Friday, 5 May 2017

എൻട്രൻസ് യക്ഷി


എൻട്രൻസ്  യക്ഷി

കൊല്ലം-ചെങ്കോട്ട റോഡിന്‍റെ സൈഡിൽ ഒരു കൊച്ചു വെളുപ്പാൻ കാലത്ത് ഞാൻ വണ്ടി കാത്തു  നിൽക്കുകയാണ്. പ്രീഡിഗ്രി പരീക്ഷ കഴിഞ്ഞ ആശ്വാസത്തിൽ കോളേജ് കുമാരൻ ആയ ഞാൻ സാധാരണ ഈ സമയത്ത് പുതപ്പിൽ ഒന്നുകൂടെ ചുരുണ്ടുകൂടി കിടക്കേണ്ടതാണ്. പക്ഷെ എന്തുചെയ്യാൻ, മകനെ ഡോക്ടർ ആക്കണമെന്ന് അപ്പനും അമ്മയും തീരുമാനിച്ചാൽ പിന്നെ മറുപക്ഷം ഇല്ലല്ലോ?..എനിയ്ക്കു എൻട്രൻസ് കിട്ടണമെങ്കിൽ  കാക്ക മലർന്നു പറക്കണമെന്നു  കാക്കയെ പറഞ്ഞു മനസിലാക്കിക്കാം, വീട്ടുകാരെ പറഞ്ഞു മനസ്സിലാക്കിക്കാനാണ് ബുദ്ധിമുട്ട്.  അങ്ങനെ ഒടുവിൽ  എൻട്രൻസ് പരീക്ഷ എഴുതാനായി കൊല്ലത്തേക്ക് പോകുവാൻ വണ്ടി കാത്തുനിൽക്കുകയായിരുന്നു ഞാൻ.  അന്ന് എൻട്രൻസ് കോച്ചിങ്ങിന് യൂണിവേഴ്സൽ ഇൻസ്റ്റിറ്റ്യൂട്ട് ഒക്കെ കത്തിനിൽക്കുന്ന സമയം. വീട്ടുകാർ കോച്ചിങ് ക്ലാസ്സിന് പോകുവാൻ നിർബന്ധിച്ചു പറഞ്ഞിട്ടും ഞാനൊട്ടുപോയില്ല. വീട്ടിലെ വെള്ളത്തിൽ കുളിച്ചില്ലെങ്കിൽ പനിയും ചുമയും വരുമെന്നായിരുന്നു എന്‍റെ ന്യായം. ഞാൻ തനിയെ പഠിച്ചുകൊള്ളാം എൻട്രൻസ് കോച്ചിങ്ങിനുള്ള മെറ്റീരിയൽ വാങ്ങിത്തന്നാൽ മതി എന്നു ഞാൻ. കൊല്ലത്ത് ഉള്ള ഏതോ ഒരു ബുക്ക്ഷോപ്പിൽ പോയി 750 രൂപ വീതം വിലയുള്ള ബ്രില്യൻസ് ടുട്ടോറിയൽസിന്‍റെ രണ്ട് തടിയൻ മെഡിക്കൽ എൻട്രൻസ് ബുക്കുകൾ ഞാൻ വാങ്ങി. പക്ഷെ ഒരു പ്രശ്നം ബുക്ക് തുറന്നാൽ അപ്പോൾ തന്നെ എനിക്ക് ഉറക്കം വരും. ഉറങ്ങാൻ ഇത്ര ബെസ്റ്റ് സാധനം ഈ ഉലകത്തിൽ വേറെ ഉണ്ടെന്ന് തോന്നുന്നില്ല. തടിയൻ ബുക്കിന്‍റെ ആദ്യ പേജ് തുറന്നു വായിക്കാൻ തുടങ്ങിയാൽ മതി കണ്ണുകൾ പതിയെ അടഞ്ഞുവരും. ബുക്കിനെ നെഞ്ചത്ത് വെച്ചു താരാട്ടുപാടി ഞാനങ്ങു സുഖമായി തൂങ്ങും. വീട്ടിലെ ചാരുകസേരയിൽ ഇരുന്നാവും എന്‍റെ പഠിത്തം. എന്‍റെ വീട്ടിൽ ഒരു ചാരുകസേര ഉണ്ട്. കാൽ കയറ്റി വെയ്ക്കാൻ പാകത്തിൽ പടികൾ ഉള്ള സൊയമ്പൻ കസേര. അപ്പൻ 25 രൂപ  കൊടുത്ത് ശിവരാമൻ മേശിരിയുടെ അടുത്തുനിന്നു വാങ്ങിയതാണ് ഈ പുരാവസ്തു. ശിവരാമൻ മേശിരി ഏതോ വീട്ടിൽ പണിക്കുപോയപ്പോൾ ഫ്രീയായി കൂടെ കൂട്ടിയതാണ് അതിനെ. കാലൊടിഞ്ഞു തട്ടിൻ പുറത്തിരുന്ന അതിനെ മേശിരി പുത്തൻ കാലൊക്കെ ഫിറ്റ് ചെയ്തു, വാർണിഷ് ഒക്കെ ഇട്ടു കുട്ടപ്പനാക്കി എടുത്തു. അതിൽ ചാരിക്കിടക്കാൻ നല്ല സുഖമാണ്. എന്‍റെ വീട്ടിലെ പൂച്ച വരെ അതിൽ കിടക്കുവാൻ ക്യൂ നിന്നു തുടങ്ങി. പ്രീഡിഗ്രി പരീക്ഷ കഴിഞ്ഞു ഒന്നര രണ്ടു മാസത്തിനുശേഷം ആണ് അന്ന് എൻട്രൻസ് പരീക്ഷ. വീട്ടുകാർ എപ്പോഴും പടിയെടാ..പടി എന്നു പറഞ്ഞുകൊണ്ടിരിക്കും. ഞാനോ എൻട്രൻസ് പഠനം വിജയകരമായി ചാരുകസേരയിൽ ഉറങ്ങി പൂർത്തിയാക്കി. ഒടുവിൽ കാത്തിരുന്ന പരീക്ഷാദിനം വന്നെത്തി.പരീക്ഷദിനത്തിൽ അപ്പൻ കൂട്ടിനായി കൊല്ലത്തിനു വരാമെന്നു പറഞ്ഞിട്ടു ഞാൻ സമ്മതിച്ചില്ല. അതിനൊരു കാരണം ഉണ്ട്, അപ്പനെ കൂടെ കൂട്ടിയാൽ എന്‍റെ വിളവ് ഒന്നും നടക്കുകയില്ല. ബാബര്‍ കാ ബേട്ടാ ഹുമയൂണ്‍..എന്നോടല്ലേ കളി ?.. എന്‍റെ മനസ്സിൽ പരീക്ഷ എങ്ങനെയെങ്കിലും എഴുതിയെന്നു വരുത്തിയിട്ടു വേണം കൊല്ലത്ത് ഒന്നു കറങ്ങുവാൻ. ആസാദ് ഹോട്ടലിൽ നിന്ന് ബിരിയാണി അതിനു ശേഷം കൊല്ലം ബീച്ച്, തങ്കശേരി ലൈറ്റ് ഹൗസ്,ആശ്രാമം അഡ്വവഞ്ചർ പാർക്ക് ഇവിടെ ഒക്കെ ഒന്നു കറങ്ങുവാൻ. അങ്കവും കാണാം താളിയും ഒടിക്കാം എന്നാണ് എന്‍റെ മനസ്സിലിരിപ്പ്. ക്വയിലോൺ കണ്ടവന് ഇല്ലം വേണ്ട എന്നല്ലേ പഴമൊഴി.അതാണിപ്പോൾ പുലിവാല് ആയിരിക്കുന്നത്. നേരം പുലർച്ചെ ഏതാണ്ട് നാലര അഞ്ചുമണി ആയിക്കാണും. നല്ല കുറ്റാകൂരിരുട്ട്, അന്നു കറുത്തവാവ് ആണെന്നു തോന്നുന്നു. കൊല്ലം-ചെങ്കോട്ട റോഡിന്‍റെ സൈഡിൽ ബസ്സ് കാത്ത് നിൽക്കുകയാണ് ഞാൻ. രാവിലെ പൂത്തോട്ടം സ്റ്റേ ബസ്സ് അഞ്ചുമണിയ്ക്ക്  വരും, അതിൽകയറി പുനലൂരെത്തി കൊല്ലം ഫാസ്റ്റ് പിടിക്കണം. അപ്പനു പനി ആയതിനാൽ ബസ്സ് കയറ്റിവിടാൻ വരാമെന്നു പറഞ്ഞിട്ടും ഞാൻ സമ്മതിച്ചില്ല. റോഡില്ലെങ്ങും ഒറ്റയാളിനെപ്പോലും കാണുന്നില്ല. ഇടയ്ക്കു ഒന്നുരണ്ടു പാണ്ടിലോറികൾ മാത്രം റോഡിലൂടെ പാഞ്ഞുപോയി. ദൂരെ നിന്ന് വരുന്ന വാഹനത്തിന്‍റെ ഹെഡ് ലൈറ്റ് ഇരുട്ടിനെ കീറിമുറിച്ചു മുമ്പോട്ടു കുതിച്ചു. ഹെഡ് ലൈറ്റിന്‍റെ വെട്ടത്തിൽ വണ്ടിയ്ക്കു കുറുക്കുചാടിയ ഒരു കറുത്ത നായുടെ കണ്ണുകൾ വജ്രം പോലെ തിളങ്ങി. എന്തോ ഒരു ദുസൂചന എന്നപോലെ കാലൻ കോഴിയുടെ കൂവൽ ഇടയ്ക്ക് കേൾക്കാം. അന്ന് സുകുമാരക്കുറുപ്പും ചാക്കോ വധക്കേസുമൊക്കെ കേരളത്തിൽ നിറഞ്ഞു നിൽക്കുന്ന സമയം. ആരും അസമയത്ത് വണ്ടികാത്തു നിൽക്കാറില്ല. പുലർക്കാലമായതിനാൽ നല്ല തണുപ്പ് ഉണ്ട്. ഞാൻ റോഡ്‌സൈഡിലെ കടയുടെ തിണ്ണയിൽ കാലുകൾ പിണച്ചു കുത്തിയിരുന്നു. വാരിയെല്ലുകൾക്കിടയിലൂടെ അരിച്ചു കയറുന്ന തണുപ്പ്. എന്‍റെ പല്ലുകൾ കൂട്ടിയിടിക്കുന്നുണ്ട്. ആകാശത്തൊന്നും ഒറ്റ നക്ഷത്രം പോലും കാണുന്നില്ല. എന്‍റെ ഉൾമനസ്സിൽ എവിടെയോ ഭയത്തിന്‍റെ വിത്തുകൾ വീണപോലെ. ഈ കൊച്ചുവെളുപ്പാൻ കാലത്ത് റോഡിൽ ഒറ്റയ്ക്ക് വണ്ടി കാത്തുനിൽക്കുക, അതാണ് ഞാൻ ഏറ്റെടുത്ത തെറ്റായ തീരുമാനം. എനിക്ക് വേണമെങ്കിൽ കൂട്ടിനു ആരെയെങ്കിലും കൂട്ടാമായിരുന്നു. അല്ലെങ്കിൽ തന്നെ എൻട്രൻസ് പരീക്ഷയൊന്നും എഴുതേണ്ട എന്നു എത്ര തവണ വീട്ടുകാരോട് പറഞ്ഞു, ആര് കേൾക്കാൻ?...  ഒരു കൊള്ളിയാൻ മിന്നി, ചെറുതായി മഴ ചാറാൻ തുടങ്ങി.ഭയമുണർത്തുന്ന അന്തരീക്ഷം. ഞാൻ അന്നുവരെ വായിച്ചിട്ടുള്ള നീലകണ്ഠൻ പരമാരയുടെയും കോട്ടയം പുഷ്പനാഥിന്‍റെയും ബാറ്റൺ ബോസിന്‍റെയും ഹൊറർ കഥകൾ ഒക്കെ എന്‍റെ മനസ്സിലൂടെ കടന്നുപോയി. ഡ്രാക്കുളകോട്ടയും ചുമന്ന മനുഷ്യനും ഒക്കെ വായിച്ചു ഞാൻ എത്ര പേടിച്ചിരുന്നു. എന്നെ ഭയത്താൽ ത്രസിപ്പിച്ച ഡ്രാക്കുളയുടെ അങ്കിയിലെ ഭാഗങ്ങൾ ഒക്കെ എന്‍റെ മനസ്സിലേക്ക് ഒരു വെള്ളിടി പോലെ കടന്നുവന്നു. എന്‍റെ ഉള്ളൊന്നു കിടുങ്ങി. ചുമന്ന സൂര്യൻ പടിഞ്ഞാറു കാർപാത്യൻ മലയുടെ പിന്നിൽ മറഞ്ഞു. താഴെ വിശാലമായ മലയുടെ ചുളിവുകളിൽ നിന്ന് ഇരുട്ട് സാവധാനം തലയുയർത്തി. വിജനമായ റെയിൽവേ സ്റ്റേഷനു പുറത്ത് വിളക്കുകൾ മെല്ലെ തെളിഞ്ഞു തുടങ്ങി. ദൂരെ നിന്നു കുതിര കുളമ്പടി നാദം… ട്രാൻസിൽവാനിയയിലെ ഡ്രാക്കുള കോട്ടയിലേക്ക് യാത്രക്കാരനെ കൊണ്ടുപോകുവാൻ കുതിരവണ്ടി വന്നു സ്റ്റേഷന് പുറത്തുനിന്നു. കുതിരവണ്ടിയുടെ വാതിൽ തുറന്നു ദീർഘകായകനായ ഒരു മനുഷ്യൻ പുറത്തേക്കു വന്നു. അയാൾ കഴുത്തു മുതൽ കീഴ്പോട്ട് ഒരു അങ്കി ധരിച്ചിരുന്നു. ദൂരെ കാർപാത്യൻ മലനിരകളിൽ നിന്ന് ഒരു കൂട്ടം ചെന്നായ്ക്കൾ ഓരിയിടാൻ തുടങ്ങി. ശീതകാറ്റ് വീശിയടിക്കുവാൻ തുടങ്ങിയതോടെ തണുപ്പിന്‍റെ ശക്തി കൂടി...