Monday 6 February 2017

ജീവിതം എന്നെ പഠിപ്പിച്ചത്


ജീവിതം എന്നെ പഠിപ്പിച്ചത്





ചന്തദിവസം കോളേജിൽ പോകുവാൻ നല്ല രസമാണ്. ബസ് നിറയെ കോളേജ് കുമാരന്മാർ, കുമാരിമാർ, നാട്ടുകാർ, ചന്തയിൽ കച്ചവടത്തിനു പോകുന്നവർ, മലഞ്ചരക്കുകൾ, നാടൻ ചരക്കുകൾ, ചന്തയിൽ വിൽപ്പനയ്ക്ക് കൊണ്ടുപോകുന്ന നാടൻ കോഴികുഞ്ഞുങ്ങൾ അങ്ങനെ ഭൂമി മലയാളത്തിനു ആവശ്യമുള്ള സർവ്വമാനസാമഗ്രികളും കാണും. ചന്തദിവസങ്ങളിൽ എന്‍റെ നാടായ ഇടമണ്ണിൽ നിന്നു പുനലൂരേക്ക് ബസ് കിട്ടാൻ വളരെ ബുദ്ധിമുട്ടാണ്. ആളുകൊണ്ട് നിറഞ്ഞു പൂർണ്ണഗർഭിണി കയറിയ ഓട്ടോറിക്ഷ പോലെ ചാഞ്ഞും ചരിഞ്ഞും ആകും വണ്ടി എത്തുക.  ജങ്ക്ഷനിൽ എത്തുമ്പോഴേക്കും കണ്ടക്ടർ ഡബിൾ ബെല്ലടിയ്ക്കും. പെട്ടെന്ന് ചാടിക്കയറി ബസ്സിന്‍റെ ഫുഡ്ബോർഡിലോ കോവണിയിലോ നിന്നാകും എന്‍റെ യാത്ര. തിരക്കുകൂടിയാൽ ബസ്സിന്‍റെ മുകളിൽ അള്ളിപ്പിടിച്ചു കയറിയിരിക്കും. കൂടെ കാണും കുട്ടികുരങ്ങന്മാരെപ്പോലെ കുറെ കൂട്ടുകാർ. യാത്രയൊക്കെ കഴിഞ്ഞു വൈകിട്ടു വീട്ടിൽ എത്തുന്നതിനു മുമ്പുതന്നെ ന്യൂസ് വീട്ടിൽ എത്തിയിരിക്കും. 'മോൻ ബസ്സിന്‍റെ മോളിൽ ഇരുന്നാണ് പോയതെന്ന്'.  അന്നു വീട്ടിൽ ഉണ്ടാകുന്ന പുകിൽ പറയാനില്ല. ഞാൻ നല്ല മര്യാദക്കാരനായിട്ടു എല്ലാം തലയാട്ടി കേൾക്കും. അതൊന്നും അത്ര ബുദ്ധിമുട്ടുള്ള കാര്യം അല്ലല്ലോ. വീട്ടുകാർ അവരുടെ ഡ്യൂട്ടി ചെയ്യുന്നു. അല്ല പിന്നെ... വീണ്ടും കുറെ ദിവസങ്ങൾ കഴിയുമ്പോഴേക്കും എല്ലാവരും സംഗതിയൊക്കെ മറക്കും. അപ്പൊ ശങ്കരൻ എഗൈൻ ഓൺ ദെ കോക്കനട്ട് ട്രീ..



