Thursday 13 July 2017

കീടേ കാ ഗോലി….



കീടേ  കാ  ഗോലി….





ഗൾഫിൽ ജോലി തേടിയെത്തിയ  സമയം. രണ്ടു ജോഡി  കുപ്പായങ്ങളും കാലിൽ  നെടുകെ  വെടിച്ചു  തുടങ്ങിയ  ഒരു  ആക്ഷൻ  ഷൂവും  കൂടെ  ഗൾഫുകാരനായ  ബാബുകൊച്ചപ്പൻ  സമ്മാനമായി തന്ന എക്കോലാക്  പെട്ടിയിൽ  ഭദ്രമായി സൂക്ഷിച്ച  ഫാർമസി സർട്ടിഫിക്കേറ്റും  കൊണ്ട്  ഗൾഫിലേക്ക്  കുടിയേറിയവൻ ആയിരുന്നു  ഞാൻ. ഗൾഫിൽ ഫാർമസി  പണിയ്ക്കു  നല്ല  ചാൻസ്  ആണെന്ന്   നാട്ടിൽ  നിൽക്കുമ്പോൾ  ആരൊക്കെയോ  പറഞ്ഞു പിരികേറ്റി എന്നെ പ്ലെയിൻ കയറ്റി. നാട്ടിൽ ഫാർമസിസ്റ്റ്  എന്ന  ഓമനപ്പേരുള്ള  പഴയ  കമ്പോണ്ടർ  പണിയ്ക്കു  എന്നെ  പ്രേരിപ്പിച്ചത്  കളറുവെള്ളങ്ങളായിരുന്നുതെറ്റിദ്ധരിയ്‌ക്കേണ്ട  ഞാൻ  ചെറിയ  പ്രായത്തിൽ  പുനലൂർ  ഗവൺമെൻറ്  ആശുപത്രിയുടെ മുമ്പിലൂടെ കടന്നുപോകുമ്പോൾ  കണ്ടിരുന്ന ഒരു കാഴ്ചയായിരുന്നു.


ആശുപത്രിയുടെ ഗെയിറ്റിനരികെയുള്ള  പഴയ  ഓടിട്ട  കെട്ടിടത്തിന്റെ  വരാന്തയിൽ  കൂടിനിൽക്കുന്ന  രോഗികൾ.വരാന്തയിലെ ജനലിനരികെ  നിരത്തി  വെച്ചിരിയ്ക്കുന്ന ഭീമൻ ഗ്ലാസ് കുപ്പികൾ. അതിൽ  നിറയെ  കളർ  വെള്ളങ്ങൾ, ചുമപ്പും  പച്ചയും മഞ്ഞയും പിന്നെ കുമ്മായം കലക്കി വെച്ചപോലെ തോന്നിപ്പിക്കുന്ന നിറത്തിലുള്ള ഒരെണ്ണം. അത്  കാർമിനേറ്റിവ്  മിക്ച്ചർ ആണെന്ന്  മനസ്സിലായത്  പിന്നീട്  ഫാർമസി  പഠിച്ചപ്പോഴാണ്; നാട്ടാർക്ക്  ഗ്യാസിനുള്ള മരുന്ന്.. ജനലിനരികെ  ദിവാൻ പേഷ്‌കാരുടെ  ഗമയിൽ  ഒരു വെള്ള കുപ്പായക്കാരനും സഹായിയും. സഹായി  പേരു വിളിക്കുന്നതിനനുസരിച്ചു  വെള്ളകുപ്പായക്കാരൻ  കുപ്പിയിലെ അടിയിലെ  ചോർപ്പു തുറന്നു രോഗികൾ കൊണ്ടുവരുന്ന  കുപ്പിയിലേക്ക് കളർ വെള്ളങ്ങൾ പകരും. കളർ വെള്ളങ്ങൾ തമ്മിൽ ചേർക്കുന്ന  ജാലവിദ്യ വെള്ളകുപ്പായക്കാരനു  മാത്രമേ  അറിയൂ..രസമുള്ള കാഴ്ച്ച. നിറങ്ങൾ മാറിമാറി  വരും.എന്തൊരു  പവ്വറാണ്  വെള്ളകുപ്പായക്കാരൻ കമ്പോണ്ടർക്ക്‌. കുപ്പിയിൽ മരുന്ന്  വാങ്ങി  താണുതൊഴുതു പോകുന്ന  രോഗികൾ. ചുരുക്കം  ചിലർ  സഹായിയുടെ  കൈയ്യിൽ  ഒരു പൊതി കൊടുക്കുന്നത് കാണാം, കൈമടക്കാണ്  വെള്ള കുപ്പായക്കാരനും   സഹായിക്കും. ആ മൂന്നാല്  മിശ്രിതങ്ങൾ കൊണ്ടു   അന്നത്തെ  മിക്കരോഗങ്ങളും  പമ്പ കടന്നിരുന്നു. അന്നത്തെ എന്റെ മോഹം ആ വെള്ളകുപ്പായക്കാരനെപ്പോലെ ഒരു കമ്പോണ്ടർ ആകണമെന്നായിരുന്നു. ഞാൻ മുതിർന്നപ്പോൾ ഇത്തരം കമ്പോണ്ടറുമാരൊക്കെ  ഹോസ്പിറ്റലിൽ നിന്ന് അപ്രത്യക്ഷമായി, പകരം ഫാർമസിസ്റ്റ്  എന്ന  വിളിപ്പേരിൽ ഗ്ലോറിഫൈഡ്  കമ്പോണ്ടറുമാർ നിലവിൽ വന്നു.


