Friday, 3 January 2025

മകൾ

 

മകൾ 




ഇന്നലെ ക്രിസ്മസ് ദിവസം ചെറിയ മകളെ നാട്ടിൽ അയക്കുവാൻ ഷാർജ എയർപോർട്ടിൽ പോയിരുന്നു. പകൽ സമയം ആയതിനാൽ എയർപോർട്ടിൽ അധികം തിരക്ക് ഉണ്ടായിരുന്നില്ല.ഗൾഫ് മേഖലയിൽ നിന്ന് അധികം ഫ്ലൈറ്റുകളും രാത്രികാലത്താണ് ഓപ്പറേറ്റ് ചെയ്യുക. ഇൻഫർമേഷൻ കൗണ്ടറിൽ നിന്ന് 30 ദിർഹം കൊടുത്തു പെർമിഷൻ പാസ്സ് എടുത്താൽ മകളോടൊപ്പം ഇമിഗ്രേഷൻ ഗേറ്റ് വരെ പോകാൻ പറ്റും. ഞാൻ എനിക്കും ഭാര്യയ്ക്കുമായി രണ്ട് പാസ്സ് ചോദിച്ചു. കൗണ്ടറിൽ ഇരിക്കുന്ന ഇവിടുത്തുകാരൻ അറബി ഒരു പാസ്സ് മാത്രമേ തരാൻ തയാർ ഉള്ളു. അതാണത്രേ പുതിയ നിയമം. മുമ്പൊക്കെ ഞാൻ ഒരു സമയം 2 പാസ്സ് എടുത്തിട്ടുണ്ട്. ഇമിഗ്രേഷൻ ഗേറ്റ് വരെ മകളോടോപ്പം പോയി മനസ്സില്ലാമനസോടെ യാത്ര അയച്ചു അവൾ അകത്തു കയറി കൈ വീശി കാണിക്കുമ്പോൾ ഉണ്ടാകുന്ന ഫീൽ അനുഭവിക്കുമ്പോൾ ഒരു സുഖം ആണ്.



ഞാനും വൈഫും കെഞ്ചി ചോദിച്ചിട്ടും അയാൾ 2 പാസ്സ് തരാൻ തയാർ അല്ല. ഒന്നുകിൽ പിതാവായ എനിക്ക് അല്ലെങ്കിൽ മാതാവിന് ഒരു പാസ്സ് കിട്ടും. ഒടുവിൽ എനിക്ക് പാസ്സ് തരാൻ പറഞ്ഞപ്പോൾ അയാൾ ഒരു ചോദ്യം മുമ്പിലേക്ക് എറിഞ്ഞു.. ലേഷ് ഇന്ത രീത്.മദർ അഹ്സൻ.. അതായത് അയാളുടെ അഭിപ്രായത്തിൽ പിതാവിനെക്കാൾ മാതാവിന് ആണ് മകളോട് കൂടുതൽ അടുപ്പം. അത് കൊണ്ട് മാതാവ് കയറട്ടെ. ഒടുവിൽ ഞാൻ തന്നെ കയറാൻ തീരുമാനിച്ചു. ബോർഡിങ് പാസ്സ് കിട്ടാൻ എന്തെങ്കിലും ഇഷ്യൂ ഉണ്ടെങ്കിൽ പരിഹരിക്കണമെല്ലോ എന്ന് സ്വയം ന്യായം പറഞ്ഞു. മകളെ ഇമിഗ്രേഷൻ ഗേറ്റ് വരെ പോയി നെറുകയിൽ ഒരു ചുംബനം കൊടുത്തു കൈ വീശി യാത്രയാക്കുന്നതിന്റെ സുഖം കളയാൻ മനസ്സ് അനുവദിക്കുന്നില്ല.



മകളെ യാത്രയാക്കി പുറത്തേക്ക് വരുമ്പോൾ ആണ് ഒരു ഫാമിലിയെ കണ്ടത്. കണ്ടിട്ട് സിറിയക്കാർ ആണ് എന്ന് തോന്നുന്നു. ഒരു യുവാവ് തന്റെ ഭാര്യയെയും രണ്ടു മക്കളെയും നാട്ടിൽ അയക്കാൻ വന്നതാണ്. 2 പെൺകുട്ടികൾ മൂത്ത മകൾക്ക് ഒരു 7 വയസ്സ് പ്രായം വരും,ഇളയതിന് 4-5 വയസ്സ് വരും. മൂത്ത കുട്ടി എയർപോർട്ടിൽ പിതാവിനെ കെട്ടിപ്പിടിച്ചു നിറുത്താതെ ഉച്ചത്തിൽ നിലവിളിക്കുകയാണ്. പിതാവും മാതാവും എത്ര സമാധാനിപ്പിച്ചിട്ടും പെൺ കുട്ടി കരച്ചിൽ നിറുത്താൻ തയാർ അല്ല.



എയർപോർട്ടിൽ എല്ലാവരും ഈ രംഗം ശ്രദ്ധിക്കാൻ തുടങ്ങി. ഒടുവിൽ കണ്ടുനിന്ന ചില അറബ് മുത്തശ്ശിമാർ ചേർന്ന് പെൺകുട്ടിയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. എന്നിട്ടും കുട്ടി കരച്ചിൽ നിറുത്തുന്നില്ല. മൂത്തകുട്ടി കരയുന്നത് കണ്ടു ഇളയ കുട്ടിയും കരച്ചിൽ തുടങ്ങി. പിതാവിനെ അള്ളിപ്പിടിച്ചു കരയുന്ന കുട്ടിയെ അമ്മ എങ്ങനെയോ പിടിച്ചകറ്റി. ഒടുവിൽ കുട്ടിയുടെ കൈ പിടിച്ചു വലിച്ചു മാതാവ് എയർപോർട്ടിന് ഉള്ളിലേക്ക് ഒരുവിധത്തിൽ കയറിപ്പോയി.



അല്പനേരം ഈ കാഴ്ചയൊക്കെ കണ്ട് ഞാനും ഭാര്യയും അവിടെ നിന്നു. ഒടുവിൽ തിരികെ പോകുന്നതിന് മുമ്പ് ഒന്നു റിഫ്രഷ് ആകാൻ വേണ്ടി ഞാൻ റസ്റ്റ്‌റൂമിൽ പോയി.. അപ്പോൾ അതാ ആ സിറിയക്കാരൻ പിതാവ് ബാത്‌റൂമിന്റെ സൈഡിൽ നിന്ന് തേങ്ങികരയുന്നു...



ഏത് രാജ്യക്കാർ ആയിരുന്നാലും പെൺമക്കൾ ഉള്ള അപ്പന്മാർ അങ്ങനെ ആണ്,അവരുടെ ലോകത്തെ രാജകുമാരികളുടെ കണ്ണ് നനഞ്ഞാൽ കണ്ടു നിൽക്കാൻ അവർക്ക് കഴിയില്ല.

ഓർമ്മച്ചിത്രങ്ങൾ 2

 

ഓർമ്മച്ചിത്രങ്ങൾ  2 




ഈ ഓർമ്മക്കുറിപ്പ് കണ്ണുനനയാതെ എനിക്ക് പൂർത്തികരിക്കാൻ കഴിയുകയില്ല. ഞങ്ങളുടെ പ്രിയ ഗുരുനാഥൻ ശ്രീ എം.ഒ മാത്യുസാർ ഓർമ്മയായി. തന്റെ ശിഷ്യർക്ക് ഒരിയ്ക്കലും മറക്കാൻ കഴിയാത്ത ഉദാത്തവും അനുപമവുമായ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. എനിക്ക് മാത്രമല്ല അദ്ദേഹം പഠിപ്പിച്ചിട്ടുള്ള ആയിരക്കണക്കിന് ശിഷ്യർക്കും അദ്ദേഹത്തോടുള്ള ബന്ധത്തിൽ പറയാൻ ഒരുപാട് ഓർമ്മകൾ കാണും. ഞാനുമായി ബന്ധപ്പെട്ട ഒന്നുരണ്ടു സംഭവങ്ങൾ ഇവിടെ പങ്കുവെയ്ക്കുന്നു.


ഞങ്ങളുടെ ഗ്രാമത്തിൽ പുതുതായി ആരംഭിച്ച ഹൈസ്കൂൾ ഒരു വയലോരത്തായിരുന്നു. ഒരു ഉൾനാടൻ ഗ്രാമത്തിന്റെ എല്ലാ വിശുദ്ധിയും നിറഞ്ഞ സ്ഥലം. ആ സ്കൂളിലെ നാലാമത്തെ ബാച്ച് വിദ്യാർത്ഥി ആയിരുന്നു ഞാൻ. മൂന്ന് നിലകളുള്ള ചുടുകട്ട വെച്ചു കെട്ടിയ നെടുങ്കൻ സ്കൂൾകെട്ടിടം അതിന്റെ ബാലാരിഷ്ടതകളിൽ ആയിരുന്നു. മുകളിലത്തെ നിലകളിലെ മിക്ക ക്ലാസ് റൂമുകൾക്കും വാതിലുകളും ജനൽപാളികളും ഇല്ലായിരുന്നു.ചെമ്മൺപൊടി നിറഞ്ഞ ക്ലാസ്സ്‌റൂമുകളിൽ ഇരുന്ന് ഞങ്ങൾ ഇംഗ്ലീഷും കണക്കും സയൻസുമൊക്കെ പഠിച്ചു. സ്കൂൾ കെട്ടിടത്തിന്റെ തുടക്കഭാഗത്തായിരുന്നു ഹെഡ്മാസ്റ്റരുടെ ഓഫീസ് റൂം. അതിന് ശേഷം സ്റ്റാഫ് റൂം,പിന്നെ ക്ലാസ് റൂമുകൾ.

