Tuesday, 17 May 2016

സ്കൈലാബ്‌സ്കൈലാബ്‌


എന്റെ ചെറുപ്പത്തിൽ ലോകത്തെ ഇളക്കി മറിച്ച രണ്ടു സംഭവങ്ങൾ ആയിരുന്നു 1979 ലെ സ്കൈലാബിന്റെ ഭൂമിയിലേക്കുള്ള പതനവും 1980 ലെ സമ്പൂർണ സൂര്യഗ്രഹണവും. ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് അമേരിക്കയുടെ സ്പേസ് സ്റ്റേഷൻ ആയ സ്കൈലാബ്  തന്റെ സ്തുത്യർഹ്യ സേവനം പൂർത്തിയാക്കി അയച്ച ഭൂമിയിലേക്ക് തിരികെ വീഴും എന്ന് കേട്ടത്.  75 ടൺ ഉള്ള ഈ ഭീമൻ ബഹിരാകാശ നിലയം  ഭൂമിയിൽ എവിടെ വേണമെങ്കിലും പതിക്കാം എന്ന വാർത്ത‍ ലോകത്തിൽ കാട്ടുതീ പോലെ പടർന്നു.  മനുഷ്യാ നീ മണ്ണാകുന്നു മണ്ണിലേക്ക് തന്നെ നീ മടങ്ങും എന്ന വേദവാക്യം സാറ്റലൈറ്റുകൾക്കും ബാധകമാണ് എന്ന് പിന്നീട് എപ്പോഴോ തോന്നിയിരുന്നു. പക്ഷെ ഇപ്പോൾ ഭൂമിയിലേക്ക് മടങ്ങി വരാതെ ചന്ദ്രനിലും ചൊവ്വയിലും കുടിയേറി അവിടെ  ഉയർന്ന നിലവാരത്തിൽ  ജീവിച്ചു ചരമം അടഞ്ഞ ന്യൂജെനറേഷൻ സാറ്റലൈറ്റുകൾ അതൊക്കെ തിരുത്തിക്കുറിച്ചു. അതു അവിടെ നിൽക്കട്ടെ കാര്യത്തിലേക്ക് കടക്കാം.

