Friday, 9 December 2016

കല്ലടയാറെ നിന്നെ മറന്നാൽ..

കല്ലടയാറെ നിന്നെ മറന്നാൽ..

മരുഭൂമിയിൽ ഇരുന്നു നാടിനെ കുറിച്ചു നൊസ്റ്റി അടിക്കുക എന്റെ ഒരു ശീലമായിട്ടുണ്ട്. കല്ലടയാർ അങ്ങനെ ഓർമ്മകളിൽ വന്നു നിറയുകയാണ്. ഇവിടെ മരുഭൂമിയിൽ ഇരുന്നു കല്ലടയാറിനെകുറിച്ചു ഒക്കെ പറഞ്ഞാൽ എന്റെ കുട്ടികൾ  ചിരിക്കും. അവർക്കെന്ത് കല്ലടയാർ?.. അവരുടെ ജീവിതസാഹചര്യങ്ങളും നാലുചുമരുകളിലെ ഫ്ലാറ്റ് ജീവിതവും അവരെ അങ്ങനെ ആക്കിതീർത്തു. വല്ലപ്പോഴും നാട്ടിൽ പോകുമ്പോൾ മിന്നായം പോലെ കാണുന്ന കല്ലടയാറിനെ കുറിച്ചു അതിൽ കൂടുതൽ എന്താണ് അവർക്ക് ഓർമ്മിക്കുവാൻ?. അപ്പന്റെ ഓരോരോ വട്ടുകൾ എന്നാവും  അവർ ചിന്തിയ്‌ക്കുക. കാലങ്ങൾക്കും ഒഴുകുന്ന ഇടങ്ങൾക്കും അനുസരിച്ചു വിവിധഭാവങ്ങൾ ഉള്ള പുഴയാണ് കല്ലടയാർ. പുനലൂർ തൂക്കുപാലത്തിന്റെ മുകളിൽ നിന്ന് കല്ലടയാറ്റിലേക്ക് നോക്കിയാൽ ഒരു ഓട്ടചായയുടെ നിറമാണ് മിക്കപ്പോഴും കല്ലടയാറിന്. കല്ലടയാറിന്റെ ഒട്ടും സൗന്ദര്യമില്ലാത്ത മുഖമാണ് നാം അവിടെ കാണുക. എന്നാൽ പുനലൂരിന് കിഴക്കോട്ടു പോയാൽ കല്ലടയാറിന്റെ വന്യസൗന്ദര്യം ആവോളം കണ്ടു തൃപ്തിയടയാം. എന്തൊരു സൗന്ദര്യമാണ് കല്ലടയാറിന്. എത്ര ഒളിമങ്ങാത്ത ഓർമ്മകൾ ആണ് കുട്ടിക്കാലത്തു കല്ലടയാർ ഞങ്ങൾക്ക് സമ്മാനിച്ചത്.


എന്റെ ഗ്രാമത്തെ രണ്ടായി പകുത്തുകൊണ്ടു കടന്നുപോകുന്ന കൊല്ലം-ചെങ്കോട്ട റോഡിന് സമാന്തരമായി ഒഴുകുന്ന കാട്ടുസുന്ദരിയാണ് കല്ലടയാർ. പുനലൂർ വരെ ഒരു കാട്ടാറിന്റെ എല്ലാ സൗന്ദര്യവും ഉൾക്കൊണ്ട് ഒഴുകുന്ന സുന്ദരിക്കോത. വേനൽക്കാലത്ത് ശാന്തത പൂണ്ട് പാറക്കെട്ടുകളുടെ ഇടയിലൂടെ പൊട്ടിച്ചിരിച്ചും ഉല്ലാസവതിയായും ഒഴുകുന്ന അവൾ മഴക്കാലമായാൽ രൗദ്രഭാവം പൂകും. ചെമ്മണ്ണിന്റെ നിറവും പൂണ്ട് ഇരുകരകളും കവർന്നെടുത്തു പായുന്ന വമ്പത്തി. എന്തെന്ത്  ഭാവങ്ങൾ   ആണ്  കല്ലടയാറിന്..   ഞങ്ങളുടെ കുട്ടിക്കാലം ഓർമ്മകളാൽ സമ്പന്നമാക്കുവാൻ  ദൈവം തന്ന വരദാനം.


എന്റെ സ്കൂൾ ജീവിതകാലത്തെ നിറമുള്ള ഓർമ്മകളിൽ പ്രധാനപങ്കും കല്ലടയാറുമായി ബന്ധപ്പെട്ടതാണ്. ഞാൻ  ഒറ്റ ആൺസന്താനം ആയതിനാൽ ആറ്റിലൊക്കെ കുളിക്കാൻ വിടാൻ അമ്മയ്ക്ക് വലിയ പേടിയായിരുന്നു. അത് എല്ലാ ഒറ്റ ആൺപുത്രന്മാരുടെയും വിധിയാണ്. പുഴയിൽ കുളിക്കാൻ, മരം കയറാൻ, സൈക്കിൾ ഓടിക്കാൻ,ഡ്രൈവിംഗ് പഠിക്കാൻ എല്ലാറ്റിനും ഒറ്റ ആൺസന്താനമെങ്കിൽ വീട്ടിൽ വിലക്ക് കാണും. കാരണം വേറൊന്നുമില്ല, വീട്ടിൽ  പകരം വെയ്ക്കാൻ വേറൊരു ആൺതരിയില്ലാത്തത് തന്നെ. അങ്ങനെ പേടിത്തൊണ്ടന്മാരായി വളരുന്നവരായിരിക്കും എല്ലാ ഒറ്റ ആൺ മക്കളും. പക്ഷെ അവരെപ്പോലെ  കുരുത്തം കെട്ടവന്മാർ വേറെ കാണില്ല. അത്തരത്തിൽ ഒരു കുരുത്തം കെട്ട സന്താനമായിരുന്നു ചെറുപ്പത്തിൽ ഞാൻ.


യു.പി സ്കൂളിൽ  എത്തിയതോടെ കുരുത്തക്കേടിന് ശക്തി കൂടി. വെള്ളിയാഴ്ചകൾ ആയിരുന്നു എനിക്കും  കൂട്ടുകാർക്കും ഇഷ്ടമുള്ള  സ്കൂൾദിനം. കാരണം അന്ന് മുസ്ലീം കുട്ടികൾക്ക് മതപഠനത്തിനും നിസ്‌കാരത്തിനും  ഗവൺമെൻറ് സമയം കൂടുതൽ കൊടുക്കുന്നതിനാൽ ഉച്ചയ്ക്ക് 12 മണിക്ക് സ്കൂൾ വിട്ടാൽ പിന്നെ 2 മണിക്കേ സ്കൂൾ തുടങ്ങുകയുള്ളൂ. അപ്പോഴാകും ഞങ്ങൾക്ക് ആറ്റിൽ കുളിക്കാനും കൂത്താടാനുമുള്ള അവസരം. തലേന്നു തന്നെ കൂട്ടുകാരോട് പറഞ്ഞു വെച്ചു തോർത്തുമുണ്ടുമായിട്ടാകും സ്കൂളിൽ വരവ്. അമ്മയും സാറന്മാരും അറിയാതെ തോർത്ത് വയറ്റിൽ കെട്ടിവെച്ചിട്ടാകും ക്ലാസ്സിൽ വരുക.


ഉച്ചയ്ക്ക് 12 മണിക്ക് ബെല്ലടിക്കുന്നതോടെ സ്കൂളിൽ കൊണ്ടുവന്ന പൊതിച്ചോർ വാരികഴിച്ചു ഒറ്റ ഓട്ടമാണ്. ഞാൻ, കൂടെ വാനരപ്പട പോലെ 4-5 കൂട്ടുകാർ. മലക്കറി എന്നു വിളിക്കുന്ന സുരേഷിന്റെ വീട്ടിലേക്കാകും യാത്ര. അവന്റെ അമ്മയ്ക്ക് അന്ന് പച്ചക്കറി കടയുണ്ട്. അതിനാൽ ആണ് മലക്കറി എന്നു പേർ വീണത്. ഞാൻ പുളുവൻ സിനു,ബൈജു തങ്കപ്പൻ, ഷാംജി തുടങ്ങി നാലഞ്ചുപേർ കാണും  ആ വാനരസംഘത്തിൽ. സ്കൂളിൽ നിന്ന് ഏകദേശം 2 കിലോമീറ്റർ കാണും അവന്റെ വീട്ടിലേക്ക്. കല്ലടയാറിന്റെ തീരത്താണ് മൂപ്പരുടെ വീട്. അവിടെ എത്തിയാൽ ആദ്യം ഓടിക്കയറുക വീടിന്റെ പിറകിൽ നിൽക്കുന്ന വലിയ പേരമരത്തിലേക്കാകും. വയറുനിറയെ പേരയ്ക്ക തിന്നിട്ടാകും പുഴയിലേക്കുള്ള ചാട്ടം. വീട്ടുവളപ്പിൽ ചാമ്പയും  പറങ്കിമാവും  ഒക്കെ ധാരാളം. എല്ലാറ്റിലും കൈവെയ്ക്കാതെ എങ്ങനെയാണ് തിരികെ വരിക. അതിലേക്കുള്ള ആക്രമണം കുളിച്ചു കൂത്താടിയിട്ടാകും. അവന്റെ  വീടിന്റെ പുറകിലുള്ള ആറിന്റെ മറുകര വനമാണ്. അവിടെ വനവിഭവങ്ങൾ  വേറെ, ഇലന്തിയും വെട്ടിപ്പഴവും കുളമാങ്ങയും. പുഴക്കര എത്തുന്നതോടെ ഇട്ടിരിക്കുന്ന ഷർട്ടും ഹാഫ്നിക്കറും അഴിച്ചു വെച്ചു തോർത്തുവാരി ചുറ്റി പുഴയിലേക്ക് ഒറ്റ ചാട്ടം. മുങ്ങി നിവരുമ്പോൾ എന്തൊരു സുഖം. എന്തൊരു തണുപ്പാണ് കാട്ടിലൂടെ ഒഴുകുന്ന കല്ലടയാറിന്. ഏതു വേനൽകാലത്തും കുളിർമ്മയുള്ള നദി.

 
കുളമാങ്ങ
വെട്ടിപ്പഴം

എനിയ്ക്കാകട്ടെ നീന്തൽ വശമില്ല. എത്ര ശ്രമിച്ചിട്ടും നീന്തൽ പഠിക്കാൻ സാധിച്ചിട്ടില്ല. വെറുതെ വെള്ളത്തിൽ കൈകാൽ ഇട്ടു അടിച്ചാലും മുമ്പോട്ടു നീങ്ങില്ല. ഒറ്റ ആൺസന്താനം എന്ന സ്വാഭാവികമായ പേടി കൊണ്ടാകും നീന്തൽ പഠിക്കാൻ സാധിക്കാത്തത് എന്നു പിന്നീട് തോന്നിയിട്ടുണ്ട്. നീന്തൽ അറിയാവുന്ന വെള്ളത്തിൽ ആശാന്മാർ ആണ് കൂട്ടുകാർ. മലക്കറി സുരേഷ് ആണ് കൂട്ടത്തിൽ ഏറ്റവും കേമൻ.അവൻ വെള്ളത്തിൽ കാണിക്കാത്ത അഭ്യാസങ്ങൾ ഇല്ല. വേനൽക്കാലമായാൽ നല്ല ഭംഗിയുള്ള പാറക്കെട്ടുകൾ തെളിഞ്ഞുവരും കല്ലടയാറ്റിൽ. ആ പാറകളിൽ നിന്നു മലക്കം മറിഞ്ഞു ആറ്റിലേക്കുള്ള ചാട്ടം..ഇപ്പോഴും  ഓർമ്മിക്കുമ്പോൾ മനസ്സ് അങ്ങ് കല്ലടയാറിന്റെ കരയിൽ  എത്തും.


ആറ്റിൽ നിറയെ പരൽമീനുകൾ കാണും. അവറ്റകൾക്കാകട്ടെ ഞങ്ങളെ ഒട്ടും പേടിയില്ല. കൈയ്യിലോ കാലിലോ മറ്റോ മുറിവ് ഉണ്ടെങ്കിൽ പറയുകയും വേണ്ട. അവറ്റകൾ വന്നു കൊത്തിക്കോളും. മീൻ വന്നു കൊത്തുമ്പോൾ ഒരുമാതിരി വേദന കലർന്ന ഇക്കിളിയാണ് തോന്നുക. കൈയ്യും കാലും ഇട്ടടിച്ചു മീനിനെ ഓടിച്ചാലും അവറ്റകൾ വിടുകയില്ല. പക്ഷെയുള്ള ഗുണം പിറ്റേദിവസം മുറിവ് ഉണങ്ങിയിരിക്കും.കുളി മൂത്തുവരുമ്പോൾ ആകും നീന്തൽ മത്സരം. ആരാണ്‌  നീന്തി ആദ്യം അക്കരെയുള്ള കുളമാവിൻ മൂട്ടിൽ എത്തുക എന്നതാകും മത്സരം. നീന്തൽ അറിയാത്ത ഞാൻ ആകും റഫറി. എപ്പോഴും ജയിക്കുക നീന്തൽ വിദഗ്ധൻ  സുരേഷ് ആകും. അല്ലെങ്കിൽ തന്നെ അവനാണ് ജയിച്ചത് എന്നു ഞാൻ പൊളിപറയും. അതിനൊരു കാരണം ഉണ്ട്, എന്നോട് വലിയ സ്നേഹമാണ് മൂപ്പർക്ക്. എന്നെ മുതുകത്തു കയറ്റി അവൻ നീന്തി ആറ്റിനക്കരെ കൊണ്ടുപോകും. അല്ലാതെ എനിക്ക് അക്കരെ എത്തുവാൻ നീന്തലറിയില്ലലോ. പണ്ടു സ്കൂളിൽ പഠിച്ച കഥയിലെ മുതലച്ചാരുടെ മുകളിൽ ഇരിക്കുന്ന കുരങ്ങനെപ്പോലെ അള്ളിപ്പിടിച്ചു അവന്റെ  മുതുകത്ത് ഇരിക്കും. ആറ്റിന്റെ നടുക്കു എത്തുമ്പോഴാകും അവന്റെ ഇഷ്ടവിനോദം. അവനൊരു മുങ്ങുമുങ്ങും. ഞാൻ ആറ്റിന്റെ നടുക്കുകിടന്നു  നിലവിളിച്ചു വെള്ളത്തിൽ കൈകാലിട്ടടിക്കും. കുറെ വെള്ളം അകത്താകുമ്പോഴേക്കും അവൻ എന്നെ കോരി വീണ്ടും ചുമലിലാക്കി അക്കരെ കടത്തും. ഇപ്പോൾ ആലോചിക്കുമ്പോൾ പേടി തോന്നുന്നു. അന്നൊന്നും ഒരു പേടിയും ഇല്ലായിരുന്നു. കൂട്ടുകാരനെ അവിശ്വസിക്കേണ്ട കാര്യം ഇല്ലല്ലോ. സ്വന്തം കരളുകൂടെ പറിച്ചു തരാൻ തയ്യാറായിരുന്നു അവരൊക്കെ.

