Thursday 13 April 2017

ഓമന മണ്ടേലാ...


ഓമന മണ്ടേലാ...






കോളേജ് വിദ്യാഭ്യാസ കാലഘട്ടത്തിലെ ഓർമ്മകൾക്ക് ഒരു പ്രത്യേക ചാരുതയാണ്. ഒത്തിരി ഓർമ്മകൾ സമ്മാനിച്ചു കൊണ്ടാവും ഏതു ആളുടെയും കോളേജ് ജീവിതഘട്ടം കടന്നു പോകുക. പത്തുമുപ്പതു കൊല്ലത്തിനു ശേഷം അതൊക്കെ ഓർമ്മിച്ചെടുക്കുന്നത് കൗതുകകരമാണ്.  1980 കളിൽ  ഞാനൊക്കെ പ്രീഡിഗ്രിയ്ക്ക് പഠിച്ച കാലത്ത് കോളേജ് വിദ്യാഭ്യാസരംഗം  സംഘർഷഭരിതമായിരുന്നു. അന്ന് പത്താം ക്ലാസ് കഴിയുന്ന വിദ്യാർഥികൾ, നേരെ കോളേജുകളിലാണ് പ്രീഡിഗ്രിയ്ക്ക് അഡ്മിഷൻ നേടുക. പത്താംക്ലാസ് കഴിഞ്ഞു എട്ടുംപൊട്ടും തിരിയാത്ത കൗമാരക്കാർ പ്രീഡിഗ്രിയ്ക്ക് കോളേജുകളിൽ എത്തുമ്പോൾ അവർക്ക് മുമ്പിൽ തുറന്നിരിക്കുന്ന വിശാലമായ ഒരു ലോകമുണ്ട്. സ്കൂൾ ജീവിതത്തിന്റെ നിയന്ത്രണങ്ങൾ ഇല്ലാത്ത ലോകം. ആ ലോകത്തിലെ കാഴ്ചകൾ ഞങ്ങൾക്ക് പുതിയ അനുഭവങ്ങൾ ആയിരുന്നു. എലി പുന്നെല്ല്  കണ്ട പോലെത്തെ  അനുഭവം. പഠിപ്പുമുടക്കലും സമരങ്ങളും ബസ് തടയലും തല്ലും കല്ലേറും പൊതുമുതൽ നശിപ്പിക്കലും ലാത്തിച്ചാർജും ഒക്കെ ചേർന്ന എരിവും പുളിയുമുള്ള അനുഭവങ്ങൾ. 1980 കളിൽ കോളേജുകളിൽ സമരങ്ങളുടെ കുത്തൊഴുക്കായിരുന്നു,  എത്രയെത്ര സമരങ്ങൾ..  പ്രീഡിഗ്രി ബോർഡ് സമരം,വിളനിലം സമരം, കമ്പ്യൂട്ടർ വിരുദ്ധ സമരം, പോളിടെക്‌നിക്‌ സമരം, സാശ്രയ കോളേജ് സമരം അങ്ങനെ എത്ര സമരങ്ങൾ.  മിക്ക സമരങ്ങളിലും കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രിയെന്ന പോലെ കെ.കരുണാകരനും ടി.എം ജേക്കബും ഒരുഭാഗത്ത്,  വരിയ്ക്കപ്ലാവിലെ നീറുപോലെ എസ്.എഫ്.ഐ പിള്ളേർ മറുഭാഗത്ത്, പോരെ പൊടിപൂരം.  അന്ന് അമ്പരപ്പോടെ കണ്ടുനിന്ന ആ സമരങ്ങളെല്ലാം അബദ്ധസമരങ്ങളും ലക്ഷ്യശൂന്യ സമര ചാപ്പിള്ളകളും ആയിരുന്നെന്ന് ഇന്ന് ഏറെ നിസ്സംഗതയോടെ പറയാനാകും. ഞാൻ പഠിച്ച പുനലൂർ എസ്.എൻ കോളേജ് അത്തരം സമരങ്ങളുടെ ഒരു പ്രാദേശിക പരീക്ഷണശാലയായിരുന്നു, ഒന്നാന്തരം വെടിക്കെട്ട് പരീക്ഷണശാല.


