Friday, 3 January 2025

ഈ ഓൺലൈൻ പഠനകാലത്തു ഒരു പഴഞ്ചൻ അധ്യാപകദിന ഓർമ്മകൾ

 


ഒന്നാംക്ലാസ്സിലെ ഒന്നാംദിനം ക്ലാസ്സിന്റെ വരാന്തയിൽ വായിനോക്കി നിന്നാണ് ഞാൻ ചിലവഴിച്ചത്. സ്കൂൾ തുറന്ന ദിവസം അധ്യാപകരായ അപ്പനും അമ്മയും അവർ പഠിപ്പിക്കുന്ന സ്കൂളിൽ നേരത്തെ എത്തേണ്ടതു കൊണ്ട് അയൽവാസിയും മൂന്നാംക്ലാസ്സിൽ രണ്ടുവട്ടം തോറ്റുപഠിക്കുന്ന സത്യനെ കൂട്ടിയാണ് എന്നെ സ്കൂളിൽ വിട്ടത്. അവൻ സ്കൂൾപടി കയറിയതിന് മുമ്പേ എങ്ങോട്ടോ മുങ്ങി. സ്കൂൾ തുറന്ന ദിവസം തന്നെ പുട്ടുപുരയിലെ ചെല്ലപ്പൻ ചേട്ടന്റെ കൈക്കാരൻപണി ഉറപ്പിക്കാൻ ഉള്ള തത്രപ്പാടിൽ ആയിരുന്നു അവൻ. അവിടെ സഹായിപ്പണി ചെയ്താൽ മഞ്ഞപ്പുട്ട് ഒരു വട്ടയിലപ്പൊതി വീട്ടിൽ കൊണ്ടുപോകാം. അന്നൊക്കെ സ്കൂളിൽ മഞ്ഞപ്പുട്ട് ആണ് ഉച്ചഭക്ഷണം ആയി നൽകുന്നത്. അതൊക്കെ ഞാൻ പിന്നീട് എപ്പഴോ അവൻ പറഞ്ഞിട്ടാണ് അറിയുന്നത്. വരാന്തയിൽ ആരും വിളിച്ചു കൊണ്ട് ക്ലാസ്സിൽ കൊണ്ടിരുത്താനില്ലാതെ ഞാൻ ഉച്ചവരെ നിന്നു. പുറത്തങ്ങനെ ആരും പരിഗണിക്കാതെ നിന്നപ്പോൾ ആദ്യം കുറച്ചുനേരം അമ്പരപ്പും പേടിയും ഒക്കെ ഉണ്ടായിരുന്നു,എന്നാൽ പതിയെ പുറംലോകത്തിലെ കാഴ്ചകളിലേക്കായി എന്റെ ശ്രദ്ധ. സ്ക്കൂൾ മുറ്റത്തു ഒരു വയസ്സൻ നെല്ലിമരവും നിറയെ പൂപിടിക്കുന്ന ചെമ്പകമരവുമുണ്ട്. മുന്നിൽ കൊല്ലം ചെങ്കോട്ട റോഡാണ്. റോഡിനപ്പുറം പത്മം രാജുമേശിരിയുടെ സൈക്കിൾ റിപ്പയറിങ് കടയും വെയിറ്റിങ് ഷെഡും. ചീറിപ്പായുന്ന പാണ്ടിലോറികളുടെയും റോഡിലൂടെ വല്ലപ്പോഴും പോകുന്ന ട്രാൻസ്‌പോർട്ട് ബസ്സിന്റെയെല്ലാം കണക്കെടുപ്പ് നടത്തി പ്രഥമസ്കൂൾ ദിനം അങ്ങനെ കടന്നുപോയി. അതിനിടെ വടി ചുഴറ്റിക്കൊണ്ട് അധ്യാപകർ പലരും അതുവഴി കടന്നുപോയെങ്കിലും എന്നെ ആരും ശ്രദ്ധിച്ചതേയില്ല .ആദ്യദിനം ആയതിനാൽ ഉച്ചക്ക് സ്കൂൾ വിട്ടു. എവിടെ നിന്നോ സത്യൻ എന്നെ കൂട്ടിക്കൊണ്ട് പോകാൻ പ്രത്യക്ഷനായി. ഇതാണ് എന്റെ ആദ്യ സ്കൂൾദിന ഓർമ്മ.
