Saturday 22 February 2020

മസറ


മസറ




ഈ എഴുത്ത് മനോരമ  ഓൺലൈനിൽ  പ്രസിദ്ധീകരിച്ചു ലിങ്ക്


https://www.manoramaonline.com/literature/your-creatives/2020/03/04/masara.html


ആട്ടിൻചൂര് മണക്കുന്ന ഗൾഫിലെ നാട്ടിടവഴികളൂടെ വെള്ളിയാഴ്ചകളിലെ  പ്രഭാതത്തിൽ ഇളംസൂര്യന്റെ കിരണങ്ങളേറ്റു നടക്കുന്നത് കുറേനാളായി ഒരു ശീലമായി തീർന്നിരിക്കുന്നു. ഗൾഫ് പ്രവാസികളുടെ വെള്ളിയാഴ്‌ച പ്രഭാതം സുഖസുഷുപ്തിയ്ക്കുള്ളതാണ് എന്ന അടിസ്ഥാനപ്രമാണം ഞാൻ തെറ്റിയ്ക്കുന്നത് മറ്റൊന്നും കൊണ്ടല്ല, പ്രഭാതസവാരി നൽകുന്ന കാഴ്ച്ചകളും അതിലൂടെ ലഭിയ്ക്കുന്ന അനിർവ്വചനീയമായ   ആനന്ദവും അനുഭവിക്കുന്നത് മുടക്കാൻ ഇഷ്ടമില്ലാത്തതുകൊണ്ടാണ്. ഞാൻ താമസിക്കുന്ന ഫ്ലാറ്റിന്റെ മുമ്പിലെ ഇരട്ടവരിപാതയിൽ  വെള്ളിയാഴ്ച  രാവിലെ തിരക്കുണ്ടാവാറില്ല. റോഡ് മുറിച്ചുകടന്നു റൌണ്ട് എബൗട്ടിനടുത്തെത്തി അല്പം മുമ്പോട്ടുനടന്നാൽ ഒരു ഭാഗത്ത് വിശാലമായ മൈതാനമാണ്. ദൂരെ മൈതാനം അവസാനിക്കുന്നത് ശ്മശാനത്തിന്റെ കനത്ത മതിൽകെട്ടിന്റെ മുമ്പിലാണ് . ഞാൻ താമസ്സിക്കുന്ന ചെറുപട്ടണത്തിലെ ഏറ്റവും വലിയ ഖബറിസ്ഥാൻ ആണത്. മൈതാനം ചുറ്റി ശ്മശാനത്തിന്റെ അരികിലൂടെ മുമ്പോട്ട് നടന്നാൽ വിശാലമായ കൃഷിയിടങ്ങളാണ് .ഈന്തപ്പനയും മാവും  ചിക്കുമരങ്ങളുമൊക്കെ നിറഞ്ഞു നിൽക്കുന്ന കൃഷിയിടങ്ങൾ. അറബിയിൽ  'മസറ'  എന്നു വിളിക്കുന്ന കൃഷിയിടങ്ങളിൽ മിക്കവയും മതിലുകെട്ടിയും മരവേലി കെട്ടിയും സുരക്ഷിതമാക്കിയിട്ടുണ്ട്. കൃഷിത്തോട്ടങ്ങളുടെ അരികിലുള്ള കാലിച്ചാണകം മണക്കുന്ന, മാവ്  പൂക്കുന്ന നാട്ടുവഴികളിലൂടെയുള്ള നടത്തം ഒരു പ്രത്യേക അനുഭവമാണ്.  കൊഴിഞ്ഞു വീണ മാമ്പൂക്കൾ പരവതാനി വിരിച്ച വഴികൾ .  പ്രഭാതത്തിൽ ഇളംസൂര്യന്റെ ചൂടുമേറ്റു കിളികളുടെ കളനാദവും ആടുകളുടെ കരച്ചിലും പൂവൻകോഴിയുടെ കൂവലുമൊക്കെ എന്നെ കേരളത്തിലെ ഏതോ നാട്ടിൻപുറത്തെത്തിച്ച പ്രതീതി ഉണ്ടാക്കും. അത് നഷ്ടമാക്കുവാൻ  ഞാൻ കഴിവതും ഇഷ്ടപ്പെടാറില്ല. മരവേലികളിൽ പടർന്നു നിൽക്കുന്ന വള്ളികളിൽ പൂത്തുനിൽക്കുന്ന ശംഖുപുഷ്പങ്ങളോടും ശവംനാറി പൂക്കളോടും പിന്നെ പേരറിയാത്ത ഒട്ടേറെ പൂക്കളോടും സൊറ പറഞ്ഞുള്ള പ്രഭാതയാത്രകൾ. 


