Thursday, 14 September 2017

കുംഭകോണംകുംഭകോണം


ഇത്തവണത്തെ ബ്ലോഗ് പോസ്റ്റ് അല്പം  വ്യത്യസ്തമാകട്ടെ. കുംഭകോണം  എന്ന  മലയാളവാക്ക്  നാം പത്രങ്ങളിലൂടെയും വാർത്താമാധ്യമങ്ങളിലൂടെയും ദിനംപ്രതി കേൾക്കുന്നതാണ്.  SCAM  എന്ന ഇംഗ്ലീഷ്  വാക്കിന് അഴിമതി  എന്നാണ് മലയാള വിവർത്തനംഎന്നാൽ  കുംഭകോണം  എന്ന മലയാള വാക്കിനും  SCAM  എന്നുതന്നെയാണ്  നിഘണ്ടുക്കളിൽ വിവർത്തനം  കൊടുത്തിരിയ്ക്കുന്നത്. തമിഴ്‌നാട്ടിലെ തീർത്ഥാടനനഗരമായ കുംഭകോണം എങ്ങനെ മലയാളത്തിൽ അഴിമതിയ്ക്ക് പകരം വെയ്ക്കാവുന്ന  വാക്കായി കടന്നു കൂടിയത്  എന്നത്  ഒരു കൗതുകത്തിനു പരതിയപ്പോൾ  കിട്ടിയ വിവരങ്ങൾ രസകരം. സ്ഥലനാമപ്രകാരം കുംഭം എന്നാൽ കുടം കോണം എന്ന വാക്കിന് ഇടം, മുക്കോല എന്നൊക്കെ അർത്ഥം. എന്നാൽ കുംഭകോണം എന്ന വാക്ക്  ഭൂമിമലയാളത്തിൽ  അഴിമതിയ്ക്കും വെട്ടിപ്പിനും പകരം  വയ്ക്കുന്ന പദമായി മാറാൻ ചില കാരണങ്ങൾ ഉണ്ട്. ലോകപ്രശസ്തഗണിത ശാസ്ത്രജ്ഞനായ ശ്രീനിവാസരാമാനുജന്റെ  ജന്മദേശം എങ്ങനെ   തട്ടിപ്പിന്റെ  പര്യായമായ   കുംഭകോണം എന്ന പദമായി  മലയാളത്തിൽ  ചാർത്തപ്പെട്ടു എന്നത്  പഠിയ്ക്കുന്നത് രസകരം. തമിഴ്നാട്ടിലെ തഞ്ചാവൂർ ജില്ലയിലെ തഞ്ചാവൂർ നഗരത്തിൽനിന്നും 40 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്ന പട്ടണമാണ്‌ കുംഭകോണം. ഹൈന്ദവ  പുരാണങ്ങൾ പ്രകാരം  പുണ്യനഗരമായ  ഈ  പട്ടണത്തിന്റെ  പേരിൽ  മലയാളത്തിൽ  ഇങ്ങനെ  ഒരു  ദുഷ്‌പര്യായം  വീഴാൻ കാരണം  നമ്മുടെ കേരളത്തിലെ അഴിമതിക്കാരായ  രാഷ്ട്രീയ വർഗ്ഗവും അധികാര ദുഷ്പ്രഭുക്കളുമാണ്.

 ചരിത്രം, ഹൈന്ദവ ഐതിഹ്യം


ദക്ഷിണ ഇന്ത്യയിലെ പ്രമുഖ ശിവക്ഷേത്രം  സ്ഥിതി ചെയ്യുന്നത്  ഇവിടെയാണ്. കുംഭത്തിന്റെ ( കുടത്തിന്റെ ) ആകൃതിയിൽ  ആണ്  ഇവിടെ  ശിവലിംഗം പ്രതിഷ്ഠിച്ചിരിയ്ക്കുന്നത്. പന്ത്രണ്ടു വർഷ ത്തിലൊരിക്കൽ  നടക്കുന്ന ഉത്സവമായ കുംഭകോണം മഹാമഹം   ദക്ഷിണേന്ത്യയിലെ കുംഭമേളയെന്ന് അറിയപ്പെടുന്നു. ഉത്സവ ദിവസത്തിൽ  ഈരേഴു പതിന്നാലുലോകത്തെയും ദേവന്മാർ ഭൂമിയിലേക്ക് ഇറങ്ങിവന്ന് മഹാമഹം കുളത്തില്‍ ഭക്തജനങ്ങളോടൊപ്പം പുണ്യസ്‌നാനം നടത്തുമെന്നാണ് ഹൈന്ദവ വിശ്വാസം. അന്നേദിവസം മഹാമഹം തീർത്ഥത്തിൽ ഗംഗ,യമുന ,സ്വരസ്വതി,നർമ്മദ,കാവേരി, സരയൂ  തുടങ്ങിയ പുണ്യനദികൾ  എത്തിച്ചേരുന്നു  എന്നാണ്  ഐതിഹ്യം.അന്നേദിവസം   അവിടെ സ്നാനം  ചെയ്യുന്നത്  പുണ്യമെന്നു കരുതുന്നതിനാൽ  ഇന്ത്യയ്ക്കകത്തും പുറത്തും നിന്നുമായി 30  ലക്ഷത്തിൽപരം   ഭക്തജനങ്ങൾ  അവിടെ  എത്തുന്നു.കാവേരി നദി തീരത്തു സ്ഥിതി ചെയ്യുന്ന കുംഭകോണത്തിനു കാശിയോളം പ്രധാനം പൂർവികർ നൽകുന്നു. 

1991-ലെ കുംഭകോണം മഹാമഹത്തിൽ 70 പേർ    തിക്കിലും തിരക്കിലും പെട്ടു മരിയ്ക്കാൻ കാരണം അന്നത്തെ മുഖ്യമന്ത്രിയായ  ജയലളിതയുടെയും കൂട്ടുകാരി ശശികലയുടെയും കുളി  കാണാനുള്ള  ആകാംക്ഷയിൽ  ജനങ്ങൾ  തിങ്ങിക്കൂടിയതുകൊണ്ടായിരുന്നു. ഇദയകനിയായ  ജയലളിതയുടെ കുളി കാണാനുള്ള  വ്യഗ്രത നഷ്ടപ്പെടുത്തിയത് 70 വിലപ്പെട്ട ജീവിതങ്ങൾ. അവിടുത്തെ ക്ഷേത്രത്തിൽ അറുപതു വയസുകഴിഞ്ഞ ദമ്പതിമാർ  വീണ്ടും വിവാഹം നടത്തുന്ന  ചടങ്ങ്‌  ഒരു ആചാരമായി  നടത്താറുണ്ട്. അതുപോലെ  ജയലളിത അവരുടെ തോഴിയായ ശശികലയെ മാല്യം ചാര്‍ത്തി ആ മഹാമഹത്തിനു  ഉയിർ തോഴിയാക്കിയതും കൗതുക കരം. അഴിമതിയ്ക്കും കുംഭകോണത്തിനും   രണ്ടാളും   മോശക്കാരല്ലല്ലോ.


കുംഭകോണം എന്ന വാക്ക്  മലയാളത്തിൽ  ഉണ്ടാകാൻ  ഉള്ള  കാരണങ്ങൾ


തിരുവതാംകൂർ  മഹാരാജ്യത്തിൽ  ദിവാന്മാർ  ആയിരുന്നവർ  മിക്കവരും രാമേശ്വരം, കുംഭകോണം  തുടങ്ങിയ  ദേശത്തു നിന്ന്  വന്ന  തമിഴ് ബ്രാഹ്മണരായിരുന്നു. അവർ  തങ്ങളുടെ  ഔദ്യോഗിക  കൃത്യനിർവഹണത്തിനായി കൂടെ കൂട്ടിയത്  ആ  ദേശത്തു നിന്നുള്ള  ആൾക്കാരെ  ആയിരുന്നു. ഇക്കൂട്ടർ  തിരുവിതാംകൂറിൽ  തങ്ങളുടെ  സ്ഥാനം ഉപയോഗിച്ചു  ജനങ്ങളിൽ  നിന്ന്  കൈക്കൂലിയും മറ്റു വസ്തുവഹകളും  കൈക്കലാക്കിയിരുന്നു. ജനങ്ങൾ ഈ  കൂട്ടരെ  വെറുത്തിരുന്നങ്കിലും  രാജകോപം ഭയന്ന്  പ്രതികരിച്ചിരുന്നില്ല. എന്നാൽ  കൈക്കൂലിയ്ക്കും അഴിമതിയ്ക്കും  പകരമായി  കുംഭകോണം  എന്നു  വിളിപ്പേര്  സാധാരണക്കാരുടെ  ഇടയിൽ  പ്രചാരത്തിൽ ആയി. അതിനിടെ കുംഭകോണത്തെ  ക്ഷേത്രഭൂമിയിൽ   കൃഷി  ചെയ്തിരുന്ന  പാവപ്പെട്ട  കൃഷിക്കാരെ  1920-25  കാലത്ത്  ഒരു  കുരുട്ടുബുദ്ധിക്കാരനായ  വക്കീലിന്റെ  സഹായത്തോടെ  കള്ളക്കേസുകളിൽ കുടുക്കി  മേലാളർ  പുറത്താക്കി  വസ്തുക്കൾ  സ്വന്തമാക്കി.  അതോടെ  തട്ടിപ്പിനു  പര്യായമായി  കുംഭകോണം  സംഭവം  ജനങ്ങളുടെ ഇടയിൽ  പ്രചരിച്ചു.  ഇതാകും  മലയാളത്തിൽ അഴിമതിയ്ക്ക്  കുംഭകോണം എന്ന  വാക്ക്  വരുവാനുള്ള  ഒരു  കാരണം.ആദ്യ  കമ്മ്യൂണിസ്റ്റ്  സർക്കാർ ആണ് കുംഭകോണം എന്ന  പദം  മലയാളിക്ക്‌  സമ്മാനിച്ചത് എന്നത്  വിരോധാഭാസം. 1950 കളിൽ  അരിയുടെ  കാര്യത്തിൽ കേരളം മിക്കപ്പോഴും  ഒരു കമ്മിസംസ്ഥാനമായിരുന്നു. 1957 ൽ   മറ്റു  വർഷങ്ങളെ അപേക്ഷിച്ചു  അരിയുടെ ക്ഷാമം  രൂക്ഷമായി. 1957 ൽ അധികാരത്തിൽ എത്തിയ ഇ.എം.എസ്. മന്ത്രിസഭ അധികാരം ഏറ്റെടുത്ത സമയത്തു് അരിക്ഷാമവും വിലക്കയറ്റവും നിയന്ത്രണാതീതമായിത്തുടങ്ങി. ആവശ്യത്തിനു് അരി കിട്ടാനില്ലാതായതോടെ റേഷൻ കടകൾ വഴിയുള്ള അരിവിതരണം നിലച്ചു. പുറത്തെ കടകളിൽ  ആകട്ടെ   അരിവില  കുതിച്ചുയർന്നു.  "അരിയെവിടെ? തുണിയെവിടെ? പറയൂ പറയൂ നമ്പൂരീ" എന്നായിരുന്നു അന്നത്തെ പൊറുതിമുട്ടിയ ജനങ്ങളുടെ  മുദ്രാവാക്യം. അരിയ്ക്ക് പകരം  മക്കെറോണി ഉപയോഗിയ്ക്കുക എന്ന ഉട്ടോപ്യൻ ആശയം അന്നത്തെ ഭക്ഷ്യമന്ത്രി   കെ.സി. ജോർജ്ജ് മുമ്പോട്ടു വെച്ചു . ജനങ്ങൾക്കു് തീരെ പരിചയമില്ലാതിരുന്ന ഈ പുതിയ സാധനം  തികഞ്ഞ പരിഹാസത്തോടെയാണ്  ജനങ്ങൾ എതിരേറ്റത് . പാർട്ടി അനുഭാവികളും മുറുമുറുത്തു തുടങ്ങി . ആലപ്പുഴയിലെ ഒരു കയർ ഫാക്ടറി തൊഴിലാളിയായിരുന്ന രാജൻ എന്ന മുൻ കമ്യൂണിസ്റ്റു് അനുഭാവി പാർട്ടിയുടെ നയങ്ങളിൽ രോഷം പൂണ്ട് "ഭഗവാൻ മക്രോണി" എന്ന പേരിൽ ഒരു കഥാപ്രസംഗം എഴുതി അവതരിപ്പിച്ചുതുടങ്ങി.ഒടുവിൽ പ്രതിസന്ധി മറികടക്കാൻ 5000 ടൺ അരി നേരിട്ട് അരി ഇറക്കുമതി ചെയ്യാനും റേഷൻ കടകൾ  വഴി  അതു വിതരണം ചെയ്യാനും തീരുമാനിച്ചു. മദ്രാസ്സിലുള്ള ഒരു മൊത്തവ്യാപാരസ്ഥാപനമായ "മെസ്സേഴ്സ് ടി. ശ്രീരാമുലു, പി. സൂര്യനാരായണ & കമ്പനി ." എന്ന സ്ഥാപനവുമായി സർക്കാർ ഉടനടി കരാറിലെത്തി. അവർ  തമിഴ്‌നാട്ടിലെ  കുംഭകോണത്തുനിന്നും,  ആന്ധ്രയിൽ നിന്നും അരി കേരളത്തിൽ  എത്തിച്ചു. നിയമാനുസൃതം പതിവുള്ളതുപോലെ ടെണ്ടർ വിളിക്കാനോ കുറഞ്ഞ വിലയ്ക്കു് കരാർ ഉറപ്പിക്കാനോ കാത്തുനിൽക്കാതെ രായ്ക്കുരാമാനം  കരാർ ഉറപ്പിച്ചു. ഈ  ഇടപാടിൽ  വൻക്രമക്കേട്  നടന്നതായും  അരിയുടെ  ഗുണനിലവാരം  കുറഞ്ഞതായിരുന്നു  എന്നും  പ്രതിപക്ഷം  ആരോപിച്ചു. പ്രതിപക്ഷത്തെ ടി ഓ ബാവയാണ് ഇതിനെതിരെ ആദ്യമായി അഴിമതി ആരോപണം ഉന്നയിച്ചത്. ടെണ്ടർ വിളിക്കാതെ അരി വാങ്ങിയതിൽ സംസ്ഥാനത്തിന് 16 .50 ലക്ഷം രൂപ നഷ്ടം വന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. ജനങ്ങൾ  ആകെ  ഇളകി. 1958 ഫെബ്രുവരിയിൽ  ഇറങ്ങിയ മനോരമ പത്രത്തിൽ  "ആന്ധ്ര അരി കുംഭകോണം" എന്ന വമ്പൻ തലക്കെട്ടിൽ ഇറങ്ങിയ ഈ  വാർത്ത  വലിയ തരംഗങ്ങൾ തന്നെ ജനങ്ങൾക്കിടയിൽ ഉണ്ടാക്കി. മറ്റു പത്രങ്ങളും  പ്രതിപക്ഷവും ഇതേറ്റുപിടിച്ച് സംസ്ഥാനമാകെ പ്രചരിപ്പിച്ചു.അവർ ആന്ധ്രാ അരി കുംഭകോണം എന്ന പേരിൽ പ്രതിദിനം പത്രവാർത്തകൾ കൊടുത്തു തുടങ്ങി. അങ്ങനെ കുംഭകോണം എന്ന വാക്ക് മലയാളത്തിൽ അഴിമതിയ്ക്കും തട്ടിപ്പിനും പകരം വെയ്ക്കാനുള്ള പദം ആയി മാറി.

