Thursday 28 May 2020

കൊറോണക്കാലത്ത് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസിക്ക് ഒരു കൈപ്പുസ്തകം.



കൊറോണക്കാലത്ത്  നാട്ടിലേക്ക് മടങ്ങുന്ന  പ്രവാസിക്ക്  ഒരു കൈപ്പുസ്തകം.




നമ്പൂര്യച്ചനും കാര്യസ്ഥൻ രാമനും കൂടെ സിനിമയ്ക്ക് പോയി. സിനിമയിൽ കാമുകി നഷ്ടപ്പെട്ട നിരാശപൂണ്ട നായകൻ കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടുവാൻ ഒരുങ്ങുന്ന ഭാഗമായപ്പോൾ തിരുമേനി കാര്യസ്ഥനോട് ചോദിച്ചു,

' രാമാ നമ്മടെ നായകൻ ചാടുമോ? ' 

'എന്താ സംശയം അവൻ ചാടും എനിക്കുറപ്പാ..' രാമൻ മറുപടി പറഞ്ഞു.

' ന്നാൽ നൂറുരൂപ പന്തയം അവൻ ചാടില്ല ..നോം പറേണു '..എന്നായി നമ്പൂര്യച്ചൻ.
പക്ഷെ തിരുമേനിയുടെ കണക്ക് തെറ്റിച്ചുകൊണ്ട് നായകൻ ചാടി.  പന്തയത്തിൽ തോറ്റ നമ്പൂര്യച്ചൻ കാശ് കൊടുക്കാരുങ്ങുമ്പോൾ   രാമനോട് ഒരു കാര്യം പറഞ്ഞു .

'എടാ മിടുക്കാ നോം  ഈ പടം മുമ്പ് മൂന്ന് തവണ കണ്ടതാ ..കഴിഞ്ഞ തവണ ചാടിയപ്പോൾ അവന്റെ കയ്യും കാലും ഒടിഞ്ഞിരുന്നു ..ആ അനുഭവം ഉള്ളതുകൊണ്ട് അവൻ ഇത്തവണ ചാടില്ല എന്നാ നോം നിരീച്ചത്..എന്താ പറയ്യാ ..ഇവനൊക്കെ എപ്പോഴാ  ജീവിക്കാൻ പഠിക്ക്യാ..'

ഇതുപോലെ ആണ്  ഓരോ പ്രവാസിയും..ഓരോ തവണ ലോങ്ങ് ലീവിനും ജോലി നഷ്ടപ്പെടും നാട്ടിലെത്തി തെണ്ടി പാപ്പരായി തിരിച്ചുപോകുമ്പോൾ പുതിയ തീരുമാനങ്ങളോടെ ആകും ഓരോ പ്രവാസിയും ഗൾഫിൽ തിരികെയെത്തുക. എന്നാൽ വീണ്ടും നാട്ടിലെത്തുമ്പോൾ അവൻ എല്ലാം മറക്കും..അടിച്ചുപൊളിച്ചു കൈയ്യിലെ കാശെല്ലാം തീർത്തു ഭാര്യയുടെ കെട്ടുതാലി വരെ പണയം വെച്ചാകും തിരിച്ചു ഗൾഫിൽ എത്താനുള്ള ടിക്കറ്റ് എടുക്കുക. എന്നാൽ ഇത്തവണത്തെ കൊറോണക്കാലം പ്രവാസിയെ  ജീവിക്കാൻ  പഠിപ്പിക്കും  ഇതുവരെയുള്ള പോക്ക് കണ്ടിട്ട് തോന്നുന്നത്. കൊറോണക്കാലത്ത്  നാട്ടിലേക്ക് മടങ്ങുന്ന  പ്രവാസിക്ക്  പിടിച്ചുനിൽക്കാൻ ഉപകാരമാകുന്ന ചില പ്രായോഗിക നിർദ്ദേശങ്ങൾ ഇതാ.. പ്രവാസികൾ ഇത് നർമ്മമായി എടുക്കേണ്ട കാരണം ഉള്ളുരുകുന്നവന്റെ  വേദന കണ്ടുനിൽക്കുന്നവന് മനസ്സിലാകണമെന്നില്ല.



