Friday, 3 January 2025

ഓർമ്മച്ചിത്രങ്ങൾ 2

 

ഓർമ്മച്ചിത്രങ്ങൾ  2 




ഈ ഓർമ്മക്കുറിപ്പ് കണ്ണുനനയാതെ എനിക്ക് പൂർത്തികരിക്കാൻ കഴിയുകയില്ല. ഞങ്ങളുടെ പ്രിയ ഗുരുനാഥൻ ശ്രീ എം.ഒ മാത്യുസാർ ഓർമ്മയായി. തന്റെ ശിഷ്യർക്ക് ഒരിയ്ക്കലും മറക്കാൻ കഴിയാത്ത ഉദാത്തവും അനുപമവുമായ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. എനിക്ക് മാത്രമല്ല അദ്ദേഹം പഠിപ്പിച്ചിട്ടുള്ള ആയിരക്കണക്കിന് ശിഷ്യർക്കും അദ്ദേഹത്തോടുള്ള ബന്ധത്തിൽ പറയാൻ ഒരുപാട് ഓർമ്മകൾ കാണും. ഞാനുമായി ബന്ധപ്പെട്ട ഒന്നുരണ്ടു സംഭവങ്ങൾ ഇവിടെ പങ്കുവെയ്ക്കുന്നു.


ഞങ്ങളുടെ ഗ്രാമത്തിൽ പുതുതായി ആരംഭിച്ച ഹൈസ്കൂൾ ഒരു വയലോരത്തായിരുന്നു. ഒരു ഉൾനാടൻ ഗ്രാമത്തിന്റെ എല്ലാ വിശുദ്ധിയും നിറഞ്ഞ സ്ഥലം. ആ സ്കൂളിലെ നാലാമത്തെ ബാച്ച് വിദ്യാർത്ഥി ആയിരുന്നു ഞാൻ. മൂന്ന് നിലകളുള്ള ചുടുകട്ട വെച്ചു കെട്ടിയ നെടുങ്കൻ സ്കൂൾകെട്ടിടം അതിന്റെ ബാലാരിഷ്ടതകളിൽ ആയിരുന്നു. മുകളിലത്തെ നിലകളിലെ മിക്ക ക്ലാസ് റൂമുകൾക്കും വാതിലുകളും ജനൽപാളികളും ഇല്ലായിരുന്നു.ചെമ്മൺപൊടി നിറഞ്ഞ ക്ലാസ്സ്‌റൂമുകളിൽ ഇരുന്ന് ഞങ്ങൾ ഇംഗ്ലീഷും കണക്കും സയൻസുമൊക്കെ പഠിച്ചു. സ്കൂൾ കെട്ടിടത്തിന്റെ തുടക്കഭാഗത്തായിരുന്നു ഹെഡ്മാസ്റ്റരുടെ ഓഫീസ് റൂം. അതിന് ശേഷം സ്റ്റാഫ് റൂം,പിന്നെ ക്ലാസ് റൂമുകൾ.