അന്ന് സ്കൂളിൻറെ മുമ്പിൽ കെട്ടിടം പണിഞ്ഞപ്പോൾ ഇഷ്ടിക നനയ്ക്കാനായി പണിഞ്ഞ ഒരു ടാങ്ക് ഉണ്ടായിരുന്നു . കെട്ടിടം പണി കഴിഞ്ഞപ്പോൾ ഉപയോഗശൂന്യമായ ടാങ്കിൽ ഏതോ കുട്ടികൾ വെള്ളം നിറച്ചു മീനുകളെ വളർത്താൻ തുടങ്ങി.അങ്ങനെയിരിക്കെ ആരോ ആ ടാങ്കിൽ ഒരു ആമയെ കൊണ്ടുവന്നിട്ടു. സാമാന്യം വലിപ്പമുള്ള ആ ആമ പെട്ടെന്ന് തന്നെ കുട്ടികൾക്കിടയിൽ താരം ആയിമാറി.. ഉച്ചക്ക് ചോറുണ്ണാൻ സ്കൂൾ വിടുമ്പോഴും ഇന്റർവെൽ ടൈമിലും,ആമ യെ കാണാൻ ടാങ്കിനു ചുറ്റും കുട്ടികൾ കൂട്ടം കൂടി.ഒരു ദിവസം രണ്ടാം പീരീഡ്‌ കഴിഞ്ഞു ഇന്റർവെൽ..വെളിയ്ക്ക് വിടുന്നു എന്നാണ് ഞങ്ങൾ പറയുന്നത് സ്കൂളിന്റെ വരാന്തയിൽ നിന്നും താഴെയാണ് ഈ ടാങ്ക്.. ആമയെക്കാണാൻ വരാന്തയിലും ടാങ്കിന് അടുത്തും ഒക്കെ പിള്ളേരുടെ തിരക്ക്..കൂട്ടത്തിൽ ഞാനുമുണ്ട്. അതിനിടയിൽ ആരോ പുറകിൽ നിന്ന് തള്ളി ഞാൻ ടാങ്കിലേക്ക് മറിഞ്ഞു വീണു.. വെള്ളത്തിൽ മുങ്ങിപൊങ്ങിയ ഞാൻ പായലൊക്കെ വാരി അണിഞ്ഞു ഇളഭ്യനായി നിൽക്കുക ആണ്.. ആകെ കൂട്ടച്ചിരിയും കൂക്ക് വിളിയും.. അപ്പോഴേക്കും ചൂരലുമായി റൌണ്ട്സിനിറങ്ങിയ മാത്യു സാർ സ്ഥലത്തെത്തി.. കയ്യോടെ എന്നെയും കൂട്ടി ഓഫീസിലേക്ക് കൊണ്ടുപോയി..പിന്നെ ചോദ്യവും പറച്ചിലും ആയി.. ആരൊക്കെ സംഭവസ്ഥലത്ത് ഉണ്ടായിരുന്നോ അവരെ ഒക്കെ പ്യൂൺ ഷംസണ്ണനെ വിട്ടു വിളിപ്പിച്ചു..എല്ലാ പ്രതികൾക്കും നല്ല ചൂരൽ കഷായം കൊടുത്തു.. കൂട്ടത്തിൽ വെള്ളത്തിൽ വീണ എനിക്കും കിട്ടി ഒന്നാതരം അടി.എന്തിനാണ് ഇന്റർവെൽ ടൈമിൽ വല്ലതും പഠിക്കാതെ ഇത്തരം വായിനോട്ടത്തിന് ഇറങ്ങിയത് എന്നാണ് സാറിന്റെ ചോദ്യം.. അടിയും കൊണ്ടു പുളിയും കുടിച്ചു കരവും ഒടുക്കി എന്ന് പറഞ്ഞത് പോലെ ആയി എന്റെ ഗതി.

പഠിപ്പിക്കുന്ന കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്‌ക്കും മാത്യു സാർ തയാർ ആയിരുന്നില്ല.ഇംഗ്ലീഷ് അധ്യാപകൻ ആയിരുന്ന മാത്യു സാറിന് മറ്റു സബ്ജെക്റ്റുകളെ കുറിച്ചും അഗാധമായ ജ്ഞാനം ഉണ്ടായിരുന്നു.കുട്ടികൾ പത്താംതരത്തിൽ എത്തിയാൽ രണ്ടുമാസത്തെ വേനൽ അവധി സമയത്ത് എക്സ്ട്രാ ക്ലാസ്സ്‌ എടുത്തു മാത്യു സാർ ഇംഗ്ലീഷ് ഗ്രാമറും ആദ്യ ടേമിന്റെ പോർഷനും തീർക്കും. സ്കൂൾ വർഷം ആരംഭിച്ചാൽ പിന്നെ സാറിന് തിരക്ക് ആണ്.ഓഫീസ് കാര്യങ്ങളും അഡ്മിനിസ്ട്രേഷനും ഒക്കെയായി തിരക്കോടുതിരക്ക്. എന്നാൽ കുട്ടികളുടെ ക്ലാസ്സ്‌ മുടക്കാറില്ല. വളരെ പതുക്കെ എല്ലാ കുട്ടികൾക്കും മനസിലാകുന്ന തരത്തിൽ ആണ് സാർ പഠിപ്പിക്കുക.ചിലപ്പോൾ ഒരു പാരഗ്രാഫ് ആയിരിക്കും പഠിപ്പിക്കുക.. ക്ലാസ്സിൽ വന്നാൽ ആദ്യം തലേന്ന് പഠിപ്പിച്ച വാക്കുകളുടെ സ്പെല്ലിങ്ങും അർത്ഥവും പുറകിലത്തെ ബെഞ്ചിൽ നിന്ന് ചോദിച്ചു തുടങ്ങും.ഉത്തരം പറഞ്ഞില്ല എങ്കിൽ അടി ഉറപ്പ്..അടി എന്നാൽ ഒന്നൊന്നര അടി ആയിരിക്കും.. കൊള്ളുന്നവന്റെ കൈയ്യിലെ തൊലി പൊളിയുന്ന തരത്തിൽ ഉള്ള അടി. ഇങ്ങനെ അടി പേടിച്ചു പഠിക്കുന്നത് കൊണ്ടാകും ഫൈനൽ പരീക്ഷയ്ക്ക് ഇംഗ്ലീഷ് രണ്ടുപേപ്പറുകൾക്കും മിക്കവാറും എല്ലാവർക്കും നല്ല മാർക്ക് കിട്ടും. തോൽക്കുന്നവർ വിരളം ആയിരുന്നു.

മാത്യു സാറിന്റെ മറ്റൊരു ഗുണം ഏത് മോശം കുട്ടിയെയും തള്ളികളയാതെ അവനിൽ ഉള്ള കഴിവ് കണ്ടെത്തി പ്രോത്സാഹനം നൽകുന്ന സമീപനം ആയിരുന്നു. എല്ലാവർക്കും ഒരുപോലെ പഠനത്തിൽ മികവ് കാണിക്കാൻ സാധിക്കുക ഇല്ലല്ലോ , എന്നാൽ ഈശ്വരൻ വരദാനമായി തന്ന എന്തെങ്കിലൊമൊക്കെ കഴിവുകൾ അവരിൽ കാണും അതു കണ്ടെത്തി പ്രോൽസാഹിക്കാൻ കഴിയുന്ന അധ്യാപകൻ ആണ് കുട്ടികളുടെ മനസ്സിൽ ജീവിതകാലം മുഴുവൻ ഇടംപിടിക്കുക.മാത്യുസാറും പ്രതീപ് സാറും (പ്രശസ്ത എഴുത്തുകാരൻ ശ്രീ.പ്രതീപ് കണ്ണങ്കോട് സർ) ഒക്കെ അങ്ങനെയുള്ള അധ്യാപകരായിരുന്നു.

ഒരു ദിവസം എന്റെ ക്ലാസ്സിലെ ഏറ്റവും പൊണ്ണതടിയനായ ഭീമസേനൻ എന്നു വിളിപ്പേരുള്ള ചന്ദ്രശേഖരൻ എന്നെ തോളിൽ എടുത്ത് സ്കൂളിന്റെ മുമ്പിലെ വീടിന്റെ പുറത്തേക്ക് നിൽക്കുന്ന മാവിൽ നിന്നു മാങ്ങ പറിക്കുന്നത് ദൂരെ നിന്ന് മാത്യുസാർ കണ്ടു. സാർ ആളെ വിട്ടു ഞങ്ങളെ വിളിപ്പിച്ചു കുറെ വഴക്കുപറഞ്ഞു. കൂടാതെ ഓഫീസ് റൂമിന്റെ വെളിയിലെ വരാന്തയിൽ മാങ്ങ പറിക്കാൻ നിന്ന പോസിൽ ചന്ദ്രശേഖരന്റെ തോളിൽ എന്നെ കയറ്റി ഞങ്ങളെ ഉച്ചവരെ സാർ നിറുത്തി. ദൂരെ റോഡിൽ കൂടി പോകുന്ന നാട്ടുകാർക്ക് ഈ വിചിത്രകാഴ്ച കണ്ടു ചിരിക്കാൻ നല്ല വഴിയായി. അതിന് ശേഷം കുറെ നാളത്തേക്ക്.കൂട്ടുകാർക്കിടയിൽ ഞങ്ങൾക്ക് വിക്രമാദിത്യനും വേതാളവും എന്ന പേരുവീണു . ചന്ദ്രശേഖരൻ ഇപ്പോൾ മാമ്പഴത്തറ ചന്ദ്രശേഖരൻ എന്ന രാഷ്ട്രീയ നേതാവാണ്.

മിക്കവാറും ദിവസങ്ങളിൽ ഞങ്ങളുടെ ഗാങ്ങ് സ്കൂളിൽ എത്തുക സ്കൂൾ അസംബ്‌ളി തുടങ്ങിയതിന് ശേഷം ആയിരിക്കും. തോടുകളും മേടുകളും പാടവരമ്പുകളും ഒക്കെകൊണ്ടു സമൃദ്ധമായ നാട്ടുവഴികൾ താണ്ടിയാകും സ്കൂളിലേക്കുള്ള യാത്ര.പോകുന്ന വഴിയ്ക്കുള്ള വീട്ടുകാർക്കും മരങ്ങൾക്കും മീനുകൾക്കും പാമ്പിനുമൊന്നും സ്വൈരം കൊടുക്കാത്ത യാത്രകൾ. മഴയോടും വെയിലിനോടും കാറ്റിനോടും ഒക്കെ കിന്നാരം പറഞ്ഞു സ്കൂളിൽ എത്തുമെത്തുമ്പോഴേക്കും ബെല്ലടിച്ചിരിക്കും. ഞാനും ലെനിനും അസീസും ഷാംജിയുമൊക്കെയാകും കൂട്ടത്തിൽ. ശ്രീമാൻ ലെനിൻ സ്കൂൾ മാനേജരുടെ മകനാണ്. അദ്ദേഹം ആണ് ഇപ്പോഴത്തെ ഇടമൺ വി.എച്ച് സി സ്കൂൾ മാനേജർ. ഈശ്വരപ്രാർത്ഥന നടക്കുകയാണങ്കിൽ സ്കൂളിന്റെ മുമ്പിൽ പ്രാർത്ഥന തീരുംവരെ അറ്റെൻഷൻ ആയി നിൽക്കണം എന്നാണ് മാത്യു സാറിന്റെ അലിഖിത നിയമം. എന്നാൽ അറ്റെൻഷൻ ആയി നിന്നുകൊണ്ടു തന്നെ മിക്കവാറും ലെനിൻ എന്തെങ്കിലും കോക്രി കാണിയ്ക്കും. കൂട്ടത്തിൽ ഉള്ള ഞങ്ങൾക്ക് ചിരി അടക്കുക വയ്യ. മാത്യു സാർ അസംബ്ലി കഴിയുന്നത് വരെ ഒന്നും മിണ്ടില്ല.അത് കഴിഞ്ഞാകും അടിയുടെ പൂരം. കൂട്ടത്തിൽ എനിക്കും ലെനിനും ആകും കൂടുതൽ കിട്ടുക കാരണം അധ്യാപകരുടെ മക്കളാണല്ലോ അവർക്കാണ് ഡിസിപ്ലിൻ കൂടുതൽ വേണ്ടത് എന്നാണ് സാറിന്റെ പക്ഷം.

പബ്ലിക് എക്സാം അടുത്താൽ പിന്നെ എക്സ്ട്രാ ക്ലാസുകൾ വെച്ച് സാർ പോർഷൻ തീർത്തു റിവിഷൻ തുടങ്ങും. ഏതെങ്കിലും അധ്യാപകൻ അപ്രതീക്ഷിതമായി ദീർഘഅവധി എടുത്താൽ ആ സബ്ജെക്ട് കൂടി സാർ പഠിപ്പിച്ചു തീർക്കും.ഏതു സമയത്തും പഠനവിഷയത്തിൽ സംശയങ്ങൾ ഉണ്ടെങ്കിൽ സാറിനെ സമീപിച്ചാൽ ഒട്ടും മടികൂടാതെ തീർത്തു തരും. ഋഷികളുടെ തപസിനു തുല്യമായ സപര്യയായിരുന്നു സാറിന് അധ്യാപനം.