ഗൾഫിലെ ഫാർമസികൾ ഒരു പ്രത്യേക ലോകമാണ്. അവ  നമ്മുടെ  നാട്ടിലെ മെഡിക്കൽ സ്റ്റോർ പോലെയായിരിയ്ക്കും എന്ന ധാരണയോടെ ഗൾഫിൽ  എത്തിയ  എന്നെ കാത്തിരുന്നത് ഒരു വിചിത്ര ലോകമാണ്. ഫാർമസിസ്റ്റുകൾക്ക് പൊതുവെ അറബികൾ    ' ദോക്തുർഎന്ന  വിളിപ്പേര്  ആണ് നല്കിയിരിയ്ക്കുന്നത് .അവരെ സംബന്ധിച്ചടത്തോളം  ഫാർമസിസ്റ്റ് ഒക്കെ  ഡോക്ടറോളം ബഹുമാനമുള്ള പദവിയാണ്. 1990  കളുടെ അവസാനകാലത്ത് ഞാൻ ഗൾഫിൽ എത്തുമ്പോൾ ഫാർമസികൾക്ക് ഒരു ചെറിയ ക്ലിനിക്കിന്‍റെ  ഗെറ്റപ്പ്  ആണ്.മിക്കവാറും താഴ്ന്ന ജോലികൾ ചെയ്യുന്ന  എല്ലാ രാജ്യക്കാരും അവർക്ക്  ഒരു  ചെറിയ രോഗം വന്നാൽ ഓടിച്ചെല്ലുക ഫാർമസിയിലേക്കാണ്. ഡോക്ടറെ  ഒക്കെ കാണണമെങ്കിൽ വല്യ മിനക്കേടും കാശുചിലവുമാണ്. നാട്ടിലെ കുടുംബത്തെ പോറ്റുവാൻ മരുഭൂമിയിൽ കിടന്നു പാടുപെടുന്നവർക്ക് എവിടെയാണ് അതിനൊക്കെ സമയം.പ്രത്യേകിച്ചു വല്യപഠിപ്പില്ലാത്ത ബംഗാളികൾക്കും പാക്കിസ്ഥാനികൾക്കും ഫാർമസിസ്റ്റുകൾ കൺകണ്ട ദൈവങ്ങളാണ്. ' ഡോക്ടർ  സാബ്,   മുച്ചേ  ബുക്കാർ ( പനിയാണ്) ഹെ, കാസി (ചുമയാണ്)  ഹേ '  അങ്ങനെ  നൂറുകൂട്ടം  പരാതികൾ. ഹിന്ദിയുടെയും  അറബിയുടെയും  ഏബിസിഡി  അറിയാത്ത  ഞാൻ ചുരുങ്ങിയ സമയം കൊണ്ടു അൽപസ്വൽപം ഹിന്ദിയും അറബിയും ഒക്കെ പഠിച്ചു ഒരു  മുറിഡോക്ടർ  ആയി മാറി.


