ടികൾ ഒന്നുരണ്ടു വട്ടയില നാലായി ചുരുട്ടി പോക്കറ്റിൽ കരുതും. ഉച്ചമണി അടിക്കുമ്പോൾ ആകെക്കൂടി ഒരു കൂട്ടപൊരിച്ചിൽ ആണ്. ഒടുവിൽ സാറന്മാരുടെ തലവട്ടം കാണുന്നതോടെ നല്ലകുട്ടികളായി വരിവരിയ്ക്ക് സ്‌കൂൾ വരാന്തയിൽ നിരന്നു ഇരിക്കും. ഉപ്പുമാവ് വിളമ്പുന്നത് പാചകക്കാരിയും സാറന്മാരും ക്ലാസ്സിൽ തോറ്റുതോറ്റു മുതിർന്ന ഒന്നുരണ്ടു കുട്ടികളും ചേർന്നാകും. ഹെഡ്മാസ്റ്ററുടെ ചൂരൽ കൈയ്യിൽ ഇരുന്നു പല്ലിളിക്കുന്നതിനാൽ വല്യ കലപില ഒന്നും ഉണ്ടാകില്ല.കുട്ടികൾ ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ കാക്കകൾക്ക് സ്വാതന്ത്യം കിട്ടുന്ന സമയമാണ്. പിന്നീട് ആണ് കാക്കകളും ചെല്ലപ്പൻ ചേട്ടനും തമ്മിലുള്ള കശപിശ. കാക്കകൾക്കാകട്ടെ കുട്ടികളെയും ചെല്ലപ്പൻ ചേട്ടനെയും അശേഷം പേടിയില്ല. അവർ ചെമ്പുപാത്രത്തിൽ കയറി ഇരുന്ന് വിശാലമായി ഉപ്പുമാവ് കൊത്തി തിന്നും.




കുട്ടികൾ ശടേന്ന് സ്കൂൾ കിണറ്റിൽ നിന്ന് വെള്ളം കോരി വായ് കഴുകി എന്നുവരുത്തി കളികൾ തുടങ്ങും. സ്കൂൾ മുറ്റത്തു വലിയൊരു തേന്മാവ് ഉണ്ട് . അതിന്‍റെ ചുവട്ടിൽ ആകും കളികൾ. എന്തെല്ലാം കളികൾ ആണ് അക്കാലത്തു, കളത്തിൽ ചാടിയുള്ള കക്കുകളി, സാറ്റ്, കിളിത്തട്ട്, കബഡി, കഴുതപ്പെട്ടി, കണ്ണാരംപൊത്തിക്കളി, ഗോലികളി അങ്ങനെ എണ്ണിയാൽ തീരാത്ത കളികൾ. രണ്ടുമണിക്ക് ബെല്ലടിക്കുന്നതു വരെ നേരം പോകുന്നതറിയില്ല.

അപ്പോഴാകും സൈക്കിളിൽ ഐസ് വിൽപ്പനക്കാരന്‍റെ വരവ്. സൈക്കിൾ ബാറിൽ തൂക്കിയിട്ടിരിക്കുന്ന ഇരുമ്പുപട്ടയിൽ ഇരുമ്പുദണ്ഡു കൊണ്ട് അടിച്ചു താളാത്മകമായി അയാൾ കൂകും ഐസ് മുട്ടായി...ഐസ് മുട്ടായി. എന്തൊക്കെ തരത്തിൽ ഉള്ള ഐസ് മിട്ടായികളാണ് അയാളുടെ സൈക്കിളിൽ കെട്ടിവെച്ച ചെറിയ ഐസ് പെട്ടിയിൽ ഉണ്ടാകുക. അഞ്ചുപൈസ കൊടുത്താൽ കോലൈസ് എന്നു വിളിക്കുന്ന കമ്പ് ഐസ് കിട്ടും. ഒരു ചെറിയ മരക്കോലിൽ വർണ്ണപ്രപഞ്ചം തീർക്കുന്ന ഐസ് മിട്ടായി.. ചെമല, മഞ്ഞ, പച്ച, കാപ്പിപ്പൊടി അങ്ങനെ എന്തെല്ലാം ഇനങ്ങൾ. നാവിൻ തുമ്പിൽ ഇട്ടാൽ അലിഞ്ഞു നാവിനും ചുണ്ടിനും നിറങ്ങളുടെ വർണ്ണഭംഗി നൽകും. കുറേനേരത്തെക്കെങ്കിലും മധുരവും തണുപ്പും നൽകുന്ന അനുഭൂതിയുടെ സ്വർഗ്ഗലോകത്താകും കുട്ടികൾ. ഐസ് മിട്ടായി വാങ്ങി കഴിക്കരുത് എന്നു വീട്ടിൽനിന്നു പറഞ്ഞതൊക്കെ ആരു കേൾക്കാൻ. എന്തെല്ലാം രുചികളാ..പാലൈസ്, സേമിയ, ഓറഞ്ച്, ചോക്കലൈറ്റ്, മാംഗോ അങ്ങനെ ഹരം പിടിപ്പിക്കുന്ന രുചികളും ഓർമ്മകളും. കോലൈസ് വാങ്ങി വായിലേക്ക് നീട്ടുമ്പോളാകും ആരെങ്കിലും കുശുമ്പ് മൂത്തു പുറകിൽ നിന്നു തട്ടുക. കോലിൽ നിന്നു അടർന്നു വീഴുന്ന ഐസിനു വേണ്ടി കുട്ടികളുടെ പരക്കംപാച്ചിലും തല്ലും ഇപ്പോഴും ഓർമ്മയുണ്ട്. ഐസ് മിട്ടായി നഷ്ടപ്പെട്ടവൻ അണ്ടി കളഞ്ഞ അണ്ണാനെ പോലെ നിൽക്കുന്ന നിൽപ്പുണ്ടല്ലോ, മുഖത്തെ ഭാവം ഒന്നു കാണേണ്ടത് തന്നേ.. കരുണം, രൗദ്രം, ബീഭത്സം..





എട്ടരമണിയാകുമ്പോഴേക്കും ഞാനും കൂട്ടുകാരും സ്കൂളിൽ എത്തും. എന്റെ വീടിന്റെ അടുത്തായിരുന്നു സ്കൂൾ. ക്ലാസ്സിലെത്തിയ ഉടൻ വള്ളി റബ്ബർ ഇട്ടു മുറുക്കിയ പുസ്തകക്കൂട്ടം ഡെസ്കിന്റെ അടിയിലെ തട്ടിലേക്ക് വലിച്ചെറിഞ്ഞു ഞാനും കൂട്ടുകാരും ഗ്രൗണ്ടിലേക്ക് പായും. എന്തൊക്കെ കളികൾ ആയിരുന്നു അന്ന്. ആൺകുട്ടികളുടെ കളികളിൽ പ്രധാനം കബഡിയും കിളിത്തട്ടും. പിന്നെ ഗോലികളി, കുട്ടിംകോലും,കുഴിപ്പന്തുകളി അങ്ങനെ ഒട്ടേറെ ഇനങ്ങൾ. പെൺകുട്ടികളുടെ കളികൾ ആയിരുന്നു കക്കുകളി,കല്ലുകൊത്ത്,അമ്മാനയാട്ടം തുടങ്ങിയവ. കായിക അധ്വാനം വേണ്ടിയിരുന്ന കളികൾ ആയിരുന്നു അതൊക്കെ. അനങ്ങാപ്പാറകളായ ചില മടിച്ചികോതകൾ കൂടിയിരുന്നു കൈയ്യിൽകുത്ത് കളിക്കും.
അക്കുതിക്കുത്താന വരമ്പ്
കയ്യേകുത്ത് കരിംകുത്ത്
ചീപ്പ് വെള്ളം താറാവെള്ളം
താറാമക്കടെ കൈയ്യേലൊരു വാങ്ക്..