അന്ന് സ്കൂളിൻറെ മുമ്പിൽ കെട്ടിടം പണിഞ്ഞപ്പോൾ ഇഷ്ടിക നനയ്ക്കാനായി പണിഞ്ഞ ഒരു ടാങ്ക് ഉണ്ടായിരുന്നു . കെട്ടിടം പണി കഴിഞ്ഞപ്പോൾ ഉപയോഗശൂന്യമായ ടാങ്കിൽ ഏതോ കുട്ടികൾ വെള്ളം നിറച്ചു മീനുകളെ വളർത്താൻ തുടങ്ങി.അങ്ങനെയിരിക്കെ ആരോ ആ ടാങ്കിൽ ഒരു ആമയെ കൊണ്ടുവന്നിട്ടു. സാമാന്യം വലിപ്പമുള്ള ആ ആമ പെട്ടെന്ന് തന്നെ കുട്ടികൾക്കിടയിൽ താരം ആയിമാറി.. ഉച്ചക്ക് ചോറുണ്ണാൻ സ്കൂൾ വിടുമ്പോഴും ഇന്റർവെൽ ടൈമിലും,ആമ യെ കാണാൻ ടാങ്കിനു ചുറ്റും കുട്ടികൾ കൂട്ടം കൂടി.ഒരു ദിവസം രണ്ടാം പീരീഡ്‌ കഴിഞ്ഞു ഇന്റർവെൽ..വെളിയ്ക്ക് വിടുന്നു എന്നാണ് ഞങ്ങൾ പറയുന്നത് സ്കൂളിന്റെ വരാന്തയിൽ നിന്നും താഴെയാണ് ഈ ടാങ്ക്.. ആമയെക്കാണാൻ വരാന്തയിലും ടാങ്കിന് അടുത്തും ഒക്കെ പിള്ളേരുടെ തിരക്ക്..കൂട്ടത്തിൽ ഞാനുമുണ്ട്. അതിനിടയിൽ ആരോ പുറകിൽ നിന്ന് തള്ളി ഞാൻ ടാങ്കിലേക്ക് മറിഞ്ഞു വീണു.. വെള്ളത്തിൽ മുങ്ങിപൊങ്ങിയ ഞാൻ പായലൊക്കെ വാരി അണിഞ്ഞു ഇളഭ്യനായി നിൽക്കുക ആണ്.. ആകെ കൂട്ടച്ചിരിയും കൂക്ക് വിളിയും.. അപ്പോഴേക്കും ചൂരലുമായി റൌണ്ട്സിനിറങ്ങിയ മാത്യു സാർ സ്ഥലത്തെത്തി.. കയ്യോടെ എന്നെയും കൂട്ടി ഓഫീസിലേക്ക് കൊണ്ടുപോയി..പിന്നെ ചോദ്യവും പറച്ചിലും ആയി.. ആരൊക്കെ സംഭവസ്ഥലത്ത് ഉണ്ടായിരുന്നോ അവരെ ഒക്കെ പ്യൂൺ ഷംസണ്ണനെ വിട്ടു വിളിപ്പിച്ചു..എല്ലാ പ്രതികൾക്കും നല്ല ചൂരൽ കഷായം കൊടുത്തു.. കൂട്ടത്തിൽ വെള്ളത്തിൽ വീണ എനിക്കും കിട്ടി ഒന്നാതരം അടി.എന്തിനാണ് ഇന്റർവെൽ ടൈമിൽ വല്ലതും പഠിക്കാതെ ഇത്തരം വായിനോട്ടത്തിന് ഇറങ്ങിയത് എന്നാണ് സാറിന്റെ ചോദ്യം.. അടിയും കൊണ്ടു പുളിയും കുടിച്ചു കരവും ഒടുക്കി എന്ന് പറഞ്ഞത് പോലെ ആയി എന്റെ ഗതി.

