വള്ളിച്ചെരുപ്പിട്ട സ്കൂൾ ഓർമ്മകൾ
മഴക്കാലത്തെ സ്കൂൾ ഓർമ്മകൾക്ക്
പനിനീർ പൂവിന്‍റെ സുഗന്ധമാണ്. വള്ളി ചെരുപ്പിട്ടു, ചെളിവെള്ളം തെറിപ്പിച്ചു, കുട കറക്കി നമ്മുടെ മുമ്പിലേക്ക് വരുന്ന ആ ഓർമ്മകൾക്ക് എന്തു
സുഗന്ധം. ഓർമ്മപുസ്തകത്തിന്‍റെ ഏതോ ഒരു താളിൽ അടച്ചുവെച്ചിരുന്ന
വാടിക്കരിഞ്ഞ ആ ചെമ്പനീർ പൂവ് ജീവിതത്തിരക്കിനിടയിൽ എപ്പോഴോ അതിന്‍റെ താളുകൾ മറിക്കുമ്പോൾ
പുറത്തേക്ക് തെന്നി വീണു. ആ നല്ല നാളുകളുടെ ഓർമ്മകൾ പ്രത്യേകിച്ച്
ഹൈസ്കൂൾ ജീവിതകാല ഓർമ്മകൾ വായനക്കാരുമായി പങ്കുവെയ്ക്കുന്നു. കാലത്തിനും ജീവിത സാഹചര്യങ്ങൾക്കും
അനുസരിച്ചു അല്പം വ്യത്യാസങ്ങളോടെ എല്ലാ വായനക്കാർക്കും കാണും അത്തരം സുഗന്ധമുള്ള ഓർമ്മകൾ. ആക്കാലത്തേക്ക് തിരികെ പോകുവാൻ ആഗ്രഹിക്കാത്ത ഏതെങ്കിലും
ഒരു വായനക്കാരൻ ഉണ്ടോ?.. ഒരിക്കലും
നടക്കില്ല എന്നു അറിയുമെങ്കിലും...
ഹൈസ്കൂളിൽ എത്തുന്നതിന് എന്‍റെ
വീട്ടിൽ നിന്ന് ഏകദേശം രണ്ടു കിലോമീറ്റർ ദൂരമുണ്ട്. കാർ പോകുന്ന വഴിയിലൂടെ ആണെങ്കിൽ
അതിലും ദൂരം കൂടും. അതിനാൽ ഞങ്ങൾ കുട്ടികൾ എളുപ്പത്തിനായി തോടുകളും മേടുകളും പാടവരമ്പുകളും
ഒക്കെകൊണ്ടു സമൃദ്ധമായ നാട്ടുവഴികൾ താണ്ടിയാകും സ്കൂളിലേക്കുള്ള യാത്ര. മഴയോടും വെയിലിനോടും
കാറ്റിനോടും ഒക്കെ കിന്നാരം പറഞ്ഞുള്ള യാത്രകൾ. ആ യാത്രകൾ സമ്മാനിച്ച ഓർമ്മകൾ എത്ര
രസമുള്ളതായിരുന്നു...
ജൂൺ മാസം സ്കൂൾ തുറക്കുമ്പോഴേക്കും
മഴയും എത്തും. പുതുതായി പെയ്യുന്ന മഴയ്ക്ക് ആ അവധിക്കാലം കഴിഞ്ഞു സ്കൂളിൽ പോകാൻ വെമ്പൽ
കൊള്ളുന്ന സ്കൂൾ കുട്ടികളുടെ ഉത്സാഹമാണ്; ഇടവപ്പാതിയ്ക്ക്
ആദ്യമായി സ്കൂളിൽ പോകുന്ന ഒന്നാം ക്ലാസുകാരന്‍റെ മട്ടാണ്..എപ്പോഴാണ് ആർത്തലച്ചു പെയ്യുക
എന്നു പറയുക വയ്യ. സ്കൂൾ തുറന്നു ചില ദിവസങ്ങൾ കഴിയുന്നതോടെ മഴയുടെ കുറുമ്പും കൂടിവരും.
ഞങ്ങൾ കുട്ടികൾക്കാകട്ടെ മഴയൊന്നും പ്രശ്നമല്ല, അവർക്ക് കഴിഞ്ഞ രണ്ടു മാസത്തെ അവധിക്കാല വിശേഷങ്ങൾ കൂട്ടുകാരുമായി
പങ്കുവെയ്ക്കാനുള്ള ധൃതിയാണ്. അവധിക്കാലത്ത് ബന്ധുവീട്ടിൽ വിരുന്നുപോയതും
കാഴ്ച്ചബംഗ്ലാവ് കാണാൻ പോയതും അങ്ങനെ നൂറുകൂട്ടം വിശേഷങ്ങൾ. സ്കൂൾ തുറക്കുന്നതിന് മുമ്പുതന്നെ
ബുക്കുകളും പുസ്തകങ്ങളും പൊതിഞ്ഞു റെഡിയാക്കി ഉത്സാഹത്തോടു കാത്തിരിക്കും.
