ദശപുത്ര സമോ ദ്രുമഃ
നാട്ടിൽ കാലവർഷം തിമിർത്തു
പെയ്യുന്നു. ഈ കാലവർഷത്തിന്റെ തുടക്കദിവസങ്ങളിൽ ഞാനും നാട്ടിൽ പോയിരുന്നു .തോരാത്ത
മഴയ്ക്ക് ഇറയത്തു ഒരു കസേര വലിച്ചിട്ടു മഴ നോക്കി ഇരിക്കാൻ എന്തുസുഖം.. ഇടമുറിയാത്ത
മഴ.. കുടചൂടി വഴിയിലൂടെ പോകുന്ന അയൽവാസികളൊക്കെ ഉറക്കെ വിളിച്ചു ചോദിക്കും..എന്താ ഇവിടെ
ഇരിക്കുന്നത് എന്ന് ..ഓ വെറുതേ ..മഴ കാണാൻ ആണ് എന്നാവും മറുപടി . നാട്ടുകാർക്ക് ഇതൊക്കെ വട്ടാണ്. വട്ടു മൂത്തു ഒരുത്തൻ മഴ കാണാൻ
ഇറങ്ങിയിരിക്കുന്നു. വല്ല ടി.വി സീരിയലും കണ്ടു മുറിയ്ക്കകത്ത് കുത്തിയിരിക്കണ്ടതിന് പകരം.
ഇത്തവണ നാട്ടിൽ പോയപ്പോൾ കുറേ
പ്രാവശ്യം നമ്മുടെ മാണിസാറിന്റെ സ്വന്തം നാട്ടിൽ
പോയിരുന്നു. വഴി നീളെ ചെടികളും വൃക്ഷതൈകളും വിൽക്കുന്ന നേഴ്സറികൾ. മിക്കവയും വീടിനോട് ചേർന്നു തന്നെ. മാണിസാറിന്റെ ആൾക്കാർ ജീവിക്കാൻ
പഠിച്ചവരാണ്. എന്തിനേയും വിൽപനചരക്കാക്കാൻ അവർക്കറിയാം. റബ്ബറിന്റെ വിലയിടിവൊന്നും കൊണ്ടു അങ്ങനെ
പാലാ അച്ചായന്മാരെ തളർത്താം എന്നു ആരും കരുതേണ്ട. ഒന്നുരണ്ടു നേഴ്‌സറികളിൽ
കയറി നോക്കി. റമ്പൂട്ടാൻ, ദൂരിയാൻ, മാങ്കോസ്‌റ്റീൻ, ലിച്ചി തുടങ്ങിയ
വിദേശ ഫലവൃക്ഷങ്ങളും നമ്മുടെ നാടൻ പ്ലാവ്, മാവ്, തെങ്ങ്, മുരിങ്ങ, കറിവേപ്പില തുടങ്ങിയ
സർവ്വമാന അലുഗുലുത്ത് വൃക്ഷങ്ങളുടെയും ചെടികളുടെയും
തൈകൾ വിൽപ്പനക്ക് വെച്ചിരിക്കുന്നു. അതൊക്കെ വാങ്ങാൻ നാടിനേയും മരങ്ങളേയും കുറിച്ചു നൊസ്റ്റി അടിച്ചു വരുന്ന പൊട്ടന്മാർ ധാരാളം
ഉണ്ടെന്ന് അവർക്കറിയാം. നേഴ്‌സറിയുടെ
സെറ്റപ്പാണ് കൗതുകകരം. ചട്ടികളിൽ കായ്കൾ
പിടിച്ചിട്ടുള്ള റമ്പൂട്ടാനും സപ്പോട്ടയും
നെല്ലിയും പ്ലാവും മാവും ഒക്കെ കയറുന്ന വഴിയിൽ
തന്നെ വെയ്ക്കും. അതുകണ്ടു മയങ്ങുന്ന മലയാളി
ഫ്ലാറ്റ്.. അകത്തു കയറിയാൽ ഒരു തൈയെങ്കിലും വാങ്ങാതെ പോകില്ല.