പഠിപ്പിക്കുന്ന കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്‌ക്കും മാത്യു സാർ തയാർ ആയിരുന്നില്ല.ഇംഗ്ലീഷ് അധ്യാപകൻ ആയിരുന്ന മാത്യു സാറിന് മറ്റു സബ്ജെക്റ്റുകളെ കുറിച്ചും അഗാധമായ ജ്ഞാനം ഉണ്ടായിരുന്നു.കുട്ടികൾ പത്താംതരത്തിൽ എത്തിയാൽ രണ്ടുമാസത്തെ വേനൽ അവധി സമയത്ത് എക്സ്ട്രാ ക്ലാസ്സ്‌ എടുത്തു മാത്യു സാർ ഇംഗ്ലീഷ് ഗ്രാമറും ആദ്യ ടേമിന്റെ പോർഷനും തീർക്കും. സ്കൂൾ വർഷം ആരംഭിച്ചാൽ പിന്നെ സാറിന് തിരക്ക് ആണ്.ഓഫീസ് കാര്യങ്ങളും അഡ്മിനിസ്ട്രേഷനും ഒക്കെയായി തിരക്കോടുതിരക്ക്. എന്നാൽ കുട്ടികളുടെ ക്ലാസ്സ്‌ മുടക്കാറില്ല. വളരെ പതുക്കെ എല്ലാ കുട്ടികൾക്കും മനസിലാകുന്ന തരത്തിൽ ആണ് സാർ പഠിപ്പിക്കുക.ചിലപ്പോൾ ഒരു പാരഗ്രാഫ് ആയിരിക്കും പഠിപ്പിക്കുക.. ക്ലാസ്സിൽ വന്നാൽ ആദ്യം തലേന്ന് പഠിപ്പിച്ച വാക്കുകളുടെ സ്പെല്ലിങ്ങും അർത്ഥവും പുറകിലത്തെ ബെഞ്ചിൽ നിന്ന് ചോദിച്ചു തുടങ്ങും.ഉത്തരം പറഞ്ഞില്ല എങ്കിൽ അടി ഉറപ്പ്..അടി എന്നാൽ ഒന്നൊന്നര അടി ആയിരിക്കും.. കൊള്ളുന്നവന്റെ കൈയ്യിലെ തൊലി പൊളിയുന്ന തരത്തിൽ ഉള്ള അടി. ഇങ്ങനെ അടി പേടിച്ചു പഠിക്കുന്നത് കൊണ്ടാകും ഫൈനൽ പരീക്ഷയ്ക്ക് ഇംഗ്ലീഷ് രണ്ടുപേപ്പറുകൾക്കും മിക്കവാറും എല്ലാവർക്കും നല്ല മാർക്ക് കിട്ടും. തോൽക്കുന്നവർ വിരളം ആയിരുന്നു.

മാത്യു സാറിന്റെ മറ്റൊരു ഗുണം ഏത് മോശം കുട്ടിയെയും തള്ളികളയാതെ അവനിൽ ഉള്ള കഴിവ് കണ്ടെത്തി പ്രോത്സാഹനം നൽകുന്ന സമീപനം ആയിരുന്നു. എല്ലാവർക്കും ഒരുപോലെ പഠനത്തിൽ മികവ് കാണിക്കാൻ സാധിക്കുക ഇല്ലല്ലോ , എന്നാൽ ഈശ്വരൻ വരദാനമായി തന്ന എന്തെങ്കിലൊമൊക്കെ കഴിവുകൾ അവരിൽ കാണും അതു കണ്ടെത്തി പ്രോൽസാഹിക്കാൻ കഴിയുന്ന അധ്യാപകൻ ആണ് കുട്ടികളുടെ മനസ്സിൽ ജീവിതകാലം മുഴുവൻ ഇടംപിടിക്കുക.മാത്യുസാറും പ്രതീപ് സാറും (പ്രശസ്ത എഴുത്തുകാരൻ ശ്രീ.പ്രതീപ് കണ്ണങ്കോട് സർ) ഒക്കെ അങ്ങനെയുള്ള അധ്യാപകരായിരുന്നു.

