Thursday, 13 April 2017

ഓമന മണ്ടേലാ...


ഓമന മണ്ടേലാ...


കോളേജ് വിദ്യാഭ്യാസ കാലഘട്ടത്തിലെ ഓർമ്മകൾക്ക് ഒരു പ്രത്യേക ചാരുതയാണ്. ഒത്തിരി ഓർമ്മകൾ സമ്മാനിച്ചു കൊണ്ടാവും ഏതു ആളുടെയും കോളേജ് ജീവിതഘട്ടം കടന്നു പോകുക. പത്തുമുപ്പതു കൊല്ലത്തിനു ശേഷം അതൊക്കെ ഓർമ്മിച്ചെടുക്കുന്നത് കൗതുകകരമാണ്.  1980 കളിൽ  ഞാനൊക്കെ പ്രീഡിഗ്രിയ്ക്ക് പഠിച്ച കാലത്ത് കോളേജ് വിദ്യാഭ്യാസരംഗം  സംഘർഷഭരിതമായിരുന്നു. അന്ന് പത്താം ക്ലാസ് കഴിയുന്ന വിദ്യാർഥികൾ, നേരെ കോളേജുകളിലാണ് പ്രീഡിഗ്രിയ്ക്ക് അഡ്മിഷൻ നേടുക. പത്താംക്ലാസ് കഴിഞ്ഞു എട്ടുംപൊട്ടും തിരിയാത്ത കൗമാരക്കാർ പ്രീഡിഗ്രിയ്ക്ക് കോളേജുകളിൽ എത്തുമ്പോൾ അവർക്ക് മുമ്പിൽ തുറന്നിരിക്കുന്ന വിശാലമായ ഒരു ലോകമുണ്ട്. സ്കൂൾ ജീവിതത്തിന്റെ നിയന്ത്രണങ്ങൾ ഇല്ലാത്ത ലോകം. ആ ലോകത്തിലെ കാഴ്ചകൾ ഞങ്ങൾക്ക് പുതിയ അനുഭവങ്ങൾ ആയിരുന്നു. എലി പുന്നല്ലു കണ്ട പോലെത്തെ  അനുഭവം. പഠിപ്പുമുടക്കലും സമരങ്ങളും ബസ് തടയലും തല്ലും കല്ലേറും പൊതുമുതൽ നശിപ്പിക്കലും ലാത്തിച്ചാർജും ഒക്കെ ചേർന്ന എരിവും പുളിയുമുള്ള അനുഭവങ്ങൾ. 1980 കളിൽ കോളേജുകളിൽ സമരങ്ങളുടെ കുത്തൊഴുക്കായിരുന്നു,  എത്രയെത്ര സമരങ്ങൾ..  പ്രീഡിഗ്രി ബോർഡ് സമരം,വിളനിലം സമരം, കമ്പ്യൂട്ടർ വിരുദ്ധ സമരം, പോളിടെക്‌നിക്‌ സമരം, സാശ്രയ കോളേജ് സമരം അങ്ങനെ എത്ര സമരങ്ങൾ.  മിക്ക സമരങ്ങളിലും കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രിയെന്ന പോലെ കെ.കരുണാകരനും ടി.എം ജേക്കബും ഒരുഭാഗത്ത്,  വരിയ്ക്കപ്ലാവിലെ നീറുപോലെ എസ്.എഫ്.ഐ പിള്ളേർ മറുഭാഗത്ത്, പോരെ പൊടിപൂരം.  അന്ന് അമ്പരപ്പോടെ കണ്ടുനിന്ന ആ സമരങ്ങളെല്ലാം അബദ്ധസമരങ്ങളും ലക്ഷ്യശൂന്യ സമര ചാപ്പിള്ളകളും ആയിരുന്നെന്ന് ഇന്ന് ഏറെ നിസ്സംഗതയോടെ പറയാനാകും. ഞാൻ പഠിച്ച പുനലൂർ എസ്.എൻ കോളേജ് അത്തരം സമരങ്ങളുടെ ഒരു പ്രാദേശിക പരീക്ഷണശാലയായിരുന്നു, ഒന്നാന്തരം വെടിക്കെട്ട് പരീക്ഷണശാല.


ഞാൻ പഠിച്ച കാലത്ത് കോളേജിൽ മിക്ക ദിവസവും സമരമാണ്. ചുരുക്കം ചില അധ്യാപകർക്കൊഴിച്ചു മിക്കവർക്കും കുട്ടികളെ പഠിപ്പിക്കുവാൻ വല്യ താൽപ്പര്യം ഒന്നും ഇല്ലായിരുന്നു. സമരമാണങ്കിൽ അവർക്ക് നേരത്തെ സ്ഥലം കാലിയാക്കാമെല്ലോ. സമരം ചെയ്യുന്നതിന് പ്രത്യേകിച്ചു കാരണം എന്തെങ്കിലും വേണമെന്ന് തോന്നുന്നില്ല, എന്തിനും ഏതിനും സമരം. ആരോ പറഞ്ഞതുപോലെ എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാറുകൾ. ഓണം വരാനൊരു മൂലം എന്നപോലെ അന്നു രാവിലെ പത്രത്തിൽ കണ്ട ഏതെങ്കിലും ഒരു വാർത്തയുടെ പേരും പറഞ്ഞാകും മിക്ക സമരങ്ങളും. സമരങ്ങളുടെ തീച്ചൂളയിൽ ആയിരുന്നു എന്റെ പ്രീഡിഗ്രി പഠനകാലം. കമ്പ്യുട്ടർ വിരുദ്ധസമരം,പ്രീഡിഗ്രി ബോർഡ് സമരം,വിളനിലം സമരം തുടങ്ങി ഒട്ടേറെ സമരങ്ങൾ. പുനലൂർ ബസ് സ്റ്റാന്റിന്റെ മുമ്പിൽ നിന്ന് അച്യുതാനന്ദസഖാവ് നമ്മുടെ നാട്ടിൽ കമ്പ്യൂട്ടർ വരരുത് വന്നാൽ നാട്ടിലെ അധ്വാനശീല (?) രായ ക്ലാർക്കുമാരുടെ പണി പോകും എന്ന നെടുങ്കൻ പ്രസംഗം കേട്ടു കോൾമയിർ കൊണ്ടവരിൽ ഒരുവനാണ് ഈയുള്ളവൻ. 'പണിയെത്തിക്കൂ പട്ടിണി മാറ്റൂ എന്നിട്ടാകാം കമ്പ്യൂട്ടർ' എന്നു പറഞ്ഞ പാർട്ടിയുടെ ഓഫീസുകളിൽ ഇരുന്നു ഇപ്പോൾ കമ്പ്യൂട്ടറുകൾ കൊഞ്ഞണം കുത്തുന്നുണ്ട് എന്നത് വേറെ കാര്യം. അച്യുതാനന്ദസഖാവ് ആകട്ടെ രണ്ടുലക്ഷം ഫോളോവേഴ്സ് ഉള്ള ഫേസ്ബുക്ക് പേജിന്റെ മുതലാളിയായെന്നത് ഏറെ വിരോധാഭാസം. പ്രീഡിഗ്രിയൊക്കെ കോളേജിൽ നിന്നു മാറ്റിയാൽ കോളേജിന്റെ കാൽപനികഭാവം പോകും, പ്രണയസുരഭില പുഷ്പങ്ങൾ വാടിക്കരിഞ്ഞു പോകും എന്നൊക്കെ കേട്ടു എത്ര സെന്റി അടിച്ചിരുന്നു അന്നൊക്കെ. തൊണ്ണൂറ്റിഎട്ടിൽ പ്രീഡിഗ്രി സ്കൂളിലേക്ക് പറിച്ചു നട്ടു. പ്രണയസുരഭില പുഷ്പങ്ങൾ വാടിക്കരിഞ്ഞുവോ ആവോ?

പുനലൂർ എസ്.എൻ കോളേജ് സ്ഥിതി ചെയ്യുന്നത് ഒരു കുന്നിന്റെ മുകളിലാണ്.   മലയുടെ മുകളിൽ തലയുയർത്തി നിൽക്കുന്ന കൂറ്റൻ കെട്ടിടങ്ങൾ. അവിടെ നിന്നു  പുനലൂർ ടൗൺ കാണാൻ നല്ല ഭംഗിയാണ്. താഴെ ഉറുമ്പുകൾ പോലെ നീങ്ങുന്ന മനുഷ്യരും കൂറകൾ പായുന്നത് പോലെ പോകുന്ന വാഹനങ്ങളും കാണാം.കോളേജ് മല നിറയെ പുൽമേടുകൾ ആണ്. വേനൽക്കാലത്ത് ചില കുരുത്തംകെട്ടവന്മാർ പുല്ലിന് തീ കൊടുക്കും. വെറുതെ ഒരു രസം. കുന്നിന്റെ താഴെ നിന്ന് നിലവിളിച്ചു കൊണ്ട് ബദ്ധപ്പെട്ടു കയറ്റം കയറി ഫയർ എൻജിൻ എത്തും.പിള്ളേർക്ക്  എന്തൊരു സന്തോഷം. എൻജിനിൽ നിന്ന് വെള്ളം ചീറ്റുന്നതിനിടയിൽ കൂരോൻ,ചെവിയൻ,കുറുനരി ഇവയൊക്കെ പുൽകാട്ടിൽ നിന്നു പുറത്തുചാടും. അവയെ ഓടിച്ചിട്ടു പിടിക്കുവാൻ പിള്ളേർ കൂട്ടമായി ഇറങ്ങും.

അന്നുണ്ടായിരുന്ന വളഞ്ഞുപുളഞ്ഞ ടാറിടാത്ത വഴിയിലൂടെ കോളേജിൽ എത്തുവാൻ ബുദ്ധിമുട്ടാണ്. അല്ലെങ്കിൽ കാക്കത്തൊള്ളായിരം പടികൾ കയറി വേണം മുകളിൽ എത്തുവാൻ. രാവിലെ കൊല്ലത്തുനിന്നുള്ള സാറന്മാർ വരുന്ന വാൻ എത്തും. അത് കോളേജ്  മല കയറുവാൻ ഏറെ ബുദ്ധിമുട്ടും. പിള്ളേരും സാറന്മാരും ചേർന്നു തള്ളി വണ്ടിയെ മല കയറ്റുന്നത് രസമുള്ള കാഴ്ചയായിരുന്നു. കുട്ടികൾക്ക് കാൽനട വണ്ടി തന്നെ ശരണം. ബൈക്ക് ഒക്കെ ഉള്ളവർ അന്നു വിരളിൽ എണ്ണാൻ മാത്രം. അന്ന് കോളേജിൽ ക്യാന്റീൻ ഒന്നും ഇല്ല. ആകെയുള്ള പൊട്ടിപ്പൊളിഞ്ഞ മുറി കുട്ടിസഖാക്കൾ കയ്യേറി പാർട്ടി ഓഫീസാക്കിയിരുന്നു. അതുകൊണ്ട് കുന്നിൻമുകളിൽ കട്ടൻചായക്കും പരിപ്പുവടയ്ക്കുമുള്ള അവസരം ഇല്ലായിരുന്നു.  അതില്ലാതെ കുട്ടിസഖാക്കൾ പഠിപ്പുമുടക്കാനുള്ള ത്വാതിക അവലോകനങ്ങൾ എങ്ങനെ നടത്തിയോ ആവോ?.. പിന്നെ ആകെ കിട്ടുന്നത് തമിഴന്റെ ബ്രൂ കോഫി മാത്രം. ഒരു തമിഴൻ സൈക്കിളിൽ സ്റ്റീൽ സമോവർ കെട്ടിവെച്ചു കുന്നിൻ മുകളിൽ എത്തിച്ചു വിൽപന നടത്തും. ബ്രൂ കോഫി കുടിച്ചു വാട്ടർ ടാങ്കിന്റെ താഴയുള്ള പടിയിൽ കുത്തിയിരുന്നു നടത്തിയിരുന്ന 'പക്ഷി നിരീക്ഷണം' നല്ല രസമായിരുന്നു. വാട്ടർടാങ്കിനോട് ചേർന്നു വലിയ ഒരു പ്ലാവുമരം ഉണ്ടായിരുന്നു. കെമിസ്ട്രിലാബിൽ നിന്നു മെർക്കുറി അടിച്ചുമാറ്റി ആ മരത്തിൽ കുത്തിവെച്ചു ഉണക്കുവാൻ ശ്രമിച്ച തലതെറിച്ച സയന്റിസ്റ്റുകൾ ഞങ്ങളുടെ ബാച്ചിലും ഉണ്ടായിരുന്നു. ആ മരം അത്തരം ഗിനിപ്പന്നി പരീക്ഷണങ്ങളെ അതിജീവിച്ചുവോ ആവോ
കോളേജുമലയിൽ ഉള്ള പുൽമേടുകൾക്കിടയിൽ ഉള്ള തെങ്ങുകൾ ആണ് അടുത്ത പ്രലോഭനം. തേങ്ങകൾ എറിഞ്ഞു വീഴ്ത്തിയും കേറി അടത്തിയും കുട്ടികൾ ആഘോഷിച്ചിരുന്നു. ഇടയ്ക്കു കോളേജ് സൂപ്രണ്ട് അതുവഴിയൊക്കെ തേങ്ങാ അടത്തുന്ന പിള്ളേരെ പിടിക്കുവാൻ ചുറ്റി നടക്കുമായിരുന്നു. ഓഫീസ് സൂപ്രണ്ട്  ആണെങ്കിലും മൂപ്പരുടെ ഗമ വല്യപ്രൊഫസ്സറുടെ മട്ടിലായിരുന്നു. ഞണ്ടിന്  കോൽക്കാരൻ  പണി  കിട്ടിയത്  പോലെ. ഒളിഞ്ഞിരുന്നു സൂപ്രണ്ട് സാറിനെ ഇരട്ടപ്പേര് വിളിയ്ക്കുന്ന വിരുതന്മാർ ധാരാളം. ദേഷ്യം മൂത്തു സൂപ്രണ്ട് സാർ  ഇരട്ടപ്പേര് വിളിച്ച പിള്ളാരുടെ പിതാവിനെയും പിതാമഹനെയും പേരുകൂട്ടി വിളിച്ചിട്ടു പാൻറ്സിന്റെ സിപ്പ് തുറന്നങ്ങുകാട്ടും. പിള്ളേരുടെ പൊടി പോലും പിന്നെ കാണുകയില്ല. സാറുന്മാരുടെ പേരുകളേക്കാൾ ഇരട്ടപ്പേരുകൾക്കായിരുന്നു കോളേജിൽ പ്രസിദ്ധി. കുളിര്,കൂനിന്മേൽ കുളിര്,പാറാൻ,മൈക്രോ,മങ്കി,എരുമ,സിൽക്ക് സ്മിത ഇങ്ങനെ ഇരട്ടപ്പേരുകൾ ധാരാളം.ഞാൻ പഠിക്കുന്നതിന് തൊട്ടുമുമ്പത്തെ കൊല്ലമാണ് കോളേജിന്റെ ചരിത്രത്തിലെ കുപ്രസിദ്ധമായ ഉറുമ്പ് കേസ് നടക്കുന്നത്. തട്ടുതട്ടായിട്ടാണ് കോളേജ് കെട്ടിടം സ്ഥിതിചെയ്യുന്നത്. ഓരോ തട്ടിലും നിന്നാൽ താഴെക്കൂടി കുട്ടികൾ വരുന്നതും പോകുന്നതും കാണാം. ഏതോ ഒരു കുബുദ്ധി ഒരു തട്ടിൽ നിന്ന പേരമരത്തിൽ നിന്നും ഉറുമ്പുകൂട് എടുത്തു താഴെ കൂടി പോയ പെൺകുട്ടികളുടെ ദേഹത്തിൽ എറിഞ്ഞു. പാവം പെൺകുട്ടികൾ ഉടുപ്പിനകത്ത് നീറു കയറിയാലുള്ള അവസ്ഥ ആലോചിക്കാമല്ലോ. അതിനെ ചോദ്യം ചെയ്തു ആ പെൺകുട്ടികളുടെ ക്ലാസ്സിലെ ആൺകുട്ടികൾ രംഗത്ത് വന്നു. എറിഞ്ഞയാൾ പാർട്ടിക്കാരൻ ആയതിനാൽ പാർട്ടി തിരിഞ്ഞായി അടി. തുടരുന്നു സമരപരമ്പര,കത്തിക്കുത്ത്, കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചിടൽ ..ആകെ പുകിൽ.