രണ്ടുമാസം മുമ്പ് പ്രൈമറി സ്കൂൾ ടീച്ചറായിരുന്ന എന്റെ അമ്മ ട്രഷറിയിൽ പെൻഷൻ വാങ്ങാൻ പോയപ്പോൾ മാത്യു സാറിനെ കണ്ടിരുന്നു.സാറിന് കൂട്ടായി വന്ന മരുമകളോട് അമ്മയെ പരിചയപ്പെടുത്തി കൂട്ടത്തിൽ അതിവാത്സല്യത്തോടെ സൂസമ്മ ടീച്ചറുടെ മകൻ എന്റെ ശിഷ്യൻ ആണ് എന്നുപറഞ്ഞു .അമ്മ ഈകാര്യം കഴിഞ്ഞ ദിവസം പറഞ്ഞപ്പോൾ അറിയാതെ എന്റെ കണ്ണുനനഞ്ഞു. പുൽക്കൊടിയായ ഒരു ശിഷ്യന് ഇതിൽ കൂടുതൽ എന്ത് പുണ്യം?

ഒരു അധ്യാപകന് ഒരിക്കലും ഒരു വിദ്യാര്ഥിയെ അവന്റെ സ്കൂൾകാലം കഴിഞ്ഞാൽ ഒഴിവാക്കാറില്ല. ജീവിതകാലത്തേക്ക് മുഴുവന് അവര് ഓരോരുത്തരെയും മനസ്സിലാണ് കൊണ്ട് നടക്കാറുള്ളത്.നല്ല അധ്യാപകർക്കും കുട്ടികളുടെ ഹൃദയത്തിലാണ് സ്ഥാനം. അധ്യാപകൻ എന്ന വാക്കിനോട് എത്ര കാലം കഴിഞ്ഞാലും ബാക്കി നിൽക്കുന്ന ചില ഇഷ്ടങ്ങളിൽ മാത്യു സാർ ഉണ്ടാകും തീർച്ച..സ്‌നേഹച്ചൂരല് കൊണ്ടൊരു തലോടല്..അത്രമാത്രം..മാത്യു സാർ തല്ലി നന്നാക്കിയ കുട്ടികള് എത്രയോ ഉണ്ട്.അവരിൽ ഒരാളാണ് ഞാൻ എന്ന് അഭിമാനത്തോടെ എനിക്ക് പറയാൻ കഴിയും. അധ്യാപകന് കുട്ടികളെ തല്ലാം എന്ന പക്ഷകാരനാണ് ഞാൻ, പക്ഷെ കുട്ടികളെ സ്‌നേഹം കൊണ്ട് തല്ലുന്ന വിദ്യ അറിഞ്ഞിരിക്കണമെന്നു മാത്രം. കറയില്ലാത്ത, അതിരില്ലാത്ത ഈ സ്‌നേഹം കൊണ്ടാണ് മാത്യു സാർ കുട്ടികളെ നല്ല വഴിക്ക് നടത്തിയത്

പഴങ്കഞ്ഞി ഓർമ്മകൾ


പഴങ്കഞ്ഞി ഓർമ്മകൾ






അവധിയുള്ള വാരാന്ത്യങ്ങളിലെ എന്റെ ഗൃഹാതുരത്വം പേറുന്ന മോഹങ്ങളിൽ ഒന്നാണ് രാവിലെ പഴങ്കഞ്ഞി കുടിക്കുക എന്നത്.ഗൾഫിൽ പഴങ്കഞ്ഞി മലയാളിയ്ക്ക് അവന്റെ നാടിന്റെ, ബാല്യത്തിന്റെ സുഗതമായ ഓർമ്മയാണ്. തലേദിവസത്തെ മീന് വറ്റിച്ച ചട്ടിയില് പഴങ്കഞ്ഞിയും തൈരും തലേന്നത്തെ തന്നെ ചക്കയോ കപ്പയോ ഇടകലര്ത്തി വെള്ളവും ഒഴിച്ച് കാന്താരി മുളകുചമ്മന്തി ഉടച്ചു കഴിച്ചിരുന്ന ഒരു കാലത്തിന്റെ ഓർമ്മ.. നാട്ടിലെപ്പോലെ കാന്താരിമുളകും അത്‌ ചെറിയ ഉള്ളി ചേർത്ത് ഉപ്പും തിരുകി ഉടയ്ക്കാൻ അടച്ചൂറ്റിയൊന്നും ഗൾഫിൽ കിട്ടാത്തത് കൊണ്ടു ഉള്ളത് വെച്ച് അഡ്ജസ്റ്റ് ചെയ്തു. മീൻചട്ടിയിൽ രാത്രിതന്നെ ചോറും തൈരും പച്ചമുളക് തിരുടിയതും ഇട്ടുവെച്ചു.അതേ പഴങ്കഞ്ഞിയുടെയൊരു ആഢ്യത്തമുണ്ടല്ലോ, അതു കിട്ടണമെങ്കിൽ മൺചട്ടി തന്നെ വേണം


ആദ്യം പഴങ്കഞ്ഞി നന്നായി ഇളക്കി കൈ നിറയെ ശാപ്പിടുക.. പിന്നെ ഉപദംശങ്ങൾ..ആദ്യം തലേന്നത്തെ മീൻകറി ഒരു കഷ്ണം ചാറോടെ.. ശേഷം കൈകൊണ്ടു ചുവന്നുള്ളി ചേർത്ത മുളക് ചമ്മന്തി വടിച്ചു നാക്കിലേക്ക്. പിന്നെ വറുത്ത ഉണക്ക കുറിച്ചിമീൻ കൈയ്യിൽ എടുത്തു ഒരു കടി. ഒടുവിൽ പഴം നെല്ലിക്കയോ ഉപ്പുമാങ്ങയോ.. കഴിക്കുന്നവന്റെ അന്തരാത്മാവിൽ വരെ പഴങ്കഞ്ഞിയുടെ തണുപ്പും സ്വാദും അരിച്ചിറങ്ങും. പുളിയും എരിവും ഉപ്പും ചേർന്ന് നാവിലൊരു രുചിയുടെ മേളപ്പദം. വെള്ളം വാലുന്ന ചോറെല്ലാം കഴിച്ചു മിച്ചം വരുന്ന പഴങ്കഞ്ഞി വെള്ളം ചട്ടിയോടെ എടുത്തു മെല്ലെ മോന്തുക..ശുഭം.






തണുത്ത ചോറിൽ തലേന്നത്തെ മീൻകറിയും നെല്ലിക്ക അച്ചാറും തൈരും കൂടെ എരിവുള്ള ചമ്മന്തിയും... അത് കൈയ്യിട്ടു ഞെരടി ഒരു പിടിപിടിച്ചതിന്റെ രുചി പറഞ്ഞറിയിക്കുക വയ്യ.. പഴങ്കഞ്ഞിയുടെ രുചി എന്നെ എത്ര പിറകിലേക്ക് കൊണ്ടു പോയിരിക്കുന്നു.. എന്തെല്ലാം ഓർമ്മകളാണ് മനസ്സിലേക്ക് ഇരച്ചുകയറി വരുന്നത്. പഴങ്കഞ്ഞി കുടിച്ച കൈ ഒന്ന് മണത്തുനോക്കുക. എന്തൊരു ഗന്ധം.. പഴം ചോറിന്റെയും തൈരിന്റെയും മീൻകറിയുടെയും ഗന്ധം.. കൂടെ ഗതകാലത്ത് അനുഭവിച്ച ഒരുപാട് ഭക്ഷണ ഗന്ധങ്ങൾ..കാലമെത്ര കഴിഞ്ഞാലും ചില രുചികൾ, ഗന്ധങ്ങൾ നാവിൻ തുമ്പിലും മൂക്കിൻതുമ്പിലും ഞൊട്ടപിടിച്ചു തിരിഞ്ഞു നിൽക്കും..അതൊക്കെ എങ്ങനെ മറക്കാൻ? നൊസ്റ്റി അടിച്ചു ഇന്ന് രാവിലെ പഴങ്കഞ്ഞി ഉണ്ടാക്കി ഒരു പിടിപിടിച്ചു.. വയറും മനസ്സും ഒരുപോലെ തണുത്തു..സൂപ്പർ.. ചെറിയ ചില ആഗ്രഹങ്ങൾ.. ' അല്ലേലും ഇത്തിരി പഴങ്കഞ്ഞി കിട്ടിയിരുന്നെങ്കിലെ’ന്ന മോഹം പിന്നത്തേക്ക് മാറ്റി വെയ്ക്കരുത്.

പിൻകുറി :
എന്റെ ചെങ്ങായി മഹേഷിന്റെ വക :
പഴങ്കഞ്ഞിയോളം നല്ലൊരു വസ്തു ഭൂലോകത്തില്ലെടീ മറിയേ....
തൈരിട്ടു പിടിച്ചാൽ ഇരുനാഴി പോണവഴി കാണില്ല !!

ലോക ഫാർമസി ദിനം

 ലോക ഫാർമസി ദിനം 



ഇന്ന് സെപ്തംബർ 25 വേൾഡ് ഫാർമസിസ്റ്റ് ഡേ..