ജൂൺ മാസം സ്കൂൾ തുറക്കുമ്പോഴേക്കും മഴയും എത്തും. പുതുതായി പെയ്യുന്ന മഴയ്ക്ക് ആ അവധിക്കാലം കഴിഞ്ഞു സ്കൂളിൽ പോകാൻ വെമ്പൽ കൊള്ളുന്ന സ്കൂൾ കുട്ടികളുടെ ഉത്സാഹമാണ്; ഇടവപ്പാതിയ്ക്ക് ആദ്യമായി സ്കൂളിൽ പോകുന്ന ഒന്നാം ക്ലാസുകാരന്‍റെ മട്ടാണ്..എപ്പോഴാണ് ആർത്തലച്ചു പെയ്യുക എന്നു പറയുക വയ്യ. സ്കൂൾ തുറന്നു ചില ദിവസങ്ങൾ കഴിയുന്നതോടെ മഴയുടെ കുറുമ്പും കൂടിവരും. ഞങ്ങൾ കുട്ടികൾക്കാകട്ടെ മഴയൊന്നും പ്രശ്നമല്ല, അവർക്ക് കഴിഞ്ഞ രണ്ടു മാസത്തെ അവധിക്കാല വിശേഷങ്ങൾ കൂട്ടുകാരുമായി പങ്കുവെയ്ക്കാനുള്ള ധൃതിയാണ്. അവധിക്കാലത്ത് ബന്ധുവീട്ടിൽ വിരുന്നുപോയതും കാഴ്ച്ചബംഗ്ലാവ് കാണാൻ പോയതും അങ്ങനെ നൂറുകൂട്ടം വിശേഷങ്ങൾ. സ്കൂൾ തുറക്കുന്നതിന് മുമ്പുതന്നെ ബുക്കുകളും പുസ്തകങ്ങളും പൊതിഞ്ഞു റെഡിയാക്കി ഉത്സാഹത്തോടു കാത്തിരിക്കും.

പുസ്തകങ്ങൾ പൊതിയാൻ അന്നു കിട്ടുന്ന സോവിയറ്റ് യൂണിയൻ മാഗസിനിന്‍റെ ലക്കങ്ങൾ എവിടെ നിന്നെങ്കിലും കണ്ടെത്തും. മലയാളത്തിൽ ഉള്ള സോവിയറ്റ് നാട് മാഗസിനെക്കാൾ കുട്ടികൾക്ക് പ്രിയം ഇംഗ്ലീഷിലുള്ള സോവിയറ്റ് യൂണിയനോടായിരുന്നു. കൊല്ലം ജില്ലയുടെ കിഴക്കൻ പ്രദേശങ്ങൾ ഒക്കെ കമ്മ്യൂണിസ്റ്റ് വേരോട്ടം ഉള്ള സ്ഥലങ്ങൾ ആയതിനാൽ മിക്കവാറും എല്ലാ വീടുകളിലും സോവിയറ്റ് നാടിന്‍റെ ഒരു ലക്കമെങ്കിലും കാണും. കമ്മ്യൂണിസ്റ്റ് വിപ്ലവം പോലെ സമത്വസുന്ദര റഷ്യയുടെ ദൃശ്യങ്ങൾ നിറഞ്ഞ പുറംചട്ടയണിഞ്ഞ സ്കൂൾ പുസ്‌തകങ്ങൾ ഇന്നു ഓർമ്മമാത്രം. അതുമല്ലെങ്കിൽ ചുമരിൽ തൂങ്ങുന്ന ഉണ്ണിമേരിയുടെയോ ജയഭാരതിയുടെയോ മറ്റോ പടമുള്ള പഴയ വർണ്ണകലണ്ടറുകളാകും ശരണം. പൊതിഞ്ഞ ബുക്കുകൾ പ്ലാസ്റ്റിക്‌ഷീറ്റ് കൊണ്ടു കവർ ചെയ്യും. അതും അത്ര ബുദ്ധിമുട്ടുള്ള കാര്യം അല്ലായിരുന്നു. കാരണം പുനലൂർ പ്രദേശങ്ങളിൽ റബ്ബർ എസ്റ്റേറ്റുകൾ ധാരാളം ഉള്ളതിനാൽ മഴക്കാലത്ത് റബ്ബർമരങ്ങൾ പൊതിയുന്ന പ്ലാസ്റ്റിക് ഷീറ്റുകൾ തോട്ടപ്പണിക്കാരെ ആരെയെങ്കിലും ചാക്കിട്ടാൽ കിട്ടും. അങ്ങനെ പൊതിയുന്നതിനു മുമ്പ് നെയിംസ്ലിപ്പുകൾ കൂടെ ഒട്ടിച്ചാൽ സംഗതി ജോർ. നെയിംസ്ലിപ്പ് ബാലരമയിൽ നിന്നോ പൂമ്പാറ്റയിൽ നിന്നോ വെട്ടിയെടുത്ത് ഒട്ടിയ്ക്കും.വർണ്ണ കലണ്ടറുകളാണെങ്കിൽ ടീച്ചറെ പേടിച്ചു ഉണ്ണിമേരിയുടെയും ജയഭാരതിയുടെയും പള്ളയ്ക്കാകും നെയിംസ്ലിപ്പ് പതിക്കുക.

