Friday 31 July 2020

മനുഷ്യബന്ധങ്ങൾ നിലനിൽക്കട്ടെ..


മനുഷ്യബന്ധങ്ങൾ നിലനിൽക്കട്ടെ..





ഈ എഴുത്ത്  ഏഷ്യാനെറ്റ്  ന്യൂസ്  ഓൺലൈനിൽ  വായിക്കാം 







ഞാൻ താമസിക്കുന്ന ഗൾഫിലെ ചെറുപട്ടണം പ്രശാന്തസുന്ദരമാണ്. ഗ്രാമമെന്നോ പട്ടണമെന്നോ വേർതിരിച്ചു പറയാൻ കഴിയാത്ത ഒരു കടലോരം. കടലും കരയും നീലാകാശവും മലനിരകളും പരസ്പരം പുണർന്നുകിടക്കുന്ന നാട്. പവിഴപ്പുറ്റും പഞ്ചാരമണലും ഉരുളൻകല്ലുകളും പച്ചപ്പും നിറഞ്ഞ കടലോരഗ്രാമങ്ങളുടെ നാട്. ശുദ്ധ അറേബ്യൻ ഗ്രാമസംസ്കാരവും കലർപ്പില്ലാത്ത ഗ്രാമനന്മകളും തുടികൊട്ടുന്ന ദേശം. വെള്ളിയാഴ്ചകളിൽ രാവിലെ പട്ടണത്തിലെ മാർക്കറ്റ് രാവിലെ തന്നെ സജീവമാകും. മീൻ മാർക്കറ്റും പച്ചക്കറി മാർക്കറ്റും ജനങ്ങളെക്കൊണ്ട് നിറയും. വെള്ളിയാഴ്ചകളിൽ ആണ് മിക്കവരും മീൻ വാങ്ങിക്കാൻ ഇറങ്ങുന്നത്. കടലോരപട്ടണമായതിനാൽ മീൻ മാർക്കറ്റിൽ മത്സ്യങ്ങൾ ഇഷ്ടംപോലെ കിട്ടും.കോഫർ, ഷേരി, സാഫി, ഹമൂർ, ഇങ്ങനെയുള്ള അറബിനാട്ടിലെ താരങ്ങൾക്ക് ഒപ്പം നമ്മുടെ നെയ്‌മീനും ചൂരയും പാരയും അയലയും മത്തിയുമൊക്കെ ധാരാളം. നല്ല ഫ്രഷ് മീനുകൾ ചുരുങ്ങിയ വിലയ്ക്ക് കിട്ടുമെന്നതിനാൽ ദുബൈയിൽ നിന്നുപോലും ആൾക്കാർ വീക്കെൻഡിൽ ഇവിടെ മീൻ വാങ്ങാൻ എത്താറുണ്ട്.