ഗൾഫിലെ ഫാർമസി കസ്റ്റമേഴ്സ്  വിവിധ തരമാണ്. ഏറ്റവും സംശയാലുക്കൾ  ആരെന്നു ചോദിച്ചാൽ  നമ്മ മലയാളികൾ തന്നെ. അവർ എല്ലാറ്റിനേയും   സംശയദൃഷ്ടിയോടെ  കാണുകയുള്ളു. മിക്കവാറും ഫാർമസിയിൽ എത്തുക നാട്ടിൽ നിന്ന് കൊണ്ടുവന്ന മരുന്നുകെട്ടുമായിരിയ്ക്കും. അതൊക്കെയും  നമ്മുടെ മുമ്പിൽ  കുടഞ്ഞിടും പിന്നെ ഓരോന്നും   എടുത്ത്  ഏതു  രോഗത്തിനു പ്രതിവിധിയായി ഉപയോഗിക്കാനാണെന്നതും  അതു കഴിച്ചാലുള്ള സൈഡ്  ഇഫക്റ്റ്  എന്താണെന്നും  പറഞ്ഞുകൊടുത്താൽ മാത്രമേ അവർക്ക്  തൃപ്തിയാകുകയുള്ളു. മലയാളികൾക്ക് മരുന്ന്  ഉപയോഗിക്കുന്നതിനേക്കാൾ മുമ്പേ അറിയേണ്ടത് അവയ്ക്ക് സൈഡ്   ഇഫക്റ്റ്  ഉണ്ടോ എന്നാണ്. ഒടുവിൽ കൺസൾട്ടേഷൻ  എല്ലാം കഴിഞ്ഞു എന്തെങ്കിലും മരുന്നുവാങ്ങും  എന്നു  വിചാരിച്ചു  അകത്തു കണ്ണും നട്ടിരിയ്ക്കുന്ന  സിറിയക്കാരൻ ഫാർമസി  ഉടമയിൽ നിന്ന് മിക്കവാറും ചീത്ത കേൾക്കാനാകും  എന്‍റെ  വിധി. അവന്റെ  ഭാഷയിൽ ' കുല്ലു  മലബാറി  കഞ്ചൂസ് '.



ഫാർമസിയിൽ  വന്നു കച്ചട ഉണ്ടാക്കുന്നവരിൽ മുമ്പരാണ്  മിസറികളും( ഈജിപ്ഷ്യൻസ്) ഫലസ്തീനികളും. ഇവന്മാരിൽ ആരോട് ചോദിച്ചാലും ഒന്നുകിൽ മൊഹന്തിസ്( എഞ്ചിനീയർ) അല്ലെങ്കിൽ  ദോക്തുർ( ഡോക്ടർ) ആണെന്നേ പറയൂ. ഗൾഫിലേക്ക് വണ്ടി കയറുന്നതിനുമുമ്പ്  അവർ തീരുമാനിയ്ക്കും  ഏതു  സർട്ടിഫിക്കറ്റ്  വേണമെന്ന്. എന്തൊരു തലക്കനമുള്ള കൂട്ടർ.ഏഷ്യക്കാരെല്ലാം  അവരുടെ അടിമകൾ  ആണെന്നാണ് ഭാവം.ഫാർമസിയിൽ കയറിയാൽ സാധനങ്ങൾ എല്ലാം  വലിച്ചു  വാരി ഇട്ടു ഒടുവിൽ ' വാജിത് ഗാലി ' (വലിയ  വിലയാണ് ) എന്നൊരു കമന്റും  പാസ്സാക്കി  അവർ പൊടിതട്ടി സ്ഥലം  കാലിയാക്കും.


