Thursday, 1 June 2017

തോട്ടരികത്തെ കാക്ക


തോട്ടരികത്തെ കാക്ക


കാക്കമുട്ടകൾക്ക് ആകാശനീലിമയുടെ നിറമാണ്. കാക്കച്ചികൾ റബ്ബർമരങ്ങളുടെ മുകളിൽ ചുള്ളിക്കമ്പുകൾ കൊണ്ട് കൂടുണ്ടാക്കി മുട്ടയിട്ടു കാത്തിരിയ്ക്കും. നല്ല ഭംഗിയുള്ള ഈ മുട്ടകൾ തേടിനടന്നിരുന്ന ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു എനിയ്ക്കു ചെറുപ്പത്തിൽ. അന്ന് ഞങ്ങൾ താമസിച്ചിരുന്നത് റബ്ബർതോട്ടത്തിന്‍റെ  നടുവിൽ ഉള്ള ഒരു ചെറിയ വീട്ടിൽ ആയിരുന്നു. റബ്ബർതോട്ടത്തിൽ അത്ര വലിപ്പമുള്ള മരങ്ങൾ ഒന്നും ഇല്ല. തൈ വെച്ചു രണ്ടുമൂന്നു കൊല്ലം കഴിഞ്ഞുള്ള തൈ റബ്ബർ മരങ്ങൾ. കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ ഉള്ളവരുടെ ജീവിതം റബ്ബറുമായി ബന്ധപ്പെട്ടതായിരിയ്ക്കും. ചെറുപ്പം മുതൽ കണ്ടുംകേട്ടുമുള്ള പരിചയം. ഈ റബ്ബർതോട്ടം എന്‍റെ ഇളയപ്പന്‍റെതായിരുന്നു. അപ്പാപ്പന് പട്ടാളത്തിലായിരുന്നു ജോലി. തോട്ടത്തിന് നടുവിൽ ഉള്ള ഒരു ചെറിയ ഓടിട്ട വീടും 25 സെന്റോളം വരുന്ന പുരയിടവും എന്‍റെ  അപ്പന് സ്വന്തം. അപ്പൻ ഈ വീട് വെയ്ക്കുന്നത് എന്‍റെ ചെറുപ്പത്തിൽ ആണ്. സിമന്റ് കട്ട വെച്ചു പണിഞ്ഞ ഒരു ചെറിയ വീട്. ഇന്നത്തെപ്പോലെ ഹോളോബ്രിക്‌സ് ഒന്നും അന്ന് ഇല്ല, മറിച്ചു സിമെന്റും മണലും ചേർത്ത് പുരയിടത്തിൽ തന്നെ കട്ട അറുത്താണ് വീട് പണിഞ്ഞത്. വീടുപണി സമയത്ത് ഇടയ്ക്ക് അപ്പൻ  കൂടെ കൊണ്ടുപോകും. അന്ന് എനിയ്ക്കു മൂന്നാല് വയസ്സ് പ്രായം കാണും. വീടുപണിയുന്ന സ്ഥലത്തെത്തുമ്പോഴേക്കും ഞാൻ നടന്നു തളർന്നിരിക്കും. മടി പിടിച്ചു തറയിൽ ഇരുന്നു  ചിണുങ്ങുന്ന  എന്നെ തോളിൽ ഏറ്റി അപ്പനോ അപ്പാപ്പന്മാരോ കാഴ്ചകൾ ഒക്കെ കാണിയ്ക്കും. അതാണ് വീടിനെക്കുറിച്ചുള്ള എന്‍റെ  ആദ്യ ഓർമ്മ.


വാടകവീട് വിട്ടു ആ വീട്ടിലേക്കു താമസം മാറ്റിയതിന് ശേഷമുള്ള ഓർമ്മകൾ വ്യക്തം. റബ്ബർമരങ്ങൾ വളരുന്നതോടൊപ്പം ഞാനും വളർന്നു. കൂടെ അയൽപക്കത്തുള്ള സമപ്രായക്കാരും. മഴക്കാലത്ത് തൈ റബ്ബർ മരങ്ങൾക്ക് ഇടയിലൂടെ ഓടിച്ചാടി നടക്കുവാൻ, ഇലയിൽ മഴത്തുള്ളികൾ തങ്ങിനിൽക്കുന്ന മരം കുലുക്കി, മരം പെയ്യിച്ചിട്ടു മഴവെള്ളം ദേഹത്തുവീഴാതെ ഓടിമാറുവാൻ  എന്തുരസമായിരുന്നു. റബ്ബർ മരങ്ങൾക്ക് ചുവട്ടിൽ എടുത്തിട്ടുള്ള പ്ലാറ്റുഫോമുകളിൽ മഴവെള്ളം കെട്ടിനിൽക്കും. അവയിൽ കടലാസ്  തോണിയിറക്കി, അതിൽ കറുത്ത പൊണ്ണനുറുമ്പിനെ തോണിക്കാരനാക്കി കളിക്കുവാൻ എന്തുരസം.