ഞങ്ങൾ അന്നു താമസിച്ചിരുന്നത് പുനലൂരിനു കിഴക്ക് ഇടമണ്ണിൽ ആയിരുന്നു.  പുനലൂർ തൂക്കുപാലത്തിന്റെ കിഴക്കോട്ട് വികസനം തീരെ എത്തിയിട്ടില്ലാത്ത കാലം. പുനലൂരിൽ നിന്ന് ഇടമണ്ണിൽ അപ്പന്റെ ജോലിയോടുള്ള ബന്ധത്തിൽ കുടിയേറി താമസമാക്കിയവർ ആയിരുന്നു ഞങ്ങൾ . പട്ടിക്കാട് എന്നു എഴുതിയാൽ പട്ടി പോലും കേസ് കൊടുക്കുമായിരുന്നു ഇടമൺദേശത്തിന്റെ ആനപെട്ടകോങ്കൽ പോലുള്ള  ഉൾപ്രദേശങ്ങളുടെ അന്നത്തെ സ്ഥിതി കണ്ടാൽ. കൊല്ലം ചെങ്കോട്ട റോഡിന്റെ ഇരുപുറവും ആയി നീണ്ടു നിവർന്ന് കിടക്കുന്ന ഇടമൺ ഗ്രാമം. പുനലൂരിന്റെ കിഴക്കോട്ട് KSRTC ബസ്സുകൾ അപൂർവ്വം. ദേശസാൽകൃത റൂട്ട് ആയതിനാൽ ആനവണ്ടിക്കാർ അവർക്ക് തോന്നുമ്പോൾ മാത്രം സർവീസ് നടത്തും. ജനങ്ങൾ മിക്കവാറും യാത്രയ്ക്ക് ആശ്രയിക്കുക ട്രിപ്പ്‌ ജീപ്പുകളെ ആയിരുന്നു .ഇന്നും ആ സ്ഥിതിക്ക് വലിയ വ്യത്യാസം വന്നിട്ടുണ്ടെന്ന് തോന്നുന്നില്ല.
അന്നൊക്കെ വാർത്തകൾ അറിയാൻ ജനങ്ങൾ ആശ്രയിക്കുക പത്രം അല്ലെങ്കിൽ റേഡിയോ . ഇന്നത്തെപ്പോലെ മിനിറ്റിനു മിനിറ്റിനു വിവരങ്ങൾ അറിയാൻ റ്റി. വി ചാനലുകളോ ഇന്റെർനെറ്റോ ഇല്ലാത്ത കാലം. ഇന്നാണങ്കിൽ  സരിത അതാതു ദിവസം ഉടുക്കുന്ന സാരിയുടെ വിവരണം വരെ ലൈവ് ആയി കേൾക്കാം. കാലം പോയ പോക്കേ..  എന്റെ വീട്ടിൽ മനോരമ പത്രം ആണ് വരുത്തുന്നത് . രാവിലെ പത്രം  വന്നാൽ അത് തറയിൽ നിവർത്തിയിട്ട് അതിൻമേൽ  കുനിഞ്ഞു കിടന്നു വായിക്കുകയാണ് എന്റെ ശീലം. മിക്കവാറും പ്രിന്റെഡ്  ആൻഡ്‌ പബ്ലിഷ്ഡ് ബൈ  കെ.എം മാത്യു എന്നുവരെ വായിക്കാതെ നിറുത്തുകയില്ല. പരീക്ഷ ആയാലും പതിവ് മുടക്കില്ല . അമ്മയുടെ കയ്യിൽ നിന്നും പരീക്ഷയ്ക്ക് പഠിക്കാതെ ലോകവിവരം വായിച്ചു ഇരിക്കുന്നതിന് ചില്ലറ തവണ അല്ല അടി വാങ്ങിച്ചിട്ടുള്ളത്. സ്കൈലാബ്‌  ജൂലൈ മാസത്തിൽ  ഭൂമിയിൽ വീഴും എന്നുള്ള വാർത്ത‍ മനോരമ പത്രത്തിലൂടെ ആണ് ഞാൻ അറിഞ്ഞത്‌ . ഏകദേശം 75 ടൺ ഭാരമുള്ള ഈ കുന്ത്രാണ്ടം ഭൂമിയിൽ എവിടെ എപ്പോൾ വീഴും എന്നുള്ള കാര്യം തീർച്ചയില്ല എന്നാണ്  പത്രം  പറയുന്നത് . ഒരു പക്ഷെ ഈ കൊച്ചു കേരളത്തിൽ .. ഈ ഇടമണ്ണിൽവീണാലോ അമ്മോ 
ഓർക്കുക വയ്യ ...

ചൂടോടെ ഈ വാർത്ത‍ സ്കൂളിൽ ഒക്കെ  പോയി ഞാൻ അടിച്ചിറക്കി . കൂടെ പഠിക്കുന്ന പയ്യൻമാരെ ഒന്ന് വിരട്ടി . പത്രം വായിക്കുന്ന ശീലം ഇല്ലാത്ത അവന്മാരുടെ മുമ്പിൽ  എന്റെ സ്കൈലാബ്‌  വിജ്ഞാനം പൊടിപ്പും തൊങ്ങലും ചേർത്ത്  വെച്ചുകാച്ചി .
‘’എടാ .. ഈ സ്കൈലാബിന്റെ ഒരു കഷണത്തിന് 2 ലക്ഷം ഡോളർ അമേരിക്കക്കാർ  തരും. പക്ഷേ നമ്മുടെ തലേൽ  വീണാൽ  
കഥ കഴിയും ..’’
കൂട്ടുകാർ അമ്പരന്നു എന്നേ നോക്കി.എന്റെ സുഹൃത്തുക്കൾ  മലക്കറി എന്ന് വിളിക്കുന്ന സുരേഷ്, പുളുവൻ സിനു, സജു തോമസ്‌, ബൈജു തങ്കപ്പൻ, സജി കുമാർ ഇവരൊക്കെ ഒന്നു പേടിച്ചു. കൂട്ടത്തിൽ ധൈര്യവാനായ കൊച്ചു നരേഷ് ( മൈക്ക് നരേഷ് എന്നും വിളിക്കും അവന്റെ അപ്പന് മൈക്ക് സെറ്റ് ഉണ്ട് ).

എടാ അതെങ്ങാണം ഇടമൺ യൂപി എസിന്റെ മണ്ടേൽ വീണാൽ നമുക്ക് 3 - 4 ദിവസം അവധി കിട്ടുകയില്ലേ? ”

അവന് അവധിയാണ്  പ്രശ്നം. എനിക്കാണങ്കിൽ മരണഭയം.

പോടാ പൊട്ടാ ..അതെങ്ങാണം സ്കൂളിന്റെ മേളിൽ വീണാൽ നമ്മടെ പൊടി പോലും കിട്ടുകയില്ല.