വീട്ടിൽ അപ്പനോടും അമ്മയോടും ഇനി ഞാൻ സ്കൂളിൽ പോകുന്നില്ലയെന്നും ആരും എന്നെ ക്ലാസ്സിൽ കയറ്റിയില്ല എന്നും പരിഭവം പറഞ്ഞു ഞാൻ കരഞ്ഞു. ഒടുവിൽ അപ്പൻ പിറ്റേദിവസം ലീവ് എടുത്തു എന്നെ സ്കൂളിൽ കൊണ്ടുപോയി ആക്കി ക്ലാസ് ടീച്ചറെ പരിചയപ്പെടുത്തിതരാം എന്നുപറഞ്ഞപ്പോൾ ആണ് എനിക്ക് സമാധാനം ആയത്. രണ്ടാംദിവസം അപ്പനോടൊപ്പം സ്ലേറ്റും ഒന്നാംപാഠവും ഒക്കെയായി ചെറുപുള്ളികുട ചൂടി സ്കൂളിൽ പോയ എനിക്ക് ഗംഭീര സ്വീകരണമാണ് ലഭിച്ചത്. എല്ലാം അപ്പന്റെ പരിചയക്കാരായ അധ്യാപകർ. അധ്യാപകനായ എന്റെ അപ്പന്റെ കൂട്ടുകാരനാണ് മിക്കവരും. വഹാബ് സാറും ഷംസുദീൻ സാറും ത്യാഗരാജൻ സാറുമൊക്കെ എന്നെ നോട്ടമിട്ടു. അതോടെ എന്റെ കഷ്ടകാലവും തുടങ്ങി. അറിയുന്ന പിള്ളയ്ക്ക് അടിയൊന്ന് കൂടുതൽ എന്നല്ലേ പഴമൊഴി. കുരുത്തക്കേടിനു കൈയ്യും കാലും വെച്ച എനിക്ക് ചൂരൽ കഷായങ്ങൾ കൈയ്യിലും തുടയിലും കിട്ടിത്തുടങ്ങി. പിന്നീടങ്ങോട്ട് സ്കൂൾ ജീവതത്തിൽ കിട്ടിയ അടികൾക്ക് കണക്കില്ല .അതിനു ഒരു പ്രധാനകാരണം രണ്ടധ്യാപകരുടെ മകനായി ജനിച്ചു എന്നത് തന്നെ.