കൊറോണകാലത്ത് നാട്ടിലെത്തി സർക്കാർ വക ഫ്രീ ക്വാറന്റീനും അതുകഴിഞ്ഞു ഹോം ക്വാറന്റീനും ഒക്കെ കഴിയുമ്പോൾ പുറത്തേക്ക് ഇറങ്ങി നാലുമാളോരേക്കാണാൻ ഏതു പ്രവാസിയും മോഹിക്കും, പക്ഷെ കുറെ നാളത്തേക്ക് അങ്ങാടിയിലേക്ക് ഇറങ്ങരുത്. ഇറങ്ങിയാൽ  ഇതുവരെയുള്ള നാടിനെക്കുറിച്ചും നാട്ടാരെക്കുറിച്ചുമുള്ള സങ്കല്പങ്ങൾ മാറും. വെറുതെ അങ്ങോട്ട് ചെന്ന് പണി വാങ്ങരുത്. നാട്ടിലെത്തിയ നിങ്ങൾ വീട്ടിൽ അടങ്ങി ഒതുങ്ങി ഇരിക്കുക ആണ് എന്ന് നാട്ടുകാർക്കും സ്വന്തക്കാർക്കും  ബോധ്യം ആകുമ്പോൾ അവർ ഓരോരുത്തരായി ഫോണിലൂടെ വിശേഷം തിരക്കി ഒടുവിൽ കുഴപ്പമൊന്നുമില്ല എന്നറിയുമ്പോൾ പതിയെ വീട്ടിലെത്തും. അതുവരെ അവരെക്കാണാൻ അങ്ങോട്ട് പോകരുത്. ആരെങ്കിലും വീട്ടിലെത്തിയാൽ  അവർക്ക്  കൈകൊടുക്കാനോ കെട്ടിപ്പിടിച്ചു മുത്തം കൊടുക്കണോ നിൽക്കരുത്. അങ്ങനെ ചെയ്താൽ  അവർ നിങ്ങളുടെ പിതാമഹനെ സ്മരിക്കും.വെറുതെ അവരെ തുമ്മിക്കേണ്ട.. ആരെങ്കിലും  കാണാനെത്തുമ്പോൾ  വീടിന്റെ ഏതെങ്കിലും മൂലയില്‍ ചിന്താമൂകനായി നില്‍ക്കുക.' ചിന്താഭാരം തോട്ടില്‍' എന്ന റഷ്യന്‍ പ്രസിദ്ധ നാടോടിഗാനം സ്മരിക്കുക.. അടൂർ ഗോപാലകൃഷ്ണൻ സാറിന്റെ അവാർഡ് സിനിമയിലെ കരമന ജനാർദ്ധനന്റെ മുഖഭാവത്തോടെ നിൽക്കുക ഇവയൊക്കെ അനുവർത്തിക്കാവുന്നതാണ്.


വീട്ടിൽ കാണാൻ വരുന്നവരോട് തന്റെ ജോലി പോയെന്നും അറബി ആറുമാസത്തെ ശമ്പളം തരാൻ ബാക്കിയുണ്ടെന്നും വെച്ചു താങ്ങുക. തിരികെ പോകാൻ ചാൻസ് ഉണ്ടെങ്കിലും ഒരിക്കലും അത് വെളിപ്പെടുത്തരുത്. പണി പോയിട്ടാണ് നാട്ടിൽ എത്തിയതെങ്കിൽ അഭിനയം വേണ്ട, എക്സ്പ്രഷൻ തനിയെ വന്നോളും. കൈയ്യിലെ കാശെല്ലാം തീർന്നുപൊട്ടി പാളീസായിട്ടാണ് നാട്ടിലെത്തിയത് എന്ന് കൂടെകൂടെ സ്വന്തക്കാരോടും അയല്പക്കക്കാരോടും   പറയുക. പാരയായിട്ടുള്ള നമ്മുടെ ആൾക്കാർ തന്നെ നാടുനീളെ അത് പ്രചരിപ്പിച്ചോളും. നമ്മൾ പൊളിഞ്ഞു കുത്തുപാളയെടുത്തു എന്ന് കേട്ടാലുള്ള സന്തോഷം പലർക്കും ചില്ലറയല്ല, അത് മാനുഷിക സ്വഭാവമാണ്.. മൈൻഡ് ചെയ്യണ്ട. ഇതുവരെയുള്ള അവധിക്കാലത്ത് നാം കണ്ട നാട്ടുകാരെയും 
കുടുംബക്കാരെയും ആയിരിക്കില്ല കൊറോണക്കാലത്ത് നാം കാണുക, ഒരു ദാക്ഷണ്യവും പ്രതീക്ഷിക്കരുത്. ' അവനിത്തിരി പത്രാസ് കൂടുതൽ ആയിരുന്നു ' എന്ന് പലരും പറയും.. സാരമില്ല, അസൂയക്കാർ അർമാദിക്കട്ടെ.. മറ്റുള്ളവർക്ക് ഇത്തരം സന്തോഷം നൽകുക കാൽകാശിന് ചിലവില്ലാത്ത പുണ്യപ്രവർത്തിയാണ്.