ഞാൻ പഠിച്ച കാലത്ത് കോളേജിൽ മിക്ക ദിവസവും സമരമാണ്. ചുരുക്കം ചില അധ്യാപകർക്കൊഴിച്ചു മിക്കവർക്കും കുട്ടികളെ പഠിപ്പിക്കുവാൻ വല്യ താൽപ്പര്യം ഒന്നും ഇല്ലായിരുന്നു. സമരമാണങ്കിൽ അവർക്ക് നേരത്തെ സ്ഥലം കാലിയാക്കാമെല്ലോ. സമരം ചെയ്യുന്നതിന് പ്രത്യേകിച്ചു കാരണം എന്തെങ്കിലും വേണമെന്ന് തോന്നുന്നില്ല, എന്തിനും ഏതിനും സമരം. ആരോ പറഞ്ഞതുപോലെ എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാറുകൾ. ഓണം വരാനൊരു മൂലം എന്നപോലെ അന്നു രാവിലെ പത്രത്തിൽ കണ്ട ഏതെങ്കിലും ഒരു വാർത്തയുടെ പേരും പറഞ്ഞാകും മിക്ക സമരങ്ങളും. സമരങ്ങളുടെ തീച്ചൂളയിൽ ആയിരുന്നു എന്റെ പ്രീഡിഗ്രി പഠനകാലം. കമ്പ്യുട്ടർ വിരുദ്ധസമരം,പ്രീഡിഗ്രി ബോർഡ് സമരം,വിളനിലം സമരം തുടങ്ങി ഒട്ടേറെ സമരങ്ങൾ. പുനലൂർ ബസ് സ്റ്റാന്റിന്റെ മുമ്പിൽ നിന്ന് അച്യുതാനന്ദസഖാവ് നമ്മുടെ നാട്ടിൽ കമ്പ്യൂട്ടർ വരരുത് വന്നാൽ നാട്ടിലെ അധ്വാനശീല (?) രായ ക്ലാർക്കുമാരുടെ പണി പോകും എന്ന നെടുങ്കൻ പ്രസംഗം കേട്ടു കോൾമയിർ കൊണ്ടവരിൽ ഒരുവനാണ് ഈയുള്ളവൻ. 'പണിയെത്തിക്കൂ പട്ടിണി മാറ്റൂ എന്നിട്ടാകാം കമ്പ്യൂട്ടർ' എന്നു പറഞ്ഞ പാർട്ടിയുടെ ഓഫീസുകളിൽ ഇരുന്നു ഇപ്പോൾ കമ്പ്യൂട്ടറുകൾ കൊഞ്ഞണം കുത്തുന്നുണ്ട് എന്നത് വേറെ കാര്യം. അച്യുതാനന്ദസഖാവ് ആകട്ടെ രണ്ടുലക്ഷം ഫോളോവേഴ്സ് ഉള്ള ഫേസ്ബുക്ക് പേജിന്റെ മുതലാളിയായെന്നത് ഏറെ വിരോധാഭാസം. പ്രീഡിഗ്രിയൊക്കെ കോളേജിൽ നിന്നു മാറ്റിയാൽ കോളേജിന്റെ കാൽപനികഭാവം പോകും, പ്രണയസുരഭില പുഷ്പങ്ങൾ വാടിക്കരിഞ്ഞു പോകും എന്നൊക്കെ കേട്ടു എത്ര സെന്റി അടിച്ചിരുന്നു അന്നൊക്കെ. തൊണ്ണൂറ്റിഎട്ടിൽ പ്രീഡിഗ്രി സ്കൂളിലേക്ക് പറിച്ചു നട്ടു. പ്രണയസുരഭില പുഷ്പങ്ങൾ വാടിക്കരിഞ്ഞുവോ ആവോ?





പുനലൂർ എസ്.എൻ കോളേജ് സ്ഥിതി ചെയ്യുന്നത് ഒരു കുന്നിന്റെ മുകളിലാണ്.   മലയുടെ മുകളിൽ തലയുയർത്തി നിൽക്കുന്ന കൂറ്റൻ കെട്ടിടങ്ങൾ. അവിടെ നിന്നു  പുനലൂർ ടൗൺ കാണാൻ നല്ല ഭംഗിയാണ്. താഴെ ഉറുമ്പുകൾ പോലെ നീങ്ങുന്ന മനുഷ്യരും കൂറകൾ പായുന്നത് പോലെ പോകുന്ന വാഹനങ്ങളും കാണാം.