ആറ്റുവഞ്ചി 

 
ആറ്റുവഞ്ചി പഴം അക്കരെ എത്തിയാൽ ഇഷ്ടംപോലെ കുളമാങ്ങ പറിച്ചു കഴിക്കാം. കുളമാങ്ങ എത്ര വായനക്കാർ തിന്നിട്ടുണ്ട് എന്നറിയില്ല. ഒരു ചെറിയ നെല്ലിക്കയുടെ വലിപ്പം കാണും. പഴുത്ത പഴത്തിന്റെ പുറം തോടിനു  മധുരം കലർന്ന പുളിയാണ്. അതു ചപ്പി തിന്നശേഷം തോടുപൊട്ടിച്ചു അകത്തെ പരിപ്പ് തിന്നാൻ നല്ല രുചിയാണ്. കാരയ്ക്കയും വെട്ടിയും മൂട്ടിപ്പഴവും സമയം അനുസരിച്ചു വനത്തിൽ ധാരാളം. ചിലപ്പോൾ സീസൺ ആയാൽ ആറ്റുവഞ്ചി പഴങ്ങൾ നിറഞ്ഞു നിൽക്കുന്നത് കാണാം. ഏതാണ്ട്‌ മുന്തിരികുലകൾ കിടക്കുന്നത് പോലെ തോന്നും. കൊതിതോന്നി അതും ഞാൻ അകത്താക്കിയിട്ടുണ്ട്. അത് ഭക്ഷ്യയോഗ്യമല്ല എന്നുള്ള കാര്യം അടുത്തിടെയാണ് എവിടെയോ വായിച്ചത്. കൂടുതൽ  കഴിച്ചാൽ ശരീരത്തിന് കേടുമാണ്  എന്നു  ശാസ്ത്രം.

മൂട്ടിപ്പഴം


ഞങ്ങളുടെ അടുത്ത കുരുത്തക്കേട് കുളമാവിന്റെ മുകളിൽ നിന്ന് പുഴയിലേക്ക് ചാടുക എന്നതായിരുന്നു. ഓരോരുത്തരായി കുളമാവിന്റെ മുകളിൽ കയറി താഴേക്ക് ചാടും. എത്ര തവണ മലക്കം മറിയുന്നുവോ അത് എണ്ണും. ആരാണ് കൂടുതൽ മലക്കം മറിയുന്നത് അവനു ഫസ്റ്റ്. പുഴയുടെ മറ്റേ കരയിൽ സ്ത്രീകളുടെ കടവാണ്. അവിടെ ഉച്ചയ്ക്ക് തുണി കഴുകുവാനും കുളിക്കുവാനും അമ്മമാരും ചെറുപ്പക്കാരികളും കാണും. അവരെ ഒന്നു ഇമ്പ്രെസ് ചെയ്യിക്കുവാനും ആണ് ഈ വിനോദം.


കാരയ്ക്ക  
                                       
       
ഇലന്തി
                                               (ചിത്രങ്ങൾ  കടപ്പാട് : ഗൂഗിൾ )


അങ്ങനെ ഒരു ദിവസം ചാട്ടവും മലക്കം മറിച്ചിലും തകൃതിയായി നടക്കുന്നു.  ഒമ്പതിലോ പത്തിലോ  പഠിക്കുമ്പോൾ ആണെന്നാണ് എന്റെ ഓർമ്മ. അങ്ങേ കരയിൽ ഈ ചാട്ടം കാണാൻ കുളിക്കാനും തുണി നനയ്ക്കാനും വന്ന അമ്മമാരുടെയും കുമാരിമാരുടെയും ചെറിയ പെൺകുട്ടികളുടെയും  ഒരു  സംഘം രൂപപ്പെട്ടു. ഓരോ ചാട്ടം കഴിയുമ്പോളും അവർ ഉറക്കെ ചിരിച്ചും കമന്റുകൾ പറഞ്ഞും ഞങ്ങളെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു. തോർത്ത് പാളത്താറു പോലെ  കെട്ടിയാണ്  ചാട്ടം. ചാട്ടത്തിൽ തോർത്ത് ഉരിഞ്ഞു പോകല്ലല്ലോ. കൂട്ടത്തിൽ കേമനും മലക്കം മറിച്ചിൽ വിദഗ്ധനുമായ  സുരേഷിന്റെ ഊഴം  എത്തി. അവൻ മരത്തിൽ നിന്നു ചാടി. ആദ്യമലക്കം മറിഞ്ഞു, രണ്ടാമത്തെ മലക്കത്തോടെ അവന്റെ  തോർത്തുമുണ്ട്  ഉരിഞ്ഞു അതിന്റെ വഴിയ്ക്ക് പോയി. പെട്ടെന്നുള്ള  വെപ്രാളത്തിൽ അരയും പൊത്തിപ്പിടിച്ചുള്ള  അവന്റെ താഴേക്കുള്ള വരവ് ഇപ്പോഴും ഓർക്കുമ്പോൾ അറിയാതെ ചിരിപൊട്ടും. കൂട്ടുകാരായ കശ്മലന്മാരുടെയും അക്കരെ നിൽക്കുന്ന കശ്മലത്തികളുടെയും കൂക്കുവിളികൾക്കിടയിൽ  അവൻ  വെള്ളത്തിലേക്ക് ലാൻഡ്  ചെയ്തു  മുങ്ങാംകുഴിയിട്ടു. ബഹളത്തിന്റെയും  വെപ്രാളത്തിന്റെയും  ഇടയ്ക്കു  മൂപ്പരുടെ തോർത്ത്  എങ്ങോട്ടോ ഒഴുകി പോയി. പിന്നെ ഞങ്ങൾ കാണുന്നത് ആറ്റുവഞ്ചി ചെടികൾക്കിടയിൽ ഒരു നീർക്കോലി പോലെ അവന്റെ തലമാത്രം. അവൻ ഏറെ താണപേക്ഷിച്ച ശേഷം ആണ്  കൂട്ടുകാരിൽ ആരോ നീന്തി അക്കരെ പോയി അവന്റെ കാൽചട്ട എടുത്തു കൊണ്ടു വന്നത്. കൂക്കുവിളികൾക്കിടയിൽ  വെള്ളത്തിനടിയിൽ  മുങ്ങി  നിന്ന് അവന്റെ നിക്കറിടീൽ  പ്രകടനം ഏഷ്യാഡിൽ ഇന്ത്യയുടെ  ജിംനാസ്റ്റിക് പ്രകടനം പോലെ  ഞങ്ങളും അക്കരെ നിന്നിരുന്ന പെണ്മണികളും കൺകുളിർക്കെ  കണ്ടകാര്യം ജീവിതത്തിൽ എപ്പോഴെങ്കിലും മറക്കാൻ പറ്റുമോ?...    


കാലം ഒരുപാട്  മാറിപ്പോയി. കല്ലടയാറ്റിലൂടെ  ഒരു പാട്  വെള്ളം ഒഴുകി. ആ കുളമാവ്  ഒക്കെ അവിടെത്തന്നെ കാണുമോ ആവോ? . കാണാൻ വഴിയില്ല... വൈഡൂര്യഖനനവും മണൽവാരലും കല്ലടയാറിന്റെ കരകളെ കാർന്നുതിന്നു കളഞ്ഞിരിക്കുന്നു. ഇരുകരകളിലും നിന്നിരുന്ന വൻമരങ്ങളിൽ  മിക്കവയും  വെള്ളത്തിലേക്കിറങ്ങി ജലസമാധി അടഞ്ഞു കഴിഞ്ഞു. ആ കുളമാവും മറ്റു മരങ്ങളും ഒക്കെ  കാലയവനികയിൽ മറഞ്ഞു കാണും. കല്ലടയാറും മരിക്കുകയാണ്. പക്ഷെ  ഓർമ്മകൾക്ക് മാത്രം മരണമില്ല.  കല്ലടയാറെ നിന്നെ മറന്നാൽ ഞാൻ എന്റെ അമ്മയെ മറക്കുകയാണ്, മുലപ്പാലുപോലെ  ഞങ്ങൾക്ക് വെള്ളവും പച്ചപ്പും ഓർമ്മകളും തന്ന ഞങ്ങളുടെ പുഴയമ്മയെ....    


Tuesday, 8 November 2016

ഗജിനിമീലനം

ഗജിനിമീലനംനാലാൾ വായിക്കാൻ പറ്റുന്ന എന്തെങ്കിലും എഴുതുക അത്ര എളുപ്പമല്ല, ഒരു എഴുത്തുകാരൻ ആകുക അതിലേറെ ദുർഘടം. ഏതോ ഒരു സുപ്രഭാതത്തിൽ തോന്നിയ ഉൾവിളിയുടെ ഫലമായിട്ടാകും ഈ ഉള്ളവൻ ഒരു ബ്ലോഗ്  തുടങ്ങിയതെന്നാകും വായനക്കാർ ചിന്തിയ്ക്കുക. എന്നാൽ എന്റെ സാഹിത്യരചനാ പീഡനചരിത്രം ഞാൻ വള്ളിനിക്കർ ഇട്ടുനടന്നിരുന്ന കാലം വരെ നീളും. അതിന്റെ നാൾവഴികൾ ഒരു ബ്ലോഗ്‌പോസ്റ്റായി ഇടുന്നു. ഇതു വായിച്ചു ആരെങ്കിലും ഒരു എഴുത്തുകാരൻ ആകാൻ തുനിഞ്ഞാൽ എഴുത്തുകാരന്റെ വഴി മുള്ളും പറക്കാരയും കുണ്ടുകുഴികളും നിറഞ്ഞതാണ് എന്നു ആദ്യമേ ഓർമ്മിപ്പിക്കട്ടെ. എടുത്തുചാടിയ പൂച്ച എലിയെ പിടിക്കുക ഇല്ല എന്നല്ലേ പണ്ഡിതമതം.


ചെറുപ്പത്തിൽ വായനയുടെ അസ്കിത തുടങ്ങിയതിനു ശേഷം ഒരു എഴുത്തുകാരൻ ആകാനുള്ള മോഹം എനിക്കും തുടങ്ങി. സ്‌കൂളിലെ സാഹിത്യസമാജവും കൂട്ടുകാരും എന്നിലെ എഴുത്തുകാരനെ തോണ്ടി പുറത്തിറക്കുവാനുള്ള ശ്രമം നടത്തിയത് ആറാം ക്ലാസ്സിലോ മറ്റോ ആണെന്നു തോന്നുന്നു. സ്‌കൂളിൽ എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്കു ശേഷം അവസാന രണ്ടു പീരീഡ്‌ ക്ലാസ് സാഹിത്യസമാജം അരങ്ങേറും. സാഹിത്യസമാജത്തിന്റെ ക്ലാസ് സെക്രട്ടറി ഞാൻ ആയതിനാൽ പരിപാടികളുടെ ഉത്തരവാദിത്യം എനിക്കാണ്. മിക്കവാറും പാട്ടും പ്രസംഗവും പദ്യപാരായണവും മിമിക്രിയും ഒക്കെയാകും ഇനങ്ങൾ. മിമിക്രിക്കും മറ്റും പങ്കടുക്കുവാൻ ആകും  കൂടുതൽ ആൾക്കാർ. സിനിമാപ്പാട്ടു പാടുന്ന ഗാനഗന്ധർവ്വന്മാർ ഒന്നോ രണ്ടോ പേർ കാണും ക്ലാസ്സിൽ. എന്റെ ക്ലാസ്സിൽ വിദ്യാധരൻ ആയിരുന്നു താരം. ജയൻ പ്രാന്തനായ അവൻ ക്ലാസ്സിലെ സുന്ദരി സിന്ധുവിനെ നോക്കി, കസ്‌തൂരിമാൻ മിഴി മലർ ശരമെയ്യ്തു... എന്നു പാടുന്നതൊക്കെ ഇപ്പോഴും ഓർമ്മയിൽ ഉണ്ട്. മൂപ്പരുടെ അടുത്ത് സിനിമാനടൻ ജയന്റെ ചിത്രങ്ങളുടെയും സിനിമാപ്പാട്ടുകളുടെയും ഒരു ശേഖരമുണ്ട്.                         ഹനുമാൻ  കിരീടം 

                       
                       കോഴിവാലൻ  ചെടി 

                                   
                      പൂച്ചവാലൻ  ചെടി 

                  ( ചിത്രങ്ങൾ  കടപ്പാട് : ഗൂഗിൾ )