റബ്ബറിനു പ്ലാറ്റുഫോമെടുക്കുവാൻ ചോയിമൂപ്പൻ വരും. എന്തോരം കഥകളാ മൂപ്പർക്ക് അറിയുക.എല്ലാം പേടിപ്പെടുത്തുന്ന കഥകൾ. മാടന്‍റെയും മറുതയുടെയും ഒറ്റമുലച്ചിയുടെയും കഥകൾ. മൂപ്പനാണ് ചങ്ങലമാടനെ കുറിച്ചു പറഞ്ഞുതന്നത്. ഉച്ചയ്ക്ക് തോട്ടത്തിൽ ഒറ്റയ്ക്ക് നിൽക്കുന്നവരെ ചങ്ങലമാടൻ അടിച്ചിടും  അത് കന്നുകാലിയായാലും  മനുഷ്യനായാലും. അടി കൊണ്ടയാൾ ചോര ചർദ്ധിച്ചു പിടഞ്ഞുമരിയ്ക്കും. ഒടുവിൽ ഒരു ഉപദേശവും,

"ഒറ്റയ്ക്ക് തോട്ടത്തിൽ കിടന്നു തിര്യേണ്ടാ കുട്ട്യേ..''  

പ്ലാറ്റുഫോം പണിക്കിടയിൽ  തൂമ്പയിൽ  ചാരി  മൂപ്പൻ കിതപ്പുമാറ്റും, കറുത്തമുഖത്തിലൂടെ  ദേഹത്തേക്ക് ഒലിച്ചിറങ്ങുന്ന വിയർപ്പുതുള്ളികൾ.കൊത്തിയിട്ട പ്ലാറ്റുഫോമിൽ ധാരാളം വിരകളും പുഴുക്കളും  കാണും. അവയെ തിന്നുവാൻ  ഉപ്പനെത്തും. ചെമ്പൻ കറുപ്പിൽ ചുമന്ന കണ്ണുകൾ  കാണുമ്പോൾ  തന്നെ  എനിയ്ക്ക്  കള്ളുകുടിയൻ വീരാനെ ഓർമ്മ വരും. എന്തൊരു ചുവപ്പാണ് 
കണ്ണിന്...
മുമ്പൊരുതവണ നാട്ടിൽ പോയപ്പോൾ ഒരു ദിവസം മുഖം നിറയെ ചിരിയുമായി നക്ഷത്രം പോലെ പൊട്ടൻ സത്യൻ പ്രത്യക്ഷപ്പെട്ടു. എന്റെ ചെറുപ്പത്തിലേ കളികൂട്ടുകാരനാണവൻ. തോളിലൊരു മുളയേണിയും കൈയ്യിൽ എനിയ്ക്കായി ഒരു പഴുത്ത വരിക്കച്ചക്കയും. മരം കയറ്റമാണ് പണി. സീസണനുസരിച്ചു  ചക്കയും മാങ്ങയും കുരുമുളകും ഉടമ്പടിയ്ക്കു പറിച്ചു വിൽക്കും. ഞാൻ നാട്ടിലെത്തിയിട്ടുണ്ടെന്നു  ആരോ പറഞ്ഞു കേട്ടുവന്നതാണവൻ.  കാർപോർച്ചിൽ  മുള ഏണി ചാരിവെച്ചു അടുക്കളപ്പുറത്ത്  വന്നിരിപ്പായി അവൻ. എത്ര നാളിനുശേഷം  കാണുകയാണ് ഞാനവനെ? , കണ്ടിട്ടു കുറഞ്ഞത് ഒരു  പത്തുമുപ്പത്  കൊല്ലമെങ്കിലും ആയിക്കാണും.

'' തജി(സജി) നിന്നെക്കാണാൻ വന്നതാടാ  നാൻ ''

കൊഞ്ഞനാണ്, കേൾവിയും അത്ര പോരഅതിനാൽ  ഉച്ചത്തിലാണ്  സംസാരം. അങ്ങനെയാണ് പൊട്ടൻ എന്ന പേര് വീണത്.  അവനെ  കണ്ടതും എനിയ്ക്കും  വല്യ സന്തോഷമായി. എന്തോരം  ഓർമ്മകളാ അവനോടൊപ്പം എന്നെ കാണാൻ വന്നത്.

