Friday 9 December 2016

കല്ലടയാറെ നിന്നെ മറന്നാൽ..

കല്ലടയാറെ നിന്നെ മറന്നാൽ..





മരുഭൂമിയിൽ ഇരുന്നു നാടിനെ കുറിച്ചു നൊസ്റ്റി അടിക്കുക എന്റെ ഒരു ശീലമായിട്ടുണ്ട്. കല്ലടയാർ അങ്ങനെ ഓർമ്മകളിൽ വന്നു നിറയുകയാണ്. ഇവിടെ മരുഭൂമിയിൽ ഇരുന്നു കല്ലടയാറിനെകുറിച്ചു ഒക്കെ പറഞ്ഞാൽ എന്റെ കുട്ടികൾ  ചിരിക്കും. അവർക്കെന്ത് കല്ലടയാർ?.. അവരുടെ ജീവിതസാഹചര്യങ്ങളും നാലുചുമരുകളിലെ ഫ്ലാറ്റ് ജീവിതവും അവരെ അങ്ങനെ ആക്കിതീർത്തു. വല്ലപ്പോഴും നാട്ടിൽ പോകുമ്പോൾ മിന്നായം പോലെ കാണുന്ന കല്ലടയാറിനെ കുറിച്ചു അതിൽ കൂടുതൽ എന്താണ് അവർക്ക് ഓർമ്മിക്കുവാൻ?. അപ്പന്റെ ഓരോരോ വട്ടുകൾ എന്നാവും  അവർ ചിന്തിയ്‌ക്കുക. കാലങ്ങൾക്കും ഒഴുകുന്ന ഇടങ്ങൾക്കും അനുസരിച്ചു വിവിധഭാവങ്ങൾ ഉള്ള പുഴയാണ് കല്ലടയാർ. പുനലൂർ തൂക്കുപാലത്തിന്റെ മുകളിൽ നിന്ന് കല്ലടയാറ്റിലേക്ക് നോക്കിയാൽ ഒരു ഓട്ടചായയുടെ നിറമാണ് മിക്കപ്പോഴും കല്ലടയാറിന്. കല്ലടയാറിന്റെ ഒട്ടും സൗന്ദര്യമില്ലാത്ത മുഖമാണ് നാം അവിടെ കാണുക. എന്നാൽ പുനലൂരിന് കിഴക്കോട്ടു പോയാൽ കല്ലടയാറിന്റെ വന്യസൗന്ദര്യം ആവോളം കണ്ടു തൃപ്തിയടയാം. എന്തൊരു സൗന്ദര്യമാണ് കല്ലടയാറിന്. എത്ര ഒളിമങ്ങാത്ത ഓർമ്മകൾ ആണ് കുട്ടിക്കാലത്തു കല്ലടയാർ ഞങ്ങൾക്ക് സമ്മാനിച്ചത്.


എന്റെ ഗ്രാമത്തെ രണ്ടായി പകുത്തുകൊണ്ടു കടന്നുപോകുന്ന കൊല്ലം-ചെങ്കോട്ട റോഡിന് സമാന്തരമായി ഒഴുകുന്ന കാട്ടുസുന്ദരിയാണ് കല്ലടയാർ. പുനലൂർ വരെ ഒരു കാട്ടാറിന്റെ എല്ലാ സൗന്ദര്യവും ഉൾക്കൊണ്ട് ഒഴുകുന്ന സുന്ദരിക്കോത. വേനൽക്കാലത്ത് ശാന്തത പൂണ്ട് പാറക്കെട്ടുകളുടെ ഇടയിലൂടെ പൊട്ടിച്ചിരിച്ചും ഉല്ലാസവതിയായും ഒഴുകുന്ന അവൾ മഴക്കാലമായാൽ രൗദ്രഭാവം പൂകും. ചെമ്മണ്ണിന്റെ നിറവും പൂണ്ട് ഇരുകരകളും കവർന്നെടുത്തു പായുന്ന വമ്പത്തി. എന്തെന്ത്  ഭാവങ്ങൾ   ആണ്  കല്ലടയാറിന്..   ഞങ്ങളുടെ കുട്ടിക്കാലം ഓർമ്മകളാൽ സമ്പന്നമാക്കുവാൻ  ദൈവം തന്ന വരദാനം.