പിരിവുകാർ പെരുന്നാൾ  കമ്മറ്റിക്കാർ, എൽ. ഐ. സി, മെറ്റ്ലൈഫ് ഏജന്റുമാർ, മണി ചെയിൻ മാർക്കറ്റുകാർ, ക്ലബ്‌ വാർഷികക്കാർ അമ്പലപള്ളിക്കാർ ഇവരെയൊക്കെ അകലെ നിന്ന് കാണുമ്പോഴെ മുറ്റത്തുനിൽക്കുന്ന മുരിങ്ങമരത്തിന്റെ കീഴിലോ കുരുമുളക് ചെടിയുടെ ചോട്ടിലോ ചിന്താമഗ്നനായി വിഷാദഭാവത്തിൽ നിൽക്കുക. അവർ അടുത്ത് വരുമ്പോൾ കൊറോണ ഇടിച്ചു തരിപ്പണമായ തന്റെ കമ്പനിയെക്കുറിച്ചും ഗൾഫ് നാട്ടിൽ പണിയില്ലാത്തതും അവരോട് പറയുക. എന്തെങ്കിലും  ജോലി നാട്ടിൽ  തരപ്പെടാൻ വഴിയുണ്ടോ എന്നു അവരോട് ചോദിക്കുക. ഇൻഷുറൻസ് ഏജന്റുമാരോട് തനിക്ക് ഒരു ഏജൻസി തുടങ്ങാൻ എന്താണ് വഴിയെന്നും ചോദിക്കുക. അവർ വേഗം സ്ഥലം കാലിയാക്കിക്കൊള്ളും. പണ്ട് പുതുപ്പള്ളി പള്ളി  പെരുന്നാളിന് ഒരു പിച്ചക്കാരൻ പറഞ്ഞത് പോലെ പിച്ച തരുന്ന തെണ്ടികളും ഉണ്ട് തെരാത്ത തെണ്ടികളും ഉണ്ട്.. അത്രേ ഉള്ളു കാര്യം.. തന്നോട് കടം  ചോദിക്കുവാൻ  സാധ്യത ഉള്ളവരോട് അവർ ചോദിക്കുന്നതിന് മുമ്പ് അങ്ങോട്ട് കടം ചോദിക്കുക. ബാങ്ക് ലോണിന് ജാമ്യം നിൽക്കാമോ എന്ന്  ശല്യക്കാരായ ബന്ധുക്കളോട്  ചോദിക്കുക. അവർ പിന്നെ അടുക്കില്ല എന്നാൽ  ബാങ്ക് ലോൺ   കഴിവതും എടുക്കരുത്. ഇപ്പോഴത്തെ സാഹചര്യത്തിൽ പണം സൂക്ഷിച്ചു ചിലവാക്കുക  കൊറോണക്കാലം എപ്പോൾ തീരുമെന്ന് ആർക്കും പ്രവചിക്കുവാൻ കഴിയുക ഇല്ല. കൈയ്യിലുള്ള  പണം കരുതി ചിലവാക്കിയാൽ എങ്ങനെയെങ്കിലും പിടിച്ചുനിൽക്കാം. കൈയ്യിൽ എത്ര കാശുണ്ടായാലും അത് തീരാൻ അത്രനേരം വേണ്ട. വരവില്ലാതെ ചിലവ് മാത്രമാകുമ്പോൾ മെല്ലെ പേഴ്‌സ് കാലിയാകും. അമ്പത്താറുമേളവും ചെണ്ടയ്ക്ക് താഴെ..കൈയ്യിൽ പണമില്ലെങ്കിൽ?