പുസ്തകങ്ങൾ പൊതിയാൻ അന്നു കിട്ടുന്ന
സോവിയറ്റ് യൂണിയൻ മാഗസിനിന്‍റെ ലക്കങ്ങൾ എവിടെ നിന്നെങ്കിലും കണ്ടെത്തും. മലയാളത്തിൽ
ഉള്ള സോവിയറ്റ് നാട് മാഗസിനെക്കാൾ കുട്ടികൾക്ക് പ്രിയം ഇംഗ്ലീഷിലുള്ള സോവിയറ്റ് യൂണിയനോടായിരുന്നു. കൊല്ലം ജില്ലയുടെ കിഴക്കൻ പ്രദേശങ്ങൾ ഒക്കെ കമ്മ്യൂണിസ്റ്റ്
വേരോട്ടം ഉള്ള സ്ഥലങ്ങൾ ആയതിനാൽ മിക്കവാറും എല്ലാ വീടുകളിലും സോവിയറ്റ് നാടിന്‍റെ ഒരു
ലക്കമെങ്കിലും കാണും. കമ്മ്യൂണിസ്റ്റ് വിപ്ലവം പോലെ സമത്വസുന്ദര റഷ്യയുടെ ദൃശ്യങ്ങൾ
നിറഞ്ഞ പുറംചട്ടയണിഞ്ഞ സ്കൂൾ പുസ്‌തകങ്ങൾ ഇന്നു ഓർമ്മമാത്രം. അതുമല്ലെങ്കിൽ ചുമരിൽ തൂങ്ങുന്ന ഉണ്ണിമേരിയുടെയോ ജയഭാരതിയുടെയോ
മറ്റോ പടമുള്ള പഴയ വർണ്ണകലണ്ടറുകളാകും ശരണം. പൊതിഞ്ഞ ബുക്കുകൾ പ്ലാസ്റ്റിക്‌ഷീറ്റ്
കൊണ്ടു കവർ ചെയ്യും. അതും അത്ര ബുദ്ധിമുട്ടുള്ള കാര്യം അല്ലായിരുന്നു. കാരണം പുനലൂർ
പ്രദേശങ്ങളിൽ റബ്ബർ എസ്റ്റേറ്റുകൾ ധാരാളം ഉള്ളതിനാൽ മഴക്കാലത്ത് റബ്ബർമരങ്ങൾ പൊതിയുന്ന
പ്ലാസ്റ്റിക് ഷീറ്റുകൾ തോട്ടപ്പണിക്കാരെ ആരെയെങ്കിലും ചാക്കിട്ടാൽ കിട്ടും. അങ്ങനെ
പൊതിയുന്നതിനു മുമ്പ് നെയിംസ്ലിപ്പുകൾ കൂടെ ഒട്ടിച്ചാൽ സംഗതി ജോർ. നെയിംസ്ലിപ്പ് ബാലരമയിൽ
നിന്നോ പൂമ്പാറ്റയിൽ നിന്നോ വെട്ടിയെടുത്ത് ഒട്ടിയ്ക്കും.വർണ്ണ കലണ്ടറുകളാണെങ്കിൽ ടീച്ചറെ പേടിച്ചു ഉണ്ണിമേരിയുടെയും ജയഭാരതിയുടെയും പള്ളയ്ക്കാകും നെയിംസ്ലിപ്പ് പതിക്കുക.
മിക്കവാറും തലേന്ന് തന്നെ പിറ്റെ
ദിവസം സ്കൂളിൽ കൊണ്ടുപോകുവാൻ ഉള്ള ബുക്കുകൾ ഒക്കെ അടുക്കി റബ്ബർനാട ഇട്ടു വലിച്ചുമുറുക്കി
ടെമ്പറാക്കി വെക്കും. രണ്ടുതരം റബ്ബർനാടകൾ അന്ന് സ്കൂളിനടുത്തുള്ള കടകളിൽ കിട്ടും. വില കുറഞ്ഞ കറുത്ത റബ്ബർ നാടയും വില അല്പം കൂടിയ ആഢ്യൻ
ഇലാസ്റ്റിക് നാടയും. ആ കറുത്ത റബ്ബർനാടകൊണ്ടു കാണിയ്ക്കാത്ത കുരുത്തക്കേടുകൾ ഇല്ല.
മൊബൈൽ പേപ്പർ റോക്കറ്റ് വിക്ഷേപിണിയായും കാക്കാബെൽറ്റായും (തെറ്റാലി) കൂടെയുള്ളവന്‍റെ തലയ്ക്കിട്ടു വീക്കാനും ഒക്കെ
അതു തന്നെ ശരണം. മഴക്കാലത്ത് ബുക്കുകൾ തുണിക്കടയിൽ നിന്നു ഡ്രസ്സ് വാങ്ങുമ്പോൾ കിട്ടുന്ന
നല്ല കട്ടിയുള്ള പ്ലാസ്റ്റിക് കവറിൽ ഇട്ടാകും യാത്ര.
രാവിലെ സ്കൂളിൽ പോകാൻ പുത്തൻമണം
മാറാത്ത ഉടുപ്പും ഇട്ടു ഒരുങ്ങുമ്പോഴേക്കും മഴയെത്തും. കൂലംകുത്തി ഒലിയ്ക്കുന്ന മഴവെള്ളവും ചെമ്മണ്ണും ചേർന്ന
ഇടവഴിയിലൂടെ കുട വട്ടം കറക്കിയുള്ള യാത്ര. ദേഹത്തേക്ക് ചെളി തെറുപ്പിച്ചതിനു കൂട്ടുകാരുമായി
എത്ര തവണ കലപിലകൾ ഉണ്ടാക്കിയിരിക്കുന്നു. കുട കറക്കി പമ്പരം പോലെ വെള്ളം
ചീറ്റിയ്ക്കുമ്പോൾ എന്തു രസം. അന്നു പോപ്പികുടയൊന്നും മാർക്കറ്റിൽ
എത്തിയിട്ടില്ല. പഴയ നരച്ച ഓട്ടവീണ കാലൻ കുടയോ അന്ന് കിട്ടുന്ന പുത്തൻ മാൻമാർക്ക് കുടയോ
ആകും കൈയ്യിൽ. ഓട്ടവീണ കാലൻ കുടയിലൂടെ മുകളിലേക്ക് നോക്കിയാൽ നക്ഷത്രബംഗ്ലാവ് ഓർമ്മ
വരും. പുതുതായി വാങ്ങിയ പാരഗൺ ചെരുപ്പ് ഇട്ടു മഴവെള്ളത്തിലേക്ക് വെയ്ക്കുന്ന ഓരോ കാലടിയും
തെറുപ്പിക്കുന്ന വെള്ളം ഉച്ചി വരെ എത്തുന്നുണ്ടാകും. വൈകിട്ടു
വീട്ടിൽ എത്തുമ്പോൾ പുത്തൻ ഷർട്ടിന്‍റെ പുറകിൽ ഇന്ത്യയുടെ ഭൂപടത്തെ ഓർമ്മിപ്പിക്കുന്ന
ചുമന്ന നിറമുള്ള അടയാളങ്ങൾ കാണും. അതോടെ അമ്മയുടെ മുഖം വലിഞ്ഞു മുറുകും. വഴിയിൽ നോക്കി
നടക്കാത്തതിന് ആവോളം ചീത്ത പറഞ്ഞു പുറംമാത്രം കഴുകി ഷർട്ട്, പുറത്തു മഴയായതിനാൽ ഉൾമുറിയിലെ
അയയിൽ അമ്മ ഉണക്കാനിടും. സാദാസ്കൂളുകളിൽ പഠിച്ചതിനാൽ യൂണിഫോം ഒന്നും ധരിക്കാനുള്ള
(ദൗര്‍)ഭാഗ്യം എനിയ്ക്കു കിട്ടിയിട്ടില്ല. അന്നൊക്കെ രണ്ടോമൂന്നോ ഉടുപ്പുകൾ മാത്രമേ
സ്കൂളിൽ ഇട്ടുകൊണ്ടു പോകുവാൻ എനിയ്ക്കു കാണുകയുള്ളൂ. സ്കൂൾമാഷന്മാരുടെ കുട്ടികൾക്ക്, മറ്റു
കുട്ടികളുമായി തട്ടിച്ചു നോക്കുമ്പോൾ അതൊക്കെ തന്നെ ആഡംബരം. എണ്ണിചുട്ട അപ്പം പോലെ
മാസാദ്യം കിട്ടുന്ന ശമ്പളം കൊണ്ടു രണ്ടറ്റവും കൂട്ടിമുട്ടിയ്ക്കുവാൻ അവർ പെടുന്ന പെടാപ്പാട്.