എന്‍റെ  കൂടെ ചെറുപ്പം മുതൽ കളിച്ചു വളർന്നവൻ. എപ്പോഴും എന്‍റെ വീടിനെ  ചുറ്റിപ്പറ്റി  കാണും  സത്യൻ . അമ്മ  എനിയ്ക്ക്  ഭക്ഷണം  തരുന്നതിനോടൊപ്പം  അവനും  കൊടുക്കും. എന്റെ   വീടിനു  താഴെ വയലിറക്കത്ത്  ആയിരുന്നു അവന്‍റെ   വീട്. ഒരു ചെറിയ  ഓലപ്പുര.  സത്യനു  രണ്ടുമൂന്നു  മാസം പ്രായമുള്ളപ്പോൾ  അവന്‍റെ അച്ഛൻ ആ  കുടുംബത്തെ  കളഞ്ഞിട്ടു  പോയതാണ്. അലക്കുപണിക്കാരനായ  വല്യച്ഛനാണ്‌  മകളെയും  ചെറുമകനെയും നോക്കിയിരുന്നത്. അവന്‍റെ അമ്മ  അടുത്തുള്ള  വീടുകളിൽ  അടുക്കളപണി ചെയ്താണ് മകനെ പോറ്റിയിരുന്നത്. സത്യൻ  മഴയും  വെയിലും  കൊണ്ടു  വളർന്നു.ചീകാത്ത  ചപ്ര തലമുടി, ചുണ്ടുകളുടെ കടവാ മിക്കപ്പോഴും പൊട്ടിയിരിയ്ക്കും. മുഖത്ത്  നൂറുവാട്ട്‌  ചിരി  എപ്പോഴും കാണും. ഏതു വമ്പൻ മരത്തിലും അവൻ കയറും.കാക്കക്കൂട്ടങ്ങളെയും മിശറുകളെയും ഒട്ടും പേടിയില്ലാത്തവൻ. ആകാശം മുട്ടെ നിൽക്കുന്ന ആഞ്ഞിലിമരത്തിന്റെ  തുമ്പത്തുനിന്ന് പഴുത്ത ആഞ്ഞിലിച്ചക്കയൊക്കെ പുഷ്പം പോലെ പറിച്ചു കൊണ്ട് വരും ചെങ്ങാതി. അത് എനിയ്ക്ക് പങ്കുവെയ്ക്കുവാൻ ഒട്ടും മടിയില്ലാത്തവൻ.


( ചിത്രങ്ങൾ : ഗൂഗിൾ )


കാക്കമുട്ടകൾ ആയിരുന്നു പൊട്ടൻ സത്യന്‍റെ  മറ്റൊരു വീക്നെസ്. ദേഹത്തും തലയിലും പച്ചിലകമ്പുകൾ കെട്ടിവെച്ചു അവൻ റബ്ബർമരത്തിൽ കയറി കാക്കമുട്ടകൾ എടുക്കും. ചുള്ളിക്കമ്പുകൾ കൂട്ടിവെച്ചു ഉണ്ടാക്കിയ കൂട് കണ്ടുപിടിക്കുവാൻ അവന് പ്രത്യേക കഴിവാണ്. ആകാശനീലിമയുടെ നിറമുള്ള മുട്ടകൾ, ചിലപ്പോൾ പുള്ളിക്കുത്തുകളും കാണും.കാക്കമുട്ടകൾ കാണാനും തൊട്ടുനോക്കാനും എനിയ്ക്കു വല്യകൗതുകമായിരുന്നു. താഴെ എന്നെ കാവൽ നിറുത്തി അവൻ കാക്കമുട്ടകൾക്കായി മരംകയറും. ദൂരെ നിന്ന് കാക്കച്ചികൾ എത്തുന്നതുകണ്ടു കൂകി വിളിച്ചു അവനെ വിവരം അറിയിക്കലാണ് എന്‍റെ പണി. കാക്കച്ചികൾ പാഞ്ഞടുക്കുന്നതിന് മുമ്പ് അവൻ കാക്കമുട്ടകളുമായി താഴെ എത്തും. ഈ കാക്കമുട്ടകൾ എന്തുചെയ്യാനാണ് എന്ന ചോദ്യത്തിന് അവൻ കണ്ണിറുക്കി ഒന്നുചിരിയ്ക്കും. പിന്നീടാണ് മനസ്സിലായത് ഇഷ്ടന് ശാപ്പിടാനാണ് ഈ കാക്കമുട്ടകളെന്ന്. അണ്ണാനെയും കിളികളെയും പിടിയ്ക്കുക എന്നതാണ് മറ്റൊരു വിനോദം. റബ്ബർതോട്ടത്തിനിടയിൽ അങ്ങിങ്ങു മണ്ടപോയ തെങ്ങുകൾ ഉണ്ട്. അവയുടെ പൊത്തുകളിൽ നിന്ന് മൈനയേയും  തത്തയെയും അവൻ പിടിയ്ക്കും.