അക്കാലത്തുയര്‍ന്ന ഒരു മുദ്രാവാക്യം ശ്രദ്ധിക്കുക.

ആരുമാരുമറിയാതെ
ആരോടും പറയാതെ
ആന്ധ്രയില്‍ കച്ചോടം
ചെയ്ത ജോര്‍ജ്ജേ
ഒന്നര കൊല്ലം കൊണ്ടൊന്നരകോടി
കട്ടൊന്നര കാലാ രാജി വയ്യോ

ഒരു കാലിന് അല്‍പം വളര്‍ച്ചക്കുറവുളള ആളായിരുന്നു  അന്നത്തെ  ഭക്ഷ്യമന്ത്രി കെ.സി. ജോര്‍ജ്ജ്.


ഒടുവിൽ  ജനങ്ങളുടെയും  പ്രതിപക്ഷത്തിന്റെയും  ശല്യം  സഹിക്കാൻ  കഴിയാതെ  കമ്മ്യൂണിസ്റ്റ് സർക്കാർ ജസ്റ്റിസ് പി ടി രാമൻ നായർ അന്വേഷണകമ്മീഷനെ നിയമിച്ചു അന്വേഷണം നടത്തി.രാമൻ നായർ കമ്മീഷൻ ആണ്  സ്വതന്ത്ര കേരളത്തിലെ ആദ്യ ജുഡീഷ്യൽ കമ്മീഷൻ.  കമ്മീഷൻ  പൊതു ഖജനാവിനുണ്ടായ നഷ്ടം സ്ഥിരീകരിച്ചു എങ്കിലും വ്യക്തിപരമായി മന്ത്രി നേട്ടം ഉണ്ടാക്കിയില്ല എന്ന കാരണം  പറഞ്ഞു  റിപ്പോർട്ട്  സർക്കാർ  മുക്കി കൈ കഴുകി.ചുരുക്കത്തിൽ  ആദ്യ ജനകീയ കമ്യൂണിസ്റ്റ് സർക്കാർ ഒട്ടകപ്പക്ഷിയെ പോലെ മണലിൽ തല പൂഴ്ത്തി  തടി രക്ഷിച്ചു.


അങ്ങനെ ആദ്യമായി കമ്മ്യൂണിസ്റ് മന്ത്രിസഭയുടെ പിന്തുണയോടെയുള്ള കുംഭകോണം കേരളത്തിൽ  നടപ്പിലായി, കൂടെ മലയാളികൾക്ക്  എന്നും  അഴിമതിയ്ക്ക്  പകരമായി ഉപയോഗിക്കാൻ  കുംഭകോണം  എന്ന വാക്കും മലയാളത്തിന് അവർ സംഭാവനയും  നൽകി.


'പുര വിഴുങ്ങുന്ന ഭൂതം വന്നാൽ, വാതിൽ ചാരി മറഞ്ഞിരിക്കുക.' 

ചൈനീസ് പഴമൊഴി   

Monday, 28 August 2017

ഒരു 'കുല 'പാതകത്തിന്റെ കഥ

ഒരു   'കുല 'പാതകത്തിന്‍റെ  കഥ

ഞങ്ങളുടെ നാടിന്‍റെ ജീവനാഡി ആയിരുന്നു കൊല്ലം - ചെങ്കോട്ട റെയിൽവേ ലൈൻ. ഏറെ നാളായി നിലച്ചിരുന്ന ആ റെയിൽവേ സർവീസ് പുനരാരംഭിക്കുവാനുള്ള ഒരുക്കങ്ങൾ ഏതാണ്ട് പൂർത്തിയായി കഴിഞ്ഞിരിയ്ക്കുന്നു. പുനലൂർ മുതൽ ഇടമൺ  വരെയും ആര്യങ്കാവ്  മുതൽ ചെങ്കോട്ട വരെയും ട്രെയിൻ  സർവീസുകൾ ആരംഭിച്ചു കഴിഞ്ഞു. ഇത്തവണ  നാട്ടിൽ പോയപ്പോൾ പഴയ ഓർമ്മകൾ പുതുക്കുവാനായി പുനലൂർ മുതൽ ഇടമൺ വരെ ഒരു ട്രെയിൻ യാത്ര ഞാൻ  നടത്തി. എന്തോരം ഓർമ്മകൾ ആണ് ആ യാത്ര  മനസ്സിലേക്ക് കൊണ്ടുവന്നത്.

എന്‍റെ ചെറുപ്പത്തിൽ ഞങ്ങളുടെ നാടിനെ രാവിലെയും ഉച്ചയ്ക്കും വൈകിട്ടും രാത്രി കൂകി സമയം അറിയിച്ചിരുന്നത് അതുവഴി  കടന്നുപോകുന്ന ട്രെയിനുകൾ  ആയിരുന്നു. പാളത്തിലൂടെ  കൂകിവിളിച്ചു പതുക്കെ കിതച്ചുകൊണ്ട് ഓടുന്ന തീവണ്ടികൾ, പലപ്പോഴും കൽക്കരി വണ്ടിയാകും ഓടുക. താങ്ങിയും തൂങ്ങിയും കാടുകളും മേടുകളും തുരങ്കങ്ങളും കണ്ണറപ്പാലങ്ങളും താണ്ടി ഓടുന്ന പാസഞ്ചർ  ട്രെയിനുകൾ.
എന്‍റെ ഗ്രാമത്തിലെ  ചെറിയ സ്റ്റേഷനിൽ  നിറുത്താതെ  ഉച്ചയ്ക്കും പാതിരാവിലും പാഞ്ഞുപോകുന്ന മദ്രാസ് മെയിൽ. മലകളുടെ നടുവിലൂടെ കടന്നു പോകുന്ന ട്രെയിനുകളെ  ദൂരെ താഴ്‌വാരത്തോ പാടത്തോ നിന്ന് നോക്കികാണുവാൻ  എന്ത്  കൗതുകമായിരുന്നു ചെറുപ്പത്തിൽ. പണ്ട് ബ്രിട്ടീഷുകാരുടെ കാലത്ത് 1904 ലിൽ പണിഞ്ഞ  റെയിൽവേ ലൈനാണിത്. ഉത്രം തിരുനാൾ മഹാരാജാവിന്‍റെ  താൽപര്യപ്രകാരം  തിരുവിതാംകൂറും  ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയും  സംയുക്തമായി  മുതൽ മുടക്കി   നിർമ്മിച്ച  ഈ  പാതയുടെ നിർമ്മാണചിലവ്  അന്ന് ഏകദേശം  1.12 കോടി രൂപ വരും. കശുവണ്ടിയും  സുഗന്ധവ്യജ്ഞനങ്ങളും  മലഞ്ചരക്കും  തേക്കുതടികളും  ചെന്നൈയിലേക്ക്  എളുപ്പത്തിൽ  കടത്താനുള്ള  മാർഗ്ഗമായിട്ടാണ്  ബ്രിട്ടീഷുകാർ  ഈ  പാത  പണിയുവാൻ  ഉത്സാഹം  കാണിച്ചത്. അവരുടെ കാലത്ത്  പണിഞ്ഞ റെയിൽവേ സ്റ്റേഷനുകൾക്കും പാലങ്ങൾക്കും തുരങ്കങ്ങൾക്കും ഒക്കെ  എന്ത്  ഭംഗിയായിരുന്നു. ആ  ഓർമ്മകളെ  മനസ്സിൽ  സൂക്ഷിച്ചിരുന്ന  എനിക്കൊക്കെ  നിരാശ നൽകി  പുതിയ സ്റ്റേഷനുകളും പാലങ്ങളും. 


പുതിയ  ഒരു  സ്റ്റേഷൻ 
പഴയ  ഒരു  സ്‌റ്റേഷൻ കോൺക്രീറ്റ് ചട്ടക്കൂടിൽ പണിഞ്ഞ ഒട്ടും ഭംഗിയില്ലാത്ത തീപ്പട്ടിക്കൂട് പോലെയുള്ള പുതിയ സ്റ്റേഷൻ  കെട്ടിടങ്ങൾ. പതിമൂന്നു കണ്ണറ  പാലത്തിന്‍റെ  ഇപ്പോഴത്തെ  അവസ്ഥ  ഒന്നു കാണണം. മനോഹരമായ ആ പാലത്തെ എങ്ങനെ വികൃതമാക്കാം  എന്ന വിഷയത്തിൽ പി.എച്ച്.ഡി  എടുക്കുകയാണ് തമിഴനും മലയാളിയും ഒക്കെ ചേർന്നുള്ള റെയിൽവേ അധികാരികൾ. പൗരാണിക പ്രൗഡി നിലനിർത്തിക്കൊണ്ട് പുതുക്കി പണിയാമായിരുന്ന പാലങ്ങളും സ്റ്റേഷനുകളും  ഇത്ര  ജുഗുപ്സാവഹമായി പണിഞ്ഞ അധികാരികൾക്ക് നമോവാകം. ഒരു നൂറ്റാണ്ട് പഴക്കമുള്ള പൈതൃക ചരിത്രസ്മാരകങ്ങളെയാണ് അവർ  തകർത്തതെന്ന തിരിച്ചറിവ് എന്നെങ്കിലും  അവർക്കുണ്ടാകുമോ?.
 
പഴയ   13 കണ്ണറ പാലം പുതിയ 13 കണ്ണറ പാലം കൊല്ലം-ചെങ്കോട്ട പാസഞ്ചർ ട്രെയിൻ ഞങ്ങളുടെ നാട്ടിലെ ഒട്ടേറെപ്പേരുടെ ജീവസന്ധാരണത്തിനുള്ള മാർഗ്ഗം  ആയിരുന്നു. രാവിലെയും വൈകിട്ടും അങ്ങോട്ടും ഇങ്ങോട്ടും ഉള്ള  രണ്ടു സർവീസുകൾ. രാവിലെ ചെങ്കോട്ടയ്ക്ക് പോകുന്ന ട്രെയിനിൽ നിറയെ തമിഴ്നാട്ടിൽ നിന്നും അരിയും പച്ചക്കറികളും മറ്റും വാങ്ങാൻ പോകുന്ന മലയാളികൾ ആകും. അവർക്കിടയിൽ തമിഴ്നാട്ടിലേക്ക് കശുവണ്ടിയും വിറകും കിറുക്കതണ്ണി(ചാരായം) യുമൊക്കെ കടത്തുന്ന ചില വിരുതന്മാർ. തിരികെ വൈകിട്ടത്തെ ട്രെയിനിൽ അരിയും മറ്റു പലവ്യജ്ഞനങ്ങളും  പച്ചക്കറികളും ഒക്കെ ആകും കേരളത്തിലേക്ക്  കൊണ്ടുവരിക. തമിഴ്നാട്ടിൽ അരിയ്ക്കും  പച്ചക്കറിയ്ക്കും മറ്റും വിലക്കുറവായതിനാൽ അതു നാട്ടിൽ കൊണ്ടുവന്നു വിട്ടു ഉപജീവനം കഴിയ്ക്കുന്ന ഒട്ടേറെപ്പേർ. ട്രെയിനിൽ  ചായയും അരിമുറുക്കും കൊയ്യാപ്പഴവും(പേരയ്ക്ക) മുല്ലപ്പൂവും ഒക്കെ വിൽക്കുന്ന തമിഴത്തികൾ. കൊല്ലത്തുനിന്ന് പുനലൂരേയ്ക്ക് വൈകിട്ടു  വരുന്ന  ട്രെയിനിൽ നീണ്ടകരയിൽ  നിന്നും മറ്റും കൊണ്ടുവരുന്ന മീനാണ് പ്രധാന കച്ചവടം. പുനലൂരിൽ നിന്ന് കൊല്ലത്തേക്കുള്ള യാത്രയിൽ  ട്രെയിൻ നിറയെ കോളേജുപിള്ളേരും  സർക്കാർ ജോലിക്കാരും ആയിരിയ്ക്കും. പാട്ടൊക്കെ പാടി, ചീട്ടുകളിച്ചു നേരം കളയുന്ന സ്ഥിരം യാത്രക്കാർ. നല്ല രസമുള്ള കാഴ്ചകൾ. 
 