ഒന്നുരണ്ടു മാസം കഴിയുമ്പോൾ
മഴ മെല്ലെ കുറഞ്ഞു തുടങ്ങും. പിന്നീട് സ്കൂളിൽ കുട കൊണ്ടുപോകാൻ മടിയാണ്. പ്ലാസ്റ്റിക്
കവറിനെയും പിന്നെ കൂടെ കൂട്ടാറില്ല. എട്ടാം ക്ലാസ്സിൽ പഠിയ്ക്കുമ്പോൾ അപ്പൻ എനിയ്ക്കു
ഒരു തുണിസഞ്ചി വാങ്ങി തന്നു. അന്നു പുനലൂരുള്ള വല്യ സ്കൂളുകളിലെ ഫാഷൻ ആയിരുന്നു അത്തരം
തുണി സഞ്ചികൾ. ഞങ്ങളുടെ നാട്ടിൻപുറത്തെ സ്കൂളിൽ അതു വല്യപത്രാസ്.. ലാടവൈദ്യൻ എന്ന ഇടംപേര് വീഴുവാൻ ഒട്ടും താമസിച്ചില്ല.
എന്തായാലും അതോടെ ഞാൻ തുണിസഞ്ചി പരിപാടി നിറുത്തി. ബുക്കുകൾ
റബ്ബർനാടയിട്ടു വലിച്ചുമുറുക്കി കൈപ്പിടിയിൽ ഒതുക്കിയാകും യാത്ര. ചിലപ്പോൾ ബുക്കുകെട്ടിന്‍റെ
ഭാരം
കൂടുമ്പോൾ തോളത്ത് വെച്ചും.. ബുക്കുകൾക്കു മുകളിൽ റബ്ബർനാടയിൽ ബിസ്മിയുടെയോ ജൂബിലിയുടെയോ പേന തിരുകിവയ്ക്കും.
സ്കൂളിലെ ചുരുക്കം ചില ഗൾഫുകാരുടെ പിള്ളേരുടെ കൈയ്യിൽ കാണും ഹീറോ പേന. അത് അവന്മാർ
തൊടാൻ കൂടി സമ്മതിയ്ക്കില്ല.
![]() |
( ചിത്രങ്ങൾ : സ്വന്തം ) |
അങ്ങനെ യാത്ര ചെയ്യുമ്പോഴാകും ഓർക്കാപ്പുറത്ത് മഴപെയ്യുന്നത്. പുസ്തകകെട്ട് ഉടുപ്പിനകത്ത്
തിരുകി മഴയെ തോൽപ്പിക്കാനുള്ള ഓട്ടം. മിക്കപ്പോഴും മഴയാകും ജയിക്കുക. ഏതെങ്കിലും
ഒരു വീടിന്റെയോ പീടികയുടെയോ അരികുപറ്റി മഴയെ
നോക്കിയുള്ള ആ നിൽപ്പ്. ഓടിന്റെ ഈറയിലൂടെ മഴവെള്ളം തുമ്പികൈ വണ്ണത്തിൽ
താഴേക്ക് വീണു ചാലുകൾ തീർത്തു ഒഴുകുന്നത്
കാണാൻ എന്തു രസം. മഴയൽപ്പം
തോരുമ്പോൾ പുസ്തകത്തിന്റെ ഏതോ താളിൽ കരുതിയിരിക്കുന്ന നാലായി ഒടിച്ച പഴയ ബ്ലേഡ് കൊണ്ട് വഴിയരികിൽ
ഉള്ള പറമ്പിൽ നിന്നു മുറിച്ചെടുത്ത
വാഴയില ചൂടി പാതി നനഞ്ഞു വീട്ടിലേക്കുള്ള വരവ്..ഓർമ്മിക്കാൻ തന്നെ ഒരു മഴ നനഞ്ഞ സുഖം.
നാലുമണിയ്ക്കു സ്കൂൾ വിട്ടാൽ
ഇടവഴിയിലൂടെ കുട്ടുകാരൊത്തു വീട്ടിലേക്കുള്ള യാത്രകൾ. വേലിയ്ക്ക് അരികിൽ നിൽക്കുന്ന മാവുകളെയും
പുളിമരങ്ങളെയും പേരകളെയും വെറുതെ വിടാറില്ല.