കോളേജ് തുറക്കുമ്പോൾ തന്നെ പാർട്ടി മെമ്പർഷിപ്പുകൾ വിതരണം തുടങ്ങും. മിക്കവാറും കുട്ടികൾ പേടിച്ചു വിപ്ലവപാർട്ടിക്കാരുടെ മെമ്പർഷിപ്പ് തന്നെ എടുക്കും. അല്ലെങ്കിൽ ചാമ്പ് ഉറപ്പാണ്. കോളേജിൽ അടി സ്ഥിരമായി വാങ്ങുന്ന ഒരു കൂട്ടരേ ഉണ്ടായിരുന്നുള്ളു, കെ.എസ്.യു യൂത്തന്മാർ. എല്ലാ ബാച്ചിലും കാണും ഞാഞ്ഞൂലുപോലെ ഒന്നോ രണ്ടോപേർ. മൊത്തം അടികളും ഏറ്റുവാങ്ങുവാൻ വിധിക്കപ്പെട്ട  ന്യുനപക്ഷം. സാക്ഷാൽ മോഹൻദാസ് കരംചന്ദ് ഗാന്ധിയ്ക്കു പോലും കാണില്ല അത്രയും സഹിഷ്ണുത.


രാവിലെ കോളേജിൽ എത്തുമ്പോഴേക്കും ഏതെങ്കിലും ഒരു കാരണം പറഞ്ഞു സമരം തുടങ്ങിയിരിക്കും. മിക്ക പിള്ളേർക്കും അവർ സമരം ചെയ്യുന്നത് എന്തിനാണ് എന്നുപോലും അറിയില്ല. സോമാലിയയിലെ പട്ടിണിയും ക്യുബൻ ഐക്യദാർഢ്യവും അമേരിക്കൻ സാമ്രാജ്യത്വ ഭീഷണിയും ഒക്കെ ആയിരിക്കും മിക്കപ്പോഴും വിഷയങ്ങൾ. കോളേജിന്റെ താഴെ തട്ടിൽ നിന്നു മുദ്രാവാക്യം വിളി തുടങ്ങും. തോറ്റിട്ടില്ല..തോറ്റിട്ടില്ല..വിദ്യാർത്ഥി സമരം തോറ്റിട്ടില്ല .. കാലം സാക്ഷി,ചരിത്രം സാക്ഷി.. മുദ്രാവാക്യം മൂത്ത് വരുമ്പോൾ അടി തുടങ്ങും. ഇതൊക്കെ പറഞ്ഞു മിക്കവാറും വീക്കുകിട്ടുന്നത് പാവം യൂത്തന്മാർക്ക് ആയിരിക്കും. കാട്ടിലെ പശുവിനെ പുലി പിടിച്ചതിനു  വീട്ടിലെ പട്ടിക്കിട്ട് തല്ലുന്നതു പോലെ സമരാവേശം മുഴുവനും  യൂത്തന്റെ  മുതുകത്ത്  തീർക്കും. തല്ല് മൂത്ത് വരുമ്പോൾ പ്രിൻസിപ്പൽ പോലീസിനെ വിളിക്കും. പോലീസ് വണ്ടി താഴെ നിന്ന് കുന്ന്‌ കയറി വരുന്നത് കാണാം. കുട്ടികളും അതിനു മുമ്പ് തന്നെ സമരക്കാരും നാലുവഴിക്കായി കുന്നിറങ്ങി ഓടും. പോലീസ് ഇടവും വലവും നോക്കാതെ കയ്യിൽ കിട്ടുന്ന ആമ്പിള്ളേരെ ഒക്കെ തല്ലും. ഞാനും കൂട്ടുകാരും കോളേജിന്റെ പുറകുഭാഗത്തെ കുറ്റികാട്  താണ്ടി കാഞ്ഞിരമല വഴിയാകും ഓട്ടം.


ഒരു ദിവസം രാവിലെ ക്ലാസ്സ് തുടങ്ങിയ സമയം. പ്രീഡിഗ്രി ക്ലാസ്സിന്റെ മുമ്പിലൂടെ പത്തായത്തിൽ നിന്ന് പുറത്തു ചാടിയ വെള്ളലി കുഞ്ഞുങ്ങളെപ്പോലെ രണ്ടുമൂന്ന് ഖദറുധാരി കുഞ്ഞുങ്ങൾ നാലുവഴിക്ക്  ഓടുന്നു. യൂത്തന്മാരെന്ന് പ്രത്യേകം പറയണ്ടല്ലോ. പുറകെ മുദ്രാവാക്യം വിളിയുടെ അകമ്പടിയോടെ കയ്യിൽ മരച്ചീനിതണ്ടുമായി കുറെ കുട്ടിസഖാക്കൾ. കപ്പത്തണ്ടും കല്ലും  ആണ് കോളേജിലെ പ്രധാന സമരായുധങ്ങൾ. കോളേജിലേക്ക് വരുന്ന വഴിക്കുള്ള വീടുകളുടെ മുറ്റത്തു ഉണക്കാനിട്ട കപ്പതണ്ടുകളിൽ മൂത്തകമ്പുകൾ നോക്കിയെടുത്തുകൊണ്ടാണ് വരവ്. കൂടെ ഉച്ചത്തിൽ മുദ്രാവാക്യം വിളിയും.

" മണ്ടേലാ, മണ്ടേലാ.. ഞങ്ങടെ ഓമന മണ്ടേലാ..''

ദൈവമേ ഓമനയുടെ പേരിലും സമരമോ? ഏതു ഓമന ആയിരിക്കും? ഓണം വരാൻ ഓരോരോ മൂലങ്ങളേ.. എന്റെ മനസ്സിലൂടെ കോളേജിലെ ഒരുപാട് ഓമനമാർ കടന്നുപോയി. സെക്കന്റ് പീ.ഡി.സിയ്ക്കു പഠിക്കുന്ന പാറ്റൺ ടാങ്കുപോലുള്ള ഓമനകുമാരിയാണോ താരം, അതോ കോളേജ് ബ്യൂട്ടിയായ ഡിഗ്രിയ്ക്ക് പഠിക്കുന്ന ഓമനകുഞ്ഞമ്മയാണോ? ഏതു ഓമനയാണാലും മുപ്പത്തിയാർ എന്തിനാണ് മണ്ടയിൽ കയറിയത്. ഇനി ഓമന ആത്മഹത്യ ചെയ്യുവാൻ ഏതെങ്കിലും കോളേജ് ബിൽഡിങ്ങിന്റെ മണ്ടേൽ വലിഞ്ഞു കയറിയതാണോ?   കോട്ടയം പുഷ്പനാഥിന്റെ  ഡിറ്റക്ടീവ് നോവലുകൾ ഒക്കെ വായിച്ചു തല പുണ്ണാക്കിയിരുന്ന എന്റെ കുറ്റാന്വേഷണ ബുദ്ധി ഉണർന്നു. എന്തായിരിക്കും കാരണം?.. സ്ത്രീപീഡനം, പ്രണയ നൈരാശ്യം, പരീക്ഷയിൽ തോറ്റത്?. പക്ഷെ അതിൽ യൂത്തന്മാർക്ക് എന്താണ് റോൾ? എന്തിനാണ് അവന്മാർക്ക് ഇട്ടു വീക്കുന്നത്..ആകെ മൊത്തം കൺഫ്യൂഷൻ. 
  

കുറെ അടിയൊക്കെ കഴിഞ്ഞു രംഗം ശാന്തമായതിനുശേഷം ആണ് കാര്യം പിടികിട്ടിയത്. സൗത്ത് ആഫ്രിക്കയിലെ ജയിലിൽ നിന്ന്  നെൽസൺ മണ്ടേലയെ  വിട്ടയക്കണം എന്നാവശ്യപ്പെട്ടായിരുന്നു സമരം. 1985  കളിൽ നെൽസൺ മണ്ടേലയൊക്കെ  അന്ന് കേരളത്തിലെ വാർത്തകളിലും പത്രങ്ങളിലും സ്ഥാനം പിടിച്ചുവരുന്നതേ ഉള്ളൂ. അപ്പോഴാണ് ഈ സമരവും തല്ലും എന്നോർക്കണം.

എങ്കിലും എന്റെ മണ്ടേലേ, അങ്ങേക്കു വേണ്ടി തല്ലുകൊടുക്കുവാൻ ഇങ്ങു കൊച്ചു കേരളത്തിലും ചിലരൊക്കെ ഉണ്ടല്ലോ?.. പാവം യൂത്തന്മാർ അടി വരുന്ന ഓരോരോ വഴികളേ....


എസ്സൻസ്:
സാക്ഷാൽ ടി.പി ശ്രീനിവാസനെ വരെ ചെവിക്കുറ്റിയ്ക്ക് പൊട്ടിക്കുവാൻ ധൈര്യം കാണിച്ചവരാണ് ഞങ്ങൾ,  പിന്നല്ലേ ഈ എലിക്കുഞ്ഞുങ്ങൾ.. അല്ലെങ്കിൽ തന്നെ അമ്മായിക്ക് അടുപ്പിലും ആകാല്ലോ.. ലാൽസലാം.       
       

  

Wednesday, 22 March 2017

തബ്ബാക്ക്


തബ്ബാക്ക്


ജൂലൈ മാസത്തിലെ ഒരു വെള്ളിയാഴ്ച ദിവസം ഫിഷ് മാർക്കറ്റിൽ നിന്ന് മീൻ വാങ്ങി മടങ്ങുകയായിരുന്നു ഞാൻ. കടലോരപട്ടണം ആയതിനാൽ ഞാൻ താമസിക്കുന്ന ചെറുപട്ടണത്തിൽ ഏതുതരം മീനുകളും വലിയ വിലയില്ലാതെ കിട്ടും. വെള്ളിയാഴ്ചകളിലെ പ്രഭാതങ്ങളിൽ പൊതുവെ റോഡിൽ അത്ര തിരക്കുണ്ടാവില്ല, കൂടാതെ പുറത്തു നല്ല ചൂടും. ജൂലൈ-ആഗസ്റ്റ്  മാസങ്ങളിൽ ഗൾഫിൽ ചൂടിന്‍റെ ആധിക്യമാണ്. റൂമിന് പുറത്തിറങ്ങി ഒരു അഞ്ചുമിനിറ്റ് നിന്നാൽ വിയർത്തൊഴുകാൻ തുടങ്ങും. ക്ലോക്ക് റൌണ്ട് എബൌട്ട് കഴിഞ്ഞു വണ്ടി മുമ്പോട്ടു കുതിക്കുമ്പോഴാണ് ഞാൻ അയാളെ കണ്ടത്. വെയിലത്ത് തലയിൽ ഒരു തൂവാല ചൂടി അയാൾ മുമ്പോട്ടു ആഞ്ഞു നടക്കുന്നുണ്ട്. ഇടയ്ക്കിടയ്ക്കു പ്രതീക്ഷയോടെ റോഡിലെ വാഹനങ്ങളെ നോക്കും.  ആരെങ്കിലും കരുണകാട്ടി വാഹനം നിറുത്തിയാലോ എന്നാകും മനസ്സിൽ. നല്ല വെളുത്തു തടിച്ച ശരീരമുള്ള ഒരു മധ്യവയസ്കൻ. ഒരു സൈഡ് ചരിഞ്ഞു കാലുകൾ ഏന്തിയുള്ള നടപ്പ്. നടപ്പുകണ്ടാൽ കാലിൽ ആണിരോഗത്തിന്‍റെ അസ്‌കിത ഉണ്ടെന്നു തോന്നും. ഞങ്ങൾ മരുന്നുകച്ചവടക്കാർ ആരെ കണ്ടാലും അവരുടെ രോഗലക്ഷണങ്ങൾ ആകും ആദ്യം ശ്രദ്ധിക്കുക. അത് ഒരു ശീലമായിപ്പോയി. ഞാൻ സൈഡ് സിഗ്നൽ ഇട്ടു കാർ നിറുത്തി. അയാൾ ഏന്തിവലിഞ്ഞു ഓടിയെത്തി കാറിൽ കയറി.


ഗൾഫിൽ റോഡുസൈഡിൽ കാർ നിറുത്തി അന്യരെ കയറ്റിയാൽ ഫൈൻ കിട്ടാൻ സാധ്യതയുള്ളതു കൊണ്ട് ഞാൻ ചോദ്യങ്ങളൊന്നുമില്ലാതെ കാർ വേഗം മുമ്പോട്ടു എടുത്തു. ഞാൻ മലയാളി ആണെന്നു ഒറ്റനോട്ടത്തിൽ തോന്നിയതുകൊണ്ടാകും അയാൾ ഏതോ ഒരു ബന്ധുവിനെ കണ്ട ലാഘവത്തോടെ മുഖം നിറയെ ചിരിയുമായി കാർസീറ്റിൽ അമർന്നിരിപ്പായി, കൂടെ ഒരു അഭ്യർത്ഥനയും..
'' മോനെ എന്നെ വല്യപള്ളിയുടെ അടുത്തുള്ള തിരിവിൽ വിട്ടാൽ മതീട്ടോ.."
കാറിൽ അസുഖകരമായ ഒരു ഗന്ധം നിറഞ്ഞു. വിയർപ്പിന്‍റെയും പാചകശാലയിലെ എണ്ണയുടെയും കറികളുടെയും മനംമടുപ്പിക്കുന്ന ഗന്ധം. അപ്പോഴാണ് ഞാൻ അയാളെ സൂക്ഷിച്ചു നോക്കുന്നത്. വെളുത്ത പാന്റ്സിലും ഷർട്ടിലും കറികളുടെയും പാചകാവിഷ്ടങ്ങളുടെയും പാടുകൾ തെളിഞ്ഞു കാണാം. കണ്ടിട്ടു ഏതോ ഹോട്ടലിലെ പണിക്കാരൻ ആണെന്നു തോന്നുന്നു. ഒരു മലയാളിയുടെ സ്വതസിദ്ധമായ ജിജ്ഞാസയോടെ ഞാൻ അയാളോട് കാര്യങ്ങൾ തിരക്കി.
 " ന്‍റെ പേര് ഖാദർ. മുർഷിദ് റെസ്റ്റോറന്റിലെ തബ്ബാക്കാണ് മോനെ..''
അറബിയിൽ തബ്ബാക്ക് എന്നുവെച്ചാൽ കുക്ക്, ഹോട്ടലിലെ പാചകക്കാരൻ എന്നു സാരം. പേരും ജോലിയും അറിഞ്ഞാൽ ഏതു മലയാളിയും അടുത്തതായി ചോദിക്കുക നാടെവിടെയെന്നാകും, അതു മുൻകണ്ടിട്ടാകും അയാൾ ചോദിക്കാതെ പറഞ്ഞു
'' നാട്ടിലങ്ങു തെക്കാണ്..''
തെക്കന്നു കേട്ടതോടെ ഞാൻ ഉഷാറായി. ഗൾഫിൽ തെക്കന് തെക്കനെ കണ്ടാൽ നാട്ടിൽ നിന്നു പിരിഞ്ഞ ഏതോ ഒരു ബന്ധുവിനെ കണ്ട സന്തോഷമാണ്..ഫയങ്കര സന്തോഷം. നാട്ടിൽ കൊല്ലത്ത് ഇരവിപുരത്താണ് മൂപ്പരുടെ വീടെന്നും വീട്ടിൽ 'ഫാ'ര്യയും മൂന്നു പെൺമക്കളുമുണ്ടെന്നും  കൊല്ലത്തുകാരുടെ 'ഫാ'ഷയിൽ അയാൾ പറഞ്ഞു. മക്കളൊക്കെ പഠിയ്ക്കുന്നു, മൂത്തയാളിന്‍റെ നിക്കാഹ് ഉറപ്പിച്ചിരിക്കുന്നു. പയ്യനു വാട്ടർ അതോറിറ്റിയിൽ ആണ് പണി. അയാൾ നിറുത്താതെ വിശേഷങ്ങൾ പറഞ്ഞുകൊണ്ടിരുന്നു. കൂടെ ഞാൻ കൊല്ലത്തുകാരൻ ആണെന്നും ഹോസ്പിറ്റലിൽ ആണ് ജോലിയെന്നും അറിഞ്ഞതിൽ മൂപ്പർക്ക് പെരുത്ത സന്തോഷം. കാറിൽ നിന്ന് ഇറങ്ങാൻ നേരം കൈ അമർത്തിപ്പിടിച്ചു സലാം ചൊല്ലി അയാളുടെ കടയിൽ വരണമെന്നു ആവർത്തിച്ചു പറഞ്ഞു ഖാദറിക്ക പോയി. ഒരു പെരുമഴ പെയ്തൊഴിഞ്ഞ പ്രതീതി. കാർ മുമ്പോട്ടു നീങ്ങുന്നതിനിടയിൽ കൈവീശി യാത്ര പറഞ്ഞു അയാൾ പോയി. 