മൈതാനത്തിന്റെ ഒരറ്റത്തു പ്രഭാതത്തിൽ കൊണ്ടുപിടിച്ച തീറ്റപ്പുല്ല് കച്ചവടമാണ്. ബംഗാളികൾ നക്കലിൽ (തോട്ടത്തിൽ) നിന്ന് മുറിച്ചെടുത്ത തീറ്റപ്പുല്ല് കെട്ടുകെട്ടാക്കി തലച്ചുമടായും സൈക്കിളിലും കെട്ടിവെച്ചു കൊണ്ടുവന്നു കച്ചവടം നടത്തും. പുലർച്ചെതന്നെ അറബികൾ പിക്കപ്പുകളിലും മറ്റും വന്നു തോട്ടത്തിലെയും വീടുകളിലെയും ആടുമാടുകൾക്ക്  വേണ്ടി ആ പുൽകെട്ടുകൾ വാങ്ങിക്കൊണ്ടു പോകും. നല്ല രസമാണ് ആ കാഴ്ച്ച കണ്ടുനിൽക്കാൻ. കരിമ്പിന്റെ ഓലപോലെയുള്ള വലിയ തീറ്റപ്പുല്ലിനാണ് ഡിമാൻഡ്. 'കസബ് ' എന്നോമറ്റോ അറബിയിൽ അതിനു പറയുക. അറബി വല്യയുപ്പമാരും അറബിത്തള്ളമാരുമൊക്കെ രാവിലെ തന്നെ വണ്ടിയിലെത്തും.  പിന്നെ വിലപേശലാണ്. ചെറുപ്പക്കാരായ അറബികൾ അപൂർവ്വമായേ  എത്താറുള്ളു. ബംഗാളിയുമായി തർക്കിച്ചു ഒടുവിൽ ഒരു വിലയ്ക്കു കച്ചവടം ഉറപ്പിക്കും. വണ്ടിയിൽ  'ദല്ലാ'  എന്നു വിളിക്കുന്ന അലാവുദീന്റെ അത്ഭുതവിളക്കുപോലെയുള്ള അറബിക് ചായപാത്രവും ഈന്തപ്പഴങ്ങളും കാണും. തീറ്റപ്പുല്ല് വണ്ടിയിൽ കയറ്റികൊടുത്ത്  പണം വാങ്ങുന്നതിനിടയിൽ അറബിതള്ളമാർ ചായയും ഈന്തപ്പഴവുമൊക്കെ അവർ ശാപ്പിടുന്നതിനൊപ്പം ബംഗാളികൾക്കും നൽകുന്നത് കാണാം. ചിലപ്പോൾ കാഴ്ച്ച കണ്ടുനിൽക്കുന്നവർക്കുവരെ അവർ  ചായ സമ്മാനിക്കും. ആട്ടിൻപാലൊഴിച്ച കൊഴുത്ത കടുപ്പം കൂടിയ ചായ മൺപാത്രങ്ങളിൽ ഈത്തപ്പഴത്തിന്റെ അകമ്പടിയോടെ അകത്താക്കുവാൻ നല്ല രസമാണ്. ഒന്നുരണ്ടു തവണ എനിക്കും കിട്ടിയിട്ടുണ്ട്  ആ ആതിഥ്യം. 


