ലോക ഫാർമസി ദിനം
ഇന്ന് സെപ്തംബർ 25 വേൾഡ് ഫാർമസിസ്റ്റ് ഡേ..
കുറെനാൾ മുമ്പ് ഒരു അമ്മയും മകളും എന്നെ കാണാൻ ഓഫീസിൽ വന്നിരുന്നു. എന്റെ ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്ന ആ അറബി സ്ത്രീയുടെ മകളുടെ വിവാഹത്തിന് ക്ഷണിക്കുവാൻ കല്യാണക്കുറിയുമായി എത്തിയതായിരുന്നു അവർ. മുഖം മറയ്ക്കാത്ത ആ ചെറിയ പെൺകുട്ടി വിവാഹ ക്ഷണകത്ത് എന്റെ നേരെ നീട്ടി. നല്ല മുഖശ്രീയുള്ള ഒരു സുന്ദരി അറബ് പെൺകുട്ടി. കൂടെയുള്ള അമ്മ അവളെ എനിക്ക് പരിചയപ്പെടുത്തി ' നിനക്ക് ഓർമ്മ ഉണ്ടോ എന്റെ മകളെ ' അവരുടെ ചോദ്യത്തിന് മുമ്പിൽ ഞാൻ ഒന്ന് പതറി.. ഓർമ്മ കിട്ടുന്നില്ല. ഞാൻ അറിയില്ല എന്നമട്ടിൽ തല വെട്ടിച്ചു.
'ഇത് എന്റെ മകൾ മർവ.. നീ ഇവൾക്കാണ് ക്യാപ്റ്റോപ്രിൽ സിറപ്പ് ചെറുപ്പത്തിൽ ഉണ്ടാക്കി കൊടുത്തിരുന്നത് ' അവർ പറഞ്ഞു.
ക്ഷണനേരം കൊണ്ട് ഒരു ഫ്ലാഷ് ബാക്ക് പോലെ ഒരുപാട് ഓർമ്മകൾ എന്റെ മനസ്സിൽ വന്നു നിറഞ്ഞു. പത്തുപതിനെട്ടു കൊല്ലം മുമ്പത്തെ വിളറിയ മുഖമുള്ള ഒരു മൂന്നുവയസുകാരിയുടെ ഓർമ്മ എന്റെ മനസ്സിലേക്ക് കടന്നു വന്നു.. ഈ അമ്മ ആ പെൺകുട്ടിയുടെ കൈപിടിച്ചു എന്റെ ഫാർമസിയിൽ കടന്ന് ഞാൻ ഇപ്പോൾ ഓർമ്മിക്കുന്നു. അവരുടെ മകൾക്ക് ആവശ്യമുള്ള ഒരു മരുന്നിന്റെ കാര്യം പറയാൻ ആണ് വന്നത്.. ആ പെൺകുട്ടിയുടെ ഹൃദയത്തിൽ ഒരു സുഷിരം ഉണ്ടത്രേ.. ദൂരെ അലൈയിൻ ഹോസ്പിറ്റലിൽ ആണ് മകളെ കാണിക്കുന്നത് അവിടെ നിന്നു കുട്ടിയ്ക്ക് ലഭിക്കുന്ന ക്യാപ്റ്റോപ്രിൽ സിറപ്പ് ഇവിടെ ഉണ്ടാക്കി കൊടുക്കാമോ എന്നാണ് അവരുടെ ചോദ്യം. ചെറിയ കുട്ടികൾക്ക് ഉണ്ടാകുന്ന ഹൃദയത്തിന്റെ തകരാറുകൾക്ക് ഉള്ള മരുന്നുകൾ പലതും സിറപ്പ് ഫോമിൽ കിട്ടാൻ ബുദ്ധിമുട്ട് ആണ്. അതിന്റെ പ്രധാനകാരണം കുട്ടികളിൽ ഇത്തരം രോഗങ്ങൾ കുറവാണ് എന്നത് തന്നെ. ഞാൻ അല്പനേരം ആലോചിച്ചിരുന്നിട്ട് നോക്കാം എന്ന് തലയാട്ടി.