തനിക്കുള്ള ആസ്തികളെക്കുറിച്ചും  ബാധ്യതകളെക്കുറിച്ചും ഒരു ലിസ്റ്റ് തയാറാക്കുക. കൈയ്യിലുള്ള ബാങ്ക് ബാലൻസ്, ഭാര്യയുടെയും മക്കളുടെയും സ്വർണാഭരണങ്ങൾ ഇവയുടെ ഒക്കെ കണക്ക് എടുക്കുക. വീട്, വസ്തുക്കൾ, ഫ്ലാറ്റ്, കടകൾ ഇവയൊക്കെ ഇപ്പോൾ നിഷ്ക്രിയ ആസ്തികൾ ആയിട്ട് മാത്രമേ കണക്കാക്കാൻ കഴിയുകയുള്ളു.  അവ ഇപ്പോൾ വിറ്റാൽ വാങ്ങിയ വിലപോലും ലഭിക്കുക ഇല്ല. കിട്ടിയ വിലയ്ക്ക് വിറ്റാൽ ലഭിക്കുന്ന പണം കൈയ്യിൽ  ഇരുന്നു ചിലവായി പോകുമെന്നല്ലാതെ കാര്യമായ പ്രയോജനം ഉണ്ടാകില്ല. ആർകെങ്കിലും പണം കൊടുക്കാൻ ഉണ്ടെങ്കിൽ തവണകളായി കൊടുത്തു തീർക്കുക. കൊടുക്കാതെ ഇരിക്കരുത് അവരും നമ്മെപ്പോലെ പ്രയാസം അനുഭവിക്കുന്നവർ ആയിരിക്കും. ഒരു കാരണവശാലും പുതുതായി വസ്തുവകകൾ വാങ്ങരുത്, ലോണെടുത്തു വീട് പണിയോ കാറോ വാങ്ങരുത്. വീട് മോടിപിടിപ്പിക്കുകയോ പെയിന്റ് ചെയ്യുകയോ അരുത്. കൈയ്യിലെ കാശുചോരുന്ന വഴി അറിയുക ഇല്ല.


കഴിവതും കടം വാങ്ങാതിരിക്കാനുള്ള വഴികൾ ചിന്തിക്കുക, അനാവശ്യ ചിലവുകൾ കുറയ്ക്കുക. ഗൾഫിൽ അരിപ്പിച്ചു ജീവിക്കുന്നവർ പോലും നാട്ടിലെത്തിയാൽ ധാരാളികൾ ആകാറുണ്ട്. മുമ്പൊക്കെ അവധിയ്ക്ക് വരുമ്പോൾ ചെയ്യുന്നതുപോലെയുള്ള ധൂർത്തുകൾ ഒഴിവാക്കുക. വിനോദയാത്രകളും ഹോട്ടലിലെ അടിച്ചുപൊളി തീറ്റിയും തുണിക്കടകളിൽ ഉള്ള കറക്കവും വെറുതെ തുണികൾ വാങ്ങികൂട്ടുന്നതും ഒഴിവാക്കുക, അഥവാ തുണികൾ വാങ്ങണമെങ്കിൽ വലിയ വിലയുള്ള ബ്രാൻഡുകൾ  ആലോചിക്കുകയേ വേണ്ട. കല്യാണം, അടിയന്തരംചോറൂണ്, മാമോദീസ, പാലുകാച്ചൽ ഇവയിലെ ഒക്കെ ആഡംബരം ഒഴിവാക്കുക. വീട്ടിലെ ഭാര്യയോടും മക്കളോടും തന്റെ യഥാർത്ഥ അവസ്ഥ പറയുക.മക്കളെ കഴിവതും സർക്കാർ സ്കൂളിൽ ചേർക്കുക. സർക്കാർ സ്കൂളുകൾ പലതും ഇപ്പോൾ സ്വകാര്യസ്കൂളുകളെക്കാൾ സൂപ്പറാണ്. അതുപോലെ ഗൾഫുകാരന് പണ്ടേയുള്ള മറ്റൊരു അസുഖമാണ് മൊബൈൽ ഫോൺ ഭ്രമം. സ്മാർട്ട് ഫോൺ മോഡലുകൾ ഇടയ്ക്കിടെ മാറ്റുന്ന ശീലം ഉപേക്ഷിക്കുക.ആ പൈസയ്ക്ക് ഒരു കുടുംബആരോഗ്യഇൻഷുറൻസ് എടുക്കുക.. ഒരുപാട് ഉപകരിക്കും.