മസറകളിലെ ജീവിതം ഒരു പ്രത്യേക ലോകമാണ്. ഈന്തപ്പനകളും മാവുകളും വാഴയും പപ്പായമരങ്ങളും  ഒക്കെ നിറഞ്ഞ കൃഷിത്തോട്ടങ്ങൾ. ഒരറ്റത്തു ഇളക്കിമറിച്ചു നിരപ്പാക്കിയ നിലത്താണ് പച്ചക്കറി കൃഷി.പച്ചക്കറി തോട്ടത്തിൽ  'കിയാർ' എന്നു വിളിക്കുന്ന സാലഡ്  വെള്ളരിക്ക, വത്തക്ക, ചീര, വെണ്ടയ്ക്ക,പച്ചമുളക് ,തക്കാളി ,വഴുതനങ്ങ  എന്നിങ്ങനെ ഒട്ടുമിക്ക പച്ചക്കറികൃഷികളും  കാണും. തോട്ടത്തിന് അരികിൽ മതിലിനോട് ചേർന്ന് ആട്ടിൻകൂടുകളും വലിയ കോഴിക്കൂടുകളും കാണും. ഫാൻ ഒക്കെ ഫിറ്റ് ചെയ്തു ആധുനിക രീതിയിൽ ആണ് സെറ്റപ്പ്. ഓരോ തോട്ടത്തിലും കാണും പത്തുനൂറു ആടുകളും എണ്ണിയാൽ തീരാത്ത കോഴികളും കാടപ്പക്ഷികളും മറ്റും . ബംഗാളികളാകും മിക്ക തോട്ടത്തിലെയും പണിക്കാർ. തോട്ടത്തിൽ തന്നെ രണ്ടോമൂന്നോ  മുറികളുള്ള ചെറിയ ഷെഡുകളാണ് അവരുടെ താമസം. ചൂടുകാലത്ത് ആണ്  ദുരിതം. റൂമിൽ ഏ.സിയൊക്കെ  ചുരുക്കം  ചില ഷെഡുകളിൽ മാത്രമേ കാണുകയുള്ളു.പെഡൽ ഫാനാണ് മിക്കവരുടെയും ആശ്രയം . ബംഗാളികൾ ചൂടുകുറയ്ക്കുവാൻ  മേൽക്കൂരയിൽ  ഈന്തപ്പനയോല മേയും. അതിൽ  വെള്ളം കോരിയൊഴിച്ചു  തണുപ്പിച്ചു ആകും ചൂടിന്റെ കാഠിന്യം കുറയ്ക്കുക. കോഴിയും ആടും പൂച്ചയും എല്ലാം ചേർന്ന ജീവിതം. എല്ലാ താമസസ്ഥലത്തും കാണും മൂന്നോനാലോ വളർത്തുപൂച്ചകൾ. ബംഗാളികൾ മീൻപ്രിയരായതിനാൽ  ആണ് പൂച്ചകളുടെ സഹവാസം. തോട്ടത്തിലെ പണിക്കിടയിൽ  സദാസമയവും ഹെഡ്ഫോൺ ചെവിയിൽ  തിരുകി ഉച്ചത്തിൽ നാട്ടിലുള്ള വീട്ടുകാരോട്  വർത്തമാനം പറയുകയോ പാട്ടുകേൾക്കുകയോ  ആകും മിക്ക ബംഗാളികളുടെയും  വിനോദം. ബംഗാളികൾക്ക് തോട്ടത്തിൽ  പിടിപ്പത് പണിയുണ്ട്. രാവിലെ എഴുന്നേറ്റാലുടെൻ  ആടുകളെ കൂട്ടിൽ നിന്ന് തുറന്നുവിടണം. കോഴികൾക്കും കാടകൾക്കും തീറ്റയും വെള്ളവും കൊടുക്കണം. തോട്ടത്തിന് നടുവിലുള്ള ടാങ്കിൽ നിന്ന്  മോട്ടോർ ഓൺ ചെയ്തു തോട്ടവും പച്ചക്കറികളും നനയ്ക്കണം. പച്ചക്കറി കൃഷിയിടത്തിൽ എല്ലായിടത്തും തോട്ടം നനയ്ക്കുവാൻ  സ്പ്രിംഗ്ളർ  ഫിറ്റ് ചെയ്തിട്ടുണ്ട്. പിന്നെ പാകമായ പച്ചക്കറികൾ വിളവെടുക്കണം. അത് തടിപ്പെട്ടികളിൽ നിറച്ച്  സെയിലിനായി  എത്തുന്ന പിക്കപ്പുകളിൽ കയറ്റികൊടുക്കണം. അങ്ങനെ  നൂറുകൂട്ടം പണികൾ.