എന്റെ സ്കൂൾ ജീവിതകാലത്തെ നിറമുള്ള ഓർമ്മകളിൽ പ്രധാനപങ്കും കല്ലടയാറുമായി ബന്ധപ്പെട്ടതാണ്. ഞാൻ  ഒറ്റ ആൺസന്താനം ആയതിനാൽ ആറ്റിലൊക്കെ കുളിക്കാൻ വിടാൻ അമ്മയ്ക്ക് വലിയ പേടിയായിരുന്നു. അത് എല്ലാ ഒറ്റ ആൺപുത്രന്മാരുടെയും വിധിയാണ്. പുഴയിൽ കുളിക്കാൻ, മരം കയറാൻ, സൈക്കിൾ ഓടിക്കാൻ,ഡ്രൈവിംഗ് പഠിക്കാൻ എല്ലാറ്റിനും ഒറ്റ ആൺസന്താനമെങ്കിൽ വീട്ടിൽ വിലക്ക് കാണും. കാരണം വേറൊന്നുമില്ല, വീട്ടിൽ  പകരം വെയ്ക്കാൻ വേറൊരു ആൺതരിയില്ലാത്തത് തന്നെ. അങ്ങനെ പേടിത്തൊണ്ടന്മാരായി വളരുന്നവരായിരിക്കും എല്ലാ ഒറ്റ ആൺ മക്കളും. പക്ഷെ അവരെപ്പോലെ  കുരുത്തം കെട്ടവന്മാർ വേറെ കാണില്ല. അത്തരത്തിൽ ഒരു കുരുത്തം കെട്ട സന്താനമായിരുന്നു ചെറുപ്പത്തിൽ ഞാൻ.


യു.പി സ്കൂളിൽ  എത്തിയതോടെ കുരുത്തക്കേടിന് ശക്തി കൂടി. വെള്ളിയാഴ്ചകൾ ആയിരുന്നു എനിക്കും  കൂട്ടുകാർക്കും ഇഷ്ടമുള്ള  സ്കൂൾദിനം. കാരണം അന്ന് മുസ്ലീം കുട്ടികൾക്ക് മതപഠനത്തിനും നിസ്‌കാരത്തിനും  ഗവൺമെൻറ് സമയം കൂടുതൽ കൊടുക്കുന്നതിനാൽ ഉച്ചയ്ക്ക് 12 മണിക്ക് സ്കൂൾ വിട്ടാൽ പിന്നെ 2 മണിക്കേ സ്കൂൾ തുടങ്ങുകയുള്ളൂ. അപ്പോഴാകും ഞങ്ങൾക്ക് ആറ്റിൽ കുളിക്കാനും കൂത്താടാനുമുള്ള അവസരം. തലേന്നു തന്നെ കൂട്ടുകാരോട് പറഞ്ഞു വെച്ചു തോർത്തുമുണ്ടുമായിട്ടാകും സ്കൂളിൽ വരവ്. അമ്മയും സാറന്മാരും അറിയാതെ തോർത്ത് വയറ്റിൽ കെട്ടിവെച്ചിട്ടാകും ക്ലാസ്സിൽ വരുക.