പൊതുവെ തെക്കരായ ഹോട്ടൽ പണിക്കാർ ഗൾഫിൽ കുറവാണ്. ഇവിടെ മലയാളി ഹോട്ടലുകൾ മിക്കവയും നടത്തുന്നത് നാദാപുരം തലശ്ശേരി ഭാഗക്കാരാണ്. ഖാദറിക്കയുടെ കൈപുണ്യം രുചിച്ചതോടെ  ഞാൻ ആ ഹോട്ടലിൽ ഇടയ്ക്കിടെ പോയിതുടങ്ങി. ഒരു ഇടത്തരം ഹോട്ടൽ. ഞാൻ താമസ്സിക്കുന്ന ചെറുപട്ടണത്തിലെ സനയ്യ (ഇൻഡസ്ട്രിയൽ ഏരിയ) ഭാഗത്താണ് ആ ഹോട്ടൽ. വടക്കൻ എമിറേറ്റ്സിൽ ഉള്ള ഈ പട്ടണത്തിലെ ഗവണ്മെന്റ് ഹോസ്പിറ്റലിൽ ആണ് എനിയ്ക്കു പണി. മരുന്നുകളുടെയും മറ്റു അനുബന്ധ സാധനങ്ങളുടെയും സ്റ്റോറിലെ എന്‍റെ ജോലി രാവിലെ 7 മണിയ്ക്ക് തുടങ്ങും. ഏഴുമണിക്ക് കാർഡ് പഞ്ചു ചെയ്തു ജോലിയ്ക്കു കയറിയില്ലെങ്കിൽ പണി പാളും. നേരം വെളുക്കുന്നതിനു മുമ്പ് പ്രഭാതഭക്ഷണമായി എന്തെങ്കിലുമൊന്നു കഴിച്ചെന്നു വരുത്തിയാകും ജോലിയ്‌ക്കെത്തുക. ഒരു 10 മണിയാകുമ്പോഴേക്കും വയറ്റിൽ വിശപ്പിന്‍റെ വിളി തുടങ്ങും. മെയിൻസ്റ്റോറിൽ നിന്നു മരുന്നുകൾ എത്തിക്കുവാനുള്ള ചുമതല ഉള്ളതിനാൽ എനിയ്ക്കു ജോലിയ്ക്കിടെ പുറത്തേക്കു പോകുവാനുള്ള അനുവാദം ഉണ്ട്. ആ പേരും പറഞ്ഞു ഞാൻ ഖാദറിക്കയുടെ ഹോട്ടലിലേക്ക് പ്രഭാതഭക്ഷണത്തിനായി ഒരു മുങ്ങുമുങ്ങും.എന്നെ കണ്ടാലുടൻ ഖാദറിക്ക ഒരു വലിയ ചിരിയോടെ കിച്ചന്‍റെ വാതിൽ തുറന്ന് പുറത്തേക്കു വരും. നല്ല ചൂടുള്ള പൊറോട്ടയ്ക്കു ഒപ്പം വെജിറ്റബിൾ കുറുമയോ മീൻകറിയോ അയാൾ എനിയ്ക്കായി എടുത്തു കൊണ്ടുവരും. കൂടെ എനിയ്ക്കു മാത്രം സ്പെഷ്യലായി ഒരു ചെറിയ പാത്രം രസികൻ സാമ്പാറും. സാമ്പാറിന് പ്രത്യേക ചാർജ് ഒന്നും ഇല്ല. ഞാൻ കഴിക്കുന്നത് ഭിത്തിയിൽ ചാരിനിന്ന് നോക്കിക്കൊണ്ടു മൂപ്പർ നാട്ടുവിശേഷങ്ങളും മക്കളുടെ പഠിത്തകാര്യങ്ങളും മറ്റും നിറുത്താതെ പറഞ്ഞുകൊണ്ടിരിക്കും. കൂടെ രോഗങ്ങളെക്കുറിച്ചുള്ള സംശയങ്ങളും മരുന്നുസംബന്ധമായ സംശയങ്ങളും ഞാൻ തീർത്തുകൊടുക്കണം. ഖാദറിക്കയുടെ കൈപ്പുണ്യമറിഞ്ഞയാൾ പിന്നെ ആ രുചി മറക്കുകയില്ല. വെള്ളിയാഴ്ചകളിൽ ഉണ്ടാക്കുന്ന മീൻബിരിയാണിയാണ് മൂപ്പരുടെ മാസ്റ്റർ ഐറ്റം. വട്ടത്തിലുള്ള വലിയ ഒരു ചെമ്പു നിറയെ ബിരിയാണിച്ചോറും പരന്ന തട്ടത്തിൽ ഉള്ള ചെമ്പിൽ  മീൻ വറത്തു മസാലക്കൂട്ടോടെ ചേർത്തു വെച്ചിരിക്കും. ചെമ്പിൽ നിന്നു മീനും മസാലയും എടുത്തു മുകളിൽ ബിരിയാണിച്ചോർ ചേർത്തു ഞൊടിയിടയിൽ പ്ലേറ്റുകളിൽ നിറച്ചു മൂപ്പർ കിച്ചൻ ടേബിളിൽ നിരത്തിവെയ്ക്കും. ജുമാ നിസ്കാരം കഴിഞ്ഞു വിശന്നു വെപ്രാളം പിടിച്ചു വരുന്ന ആൾക്കാരുടെ മുമ്പിലേക്ക് ആ പ്ലേറ്റുകൾ എത്തുമ്പോൾ അവർ കാണിക്കുന്ന ആർത്തി കണ്ടാലറിയാം ഖാദറിക്കയുടെ പാചകത്തിന്‍റെ പെരുമ. അറബിയും മലയാളിയും ബംഗാളിയും പാകിസ്ഥാനിയുമെല്ലാം ആ രുചിയുടെ വൈശിഷ്ട്യത്തിൽ മൂക്കുകുത്തും.വെള്ളിയാഴ്ച ദിവസം ഹോട്ടലിൽ നല്ല തിരക്കാണ്. ഗൾഫിലെ കൊടുംഉഷ്ണത്തിൽ പൊരിയുന്ന കിച്ചണിലെ നരകച്ചൂടേറ്റു വിയർത്തൊലിക്കുന്ന ഖാദറിക്ക, നെറ്റിയിൽ കെട്ടിയിരിക്കുന്ന തൂവാല അഴിച്ചു ഇടയ്ക്കിടെ പിഴിഞ്ഞുകളയുന്നത് കാണാം. എണ്ണയിട്ട യന്ത്രം പോലെ മൂപ്പരുടെ കൈ എല്ലായിടവും എത്തണം. മുഖത്തെ വിയർപ്പ് അടുക്കളപ്പടിയിൽ തൂക്കിയിട്ടിരിക്കുന്ന ടവ്വൽ  കൊണ്ടു തുടച്ചു അയാളങ്ങനെ കിച്ചണിൽ ഓടിനടക്കും.ഖാദറിക്ക റൂമിൽ നിന്നു പുലർച്ചെ നാലുമണിയ്ക്ക് എഴുന്നേറ്റു ഹോട്ടലിൽ എത്തി ബാങ്കുവിളിയ്ക്ക് മുമ്പ് ബ്രേക്ക്ഫാസ്റ്റിന്‍റെ പണികൾ തീർക്കും. പെറോട്ട അടിയ്ക്കാനായി ഒരു ബംഗാളിപ്പയ്യൻ ഉണ്ട്. ഉച്ചയ്ക്ക് ശേഷം മൂന്നുമണിയ്ക്ക് അവസാനിക്കുന്ന ആദ്യ ഷിഫ്റ്റ് തീരുമ്പോളാണ് ഒന്നു ശ്വാസം നേരെ വിടുക. ഹോട്ടലിന്‍റെ പുറത്തു വേപ്പുമരത്തിനു താഴെ ഇട്ടിരിക്കുന്ന ബെഞ്ചിൽ കിടന്നു അൽപ്പനേരം വിശ്രമിക്കും.  നാലുമണിയ്ക്കു ചായക്കടി ഉണ്ടാക്കാൻ ബംഗാളിയെ സഹായിക്കുന്ന പണി തുടങ്ങിയാൽ പിന്നെ രാത്രി 11 മണിയ്ക്കാവും ഒന്നിരിക്കുവാൻ സമയം ലഭിക്കുക. 1500 ദിറഹം ശമ്പളമാണ് തലശ്ശേരിക്കാരൻ കുഞ്ഞഹമദ് ഹാജി മൂപ്പർക്കു നൽകുക. റൂമിനും ടെലിഫോണിനും മറ്റു വട്ടചിലവുകളും കിഴിച്ചു ആയിരം ബാക്കി കിട്ടും. അത് മാസാദ്യം തന്നെ എക്സ്ചേഞ്ചിൽ   പോയി ഭാര്യയുടെ പേരിൽ അയച്ചുകഴിയുമ്പോഴാണ് മൂപ്പരുടെ ബേജാർ ഒന്നു കുറയുക.ഞാൻ ഓരോ തവണ കാണുമ്പോഴും ഖാദറിക്ക നാട്ടിലെ മക്കളുടെ വിശേഷങ്ങളും അവരുടെ പഠിത്തകാര്യങ്ങളും എന്നോട് വിവരിച്ചു മൂപ്പർക്കുള്ള സംശയങ്ങൾ തീർക്കും. അയാളുടെ കണ്ണിൽ ഞാനൊക്കെ വല്യപഠിത്തം ഉള്ള ആളാണ്. കൂടാതെ മെഡിക്കൽ സംബന്ധമായ ജോലിയുള്ളവർ എല്ലാം ഡോക്റ്ററുമാരാണ് എന്നാണ് മൂപ്പരുടെ ധാരണ. അവരോട് ചോദിച്ചാൽ രോഗസംബന്ധമായ വിവരങ്ങളും മരുന്നും അറിയാം എന്നതുകൊണ്ട് ഹോട്ടലിൽ ചെന്നാൽ അയാളിൽ നിന്നും മറ്റുജോലിക്കാരിൽ നിന്നും വി.ഐ.പി പരിഗണന കിട്ടും. ഇടയ്‌ക്കോക്കെ എനിയ്ക്കും കുടുംബത്തിനും സ്പെഷ്യലായി ബിരിയാണിപൊതികളും പലഹാരങ്ങളും തന്നുവിടാൻ മൂപ്പർ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.ഖാദറിക്ക ഒരു നിത്യരോഗിയാണ്. എപ്പോഴും കാണും അയാൾക്ക്‌ മുട്ടുവേദനയും തോളെല്ലിനു വേദനയും. വിശ്രമമില്ലാത്ത പണികൊണ്ടാണ് എന്നു പറഞ്ഞാൽ മൂപ്പർ ഒരു ചിരി ചിരിക്കും.. ഉള്ളുരുകുന്ന ഒരു ചിരി. വേദനാസംഹാരിയും പുറത്തുപുരട്ടുവാൻ ക്രീമും ഒക്കെ അയാൾ ഫാർമസിയിൽ നിന്നു വാങ്ങി തരംപോലെ ഉപയോഗിക്കും. സാമ്പിളായി കിട്ടുന്ന മരുന്നുകൾ ഞാനും ഇടയ്ക്ക് കൊടുക്കും. വേദനസംഹാരികൾ അധികം കഴിച്ചാൽ ശരീരത്തിന് ദോഷമാണ് എന്നു ഉപദേശിച്ചാൽ,
" വേറെ എന്താണ് ഒരു നിവർത്തി മോനെ? ഡോക്കിട്ടറെ ഒക്കെ കാണാൻ എനിക്ക്  എവിടാ നേരം? ''
എന്നാകും മറുചോദ്യം ഉന്നയിക്കുക. അങ്ങനെയിരിക്കെ ഒരു ദിവസം ഞാൻ കടയിൽ ചെന്നപ്പോൾ ഖാദറിക്ക, രാത്രിയിൽ ഉറങ്ങാൻ കഴിയുന്നില്ല, തലയ്ക്ക് പെരുപ്പും കൈകാലുകൾക്ക് മരവിപ്പും ആണെന്നു എന്നോട് പറഞ്ഞു. ഞാൻ ഡോക്ടറെ കാണാൻ നിർബന്ധിച്ച പ്രകാരം അയാൾ എന്‍റെ ഹോസ്പിറ്റലിൽ ഉള്ള ഒരു മലയാളി ഫിസിഷ്യനെ കണ്ടു. കൂടെ ഞാനും ഉണ്ടായിരുന്നു. ബ്ലഡ് പ്രഷറും ഷുഗറും ഒക്കെ കൂടുതൽ, കൊളസ്‌ട്രോൾ ആകട്ടെ മുന്നൂറിനു മേൽ. മരുന്നും ഭക്ഷണങ്ങളും ഒക്കെ ഡോക്ടർ നിർദേശിച്ചതനുസരിച്ചു കഴിക്കണമെന്നു പറഞ്ഞത് മൂപ്പർ ഒട്ടും ശ്രദ്ധിച്ചതായി തോന്നുന്നില്ല,  അല്ലെങ്കിൽ ശ്രദ്ധിക്കുവാൻ അയാളുടെ ജീവിതസാഹചര്യങ്ങൾ സമ്മതിച്ചില്ല എന്നതാകും സത്യം. അതിനിടെ വർഷങ്ങൾ പലതു കഴിഞ്ഞു പലതവണ ഖാദറിക്ക നാട്ടിൽ പോയി. മൂത്ത രണ്ടുമക്കളുടെ കല്യാണം കഴിഞ്ഞു. അതിനുള്ള പണമൊക്കെ ഖാദറിക്ക ഓടിനടന്നു കണ്ടെത്തി. അറിയാവുന്ന പലരും കൈയ്യയച്ചു സഹായിച്ചു. പിന്നെ അവരുടെ വീടുകാണൽ, പ്രസവം, കുഞ്ഞിനു പേരിടൽ, മരുമക്കളെ സഹായിക്കൽ തുടങ്ങി ഖാദറിക്കയ്‌ക്ക്‌ വഹിക്കാൻ കഴിയാത്ത നിലയിൽ ചിലവുകൾ വർദ്ധിച്ചു. ഇളയകുട്ടി പഠിയ്ക്കുവാൻ മിടുക്കിയായതിനാൽ മോളെ എം.എസ്സി വരെ പഠിപ്പിക്കുവാൻ കഴിഞ്ഞു. എന്‍റെ മക്കളാണ് എന്‍റെ ധനമെന്ന് മൂപ്പർ ഇടയ്ക്കിടെ വീമ്പുപറയും. ഇടയ്ക്കു വല്ലപ്പോഴുമൊക്കെ എന്നെ കാണുമ്പോൾ മുന്നൂറും അഞ്ഞൂറും ദിർഹമൊക്കെ കടം വാങ്ങുമെങ്കിലും മാസശമ്പളം കിട്ടുമ്പോൾ കൃത്യമായി തിരികെ തരും. അതിനിടയിൽ ഇളയകുട്ടി പഠിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ ഏതോ ഒരു ഗൾഫുകാരൻ കണ്ടു ഇഷ്ടപ്പെട്ടു അവളുടെ നിക്കാഹ് കഴിഞ്ഞു.അങ്ങനെയിരിക്കെ ഒരു രാത്രി 8 മണികഴിഞ്ഞപ്പോൾ എനിയ്ക്കു ഖാദറിക്കയുടെ ഫോണിൽ നിന്നു ഒരു കോൾ വന്നു. ടെലിഫോൺ എടുത്തപ്പോൾ ഹോട്ടലിലെ ഒരു ജോലിക്കാരനാണ്. ഖാദറിക്ക ഹോസ്പിറ്റലിൽ ആണ് എന്നും അത്യാവശ്യമായി എന്നെ കാണണമെന്നു മൂപ്പർ പറഞ്ഞതായി വിവരം അറിയിച്ചു. ഹോസ്പിറ്റലിൽ എത്തിയപ്പോൾ ആണ് വിവരം അറിഞ്ഞത്. ബ്ലഡ്പ്രഷർ കൂടി ഖാദറിക്കയുടെ ഒരു വശം തളർന്നുപോയി എന്ന കാര്യം. എന്നെ കണ്ടപ്പോൾ ഖാദറിക്ക ദയനീയമായി ഒരു ചിരി ചിരിച്ചു, മുഖത്തിന്‍റെ ഒരു വശം കോടിയതു കൊണ്ട് വാക്കുകൾക്ക് പതറിച്ച ഉണ്ട്. ഡോക്ടർ എന്‍റെ പരിചയക്കാരനായതിനാൽ വിവരങ്ങളൊക്കെ തിരക്കി അറിയാൻ കഴിഞ്ഞു.ഖാദറിക്കയുടെ ശരീരത്തിന്‍റെ ഒരു ഭാഗം സ്ട്രോക്ക് വന്നു തളർന്നുപോയി,ഭാഗ്യത്തിനു ജീവൻ രക്ഷപെട്ടു. ഇനി പരസഹായം കൂടാതെ ജോലി ചെയ്തു ജീവിക്കുവാൻ സാധ്യമല്ലെന്നുമുള്ള കാര്യം ഡോക്ടർ എന്നോടു പറഞ്ഞു. ഈ കാര്യം സാവകാശം ഖാദറിക്കയെ അറിയിക്കുവാൻ ഡോക്ടർ എന്നെ ചുമതലപ്പെടുത്തി. ഏകദേശം രണ്ടാഴ്ചയ്ക്ക് ശേഷം ഹോസ്പിറ്റലിൽ നിന്നു ഖാദറിക്കയെ ഡിസ്ചാർജ് ചെയ്തു. നല്ലവനായ ഹോട്ടൽ മുതലാളി അതുവരെയുള്ള ആനുകൂല്യങ്ങളും ടിക്കറ്റും കൊടുത്തു ഖാദറിക്കയെ നാട്ടിൽ വിട്ടു. നാട്ടിൽ പോകുന്നതിന് തലേന്നു റൂമിൽ കാണാൻ ചെന്നു ഞാൻ. കൈയ്യിൽ നാട്ടിൽ മൂപ്പരുടെ കുട്ടികൾക്കു കൊടുക്കുവാനായി ചോക്ലേറ്റും ചില സാധനങ്ങളും കരുതിയിരുന്നു. ഏറെ നേരം ഞങ്ങൾ പഴയകാര്യങ്ങൾ ഒക്കെ പറഞ്ഞിരുന്നു. കെട്ടിപ്പിടിച്ചു പിരിയാൻ നേരം ഉള്ളിൽ ഒരു വിങ്ങൽ..നമുക്ക് പ്രിയപ്പെട്ട എന്തോ ഒന്നു നഷ്ടപ്പെടുന്നത് പോലെ ഒരു തോന്നൽ...എന്തുകൊണ്ടോ ഖാദറിക്ക നാട്ടിൽ എത്തിയശേഷമുള്ള വിവരങ്ങൾ പിന്നീട് അറിയാൻ കഴിഞ്ഞില്ല.ഏകദേശം ഒരു കൊല്ലത്തിനുശേഷം ആണ് ഞാൻ പിന്നീട് നാട്ടിൽ പോയത്. തിരക്കുകൾ ഒക്കെ കഴിഞ്ഞതിന് ശേഷം എന്‍റെ ഒരു പരിചയക്കാരനെ കൂട്ടി ഞാൻ കൊല്ലത്തെ ഖാദറിക്കയുടെ വീട് തേടിപോയി. കൊല്ലം ടൗൺ വിട്ടു ഒരു ഉൾപ്രദേശത്താണ് ഖാദറിക്കയുടെ വീട്. വീട് കണ്ടുപിടിക്കുവാൻ ഏറെ ബുദ്ധിമുട്ടി. ഇടത്തരം ഒരു ഓടിട്ട പഴയ വീട്. ഞാൻ ചെന്നപ്പോൾ വീടിന്‍റെ ഉമ്മറത്ത് ആരെയും കാണാൻ കഴിഞ്ഞില്ല. ആരും ഇല്ലേ എന്ന ചോദ്യം കേട്ടിട്ടാകും അകത്തു നിന്ന് മധ്യവയസ്‌കയായ ഒരു സ്ത്രീ പുറത്തേക്കു വന്നു. ഖാദറിക്കയുടെ ഭാര്യ ആണെന്നു തോന്നുന്നു. ആരാ എന്ന ചോദ്യത്തിനു ഖാദറിക്കയെ കാണാൻ വന്നതാണെന്നും കൂടെ ഗൾഫിൽ ഉണ്ടായിരുന്ന ആളാണെന്നും ഞാൻ പറഞ്ഞു. എന്തുകൊണ്ടോ ആ സ്ത്രീയുടെ മുഖത്ത് വല്യ ഒരു താൽപര്യവും തെളിച്ചവും ഞാൻ കണ്ടില്ല. ആകെ ഒരു മുഷിപ്പ് പോലെ. അവർ ഖാദറിക്ക ഉൾമുറിയിൽ ഉണ്ടെന്നും ചെന്നു കണ്ടുകൊള്ളാനും പറഞ്ഞു. കൂടെയുള്ള ആളെ കൂട്ടി അകത്തെ മുറിയിലെത്തിയപ്പോൾ കണ്ട കാഴ്‌ച ഒരിക്കലും ഞാൻ മറക്കില്ല. ഒരു തടിക്കട്ടിലിൽ അനങ്ങാൻ കഴിയാതെ ജീവച്ഛവം പോലെ ഖാദറിക്ക… ആകെ മെലിഞ്ഞുണങ്ങിയിരിക്കുന്നു. മുറിയിൽ മൂത്രത്തിന്‍റെയും ആയുർവേദ മരുന്നിന്‍റെയും മനംമടുപ്പിക്കുന്ന ഗന്ധം. എന്നെ കണ്ടതും അയാൾ ഒരു വിളറിയ ചിരി ചിരിച്ചു.  
'' മോനെ നീ വന്നല്ലോ എന്നെ കാണാൻ..പെരുത്ത സന്തോഷം ഉണ്ടു കുട്ട്യേ.."
ഞാൻ തെല്ലുനേരം നിശബ്ദനായി ആ മുഖത്തേക്ക് നോക്കി. അൽപം പതറിച്ച ഉണ്ടെങ്കിലും വർത്തമാനം വ്യക്തം. ഞാൻ പതിയെ ആ കട്ടിലിന്‍റെ ഓരത്തിരുന്നു ഖാദറിക്കയുടെ കൈ എടുത്തു എന്‍റെ കൈകളോടു ചേർത്തുവെച്ചു. മുമ്പ് വെളുത്തുതുടുത്തിരുന്ന കൈകൾ ശോഷിച്ചു ഉണക്കചുള്ളികൾ പോലെയായിരിക്കുന്നു. ഉടുപ്പും മുണ്ടും ഒക്കെ മുഷിഞ്ഞു നാറുന്നു. പാവം ഖാദറിക്ക, ഒരു പുരുഷാർത്ഥം മുഴുവൻ  മക്കൾക്കും കുടുംബത്തിനും വേണ്ടി ഓടിയ ആ മനുഷ്യന്‍റെ അവസ്ഥ എന്നെ വല്ലാതെ നൊമ്പരപ്പെടുത്തി. അയാൾ എന്‍റെ മുഖത്തേക്ക് എന്തൊക്കയോ പറയാനെന്നവണ്ണം സൂക്ഷിച്ചുനോക്കി. പക്ഷെ ഒന്നും പറയാതെ തന്നെ എനിക്കു എല്ലാം മനസ്സിലായി.
'' മക്കളൊക്കെ വരാറില്ലേ?.. ''
ഞാൻ ഭംഗിവാക്കിനു ചോദിച്ചു.
" ഓ ആദ്യമൊക്കെ വന്നിരുന്നു. പിന്നീട് മാസങ്ങൾ കഴിഞ്ഞപ്പോൾ അവർ ഈ ഉപ്പാനെ മറന്നു... അവർക്കൊക്കെ വല്യ തിരക്കല്ലേ?.. ''
പിന്നീട് ഞാൻ അധികമൊന്നും ആ കാര്യത്തെക്കുറിച്ചു ചോദിച്ചില്ല, ചോദിച്ചാൽ ആ മനുഷ്യൻ വേദനിച്ചാലോ?..നിരർത്ഥകമായ വാക്കുകൾ കൊണ്ട് എനിക്കു അയാളെ ആശ്വസിപ്പിക്കാനാകില്ല.