ആര്യങ്കാവ്  തുരങ്കം  മീറ്റർഗേജിലെ  അവസാന യാത്ര ഇനി കഥയിലേക്ക് കടക്കാം.ഞാൻ  കോളേജിൽ  പഠിയ്ക്കുന്ന  കാലം. രാവിലെ  വീട്ടിൽ നിന്ന് ഇറങ്ങി  ഏറെ ബുദ്ധിമുട്ടി ആനവണ്ടി  കയറി  പുനലൂരെത്തി  കോളേജുമല  കയറുമ്പോൾ  ആകും അറിയുക, അന്ന് സമരമാണെന്ന്. സന്തോഷം  ഇനി  മല  കയറേണ്ടല്ലോ..ആ സന്തോഷത്തിൽ  ഞാൻ അമ്മ വീട്ടിലേക്ക്  ഒരു  മുങ്ങുമുങ്ങും. പ്രത്യേകിച്ചു  ഒരു  അറിയിപ്പും  എന്‍റെ   വീട്ടിൽ  കൊടുക്കാതാകും  അമ്മ വീട്ടിലേക്കുള്ള  യാത്ര. അമ്മയുടെ  വീട്  ഉൾപ്രദേശമായ പുന്നലയിൽ  ആണ്. കാട്ടുപുന്നല എന്നതാണ് പഴയപേര്, വനപ്രദേശമാണ്. അങ്ങോട്ടുള്ള  യാത്രയ്ക്ക്  പ്രൈവറ്റ്  ബസ്സ്  മാത്രമേ ഉളളൂ  അതാകട്ടെ  വല്ലപ്പോഴും മാത്രം. കോളേജ്  സ്റ്റുഡൻറ്  ആയതിനാൽ  പ്രൈവറ്റ് ബസ്സിൽ  25  പൈസ  കൊടുത്താൽ  അമ്മവീട്ടിൽ  എത്താം. അമ്മവീട്ടിലേക്കുള്ള  യാത്രയ്ക്ക്  എന്നെ  മോഹിപ്പിക്കുന്ന  ഘടകങ്ങൾ , അവിടെ ചെന്നാൽ  ഉച്ചയ്ക്ക് മല്ല  ഒരു ഊണ്  തരപ്പെടുത്താം. കൂടാതെ  പറമ്പിൽ  നിറയെ  ഫലവൃക്ഷങ്ങൾ, മാങ്ങയും പറങ്കിപ്പഴവും കമ്പളി നാരങ്ങയും പാഷൻ  ഫ്രൂട്ടും  ഒക്കെ  കാണും. തൊട്ടടുത്തുള്ള  തോട്ടത്തിലേക്ക്  കയറിയാൽ  പഴുത്ത  കൊക്കോയും  കൈതചക്കയും. എല്ലാം  എറിഞ്ഞിട്ടും  പറിച്ചും തിന്ന്  ഒടുവിൽ  ഉച്ചയ്ക്ക് ഒന്നാന്തരം  ഒരു  ഊണും കഴിച്ചു മടക്കം. വല്യഅമ്മച്ചിയ്ക്കും അമ്മയുടെ അനുജത്തിമാർക്കും  എന്നെ വല്യകാര്യമാണ്. ഞാനാണ് അമ്മവീട്ടിലെ  കൊച്ചുമക്കളിൽ ആദ്യ ആൺതരി. നഞ്ചെന്തിനാ നാന്നാഴി എന്നപോലെ ആയിരുന്നു എന്‍റെ ചെറുപ്പം. അമ്മവീട്ടിൽ  ചെന്നാൽ  എന്‍റെ കുരുത്തക്കേടിന് കൈയ്യും  കാലും വെയ്ക്കും.

അമ്മവീട്ടിൽ എനിയ്ക്കു ആകെ പേടി ഉണ്ടായിരുന്നത് വല്യപ്പച്ചനെ ആയിരുന്നു.വല്യപ്പച്ചന്‌ പലചരക്കുകടയുണ്ട്, അത്  കൂടാതെ കൃഷിയും ഒക്കെ  ചേർന്ന് ആകെ തിരക്ക്. വീടിന്‍റെ  താഴെ കരകണ്ടത്തിൽ വല്യപ്പച്ചന്‌ വാഴക്കൃഷിയും മറ്റും  ഉണ്ട് . വലിയ കർക്കശക്കാരൻ ആയിരുന്നു വല്യപ്പച്ചൻ. എന്നാൽ കൊച്ചുമക്കളോടൊക്കെ വല്യ വാത്സല്യമാണ്. രാവിലെ ഭക്ഷണം കഴിയ്ക്കുമ്പോൾ വല്യപ്പച്ചന്റെ പാത്രത്തിൽ നിന്ന് മുട്ട പുഴുങ്ങിയത് ഞങ്ങൾ കൊച്ചുമക്കളെ  അരികിൽ  വിളിച്ചിട്ടു വായിൽ വെച്ചുതരും. വല്യപ്പച്ചന്‍റെ ശരീരം  നല്ല കടഞ്ഞെടുത്തത്  പോലെ ആണ്. രാത്രി പത്തുമണിയ്ക്ക് കടയടച്ചു വന്നാൽ ദേഹത്തൊക്കെ എണ്ണപുരട്ടി കസറത്ത്  കാട്ടി ഒടുവിൽ  വിശാലമായൊരു കുളി. അതിനു മുമ്പായി തേങ്ങാകൊത്തും ശർക്കരയും കൊപ്രാപിണ്ണാക്കും സമാസമം ചേർത്ത് ഒരു തീറ്റി, കൂടെ ഒരുതുടം വെളിച്ചെണ്ണയും കുടിയ്ക്കും.എല്ലാം ശുദ്ധമായതും വീട്ടിൽ ഉണ്ടാക്കുന്നതും.അതാണ് വല്യപ്പച്ചന്‍റെ ആരോഗ്യരഹസ്യം.  അത് കഴിയ്ക്കുമ്പോളാണ്   മക്കളോടും കൊച്ചുമക്കളോടും ഒക്കെ  വിശേഷങ്ങൾ ഒക്കെ ചോദിയ്ക്കുക. വല്യമ്മച്ചി  അന്നത്തെ വീട്ടിലെ വിവരങ്ങളും മക്കളുടെ  കയ്യിലിരിപ്പിനനുസരിച്ചു ആവശ്യം  ഉള്ള തല്ലുകളും വീതം വെപ്പിച്ചു കൊടുക്കും. 


ഞാനൊരു ദിവസം ഉച്ചയ്ക്ക് അമ്മവീട്ടിൽ ചെന്നപ്പോൾ  അതാ വല്യപ്പച്ചൻ. അന്ന് എന്തുകൊണ്ടോ വീട്ടിൽ  ഊണ് കഴിയ്ക്കാൻ എത്തിയതായിരുന്നു വല്യപ്പച്ചൻ. സാധാരണ ചോറും ചൂടുകറികളും വലിയ തട്ടുതട്ടായ പാണ്ടൻ ചോറ്റുപാത്രത്തിൽ കടയിലേക്ക് വേലക്കാരുടെ കൈയ്യിൽ കൊടുത്തു വിടുകയാണ് പതിവ്. വല്യപ്പച്ചൻ എന്നെ അടുത്തുവിളിച്ചു തലയിൽ തലോടി വീട്ടുവിശേഷങ്ങളും പഠിത്തക്കാര്യങ്ങളും മറ്റും ചോദിച്ചു. ഒടുവിൽ പലചരക്കുകടയിലേക്ക് പോകുന്നതിന്  മുമ്പായി വലിയ ഒരു വെട്ടിരുമ്പുമായി വാഴത്തോട്ടത്തിലേക്കിറങ്ങി. പലചരക്കുകടയിൽ വിൽക്കാനായി കുലവെട്ടികൊണ്ട്  പോകാനാകും എന്നാണ് ഞാൻ കരുതിയത്. തോട്ടത്തിൽ നിന്ന് അടിപ്പടല പഴുത്ത ഒരു എമണ്ടൻ ഏത്തക്കുല വല്യപ്പച്ചൻ വെട്ടിയെടുത്ത്  തോളിൽ ചുമന്നു വീട്ടിൽ എത്തിച്ചു. എന്നിട്ട്  എന്നോടു  പറഞ്ഞു 

'' മോനെ  നീ ഇതു  വീട്ടിൽ കൊണ്ടുപോയി പഴുപ്പിച്ചു തിന്നോ. രാസവളം ഒന്നും ചേർക്കാത്ത കുലയാണ്"

'കുടുങ്ങി, കോളേജുകുമാരൻ ആയ ഞാൻ ഈ കുലയും ചുമന്നു കൊണ്ട് വീട്ടിൽ പോകുകയോ..ഛെ..ലജ്ജാവഹം'  ഞാൻ  മനസ്സിൽ പറഞ്ഞു. വല്യപ്പച്ചനോട് പറ്റുകയില്ല എന്നുപറഞ്ഞാൽ നല്ല വഴക്കുകിട്ടും.ബസ്സിൽ വാഴക്കുല കയറ്റുകയില്ല എന്നൊക്കെ  ഞാൻ മെല്ലെ തടിയൂരാൻ പറഞ്ഞു നോക്കിയിട്ടു വല്യപ്പച്ചൻ വിട്ടില്ല. വല്യപ്പച്ചൻ തന്നെ ഏത്തക്കുല ഒരു ചാക്കിലാക്കി  കെട്ടി തോളിൽ ചുമന്ന് ബസ്സ് സ്റ്റോപ്പ്  വരെ എത്തിച്ചു. അവിടെ നിന്ന് എന്നെ പ്രൈവറ്റ്  ബസ്സിൽ കയറ്റിവിട്ടു. ബസ്സിൽ കയറുംമുമ്പ് വണ്ടിക്കൂലിയ്ക്കും മറ്റുമായി  പത്തുരൂപയും  കൈയ്യിൽ വെച്ചു തന്നു.  

ബസ്സിൽ കയറിയിട്ടും എനിയ്ക്കു ഒരു ഉഷാറുമില്ല. പുനലൂരിൽ എത്തിയാൽ ഞാൻ എങ്ങനെ  ഈ ചാക്കുകെട്ടും ചുമന്നുകൊണ്ട് നടക്കും?.  എങ്ങനെ ഞാൻ എന്‍റെ സ്ഥലത്തേക്ക് കെ.എസ്.ആർ.ടി.സി ബസ്സ് കയറും?.  കൂട്ടുകാരുടെയും ക്ലാസ്സിൽ പഠിയ്ക്കുന്ന പെൺകുട്ടികളുടെയും കണ്ണുവെട്ടിച്ചു ബസ്സിൽ   കയറുക അസാധ്യം. ചാക്കുകെട്ട് കണ്ടാൽ  നല്ല മുഴുപ്പുണ്ട്. എന്‍റെ കൂടെ കോളേജിൽ പഠിയ്ക്കുന്ന ആരെങ്കിലും കണ്ടാൽ കഥ കഴിഞ്ഞു.  പിന്നെ അവർ കോളേജിൽ നോട്ടീസ് അടിച്ചിറക്കും. ഈ സംഭവം പൊടിപ്പും തൊങ്ങലും വച്ച് അവർ പാടി നടക്കും. ഏതു കഷ്ടകാലത്താണോ അമ്മവീട്ടിൽ പോകാൻ തോന്നിയത്.  ഞാനാലോചിട്ടു ഒരു പോംവഴിയും കാണുന്നില്ല. അപ്പോഴാണ്  തലയിൽ ഒരു ട്യൂബ്‌ലൈറ്റ് മിന്നിയത്. നേരെ പ്രൈവറ്റ് ബസ്സ് സ്റ്റാൻഡിൽ  ഇറങ്ങി റയിൽവേ സ്റ്റേഷനിലോട്ടു  വെച്ചു പിടിയ്ക്കാം.അവിടെ നിന്ന് വൈകിട്ടത്തെ ട്രെയിനിൽ  ഇടമണ്ണിൽ എത്താം. പ്രൈവറ്റ്  ബസ്സ് സ്റ്റാന്റ്  അന്ന് പുനലൂർ  ചന്തയുടെ  എതിരെ  ആണ്. അവിടെ നിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് കുറച്ചു ദൂരം  മാത്രമേ ഉള്ളൂ. റെയിൽവേ സ്റ്റേഷനിലേക്ക് ഉള്ളവഴിയിൽ  പൊതുവെ  കോളേജ് പിള്ളേർ കുറവായതിനാൽ കൂട്ടുകാർ  ആരും എന്നെ കാണുകയില്ല. അങ്ങനെ ഞാൻ പ്രൈവറ്റ്  ബസ്സ് സ്റ്റാൻഡിലിറങ്ങി. ആരും കാണാതെ കൈയ്യിലിരുന്ന ബുക്ക് ഷർട്ടിനകത്താക്കി അരയിൽ  പാൻറ്സിനകത്തേക്ക്  കുത്തിത്തിരുകി. എന്നിട്ടു  ചാക്കുകെട്ട്  ചുമലിൽ  എടുത്ത് മെല്ലെ  നടന്നുതുടങ്ങി. അരയിൽ  ബുക്ക് കുത്തിത്തിരുകിയതുകൊണ്ട്  കാല്  സ്വതന്ത്രമായി  മുമ്പോട്ടു  നീങ്ങുകയില്ല. എന്റെ പോക്ക് കണ്ടാൽ  ആദ്യമായി AB  പാഡ്  വെച്ചുകെട്ടി ക്രീസിലിറങ്ങിയ  ക്രിക്കറ്റ്  ബാറ്റ്സ്മാനേപ്പോലെ  തോന്നും. ഇടയ്ക്ക്  ഞാൻ എതിരെ  വരുന്ന ആൾക്കാരെ ശ്രദ്ധിയ്ക്കുണ്ട്. ആരെങ്കിലും പരിചയക്കാർ കണ്ണിൽ പെടരുതേ  ദൈവമേ എന്നാണ് എന്‍റെ പ്രാർത്ഥന.