മിക്കവാറും തലേന്ന് തന്നെ പിറ്റെ ദിവസം സ്കൂളിൽ കൊണ്ടുപോകുവാൻ ഉള്ള ബുക്കുകൾ ഒക്കെ അടുക്കി റബ്ബർനാട ഇട്ടു വലിച്ചുമുറുക്കി ടെമ്പറാക്കി വെക്കും. രണ്ടുതരം റബ്ബർനാടകൾ അന്ന് സ്കൂളിനടുത്തുള്ള കടകളിൽ കിട്ടും. വില കുറഞ്ഞ കറുത്ത റബ്ബർ നാടയും വില അല്പം കൂടിയ ആഢ്യൻ ഇലാസ്റ്റിക് നാടയും. ആ കറുത്ത റബ്ബർനാടകൊണ്ടു കാണിയ്ക്കാത്ത കുരുത്തക്കേടുകൾ ഇല്ല. മൊബൈൽ പേപ്പർ റോക്കറ്റ് വിക്ഷേപിണിയായും കാക്കാബെൽറ്റായും (തെറ്റാലി) കൂടെയുള്ളവന്‍റെ തലയ്ക്കിട്ടു വീക്കാനും ഒക്കെ അതു തന്നെ ശരണം. മഴക്കാലത്ത് ബുക്കുകൾ തുണിക്കടയിൽ നിന്നു ഡ്രസ്സ് വാങ്ങുമ്പോൾ കിട്ടുന്ന നല്ല കട്ടിയുള്ള പ്ലാസ്റ്റിക് കവറിൽ ഇട്ടാകും യാത്ര.

ഇടവഴി താണ്ടി പാടത്തേക്കു ഇറങ്ങുമ്പോഴാണ് രസം. പാടവരമ്പിന്‍റെ അരികിൽ നിൽക്കുന്ന കുടങ്ങൽ പടർപ്പിൽ നിന്നു ഇല പറിച്ചു നാവിനടിയിൽ തിരുകി ഉച്ചത്തിൽ പീ.. എന്നു ശബ്ദം കേൾപ്പിക്കാൻ നല്ല രസം. പാടത്തിനു നടുവിലൂടെ സിമന്റ് വരമ്പ് ഉണ്ട്, ഒരു സൈഡിൽ തോടാണ്. മഴ പെയ്‌തു കഴിഞ്ഞാൽ തോട്ടിലൂടെ കാടിവെള്ളത്തിന്റെ നിറത്തിൽ വെളളം കുത്തിയൊലിച്ചു ഒഴുകും. തോട്ടിൽ പേപ്പറുകൊണ്ട് കളിവള്ളം ഉണ്ടാക്കി അതിൽ വലിയ കറുത്ത ഉറുമ്പിനെ പിടിച്ചു തോണിക്കാരനാക്കി അതിനൊപ്പം ഓടുക എന്റെ ഇഷ്ടവിനോദം ആയിരുന്നു. ഒടുവിൽ ഏതെങ്കിലും ചുഴിയിൽ പെട്ടു ബോട്ടു മുങ്ങുമ്പോൾ ഉള്ള മുഖഭാവം കണ്ടാൽ കടലിൽ പോയ ബോട്ടുമുങ്ങിയ ഉടമയുടെ മട്ടാണ്. തോടിന്‍റെ ഒരു വശത്ത് കൈതകളും കാട്ടുചേമ്പുകളും കാണും. കാട്ടുചേമ്പിന്റെ ഇലകൊണ്ട് ഒത്തിരി കാര്യങ്ങൾ ചെയ്യാം. നിനച്ചിരിയ്‌ക്കാതെ മഴ പെയ്യുമ്പോൾ വലിയ ഇല പറിച്ചു കുടയാക്കി ചൂടി ഓടും. മഴ മാറി വെയിൽ വന്നാൽ ഇലയ്ക്കു നടുവിൽ തോട്ടിൽ നിന്നു കൈകൊണ്ടു വെള്ളം കോരിയൊഴിച്ചു തിളങ്ങുന്ന വൈഡൂര്യമണികളുടെ ഭംഗി ആസ്വദിയ്ക്കും. ഇല വെള്ളത്തിൽ മുക്കിവെച്ചു മാനത്തുകണ്ണിയെ പിടിയ്ക്കും. കിട്ടിയ മീനിനെ ചേമ്പിലയിൽ വെള്ളത്തോടുകൂടെ ഒരു കുമ്പിളുപോലെ ആക്കി വീട്ടിൽ കൊണ്ടുവന്നു ഒഴിഞ്ഞ ഹോർലിക്‌സ് കുപ്പിയിൽ ഇട്ടു വളർത്തും. ഒന്നുരണ്ടു തവണ കുപ്പിയിലെ വെള്ളം മാറ്റുന്നതോടെ പാവം അവറ്റകളുടെ കഥ കഴിയും.

എന്റെ സ്കൂളോർമ്മകളിൽ മായാതെ നിൽക്കുന്ന ഒട്ടേറെ മരങ്ങൾ...കൊല്ലം ചെങ്കോട്ട റോഡിൽ ഇടമൺ എൽ.പി സ്കൂൾ മുതൽ യു.പി സ്കൂൾ ജംഗ്ഷൻവരെ എന്തോരം മുത്തശ്ശി മാവുകൾ ആയിരുന്നു ഉണ്ടായിരുന്നത്‌ . ഉച്ചയ്ക്ക് ശേഷം മാനത്തു മഴകണ്ടാൽ ബെല്ലടിച്ചു പള്ളിക്കൂടം വിടും. വീട്ടിലേക്ക് ഓടുന്നതിനു പകരം ഞങ്ങൾ റോഡുവക്കിലെ മാവുകളുടെ മൂട്ടിലേക്കാകും പാഞ്ഞോടുക. വേനൽ മഴക്ക് മുമ്പ് വീശുന്ന കാറ്റിൽ ചറപറാ വീഴുന്ന മാങ്ങയ്ക്ക് പിറകെ പിന്നാലെ എത്തുന്ന മഴയെ വകവെയ്ക്കാതെ ഓടാൻ എന്തായിരുന്നു ഉത്സാഹം...ചിലപ്പോൾ കാറ്റിൽ ചെറുകൊമ്പുകൾ കുമ്പഴുപ്പൻ മാങ്ങകളോടെ താഴേക്ക് വീഴും. ഒരു മാസം കൂടിക്കഴിഞ്ഞാൽ ഒരു ചെറുകാറ്റടിച്ചാൽ പൊഴിയുന്ന ചക്കര മാങ്ങകൾ. ഞങ്ങളുടെ കല്ലും കപ്പത്തണ്ടും കൊണ്ടുള്ള ഏറുകളെ ഒരു കുഞ്ഞിന്റെ കുറുമ്പിനോട് മാതാവ് കാണിയ്ക്കുന്ന കനിവോടെ ഏറ്റുവാങ്ങിയ അമ്മച്ചി മാവുകൾ. മാങ്ങകൾ മരത്തിൽ വെച്ചു തന്നെ പാതിതീർത്തു വെയ്ക്കുന്ന അണ്ണാറക്കണ്ണന്മാർ, മാങ്ങ കൊത്തി താഴേക്ക് ഇടുന്ന കിളികൾ, പഴുത്ത മാങ്ങയുടെ മണം പിടിച്ചെത്തുന്ന വണ്ടുകൾ . ഈ ലോകത്ത് നമുക്ക് മാത്രമല്ല അണ്ണാറക്കണ്ണൻമാർക്കും കിളികൾക്കും