മെലിഞ്ഞുണങ്ങി ബംഗാളിയുടെ രൂപഭാവമുള്ള ചെറുപ്പക്കാരൻ ഹോസ്പിറ്റലിലെ ഫാർമസിയിൽ ചാർജ് ഏറ്റെടുക്കുമ്പോൾ ഹോസ്പിറ്റൽ ഡയറക്ടറുടെ മുഖത്ത് പരിഹാസം കലർന്ന പുച്ഛഭാവമായിരുന്നു. ഏകദേശം 25 കൊല്ലം മുമ്പ് ഗൾഫിലെ ഒരു ഉൾനാടൻ പ്രദേശത്തെ ഏക ഗവണ്മെന്റ് ഹോസ്പിറ്റലിൽ ഫാർമസിസ്റ്റ് ആയി ജോലിയ്ക്ക് ചേർന്നതായിരുന്നു ഞാൻ.. ആ ഹോസ്പിറ്റലിൽ എനിക്ക് മുമ്പ് ഫാർമസിസ്റ്റ് ആയി ജോലി ചെയ്തിരുന്നത് ഒരു സുഡാൻ നാട്ടുകാരൻ ആയിരുന്നു. ഹോസ്പിറ്റൽ ഡയറക്ടറുമായി ഉണ്ടായ എന്തോ അഭിപ്രായ വ്യത്യാസം കാരണം അയാളെ അവിടെ നിന്ന് ദൂരെ എവിടെയ്ക്കോ തെറിപ്പിച്ചു.. ആ വേക്കൻസിയിൽ കയറികൂടിയതായിരുന്നു ഞാൻ. അന്ന് കേവലം 26 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന എനിക്ക് എടുക്കാൻ പറ്റാത്ത ഭാരം ആയിരുന്നു ആ ജോലി. പത്ത് അസിസ്റ്റന്റുകൾ ആയിരുന്നു എന്റെ കീഴിൽ പണി എടുത്തിരുന്നുത്.. മരുന്നുകളുടെ സംഭരണവും വിതരണവും അത്ര എളുപ്പമുള്ള പണി ആയിരുന്നില്ല..അതിന് ഇടയിൽ ആണ് ഇത്തരം ചില പണികൾ കൂടി തലയിൽ ഏറ്റുന്നത്.
ഈ പെൺകുട്ടിയ്ക്ക് സ്ഥിരമായി ക്യാപ്റ്റോപ്രിൽ സിറപ്പ് (ഹൃദയരോഗങ്ങൾക്ക് കഴിക്കുന്ന മരുന്ന്)വേണം.. ചെറിയ കുട്ടി ആയതിനാൽ 25 mg ടാബ്ലറ്റ് പറ്റുക ഇല്ല.. കുട്ടിയ്ക്ക് വേണ്ടത് 5 mg മാത്രം..മാർകറ്റിൽ കിട്ടാത്ത ഇത്തരം സിറപ്പുകൾ ഫാർമസിസ്റ്റുകൾ ഉണ്ടാക്കി കൊടുക്കാറുണ്ട്.. ഫാർമസിയുടെ അടിസ്ഥാന ശാസ്ത്രത്തിൽ നല്ല അവഗാഹവും കണക്ക് കൂട്ടാൻ ഉള്ള കഴിവും പ്രവർത്തിപരിചയവും ഉണ്ടെങ്കിൽ മാത്രമേ ഇത്തരം എക്സ്ടെംപറേനിയസ് മരുന്നുകൂട്ടുകൾ ഉണ്ടാക്കാൻ പറ്റുക ഉള്ളു.. ഞാൻ പഠിച്ച ഫാർമസി കോളേജിൽ ഇതിൽ നല്ല പരിശീലനം നൽകുന്നുണ്ട്. ഒരു നിയോഗംപോലെ ഞാൻ ആ ദൗത്യം ഏറ്റെടുത്തു. ആ പെൺകുട്ടിയ്ക്ക് പിന്നീട് കുറേ കൊല്ലത്തോളം മാസത്തിൽ 2-3 ബോട്ടിൽ ക്യാപ്റ്റോപ്രിൽ സിറപ്പ് ഞാൻ ഉണ്ടാക്കി കൊടുത്തിരുന്നു.
ഇത്തരം സിറപ്പ് ഉണ്ടാക്കുന്ന പരിപാടി കാണാൻ നല്ല രസമാണ്. ടാബ്ലറ്റ് അതിന്റെ ആവശ്യമായ സ്ട്രങ്ങ്ത്ത് കണക്കുകൂട്ടി നമ്മുടെ ചെറിയ ഉരൽ പോലുള്ള ഒരു മോർട്ടാർ & പെസലിൽ ഇട്ട് നന്നായി പൊടിച്ചു ആവശ്യത്തിന് പഞ്ചസാര ലായനിയും ഫ്ലേവറും മറ്റു ഘടകങ്ങളും ചേർത്തു സിറപ്പ് ആക്കി മാറ്റണം.ചെറിയ പിഴവ് പറ്റിയാൽ ചില ദിവസങ്ങൾ കൊണ്ട് സിറപ്പിൽ പൂപ്പൽ പിടിക്കും. ഈശ്വരകാരുണ്യം കൊണ്ട് ഞാൻ പല രോഗികൾക്കായി ഉണ്ടാക്കി കൊടുത്തിട്ടുള്ള നൂറുകണക്കിന് ഇത്തരം സിറപ്പുകളിൽ ഒരിക്കൽ പോലും ഒരു പിഴവും സംഭവിച്ചിട്ടില്ല.