വായിച്ചതൊക്കെ ഓർമിച്ചതോടെ എനിക്ക് വല്ലാത്ത പേടി തോന്നിത്തുടങ്ങി. ദൂരെ കാണുന്ന മരങ്ങളുടെ കറുത്ത നിഴലുകൾ ഭീകരസത്വങ്ങളായി എന്നെ  വിഴുങ്ങുവാൻ അടുത്തു വരുന്നതുപോലെ തോന്നി.ഭാഗ്യത്തിന് ദൂരെ നിന്നു ഒരു വാഹനത്തിന്‍റെ വെളിച്ചം ഞാൻ കണ്ടു. എനിക്ക് ആശ്വാസമായി. വണ്ടിയുടെ വെളിച്ചം എന്‍റെ മനസ്സിലെ ഭയത്തെ കുറയ്ക്കുവാൻ തുടങ്ങി.കാറിന്‍റെ വെളിച്ചം അടുത്തടുത്ത് വന്നു. അത് ഒരു അംബാസിഡർ കാറായിരുന്നു. വെളുത്ത നിറമുള്ള അംബാസിഡർ കാറ്. ഞാൻ കാറിലേക്ക് ആകാംഷയോടെ നോക്കി. പുറകിലത്തെ സീറ്റിൽ വെളുത്ത സാരിയുടുത്ത ഒരു സ്ത്രീ. അവരെന്നെ തുറിച്ചു നോക്കുന്നു. ആ സ്ത്രീയുടെ മുഖത്ത് എന്തോ ഒരു നിഗൂഢഭാവം ഉള്ളതുപോലെ  എനിയ്ക്കു തോന്നി. കാർ എന്നെ കടന്നു  അല്പദൂരം മുമ്പോട്ടു പോയി. പെട്ടെന്ന് കാർ നിന്നു. കാർ തിരികെ ഞാൻ കുത്തിയിരിക്കുന്ന ഇടത്തേക്ക് റിവേഴ്സിൽ എത്തി. അത് കണ്ടു ഞാൻ ഇരിക്കുന്നടത്തു നിന്ന് പതിയെ എഴുന്നേറ്റു. വല്ല വഴിയും ചോദിയ്ക്കാൻ ആയിരിക്കും കാർ നിറുത്തിയത് എന്നായിരുന്നു എന്‍റെ മനസ്സിൽ തോന്നിയത്. ഞാൻ കാറിന്‍റെ ഉള്ളിലേക്ക് നോക്കി. ആ സ്ത്രീ എന്നെ നോക്കി ചിരിച്ചു. ചിരി മെല്ലെ അട്ടഹാസമായി മാറി. ഞാൻ നടുങ്ങി പോയി. ആ സ്ത്രീയുടെ വായിൽ നിന്ന് നാക്ക് പുറത്തേക്കു നീണ്ടുവന്നു. കണ്ണിന്‍റെ സ്ഥാനത്തു ജ്വലിക്കുന്ന രണ്ടു തീഗോളങ്ങൾ. നാവിലൂടെ ചോര ഒലിയ്ക്കുന്നു...യക്ഷി തന്നെ ഞാൻ ഉറപ്പിച്ചു. എന്‍റെ ഹൃദയം ശക്തിയായി ഇടിക്കാൻ തുടങ്ങി.എന്‍റെ അമ്മേ..എന്‍റെ കാലുകൾ വിറച്ചു. ഞാൻ പുറകോട്ടു തിരിഞ്ഞു ഓടി. കാലുകൾ കഴിയുന്നത്ര വലിച്ചുവെച്ചു ഞാൻ ഓടി. ഇടയ്ക്കു ഞാൻ ഒന്നു തിരിഞ്ഞു നോക്കി. ആ സ്ത്രീയുടെ ആകാരം  പനപോലെ ആകാശം മുട്ടുന്ന നിലയിൽ വലുതായിരിക്കുന്നു. നിലം വരെ മുട്ടുന്ന നിലയിൽ നീണ്ട മുടി. ഞാൻ തളർന്നു പോയി. എന്‍റെ കാലുകളുടെ വേഗം കുറഞ്ഞു..അവളുടെ കൂർത്ത ദ്രംഷ്ടങ്ങൾ എന്‍റെ കഴുത്തിനു നേരെ നീണ്ടു വരുന്നു. ഇനി ഒരടി മുമ്പോട്ട് വെയ്ക്കുവാൻ ശക്തിയില്ലാതതുപോലെ. എന്‍റെ എൻട്രൻസ് മോഹങ്ങൾ ഒക്കെ തച്ചുടയാൻ പോകുന്നു. എന്‍റെ ചോര ആ യക്ഷി ഊറ്റി കുടിക്കും. ഒടുവിൽ എന്‍റെ പല്ലും നഖങ്ങളും ഏതോ പനയുടെ മുകളിൽ നിന്ന് അവൾ വലിച്ചെറിയും. ഞാൻ സർവ്വശക്തിയും എടുത്ത് അലറി