ഒരു ദിവസം എന്റെ ക്ലാസ്സിലെ ഏറ്റവും പൊണ്ണതടിയനായ ഭീമസേനൻ എന്നു വിളിപ്പേരുള്ള ചന്ദ്രശേഖരൻ എന്നെ തോളിൽ എടുത്ത് സ്കൂളിന്റെ മുമ്പിലെ വീടിന്റെ പുറത്തേക്ക് നിൽക്കുന്ന മാവിൽ നിന്നു മാങ്ങ പറിക്കുന്നത് ദൂരെ നിന്ന് മാത്യുസാർ കണ്ടു. സാർ ആളെ വിട്ടു ഞങ്ങളെ വിളിപ്പിച്ചു കുറെ വഴക്കുപറഞ്ഞു. കൂടാതെ ഓഫീസ് റൂമിന്റെ വെളിയിലെ വരാന്തയിൽ മാങ്ങ പറിക്കാൻ നിന്ന പോസിൽ ചന്ദ്രശേഖരന്റെ തോളിൽ എന്നെ കയറ്റി ഞങ്ങളെ ഉച്ചവരെ സാർ നിറുത്തി. ദൂരെ റോഡിൽ കൂടി പോകുന്ന നാട്ടുകാർക്ക് ഈ വിചിത്രകാഴ്ച കണ്ടു ചിരിക്കാൻ നല്ല വഴിയായി. അതിന് ശേഷം കുറെ നാളത്തേക്ക്.കൂട്ടുകാർക്കിടയിൽ ഞങ്ങൾക്ക് വിക്രമാദിത്യനും വേതാളവും എന്ന പേരുവീണു . ചന്ദ്രശേഖരൻ ഇപ്പോൾ മാമ്പഴത്തറ ചന്ദ്രശേഖരൻ എന്ന രാഷ്ട്രീയ നേതാവാണ്.

മിക്കവാറും ദിവസങ്ങളിൽ ഞങ്ങളുടെ ഗാങ്ങ് സ്കൂളിൽ എത്തുക സ്കൂൾ അസംബ്‌ളി തുടങ്ങിയതിന് ശേഷം ആയിരിക്കും. തോടുകളും മേടുകളും പാടവരമ്പുകളും ഒക്കെകൊണ്ടു സമൃദ്ധമായ നാട്ടുവഴികൾ താണ്ടിയാകും സ്കൂളിലേക്കുള്ള യാത്ര.പോകുന്ന വഴിയ്ക്കുള്ള വീട്ടുകാർക്കും മരങ്ങൾക്കും മീനുകൾക്കും പാമ്പിനുമൊന്നും സ്വൈരം കൊടുക്കാത്ത യാത്രകൾ. മഴയോടും വെയിലിനോടും കാറ്റിനോടും ഒക്കെ കിന്നാരം പറഞ്ഞു സ്കൂളിൽ എത്തുമെത്തുമ്പോഴേക്കും ബെല്ലടിച്ചിരിക്കും. ഞാനും ലെനിനും അസീസും ഷാംജിയുമൊക്കെയാകും കൂട്ടത്തിൽ. ശ്രീമാൻ ലെനിൻ സ്കൂൾ മാനേജരുടെ മകനാണ്. അദ്ദേഹം ആണ് ഇപ്പോഴത്തെ ഇടമൺ വി.എച്ച് സി സ്കൂൾ മാനേജർ. ഈശ്വരപ്രാർത്ഥന നടക്കുകയാണങ്കിൽ സ്കൂളിന്റെ മുമ്പിൽ പ്രാർത്ഥന തീരുംവരെ അറ്റെൻഷൻ ആയി നിൽക്കണം എന്നാണ് മാത്യു സാറിന്റെ അലിഖിത നിയമം. എന്നാൽ അറ്റെൻഷൻ ആയി നിന്നുകൊണ്ടു തന്നെ മിക്കവാറും ലെനിൻ എന്തെങ്കിലും കോക്രി കാണിയ്ക്കും. കൂട്ടത്തിൽ ഉള്ള ഞങ്ങൾക്ക് ചിരി അടക്കുക വയ്യ. മാത്യു സാർ അസംബ്ലി കഴിയുന്നത് വരെ ഒന്നും മിണ്ടില്ല.അത് കഴിഞ്ഞാകും അടിയുടെ പൂരം. കൂട്ടത്തിൽ എനിക്കും ലെനിനും ആകും കൂടുതൽ കിട്ടുക കാരണം അധ്യാപകരുടെ മക്കളാണല്ലോ അവർക്കാണ് ഡിസിപ്ലിൻ കൂടുതൽ വേണ്ടത് എന്നാണ് സാറിന്റെ പക്ഷം.