പുതുമഴ പെയ്താൽ പിന്നെ മീൻപിടുത്തമായി പണി.അവന്‍റെ വല്യച്ചന് വീശുവലയുണ്ട്. കല്ലടയാറ്റിൽ തുണികഴുകുവാൻ പോകുന്നതോടൊപ്പം അവനും വല്യച്ചനും ചേർന്നു മീൻപിടിയ്ക്കും. മഴ തുടങ്ങിയാൽ കല്ലടയാറ്റിൽ നിന്ന് മീനുകൾ കൈവഴികളായായ തോടുകളിലേക്ക് കയറും. തോട്ടിൽ ഇടയ്ക്കിടെ ചെറിയ തിട്ടകൾ കാണും. താഴെയുള്ള പുഴയിലേക്ക് വെള്ളം  ഒഴുകാൻ പ്രകൃതി ഉണ്ടാക്കിയ സംവിധാനം. രാത്രിയിൽ ഈ ഉയരത്തിലുള്ള തിട്ടകൾ കടക്കുവാൻ മീനുകൾ മുകളിലേക്ക് ചാടും. അവനും വല്യച്ചനും ചേർന്ന് തിട്ടകൾക്ക് താഴെ വിരിച്ച മുണ്ട് പിടിയ്ക്കും. ചാട്ടം പിഴച്ചു മുണ്ടിലേക്കു വീഴുന്ന  മീനുകളെ ഒറ്റപ്പിടുത്തത്തിൽ കൈയ്യിൽ കരുതിയിരിക്കുന്ന കുടത്തിലേക്ക് ആക്കും അവർ. രാത്രിയിലെ ഊത്തപിടുത്തതിൽ ധാരാളം മീനുകൾ കിട്ടും. മുശിയും വാകയും വരാലും കാരിയും കല്ലേമുട്ടിയും പിന്നെ പേരറിയാത്ത ഒത്തിരി മീനുകൾ. രാവിലെ ഞങ്ങളുടെ വീട്ടിലേക്കുള്ള പങ്ക്‌ മീൻ വല്യച്ചൻ പതിയാർ സത്യന്‍റെ  കൈയ്യിൽ കൊടുത്തുവിടും. ആറ്റുമീനുകളുടെ സ്വാദ്, വറുത്തും കൊടംപുളിയിട്ട് കറിവെച്ചും തിന്ന ഓർമ്മകൾ...ഹാവൂ..


സത്യനും ഞാനും സ്കൂളിൽ പോകുന്നത് ഒന്നിച്ചായിരുന്നു. 7-8 ക്ലാസ്സുവരെ തോറ്റുതോറ്റു പഠിച്ചു അവൻ. സ്കൂളിൽ ഞാനൊരു തല്ലുകൊള്ളിയായിരുന്നു. ഒട്ടും തണ്ടും തടിയുമില്ലാത്ത അശു. സ്കൂളിൽ തിണ്ണമിടുക്ക് ഉള്ള തടിയന്മാരെല്ലാം എന്നെ കയറി ഇടിയ്ക്കും. അതിനൊരു കാരണം ഉണ്ട്. അമ്മ ഞാൻ പഠിച്ച സ്കൂളിലെ ടീച്ചർ ആയിരുന്നു. ഇംഗ്ലീഷ് ടീച്ചറായ അമ്മ കുട്ടികളെ സ്നേഹിച്ചതോടൊപ്പം നല്ലവണ്ണം ശിക്ഷിച്ചിരുന്നു. ആ തല്ലു കിട്ടിയവരൊക്കെ വാശി തീർത്തത് എന്‍റെ  മുതുകത്തായിരുന്നു.  ഞാൻ സ്കൂളിൽ പഠിച്ചിരുന്നപ്പോൾ വിചാരിച്ചിരുന്നത് എന്റെ  കൈയ്യിലിരുപ്പ് കൊണ്ടാണ് ഈ തല്ലൊക്കെ കിട്ടുന്നത്  എന്നായിരുന്നു. പിന്നീട് അല്ലേ മനസ്സിലായത് കുറ്റം എന്റേതല്ല എന്നുള്ള കാര്യം, സ്കൂൾ കാലഘട്ടം കഴിഞ്ഞതിനു ശേഷം എന്‍റെ ദേഹത്ത് ആരും കൈവെച്ചിട്ടില്ല. സ്കൂളിൽ എന്റെ  രക്ഷകന്‍റെ റോളിലായിരുന്നു പൊട്ടൻ സത്യൻ. എനിയ്ക്കു കിട്ടിയിരുന്ന ഇടികൾ മിക്കപ്പോഴും ഏറ്റുവാങ്ങുക സത്യൻ ആയിരുന്നു. എന്നെ ഇടിയ്ക്കുമ്പോൾ സത്യൻ തടുക്കും,ഏറെ മൂപ്പിച്ചാൽ ഒന്നുരണ്ടണ്ണം തിരികെ കൊടുക്കും അവൻ. തിണ്ണമിടുക്കും തന്റേടവും ഉള്ള അവനോട് കളിയ്ക്കുവാൻ എല്ലാവർക്കും പേടി ആയിരുന്നു.