'' അയ്യോ യക്ഷി, രക്ഷിക്കണേ.. എന്‍റെ ചോര കുടിക്കരുതേ..എനിയ്ക്കു എൻട്രൻസ് പരീക്ഷ എഴുതാനുള്ളതാണ്..എനിയ്ക്കു ജീവിക്കണം, പഠിച്ചു ഡോക്ടർ ആകണം..എന്നെ വെറുതെ വിടണം..'' 

തൊണ്ടക്കുഴിയിൽ നിന്ന് ശബ്ദം പുറത്തു വരുന്നില്ല. പേടികൊണ്ടു ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു. ഞാൻ ഒന്നു കുതറി.


പെട്ടെന്ന് 'ടിം' എന്ന ശബ്ദത്തോടെ ഞാൻ കട്ടിലിൽ നിന്നു താഴെ വീണു. മുറിയിൽ ലൈറ്റ് തെളിഞ്ഞു. ഞാൻ ഞെട്ടിയുണർന്നു. എന്‍റെ ഭാര്യ ഉറക്കച്ചടവോടെ കട്ടിലിൽ എഴുന്നേറ്റിരുന്നു. ഉറക്കം നഷ്ടമായതിന്‍റെ ദേഷ്യം അവളുടെ മുഖത്ത് പ്രകടമായിരുന്നു.

''എന്തോന്ന് മനുഷ്യാ.. യക്ഷി, എൻട്രൻസ് എന്നൊക്കെ പറഞ്ഞു കിടന്നു കാറുന്നത്..നിങ്ങൾ ഒന്നു  അടങ്ങ്.. ഞാനൊള്ളപ്പോൾ നിങ്ങളെ ഒരു യക്ഷിയും പിടിക്കൂല്ല.. ചൊവ്വിനു ദൈവത്തെ പ്രാർത്ഥിച്ചു കിടന്നുറങ്ങാൻ നോക്ക്..''


ഈ നാല്പത്തിയേഴാം വയസ്സിലും എൻട്രൻസ് പരീക്ഷ ഒക്കെ സ്വപ്നം കാണുന്ന എന്നെ യക്ഷി  പിടിച്ചില്ലെങ്കിൽ അല്ലേ കുറ്റം,  അല്ലേ ചെങ്ങാതിമാരേ?... ഇതുപോലെ എൻട്രൻസ് യക്ഷികളാൽ ഉറക്കം നഷ്ടപ്പെട്ട എത്രയെത്ര കുടുംബങ്ങൾ മലയാളക്കരയിൽ ഉണ്ടെന്നു നിങ്ങൾക്കറിയാമോ? ഇപ്പൊ എല്ലാറ്റിലും എൻട്രൻസ് പരീക്ഷയല്ലേ...കെ.ജി ക്ലാസ്സ് അഡ്മിഷന് വരെ എൻട്രൻസ്..   എൻട്രൻസ് പരീക്ഷകളൊക്കെ ഭീകരയക്ഷികളായി മക്കളുടെയും മാതാപിതാക്കന്മാരുടെയും 
ഉറക്കം കെടുത്തി മലയാളി കുടുംബങ്ങളെ എത്ര നാളായി 
വേട്ടയാടുന്നു…. പണ്ടാരം. 