സാഹിത്യസമാജത്തിന്  ക്ലാസ്സിൽ ഉച്ച മുതൽ ഒരുക്കം തുടങ്ങും. ക്ലാസ്സ് ടീച്ചർ ആയിരിക്കും അധ്യക്ഷൻ. മേശയിൽ ആരെങ്കിലും കൊണ്ടുവന്ന ഒരു വെള്ളമുണ്ട് വിരിക്കും. അതിൽ രണ്ടുമൂന്ന് കഴുത്ത് നീണ്ടകുപ്പികൾ കളർവെള്ളം നിറച്ചു വെയ്ക്കും. കടയിൽ നിന്നുള്ള കുങ്കുമവും പച്ചകളറും വീട്ടിൽ നിന്നുള്ള മഞ്ഞളുമൊക്കെയാകും വെള്ളത്തിൽ കളറിനായി ഉപയോഗിക്കുക.കുപ്പിക്ക് മുകളിൽ കോഴിവാലൻ ചെടിയോ പൂച്ചവാലൻ ചെടിയോ ഹനുമാൻ കിരീടമോ (പഗോഡച്ചെടി)  ഒരു ചെണ്ടുപോലെ തിരുകി വെയ്ക്കും. സാമ്പ്രാണിത്തിരി ഒരു പാളയങ്കോടൻ പഴത്തിലോ വാഴപ്പിണ്ടിയിലോ കുത്തി നിറുത്തും. പരിപാടി തീർന്നാൽ പഴത്തിനാകും അടിപിടി. അതുകൂടാതെ ക്ലാസ്സിലെ പെൺകുട്ടികൾ എല്ലാവർക്കും നെറ്റിയിൽ തൊടാൻ ചന്ദനവുംകൊണ്ടാവും വരിക. ചിലപ്പോൾ പ്രോഗ്രാം കഴിഞ്ഞുപോകുമ്പോൾ മുട്ടായി വിതരണവും കാണും. അതിനൊക്കെ പണം കുട്ടികൾ പങ്കിട്ടു കണ്ടെത്തും. അങ്ങനെ രസകരമായി കാര്യങ്ങൾ മുമ്പോട്ടുപോകുമ്പോൾ എന്റെ കൂട്ടുകാർക്ക് ഒരു മോഹം, ഒരു നാടകം അവതരിപ്പിച്ചാലോ എന്ന്. എനിക്കും സംഗതി ഉഷാറായി തോന്നി. ഞാൻ സാഹിത്യസമാജം സെക്രട്ടറി ആയിരിക്കുമ്പോൾ ഒരു നാടകം ഒക്കെ കളിച്ചാൽ കൂട്ടുകാരുടെ ഇടയിൽ ഷൈൻ ചെയ്യാം. ആര് നാടകം എഴുതും എന്നതായി അടുത്ത പ്രശ്‍നം. കൂട്ടുകാർ നാടകം എഴുതാനായി എന്നെ നിർബന്ധിച്ചു തുടങ്ങി. എന്റെ വായനാശീലം അവർക്ക് അറിയാം. അങ്ങനെ അവരുടെ നിർബന്ധത്തിനു വഴങ്ങി ഞാൻ നാടകകൃത്തായി. അല്ലേലും കൈ നനയാതെ മീൻ പിടിക്കാനൊക്കുമോ?.

അങ്ങനെ ഞാൻ നാടകം എഴുതി തുടങ്ങി. രചന,സംവിധാനം ഒക്കെ ഞാൻ തന്നെ. നായകനടനായി പുളുവൻ സിനുവിനെ തിരഞ്ഞെടുത്തു. അവൻ അല്പസ്വല്പ അഭിനയമോഹവുമായി നടക്കുന്ന കാലം ആണത്..പ്രേംനസ്സീർ ആണെന്നാണ് ഭാവം.നാടകത്തിന്റെ ഏകദേശ ഇതിവൃത്തം  ഇങ്ങനെ. രണ്ട് ആത്മാർത്ഥ സുഹൃത്തുക്കൾ .അതിൽ ഒരാളുടെ പിതാവിനെ ആരോ കൊലപ്പെടുത്തിയതാണ്. ഒരു ദിവസം അമ്മയിൽ നിന്നു അവനൊരു സത്യം മനസ്സിലാക്കി, അവന്റെ കൂട്ടുകാരന്റെ അച്ഛൻ ആണ് തന്റെ പിതാവിനെ കൊലപ്പെടുത്തിയതെന്ന് . പ്രതികാരചിന്ത  ജ്വലിച്ച നായകൻ തന്റെ ആത്മസുഹൃത്തിനെ സ്നേഹം നടിച്ചു ചതിയിലൂടെ കുത്തികൊലപ്പെടുത്തുന്നതാണ് നാടകത്തിന്റെ ക്ലൈമാക്സ്. സംഭാഷണങ്ങൾ ഒക്കെ ഞാൻ എഴുതിയുണ്ടാക്കി. എനിയ്ക്കു നായകന്റെ കൂട്ടുകാരന്റെ റോൾ. നാടകത്തിലെ മറ്റു സൈഡ് റോളുകൾ വേലക്കാരൻ, അമ്മ തുടങ്ങിയവയൊക്കെ ഓരോരുത്തർ ഏറ്റെടുത്തു. കുത്താനായുള്ള കത്തി കാർഡ്ബോർഡ് കൊണ്ടുണ്ടാക്കി അതിൽ തേയില പൊതിഞ്ഞുവരുന്ന അലൂമിനിയം ഫോയിൽ പേപ്പർ കൊണ്ടു പൊതിഞ്ഞു ഒരു പിടിയും ഒക്കെ ഫിറ്റ് ചെയ്തു റെഡിയാക്കി. കുത്തുമ്പോൾ ചോരയ്ക്കു പകരമായി ചുമന്ന കളറുവെള്ളം ഒരു പ്ലാസ്റ്റിക് കവറിൽ ഉടുപ്പിനടിയിൽ ഒളുപ്പിച്ചു  വെയ്ക്കണം. മീശ വരയ്ക്കാനായി ഉമിക്കരി പൊടിച്ചു റെഡിയാക്കി. അമ്മവേഷത്തിന് വേണ്ടി വീട്ടിൽ നിന്നു ചൂണ്ടിയ ഒരു പഴയ കൈലിമുണ്ടും ബ്ലൗസും ഒരു തോർത്തും ശരിയാക്കി. പറയാൻ കൊള്ളാത്തിടത്തു ഫിറ്റ് ചെയ്യാനായി രണ്ടു കഷ്ണം ഒട്ടുകറയും (റബർപാൽ ചിരട്ടയിൽ ഉറഞ്ഞുണ്ടാകുന്ന സാധനം) ആരോ കൊണ്ടുവന്നു. ഒട്ടുകറയ്ക്ക് ഏതാണ്ട് ചിരട്ട കമിഴ്ത്തിയ ഷേപ്പ്. അങ്ങനെ മെയ്ക്കപ്പ് ഒക്കെ അടിപൊളി.


ഇനി നാടക റിഹേഴ്സൽ. സ്‌കൂളിൽ വെച്ചു റിഹേഴ്സൽ ചെയ്യാൻ പ്രയാസമാണ്.കാരണം കുട്ടികൾ എല്ലാവരും കൂടി നിന്നാൽ അലമ്പാകും. അതിനും ഞാൻ ഒരു പോംവഴി കണ്ടെത്തി. സ്‌കൂളിന്റെ അടുത്താണ് എന്റെ വീട്. വീടിന്റെ പുറകിലെ കക്കൂസിന്റെ സ്ലാബിന്റെ മുകളിൽ ആയി പരിശീലനം . തറയിൽ നിന്ന് അല്പം ഉയർന്നു നിൽക്കുന്നതിനാൽ ഒരു സ്റ്റേജിന്റെ പ്രതീതി.ഉച്ചയ്ക്കു സ്‌കൂൾ വിട്ടാൽ ചോറൊക്കെ പെട്ടെന്ന് വാരിക്കഴിച്ചു റിഹേഴ്സൽ ആരംഭിക്കും.അങ്ങനെ ഒന്നുരണ്ടു ആഴ്ച  കൊണ്ടു നാടകം രംഗത്ത് അവതരിപ്പിക്കാൻ റെഡി. നാടകത്തിൽ റോളുകിട്ടാത്തവർക്ക് കുശുമ്പ് സഹിക്കാൻ വയ്യ. അവർ രഹസ്യമായി ഒരു പാര തയ്യാറാക്കി. സാഹിത്യസമാജത്തിന്റെ ദിവസം ഉച്ചയ്ക്ക് ക്ലാസ്സിൽ ഞങ്ങൾ അറിയാതെ ഒരു നോട്ടീസ് എഴുതി ഒട്ടിച്ചു. "കക്കൂസ് നാടകം" രചന,സംവിധാനം: എന്റെ ഇരട്ടപ്പേര്, അഭിനയിക്കുന്നവർ: എല്ലാം ഇരട്ടപ്പേരുകൾ. സാഹിത്യസമാജത്തിന്റെ അല്പം മുമ്പാണ് ഞങ്ങൾ അതു കാണുന്നത്. കൂട്ടത്തിൽ തടിമാടനായ സുരേഷ് അതു വലിച്ചുകീറി തറയിൽ എറിഞ്ഞു.


സാഹിത്യസമാജം തുടങ്ങി. ഏറ്റവും ഒടുവിലത്തെ പ്രോഗ്രാം ആയി എല്ലാവരും കാത്തിരുന്ന നാടകം എത്തി. എല്ലാം വിചാരിച്ചതുപോലെ കത്തിക്കയറി. തട്ടുപൊളിപ്പൻ ഡയലോഗുകൾ, വേലക്കാരൻ പെൺബെഞ്ചുകളെ നോക്കി സ്വന്തം കയ്യിൽ നിന്ന് ഇട്ടു ഒരു തമിഴുപ്പാട്ട്  പാടി "'എന്നടീ രാക്കമ്മ പല്ലാക്ക് ചുവപ്പ്.." കൂട്ടച്ചിരി  എല്ലാം അടിപൊളി തന്നെ. ഒടുവിൽ സംഘർഷഭരിതമായ ക്ലൈമാക്സ്. ആവേശത്തിൽ കത്തി എടുത്തു കുത്താനായി പുളുവൻ സിനു ആഞ്ഞതും കത്തി രണ്ടു തുണ്ട്. പിടി ഒരു ഭാഗത്തും കുത്തുന്ന അലകുഭാഗം വേറെ ഒരിടത്തേക്കും തെറിച്ചു പോയി. ക്ലാസ്സിൽ കൂട്ട കൂക്കുവിളി ഉയർന്നു. അങ്ങനെ കുത്തുകൊള്ളാതെ  ഞാൻ കുത്തുകൊണ്ട് വീഴുന്നതുപോലെ അഭിനയിച്ചു തറയിലേക്ക് പതുക്കെ വീണു. കൂട്ടകൂവലും  വിസിൽ അടിയും ഉച്ചസ്ഥായിയായി. ശേഷം ഭാഗം ചിന്ത്യം.. ബഹളം കേട്ടു ഹെഡ്മാസ്റ്റർ ചൂരലുമായി വന്നതോടെ എല്ലാം ശുഭം. അങ്ങനെ എന്റെ ആദ്യ നാടക രചനാപരീക്ഷണം ചീറ്റിപ്പോയി. ഏതായാലും എല്ലാവർക്കും കുറേ നാളത്തേക്കു കളിയാക്കാൻ ഒരു വകയായി ഞങ്ങളുടെ കക്കൂസ് നാടകം.

എന്നിലെ ചീറ്റിപ്പോയ നാടകകൃത്തിനെ മനസ്സിലിട്ടു, മോഹഭംഗവുമായി നടന്നു ഞാൻ കുറേനാൾ. പിന്നീട് ഒരിക്കലും ഞാൻ നാടകരചനയിൽ കൈവെയ്ക്കാതെ നാടകസാഹിത്യ രംഗത്തെ മാനക്കേടിൽ നിന്നു രക്ഷിച്ചു എന്നു പറയുന്നതാകും ഭംഗി.


കുറേനാൾ കഴിഞ്ഞപ്പോൾ എന്റെ കൂട്ടുകാരനായ ജെക്‌സി  എഴുതിയ ഒരു കുട്ടികവിത ബാലരമയിലോ മറ്റോ പ്രസിദ്ധികരിച്ചു വന്നു. " പ " യുടെ പ്രാസം ഒപ്പിച്ചു എഴുതിയ 8-10 വരികൾ ഉള്ള ഒരു കുട്ടികവിത. കവിത പ്രസിദ്ധികരിച്ചതിനുശേഷം ഞങ്ങൾ കുട്ടികൾക്കിടയിൽ ഒരു വീരപുരുഷന്റെ പരിവേഷം കിട്ടി ടിയാന്. മൂപ്പർക്കാകട്ടെ കവിത പ്രസിദ്ധികരിച്ചതോടെ അല്പം ഗമ കൂടി. അവനെ കാണുമ്പോൾ കൂട്ടുകാർ തമ്മിൽ തമ്മിൽ പയ്യാരം പറഞ്ഞിരുന്നു.

" നോക്കേ അവന്റെ ഒരു പത്രാസ്...ഒരു വലിയ എഴുത്തുകാരൻ വന്നിരിക്കുന്നു.. "

പാവം ഇപ്പോൾ കാനഡയിൽ കുഞ്ഞുകുട്ടി പരാധീനങ്ങളോടെ സ്ഥിരവാസം. അവിടെയിരുന്നു കവിതകൾ ഒക്കെ എഴുതി നല്ലപാതിയെയും കുട്ടികളെയും രസിപ്പിക്കുന്നുണ്ടാകും.