ഒടുവിൽ  റെയിൽവേസ്റ്റേഷനിൽ  കൂട്ടുകാരുടെ ആരുടെയും  കണ്ണിൽപെടാതെ  എത്തി  ചുമടിറക്കി  ഞാൻ  ഒരു ദീർഘശ്വാസം  വിട്ടു, അതൊരു ഒന്നൊന്നര ദീർഘശ്വാസം ആയിരുന്നു.  തിരക്ക് കൂടുന്നതിന്  മുമ്പ്  ടിക്കറ്റ്  എടുത്തു   ഞാൻ  പ്ലാറ്റുഫോമിലേക്ക്  കടന്നു. അപ്പോഴതാ നക്ഷത്രം  പോലെ പ്ലാറ്റുഫോമിലെ  കസേരയിൽ  എന്‍റെ  ക്ലാസ്സിൽ  പഠിയ്ക്കുന്ന  രണ്ട്  പെൺകുട്ടികൾ  അജിതയും  ബിന്ദുകുമാരിയും. കർത്താവേ  പണികിട്ടി..വിധിയെ  തടുക്കാൻ  വില്ലേജാഫീസർക്കും  കഴിയില്ലല്ലോ. കൊല്ലത്തേക്കുള്ള പാസഞ്ചർ  ട്രെയിനിൽ പോകാനെത്തിയവർ  ആയിരുന്നു അവർ. ആവണീശ്വരത്തോ  മറ്റോ  ആണ്  അവരുടെ  വീട്  എന്നുതോന്നുന്നു .അവളുമാരാകട്ടെ  ചാക്കുകെട്ടും തലയിൽ  ചുമന്നുകൊണ്ടുള്ള  എന്‍റെ  വരവ്  ദൂരത്തുനിന്നു  കണ്ടപ്പോഴേ  ചിരി തുടങ്ങി. ഞാൻ  അവരെ  ആലുവ മണപ്പുറത്തുകണ്ട  പരിചയം പോലും കാണിയ്ക്കാതെ  ഞാൻ  ഈ  നാട്ടുകാരനേ  അല്ല എന്ന മട്ടിൽ പ്ലാറ്റുഫോമിലൂടെ  നടന്നു  ഒരു മൂലയ്ക്ക് പോയി ചാക്കുകെട്ടു താഴെവെച്ചു ബഞ്ചിൽ കുത്തിയിരുന്നു. ഇടയ്ക്കിടെ  അവർ  എന്നെ നോക്കി  എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നുണ്ട്. പോടെ..നിനക്കൊക്കെ  എന്താ  ഇത്ര  ചിരിയ്ക്കാൻ?.. ഇട്ടിയമ്മ  ചാടിയാൽ  കൊട്ടിലമ്പലം വരെ..പോ പെണ്ണുങ്ങളെ.. വല്ലാതെ ചിരിയ്ക്കേണ്ട..ചാക്കുകെട്ട്  നീയൊക്കെ  കണ്ടിട്ടില്ലേ? .  കോളേജുപിള്ളേർ  ചാക്കുകെട്ട്  ചുമന്നാൽ ആകാശം  ഇടിഞ്ഞു  വീഴുമോ?..  ഞാൻ  മൈൻഡ്  ചെയ്യാതെ  ഞാൻ  അവിടെ തന്നെ  കുത്തിപ്പിടിച്ചിരുന്നു. 


ഇടിവെട്ടിയവനെ പാമ്പുകടിച്ചു  എന്നപോലെ അപ്പോഴാണ്  അതുവഴി  രണ്ടു പാണ്ടി  റെയിൽവേ  പോലീസുകാർ  കടന്നുപോയത്. കുരങ്ങു ചത്ത  കാക്കാലനെപ്പോലെയുള്ള  എന്‍റെ ഇരിപ്പും മുഖഭാവവും മുഴുത്ത ചാക്കുകെട്ടും  കണ്ടിട്ടാകും  അവർക്ക് എന്തോ സംശയം. അവർ എന്‍റെ അടുത്തെത്തി ; എന്‍റെ മുഖത്തേക്കും  ചാക്കുകെട്ടിലേക്കും മാറിമാറി നോക്കി.കൂട്ടത്തിൽ തടിയൻ കപ്പടാമീശക്കാരൻ പോലീസ്  എന്നോട് ഒരു ചോദ്യം.

'' തിരുട്ടുപയലേ, എന്നാടാ  ഇന്ത  ചാക്കിൽ? ''

ഞാനാകെ  വിരണ്ടു, ഇനി  എന്തൊക്കെ  പുലിവാലാണ്  ദൈവമേ  ഉണ്ടാകാൻ  പോകുന്നത്. ഞാൻ  ചാടി എഴുന്നേറ്റ്  അറ്റെൻഷൻ  ആയി നിന്നിട്ടു പറഞ്ഞു.

'' ഇതു ഒരു  കുലയാണ് സർ. സാറേ ഞാൻ കോളേജ്  സ്റ്റുഡന്റാ''

'' എന്ത കൊല, നീങ്ക  യാരെയാണ്   കൊല   പണ്ണിയത്. അതുക്കും  ഇതുക്കും എന്ന സംബന്ധം? ''

കൂടെയുള്ള  എലുമ്പൻ  പോലീസ്  ചോദിച്ചു.

'' സാർ  ഇതു  അന്തമാതിരി  കൊലയല്ല , വെറും  വാഴക്കുല''

ഞാൻ  മറുപടി പറഞ്ഞു.

'' എന്നാടാ  തിരിട്ടു പേശുന്നത്, ചാക്ക്  ഓപ്പൺ  പണ്ണ്‌ ''

കപ്പടാമീശക്കാരൻ  വിരട്ടി.

എന്‍റെ  കർത്താവേ  എന്തൊരു  പരീക്ഷണം. ഇനി ഞാൻ  ചാക്കുകെട്ട് അഴിച്ചു വാഴക്കുല  പുറത്തെടുത്തു കാണിച്ചാൽ മാത്രമേ ഇവന്മാർ  അടങ്ങു എന്നുതോന്നുന്നു. ഞാൻ ഒന്ന് പാളി  നോക്കിയപ്പോൾ  അജിതയും  ബിന്ദുകുമാരിയും  കൂടെ കുനിഞ്ഞിരുന്നു  ഇളിയ്ക്കുന്നു. അവർക്ക്  എന്തൊരു  സന്തോഷം  എനിയ്ക്ക് പണി കിട്ടിയെന്നു കണ്ടപ്പോൾ. ഞാൻ  നിന്നു  പരുങ്ങുന്നു എന്ന്  കണ്ടപ്പോൾ  കപ്പടാമീശക്കാരൻ  അലറി.

'' എന്നാടാ  ഒരു  താമസം.. ചാക്ക്  ഓപ്പൺ  പണ്ണ്‌ ? ''

''പണ്ണി  സാർ ''

ഞാൻ  തിടുക്കപ്പെട്ടു ചാക്കുകെട്ടു  അഴിച്ചു  വാഴക്കുലയെ  സ്വതന്ത്രയാക്കി.അവിടെ  അങ്ങിങ്ങായി  ഈ സംഭവങ്ങൾ  നോക്കി നിന്നവരൊക്കെ  ചിരിതുടങ്ങി. അടിപടല  പഴുത്ത  വിളഞ്ഞ  ഏത്തക്കുല  കണ്ടതും പോലീസുകാർക്ക്  തൃപ്തിയായി. എലി പുന്നെല്ലുകണ്ടപോലെ  ആ  എലുമ്പൻ പോലീസുകാരൻ  അതിൽ നിന്ന്  നല്ലതുപോലെ പഴുത്ത രണ്ടു പഴങ്ങൾ  നിമിഷനേരം  കൊണ്ടു  കൈക്കലാക്കി, എന്നിട്ടു  ഒരു വളിഞ്ഞ  വർത്തമാനവും

'' തമ്പി മന്നിച്ചിട് ''

മന്നിച്ചു സാർ, സാറിന് വേണമെങ്കിൽ  ഈ കുലയോടെ  കൊണ്ടുപോയ്ക്കോ, വീട്ടിൽ  പൊണ്ടാട്ടിയ്ക്കും പിള്ളേർക്കും കൊടുക്കാം, ഞാൻ മനസ്സിൽ പറഞ്ഞു. വാഴക്കുല  കണ്ടതു മുതൽ  അജിതയും  ബിന്ദുവും  കൂടെ  നിറുത്താതെ കക്കക്കാ ..എന്നു ചിരിയ്ക്കുകയാണ്. പണ്ടാരക്കാലികളെ  നിനക്കൊക്കെ  എന്നെങ്കിലും  മനസ്സറിയാതെ  ഇതുപോലെ  പണികിട്ടും സൂക്ഷിച്ചോ..ഞാൻ  മനസ്സിൽ പ്രാകി.


അപ്പോഴാണ് കപ്പടാമീശക്കാരൻ തടിയൻ പോലീസ് എന്‍റെ  വയറ്റിലേക്കു  ശ്രദ്ധിയ്ക്കുന്നത്. അവിടം  വീർത്തിരിയ്ക്കുന്നു. ബുക്ക് കുത്തിത്തിരുകി  വെച്ചതിനാൽ  അത്  ഏതാണ്ട് ഒരു ബെൽറ്റ്  ബോംബ്  കെട്ടിവെച്ചത് പോലെ ഒറ്റനോട്ടത്തിൽ തോന്നും. അല്ലേലും  ആപത്തുകാലത്ത്  അരഞ്ഞാൺ  ചരടും  പാമ്പ്  എന്നല്ലയോ  പ്രമാണം.

'' എന്നാ തമ്പി,  ബെൽറ്റ് ബോംബാ?''

തടിയൻ ലാത്തികൊണ്ട് എന്‍റെ വയറ്റിൽ ഒരു കുത്തുകുത്തി.

'' അല്ല  സാർ.  ബോംബ്  അല്ല ബുക്കാ ''

ഞാൻ കൂടുതൽ കുഴപ്പത്തിന് നിൽക്കാതെ  ഷർട്ട്  പൊക്കി  ബുക്ക്  വലിച്ചെടുത്തു. ബുക്ക്  കണ്ടതും  പോലീസുകാർ അടക്കം  അവിടെ  കൂടിനിന്നവർ  ആർത്തു ചിരിച്ചു.

 '' നീങ്കെ കോളേജ്  സ്റ്റുഡന്റാ..പോങ്കേ പോങ്കേ..''


പോലീസുകാർ അതും പറഞ്ഞുകൊണ്ട്  സ്ഥലം  വിട്ടു. എടോ പന്ന പരട്ട പാണ്ടിപ്പോലീസേ  നിന്നോടൊക്കെ  ഞാൻ  ആദ്യമേ  ഇതു പറഞ്ഞതല്ലേ  ഞാൻ പിറുപിറുത്തു. അജിതയും  ബിന്ദുകുമാരിയും  കമിഴ്ന്നു  കിടന്നു  ചിരിയ്ക്കുന്ന  ഭാഗത്തേക്ക്  ഒന്നു  നോക്കാൻ  എനിയ്ക്കു  ധൈര്യം  ഉണ്ടായില്ല. നഞ്ചു തിന്ന കൊരങ്ങനെപ്പോലെയായി  എന്‍റെ  അവസ്ഥ. നാളെ  ഞാൻ  എങ്ങനെ  ക്ലാസ്സിൽ പോകും.  ഇവർ  ഇനി  എന്തൊക്കെയാകും  പറഞ്ഞു പരത്തുക . പഠിത്തം  നിറുത്തി ഇനി ഞാൻ വല്ല  വാർപ്പുപണിയ്ക്കും  പോകുകയാകും  ഇതിലും  ഭേദം.

പിന്നെ  പ്ലാറ്റുഫോമിൽ  ട്രെയിൻ  വന്നതും  ഞാൻ  അതിൽ ചാക്കുകെട്ടു കൊണ്ടു  കയറിയതും ഒന്നും അറിഞ്ഞില്ല, ഒക്കെ  യാന്ത്രികമായിരുന്നു. വാതിലിനരികെ  ചാക്കുകെട്ടു  വെച്ചു  എങ്ങനെയോ  ഞാൻ  സീറ്റിൽ   ഇരുപ്പുറപ്പിച്ചു. വണ്ടി നീങ്ങിത്തുടങ്ങി. എനിയ്ക്കു  എല്ലാവരോടും  കലി  തോന്നി, വാഴക്കുല  ചാക്കിൽ കെട്ടി  എന്നെ  ഏൽപ്പിച്ച  വല്യപ്പച്ചനോട്,കൂടെ പഠിയ്ക്കുന്ന പെൺകുട്ടികളോട്, ആ  പാണ്ടി റെയിൽവേ  പോലീസുകാരോട് , ഒടുവിൽ  എന്നോട്  തന്നെ. എങ്ങനെയെങ്കിലും  ഈ  കുരിശ്  ഒഴിവാക്കണം. ചാക്കുകെട്ടിലേക്ക്  നോക്കാൻ  കൂടി  ഞാൻ വെറുത്തു. ഇനി  ഇടമണ്ണിൽ  ട്രെയിനിറങ്ങി  ചാക്കുകെട്ടും  ചുമന്നുകൊണ്ട് റോഡിലൂടെ വീട്ടിലേക്കു  നടക്കുന്നത്  ചിന്തിക്കാനേ  വയ്യ.  അപ്പോഴാണ്  ട്രെയിൻ  ഒരു കടകട ശബ്ദത്തോടെ  കല്ലടയാറ്റിന്‍റെ  മുകളിൽ എത്തിയത്. എനിയ്ക്ക്  ഒരു ഐഡിയ  തോന്നി. ഞാൻ ഡോറിനടുത്തെത്തി  കാലുകൊണ്ട് ചാക്കിന്  ഒരു  തൊഴികൊടുത്തു.ചാക്കുകെട്ട്  തെറിച്ചു  ഡോറിലൂടെ  കല്ലടയാറ്റിലേക്ക്  പതിച്ചു. വീട്ടിൽ  എത്തിയിട്ടും  ഞാൻ  വല്യപ്പച്ചൻ  വാഴക്കുല  തന്നുവിട്ടതും  മറ്റു  സംഭവങ്ങളും  ആരോടും  മിണ്ടിയില്ല.രണ്ടുമൂന്നാല്‌  ദിവസം  കഴിഞ്ഞുകാണും. ഞാൻ  ഒരു വൈകുന്നേരം  കോളേജ്  കഴിഞ്ഞു  വീട്ടിലെത്തി. ഉമ്മറത്ത് അമ്മ  കലിതുള്ളി നിൽക്കുകയാണ്. അകത്തുകയറിയതും  അമ്മ ചൂടായി.