അമ്മ പഠിപ്പിക്കുന്ന യു .പി സ്കൂളിൽ എത്തിയപ്പോൾ എങ്കിലും അടി കുറച്ചുകിട്ടും എന്നാണ് ഞാൻ കരുതിയത് , എന്നാൽ കിട്ടുന്ന അടികളുടെ എണ്ണം കൂടിയതല്ലാതെ കുറഞ്ഞില്ല. അഞ്ചാംക്ലാസ്സിൽ പഠിക്കുമ്പോൾ ഹിന്ദി ആയിരുന്നു കീറാമുട്ടി. രാഷ്ട്രഭാഷ എനിക്ക് ഒട്ടും വഴങ്ങുന്നുണ്ടായിരുന്നില്ല. 'തൂ 'എന്ന് പറയുമ്പോൾ 'ഹും' എന്നും 'തും' എന്നാവുമ്പോൾ 'ഹോ' എന്നും അതോ മറിച്ചോ??എന്തൊക്കെ ഗുലുമാൽ.. എല്ലാദിവസവും ഹിന്ദി ക്ലാസ്സിൽ ആദ്യം പകർത്തുബുക്കിൽ രണ്ടുപേജ് ഹിന്ദി പകർത്ത് എഴുതിയത് മാഷിന്റെ ടേബിളിൽ വെയ്ക്കണം. വീട്ടിൽ ഇരുന്നു അതൊക്കെ എഴുതാൻ ആർക്കാണ് നേരം..രമേശൻ സാർ ആണ് ഹിന്ദിമാഷ് . ഹിന്ദി പകർത്തെഴുത്തുപോലെ ബോറിങ് പണി വേറെ ഇല്ല ,ഒരു ദിവസം ഞാൻ അതിൽ നിന്ന് രക്ഷപ്പെടാൻ ഒരുസൂത്രപ്പണി ഒപ്പിച്ചു . തലേന്നത്തെ പകർത്ത് സാർ സൈൻ ചെയ്തത് സുന്ദരമായി മായിച്ചു അത് പുതിയ പകർത്തെഴുത്ത് പോലെ ആക്കി മേശപ്പുറത്തു വെച്ചു. എന്തായാലും സാർ അത് കൈയ്യോടെ പിടികൂടി. വേറെ ക്ലാസ്സിൽ പഠിപ്പിച്ചുകൊണ്ട് നിന്ന അമ്മയെ പിള്ളേരെ വിട്ടു വിളിച്ചു വരുത്തി മകന്റെ കരവിരുത് ബോധ്യപ്പെടുത്തി വരവ് വെച്ചു. പിന്നെ അമ്മ പോയപ്പോൾ എന്റെ ചന്തിക്ക് നല്ല കാപ്പിവടി കൊണ്ട് രണ്ടുമൂന്നു പെടയും തന്നു. വൈകുന്നേരം വീട്ടിൽ എത്തിയപ്പോൾ ഉള്ള പുകിൽ പറയുകയേ വേണ്ട..
ആറാംക്ലാസ്സിൽ ഇംഗ്ലീഷ് പഠിപ്പിച്ചത് എന്റെ അമ്മയാണ്. ക്ലാസ്സിൽ അമ്മയെന്ന് വിളിക്കണമോ അതോ ടീച്ചർ എന്നുവിളിക്കണമോ എന്നതായിരുന്നു എന്റെ ആദ്യത്തെ കൺഫ്യൂഷൻ . അമ്മയെന്ന് വിളിച്ചാൽ കൂട്ടത്തിൽ ഉള്ള കുട്ടികൾ കളിയാക്കും. ഒടുവിൽ ഒന്നും വിളിക്കേണ്ട എന്ന് ഞാൻ തീരുമാനിച്ചു. ഇംഗ്ലീഷ് ടീച്ചർ ആയ അമ്മ കുട്ടികളെ നന്നായി തല്ലുന്ന കൂട്ടത്തിൽ ആണ്. ഒരു ദിവസം തലേന്ന് പഠിപ്പിച്ച ഇംഗ്ലീഷ് പാഠത്തിലെ ഏതോ ഒരു വാക്കിന്റെ സ്പെല്ലിങ്ങ് എന്നോട് ചോദിച്ചു. ഞാൻ മനസ്സില്ലാ മനസോടെ എഴുന്നേറ്റു നിന്നു,എന്തോ പൊട്ടത്തരസ്പെല്ലിങ്ങ് വെച്ചുകാച്ചി. അമ്മയുടെ മുഖം ചുവന്നു എന്നെ ക്ലാസ്സിന്റെ മുമ്പിലേക്ക് വിളിച്ചു അടിക്കാനായി തിരിഞ്ഞു നില്ക്കാൻ പറഞ്ഞു,എന്നിട്ട് ചൂരൽ വടികൊണ്ട് ഒന്നാംതരം ഒരു കീറ്കീറി . വേദനകൊണ്ട് ഞാൻ അറിയാതെ ഉച്ചത്തിൽ നിലവിളിച്ചുപോയി ''അയ്യോ അമ്മേ !!! "
ഇംഗ്ലീഷ് വാക്കുകളുടെ സ്പെല്ലിങ് എനിക്ക് അന്നും ഇന്നും വഴങ്ങുക ഇല്ല. ഇപ്പോഴും എന്റെ മക്കൾക്ക് സ്കൂളിലേക്കോ മറ്റോ ലെറ്റർ എഴുതികൊടുക്കുമ്പോൾ അവരോട് ചോദിച്ചാണ് പലവാക്കുകളുടെയും സ്പെല്ലിങ് ശരിയായി എഴുതാറ്. അപ്ലിക്കേഷൻ എന്നതിന് ഒരു 'പി 'ആണോ രണ്ടു 'പി' ആണോ എന്ന് ചോദിക്കുമ്പോഴേക്കും അവർ ചിരി തുടങ്ങും. ചൊട്ടയിലെ ശീലം..