ബുദ്ധിമുട്ടി ബസ്സിനകത്ത് എങ്ങാനും കയറിപ്പറ്റി സീറ്റ് കിട്ടിയാലോ, ബസ്സിൽ നിന്നുയാത്ര ചെയ്യുന്ന നാട്ടുകാർ അവരുടെ കൈയ്യിൽ ഉള്ള സാധനങ്ങൾ ഓരോന്നായി മടിയിൽ പിടിക്കുവാനായി ഏൽപ്പിക്കും. അതിൽ കൊച്ചുങ്ങൾ മുതൽ പുനലൂർ ചന്തയിൽ വിൽപ്പനയ്ക്കു കൊണ്ടുപോകുന്ന സാധനങ്ങൾ വരെ കാണും. വെറ്റില,പൈങ്ങ(ഇളം പാക്ക് പൊളിച്ചത്), കൊട്ടയ്ക്ക,കുരുമുളക്,ചീര,പയർ, എന്നുവേണ്ട കോഴികുഞ്ഞിനെ വരെ മടിയിൽ വെച്ചുകൊടുക്കുവാൻ ഞങ്ങളുടെ നാട്ടുകാർക്ക് വല്യമടിയൊന്നും ഇല്ലായിരുന്നു. '' മോനെ ഇതങ്ങോട്ടു പിടിച്ചേ " എന്നു പറഞ്ഞു അവർ മടിയിലേക്ക് ഒരു തട്ടുതട്ടും. വല്യ സ്റ്റൈലിൽ ഇരിക്കുന്ന കോളേജുകുമാരന്മാരോട് ആണ് ഈ ചതി. ബെൽബോട്ടം പാന്‍റസ് ഒക്കെ മാറി ബാഗി പാന്‍റസ് വരുന്ന സമയത്താണ് ഞങ്ങൾ ഒക്കെ കോളേജിൽ പഠിച്ചത്. പാന്‍റസ് ഒക്കെ ഇട്ട് അടിപൊളിയായി കൂടെ ഒരു ഫയലും പിടിച്ചു അതിനു മുകളിൽ ഈ കെട്ടുംപിടിച്ചോണ്ടു ഇരിയ്ക്കുന്ന കോളേജുകുമാരന്മാരുടെ മുഖഭാവം കണ്ടാൽ ചിമ്പാൻസിക്കു മസിലുപിടിച്ചതുപോലെ തോന്നും. ഇടയ്ക്കു ഗട്ടറിൽ ചാടുമ്പോൾ കോഴികുഞ്ഞ് കീയാ..കീയാ എന്നു ഒന്നുകരയും, അപ്പോൾ ആ കോളേജുകുമാരന്മാരുടെ മോന്ത ഒന്നുകാണണം. പാവം കോളേജുകുമാരന്മാർ..നാട്ടുകാരോ ഡീസൻറ് അല്ല, കോഴികുഞ്ഞെങ്കിലും അൽപ്പം ഡീസൻറ് ആകണ്ടേ ?..



ഈ തള്ളൊക്കെ കൊണ്ടു പുനലൂരിൽ എത്തിയാലോ എസ്.എൻ കോളേജ് നിൽക്കുന്ന കുന്നിൻമുകളിൽ എത്തണമെങ്കിൽ പിന്നെയും നടക്കണം രണ്ടുമൂന്നു കിലോമീറ്റർ. ചന്തദിവസമാണെങ്കിൽ റോഡിൽ ആൾക്കാരെ മുട്ടിയിട്ടു നടക്കാൻ പറ്റാത്ത തിരക്കാകും. വഴിവാണിഭക്കാർ, തെരുവ് സർക്കസുകാർ, കാളവണ്ടികൾ, മാജിക്കുകാർ, ഉടുമ്പുരസായനവും മയിൽഎണ്ണയും വിൽക്കുന്ന തമിഴ് നാടോടികൾ, ലോട്ടറി വിൽപനക്കാർ, സർവ്വരോഗ സംഹാരിയായ സ്പെഷ്യൽ കൊട്ടൻചുക്കാദി തൈലം വിൽക്കുന്ന വണ്ടികൾ, കൈനോട്ടക്കാർ, പാമ്പാട്ടികൾ, പോക്കറ്റടിക്കാർ എന്നുവേണ്ട സർവ്വവിധ അലുഗുലുത്ത് പാർട്ടികൾക്കും കാണും റോഡിൽ. അവരെയൊക്കെ മുട്ടീംമുട്ടാതെയും കോളേജിൽ എത്തുമ്പോഴേക്കും പഠിത്തവും സമരവും കഴിഞ്ഞു പിള്ളേർ കോളേജുമല ഇറങ്ങി താഴോട്ടു വരികയാകും. പിന്നെ ഉച്ചവരെ കറങ്ങി നടക്കാം. സത്യം പറയാമല്ലോ പ്രീഡിഗ്രിയ്ക്കു കോളേജിൽ നിന്നു  കാര്യമായി ഞാനൊന്നും പഠിച്ചിട്ടില്ല. ഉച്ചയ്ക്കു ശേഷം ഉള്ള ട്യൂഷനു ചേർന്നാണ് ഞാൻ ആ കടമ്പകൾ ഒക്കെ ചാടിക്കടന്നത്. പക്ഷെ ആ ഉച്ചവരെയുള്ള ഒഴിവുസമയം നൽകിയ ജീവിതപാഠങ്ങൾ വളരെ വലുതായിരുന്നു. പുനലൂർ ടൗണിലൂടെ ഞാനങ്ങനെ തേരാപ്പാരാ നടക്കും. പുനലൂർ ചന്തയിൽ, ബസ് സ്റ്റാന്റിൽ, തെരുവോരത്ത്, തൂക്കുപാലത്തിന് മുകളിൽ ഒക്കെ അങ്ങനെ ലോകത്തെ നോക്കി നിൽക്കും. അതിജീവനത്തിന്‍റെ പാഠശാല ആയിരുന്നു റോഡു നിറയെ..