എന്നെ എറിഞ്ഞോളൂ എന്ന മട്ടിൽ കാത്തുനിൽക്കുന്ന കൂറ്റൻ
മാവുകൾ. മറിഞ്ഞു വീഴാൻ എന്ന പാകത്തിൽ
നിൽക്കുന്ന വേലികൾ ചാടി എറിഞ്ഞു വീഴ്‌ത്തുന്ന മാങ്ങകൾ
പറക്കി ഓടാൻ എന്തായിരുന്നു ഉത്സാഹം. വീട്ടിൽ നിന്നു കരുതികൊണ്ടു വരുന്ന കല്ലുപ്പ് കൂട്ടി അതു കടിച്ചു
തിന്നുമ്പോൾ.. ഓർക്കുമ്പോൾ തന്നെ നാവിൽ അതേ
രുചി വന്നു നിറയുന്നു. ആരുടെ പറമ്പ് ആണെന്നു ഒന്നും ഞങ്ങൾ കുട്ടികൾക്ക് വിഷയം അല്ല. ശുദ്ധരായ
നാട്ടുകാരും ഞങ്ങളുടെ അത്തരം കുരുത്തക്കേടുകൾ ഏറെ പരിഭവമില്ലാതെ സഹിച്ചിരുന്നു.
ഇടവഴി താണ്ടി പാടത്തേക്കു ഇറങ്ങുമ്പോഴാണ് രസം. പാടവരമ്പിന്‍റെ അരികിൽ നിൽക്കുന്ന കുടങ്ങൽ
പടർപ്പിൽ നിന്നു ഇല പറിച്ചു നാവിനടിയിൽ തിരുകി
ഉച്ചത്തിൽ പീ.. എന്നു ശബ്ദം കേൾപ്പിക്കാൻ നല്ല രസം. പാടത്തിനു നടുവിലൂടെ സിമന്റ് വരമ്പ് ഉണ്ട്, ഒരു സൈഡിൽ തോടാണ്. മഴ പെയ്‌തു കഴിഞ്ഞാൽ തോട്ടിലൂടെ കാടിവെള്ളത്തിന്റെ നിറത്തിൽ
വെളളം കുത്തിയൊലിച്ചു ഒഴുകും. തോട്ടിൽ പേപ്പറുകൊണ്ട് കളിവള്ളം ഉണ്ടാക്കി അതിൽ വലിയ കറുത്ത ഉറുമ്പിനെ പിടിച്ചു തോണിക്കാരനാക്കി
അതിനൊപ്പം ഓടുക എന്റെ ഇഷ്ടവിനോദം
ആയിരുന്നു. ഒടുവിൽ ഏതെങ്കിലും ചുഴിയിൽ പെട്ടു
ബോട്ടു മുങ്ങുമ്പോൾ ഉള്ള മുഖഭാവം കണ്ടാൽ കടലിൽ പോയ ബോട്ടുമുങ്ങിയ ഉടമയുടെ മട്ടാണ്. തോടിന്‍റെ ഒരു വശത്ത്
കൈതകളും കാട്ടുചേമ്പുകളും കാണും. കാട്ടുചേമ്പിന്റെ ഇലകൊണ്ട് ഒത്തിരി കാര്യങ്ങൾ ചെയ്യാം. നിനച്ചിരിയ്‌ക്കാതെ
മഴ പെയ്യുമ്പോൾ വലിയ ഇല പറിച്ചു കുടയാക്കി
ചൂടി ഓടും. മഴ മാറി വെയിൽ വന്നാൽ ഇലയ്ക്കു നടുവിൽ
തോട്ടിൽ നിന്നു കൈകൊണ്ടു വെള്ളം കോരിയൊഴിച്ചു തിളങ്ങുന്ന വൈഡൂര്യമണികളുടെ ഭംഗി ആസ്വദിയ്ക്കും. ഇല വെള്ളത്തിൽ മുക്കിവെച്ചു
മാനത്തുകണ്ണിയെ പിടിയ്ക്കും. കിട്ടിയ മീനിനെ
ചേമ്പിലയിൽ വെള്ളത്തോടുകൂടെ ഒരു കുമ്പിളുപോലെ ആക്കി വീട്ടിൽ കൊണ്ടുവന്നു ഒഴിഞ്ഞ ഹോർലിക്‌സ് കുപ്പിയിൽ ഇട്ടു വളർത്തും. ഒന്നുരണ്ടു തവണ കുപ്പിയിലെ വെള്ളം
മാറ്റുന്നതോടെ പാവം അവറ്റകളുടെ കഥ കഴിയും.
![]() |
( ചിത്രങ്ങൾ : മഴ ഫേസ് ബുക്ക് ഗ്രൂപ്പ് , ഗൂഗിൾ ) |
മഴ പെയ്തു തോർന്ന വയലിൽ ധാരാളം പോത്തുകൾ മേയുന്നുണ്ടാകും. എന്‍റെ കൂട്ടുകാരൻ
ഹിദായത്തിന് വീട്ടിൽ വലിയ ഒരു ജോഡി എരുമകൾ
ഉണ്ട്. അവനു പോത്തുകളെ തഞ്ചത്തിൽ മേയിക്കാനറിയാം. മൂപ്പർ തക്കം നോക്കി അതിന്റെ
പുറത്തു ചാടിക്കയറി ബേ...എന്നു നാക്കുചുരുട്ടി
ശബ്ദം ഉണ്ടാക്കി ഏതാണ്ടു
യമരാജൻ സ്റ്റൈലിൽ പാടത്തു കൂടെ പോത്തിനെ ഓടിച്ചു ഞങ്ങളുടെ മുമ്പിൽ വലിയ ഹീറോ
ചമയുമായിരുന്നു. അവനു പിറകെ ആർപ്പുവിളിയുമായി ഞങ്ങളും ഓടും. ഈ ബഹളമെല്ലാം
കേട്ടു പേടിച്ചരണ്ട പച്ചകുണ്ടന്മാർ ജീവനും കൊണ്ട്
നാലുപാടും ചാടുന്നത് കാണാം.