ഹൈസ്കൂളിൽ എത്തിയിയിട്ടും അധ്യാപകരുടെ കൈയ്യിൽ നിന്ന് കിട്ടുന്ന അടികൾക്ക് ഒന്നും ഒരു കുറവും വന്നില്ല. ഒരുവിധം നന്നായി പഠിച്ചിട്ടും എന്തുകൊണ്ടാണ് എനിക്ക് ഇത്രയും അടികൾ കിട്ടിയിട്ടുള്ളത് എന്നതിന് കാരണം ഇപ്പോഴും പിടികിട്ടിയിട്ടില്ല. ഒരു പക്ഷെ അധ്യാപകരുടെ സന്തതി ആയതു കൊണ്ടാവും, സ്കൂളിൽ നിന്ന് തല്ല് കിട്ടുന്ന മറ്റു കുട്ടികൾ അധ്യാപകരുടെ മക്കളെ ശപിക്കുന്നുണ്ടാകും. ഞാൻ പത്താംക്ലാസ്സിൽ പഠിക്കുമ്പോൾ ഒരു ദിവസം ഹിന്ദിക്ലാസ്സ് നടന്നുകൊണ്ടിരിക്കുകയാണ്‌. നോട്ട് ബുക്കിൽ എന്തോ ഹിന്ദി ഉത്തരം എഴുതാൻ ഏല്പിച്ചിട്ട് ടീച്ചർ ഓഫീസിലേക്കോ മറ്റോ പോയി. ഞാൻഹിന്ദിബുക്ക് കൊണ്ടുവരാത്തതിനാൽ തൊട്ടടുത്ത ദിവസം ഉത്തരം എഴുതികൊണ്ടു വരാം എന്ന് ടീച്ചറോട് പെർമിഷൻ വാങ്ങി ഡെസ്കിൽ തലചായിച്ചു കണ്ണടച്ചു മയങ്ങി. അപ്പോഴാണ് ഹെഡ്മാസ്റ്റർ മാത്യു സാർ അതുവഴി കടന്നുപോയത് . സാർ ദൂരെനിന്നു വരുന്നത് കണ്ടപ്പോൾ തന്നെ ക്ലാസ് നിശബ്ദമായി . ഞാൻ ആകട്ടെ സാർ വരാന്തയിൽ കൂടി പോയത് അറിഞ്ഞതും ഇല്ല . മറ്റുകുട്ടികൾ കാര്യമായി ഇരുന്ന് എഴുതുമ്പോൾ ഞാൻ ഡെസ്കിൽ തലചായിച്ചു കിടന്ന് ഉറങ്ങുന്നു. സാർ ഒന്നും മിണ്ടാതെ അവിടെനിന്ന് പോയി . ഓഫീസ് റൂമിൽ ചെന്നിട്ടു പ്യൂണിനെ വിട്ടു എന്നെ ഓഫീസ് റൂമിലേക്ക് വിളിപ്പിച്ചു. അവിടെ എത്തിയപ്പോൾ എന്നോട് ഓഫീസ്‌ റൂമിന്റെ മൂലയിലേക്ക് മാറിനിൽക്കാൻ സാർ പറഞ്ഞു. ഓഫീസ് നിറയെ വിവിധ ആവശ്യങ്ങൾക്ക് വന്നിട്ടുള്ള പേരന്റസും മറ്റധ്യാപകരുമൊക്കെയുണ്ട് . കുറച്ചു നേരം കഴിഞ്ഞു