കുറെനാൾ മുമ്പ് ഒരു അമ്മയും മകളും എന്നെ കാണാൻ ഓഫീസിൽ വന്നിരുന്നു. എന്റെ ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്ന ആ അറബി സ്ത്രീയുടെ മകളുടെ വിവാഹത്തിന് ക്ഷണിക്കുവാൻ കല്യാണക്കുറിയുമായി എത്തിയതായിരുന്നു അവർ. മുഖം മറയ്ക്കാത്ത ആ ചെറിയ പെൺകുട്ടി വിവാഹ ക്ഷണകത്ത് എന്റെ നേരെ നീട്ടി. നല്ല മുഖശ്രീയുള്ള ഒരു സുന്ദരി അറബ് പെൺകുട്ടി. കൂടെയുള്ള അമ്മ അവളെ എനിക്ക് പരിചയപ്പെടുത്തി ' നിനക്ക് ഓർമ്മ ഉണ്ടോ എന്റെ മകളെ ' അവരുടെ ചോദ്യത്തിന് മുമ്പിൽ ഞാൻ ഒന്ന് പതറി.. ഓർമ്മ കിട്ടുന്നില്ല. ഞാൻ അറിയില്ല എന്നമട്ടിൽ തല വെട്ടിച്ചു.
'ഇത് എന്റെ മകൾ മർവ.. നീ ഇവൾക്കാണ് ക്യാപ്റ്റോപ്രിൽ സിറപ്പ് ചെറുപ്പത്തിൽ ഉണ്ടാക്കി കൊടുത്തിരുന്നത് ' അവർ പറഞ്ഞു.
ക്ഷണനേരം കൊണ്ട് ഒരു ഫ്ലാഷ് ബാക്ക് പോലെ ഒരുപാട് ഓർമ്മകൾ എന്റെ മനസ്സിൽ വന്നു നിറഞ്ഞു. പത്തുപതിനെട്ടു കൊല്ലം മുമ്പത്തെ വിളറിയ മുഖമുള്ള ഒരു മൂന്നുവയസുകാരിയുടെ ഓർമ്മ എന്റെ മനസ്സിലേക്ക് കടന്നു വന്നു.. ഈ അമ്മ ആ പെൺകുട്ടിയുടെ കൈപിടിച്ചു എന്റെ ഫാർമസിയിൽ കടന്ന് ഞാൻ ഇപ്പോൾ ഓർമ്മിക്കുന്നു. അവരുടെ മകൾക്ക് ആവശ്യമുള്ള ഒരു മരുന്നിന്റെ കാര്യം പറയാൻ ആണ് വന്നത്.. ആ പെൺകുട്ടിയുടെ ഹൃദയത്തിൽ ഒരു സുഷിരം ഉണ്ടത്രേ.. ദൂരെ അലൈയിൻ ഹോസ്പിറ്റലിൽ ആണ് മകളെ കാണിക്കുന്നത് അവിടെ നിന്നു കുട്ടിയ്ക്ക് ലഭിക്കുന്ന ക്യാപ്റ്റോപ്രിൽ സിറപ്പ് ഇവിടെ ഉണ്ടാക്കി കൊടുക്കാമോ എന്നാണ് അവരുടെ ചോദ്യം. ചെറിയ കുട്ടികൾക്ക് ഉണ്ടാകുന്ന ഹൃദയത്തിന്റെ തകരാറുകൾക്ക് ഉള്ള മരുന്നുകൾ പലതും സിറപ്പ് ഫോമിൽ കിട്ടാൻ ബുദ്ധിമുട്ട് ആണ്. അതിന്റെ പ്രധാനകാരണം കുട്ടികളിൽ ഇത്തരം രോഗങ്ങൾ കുറവാണ് എന്നത് തന്നെ. ഞാൻ അല്പനേരം ആലോചിച്ചിരുന്നിട്ട് നോക്കാം എന്ന് തലയാട്ടി.
മെലിഞ്ഞുണങ്ങി ബംഗാളിയുടെ രൂപഭാവമുള്ള ചെറുപ്പക്കാരൻ ഹോസ്പിറ്റലിലെ ഫാർമസിയിൽ ചാർജ് ഏറ്റെടുക്കുമ്പോൾ ഹോസ്പിറ്റൽ ഡയറക്ടറുടെ മുഖത്ത് പരിഹാസം കലർന്ന പുച്ഛഭാവമായിരുന്നു. ഏകദേശം 25 കൊല്ലം മുമ്പ് ഗൾഫിലെ ഒരു ഉൾനാടൻ പ്രദേശത്തെ ഏക ഗവണ്മെന്റ് ഹോസ്പിറ്റലിൽ ഫാർമസിസ്റ്റ് ആയി ജോലിയ്ക്ക് ചേർന്നതായിരുന്നു ഞാൻ.. ആ ഹോസ്പിറ്റലിൽ എനിക്ക് മുമ്പ് ഫാർമസിസ്റ്റ് ആയി ജോലി ചെയ്തിരുന്നത് ഒരു സുഡാൻ നാട്ടുകാരൻ ആയിരുന്നു. ഹോസ്പിറ്റൽ ഡയറക്ടറുമായി ഉണ്ടായ എന്തോ അഭിപ്രായ വ്യത്യാസം കാരണം അയാളെ അവിടെ നിന്ന് ദൂരെ എവിടെയ്ക്കോ തെറിപ്പിച്ചു.. ആ വേക്കൻസിയിൽ കയറികൂടിയതായിരുന്നു ഞാൻ. അന്ന് കേവലം 26 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന എനിക്ക് എടുക്കാൻ പറ്റാത്ത ഭാരം ആയിരുന്നു ആ ജോലി. പത്ത് അസിസ്റ്റന്റുകൾ ആയിരുന്നു എന്റെ കീഴിൽ പണി എടുത്തിരുന്നുത്.. മരുന്നുകളുടെ സംഭരണവും വിതരണവും അത്ര എളുപ്പമുള്ള പണി ആയിരുന്നില്ല..അതിന് ഇടയിൽ ആണ് ഇത്തരം ചില പണികൾ കൂടി തലയിൽ ഏറ്റുന്നത്.
ഈ പെൺകുട്ടിയ്ക്ക് സ്ഥിരമായി ക്യാപ്റ്റോപ്രിൽ സിറപ്പ് (ഹൃദയരോഗങ്ങൾക്ക് കഴിക്കുന്ന മരുന്ന്)വേണം.. ചെറിയ കുട്ടി ആയതിനാൽ 25 mg ടാബ്ലറ്റ് പറ്റുക ഇല്ല.. കുട്ടിയ്ക്ക് വേണ്ടത് 5 mg മാത്രം..മാർകറ്റിൽ കിട്ടാത്ത ഇത്തരം സിറപ്പുകൾ ഫാർമസിസ്റ്റുകൾ ഉണ്ടാക്കി കൊടുക്കാറുണ്ട്.. ഫാർമസിയുടെ അടിസ്ഥാന ശാസ്ത്രത്തിൽ നല്ല അവഗാഹവും കണക്ക് കൂട്ടാൻ ഉള്ള കഴിവും പ്രവർത്തിപരിചയവും ഉണ്ടെങ്കിൽ മാത്രമേ ഇത്തരം എക്സ്ടെംപറേനിയസ് മരുന്നുകൂട്ടുകൾ ഉണ്ടാക്കാൻ പറ്റുക ഉള്ളു.. ഞാൻ പഠിച്ച ഫാർമസി കോളേജിൽ ഇതിൽ നല്ല പരിശീലനം നൽകുന്നുണ്ട്. ഒരു നിയോഗംപോലെ ഞാൻ ആ ദൗത്യം ഏറ്റെടുത്തു. ആ പെൺകുട്ടിയ്ക്ക് പിന്നീട് കുറേ കൊല്ലത്തോളം മാസത്തിൽ 2-3 ബോട്ടിൽ ക്യാപ്റ്റോപ്രിൽ സിറപ്പ് ഞാൻ ഉണ്ടാക്കി കൊടുത്തിരുന്നു.
ഇത്തരം സിറപ്പ് ഉണ്ടാക്കുന്ന പരിപാടി കാണാൻ നല്ല രസമാണ്. ടാബ്ലറ്റ് അതിന്റെ ആവശ്യമായ സ്ട്രങ്ങ്ത്ത് കണക്കുകൂട്ടി നമ്മുടെ ചെറിയ ഉരൽ പോലുള്ള ഒരു മോർട്ടാർ & പെസലിൽ ഇട്ട് നന്നായി പൊടിച്ചു ആവശ്യത്തിന് പഞ്ചസാര ലായനിയും ഫ്ലേവറും മറ്റു ഘടകങ്ങളും ചേർത്തു സിറപ്പ് ആക്കി മാറ്റണം.ചെറിയ പിഴവ് പറ്റിയാൽ ചില ദിവസങ്ങൾ കൊണ്ട് സിറപ്പിൽ പൂപ്പൽ പിടിക്കും. ഈശ്വരകാരുണ്യം കൊണ്ട് ഞാൻ പല രോഗികൾക്കായി ഉണ്ടാക്കി കൊടുത്തിട്ടുള്ള നൂറുകണക്കിന് ഇത്തരം സിറപ്പുകളിൽ ഒരിക്കൽ പോലും ഒരു പിഴവും സംഭവിച്ചിട്ടില്ല.
അങ്ങനെ ഇരിക്കെ ഞാൻ ഒരു തവണ നാട്ടിൽ പോയി.. നാട്ടിൽ എത്തിയതിന്റെ മൂന്നാമത്തെ ദിവസം ഗൾഫിലെ ഹോസ്പിറ്റലിൽ നിന്ന് നിറുത്താതെ ടെലിഫോൺ കോളുകൾ.. നാട്ടിൽ ആയതിനാൽ ഞാൻ മൊബൈൽ എടുക്കാൻ മടി കാണിച്ചു. കാരണം മൊബൈൽ എടുത്താൽ റോമിങ് ചാർജിൽ ഒരുപാട് പൈസ കട്ടാകും. പിന്നീട് എപ്പോഴോ ആണ് ഞാൻ അറിയുന്നത് എനിക്ക് പകരം ലീവ് വേക്കൻസിയിൽ വന്ന ഇറാക്കി ഫാർമസിസ്റ്റ്‌ ഉണ്ടാക്കി കൊടുത്ത സിറപ്പ് കുടിച്ച് ആ പെൺകുട്ടി മൂന്ന് ദിവസം ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നു.. മരുന്നിന്റെ സ്‌ട്രെങ്ങ്ത്ത് മാറിപ്പോയത്രേ !!
ഞാൻ തിരിച്ചു എത്തിയതിനു ശേഷവും കുറേനാൾ ആ പെൺകുട്ടിയ്ക്ക് സിറപ്പ് ഉണ്ടാക്കി കൊടുത്തിരുന്നു.. പിന്നീട് എപ്പോഴോ അത് നിലച്ചു.. ഒരിക്കൽ എവിടെ വെച്ചോ ആ അമ്മയെ കണ്ടപ്പോഴാണ് കാര്യം പിടികിട്ടിയത്.. മകളുടെ ഹാർട്ട് ഓപ്പറേഷൻ കഴിഞ്ഞു.. ഡോക്ടറുമാർ അതിന്റെ സുഷിരം അടച്ചു ഇപ്പോൾ പൂർണ സൗഖ്യം ഉണ്ട്.. മരുന്നുകൾ ഒന്നും ആവശ്യമില്ല.
ഇപ്പോഴിതാ ആ പെൺകുട്ടിയ്ക്ക് വിവാഹപ്രായം എത്തിയിരിക്കുന്നു.. ദുബൈയിലെ ഏതോ ഗവണ്മെന്റ് ഓഫീസിൽ എഞ്ചിനീയർ ആണത്രേ അവൾ. ഞാൻ ആ മുഖത്തേക്ക് ഒന്ന് സൂക്ഷിച്ചു നോക്കി..എന്റെ കണ്ണുകൾ അഭിമാനം കൊണ്ട് നിറഞ്ഞു..പഴയ വിളറി വെളുത്ത മുഖത്തിന് പകരം പൂർണചന്ദ്രിമയുടെ ശോഭയുള്ള ഓമനത്തം തുളുമ്പുന്ന മുഖം.. പ്രിയ മകളെ നിനക്ക് പടച്ചവൻ എല്ലാ സൗഭാഗ്യങ്ങളും നൽകട്ടെ.. എന്റെ എല്ലാം പ്രാർത്ഥനകളും!!!
ഫാർമസി കേവലം ഒരു തൊഴിൽ മാത്രം അല്ല.. മനുഷ്യരുടെ രോഗാവസ്ഥയിൽ അവർക്ക് ആശ്വാസം നൽകാൻ ഉതകുന്ന ഔഷധങ്ങളുടെ സങ്കീർണ്ണമായ ലോകമാണ്. ചെറിയ അശ്രദ്ധമതി ഒരു ജീവൻ അപകടത്തിലാക്കാൻ.. നിങ്ങളുടെ മുമ്പിൽ എത്തുന്ന ഓരോ മനുഷ്യനോടും ശ്രദ്ധയും സഹാനുഭൂതിയും ആർദ്രതയും കാണിക്കാൻ മടിക്കരുത്. ഏർപ്പെടുന്ന തൊഴിൽ അത് ഏതു തന്നെയായാലും അതിനോട് ആത്മാർത്ഥമായ അർപ്പണവും സ്നേഹവും ഉണ്ടാകണം. ഈ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാവർക്കും ഫാർമസി ദിനാശംസകൾ !!