പണ്ട് പുനലൂർ ഗവൺമെൻറ് ഹൈസ്കൂളിനു മുമ്പിലെ റോഡുനിറയെ തണൽമരങ്ങൾ ആയിരുന്നു. പിന്നീട് എപ്പഴോ നഗരസഭ അതെല്ലാം വെട്ടി, അവിടെ കടമുറി പണിഞ്ഞു വാടകയ്ക്കു കൊടുത്തു. നഗരസഭ നീണാൾ വാഴട്ടെ. പണ്ട് രാജഭരണകാലത്തു നട്ടുപിടിപ്പിച്ച മഞ്ഞപ്പൂക്കൾ വിരിയുന്ന തണൽമരങ്ങൾക്കു കീഴെ റോഡിലൂടെ നടക്കുവാൻ എന്തുരസമായിരുന്നു. എത്ര കടുത്ത വേനലിലും അവിടെ എത്തുമ്പോൾ മനസ്സും ശരീരവും ഒന്നു കുളിർക്കും. ആ തണൽമരങ്ങൾക്ക് താഴെ തെരുവു വിൽപനക്കാരും സർക്കസുകാരും മാജിക്കുകാരും ഒക്കെ ചന്തദിവസങ്ങളിൽ രാവിലെ തന്നെ തമ്പടിച്ചു ജീവിതമാർഗം തേടിയിരുന്നു. ഞാൻ മിക്കപ്പോഴും രാവിലെ കോളേജിൽ പോകാതെ അവിടെ വായിനോക്കി നിൽക്കും. അവിടെ പോയിട്ടു എന്തു ചെയ്യാൻ?..



തെരുവുമാജിക് കണ്ടുനിൽക്കാൻ നല്ല രസമാണ്. മിക്കപ്പോഴും മാജിക്കുകാരന്‍റെ കൂടെ സഹായിയും ചെറിയ ഒരു ആൺകുട്ടിയും കാണും. മാജിക്കുകാരൻ സഹായിയുടെ കണ്ണുകെട്ടി ഒന്നുരണ്ടു പുതപ്പുമൂടി  റോഡുസൈഡിൽ കിടത്തും. കൂടെയുള്ള ആൺകുട്ടി ചെണ്ടകൊട്ടി ആളെ കൂട്ടുമ്പോഴേക്കും മാജിക്കുകാരൻ തന്‍റെ മാന്ത്രിക വടി സഹായിക്ക് നേരെ നീട്ടും. വടി ഉയർത്തുന്നതിന് അനുസരിച്ചു സഹായി വായുവിൽ ഉയർന്നു വന്നു  ഏകദേശം അരയടി പൊക്കത്തിൽ പൊങ്ങി നിൽക്കും. മുഖവും ശരീരവും പുതപ്പു മൂടിയതിനാൽ പുതപ്പ് വായുവിൽ ഒഴുകി നിൽക്കുന്നതായി തോന്നും. അപ്പോഴേക്കും ചുറ്റും ആൾക്കാർ കൂടിയിരിക്കും. പിന്നീടാണ് രസം, സഹായിയോടു മാജിക്കുകാരൻ ഉച്ചത്തിൽ ഓരോരോ ചോദ്യങ്ങൾ ചോദിക്കും. അതുവഴി പോകുന്ന സാരിക്കാരി ചേച്ചിയുടെ സാരിയുടെ നിറമെന്ത്, കടന്നു പോകുന്ന ലോറിക്കു മുകളിൽ എത്രപേർ ഉണ്ട് അങ്ങനെ രസകരമായ ചോദ്യങ്ങൾ. ഉരുളയ്ക്കു ഉപ്പേരി പോലെ സഹായി മറുപടി പറയും, കൃത്യമായ ഉത്തരങ്ങൾ. ഞാനൊക്കെ അത്ഭുതം പൂണ്ട് റോഡിൽ കുത്തിയിരുന്നു മാജിക് കണ്ടങ്ങനെ ഇരിയ്ക്കും. മാജിക്കുകാരന്‍റെ ഓരോ ചോദ്യോത്തരത്തിനും കൈയടിയോടൊപ്പം എന്‍റെ വായ് അതിശയം കൊണ്ടു തുറന്നു വരും.

