ഓർമ്മച്ചിത്രങ്ങൾ
ഇടമൺ പബ്ലിക് ലൈബ്രറി കെട്ടിടത്തിന്റെ തിണ്ണയിൽ എത്തുന്നതിന് മിക്കപ്പോഴും കരിങ്കൽപ്പടികളിൽ ചിതറിക്കിടക്കുന്ന ഇലവ് മരത്തിന്റെ പൂക്കളിൽ ചവിട്ടണം. സീസൺ ആയാൽ മുറ്റം നിറയെ ചെമ്പട്ട് വിരിച്ചതുപോലെ ഇലവ് മരത്തിന്റെ പൂക്കൾ നിറയും. ഒറ്റമുറി കെട്ടിടത്തിന്റെ വരാന്തയിൽ കണ്ണടച്ച് വിശ്രമം കൊള്ളുന്ന പാണ്ടൻപട്ടി ഒന്ന് തലപ്പൊക്കി നോക്കും . അകത്ത് നടക്കുന്ന ചെസ്സ് കളിയുടെയും ക്യാരംസ് കളിയുടെയും ആരവങ്ങൾ താഴത്തെ റോഡിൽനിന്നേ കേൾക്കാം. അകത്ത് കളി മുറുകുമ്പോൾ ഉള്ള കയ്യടിയും ഒച്ചയും ഉച്ചസ്ഥായിൽ എത്തും. കോളേജ് വിദ്യാഭ്യാസ കാലഘട്ടത്തിലെ സായാഹ്നങ്ങളിൽ വീട്ടിൽ നിന്ന് പുറത്തു ചാടാനുള്ള ഒരു കുറുക്കുവഴി ആയിരുന്നു എന്റെ പബ്ലിക് ലൈബ്രറി യാത്രകൾ. വൈകുന്നേരം ചായകുടി കഴിഞ്ഞാൽ വീട്ടിൽ നിന്ന് പുറത്ത് കടക്കാനുള്ള തത്രപ്പാട് ആണ്.
'അമ്മേ മീൻ മേടിക്കണോ?
എന്ന ചോദ്യത്തിന് മിക്കപ്പോഴും ഉത്തരം കിട്ടുന്നതിന് മുമ്പുതന്നെ അടുക്കളയിലെ പാത്രഅലമാരിയിൽ നിന്ന് പത്തുരൂപയും ചൂണ്ടി വീട്ടിൽ വായിക്കുവാൻ കൊണ്ടുവന്ന ലൈബ്രറി ബുക്കും തപ്പിയെടുത്ത് ഞാൻ പുറത്തുചാടും. റോഡിൽ കടത്തിണ്ണയിൽ കൂടുകാരായ സുനീദും വെള്ളികണ്ണനും ഒക്കെ കാണും. അവരോടൊത്ത്
വായനശാലയിൽ എത്തുമ്പോൾ സ്ഥിരം കുറ്റികൾ ഒക്കെ എത്തിക്കാണും. എനിക്ക് ഇഷ്ടം ചെസ് കളിക്കാനാണ്. ചെറുപ്പത്തിൽ എന്റെ ഗ്രാമത്തിലെ അറിയപ്പെടുന്ന ചെസ്സ് കളിക്കാരൻ ആയിരുന്നു ഞാൻ. ചെസ്സുകളി ഏറെ കുരുക്ക് ബുദ്ധി അവശ്യമുള്ള കളിയാണ്. ചെസ്സിലെ കരുക്കൾ നീക്കുന്നതിനോടൊപ്പം എതിരാളിയെ മാനസികമായി തളർത്തുകയും വേണം . അതിനാണ് കൂട്ടുകാർ ,അവരുടെ സപ്പോർട്ട് ഉണ്ടെങ്കിൽ മാത്രമേ വിജയിക്കാനാവുക. ഒന്നോ രണ്ടോ റൌണ്ട് കളി കഴിയുമ്പോഴേക്കും മിക്കവാറും അന്തരീക്ഷം ചൂടുപിടിക്കും . ഉന്തുംതള്ളും പോർവിളികളുമൊക്കെ ഒക്കെ സാധാരണം. അതിന് മുമ്പ് അവിടെ നിന്ന് മെല്ലെ ഒഴിവാകും .ഈർക്കിൽ തണ്ടുപോലെ മെലിഞ്ഞ എനിക്ക് തല്ല് താങ്ങാനുള്ള ശേഷിയില്ല.