അതോടെ ഒരു കവിയാകാനുള്ള ശ്രമം ഞാൻ തുടങ്ങി. കുന്നു കാണാത്തവന് പൊട്ടകുന്നും  കൈലാസം  എന്നല്ലേ  പ്രമാണം. എന്റെ കവിതാ രചനാചരിത്രം ആരംഭിക്കുന്നത് ഹൈസ്‌കൂൾ ക്ലാസ്സിൽ ആണെങ്കിലും അവസാനിക്കുന്നത് ഡിഗ്രി ക്ലാസ്സുകളിൽ ആണ്. ആരും കാണാതെ ഞാൻ ചില പൊട്ടക്കവിതകൾ എഴുതിത്തുടങ്ങി. ആദ്യമൊക്കെ പ്രാസം ഒപ്പിച്ചുള്ള കവിതകളിൽ ആയിരുന്നു കമ്പം. സ്‌കൂൾ യുവജനോത്സവത്തിൽ കവിതാരചനയ്ക്ക് പൊട്ടക്കുളത്തിൽ പുളവൻ ഫണീന്ദ്രൻ എന്ന പഴംചൊല്ല് ഒന്നുകൂടെ ഉറപ്പിക്കുന്ന മട്ടിൽ എനിക്ക് ഒന്നാം സ്ഥാനം കിട്ടി. അതിനു ശേഷം കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലാകലോത്സവത്തിന് സാറുന്മാർ എന്നെ കൊണ്ടുപോയി. ഒടുവിൽ കവിതയുടെ വിഷയം കിട്ടി '  ബാല്യകാലം ' . ബാല്യകാലം ഒക്കെ  കവിതയ്ക്കു ഒരു വിഷയമാണോ?. വല്ലഭന് പുല്ലുമായുധം എന്നമട്ടിൽ ഞാൻ കവിത എഴുതി തുടങ്ങി. ഒരു നാലുപേജുള്ള കവിത ഒരു മണിക്കൂർ കൊണ്ട് പൂർത്തിയാക്കി. ബാക്കിയുള്ള രണ്ടു മണിക്കൂർ സഹകവിതാ എഴുത്തുകാരെ പുച്ഛത്തോടു നോക്കിയിരുന്നു പൂർത്തിയാക്കി. " ഹന്ത എൻ ബാല്യകാലം എന്തൊരു വാസരമായ കാലം.... " എന്നതായിരുന്നു എന്റെ ഖണ്ഡകാവ്യത്തിന്റെ ആദ്യവരികൾ. ബാക്കി വരികൾ വായിൽ തോന്നുന്നത് കോതയ്ക്ക് പാട്ട് എന്നതുപോലെ എഴുതി പൂർത്തിയാക്കി. ഞാൻ എഴുതിയ കവിത വായിച്ചാൽ പെറ്റ തള്ള കൂടി സഹിക്കില്ല. സാറ് ചോദിച്ചപ്പോൾ ഒരു മണിക്കൂർ കൊണ്ടു നാലുപേജ്  കവിത എഴുതി എന്നു പറഞ്ഞപ്പോൾ തന്നെ സാറിനു കാര്യം പിടികിട്ടി. ഒടുവിൽ റിസൾട്ട് വന്നപ്പോൾ സാറുന്മാരുടെ വായിൽനിന്ന് ചീത്ത കേട്ടതുമാത്രം മിച്ചം.


കോളേജിൽ എത്തിയതോടെ എന്റെ കവിതാമോഹങ്ങൾ അത്യന്താധുനികം ആയിമാറി. അയ്യപ്പപണിക്കരും ഡി. വിനയചന്ദ്രനും സച്ചിതാനന്ദനും എ.അയ്യപ്പനും ഒക്കെ എഴുതിയ കവിതകൾ തിരിച്ചും മറിച്ചും വായിച്ചു പഠിച്ചു. ആധുനികം, അത്യന്താധുനികം ഇങ്ങനെ രാവും പകലും കവിത വായിച്ചു ഏകദേശം തല ചൂടായി. ഉഷ്ണം ഉഷ്ണേന ശാന്തി എന്നല്ലയോ പ്രമാണം. അതേ സ്റ്റൈലിൽ കവിത എഴുതാനായി എന്റെ ശ്രമം.  അങ്ങനെ എന്റെ എഴുത്ത് അത്യന്താധുനിക നിലവാരത്തിലേക്ക് മന്ദം മന്ദം നടന്നു കയറി. നാടകാന്തം കവിത്വം  എന്നു കവിവചനം.അന്നെഴുതിയ കവിതകളിൽ എന്റെ അവസാനത്തെ കവിത അടുത്തിടെ നാട്ടിൽ പോയപ്പോൾ ഡയറിയിൽ നിന്നു കിട്ടി. അത് വായനക്കാരുമായി പങ്കുവെയ്ക്കുന്നു.


 

എന്റെ കവിതാരചനാ കമ്പത്തെ സഡൻബ്രേക്ക് ഇട്ടു നിറുത്തിച്ച കവിതയാണ് 'ചൊറിയുന്നവന്റെ സംഗീതം.' ഞാൻ ഉറക്കമിളച്ചിരുന്നു ഈ കവിത എഴുതി, പിറ്റേ ദിവസം അത് എന്റെ കൂട്ടുകാരൻ വേണുവിനെ കാണിച്ചു. ഞാൻ ഒരു അത്യന്താധുനിക കവിത എഴുതിയിട്ടുണ്ട് എന്നു  ഗമയൊക്കെ പറഞ്ഞിട്ടാണ് മൂപ്പരെ സംഗതി കാണിക്കുന്നത്. കവിത വായിച്ചതും അവൻ ആർത്തട്ടഹസിച്ചു ചിരിച്ചു. കവിത തിരികെ തരാതെ ഉടൻ തന്നെ ചുരുട്ടി അവൻ പോക്കറ്റിലാക്കി. മറ്റുള്ള  കൂട്ടുകാരുടെ മുമ്പാകെ അതു വായിച്ചു കളിയാക്കി എന്നെ കൊന്നു കൊലവിളിച്ചു. കുറേനാൾ കൂട്ടുകാരുടെ മുമ്പിൽ അവൻ എന്നെ കാണുമ്പോൾ ചൊറിയുന്നവന്റെ സംഗീതത്തിലെ ചില വരികൾ ഉറക്കെ പാടും. കൂട്ടുകാരുടെ മുമ്പിൽ എനിക്കിട്ടു കിട്ടിയ കനത്ത പണിയായി മാറി ആ കവിത. ചുരുക്കത്തിൽ കൈവിട്ട കല്ലും എഴുതിയ കവിതയും തിരിച്ചെടുക്കുവാൻ സാധിക്കുകയില്ല എന്നു അന്ന് എനിക്കു മനസ്സിലായി. അടുത്തിടെ ആ കവിത വായിച്ചു ഞാനും കുറെ ചിരിച്ചു. ഓരോരോ കാലത്തേ പൊട്ടത്തരങ്ങളേ.....


എന്റെ കവിതാമോഹങ്ങളെ ആ കശ്മലൻ നിഷ്കരുണം വലിച്ചു കീറി മതിലിൻമേൽ ഒട്ടിച്ചു കളഞ്ഞു. അല്ലായിരുന്നെങ്കിൽ അത്യന്താധുനിക കവി പുനലൂരാൻ നിങ്ങളെയൊക്കെ കവിത എഴുതി ബോറടിപ്പിച്ചേനെ... ഏതായാലും എന്റെ കശ്മലസുഹൃത്തിനോട് മലയാളകവിത ഉള്ള കാലത്തോളം സാഹിത്യകുതുകികൾ കടപ്പെട്ടിരിക്കുന്നു.


ആയിടയ്ക്കാണ് എഴുത്തുകാരൻ പ്രഭാകരൻ പഴശ്ശി ഞങ്ങളുടെ കോളേജുമാഗസിന്റെ പ്രകാശന ചടങ്ങിനോടനുബന്ധിച്ചു കോളേജിൽ എത്തിയത്. അദ്ദേഹം എഴുതിയ ഏതോ ഒരു കഥ ആയിടെ കലാകൗമുദിയിൽ ഒക്കെ വലിയ ചർച്ചയായിരുന്നു. കേൾവിക്കാരെ രസിപ്പിക്കുന്ന അദ്ദേഹത്തിന്റെ പ്രസംഗം കേട്ടു എനിക്കും ഒരു കഥാകൃത്ത്  ആകണം എന്ന മോഹം മൊട്ടിട്ടു. ഞാൻ കഥാരംഗത്തേക്ക് കൈകടത്തുവാൻ ശ്രമം തുടങ്ങി. അവിടെയും പ്രശ്നം പഴയതു തന്നെ. ആധുനികം, ഉത്തരാധുനികം  എന്നൊക്കെയുള്ള വേർതിരിവുകൾ കഥാരംഗത്തും ഉണ്ടെന്നു ഞാൻ മനസ്സിലാക്കി. ഞാൻ ഗബ്രിയേൽ ഗാർഷേ മാർക്വിസ്, കാഫ്ക തുടങ്ങി മുട്ടത്തുവർക്കി,ജോസ്സി വാഗമറ്റം വരെയുള്ള സർവ്വമാനസാഹിത്യകാരന്മാരുടെയും കൃതികൾ വായിച്ചു മനഃപാഠമാക്കി തുടങ്ങി.


എന്നാലിനി ഒരു ആധുനികകഥ എഴുതിയിട്ടു തന്നെ കാര്യം. ആദ്യം കഥയ്ക്ക് ഒരു കിടിലൻ തലക്കെട്ട് വേണം. കോളേജ് ലൈബ്രറിയിൽ നിന്നു ശ്രീകണ്ടേശ്വരം ശബ്ദതാരാവലി തപ്പി ഞാൻ ഒരു തലക്കെട്ട് കണ്ടുപിടിച്ചു, 'ഗജിനിമീലനം'. ആഹാ.. തലക്കെട്ടുതന്നെ കിടിലൻ, കിടിലോൽകിടിലൻ. എന്താണ് ഗജിനിമീലനം എന്നാകും വായനക്കാരുടെ ചിന്ത. ആനയുടെ നോട്ടം പോലെ കണ്ടിട്ടും കാണാതെ ഇരിക്കുന്ന ഭാവം എന്നു അർത്ഥം. ഒരു വെള്ള പേപ്പർ  എടുത്തു ഞാൻ തലക്കെട്ട് എഴുതി 'ഗജിനിമീലനം'. അടിയിൽ ഒരു വരയും ഇട്ടു. ഇനി ആധുനികശൈലിയിൽ കഥ എഴുതണം. വായിക്കുന്നവർ കിടുങ്ങണം, കിടുങ്ങി പനി പിടിച്ചു പണ്ടാരമടങ്ങി കമ്പിളിപുതപ്പ്‌ തേടി ഓടണം എന്നാലല്ലേ ആധുനികകഥയാകുക. ഇരുന്നും കിടന്നും ഒത്തിരി ആലോചിച്ചു ആദ്യവാചകം എഴുതി.

'' തന്റെ പതിവുകാരെ സ്വീകരിക്കുവാൻ നഗരം നിയോൺ വിളക്കുകളാകുന്ന ആടകൾ ഇട്ടു ഒരു വേശ്യയെപ്പോലെ അണിഞ്ഞൊരുങ്ങി  "

ആ വരികൾ എഴുതി ഒരു കുത്തും ഇട്ടു. ബാക്കി ഇനി നാളെ എഴുതാം എന്നു വിചാരിച്ചു പേപ്പർ മേശപ്പുറത്ത് വെച്ചു ഞാൻ കിടന്നുറങ്ങി. രാവിലെ ഉച്ചത്തിലുള്ള ശകാരവും ബഹളവും കേട്ടാണ് ഞാൻ ഉണരുന്നത്. ഉണർന്നപ്പോൾ അമ്മ കലിയും തുള്ളി നിൽക്കുന്നു.

'' എന്തോന്നാടാ ഇത്, എന്തെങ്കിലും ഒക്കെ എഴുതി കൂട്ടും കുടുംബത്തിന്റെ മാനം കളയാൻ ''

ആദ്യം ഒന്നും പിടികിട്ടിയില്ല, പെട്ടെന്ന്  ട്യൂബ് ലൈറ്റ് തലയിൽ മിന്നി. എന്റെ കഥയുടെ പേരും ആദ്യവാചകവും രാവിലെ മുറി തൂക്കാൻ വന്ന അമ്മ വായിച്ചിരിക്കുന്നു. പാവം അമ്മ ഞാൻ ഏതോ തെറിക്കഥ എഴുതുകയാണ് എന്നു വിചാരിച്ചാണ് ഈ പുകിൽ ഒക്കെ ഉണ്ടാക്കുന്നത്. അമ്മയുടെ ചീത്ത കേൾക്കുന്നതിലും ഭേദം വല്ല പാണ്ടിലോറിക്കും തല വെയ്ക്കുന്നതാണ് എന്നു അന്നു തോന്നിപ്പോയി. അതോടെ എന്നിലെ ആധുനിക കഥാകാരൻ സ്വാഹാ.. എന്റെ ആധുനിക കഥയുടെ മുകുളം അല്ലേ  അമ്മ മുളയിലേ നുള്ളികളഞ്ഞത്. അന്നു അടച്ചു     വെച്ചതാണ് എന്റെ പേന. പിന്നീട് ഒരു പത്തിരുപതിന്നാലുകൊല്ലം കഥ പോയിട്ട് ഒരു വരി പോലും ഞാൻ എഴുതിയിട്ടില്ല. അല്ലേലും കടിക്കുന്ന പട്ടിക്ക് എന്തിനാ തല ?  


ഈ വർഷം എനിക്കു ബ്ലോഗെഴുത്തിന്റെ ശീലക്കേട്‌ തുടങ്ങിയെന്ന് അമ്മയോട് ആരോ വിളിച്ചു പറഞ്ഞു പാര പണിതു. ഞാൻ വീട്ടിലേക്ക് ടെലിഫോൺ ചെയ്തപ്പോൾ അമ്മ ചോദിച്ചു,

'' നീ ഫേസ്ബുക്കിലോ ഇന്റെർനെറ്റിലോ മറ്റോ എന്തൊക്കെയോ എഴുതിക്കൂട്ടുന്നെന്നു കേട്ടല്ലോ. വെറുതെ കുടുംബത്തിന് ചീത്തപ്പേര് ഉണ്ടാക്കരുത് "

പാവം  അമ്മ,  അമ്മയുടെ മനസ്സിൽ  ഇപ്പോഴും  എന്റെ  പഴയ ആധുനിക കഥ ' ഗജിനിമീലനം'  കിടന്നു തികട്ടുകയാണ്. ഈയിടെ  നാട്ടിൽ  പോയപ്പോൾ  ഇന്റർനെറ്റിൽ  നിന്നും  എന്റെ  പൊതിച്ചോറിനെ കുറിച്ചുള്ള  ബ്ലോഗ്‌  പോസ്റ്റ്  ഒരു  പ്രിന്റ്  എടുത്തു  വായിച്ചു  കേൾപ്പിച്ചു. അതു  വായിച്ചുകേട്ടതോടെ  അമ്മയുടെ  ശ്വാസം  നേരെ  വീണു.

'' ഇതു  കൊള്ളാമെല്ലോ...  ഇതു  നീ  തന്നെ  എഴുതിയതാണോ  മോനെ... നീ  ഇതൊക്കെ  എവിടെ  നിന്നു  പഠിച്ചു...''   എന്നു അമ്മ.