എന്‍റെ സംസാരം ചികിത്സയെ കുറിച്ചായി.  കഷായം ഒക്കെ കഴിക്കുന്നുണ്ടന്നും ഇപ്പോൾ അൽപം ആശ്വാസമുണ്ടെന്നും ഖാദറിക്ക എന്നോടു ഭംഗിവാക്ക് പറഞ്ഞു. ഇറങ്ങാൻ നേരം യാത്ര ചോദിച്ചു കൈയ്യിൽ ഒരു ചെറിയ പൊതി തിരുകിയപ്പോൾ ഖാദറിക്ക പറഞ്ഞു.
"ഞാൻ ചണ്ടിയല്ലേ മോനെ, ആർക്കും വേണ്ടാത്ത ഗൾഫ് ചണ്ടി.."
ഞാനൊന്നും മറുപടി പറഞ്ഞില്ല. എന്തുപറയാൻ എല്ലാ ഗൾഫുകാരും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ചണ്ടി തന്നയല്ലേ?.. ചായക്കോപ്പയിലെ  തേയിലസഞ്ചി പോലെ  സത്തു പിഴിഞ്ഞൊഴിച്ചു  ഒടുവിൽ  പുറത്തേക്ക്  വലിച്ചെറിയപ്പെടാൻ  മാത്രം  വിധിക്കപ്പെട്ടവർ.  തൊണ്ടക്കുഴിയിൽ നിന്നു അറിയാതെ ഉയർന്നുവന്ന ഗദ്ഗദം അടക്കി ഞാൻ ആ മുറിയിൽ നിന്നു പുറത്തിറങ്ങി. എവിടെയാണ് ഖാദറിക്കയ്‌ക്കു പിഴച്ചത്?  മക്കളെ മരുഭൂമിയിൽ കിടന്നു കഷ്ടപ്പെട്ടു പോറ്റിയതിലോ?  ഭാര്യയേയും കുടുംബത്തെയും നന്നായി നോക്കിയതിലോ?.. അറിയില്ല,  ഉത്തരം കിട്ടാത്ത ഒത്തിരി സമസ്യകൾ ഈ ലോകത്തു ഉണ്ടല്ലോ.... 
  