കോളേജ് മല നിറയെ പുൽമേടുകൾ ആണ്. വേനൽക്കാലത്ത് ചില കുരുത്തംകെട്ടവന്മാർ പുല്ലിന് തീ കൊടുക്കും. വെറുതെ ഒരു രസം. കുന്നിന്റെ താഴെ നിന്ന് നിലവിളിച്ചു കൊണ്ട് ബദ്ധപ്പെട്ടു കയറ്റം കയറി ഫയർ എൻജിൻ എത്തും.പിള്ളേർക്ക്  എന്തൊരു സന്തോഷം. എൻജിനിൽ നിന്ന് വെള്ളം ചീറ്റുന്നതിനിടയിൽ കൂരോൻ,ചെവിയൻ,കുറുനരി ഇവയൊക്കെ പുൽകാട്ടിൽ നിന്നു പുറത്തുചാടും. അവയെ ഓടിച്ചിട്ടു പിടിക്കുവാൻ പിള്ളേർ കൂട്ടമായി ഇറങ്ങും.





അന്നുണ്ടായിരുന്ന വളഞ്ഞുപുളഞ്ഞ ടാറിടാത്ത വഴിയിലൂടെ കോളേജിൽ എത്തുവാൻ ബുദ്ധിമുട്ടാണ്. അല്ലെങ്കിൽ കാക്കത്തൊള്ളായിരം പടികൾ കയറി വേണം മുകളിൽ എത്തുവാൻ. രാവിലെ കൊല്ലത്തുനിന്നുള്ള സാറന്മാർ വരുന്ന വാൻ എത്തും. അത് കോളേജ്  മല കയറുവാൻ ഏറെ ബുദ്ധിമുട്ടും. പിള്ളേരും സാറന്മാരും ചേർന്നു തള്ളി വണ്ടിയെ മല കയറ്റുന്നത് രസമുള്ള കാഴ്ചയായിരുന്നു. കുട്ടികൾക്ക് കാൽനട വണ്ടി തന്നെ ശരണം. ബൈക്ക് ഒക്കെ ഉള്ളവർ അന്നു വിരലിൽ  എണ്ണാൻ മാത്രം. അന്ന് കോളേജിൽ ക്യാന്റീൻ ഒന്നും ഇല്ല. ആകെയുള്ള പൊട്ടിപ്പൊളിഞ്ഞ മുറി കുട്ടിസഖാക്കൾ കയ്യേറി പാർട്ടി ഓഫീസാക്കിയിരുന്നു. അതുകൊണ്ട് കുന്നിൻമുകളിൽ കട്ടൻചായക്കും പരിപ്പുവടയ്ക്കുമുള്ള അവസരം ഇല്ലായിരുന്നു.  അതില്ലാതെ കുട്ടിസഖാക്കൾ പഠിപ്പുമുടക്കാനുള്ള ത്വാതിക അവലോകനങ്ങൾ എങ്ങനെ നടത്തിയോ ആവോ?.. പിന്നെ ആകെ കിട്ടുന്നത് തമിഴന്റെ ബ്രൂ കോഫി മാത്രം. ഒരു തമിഴൻ സൈക്കിളിൽ സ്റ്റീൽ സമോവർ കെട്ടിവെച്ചു കുന്നിൻ മുകളിൽ എത്തിച്ചു വിൽപന നടത്തും. ബ്രൂ കോഫി കുടിച്ചു വാട്ടർ ടാങ്കിന്റെ താഴയുള്ള പടിയിൽ കുത്തിയിരുന്നു നടത്തിയിരുന്ന 'പക്ഷി നിരീക്ഷണം' നല്ല രസമായിരുന്നു. വാട്ടർടാങ്കിനോട് ചേർന്നു വലിയ ഒരു പ്ലാവുമരം ഉണ്ടായിരുന്നു. കെമിസ്ട്രിലാബിൽ നിന്നു മെർക്കുറി അടിച്ചുമാറ്റി ആ മരത്തിൽ കുത്തിവെച്ചു ഉണക്കുവാൻ ശ്രമിച്ച തലതെറിച്ച സയന്റിസ്റ്റുകൾ ഞങ്ങളുടെ ബാച്ചിലും ഉണ്ടായിരുന്നു. ആ മരം അത്തരം ഗിനിപ്പന്നി പരീക്ഷണങ്ങളെ അതിജീവിച്ചുവോ ആവോ