കൂട്ടത്തിൽ  അമ്മയുടെ  പിറുപിറുക്കൽ  അല്പം  ഉച്ചത്തിലായി.
'' പിന്നെന്താ ലവൻ അങ്ങനെ പറഞ്ഞത് ''  എന്നായി  അമ്മ. ലെവൻ  ആരാണെന്നു  എത്ര  ചോദിച്ചിട്ടും  അമ്മ  പറഞ്ഞില്ല. ഒരു  കലഹം  ഉണ്ടാക്കേണ്ട  എന്നു  വിചാരിച്ചിട്ടാകും.  ലെവനെത്ര  പാര വെച്ചാലും  ഒരു  കവി(പി) ആകാനുള്ള  പുറപ്പാട്  ഞാൻ  ഉപേക്ഷിക്കും  എന്നു  കരുതേണ്ട . അല്ലെങ്കിലും  മുട്ടയ്ക്ക്  എന്തുപറ്റും  എന്നോർത്ത്  ഏതെങ്കിലും  കോഴി മുട്ടയിടാതിരിക്കുമോ?


വാൽകഷ്ണം :

മത്തായിച്ചൻ  അതിരാവിലെ  എഴുന്നേറ്റു  തെങ്ങിന്  തടം  എടുത്തു, വളം  ഇട്ടു, പച്ചിലകമ്പുകൾ  വെട്ടി പുതയും  ഇട്ടു. ഏറ്റവും  അവസാനം മോളിലേക്കു  നോക്കിയപ്പോൾ ആണ് മനസ്സിലായത് തെങ്ങിന് മണ്ടയില്ലെന്ന്..                            
ഗുണപാഠം: പുളവൻ  മൂത്താൽ നീർക്കോലി

Friday, 7 October 2016

മൗത്ത് ഓർഗനും ഓർമ്മപ്പുസ്തകത്തിലെ ചില താളുകളും

മൗത്ത് ഓർഗനും  ഓർമ്മപ്പുസ്തകത്തിലെ  ചില താളുകളും

അന്ന് ഒരോണക്കാലം  ആയിരുന്നു. ഞാൻ മൂന്നിലോ നാലിലോ പഠിക്കുന്ന കാലം. ഓണം വന്നതു അറിയിച്ചുകൊണ്ട് പൂത്തുമ്പികൾ  പാറിപറക്കുന്നുണ്ടാകും  അന്ന് ഞങ്ങൾ  താമസിച്ചിരുന്ന പുല്ലരിമലയിലെ  വീടിന്റെ പരിസരത്ത്. പുനലൂർ  ഇടമണ്ണിലെ  ഒരു  ഉൾപ്രദേശം  ആണ്  ഈ സ്ഥലം.വേണ്ടത്ര ഗതാഗത സൗകര്യങ്ങളോ  കറണ്ടോ  അന്ന് അവിടെ  ഉണ്ടായിരുന്നില്ല. നാട്ടുവഴികൾ നിറയെ ഊഞ്ഞാലുകൾ  ഉണ്ടാകും ഓണക്കാലത്ത്. ഇന്നത്തെപ്പോലെ  കയറുകൊണ്ടുള്ള  ഊഞ്ഞാൽ  അല്ല  മറിച്ചു  വനത്തിൽ  നിന്നു  കൊണ്ടുവന്ന  കാട്ടുവള്ളികളിൽ  ആകും  മിക്കവാറും ഊഞ്ഞാൽ കെട്ടുക.വേലിപ്പടർപ്പുകളിൽ  തുമ്പയും മുക്കൂറ്റിയും ചെമ്പരത്തിയും  ധാരാളം. തോട്ടുവരമ്പുകളിൽ  നിറയെ അമ്മൂമ്മപഴവും കൈതപ്പൂവും   ഒക്കെ കാണും. ഇടവഴികളിലാവും ഓണക്കളികളും മറ്റു മേളവട്ടവും.


വീടിന്  മുമ്പിലത്തെ  ഇടവഴിയിൽ  ഞാൻ ഊഞ്ഞാലാട്ടം  കണ്ടുനിൽക്കുകയാണ് . ഊഞ്ഞാലിൽ  രണ്ടുപേർ  എതിർ നിന്നാകും  ആടുക. ചില്ലാട്ടം  ആടി  അങ്ങു  ആകാശം  തൊടുന്ന നിലയിൽ ആകും. നാട്ടുമാവിന്റെ  മേലേകൊമ്പിലെ  ഇലപറിച്ചു  വരും  ചിലർ. ഞങ്ങൾ കുട്ടികൾക്ക്  അതൊക്കെ  അതിശയത്തോടെ  കണ്ടുനിൽക്കാനാകും വിധി. ആരോ  ആടിവന്ന  ഊഞ്ഞാൽ  എന്റെ  ഇടതു കൺപുരികത്ത്  വന്നിടിച്ചു. ചോരചീറ്റി  തെറിച്ചത്  മാത്രം ഓർമ്മയുണ്ട്. കൂട്ടനിലവിളി കേട്ടു ഓടിവന്ന അപ്പനും അമ്മയും  എന്നെ വാരിയെടുത്തു. അന്ന് ഹോസ്പിറ്റലിലോ മറ്റോ കൊണ്ടുപോകണമെങ്കിൽ കിലോമീറ്ററുകൾ  നടക്കണം. അപ്പൻ  എന്നെ വീട്ടിൽ കൊണ്ടുവന്നു .അപ്പന് അല്പസ്വല്പം  നാട്ടുചികിത്സ  അറിയാം. എവിടെ ആയുർവേദ പൊടികൈകൾ  ഉള്ള ബുക്കുകിട്ടിയാലും  വാങ്ങി സൂക്ഷിക്കും. പത്രത്തിലോ  മറ്റോ വരുന്ന  നാട്ടുചികിത്സാവിധികൾ  ഡയറിയിൽ  എഴുതി സൂക്ഷിക്കും. അപ്പൻ  അൽപം പഞ്ചസാരയും  വീട്ടിലെ ചിമ്മിനിയിൽ  നിന്നു എടുത്ത കരിപ്പൊടിയും ചേർത്തു  ഉള്ളം കൈയ്യിൽ ഇട്ടു തിരുമ്മിപൊടിച്ചു  മുറിവിൽ അമർത്തി . ഭാഗ്യത്തിന്  ചോര നിന്നു.  നെറ്റിയിൽ  ഒരു കെട്ടുമായി  ഞാൻ  കിടക്കയിലും ഉമ്മറത്തുമായി അക്കൊല്ലത്തെ  ഓണാവധി  ആഘോഷിച്ചു.


ചെറുപ്പത്തിൽ ഓണത്തിന്  വീട്ടിൽ രസകരമായ  ഒരു  അനുഷ്ടാനമുണ്ടായിരുന്നു. ഞങ്ങൾ താമസിച്ചിരുന്ന വീടിനടുത്ത്  ഒരു പ്രായമുള്ള  ഉമ്മയും മകനും താമസ്സമുണ്ട് .വീടിന്റെ മുൻഭാഗത്ത് നാട്ടുവഴിയിലേക്ക് തുറക്കുന്ന  ഒരു ചെറിയ പീടികയിൽ നിന്നുള്ള വരുമാനം ആണ് ഉപജീവനമാർഗ്ഗം. നല്ല പ്രായമുള്ള ഉമ്മയുടെ പല്ലില്ലാത്ത മോണകാട്ടിയ ചിരിയും തോടകളുടെ ഭാരം കൊണ്ടുണ്ടായ വലിയ തുളകൾ ഉള്ള  കാതുകളും  ഇപ്പോഴും  ഓർമ്മയുണ്ട് . ഉമ്മ നല്ലവണ്ണം  വെറ്റില മുറുക്കും . നല്ല സ്നേഹമുള്ളവരായിരുന്നു  ഈ  ഉമ്മയും  മകനും. മകന്റെ പേര്  ഹംസ എന്നോ മറ്റോ ആണെന്നാണ്  ഓർമ്മ.  തിരുവോണ ദിവസം  രാവിലെ  അപ്പൻ  ഒരു കെട്ടു ജാപ്പണം പുകയിലയും  ഒരു രൂപ നാണയവും  എന്റെ  കൈയ്യിൽ  തരും . അത്  ആ  ഉമ്മയ്ക്ക്  ഓണസമ്മാനമായി  കൊടുക്കണം. വീട്ടിൽ  നിന്ന്  ഒരു നൂറുമീറ്റർ  ദൂരത്താണ്  ഈ  ഉമ്മയുടെ  വീടും പീടികയും . ഓണത്തിന്  വാങ്ങിയ  പുത്തൻ  കളികൂളിംഗ് ഗ്ലാസും കളിവാച്ചും  കെട്ടിയാകും  സ്റ്റൈലിൽ  എന്റെ അവിടുത്തേക്കുള്ള യാത്ര. ഉമ്മയുടെ  അടുത്തെത്തി  ഈ പുകയില കെട്ടും ഒറ്റരൂപാ നാണയവും  കൈമാറും. പകരമായി  ഉമ്മ ഓണത്തിന്  ഉണ്ടാക്കിയ പലഹാരങ്ങളുടെ  ഒരു പൊതി കൈയ്യിൽ തരും. മുറുക്കും അച്ചപ്പവും ഉപ്പേരിയും ഒക്കെയാകും  വിഭവങ്ങൾ . അതും കൊണ്ട്  വീട്ടിൽ  തിരിച്ചെത്തിയാകും  ഇലയിട്ടു  ഊണുകഴിക്കുക. കുറേ കൊല്ലങ്ങൾ, ആ ഉമ്മ മരിക്കുന്നത്  വരെ  തുടർന്നു പതിവ്.

ഇലയിലെ  സദ്യ അപ്പന്റെ ഒരു വീക്ക്നസ്  ആയിരുന്നു . എന്തു വിശേഷാവസരങ്ങൾ  വന്നാലും  അപ്പൻ  ഇലയിൽ  ഭക്ഷണം വിളമ്പാൻ  അമ്മയെ  നിർബന്ധിക്കും . പിറന്നാളോ  വീട്ടിൽ  വിരുന്നുകാർ  വന്നാലോ  ഇലയിൽ  ആകും  ഊണ്  വിളമ്പുക. കുട്ടികളായ ഞങ്ങൾക്കും  ഈ  ഇലയിലെ  ഊണ്  ഇഷ്ടമായിരുന്നു . അപ്പന്റെ  വീട്ടുകാർ കൃഷിക്കാർ  ആയതുകൊണ്ടാകും ഈ  വാഴയിലയോടുള്ള  താൽപര്യം എന്നു തോന്നിയിട്ടുണ്ട്.


അപ്പന്റെ വീട്ടിൽ ദിവസവും  ധാരാളം കൃഷിപ്പണിക്കാർ കാണും. വലിയ  അദ്ധ്വാനി  ആയിരുന്നു  വല്യപ്പൻ. അമ്പറയും (50 പറ) നാപ്പറയും (40 പറ) അടക്കം  ഒട്ടേറെ  വയലുകൾ.നിലം പൂട്ടുന്നതതിലും  ഞാറുവിതക്കുന്നതിലും  കിളിയെ  ഓടിക്കുന്നതിലും   ഒക്കെ അപ്പനും ഇളയപ്പന്മാരും  പണിക്കാരോട് ചേരും. എം .കോമിന്  പഠിക്കുന്ന  ഇളയപ്പനും പണിക്കാരും  ചേർന്നാകും  ചിലപ്പോൾ  നിലം  ഉഴുതുക. ദേഷ്യം വന്നാൽ  വല്യപ്പൻ  പൂട്ടുവടി  എടുത്താകും  മക്കളെ  തല്ലുക. എന്നാൽ കൊച്ചുമക്കളോടൊക്കെ  വലിയ സ്നേഹമാണ്. രാവിലെ  പണിസ്ഥലത്തേക്ക് ഒരു വലിയ  ചരുവം നിറയെ പുഴുക്കും കഞ്ഞിയും  കാച്ചിലോ ചേനയോ കൊണ്ടുള്ള  അസ്ത്രവും       (മഞ്ഞക്കറി) കൊണ്ട്  പെൺമക്കളും കൊച്ചുമക്കളും പോകും. കൊച്ചുമക്കളിൽ മൂത്തവൻ ഞാനാണ്. വലിയ കൗതുകത്തോട് കൂടെ  ഞാൻ  പണിക്കാരും അപ്പനും  ഇളയപ്പൻമാരും  കഞ്ഞികുടിക്കുന്നത്  കണ്ടു നിന്നിട്ടുണ്ട് . തറയിൽ  ഒരു കുഴികുത്തി അതിൽ ഒരു വാഴയില  ഇടും , അതിലാകും  കഞ്ഞിയും പുഴുക്കും  വിളമ്പുക . പ്ലാവിലകൊണ്ട് കുത്തിയ കുമ്പിളിൽ കഞ്ഞികോരികുടിക്കുന്നത്  ഇപ്പോഴും  എന്റെ ഓർമ്മകളിൽ  ഉണ്ട് . ഈ യാത്ര  എനിക്ക് വലിയ ഇഷ്ടം  ആയിരുന്നു, കാരണം  തിരികെപോകുമ്പോൾ  ഇളയപ്പൻ  തോട്ടിൽനിന്ന് പൊത്തയെ പിടിച്ചു  ചേമ്പിലയിൽ  ആക്കി  കൈയ്യിൽ  തരും . എന്ത്  രസമായിരുന്നു  അന്നൊക്കെ.

അന്നത്തെ  വാഴയിലയിലെ  കഞ്ഞികുടിയാകും  അപ്പനെ  ഒരു  വാഴയിലപ്രേമിയാക്കിയത്  എന്നു  എനിക്ക് പിന്നീട്  തോന്നിയിട്ടുണ്ട്. ഇപ്പൊ  പിന്നെ  വിതയ്ക്കലുമില്ല  കൊയ്യലുമില്ല  ഒരു തുണ്ട് 
വയലുമില്ല .... അരി തീർന്നെന്നു  അമ്മ  വിളിച്ചു പറഞ്ഞപ്പോൾ  വീടിന്റെ  അടുത്തുള്ള സൂപ്പർമാർക്കറ്റിൽ  നിന്ന് തമിഴൻ  ചെക്കൻ  പത്തുകിലോയുടെ  നിറപറ വടിയരി  വീട്ടിൽ  എത്തിച്ചു. മലയാളി  എത്രകണ്ട്  മാറിയിരിക്കുന്നു?...