അതിനിടയിൽ  രാത്രിയിൽ  ഉണ്ടാക്കിവെച്ച  മീൻകറിയോ പരിപ്പുകറിയോ കൂട്ടി കുബൂസോ  വെള്ളച്ചോറോ പണിക്കാർ എല്ലാവരും കൂടിയിരുന്നു കഴിക്കും. വല്ലാത്തൊരു ജീവിതം തന്നെ തോട്ടക്കാരുടേത്. വൈകുന്നേരം ആകുമ്പോൾ തോട്ടത്തിന്റെ ഉടമയായ അറബി തോട്ടത്തിലെത്തി പണികൾ നോക്കികാണും. അർബാബിന്റെ   ഉച്ചത്തിലുള്ള ശകാരം ആകും മിക്കപ്പോഴും ആദ്യം കേൾക്കുക. പിന്നെ പതുക്കെ അർബാബ്  ശാന്തനാകുമ്പോൾ ആകും ബംഗാളികൾ  ആവലാതികളുടെ കെട്ടുഅഴിക്കുക. ചിലർക്ക് നാട്ടിൽപോകാൻ അവധിവേണം മറ്റുചിലർക്ക് നാട്ടിൽ അയയ്ക്കാൻ അഡ്വാൻസ്  പണം  വേണം. ബംഗാളിയും അറബിയും ചേർന്നുള്ള സമാന്തരഭാഷയിൽ  കാര്യങ്ങൾക്ക് ഒരു തീരുമാനം ആക്കി അറബി സ്ഥലം കാലിയാക്കുമ്പോൾ ഒരു ഏഴുമണിയാകും. പിന്നെയാകും ഭക്ഷണം ഉണ്ടാക്കലും വിശ്രമവും.


എന്റെ ദിനംപ്രതിയുള്ള സവാരിയ്ക്കിടയിൽ ചുരുക്കം ചില തോട്ടക്കാരുമായി പരിചയത്തിലായിട്ടുണ്ട് . അവരിൽ ഒരാളാണ് ആലംനൂർ മിയ. ജൂൺമാസത്തിലെ ഒരു പുകയുന്ന സായാഹ്നത്തിലാണ്‌  ഞാൻ അയാളെ പരിചയപ്പെട്ടത്. ഒരു പത്തുമുപ്പത് വയസ്സുപ്രായം കാണും അയാൾക്ക്‌. കറുത്തുമെല്ലിച്ച ശരീരം. എപ്പോഴും പാൻ മുറുക്കി  ചുവപ്പിച്ച പല്ലുകൾ കാട്ടി ഇങ്ങനെ നടക്കും . ചെവിയിൽ  ഹെഡ്‍ഫോൺ. മൊബൈൽ  ഭ്രാന്തനാണ്. അവന്റെ മസറയുടെ  മുമ്പിലെ ഗേറ്റിൽ എനിക്കായി  കാത്തുനിൽകുകയായിരുന്നു അയാൾ.ഞാൻ അതുവഴി സായാഹ്നങ്ങളിൽ സ്ഥിരം നടക്കുന്നത്  അയാൾ കണ്ടിട്ടുണ്ടത്രേ.