ഉച്ചയ്ക്ക് 12 മണിക്ക് ബെല്ലടിക്കുന്നതോടെ സ്കൂളിൽ കൊണ്ടുവന്ന പൊതിച്ചോർ വാരികഴിച്ചു ഒറ്റ ഓട്ടമാണ്. ഞാൻ, കൂടെ വാനരപ്പട പോലെ 4-5 കൂട്ടുകാർ. മലക്കറി എന്നു വിളിക്കുന്ന സുരേഷിന്റെ വീട്ടിലേക്കാകും യാത്ര. അവന്റെ അമ്മയ്ക്ക് അന്ന് പച്ചക്കറി കടയുണ്ട്. അതിനാൽ ആണ് മലക്കറി എന്നു പേർ വീണത്. ഞാൻ പുളുവൻ സിനു,ബൈജു തങ്കപ്പൻ, ഷാംജി തുടങ്ങി നാലഞ്ചുപേർ കാണും  ആ വാനരസംഘത്തിൽ. സ്കൂളിൽ നിന്ന് ഏകദേശം 2 കിലോമീറ്റർ കാണും അവന്റെ വീട്ടിലേക്ക്. കല്ലടയാറിന്റെ തീരത്താണ് മൂപ്പരുടെ വീട്. അവിടെ എത്തിയാൽ ആദ്യം ഓടിക്കയറുക വീടിന്റെ പിറകിൽ നിൽക്കുന്ന വലിയ പേരമരത്തിലേക്കാകും. വയറുനിറയെ പേരയ്ക്ക തിന്നിട്ടാകും പുഴയിലേക്കുള്ള ചാട്ടം. വീട്ടുവളപ്പിൽ ചാമ്പയും  പറങ്കിമാവും  ഒക്കെ ധാരാളം. എല്ലാറ്റിലും കൈവെയ്ക്കാതെ എങ്ങനെയാണ് തിരികെ വരിക. അതിലേക്കുള്ള ആക്രമണം കുളിച്ചു കൂത്താടിയിട്ടാകും. അവന്റെ  വീടിന്റെ പുറകിലുള്ള ആറിന്റെ മറുകര വനമാണ്. അവിടെ വനവിഭവങ്ങൾ  വേറെ, ഇലന്തിയും വെട്ടിപ്പഴവും കുളമാങ്ങയും. പുഴക്കര എത്തുന്നതോടെ ഇട്ടിരിക്കുന്ന ഷർട്ടും ഹാഫ്നിക്കറും അഴിച്ചു വെച്ചു തോർത്തുവാരി ചുറ്റി പുഴയിലേക്ക് ഒറ്റ ചാട്ടം. മുങ്ങി നിവരുമ്പോൾ എന്തൊരു സുഖം. എന്തൊരു തണുപ്പാണ് കാട്ടിലൂടെ ഒഴുകുന്ന കല്ലടയാറിന്. ഏതു വേനൽകാലത്തും കുളിർമ്മയുള്ള നദി.

 
കുളമാങ്ങ
വെട്ടിപ്പഴം

എനിയ്ക്കാകട്ടെ നീന്തൽ വശമില്ല. എത്ര ശ്രമിച്ചിട്ടും നീന്തൽ പഠിക്കാൻ സാധിച്ചിട്ടില്ല. വെറുതെ വെള്ളത്തിൽ കൈകാൽ ഇട്ടു അടിച്ചാലും മുമ്പോട്ടു നീങ്ങില്ല. ഒറ്റ ആൺസന്താനം എന്ന സ്വാഭാവികമായ പേടി കൊണ്ടാകും നീന്തൽ പഠിക്കാൻ സാധിക്കാത്തത് എന്നു പിന്നീട് തോന്നിയിട്ടുണ്ട്. നീന്തൽ അറിയാവുന്ന വെള്ളത്തിൽ ആശാന്മാർ ആണ് കൂട്ടുകാർ. മലക്കറി സുരേഷ് ആണ് കൂട്ടത്തിൽ ഏറ്റവും കേമൻ.അവൻ വെള്ളത്തിൽ കാണിക്കാത്ത അഭ്യാസങ്ങൾ ഇല്ല. വേനൽക്കാലമായാൽ നല്ല ഭംഗിയുള്ള പാറക്കെട്ടുകൾ തെളിഞ്ഞുവരും കല്ലടയാറ്റിൽ. ആ പാറകളിൽ നിന്നു മലക്കം മറിഞ്ഞു ആറ്റിലേക്കുള്ള ചാട്ടം..ഇപ്പോഴും  ഓർമ്മിക്കുമ്പോൾ മനസ്സ് അങ്ങ് കല്ലടയാറിന്റെ കരയിൽ  എത്തും.