ഏതോ ഒരു  ഓണക്കാലത്താണ്  എന്റെ  അയൽവാസിയായ കളിക്കൂട്ടുകാരൻ സഞ്ജിത്തിന്  അവന്റെ  മാമൻ  ലണ്ടനിൽ നിന്ന്  ഒരു മൗത്ത് ഓർഗൻ കൊണ്ടുവന്നു കൊടുത്തത്. മൗത്ത് ഓർഗനൊക്കെ  അന്നത്തെ കാലത്ത് കുട്ടികൾ  കണ്ടിട്ടുപോലും  ഉണ്ടാകില്ല . ആ  മൗത്ത് ഓർഗൻ ഞങ്ങൾ കുട്ടികൾക്കിടയിൽ  ഒരു വലിയ സംസാരവിഷയമായി മാറി. മൗത്ത് ഓർഗനിൽ ഒന്നു തൊടുവാൻ കൂടെ അവൻ  ഞങ്ങളെ  സമ്മതിക്കില്ല . വായിൽ വെച്ചു ചെറുകെ  ഒന്നു ഊതിയാൽ തന്നെ മനോഹരമായ സംഗീതം പൊഴിക്കുന്ന  ആ മൗത്ത് ഓർഗൻ ഒരു അത്ഭുതവസ്തുവായിരുന്നു ഞങ്ങൾ കുട്ടികൾക്ക്.മൗത്ത് ഓർഗൻ സൂക്ഷിക്കുവാൻ  ഒരു ചെറിയ പേടകവും ഉണ്ട്. അവൻ  ഊതിയിട്ട്  വെൽവെറ്റ്  തുണികൊണ്ട്  തുടച്ചു ആ  പെട്ടിയിൽ  ഭദ്രമായി  സൂക്ഷിക്കും. എന്താ  ഗമ... ആരെങ്കിലും മൗത്ത് ഓർഗനെ കുറിച്ച്  ചോദിച്ചാൽ  പിന്നെ ഒരു ലഘുപ്രഭാഷണം  തന്നെ  അവൻ നടത്തും. പുറത്തെടുത്തു പ്രദർശിപ്പിക്കും ,പക്ഷെ  ഊതാൻ മാത്രം  കൊടുക്കില്ല.

ഞാൻ വീട്ടിൽ പൊടിപ്പും തൊങ്ങലും  വെച്ചു മൗത്ത്  ഓർഗനെക്കുറിച്ചു  വർണ്ണിച്ചു . എനിക്കും ഒരു മൗത്ത് ഓർഗൻ  വേണം  എന്ന ആവശ്യം അപ്പനുമുമ്പാകെ അവതരിപ്പിച്ചു.പക്ഷേ  ആദ്യമൊക്കെ അപ്പൻ അത് ഈ നാട്ടിൽ കിട്ടുകയില്ല എന്നു പറഞ്ഞു രക്ഷപെടാൻ നോക്കി .ശരിയാണ് പുനലൂർ പട്ടണത്തിൽ  അക്കാലത്ത്  ഒരു മൗത്ത് ഓർഗൻ കിട്ടുക അസാദ്ധ്യം. എന്റെ  നിർബന്ധം ദിവസം ചെല്ലുംതോറും കൂടിവന്നു . അപ്പൻ കൂടെ ജോലി ചെയ്യുന്ന സാറന്മാരോടൊക്കെ  മൗത്ത് ഓർഗൻ എവിടെ കിട്ടും  എന്നു തിരക്കി .ആരോ തിരുവനന്തപുരത്തെ  ഏതോ  കടയിൽ മൗത്ത് ഓർഗൻ കിട്ടും  എന്നു അപ്പനോട് പറഞ്ഞു.അപ്രാവശ്യം  ഓണഅഡ്വാൻസും  ശമ്പളവും കിട്ടിയ ദിവസം അപ്പൻ എന്നോട് പറഞ്ഞു

'' നീ  വിഷമിക്കേണ്ട ..ഞാൻ തിരുവനന്തപുരത്ത് പോയി  നിന്റെ ആശപോലെ  ഒരു മൗത്ത് ഓർഗൻ  വാങ്ങിതരാം ''

പിറ്റേ ദിവസം രാവിലെ അപ്പൻ തിരുവന്തപുരത്തേക്ക് പോയി. അന്ന് പുനലൂരിൽ നിന്നു തിരുവനന്തപുരത്തൊക്കെ പോയി വരിക എന്നത് ഏറെ ദുഷ്കരം . അതും ഒരു മൗത്ത് ഓർഗന്  വേണ്ടി  തിരുവനന്തപുരത്തൊക്കെ  പോകുക എന്നു കേട്ടാൽ ആളുകൾ  ചിരിക്കും. ഞാൻ മൗത്ത് ഓർഗനുമായി  അപ്പൻ വരുന്നതും കാത്തിരിപ്പായി.രാത്രി ആയിട്ടും അപ്പൻ  വന്നില്ല.പുനലൂരിൽ നിന്ന് രാത്രി കിഴക്കോട്ട് പത്തുമണിക്കോ  മറ്റോ  ആകും  ലാസ്റ്റ്  പൂത്തോട്ടം ബസ്സ് . അപ്പനെ കാത്തിരുന്നു ക്ഷീണിച്ചു  ഞാൻ ഉറങ്ങിപ്പോയി . രാത്രി  എപ്പഴോ അമ്മ തട്ടി ഉണർത്തിയപ്പോളാണ്  അപ്പൻ വന്നത് അറിയുന്നത്. ചിമ്മിനി  വെളിച്ചത്തിൽ  ഞാൻ കണ്ടു അപ്പന്റെ കൈയ്യിലെ  വർണപെട്ടിയിൽ  ഞാൻ  ആഗ്രഹിച്ച  മൗത്ത് ഓർഗൻ. എനിക്കു  സന്തോഷം കൊണ്ട് തുള്ളിച്ചാടാൻ തോന്നി . ആ പാതിരാത്രി തന്നെ കുറേ പ്രാവശ്യം മൗത്ത് ഓർഗൻ ഊതി സംതൃപ്തി അടഞ്ഞു. ഒടുവിൽ ഊത്ത്  കേട്ട്  വല്ല പാമ്പോ മറ്റോ കയറി വരും  എന്നു അപ്പൻ പറഞ്ഞിട്ടാണ് മൗത്ത്  ഓർഗൻ  വായന  നിറുത്തിയത്. പിറ്റേന്ന് തിരുവോണത്തിന്  സഞ്ജിത്തിനു മുമ്പിൽ കുറേ തവണ മൗത്ത് ഓർഗൻ  ഊതി  വാശി തീർത്തു . കൂടെയുള്ള കൂട്ടുകാർക്കും ഞാൻ മടികൂടാതെ മൗത്ത് ഓർഗൻ  വായിക്കാൻ കൊടുത്തു


ഇതൊക്കെ ഓർക്കുമ്പോൾ  ഇന്നലെ കഴിഞ്ഞതുപോലെ തോന്നുന്നു. ഈ  ഓണവും കടന്നുപോയി . പക്ഷെ അപ്പൻ  ഓണത്തിന് മുമ്പേ ഈ ലോകത്തിൻ നിന്നു പോയി . വാഴയിലയേയും  സദ്യയേയും ഇഷ്ടപ്പെട്ട  അപ്പൻ ...മകന്റെ  പൊട്ട പിടിവാശിക്കായി  തിരുവനതപുരം വരെ  പോകാൻ  മടിയില്ലാത്ത അപ്പൻ ... അപ്പനേക്കുറിച്ചുള്ള  ഓർമ്മകളോടെ അശാന്തമായ  മനസ്സുമായി  ഇരിക്കുമ്പോളാണ്  തിരുവോണത്തിന്റെ  തലേന്ന്  അടൂർ തേപ്പുപാറയിലെ  അനാഥാലയത്തിൽ നിന്ന് ഒരു ഫോൺ കോൾ . തേങ്ങുന്നതുപോലെ  ഒരു സ്ത്രീ ശബ്ദം ..

''നാളെ തിരുവോണമാണ്  സർ ..ഇതു വരെ  ഓണസദ്യയ്ക്ക്  ആരും സഹായം എത്തിച്ചിട്ടില്ല . ഇവിടുത്തെ അന്തേവാസികൾക്ക് ഓണസദ്യ കൊടുക്കാമോ സർ?...''

രണ്ടാമതൊന്ന്  ആലോചിച്ചില്ല, ശരി എത്ര വേണമെങ്കിലും ചിലവഴിച്ചോളൂ...ഒന്നാന്തരം  ഒരു  സദ്യ ഒരുക്കികൊള്ളുക  എന്നു  ഞാൻ മറുപടി പറഞ്ഞു. ഓണത്തിന് അവരോടൊപ്പം  ഉണ്ണാൻ ഇരുന്നു. പ്രായം ചെന്നവരും കുട്ടികളും ഒക്കെ ചേർന്നു  ഒരു പത്തുമുപ്പതുപേർ. പലരും വീൽ ചെയറിലും വാക്കറിലും മറ്റും ആണ്. ഊണിന് മുമ്പ് രണ്ടുമൂന്നു  കുട്ടികൾ  ചേർന്നു  ഒരു പാട്ടുപാടി..

കരുതുന്നവൻ  ഞാൻ അല്ലയോ കലങ്ങുന്നതെന്തിനു  നീ 
കണ്ണുനീരിന്റെ താഴ്വരയിൽ കൈവിടുകയില്ല ഞാൻ നിന്നെ ....


ഒന്നും കഴിക്കാൻ തോന്നുന്നില്ല. വിശപ്പൊക്കെ എവിടേയോ പോയ്മറഞ്ഞതുപോലെ. എന്തൊക്കെയോ  കഴിച്ചെന്നു വരുത്തി ഞാൻ  എഴുന്നേറ്റു. അടുത്തിരിക്കുന്ന വൃദ്ധന്റെ മുഖത്തേക്ക് ഞാൻ  ഒന്നു നോക്കി. സദ്യ കഴിക്കുമ്പോൾ അപ്പന്റെ മുഖത്ത് കാണുന്ന അതേ  വ്യഗ്രതയും ഉത്സാഹവും  ആ മുഖത്തും . മെല്ലെ ഓർമ്മകൾ  വന്നു കണ്ണുകളെ  മൂടി. ചുറ്റുമുള്ള കാഴ്ച്ചകൾ  ഒക്കെ പതിയെ കണ്ണിൽ നിന്നു മറഞ്ഞു. മൗത്ത് ഓർഗനു വേണ്ടി  വാശി പിടിക്കുന്ന ആ പഴയ കുട്ടിയായി  ഞാൻ  മാറി....

Thursday, 1 September 2016

പൊതിച്ചോറും ഗൾഫ് പ്രവാസിയും


പൊതിച്ചോറും ഗൾഫ് പ്രവാസിയും


ഞാൻ പ്രീഡിഗ്രിയ്ക്ക് പഠിക്കുന്ന കാലം. പ്രീഡിഗ്രി എന്നുവെച്ചാൽ  ഇന്നത്തെ പ്ലസ്‌ 2 മാതിരി  യൂണിഫോം ഇട്ടു  എൽ.കെ.ജി കുട്ടികളെപ്പോലെ സ്കൂളിൽ  പോകുന്ന പരിപാടി അല്ല . സാക്ഷാൽ ആർട്സ് ആൻഡ് സയൻസ് കോളേജിൽ  ആണ് പഠനം. പത്താംക്ലാസ്സുവരെ വരണ്ട ഉണക്കപ്പുട്ട് അടിച്ചവനു നല്ല വറുത്തരച്ച  കോഴിക്കറിയും പെറോട്ടയും മുമ്പിൽ വെച്ചുകൊടുത്ത അനുഭവം. ഒരു കാര്യം,  പഠിക്കുവാണെങ്കിൽ  ഞാൻ ഒക്കെ പഠിച്ച പുനലൂർ എസ്.എൻ  കോളേജ് പോലുള്ള കോളേജിൽ തന്നെ പഠിക്കണം. ഞങ്ങൾ ഓണം കേറാമൂലകളിൽ നിന്ന് ആനവണ്ടിയൊക്കെ പിടിച്ചു പുനലൂരെത്തി 3 കിലോമീറ്റർ നടന്നു കോളേജ് നിൽക്കുന്ന മല കേറുമ്പോഴേക്കും അവിടെ പഠിത്തവും സമരവും കഴിഞ്ഞു പിള്ളേർ താഴേക്ക് ഇറങ്ങി വരുന്നതാകും മിക്ക ദിവസത്തെയും കാഴ്ച്ച . ദോഷം പറയരുത്,  പഠിക്കേണ്ടവർ  വല്ല  ട്യൂട്ടോറിയൽ  കോളേജിലോ പ്രൈവറ്റ് ട്യൂഷനോ പോയി പഠിച്ചോളും. ഉച്ച കഴിഞ്ഞേ ഉള്ളൂ  ട്യൂട്ടോറിയൽ  ക്ലാസ്സ്. അതിനാൽ ഉച്ച വരെ തെണ്ടി തിരിയാൻ എന്തൊക്കെ അവസരങ്ങളാണ് ഞങ്ങൾ കുട്ടികൾക്ക് പുനലൂർ പട്ടണം  ഒരുക്കി വച്ചിരുന്നത്. ആ കഥകൾ ഒക്കെ  എഴുതാൻ പുതിയ ബ്ലോഗ് തന്നെ തുടങ്ങേണ്ടിവരും.