വണ്ടുകൾക്കും മണിയനീച്ചകളും ഒക്കെ ജീവിയ്ക്കാൻ അവകാശമുണ്ടെന്നും ഭൂമിയിലെ ഓരോ ജീവികൾക്കുമുണ്ട് അവരുടേതായ അവകാശങ്ങൾ എന്നും നമ്മെ പഠിപ്പിച്ച വടവൃക്ഷങ്ങൾ. അവയെല്ലാം ഓരോരോ കാലങ്ങളിൽ ആയി മനുഷ്യൻ വെട്ടിവീഴ്ത്തി. ഇപ്പോഴും ആ വന്മരങ്ങളുടെ പിൻതലമുറക്കാർ ചിലരൊക്കെ അങ്ങിങ്ങു നിൽപ്പുണ്ട്, എപ്പോഴാണാവോ അധികാരികൾ പാതയ്ക്ക് ഭീഷണി എന്നു പേർപറഞ്ഞു അവയുടെ കടയ്ക്കൽ കത്തിവെയ്ക്കുക.


ഈ മാവുകളേക്കാൾ ഏറെ ഞാൻ ഓർമ്മിക്കുന്ന ഒരു മരമുണ്ടായിരുന്നു അന്ന് കൊല്ലം-ചെങ്കോട്ട റോഡ് സൈഡിൽ, ഒരു വമ്പൻ താന്നിമരം. എൽ.പി.സ്കൂൾ കഴിഞ്ഞു മുമ്പോട്ടു പോകുമ്പോൾ അമ്പലവളവ് കഴിഞ്ഞു അല്പം മുമ്പിലായി റോഡ്‌സൈഡിൽ ഒരു കൂറ്റൻ താന്നിമരം. മരത്തിൽ നിറയെ താന്നിക്കകൾ. കുഞ്ഞുനാളിൽ സ്കൂളിൽ പോകും വഴി കെ.ബി.എസ് എസ്റ്റേറ്റിലെ കുറുക്കുവഴിയിലൂടെ കുന്നുംപുറം താണ്ടി ആ മരത്തിന്റെ മൂട്ടിലേക്ക് ഞങ്ങൾ പ്രതീക്ഷയോടെ ചെല്ലുമായിരുന്നു. ആരെയും നിരാശരാക്കുകയില്ലായിരുന്നു ആ താന്നിമരം. എല്ലാവർക്കും കിട്ടും മൂന്നുംനാലും താന്നിക്കകൾ. അപ്പോഴാകും ഒരു ചെറുകാറ്റ് വീശുക. കനിവോടെ താന്നിമരം പൊഴിയ്ക്കും അഞ്ചാറ് താന്നിക്കകൾ. ഓടിച്ചെന്നു അതെടുത്തു നിക്കറിന്റെ പോക്കറ്റിൽ തിരുകി സ്കൂളിലേക്ക് ഒരോട്ടം. ഇടവേളയ്ക്ക് സ്കൂളിന്റെ തിണ്ണയിൽ ഇരുന്നു കല്ലുകൊണ്ട് താന്നിക്ക പൊട്ടിച്ചു പരിപ്പ് തിന്നുന്നതിന്റെ സുഖം. ആ താന്നിക്ക പൊട്ടിക്കുമ്പോൾ ഉള്ള ഒരു വേറിട്ട മണം എന്റെ മൂക്കിലേക്ക് ഇപ്പോഴും ഓർമ്മയായി തിരികെ എത്തുന്നു. കൂട്ടുകാർ തമ്മിൽ പിണങ്ങിയാൽ മുഖം വീർപ്പിച്ചു നടക്കുന്ന കൂട്ടുകാരനെ പലപ്പോഴും താന്നിക്ക കൊടുത്താകും വരുതിയിൽ ആക്കുക.