ഇതൊക്കെ കഴിഞ്ഞു താങ്ങിതൂങ്ങി വീട്ടിൽ
എത്തുമ്പോൾ പറയണോ പുകിൽ. വീട്ടിൽ നിന്നു നല്ല വഴക്കുകിട്ടും. എന്നെ കൊണ്ടു നിർബന്ധിപ്പിച്ചു
തല തോർത്തിപ്പിച്ചു അമ്മ നെറുകയിൽ അല്പം രാസ്നാദിപ്പൊടിയിട്ടു
തരും. അടുക്കളപ്പടിയിൽ കട്ടൻകാപ്പിയും പലഹാരങ്ങളും അപ്പോഴേക്കും റെഡി. മിക്കവാറും കപ്പപ്പുഴുക്കും
കാന്താരി ചമ്മന്തിയും ആകും വൈകിട്ടത്തെ വിശിഷ്ടവിഭവങ്ങൾ. പാവം അമ്മ, പഠിപ്പിക്കുന്ന
സ്കൂൾ വിട്ടു നാലുമണിയ്ക്ക് വീട്ടിൽ വന്നിട്ടു വേണം ഞങ്ങൾക്ക് വേണ്ടി പറമ്പിൽ നിന്ന് കപ്പ പറിച്ചു പുഴുക്ക് ഒക്കെ ഉണ്ടാക്കി വെയ്ക്കുവാൻ. അതിന്റെ രുചിയും നാവിലെ എരിവും ഓർക്കുമ്പോൾ തന്നെ വായിലൂടെ
കപ്പൽ ഓടും.. കപ്പ കഴിച്ചു കൂടെ ആവി ഊതി, ചൂടുള്ള
കട്ടൻകാപ്പി കുടിയ്ക്കുന്നതോടെ അന്നു സ്കൂളിൽ
കിടന്നു ചാടിമറിഞ്ഞതിന്‍റെ ക്ഷീണം ഒക്കെ പമ്പ കടക്കും. ചെളി തെറിപ്പിച്ചു നാട്ടുവഴിയിലൂടെ സ്കൂളിലേക്കും തിരിച്ചുമുള്ള
യാത്രകൾ..മണ്ണിന്‍റെ മണമുള്ള യാത്രകൾ. പ്രകൃതിയാകുന്ന സർവ്വകലാശാലയിൽ നിന്ന് ഞങ്ങളൊക്കെ
ബിരുദവും ബിരുദാനന്തര ബിരുദവും എടുത്തത് ഇത്തരം യാത്രകളിലൂടെ ആയിരുന്നു.
സ്കൂളിൽ മഴക്കാലത്ത് ഉച്ചയ്ക്ക് ശേഷം ക്ലാസ്സുകൾ ഒന്നും കാര്യമായി നടക്കുക ഇല്ല.മഴക്കാലമായാൽ സ്കൂളിൽ നിന്ന് മിക്കപ്പോഴും സാറന്മാർ
ഉച്ചയ്ക്ക് ശേഷം നേരത്തെ പോകും. കാരണം മിക്ക ലേഡി ടീച്ചേഴ്സും ദൂരത്തു നിന്ന്
വരുന്നവർ ആണ്. മഴയത്ത് ബസ് കിട്ടി പുനലൂരെത്തി പിന്നെയും ഒന്നുരണ്ട് ബസ്സുകയറി ഇറങ്ങിയാൽ
മാത്രമേ മിക്കവരും വീടണയുകയുള്ളൂ. പിന്നെ ക്ലാസ്സിന്‍റെ കാര്യം നാഥനില്ലാകളരി പോലെ
അതങ്ങനെ പോകും. എത്ര കുരുത്തക്കേട് കാണിച്ചാലും കുഴപ്പമില്ല. അങ്ങനെ ഒരു ദിവസം ഞാനും
കൂട്ടുകാരും ബഞ്ചിന്റെ രണ്ടുസൈഡിലും കാലുകൾ ഇട്ടു കുതിരപ്പുറത്തു ഇരിയ്ക്കുന്നതുപോലെ
ഇരുന്നു അന്നത്തെ ഹിറ്റ് ഹിന്ദി സിനിമ ആയിരുന്ന ഖുർബാനിയിലെ “ലൈലാ മു ലൈലാ” ...പാടുകയാണ്.
അതിൽ കുലുക്കുലു ..ക്കുലുക്കുലു ..എന്നൊരു
വരിയുണ്ട്. അത് ഉച്ചത്തിൽ പാടി ബഞ്ചുകുതിരയെ
ശക്തമായി പുറകോട്ടും മുമ്പോട്ടും ആട്ടും.
പാട്ടിന്റെ ഓളത്തിൽ രസം പിടിച്ചു ഞങ്ങൾ എല്ലാം
മറന്നു കുതിരയെ മുമ്പോട്ടു പായിച്ചതും ബഞ്ച് പാതി ഒടിഞ്ഞു മുമ്പിലേക്ക് തൂങ്ങി. അപ്പോഴാണ് അത് കണ്ടുകൊണ്ട് ഹെഡ്മാസ്റ്റർ മാത്യൂ സാർ വന്നത്. പിന്നെ പറയാനുണ്ടോ
പൂരം. സാറ് കണ്ണടച്ചു ലാത്തിച്ചാർജ് തുടങ്ങി.
കാലിലും കൈയ്യിലും ദേഹത്തുമൊക്കെ പൊതിരെ അടി കിട്ടി . അതു കൂടാതെ ഓരോരുത്തരെയും പേരുവിളിച്ചു മാറ്റിനിറുത്തി തുടയ്ക്കും കിട്ടി വീതം. മാത്യൂ സാറിന്‍റെ അടിയെന്നു വെച്ചാൽ ഒന്നൊന്നര അടിയാണ്.അടികൊണ്ടു തുടയിലെ തോലു പൊളിഞ്ഞുപോകും.
കൂടെയുള്ള മിക്ക വിളവന്മാരും രണ്ടു പാണ്ടൻ നിക്കർ ഒക്കെ ഇട്ടു മുകളിൽ ഒറ്റമുണ്ടുടുത്ത്
ബുള്ളറ്റ് പ്രൂഫ് ആയിട്ടാകും മിക്കദിവസവും
സ്കൂളിൽ വരവ്. കൂട്ടത്തിൽ പാവങ്ങളായ ഞങ്ങളുടെ
കാര്യം അധോഗതി. എന്നിരുന്നാലും നന്നായി ഇംഗ്ലീഷ്
പഠിപ്പിക്കുന്ന മാത്യൂ സാറിനെ ഞങ്ങൾ കുട്ടികൾക്കൊക്കെ വലിയ സ്നേഹവും ബഹുമാനവും ആണ്.