കോളേജിൽ ചേർന്ന കാലം അമ്മ  രാവിലെ  ചോറുപൊതി കെട്ടി തന്നുവിടും. അന്നൊക്കെ കോളേജിൽ പഠിക്കുന്ന കുട്ടികൾ നോട്ടുബുക്കുകൾ ഒന്നും കൊണ്ടുനടക്കാറില്ല . പകരം ഒരു പ്ലാസ്റ്റിക്ക് ഫയൽ കാണും. അതിൽ അന്നന്നു പഠിപ്പിക്കുന്ന കാര്യങ്ങൾ പേപ്പറിൽ  എഴുതി ചരടുവെച്ചു കെട്ടി സൂക്ഷിക്കും. ഫയൽ കൊണ്ടു നടക്കാൻ സൗകര്യം. ചുരുട്ടി പാൻസിന്റെ പോക്കറ്റിൽ വെയ്ക്കാം . വേണ്ടിവന്നാൽ പേപ്പറുകൾ മടക്കി റോക്കറ്റായി പ്ലാറ്റുഫോമിൽ  നിൽക്കുന്ന സാറുന്മാരുടെ നേരെ പ്രയോഗിക്കാം, ചുരുട്ടി മുമ്പിൽ ഇരിക്കുന്ന പഠിപ്പിസ്റ്റുകളുടെ തലയിൽ എറിയാം, അതുമല്ലെങ്കിൽ ലെക്ച്ചർ  നോട്ട്  എഴുതുന്നു എന്ന വ്യാജേനെ പ്രേമസുരഭില കുറിപ്പടികൾ എഴുതി പെൺബെഞ്ചുകളിലേക്ക് കൈമാറാം..അങ്ങനെ എന്തെല്ലാം  ഉപകാരങ്ങൾ  ആണ് പേപ്പറിനുള്ളത്. പിന്നെ ആകെയുള്ള ശല്യം പൊതിച്ചോറ്. അത് അന്നത്തെ ഫാഷനും സ്റ്റൈലിനും പിടിക്കുകയില്ല.


കൊല്ലം-ചെങ്കോട്ട റോഡിന്റെ സൈഡിൽ ആയിരുന്നു എന്റെ വീട് . ബസ്സുകൾ  വീടിന്റെ മുമ്പിലത്തെ കവലയിൽ നിറുത്തും. വീടിനു മുമ്പിലത്തെ ഗെയ്റ്റിനകത്ത് നിന്നാൽ  എതിരെ ബസുകാത്ത്  നിൽക്കുന്ന കോളേജുകുമാരിമാരുടെ  ദർശനം കൃത്യമായി കിട്ടും . ഗെയ്റ്റിന് പുറത്തു ഒരു തിണ്ണയുണ്ട് . രാവിലെ കോളേജിൽ പോകാൻ റെഡിയായി  ഫയലും പൊതിച്ചോറും തിണ്ണയിൽ കൊണ്ടുപോയി പ്രതിഷ്ഠിക്കും . ഞാൻ ഹാജർ ഉണ്ടെന്നു സഹ വാളികളെ ( ഞങ്ങളുടെ നാട്ടിൽ കോളേജു കുമാരന്മാരെ നാട്ടാർ വിളിക്കുന്ന സുന്ദരപദം ) ധരിപ്പിക്കാൻ ഉള്ള ശ്രമത്തിന്റെ ഭാഗമാണിത്. ഗെയ്റ്റിനകത്തു നിന്ന് വായിനോക്കുമ്പോൾ ആകും അമ്മ എന്തെങ്കിലും ആവശ്യത്തിന് അകത്തേക്ക് വിളിപ്പിക്കുന്നത്.  കള്ളകാക്കകൾ ആ തക്കം  നോക്കി ഇരിക്കുകയാകും , ഞാൻ എന്ന പോഴൻ  പൊതിച്ചോറും  വെച്ചിട്ടു വീടിനകത്തേക്ക്  പോകും എന്ന കാര്യം അവകൾക്ക്  കൃത്യമായി  അറിയാം. അകത്തോട്ടു പോകുന്ന തക്കം നോക്കി കാക്ക വന്നു പൊതിച്ചോർ കൊത്തും. തിരികെ  അമ്മ പറഞ്ഞ കാര്യം കേട്ടു  എത്തുമ്പോഴേക്കും കാക്ക പൊതിച്ചോർ കൊത്തി ഞാനൊന്നും അറിഞ്ഞില്ലേ രാമ നാരായണ..എന്ന മട്ടിൽ  ഇരിക്കും. എതിരെ നിൽക്കുന്ന കോളേജ്  ലലനാമണികളുടെ കൂട്ട പരിഹാസച്ചിരി കാണുമ്പോഴേ അറിയാം പണികിട്ടിയെന്ന്.

പൊതിച്ചോർ കാക്കകൊത്തിയെന്നു  അമ്മയോട്  പറഞ്ഞാൽ  കയ്യിൽ ഇരിക്കുന്ന തവിക്കണ കൊണ്ടോ പാത്രം കൊണ്ടോ  വീക്ക്‌ കിട്ടും. പാടുപെട്ടു രാവിലെ എഴുന്നേറ്റു ഉണ്ടാക്കിയ ചോറും കറികളുമാണ് കാക്ക കൊത്തിയത്.അതുകൊണ്ട് പൊതിച്ചോർ അമ്മ അറിയാതെ വഴിയിൽ  എവിടെയെങ്കിലും ഉപേക്ഷിക്കും. ചിലപ്പോൾ ഒരുകാരണവും ഇല്ലാതെ ചുമക്കാനുള്ള മടികൊണ്ടാവും  അങ്ങനെ ചെയ്യുക. ഇന്ന്  അങ്ങനെ വെറുതെ കളഞ്ഞ പൊതിച്ചോറുകളെ കുറിച്ചു ഓർമ്മിക്കുമ്പോൾ തന്നെ കണ്ണുനിറയും. അമ്മ പാടുപെട്ടു ഉണ്ടാക്കി തരുന്ന  പൊതിച്ചോറുകൾ എത്ര നിസ്സാരമായിട്ടായിരുന്നു പെരുവഴിയിൽ തള്ളിയത്. അമ്മയുടെ കൈപുണ്യമുള്ള ആ ചോറിന്റെ   രുചി  ഇപ്പോൾ ഓർക്കുമ്പോൾ  തന്നെ വായിൽ  വെള്ളം നിറയും. ഈ മരുഭൂമിയിൽ പൊതിച്ചോർ പോയിട്ട് ഒരു വാഴയില വേണമെങ്കിൽ  പൈസ മുടക്കി ലുലു സൂപ്പർ മാർക്കറ്റിൽ നിന്നോ മറ്റോ വാങ്ങണം.  ചെയ്ത  മഹാപാപത്തിന് തമ്പുരാൻ നൽകുന്ന ശിക്ഷയേ...


ഞാൻ പ്രീഡിഗ്രിയ്ക്ക് രണ്ടാം കൊല്ലമായപ്പോൾ  ഇനി മുതൽ പൊതിച്ചോർ കോളേജിൽ കൊണ്ടുപോകുകയില്ല  എന്ന് ഒരു പ്രഖ്യാപനം അങ്ങു നടത്തി. കാരണം ഞാൻ തന്നെ  ഒരു സബ്മിഷൻ ആയി അവതരിപ്പിച്ചു. കോളേജിലെ പൈപ്പിൽ വെള്ളം ഇല്ല. ചോറുണ്ടിട്ടു കൈ കഴുകാതിരിക്കുവാൻ  എന്നെ കൊണ്ടുപറ്റുകയില്ല  എന്നതായിരുന്നു  അതിന്റെ ഉള്ളടക്കം. കാക  ശല്യത്തേക്കുറിച്ചു ഒരക്ഷരം മിണ്ടിയില്ല . മിണ്ടിയാൽ പണിപാളും.  നീണ്ട വാദപ്രതിവാദങ്ങൾ..വാക്ക് ഔട്ട് ..കുത്തിയിരുപ്പ് സമരം ..ഒടുവിൽ പാവം അമ്മ അന്നുമുതൽ കോളേജിൽ പോകുന്ന ദിവസങ്ങളിൽ ഉച്ച ഭക്ഷണ അലവൻസായി  2 രൂപ  അനുവദിച്ചു . എനിക്കും പരമ സന്തോഷം. പൊതിച്ചോർ ചുമക്കേണ്ട , കൂടാതെ  അയൽപക്കക്കാരായ കോളേജ്  പെൺമണികളുടെ  ഊളച്ചിരി സഹിക്കേണ്ടല്ലോ.. അന്ന് രണ്ടു രൂപ ഉണ്ടെങ്കിൽ  ഉച്ച ഭക്ഷണം  കുശാൽ. പുനലൂർ  കോളേജ്  ജംഗ്ഷനിൽ അന്ന് ഒരു അച്ചായന്റെ  ഹോട്ടൽ  ഉണ്ട്. പെറോട്ട ഒന്നിന് 25  പൈസ വീതം നാലെണ്ണത്തിന്  ഒരു  രൂപ.  കൂടെ സാമ്പാറോ ചമ്മന്തിയോ ആണെങ്കിൽ ഫ്രീ. നീക്കിബാക്കി  ഒരു രൂപ പോക്കറ്റിൽ. കടലക്കറിയാണെങ്കിൽ  50പൈസ, മുട്ട റോസ്റ്റ് എങ്കിൽ  ഒരു  രൂപ  എങ്ങനെ പോയാലും 2   രൂപയിൽ  കാര്യം നടക്കും. പിന്നീട് എത്രയോ തവണ ആ ഹോട്ടലുകളിൽ നിന്നു കിട്ടുന്ന പഴകിയ കറികളും  പെറോട്ടയും കഴിച്ചു വയറു ചീത്തയായിട്ടും പൊതിച്ചോറ് കോളേജിൽ കൊണ്ടുപോകാൻ  എന്റെ  വൃഥാഭിമാനം  സമ്മതിച്ചിട്ടില്ല.


പിന്നീട് പഠിത്തം കഴിഞ്ഞു  പണി തേടി  എത്തപ്പെട്ട നാളുകളിൽ  ഒരു പൊതിച്ചോറിനായി  എത്ര കൊതിച്ചിട്ടുണ്ട്. നാട്ടിൽ  നിന്നു  ഗൾഫിലെത്തി ജോലിയ്ക്കായി  നെട്ടോട്ടം  ഓടിയ നാളുകൾ. ജോലി കിട്ടി ആദ്യതവണ മൂന്നുകൊല്ലം കഴിഞ്ഞാണ് നാട്ടിൽ പോയത്. ഉച്ചയ്ക്ക് 12 മണിയ്ക്കാണ്  തിരുവന്തപുരത്ത്‌  പ്ലെയിൻ  ഇറങ്ങിയത്. നേരത്തെ അമ്മയോട് വിളിച്ചു പറഞ്ഞിരുന്നു, എനിക്ക് പൊതിച്ചോർ കെട്ടിക്കൊണ്ടു വരണമെന്ന്. ബാക്കി എല്ലാവരും ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചപ്പോൾ ഞാൻ മാത്രം വെഞ്ഞാറംമൂടിനടുത്ത്‌  റോഡ്‌ സൈഡിൽ  വണ്ടിയൊതുക്കി ആ പൊതിച്ചോർ കഴിച്ചത്  ഇപ്പോഴും ഓർമ്മയിൽ മായാതെ നിൽക്കുന്നു. ആ പൊതി ഒറ്റവറ്റുപോലും  കളയാതെ തിന്നു,  വീട്ടിൽ നിന്നു കൊണ്ടുവന്ന കിണറ്റുവെള്ളം  കുറേ കുടിച്ചപ്പോൾ  ഉണ്ടായ സുഖം..എങ്ങനെ മറക്കാൻ ?


ചെറുപ്പത്തിൽ  അമ്മ  എത്ര ബുദ്ധിമുട്ടിയായിരുന്നു  പൊതിച്ചോർ  കെട്ടി തന്നിരുന്നത്. അമ്മ വൈകിട്ടു തന്നെ  ഞങ്ങളെകൊണ്ട് ഇല സംഘടിപ്പിക്കും. സ്‌കൂൾ തുറന്നു  ഒന്നുരണ്ടു മാസം കഴിയുമ്പോളേക്കും വീട്ടിലെ പറമ്പിൽ  ഉള്ള വാഴയിലകൾ  ഒക്കെ തീർന്നിരിക്കും. പിന്നീട്  ഞാനും അപ്പനും  ഒരു ചെറിയ തോട്ടിയും കോങ്കിയിരുമ്പുമായി  പറമ്പിന് പുറത്തേക്കു  ഇറങ്ങും. ഞങ്ങളുടെ പറമ്പിന്  പുറത്തു വിശാലമായ  ഒരു തൊടിയാണ്, അതിൽ കാപ്പിമരങ്ങളും  ഇടയ്ക്ക്   വാഴയും  കമുകും. തൊട്ടടുത്ത  വീട്ടുകാരുടെയാണ് , അവർക്ക് ഞങ്ങൾ  ഇല വെട്ടുന്നതിൽ  പരിഭവമില്ല. ആകെയുള്ള  പ്രശ്നം  സൂക്ഷിച്ചില്ലെങ്കിൽ  പാമ്പത്താന്മാരുടെ  കടി കിട്ടും. പൊത്തുകളിൽ നിന്ന്  അവന്മാർ  ഇടയ്ക്കിടെ  തല  നീട്ടി  വെളിയിലേക്ക് നോക്കും. ഞാനും അപ്പനും  നിരുപദ്രവകാരികൾ  ആണെന്നു  തോന്നിയതിനാൽ  ആകും  ഞങ്ങളെ  വെറുതേ വിട്ടിരുന്നത്. അപ്പൻ പാകത്തിനുള്ള ഇല കണ്ടുപിടിക്കും. ഞാലിപ്പൂവന്റെയോ  കുടിവാഴയുടെയോ  ഇലയാണ് പൊതിച്ചോറ് കെട്ടാൻ  ഉത്തമം. ഞാൻ തോട്ടികൊണ്ട് ഇല ചായിച്ചുകൊടുക്കും. അപ്പനാകും തുമ്പുനോക്കി  ഇല  വെട്ടി എടുക്കുക. സൂക്ഷിച്ചില്ലെങ്കിൽ ഉടുപ്പിൽ  കറപറ്റും. ഇലകൾ കിണറ്റുകരയിൽ കൊണ്ടുവന്ന്  വെള്ളം കോരികഴുകി തുടച്ചു എടുക്കും. അതിനു ശേഷം വീട്ടിന്റെ പുറത്തെ  ചായ്പ്പിൽ കല്ലുകൂട്ടിയ  അടുപ്പിൽ  കനലിൽ  വാട്ടി എടുക്കും.  തുടർന്ന് അപ്പൻ  ഇരുമ്പുകൊണ്ട്  വാഴയിലയുടെ  പുറത്തെ  നരമ്പ്  ചെറുതായി പോന്തിഎടുത്ത്  കളയും. പൊതിച്ചോറ്  കെട്ടാനുള്ള ഇല റെഡി. അപ്പൻ ആ  ഇലകൾ  ഒരു മുറത്തിൽ  അടുക്കി  വെയ്ക്കും.
രാത്രിയിൽ  അങ്ങനെ  മുറത്തിൽ  സൂക്ഷിക്കുന്ന  ഇലയിൽ  അമ്മ  ചോറുപൊതി  കെട്ടും. രാവിലെ അഞ്ചുമണിക്ക്  ഞങ്ങളൊക്കെ സുഖം  പിടിച്ചു  ഉറങ്ങുമ്പോൾ അമ്മ  രാവിലത്തെ കാപ്പിയുടെയും പൊതിച്ചോറിന്റെയും  പണി തുടങ്ങും. മൂന്നുപൊതിയെങ്കിലും കെട്ടണം , എനിക്കും പെങ്ങൾക്കും പിന്നെ സ്കൂൾ അധ്യാപകനായ അപ്പനും. അമ്മ പഠിപ്പിക്കുന്ന സ്കൂൾ  അടുത്തായതിനാൽ  ഉച്ചയ്ക്ക്  വീട്ടിൽ  വന്നു കഴിക്കും. അടുക്കളയിലെ കലത്തിൽ   വേവുന്ന കുത്തരിയുടെ മണമാകും  മിക്കപ്പോഴും ഞങ്ങളെ  ഉറക്കത്തിൽനിന്ന്  ഉണർത്തുക. വെന്ത ചുടുചോറ്  അമ്മ  ഇലയുടെ നടുക്കുകോരിയിടും. നല്ല ചുട്ടരച്ച  തേങ്ങചമ്മന്തി  അകമ്പടിയായി  ഉണ്ടാകും. പിന്നെ ഏതെങ്കിലും  ഒരു തോരൻ, പയറോ മുരിങ്ങയിലയോ  അതുമല്ലെങ്കിൽ  ചീരയോ ആകും തോരൻ ആയി രൂപാന്തരം പ്രാപിക്കുക. കൂടെ  ഒരു കഷ്ണം ഉണക്കമീൻ  വറുത്തതോ  മുട്ട പൊരിച്ചതോ. ഒടുവിലായി  മേമ്പൊടിക്ക്  കടുമാങ്ങ ഉപ്പിലിട്ടതോ നാരങ്ങയോ. പിന്നെ  എനിക്കു സ്‌പെഷ്യൽ ആയി  കുറെ വാഴയ്ക്ക വറ്റൽ  അമ്മ ചോറിൽ പൂഴ്ത്തിവെയ്ക്കും. അതിനേകുറിച്ചൊക്കെ  ഓർക്കുമ്പോൾ തന്നെ കൊതിയാകുന്നു..