കടപ്പാട് : അഡ്വ : ജിതേഷ് , കാർട്ടൂണിസ്റ്റ് 
 

                     

24 comments:

 1. ഹ..ഹ.. ഇത് കൊള്ളാല്ലോ പുനലൂരാൻ ചേട്ടാ ... എൻട്രൻസ് യക്ഷി .. ഞാൻ പഠിച്ച സമയത്തും ഇതൊക്കെ ഉണ്ടായിരുന്നു .. എന്നാലും അച്ഛനും അമ്മയ്ക്കും പിന്നെ എനിക്കും ഇതിലൊന്നും വല്യ താല്പര്യമില്ലാത്തതുകൊണ്ട് ഈ കുരുത്തക്കേടൊന്നും ഉണ്ടായിട്ടില്ല .. പിന്നെ അങ്ങനെ നിർബന്ധം ഉണ്ടായിരുന്നെങ്കിൽ ഞാൻ യക്ഷിയെ അല്ല ഗന്ധർവനെ ആവും കാണുക .. ഞാൻ പറഞ്ഞത് ലിംഗവ്യത്യാസമനുസരിച്ചു സ്വപ്നം കാണുന്ന കഥാപാത്രങ്ങൾക്കും വ്യത്യാസം വരുമല്ലോ .... എന്തായാലും ഇഷ്ട്ടമായിട്ടോ ഈ ഓർമ്മകൾ ..

  ReplyDelete
  Replies
  1. സന്തോഷം ശ്രീമതി കലാ പ്രിയേഷ് .. വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി ഡോക്ടറും എഞ്ചിനീയറും ആകാൻ വിധിക്കപ്പെട്ട ഹതഭാഗ്യരായ ഒരു കൂട്ടം കുട്ടികൾ .. അതിനു വേണ്ടി ഉറക്കമില്ലാത്ത രാത്രികൾ .. അതിന്റെ ഓർമ്മകൾ ഒന്നുപുതുക്കി എന്നേയുള്ളൂ ...സന്തോഷം വായനയ്ക്കും അഭിപ്രായത്തിനും ..ആശംസകൾ

   Delete
 2. പഴയ ബ്ലോഗുകളൊന്നും വായിച്ചിട്ടില്ല. ഇതെന്തായാലും കൊള്ളാം കേട്ടോ.

  ReplyDelete
  Replies
  1. വളരെ സന്തോഷം.. ഈ ബ്ലോഗിൽ എത്തിയതിന്.. ആശംസകൾ

   Delete
 3. ഇന്നെന്റെ മകൾ മെഡിക്കൽ പ്രവേശനപരീക്ഷ എഴുതുന്നു. ഇതിപ്പോ ഇന്നുതന്നെ വായിച്ചത് ഒരു ഏടാകൂടമായിപ്പോയി... :)

  ReplyDelete
  Replies
  1. ചെങ്ങാതി..മോൾക്ക് എൻട്രൻസ് കിട്ടണമേ എന്ന് ആത്മാർഥമായി ഞാൻ
   ആഗ്രഹിക്കുന്നു.ഇനി അഥവാ കിട്ടിയില്ലെങ്കിലും മോൾ പഠിച്ചു മിടുക്കിയാകും..എനിക്ക് പ്രിയപ്പെട്ട കാര കടലാമണക്ക്,കാക്ക ബ്ലോഗിന്റെ ഉടമയുടെ മകളല്ലേ?..മിടുക്കിയാകും.. ആശംസകൾ
   Delete
 4. നല്ലപോലെ ഇഷ്ടമായി പുനലൂരാൻചേട്ടാ. നല്ല നല്ല എഴുത്തുകൾ ഇനിയുമിനിയും പോരട്ടേ.

  ReplyDelete
  Replies
  1. പ്രിയ സുധി ,കോപ്പിയടിയ്ക്ക് യാതൊരു സാധ്യതയുമില്ലാത്ത നീറ്റ് പരീക്ഷ ഒരു ഭീകര യക്ഷിയായി മാറിയിരിക്കുന്നു .. അടിവസ്ത്രം വരെ എന്തിടണമെന്ന് അധികാരികൾ പറയുന്ന അവസ്ഥയിൽ ഈ പോസ്റ്റിന് പ്രസക്തി ഉണ്ട് എന്ന് തോന്നുന്നു ..അഭിപ്രായത്തിനും വായനയ്ക്കും നന്ദി ആശംസകൾ