ഓർമ്മച്ചിത്രങ്ങൾ

 ഓർമ്മച്ചിത്രങ്ങൾ







ഇടമൺ പബ്ലിക് ലൈബ്രറി കെട്ടിടത്തിന്റെ തിണ്ണയിൽ എത്തുന്നതിന് മിക്കപ്പോഴും കരിങ്കൽപ്പടികളിൽ ചിതറിക്കിടക്കുന്ന ഇലവ് മരത്തിന്റെ പൂക്കളിൽ ചവിട്ടണം. സീസൺ ആയാൽ മുറ്റം നിറയെ ചെമ്പട്ട് വിരിച്ചതുപോലെ ഇലവ് മരത്തിന്റെ പൂക്കൾ നിറയും. ഒറ്റമുറി കെട്ടിടത്തിന്റെ വരാന്തയിൽ കണ്ണടച്ച് വിശ്രമം കൊള്ളുന്ന പാണ്ടൻപട്ടി ഒന്ന് തലപ്പൊക്കി നോക്കും . അകത്ത് നടക്കുന്ന ചെസ്സ് കളിയുടെയും ക്യാരംസ് കളിയുടെയും ആരവങ്ങൾ താഴത്തെ റോഡിൽനിന്നേ കേൾക്കാം. അകത്ത് കളി മുറുകുമ്പോൾ ഉള്ള കയ്യടിയും ഒച്ചയും ഉച്ചസ്ഥായിൽ എത്തും. കോളേജ് വിദ്യാഭ്യാസ കാലഘട്ടത്തിലെ സായാഹ്നങ്ങളിൽ വീട്ടിൽ നിന്ന് പുറത്തു ചാടാനുള്ള ഒരു കുറുക്കുവഴി ആയിരുന്നു എന്റെ പബ്ലിക് ലൈബ്രറി യാത്രകൾ. വൈകുന്നേരം ചായകുടി കഴിഞ്ഞാൽ വീട്ടിൽ നിന്ന് പുറത്ത് കടക്കാനുള്ള തത്രപ്പാട് ആണ്.
'അമ്മേ മീൻ മേടിക്കണോ?
എന്ന ചോദ്യത്തിന് മിക്കപ്പോഴും ഉത്തരം കിട്ടുന്നതിന് മുമ്പുതന്നെ അടുക്കളയിലെ പാത്രഅലമാരിയിൽ നിന്ന് പത്തുരൂപയും ചൂണ്ടി വീട്ടിൽ വായിക്കുവാൻ കൊണ്ടുവന്ന ലൈബ്രറി ബുക്കും തപ്പിയെടുത്ത് ഞാൻ പുറത്തുചാടും. റോഡിൽ കടത്തിണ്ണയിൽ കൂടുകാരായ സുനീദും വെള്ളികണ്ണനും ഒക്കെ കാണും. അവരോടൊത്ത്
വായനശാലയിൽ എത്തുമ്പോൾ സ്ഥിരം കുറ്റികൾ ഒക്കെ എത്തിക്കാണും. എനിക്ക് ഇഷ്ടം ചെസ് കളിക്കാനാണ്. ചെറുപ്പത്തിൽ എന്റെ ഗ്രാമത്തിലെ അറിയപ്പെടുന്ന ചെസ്സ് കളിക്കാരൻ ആയിരുന്നു ഞാൻ. ചെസ്സുകളി ഏറെ കുരുക്ക് ബുദ്ധി അവശ്യമുള്ള കളിയാണ്. ചെസ്സിലെ കരുക്കൾ നീക്കുന്നതിനോടൊപ്പം എതിരാളിയെ മാനസികമായി തളർത്തുകയും വേണം . അതിനാണ് കൂട്ടുകാർ ,അവരുടെ സപ്പോർട്ട് ഉണ്ടെങ്കിൽ മാത്രമേ വിജയിക്കാനാവുക. ഒന്നോ രണ്ടോ റൌണ്ട് കളി കഴിയുമ്പോഴേക്കും മിക്കവാറും അന്തരീക്ഷം ചൂടുപിടിക്കും . ഉന്തുംതള്ളും പോർവിളികളുമൊക്കെ ഒക്കെ സാധാരണം. അതിന് മുമ്പ് അവിടെ നിന്ന് മെല്ലെ ഒഴിവാകും .ഈർക്കിൽ തണ്ടുപോലെ മെലിഞ്ഞ എനിക്ക് തല്ല് താങ്ങാനുള്ള ശേഷിയില്ല.
പിന്നെ പുസ്തകങ്ങൾ അടുക്കിവെച്ച റാക്കിലേക്ക് നീങ്ങും. പഴകിയ പുസ്തകങ്ങളുടെ പൊടിപിടിച്ച മണം നിറഞ്ഞ റാക്കുകളിൽ ഞാൻ പരതും . മിക്ക പുസ്തകങ്ങളും വായിച്ചവ ആണ് തകഴിയും ഉറൂബും ബഷീറും പൊറ്റക്കാടും അന്നത്തെ പുതുതലമുറക്കാരായ സേതുവും എം .മുകുന്ദനുമൊക്കെ ഒന്നിച്ചു വിശ്രമിക്കുന്ന സ്ഥലം. മുന്നിലത്തെ ഗ്ലാസ്സ് ചില്ലിട്ട തടി അലമാരയിൽ ചരിച്ചു അടുക്കിയ പുസ്‌തകങ്ങളുടെ നിര. കാലപ്പഴക്കതിന്റെ ഗന്ധം പേറി ഇരട്ടവാലികൾ തിന്നു ശേഷിപ്പിച്ച നൂറുകണക്കിന് പുസ്തകങ്ങൾ. കോട്ടയം പുഷ്പനാഥിന്റെയും നീലകണ്ഠൻ പരമാരയുടെയും അപസർപ്പക നോവലുകൾ. ഡ്രാക്കുള കോട്ടയും ശവമഞ്ചവും ചുവന്ന മനുഷ്യനുമൊക്കെ എന്റെ എത്ര ഉറക്കം കളഞ്ഞിരിക്കുന്നു. മുട്ടത്തുവർക്കിയും പമ്മനുമൊക്കെ ആണ് ചൂടപ്പം പോലെ പൊയ്കൊണ്ടിരുന്നത് . പമ്മന്റെയും ഉണ്ണികൃഷ്ണൻ തിരുവാഴിയോടിന്റെയും പുസ്കകങ്ങളുടെ മിക്കപേജുകളും നഷ്ടപ്പെട്ടിരിക്കും . അന്നത്തെ യുവതലമുറയുടെ കാമനകൾക്ക് ചൂടും ചൂരുമൊക്കെ അവയായിരുന്നു.
എം .റ്റി വാസുദേവൻ നായരുടെ രണ്ടാമൂഴം പുതുതായി ലൈബ്രറിയിൽ എത്തിയപ്പോൾ നുറുക്കിട്ട് ആദ്യമായി വായിക്കാനുള്ള അവസരം ലഭിച്ചത് എനിക്കായിരുന്നു. അന്നത്തെ ലൈബ്രേറിയൻ ആയ രാമചന്ദ്രൻ മാഷ് അപ്പോൾ പെറ്റുവീണ പൈതലിനെ കൈമാറുന്നത് പോലെ പുസ്തകം എന്റെ കൈയ്യിൽ വച്ചു തന്നത് ഇപ്പോഴും ഓർമ്മ ഉണ്ട്. ഒരു ജന്മംമുഴുവന് രണ്ടാമൂഴത്തിന്റെ വേദന ഏറ്റുവാങ്ങിയ ഭീമസേനന്, പ്രണയത്തിന്റെ സൌഗന്ധികപ്പൂക്കള് കൈകളില് ചേര്ത്തുവച്ച് ദ്രൌപദി, ഭീമന്റെ പൗരുഷം കാട്ടുപൂക്കള്ക്കിടയിലൂടെ ഒളിഞ്ഞുനോക്കുന്ന കന്മദഗന്ധമുള്ള ഹിഡുംബി. എന്തെല്ലാം കഥാപാത്രങ്ങൾ ആയിരുന്നു മുന്നിൽ അക്ഷരങ്ങളായി വന്നു തിറയഴിച്ചാടിയത്. പുസ്തകം എടുത്തു ലെഡ്ജറിൽ വരവുവെച്ച് കൂട്ടുകാരുമായി ലൈബ്രറിയിൽ നിന്ന് പുറത്തിറങ്ങും അപ്പോഴേയ്ക്കും ഇരുട്ടിനു കനംവെച്ച് കാണും. പോക്കറ്റിൽ ചില്ലറയുണ്ടെങ്കിൽ ഇബ്രായികുട്ടി കാക്കയുടെ കടയിൽ നിന്ന് ഒരു ആവി പറക്കുന്ന ചായയും ചൂട് പരിപ്പ് വടയും..എന്താ ടേസ്റ്റ്
പിന്നെ കനാൽ പാലവും കടന്നു റെയിൽവേ സ്‌റ്റേഷനിലേക്ക് വെച്ച് പിടിക്കും. വൈകുന്നേരത്തെ കൊല്ലം ചെങ്കോട്ട പാസഞ്ചർ ട്രെയിനിൽ മീൻ വിൽപ്പനക്കാരായ പെണ്ണുങ്ങൾ എത്തും .കൊല്ലത്ത് കൊഞ്ചുപൊളിയ്ക്കുന്ന കമ്പനിയിൽ ജോലി കഴിഞ്ഞു വരുമ്പോൾ അലൂമിനിയം കുട്ടനിറയെ മീൻ വാങ്ങികൊണ്ടാകും അവർ മടങ്ങുന്നത് . ചില ദിവസങ്ങളിൽ റെയിൽവേ പോലീസ് മീൻ പുറത്തു എടുത്തു കളയും.പലപ്പോഴും പാവങ്ങളായ അവരുടെ കണ്ണീർ വീണു നനഞ്ഞ ചരുവങ്ങൾ ആകും ബാക്കി. പൊടിമീനും കുറുച്ചിയും ചെങ്കലവയും ഒക്കെ ആകും മിക്കപ്പോഴും. നല്ല ഫ്രഷ് മീൻ ആയിരിക്കും എപ്പോഴും . അവിടെനിന്ന് അഞ്ചോപത്തോ രൂപയ്ക്കു മീനും വാങ്ങി വീട്ടിലേക്കു തിരക്കിട്ട് മടങ്ങും . ഞാൻ എത്തും മുമ്പ് തന്നെ അമ്മ കപ്പ വേവിച്ചു വെച്ചിട്ടുണ്ടാകും. കൊണ്ടുവന്ന മീൻ കഴുകിവൃത്തിയാക്കി കൊടമ്പുളിയിട്ട് കറിവെച്ചും പൊരിച്ചും കപ്പയോടുകൂടെ കഴിക്കുന്നതിന് എന്തായിരുന്നു രുചി. ഇപ്പോഴും ഓർക്കുമ്പോൾ നാവിലൂടെ വെള്ളമൂറുന്നു.
എന്ത് രസം ആയിരുന്നു എന്റെ ചെറുപ്പത്തിലേ ഗ്രാമക്കാഴ്ചകൾ.. ഇടമൺ പബ്ലിക് ലൈബ്രറി,ചെസ്സുകളി, സത്രമുക്ക്, കനാൽപ്പാലം , പൂവണ്ണുംമുക്ക് ,റെയിൽവേ സ്റ്റേഷൻ യാത്രകൾ കുടമ്പുളി ഇട്ട മീൻകറിയും കപ്പയും ഉറക്കമിളച്ചുള്ള പുസ്തകവായന..എല്ലാം ഓർമ്മിക്കുമ്പോൾ ഇന്നലെ കഴിഞ്ഞത് പോലെ.. എന്തായിരുന്നു ഹോ ആ നാളുകൾ..
ഏറെ നാളുകൾക്ക് ശേഷം ഇടമൺ പബ്ലിക് ലൈബ്രറി പുതിയ കെട്ടിടത്തിൽ പ്രവർത്തനം പുനരാരംഭിക്കുക ആണ്..
ഓർമ്മകളിൽ ഒരുപാട് തിരയിളക്കങ്ങൾ...മൊബൈൽ ഫോണുകളുടെ വർണ്ണപ്പകിട്ടാർന്ന ദൃശ്യവിസ്മയങ്ങൾക്കിടയിൽ പുസ്തകങ്ങൾ ഒക്കെ വായിക്കാൻ ആർക്കാണ് സമയം? എന്നാൽ ഡിജിറ്റൽ സൗഹൃദങ്ങളുടെ, ദൃശ്യവിസ്മയങ്ങളുടെ നിരർത്ഥക തിരിച്ചറിയുമ്പോൾ കൂട്ടായി പുസ്തകങ്ങൾ മാത്രമേ ഉണ്ടാകുകയുള്ളു.. അക്ഷരം മരിക്കുന്നില്ല... അവ പുസ്തകങ്ങൾ ആയി ചില്ലലമാരികളിൽ ഇരുന്ന് വെളിച്ചത്തിന്റെ വഴികാട്ടാൻ നമ്മെ വിളിക്കുന്നുണ്ടാകും.അവയെ നമ്മൾ കാണാതെ പോകരുത്.പുതിയ തലമുറയുടെ വരവും പ്രതീക്ഷിച്ചു അവ ശാപമോക്ഷം തേടി തപസ്സുചെയ്യുന്നുണ്ടാകും,, തീർച്ച... എല്ലാ ആശംസകളും...