'' എവിടെടാ  ഏത്തക്കുല ? ''

വല്യപ്പച്ചൻ   ഏത്തക്കുല  കൊടുത്തുവിട്ട വിവരം അമ്മയ്ക്ക്  എങ്ങനെയോ  കിട്ടിയിരിയ്ക്കുന്നു. ഞാൻ മുഖത്തു നോക്കാതെ  മറുപടി പറഞ്ഞു.

'' വേഗം പോയി   തപ്പ് . ഇപ്പൊ  തപ്പിയാൽ  ഏത്തക്കുല  കല്ലടയാറ്  കടന്നു  അറബിക്കടലിൽ  എത്തിക്കാണും. ഒന്നുത്സാഹിച്ചാൽ  ചിലപ്പോ  കിട്ടിയേക്കും''

അമ്മ  എന്‍റെ  നേർക്ക്  എറിഞ്ഞ  ചപ്പാത്തിപ്പലക  ഫ്ലൈയ്യിങ്  സോസറുപോലെ പറന്നു ക്രാഷ് ലാൻഡിംഗ്  നടത്തി  രണ്ടായി  ഒടിഞ്ഞതു  മാത്രം മിച്ചം.


Thursday, 13 July 2017

കീടേ കാ ഗോലി….കീടേ  കാ  ഗോലി….

ഗൾഫിൽ ജോലി തേടിയെത്തിയ  സമയം. രണ്ടു ജോഡി  കുപ്പായങ്ങളും കാലിൽ  നെടുകെ  വെടിച്ചു  തുടങ്ങിയ  ഒരു  ആക്ഷൻ  ഷൂവും  കൂടെ  ഗൾഫുകാരനായ  ബാബുകൊച്ചപ്പൻ  സമ്മാനമായി തന്ന എക്കോലാക്  പെട്ടിയിൽ  ഭദ്രമായി സൂക്ഷിച്ച  ഫാർമസി സർട്ടിഫിക്കേറ്റും  കൊണ്ട്  ഗൾഫിലേക്ക്  കുടിയേറിയവൻ ആയിരുന്നു  ഞാൻ. ഗൾഫിൽ ഫാർമസി  പണിയ്ക്കു  നല്ല  ചാൻസ്  ആണെന്ന്   നാട്ടിൽ  നിൽക്കുമ്പോൾ  ആരൊക്കെയോ  പറഞ്ഞു പിരികേറ്റി എന്നെ പ്ലെയിൻ കയറ്റി. നാട്ടിൽ ഫാർമസിസ്റ്റ്  എന്ന  ഓമനപ്പേരുള്ള  പഴയ  കമ്പോണ്ടർ  പണിയ്ക്കു  എന്നെ  പ്രേരിപ്പിച്ചത്  കളറുവെള്ളങ്ങളായിരുന്നുതെറ്റിദ്ധരിയ്‌ക്കേണ്ട  ഞാൻ  ചെറിയ  പ്രായത്തിൽ  പുനലൂർ  ഗവൺമെൻറ്  ആശുപത്രിയുടെ മുമ്പിലൂടെ കടന്നുപോകുമ്പോൾ  കണ്ടിരുന്ന ഒരു കാഴ്ചയായിരുന്നു.


ആശുപത്രിയുടെ ഗെയിറ്റിനരികെയുള്ള  പഴയ  ഓടിട്ട  കെട്ടിടത്തിന്റെ  വരാന്തയിൽ  കൂടിനിൽക്കുന്ന  രോഗികൾ.വരാന്തയിലെ ജനലിനരികെ  നിരത്തി  വെച്ചിരിയ്ക്കുന്ന ഭീമൻ ഗ്ലാസ് കുപ്പികൾ. അതിൽ  നിറയെ  കളർ  വെള്ളങ്ങൾ, ചുമപ്പും  പച്ചയും മഞ്ഞയും പിന്നെ കുമ്മായം കലക്കി വെച്ചപോലെ തോന്നിപ്പിക്കുന്ന നിറത്തിലുള്ള ഒരെണ്ണം. അത്  കാർമിനേറ്റിവ്  മിക്ച്ചർ ആണെന്ന്  മനസ്സിലായത്  പിന്നീട്  ഫാർമസി  പഠിച്ചപ്പോഴാണ്; നാട്ടാർക്ക്  ഗ്യാസിനുള്ള മരുന്ന്.. ജനലിനരികെ  ദിവാൻ പേഷ്‌കാരുടെ  ഗമയിൽ  ഒരു വെള്ള കുപ്പായക്കാരനും സഹായിയും. സഹായി  പേരു വിളിക്കുന്നതിനനുസരിച്ചു  വെള്ളകുപ്പായക്കാരൻ  കുപ്പിയിലെ അടിയിലെ  ചോർപ്പു തുറന്നു രോഗികൾ കൊണ്ടുവരുന്ന  കുപ്പിയിലേക്ക് കളർ വെള്ളങ്ങൾ പകരും. കളർ വെള്ളങ്ങൾ തമ്മിൽ ചേർക്കുന്ന  ജാലവിദ്യ വെള്ളകുപ്പായക്കാരനു  മാത്രമേ  അറിയൂ..രസമുള്ള കാഴ്ച്ച. നിറങ്ങൾ മാറിമാറി  വരും.എന്തൊരു  പവ്വറാണ്  വെള്ളകുപ്പായക്കാരൻ കമ്പോണ്ടർക്ക്‌. കുപ്പിയിൽ മരുന്ന്  വാങ്ങി  താണുതൊഴുതു പോകുന്ന  രോഗികൾ. ചുരുക്കം  ചിലർ  സഹായിയുടെ  കൈയ്യിൽ  ഒരു പൊതി കൊടുക്കുന്നത് കാണാം, കൈമടക്കാണ്  വെള്ള കുപ്പായക്കാരനും   സഹായിക്കും. ആ മൂന്നാല്  മിശ്രിതങ്ങൾ കൊണ്ടു   അന്നത്തെ  മിക്കരോഗങ്ങളും  പമ്പ കടന്നിരുന്നു. അന്നത്തെ എന്റെ മോഹം ആ വെള്ളകുപ്പായക്കാരനെപ്പോലെ ഒരു കമ്പോണ്ടർ ആകണമെന്നായിരുന്നു. ഞാൻ മുതിർന്നപ്പോൾ ഇത്തരം കമ്പോണ്ടറുമാരൊക്കെ  ഹോസ്പിറ്റലിൽ നിന്ന് അപ്രത്യക്ഷമായി, പകരം ഫാർമസിസ്റ്റ്  എന്ന  വിളിപ്പേരിൽ ഗ്ലോറിഫൈഡ്  കമ്പോണ്ടറുമാർ നിലവിൽ വന്നു.


ഗൾഫിലെ ഫാർമസികൾ ഒരു പ്രത്യേക ലോകമാണ്. അവ  നമ്മുടെ  നാട്ടിലെ മെഡിക്കൽ സ്റ്റോർ പോലെയായിരിയ്ക്കും എന്ന ധാരണയോടെ ഗൾഫിൽ  എത്തിയ  എന്നെ കാത്തിരുന്നത് ഒരു വിചിത്ര ലോകമാണ്. ഫാർമസിസ്റ്റുകൾക്ക് പൊതുവെ അറബികൾ    ' ദോക്തുർഎന്ന  വിളിപ്പേര്  ആണ് നല്കിയിരിയ്ക്കുന്നത് .അവരെ സംബന്ധിച്ചടത്തോളം  ഫാർമസിസ്റ്റ് ഒക്കെ  ഡോക്ടറോളം ബഹുമാനമുള്ള പദവിയാണ്. 1990  കളുടെ അവസാനകാലത്ത് ഞാൻ ഗൾഫിൽ എത്തുമ്പോൾ ഫാർമസികൾക്ക് ഒരു ചെറിയ ക്ലിനിക്കിന്‍റെ  ഗെറ്റപ്പ്  ആണ്.മിക്കവാറും താഴ്ന്ന ജോലികൾ ചെയ്യുന്ന  എല്ലാ രാജ്യക്കാരും അവർക്ക്  ഒരു  ചെറിയ രോഗം വന്നാൽ ഓടിച്ചെല്ലുക ഫാർമസിയിലേക്കാണ്. ഡോക്ടറെ  ഒക്കെ കാണണമെങ്കിൽ വല്യ മിനക്കേടും കാശുചിലവുമാണ്. നാട്ടിലെ കുടുംബത്തെ പോറ്റുവാൻ മരുഭൂമിയിൽ കിടന്നു പാടുപെടുന്നവർക്ക് എവിടെയാണ് അതിനൊക്കെ സമയം.പ്രത്യേകിച്ചു വല്യപഠിപ്പില്ലാത്ത ബംഗാളികൾക്കും പാക്കിസ്ഥാനികൾക്കും ഫാർമസിസ്റ്റുകൾ കൺകണ്ട ദൈവങ്ങളാണ്. ' ഡോക്ടർ  സാബ്,   മുച്ചേ  ബുക്കാർ ( പനിയാണ്) ഹെ, കാസി (ചുമയാണ്)  ഹേ '  അങ്ങനെ  നൂറുകൂട്ടം  പരാതികൾ. ഹിന്ദിയുടെയും  അറബിയുടെയും  ഏബിസിഡി  അറിയാത്ത  ഞാൻ ചുരുങ്ങിയ സമയം കൊണ്ടു അൽപസ്വൽപം ഹിന്ദിയും അറബിയും ഒക്കെ പഠിച്ചു ഒരു  മുറിഡോക്ടർ  ആയി മാറി.


ഗൾഫിലെ ഫാർമസി കസ്റ്റമേഴ്സ്  വിവിധ തരമാണ്. ഏറ്റവും സംശയാലുക്കൾ  ആരെന്നു ചോദിച്ചാൽ  നമ്മ മലയാളികൾ തന്നെ. അവർ എല്ലാറ്റിനേയും   സംശയദൃഷ്ടിയോടെ  കാണുകയുള്ളു. മിക്കവാറും ഫാർമസിയിൽ എത്തുക നാട്ടിൽ നിന്ന് കൊണ്ടുവന്ന മരുന്നുകെട്ടുമായിരിയ്ക്കും. അതൊക്കെയും  നമ്മുടെ മുമ്പിൽ  കുടഞ്ഞിടും പിന്നെ ഓരോന്നും   എടുത്ത്  ഏതു  രോഗത്തിനു പ്രതിവിധിയായി ഉപയോഗിക്കാനാണെന്നതും  അതു കഴിച്ചാലുള്ള സൈഡ്  ഇഫക്റ്റ്  എന്താണെന്നും  പറഞ്ഞുകൊടുത്താൽ മാത്രമേ അവർക്ക്  തൃപ്തിയാകുകയുള്ളു. മലയാളികൾക്ക് മരുന്ന്  ഉപയോഗിക്കുന്നതിനേക്കാൾ മുമ്പേ അറിയേണ്ടത് അവയ്ക്ക് സൈഡ്   ഇഫക്റ്റ്  ഉണ്ടോ എന്നാണ്. ഒടുവിൽ കൺസൾട്ടേഷൻ  എല്ലാം കഴിഞ്ഞു എന്തെങ്കിലും മരുന്നുവാങ്ങും  എന്നു  വിചാരിച്ചു  അകത്തു കണ്ണും നട്ടിരിയ്ക്കുന്ന  സിറിയക്കാരൻ ഫാർമസി  ഉടമയിൽ നിന്ന് മിക്കവാറും ചീത്ത കേൾക്കാനാകും  എന്‍റെ  വിധി. അവന്റെ  ഭാഷയിൽ ' കുല്ലു  മലബാറി  കഞ്ചൂസ് '.ഫാർമസിയിൽ  വന്നു കച്ചട ഉണ്ടാക്കുന്നവരിൽ മുമ്പരാണ്  മിസറികളും( ഈജിപ്ഷ്യൻസ്) ഫലസ്തീനികളും. ഇവന്മാരിൽ ആരോട് ചോദിച്ചാലും ഒന്നുകിൽ മൊഹന്തിസ്( എഞ്ചിനീയർ) അല്ലെങ്കിൽ  ദോക്തുർ( ഡോക്ടർ) ആണെന്നേ പറയൂ. ഗൾഫിലേക്ക് വണ്ടി കയറുന്നതിനുമുമ്പ്  അവർ തീരുമാനിയ്ക്കും  ഏതു  സർട്ടിഫിക്കറ്റ്  വേണമെന്ന്. എന്തൊരു തലക്കനമുള്ള കൂട്ടർ.ഏഷ്യക്കാരെല്ലാം  അവരുടെ അടിമകൾ  ആണെന്നാണ് ഭാവം.ഫാർമസിയിൽ കയറിയാൽ സാധനങ്ങൾ എല്ലാം  വലിച്ചു  വാരി ഇട്ടു ഒടുവിൽ ' വാജിത് ഗാലി ' (വലിയ  വിലയാണ് ) എന്നൊരു കമന്റും  പാസ്സാക്കി  അവർ പൊടിതട്ടി സ്ഥലം  കാലിയാക്കും.