പിന്നെ പുസ്തകങ്ങൾ അടുക്കിവെച്ച റാക്കിലേക്ക് നീങ്ങും. പഴകിയ പുസ്തകങ്ങളുടെ പൊടിപിടിച്ച മണം നിറഞ്ഞ റാക്കുകളിൽ ഞാൻ പരതും . മിക്ക പുസ്തകങ്ങളും വായിച്ചവ ആണ് തകഴിയും ഉറൂബും ബഷീറും പൊറ്റക്കാടും അന്നത്തെ പുതുതലമുറക്കാരായ സേതുവും എം .മുകുന്ദനുമൊക്കെ ഒന്നിച്ചു വിശ്രമിക്കുന്ന സ്ഥലം. മുന്നിലത്തെ ഗ്ലാസ്സ് ചില്ലിട്ട തടി അലമാരയിൽ ചരിച്ചു അടുക്കിയ പുസ്‌തകങ്ങളുടെ നിര. കാലപ്പഴക്കതിന്റെ ഗന്ധം പേറി ഇരട്ടവാലികൾ തിന്നു ശേഷിപ്പിച്ച നൂറുകണക്കിന് പുസ്തകങ്ങൾ. കോട്ടയം പുഷ്പനാഥിന്റെയും നീലകണ്ഠൻ പരമാരയുടെയും അപസർപ്പക നോവലുകൾ. ഡ്രാക്കുള കോട്ടയും ശവമഞ്ചവും ചുവന്ന മനുഷ്യനുമൊക്കെ എന്റെ എത്ര ഉറക്കം കളഞ്ഞിരിക്കുന്നു. മുട്ടത്തുവർക്കിയും പമ്മനുമൊക്കെ ആണ് ചൂടപ്പം പോലെ പൊയ്കൊണ്ടിരുന്നത് . പമ്മന്റെയും ഉണ്ണികൃഷ്ണൻ തിരുവാഴിയോടിന്റെയും പുസ്കകങ്ങളുടെ മിക്കപേജുകളും നഷ്ടപ്പെട്ടിരിക്കും . അന്നത്തെ യുവതലമുറയുടെ കാമനകൾക്ക് ചൂടും ചൂരുമൊക്കെ അവയായിരുന്നു.
എം .റ്റി വാസുദേവൻ നായരുടെ രണ്ടാമൂഴം പുതുതായി ലൈബ്രറിയിൽ എത്തിയപ്പോൾ നുറുക്കിട്ട് ആദ്യമായി വായിക്കാനുള്ള അവസരം ലഭിച്ചത് എനിക്കായിരുന്നു. അന്നത്തെ ലൈബ്രേറിയൻ ആയ രാമചന്ദ്രൻ മാഷ് അപ്പോൾ പെറ്റുവീണ പൈതലിനെ കൈമാറുന്നത് പോലെ പുസ്തകം എന്റെ കൈയ്യിൽ വച്ചു തന്നത് ഇപ്പോഴും ഓർമ്മ ഉണ്ട്. ഒരു ജന്മംമുഴുവന് രണ്ടാമൂഴത്തിന്റെ വേദന ഏറ്റുവാങ്ങിയ ഭീമസേനന്, പ്രണയത്തിന്റെ സൌഗന്ധികപ്പൂക്കള് കൈകളില് ചേര്ത്തുവച്ച് ദ്രൌപദി, ഭീമന്റെ പൗരുഷം കാട്ടുപൂക്കള്ക്കിടയിലൂടെ ഒളിഞ്ഞുനോക്കുന്ന കന്മദഗന്ധമുള്ള ഹിഡുംബി. എന്തെല്ലാം കഥാപാത്രങ്ങൾ ആയിരുന്നു മുന്നിൽ അക്ഷരങ്ങളായി വന്നു തിറയഴിച്ചാടിയത്. പുസ്തകം എടുത്തു ലെഡ്ജറിൽ വരവുവെച്ച് കൂട്ടുകാരുമായി ലൈബ്രറിയിൽ നിന്ന് പുറത്തിറങ്ങും അപ്പോഴേയ്ക്കും ഇരുട്ടിനു കനംവെച്ച് കാണും. പോക്കറ്റിൽ ചില്ലറയുണ്ടെങ്കിൽ ഇബ്രായികുട്ടി കാക്കയുടെ കടയിൽ നിന്ന് ഒരു ആവി പറക്കുന്ന ചായയും ചൂട് പരിപ്പ് വടയും..എന്താ ടേസ്റ്റ്