ഇംഗ്ലീഷ് അധ്യാപകൻ ആയ ഹെഡ്മാസ്റ്റർ എന്റെ അടുക്കലേക്ക് വന്നിട്ട് പത്താംക്ലാസ്സിലെ ഹിന്ദിപുസ്തകത്തിലെ ഒരു ചോദ്യം ചോദിച്ചു. എനിക്കുണ്ടോ വല്ല വിവരവും??. ദേഷ്യം മൂത്ത സാർ കയ്യിലിരുന്ന ചൂരൽ വടികൊണ്ട് എന്നെ കയ്യിലും കാലിലുമൊക്കെ ഒരുപാട് തല്ലി. ഞാൻ വേദന സഹിക്കവയ്യാതെ നീറു കടിച്ച കുരങ്ങനെപ്പോലെ അങ്ങോട്ടുമിങ്ങോട്ടും ചാടിക്കളിച്ചു. അത് കണ്ടു നിന്ന പേരെന്റിൽ ചിലർക്ക് ചിരി അടക്കാൻ വയ്യ..എലിയ്ക്ക് പ്രാണവേദന പൂച്ചയ്ക്ക് വീണ വായന.. എന്തായാലും അവിടെ അത് കണ്ടുനിന്ന ഏതോ ഒരു അയൽവാസി ദരിദ്രവാസി വൈകുന്നേരത്തിന് മുമ്പ് വിവരം വീട്ടിലെത്തിച്ചു.അവിടെ നിന്നും കണക്കിന് വഴക്ക് കിട്ടി. ഇതൊക്കെ ആയാലും ഇപ്പോഴും എന്റെ സംശയം ഇംഗ്ലീഷ് അധ്യാപകൻ ആയ സാറിന് ഇത്ര കൃത്യമായി ഹിന്ദി പാഠത്തിലെ ചോദ്യങ്ങൾ എങ്ങനെ അറിയാം?
ഇപ്പോഴത്തെ കുട്ടികളോട് ഈ കഥയൊക്കെ പറഞ്ഞാൽ അവർ ചിരിക്കും . ഇതൊക്കെ ഏതോ ശിലായുഗത്തിൽ നടന്ന സംഭവങ്ങൾ എന്നുപറഞ്ഞു പുശ്ചിച്ചു തള്ളും. അധ്യാപകർ അവർക്ക് ദൂരെ ഏതോ മുറികളിൽ കംപ്യൂട്ടറുകളുടെ മുമ്പിൽ ഇരിക്കുന്ന ശാന്തജീവികൾ ആണ്. രാവിലെ കിടക്കപ്പായിൽ നിന്ന് എഴുന്നേറ്റ് അടിയിൽ ബർമുഡയും മുകളിൽ സ്‌കൂൾ യൂണിഫോമുമിട്ട്‌ ഹോർലിക്സുമായി ഓൺലൈൻ ക്ലാസ്സിൽ ഇരിക്കുന്ന അവർക്ക് ഇതൊക്കെ എങ്ങനെ മനസ്സിലാകാൻ ?
അന്നത്തെയും ഇന്നത്തെയും എന്നത്തെയും എല്ലാ ഗുരുനാഥർക്കും ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു!!! അധ്യാപക ദിനാശംസകൾ !!!








No comments:

Post a Comment