മലയാളി ഡാ..

മലയാളി ഡാ..




ഇത്തവണ വെക്കേഷന് നാട്ടിൽ പോയിട്ട് തിരിച്ചു വരാനുള്ള പ്ലെയിൻ ടിക്കറ്റ് കിട്ടാൻ ഒരുപാട് ബുദ്ധിമുട്ടി. ഓണത്തിന്റെ തലേന്ന് ആയിട്ടും ടിക്കറ്റ് ചാർജ്ജ് അമ്പതിനായിരത്തിൽ താഴെ എത്തുന്നില്ല. പ്രവാസികളുടെ ഈ ദുരിതം എന്ന് തീരുമാവോ? കേരളാ എയർ ഒക്കെ ജലരേഖയായി സർക്കാർ ഫയലിൽ ഉറങ്ങാൻ തുടങ്ങിട്ട് എത്രയോ നാളുകൾ ആയി. അങ്ങനെ തപ്പി വന്നപ്പോഴാണ് തിരുവനന്തപുരത്തുനിന്ന് ഫുജൈറയ്ക്ക് പുതുതായി തുടങ്ങിയ സലാം എയറിൽ ഒരു ടിക്കറ്റ് ഒത്തുകിട്ടിയത്. ഇരുപത്തിഅയ്യായിരത്തിനു ടിക്കറ്റ് റെഡി.ആകെയുള്ള കുഴപ്പം രാത്രി ഉറക്കം നഷ്ടപ്പെടും .വെളുപ്പിന് 4.45 ന് ആണ് ഫ്ലൈറ്റ് കൂടാതെ മസ്‌കറ്റിൽ പ്ലെയിൻ മാറി കയറണം. എന്തെകിലും ആകട്ടെ പോക്കറ്റിൽ ഇരുപത്തിഅയ്യായിരം ലാഭം. ഇരുപത്തിഎട്ട് കൊല്ലത്തെ പ്രവാസി ജീവതത്തിനിടയിൽ ആദ്യമായിട്ടാണ് സ്വന്തം തട്ടകമായ ഫുജറയിൽ നേരിട്ട് പ്ലൈയിനിൽ ഇറങ്ങുന്നത്. ആഹാ അടിപൊളി അതിന്റെ ത്രില്ല് ഒന്നുവേറെ തന്നെ.


തിരുവനന്തപുരത്ത് രാത്രി 12 മണിയോടെ എത്തിയപ്പോൾ എയർപോർട്ടിൽ ഒരു പൂരത്തിനുള്ള ആൾക്കാർ ഉണ്ട്. ഓണത്തിന്റെ തലേന്നും ഇത്രത്തോളം ജനക്കൂട്ടം ഉണ്ടെങ്കിൽ ഓണം കഴിഞ്ഞിട്ട് എന്താകും തിരക്ക്? എൻട്രി ഗേറ്റിൽ ടിക്കറ്റും പാസ്‌പോർട്ടും കാണിച്ചും ഉള്ളിൽ കയറിയപ്പോൾ നീണ്ട ക്യൂ. ഒത്തിരി നേരം കാത്തുനിന്ന് കൗണ്ടറിൽ എത്തിയപ്പോൾ മംഗ്ലീഷ് മങ്ക ഗുഡ് മോർണിംഗ് പറഞ്ഞു സ്വീകരിച്ചു. പിന്നെ മംഗ്ലീഷിൽ ഒറ്റശ്വാസത്തിൽ ഒരുപാട് ചോദ്യങ്ങൾ..സർ ഹാൻഡ് ലഗേജിൽ തീപ്പെട്ടി കൊള്ളി മൊബൈൽ ചാർജ്ജർ അരിയുണ്ട തുടങ്ങി 56 കൂട്ടം സാധനങ്ങൾ ഉണ്ടോ, ഒന്നും ഇല്ലെന്നും പത്തിരുപത് കൊല്ലമായി ഗൾഫിൽ ആണെന്നും ഈ കാര്യങ്ങൾ ഒക്കെ അറിയാമെന്നും പറഞ്ഞപ്പോൾ ആയമ്മയുടെ മുഖത്തു പുഞ്ജം. അരിയുണ്ടയുടെ കാര്യം ചോദിച്ചത് എന്തിനാണ് എന്ന് മനസ്സിലായില്ല ഒരുപക്ഷേ പൈലറ്റിനു ഇട്ടു എറിയും എന്ന് പേടിച്ചിട്ടാകും.ലെഗേജിന്റെ വെയിറ്റ് കറക്റ്റ് ആയതിനാൽ ആയമ്മ കൂടുതൽ വാക്ക്പോരിന് നിന്നില്ല.


ഇമിഗ്രേഷൻ കൗണ്ടർ പൂർത്തിയാക്കി ഹാൻഡ് ലഗേജുമായി ബോഡി ചെക്കിങ്ങ് സെക്ഷനിൽ എത്തിയപ്പോൾ അടുത്ത കടമ്പ. മലയാളവും ഇംഗ്ലീഷും അറിയാത്ത കുറെ നോർത്ത് ഇന്ത്യൻ ഗോസായിമാരും തമിഴ് പുലി പോലത്തെ പെണ്ണുങ്ങളും ആണ് ആ സെക്ഷനിൽ. മലയാളികളെ ഹിന്ദിയിൽ തെറി വിളിയ്ക്കുവാൻപ്രത്യേക പരിശീലനം ലഭിച്ചവരാണ് അവർ എന്ന് തോന്നിപ്പോകും. ഒട്ടും മയമില്ലാത്ത പെരുമാറ്റം. ഹാൻഡ് ലെഗേജ്ജും വാച്ചും പേഴ്സും ബെൽറ്റും പോക്കറ്റിൽ കിടന്ന മാസ്കും വരെ പ്ലാസ്റ്റിക് ട്രേയിൽ വെയ്ക്കാൻ ആണ് ഒരു ഗോസായിയുടെ കല്പന. അതും ഹാൻഡ് ലെഗ്ഗേജ് ഒരു ട്രേയിലും മറ്റു സാധനങ്ങൾ വേറെ ട്രേയിലും വേണം.അല്ലെങ്കിൽ വെടിവെച്ചു കൊല്ലാനാണ് അദാനിയുടെ ഉത്തരവ്. മലയാളിയോടുള്ള വിരോധം അങ്ങേർ നന്നായി എയർപോർട്ടിൽ തീർക്കുന്നുണ്ട്. ഹാൻഡ് ലെഗേജ് എക്‌സ്‌ റേ മിഷൻ കടന്നു അപ്പുറത്തു വന്നാൽ തുറപ്പിക്കാതെ അവന്മാർ വിടില്ല . നൂറിൽ ഒന്നോരണ്ടോ പേരെ വെറുതെ വിട്ടാൽ ഭാഗ്യം. എന്റെ പെട്ടിയും അവർ വെറുതെ വിട്ടില്ല. സൈഡ് അറയിൽ കിടക്കുന്ന എന്തോ ഐറ്റം ആണ് പ്രശ്നം. പെട്ടി തുറന്നു ഒരുത്തൻ അതിൽ കൈയിട്ടു. ആസ്ത്മയ്ക്ക് ഉപയോഗിക്കുന്ന ഇൻഹേലർ ആണ് കുഴപ്പക്കാരൻ. ഗൾഫിൽ മാത്രം കിട്ടുന്ന പുതിയ ഇനം.അത് വലിച്ചെടുത്തപ്പോൾ അതോടൊപ്പം എന്റെ പഴയ ഓട്ട വീണ ജോക്കി അണ്ടർവെയർ കൂടി പുറത്ത് വന്നപ്പോൾ ഗോസായിയ്ക്ക് തൃപ്തിയായി. വേഗം പെട്ടി അടച്ചു തിരിച്ചുതന്നു. എല്ലാ പ്രവാസി മലയാളികൾക്കും ഈ ട്രിക്ക് പരീക്ഷിക്കാവുന്നതാണ് എന്നുതോന്നുന്നു.


ബോർഡിങ് ഗേറ്റിന്റെ അടുത്ത് ഒറ്റ സീറ്റും ഒഴിവില്ല. എതിർഭാഗത്ത് വിശാലമായ സ്ഥലം ഒഴിഞ്ഞു കിടപ്പുണ്ട്,അവിടെപ്പോയി സ്ഥാനം പിടിച്ചു. അങ്ങനെ ഇരിക്കുമ്പോൾ ആണ് തൊട്ടെതിരെ സീറ്റിൽ ഒരു പഴയ ചെങ്ങാതിയെ കണ്ടത്..അയാൾ ഇങ്ങോട്ട് ഓടി വന്നു പരിചയം പുതുക്കി. നാട്ടിലെ വർത്തമാനങ്ങളും സ്വന്തം വിശേഷങ്ങളും പറഞ്ഞു സ്നേഹബന്ധം പുതുക്കി . ഒത്തിരി കൊല്ലങ്ങൾക്ക് മുമ്പ് ദിബ്ബയിൽ ഉണ്ടായിരുന്ന ആൾ. ഒരു കമ്പനിയിൽ ഇലെട്രീഷൻ ആയിരുന്നു. അന്ന് പലപ്പോഴും ജോലി ഇല്ലാതെ ഇരിക്കുമ്പോൾ ഇരുന്നുറും അഞ്ഞൂറും ഒക്കെ കടം വാങ്ങിയിട്ടുണ്ട്. ദോഷം പറയരുത് എല്ലാം തിരിച്ചു തന്നിട്ടുണ്ട് സത്യം.ഇപ്പോൾ നല്ല ജോലി ഒക്കെ ആയി ദുബൈയിൽ നല്ല സെറ്റപ്പിൽ ആണ്. കൂടെ യാത്രയ്ക്ക് കുഞ്ഞുകുട്ടി പരാധീനങ്ങളും ഉണ്ട്. ഈ ഫ്‌ളൈറ്റിൽ ഫുജൈറയിൽ ഇറങ്ങി ദുബൈയ്ക്ക് പോകാൻ ആണ് പ്ലാൻ. സംഗതി എനിക്കും സന്തോഷം ആയി ഫ്ലൈറ്റ് യാത്രയ്ക്ക് ഒരു കൂട്ട് കിട്ടിയല്ലോ. അയാൾ സ്വന്തം സീറ്റിൽ തിരിച്ചുപോയി.ഞാൻ സമയം നോക്കി മൂന്ന് മണി കഴിഞ്ഞതേ ഉള്ളു.. കണ്ണിൽ മയക്കം വരുന്നു.. ഒരുമണിക്കൂർ കൂടി ഉണ്ട് ബോർഡിങ്ങിന് ഒന്ന് മയങ്ങിയാലോ ഞാൻ മനസ്സിൽ ചിന്തിച്ചു.