ആറ്റിൽ നിറയെ പരൽമീനുകൾ കാണും. അവറ്റകൾക്കാകട്ടെ ഞങ്ങളെ ഒട്ടും പേടിയില്ല. കൈയ്യിലോ കാലിലോ മറ്റോ മുറിവ് ഉണ്ടെങ്കിൽ പറയുകയും വേണ്ട. അവറ്റകൾ വന്നു കൊത്തിക്കോളും. മീൻ വന്നു കൊത്തുമ്പോൾ ഒരുമാതിരി വേദന കലർന്ന ഇക്കിളിയാണ് തോന്നുക. കൈയ്യും കാലും ഇട്ടടിച്ചു മീനിനെ ഓടിച്ചാലും അവറ്റകൾ വിടുകയില്ല. പക്ഷെയുള്ള ഗുണം പിറ്റേദിവസം മുറിവ് ഉണങ്ങിയിരിക്കും.



കുളി മൂത്തുവരുമ്പോൾ ആകും നീന്തൽ മത്സരം. ആരാണ്‌  നീന്തി ആദ്യം അക്കരെയുള്ള കുളമാവിൻ മൂട്ടിൽ എത്തുക എന്നതാകും മത്സരം. നീന്തൽ അറിയാത്ത ഞാൻ ആകും റഫറി. എപ്പോഴും ജയിക്കുക നീന്തൽ വിദഗ്ധൻ  സുരേഷ് ആകും. അല്ലെങ്കിൽ തന്നെ അവനാണ് ജയിച്ചത് എന്നു ഞാൻ പൊളിപറയും. അതിനൊരു കാരണം ഉണ്ട്, എന്നോട് വലിയ സ്നേഹമാണ് മൂപ്പർക്ക്. എന്നെ മുതുകത്തു കയറ്റി അവൻ നീന്തി ആറ്റിനക്കരെ കൊണ്ടുപോകും. അല്ലാതെ എനിക്ക് അക്കരെ എത്തുവാൻ നീന്തലറിയില്ലലോ. പണ്ടു സ്കൂളിൽ പഠിച്ച കഥയിലെ മുതലച്ചാരുടെ മുകളിൽ ഇരിക്കുന്ന കുരങ്ങനെപ്പോലെ അള്ളിപ്പിടിച്ചു അവന്റെ  മുതുകത്ത് ഇരിക്കും. ആറ്റിന്റെ നടുക്കു എത്തുമ്പോഴാകും അവന്റെ ഇഷ്ടവിനോദം. അവനൊരു മുങ്ങുമുങ്ങും. ഞാൻ ആറ്റിന്റെ നടുക്കുകിടന്നു  നിലവിളിച്ചു വെള്ളത്തിൽ കൈകാലിട്ടടിക്കും. കുറെ വെള്ളം അകത്താകുമ്പോഴേക്കും അവൻ എന്നെ കോരി വീണ്ടും ചുമലിലാക്കി അക്കരെ കടത്തും. ഇപ്പോൾ ആലോചിക്കുമ്പോൾ പേടി തോന്നുന്നു. അന്നൊന്നും ഒരു പേടിയും ഇല്ലായിരുന്നു. കൂട്ടുകാരനെ അവിശ്വസിക്കേണ്ട കാര്യം ഇല്ലല്ലോ. സ്വന്തം കരളുകൂടെ പറിച്ചു തരാൻ തയ്യാറായിരുന്നു അവരൊക്കെ.