അങ്ങനെ ഇരിക്കെ ഞാൻ ഒരു തവണ നാട്ടിൽ പോയി.. നാട്ടിൽ എത്തിയതിന്റെ മൂന്നാമത്തെ ദിവസം ഗൾഫിലെ ഹോസ്പിറ്റലിൽ നിന്ന് നിറുത്താതെ ടെലിഫോൺ കോളുകൾ.. നാട്ടിൽ ആയതിനാൽ ഞാൻ മൊബൈൽ എടുക്കാൻ മടി കാണിച്ചു. കാരണം മൊബൈൽ എടുത്താൽ റോമിങ് ചാർജിൽ ഒരുപാട് പൈസ കട്ടാകും. പിന്നീട് എപ്പോഴോ ആണ് ഞാൻ അറിയുന്നത് എനിക്ക് പകരം ലീവ് വേക്കൻസിയിൽ വന്ന ഇറാക്കി ഫാർമസിസ്റ്റ് ഉണ്ടാക്കി കൊടുത്ത സിറപ്പ് കുടിച്ച് ആ പെൺകുട്ടി മൂന്ന് ദിവസം ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നു.. മരുന്നിന്റെ സ്‌ട്രെങ്ങ്ത്ത് മാറിപ്പോയത്രേ !!
ഞാൻ തിരിച്ചു എത്തിയതിനു ശേഷവും കുറേനാൾ ആ പെൺകുട്ടിയ്ക്ക് സിറപ്പ് ഉണ്ടാക്കി കൊടുത്തിരുന്നു.. പിന്നീട് എപ്പോഴോ അത് നിലച്ചു.. ഒരിക്കൽ എവിടെ വെച്ചോ ആ അമ്മയെ കണ്ടപ്പോഴാണ് കാര്യം പിടികിട്ടിയത്.. മകളുടെ ഹാർട്ട് ഓപ്പറേഷൻ കഴിഞ്ഞു.. ഡോക്ടറുമാർ അതിന്റെ സുഷിരം അടച്ചു ഇപ്പോൾ പൂർണ സൗഖ്യം ഉണ്ട്.. മരുന്നുകൾ ഒന്നും ആവശ്യമില്ല.
ഇപ്പോഴിതാ ആ പെൺകുട്ടിയ്ക്ക് വിവാഹപ്രായം എത്തിയിരിക്കുന്നു.. ദുബൈയിലെ ഏതോ ഗവണ്മെന്റ് ഓഫീസിൽ എഞ്ചിനീയർ ആണത്രേ അവൾ. ഞാൻ ആ മുഖത്തേക്ക് ഒന്ന് സൂക്ഷിച്ചു നോക്കി..എന്റെ കണ്ണുകൾ അഭിമാനം കൊണ്ട് നിറഞ്ഞു..പഴയ വിളറി വെളുത്ത മുഖത്തിന് പകരം പൂർണചന്ദ്രിമയുടെ ശോഭയുള്ള ഓമനത്തം തുളുമ്പുന്ന മുഖം.. പ്രിയ മകളെ നിനക്ക് പടച്ചവൻ എല്ലാ സൗഭാഗ്യങ്ങളും നൽകട്ടെ.. എന്റെ എല്ലാം പ്രാർത്ഥനകളും!!!
ഫാർമസി കേവലം ഒരു തൊഴിൽ മാത്രം അല്ല.. മനുഷ്യരുടെ രോഗാവസ്ഥയിൽ അവർക്ക് ആശ്വാസം നൽകാൻ ഉതകുന്ന ഔഷധങ്ങളുടെ സങ്കീർണ്ണമായ ലോകമാണ്. ചെറിയ അശ്രദ്ധമതി ഒരു ജീവൻ അപകടത്തിലാക്കാൻ.. നിങ്ങളുടെ മുമ്പിൽ എത്തുന്ന ഓരോ മനുഷ്യനോടും ശ്രദ്ധയും സഹാനുഭൂതിയും ആർദ്രതയും കാണിക്കാൻ മടിക്കരുത്. ഏർപ്പെടുന്ന തൊഴിൽ അത് ഏതു തന്നെയായാലും അതിനോട് ആത്മാർത്ഥമായ അർപ്പണവും സ്നേഹവും ഉണ്ടാകണം. ഈ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാവർക്കും ഫാർമസി ദിനാശംസകൾ !!
No comments:
Post a Comment