 “ അതെങ്ങാണം എന്റെ രണ്ടാനച്ചന്റെ തലേൽ വീണിരുന്നങ്കിൽ ? ”

പുളുവൻ  സിനു ഒന്നു കുളിരണിഞ്ഞു. അവനെ എപ്പോഴും തല്ലുന്ന രണ്ടാനച്ഛനെ  അവനു കണ്ണിൽ കണ്ടുകൂടായിരുന്നു . അവന്റെ ചെറുപ്പത്തിൽ  മരിച്ചുപോയ  അച്ഛൻ  ആനക്കാരൻ  കേശവനെക്കുറിച്ചു നൂറു  നാവാണ്  അവനു്. ഒരിക്കൽ  ഇംഗ്ലിഷ് ക്ലാസ്സിൽ വാട്ട്‌  ഈസ്‌ യുവർ ഫാദർ എന്ന ചോദ്യത്തിനു മൈ ഫാദർ ഈസ്‌ എ എലിഫൻറ് ഡ്രൈവർ എന്ന് അഭിമാനത്തോടെ പറഞ്ഞ വീരനാണവൻ .

ചുരുങ്ങിയ സമയം കൊണ്ടു സ്കൈലാബ്‌  വീഴുന്ന വിവരം കേരളം  ആകെ പരന്നു. പത്രങ്ങളുടെ പ്രധാന തലക്കെട്ടുകൾ സ്കൈലാബിനെ കുറിച്ചായിരുന്നു. റേഡിയോ വാർത്തകൾ ഇങ്ങനെ പോകും.

“ ആകാശവാണി  തിരുവനന്തപുരം കൊച്ചി കോഴിക്കോട് . വാർത്തകൾ വായിക്കുന്നത് രാമചന്ദ്രൻ. പ്രധാന വാർത്തകൾ.  അമേരിക്കൻ ബഹിരാകാശ പേടകമായ സ്കൈലാബ്‌ ഇന്ത്യൻ മഹാസമുദ്രത്തിൽ പതിക്കാൻ സാധ്യത ഉണ്ടെന്ന് സ്ഥിരീകരിക്കാത്ത  റിപ്പോർട്ട്‌. കേരളം , ലക്ഷദ്വീപ്, തമിഴ്നാട്‌, ആന്ധ്ര  തുടങ്ങിയ  ഇടങ്ങളിൽ താമസിക്കുന്നവർ കരുതലോടെ ഇരിക്കണമെന്നു  കേന്ദ്ര ബഹിരാകാശ മന്ത്രാലയം അറിയിച്ചു.
ഭൂലോകത്തുള്ള  മാളോർ മൊത്തം  സ്‌കൈലാബിനെ പേടിച്ചു തുടങ്ങി. എങ്ങും  സ്‌കൈലാബ് തന്നെയായിരുന്നു ചർച്ച . കടലില്‍ പതിക്കുമോ, രാത്രിയിലോ പകലോ, പട്ടണങ്ങളുടെ  നടുക്ക് വീഴുമോ, എന്ന്, എപ്പോള്‍ പതിക്കും? . ചോദ്യങ്ങൾക്ക്  കൃത്യമായി ഉത്തരമില്ലാതിരുന്നതിനാല്‍ അഭ്യൂഹങ്ങള്‍ കാട്ടുതീ പോലെ പടർന്നു. ചില്ലറ കാര്യമല്ല.  75 ടണ്ണാണ്  കുത്തനെ പതിക്കാന്‍ പോകുന്നത്. ഏകദേശം 86 അടി നീളവും 56  അടി വീതിയുമുണ്ട്. ആകെ ഭീതി നിറഞ്ഞ അന്തരീക്ഷം.  ജനങ്ങൾ  വീട് വിട്ടു പുറത്തു പോകാൻ മടി കാണിച്ചു.