മീൻമാർക്കറ്റിനു വെളിയിൽ ഉള്ള നടവഴിയിൽ ആണ് ബംഗാളി വഴിയോര കച്ചവടക്കാരുടെ താവളം. മസറകളിൽ നിന്നുള്ള നാടൻപച്ചക്കറികളും പഴങ്ങളും ആണ് കച്ചവടം. കിയാർ, കൂസ,ലോക്കി ജിർജീർ തുടങ്ങിയ കേരളത്തിൽ പിടിക്കാത്ത പച്ചക്കറികളും പിന്നെ തക്കാളി, വെണ്ടയ്ക്ക, പാവയ്ക്ക,പയർ ബീൻസ്, നാരങ്ങ, മാങ്ങാ, മധുരകിഴങ്ങ് ഒക്കെയാകും കച്ചവടം. ഈന്തപ്പഴത്തിന്റെ സീസൺ പിന്നെ അതാകും മുഖ്യ ആകർഷണം.പലതരം ഈന്തപ്പഴങ്ങൾ.
ഫർദ്, ലുലു, സുക്കാരി തുടങ്ങിയ നാടൻ ഇനങ്ങളുടെ വിൽപ്പന സീസൺ തുടങ്ങിയാൽ പൊടിപൊടിക്കും. ബംഗാളികൾ ആണ് കച്ചവടക്കാർ. തോട്ടങ്ങളിൽ നിന്ന് കൊണ്ടുവരുന്ന പച്ചക്കറി വാങ്ങി ചെറുകിട വിൽപ്പന നടത്തുന്ന കച്ചവടക്കാർ. തുച്ഛമായ ലാഭം മാത്രമാണ് അവർക്ക് ലഭിക്കുക.അവധിദിവസം ആയതിനാൽ വെള്ളിയാഴ്ചയോ ശനിയാഴ്ചയോ ആണ് ഞാൻ മീനും പച്ചക്കറിയും വാങ്ങുക. അങ്ങനെയുള്ള യാത്രകൾക്കിടയിൽ ഉടലെടുത്ത സൗഹൃദങ്ങളിൽ ഒന്നാണ് ബംഗാളിമാമുമായിട്ടുള്ളത് . ഒരു ബംഗാളി വഴിയോരകച്ചവടക്കാരൻ ആണയാൾ. ഒരു പത്തുമുപ്പത്തഞ്ചു വയസ്സുപ്രായം വരുന്ന ഊർജ്ജസ്വലനായ ബംഗാളി ചെറുപ്പക്കാരൻ.മെലിഞ്ഞു കാറ്റേറ്റാൽ വീണു പോകുമെന്നു തോന്നിപ്പിക്കുന്ന ശരീരം. പാൻപരാഗ് മുറുക്കി ചുവപ്പിച്ച ദ്രവിച്ച പല്ലുകൾ.ഇപ്പോഴും മുഖത്ത് നിറയുന്ന ചിരി. ദൂരെനിന്ന് കാണുമ്പോൾ തന്നെ അയാൾ കൈ ഉയർത്തി 'മാമു കൈസേ ഹേ' എന്ന് കുശലാന്വേഷണം നടത്തും. ബംഗാളികൾ തമ്മിൽ മാമു എന്നാണ് വിളിക്കുക. സഹോദരൻ അല്ലെങ്കിൽ അമ്മാവൻ എന്നാണ് അർത്ഥം.കണ്ടാൽ ഒരു ബംഗാളി ലുക്ക്‌ ഉള്ള എന്നെ പലരും ബംഗാളിയായി തെറ്റിധരിക്കാറുണ്ട്. പലപ്പോഴും ബംഗാളികൾ എന്നോട് ബംഗാളിഭാഷയിൽ വർത്തമാനം പറയാൻ ശ്രമിച്ചു 'മിഴുങ്ങസ്യാ' അടിച്ചു നിൽക്കുന്നത് ഞാൻ കാണാറുണ്ട്. ഗൾഫിൽ എന്ത് ബംഗാളി എന്ത് മലയാളി? എല്ലാം ഹാരിജി (വരുത്തൻ) അല്ലേ?.
ബംഗാളി കച്ചവടക്കാരൻ മാമുവിനു എന്നെ കാണുമ്പോൾ വലിയ സന്തോഷമാണ്. വെണ്ടയ്ക്കയും പച്ചമുളകും കിയാറുമാണ് ഞാൻ സാധാരണയായി അയാളുടെ അടുത്തുനിന്ന് വാങ്ങുക. ചെറിയ ചെറിയ തടിപ്പെട്ടികളിൽ പച്ചക്കറികൾ നിറച്ചു വെച്ചിരിക്കും. കിലോകണക്കിന് അല്ല വിൽപ്പന. ഒരു പെട്ടിയ്ക്ക് ഇത്ര എന്ന കണക്കിനാണ് വിൽപ്പന. നാരങ്ങയുടെ സീസൺ ആയാൽ ഞാൻ അതും വാങ്ങിക്കും. സാധാരണ വിൽക്കുന്ന വിലയിൽ നിന്ന് ഒന്നോരണ്ടോ ദിർഹം കുറച്ചാകും അയാൾ എന്നോട് വാങ്ങുക. ഇങ്ങനെ ഒരു ഭായി ഭായി ബന്ധം ആണ് ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നത്. അയാൾക്കോ എനിക്കോ പരസ്പരം പേരുകൾ അറിയില്ല.. മാമുവിളിയിൽ പേരിന് എന്ത് പ്രസക്തി?