Monday, 6 February 2017

ജീവിതം എന്നെ പഠിപ്പിച്ചത്


ജീവിതം എന്നെ പഠിപ്പിച്ചത്

ചന്തദിവസം കോളേജിൽ പോകുവാൻ നല്ല രസമാണ്. ബസ് നിറയെ കോളേജ് കുമാരന്മാർ, കുമാരിമാർ, നാട്ടുകാർ, ചന്തയിൽ കച്ചവടത്തിനു പോകുന്നവർ, മലഞ്ചരക്കുകൾ, നാടൻ ചരക്കുകൾ, ചന്തയിൽ വിൽപ്പനയ്ക്ക് കൊണ്ടുപോകുന്ന നാടൻ കോഴികുഞ്ഞുങ്ങൾ അങ്ങനെ ഭൂമി മലയാളത്തിനു ആവശ്യമുള്ള സർവ്വമാനസാമഗ്രികളും കാണും. ചന്തദിവസങ്ങളിൽ എന്‍റെ നാടായ ഇടമണ്ണിൽ നിന്നു പുനലൂരേക്ക് ബസ് കിട്ടാൻ വളരെ ബുദ്ധിമുട്ടാണ്. ആളുകൊണ്ട് നിറഞ്ഞു പൂർണ്ണഗർഭിണി കയറിയ ഓട്ടോറിക്ഷ പോലെ ചാഞ്ഞും ചരിഞ്ഞും ആകും വണ്ടി എത്തുക.  ജങ്ക്ഷനിൽ എത്തുമ്പോഴേക്കും കണ്ടക്ടർ ഡബിൾ ബെല്ലടിയ്ക്കും. പെട്ടെന്ന് ചാടിക്കയറി ബസ്സിന്‍റെ ഫുഡ്ബോർഡിലോ കോവണിയിലോ നിന്നാകും എന്‍റെ യാത്ര. തിരക്കുകൂടിയാൽ ബസ്സിന്‍റെ മുകളിൽ അള്ളിപ്പിടിച്ചു കയറിയിരിക്കും. കൂടെ കാണും കുട്ടികുരങ്ങന്മാരെപ്പോലെ കുറെ കൂട്ടുകാർ. യാത്രയൊക്കെ കഴിഞ്ഞു വൈകിട്ടു വീട്ടിൽ എത്തുന്നതിനു മുമ്പുതന്നെ ന്യൂസ് വീട്ടിൽ എത്തിയിരിക്കും. 'മോൻ ബസ്സിന്‍റെ മോളിൽ ഇരുന്നാണ് പോയതെന്ന്'.  അന്നു വീട്ടിൽ ഉണ്ടാകുന്ന പുകിൽ പറയാനില്ല. ഞാൻ നല്ല മര്യാദക്കാരനായിട്ടു എല്ലാം തലയാട്ടി കേൾക്കും. അതൊന്നും അത്ര ബുദ്ധിമുട്ടുള്ള കാര്യം അല്ലല്ലോ. വീട്ടുകാർ അവരുടെ ഡ്യൂട്ടി ചെയ്യുന്നു. അല്ല പിന്നെ... വീണ്ടും കുറെ ദിവസങ്ങൾ കഴിയുമ്പോഴേക്കും എല്ലാവരും സംഗതിയൊക്കെ മറക്കും. അപ്പൊ ശങ്കരൻ എഗൈൻ ഓൺ ദെ കോക്കനട്ട് ട്രീ..ബുദ്ധിമുട്ടി ബസ്സിനകത്ത് എങ്ങാനും കയറിപ്പറ്റി സീറ്റ് കിട്ടിയാലോ, ബസ്സിൽ നിന്നുയാത്ര ചെയ്യുന്ന നാട്ടുകാർ അവരുടെ കൈയ്യിൽ ഉള്ള സാധനങ്ങൾ ഓരോന്നായി മടിയിൽ പിടിക്കുവാനായി ഏൽപ്പിക്കും. അതിൽ കൊച്ചുങ്ങൾ മുതൽ പുനലൂർ ചന്തയിൽ വിൽപ്പനയ്ക്കു കൊണ്ടുപോകുന്ന സാധനങ്ങൾ വരെ കാണും. വെറ്റില,പൈങ്ങ(ഇളം പാക്ക് പൊളിച്ചത്), കൊട്ടയ്ക്ക,കുരുമുളക്,ചീര,പയർ, എന്നുവേണ്ട കോഴികുഞ്ഞിനെ വരെ മടിയിൽ വെച്ചുകൊടുക്കുവാൻ ഞങ്ങളുടെ നാട്ടുകാർക്ക് വല്യമടിയൊന്നും ഇല്ലായിരുന്നു. '' മോനെ ഇതങ്ങോട്ടു പിടിച്ചേ " എന്നു പറഞ്ഞു അവർ മടിയിലേക്ക് ഒരു തട്ടുതട്ടും. വല്യ സ്റ്റൈലിൽ ഇരിക്കുന്ന കോളേജുകുമാരന്മാരോട് ആണ് ഈ ചതി. ബെൽബോട്ടം പാന്‍റസ് ഒക്കെ മാറി ബാഗി പാന്‍റസ് വരുന്ന സമയത്താണ് ഞങ്ങൾ ഒക്കെ കോളേജിൽ പഠിച്ചത്. പാന്‍റസ് ഒക്കെ ഇട്ട് അടിപൊളിയായി കൂടെ ഒരു ഫയലും പിടിച്ചു അതിനു മുകളിൽ ഈ കെട്ടുംപിടിച്ചോണ്ടു ഇരിയ്ക്കുന്ന കോളേജുകുമാരന്മാരുടെ മുഖഭാവം കണ്ടാൽ ചിമ്പാൻസിക്കു മസിലുപിടിച്ചതുപോലെ തോന്നും. ഇടയ്ക്കു ഗട്ടറിൽ ചാടുമ്പോൾ കോഴികുഞ്ഞ് കീയാ..കീയാ എന്നു ഒന്നുകരയും, അപ്പോൾ ആ കോളേജുകുമാരന്മാരുടെ മോന്ത ഒന്നുകാണണം. പാവം കോളേജുകുമാരന്മാർ..നാട്ടുകാരോ ഡീസൻറ് അല്ല, കോഴികുഞ്ഞെങ്കിലും അൽപ്പം ഡീസൻറ് ആകണ്ടേ ?..ഈ തള്ളൊക്കെ കൊണ്ടു പുനലൂരിൽ എത്തിയാലോ എസ്.എൻ കോളേജ് നിൽക്കുന്ന കുന്നിൻമുകളിൽ എത്തണമെങ്കിൽ പിന്നെയും നടക്കണം രണ്ടുമൂന്നു കിലോമീറ്റർ. ചന്തദിവസമാണെങ്കിൽ റോഡിൽ ആൾക്കാരെ മുട്ടിയിട്ടു നടക്കാൻ പറ്റാത്ത തിരക്കാകും. വഴിവാണിഭക്കാർ, തെരുവ് സർക്കസുകാർ, കാളവണ്ടികൾ, മാജിക്കുകാർ, ഉടുമ്പുരസായനവും മയിൽഎണ്ണയും വിൽക്കുന്ന തമിഴ് നാടോടികൾ, ലോട്ടറി വിൽപനക്കാർ, സർവ്വരോഗ സംഹാരിയായ സ്പെഷ്യൽ കൊട്ടൻചുക്കാദി തൈലം വിൽക്കുന്ന വണ്ടികൾ, കൈനോട്ടക്കാർ, പാമ്പാട്ടികൾ, പോക്കറ്റടിക്കാർ എന്നുവേണ്ട സർവ്വവിധ അലുഗുലുത്ത് പാർട്ടികൾക്കും കാണും റോഡിൽ. അവരെയൊക്കെ മുട്ടീംമുട്ടാതെയും കോളേജിൽ എത്തുമ്പോഴേക്കും പഠിത്തവും സമരവും കഴിഞ്ഞു പിള്ളേർ കോളേജുമല ഇറങ്ങി താഴോട്ടു വരികയാകും. പിന്നെ ഉച്ചവരെ കറങ്ങി നടക്കാം. സത്യം പറയാമല്ലോ പ്രീഡിഗ്രിയ്ക്കു കോളേജിൽ നിന്നു  കാര്യമായി ഞാനൊന്നും പഠിച്ചിട്ടില്ല. ഉച്ചയ്ക്കു ശേഷം ഉള്ള ട്യൂഷനു ചേർന്നാണ് ഞാൻ ആ കടമ്പകൾ ഒക്കെ ചാടിക്കടന്നത്. പക്ഷെ ആ ഉച്ചവരെയുള്ള ഒഴിവുസമയം നൽകിയ ജീവിതപാഠങ്ങൾ വളരെ വലുതായിരുന്നു. പുനലൂർ ടൗണിലൂടെ ഞാനങ്ങനെ തേരാപ്പാരാ നടക്കും. പുനലൂർ ചന്തയിൽ, ബസ് സ്റ്റാന്റിൽ, തെരുവോരത്ത്, തൂക്കുപാലത്തിന് മുകളിൽ ഒക്കെ അങ്ങനെ ലോകത്തെ നോക്കി നിൽക്കും. അതിജീവനത്തിന്‍റെ പാഠശാല ആയിരുന്നു റോഡു നിറയെ..പണ്ട് പുനലൂർ ഗവൺമെൻറ് ഹൈസ്കൂളിനു മുമ്പിലെ റോഡുനിറയെ തണൽമരങ്ങൾ ആയിരുന്നു. പിന്നീട് എപ്പഴോ നഗരസഭ അതെല്ലാം വെട്ടി, അവിടെ കടമുറി പണിഞ്ഞു വാടകയ്ക്കു കൊടുത്തു. നഗരസഭ നീണാൾ വാഴട്ടെ. പണ്ട് രാജഭരണകാലത്തു നട്ടുപിടിപ്പിച്ച മഞ്ഞപ്പൂക്കൾ വിരിയുന്ന തണൽമരങ്ങൾക്കു കീഴെ റോഡിലൂടെ നടക്കുവാൻ എന്തുരസമായിരുന്നു. എത്ര കടുത്ത വേനലിലും അവിടെ എത്തുമ്പോൾ മനസ്സും ശരീരവും ഒന്നു കുളിർക്കും. ആ തണൽമരങ്ങൾക്ക് താഴെ തെരുവു വിൽപനക്കാരും സർക്കസുകാരും മാജിക്കുകാരും ഒക്കെ ചന്തദിവസങ്ങളിൽ രാവിലെ തന്നെ തമ്പടിച്ചു ജീവിതമാർഗം തേടിയിരുന്നു. ഞാൻ മിക്കപ്പോഴും രാവിലെ കോളേജിൽ പോകാതെ അവിടെ വായിനോക്കി നിൽക്കും. അവിടെ പോയിട്ടു എന്തു ചെയ്യാൻ?..തെരുവുമാജിക് കണ്ടുനിൽക്കാൻ നല്ല രസമാണ്. മിക്കപ്പോഴും മാജിക്കുകാരന്‍റെ കൂടെ സഹായിയും ചെറിയ ഒരു ആൺകുട്ടിയും കാണും. മാജിക്കുകാരൻ സഹായിയുടെ കണ്ണുകെട്ടി ഒന്നുരണ്ടു പുതപ്പുമൂടി  റോഡുസൈഡിൽ കിടത്തും. കൂടെയുള്ള ആൺകുട്ടി ചെണ്ടകൊട്ടി ആളെ കൂട്ടുമ്പോഴേക്കും മാജിക്കുകാരൻ തന്‍റെ മാന്ത്രിക വടി സഹായിക്ക് നേരെ നീട്ടും. വടി ഉയർത്തുന്നതിന് അനുസരിച്ചു സഹായി വായുവിൽ ഉയർന്നു വന്നു  ഏകദേശം അരയടി പൊക്കത്തിൽ പൊങ്ങി നിൽക്കും. മുഖവും ശരീരവും പുതപ്പു മൂടിയതിനാൽ പുതപ്പ് വായുവിൽ ഒഴുകി നിൽക്കുന്നതായി തോന്നും. അപ്പോഴേക്കും ചുറ്റും ആൾക്കാർ കൂടിയിരിക്കും. പിന്നീടാണ് രസം, സഹായിയോടു മാജിക്കുകാരൻ ഉച്ചത്തിൽ ഓരോരോ ചോദ്യങ്ങൾ ചോദിക്കും. അതുവഴി പോകുന്ന സാരിക്കാരി ചേച്ചിയുടെ സാരിയുടെ നിറമെന്ത്, കടന്നു പോകുന്ന ലോറിക്കു മുകളിൽ എത്രപേർ ഉണ്ട് അങ്ങനെ രസകരമായ ചോദ്യങ്ങൾ. ഉരുളയ്ക്കു ഉപ്പേരി പോലെ സഹായി മറുപടി പറയും, കൃത്യമായ ഉത്തരങ്ങൾ. ഞാനൊക്കെ അത്ഭുതം പൂണ്ട് റോഡിൽ കുത്തിയിരുന്നു മാജിക് കണ്ടങ്ങനെ ഇരിയ്ക്കും. മാജിക്കുകാരന്‍റെ ഓരോ ചോദ്യോത്തരത്തിനും കൈയടിയോടൊപ്പം എന്‍റെ വായ് അതിശയം കൊണ്ടു തുറന്നു വരും.

 '' രാജാക്കണ്ണേ അന്ത ചൊട്ടമാമന്‍റെ പോക്കറ്റിൽ എത്തിന കാശ് 

  ഇരിക്കാ ? "

" നൂറ്റിപന്ത്രണ്ട് റൂഭാ അമ്പതു കാശ് മാസ്റ്റർ. "


പോക്കറ്റിൽ നിന്നു കാശെടുത്തു എണ്ണുമ്പോൾ കിറുകൃത്യം.
ഈ കഷണ്ടിമാമൻ അവരുടെ കൂട്ടത്തിൽ ഉള്ള ആളാണെന്നു മനസ്സിലാക്കാനുള്ള പുത്തിയൊന്നും അന്നു ഇല്ലാതെ പോയി. കൂട്ടത്തിൽ തകൃതിയായി മാജിക്കുകാരൻ അലുമിനിയം പാത്രത്തിന്‍റെ ഓട്ട അടയ്ക്കാനുള്ള ഈയക്കഷ്ണമോ പല്ലു പാലുപോലെ വെളുക്കാനുള്ള സിങ്കപ്പൂർ പൽപ്പൊടിയോ വിൽപ്പന നടത്തും. ഒരു ദിവസം ആവേശം മൂത്തു ഞാൻ അമ്മ ചന്തയിൽ നിന്നു പച്ചക്കറി വാങ്ങാൻ തന്ന പത്തുരൂപാ നോട്ട് അവർക്കു കൊടുത്തതിന് വീട്ടിൽ നിന്നു കേട്ട ചീത്ത ചില്ലറയല്ല. ഒടുവിൽ മുന്നിൽ വിരിച്ചിരിക്കുന്ന വിരിപ്പിൽ വീഴുന്ന നാണയ തുട്ടുകൾ വാരിക്കൂട്ടി അവർ സ്ഥലം വിടാൻ ഒരുങ്ങുമ്പോഴും ഞാനങ്ങനെ നിൽക്കും. വീടുവിട്ടു മാജിക്കുകാരോടു കൂടെ ചേർന്നാലോ എന്നു ഞാൻ പലവട്ടം ആലോചിച്ചിട്ടുണ്ട്. എന്നാൽ അമ്മ ഉണ്ടാക്കിത്തരുന്ന കുത്തരിച്ചോറും കുടമ്പുളിയിട്ട ചുമന്ന മീൻകറിയും ചുട്ടരച്ച ചമ്മന്തിയും  ഓർക്കുമ്പോൾ എനിയ്ക്കു കരച്ചിൽ വരും. ചോറിൽ കുഴയുന്ന ചുമന്ന മീൻകറിയുടെ എരിവും വാളൻപുളി ചേർത്തരച്ച ചമ്മന്തിയുടെ നാവിനെ ചൂഴന്നിറങ്ങുന്ന പുളിയും മാജിക് മോഹങ്ങളെ തകർത്തുകൊണ്ട് എന്നെ കീഴടക്കും. മാജിക് മോഹം തുലയട്ടെ. തെരുവിൽ എന്നെ പിടിച്ചിരുത്തിയിരുന്ന അടുത്ത കൂട്ടർ തമിഴ് നാടോടികൾ ആയിരുന്നു. ഉടുമ്പുരസായനത്തിന്‍റെയും മയിലെണ്ണയുടെയും വിൽപ്പനക്കാർ. റോഡുസൈഡിൽ രണ്ടുമൂന്നു ടയർ പന്തങ്ങൾ കത്തിച്ചു വെയ്ക്കും. കൂടെ തിളയ്ക്കുന്ന എണ്ണ നിറഞ്ഞ ഒന്നോരണ്ടോ വലിയ ഇരുമ്പുചട്ടികൾ. പച്ചമരുന്നിന്‍റെയും എണ്ണയുടെയും രൂക്ഷഗന്ധം മൂക്കിലേക്കു തുളച്ചു കയറുന്നുണ്ടാകും.കൂടെ ആളെ കൂട്ടാനായി കാലും ഉടലും കെട്ടിയ കുറെ ഉടുമ്പുകളും കാണും. പാവം ജീവികൾ മലർത്തിയും കമിഴ്ത്തിയും കിടത്തിയിരിയ്ക്കുന്ന അവയുടെ മുഖത്തെ ദൈന്യഭാവം. ലോകത്തിൽ ഇത്ര നിരുപദ്രജീവികൾ വേറെ ഉണ്ടെന്നു തോന്നുന്നില്ല. അവയെ ആണല്ലോ നെറികെട്ട മനുഷ്യർ, നാമൊക്കെ രസായനമെന്നും ലേഹ്യമെന്നൊക്കെ പറഞ്ഞു സുയിപ്പാക്കുന്നത്. പഴയ ഹോർലിക്സ് കുപ്പിയിൽ നിറച്ച ഉടുമ്പുരസായനം തമിഴന്‍റെ 'അയ്യാചാമി' വിളിയിൽ മയങ്ങി വാങ്ങുന്ന മലയാളി പോഴന്മാർ ധാരാളം. 'ഉടുമ്പുപിടിയ്ക്കും പോലെ'  ശക്തി ലഭിയ്ക്കും എന്നാണ് വിശ്വാസം. പണ്ടുകാലങ്ങളിൽ മറവന്മാർ കോട്ടകളിലും മറ്റും കയറുവാൻ ഉടുമ്പിനെ എറിഞ്ഞു പിടിപ്പിച്ചു അതിൽ കെട്ടിയ കയറിൽ തൂങ്ങി കയറും എന്നു കേട്ടിട്ടുണ്ട്. ഒരിയ്ക്കൽ പോലും ഈ നാടോടികൾ ആളേകൂട്ടാൻ പ്രദർശിപ്പിക്കുന്ന  ഉടുമ്പുകളെ നമ്മുടെ മുമ്പിൽ വെച്ചു കൊല്ലുന്നതായി കണ്ടിട്ടില്ല. അതു ഒരു വിപണനതന്ത്രം എന്നു പിന്നീട് ആണ് മനസ്സിലായത്. ഉടുമ്പിറച്ചിയുടെ മയംപോലും ഈ റോഡുവക്കിലെ രസായനത്തിൽ കാണുമെന്നു തോന്നുന്നില്ല. ചേനത്തൊലിയാണ് ഇവരുടെ രസായനത്തിലെ പ്രധാനകൂട്ട് എന്നു എവിടെയോ വായിച്ചു. അങ്ങനെ ആയാൽ മതിയായിരുന്നു. പാവം ഉടുമ്പുകൾ രക്ഷപെടട്ടെ. മയിലെണ്ണ വിൽപ്പനക്കാർ കുറെ മയിൽപ്പീലി കെട്ടുകൾ അവിടവിടെ കുത്തി നിറുത്തും.മയിലെണ്ണ പുരട്ടി ഈർക്കിൽ വളച്ചു കാട്ടും, ഏതു ശരീരഭാഗവും അതുപോലെ വളയും എന്നു സാരം. എണ്ണയിൽ പച്ചമരുന്നും കർപ്പൂരവും ചേർത്തുണ്ടാക്കുന്ന ഈ മയിലെണ്ണയ്ക്ക് ആവശ്യക്കാർ ഏറെയും ചെറുപ്പക്കാർ. അതിന്‍റെ രഹസ്യം പിന്നീടാണ് മനസ്സിലായത്. മുസല്ലി പവ്വർ അല്ലേ മുസല്ലി പവ്വർ... 