ഇംഗ്ലീഷിന്‍റെ കാര്യം പറഞ്ഞപ്പോഴാണ്
ഒരു കാര്യം ഓർത്തത്.. സാർ ക്ലാസ്സിൽ വന്നാൽ
ആദ്യം തലേന്ന് പഠിപ്പിച്ച പാഠത്തിലെ ഇംഗ്ലീഷ് വാക്കുകളുടെ സ്പെല്ലിങ് ചോദിയ്ക്കും. പറഞ്ഞില്ലെങ്കിൽ കൈവെള്ളയിൽ കിട്ടും ചൂരൽ കഷായം. എന്റെ കൂട്ടുകാരൻ ഷൈൻ വർഗ്ഗീസ് ആളൊരു പാവത്താൻ ആയിരുന്നു. പഠിയ്ക്കുവാനും അത്യാവശ്യം മിടുക്കൻ.
സ്പെല്ലിങ് ഒക്കെ സാറു ക്ലാസ്സിൽ വരുന്നതിനു
മുമ്പ് ബുദ്ധിമുട്ടി പഠിയ്ക്കും. പക്ഷെ സാർ
ചോദിയ്ക്കുമ്പോൾ പേടി കൊണ്ടു സ്പെല്ലിങ് ഒക്കെ
മറന്നു പോകും. സാർ ഒട്ടും ദയവില്ലാതെ അവനെ
അടിച്ചാലും ഒരു തുള്ളി കണ്ണീരുപോലും വരുത്താതെ
പുള്ളി കടിച്ചുപിടിച്ചങ്ങനെ നിൽക്കും. കരയുന്നത് മൂപ്പർക്ക് കുറച്ചിൽ ആണ് പോലും. അടി
കൊണ്ടു പുളഞ്ഞു അവൻ കൈ തുടയ്ക്കിടയിൽ കൂട്ടിപ്പിടിച്ചു ഇരിയ്ക്കുന്ന ഇരുപ്പൊക്കെ
ഇപ്പോഴും ഓർമ്മയുണ്ട്. ആളിപ്പോൾ ഇന്ത്യൻ
ഇവാഞ്ചലിക്കൽ മിഷന്‍റെ സ്റ്റേറ്റ് സെക്രട്ടറി.
കൂട്ടുകാരന് നല്ല നമോവാകം.
മാത്യൂ സാറിനു എല്ലാ വിഷയത്തിലും നല്ല അവബോധം ഉണ്ട്. ചോദ്യങ്ങൾക്ക്
ഒക്കെ ഉടനടി ഉത്തരം തരും.സാറിന് ഉത്തരം മുട്ടിയ ഒരവസരം ഓർമ്മയിൽ ഉണ്ട്. അന്ന് ഷർട്ടിന്റെ
മുകളിലത്തെ ബട്ടൺ തുറന്നു നെഞ്ചുകാട്ടി നടക്കുക മുതിർന്നവരുടെയും മുതിരാൻ മുട്ടി പൊടിമീശ
കിറുകിറുക്കുന്ന കുട്ടികളുടെയും ഫാഷൻ ആയിരുന്നു. മാത്യൂസാറിനാകട്ടെ അതു കാണുമ്പോൾ തന്നെ
കലിയിളകും. എന്റെ കൂടെ പഠിച്ച യോഹന്നാൻ അങ്ങനെ ഷർട്ടിന്റെ രണ്ടുമൂന്നു ബട്ടൺ ഒക്കെ ഊരി
വരാന്തയിലൂടെ വിലസുകയാണ്. ബുദ്ധിമാൻ എന്നാണ് അവന്റെ ഇരട്ടപ്പേര്. കുരുക്കുബുദ്ധിയ്ക്കും
ചോദ്യത്തിനും അതികേമൻ. അപ്പോഴാണ് എതിരെ മാത്യൂസാറിന്‍റെ വരവ്. സാർ പ്രതിയെ കൈയ്യോടെ
പിടികൂടി. ഷർട്ടിനു ബട്ടൺ ഇടാത്തതിന് സാർ അവനെ ആവോളം വഴക്കുപറഞ്ഞു അടിയ്ക്കാൻ കൈ നീട്ടാൻ പറഞ്ഞു. കൂടെ ഒരു ഉപദേശവും,
'' ബട്ടൺ ഇടാൻ അല്ലെങ്കിൽ എന്തിനാണ്
ഷർട്ടിൽ ബട്ടൺ പിടിപ്പിച്ചിരിക്കുന്നത് ? ''
പിടിവള്ളി കിട്ടിയതുപോലെ യോഹന്നാൻ സാറിന്‍റെ മുഖത്തേക്ക് ഒന്നു നോക്കി.
'' സാർ അടിയ്ക്കത്തില്ലെങ്കിൽ
ഞാൻ ഒരു കാര്യം ചോദിയ്ക്കട്ടേ? ''
ചോദിച്ചോളൂ, എന്നായി സാർ. സാറിന് അവന്‍റെ കുരുക്കുബുദ്ധി മനസ്സിലായില്ല.
'' കൈയ്യ് മടക്കി വെയ്ക്കാനാണെങ്കിൽ സാർ എന്തിനാണ് ഫുൾ കൈയ്യ് ഷർട്ട് ഇടുന്നത്? ‘’
എന്നായിരുന്നു അവന്റെ
ചോദ്യം. സാർ ഫുൾകൈ ഷർട്ട് ഇട്ടു ഷർട്ടിന്റെ
കൈ മുകളിലേക്ക് മടക്കി വെച്ചാണ് എപ്പോഴും നടക്കുക.പാവം
സാർ ഒന്നും മിണ്ടിയില്ല. അല്പനേരം ആലോചിച്ചിട്ട് ഒന്നും മിണ്ടാതെ സാർ പോയി. പിറ്റേ
ദിവസം മുതൽ സാർ ഫുൾസ്ലീവ് ഷർട്ടിന്‍റെ കൈ മടക്കാതെ
നീട്ടി ബട്ടൺ ഇട്ടുകൊണ്ടായി സ്കൂളിൽ വരവ്.