പിന്നെ കനാൽ പാലവും കടന്നു റെയിൽവേ സ്‌റ്റേഷനിലേക്ക് വെച്ച് പിടിക്കും. വൈകുന്നേരത്തെ കൊല്ലം ചെങ്കോട്ട പാസഞ്ചർ ട്രെയിനിൽ മീൻ വിൽപ്പനക്കാരായ പെണ്ണുങ്ങൾ എത്തും .കൊല്ലത്ത് കൊഞ്ചുപൊളിയ്ക്കുന്ന കമ്പനിയിൽ ജോലി കഴിഞ്ഞു വരുമ്പോൾ അലൂമിനിയം കുട്ടനിറയെ മീൻ വാങ്ങികൊണ്ടാകും അവർ മടങ്ങുന്നത് . ചില ദിവസങ്ങളിൽ റെയിൽവേ പോലീസ് മീൻ പുറത്തു എടുത്തു കളയും.പലപ്പോഴും പാവങ്ങളായ അവരുടെ കണ്ണീർ വീണു നനഞ്ഞ ചരുവങ്ങൾ ആകും ബാക്കി. പൊടിമീനും കുറുച്ചിയും ചെങ്കലവയും ഒക്കെ ആകും മിക്കപ്പോഴും. നല്ല ഫ്രഷ് മീൻ ആയിരിക്കും എപ്പോഴും . അവിടെനിന്ന് അഞ്ചോപത്തോ രൂപയ്ക്കു മീനും വാങ്ങി വീട്ടിലേക്കു തിരക്കിട്ട് മടങ്ങും . ഞാൻ എത്തും മുമ്പ് തന്നെ അമ്മ കപ്പ വേവിച്ചു വെച്ചിട്ടുണ്ടാകും. കൊണ്ടുവന്ന മീൻ കഴുകിവൃത്തിയാക്കി കൊടമ്പുളിയിട്ട് കറിവെച്ചും പൊരിച്ചും കപ്പയോടുകൂടെ കഴിക്കുന്നതിന് എന്തായിരുന്നു രുചി. ഇപ്പോഴും ഓർക്കുമ്പോൾ നാവിലൂടെ വെള്ളമൂറുന്നു.
എന്ത് രസം ആയിരുന്നു എന്റെ ചെറുപ്പത്തിലേ ഗ്രാമക്കാഴ്ചകൾ.. ഇടമൺ പബ്ലിക് ലൈബ്രറി,ചെസ്സുകളി, സത്രമുക്ക്, കനാൽപ്പാലം , പൂവണ്ണുംമുക്ക് ,റെയിൽവേ സ്റ്റേഷൻ യാത്രകൾ കുടമ്പുളി ഇട്ട മീൻകറിയും കപ്പയും ഉറക്കമിളച്ചുള്ള പുസ്തകവായന..എല്ലാം ഓർമ്മിക്കുമ്പോൾ ഇന്നലെ കഴിഞ്ഞത് പോലെ.. എന്തായിരുന്നു ഹോ ആ നാളുകൾ..
ഏറെ നാളുകൾക്ക് ശേഷം ഇടമൺ പബ്ലിക് ലൈബ്രറി പുതിയ കെട്ടിടത്തിൽ പ്രവർത്തനം പുനരാരംഭിക്കുക ആണ്..
ഓർമ്മകളിൽ ഒരുപാട് തിരയിളക്കങ്ങൾ...മൊബൈൽ ഫോണുകളുടെ വർണ്ണപ്പകിട്ടാർന്ന ദൃശ്യവിസ്മയങ്ങൾക്കിടയിൽ പുസ്തകങ്ങൾ ഒക്കെ വായിക്കാൻ ആർക്കാണ് സമയം? എന്നാൽ ഡിജിറ്റൽ സൗഹൃദങ്ങളുടെ, ദൃശ്യവിസ്മയങ്ങളുടെ നിരർത്ഥക തിരിച്ചറിയുമ്പോൾ കൂട്ടായി പുസ്തകങ്ങൾ മാത്രമേ ഉണ്ടാകുകയുള്ളു.. അക്ഷരം മരിക്കുന്നില്ല... അവ പുസ്തകങ്ങൾ ആയി ചില്ലലമാരികളിൽ ഇരുന്ന് വെളിച്ചത്തിന്റെ വഴികാട്ടാൻ നമ്മെ വിളിക്കുന്നുണ്ടാകും.അവയെ നമ്മൾ കാണാതെ പോകരുത്.പുതിയ തലമുറയുടെ വരവും പ്രതീക്ഷിച്ചു അവ ശാപമോക്ഷം തേടി തപസ്സുചെയ്യുന്നുണ്ടാകും,, തീർച്ച... എല്ലാ ആശംസകളും...
No comments:
Post a Comment