അന്നൊക്കെ നാട്ടുവഴികളിൽ പറങ്കിമാവ് സുലഭം. സ്കൂളിൽ പോകുന്ന വഴി റോഡിൽ വീണുകിടക്കുന്ന പറങ്കിപഴം.അത് കടിച്ചു ഈമ്പി ചാറുകുടിച്ചു പഴം തിന്നുന്നത് ഓർക്കുമ്പോൾ തന്നെ കുളിരുകോരുന്നു. പഴം ഇറുത്ത് അണ്ടികൾ നിക്കറിന്റെ പോക്കറ്റിൽ കുട്ടികൾ കരുതും. അന്നത്തെ വട്ടചിലവിനാണ്. മിക്ക കടകളിലും പൈസയ്ക്ക് പകരമായി കശുവണ്ടി എടുക്കും.അത് കൊടുത്തു നാരങ്ങമിട്ടായിയും നാവിൽ ഇട്ടാൽ അലിഞ്ഞു പോകുന്ന തേൻ
മുട്ടായിയും ഒക്കെവാങ്ങും.ഓർമ്മകളിലെവിടയോ ആ രുചികൾ ഇപ്പോഴും ചിലപ്പോഴൊക്കെ ഞൊട്ട പിടിച്ചു തിരിഞ്ഞു നിൽക്കും.

മിക്കവാറും പിള്ളേരെ പറ്റിക്കാനുള്ള എല്ലാ സാധനങ്ങളും സ്കൂളിന്റെ സമീപത്തെ കടകളിൽ കിട്ടും. വരി വരിയായി നിരത്തിവെച്ച മിഠായി ഭരണികൾ. നാരങ്ങമിട്ടായി കപ്പലണ്ടി മിട്ടായി, റബ്ബറുമിട്ടായി, അമ്മിക്കല്ല് മിട്ടായി പച്ചകളർ പ്ലാസ്റ്റിക്‌ കവറുള്ള പാരീസ് മിട്ടായി,നാക്കിൽ ഇട്ടാൽ അലിഞ്ഞു പോകുന്ന പഞ്ചാരമിട്ടായി എന്നു വേണ്ട പീപ്പിയും ബലൂണും പൊട്ടാസും തോക്കും .കൂടാതെ കുപ്പിയിൽ നിറച്ച അച്ചാറും. റബ്ബറുമിട്ടായി എന്ന് വെച്ചാൽ മിട്ടായി ഒരു അലൂമിനിയം ഫോയിലിൽ പൊതിഞ്ഞു അതിന്റെ ചുറ്റും നീണ്ട റബ്ബർനാട ചുറ്റിയതാണ് .അത് വലിച്ചു വിട്ടാൽ വിട്ടെടുത്ത് തിരികെ എത്തും ,കൂടാതെ വട്ടത്തിൽ കറക്കാൻ നല്ല രസമാണ് . അമ്മിക്കല്ല് മിട്ടായി എന്നാൽ ആട്ടുകല്ലിന്റെ രൂപത്തിൽ ശർക്കരയും തേങ്ങാപ്പീരയും ചേർത്തുണ്ടാക്കിയതാണ് . പച്ച കളർ ഉള്ള പാരീസ് മിട്ടായിയുടെ കവർ കൊണ്ട് ഡാൻസ് ചെയ്യുന്ന പെൺകുട്ടിയെ ഉണ്ടാക്കുന്നത് ചെറുപ്പത്തിലെ ഞങ്ങളുടെ ഒരു പ്രധാന നേരം പോക്കായിരുന്നു. അന്ന് കടകളിൽ പാണ്ടിയിൽ നിന്നുള്ള അച്ചാറുപായ്ക്കറ്റ് അഞ്ച് പൈസ കൊടുത്താൽ കിട്ടും, നാരങ്ങ ചുമന്നഅച്ചാറാക്കി, പനയോല കൊണ്ട് പൊതിഞ്ഞു ചെറിയ ഓല പടക്കത്തിന്റെ രൂപത്തിൽ ഇരിക്കും. പൊതി അഴിച്ചു നാക്കിൽ ഇടുമ്പോൾ ഉള്ള രുചി ഓർത്താൽ ഇപ്പോഴും വായിൽ കപ്പലോടിക്കാം. പക്ഷെ വീട്ടിൽ വാങ്ങി കൊണ്ട് ചെന്നാൽ അമ്മ അടിക്കും. അമ്മയുടെ ഭാഷ്യത്തിൽ ഈ നാരങ്ങ അച്ചാർ ഉണ്ടാക്കുന്നത് കടയിൽ നിന്ന് നാരങ്ങ വെള്ളം പിഴിഞ്ഞതിനു ശേഷം പുറത്തേക്ക് എറിയുന്ന നാരങ്ങ കഷണങ്ങൾ പെറുക്കികൊണ്ട് പോയാണത്രേ.