കൂട്ടത്തിൽ ലക്ഷ്മിതരുവും മുള്ളാത്തയും
ആണ് താരങ്ങൾ . കാൻസർ മാറും എന്നാണ് പ്രചരണം
. മാറിയാൽ മതിയായിരുന്നു . അത്രയ്ക്കല്ലേ വിഷമടിച്ച പച്ചക്കറികൾ
മലയാളി തമിഴ്നാട്ടിൽ നിന്നു വരുത്തി
തിന്നുന്നത്. ഈയിടെയായി അല്പം മാറ്റം കണ്ടു
തുടങ്ങിയിട്ടുണ്ട് . വീടുകളിലെ തൊടിയിലും പറമ്പിലും ടെറസ്സിലും പച്ചക്കറികൾ വളർത്തി
തുടങ്ങിയിരിക്കുന്നു മലയാളി. പണ്ട് ആർക്കും വേണ്ടാതെ വേലിപടർപ്പിൽ
പാഴ്ച്ചെടികളായി കരുതിയിരുന്ന കോവയ്ക്ക, കുപ്പച്ചീര,തകര, തഴുതാമ തുടങ്ങിയവ ഒക്കെ മലയാളി നട്ടുവളർത്താൻ തുടങ്ങിയിരിക്കുന്നു. കോവയ്ക്ക
ഇപ്പോൾ ഗൾഫിൽ ലുലുമാർക്കറ്റിലും കിട്ടും. പ്രമേഹശമനത്തിനു ഉത്തമം. തഴുതാമ വൃക്കരോഗങ്ങൾക്ക് നല്ല പ്രതിവിധിയാണ് . അത് ഇവിടെ ഗൾഫിലും
പാഴ്ച്ചെടിയായി വളരുന്നത് ഞാൻ കണ്ടിട്ടുണ്ട്.
![]() |
കറുവപട്ടമരം |
നേഴ്‌സറി നന്നായി ഒന്നു ചുറ്റിയടിച്ചിട്ടു കണ്ട ഞാനും വാങ്ങി മൂന്നുതൈകൾ. ആദ്യത്തേത് ഒരു ഒട്ടുപ്ലാവ് . ഹണിഡ്യു ജാക്ക്ഫ്രൂട്ട് എന്നാണ് നേഴ്‌സറി മുതലാളി ബോർഡ് വെച്ചിരിക്കുന്നത്
. തേൻവരിക്ക എന്നു മലയാളത്തിൽ വിവർത്തനം ചെയ്യാം. ഹായ് ..തേൻവരിക്ക പേരു ഓർത്തപ്പോൾ
തന്നെ നാവിൽ വെള്ളമൂറുന്നു. വിലയൊന്നും നോക്കാതെ
ഒരെണ്ണം വാങ്ങി . രണ്ടാമത്തേത് ഒരു പുലോസാൻ
തൈ. സംഗതി വിദേശിയാണ്. മലേഷ്യ ആണ് സ്വദേശം.നാട്ടിൽ അത്ര സാധാരണം അല്ല . കുരു അടക്കം തിന്നാമെന്നാണ്
വിശേഷത. രുചി ലിച്ചിപഴത്തിനൊപ്പം വരുമെന്നാണ് മുതലാളി അച്ചായൻ വക വിദഗ്ധ ഉപദേശം. വീട്ടിൽ രണ്ടുമൂന്ന് റമ്പൂട്ടാൻ
മരങ്ങൾ ഉള്ളതിനാൽ ഒരു വിദേശി കൂടെ കൂട്ടാകട്ടെ എന്നു കരുതി വാങ്ങിയതാണ്. ഇത്തവണ നാട്ടിൽ പോയപ്പോൾ
വീട്ടിൽ ധാരാളം റമ്പൂട്ടാൻ പഴങ്ങൾ. പഴങ്ങൾക്ക് നല്ല രുചിയും മധുരവും ഉണ്ട്.
![]() |
റമ്പൂട്ടാൻ |
മൂന്നാമത് വാങ്ങിയത് ഒരു കറുവ(
Cinnamon )തൈയ്യാണ്. അത് തേടിയാണ് നേഴ്‌സറിയിൽ കയറിയത്. യഥാർത്ഥ കറുവപട്ട ഇന്ത്യയിലും
ശ്രീലങ്കയിലും മാത്രമേ വളരുകയുള്ളൂ.