എന്റെ വീട് കൊല്ലം ചെങ്കോട്ട റോഡിന്റെ ഒരു സൈഡിൽ ആയിരുന്നു. എപ്പോഴും ചീറിപ്പായുന്ന പാണ്ടിലോറികൾ റോഡിൽ നിറയെ കാണാം . അന്ന് കേരളത്തിലേക്ക് തമിഴ്നാട്ടിൽ നിന്ന് അരിയും മറ്റു സാധനങ്ങളും  വന്നിരുന്ന പ്രധാന പാത ആയിരുന്നു കൊല്ലം ചെങ്കോട്ട റോഡ്‌.  റോഡിന്റെ  മറ്റേ സൈഡിൽ ഓല മേഞ്ഞ വീടും ഒറ്റമുറി കടയും. അന്ത്രുമാനിക്കയുടെതാണ് വീടും കടയും. അന്ത്രുമാനിക്ക  ഒരു സംഭവമാണ്. 6 അടി പൊക്കം, കറുത്ത നിറം, കൊമ്പൻ മീശ, നീണ്ട മൂക്ക് എപ്പോഴും ചുമന്ന കണ്ണുകൾ അലറുന്നത് പോലെയുള്ള  സംസാരം. നാട്ടിൽ  മൂപ്പരുടെ മറുപേര്  മൂക്കൻ അന്ത്രുമാൻ എന്നാണ്. നല്ല നീണ്ട മൂക്കായതിനാൽ നാട്ടുകാർ ഇട്ടതാണ്. ഞങ്ങൾ കുട്ടികൾ അങ്ങേരുടെ മൂർഖൻ സ്വഭാവം കണ്ടു മൂർഖൻ അന്ത്രുമാൻ  എന്ന് പേരുമാറ്റി.
മിക്കവാറും പിള്ളേരെ പറ്റിക്കാനുള്ള  എല്ലാ സാധനങ്ങളും മൂർഖൻ അന്ത്രുമാനിക്കയുടെ കടയിൽ കിട്ടും. വരി വരിയായി നിരത്തിവെച്ച മിഠായി  ഭരണികൾ. നാരങ്ങമിട്ടായി  കപ്പലണ്ടി മിട്ടായി, റബ്ബറുമിട്ടായി, അമ്മിക്കല്ല് മിട്ടായി പച്ചകളർ പ്ലാസ്റ്റിക്‌ കവറുള്ള പാരീസ് മിട്ടായി,നാക്കിൽ ഇട്ടാൽ അലിഞ്ഞു പോകുന്ന പഞ്ചാരമിട്ടായി എന്നു വേണ്ട പീപ്പിയും ബലൂണും പൊട്ടാസും തോക്കും .കൂടാതെ കുപ്പിയിൽ നിറച്ച അച്ചാറും. റബ്ബറുമിട്ടായി എന്ന് വെച്ചാൽ മിട്ടായി ഒരു അലൂമിനിയം ഫോയിലിൽ പൊതിഞ്ഞു അതിന്റെ ചുറ്റും നീണ്ട റബ്ബർനാട ചുറ്റിയതാണ് .അത് വലിച്ചു വിട്ടാൽ വിട്ടെടുത്ത്  തിരികെ എത്തും ,കൂടാതെ വട്ടത്തിൽ കറക്കാൻ നല്ല രസമാണ് . അമ്മിക്കല്ല് മിട്ടായി എന്നാൽ ട്ടുകല്ലിന്റെ രൂപത്തിൽ ശർക്കരയും തേങ്ങാപ്പീരയും ചേർത്തുണ്ടാക്കിയതാണ് . പച്ച കളർ ഉള്ള പാരീസ്  മിട്ടായിയുടെ കവർ കൊണ്ട് ഡാൻസ് ചെയ്യുന്ന പെൺകുട്ടിയെ ഉണ്ടാക്കുന്നത് ചെറുപ്പത്തിലെ ഞങ്ങളുടെ ഒരു പ്രധാന നേരം പോക്കായിരുന്നു.