'' യഥാ ഗുരു തഥാ ശിഷ്യ..''
എന്ന പ്രമാണം
മറ്റാരേക്കാളും അറിയാവുന്നതു കൊണ്ടു ആകണം സാർ അന്നു
ഒന്നും മിണ്ടാതെ പോയത്.
കാലചക്രം എത്ര മുമ്പോട്ട് തിരിഞ്ഞു.. കാലങ്ങൾ എത്ര കഴിഞ്ഞുപോയി.. സ്കൂൾ ഓർമ്മകൾ ഒക്കെ മങ്ങി മാറാല പിടിച്ച ചിത്രങ്ങൾ
ആയി മനസ്സിന്‍റെ ഏതോ കോണിൽ ഒളിച്ചിരിപ്പുണ്ട്. അവയെ തിരഞ്ഞു പിടിച്ചു പൊടിയും മാറാലയും
തുടച്ചു നോക്കുമ്പോൾ അറിയാതെ ആ ദിനങ്ങളിലേക്ക് പോകുവാൻ മനസ്സ് ഒന്നു തുടിയ്ക്കും...വർഷമെത്ര കഴിഞ്ഞാലും നാം പഠിച്ച സ്കൂളുകളുടെ മുമ്പിൽ കൂടെ പോകുമ്പോൾ പഴയ
സ്കൂൾ ഓർമ്മകൾ ഒക്കെ മനസ്സിലേക്ക് തള്ളി കയറി വരും. അപ്പോൾ നാം
അനുഭവിക്കുന്ന വികാരം ഉണ്ടല്ലോ അതു പറഞ്ഞറിയിക്കുക വയ്യ.. കാലമെത്ര കഴിഞ്ഞാലും
ഒരു സ്കൂൾ കുട്ടിയുടെ കൗതുകത്തോടെ നാം ആ സ്കൂൾ മുറ്റത്തേക്ക് എത്തിനോക്കുന്നുണ്ടാകും.... അകത്തു നിന്ന്
ഏതോ ഒരു പാതി ഒടിഞ്ഞ ബഞ്ച് വിളിയ്ക്കുന്നുണ്ടാകും.. എന്നെ ഓർമ്മയില്ലേ ?....
ഒറ്റപ്പതിപ്പുള്ള പുസ്തകമീ
ജന്മം
ഒറ്റത്തവണയോരോ പുറവും
പഴയ താളൊക്കെ മറഞ്ഞു പോയി
എന്നേക്കുമെങ്കിലും
ചിത്രങ്ങളായി കുറിമാനങ്ങളായി
ചിലതെത്രയും ഭദ്രം
( ഓ.എൻ.വി )
സത്യത്തിൽ ഹൈസ്കൂളിന്റെ താഴെയുള്ള വഴിയിലൂടെ ഒരിക്കൽ കൂടി നടന്ന പോലെ തോന്നി... നന്ദി... സജി
ReplyDeleteഈ പുറകോട്ടു നടത്തം ഇഷ്ടപ്പെട്ടതിൽ വളരെ സന്തോഷം..ഇങ്ങനെ ഒക്കെ തന്നെയായിരുന്നു നമ്മുടെ ചെറുപ്പകാലം..നന്ദി വായനയ്ക്കും അഭിപ്രായത്തിനും.. കൂടെ പുതുവത്സരാശംസകൾ
Deleteസത്യത്തിൽ ഹൈസ്കൂളിന്റെ താഴെയുള്ള വഴിയിലൂടെ ഒരിക്കൽ കൂടി നടന്ന പോലെ തോന്നി... നന്ദി... സജി
ReplyDeleteവളരെ രസകരമായ എഴുത്ത് .. ഒരിക്കൽ കൂടി എൻറെ സ്കൂൾ ജീവിതത്തിലേക്ക് ഊളിയിട്ടു .. ആശംസകൾ
ReplyDeleteസ്കൂൾ ജീവിതം എല്ലാവർക്കും പ്രിയങ്കരം ..നന്ദി വായനയ്ക്കും അഭിപ്രായത്തിനും.... ആശംസകൾ
Deleteഓര്‍മ്മകളിലേക്ക് ഒരെത്തിനോട്ടം!
ReplyDeleteനന്ദി വായനയ്ക്കും അഭിപ്രായത്തിനും.... ആശംസകൾ
Deleteവർഷങ്ങൾ പുറകോട്ടുകൊണ്ടുപോയി താങ്കളുടെ പോസ്റ്റ്
ReplyDeleteപഠിച്ച വിദ്യാലയവും കൂട്ടുകാരും പലതും ഓർമ്മയിൽ ഓടി കളിക്കുന്നു ,,,,,
ആശംസകൾ
നല്ല സ്കൂൾ ഓർമ്മകൾ എല്ലാവർക്കും കാണും..നന്ദി വായനയ്ക്കും വരവിനും. ആശംസകൾ
Deleteകാലങ്ങൾ എത്ര കഴിഞ്ഞുപോയി.
ReplyDeleteസ്കൂൾ ഓർമ്മകൾ ഒക്കെ മങ്ങി മാറാല
പിടിച്ച ചിത്രങ്ങൾ ആയി മനസ്സിന്‍റെ ഏതോ
കോണിൽ ഒളിച്ചിരിപ്പുണ്ട്. അവയെ തിരഞ്ഞു
പിടിച്ചു പൊടിയും മാറാലയും തുടച്ചു നോക്കുമ്പോൾ
അറിയാതെ ആ ദിനങ്ങളിലേക്ക് പോകുവാൻ മനസ്സ്
ഒന്നു തുടിയ്ക്കും...വർഷമെത്ര കഴിഞ്ഞാലും നാം പഠിച്ച
സ്കൂളുകളുടെ മുമ്പിൽ കൂടെ പോകുമ്പോൾ പഴയ സ്കൂൾ ഓർമ്മകൾ ഒക്കെ മനസ്സിലേക്ക് തള്ളി കയറി വരും. അപ്പോൾ നാം അനുഭവിക്കുന്ന വികാരം ഉണ്ടല്ലോ അതു പറഞ്ഞറിയിക്കുക വയ്യ.. കാലമെത്ര കഴിഞ്ഞാലും ഒരു സ്കൂൾ കുട്ടിയുടെ
കൗതുകത്തോടെ നാം ആ സ്കൂൾ മുറ്റത്തേക്ക് എത്തിനോക്കുന്നുണ്ടാകും....