അതിനിടയിൽ ആണ് നിനച്ചിരിക്കാതെ കൊറോണ പണി നൽകിയത്. കൊറോണപ്രശ്നം രൂക്ഷമായതോടെ മാർക്കറ്റുകൾ മുനിസിപ്പാലിറ്റി അടച്ചു. മീൻമാർക്കറ്റും പച്ചക്കറി മാർക്കറ്റുമൊക്കെ താഴിട്ടു ജോലിക്കാർ പൂട്ടി. വഴിയോര കച്ചവടക്കാരെ പോലിസ് ഓടിച്ചു മാർക്കറ്റിലേക്കുള്ള വഴിയും ബ്ലോക്ക്‌ ചെയ്തു. കച്ചവടക്കാർ അനാഥമായി ഉപേക്ഷിച്ച പച്ചക്കറിപ്പെട്ടിയും തട്ടുമുട്ടു സാധനങ്ങളും മുനിസിപ്പാലിറ്റിയുടെ ഓറഞ്ച് നിറമുള്ള ലോറി വന്നു കൊണ്ടുപോയി. ആളും ആരവവും നിറഞ്ഞ മാർക്കറ്റിൽ ശ്മശാനമൂകത വന്നുമൂടി. ലോക്ക് ഡോൺ വൈകുന്നേരം ആറുമണിക്ക് തുടങ്ങും .പിന്നെ അണുനശീകരണ ലായനി തളിക്കുന്ന വണ്ടികളുടെ ഇരമ്പൽ മാത്രം. ഇടയ്ക്ക് ആംബുലൻസും പോലീസ് വണ്ടികളും നിലവിളിച്ചുകൊണ്ട് തെരുവിലൂടെ പാഞ്ഞുപോകും . ആ ശബ്ദം കേൾക്കുമ്പോൾ നെഞ്ചിൽ വല്ലാത്തൊരു പടപടപ്പ്.




കൊറോണ പിടിച്ചു പരിചയക്കാരിൽ പലരും ആശുപത്രിയിലായ വാർത്തകൾ ഇങ്ങനെ വന്നുകൊണ്ടിരുന്നു. ഒട്ടുമിക്കപേരും വല്യപരിക്കുകൾ ഇല്ലാതെ കൊറോണയെ അതിജീവിച്ചു.രാവിലെ മാസ്ക് വെച്ചുകൊണ്ട് ജോലിക്കുപോകലും തിരിച്ചു വീട്ടിലെത്തി കൈയ്യും മുഖവും സോപ്പിട്ടു ഉരച്ചു കഴുകലും നിത്യജീവിതത്തിന്റെ ഭാഗമായി. കൊറോണക്കാലം പ്രവാസിയെ പരസ്പരം സഹായിക്കാനും ഊന്നുവടികൾ ആകാനും നന്നായി പഠിപ്പിച്ചു. രോഗമുള്ളവർക്ക് അല്ലറചില്ലറ സഹായങ്ങളും ഭക്ഷണവും എത്തിച്ചുകൊടുക്കുവാൻ പ്രവാസികൾ പഠിച്ചു .കാരണം നാളെ അവരും രോഗത്തിന് അടിപെട്ടേക്കാം. ഇപ്പോൾ യു. എ. ഇ യിൽ കൊറോണ നിയന്ത്രണവിധേയമായതോടെ ജീവിതത്തിന്റെ പഴയ താളം മിക്കമേഖലകളിലും തിരിച്ചു വന്നു. മാർക്കറ്റുകളും പാർക്കുകളും പൊതുഗതാഗതവും ജനങ്ങൾക്കായി തുറന്നിരിക്കുന്നു . എല്ലാം പഴയപടി ആയിത്തുടങ്ങി. ഒരുവ്യത്യാസം മാത്രം എല്ലാചിരിയും സങ്കടവും ഒരുമുഖാവരണത്തിന്റെ മറവിൽ ഒളിപ്പിക്കാൻ ഗൾഫുകാർ പഠിച്ചു.