അന്ത്രുമാനിക്കയുടെ കടയിൽ പാണ്ടിയിൽ നിന്നുള്ള അച്ചാറുപായ്ക്കറ്റ് അഞ്ച് പൈസ കൊടുത്താൽ കിട്ടും, നാരങ്ങ ചുമന്നഅച്ചാറാക്കി, പനയോല കൊണ്ട് പൊതിഞ്ഞു ചെറിയ ഓല പടക്കത്തിന്റെ രൂപത്തിൽ ഇരിക്കും. പൊതി അഴിച്ചു  നാക്കിൽ ഇടുമ്പോൾ ഉള്ള രുചി ഓർത്താൽ ഇപ്പോഴും വായിൽ കപ്പലോടിക്കാം. പക്ഷെ വീട്ടിൽ വാങ്ങി കൊണ്ട് ചെന്നാൽ അമ്മ അടിക്കും. അമ്മയുടെ ഭാഷ്യത്തിൽ ഈ നാരങ്ങ അച്ചാർ ഉണ്ടാക്കുന്നത് കടയിൽ നിന്ന് നാരങ്ങ വെള്ളം പിഴിഞ്ഞതിനു ശേഷം  പുറത്തേക്ക് എറിയുന്ന നാരങ്ങ കഷണങ്ങൾ പക്കികൊണ്ട് പോയാണത്രേ. അമ്മ നേരിട്ടു കണ്ടിട്ടുണ്ടത്രേ തമിഴന്മാർ വന്നു നാരങ്ങ പറുക്കികൊണ്ടു പോകുന്നത്.  അമ്മയെ ഒളിച്ചു ഞാൻ ഈ അച്ചാർ വീട്ടിൽ കൊണ്ടുവന്നു അമ്മ കാണാത്ത ഇടത്തു വെയ്ക്കും . അതിനുള്ള മാർഗം ഞാൻ തന്നെ കണ്ടെത്തി . ഓടിട്ട വീടിന്റെ വാരിയിൽ അതിനായി ഒരു സ്ഥലം ഞാൻ കണ്ടുപിടിച്ചു. ഒരു ദിവസം അമ്മ വാരിയിൽ ചൂല അടിച്ചപ്പോൾ ആ സാധനം താഴെ വീണു . അമ്മ നോക്കിയപ്പോൾ ഓലയിൽ പൊതിഞ്ഞ പൊതി, ചുമന്ന ചോര പോലെ  എന്തോ പുറത്തേക്ക് തെറിച്ചു . ആരോ കൂടോത്രം ചെയ്തു വാരിയിൽ വെച്ചതാ അമ്മ ഉറപ്പിച്ചു . പുറത്തു ഓന്ത് സർവേകല്ലിൽ  ഇരിക്കുന്നത് പോലെ വെയിൽ കായാനിരിക്കുകയായിരുന്നു ഞാൻ. ബഹളം കേട്ടു ഞാനും പെങ്ങളും ഓടി ചെന്നു. തൊടരുതെന്നു പറഞ്ഞിട്ടും ഞാൻ കേൾക്കാതെ അത് കൈകൊണ്ട് എടുത്തു . ഒന്നും അറിയാത്തപോലെ  നിന്ന ഞാൻ അമ്മയുടെ കുത്തികുത്തിയുള്ള  ചോദ്യങ്ങൾക്ക്  മുമ്പിൽ  ഒടുവിൽ സത്യം സമ്മതിക്കേണ്ടി വന്നു . പൊതിരെ കിട്ടി അടി . അങ്ങനെ കൂടോത്രം അച്ചാറായി മാറി. തല്ലു കിട്ടിയത് മാത്രം മിച്ചം..
ഇനി കാര്യത്തിലേക്ക്  കടക്കാം . സ്കൈലാബ്‌  വിഷയം നാട്ടിലാകെ ചൂടുപിടിച്ചു. പത്രങ്ങളും റേഡിയോയും പൊടിപ്പും തൊങ്ങലും വെച്ച വാർത്തകൾ പുറത്തു വിട്ടു . എന്തും സംഭവിക്കാം  ആകെ  ഒരു അരക്ഷിതാവസ്ഥ. സന്ധ്യ ആയാൽ  കുട്ടികളെ പുറത്തേക്ക്  വിടാൻ അമ്മമാർ  മടിച്ചു,  ആളൊഴിഞ്ഞ ഗ്രാമകവലകൾ,  നേരത്തെ  വീടണയുന്ന ഗൃഹനായകന്മാർ. കള്ളുഷാപ്പും കടത്തിണ്ണയും കാലി. കാരണവന്മാർ ദിവസങ്ങളോളം  ഉറങ്ങാതെ സ്കൈലാബിനെ കാത്തിരുന്നു . ആകെ മൊത്തം ടോട്ടൽ  ഒരു പുകിൽ ..