അടുത്ത കൂട്ടർ പച്ചകൾ എന്നു  ഓമനപ്പേരിട്ടു  വിളിക്കുന്ന പട്ടാണികൾ  ആണ്. നല്ല  പൊക്കവും അതിനൊത്ത തൂക്കവും ഉള്ള  പഹയന്മാർ. നടപ്പും ഭാവവും  കണ്ടാൽ  നല്ല ശക്തരാണ്  എന്നു തോന്നും. എന്നാൽ  അവന്മാർക്ക്  ' താക്കത്ത് '  (  ശക്തി ) തീരെയില്ല   എന്നാണ്  തോന്നുന്നത്. ഫാർമസിയിൽ  വന്നാൽ  നീട്ടി  ഒരു  ചോദ്യം  ' ഡോക്ടർ  സാബ് , താക്കത്ത്  കാ  ഗോലി  ഹേ ' മനസ്സിലായില്ലേ  'ശക്തിമരുന്ന്ഉണ്ടോ  എന്ന്.. ഈ  കൂട്ടർക്കു അടുത്തതായി  വേണ്ട മരുന്ന്  ' ദാന്ത്  കാ  ദവാ'.. പല്ലുവേദനയ്ക്കുള്ള  മരുന്ന്. കൂട്ടത്തിൽ  ഒരുത്തനും  പല്ലു തേക്കുകയില്ല. എല്ലാവരും നമ്മുടെ നാട്ടിലെ വേപ്പിൻ  കമ്പുപോലുള്ള  ഒരു സാധനം കൊണ്ടു പല്ലിലിട്ടു  ഉരയ്ക്കും. അതാണ്  അവരുടെ  പല്ലുതേപ്പ്.


ഗൾഫിൽ ഒരു തവണയെങ്കിലും ജോലിചെയ്തവർ  ബംഗാളിമാമുമാരെ  മറക്കുകയില്ല. ബംഗാളികൾ തമ്മിൽ  മാമു എന്നാണ്  വിളിയ്ക്കുക. ഇവന്മാർ ഫാർമസിയിൽ  വന്നാൽ ആദ്യം ചോദിക്കുക ' കീടേ  കാ  ഗോലി ' യാണ്. വിരശല്യം ആണ്  ഇവന്മാർക്കുള്ള  പ്രധാനരോഗം. കീടേ  കാ  ഗോലി ശാപ്പിടണമെങ്കിൽ  ഇവർക്ക്  പഞ്ചസാര നിർബന്ധമാണ്. വയറ്റിൽ ഒളിച്ചിരിയ്ക്കുന്ന കീടങ്ങളെ ഇവന്മാർ പഞ്ചസാര കൊടുത്തു പുറത്തിറക്കും, പിന്നെ വിരമരുന്നിന്‍റെ പണി എളുപ്പമാണല്ലോ. മീൻ ചോറുപോലെ തിന്നുന്ന ബംഗാളികൾക്ക് വേണ്ടുന്ന അടുത്ത സാധനം  ചൊറിച്ചിലിനുള്ള മരുന്നാണ്. അയലയും ചൂരയുമൊക്കെ വാരിക്കോരി  തിന്നു ദേഹം ചൊരിഞ്ഞു തടിച്ചാകും മിക്കപ്പോഴും മാമു  മരുന്ന് കടയിൽ  എത്തുക . ' കാരിഷ്  ക  ഗോലി ' ( ചൊറിച്ചിൽ  മരുന്ന് )  ഉണ്ടെങ്കിൽ  പിന്നെന്തു  പേടിയ്ക്കാൻ?..



സത്യം പറഞ്ഞാൽ  എന്‍റെ തൊഴിലിൽ  എനിയ്ക്ക് ആദ്യമായി  കിട്ടുന്ന അഭിനന്ദനം  ഒരു പൂച്ചയെ ചികിൽസിച്ചതിനാണ്. സംഭവം  ഇങ്ങനെ, ഒരു  ദിവസം  ഞാൻ  നൈറ്റ്  ഡ്യൂട്ടിയിലാണ്. രാത്രി  ഒരു മണി ആയിക്കാണും. ഒരു  തടിയൻ അറബി  കരഞ്ഞുകൊണ്ട് ഫാർമസിയുടെ  വാതിൽ  തുറന്നു അകത്തേക്ക്  വന്നു.അവന്‍റെ കൈയ്യിൽ  എന്തോ  ഒരു  വെളുത്ത പഞ്ഞിക്കെട്ടുപോലെ ഒരു  സാധനം.സൂക്ഷിച്ചു നോക്കിയപ്പോൾ ആണ്  അത്  ഒരു തടിയൻ  പൂച്ചയാണ്  എന്ന് മനസ്സിലായത്. വളർത്തുപൂച്ചയുടെ  വാലിൽ  നിന്ന് ചോര ഒലിയ്ക്കുന്നുണ്ട്‌. മറ്റേതോ പൂച്ച കടിച്ചതാണ് എന്ന് തോന്നുന്നു. അയാൾ നിറുത്താതെ  ഏങ്ങിയേങ്ങി കരഞ്ഞുകൊണ്ട്  പൂച്ചയുടെ  വാലിൽ തടവുന്നുണ്ട്. അറബിയ്ക്ക് പൂച്ചയുടെ  മുറിവിൽ  മരുന്ന്  വെച്ചു  കിട്ടണം.ഫാർമസിയിൽ  മൃഗങ്ങൾക്ക്  ഉള്ള  മരുന്നുകൾ ഇല്ല  എന്ന്  എത്ര  പറഞ്ഞിട്ടും അയാൾ സമ്മതിക്കുന്നില്ല. ഒടുവിൽ സഹികെട്ടു  ഞാൻ പൂച്ചയുടെ വാലിൽ മരുന്നു  വെച്ചുകെട്ടി. കൂടാതെ  അയാളുടെ  കൈയ്യിൽ  ഒരു  ആന്റിബയോട്ടിക്   സിറപ്പും  കൊടുത്തു. പൂച്ചയ്ക്ക് മൂന്നുനേരം  വീതം  കൊടുക്കുവാൻ..അയാൾക്ക്‌ ഒരു പണി കൊടുക്കണമല്ലോ? . കൃത്യം  രണ്ട്  ആഴ്‌ച  കഴിഞ്ഞുകാണും. ഒരു  രാവിലെ  അറബിയും  പൂച്ചയും  ഫാർമസിയുടെ  മുമ്പിൽ ഹാജർ.
 ' ദോക്തുർ  ഇന്ദ  വാജിത്  തമാം  ( ഡോക്‌ടർ  നീ  സൂപ്പർ ) '
എന്ന് പറഞ്ഞുകൊണ്ട്  അയാൾ  എന്‍റെ പോക്കറ്റിലേക്ക് ഒരു  അഞ്ഞൂറ് ദിർഹത്തിന്‍റെ നോട്ട് ഇട്ടുതന്നു. എന്‍റെ  സംശയം  അയാൾ എങ്ങനെ ആ  പൂച്ചയെ  ആന്റിബയോട്ടിക്   സിറപ്പ്  കുടിപ്പിച്ചു  കാണും?.