അടുത്ത കൂട്ടർ പച്ചകൾ എന്നു  ഓമനപ്പേരിട്ടു  വിളിക്കുന്ന പട്ടാണികൾ  ആണ്. നല്ല  പൊക്കവും അതിനൊത്ത തൂക്കവും ഉള്ള  പഹയന്മാർ. നടപ്പും ഭാവവും  കണ്ടാൽ  നല്ല ശക്തരാണ്  എന്നു തോന്നും. എന്നാൽ  അവന്മാർക്ക്  ' താക്കത്ത് '  (  ശക്തി ) തീരെയില്ല   എന്നാണ്  തോന്നുന്നത്. ഫാർമസിയിൽ  വന്നാൽ  നീട്ടി  ഒരു  ചോദ്യം  ' ഡോക്ടർ  സാബ് , താക്കത്ത്  കാ  ഗോലി  ഹേ ' മനസ്സിലായില്ലേ  'ശക്തിമരുന്ന്ഉണ്ടോ  എന്ന്.. ഈ  കൂട്ടർക്കു അടുത്തതായി  വേണ്ട മരുന്ന്  ' ദാന്ത്  കാ  ദവാ'.. പല്ലുവേദനയ്ക്കുള്ള  മരുന്ന്. കൂട്ടത്തിൽ  ഒരുത്തനും  പല്ലു തേക്കുകയില്ല. എല്ലാവരും നമ്മുടെ നാട്ടിലെ വേപ്പിൻ  കമ്പുപോലുള്ള  ഒരു സാധനം കൊണ്ടു പല്ലിലിട്ടു  ഉരയ്ക്കും. അതാണ്  അവരുടെ  പല്ലുതേപ്പ്.


ഗൾഫിൽ ഒരു തവണയെങ്കിലും ജോലിചെയ്തവർ  ബംഗാളിമാമുമാരെ  മറക്കുകയില്ല. ബംഗാളികൾ തമ്മിൽ  മാമു എന്നാണ്  വിളിയ്ക്കുക. ഇവന്മാർ ഫാർമസിയിൽ  വന്നാൽ ആദ്യം ചോദിക്കുക ' കീടേ  കാ  ഗോലി ' യാണ്. വിരശല്യം ആണ്  ഇവന്മാർക്കുള്ള  പ്രധാനരോഗം. കീടേ  കാ  ഗോലി ശാപ്പിടണമെങ്കിൽ  ഇവർക്ക്  പഞ്ചസാര നിർബന്ധമാണ്. വയറ്റിൽ ഒളിച്ചിരിയ്ക്കുന്ന കീടങ്ങളെ ഇവന്മാർ പഞ്ചസാര കൊടുത്തു പുറത്തിറക്കും, പിന്നെ വിരമരുന്നിന്‍റെ പണി എളുപ്പമാണല്ലോ. മീൻ ചോറുപോലെ തിന്നുന്ന ബംഗാളികൾക്ക് വേണ്ടുന്ന അടുത്ത സാധനം  ചൊറിച്ചിലിനുള്ള മരുന്നാണ്. അയലയും ചൂരയുമൊക്കെ വാരിക്കോരി  തിന്നു ദേഹം ചൊരിഞ്ഞു തടിച്ചാകും മിക്കപ്പോഴും മാമു  മരുന്ന് കടയിൽ  എത്തുക . ' കാരിഷ്  ക  ഗോലി ' ( ചൊറിച്ചിൽ  മരുന്ന് )  ഉണ്ടെങ്കിൽ  പിന്നെന്തു  പേടിയ്ക്കാൻ?..സത്യം പറഞ്ഞാൽ  എന്‍റെ തൊഴിലിൽ  എനിയ്ക്ക് ആദ്യമായി  കിട്ടുന്ന അഭിനന്ദനം  ഒരു പൂച്ചയെ ചികിൽസിച്ചതിനാണ്. സംഭവം  ഇങ്ങനെ, ഒരു  ദിവസം  ഞാൻ  നൈറ്റ്  ഡ്യൂട്ടിയിലാണ്. രാത്രി  ഒരു മണി ആയിക്കാണും. ഒരു  തടിയൻ അറബി  കരഞ്ഞുകൊണ്ട് ഫാർമസിയുടെ  വാതിൽ  തുറന്നു അകത്തേക്ക്  വന്നു.അവന്‍റെ കൈയ്യിൽ  എന്തോ  ഒരു  വെളുത്ത പഞ്ഞിക്കെട്ടുപോലെ ഒരു  സാധനം.സൂക്ഷിച്ചു നോക്കിയപ്പോൾ ആണ്  അത്  ഒരു തടിയൻ  പൂച്ചയാണ്  എന്ന് മനസ്സിലായത്. വളർത്തുപൂച്ചയുടെ  വാലിൽ  നിന്ന് ചോര ഒലിയ്ക്കുന്നുണ്ട്‌. മറ്റേതോ പൂച്ച കടിച്ചതാണ് എന്ന് തോന്നുന്നു. അയാൾ നിറുത്താതെ  ഏങ്ങിയേങ്ങി കരഞ്ഞുകൊണ്ട്  പൂച്ചയുടെ  വാലിൽ തടവുന്നുണ്ട്. അറബിയ്ക്ക് പൂച്ചയുടെ  മുറിവിൽ  മരുന്ന്  വെച്ചു  കിട്ടണം.ഫാർമസിയിൽ  മൃഗങ്ങൾക്ക്  ഉള്ള  മരുന്നുകൾ ഇല്ല  എന്ന്  എത്ര  പറഞ്ഞിട്ടും അയാൾ സമ്മതിക്കുന്നില്ല. ഒടുവിൽ സഹികെട്ടു  ഞാൻ പൂച്ചയുടെ വാലിൽ മരുന്നു  വെച്ചുകെട്ടി. കൂടാതെ  അയാളുടെ  കൈയ്യിൽ  ഒരു  ആന്റിബയോട്ടിക്   സിറപ്പും  കൊടുത്തു. പൂച്ചയ്ക്ക് മൂന്നുനേരം  വീതം  കൊടുക്കുവാൻ..അയാൾക്ക്‌ ഒരു പണി കൊടുക്കണമല്ലോ? . കൃത്യം  രണ്ട്  ആഴ്‌ച  കഴിഞ്ഞുകാണും. ഒരു  രാവിലെ  അറബിയും  പൂച്ചയും  ഫാർമസിയുടെ  മുമ്പിൽ ഹാജർ.
 ' ദോക്തുർ  ഇന്ദ  വാജിത്  തമാം  ( ഡോക്‌ടർ  നീ  സൂപ്പർ ) '
എന്ന് പറഞ്ഞുകൊണ്ട്  അയാൾ  എന്‍റെ പോക്കറ്റിലേക്ക് ഒരു  അഞ്ഞൂറ് ദിർഹത്തിന്‍റെ നോട്ട് ഇട്ടുതന്നു. എന്‍റെ  സംശയം  അയാൾ എങ്ങനെ ആ  പൂച്ചയെ  ആന്റിബയോട്ടിക്   സിറപ്പ്  കുടിപ്പിച്ചു  കാണും?.'ഹായ്  പ്രണ്ട്' എന്നുവിളിച്ചുകൊണ്ട് ഫാർമസിയിലേക്ക്  വരുന്ന ഫിലിപ്പനികൾ  ഒരു പ്രത്യേക വർഗ്ഗമാണ്. അവരുടെ ഭാഷയിൽ  '' എന്ന ലെറ്റർ  ഇല്ല  എല്ലാറ്റിനും '' മാത്രം. വിറ്റാമിനുകളും  പവർ ഫോർമുലകളും ആണ്  അവരുടെ ഇഷ്ട ഐറ്റങ്ങൾ. മേലെ ആകാശം , കീഴെ  ഭൂമി വീണേടം  വിഷ്ണുലോകം  എന്നതാണ് അവരുടെ  രീതി. എല്ലാ ഫിലിപ്പിനി  ചുള്ളന്മാർക്കും  കാണും  രണ്ടുംമൂന്നും ഗേൾഫ്രണ്ടുകൾ. മിക്കവാറും എല്ലാവരും  ഇംഗ്ലീഷ് ഭാഷ ഒക്കെ നന്നായി വെച്ചു കീച്ചും. ഇംഗ്ലീഷ്  ഭാഷ ഒട്ടുംപിടിയില്ലാത്തവർ   ചൈനക്കാർ  തന്നെ. അവരെ കൈകാര്യം ചെയ്യാൻ ഏറെ  ബുദ്ധിമുട്ടാണ്. ഒരിയ്‌ക്കൽ ഒരു  ചൈനക്കാരൻ അവന്‍റെ അമ്മൂമ്മയ്ക്ക്  വായുഗുളിക  മേടിക്കുവാൻ  എന്ന വെപ്രാളത്തിൽ  ഫാർമസിയുടെ ഡോർ  തള്ളിത്തുറന്ന്  അകത്തേക്ക് ചാടിവീണു. അവനു വേണ്ടത്  ' കീണ്ടം എന്ന  സാധനമാണ്. ഞാൻ എത്ര ആലോചിച്ചിട്ടും അവനു  എന്താണ്  വേണ്ടതെന്ന് ഒട്ടും പിടികിട്ടിയില്ല. ഞാൻ  ബേബിഫുഡ്  മുതൽ  കാലേൽ  ഉരയ്ക്കുന്ന  ബ്രഷ്  വരെ എടുത്തു കാണിച്ചു നോക്കി. രക്ഷയില്ല , അവൻ  ആകട്ടെ  എനിയ്ക്കു  മനസ്സിലാക്കുവാൻ കസ്റ്റമർക്ക്  മരുന്ന്  ഇട്ടുകൊടുക്കുന്ന  ഒരു പ്ലാസ്റ്റിക്  കവർ  എടുത്തു വീർപ്പിച്ചു കാണിച്ചു. എന്നിട്ടു അവൻ  രണ്ടുകൈയ്യും  കൊണ്ട് അത്  കുത്തിപ്പൊട്ടിച്ചു. ട്ടേ..... എനിയ്ക്ക്  കാര്യം പിടികിട്ടി, ബലൂൺ.. . അവന്‍റെ കുട്ടിയ്ക്ക് കളിയ്ക്കുവാൻ ബലൂൺ തേടിയിറങ്ങിയതായിരിയ്ക്കും.. ഞാൻ പുറത്തെ സൂപ്പർമാർക്കറ്റിലേക്ക് കൈചൂണ്ടി അവിടെ  ബലൂൺ കിട്ടും  എന്ന്  ആ  പൊട്ടനോട്  പറഞ്ഞു. അവൻ  ചൈനാഭാഷയിൽ എന്തോ തെറിപറഞ്ഞുകൊണ്ട്  വീണ്ടും ഫാർമസിയിൽ  പരതി പരതി  നടന്നു. ഒടുവിൽ മൂപ്പർ തന്നെ ഐറ്റം തപ്പിപ്പിടിച്ചു എടുത്തു .അപ്പഴല്ലേ സാധനം മനസ്സിലായത്  ..സാക്ഷാൽ കോണ്ടം.


ചീനക്കാരൻ   എന്നെ  തെറിവിളിച്ചതാണോ  കുറ്റം. ചാത്തപ്പന്‍റെ  ബുദ്ധിമുട്ട്  ചാത്തപ്പനല്ലേ  അറിയൂ..എന്നാലും അവൻ എന്തിനായിരിയ്ക്കും  ആ വീർപ്പിച്ച കവർ  കുത്തിപ്പൊട്ടിച്ചത്?Sunday, 25 June 2017

ബില്ലി ഭായി


മാതൃഭൂമി പ്രവാസി  ഓൺലൈൻ പതിപ്പിൽ  പ്രസിദ്ധീകരിച്ച  ഞാൻ          എഴുതിയ  കഥ  ' ബില്ലിഭായി'  ബ്ലോഗ്  വായനക്കാർക്കായി  സമർപ്പിക്കുന്നു .  ഒരു  പാകിസ്താനിയുടെ  മൃഗസ്നേഹം : ഗൾഫ്  അനുഭവം  എന്ന  പേരിൽ  ആണ്  അത്  മാതൃഭൂമിയിൽ  പ്രസിദ്ധീകരിച്ചത് . ലിങ്ക്  താഴെ  കൊടുക്കുന്നു.

ബില്ലി ഭായി

എന്‍റെ ഫ്ലാറ്റിനു താഴെ കാർ പാർക്കുചെയ്തു വണ്ടിയിൽ നിന്നു ഇറങ്ങുമ്പോഴാണ് ഞാൻ അയാളെ ശ്രദ്ധിക്കുന്നത്. കാറിന്‍റെ പുറകിലത്തെ ഡിക്കിയിൽ നിന്ന് അയാൾ എന്തോ കുനിഞ്ഞു എടുക്കുകയാണ്. കൂടെ ഒരു പത്തുപന്ത്രണ്ടു പൂച്ചകളും. അയാൾ ഡിക്കിയിൽ നിന്നു ഒരു തളിക നിറയെ ബിരിയാണി എടുത്തു പുറത്തു വെച്ചു. നല്ല നെയ്‌മണം പരത്തുന്ന മട്ടൻ ബിരിയാണി.

പൂച്ചകൾ ആർത്തിയോടെ പാത്രത്തിൽ നിന്നു ബിരിയാണി കഴിക്കുന്നത് സ്വന്തം മക്കൾക്ക് ഭക്ഷണം കൊടുക്കുന്ന വാത്സല്യത്തോടെ അയാൾ നോക്കിനിന്നു. ഞാൻ ഇതൊക്കെ ശ്രദ്ധിക്കുന്നത് കണ്ടു അയാൾ എന്നെ നോക്കി പുഞ്ചിരിയോടെ സലാം ചൊല്ലി ''സലാം ബായി". ഞാനും ഉപചാരപൂർവ്വം സലാം മടക്കി.