'ഭായ്  യേ  പടോ '  അവൻ മൊബൈൽ  എന്റെ കൈയ്യിലേക്ക്  നീട്ടി.
കാര്യം ഇത്രയേയുള്ളു  അവന്റെ മൊബൈലിൽ  ഇംഗ്ലീഷിൽ  ഏതോ  ഒരു മെസ്സേജ്  വന്നിരിക്കുന്നു. അത് വായിച്ചു അർഥം പറഞ്ഞു കൊടുക്കണം.'മലബാറി' ആയതിനാൽ ആയതിനാൽ എനിക്ക് ഇംഗ്ലീഷ് അറിയാം  എന്നാണ് അവന്റെ  ധാരണ. ഞാൻ മെസ്സേജ് എടുത്തുനോക്കി. ഏതോ ഒരു ഫിലിപ്പെനി  പെണ്ണ്   അയച്ച ശൃംഗാരത്തിൽ കുതിർന്ന മെസ്സേജ് ആണത്. ലൗവ്ചിഹ്‌നം  ഒക്കെ കണ്ടുത്രിൽ  അടിച്ച ആലംനൂറിന്  അത് ആരെക്കൊണ്ടെങ്കിലും വായിപ്പിച്ചു കാര്യം മനസ്സിലാക്കാതെ  ഇരിക്കപ്പൊറുതി ഇല്ലെന്നായി. ഞാൻ കാര്യം പറഞ്ഞതോടെ അവൻ ഒരു കള്ളച്ചിരിയോടെ  മുഖം കുനിച്ചു. ആരാണ് കക്ഷി എന്ന് ചോദിച്ചിട്ടു  അവൻ ഒന്നും മിണ്ടുന്നില്ല. ഒരുപക്ഷെ  അവന്റെ അറബിയുടെ  വീട്ടിലെ പണിക്കാരികളായ ഏതെങ്കിലും ഫിലിപ്പെനി പെണ്ണാകും. ഇത്തരം ചുറ്റിക്കളികൾ  ഗൾഫിൽ സാധാരണയാണ്.
ഏതായാലും ആ കൂടികാഴ്ചയോടെ  ഞാനും ആലംനൂറും തമ്മിൽ പരിചയക്കാരായി.  അയാളെ  പിന്നീട്  പലപ്പോഴും വൈകുന്നേരങ്ങളിൽ  കറുപ്പും സിൽവറും  നിറമുള്ള ടേപ്പ് ഒട്ടിച്ചു വികൃതരൂപിയാക്കിയ സൈക്കിളിൽ ചെവിയിൽ ഹെഡ്ഫോൺ  തിരുകി  മൈതാനത്തിലൂടെ പാഞ്ഞുപോകുന്നത് കാണാം.മാർക്കറ്റിലും കൂട്ടുകാരായ  ഭായികളെ കാണാനും ഒക്കെ പോകുവാൻ ബംഗാളികൾക്ക്  സൈക്കിളാണ് ആശ്രയം. എന്നെ കണ്ടാലുടൻ  കൈയ്യുർത്തി  സലാം കാണിച്ചു ചുവന്ന കറപിടിച്ച പല്ലുകാട്ടി ചിരിച്ചു അയാൾ പരിചയം പുതുക്കും. പതുക്കെ എനിക്കും  അയാൾക്കും ഇടയിൽ  ഒരു സൗഹൃദം രൂപപ്പെട്ടു വന്നു. എനിക്ക്  ഹോസ്പിറ്റലിൽ ആണ്  ജോലി  എന്നറിഞ്ഞതോടെ അല്പം ബഹുമാനത്തിലായി പിന്നീടുള്ള ഇടപാടുകൾ. അവനും കൂട്ടത്തിൽ പണിയെടുക്കുന്ന  തോട്ടത്തിലെ ബംഗാളിഭായിമാർക്കും  ഞാൻ ഒരു മുറിഡോക്ടർ ആയിമാറി. അവരുടെ കൊച്ചുകൊച്ചു സംശയങ്ങൾ,  അവർക്കുള്ള രോഗങ്ങളെക്കുറിച്ചും കഴിക്കുന്ന മരുന്നുകളെക്കുറിച്ചും  ഉള്ള  സംശയങ്ങൾ ഞാൻ തീർത്തുകൊടുക്കണം. ഇടയ്ക്ക് ഉപകാരസൂചകമായി  മാങ്ങയോ പച്ചപപ്പായയോ ഈന്തപ്പഴമോ ഒക്കെ  തന്നു സൽക്കരിക്കാൻ അവർ മറക്കാറില്ല.