ഞാൻ എതിരേ ഇരുന്ന ചെങ്ങാതിയെ ഒന്ന് നോക്കി കക്ഷി പിള്ളേരും ഭാര്യയും ഒക്കെ ആയിട്ട് നല്ല ബിസി. എന്തായാലും പുള്ളി ഉണ്ടല്ലോ ബോർഡിങ് ആകുമ്പോൾ എന്നെ വിളിക്കും എന്ന് വിചാരിച്ചു കണ്ണുകൾ അടച്ചു. എന്റെ പേര് മൈക്കിൽ വിളിക്കുന്നത് കേട്ടാണ് ഞാൻ ഉണരുന്നത്.. ഉറക്കത്തിന് ഇടയിൽ പ്ലെയിൻ ബോർഡിങ്‌ ആയി.ഞാൻ ഇതൊന്നും അറിഞ്ഞതേ ഇല്ല പരിചയക്കാരൻ ചെങ്ങായി ആകട്ടെ അനൗൺസ്മെൻറ്റ് കേട്ട ഉടനെ പൊടിയും തട്ടി എന്നെ വിളിക്കാതെ കുടുംബം ആയി സ്ഥലം കാലി ആക്കി.

ഞാൻ ഓടി ബോര്ഡിങ് കൌണ്ടറിൽ എത്തിയപ്പോഴേക്കും അവിടെ നിന്ന സലാം എയർ സ്റ്റാഫ് കുറെ വഴക്ക് പറഞ്ഞു.. മൂന്നാല് തവണ ആയി എന്റെ പേര് വിളിക്കുന്നു ആളെ കിട്ടാഞ്ഞതിനാൽ അവർ പുറപ്പെടാൻ ഉള്ള പ്ലാനിൽ ആയിരുന്നു. ഇപ്പോഴത്തെ റൂൾ പ്രകാരം ബോർഡിങ്‌ പാസ്സ് കിട്ടിയാലും സമയത്ത് ഗേറ്റിൽ എത്തിയില്ല എങ്കിൽ പ്ലെയിൻ പുറപ്പെടും.
അവർ എന്നെ തൂക്കി എടുത്തു പ്ലെയിനിൽ കയറ്റി.. ഹാൻഡ് ബാഗ് ഏതോ ഒരു ലെഗേജ്ജ് കാബിനിൽ ഞാനും എയർഹോസ്റ്റസും ചേർന്ന് കുത്തി കയറ്റി.. പൂർണ്ണ ഗർഭിണിയുടെ വയറുപോലെ ഉണ്ട് ഓരോ ലഗേജ് ക്യാബിനുകളും. എല്ലാം ഫുൾ.


അതുകഴിഞ്ഞു തിരിഞ്ഞു നോക്കിയപ്പോൾ നക്ഷത്രം പോലെ പിറകിലെ സീറ്റിൽ പഴയ ചെങ്ങായിയുടെ മുഖം. അവന്റെ മുഖത്തെ പറ്റിച്ചേ എന്ന ഭാവത്തിലുള്ള ചിരി ജീവിതത്തിൽ ഒരിക്കലും മറക്കുകയില്ല.. ശത്രുക്കളോട് പോലും ഇങ്ങനെയൊന്നും ചെയ്യരുത് മോനെ.
Facebook
Facebook
Facebook
Facebook
Facebook
Facebook
Facebook
Facebook
Facebook
Facebook
Facebook

ഈ ഓൺലൈൻ പഠനകാലത്തു ഒരു പഴഞ്ചൻ അധ്യാപകദിന ഓർമ്മകൾ

 