സിന്നമോമം വേരം ( Cinnamomum verum ) എന്നാണ്
ശാസ്ത്രീയ നാമം. നമ്മുടെ നാട്ടിൽ മിക്കവാറും കടകളിൽ കിട്ടുന്നത് ചൈനീസ് കറുവപട്ടയായ
കാസ്സിയ (Cassia) ആണ്. കൊടിയവിഷം ആണിത്. കുമാരിൻ (Coumarin) പോലുള്ള രാസവസ്തുക്കൾ ധാരാളം. കരളിനും വൃക്കയ്ക്കും വളരെ ദോഷം ചെയ്യും. കിലോയ്ക്ക് 20 -35 രൂപ നിരക്കിൽ
ഇറക്കുമതി ചെയ്യുന്ന കാസ്സിയ 400 രൂപ നിരക്കിൽ ആണ് മാർക്കറ്റിൽ വിൽക്കുന്നത് . ഈ ഭീമമായ
ലാഭം ആണ് വ്യാപാരികളെ ചൈനീസ് കാസ്സിയ ഇറക്കുമതി ചെയ്യാൻ പ്രേരിപ്പിക്കുന്നത് . അമേരിക്കയിലും
ജർമ്മനി, ഫ്രാൻസ് തുടങ്ങിയ യൂറോപ്യൻ
രാജ്യങ്ങളിലും ഇതിന്റെ ഇറക്കുമതി നിരോധിച്ചതാണ് . യഥാർത്ഥ കറുവപട്ട തിന്നുനോക്കിയാൽ
ഒരു മധുരം കലർന്ന ചവർപ്പാണ് രുചി. പട്ടയ്ക്കു കളറും കുറവ്. പ്രമേഹരോഗികൾ ഇതു വെള്ളത്തിൽ
ഇട്ടുവെച്ചു രാവിലെ വെള്ളം കുടിക്കുന്നത് ഉത്തമമാണ്. ചൈനീസ് കറുവാപ്പട്ടയ്ക്ക് നല്ല ചുവപ്പ് നിറമാണ് ,ഇറച്ചിക്കൂട്ടിന്റെ
രുചിയും മണവും. കൊല്ലത്തെ ഭാര്യാഗൃഹത്തിൽ ഉണ്ട് ഒരു ഒന്നാന്തരം നാടൻ കറുവപട്ടമരം. മരത്തിന്റെ
തൊലി വെട്ടി എടുത്ത് ഉണക്കി എടുക്കണം. ഇലയ്ക്കും നല്ല സുഗന്ധമാണ് . പായസത്തിലും കുമ്പിൾ അപ്പം ഉണ്ടാക്കാനും മറ്റും ഉപയോഗിക്കാം.
മരമൂട്ടിൽനിന്ന് തൈകൾ കിട്ടുമോ
എന്നുനോക്കി, കിട്ടിയില്ല. അതിനാൽ ഒരെണ്ണം വാങ്ങാമെന്ന് തീരുമാനിച്ചു
. അതും നേഴ്‌സറിയിൽ നിന്ന് കിട്ടി.