ആലംനൂർ മിയയുടെ  ജീവിതം അതൊരു കഥയാണ്. ആദ്യമെത്തിയത്  ഒമാനിലെ ഒരു ഗ്രാമത്തിൽ.  അവിടെ ഏതോ ഒരു കാട്ടറബി കഫീലിന്റെ  കീഴിൽ  ഒരു കൊല്ലം ശമ്പളമില്ലാതെ പണിയെടുത്തു.പകലന്തിയോളം പണിയെടുത്തിട്ടും ശമ്പളം കിട്ടാത്ത അവസ്ഥ. ഒടുവിൽ അവിടെ നിന്ന് ഒളിച്ചോടി ഒമാൻ ബോർഡർ കടന്നു ഇന്നാട്ടിലെത്തിയതാണ് അയാൾ. കയ്യിൽ പാസ്സ്പോർട്ടോ വിസയോ മറ്റു രേഖകളോ ഇല്ല. എങ്ങനെയോ ഈ തോട്ടത്തിൽ പണി കിട്ടി . തോട്ടത്തിലെ  പണി   ആയതിനാൽ  പോലീസ് പിടിക്കും എന്ന ആധി വേണ്ട. നാട്ടിൽ ഇതുവരെ പോയിട്ടില്ല, എട്ടുകൊല്ലമായി ഗൾഫിലെത്തിയിട്ട് . നാട്ടിൽ ഉപ്പയും ഉമ്മയും നാലുസഹോദരിമാരും ഇളയ അനുജനുമുണ്ട്. ഇവിടെനിന്ന് അയക്കുന്ന നിസ്സാരമായ തുക കൊണ്ടാണ് കുടുംബം പുലരുന്നത്. എന്നാണ് നാട്ടിൽ പോകുന്നത് എന്ന് ചോദിച്ചപ്പോൾ അവനൊരു ചിരി ചിരിച്ചു ചുവപ്പും കറുപ്പുമുള്ള പുഴുപ്പല്ലുകൾ  കാട്ടിയുള്ള പ്രതീക്ഷ നിറഞ്ഞ ചിരി.ഇങ്ങനെയും ഒരുപാട്  ജീവിതങ്ങൾ. സ്വന്തം നാട് കാണാതെ നീണ്ടവർഷങ്ങൾ ജീവിക്കുക. ഒടുവിൽ നാട്ടിൽ തിരിച്ചെത്തുമ്പോൾ നാട്ടുകാരും വീട്ടുകാരുമൊക്കെ അപരിചിതരാകുന്ന അവസ്ഥ.