അകത്തു നിന്ന് ഏതോ ഒരു പാതി ഒടിഞ്ഞ ബഞ്ച് വിളിയ്ക്കുന്നുണ്ടാകും.. എന്നെ ഓർമ്മയില്ലേ ?
സൂപ്പർ ...
ഇന്നത്തെ എത്തിപ്പിടിക്കാനാകാത്ത
അന്നത്തെ വിദ്യാലയ സ്മരണകൾ ...!
പ്രിയ മുരളിഭായ് ,പ്രിയപ്പെട്ടവരുടെ ഈ സ്നേഹവും പ്രോത്സാഹനവുമാണ് എന്നെ വീണ്ടും എഴുതാൻ പ്രേരിപ്പിക്കുന്നത് .. നന്ദി നമസ്കാരം
Deleteഎന്തോരം ഓർമ്മകളാ പുനലൂരാൻ ചേട്ടാ ഈ എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്.സമ്മതിക്കുന്നു.
ReplyDeleteഹാ..ഹാ.. സുധി എവിടെയാണ് ചെങ്ങാതി..ഞങ്ങളെ ഒക്കെ മറന്നു പോയോ... ആശംസകൾ
Deleteമറന്നിട്ടില്ല ചേട്ടാ...എല്ലായിടത്തും ഓടിയെത്തണ്ടേ??
ReplyDeleteഈ പോസ്റ്റ് ഒന്നൂടെ വായിക്കാന്ന് വെച്ച് വന്നതാ.മഴ നനഞ്ഞും നനയാതെയും ,കുറ്റീം കോലു കളിച്ചും,വട്ടുകളിച്ചും,പള്ളിത്തോട്ടിൽ ചാടിമറിഞ്ഞതും,ഓഹോഹോഹോ!!ഓരൊരോ ഓർമ്മകൾ തെളിവാർന്ന് കണ്മുന്നിലൂടെ കടന്ന്കടന്നങ്ങനെ പോകുന്നു.
സ്‌കൂൾ ഓർമ്മകൾ എല്ലാവർക്കും പ്രിയം തന്നെ..നന്ദി വായനയ്ക്കും അഭിപ്രായത്തിനും.. ആശംസകൾ
Deleteസ്കൂൾകാലഘട്ടത്തിലേക്ക് പോയി കുറേ നേരത്തേക്ക് . വളരെ സ്റ്റ്രിക്റ്റ് ആയി യൂണിഫോമും ഇട്ട് ടയ്യും കെട്ടി ശ്വാസം മുട്ടി സ്കൂൾ ബസ്സിൽ കയറി സ്കൂളിൽ പോകുന്ന ഇപ്പൊഴത്തെ കുട്ടികളെ ഓർക്കുമ്പോൾ സങ്കടം തോന്നുന്നു. നമ്മൾ ആസ്വദിച്ച ജീവിതത്തിന്റെ നൂറിലൊന്നു പോലും അവർക്കില്ല . അപ്പോ നമ്മൾ തന്നെ ധനികർ .ആശംസകൾ!
ReplyDeleteഎൺപത് തൊണ്ണൂറുകളിലെ സ്കൂൾ ജീവിതം ഇങ്ങനെ ഒക്കെ ആസ്വദിച്ചവർ ആയിരുന്നു നാമൊക്കെ...നന്ദി വായനയ്ക്കും അഭിപ്രായത്തിനും
Deleteവരികളിലൂടെ കടന്നു പോകുമ്പോള്‍ അതെല്ലാം ദൃശ്യങ്ങളായി മനസ്സില്‍ തെളിയുന്നുണ്ട്. വൈകീട്ട് മഴനനഞ്ഞു വന്ന്‍ വീട്ടില്‍ അമ്മ തരുന്ന കട്ടന്‍ ചായയും കപ്പപ്പുഴുക്കും കഴിക്കുന്ന കാര്യം പറഞ്ഞപ്പോള്‍ ആ രുചികൂടി വന്നു നാവില്‍.
ReplyDeleteആ കപ്പപുഴുക്കിന്റെ രുചി..ഇപ്പോഴും എന്റെ നാവിലും ഉണ്ട്..സന്തോഷം വായനയ്ക്കും അഭിപ്രായത്തിനും
Deleteഅലങ്കാരങ്ങളില്ലാതെ ഉപമകളില്ലാതെ വല്യ ഭാവത്തിന്റെ അകമ്പടിയില്ലാതെ അനുഭവങ്ങളുടെ ആഴങ്ങളിലേയ്ക്ക് വായനക്കാരെയും കൈപിടിച്ച് നടക്കുന്ന ഈ ശൈലി ഞാന്‍ ഇഷ്ടപ്പെടുന്നു സുഹൃത്തേ.. ആശംസകള്‍,,..
ReplyDeleteവളരെ സന്തോഷം ..ആശംസകൾ
Deleteസൂപ്പർ പുനലൂരാൻ ചേട്ടാ
ReplyDeleteതാങ്കളെ ഞാൻ കണ്ടിട്ടിട്ടില്ല പക്ഷെ എന്റെ കൂടെ എന്റെ സ്കൂളിൽ പഠിച്ച പോലെ തോന്നുന്നു കാരണം ഇതെല്ലാം എന്റെ അനുഭവങ്ങളാണ് വളരെ നല്ല എഴുത്തു ഇഷ്ടം ….എല്ലാവിധ ഭാവുകങ്ങളും
സന്തോഷം സുഹൃത്തേ.. ഈ പോസ്റ്റ് ഇതൊക്കെ അനുഭവിച്ച എല്ലാവർക്കും വേണ്ടി ആണ്.. ആശംസകൾ
Delete