പബ്ലിക് എക്സാം അടുത്താൽ പിന്നെ എക്സ്ട്രാ ക്ലാസുകൾ വെച്ച് സാർ പോർഷൻ തീർത്തു റിവിഷൻ തുടങ്ങും. ഏതെങ്കിലും അധ്യാപകൻ അപ്രതീക്ഷിതമായി ദീർഘഅവധി എടുത്താൽ ആ സബ്ജെക്ട് കൂടി സാർ പഠിപ്പിച്ചു തീർക്കും.ഏതു സമയത്തും പഠനവിഷയത്തിൽ സംശയങ്ങൾ ഉണ്ടെങ്കിൽ സാറിനെ സമീപിച്ചാൽ ഒട്ടും മടികൂടാതെ തീർത്തു തരും. ഋഷികളുടെ തപസിനു തുല്യമായ സപര്യയായിരുന്നു സാറിന് അധ്യാപനം.

രണ്ടുമാസം മുമ്പ് പ്രൈമറി സ്കൂൾ ടീച്ചറായിരുന്ന എന്റെ അമ്മ ട്രഷറിയിൽ പെൻഷൻ വാങ്ങാൻ പോയപ്പോൾ മാത്യു സാറിനെ കണ്ടിരുന്നു.സാറിന് കൂട്ടായി വന്ന മരുമകളോട് അമ്മയെ പരിചയപ്പെടുത്തി കൂട്ടത്തിൽ അതിവാത്സല്യത്തോടെ സൂസമ്മ ടീച്ചറുടെ മകൻ എന്റെ ശിഷ്യൻ ആണ് എന്നുപറഞ്ഞു .അമ്മ ഈകാര്യം കഴിഞ്ഞ ദിവസം പറഞ്ഞപ്പോൾ അറിയാതെ എന്റെ കണ്ണുനനഞ്ഞു. പുൽക്കൊടിയായ ഒരു ശിഷ്യന് ഇതിൽ കൂടുതൽ എന്ത് പുണ്യം?

ഒരു അധ്യാപകന് ഒരിക്കലും ഒരു വിദ്യാര്ഥിയെ അവന്റെ സ്കൂൾകാലം കഴിഞ്ഞാൽ ഒഴിവാക്കാറില്ല. ജീവിതകാലത്തേക്ക് മുഴുവന് അവര് ഓരോരുത്തരെയും മനസ്സിലാണ് കൊണ്ട് നടക്കാറുള്ളത്.നല്ല അധ്യാപകർക്കും കുട്ടികളുടെ ഹൃദയത്തിലാണ് സ്ഥാനം. അധ്യാപകൻ എന്ന വാക്കിനോട് എത്ര കാലം കഴിഞ്ഞാലും ബാക്കി നിൽക്കുന്ന ചില ഇഷ്ടങ്ങളിൽ മാത്യു സാർ ഉണ്ടാകും തീർച്ച..സ്‌നേഹച്ചൂരല് കൊണ്ടൊരു തലോടല്..അത്രമാത്രം..മാത്യു സാർ തല്ലി നന്നാക്കിയ കുട്ടികള് എത്രയോ ഉണ്ട്.അവരിൽ ഒരാളാണ് ഞാൻ എന്ന് അഭിമാനത്തോടെ എനിക്ക് പറയാൻ കഴിയും. അധ്യാപകന് കുട്ടികളെ തല്ലാം എന്ന പക്ഷകാരനാണ് ഞാൻ, പക്ഷെ കുട്ടികളെ സ്‌നേഹം കൊണ്ട് തല്ലുന്ന വിദ്യ അറിഞ്ഞിരിക്കണമെന്നു മാത്രം. കറയില്ലാത്ത, അതിരില്ലാത്ത ഈ സ്‌നേഹം കൊണ്ടാണ് മാത്യു സാർ കുട്ടികളെ നല്ല വഴിക്ക് നടത്തിയത്

No comments:

Post a Comment