കഴിഞ്ഞ ദിവസം മാർക്കറ്റിൽ മീൻ വാങ്ങുവാനായി ഇറങ്ങിയതാണ് ഞാൻ. സാമൂഹിക അകലം പാലിച്ചുവേണം മീൻ മാർക്കറ്റിൽ കയറുവാൻ. അപ്പോഴാണ് ദൂരെ നിന്ന് ' മാമു ' വെന്ന വിളികേൾക്കുന്നത്. നമ്മുടെ പഴയ ബംഗാളി വഴിയോര കച്ചവടക്കാരനാണ്.ഏറെ നാളായി കാണാത്ത ഒരു ബന്ധുവിനെ കണ്ട ആവേശത്തോടെ അയാൾ എന്റെ അടുക്കലേക്ക് ഓടി വന്നു. കറുത്ത തുണിമാസ്ക് വെച്ചതിനാൽ മുഖത്തെ ചിരി കാണാൻ കഴിയുന്നില്ല , എന്നിരുന്നാലും കണ്ണുകളിൽ നിന്ന് ആ ചിരി വായിച്ചെടുക്കാം . കണ്ണുകൾ ഒക്കെ കുഴിഞ്ഞു അയാൾ ഒരു കോലമായിരിക്കുന്നു . പാവം അയാൾ കൊറോണ പിടിച്ചു ഒരു മാസം ദൂരെയുള്ള ഫീൽഡ് ഹോസ്പിറ്റലിൽ ആയിരുന്നത്രേ. പനിയും ചുമയും ഒക്കെ വർദ്ധിച്ചു കുറെ ദിവസം ബോധമില്ലാതെ ഏതോ മിഷൻ ഒക്കെ വെച്ചാണ് ശ്വസിച്ചത് എന്ന് അയാൾ പറഞ്ഞു . ഭാഗ്യം കൊണ്ടാണ് രക്ഷപെട്ടത് എന്നു ഡോക്ടറുമാർ പറഞ്ഞത്രേ. തിരിച്ചു വന്നപ്പോൾ പണിയൊന്നും ഇല്ല. മുനിസിപ്പാലിറ്റി ഇപ്പോഴും വഴിയോരകച്ചവടക്കാരെ അനുവദിക്കുന്നില്ല. റൂമിലിരുന്നാൽ ഭ്രാന്തുപിടിക്കുമെന്നതിനാൽ മാർക്കറ്റിൽ രാവിലെ മുതൽ കറങ്ങി നടക്കും .ആരെങ്കിലും പരിചയക്കാർ കൊടുക്കുന്ന പണം കൊണ്ടാണ് ജീവിതം തള്ളിനീക്കുന്നത്. ഞാൻ കൊടുത്ത അല്പം പണം അയാൾ ലേശം മടിയോടെ വാങ്ങി. കൂട്ടുകാർ ആരും അയാളെ കൊറോണ വന്നതിനാൽ അടുപ്പിക്കുന്നില്ലത്രേ. അതാണ് അയാളെ കൂടുതൽ വിഷമിപ്പിക്കുന്നത്. ' ആവൊ ചായ പീയേയാ ' എന്ന എന്റെ ക്ഷണം അയാൾ സന്തോഷപൂർവ്വം സ്വീകരിച്ചു. പാക്കിസ്ഥാനി റെസ്റ്റോറന്റിലെ ടേബിളിലിനു അപ്പുറവും ഇപ്പുറവുമായി ഞങ്ങളിരുന്നു. മാസ്ക് താഴ്ത്തി ചൂടുചായയും ആവി പറക്കുന്ന പെറോട്ടയും സബ്‌ജിയും ഞങ്ങൾ കഴിച്ചു. പിരിയാൻ നേരം എന്റെ കൈപിടിച്ചു അയാളൊന്നു തേങ്ങി..ഒരു ബന്ധുവിനോടെന്ന പോലെ..കൊറോണക്കാലം വരും പോകും.. മനുഷ്യബന്ധങ്ങൾ നിലനിൽക്കട്ടെ..

Bottom of Form


12 comments:

  1. സ്നേഹവും കാരുണ്യവും സ്ഥലകാല ഭേദമില്ലാതെ എന്നും മനുഷ്യമനസ്സിൽ വിളയണം.അതിന് ഒരിക്കലും ജാതി, വർണ്ണ,ദേശ ഭേദങ്ങളില്ലാതിരിക്കട്ടെ.. വളരെ സംതൃപ്തിയോടെ വായിച്ചവസാനിപ്പിച്ചു..