കോളേജുമലയിൽ ഉള്ള പുൽമേടുകൾക്കിടയിൽ ഉള്ള തെങ്ങുകൾ ആണ് അടുത്ത പ്രലോഭനം. തേങ്ങകൾ എറിഞ്ഞു വീഴ്ത്തിയും കേറി അടത്തിയും കുട്ടികൾ ആഘോഷിച്ചിരുന്നു. ഇടയ്ക്കു കോളേജ് സൂപ്രണ്ട് അതുവഴിയൊക്കെ തേങ്ങാ അടത്തുന്ന പിള്ളേരെ പിടിക്കുവാൻ ചുറ്റി നടക്കുമായിരുന്നു. ഓഫീസ് സൂപ്രണ്ട്  ആണെങ്കിലും മൂപ്പരുടെ ഗമ വല്യപ്രൊഫസ്സറുടെ മട്ടിലായിരുന്നു. ഞണ്ടിന്  കോൽക്കാരൻ  പണി  കിട്ടിയത്  പോലെ. ഒളിഞ്ഞിരുന്നു സൂപ്രണ്ട് സാറിനെ ഇരട്ടപ്പേര് വിളിയ്ക്കുന്ന വിരുതന്മാർ ധാരാളം. ദേഷ്യം മൂത്തു സൂപ്രണ്ട് സാർ  ഇരട്ടപ്പേര് വിളിച്ച പിള്ളാരുടെ പിതാവിനെയും പിതാമഹനെയും പേരുകൂട്ടി വിളിച്ചിട്ടു പാൻറ്സിന്റെ സിപ്പ് തുറന്നങ്ങുകാട്ടും. പിള്ളേരുടെ പൊടി പോലും പിന്നെ കാണുകയില്ല. സാറുന്മാരുടെ പേരുകളേക്കാൾ ഇരട്ടപ്പേരുകൾക്കായിരുന്നു കോളേജിൽ പ്രസിദ്ധി. കുളിര്,കൂനിന്മേൽ കുളിര്,പാറാൻ,മൈക്രോ,മങ്കി,എരുമ,സിൽക്ക് സ്മിത ഇങ്ങനെ ഇരട്ടപ്പേരുകൾ ധാരാളം.



ഞാൻ പഠിക്കുന്നതിന് തൊട്ടുമുമ്പത്തെ കൊല്ലമാണ് കോളേജിന്റെ ചരിത്രത്തിലെ കുപ്രസിദ്ധമായ ഉറുമ്പ് കേസ് നടക്കുന്നത്. തട്ടുതട്ടായിട്ടാണ് കോളേജ് കെട്ടിടം സ്ഥിതിചെയ്യുന്നത്. ഓരോ തട്ടിലും നിന്നാൽ താഴെക്കൂടി കുട്ടികൾ വരുന്നതും പോകുന്നതും കാണാം. ഏതോ ഒരു കുബുദ്ധി ഒരു തട്ടിൽ നിന്ന പേരമരത്തിൽ നിന്നും ഉറുമ്പുകൂട് എടുത്തു താഴെ കൂടി പോയ പെൺകുട്ടികളുടെ ദേഹത്തിൽ എറിഞ്ഞു. പാവം പെൺകുട്ടികൾ ഉടുപ്പിനകത്ത് നീറു കയറിയാലുള്ള അവസ്ഥ ആലോചിക്കാമല്ലോ. അതിനെ ചോദ്യം ചെയ്തു ആ പെൺകുട്ടികളുടെ ക്ലാസ്സിലെ ആൺകുട്ടികൾ രംഗത്ത് വന്നു. എറിഞ്ഞയാൾ പാർട്ടിക്കാരൻ ആയതിനാൽ പാർട്ടി തിരിഞ്ഞായി അടി. തുടരുന്നു സമരപരമ്പര,കത്തിക്കുത്ത്, കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചിടൽ ..ആകെ പുകിൽ.





