അവധിയുള്ള വാരാന്ത്യങ്ങളിലെ എന്റെ ഗൃഹാതുരത്വം പേറുന്ന മോഹങ്ങളിൽ ഒന്നാണ് രാവിലെ പഴങ്കഞ്ഞി കുടിക്കുക എന്നത്.ഗൾഫിൽ പഴങ്കഞ്ഞി മലയാളിയ്ക്ക് അവന്റെ നാടിന്റെ, ബാല്യത്തിന്റെ സുഗതമായ ഓർമ്മയാണ്. തലേദിവസത്തെ മീന് വറ്റിച്ച ചട്ടിയില് പഴങ്കഞ്ഞിയും തൈരും തലേന്നത്തെ തന്നെ ചക്കയോ കപ്പയോ ഇടകലര്ത്തി വെള്ളവും ഒഴിച്ച് കാന്താരി മുളകുചമ്മന്തി ഉടച്ചു കഴിച്ചിരുന്ന ഒരു കാലത്തിന്റെ ഓർമ്മ.. നാട്ടിലെപ്പോലെ കാന്താരിമുളകും അത് ചെറിയ ഉള്ളി ചേർത്ത് ഉപ്പും തിരുകി ഉടയ്ക്കാൻ അടച്ചൂറ്റിയൊന്നും ഗൾഫിൽ കിട്ടാത്തത് കൊണ്ടു ഉള്ളത് വെച്ച് അഡ്ജസ്റ്റ് ചെയ്തു. മീൻചട്ടിയിൽ രാത്രിതന്നെ ചോറും തൈരും പച്ചമുളക് തിരുടിയതും ഇട്ടുവെച്ചു.അതേ പഴങ്കഞ്ഞിയുടെയൊരു ആഢ്യത്തമുണ്ടല്ലോ, അതു കിട്ടണമെങ്കിൽ മൺചട്ടി തന്നെ വേണം
ആദ്യം പഴങ്കഞ്ഞി നന്നായി ഇളക്കി കൈ നിറയെ ശാപ്പിടുക.. പിന്നെ ഉപദംശങ്ങൾ..ആദ്യം തലേന്നത്തെ മീൻകറി ഒരു കഷ്ണം ചാറോടെ.. ശേഷം കൈകൊണ്ടു ചുവന്നുള്ളി ചേർത്ത മുളക് ചമ്മന്തി വടിച്ചു നാക്കിലേക്ക്. പിന്നെ വറുത്ത ഉണക്ക കുറിച്ചിമീൻ കൈയ്യിൽ എടുത്തു ഒരു കടി. ഒടുവിൽ പഴം നെല്ലിക്കയോ ഉപ്പുമാങ്ങയോ.. കഴിക്കുന്നവന്റെ അന്തരാത്മാവിൽ വരെ പഴങ്കഞ്ഞിയുടെ തണുപ്പും സ്വാദും അരിച്ചിറങ്ങും. പുളിയും എരിവും ഉപ്പും ചേർന്ന് നാവിലൊരു രുചിയുടെ മേളപ്പദം. വെള്ളം വാലുന്ന ചോറെല്ലാം കഴിച്ചു മിച്ചം വരുന്ന പഴങ്കഞ്ഞി വെള്ളം ചട്ടിയോടെ എടുത്തു മെല്ലെ മോന്തുക..ശുഭം.
തണുത്ത ചോറിൽ തലേന്നത്തെ മീൻകറിയും നെല്ലിക്ക അച്ചാറും തൈരും കൂടെ എരിവുള്ള ചമ്മന്തിയും... അത് കൈയ്യിട്ടു ഞെരടി ഒരു പിടിപിടിച്ചതിന്റെ രുചി പറഞ്ഞറിയിക്കുക വയ്യ.. പഴങ്കഞ്ഞിയുടെ രുചി എന്നെ എത്ര പിറകിലേക്ക് കൊണ്ടു പോയിരിക്കുന്നു.. എന്തെല്ലാം ഓർമ്മകളാണ് മനസ്സിലേക്ക് ഇരച്ചുകയറി വരുന്നത്. പഴങ്കഞ്ഞി കുടിച്ച കൈ ഒന്ന് മണത്തുനോക്കുക. എന്തൊരു ഗന്ധം.. പഴം ചോറിന്റെയും തൈരിന്റെയും മീൻകറിയുടെയും ഗന്ധം.. കൂടെ ഗതകാലത്ത് അനുഭവിച്ച ഒരുപാട് ഭക്ഷണ ഗന്ധങ്ങൾ..കാലമെത്ര കഴിഞ്ഞാലും ചില രുചികൾ, ഗന്ധങ്ങൾ നാവിൻ തുമ്പിലും മൂക്കിൻതുമ്പിലും ഞൊട്ടപിടിച്ചു തിരിഞ്ഞു നിൽക്കും..അതൊക്കെ എങ്ങനെ മറക്കാൻ? നൊസ്റ്റി അടിച്ചു ഇന്ന് രാവിലെ പഴങ്കഞ്ഞി ഉണ്ടാക്കി ഒരു പിടിപിടിച്ചു.. വയറും മനസ്സും ഒരുപോലെ തണുത്തു..സൂപ്പർ.. ചെറിയ ചില ആഗ്രഹങ്ങൾ.. ' അല്ലേലും ഇത്തിരി പഴങ്കഞ്ഞി കിട്ടിയിരുന്നെങ്കിലെ’ന്ന മോഹം പിന്നത്തേക്ക് മാറ്റി വെയ്ക്കരുത്.
പിൻകുറി :
എന്റെ ചെങ്ങായി മഹേഷിന്റെ വക :
പഴങ്കഞ്ഞിയോളം നല്ലൊരു വസ്തു ഭൂലോകത്തില്ലെടീ മറിയേ....
തൈരിട്ടു പിടിച്ചാൽ ഇരുനാഴി പോണവഴി കാണില്ല !!
No comments:
Post a Comment