ആറ്റുവഞ്ചി 

 
ആറ്റുവഞ്ചി പഴം 



അക്കരെ എത്തിയാൽ ഇഷ്ടംപോലെ കുളമാങ്ങ പറിച്ചു കഴിക്കാം. കുളമാങ്ങ എത്ര വായനക്കാർ തിന്നിട്ടുണ്ട് എന്നറിയില്ല. ഒരു ചെറിയ നെല്ലിക്കയുടെ വലിപ്പം കാണും. പഴുത്ത പഴത്തിന്റെ പുറം തോടിനു  മധുരം കലർന്ന പുളിയാണ്. അതു ചപ്പി തിന്നശേഷം തോടുപൊട്ടിച്ചു അകത്തെ പരിപ്പ് തിന്നാൻ നല്ല രുചിയാണ്. കാരയ്ക്കയും വെട്ടിയും മൂട്ടിപ്പഴവും സമയം അനുസരിച്ചു വനത്തിൽ ധാരാളം. ചിലപ്പോൾ സീസൺ ആയാൽ ആറ്റുവഞ്ചി പഴങ്ങൾ നിറഞ്ഞു നിൽക്കുന്നത് കാണാം. ഏതാണ്ട്‌ മുന്തിരികുലകൾ കിടക്കുന്നത് പോലെ തോന്നും. കൊതിതോന്നി അതും ഞാൻ അകത്താക്കിയിട്ടുണ്ട്. അത് ഭക്ഷ്യയോഗ്യമല്ല എന്നുള്ള കാര്യം അടുത്തിടെയാണ് എവിടെയോ വായിച്ചത്. കൂടുതൽ  കഴിച്ചാൽ ശരീരത്തിന് കേടുമാണ്  എന്നു  ശാസ്ത്രം.

മൂട്ടിപ്പഴം


ഞങ്ങളുടെ അടുത്ത കുരുത്തക്കേട് കുളമാവിന്റെ മുകളിൽ നിന്ന് പുഴയിലേക്ക് ചാടുക എന്നതായിരുന്നു. ഓരോരുത്തരായി കുളമാവിന്റെ മുകളിൽ കയറി താഴേക്ക് ചാടും. എത്ര തവണ മലക്കം മറിയുന്നുവോ അത് എണ്ണും. ആരാണ് കൂടുതൽ മലക്കം മറിയുന്നത് അവനു ഫസ്റ്റ്. പുഴയുടെ മറ്റേ കരയിൽ സ്ത്രീകളുടെ കടവാണ്. അവിടെ ഉച്ചയ്ക്ക് തുണി കഴുകുവാനും കുളിക്കുവാനും അമ്മമാരും ചെറുപ്പക്കാരികളും കാണും. അവരെ ഒന്നു ഇമ്പ്രെസ് ചെയ്യിക്കുവാനും ആണ് ഈ വിനോദം.


കാരയ്ക്ക  
                                       
       
ഇലന്തി
                                               (ചിത്രങ്ങൾ  കടപ്പാട് : ഗൂഗിൾ )