ടാക്സി പിടിച്ചു പോകുന്നതും റെന്റ് എ കാർ ശീലവും ഒഴിവാക്കി ആനവണ്ടികളെയോ ഓട്ടോറിക്ഷയെയോ ആശ്രയിക്കുക. വീട്ടിലെ പെണ്ണുങ്ങളോട് പൊങ്ങച്ചപാചക പരീക്ഷങ്ങളും ബന്ധുക്കളെ വീട്ടിൽ വരുത്തിയുള്ള  സൽക്കാരങ്ങളും ഒഴിവാക്കാൻ തിട്ടൂരം നൽകുക.  ഗൾഫ്  സാധനങ്ങൾ  ഉപയോഗിച്ചുള്ള  ശീലം  ഒഴിവാക്കി ക്യുട്ടികുറയും  ചന്ദ്രികാസോപ്പും കൊണ്ട് തൃപ്തിപ്പെടുക. പെർഫ്യൂം  ഒരുകാരണവശാലും  ഉപയോഗിക്കരുത്. കൂളിംഗ് ഗ്ലാസ്സും ബർമുഡയും കുറ്റികാട്ടിൽ വലിച്ചെറിയുക. ഷർട്ട് ഇൻസേർട്ട്  ചെയ്യുന്ന ശീലം ഒഴിവാക്കുക. കഴിവതും  മുറിക്കയ്യൻ ഷർട്ടും ഒറ്റമുണ്ടും ഉപയോഗിക്കുക. വീട്ടിൽ റേഷൻ കാർഡ് ഇല്ലെങ്കിൽ അത്യാവശ്യമായി ഒരെണ്ണം സംഘടിപ്പിക്കുക. ഇപ്പോൾ  വെള്ള, നീല കാർഡുകാർക്കും കുറഞ്ഞ വിലയിൽ  റേഷൻകട വഴി കിട്ടുന്ന അരി ബ്രാന്റഡ്  മട്ടഅരിയെക്കാൾ സൂപ്പറാണ്.. വെറുതെ മട്ടഅരി വാങ്ങി  എക്സ്ട്രാ പൈസ കളയേണ്ട.