സത്യന്‍റെ  അമ്മ ഒരു പാവം സ്ത്രീ ആയിരുന്നു. എപ്പോഴും കരഞ്ഞതുപോലെ തോന്നിക്കുന്ന മുഖം. അടുത്തുള്ള വീടുകളിൽ അടുക്കളപ്പണി ചെയ്താണ് പാവം മകനെ പോറ്റിയിരുന്നത്.എന്‍റെ  
വീട്ടിലും രാവിലെ എത്തും. അമ്മ പര്യമ്പറത്ത് പെറുക്കിയിട്ട പാത്രങ്ങൾ ചാരം കൂട്ടി,തേച്ചു മെഴുക്കി അവർ വീടിന്‍റെ  ഇറയത്തു നിരത്തിവെയ്ക്കും. രാവിലെ പണിയ്ക്ക് വരുമ്പോൾ കൂടെ മകൻ സത്യനും കാണും. പ്രഭാതത്തിൽ വീടിന്‍റെ  മുമ്പിലെ തിണ്ണയിൽ വെയിൽ കായാനിരിയ്ക്കുകയാകും ഞാൻ. റബ്ബർ മരങ്ങളുടെ ഇടയിലൂടെ അരിച്ചരിച്ചെത്തുന്ന വെയിൽ. അവനെത്തുന്നതോടെ എനിയ്ക്കു ഉത്സാഹമാകും. അമ്മ രാവിലെ തന്നെ പഴങ്കഞ്ഞിയോ കപ്പപുഴുക്കോ ബാക്കിവരുന്നത് അവർക്കായി തയാറാക്കി വെച്ചിട്ടുണ്ടാകും. എനിയ്ക്കും ചെറുപ്പത്തിൽ പലഹാരത്തെക്കാൾ ഇഷ്ടം കപ്പപ്പുഴുക്കിനോടും പഴങ്കഞ്ഞിയോടും ആയിരുന്നു. സത്യൻ വേഗം അതു വാരികഴിച്ചിട്ടു എന്നോടൊപ്പം കളിയ്ക്കാനിറങ്ങും. മഴവെള്ളം നിറഞ്ഞുനിൽക്കുന്ന റബ്ബർ കാനക്കുഴിയിലാകും മിക്കപ്പോഴും കളി. ചൊറിയൻ തവളകളെ ഒക്കെ പേടിപ്പിച്ചു ഓടിയ്ക്കാനൊക്കെ എന്തുരസമായിരുന്നു. കാക്കകൾക്കും ഉപ്പനും കിളികൾക്കും തവളയ്ക്കുമൊന്നും സ്വസ്ഥത കൊടുക്കാത്ത കളി. ഒമ്പതുമണിയോടെ സ്കൂളിൽ പോകുവാൻ തോട്ടത്തിലെ ചാടിമറിയലും മറ്റും കഴിഞ്ഞു അടുക്കളപ്പുറത്ത് എത്തുമ്പോഴേക്കും അമ്മ ദേഷ്യപ്പെട്ടു തുടങ്ങും.

''ചെക്കൻ ചാട്ടം കഴിഞ്ഞു എത്തി.ഒരക്ഷരം പഠിയ്ക്കാതെ കളിച്ചു നടന്നോ"

ഞാനൊരു വികൃതിക്കുട്ടിയായതിനാൽ അമ്മ എപ്പോഴും ഇങ്ങനെ ഉപദേശിച്ചുകൊണ്ടിരിയ്ക്കും. എന്തെങ്കിലും ഒക്കെ കുരുത്തക്കേടുകൾ ഞാൻ എപ്പോഴും കാട്ടികൊണ്ടിരിയ്ക്കും. നാട്ടിലെ കാക്കകളെ   എല്ലാം കാ..കാ.. എന്നു കരഞ്ഞു വിളിച്ചു വരുത്തുക, കല്ലെടുത്തു കിണറ്റിൽ ഇടുക, കിണറ്റിൽ നിന്ന് കോരി വെച്ചിരിക്കുന്ന വെള്ളത്തിൽ മഷിയോ മഞ്ഞളോ കലക്കുക തുടങ്ങിയ കലാപരിപാടികൾ.


അങ്ങനെയിരിയ്ക്കെ ഒരിയ്ക്കൽ എനിയ്ക്കു ഒരു മുട്ടൻ പണി കിട്ടി. പുകയൂതുന്ന കുഴൽ അടുപ്പിലെ തീക്കനലിൽ വെച്ചു ചൂടാക്കുകയായിരുന്നു ഞാൻ. അത് തീക്കല്ലുപോലെ പഴുത്തു വരുന്നത് കാണാൻ നല്ലരസം. അപ്പോഴാണ് അമ്മ പുറകിൽ നിന്നു വരുന്നത്. പെട്ടന്നുള്ള ദേഷ്യത്തിൽ അമ്മ കുഴലെടുത്തു മുതുകത്ത് ഒരു കുത്ത്. എന്‍റെ  നിലവിളിയ്‌ക്കൊപ്പം അമ്മയും കരഞ്ഞു. കാളയുടെ പുറത്തു കാച്ചിയപോലെയുള്ള ആ പാട് എന്‍റെ  മുതുകത്ത് ഇപ്പോഴും ഉണ്ട്. കുറെ  ദിവസത്തേക്ക് എനിയ്ക്ക് നല്ല ഭക്ഷണവും പരിചരണവും കിട്ടിയത് മാത്രം മിച്ചം.എന്നെ നന്നാക്കാൻ അമ്മ എപ്പോഴും സത്യവേദപുസ്തകത്തിൽ നിന്ന്  ഉദ്ധരണികൾ പറയും. ശലോമോന്‍റെ സദൃശ്യവാക്യത്തിലെ വാക്യങ്ങൾ ആകും മിക്കപ്പോഴും പറയുക. മകന്റെ  കുരുത്തക്കേട് കുറയ്ക്കുവാൻ അമ്മയുടെ സൈക്കോളജിക്കൽ മൂവ്. ഞാനെവിടെ നന്നാകാൻ? അങ്ങനെ ഒരു ദിവസം ഞാൻ മുറ്റത്തെ കുട്ടകത്തിൽ സത്യന്‍റെ  അമ്മ കോരിവെച്ച വെള്ളത്തിൽ കല്ലുകൾ പെറുക്കിയിട്ടു കളിയ്ക്കുകയാണ്. അമ്മ എന്നെ വഴക്ക് പറയുന്നുണ്ട്, ആര് കേൾക്കാൻ അമ്മ സ്ഥിരം നമ്പരിട്ടു, ബൈബിളിലെ സദൃശ്യവാക്യത്തിലെ ഒരു നെടുങ്കൻ പ്രയോഗം..