കോളേജ് തുറക്കുമ്പോൾ തന്നെ പാർട്ടി മെമ്പർഷിപ്പുകൾ വിതരണം തുടങ്ങും. മിക്കവാറും കുട്ടികൾ പേടിച്ചു വിപ്ലവപാർട്ടിക്കാരുടെ മെമ്പർഷിപ്പ് തന്നെ എടുക്കും. അല്ലെങ്കിൽ ചാമ്പ് ഉറപ്പാണ്. കോളേജിൽ അടി സ്ഥിരമായി വാങ്ങുന്ന ഒരു കൂട്ടരേ ഉണ്ടായിരുന്നുള്ളു, കെ.എസ്.യു യൂത്തന്മാർ. എല്ലാ ബാച്ചിലും കാണും ഞാഞ്ഞൂലുപോലെ ഒന്നോ രണ്ടോപേർ. മൊത്തം അടികളും ഏറ്റുവാങ്ങുവാൻ വിധിക്കപ്പെട്ട  ന്യുനപക്ഷം. സാക്ഷാൽ മോഹൻദാസ് കരംചന്ദ് ഗാന്ധിയ്ക്കു പോലും കാണില്ല അത്രയും സഹിഷ്ണുത.


രാവിലെ കോളേജിൽ എത്തുമ്പോഴേക്കും ഏതെങ്കിലും ഒരു കാരണം പറഞ്ഞു സമരം തുടങ്ങിയിരിക്കും. മിക്ക പിള്ളേർക്കും അവർ സമരം ചെയ്യുന്നത് എന്തിനാണ് എന്നുപോലും അറിയില്ല. സോമാലിയയിലെ പട്ടിണിയും ക്യുബൻ ഐക്യദാർഢ്യവും അമേരിക്കൻ സാമ്രാജ്യത്വ ഭീഷണിയും ഒക്കെ ആയിരിക്കും മിക്കപ്പോഴും വിഷയങ്ങൾ. കോളേജിന്റെ താഴെ തട്ടിൽ നിന്നു മുദ്രാവാക്യം വിളി തുടങ്ങും. തോറ്റിട്ടില്ല..തോറ്റിട്ടില്ല..വിദ്യാർത്ഥി സമരം തോറ്റിട്ടില്ല .. കാലം സാക്ഷി,ചരിത്രം സാക്ഷി.. മുദ്രാവാക്യം മൂത്ത് വരുമ്പോൾ അടി തുടങ്ങും. ഇതൊക്കെ പറഞ്ഞു മിക്കവാറും വീക്കുകിട്ടുന്നത് പാവം യൂത്തന്മാർക്ക് ആയിരിക്കും. കാട്ടിലെ പശുവിനെ പുലി പിടിച്ചതിനു  വീട്ടിലെ പട്ടിക്കിട്ട് തല്ലുന്നതു പോലെ സമരാവേശം മുഴുവനും  യൂത്തന്റെ  മുതുകത്ത്  തീർക്കും. തല്ല് മൂത്ത് വരുമ്പോൾ പ്രിൻസിപ്പൽ പോലീസിനെ വിളിക്കും. പോലീസ് വണ്ടി താഴെ നിന്ന് കുന്ന്‌ കയറി വരുന്നത് കാണാം. കുട്ടികളും അതിനു മുമ്പ് തന്നെ സമരക്കാരും നാലുവഴിക്കായി കുന്നിറങ്ങി ഓടും. പോലീസ് ഇടവും വലവും നോക്കാതെ കയ്യിൽ കിട്ടുന്ന ആമ്പിള്ളേരെ ഒക്കെ തല്ലും. ഞാനും കൂട്ടുകാരും കോളേജിന്റെ പുറകുഭാഗത്തെ കുറ്റികാട്  താണ്ടി കാഞ്ഞിരമല വഴിയാകും ഓട്ടം.


ഒരു ദിവസം രാവിലെ ക്ലാസ്സ് തുടങ്ങിയ സമയം. പ്രീഡിഗ്രി ക്ലാസ്സിന്റെ മുമ്പിലൂടെ പത്തായത്തിൽ നിന്ന് പുറത്തു ചാടിയ വെള്ളലി കുഞ്ഞുങ്ങളെപ്പോലെ രണ്ടുമൂന്ന് ഖദറുധാരി കുഞ്ഞുങ്ങൾ നാലുവഴിക്ക്  ഓടുന്നു. യൂത്തന്മാരെന്ന് പ്രത്യേകം പറയണ്ടല്ലോ. പുറകെ മുദ്രാവാക്യം വിളിയുടെ അകമ്പടിയോടെ കയ്യിൽ മരച്ചീനിതണ്ടുമായി കുറെ കുട്ടിസഖാക്കൾ. കപ്പത്തണ്ടും കല്ലും  ആണ് കോളേജിലെ പ്രധാന സമരായുധങ്ങൾ. കോളേജിലേക്ക് വരുന്ന വഴിക്കുള്ള വീടുകളുടെ മുറ്റത്തു ഉണക്കാനിട്ട കപ്പതണ്ടുകളിൽ മൂത്തകമ്പുകൾ നോക്കിയെടുത്തുകൊണ്ടാണ് വരവ്. കൂടെ ഉച്ചത്തിൽ മുദ്രാവാക്യം വിളിയും.