   Delete
 5. ഹൊ... സൊയമ്പൻ സാധനം തന്നെ... നമിച്ചിരിക്കുന്നു മച്ചാനെ ... ഒന്നു കണ്ണോടിച്ച് സമയം പോലെ കമന്റിടാമെന്ന് നിനച്ച് കണ്ണോടിക്കവെ, നട്ട കണ്ണുകളെ പറിച്ചെടുക്കാനാവാത്ത വിധം വല്ല വശീകരണപ്പൊടിയോ മറ്റോ ഈ എഴുത്തിൽ വിതറിയിട്ടുണ്ടോ? വായനക്കാരിൽ ഉദ്വേഗജനകമായ വിക്ഷോഭങ്ങൾ ജനിപ്പിക്കുകയും ..... എൻട്രസ് എന്നത് മാരക വിപത്താണെന്ന് ഉൾഭയത്തോടെ മനസ്സിലാക്കാൻ പ്രേരിപ്പിച്ച് കൊണ്ടിരിക്കിക്കെ, ഒടുക്കം ഹാസ്യത്തിന്റെ മേമ്പൊടിയോടെ ശുഭപര്യവസാനം: അതി കേമം... ഇനിയുമാ തൂലികയിൽ നിന്ന് സുകുമാര കുസുമങ്ങൾ വിരിയട്ടെ.അഭിനന്ദനങ്ങൾ..

  ReplyDelete
  Replies
  1. ശ്രീ കൂടാളി മാഷെ ..ഇത് നീറ്റ് പരീക്ഷയ്ക്ക് രണ്ടു ദിവസം മുൻപ് ഇട്ട പോസ്റ്റ് ആണ്..പരീക്ഷ കഴിഞ്ഞതോടെ യക്ഷിയുടെ ഭീകരമുഖം ഒന്നുകൂടെ വ്യക്തമായി..നന്ദി വായനയ്ക്കും അഭിപ്രായത്തിനും   Delete
 6. വായിച്ച് ചിരിച്ചതിന് ഒരു കണക്കുമില്ല പുനലൂരാനേ...

  പിന്നെ... പത്ത് നാൽപ്പത് വർഷങ്ങൾക്ക് മുമ്പ് വായിച്ച് ഞെട്ടിവിറച്ച് പുതപ്പിനുള്ളിൽ ഒളിച്ചിരിക്കുവാൻ ഹേതുവായ കാർപേത്യൻ മലനിരകളും ട്രാൻസിൽ‌വേനിയയും ഒക്കെ വീണ്ടും ഓർമ്മിപ്പിച്ചതിന് നന്ദി...

  പോരട്ടെ ഇനിയും ഭീകരസ്വപ്നങ്ങൾ...

  ReplyDelete
  Replies
  1. വളരെ സന്തോഷം വിനുവേട്ടാ ..ഈ പ്രോത്സാഹനത്തിന് . ഡ്രാക്കുള കഥകളോക്കെ വായിച്ചു നമ്മൾ എത്ര പേടിച്ചിരുന്നു എന്ന് പുതിയ തലമുറയ്ക്ക് മനസ്സിലാകുമോ ആവൊ ? സന്തോഷം ഓർമ്മകൾ പങ്ക്‌ വെച്ചതിന് ..ആശംസകൾ

   Delete
 7. പള്ളി പെരുന്നാളിന് ഡ്രാക്കുള നാടകം കണ്ടിട്ട്, മൂന്നാല് കിലോമീറ്റര്‍ ഉള്ള വീട്ടിലേക്കു ഓടിയ ഓട്ടം ഓര്‍മവരുന്നു. യൂണിവേര്‍സളില്‍ ഒക്കെ ഞാനും പോയി എന്ട്രന്‍സ് പഠിച്ചതാ, എഴുതാന്‍ പറ്റിയില്ല. പ്രീഡിഗ്രി പൂര്‍ത്തിയാക്കിയാല്‍ മാത്രമേ എന്ട്രന്‍സ് എഴുതാന്‍ പറ്റൂന്ന്. എന്തൊക്കെ നിയമങ്ങളാ അല്ലെ?

  ReplyDelete
  Replies
  1. അന്ന് ഡ്രാക്കുളയെ പേടിയ്ക്കാത്ത ഏതെങ്കിലും ഒരു കൗമാരക്കാരൻ ഉണ്ടോ എന്നു സംശയം ...ഞാനൊക്കെ നന്നായി ഭയന്നിരുന്നു ..പിന്നെ പ്രീ ഡിഗ്രി ഒക്കെ ഒരു ഡിഗ്രിയാണോ ? ജീവിതവിജയത്തിന് അതൊന്നും ആവശ്യമില്ല ചെങ്ങാതി ..ആശംസകള്