 '' രാജാക്കണ്ണേ അന്ത ചൊട്ടമാമന്‍റെ പോക്കറ്റിൽ എത്തിന കാശ് 

  ഇരിക്കാ ? "

" നൂറ്റിപന്ത്രണ്ട് റൂഭാ അമ്പതു കാശ് മാസ്റ്റർ. "



പോക്കറ്റിൽ നിന്നു കാശെടുത്തു എണ്ണുമ്പോൾ കിറുകൃത്യം.
ഈ കഷണ്ടിമാമൻ അവരുടെ കൂട്ടത്തിൽ ഉള്ള ആളാണെന്നു മനസ്സിലാക്കാനുള്ള പുത്തിയൊന്നും അന്നു ഇല്ലാതെ പോയി. കൂട്ടത്തിൽ തകൃതിയായി മാജിക്കുകാരൻ അലുമിനിയം പാത്രത്തിന്‍റെ ഓട്ട അടയ്ക്കാനുള്ള ഈയക്കഷ്ണമോ പല്ലു പാലുപോലെ വെളുക്കാനുള്ള സിങ്കപ്പൂർ പൽപ്പൊടിയോ വിൽപ്പന നടത്തും. ഒരു ദിവസം ആവേശം മൂത്തു ഞാൻ അമ്മ ചന്തയിൽ നിന്നു പച്ചക്കറി വാങ്ങാൻ തന്ന പത്തുരൂപാ നോട്ട് അവർക്കു കൊടുത്തതിന് വീട്ടിൽ നിന്നു കേട്ട ചീത്ത ചില്ലറയല്ല. ഒടുവിൽ മുന്നിൽ വിരിച്ചിരിക്കുന്ന വിരിപ്പിൽ വീഴുന്ന നാണയ തുട്ടുകൾ വാരിക്കൂട്ടി അവർ സ്ഥലം വിടാൻ ഒരുങ്ങുമ്പോഴും ഞാനങ്ങനെ നിൽക്കും. വീടുവിട്ടു മാജിക്കുകാരോടു കൂടെ ചേർന്നാലോ എന്നു ഞാൻ പലവട്ടം ആലോചിച്ചിട്ടുണ്ട്. എന്നാൽ അമ്മ ഉണ്ടാക്കിത്തരുന്ന കുത്തരിച്ചോറും കുടമ്പുളിയിട്ട ചുമന്ന മീൻകറിയും ചുട്ടരച്ച ചമ്മന്തിയും  ഓർക്കുമ്പോൾ എനിയ്ക്കു കരച്ചിൽ വരും. ചോറിൽ കുഴയുന്ന ചുമന്ന മീൻകറിയുടെ എരിവും വാളൻപുളി ചേർത്തരച്ച ചമ്മന്തിയുടെ നാവിനെ ചൂഴന്നിറങ്ങുന്ന പുളിയും മാജിക് മോഹങ്ങളെ തകർത്തുകൊണ്ട് എന്നെ കീഴടക്കും. മാജിക് മോഹം തുലയട്ടെ. 