 പ്രാണവായു ഒഴിച്ച് എല്ലാം പൈസകൊടുത്തു വാങ്ങിക്കാം എന്ന ശീലം പ്രവാസി ഒഴിവാക്കുക. പറമ്പിൽ എന്തെങ്കിലും ഒക്കെ കുത്തികിളച്ചു ഉണ്ടാക്കുക. കഴിവതും പുറത്തുനിന്ന് പണിക്കാരെ നിറുത്തി ചെയ്യിക്കാതെ രാവിലെയും വൈകുന്നേരവും പറമ്പിലിറങ്ങുക. പറ്റുമെങ്കിൽ ഭാര്യയേയും മക്കളെയും കൂടെ കൂട്ടുക. അഞ്ചുസെന്റ് സ്ഥലമേയുള്ളെങ്കിലും വീട് ഒഴിച്ചിട്ടുള്ള സ്ഥലത്ത് പച്ചക്കറി കൃഷി തുടങ്ങുക. മുമ്പ് ഗൾഫ് പണത്തിന്റെ കുത്തലിൽ മുറ്റത്തും പരിസരത്തും വെള്ളം ഇറങ്ങാത്ത നിലയിൽ ടൈൽസ് ഇട്ടവരും വിഷമിക്കേണ്ട. പ്ലാസ്റ്റിക് ചാക്കുകളും  ബക്കറ്റും വീപ്പയും ഗ്രോബാഗുകളും വാങ്ങി  അതിൽ മണ്ണുനിറച്ചു കൃഷി തുടങ്ങുക. മുറ്റത്തോ ടെറസിലോ അനാവശ്യമായി ഒരിഞ്ചുസ്ഥലം  പോലും വെറുതെ ഇടരുത്. വിയർപ്പിന്റെ അസുഖം ഉള്ളവർക്കു ഒഴികെ ആപത്തുകാലത്ത് ചിലവ് കുറയ്ക്കാനുള്ള കച്ചിത്തുരുമ്പാണ് കൃഷി. അടുക്കളയിലേക്ക് ഉള്ളത് കിട്ടിയാൽ അത്രയും വീട്ടുചിലവ് ലാഭം. വെണ്ട,ചീര,വഴുതന,പയർ, പാവൽ, കോവൽ, തക്കാളി,കുമ്പളം, പടവലം, വെള്ളരി തുടങ്ങിയ പച്ചക്കറികളും വാഴ, കപ്പ, ചേന, ചേമ്പ്, കാച്ചിൽ തുടങ്ങിയ കാർഷിക വിളകളുമൊക്കെ മായം ചേർക്കാതെ ഭക്ഷിയ്ക്കാം.വീട്ടുവളപ്പിൽ പപ്പായമരവും മുരിങ്ങയും മാവും പ്ലാവുമൊക്കെ നട്ടുവളർത്താൻ അത്ര അദ്ധ്വാനമൊന്നും വേണ്ട. പണ്ട് ശങ്കരാടി പറഞ്ഞത് പോലെ ഇത്തിരി പരുത്തിക്കുരു.. ഇത്തിരി പിണ്ണാക്ക് .. അത്രേ വേണ്ടു..
കൊറോണക്കാലത്ത് ചക്കയും വാഴപ്പിണ്ടിയും വാഴക്കൂമ്പും ചേമ്പിൻതാളും ചേനത്തടയുമൊക്കെ തീൻമേശകളിൽ മടങ്ങിയെത്തിയിരിക്കുന്നത് വളരെ സന്തോഷമുള്ള കാര്യമാണ്.


 നാട്ടിൽ വന്നാൽ ഉടനടി സ്വന്തമായി ഒരു ബിസിനസ്സിനും ഇറങ്ങരുത്. ഇറങ്ങിയാൽ ഗവണ്മെന്റ് ആപ്പീസുകളിലെ ചുവപ്പ് നാടയും പഞ്ചായത്ത്‌ ഉദ്യോഗസ്ഥന്മാരും പാർട്ടിക്കാരും പാരപണിക്കാരും ചേർന്ന് നശിപ്പിച്ചു കൈയ്യിലിട്ടു തരും. ചെറിയ ശമ്പളത്തിനായാലും ഏതെങ്കിലും ജോലിയ്ക്ക് ചേരുക.നാട്ടിലെ സാഹചര്യങ്ങളും കുത്തിതിരുപ്പും മനസ്സിലാക്കാൻ അത് ഉപകരിക്കും.ഗൾഫിൽ നിന്ന് മടങ്ങുന്ന സ്‌കിൽഡ് ലേബർക്ക് ജോലി കിട്ടുക  അത്ര ബുദ്ധിമുട്ട് അല്ല. നാട്ടിൽ പണിയറിയാവുന്ന  ഇലെക്ട്രിഷ്യൻ, പ്ലംബർ, മേശൻ, മരപ്പണിക്കാരൻ തുടങ്ങിയവർക്ക് നല്ല ഡിമാൻഡ് ആണ്. സ്വന്തമായി ടുവീലറും കൈയ്യിലൊരു മൊബൈൽ ഫോണും പറഞ്ഞ സമയത്ത് വീട്ടിലെത്തി പണി തീർത്തുകൊടുക്കാനുള്ള മനസ്സുമുണ്ടെങ്കിൽ സംഗതി ജോർ. കുറഞ്ഞത് 1000 രൂപയെങ്കിലും ദിവസം കൈയ്യിൽ വരും. ഗൾഫുകാരെ ആരെയും ജോബ് ഡിസിപ്ലിൻ പഠിപ്പിക്കേണ്ട ആവശ്യം ഇല്ല. പന്ത്രണ്ടുമണിക്കൂറൊക്കെ തുടർച്ചയായി പൊരിവെയിലത്ത് പണിയെടുത്തു ശീലമുള്ളവരാണ് പ്രവാസികളിൽ ഭൂരിപക്ഷവും. നാട്ടിലെ സർക്കാർ ഉദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും അറബി അർബാബിനെ ബഹുമാനിക്കുന്നത്പോലെ ബഹുമാനിക്കണം. കാരണം അവരാണ് നാട്ടിലെ അറബിയും അർബാബും. വേണമെങ്കിൽ അവർ മുമ്പിൽ നിന്ന് മാറുമ്പോൾ അറബിയിൽ അഞ്ചാറുചീത്ത വിളിച്ചോളൂ.. മനസമാധാനം കിട്ടും. ഗൾഫിൽ അറബിയെ അയാൾ കേൾക്കാതെ   മലയാളത്തിൽ ചീത്ത വിളിക്കുന്നതുപോലെ. ഗൾഫ് നാടുവിട്ടുപോയി എന്ന് കരുതി നമ്മള്‍ നാട്ടുനടപ്പ് മറക്കരുത്. 