![]() |
കറുവതൈ |
![]() |
പുലോസാൻ തൈ |
വീട്ടിൽ എത്തി തൈകൾ
ഒക്കെ വരാന്തയിൽ എടുത്തുവെച്ചു. ബഹളംകേട്ടു
ഇറങ്ങിവന്ന അമ്മ എത്തി നോക്കിയിട്ട് എന്തോ പിറുപിറുത്തു കൊണ്ടു അകത്തേക്ക് വലിഞ്ഞു. ഇതൊക്കെ നടാൻ എവിടെ സ്ഥലം കണ്ടുപിടിക്കും
എന്നാവും പിറുപിറുത്തത് . 15 സെന്റുള്ള പുരയിടത്തിൽ വീടുകഴിഞ്ഞാൽ നിറയെ ചെടികളും പച്ചക്കറികളും
ഫലവൃക്ഷങ്ങളുമാണ്. പുറത്തു ചാറ്റമഴ പെയ്യുന്നു . അപ്പോൾ
തന്നെ സ്ഥലം കണ്ടുപിടിച്ചു തൈകൾ നട്ടു. ഒട്ടുപ്ലാവ്, മണ്ഡരി കേറി നശിച്ച ഒരു തെങ്ങുവെട്ടിയ സ്ഥലത്ത്
നട്ടു . ഒരു പൂവൻവാഴ വിത്ത് പിഴുതുമാറ്റി നട്ടു, അവിടെ പുലോസാൻ തൈ വെച്ചു. കറുവതൈയ്ക്കാകട്ടെ പുരയിടത്തിന്റെ വാരിയിൽ നിന്ന 2-3 കാട്ടുചേമ്പുകൾ വെട്ടിമാറ്റി സ്ഥലം കണ്ടെത്തി.
പണിയൊക്കെ കഴിഞ്ഞു അടുക്കളയിൽ
എത്തിയപ്പോൾ ചൂടുചായ റെഡി. പ്ലാവിൽ തൈയ്ക്ക്
എത്രയായി എന്നാണ് അമ്മയുടെ അന്വേഷണം. 650 രൂപ എന്നു കേട്ടപ്പോൾ
അമ്മ മൂക്കത്തു വിരൽ വെച്ചു .
'' ഈ ചെക്കന്റെ ഓരോരോ വട്ടേ ..തൊടിയിൽ നിറയെ വലിച്ചെറിഞ്ഞ
ചക്കക്കുരുകിളിച്ചു തൈകൾ നിൽക്കുന്നു
.. അതേതെങ്കിലും ഒന്നു പിഴുതുമാറ്റി നട്ടാൽ
പോരേ ..''
പഴയ തലമുറ അങ്ങനെയാണ് , അവരുടെ
അതിജീവനത്തിൽ ചക്കയും മാങ്ങയും മുരിങ്ങയും
കറിവേപ്പിലയും ഒക്കെ ജീവിതത്തോടു ഇഴചേർന്നതാണ് . അവയെ നട്ടുവളർത്തി വിളവെടുത്തു കൊണ്ടും കൊടുത്തും അയൽക്കാർക്ക്
പങ്കുവെച്ചും പങ്കുവാങ്ങിയും അവർ ജീവിതം ആസ്വദിക്കുന്നു. അതൊക്കെ പണം കൊടുത്തു വാങ്ങുന്നത്
അവരെ സംബന്ധിച്ചടെത്തോളം ധാരാളിത്തമാണ്, യുക്തിക്ക് നിരക്കാത്തതാണ്.
ഞാനൊന്നും മിണ്ടിയില്ല. അമ്മയ്ക്കറിയില്ലല്ലോ, ഗൾഫിലെ ഫ്ലാറ്റിൽ ഉമ്മറത്തു സോഫായിൽ ചാരികിടന്നു നാടിനേക്കുറിച്ചും മരത്തേക്കുറിച്ചും മഴയേക്കുറിച്ചും പുഴയേക്കുറിച്ചും നൊസ്റ്റിയടിക്കുന്ന
ഞാൻ എന്ന ശരാശരി ഗൾഫ് മലയാളിയുടെ
തിക്കുമുട്ട് (ശ്വാസംമുട്ട്).
ദശകൂപ സമോ വാപി.
ദശവാപി സമോ ഹൃദഃ
ദശഹൃദ സമോ പുത്രഃ
ദശപുത്ര സമോ ദ്രുമഃ
( മത്സ്യപുരാണം)
( പത്ത് കിണറുകൾക്ക് തുല്യം ഒരു കുളം. പത്ത് കുളങ്ങൾക്ക് തുല്യം ഒരു ജലാശയം.
പത്ത് ജലാശയങ്ങൾക്ക് തുല്യം ഒരു പുത്രൻ. പത്ത് ഉത്തമ പുത്രന്മാർക്ക് തുല്യം ഒരു മരം.)
No comments:
Post a Comment