   Delete
 8. ഹോ..... എന്റമ്മേ... എന്തുവാ മാഷേ.... ഇത്.... ഹൊറർ .... ഡിക്റ്റക്റ്റീവ് .... ഇങ്ങനൊക്കെയല്ലേ ഇമ്മാതിരി കഥകൾക്ക് പറയണ പേര് ... മാഷ് കോട്ടയം പുഷ്പനാഥിന്റെ അനിയനാണോ....
  പേടിപ്പിച്ചുകളഞ്ഞു.. ശരിക്കും നടന്ന സംഭവം മാതിരി എഴുതിക്കൊണ്ടുവന്നു വായനക്കാരെ ആകാംക്ഷയിൽ നിർത്തി അവസാനം സ്വപ്നം എന്നറിയുമ്പോൾ ചിരിയുണർത്തി..
  നല്ല ഒഴുക്കോടെ ഉള്ള എഴുത്ത് ഏറെ നന്നായിട്ടുണ്ട്. ആശംസകൾ.
  നമ്മുടെ ചെറുപ്പത്തിൽ നടക്കാത്ത ചില കാര്യങ്ങൾ അതായതു ഇതുപോലുള്ള പരീക്ഷയ്ക്ക് പോക്ക് , പുതിയ കോഴ്സിന് ചേരാൻ പറ്റാതെപോയിട്ടുള്ളത് ഇതൊക്കെ പിന്നീട് നമ്മുടെ ജീവിതകാലം മുഴുവൻ ഇങ്ങനെ ചില സ്വപ്നങ്ങളിലൂടെ നമ്മെ അലട്ടിക്കൊണ്ടിരിക്കും എന്നതാണ് എന്റെയും അനുഭവസാക്ഷ്യം.

  ReplyDelete
  Replies
  1. നമ്മളൊക്കെ അനുഭവിച്ച ആ ടെൻഷൻ ഇന്ന് മക്കളുടെ കാലം വരുമ്പോൾ പൂർവ്വാധികം ശക്തിയോടെ വീണ്ടും നാം അനുഭവിക്കുന്നു.. കാലത്തിന്റെ അനിവാര്യത ..നന്ദി വായനക്കും എന്നെ എഴുതാൻ പ്രേരിപ്പിക്കുന്ന ഈ അഭിപ്രായത്തിനും ..ആശംസകൾ

   Delete
 9. എഴുതിയിട്ട സമയത്ത് തന്നെ വായിച്ചിരുന്നു .
  കാര്യമാണെങ്കിലും ചെറു പൊട്ടി. നാട്ടിലായിരുന്നുവെങ്കിൽ
  ഞാനും പിള്ളേർക്ക് വേണ്ടി ഇത്തരം മാമാങ്കങ്ങൾക്ക് പിന്നാലെയാവുമായിരുന്നു ..!

  ReplyDelete
  Replies
  1. മുരളിഭായി ഇംഗ്ലണ്ടിലായത് ഭാഗ്യം..നാട്ടിലൊക്കെ അഡ്മിഷന്
   എന്താ പുകിൽ..ആശംസകൾ
   Delete
 10. ഹ്ഹ എന്നിട്ട് പ്രീഡിഗ്രിക്കാരന്‍ ഡോക്ടരായോ? അതോ യക്ഷി കൂടിയിട്ട് എല്ലും മുടിയും മാത്രമായോ ? ഈ സ്വപ്നങ്ങളുടെയൊക്കെ ഒരു കാര്യമേ ! അതെല്ലാം മറന്നേക്കൂ .. എന്നിട്ട് വേറെന്തെങ്കിലും ആയേക്കൂ എന്ന് ജീവിതം പറഞ്ഞോ ?

  ReplyDelete
  Replies
  1. എവിടെ?.. ഒടുവിൽ ഞാൻ ഒരു കമ്പോണ്ടർ(ഫാർമ്മസിസ്റ്റ്) ആയി.. ജീവിതം ഹോസ്പിറ്റൽ സ്റ്റോറിൽ മരുന്ന് പെട്ടികൾക്കിടയിൽ .. എഴുതാനും സ്വപ്നം കാണാനും ഒരുപാട് സമയം... ജീവിതം അങ്ങനെയാണ്.. ആശംസകൾ സുഹൃത്തേ..

   Delete
 11. അല്ല പിന്നെ.. ഭാവിയെക്കുറിച്ച് ഒരു അസ്സസ്സ്മെന്റും എനിയ്ക്കില്ല. വന്നാല്‍ വന്നതിനു ശേഷം. അത്രന്നെ.

  ReplyDelete
  Replies
  1. ചിന്തിച്ചാൽ ഒരു അന്തോമില്ല..ചിന്തിച്ചില്ലങ്കിൽ ഒരു കുന്തോം ഇല്ല.. ആശംസകൾ

   Delete