മൈതാനത്തിലൂടെയും  തോട്ടങ്ങളുടെ ഇടയിലൂടെയുള്ള നാട്ടുവഴികളിലൂടെയും ഉള്ള യാത്രകൾ ഒരുപാട് കാഴ്ചകളെ എന്റെ മുമ്പിലെത്തിച്ചു.എന്റെ ചുറ്റുമുള്ള ജീവിതങ്ങളെകുറിച്ച് ചിന്തിക്കുവാനും സഹജീവികളുടെ  കഷ്ടപ്പാടുകളെക്കുറിച്ചു മനസ്സിലാക്കുവാനും എന്നെ പഠിപ്പിച്ചു. പുല്ലും പാഴ്ച്ചെടികളും അങ്ങിങ്ങായി പിടിച്ചു നിൽക്കുന്ന മൈതാനം അവസാനിക്കുന്നത് ശ്മശാനത്തിന്റെ മുമ്പിലാണ്. ഇരട്ടമതിലുകളുള്ള ഖബറിസ്ഥാന്റെ അഴിയുള്ള ഗേറ്റുകൾ മിക്കപ്പോഴും അടഞ്ഞുകിടക്കും.അഴികളുള്ള ഗേറ്റിലൂടെ അകത്തേക്ക് നോക്കിയാൽ നൂറുകണക്കിന് ഖബറുകൾ. സ്വദേശിയും വിദേശിയും എന്ന വ്യത്യാസമില്ലാതെ രണ്ടു മീസാൻ കല്ലുകൾക്കിടയിൽ അവർ ഉറങ്ങുന്നു.താമസരേഖകളില്ലാതെ വിദേശികൾ മരിച്ചാൽ മിക്കപ്പോഴും നാട്ടിൽ മൃതദേഹം കൊണ്ടുപോകാറില്ല . മരുഭൂമിയിൽ സ്വപ്നം കുരുപ്പിടിപ്പിക്കുവാൻ വന്നവർ ഒന്നുമാകാനാകാതെ മണൽക്കാട്ടിൽ ഉറങ്ങുന്നു .  ആ പള്ളിക്കാട്ടിലെ മക്ബറകൾക്ക് എന്തെല്ലാം കഥകളാണ് പറയാനുള്ളത്?


ജൂൺമാസത്തിൽ നാട്ടിൽപോയി തിരിച്ചു  വന്നിട്ടു  കുറേനാൾ നടക്കുവാൻ പോകാൻ കഴിഞ്ഞില്ല. നല്ലചൂട്  സമയത്ത് ഗൾഫിൽ  വ്യായാമത്തിനായി നടക്കുക ഒരു സാഹസമാണ്. ഒരു രണ്ടുമിനിറ്റ്‌ നടക്കുമ്പോഴേക്കും ശരീരം വിയർത്തൊലിച്ചു ഒരു പരുവമാകും. അതിനാൽ മിക്കവരും ആ മാസങ്ങളിൽ നടത്തം ഒഴിവാക്കുകയാണ് പതിവ്.  സെപ്തംബർ  മാസമാകുമ്പോഴേക്കും ചൂടിന്റെ ആധിക്യം കുറഞ്ഞുതുടങ്ങും. നടത്തക്കാർ അവരുടെ പഴയപതിവ് പുനരാരംഭിക്കും. ഞാൻ  സായാഹ്‌നസവാരികൾ  വീണ്ടും ആരംഭിച്ചു. പഴയവഴികളൂടെ പലദിവസം നടന്നിട്ടും ആലംനൂർ മിയയോ അവന്റെ തോട്ടത്തിൽ  പണിയെടുക്കുന്ന മറ്റാരെയും ഞാൻ കണ്ടില്ല. ഒരു ദിവസം  ഞാൻ അവൻ പണിയെടുക്കുന്ന തോട്ടത്തിൽ പോയി തിരക്കാൻ തീരുമാനിച്ചു.ഒരുപക്ഷെ അവൻ  ഔട്ട്പാസ് കിട്ടി നാട്ടിൽ കയറിപ്പോയിക്കാണും.ഗൾഫിൽ വല്ലപ്പോഴും അത്തരം ചില നല്ല തീരുമാനങ്ങൾ ഭരണാധികാരികൾ എടുക്കാറുണ്ട്. തോട്ടത്തിന്റെ അടഞ്ഞുകിടക്കുന്ന  ഗേറ്റിൽ  പലവുരി തട്ടിയിട്ടും ആരെയും കാണുന്നില്ല. ഒടുവിൽ ആരോ വന്നു ഗേറ്റിന്റെ ചെറിയ പാളി തുറന്നു. എനിക്ക് പരിചയം ഇല്ലാത്ത ഒരു പുതുമുഖം. ബംഗാളികളുടെ സ്ഥിരം സ്റ്റൈലിൽ ചെവിയിൽ ഇയർഫോൺ വെച്ച് ആരോടോ സംസാരിച്ചുകൊണ്ടാണ് അവൻ ഗേറ്റ് തുറന്നത്. ആലംനൂർ മിയ എവിടെ എന്ന ചോദ്യത്തിന് അവൻ ഒറ്റവാക്കിൽ മറുപടി പറഞ്ഞു
' വോ മർ ഗയാ '
കൂടുതൽ  വിശദീകരണത്തിനൊന്നും നിൽക്കാതെ അവൻ ഗേറ്റ് അടച്ചു അകത്തേക്ക് പോയി.