" മണ്ടേലാ, മണ്ടേലാ.. ഞങ്ങടെ ഓമന മണ്ടേലാ..''

ദൈവമേ ഓമനയുടെ പേരിലും സമരമോ? ഏതു ഓമന ആയിരിക്കും? ഓണം വരാൻ ഓരോരോ മൂലങ്ങളേ.. എന്റെ മനസ്സിലൂടെ കോളേജിലെ ഒരുപാട് ഓമനമാർ കടന്നുപോയി. സെക്കന്റ് പീ.ഡി.സിയ്ക്കു പഠിക്കുന്ന പാറ്റൺ ടാങ്കുപോലുള്ള ഓമനകുമാരിയാണോ താരം, അതോ കോളേജ് ബ്യൂട്ടിയായ ഡിഗ്രിയ്ക്ക് പഠിക്കുന്ന ഓമനകുഞ്ഞമ്മയാണോ? ഏതു ഓമനയാണാലും മുപ്പത്തിയാർ എന്തിനാണ് മണ്ടയിൽ കയറിയത്. ഇനി ഓമന ആത്മഹത്യ ചെയ്യുവാൻ ഏതെങ്കിലും കോളേജ് ബിൽഡിങ്ങിന്റെ മണ്ടേൽ വലിഞ്ഞു കയറിയതാണോ?   കോട്ടയം പുഷ്പനാഥിന്റെ  ഡിറ്റക്ടീവ് നോവലുകൾ ഒക്കെ വായിച്ചു തല പുണ്ണാക്കിയിരുന്ന എന്റെ കുറ്റാന്വേഷണ ബുദ്ധി ഉണർന്നു. എന്തായിരിക്കും കാരണം?.. സ്ത്രീപീഡനം, പ്രണയ നൈരാശ്യം, പരീക്ഷയിൽ തോറ്റത്?. പക്ഷെ അതിൽ യൂത്തന്മാർക്ക് എന്താണ് റോൾ? എന്തിനാണ് അവന്മാർക്ക് ഇട്ടു വീക്കുന്നത്..ആകെ മൊത്തം കൺഫ്യൂഷൻ. 
  

കുറെ അടിയൊക്കെ കഴിഞ്ഞു രംഗം ശാന്തമായതിനുശേഷം ആണ് കാര്യം പിടികിട്ടിയത്. സൗത്ത് ആഫ്രിക്കയിലെ ജയിലിൽ നിന്ന്  നെൽസൺ മണ്ടേലയെ  വിട്ടയക്കണം എന്നാവശ്യപ്പെട്ടായിരുന്നു സമരം. 1985  കളിൽ നെൽസൺ മണ്ടേലയൊക്കെ  അന്ന് കേരളത്തിലെ വാർത്തകളിലും പത്രങ്ങളിലും സ്ഥാനം പിടിച്ചുവരുന്നതേ ഉള്ളൂ. അപ്പോഴാണ് ഈ സമരവും തല്ലും എന്നോർക്കണം.

എങ്കിലും എന്റെ മണ്ടേലേ, അങ്ങേക്കു വേണ്ടി തല്ലുകൊടുക്കുവാൻ ഇങ്ങു കൊച്ചു കേരളത്തിലും ചിലരൊക്കെ ഉണ്ടല്ലോ?.. പാവം യൂത്തന്മാർ അടി വരുന്ന ഓരോരോ വഴികളേ....


എസ്സൻസ്:
സാക്ഷാൽ ടി.പി ശ്രീനിവാസനെ വരെ ചെവിക്കുറ്റിയ്ക്ക് പൊട്ടിക്കുവാൻ ധൈര്യം കാണിച്ചവരാണ് ഞങ്ങൾ,  പിന്നല്ലേ ഈ എലിക്കുഞ്ഞുങ്ങൾ.. അല്ലെങ്കിൽ തന്നെ അമ്മായിക്ക് അടുപ്പിലും ആകാല്ലോ.. ലാൽസലാം.