അങ്ങനെ ഇരിക്കെ ഒരു പാതിരാത്രിയിൽ ഉച്ചത്തിൽ ഉള്ള ഒരു നിലവിളി കേട്ടാണ് ഞങ്ങൾ ഉണർന്നത് .

അയ്യോ നാട്ടാരെ ഓടിവരണേ.. ഞമ്മന്റെ  പൊരെയ്ക്ക് മീതേ സ്കൈലാബ്  വീണേ .. ഓടിവരണേ.

ആൾക്കാർ ഓടിക്കൂടുന്ന ശബ്ദം. ബഹളം കേട്ടു  അപ്പനും ഞാനും അവിടേക്ക് കുതിച്ചു . കുറ്റാകൂരിരുട്ടായതിനാൽ  ഒന്നും വ്യക്തമല്ല. അന്ത്രുമാനിക്കയുടെയും ബീവിയുടെയും പിള്ളേരുടെയും  നിലവിളി മാത്രം കേൾക്കാം. ഓടിവന്നവർ  ഇരുട്ടത്ത് നോക്കിയപ്പോൾ  മുൻവശത്തെ കടയുടെ മുകളിൽ   പടപണ്ടാരം  പോലെ എന്തോ മറിഞ്ഞു കിടക്കുന്നു.  ടോർച്ച്  ഉണ്ടായിരുന്ന ആരൊക്കെയൊ  അടിച്ചു നോക്കിയപ്പോൾ അതാ കിടക്കുന്നു സ്കൈലാബ് .. മുകളിൽ യന്ത്രങ്ങൾ, കുഴലുകൾ,  കറങ്ങുന്ന ചക്രങ്ങൾ..സ്കൈലാബ്  തന്നെ നാട്ടുകാർ  ഉറപ്പിച്ചു. ആകെ ബഹളം  ആരെയും  അങ്ങോട്ട്‌ അടുക്കുവാൻ  കാരണവന്മാർ അനുവദിക്കുന്നില്ല. 
കാരണം സ്കൈലാബ് വീണാൽ തൊടരുതെന്ന് പത്രങ്ങൾ  എഴുതിയിരുന്നു. വിഷവസ്തുക്കൾ കാണും, കൂടാതെ പൊട്ടിത്തെറിക്കുകയോ മറ്റോ ചെയ്താലോ?

ബഹളം കേട്ടു ദൂരെ നിന്നൊക്കെ നാട്ടാർ ഓടികൂടി തുടങ്ങി. ഞങ്ങൾ  കുട്ടികൾക്ക്  ആകെ ത്രിൽ . അപ്പൻ എന്നെ അടങ്കം പിടിച്ചിരിക്കുകയാണ്, അങ്ങോട്ടോ ഇങ്ങോട്ടോ  വിടുന്നില്ല. ആകെ  ഒരു പൂരപറമ്പിന്റെ  സെറ്റപ്പ്. നേരം പരപരാ വെളുത്തപ്പോൾ ആണ് കാര്യത്തിന്റെ കിടപ്പ് പിടികിട്ടിയത്. ഒരു പാണ്ടിലോറി അന്ത്രുമാനിക്കയുടെ വീടിന്റെ മുകളിലേക്ക് മറിഞ്ഞതാണ് . തലകുത്തി കിടക്കുന്നതിനാൽ മുകളിൽ വീലും കുഴലുകളും മാത്രമേ കാണാൻ  പറ്റുകയുള്ളു. ഫുൾലോഡ് അരിച്ചാക്ക് ടാർപ്പ വെച്ച് കെട്ടിയതിനാൽ ലോറിയുടെ മറ്റു ഭാഗങ്ങൾ കാണുക അസാധ്യം. അതാണ് സ്കൈലാബ് എന്നു വിചാരിച്ചത് .  വെള്ളമടിച്ചു വണ്ടി ഓടിച്ച തമിഴൻ ലോറി മറിഞ്ഞപ്പോൾ തന്നെ അടികിട്ടുമെന്നു പേടിച്ചു ഓടിപ്പോയിരുന്നു.


ഏതായാലും  ഈ സംഭവത്തോടെ  മൂക്കൻ അന്ത്രുമാനിക്ക ഞങ്ങളുടെ നാട്ടിൽ  സ്കൈലാബ് അന്ത്രുമാനിക്ക ആയി മാറി .


ചരമക്കുറിപ്പ്‌ :

 വാത്സല്യമിത്രമേ,

1997 ജൂലൈ മാസം പതിനൊന്നാം തീയതി ( 27 മിഥുനം  കൊല്ലവർഷം 1154 ) പകൽ 4.37 ന്  ശ്രീമാൻ  സ്കൈലാബ്  തന്റെ  2247 ദിവസത്തെ  സ്തുത്യർഹ്യ സേവനത്തിന് ശേഷം  മനുഷ്യർക്ക്‌ നാശം ഉണ്ടാക്കാതെ ആസ്ട്രേലിയയിലെ പെർത്തിൽ  അകാലനിര്യാണം പ്രാപിച്ച വിവരം  വ്യസനസമേതം ഇതിനാൽ അറിയിച്ചുകൊള്ളുന്നു .