ലോണെടുത്തു കഴിവതും ഒരു ബിസിനസിനും ഇറങ്ങരുത് എന്നാണ് എന്റെ പക്ഷം.ബിസിനസിനു ഇറങ്ങുമ്പോൾ ചുരുങ്ങിയത് രണ്ടു വർഷത്തേക്കുള്ള പ്രവർത്തന മൂലധനം കണ്ടുവെയ്ക്കണം.പലരും കൈയ്യിലുള്ള മുഴുവൻ പണവും പിന്നെ കേറിക്കിടക്കുന്ന വീടും ഭാര്യയുടെ കെട്ടുതാലിയും വരെ പണയം വെച്ച് ബിസിനസിനിറങ്ങും.പിന്നീട് സംരംഭം  നടത്തിക്കൊണ്ട് പോകാൻ മൂലധനം ഉണ്ടാകില്ല. പിന്നെ പിടിച്ചുനിൽക്കാൻ വട്ടിപ്പലിശക്കാരോട് പണം കടംവാങ്ങും. ഒടുവിൽ എല്ലാം നഷ്ടപ്പെട്ടു നാട്ടിൽ നിന്ന് വനവാസത്തിന് പോകേണ്ടിവരും.


 എന്തൊക്കെ സംഭവിച്ചാലും കൈയ്യിലുള്ള ഫിക്സഡ് ഡെപ്പോസിറ്റിൽ, അതെത്ര ചെറിയ തുക ആയാലും അതിൽ കൈവെക്കരുത്. അത് പെരുമഴക്കാലത്തേക്കുള്ള സമ്പാദ്യം ആണ്.   ആ പണം  സ്വന്തനാട്ടിലെ ബാങ്കിലിടാതെ അല്പം ദൂരയുള്ള ബാങ്കിലിടണം. നമ്മൾ ഗൾഫുകാരൻ അല്ല  നാട്ടുകാരൻ ആണ് എന്ന് നാട്ടുകാർക്ക്  തോന്നുന്നത് വരെ കൈയ്യിലെ പൈസ കാര്യമായി പുറത്തിറക്കരുത്. ഇത്രയുമൊക്കെ ആയിക്കഴിയുമ്പോള്‍ നിങ്ങളെപ്പറ്റി ഏറെക്കുറെ ഒരു ധാരണ നാട്ടുകാര്‍ക്കിടയില്‍ ഉണ്ടായിത്തുടങ്ങും. നാട്ടുകാർ  നിങ്ങള്‍ പണ്ട് എങ്ങിനെ ആയിരുന്നോ എന്ന പോലെ അടുത്തിടപഴകാന്‍ തുടങ്ങും. പതിയെ നിങ്ങൾക്കും നാടിനെക്കുറിച്ചു ശരിയായ ധാരണയും കാര്യങ്ങൾ മനസ്സിലാക്കാൻ ഉള്ള കാഴ്ചപ്പാടും ഉണ്ടാകും.പഴയ പ്രതാപങ്ങളേയും ശീലങ്ങളേയും പടിയിറക്കി  കരുതലോടെ മുമ്പോട്ടു നീങ്ങിയാൽ പ്രവാസിയ്ക്ക് ഈ കൊറോണകാലത്തും നാട്ടിൽ പിടിച്ചു നിൽക്കാം.

''പുരയ്ക്ക് മീതെ വെള്ളം
വന്നാലതുക്കുമീതെ തോണി'