അങ്ങനെ നിൽക്കുമ്പോഴാകും പുറകിൽ നിന്നു അമ്മച്ചിയുടെ (അമ്മയുടെ അമ്മ) പിടിവീഴുക. അമ്മച്ചി ചന്തയിൽ നിന്നു സാധനങ്ങൾ വാങ്ങാൻ വന്നതാകും. അപ്പോഴാണ് കൊച്ചുമകൻ, കോളേജുകുമാരൻ റോഡിൽ വായിനോക്കി നിൽക്കുന്നത് കാണുന്നത്.

'' എന്താ മോനെ നിന്‍റെ കോളേജിപ്പോ കൊല്ലം   ചെങ്കോട്ട റോഡിലാണോ? ''    എന്നാകും  ചോദ്യം.
" അമ്മച്ചി ക്ലാസ്സില്ല. ഉച്ചയ്ക്ക് ട്യൂഷനു പോകുന്നതുവരെ സമയം കളയാനാ.."

എന്നു ഞാൻ പറയുന്നത് കണ്ണുമടച്ചു അമ്മച്ചി വിശ്വസിക്കും. പാവം, കൈയ്യോടെ എന്നെ പിടികൂടി സെൻട്രൽ ഹോട്ടലിൽ കയറ്റി വയറുനിറയെ പെറോട്ടയും ബീഫും വാങ്ങി തന്നേ അമ്മച്ചി വിടുകയുള്ളു. ഞാൻ കഴിക്കുന്നതു നോക്കി ഒരു വിത്തൊട്ട് ചായയും കുടിച്ചു പാവം അങ്ങനെ ഇരിക്കും.

"നീ പഠിച്ചു ഗതിപിടിച്ചു വല്യ ജോലിക്കാരനായിട്ടു വേണം അമ്മച്ചിയ്ക്ക് നിന്‍റെ കൂടെ ഒരു പത്തു  ദിവസം താമസിക്കുവാൻ "

എന്നു അമ്മച്ചി പാതി കളിയായിട്ടു പറഞ്ഞുകൊണ്ടു എന്‍റെ നെറുകയിൽ ഒന്നു തലോടും. ഞാൻ ഒരു ഗതി പിടിയ്ക്കുന്നതിനു മുമ്പ് അമ്മച്ചി ഈ ലോകത്തിൽ നിന്നു പോയി. ഇപ്പോഴും ഈ മരുഭൂമിയിലെ കനൽക്കാറ്റേറ്റു ഞാൻ തളരുമ്പോൾ, മനസ്സിൽ കുന്നോളം വാത്സല്യവും സ്നേഹവും നിറച്ചു അമ്മച്ചി അദൃശ്യമായി എന്‍റെ നെറുകയിൽ തഴുകാറുണ്ട്. ഒരു സ്വാന്തനം പോലെ...
 

തെരുവ് ഒരുപാട് ജീവിതങ്ങളുടെ പാഠശാലയാണ്, ഒരുപാട് തിരിച്ചറിവുകളുടെ കലവറയാണ്. അവിടെ കണ്ടതും കേട്ടതും അനുഭവിച്ചതും ഒക്കെ നമ്മെ പഠിപ്പിക്കുന്നു. ഓരോ തെരുവും ഓരോ ലോകമാണ്, ഇനിയും കണ്ടുതീരാനുള്ള ജീവിതകാഴ്ചകളുടെ ലോകംക്ലാസ്സിൽ നിന്നു പഠിച്ചതിൽ കൂടുതൽ ജീവിതത്തിൽ പ്രയോജനപ്പെട്ടത് ഇത്തരം ജീവിതകാഴ്ചകൾ ആയിരുന്നു. ഒരു കോളേജിലും അതൊന്നും പഠിപ്പിക്കുകയില്ല, ഒരു ബിരുദത്തിനും അതു നൽകാനാകില്ല...  
    

Thursday, 26 January 2017

വഴക്കുപക്ഷി ബ്ലോഗ്‌ മാഗസിന്‍: കോവാലൻ (ഓർമ്മകുറിപ്പ്) - പുനലൂരാൻ
വഴക്കുപക്ഷി  ബ്ലോഗ്  മാഗസിനിൽ  പ്രസിദ്ധികരിച്ച  എന്‍റെ  ഓർമ്മക്കുറിപ്പ്  
 ' കോവാലൻ '  വായിക്കുവാൻ  താഴെയുള്ള  ലിങ്കിൽ  ക്ലിക്ക് ചെയ്യുക...ആശംസകളോടെ ..

പുനലൂരാൻവഴക്കുപക്ഷി ബ്ലോഗ്‌ മാഗസിന്‍: കോവാലൻ ( ഓർമ്മകുറിപ്പ് ) - പുനലൂരാൻ

                                                                        

Sunday, 1 January 2017

വള്ളി ചെരുപ്പിട്ട സ്കൂൾ ഓർമ്മകൾ


വള്ളി ചെരുപ്പിട്ട സ്കൂൾ ഓർമ്മകൾ


മഴക്കാലത്തെ  സ്കൂൾ ഓർമ്മകൾക്ക് പനിനീർ പൂവിന്‍റെ സുഗന്ധമാണ്. വള്ളി ചെരുപ്പിട്ടു, ചെളിവെള്ളം തെറിപ്പിച്ചു, കുട കറക്കി നമ്മുടെ മുമ്പിലേക്ക് വരുന്ന ആ ഓർമ്മകൾക്ക് എന്തു സുഗന്ധം. ഓർമ്മപുസ്തകത്തിന്‍റെ ഏതോ ഒരു താളിൽ അടച്ചുവെച്ചിരുന്ന വാടിക്കരിഞ്ഞ ആ ചെമ്പനീർ പൂവ് ജീവിതത്തിരക്കിനിടയിൽ എപ്പോഴോ അതിന്‍റെ താളുകൾ മറിക്കുമ്പോൾ പുറത്തേക്ക് തെന്നി വീണു. ആ നല്ല നാളുകളുടെ ഓർമ്മകൾ പ്രത്യേകിച്ച് ഹൈസ്കൂൾ ജീവിതകാല ഓർമ്മകൾ വായനക്കാരുമായി പങ്കുവെയ്ക്കുന്നു. കാലത്തിനും ജീവിത സാഹചര്യങ്ങൾക്കും അനുസരിച്ചു അല്പം വ്യത്യാസങ്ങളോടെ എല്ലാ വായനക്കാർക്കും കാണും അത്തരം സുഗന്ധമുള്ള ഓർമ്മകൾ. ആക്കാലത്തേക്ക് തിരികെ പോകുവാൻ ആഗ്രഹിക്കാത്ത ഏതെങ്കിലും ഒരു വായനക്കാരൻ ഉണ്ടോ?.. ഒരിക്കലും നടക്കില്ല എന്നു അറിയുമെങ്കിലും...


ഹൈസ്കൂളിൽ എത്തുന്നതിന് എന്‍റെ വീട്ടിൽ നിന്ന് ഏകദേശം രണ്ടു കിലോമീറ്റർ ദൂരമുണ്ട്. കാർ പോകുന്ന വഴിയിലൂടെ ആണെങ്കിൽ അതിലും ദൂരം കൂടും. അതിനാൽ ഞങ്ങൾ കുട്ടികൾ എളുപ്പത്തിനായി തോടുകളും മേടുകളും പാടവരമ്പുകളും ഒക്കെകൊണ്ടു സമൃദ്ധമായ നാട്ടുവഴികൾ താണ്ടിയാകും സ്കൂളിലേക്കുള്ള യാത്ര. മഴയോടും വെയിലിനോടും കാറ്റിനോടും ഒക്കെ കിന്നാരം പറഞ്ഞുള്ള യാത്രകൾ. ആ യാത്രകൾ സമ്മാനിച്ച ഓർമ്മകൾ എത്ര രസമുള്ളതായിരുന്നു...


ജൂൺ മാസം സ്കൂൾ തുറക്കുമ്പോഴേക്കും മഴയും എത്തും. പുതുതായി പെയ്യുന്ന മഴയ്ക്ക് ആ അവധിക്കാലം കഴിഞ്ഞു സ്കൂളിൽ പോകാൻ വെമ്പൽ കൊള്ളുന്ന സ്കൂൾ കുട്ടികളുടെ ഉത്സാഹമാണ്;  ഇടവപ്പാതിയ്ക്ക് ആദ്യമായി സ്കൂളിൽ പോകുന്ന ഒന്നാം ക്ലാസുകാരന്‍റെ മട്ടാണ്..എപ്പോഴാണ് ആർത്തലച്ചു പെയ്യുക എന്നു പറയുക വയ്യ. സ്കൂൾ തുറന്നു ചില ദിവസങ്ങൾ കഴിയുന്നതോടെ മഴയുടെ കുറുമ്പും കൂടിവരും. ഞങ്ങൾ കുട്ടികൾക്കാകട്ടെ  മഴയൊന്നും പ്രശ്നമല്ല, അവർക്ക് കഴിഞ്ഞ രണ്ടു മാസത്തെ അവധിക്കാല വിശേഷങ്ങൾ കൂട്ടുകാരുമായി പങ്കുവെയ്ക്കാനുള്ള ധൃതിയാണ്. അവധിക്കാലത്ത് ബന്ധുവീട്ടിൽ വിരുന്നുപോയതും കാഴ്ച്ചബംഗ്ലാവ് കാണാൻ പോയതും അങ്ങനെ നൂറുകൂട്ടം വിശേഷങ്ങൾ. സ്കൂൾ തുറക്കുന്നതിന് മുമ്പുതന്നെ ബുക്കുകളും പുസ്തകങ്ങളും പൊതിഞ്ഞു റെഡിയാക്കി ഉത്സാഹത്തോടു കാത്തിരിക്കും.


പുസ്തകങ്ങൾ പൊതിയാൻ അന്നു കിട്ടുന്ന സോവിയറ്റ് യൂണിയൻ മാഗസിനിന്‍റെ ലക്കങ്ങൾ എവിടെ നിന്നെങ്കിലും കണ്ടെത്തും. മലയാളത്തിൽ ഉള്ള സോവിയറ്റ് നാട് മാഗസിനെക്കാൾ കുട്ടികൾക്ക് പ്രിയം ഇംഗ്ലീഷിലുള്ള സോവിയറ്റ് യൂണിയനോടായിരുന്നു. കൊല്ലം ജില്ലയുടെ കിഴക്കൻ പ്രദേശങ്ങൾ ഒക്കെ കമ്മ്യൂണിസ്റ്റ് വേരോട്ടം ഉള്ള സ്ഥലങ്ങൾ ആയതിനാൽ മിക്കവാറും എല്ലാ വീടുകളിലും സോവിയറ്റ് നാടിന്‍റെ ഒരു ലക്കമെങ്കിലും കാണും. കമ്മ്യൂണിസ്റ്റ് വിപ്ലവം പോലെ സമത്വസുന്ദര റഷ്യയുടെ ദൃശ്യങ്ങൾ നിറഞ്ഞ പുറംചട്ടയണിഞ്ഞ സ്കൂൾ പുസ്‌തകങ്ങൾ ഇന്നു ഓർമ്മമാത്രം. അതുമല്ലെങ്കിൽ ചുമരിൽ തൂങ്ങുന്ന ഉണ്ണിമേരിയുടെയോ ജയഭാരതിയുടെയോ മറ്റോ പടമുള്ള പഴയ വർണ്ണകലണ്ടറുകളാകും ശരണം. പൊതിഞ്ഞ ബുക്കുകൾ പ്ലാസ്റ്റിക്‌ഷീറ്റ് കൊണ്ടു കവർ ചെയ്യും. അതും അത്ര ബുദ്ധിമുട്ടുള്ള കാര്യം അല്ലായിരുന്നു. കാരണം പുനലൂർ പ്രദേശങ്ങളിൽ റബ്ബർ എസ്റ്റേറ്റുകൾ ധാരാളം ഉള്ളതിനാൽ മഴക്കാലത്ത് റബ്ബർമരങ്ങൾ പൊതിയുന്ന പ്ലാസ്റ്റിക് ഷീറ്റുകൾ തോട്ടപ്പണിക്കാരെ ആരെയെങ്കിലും ചാക്കിട്ടാൽ കിട്ടും. അങ്ങനെ പൊതിയുന്നതിനു മുമ്പ് നെയിംസ്ലിപ്പുകൾ കൂടെ ഒട്ടിച്ചാൽ സംഗതി ജോർ. നെയിംസ്ലിപ്പ് ബാലരമയിൽ നിന്നോ പൂമ്പാറ്റയിൽ നിന്നോ വെട്ടിയെടുത്ത് ഒട്ടിയ്ക്കും.വർണ്ണ കലണ്ടറുകളാണെങ്കിൽ  ടീച്ചറെ  പേടിച്ചു ഉണ്ണിമേരിയുടെയും ജയഭാരതിയുടെയും പള്ളയ്ക്കാകും നെയിംസ്ലിപ്പ് പതിക്കുക.