"അപ്പനെ പരിഹസിക്കയും അമ്മയെ അനുസരിക്കാതിരിക്കയും ചെയ്യുന്ന കണ്ണിനെ തോട്ടരികത്തെ കാക്ക കൊത്തിപ്പറിക്കയും കഴുകിൻ കുഞ്ഞുകൾ തിന്നുകയും ചെയ്യും.." 

പറഞ്ഞുതീർന്നില്ല എവിടെനിന്നോ ഒരു കാക്ക പറന്നു വന്നു എന്‍റെ തലയിൽ കൊത്തി. നിലവിളിച്ചു കൊണ്ടു അമ്മയുടെ അരികിലേക്ക് ഓടി ഞാൻ. അമ്മയുടെ വാക്ക് ഫലിച്ചത് കണ്ടു ഏറെ ഭയന്നുപോയി ഞാൻ. പിന്നീട് ജീവിതത്തിൽ തെറ്റായതെന്തെങ്കിലും ചെയ്യുമ്പോൾ പഴയ കാക്കകഥ ഒരു ഓർമ്മപ്പെടുത്തൽ പോലെ മനസ്സിൽ വരും.


ഒരു വൈകുന്നേരം പര്യമ്പറത്തുനിന്ന് തേങ്ങികരച്ചിൽ കേട്ടാണ് ഞാൻ ഓടിച്ചെന്നത്‌. സത്യന്‍റെ  അമ്മ ഒരു തോർത്തുമുണ്ട് പുതച്ചു കൈകൾ കൂട്ടിപ്പിടിച്ചു അവിടെ നിന്നു തേങ്ങുന്നു.  അമ്മ എന്തൊക്കെയോ ആശ്വാസവാക്കുകൾ പറയുന്നുണ്ട്. എന്നെ കണ്ടതും അമ്മ ചീത്ത പറഞ്ഞു ഓടിച്ചു.എനിയ്ക്കൊന്നും മനസ്സിലായില്ല. ഞങ്ങൾ കുട്ടികൾ അറിയാൻ പാടില്ലാതെ എന്തോ സംഭവിച്ചിരിക്കുന്നു. രാത്രി റബ്ബർ തോട്ടത്തിലെ ഇരുട്ടിൽ അങ്ങിങ്ങു തെളിയുന്ന മിന്നാമിനുങ്ങിനെ നോക്കിയിരിയ്ക്കുന്ന എന്‍റെ  അടുക്കലേക്ക് അമ്മ വന്നു. ഇറയത്തെ  മണ്ണെണ്ണ വിളക്കിന്‍റെ തിരി അമ്മ ഒന്നുകൂടെ നീട്ടി വെച്ചു. എന്നിട്ടു എന്‍റെ  മൂർദ്ധാവിൽ തഴുകി അമ്മ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു

"ദുഷ്ടർ, ആ പാവം സ്ത്രീയോട് ചെയ്തത് എങ്ങനെ ദൈവം പൊറുക്കും"

എന്താണ് സംഭവമെന്ന് ഞാൻ തിരക്കി. സത്യന്‍റെ  അമ്മ ഉച്ചയ്ക്കുശേഷം വീടുപണിയ്ക്കു പോകുന്ന വീട്ടിലെ സ്ത്രീയുടെ ഒരു ബ്ലൗസ് അശയിൽ ഉണക്കാനിട്ടത് സത്യന്‍റെ അമ്മ എടുത്തുവത്രെ. പാവം സ്ത്രീ ദാരിദ്ര്യം കൊണ്ടാകും അവർ അങ്ങനെ ചെയ്തത്. ഇന്നു പണിയ്ക്ക് ആ ബ്ലൗസ് ഇട്ടുകൊണ്ട് ചെന്ന സത്യന്‍റെ  അമ്മയെ അവർ ബലമായി പിടിച്ചു ബ്ലൗസ് ഊരിച്ചുവിട്ടത്രേ. തോർത്ത് കൊണ്ട് മാറിടം മൂടി കരഞ്ഞുകൊണ്ട് അവർ നേരെ അമ്മയുടെ അടുത്തുവന്നു സങ്കടം പറഞ്ഞുകൊണ്ടിരിക്കുമ്പോൾ ആണ് ഞാൻ ചെന്നത്. അമ്മ, അമ്മയുടെ കൈയ്യിൽ ഉള്ള ഒന്നുരണ്ട് പഴയ ബ്ലൗസുകൾ കൊടുത്തു സത്യന്‍റെ അമ്മയെ ആശ്വസിപ്പിച്ചു വിട്ടു.