ഒന്നാംക്ലാസ്സിലെ ഒന്നാംദിനം ക്ലാസ്സിന്റെ വരാന്തയിൽ വായിനോക്കി നിന്നാണ് ഞാൻ ചിലവഴിച്ചത്. സ്കൂൾ തുറന്ന ദിവസം അധ്യാപകരായ അപ്പനും അമ്മയും അവർ പഠിപ്പിക്കുന്ന സ്കൂളിൽ നേരത്തെ എത്തേണ്ടതു കൊണ്ട് അയൽവാസിയും മൂന്നാംക്ലാസ്സിൽ രണ്ടുവട്ടം തോറ്റുപഠിക്കുന്ന സത്യനെ കൂട്ടിയാണ് എന്നെ സ്കൂളിൽ വിട്ടത്. അവൻ സ്കൂൾപടി കയറിയതിന് മുമ്പേ എങ്ങോട്ടോ മുങ്ങി. സ്കൂൾ തുറന്ന ദിവസം തന്നെ പുട്ടുപുരയിലെ ചെല്ലപ്പൻ ചേട്ടന്റെ കൈക്കാരൻപണി ഉറപ്പിക്കാൻ ഉള്ള തത്രപ്പാടിൽ ആയിരുന്നു അവൻ. അവിടെ സഹായിപ്പണി ചെയ്താൽ മഞ്ഞപ്പുട്ട് ഒരു വട്ടയിലപ്പൊതി വീട്ടിൽ കൊണ്ടുപോകാം. അന്നൊക്കെ സ്കൂളിൽ മഞ്ഞപ്പുട്ട് ആണ് ഉച്ചഭക്ഷണം ആയി നൽകുന്നത്. അതൊക്കെ ഞാൻ പിന്നീട് എപ്പഴോ അവൻ പറഞ്ഞിട്ടാണ് അറിയുന്നത്. വരാന്തയിൽ ആരും വിളിച്ചു കൊണ്ട് ക്ലാസ്സിൽ കൊണ്ടിരുത്താനില്ലാതെ ഞാൻ ഉച്ചവരെ നിന്നു. പുറത്തങ്ങനെ ആരും പരിഗണിക്കാതെ നിന്നപ്പോൾ ആദ്യം കുറച്ചുനേരം അമ്പരപ്പും പേടിയും ഒക്കെ ഉണ്ടായിരുന്നു,എന്നാൽ പതിയെ പുറംലോകത്തിലെ കാഴ്ചകളിലേക്കായി എന്റെ ശ്രദ്ധ. സ്ക്കൂൾ മുറ്റത്തു ഒരു വയസ്സൻ നെല്ലിമരവും നിറയെ പൂപിടിക്കുന്ന ചെമ്പകമരവുമുണ്ട്. മുന്നിൽ കൊല്ലം ചെങ്കോട്ട റോഡാണ്. റോഡിനപ്പുറം പത്മം രാജുമേശിരിയുടെ സൈക്കിൾ റിപ്പയറിങ് കടയും വെയിറ്റിങ് ഷെഡും. ചീറിപ്പായുന്ന പാണ്ടിലോറികളുടെയും റോഡിലൂടെ വല്ലപ്പോഴും പോകുന്ന ട്രാൻസ്‌പോർട്ട് ബസ്സിന്റെയെല്ലാം കണക്കെടുപ്പ് നടത്തി പ്രഥമസ്കൂൾ ദിനം അങ്ങനെ കടന്നുപോയി. അതിനിടെ വടി ചുഴറ്റിക്കൊണ്ട് അധ്യാപകർ പലരും അതുവഴി കടന്നുപോയെങ്കിലും എന്നെ ആരും ശ്രദ്ധിച്ചതേയില്ല .ആദ്യദിനം ആയതിനാൽ ഉച്ചക്ക് സ്കൂൾ വിട്ടു. എവിടെ നിന്നോ സത്യൻ എന്നെ കൂട്ടിക്കൊണ്ട് പോകാൻ പ്രത്യക്ഷനായി. ഇതാണ് എന്റെ ആദ്യ സ്കൂൾദിന ഓർമ്മ.
വീട്ടിൽ അപ്പനോടും അമ്മയോടും ഇനി ഞാൻ സ്കൂളിൽ പോകുന്നില്ലയെന്നും ആരും എന്നെ ക്ലാസ്സിൽ കയറ്റിയില്ല എന്നും പരിഭവം പറഞ്ഞു ഞാൻ കരഞ്ഞു. ഒടുവിൽ അപ്പൻ പിറ്റേദിവസം ലീവ് എടുത്തു എന്നെ സ്കൂളിൽ കൊണ്ടുപോയി ആക്കി ക്ലാസ് ടീച്ചറെ പരിചയപ്പെടുത്തിതരാം എന്നുപറഞ്ഞപ്പോൾ ആണ് എനിക്ക് സമാധാനം ആയത്. രണ്ടാംദിവസം അപ്പനോടൊപ്പം സ്ലേറ്റും ഒന്നാംപാഠവും ഒക്കെയായി ചെറുപുള്ളികുട ചൂടി സ്കൂളിൽ പോയ എനിക്ക് ഗംഭീര സ്വീകരണമാണ് ലഭിച്ചത്. എല്ലാം അപ്പന്റെ പരിചയക്കാരായ അധ്യാപകർ. അധ്യാപകനായ എന്റെ അപ്പന്റെ കൂട്ടുകാരനാണ് മിക്കവരും. വഹാബ് സാറും ഷംസുദീൻ സാറും ത്യാഗരാജൻ സാറുമൊക്കെ എന്നെ നോട്ടമിട്ടു. അതോടെ എന്റെ കഷ്ടകാലവും തുടങ്ങി. അറിയുന്ന പിള്ളയ്ക്ക് അടിയൊന്ന് കൂടുതൽ എന്നല്ലേ പഴമൊഴി. കുരുത്തക്കേടിനു കൈയ്യും കാലും വെച്ച എനിക്ക് ചൂരൽ കഷായങ്ങൾ കൈയ്യിലും തുടയിലും കിട്ടിത്തുടങ്ങി. പിന്നീടങ്ങോട്ട് സ്കൂൾ ജീവതത്തിൽ കിട്ടിയ അടികൾക്ക് കണക്കില്ല .അതിനു ഒരു പ്രധാനകാരണം രണ്ടധ്യാപകരുടെ മകനായി ജനിച്ചു എന്നത് തന്നെ.
അമ്മ പഠിപ്പിക്കുന്ന യു .പി സ്കൂളിൽ എത്തിയപ്പോൾ എങ്കിലും അടി കുറച്ചുകിട്ടും എന്നാണ് ഞാൻ കരുതിയത് , എന്നാൽ കിട്ടുന്ന അടികളുടെ എണ്ണം കൂടിയതല്ലാതെ കുറഞ്ഞില്ല. അഞ്ചാംക്ലാസ്സിൽ പഠിക്കുമ്പോൾ ഹിന്ദി ആയിരുന്നു കീറാമുട്ടി. രാഷ്ട്രഭാഷ എനിക്ക് ഒട്ടും വഴങ്ങുന്നുണ്ടായിരുന്നില്ല. 'തൂ 'എന്ന് പറയുമ്പോൾ 'ഹും' എന്നും 'തും' എന്നാവുമ്പോൾ 'ഹോ' എന്നും അതോ മറിച്ചോ??എന്തൊക്കെ ഗുലുമാൽ.. എല്ലാദിവസവും ഹിന്ദി ക്ലാസ്സിൽ ആദ്യം പകർത്തുബുക്കിൽ രണ്ടുപേജ് ഹിന്ദി പകർത്ത് എഴുതിയത് മാഷിന്റെ ടേബിളിൽ വെയ്ക്കണം. വീട്ടിൽ ഇരുന്നു അതൊക്കെ എഴുതാൻ ആർക്കാണ് നേരം..രമേശൻ സാർ ആണ് ഹിന്ദിമാഷ് . ഹിന്ദി പകർത്തെഴുത്തുപോലെ ബോറിങ് പണി വേറെ ഇല്ല ,ഒരു ദിവസം ഞാൻ അതിൽ നിന്ന് രക്ഷപ്പെടാൻ ഒരുസൂത്രപ്പണി ഒപ്പിച്ചു . തലേന്നത്തെ പകർത്ത് സാർ സൈൻ ചെയ്തത് സുന്ദരമായി മായിച്ചു അത് പുതിയ പകർത്തെഴുത്ത് പോലെ ആക്കി മേശപ്പുറത്തു വെച്ചു. എന്തായാലും സാർ അത് കൈയ്യോടെ പിടികൂടി. വേറെ ക്ലാസ്സിൽ പഠിപ്പിച്ചുകൊണ്ട് നിന്ന അമ്മയെ പിള്ളേരെ വിട്ടു വിളിച്ചു വരുത്തി മകന്റെ കരവിരുത് ബോധ്യപ്പെടുത്തി വരവ് വെച്ചു. പിന്നെ അമ്മ പോയപ്പോൾ എന്റെ ചന്തിക്ക് നല്ല കാപ്പിവടി കൊണ്ട് രണ്ടുമൂന്നു പെടയും തന്നു. വൈകുന്നേരം വീട്ടിൽ എത്തിയപ്പോൾ ഉള്ള പുകിൽ പറയുകയേ വേണ്ട..
ആറാംക്ലാസ്സിൽ ഇംഗ്ലീഷ് പഠിപ്പിച്ചത് എന്റെ അമ്മയാണ്. ക്ലാസ്സിൽ അമ്മയെന്ന് വിളിക്കണമോ അതോ ടീച്ചർ എന്നുവിളിക്കണമോ എന്നതായിരുന്നു എന്റെ ആദ്യത്തെ കൺഫ്യൂഷൻ . അമ്മയെന്ന് വിളിച്ചാൽ കൂട്ടത്തിൽ ഉള്ള കുട്ടികൾ കളിയാക്കും. ഒടുവിൽ ഒന്നും വിളിക്കേണ്ട എന്ന് ഞാൻ തീരുമാനിച്ചു. ഇംഗ്ലീഷ് ടീച്ചർ ആയ അമ്മ കുട്ടികളെ നന്നായി തല്ലുന്ന കൂട്ടത്തിൽ ആണ്. ഒരു ദിവസം തലേന്ന് പഠിപ്പിച്ച ഇംഗ്ലീഷ് പാഠത്തിലെ ഏതോ ഒരു വാക്കിന്റെ സ്പെല്ലിങ്ങ് എന്നോട് ചോദിച്ചു. ഞാൻ മനസ്സില്ലാ മനസോടെ എഴുന്നേറ്റു നിന്നു,എന്തോ പൊട്ടത്തരസ്പെല്ലിങ്ങ് വെച്ചുകാച്ചി. അമ്മയുടെ മുഖം ചുവന്നു എന്നെ ക്ലാസ്സിന്റെ മുമ്പിലേക്ക് വിളിച്ചു അടിക്കാനായി തിരിഞ്ഞു നില്ക്കാൻ പറഞ്ഞു,എന്നിട്ട് ചൂരൽ വടികൊണ്ട് ഒന്നാംതരം ഒരു കീറ്കീറി . വേദനകൊണ്ട് ഞാൻ അറിയാതെ ഉച്ചത്തിൽ നിലവിളിച്ചുപോയി ''അയ്യോ അമ്മേ !!! "
ഇംഗ്ലീഷ് വാക്കുകളുടെ സ്പെല്ലിങ് എനിക്ക് അന്നും ഇന്നും വഴങ്ങുക ഇല്ല. ഇപ്പോഴും എന്റെ മക്കൾക്ക് സ്കൂളിലേക്കോ മറ്റോ ലെറ്റർ എഴുതികൊടുക്കുമ്പോൾ അവരോട് ചോദിച്ചാണ് പലവാക്കുകളുടെയും സ്പെല്ലിങ് ശരിയായി എഴുതാറ്. അപ്ലിക്കേഷൻ എന്നതിന് ഒരു 'പി 'ആണോ രണ്ടു 'പി' ആണോ എന്ന് ചോദിക്കുമ്പോഴേക്കും അവർ ചിരി തുടങ്ങും. ചൊട്ടയിലെ ശീലം..
ഹൈസ്കൂളിൽ എത്തിയിയിട്ടും അധ്യാപകരുടെ കൈയ്യിൽ നിന്ന് കിട്ടുന്ന അടികൾക്ക് ഒന്നും ഒരു കുറവും വന്നില്ല. ഒരുവിധം നന്നായി പഠിച്ചിട്ടും എന്തുകൊണ്ടാണ് എനിക്ക് ഇത്രയും അടികൾ കിട്ടിയിട്ടുള്ളത് എന്നതിന് കാരണം ഇപ്പോഴും പിടികിട്ടിയിട്ടില്ല. ഒരു പക്ഷെ അധ്യാപകരുടെ സന്തതി ആയതു കൊണ്ടാവും, സ്കൂളിൽ നിന്ന് തല്ല് കിട്ടുന്ന മറ്റു കുട്ടികൾ അധ്യാപകരുടെ മക്കളെ ശപിക്കുന്നുണ്ടാകും. ഞാൻ പത്താംക്ലാസ്സിൽ പഠിക്കുമ്പോൾ ഒരു ദിവസം ഹിന്ദിക്ലാസ്സ് നടന്നുകൊണ്ടിരിക്കുകയാണ്‌. നോട്ട് ബുക്കിൽ എന്തോ ഹിന്ദി ഉത്തരം എഴുതാൻ ഏല്പിച്ചിട്ട് ടീച്ചർ ഓഫീസിലേക്കോ മറ്റോ പോയി. ഞാൻഹിന്ദിബുക്ക് കൊണ്ടുവരാത്തതിനാൽ തൊട്ടടുത്ത ദിവസം ഉത്തരം എഴുതികൊണ്ടു വരാം എന്ന് ടീച്ചറോട് പെർമിഷൻ വാങ്ങി ഡെസ്കിൽ തലചായിച്ചു കണ്ണടച്ചു മയങ്ങി. അപ്പോഴാണ് ഹെഡ്മാസ്റ്റർ മാത്യു സാർ അതുവഴി കടന്നുപോയത് . സാർ ദൂരെനിന്നു വരുന്നത് കണ്ടപ്പോൾ തന്നെ ക്ലാസ് നിശബ്ദമായി . ഞാൻ ആകട്ടെ സാർ വരാന്തയിൽ കൂടി പോയത് അറിഞ്ഞതും ഇല്ല . മറ്റുകുട്ടികൾ കാര്യമായി ഇരുന്ന് എഴുതുമ്പോൾ ഞാൻ ഡെസ്കിൽ തലചായിച്ചു കിടന്ന് ഉറങ്ങുന്നു. സാർ ഒന്നും മിണ്ടാതെ അവിടെനിന്ന് പോയി . ഓഫീസ് റൂമിൽ ചെന്നിട്ടു പ്യൂണിനെ വിട്ടു എന്നെ ഓഫീസ് റൂമിലേക്ക് വിളിപ്പിച്ചു. അവിടെ എത്തിയപ്പോൾ എന്നോട് ഓഫീസ്‌ റൂമിന്റെ മൂലയിലേക്ക് മാറിനിൽക്കാൻ സാർ പറഞ്ഞു. ഓഫീസ് നിറയെ വിവിധ ആവശ്യങ്ങൾക്ക് വന്നിട്ടുള്ള പേരന്റസും മറ്റധ്യാപകരുമൊക്കെയുണ്ട് . കുറച്ചു നേരം കഴിഞ്ഞു ഇംഗ്ലീഷ് അധ്യാപകൻ ആയ ഹെഡ്മാസ്റ്റർ എന്റെ അടുക്കലേക്ക് വന്നിട്ട് പത്താംക്ലാസ്സിലെ ഹിന്ദിപുസ്തകത്തിലെ ഒരു ചോദ്യം ചോദിച്ചു. എനിക്കുണ്ടോ വല്ല വിവരവും??. ദേഷ്യം മൂത്ത സാർ കയ്യിലിരുന്ന ചൂരൽ വടികൊണ്ട് എന്നെ കയ്യിലും കാലിലുമൊക്കെ ഒരുപാട് തല്ലി. ഞാൻ വേദന സഹിക്കവയ്യാതെ നീറു കടിച്ച കുരങ്ങനെപ്പോലെ അങ്ങോട്ടുമിങ്ങോട്ടും ചാടിക്കളിച്ചു. അത് കണ്ടു നിന്ന പേരെന്റിൽ ചിലർക്ക് ചിരി അടക്കാൻ വയ്യ..എലിയ്ക്ക് പ്രാണവേദന പൂച്ചയ്ക്ക് വീണ വായന.. എന്തായാലും അവിടെ അത് കണ്ടുനിന്ന ഏതോ ഒരു അയൽവാസി ദരിദ്രവാസി വൈകുന്നേരത്തിന് മുമ്പ് വിവരം വീട്ടിലെത്തിച്ചു.അവിടെ നിന്നും കണക്കിന് വഴക്ക് കിട്ടി. ഇതൊക്കെ ആയാലും ഇപ്പോഴും എന്റെ സംശയം ഇംഗ്ലീഷ് അധ്യാപകൻ ആയ സാറിന് ഇത്ര കൃത്യമായി ഹിന്ദി പാഠത്തിലെ ചോദ്യങ്ങൾ എങ്ങനെ അറിയാം?
ഇപ്പോഴത്തെ കുട്ടികളോട് ഈ കഥയൊക്കെ പറഞ്ഞാൽ അവർ ചിരിക്കും . ഇതൊക്കെ ഏതോ ശിലായുഗത്തിൽ നടന്ന സംഭവങ്ങൾ എന്നുപറഞ്ഞു പുശ്ചിച്ചു തള്ളും. അധ്യാപകർ അവർക്ക് ദൂരെ ഏതോ മുറികളിൽ കംപ്യൂട്ടറുകളുടെ മുമ്പിൽ ഇരിക്കുന്ന ശാന്തജീവികൾ ആണ്. രാവിലെ കിടക്കപ്പായിൽ നിന്ന് എഴുന്നേറ്റ് അടിയിൽ ബർമുഡയും മുകളിൽ സ്‌കൂൾ യൂണിഫോമുമിട്ട്‌ ഹോർലിക്സുമായി ഓൺലൈൻ ക്ലാസ്സിൽ ഇരിക്കുന്ന അവർക്ക് ഇതൊക്കെ എങ്ങനെ മനസ്സിലാകാൻ ?
അന്നത്തെയും ഇന്നത്തെയും എന്നത്തെയും എല്ലാ ഗുരുനാഥർക്കും ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു!!! അധ്യാപക ദിനാശംസകൾ !!!