തെരുവിൽ എന്നെ പിടിച്ചിരുത്തിയിരുന്ന അടുത്ത കൂട്ടർ തമിഴ് നാടോടികൾ ആയിരുന്നു. ഉടുമ്പുരസായനത്തിന്‍റെയും മയിലെണ്ണയുടെയും വിൽപ്പനക്കാർ. റോഡുസൈഡിൽ രണ്ടുമൂന്നു ടയർ പന്തങ്ങൾ കത്തിച്ചു വെയ്ക്കും. കൂടെ തിളയ്ക്കുന്ന എണ്ണ നിറഞ്ഞ ഒന്നോരണ്ടോ വലിയ ഇരുമ്പുചട്ടികൾ. പച്ചമരുന്നിന്‍റെയും എണ്ണയുടെയും രൂക്ഷഗന്ധം മൂക്കിലേക്കു തുളച്ചു കയറുന്നുണ്ടാകും.കൂടെ ആളെ കൂട്ടാനായി കാലും ഉടലും കെട്ടിയ കുറെ ഉടുമ്പുകളും കാണും. പാവം ജീവികൾ മലർത്തിയും കമിഴ്ത്തിയും കിടത്തിയിരിയ്ക്കുന്ന അവയുടെ മുഖത്തെ ദൈന്യഭാവം. ലോകത്തിൽ ഇത്ര നിരുപദ്രജീവികൾ വേറെ ഉണ്ടെന്നു തോന്നുന്നില്ല. അവയെ ആണല്ലോ നെറികെട്ട മനുഷ്യർ, നാമൊക്കെ രസായനമെന്നും ലേഹ്യമെന്നൊക്കെ പറഞ്ഞു സുയിപ്പാക്കുന്നത്. പഴയ ഹോർലിക്സ് കുപ്പിയിൽ നിറച്ച ഉടുമ്പുരസായനം തമിഴന്‍റെ 'അയ്യാചാമി' വിളിയിൽ മയങ്ങി വാങ്ങുന്ന മലയാളി പോഴന്മാർ ധാരാളം. 'ഉടുമ്പുപിടിയ്ക്കും പോലെ'  ശക്തി ലഭിയ്ക്കും എന്നാണ് വിശ്വാസം. പണ്ടുകാലങ്ങളിൽ മറവന്മാർ കോട്ടകളിലും മറ്റും കയറുവാൻ ഉടുമ്പിനെ എറിഞ്ഞു പിടിപ്പിച്ചു അതിൽ കെട്ടിയ കയറിൽ തൂങ്ങി കയറും എന്നു കേട്ടിട്ടുണ്ട്. ഒരിയ്ക്കൽ പോലും ഈ നാടോടികൾ ആളേകൂട്ടാൻ പ്രദർശിപ്പിക്കുന്ന  ഉടുമ്പുകളെ നമ്മുടെ മുമ്പിൽ വെച്ചു കൊല്ലുന്നതായി കണ്ടിട്ടില്ല. അതു ഒരു വിപണനതന്ത്രം എന്നു പിന്നീട് ആണ് മനസ്സിലായത്. ഉടുമ്പിറച്ചിയുടെ മയംപോലും ഈ റോഡുവക്കിലെ രസായനത്തിൽ കാണുമെന്നു തോന്നുന്നില്ല. ചേനത്തൊലിയാണ് ഇവരുടെ രസായനത്തിലെ പ്രധാനകൂട്ട് എന്നു എവിടെയോ വായിച്ചു. അങ്ങനെ ആയാൽ മതിയായിരുന്നു. പാവം ഉടുമ്പുകൾ രക്ഷപെടട്ടെ. മയിലെണ്ണ വിൽപ്പനക്കാർ കുറെ മയിൽപ്പീലി കെട്ടുകൾ അവിടവിടെ കുത്തി നിറുത്തും.മയിലെണ്ണ പുരട്ടി ഈർക്കിൽ വളച്ചു കാട്ടും, ഏതു ശരീരഭാഗവും അതുപോലെ വളയും എന്നു സാരം. എണ്ണയിൽ പച്ചമരുന്നും കർപ്പൂരവും ചേർത്തുണ്ടാക്കുന്ന ഈ മയിലെണ്ണയ്ക്ക് ആവശ്യക്കാർ ഏറെയും ചെറുപ്പക്കാർ. അതിന്‍റെ രഹസ്യം പിന്നീടാണ് മനസ്സിലായത്. മുസല്ലി പവ്വർ അല്ലേ മുസല്ലി പവ്വർ... 