'' ബില്ലി സാരാ ഭൂക്കാ ഹേ. യേ സാരാ മേരാ ബെച്ചാ ഹേ.(പൂച്ചകൾ എല്ലാം വിശന്നവരാണ്. ഇതു എല്ലാം എന്‍റെ മക്കളാണ്) ’’ 

അയാൾ പറഞ്ഞു. തുടർന്ന് പൂച്ചകളുടെ വിശേഷങ്ങൾ നിറുത്താതെ അയാൾ എന്നോട് പറഞ്ഞുകൊണ്ടിരുന്നു. ബിരിയാണി തിന്നു വയറു നിറഞ്ഞതോടെ അയാളോടു പൂച്ചകളുടെ സ്നേഹപ്രകടനങ്ങൾ ആയി. മുട്ടിയുരുമ്മി വാലുപൊക്കി വിറപ്പിച്ചു, ഉച്ചത്തിൽ കുറുകി, പൂച്ചകൾ നന്ദി പ്രകടിപ്പിച്ചു. പൂച്ചകളോട് യാത്ര പറഞ്ഞു എന്നെ കൈ ഉയർത്തി കാട്ടി അയാൾ കാറോടിച്ചു എങ്ങോട്ടോ പോയി. അയാൾ പോയതോടെ പൂച്ചകളുടെ നോട്ടം എന്‍റെ കൈയ്യിൽ ഉള്ള പ്ലാസ്റ്റിക് ബാഗിലേക്കായി. മാർക്കറ്റിൽ നിന്നു വാങ്ങിയ മീനിന്‍റെ മണം അവയുടെ മൂക്കിൽ എത്തിക്കാണും. നല്ല ബിരിയാണി കഴിച്ചാലും മീനിന്‍റെ മണമടിച്ചാൽ പൂച്ചകൾക്ക് ഹാലിളകും. ബാഗ് ഒന്നുകൂടെ പൊത്തിപ്പിടിച്ചു ഞാൻ ഫ്ലാറ്റിലേക്ക് കയറി. ' ഇവനേതാ ഈ തെണ്ടി ' എന്ന മുഖഭാവത്തോടെ പൂച്ചകളും ങ്യാവു, ങ്യാവു എന്നു ഉച്ചത്തിൽ കുറെ കരഞ്ഞിട്ടു അവറ്റകളുടെ വഴിക്ക് പോയി.


പിന്നീട് പല തവണ അയാളെ ഞാൻ റോഡിൽ വെച്ചു കണ്ടുമുട്ടി. തന്‍റെ 1987 മോഡൽ പഴഞ്ചൻ ടയോട്ട കൊറോളയുമായി മൂപ്പർ അങ്ങനെ കറങ്ങുന്നതു കാണാം. എവിടെ എന്നെ കണ്ടാലും കൈ ഉയർത്തി സലാം ചൊല്ലും. കാറിന്‍റെ മുൻഭാഗത്തെ ചില്ലുകൾ താഴ്ത്തി കൈ ഡോറിന്‍റെ പുറത്തേക്ക് വെച്ചാകും എപ്പോഴും യാത്ര. പിന്നീട് ആരോ പറഞ്ഞാണ് ഞാൻ മൂപ്പരെക്കുറിച്ചു മനസ്സിലാക്കിയത്.


അസദ് ഖാൻ എന്നാണയാളുടെ പേര്. ബില്ലി ഭായ് എന്നാണ് എല്ലാവരും അയാളെ വിളിക്കുക. പൂച്ചകളോടുള്ള സഹവാസം കൊണ്ടാകും അയാൾക്ക്‌ അങ്ങനെ ഒരു പേർ കിട്ടിയത്. പുള്ളിയുടെ വാസസ്ഥലം ആണത്രേ ആ ടയോട്ട കാർ. രാത്രി കിടപ്പും മറ്റും വണ്ടിയിൽ തന്നെ. കൂട്ടിനു വണ്ടിയുടെ കീഴിൽ കുറെ പൂച്ചകളും കാണും. പകൽ ആ വണ്ടി കള്ള ടാക്സിയായി ഓടിച്ചു കിട്ടുന്ന വരുമാനം കൊണ്ടാണ് മൂപ്പർ കഴിയുന്നത്. ഞാൻ താമസ്സിക്കുന്ന ടൗണിൽ അറബി വല്യാപ്പമാരെ ടാക്സിയിൽ അങ്ങോട്ടും ഇങ്ങോട്ടും കൊണ്ടു പോകുകയാണ് ബില്ലി ഭായിയുടെ പണി.


ചെറിയ പട്ടണമായതിനാൽ എല്ലാവരും പരിചയക്കാർ. കള്ള ടാക്സി ഓടിക്കുന്നവരെ പോലീസ് പിടിച്ചു കനത്ത ഫൈൻ ചുമത്തും. ബില്ലിഭായിയെ മാത്രം ആരും പിടിയ്ക്കുകയില്ല. അതിനൊരു കാരണമുണ്ട്, മൂപ്പർ ഈ പ്രദേശത്തു വന്നിട്ടു പത്തുമുപ്പതു കൊല്ലം ആയി. അന്നത്തെ കൊച്ചുകുട്ടികൾ ഒക്കെ വളർന്നു വലിയ പോലീസുകാരും മറ്റും ആയി. അവർ ആരും ബില്ലിഭായിയെ ഒന്നും ചെയ്യില്ല. കാരണം അവരുടെ ചെറുപ്പത്തിൽ ബില്ലിഭായിയുടെ കാറിൽ കയറി എത്ര തവണ യാത്ര ചെയ്തവരാണ്. കുട്ടികൾക്കു സ്പോർട്സ് ക്ലബ്ബിലും ഷോപ്പിംഗ് മാളിലും മറ്റും പോകാൻ ബില്ലിഭായി സഹായിക്കും. എന്തെങ്കിലും പ്രതിഫലം കൊടുത്താൽ അയാൾ വാങ്ങിക്കും,കൊടുത്തില്ലെങ്കിലും കുഴപ്പമില്ല, അങ്ങോട്ട് ഒന്നും ചോദിച്ചു വാങ്ങുകയില്ല.


കിളവന്മാരായ അറബികൾക്ക് മാർക്കറ്റിൽ പോകാനും ബാർബർ ഷോപ്പിൽ പോകാനും മറ്റും ബില്ലിഭായിയെയാണ് ആശ്രയിക്കുന്നത്. അറബികളുടെ വീട്ടിൽ കുറഞ്ഞത് അഞ്ചാറു വണ്ടികൾ എങ്കിലും കാണും. എന്നാൽ ആവശ്യത്തിനു കിഴവന്മാരായ വല്യതന്തമാർക്കു യാത്രയ്ക്ക് ബില്ലിഭായിയുടെ വണ്ടിതന്നെ ശരണം. മക്കൾക്കൊക്കെ വലിയ തിരക്കാണ് അതിനിടയിൽ ഈ വല്യാപ്പമാരുടെ കാര്യം ഒക്കെ നോക്കാൻ ആർക്കാണ് നേരം.


ചുരുങ്ങിയ ചില നാളുകൾ കൊണ്ട് ഞാനും ബില്ലിഭായിയും തമ്മിൽ വലിയ പരിചയക്കാരായി മാറി. പാക്കിസ്ഥാനിലെ മുൾത്താൻ പ്രവിശ്യക്കാരനാണയാൾ. ഇവിടെ ഗൾഫിൽ പത്തുമുപ്പതു കൊല്ലം ആയി. നാട്ടിൽ പോകാറില്ലത്രേ. സാധാരണ വിസാ കാലാവധി കഴിഞ്ഞവരാണ് നാട്ടിൽ പോകാതെ ഇവിടെ കുടുങ്ങി കിടക്കുന്നത്. പലർക്കും അതു പുറത്തുപറയാൻ മടിയാണ്. അതിനാൽ ഞാൻ അക്കാര്യത്തെക്കുറിച്ചു കൂടുതൽ ഒന്നും ചോദിച്ചില്ല. പൂച്ചകൾക്കും പ്രാവുകൾക്കും ഭക്ഷണം കൊടുക്കുകയാണ് പ്രധാന വിനോദം. ടാക്സി ഓടിച്ചുകിട്ടുന്ന പണത്തിന്‍റെ ഭൂരിഭാഗവും അവറ്റകൾക്കു ഭക്ഷണം കൊടുക്കാനാണ് ഉപയോഗിക്കുക. പരിചയമുള്ള അറബികൾ കൈ അയച്ചു സഹായിക്കും.താമസ്സിക്കുവാൻ സ്വന്തമായി റൂമൊന്നുമില്ല. കാറിലാണ് വിശ്രമവും രാത്രി കിടപ്പും. മുസ്ലിംപള്ളികളോടു ചേർന്നുള്ള ശൗചാലയങ്ങളിൽ നിന്നു പ്രാഥമിക കൃത്യങ്ങൾ നിർവ്വഹിക്കും. കുളിക്കുന്നതും മറ്റും എവിടെയാണ് എന്നു ചോദിച്ചപ്പോൾ കടലിൽ കുളിയ്ക്കും എന്നാണ് മറുപടി. ഞാൻ താമസിക്കുന്ന ചെറുപട്ടണം കടലിന്‍റെ അടുത്തു ആയതിനാൽ ബീച്ചുകൾ ധാരാളം. ബീച്ചുകളിൽ കടലിൽ കുളിച്ചിട്ടു ശുദ്ധജലത്തിൽ കുളിക്കുവാനുള്ള ബാത്ത്റൂമുകൾ ധാരാളം. അല്ലെങ്കിൽ തന്നെ പാക്കിസ്ഥാനി ഡ്രൈവർന്മാർ പൊതുവെ കുളിയ്ക്കുവാൻ മടിയുള്ളവരാണ്. കാറിൽ കയറുമ്പോൾ തന്നെ ഒരു മുഷിഞ്ഞ ഉളുമ്പുനാറ്റം എപ്പോഴും കാണും.

ഗൾഫിൽ പൂച്ചകൾ ധാരാളം. എവിടെ തിരിഞ്ഞാലും കാണും പൂച്ചകൾ. ഗൾഫിൽ നായ്ക്കൾ കുറവായതിനാൽ അവറ്റകളുടെ സ്വൈര്യവിഹാരത്തിനു ഒരു തടസ്സവും ഇല്ല. ബില്ലിഭായി ടൗണിലൂടെ വണ്ടിയുമായി കറങ്ങും. പൂച്ചകളും പ്രാവുകളും ഒക്കെ മൂപ്പരെ കാണുന്നതോടെ പെരുത്ത സന്തോഷത്തിലാകും. പ്രാവുകൾക്കായി വണ്ടിയുടെ ഡിക്കിയിൽ ഗോതമ്പിന്‍റെ ചാക്ക് കരുതിയിട്ടുണ്ട്. അതിരാവിലെ തന്നെ പ്രാവുകൾക്ക് തീറ്റ കൊടുത്തു തീർക്കും. ബില്ലിഭായിയുടെ വരവും കാത്തു പ്രാവുകൾ തെരുവുകളിൽ കൂട്ടമായി കാണും. പ്രാവുകൾക്കു തീറ്റ കൊടുക്കുന്നത് കണ്ടുനിൽക്കാൻ നല്ല രസം. ഞാൻ താമസിക്കുന്ന ഫ്ലാറ്റിന്‍റെ മുമ്പിലെ പള്ളിയുടെ അങ്കണത്തിൽ രാവിലെ തന്നെ ആ കാഴ്ച കാണാം. രാവിലെ ജോലിയ്ക്ക് പോകുന്ന തിരക്കിനിടയിൽ ഞാൻ അൽപ്പനേരം ആ കാഴ്ച കണ്ടു നിൽക്കും. ഒട്ടും പേടി കൂടാതെ പ്രാവുകൾ ബില്ലിഭായിയുടെ കൈയ്യിൽനിന്ന് ഗോതമ്പുമണികൾ കൊത്തിതിന്നുന്നത് കാണാൻ നല്ല ശേലാണ്. തീറ്റ കൊടുത്തതിനു ശേഷം ബില്ലിഭായി കാർ ഓടിച്ചു പോകുന്നതിന് പിന്നാലെ പ്രാവുകൾ കൂട്ടമായി കാറിന് പിറകെ പറക്കും. ഒരു രണ്ടു റൗണ്ട് ചുറ്റിയതിന് ശേഷമേ അവറ്റകൾ വിട്ടുപോകുയുള്ളൂ. ആ കാഴ്ച കാണാൻ നല്ല രസമാണ്. ഉച്ചയ്ക്കാണ് പൂച്ചകൾക്ക് ഭക്ഷണം കൊടുക്കുക. പൂച്ചകൾ മൂപ്പരുടെ മക്കളാണെന്നാണ്‌ ബില്ലിഭായി ബഡായി പറയുന്നത്. ഭക്ഷണം കൊടുത്തു പൂച്ചകളുമായി സല്ലപിച്ചതിന് ശേഷമേ ബില്ലിഭായി മടങ്ങാറുള്ളൂ. പൂച്ചകൾക്ക് എല്ലാം ബില്ലിഭായി ഓരോരോ പേരിട്ടിട്ടുണ്ട്. പേരു വിളിയ്ക്കുന്നതിനു അനുസരിച്ചു അവർ ഓടിയെത്തി മുട്ടിയുരുമ്മി നിൽക്കും. അറബിപ്പേരുകൾ ആണ് മിക്കവയ്ക്കും, അസ്‌വദ്(കറുമ്പൻ), അബിയത്ത്(വെളുമ്പൻ), ജമീല, അബുഹോസൻ അങ്ങനെ എല്ലാവർക്കും പേരുകൾ ഉണ്ട്. മിക്കപ്പോഴും മട്ടൻ ബിരിയാണിയോ പാകിസ്ഥാനി റൊട്ടിയും കീമയും ഒക്കെ ആകും ഭക്ഷണം നൽകുക. ഏതോ പബ്ലിക് കിച്ചണിൽ (ഗൾഫിൽ ഓർഡർ അനുസരിച്ചു ഭക്ഷണം തയാറാക്കി കൊടുക്കുന്ന സ്ഥലം) നിന്നു പ്രത്യേകം തയാറാക്കി ആണ് മൂപ്പർ പൂച്ചകൾക്കു ഭക്ഷണം കൊണ്ടുവരുന്നത്. ബില്ലിഭായിക്കു അറബികൾ ദാനമായി കൊടുക്കുന്നതും ടാക്സി ഓടിച്ചുകിട്ടുന്നതുമായ പണത്തിന്‍റെ ഭൂരിഭാഗവും അതിനായിട്ടാണ് ചിലവഴിയ്ക്കുന്നത്. മനുഷ്യന്‍റെ ഓരോരോ വിചിത്ര സ്വഭാവങ്ങളേ...