മിക്കവാറും തലേന്ന് തന്നെ പിറ്റെ ദിവസം സ്കൂളിൽ കൊണ്ടുപോകുവാൻ ഉള്ള ബുക്കുകൾ ഒക്കെ അടുക്കി റബ്ബർനാട ഇട്ടു വലിച്ചുമുറുക്കി ടെമ്പറാക്കി വെക്കും. രണ്ടുതരം റബ്ബർനാടകൾ അന്ന് സ്കൂളിനടുത്തുള്ള കടകളിൽ കിട്ടും. വില കുറഞ്ഞ കറുത്ത റബ്ബർ നാടയും വില അല്പം കൂടിയ ആഢ്യൻ ഇലാസ്റ്റിക് നാടയും. ആ കറുത്ത റബ്ബർനാടകൊണ്ടു കാണിയ്ക്കാത്ത കുരുത്തക്കേടുകൾ ഇല്ല. മൊബൈൽ പേപ്പർ റോക്കറ്റ് വിക്ഷേപിണിയായും കാക്കാബെൽറ്റായും (തെറ്റാലി) കൂടെയുള്ളവന്‍റെ തലയ്ക്കിട്ടു വീക്കാനും ഒക്കെ അതു തന്നെ ശരണം. മഴക്കാലത്ത് ബുക്കുകൾ തുണിക്കടയിൽ നിന്നു ഡ്രസ്സ് വാങ്ങുമ്പോൾ കിട്ടുന്ന നല്ല കട്ടിയുള്ള പ്ലാസ്റ്റിക് കവറിൽ ഇട്ടാകും യാത്ര.


രാവിലെ സ്കൂളിൽ പോകാൻ പുത്തൻമണം മാറാത്ത ഉടുപ്പും ഇട്ടു ഒരുങ്ങുമ്പോഴേക്കും മഴയെത്തും. കൂലംകുത്തി ഒലിയ്ക്കുന്ന മഴവെള്ളവും ചെമ്മണ്ണും ചേർന്ന ഇടവഴിയിലൂടെ കുട വട്ടം കറക്കിയുള്ള യാത്ര. ദേഹത്തേക്ക് ചെളി തെറുപ്പിച്ചതിനു കൂട്ടുകാരുമായി എത്ര തവണ കലപിലകൾ ഉണ്ടാക്കിയിരിക്കുന്നു. കുട കറക്കി പമ്പരം പോലെ വെള്ളം ചീറ്റിയ്ക്കുമ്പോൾ എന്തു രസം. അന്നു പോപ്പികുടയൊന്നും മാർക്കറ്റിൽ എത്തിയിട്ടില്ല. പഴയ നരച്ച ഓട്ടവീണ കാലൻ കുടയോ അന്ന് കിട്ടുന്ന പുത്തൻ മാൻമാർക്ക് കുടയോ ആകും കൈയ്യിൽ. ഓട്ടവീണ കാലൻ കുടയിലൂടെ മുകളിലേക്ക് നോക്കിയാൽ നക്ഷത്രബംഗ്ലാവ് ഓർമ്മ വരും. പുതുതായി വാങ്ങിയ പാരഗൺ ചെരുപ്പ് ഇട്ടു മഴവെള്ളത്തിലേക്ക് വെയ്ക്കുന്ന ഓരോ കാലടിയും തെറുപ്പിക്കുന്ന വെള്ളം ഉച്ചി വരെ എത്തുന്നുണ്ടാകും. വൈകിട്ടു വീട്ടിൽ എത്തുമ്പോൾ പുത്തൻ ഷർട്ടിന്‍റെ പുറകിൽ ഇന്ത്യയുടെ ഭൂപടത്തെ ഓർമ്മിപ്പിക്കുന്ന ചുമന്ന നിറമുള്ള അടയാളങ്ങൾ കാണും. അതോടെ അമ്മയുടെ മുഖം വലിഞ്ഞു മുറുകും. വഴിയിൽ നോക്കി നടക്കാത്തതിന് ആവോളം ചീത്ത പറഞ്ഞു പുറംമാത്രം കഴുകി ഷർട്ട്, പുറത്തു മഴയായതിനാൽ ഉൾമുറിയിലെ അയയിൽ അമ്മ ഉണക്കാനിടും. സാദാസ്കൂളുകളിൽ പഠിച്ചതിനാൽ യൂണിഫോം ഒന്നും ധരിക്കാനുള്ള (ദൗര്‍)ഭാഗ്യം എനിയ്ക്കു കിട്ടിയിട്ടില്ല. അന്നൊക്കെ രണ്ടോമൂന്നോ ഉടുപ്പുകൾ മാത്രമേ സ്കൂളിൽ ഇട്ടുകൊണ്ടു പോകുവാൻ എനിയ്ക്കു കാണുകയുള്ളൂ. സ്കൂൾമാഷന്മാരുടെ കുട്ടികൾക്ക്, മറ്റു കുട്ടികളുമായി തട്ടിച്ചു നോക്കുമ്പോൾ അതൊക്കെ തന്നെ ആഡംബരം. എണ്ണിചുട്ട അപ്പം പോലെ മാസാദ്യം കിട്ടുന്ന ശമ്പളം കൊണ്ടു രണ്ടറ്റവും കൂട്ടിമുട്ടിയ്ക്കുവാൻ അവർ പെടുന്ന പെടാപ്പാട്. 

   
ഒന്നുരണ്ടു മാസം കഴിയുമ്പോൾ മഴ മെല്ലെ കുറഞ്ഞു തുടങ്ങും. പിന്നീട് സ്കൂളിൽ കുട കൊണ്ടുപോകാൻ മടിയാണ്. പ്ലാസ്റ്റിക് കവറിനെയും പിന്നെ കൂടെ കൂട്ടാറില്ല. എട്ടാം ക്ലാസ്സിൽ പഠിയ്ക്കുമ്പോൾ അപ്പൻ എനിയ്ക്കു ഒരു തുണിസഞ്ചി വാങ്ങി തന്നു. അന്നു പുനലൂരുള്ള വല്യ സ്കൂളുകളിലെ ഫാഷൻ ആയിരുന്നു അത്തരം തുണി സഞ്ചികൾ. ഞങ്ങളുടെ നാട്ടിൻപുറത്തെ സ്കൂളിൽ അതു വല്യപത്രാസ്..  ലാടവൈദ്യൻ എന്ന ഇടംപേര് വീഴുവാൻ ഒട്ടും താമസിച്ചില്ല. എന്തായാലും അതോടെ ഞാൻ തുണിസഞ്ചി പരിപാടി നിറുത്തി. ബുക്കുകൾ റബ്ബർനാടയിട്ടു വലിച്ചുമുറുക്കി കൈപ്പിടിയിൽ ഒതുക്കിയാകും യാത്ര. ചിലപ്പോൾ ബുക്കുകെട്ടിന്‍റെ  ഭാരം കൂടുമ്പോൾ തോളത്ത് വെച്ചും.. ബുക്കുകൾക്കു മുകളിൽ  റബ്ബർനാടയിൽ ബിസ്മിയുടെയോ ജൂബിലിയുടെയോ പേന തിരുകിവയ്ക്കും. സ്കൂളിലെ ചുരുക്കം ചില ഗൾഫുകാരുടെ പിള്ളേരുടെ കൈയ്യിൽ കാണും ഹീറോ പേന. അത് അവന്മാർ തൊടാൻ കൂടി സമ്മതിയ്ക്കില്ല. ( ചിത്രങ്ങൾ   : സ്വന്തം )അങ്ങനെ യാത്ര ചെയ്യുമ്പോഴാകും  ഓർക്കാപ്പുറത്ത്  മഴപെയ്യുന്നത്. പുസ്തകകെട്ട്  ഉടുപ്പിനകത്ത്  തിരുകി മഴയെ തോൽപ്പിക്കാനുള്ള ഓട്ടം. മിക്കപ്പോഴും മഴയാകും ജയിക്കുക. ഏതെങ്കിലും ഒരു വീടിന്റെയോ പീടികയുടെയോ  അരികുപറ്റി മഴയെ നോക്കിയുള്ള  ആ  നിൽപ്പ്. ഓടിന്റെ  ഈറയിലൂടെ മഴവെള്ളം തുമ്പികൈ  വണ്ണത്തിൽ  താഴേക്ക് വീണു ചാലുകൾ  തീർത്തു ഒഴുകുന്നത് കാണാൻ  എന്തു രസം.  മഴയൽപ്പം  തോരുമ്പോൾ  പുസ്തകത്തിന്റെ  ഏതോ താളിൽ കരുതിയിരിക്കുന്ന നാലായി ഒടിച്ച  പഴയ ബ്ലേഡ് കൊണ്ട്  വഴിയരികിൽ  ഉള്ള  പറമ്പിൽ നിന്നു മുറിച്ചെടുത്ത വാഴയില ചൂടി പാതി നനഞ്ഞു വീട്ടിലേക്കുള്ള വരവ്..ഓർമ്മിക്കാൻ തന്നെ ഒരു മഴ നനഞ്ഞ സുഖം.


നാലുമണിയ്ക്കു സ്കൂൾ  വിട്ടാൽ  ഇടവഴിയിലൂടെ  കുട്ടുകാരൊത്തു  വീട്ടിലേക്കുള്ള  യാത്രകൾ. വേലിയ്ക്ക് അരികിൽ നിൽക്കുന്ന മാവുകളെയും പുളിമരങ്ങളെയും പേരകളെയും വെറുതെ  വിടാറില്ല. എന്നെ  എറിഞ്ഞോളൂ  എന്ന  മട്ടിൽ  കാത്തുനിൽക്കുന്ന  കൂറ്റൻ  മാവുകൾ. മറിഞ്ഞു വീഴാൻ  എന്ന പാകത്തിൽ നിൽക്കുന്ന വേലികൾ  ചാടി  എറിഞ്ഞു വീഴ്‌ത്തുന്ന  മാങ്ങകൾ  പറക്കി  ഓടാൻ  എന്തായിരുന്നു ഉത്സാഹം. വീട്ടിൽ  നിന്നു കരുതികൊണ്ടു വരുന്ന കല്ലുപ്പ് കൂട്ടി അതു  കടിച്ചു  തിന്നുമ്പോൾ.. ഓർക്കുമ്പോൾ  തന്നെ  നാവിൽ അതേ  രുചി വന്നു നിറയുന്നു. ആരുടെ പറമ്പ് ആണെന്നു  ഒന്നും ഞങ്ങൾ കുട്ടികൾക്ക് വിഷയം അല്ല. ശുദ്ധരായ നാട്ടുകാരും ഞങ്ങളുടെ അത്തരം കുരുത്തക്കേടുകൾ ഏറെ പരിഭവമില്ലാതെ സഹിച്ചിരുന്നു.

ഇടവഴി താണ്ടി പാടത്തേക്കു ഇറങ്ങുമ്പോഴാണ്  രസം. പാടവരമ്പിന്‍റെ അരികിൽ നിൽക്കുന്ന കുടങ്ങൽ പടർപ്പിൽ  നിന്നു ഇല പറിച്ചു നാവിനടിയിൽ തിരുകി ഉച്ചത്തിൽ  പീ.. എന്നു ശബ്ദം  കേൾപ്പിക്കാൻ നല്ല രസം. പാടത്തിനു നടുവിലൂടെ സിമന്റ്  വരമ്പ് ഉണ്ട്, ഒരു സൈഡിൽ തോടാണ്. മഴ പെയ്‌തു കഴിഞ്ഞാൽ  തോട്ടിലൂടെ കാടിവെള്ളത്തിന്റെ  നിറത്തിൽ  വെളളം  കുത്തിയൊലിച്ചു  ഒഴുകും. തോട്ടിൽ പേപ്പറുകൊണ്ട് കളിവള്ളം  ഉണ്ടാക്കി അതിൽ  വലിയ കറുത്ത ഉറുമ്പിനെ പിടിച്ചു തോണിക്കാരനാക്കി അതിനൊപ്പം  ഓടുക  എന്റെ  ഇഷ്ടവിനോദം ആയിരുന്നു. ഒടുവിൽ ഏതെങ്കിലും ചുഴിയിൽ പെട്ടു  ബോട്ടു  മുങ്ങുമ്പോൾ ഉള്ള  മുഖഭാവം കണ്ടാൽ  കടലിൽ പോയ ബോട്ടുമുങ്ങിയ  ഉടമയുടെ മട്ടാണ്. തോടിന്‍റെ  ഒരു വശത്ത്  കൈതകളും കാട്ടുചേമ്പുകളും കാണും. കാട്ടുചേമ്പിന്റെ  ഇലകൊണ്ട് ഒത്തിരി കാര്യങ്ങൾ  ചെയ്യാം. നിനച്ചിരിയ്‌ക്കാതെ  മഴ പെയ്യുമ്പോൾ വലിയ ഇല പറിച്ചു കുടയാക്കി  ചൂടി ഓടും. മഴ മാറി  വെയിൽ വന്നാൽ ഇലയ്ക്കു  നടുവിൽ  തോട്ടിൽ നിന്നു കൈകൊണ്ടു വെള്ളം കോരിയൊഴിച്ചു തിളങ്ങുന്ന വൈഡൂര്യമണികളുടെ  ഭംഗി ആസ്വദിയ്ക്കും. ഇല വെള്ളത്തിൽ മുക്കിവെച്ചു മാനത്തുകണ്ണിയെ പിടിയ്ക്കും. കിട്ടിയ  മീനിനെ ചേമ്പിലയിൽ വെള്ളത്തോടുകൂടെ ഒരു കുമ്പിളുപോലെ ആക്കി വീട്ടിൽ കൊണ്ടുവന്നു ഒഴിഞ്ഞ ഹോർലിക്‌സ്  കുപ്പിയിൽ ഇട്ടു വളർത്തും. ഒന്നുരണ്ടു തവണ കുപ്പിയിലെ  വെള്ളം  മാറ്റുന്നതോടെ പാവം അവറ്റകളുടെ കഥ കഴിയും.