'ഹായ്  പ്രണ്ട്' എന്നുവിളിച്ചുകൊണ്ട് ഫാർമസിയിലേക്ക്  വരുന്ന ഫിലിപ്പനികൾ  ഒരു പ്രത്യേക വർഗ്ഗമാണ്. അവരുടെ ഭാഷയിൽ  '' എന്ന ലെറ്റർ  ഇല്ല  എല്ലാറ്റിനും '' മാത്രം. വിറ്റാമിനുകളും  പവർ ഫോർമുലകളും ആണ്  അവരുടെ ഇഷ്ട ഐറ്റങ്ങൾ. മേലെ ആകാശം , കീഴെ  ഭൂമി വീണേടം  വിഷ്ണുലോകം  എന്നതാണ് അവരുടെ  രീതി. എല്ലാ ഫിലിപ്പിനി  ചുള്ളന്മാർക്കും  കാണും  രണ്ടുംമൂന്നും ഗേൾഫ്രണ്ടുകൾ. മിക്കവാറും എല്ലാവരും  ഇംഗ്ലീഷ് ഭാഷ ഒക്കെ നന്നായി വെച്ചു കീച്ചും. ഇംഗ്ലീഷ്  ഭാഷ ഒട്ടുംപിടിയില്ലാത്തവർ   ചൈനക്കാർ  തന്നെ. അവരെ കൈകാര്യം ചെയ്യാൻ ഏറെ  ബുദ്ധിമുട്ടാണ്. ഒരിയ്‌ക്കൽ ഒരു  ചൈനക്കാരൻ അവന്‍റെ അമ്മൂമ്മയ്ക്ക്  വായുഗുളിക  മേടിക്കുവാൻ  എന്ന വെപ്രാളത്തിൽ  ഫാർമസിയുടെ ഡോർ  തള്ളിത്തുറന്ന്  അകത്തേക്ക് ചാടിവീണു. അവനു വേണ്ടത്  ' കീണ്ടം എന്ന  സാധനമാണ്. ഞാൻ എത്ര ആലോചിച്ചിട്ടും അവനു  എന്താണ്  വേണ്ടതെന്ന് ഒട്ടും പിടികിട്ടിയില്ല. ഞാൻ  ബേബിഫുഡ്  മുതൽ  കാലേൽ  ഉരയ്ക്കുന്ന  ബ്രഷ്  വരെ എടുത്തു കാണിച്ചു നോക്കി. രക്ഷയില്ല , അവൻ  ആകട്ടെ  എനിയ്ക്കു  മനസ്സിലാക്കുവാൻ കസ്റ്റമർക്ക്  മരുന്ന്  ഇട്ടുകൊടുക്കുന്ന  ഒരു പ്ലാസ്റ്റിക്  കവർ  എടുത്തു വീർപ്പിച്ചു കാണിച്ചു. എന്നിട്ടു അവൻ  രണ്ടുകൈയ്യും  കൊണ്ട് അത്  കുത്തിപ്പൊട്ടിച്ചു. ട്ടേ..... എനിയ്ക്ക്  കാര്യം പിടികിട്ടി, ബലൂൺ.. . അവന്‍റെ കുട്ടിയ്ക്ക് കളിയ്ക്കുവാൻ ബലൂൺ തേടിയിറങ്ങിയതായിരിയ്ക്കും.. ഞാൻ പുറത്തെ സൂപ്പർമാർക്കറ്റിലേക്ക് കൈചൂണ്ടി അവിടെ  ബലൂൺ കിട്ടും  എന്ന്  ആ  പൊട്ടനോട്  പറഞ്ഞു. അവൻ  ചൈനാഭാഷയിൽ എന്തോ തെറിപറഞ്ഞുകൊണ്ട്  വീണ്ടും ഫാർമസിയിൽ  പരതി പരതി  നടന്നു. ഒടുവിൽ മൂപ്പർ തന്നെ ഐറ്റം തപ്പിപ്പിടിച്ചു എടുത്തു .അപ്പഴല്ലേ സാധനം മനസ്സിലായത്  ..സാക്ഷാൽ കോണ്ടം.


ചീനക്കാരൻ   എന്നെ  തെറിവിളിച്ചതാണോ  കുറ്റം. ചാത്തപ്പന്‍റെ  ബുദ്ധിമുട്ട്  ചാത്തപ്പനല്ലേ  അറിയൂ..എന്നാലും അവൻ എന്തിനായിരിയ്ക്കും  ആ വീർപ്പിച്ച കവർ  കുത്തിപ്പൊട്ടിച്ചത്?