വൈകിട്ടു അസർ നിസ്കാരത്തിനുശേഷം ബില്ലി ഭായി പള്ളിയ്‌ക്കു മുമ്പിലെ ബംഗാളി റെസ്റ്റോറന്റിന്‍റെ മുമ്പിലിരിക്കുമ്പോഴാണ് എന്നെ കണ്ടത്. നടക്കാനിറങ്ങിയതായിരുന്നു ഞാൻ.
" ആവൊ ഭായി..ബൈട്ടോ..ചായ് പീയേഗാ?   "  
ബില്ലിഭായി നിർബന്ധിച്ചു എന്നെ ചായ കുടിയ്ക്കാനായി കൂട്ടി. റെസ്റ്റോറന്റിന്‍റെ പുറത്തെ കസേരകളിൽ ഇരുന്നു ഞങ്ങൾ പരസ്പരം വിശേഷങ്ങൾ പങ്കുവച്ചു തുടങ്ങി. ഇത്തരം സന്ദർഭങ്ങളിൽ എല്ലാ പ്രവാസികളുടെയും സ്നേഹസംഭാഷണങ്ങൾ ആരംഭിക്കുക നാട്ടിലെ ഉറ്റവരുടെ വിശേഷങ്ങൾ തിരക്കികൊണ്ടാകും.

"ആപ്കാ മുല്ലൂക്ക് മേം സബ് ടീക് ഹേ നാ?  
(നാട്ടിൽ  എല്ലാവരും സുഖം തന്നെയോ?) ''

ബില്ലിഭായി എന്നോടു വിശേഷങ്ങൾ തിരക്കി തുടങ്ങി. നാട്ടിൽ എല്ലാവരും സുഖമെന്നും മഴയില്ലെന്നും  തുടങ്ങി നിരർത്ഥകമായ ഇത്തരം ചോദ്യോത്തരങ്ങൾ ഗൾഫിലെ പതിവാണ്.


സംഭാഷണങ്ങൾക്കിടയിൽ ചായയും ചൂട് സമൂസയും എത്തി. ബംഗാളികളുടെ ചായ ഒരുതരമാണ്. ധാരാളം പാലൊഴിച്ചു ഒരു മൂന്നാലു സ്പൂൺ പഞ്ചസാരയിട്ട ചായ. ബംഗാളികളും പാക്കിസ്ഥാനികളും പൊതുവേ മധുരപ്രിയരാണ്. നമ്മൾ മലയാളികൾക്ക് ആ ചായ കുടിയ്ക്കണമെങ്കിൽ അസാമാന്യ മനക്കരുത്ത് വേണം. ചൂട് സമൂസയ്ക്കു നല്ല രുചിയുണ്ട്. സമൂസ കടിച്ചുകൊണ്ട് ഞാൻ ഏറെ നാളായി അയാളോട് ചോദിക്കണം എന്നു കരുതിവെച്ച ചോദ്യമെറിഞ്ഞു.

" താങ്കൾ  എന്തുകൊണ്ട് നാട്ടിൽ പോകുന്നില്ല?  " 

ആ ചോദ്യം അയാളെ തെല്ലൊന്നു കുഴക്കി. അയാൾ എന്‍റെ മുഖത്തേക്ക് ഒന്നു സൂക്ഷിച്ചു നോക്കി. നസ്വാറിന്‍റെ (പാകിസ്ഥാനികൾ എപ്പോഴും ഉപയോഗിക്കുന്ന ഒരു തരം പാൻ പോലെയുള്ള  ലഹരിവസ്തു) കറ പിടിച്ച പല്ലുകൾ പുറത്തേക്ക് തള്ളിവന്നു. നെറ്റിയിലെ നരമ്പുകൾ എഴുന്നുവന്നു. എനിയ്ക്ക് അയാളെക്കുറിച്ചു എന്തൊക്കയോ അറിയാം എന്നാണ് അയാളുടെ ധാരണ എന്നു തോന്നുന്നു.

" ക്യോം ആപ്കോ നഹി മാലും ഹേ? "

എനിയ്ക്കു ഒന്നും അറിയില്ല എന്നു ഞാൻ പറഞ്ഞത് അയാൾ മുഖവിലയ്ക്ക് എടുത്തു എന്നു തോന്നുന്നു. അത് ഒരു കഥയാണ് ഭായി.. അയാൾ ഒരു നിമിഷം കണ്ണുകൾ അടച്ചു. പിന്നെ തെല്ലു മടിയോടെ അയാൾ തന്‍റെ ജീവിതകഥ പറഞ്ഞുതുടങ്ങി. ഇരുപതു കൊല്ലമായി നാട്ടിൽ പോയിട്ടില്ല എന്നു അയാൾ എന്നോടു പറഞ്ഞു. എന്തുകൊണ്ട് എന്ന ചോദ്യത്തിനുള്ള മറുപടി കേട്ടു ഞാൻ ഒന്നു തരിച്ചു.

" മേനേ അപ്‌നാ ബീബി കോ മാർഡാലാ..തുക്കടാ തുക്കടാ കിയാ.." (ഞാൻ എന്‍റെ ഭാര്യയെ കൊന്നവനാണ്..തുണ്ടം തുണ്ടമായി മുറിച്ചു..)

എന്‍റെ മുഖത്തു രക്തമയമില്ലാതെ ആയി, ഇത്ര ക്രൂരനായ ഒരു മനുഷ്യന്‍റെ മുമ്പിലാണല്ലോ ഇരിയ്ക്കുന്നത് എന്ന ചിന്ത എന്നെ നടുക്കി. അയാൾ പതിഞ്ഞ ശബ്ദത്തിൽ കാര്യങ്ങൾ പറഞ്ഞു തുടങ്ങി. ഇരുപതു കൊല്ലങ്ങൾക്ക് മുമ്പ് നാട്ടിൽ പോയതാണയാൾ. ഭാര്യ അയാൾ നാട്ടിലെത്തുന്നതിന്‌ ഒരാഴ്ച്ച  മുമ്പ് വേറെ ഒരാളോടൊപ്പം ഓടിപ്പോയി. കലിമൂത്ത അയാൾ ഭാര്യയേയും കാമുകനെയും വെട്ടിനുറുക്കി നാടുവിട്ടതാണ്. പിന്നീട് അയാൾ നാട്ടിൽ പോയിട്ടില്ല. നാട്ടിൽ തിരികെ ചെന്നാൽ ഭാര്യയുടെയും കാമുകന്‍റെയും വീട്ടുകാർ ബില്ലിഭായിയെ വെട്ടിനുറുക്കും. കാട്ടുനീതിയാണ് അവിടെ. കണ്ണിന് കണ്ണ്, പല്ലിന് പല്ല്, ചോരയ്ക്കു ചോര അതാണവിടുത്തെ നീതി. എത്ര കുട്ടികൾ ഉണ്ട് എന്ന ചോദ്യത്തിനു അയാൾ ഒന്നും മറുപടി പറഞ്ഞില്ല. എത്ര നിർബന്ധിച്ചിട്ടും അയാൾ മറുപടി പറയാൻ തയ്യാറായതുമില്ല. ഒരുപക്ഷെ കുട്ടികളോടു കാണിയ്ക്കാൻ പറ്റാത്ത സ്നേഹമായിരിയ്ക്കും അയാൾ പൂച്ചകളോടും പ്രാവുകളോടുമൊക്കെ കാണിക്കുന്നത്.


അടുത്ത ആഴ്‌ച റമദാൻ നോയമ്പ് തുടങ്ങി. നോയമ്പ് തുടങ്ങിയാൽ ഗൾഫ് ജീവിതത്തിന്‍റെ തിരക്ക് എല്ലാം ഒന്നു കുറയും. ജോലി സമയം ഒക്കെ കുറവ്. വൈകിട്ടു നോയമ്പ് തുറന്നതിനുശേഷമേ കടകളും മറ്റു ബിസിനസ്സുകളും സാധാരണ നിലയിൽ ആകുകയുള്ളൂ. പിന്നീട് കുറെ ദിവസത്തേക്ക് ഞാൻ ബില്ലിഭായിയെ കണ്ടിട്ടില്ല. നേരത്തെ ജോലി കഴിഞ്ഞു വീട്ടിൽ എത്തിയാൽ ഞാൻ പുറത്തോട്ടു ഇറങ്ങാറുമില്ല. പെരുനാൾ ദിനങ്ങൾ വന്നെത്തിയതോടെ എല്ലാറ്റിനും പഴയ വേഗം വന്നെത്തി. ഒരു വൈകുന്നേരം ബില്ലിഭായി കാറുമായി പോകുന്നത് ഞാൻ കണ്ടു.പഴയതു പോലെ കൈവീശി സലാം പറഞ്ഞു അയാൾ കടന്നുപോയി.


വെള്ളിയാഴ്ച്ച പെരുനാൾ കഴിഞ്ഞു പിറ്റേ ദിവസം ഉച്ചയ്ക്ക് എന്തോ സാധനങ്ങൾ വാങ്ങാൻ പുറത്തിറങ്ങിയതാണ്. ബില്ലിഭായിയുടെ കാറിനു ചുറ്റും ചെറിയ ഒരു ആൾകൂട്ടം. അവിടവിടെയായി പൂച്ചകളും കൂട്ടം കൂടിനിൽക്കുന്നു. ആകെ ഒരു പന്തിക്കേട്‌. ഞാൻ ധൃതിയിൽ അങ്ങോട്ടു കടന്നുചെന്നു. മുൻസീറ്റ് പുറകോട്ടു ചാരിവെച്ച് ബില്ലിഭായി കിടക്കുന്നു. അടക്കം പറയുന്ന ബംഗാളികളോടു ഞാൻ കാര്യം തിരക്കി.

" ബില്ലിഭായി ഫോത്ത് ഹോഗയാ..(ബില്ലിഭായി മരിച്ചു..). "

ഞാൻ ഒന്നു നടുങ്ങി. എന്‍റെ കാലുകൾ വിറച്ചു. ഒരു ബലത്തിനായി ഞാൻ കാറിന്‍റെ പുറത്തേക്കു ചാരി. ശാന്തനായി ഉറങ്ങുന്നതുപോലെ കിടക്കുന്നു ബില്ലിഭായി.

തലേന്നു രാത്രി കാറിൽ ഉറങ്ങാൻ കിടന്നതാണയാൾ. ഉറക്കത്തിൽ എപ്പോഴോ അയാൾ ശാന്തമായി മരണത്തിലേക്കു നടന്നുകയറി. ആരോ പൊലീസിലേക്കു വിളിച്ചു പറഞ്ഞു. അല്പനേരത്തിനു ശേഷം സൈറൺ മുഴക്കികൊണ്ടു പോലീസുവണ്ടിയും ആംബുലൻസും വന്നു. പിന്നെ കാര്യങ്ങൾ ഒക്കെ പെട്ടെന്നു നടന്നു. ബില്ലിഭായിയുടെ ബോഡി പാരാമെഡിക്കുകളും പോലീസും പരിശോധനകൾക്കു ശേഷം സ്‌ട്രെച്ചറിലേക്കു മാറ്റി.


കാണാനുള്ളവർ അടുത്തുചെന്നു മയ്യിത്ത് കണ്ടു. ശാന്തമായി ഉറങ്ങുന്നതുപോലെ കിടക്കുന്നു ബില്ലിഭായി, ചുണ്ടുകളുടെ കോണിൽ എവിടേയോ ഒരു പുഞ്ചിരി ഉള്ളതുപോലെ. ആളുകളുടെ തിരക്കു പൂച്ചകളെ തെല്ലു അസ്വസ്ഥരാക്കി. അവറ്റകൾ വാലുചുരുട്ടി ചെറിയ നിലവിളി ശബ്ദം എന്നുതോന്നുന്ന നിലയിൽ കരഞ്ഞുകൊണ്ട് ആംബുലൻസിനു ചുറ്റും നടന്നു. ഡോറുകൾ അടഞ്ഞു ആംബുലൻസ് നീങ്ങി തുടങ്ങി. എവിടെ നിന്നോ വന്ന ഒരു കൂട്ടം പ്രാവുകൾ ആ വാഹനത്തിനു അകമ്പടി സേവിച്ചു കുറേ ദൂരം പോയതിനു ശേഷം അനന്തനീലിമയിലേക്കു പറന്നുപോയി.പാവം പൂച്ചകൾ അവർക്കു മനസ്സിലായിക്കാണുമോ ആവൊ അവരുടെ ബില്ലിഭായി ഇനി ഒരിക്കലും ബിരിയാണിയുമായി അവരെ തേടി വരികില്ലെന്നു ;  മനസ്സിലായി കാണും, മനുഷ്യരേക്കാൾ സ്നേഹവും നന്ദിയുമുള്ളവരാണല്ലോ പലപ്പോഴും മൃഗങ്ങൾ.. 
മാതൃഭൂമി  ഓൺലൈൻ  പതിപ്പിലേക്കുള്ള  ലിങ്ക്