പിന്നീടാണ് ഞാൻ പരിചയമുള്ള  ഒരു ബംഗാളി തോട്ടക്കാരനിൽ നിന്ന് കാര്യങ്ങൾ വിശദമായി അറിഞ്ഞത്. ഞാൻ നാട്ടിൽ പോയിരുന്ന സമയത്ത്  അവൻ സൈക്കിളിൽ  മാർക്കറ്റിലേക്കു  പോകുമ്പോൾ,  ഏതോ ഒരു അറബിചെക്കൻ  ഓടിച്ച വണ്ടി തട്ടി തെറിപ്പിച്ചു.  ആലംനൂർ മിയ അപ്പോൾ തന്നെ മരണപ്പെട്ടു. ഗൾഫിൽ ഇത്തരം അപകടങ്ങൾ സാധാരണയാണ്.സൈക്കിൾ യാത്രക്കാരെ ആരും പരിഗണിക്കാറില്ല. തെല്ലു അശ്രദ്ധയോടെ സൈക്കിൾ ഓടിച്ചാൽ  വൻഅപകടത്തിലാകും കലാശിക്കുക. ആലംനൂർ ആകട്ടെ ഇപ്പോഴും ചെവിയിൽ ഇയർഫോൺ തിരുകി പാട്ടുകേട്ടു അലക്ഷ്യമായിട്ടാണ്  സൈക്കിൾ ഓടിക്കുക. തോട്ടത്തിൽ അന്ന് ഞാൻ പോയപ്പോൾ അവനു പകരം ജോലിയ്ക്ക് കയറിയ ബംഗാളിപ്പയ്യനെ ആണ് ഞാൻ കണ്ടത്.  പാസ്സ്പോർട്ടും മറ്റുരേഖകളും ഇല്ലാത്തതിനാൽ മൃതദേഹം നാട്ടിൽ കൊണ്ടുപോകുവാൻ കഴിഞ്ഞില്ല. തൊട്ടുമുമ്പിലത്തെ ശ്മശാനത്തിലെവിടയോ  അവൻ ഉറങ്ങുന്നു. ഞാൻ ആ മതിൽകെട്ടിനുള്ളിലേക്ക് ഒന്ന്  പാളിനോക്കി. നൂറുകണക്കിന്  ഖബറാളികൾ  വിശ്രമിക്കുന്ന  സ്ഥലം അവിടെ എവിടേയോ ആലം നൂറിന്റെ ഖബറും ഉണ്ട് .സ്വന്തം  നാട്ടിൽ മയ്യത്തായിപ്പോലും  എത്താനാവാതെ അവൻ മണൽകാട്ടിൽ ഉറങ്ങുന്നു. മതിൽകെട്ടിനുള്ളിൽ നിന്ന്  വിറങ്ങലിച്ചുനിന്ന  ഒരു വരണ്ട മണൽകാറ്റ്  പുറത്തേക്ക്  വീശി.