''..ന്‍റെ  മോൻ പാവങ്ങളോടൊക്കെ കരുണ കാണിക്കണേട്ടോ.. അല്ലാഞ്ഞാ ശാപം കിട്ടും"

പാതി ഇരുട്ടത്ത് ഞാൻ തലയാട്ടിയത് അമ്മ കണ്ടുവോ ആവൊ? . കഴിഞ്ഞ തവണ നാട്ടിൽ പോയപ്പോൾ അന്നു പ്രതാപത്തിൽ നിന്നിരുന്ന ആ വീട് ഞാൻ കണ്ടു. മുറ്റത്തു കാടുകയറി,എല്ലാം നശിച്ചു ആൾ താമസ്സമില്ലാത്ത ആ വീട്. കാലം അതിന്റെ  കണക്കുകൾ തീർക്കും, ഒന്നും ബാക്കി വെയ്ക്കാതെ...'' പഴകഞ്ഞിയുണ്ടോ താറേ(സാറേ) ? "

സത്യന്‍റെ  മനസ്സിലെവിടെയോ  പഴയ രുചിയുടെ ഓർമ്മകൾ ഞൊട്ട  പിടിച്ചു പതുങ്ങി  നിൽക്കുന്നു. വീടിന്റെ   പുറകിലെ  വർക്ക്  ഏരിയയിൽ  അമ്മ  വിളമ്പിയ പഴങ്കഞ്ഞി  അവൻ  ആർത്തിയോടെ  കുടിച്ചു. ഞാൻ  കൊതി പറഞ്ഞപ്പോൾ  അമ്മ  എനിയ്ക്കും  വിളമ്പി മൺചട്ടിയിൽ പഴങ്കഞ്ഞി. കാലമെത്ര  കഴിഞ്ഞാലും  ചില രുചികൾ  നാവിൽ  നിന്നു  മാഞ്ഞുപോകയില്ല. തണുത്ത ചോറിൽ തലേന്നത്തെ മീൻകറിയും പുളിങ്കറിയും മുഴുവൻ മാങ്ങാ അച്ചാറും തൈരും കൂടെ എരിവുള്ള കാന്താരി ചമ്മന്തിയും... അത് കൈയ്യിട്ടു ഞെരടി ഒരു പിടിപിടിച്ച   അന്നത്തെ ഓർമ്മ. ആ  പഴങ്കഞ്ഞിയുടെ  രുചി  എന്നെ  എത്ര  കൊല്ലം പിറകിലേക്ക്  കൊണ്ടു പോയിരിക്കുന്നു.. വീടിന്‍റെ തിണ്ണയിൽ  ഇരുന്നു  പഴങ്കഞ്ഞി  കുടിക്കുന്ന ഞാനും എന്‍റെ  പഴയ കളികൂട്ടുകാരനും..


(ചിത്രം  :   സ്വന്തം )


പോകാൻ നേരം അവൻ യാത്ര പറഞ്ഞിറങ്ങിയപ്പോൾ ചുരുട്ടി  അഞ്ഞൂറു രൂപയും കൂടെ ഒരു ഷർട്ടിന്‍റെ തുണിയും കുട്ടികൾക്കായി  കുറെ ഫോറിൻ മുട്ടായിയും മനോരമ പത്രത്തിൽ പൊതിഞ്ഞു  കൈയ്യിൽ കൊടുത്തു. ഒട്ടും  സങ്കോചമില്ലാതെ അവനു  അവകാശപ്പെട്ട വീതം കിട്ടിയതുപോലെ സത്യൻ വാങ്ങി. കുറെ ദൂരം പോയിട്ടു ഒന്നുകൂടെ കാണാൻ എന്നപോലെ അവൻ മുളയേണി ചരിച്ചു മുഖം നിറയെ ചിരിയോടെ അവൻ തിരിഞ്ഞുനോക്കി. തിരികെ വിളിച്ചു പോക്കറ്റിൽ ഒരു അഞ്ഞൂറ് കൂടെ ഇട്ടുകൊടുത്തു. നീ എനിയ്ക്കു വേണ്ടി കൊണ്ട ഇടികൾക്കു അഞ്ഞൂറ് പോര ചെങ്ങാതി.....       

10 comments:

 1. 'സത്യന്‍റെ മനസ്സിലെവിടെയോ പഴയ
  രുചിയുടെ ഓർമ്മകൾ ഞൊട്ട പിടിച്ചു പതുങ്ങി
  നിൽക്കുന്നു. വീടിന്റെ പുറകിലെ വർക്ക് ഏരിയയിൽ
  അമ്മ വിളമ്പിയ പഴങ്കഞ്ഞി അവൻ ആർത്തിയോടെ കുടിച്ചു.
  ഞാൻ കൊതി പറഞ്ഞപ്പോൾ അമ്മ എനിയ്ക്കും വിളമ്പി മൺചട്ടിയിൽ
  പഴങ്കഞ്ഞി. കാലമെത്ര കഴിഞ്ഞാലും ചില രുചികൾ നാവിൽ നിന്നു മാഞ്ഞുപോകയില്ല. തണുത്ത ചോറിൽ തലേന്നത്തെ മീൻകറിയും പുളിങ്കറിയും മുഴുവൻ മാങ്ങാ അച്ചാറും തൈരും കൂടെ എരിവുള്ള കാന്താരി ചമ്മന്തിയും... അത് കൈയ്യിട്ടു ഞെരടി ഒരു പിടിപിടിച്ച അന്നത്തെ ഓർമ്മ. ആ പഴങ്കഞ്ഞിയുടെ രുചി എന്നെ എത്ര കൊല്ലം പിറകിലേക്ക് കൊണ്ടു പോയിരിക്കുന്നു.. വീടിന്‍റെ തിണ്ണയിൽ ഇരുന്നു പഴങ്കഞ്ഞി കുടിക്കുന്ന ഞാനും എന്‍റെ പഴയ കളികൂട്ടുകാരനും..!'
  നമുക്കൊക്കെ വേണ്ടി എന്തും തന്നിരുന്ന
  സത്യനെ പോലെയുള്ള ചില കളി കൂട്ടുകാർ പലയിടത്തും
  കാണാം സത്യന്റെയടക്കം ബാല്യകാലത്തെ സകലമാന ലീലാവിലാസങ്ങള് നന്നായി ചിത്രീകരിച്ചിരിക്കുന്നു

  ReplyDelete
  Replies
  1. ബാല്യകാലത്തിൽ എല്ലാവർക്കും കാണും ഇത്തരം ഒന്നോ രണ്ടോ കൂട്ടുകാർ,നമുക്കുവേണ്ടി ചങ്കു പറിച്ചു തരാൻ തയാറായവർ..നന്ദി വായനയ്ക്കും അഭിപ്രായത്തിനും
   Delete
 2. ഇത്തരം നാടൻ അനുഭവങ്ങൾ വായിക്കുന്നതും വർഷങ്ങൾക്ക് പിറകോട്ട് സഞ്ചരിക്കുന്നതും ഒരു സുഖം തന്നെ... നാട്ടിലെത്തിയിട്ട് വേണം എഴുത്തിലേക്ക് ഒന്നു കൂടി ശ്രദ്ധ കേന്ദ്രീകരിക്കുവാൻ...

  എഴുത്ത് പെരുത്തിഷ്ടായി പുനലൂരാനേ...

  ReplyDelete
 3. വളരെ സന്തോഷം വിനുവേട്ടാ .. പ്രവാസജീവിതം മടുത്തുവോ ? ..നന്ദി വായനയ്ക്കും അഭിപ്രായത്തിനും

  ReplyDelete
 4. എഴുത്ത് നല്ല ഇഷ്ടമായി.. നല്ല രസമുണ്ട് വായിക്കാന്‍.

  ReplyDelete
  Replies
  1. വളരെ സന്തോഷം. താങ്കളുടെ ബ്ലോഗ് ഒക്കെ വായിച്ചു ഏറെ ഇഷ്ടപ്പെട്ടു.എന്തേ പുതിയ ഇടാത്തെ?..നന്ദി വായനയ്ക്കും അഭിപ്രായത്തിനും...

   Delete
 5. എന്ത്‌ രസമുള്ള ഓർമ്മകളാ പുനലൂരാൻ ചേട്ടാ.എത്ര നിറവാർന്ന ഓർമ്മകൾ ഓർമ്മകൾ കൊണ്ട്‌ അനുഗ്രഹീതനാണു താങ്കൾ.അപ്പോപ്പിന്നെ ഇങ്ങനെ മനോഹരമായി എഴുതിയില്ലെങ്കിലേ അതിശയമുള്ളൂ.അച്ഛനൊരു വലിയ എഴുത്തുകാരനാണെന്ന് മക്കൾക്ക്‌ അഭിമാനിക്കാമല്ലോ.

  ReplyDelete
  Replies
  1. പ്രിയ സുധി താങ്കളുടെ വാക്കുകൾ ഈ പോസ്റ്റ് എഴുതിയ എനിയ്ക്ക് നൽകുന്ന സന്തോഷവും സംതൃപ്തിയും വിവരിക്കാനാകുകയില്ല .എന്നെ കൂടുതൽ വിനയമുള്ളവനും ഉത്തരവാദിത്തമുള്ളവനും ആക്കുന്നു അത് .. നന്ദി

   Delete
 6. ആ പഴങ്ങഞ്ഞി കൂടിയാണ് ഇതിലെ ഹൈലൈറ്റ്. ആലോചിച്ചു ആസ്വദിക്കാൻ എത്ര ഓർമ്മകൾ! നന്നായി എഴുതി തജി .

  ReplyDelete
  Replies
  1. ആ പടം ഞാൻ അന്നെടുത്തതാണ് സർ..ആ ഓർമ്മ വാക്കുകളിൽ വിവരിയ്ക്കാനാകില്ല..നന്ദി സർ വായനയ്ക്കും അഭിപ്രായത്തിനും


   Delete