അങ്ങനെ ഒരു ദിവസം ചാട്ടവും മലക്കം മറിച്ചിലും തകൃതിയായി നടക്കുന്നു.  ഒമ്പതിലോ പത്തിലോ  പഠിക്കുമ്പോൾ ആണെന്നാണ് എന്റെ ഓർമ്മ. അങ്ങേ കരയിൽ ഈ ചാട്ടം കാണാൻ കുളിക്കാനും തുണി നനയ്ക്കാനും വന്ന അമ്മമാരുടെയും കുമാരിമാരുടെയും ചെറിയ പെൺകുട്ടികളുടെയും  ഒരു  സംഘം രൂപപ്പെട്ടു. ഓരോ ചാട്ടം കഴിയുമ്പോളും അവർ ഉറക്കെ ചിരിച്ചും കമന്റുകൾ പറഞ്ഞും ഞങ്ങളെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു. തോർത്ത് പാളത്താറു പോലെ  കെട്ടിയാണ്  ചാട്ടം. ചാട്ടത്തിൽ തോർത്ത് ഉരിഞ്ഞു പോകല്ലല്ലോ. കൂട്ടത്തിൽ കേമനും മലക്കം മറിച്ചിൽ വിദഗ്ധനുമായ  സുരേഷിന്റെ ഊഴം  എത്തി. അവൻ മരത്തിൽ നിന്നു ചാടി. ആദ്യമലക്കം മറിഞ്ഞു, രണ്ടാമത്തെ മലക്കത്തോടെ അവന്റെ  തോർത്തുമുണ്ട്  ഉരിഞ്ഞു അതിന്റെ വഴിയ്ക്ക് പോയി. പെട്ടെന്നുള്ള  വെപ്രാളത്തിൽ അരയും പൊത്തിപ്പിടിച്ചുള്ള  അവന്റെ താഴേക്കുള്ള വരവ് ഇപ്പോഴും ഓർക്കുമ്പോൾ അറിയാതെ ചിരിപൊട്ടും. കൂട്ടുകാരായ കശ്മലന്മാരുടെയും അക്കരെ നിൽക്കുന്ന കശ്മലത്തികളുടെയും കൂക്കുവിളികൾക്കിടയിൽ  അവൻ  വെള്ളത്തിലേക്ക് ലാൻഡ്  ചെയ്തു  മുങ്ങാംകുഴിയിട്ടു. ബഹളത്തിന്റെയും  വെപ്രാളത്തിന്റെയും  ഇടയ്ക്കു  മൂപ്പരുടെ തോർത്ത്  എങ്ങോട്ടോ ഒഴുകി പോയി. പിന്നെ ഞങ്ങൾ കാണുന്നത് ആറ്റുവഞ്ചി ചെടികൾക്കിടയിൽ ഒരു നീർക്കോലി പോലെ അവന്റെ തലമാത്രം. അവൻ ഏറെ താണപേക്ഷിച്ച ശേഷം ആണ്  കൂട്ടുകാരിൽ ആരോ നീന്തി അക്കരെ പോയി അവന്റെ കാൽചട്ട എടുത്തു കൊണ്ടു വന്നത്. കൂക്കുവിളികൾക്കിടയിൽ  വെള്ളത്തിനടിയിൽ  മുങ്ങി  നിന്ന് അവന്റെ നിക്കറിടീൽ  പ്രകടനം ഏഷ്യാഡിൽ ഇന്ത്യയുടെ  ജിംനാസ്റ്റിക് പ്രകടനം പോലെ  ഞങ്ങളും അക്കരെ നിന്നിരുന്ന പെണ്മണികളും കൺകുളിർക്കെ  കണ്ടകാര്യം ജീവിതത്തിൽ എപ്പോഴെങ്കിലും മറക്കാൻ പറ്റുമോ?...    


കാലം ഒരുപാട്  മാറിപ്പോയി. കല്ലടയാറ്റിലൂടെ  ഒരു പാട്  വെള്ളം ഒഴുകി. ആ കുളമാവ്  ഒക്കെ അവിടെത്തന്നെ കാണുമോ ആവോ? . കാണാൻ വഴിയില്ല... വൈഡൂര്യഖനനവും മണൽവാരലും കല്ലടയാറിന്റെ കരകളെ കാർന്നുതിന്നു കളഞ്ഞിരിക്കുന്നു. ഇരുകരകളിലും നിന്നിരുന്ന വൻമരങ്ങളിൽ  മിക്കവയും  വെള്ളത്തിലേക്കിറങ്ങി ജലസമാധി അടഞ്ഞു കഴിഞ്ഞു. ആ കുളമാവും മറ്റു മരങ്ങളും ഒക്കെ  കാലയവനികയിൽ മറഞ്ഞു കാണും. കല്ലടയാറും മരിക്കുകയാണ്. പക്ഷെ  ഓർമ്മകൾക്ക് മാത്രം മരണമില്ല.  കല്ലടയാറെ നിന്നെ മറന്നാൽ ഞാൻ എന്റെ അമ്മയെ മറക്കുകയാണ്, മുലപ്പാലുപോലെ  ഞങ്ങൾക്ക് വെള്ളവും പച്ചപ്പും ഓർമ്മകളും തന്ന ഞങ്ങളുടെ പുഴയമ്മയെ....