( ചിത്രങ്ങൾ : മഴ  ഫേസ് ബുക്ക്  ഗ്രൂപ്പ്  , ഗൂഗിൾ )


മഴ പെയ്തു തോർന്ന വയലിൽ  ധാരാളം പോത്തുകൾ മേയുന്നുണ്ടാകും. എന്‍റെ കൂട്ടുകാരൻ ഹിദായത്തിന്  വീട്ടിൽ വലിയ ഒരു ജോഡി  എരുമകൾ  ഉണ്ട്. അവനു പോത്തുകളെ തഞ്ചത്തിൽ മേയിക്കാനറിയാം. മൂപ്പർ തക്കം നോക്കി അതിന്റെ പുറത്തു ചാടിക്കയറി ബേ...എന്നു നാക്കുചുരുട്ടി  ശബ്ദം  ഉണ്ടാക്കി  ഏതാണ്ടു  യമരാജൻ സ്റ്റൈലിൽ പാടത്തു കൂടെ പോത്തിനെ ഓടിച്ചു ഞങ്ങളുടെ മുമ്പിൽ വലിയ ഹീറോ ചമയുമായിരുന്നു. അവനു  പിറകെ ആർപ്പുവിളിയുമായി ഞങ്ങളും ഓടും. ഈ ബഹളമെല്ലാം കേട്ടു പേടിച്ചരണ്ട പച്ചകുണ്ടന്മാർ ജീവനും കൊണ്ട്  നാലുപാടും  ചാടുന്നത് കാണാം.
ഇതൊക്കെ കഴിഞ്ഞു താങ്ങിതൂങ്ങി  വീട്ടിൽ  എത്തുമ്പോൾ പറയണോ പുകിൽ. വീട്ടിൽ നിന്നു നല്ല വഴക്കുകിട്ടും. എന്നെ കൊണ്ടു നിർബന്ധിപ്പിച്ചു തല തോർത്തിപ്പിച്ചു  അമ്മ നെറുകയിൽ  അല്പം  രാസ്നാദിപ്പൊടിയിട്ടു തരും. അടുക്കളപ്പടിയിൽ കട്ടൻകാപ്പിയും പലഹാരങ്ങളും അപ്പോഴേക്കും റെഡി. മിക്കവാറും കപ്പപ്പുഴുക്കും കാന്താരി ചമ്മന്തിയും ആകും വൈകിട്ടത്തെ വിശിഷ്ടവിഭവങ്ങൾ. പാവം അമ്മ, പഠിപ്പിക്കുന്ന സ്കൂൾ  വിട്ടു  നാലുമണിയ്ക്ക് വീട്ടിൽ വന്നിട്ടു  വേണം ഞങ്ങൾക്ക് വേണ്ടി പറമ്പിൽ  നിന്ന് കപ്പ പറിച്ചു പുഴുക്ക്  ഒക്കെ ഉണ്ടാക്കി വെയ്ക്കുവാൻ. അതിന്റെ  രുചിയും നാവിലെ എരിവും ഓർക്കുമ്പോൾ  തന്നെ  വായിലൂടെ കപ്പൽ ഓടും.. കപ്പ കഴിച്ചു കൂടെ ആവി ഊതി, ചൂടുള്ള കട്ടൻകാപ്പി കുടിയ്ക്കുന്നതോടെ അന്നു  സ്കൂളിൽ കിടന്നു ചാടിമറിഞ്ഞതിന്‍റെ ക്ഷീണം ഒക്കെ പമ്പ കടക്കും. ചെളി  തെറിപ്പിച്ചു നാട്ടുവഴിയിലൂടെ സ്കൂളിലേക്കും തിരിച്ചുമുള്ള യാത്രകൾ..മണ്ണിന്‍റെ മണമുള്ള യാത്രകൾ. പ്രകൃതിയാകുന്ന സർവ്വകലാശാലയിൽ നിന്ന് ഞങ്ങളൊക്കെ ബിരുദവും ബിരുദാനന്തര ബിരുദവും  എടുത്തത്  ഇത്തരം യാത്രകളിലൂടെ ആയിരുന്നു. 


സ്കൂളിൽ മഴക്കാലത്ത് ഉച്ചയ്ക്ക്  ശേഷം ക്ലാസ്സുകൾ  ഒന്നും കാര്യമായി നടക്കുക ഇല്ല.മഴക്കാലമായാൽ  സ്കൂളിൽ നിന്ന് മിക്കപ്പോഴും  സാറന്മാർ  ഉച്ചയ്ക്ക് ശേഷം നേരത്തെ പോകും. കാരണം മിക്ക ലേഡി ടീച്ചേഴ്സും ദൂരത്തു നിന്ന് വരുന്നവർ ആണ്. മഴയത്ത് ബസ് കിട്ടി പുനലൂരെത്തി പിന്നെയും ഒന്നുരണ്ട് ബസ്സുകയറി ഇറങ്ങിയാൽ മാത്രമേ മിക്കവരും വീടണയുകയുള്ളൂ. പിന്നെ ക്ലാസ്സിന്‍റെ കാര്യം നാഥനില്ലാകളരി പോലെ അതങ്ങനെ പോകും. എത്ര കുരുത്തക്കേട് കാണിച്ചാലും കുഴപ്പമില്ല. അങ്ങനെ ഒരു ദിവസം ഞാനും കൂട്ടുകാരും ബഞ്ചിന്റെ രണ്ടുസൈഡിലും കാലുകൾ ഇട്ടു കുതിരപ്പുറത്തു ഇരിയ്ക്കുന്നതുപോലെ ഇരുന്നു അന്നത്തെ ഹിറ്റ് ഹിന്ദി സിനിമ ആയിരുന്ന ഖുർബാനിയിലെ “ലൈലാ മു ലൈലാ” ...പാടുകയാണ്. അതിൽ  കുലുക്കുലു ..ക്കുലുക്കുലു ..എന്നൊരു വരിയുണ്ട്. അത് ഉച്ചത്തിൽ പാടി ബഞ്ചുകുതിരയെ  ശക്തമായി  പുറകോട്ടും മുമ്പോട്ടും ആട്ടും. പാട്ടിന്റെ  ഓളത്തിൽ രസം പിടിച്ചു ഞങ്ങൾ എല്ലാം മറന്നു കുതിരയെ മുമ്പോട്ടു പായിച്ചതും ബഞ്ച് പാതി ഒടിഞ്ഞു മുമ്പിലേക്ക്  തൂങ്ങി. അപ്പോഴാണ് അത് കണ്ടുകൊണ്ട്  ഹെഡ്മാസ്റ്റർ മാത്യൂ സാർ വന്നത്. പിന്നെ പറയാനുണ്ടോ പൂരം. സാറ്  കണ്ണടച്ചു ലാത്തിച്ചാർജ് തുടങ്ങി. കാലിലും കൈയ്യിലും ദേഹത്തുമൊക്കെ പൊതിരെ അടി കിട്ടി . അതു കൂടാതെ  ഓരോരുത്തരെയും  പേരുവിളിച്ചു  മാറ്റിനിറുത്തി തുടയ്ക്കും കിട്ടി വീതം.  മാത്യൂ സാറിന്‍റെ അടിയെന്നു വെച്ചാൽ  ഒന്നൊന്നര അടിയാണ്.അടികൊണ്ടു തുടയിലെ തോലു പൊളിഞ്ഞുപോകും. കൂടെയുള്ള മിക്ക വിളവന്മാരും രണ്ടു പാണ്ടൻ നിക്കർ ഒക്കെ ഇട്ടു മുകളിൽ ഒറ്റമുണ്ടുടുത്ത് ബുള്ളറ്റ് പ്രൂഫ് ആയിട്ടാകും  മിക്കദിവസവും സ്കൂളിൽ  വരവ്. കൂട്ടത്തിൽ പാവങ്ങളായ ഞങ്ങളുടെ കാര്യം അധോഗതി. എന്നിരുന്നാലും  നന്നായി ഇംഗ്ലീഷ് പഠിപ്പിക്കുന്ന മാത്യൂ സാറിനെ ഞങ്ങൾ കുട്ടികൾക്കൊക്കെ  വലിയ  സ്നേഹവും  ബഹുമാനവും ആണ്.


ഇംഗ്ലീഷിന്‍റെ കാര്യം പറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത്.. സാർ ക്ലാസ്സിൽ  വന്നാൽ ആദ്യം തലേന്ന് പഠിപ്പിച്ച പാഠത്തിലെ ഇംഗ്ലീഷ് വാക്കുകളുടെ സ്പെല്ലിങ്  ചോദിയ്ക്കും. പറഞ്ഞില്ലെങ്കിൽ  കൈവെള്ളയിൽ കിട്ടും ചൂരൽ കഷായം. എന്റെ കൂട്ടുകാരൻ  ഷൈൻ വർഗ്ഗീസ് ആളൊരു പാവത്താൻ  ആയിരുന്നു. പഠിയ്ക്കുവാനും അത്യാവശ്യം മിടുക്കൻ. സ്പെല്ലിങ് ഒക്കെ സാറു ക്ലാസ്സിൽ  വരുന്നതിനു മുമ്പ് ബുദ്ധിമുട്ടി പഠിയ്ക്കും. പക്ഷെ  സാർ ചോദിയ്ക്കുമ്പോൾ  പേടി കൊണ്ടു സ്പെല്ലിങ് ഒക്കെ മറന്നു പോകും. സാർ ഒട്ടും ദയവില്ലാതെ  അവനെ അടിച്ചാലും ഒരു തുള്ളി കണ്ണീരുപോലും  വരുത്താതെ പുള്ളി കടിച്ചുപിടിച്ചങ്ങനെ നിൽക്കും. കരയുന്നത് മൂപ്പർക്ക് കുറച്ചിൽ ആണ് പോലും. അടി കൊണ്ടു പുളഞ്ഞു അവൻ കൈ തുടയ്ക്കിടയിൽ കൂട്ടിപ്പിടിച്ചു ഇരിയ്ക്കുന്ന  ഇരുപ്പൊക്കെ  ഇപ്പോഴും  ഓർമ്മയുണ്ട്. ആളിപ്പോൾ ഇന്ത്യൻ ഇവാഞ്ചലിക്കൽ മിഷന്‍റെ  സ്റ്റേറ്റ് സെക്രട്ടറി. കൂട്ടുകാരന്  നല്ല നമോവാകം.


മാത്യൂ സാറിനു  എല്ലാ വിഷയത്തിലും നല്ല അവബോധം ഉണ്ട്. ചോദ്യങ്ങൾക്ക് ഒക്കെ ഉടനടി ഉത്തരം തരും.സാറിന് ഉത്തരം മുട്ടിയ ഒരവസരം ഓർമ്മയിൽ ഉണ്ട്. അന്ന് ഷർട്ടിന്റെ മുകളിലത്തെ ബട്ടൺ തുറന്നു നെഞ്ചുകാട്ടി നടക്കുക മുതിർന്നവരുടെയും മുതിരാൻ മുട്ടി പൊടിമീശ കിറുകിറുക്കുന്ന കുട്ടികളുടെയും ഫാഷൻ ആയിരുന്നു. മാത്യൂസാറിനാകട്ടെ അതു കാണുമ്പോൾ തന്നെ കലിയിളകും. എന്റെ കൂടെ പഠിച്ച അശോകൻ അങ്ങനെ ഷർട്ടിന്റെ രണ്ടുമൂന്നു ബട്ടൺ ഒക്കെ ഊരി വരാന്തയിലൂടെ വിലസുകയാണ്. ബുദ്ധിമാൻ എന്നാണ് അവന്റെ ഇരട്ടപ്പേര്. കുരുക്കുബുദ്ധിയ്ക്കും ചോദ്യത്തിനും അതികേമൻ. അപ്പോഴാണ് എതിരെ മാത്യൂസാറിന്‍റെ വരവ്. സാർ പ്രതിയെ കൈയ്യോടെ പിടികൂടി. ഷർട്ടിനു ബട്ടൺ ഇടാത്തതിന് സാർ അവനെ ആവോളം വഴക്കുപറഞ്ഞു  അടിയ്ക്കാൻ കൈ നീട്ടാൻ പറഞ്ഞു. കൂടെ ഒരു ഉപദേശവും,

'' ബട്ടൺ ഇടാൻ അല്ലെങ്കിൽ എന്തിനാണ് ഷർട്ടിൽ ബട്ടൺ പിടിപ്പിച്ചിരിക്കുന്നത് ? ''

പിടിവള്ളി കിട്ടിയതുപോലെ അശോകൻ സാറിന്‍റെ മുഖത്തേക്ക് ഒന്നു നോക്കി.

'' സാർ അടിയ്ക്കത്തില്ലെങ്കിൽ ഞാൻ ഒരു കാര്യം ചോദിയ്ക്കട്ടേ? ''

ചോദിച്ചോളൂ,   എന്നായി  സാർ. സാറിന് അവന്‍റെ കുരുക്കുബുദ്ധി  മനസ്സിലായില്ല.

'' കൈയ്യ്   മടക്കി വെയ്ക്കാനാണെങ്കിൽ  സാർ എന്തിനാണ് ഫുൾ കൈയ്യ്  ഷർട്ട് ഇടുന്നത്? ‘’
   
എന്നായിരുന്നു  അവന്റെ  ചോദ്യം. സാർ ഫുൾകൈ ഷർട്ട് ഇട്ടു  ഷർട്ടിന്റെ കൈ മുകളിലേക്ക് മടക്കി വെച്ചാണ്  എപ്പോഴും നടക്കുക.പാവം സാർ ഒന്നും മിണ്ടിയില്ല. അല്പനേരം ആലോചിച്ചിട്ട് ഒന്നും മിണ്ടാതെ സാർ പോയി. പിറ്റേ ദിവസം മുതൽ സാർ ഫുൾസ്ലീവ്  ഷർട്ടിന്‍റെ കൈ മടക്കാതെ നീട്ടി ബട്ടൺ  ഇട്ടുകൊണ്ടായി സ്കൂളിൽ വരവ്.   '' യഥാ ഗുരു തഥാ ശിഷ്യ..''  എന്ന പ്രമാണം മറ്റാരേക്കാളും അറിയാവുന്നതു കൊണ്ടു  ആകണം  സാർ  അന്നു ഒന്നും മിണ്ടാതെ പോയത്.


കാലങ്ങൾ എത്ര കഴിഞ്ഞുപോയി. സ്കൂൾ ഓർമ്മകൾ  ഒക്കെ മങ്ങി മാറാല പിടിച്ച ചിത്രങ്ങൾ ആയി മനസ്സിന്‍റെ ഏതോ കോണിൽ ഒളിച്ചിരിപ്പുണ്ട്. അവയെ തിരഞ്ഞു പിടിച്ചു പൊടിയും മാറാലയും തുടച്ചു നോക്കുമ്പോൾ അറിയാതെ ആ ദിനങ്ങളിലേക്ക് പോകുവാൻ മനസ്സ്   ഒന്നു തുടിയ്ക്കും...വർഷമെത്ര കഴിഞ്ഞാലും നാം  പഠിച്ച സ്കൂളുകളുടെ മുമ്പിൽ കൂടെ പോകുമ്പോൾ പഴയ സ്കൂൾ  ഓർമ്മകൾ  ഒക്കെ മനസ്സിലേക്ക് തള്ളി കയറി വരും. അപ്പോൾ നാം അനുഭവിക്കുന്ന  വികാരം  ഉണ്ടല്ലോ അതു പറഞ്ഞറിയിക്കുക വയ്യ.. കാലമെത്ര കഴിഞ്ഞാലും ഒരു സ്കൂൾ കുട്ടിയുടെ കൗതുകത്തോടെ നാം ആ സ്കൂൾ മുറ്റത്തേക്ക് എത്തിനോക്കുന്നുണ്ടാകും....  അകത്തു നിന്ന്  ഏതോ ഒരു പാതി ഒടിഞ്ഞ ബഞ്ച് വിളിയ്ക്കുന്നുണ്ടാകും.. എന്നെ ഓർമ്മയില്ലേ ?.... 


ഒറ്റപ്പതിപ്പുള്ള പുസ്തകമീ ജന്മം
 ഒറ്റത്തവണയോരോ പുറവും

പഴയ താളൊക്കെ മറഞ്ഞു പോയി
      എന്നേക്കുമെങ്കിലും
ചിത്രങ്ങളായി കുറിമാനങ്ങളായി
     ചിലതെത്രയും  ഭദ്രം

                                                                               (  ഓ.എൻ.വി )