അങ്ങനെ നിൽക്കുമ്പോഴാകും പുറകിൽ നിന്നു അമ്മച്ചിയുടെ (അമ്മയുടെ അമ്മ) പിടിവീഴുക. അമ്മച്ചി ചന്തയിൽ നിന്നു സാധനങ്ങൾ വാങ്ങാൻ വന്നതാകും. അപ്പോഴാണ് കൊച്ചുമകൻ, കോളേജുകുമാരൻ റോഡിൽ വായിനോക്കി നിൽക്കുന്നത് കാണുന്നത്.

'' എന്താ മോനെ നിന്‍റെ കോളേജിപ്പോ കൊല്ലം   ചെങ്കോട്ട റോഡിലാണോ? ''    എന്നാകും  ചോദ്യം.
" അമ്മച്ചി ക്ലാസ്സില്ല. ഉച്ചയ്ക്ക് ട്യൂഷനു പോകുന്നതുവരെ സമയം കളയാനാ.."

എന്നു ഞാൻ പറയുന്നത് കണ്ണുമടച്ചു അമ്മച്ചി വിശ്വസിക്കും. പാവം, കൈയ്യോടെ എന്നെ പിടികൂടി സെൻട്രൽ ഹോട്ടലിൽ കയറ്റി വയറുനിറയെ പെറോട്ടയും ബീഫും വാങ്ങി തന്നേ അമ്മച്ചി വിടുകയുള്ളു. ഞാൻ കഴിക്കുന്നതു നോക്കി ഒരു വിത്തൊട്ട് ചായയും കുടിച്ചു പാവം അങ്ങനെ ഇരിക്കും.

"നീ പഠിച്ചു ഗതിപിടിച്ചു വല്യ ജോലിക്കാരനായിട്ടു വേണം അമ്മച്ചിയ്ക്ക് നിന്‍റെ കൂടെ ഒരു പത്തു  ദിവസം താമസിക്കുവാൻ "

എന്നു അമ്മച്ചി പാതി കളിയായിട്ടു പറഞ്ഞുകൊണ്ടു എന്‍റെ നെറുകയിൽ ഒന്നു തലോടും. ഞാൻ ഒരു ഗതി പിടിയ്ക്കുന്നതിനു മുമ്പ് അമ്മച്ചി ഈ ലോകത്തിൽ നിന്നു പോയി. ഇപ്പോഴും ഈ മരുഭൂമിയിലെ കനൽക്കാറ്റേറ്റു ഞാൻ തളരുമ്പോൾ, മനസ്സിൽ കുന്നോളം വാത്സല്യവും സ്നേഹവും നിറച്ചു അമ്മച്ചി അദൃശ്യമായി എന്‍റെ നെറുകയിൽ തഴുകാറുണ്ട്. ഒരു സ്വാന്തനം പോലെ...
 

തെരുവ് ഒരുപാട് ജീവിതങ്ങളുടെ പാഠശാലയാണ്, ഒരുപാട് തിരിച്ചറിവുകളുടെ കലവറയാണ്. അവിടെ കണ്ടതും കേട്ടതും അനുഭവിച്ചതും ഒക്കെ നമ്മെ പഠിപ്പിക്കുന്നു. ഓരോ തെരുവും ഓരോ ലോകമാണ്, ഇനിയും കണ്ടുതീരാനുള്ള ജീവിതകാഴ്ചകളുടെ ലോകംക്ലാസ്സിൽ നിന്നു പഠിച്ചതിൽ കൂടുതൽ ജീവിതത്തിൽ പ്രയോജനപ്പെട്ടത് ഇത്തരം ജീവിതകാഴ്ചകൾ ആയിരുന്നു. ഒരു കോളേജിലും അതൊന്നും പഠിപ്പിക്കുകയില്ല, ഒരു ബിരുദത്തിനും അതു നൽകാനാകില്ല...