സ്കൂളിൽ കളികൾക്കിടെ വീണു മുറിഞ്ഞു ചോര വന്നാൽ അടുത്ത പറമ്പിലേക്ക് ഓടും. കൂട്ടുകാർ കുറെ കമ്മ്യൂണിസ്റ്റ് പച്ചയുടെ ഇല എടുത്ത് പിഴിഞ്ഞു ചാറ് മുറിവിലേക്കു ഇറ്റിയ്ക്കും. ആദ്യം നല്ല നീറ്റൽ ആയിരിക്കും എങ്കിലും മൂന്നാലു ദിവസം കൊണ്ട് മുറിവ് ഉണങ്ങിയിരിക്കും..തീർന്നു ചികിത്സ. കൂട്ടുകാർ സ്കൂളിൽ കൊണ്ടു വരുന്ന പേരക്കയും മാങ്ങയുമൊക്കെ ഒരു മുറിബ്ലേഡ് കൊണ്ട് പൂളി ഞങ്ങൾ കൂട്ടം ചേർന്ന് പങ്കിടും. ചിലപ്പോൾ കല്ലുവെച്ചു ഇടിച്ചാകും ഭാഗം വെയ്ക്കുക. ഇന്ന് അങ്ങനെയൊക്കെ കഴിച്ചാൽ ഉണ്ടാകുന്ന രോഗങ്ങൾ അക്കാലത്ത് അന്യം. തൊടിയിലും മണ്ണിലുമൊക്കെ കളിച്ചു കരുത്ത് വന്ന ബാല്യങ്ങൾ.നെല്ലിക്ക അച്ചാറിന്റെയും പറങ്കിമാങ്ങാ ചൂരിന്റെയും ചെമ്മണ്ണിന്റെയും പുതുമഴയുടെയും ഗന്ധമുള്ള ഓർമ്മകൾ.


കാലം മാറി, ഞങ്ങളുടെ മുത്തശ്ശി സ്കൂളും ഹൈടെക്ക് ആയി. നമ്മുടെ ഗ്രാമങ്ങളും സ്കൂളുകളുമൊക്കെ മാറി. ഗ്രാമങ്ങളിലെ സ്കൂളുകളിൽ പോലും യൂണിഫോമും ഷൂവും ടൈയ്യും സ്കൂൾ ബസ്സുമൊക്കെ നിലവിൽ വന്നു. ബട്ടൺ പോയ നിക്കർ സേഫ്റ്റി പിന്നുകൊണ്ട് കുത്തി പോസ്റ്റാപ്പീസ് പാതിതുറന്നു കിടക്കുന്നതൊന്നും മൈൻഡ് ചെയ്യാതെ ഓടിച്ചാടി നടന്നിരുന്ന കുട്ടിക്കാലമൊക്കെ ഇപ്പോൾ ഓർമ്മകൾ മാത്രം.