( ചിത്രങ്ങൾ കടപ്പാട്  : ഗൂഗിൾ )


ഉച്ചയ്ക്ക്  അടിവയറ്റിൽ  നിന്ന് വിശപ്പ് കത്തി ക്കയറുമ്പോൾ  ആകും  സ്‌കൂൾമണി  അടിക്കുക. പിന്നെ പൊതിക്കരികിലേക്ക്  ഒറ്റ ഓട്ടമാണ്. കൈയൊന്നും  കഴുകാൻ എവിടെ സമയം. ചോറുപൊതി  തുറക്കുമ്പോൾ  ഉള്ള മണം... ചോറും കൂട്ടാനുകളും ചേർന്നുള്ള  വർണപ്രപഞ്ചം. പൊതി തുറക്കുമ്പോൾ ആദ്യം പ്രത്യക്ഷപ്പെടുക വലിയൊരു പൊട്ട് ചമ്മന്തി. പതുക്കെ മറ്റുള്ളവയും തെളിഞ്ഞുവരും. ചുമന്ന ചീരയാണ് തോരൻ എങ്കിൽ ചുമന്ന കളറിന്റെ ചോറ്, നേരേമറിച്ചു പച്ച ചീരയെങ്കിൽ  ആകെ പച്ചനിറം. അവിയലോ മറ്റോ  ഉണ്ടെങ്കിൽ  മഞ്ഞയാകും നിറം. നാവിന്റെ  രസമുകുളങ്ങളിൽ  രുചിയുടെ കമ്പക്കെട്ട്  തീർക്കുകയാകും ഓരോ ഉരുളയും... കൂടെ, എനിക്ക്  പ്രിയപ്പെട്ട  തണുത്ത  വാഴയ്ക്കാ വറ്റലും.. വാട്ടിയ വാഴയിലയുടെ മണവും അകമ്പടിയായി  എത്തുമ്പോൾ  എങ്ങനെ  പിടിച്ചു നിൽക്കാൻ ?


മലയാളിയുടെ  ഗൃഹാതുരത്വം  പേറുന്ന  ഓർമ്മയാണ്  പൊതിച്ചോർ. അമ്മയുടെ  വിയർപ്പിന്റെ  ഉപ്പും  സ്നേഹത്തിന്റെ  മാധുര്യവും  ഉണ്ട്  ആ പൊതിച്ചോറിനു് .  ആ വാട്ടിയ ഇലയുടെ  ഗന്ധം  ഓർക്കുമ്പോൾ  മൂക്കിലേക്ക് അടിച്ചുകയറുക  നമ്മുടെ നഷ്ടബാല്യങ്ങളുടെ  ഓർമ്മപ്പെടുത്തലുകൾ ആകും. അമ്മയുടെ  കരുതലും  സ്നേഹവും നിറഞ്ഞ ആ പൊതിച്ചോറിനേക്കാൾ വരില്ല ഏതു ഫൈവ്സ്റ്റാർ ഹോട്ടലിലെ  ഭക്ഷണവും.  ഈയിടെ തിരുവനന്തപുരം  ദുബൈ  എമിരേറ്റ്സ്  വിമാനം കത്തിനശിച്ചപ്പോൾ  നഷ്ടപ്പെട്ട  സാധനങ്ങളുടെ  കൂട്ടത്തിൽ നൂറിലധികം പൊതിച്ചോറുകൾ ഉണ്ടാകും  എന്നു ട്രോളുകാർ കളിയാക്കിയിരുന്നു. തീർച്ചയായും..ആ പാഥേയങ്ങളുടെ എണ്ണം  അവർ കളിയാക്കിയതിനേക്കാൾ കൂടുതൽ  ആയിരിക്കും. കാരണം മലയാളി, നാടിന്റെ  ഓർമ്മയെ താലോലിക്കുക  ഇത്തരത്തിലുള്ള  ചില അനുഷ്ടാനങ്ങളിലൂടെ  ആയിരിക്കും. അപ്രാവശ്യത്തെ യാത്രയുടെ കലാശക്കൊട്ടാകും അവൻ നാട്ടിൽ നിന്നു കൊണ്ടുവന്നു കഴിക്കുന്ന  ആ പൊതിച്ചോറ്. അവൻ,  അടുത്തവർഷം വരെയോ അല്ലെങ്കിൽ  അതിനടുത്ത വർഷം വരെയോ ഈ മരുഭൂമിയുടെ കനൽക്കാറ്റിനെ നേരിടുക  ആ ഓർമ്മയുടെ കരുത്തുകൊണ്ടാകും.


ഗൾഫിൽ നിന്ന് ഞാൻ നാട്ടിൽ പോയിവരുമ്പോൾ  ഒറ്റപ്രാവശ്യം  പോലും പൊതിച്ചോറിനെ കൂടെ കൂട്ടാതിരുന്നിട്ടില്ല. തിരികെ പോകുന്നതിനു തലേന്ന് അപ്പൻ പഴയതുപോലെ ഒരു കൊങ്കിയിരുമ്പുമായി  തൊടിയിലേക്ക്  ഇറങ്ങും. പ്രായം 75 കഴിഞ്ഞെങ്കിലും അതിനുള്ള ഉത്സാഹം  കാണുമ്പോൾ തന്നെ മനസ്സുനിറയും. ഞാൻ  ഇല  വെട്ടാമെന്നു  പറഞ്ഞാലും  നീ കുട്ടിയല്ലേ ,നല്ലയില  ഏതാണെന്ന്  നിനക്കറിയില്ല എന്നാകും രണ്ടു കുട്ടികളുടെ അപ്പനായ എന്നോടുള്ള  മറുപടി. ഇല വാട്ടി പഴയതുപോലെ നരമ്പ്‌ ഒക്കെ കളഞ്ഞു തയാറാക്കും. രണ്ടു തേങ്ങ ചുട്ടരച്ചു,  ചമ്മന്തി  അപ്പോഴേക്കും  അമ്മ  തയ്യാറാക്കിയിരിക്കും. പിന്നെ പാവയ്ക്ക മെഴുക്കുപുരട്ടി, വാഴക്കൂമ്പ് തോരൻ തുടങ്ങിയവയും.   പോത്തിറച്ചി  വരട്ടിയതോ അല്ലെങ്കിൽ മീൻ വറുത്തതോ മൂന്നാലു ദിവസത്തേക്ക് കഴിക്കാനുള്ളതും കൂടെ അടുപ്പിൽ  തയ്യാറുണ്ടാകും. നേരത്തെ  തയാറാക്കി വെച്ച  ഇഞ്ചിപ്പുളിയും  കൂടെ കൂട്ടും. വീട്ടിൽ നിന്ന് യാത്ര പുറപ്പെടുന്നതിനു മണിക്കൂറുകൾക്ക് മുമ്പ്  വെന്ത കുത്തരിച്ചോർ ഒരു വലിയ ഇല നിറയെ തിക്കി നിറയ്ക്കും.  ചമ്മന്തിയും മറ്റു അസ്മാദികളും  വെവ്വേറെ  ഇലകളിൽ പൊതിഞ്ഞു  ഒരു ഒറ്റ പൊതിയാക്കും. അങ്ങനെ ചോറിന്റെയും കൂട്ടാന്റെയും രണ്ടു പൊതികൾ. വീട്ടിൽ നിന്നു ഇറങ്ങുന്നതിന്  മുമ്പ് ഹാൻഡ്ബാഗിൽ രണ്ടുപൊതികളും ഭദ്രമായി വെച്ചോയെന്നു ഉറപ്പ് വരുത്തിയാകും യാത്ര. ഇവിടെ എത്തിയാലോ ഒരു മൂന്നാലു ദിവസം അതുകൊണ്ടാകും കഴിയുക. ആദ്യദിവസത്തിൽ തന്നെ ചോറു കഴിയും. മൂന്നാലു ദിവസത്തേക്ക് ചോറുമാത്രം വെയ്ക്കും കറികൾ നാട്ടിൽ നിന്നുകൊണ്ടു വന്ന പൊതിയിൽ നിന്ന് അരിഷ്ടിച്ചു എടുക്കും. ഫോൺ വിളിക്കുമ്പോൾ ചോറും കൂട്ടാനും തീർന്നോ എന്നാകും അമ്മ ആദ്യം ചോദിക്കുക.ഗൾഫ് മലയാളിയുടെ പ്രീയപ്പെട്ടവർക്ക് അത് അമ്മയാകാം, ഭാര്യയാകാം, അതൊക്കെ ഒരു നേർച്ചക്കടം പോലെയാണ്.  അവനെ നാടുമായി ബന്ധിപ്പിക്കുന്ന സ്നേഹം നിറഞ്ഞ നേർച്ചക്കടം. തന്റെ ഗൾഫ് പ്രവാസത്തിന്റെ യാത്രകളിൽ അവൻ അനുഭവിക്കുന്ന അവസാനത്തെ നാടൻരുചിയാണ് ആ പാഥേയത്തിന്റേത്. ആദ്യമായി ഗൾഫിൽ എത്തുന്നവന് അതുവരെ ആസ്വദിച്ചിട്ടുള്ള പലരുചികളുടേയും അന്ത്യഅത്താഴം ആണ് ആ ബലിച്ചോറ്. ഓരോ ഉരുളയിലും ഓർമ്മയുടെ വേലിയേറ്റം ആകും ഉണ്ടാകുക, ചിലപ്പോൾ മുഴുമിക്കാനാവാതെ കണ്ണുനീർ ഉപ്പാകും അതിൽ കലരുക. ആ പൊതിച്ചോറിലെ അവസാനത്തെ ഉരുളയോടെ നാട് ഓർമ്മയായി മാറുന്നു , വളരെ സുഖകരമായ ഓർമ്മ. ആ ഓർമ്മകളുടെ ഭാണ്ഡവും പേറിയാകും പിന്നീട് നാട്ടിൽ തിരികെ എത്തുംവരെ അവൻ ജീവിക്കുക. മരുഭൂമിയിലെ ഏതു പ്രതിസന്ധിയേയും നേരിടുവാൻ അവനെ പ്രേരിപ്പിക്കുന്നത് തന്റെ പ്രിയപ്പെട്ടവരുടെ ഇത്തരത്തിലുള്ള കരുതലും സ്നേഹവുമാണ്. അത് പ്രവാസിയുടെ അവകാശമാണ്, ഒരു കുന്നിമണിയോളം വലുപ്പമുള്ള അവന്റെ മാത്രം അവകാശം. ഒടുക്കത്തെ വറ്റും തിന്നു ഇലയും കടലാസും ചുരുട്ടി എറിയുമ്പോൾ അവൻ വീണ്ടും ഒരു പ്രവാസിയായി മാറുന്നു,  അടുത്ത അവധിക്കാലത്തിനായി ദിവസങ്ങൾ എണ്ണുന്ന ഗൾഫ് പ്രവാസി...


വഴി നടന്നേറെ തളര്‍ന്നുവെന്നാകില്‍
നിറയെ പൂത്തൊരീക്കണിക്കൊന്നച്ചോട്ടില്‍
ചുമലിലെച്ചുമടിറക്കിവച്ചിനി
പതിയെ പാഥേയപ്പൊതി തുറന്നിടാം

തനയനുള്ളിലെ തളര്‍ച്ചയാറ്റുവാന്‍
അറിഞ്ഞമ്മയേകുമമൃതമീയന്നം
ഇതിലുണ്ടമ്മതന്‍ ചിരിയും കണ്ണീരും
തളരും നാളിലെ തണല്‍ പ്രതീക്ഷയും..
                    ( പാഥേയം - ജ്യോതീബായ് പരിയാടത്ത് )