    ReplyDelete
    Replies
    1. അതേ ആറങ്ങോട്ടുകര മാഷേ എന്നേക്കാൾ ഗൾഫ് അനുഭവങ്ങൾ അങ്ങേയ്ക്ക് ഉണ്ടല്ലോ... വളരെ സന്തോഷം.. ആശംസകൾ

      Delete
  2. സ്‌നേഹവും ദയയും ... പ്രവാസികൾക്കിടയിൽ ... ഇങ്ങനേ ചില ഒറ്റപ്പെട്ട സംഭവങ്ങള് കേൾക്കുന്നു ഇവിടെയും .. രോഗം ഭേദമായാലും റൂമിൽ കയറ്റാൻ മടികാട്ടുന്നു ചിലർ.
    എങ്കിലും ആശ്വാസവാക്കുകൾ കേൾക്കുന്നു അറിവിൽ പലരും രോഗം ഭേദമായി . അതുതന്നെ വലിയൊരു ഈശ്വരാനുഗ്രഹം .

    ReplyDelete
    Replies
    1. ഗൾഫിൽ കാര്യങ്ങൾ ഭേദം ആണ്.. എന്നാൽ നാട്ടിൽ ഇപ്പോൾ വല്ലാത്ത ഭീതി ആണ് കോവിഡ് എന്ന് കേട്ടാൽ..സത്യത്തിൽ അത്ര ഒക്കെ വേണോ?.. നന്ദി ആശംസകൾ

      Delete
  3. കൊറോണയുടെ after effect s ആയി ഇങ്ങന പലതും കാണാനിരിക്കുന്നു. മാനവിക മുല്യങ്ങൾ ഉയർത്തിപ്പിടിച്ച്അ തിനെയും നാം നേരിടേണ്ടിയിരിക്കുന്നു.

    ReplyDelete
    Replies
    1. കോവിഡ് നമ്മെ ഒരുപാട് പഠിപ്പിച്ചു.. കേരളത്തിലെ ഇപ്പോഴത്തെ സ്ഥിതിയും ഒട്ടും ഭേദം അല്ല..രോഗികളെ അത്ര ഭയപ്പാടോടെ കാണേണ്ട ആവശ്യം ഇല്ല എന്നാണ് ഗൾഫ് അനുഭവങ്ങൾ പഠിപ്പിക്കുന്നത്.. നന്ദി

      Delete
  4. കോവിഡ് ശ്വാസകോശത്തെയല്ല, മാനസികാരോഗ്യത്തെയാണ് ബാധിക്കുന്നത് എന്നുതോന്നിപ്പോകും ചിലരുടെ കാട്ടിക്കൂട്ടലുകൾ കണ്ടാൽ.

    മനുഷ്യത്വമാണ് ഏറ്റവും പ്രധാനം എന്നോർമ്മിപ്പിച്ചു ഈ കുറിപ്പ്

    ReplyDelete
    Replies
    1. കോവിഡ്കാലത്തെ ഗൾഫുകാർ കുറെക്കൂടി പരസ്പര സഹകരണത്തോടെ നേരിട്ടു എന്നാണ് എന്റെ അഭിപ്രായം.. നാട്ടിൽ ഇത്ര ഭീതി പരതേണ്ട ആവശ്യം ഇല്ല എന്നാണ് എന്റെ അഭിപ്രായം.. നന്ദി.. ആശംസകൾ

      Delete
  5. ee post vaayichappol kannukal eerananinju, saarinte nalla manassinu nandi...

    ReplyDelete
    Replies
    1. മനസ്സിൽ തട്ടി എഴുതിയ അനുഭവം ആണ്.. നാട്യങ്ങൾ ഇല്ലാതെ.. നന്ദി.. ആശംസകൾ

      Delete
  6. മനസ്സിൽ തട്ടി എഴുതിയ അനുഭവം ആണ്.. നാട്യങ്ങൾ ഇല്ലാതെ.. നന്ദി.. ആശംസകൾ

    ReplyDelete
  7. നല്ല അനുഭവങ്ങൾ ...
    കൊറോണ നമ്മെ അനേകം
    പുതിയ ചിട്ടവട്ടങ്ങളും കാര്യങ്ങളും പഠിപ്പിച്ചു..!'
    പിന്നെ
    മനോരമ ഓൺ-ലൈനിലും , ഏഷ്യാനെറ്റ് ന്യൂസിലും പ്രത്യക്ഷപ്പെട്ടതിന് അഭിനന്ദനങ്ങൾ കേട്ടോ ഭായ്

    ReplyDelete