ഒരു 'കുല 'പാതകത്തിന്റെ കഥ
ഞങ്ങളുടെ നാടിന്‍റെ ജീവനാഡി
ആയിരുന്നു കൊല്ലം - ചെങ്കോട്ട റെയിൽവേ ലൈൻ. ഏറെ നാളായി നിലച്ചിരുന്ന ആ റെയിൽവേ സർവീസ്
പുനരാരംഭിക്കുവാനുള്ള ഒരുക്കങ്ങൾ ഏതാണ്ട് പൂർത്തിയായി കഴിഞ്ഞിരിയ്ക്കുന്നു. പുനലൂർ
മുതൽ ഇടമൺ വരെയും ആര്യങ്കാവ് മുതൽ ചെങ്കോട്ട വരെയും ട്രെയിൻ സർവീസുകൾ ആരംഭിച്ചു കഴിഞ്ഞു. ഇത്തവണ നാട്ടിൽ പോയപ്പോൾ പഴയ ഓർമ്മകൾ പുതുക്കുവാനായി പുനലൂർ
മുതൽ ഇടമൺ വരെ ഒരു ട്രെയിൻ യാത്ര ഞാൻ നടത്തി.
എന്തോരം ഓർമ്മകൾ ആണ് ആ യാത്ര മനസ്സിലേക്ക്
കൊണ്ടുവന്നത്.
എന്‍റെ ചെറുപ്പത്തിൽ ഞങ്ങളുടെ
നാടിനെ രാവിലെയും ഉച്ചയ്ക്കും വൈകിട്ടും രാത്രി കൂകി സമയം അറിയിച്ചിരുന്നത് അതുവഴി കടന്നുപോകുന്ന ട്രെയിനുകൾ ആയിരുന്നു. പാളത്തിലൂടെ കൂകിവിളിച്ചു പതുക്കെ കിതച്ചുകൊണ്ട് ഓടുന്ന തീവണ്ടികൾ,
പലപ്പോഴും കൽക്കരി വണ്ടിയാകും ഓടുക. താങ്ങിയും തൂങ്ങിയും കാടുകളും മേടുകളും തുരങ്കങ്ങളും
കണ്ണറപ്പാലങ്ങളും താണ്ടി ഓടുന്ന പാസഞ്ചർ ട്രെയിനുകൾ.
എന്‍റെ ഗ്രാമത്തിലെ ചെറിയ സ്റ്റേഷനിൽ നിറുത്താതെ
ഉച്ചയ്ക്കും പാതിരാവിലും പാഞ്ഞുപോകുന്ന മദ്രാസ് മെയിൽ. മലകളുടെ നടുവിലൂടെ കടന്നു പോകുന്ന ട്രെയിനുകളെ ദൂരെ താഴ്‌വാരത്തോ പാടത്തോ നിന്ന് നോക്കികാണുവാൻ എന്ത് കൗതുകമായിരുന്നു
ചെറുപ്പത്തിൽ. പണ്ട് ബ്രിട്ടീഷുകാരുടെ കാലത്ത് 1904 ലിൽ പണിഞ്ഞ റെയിൽവേ ലൈനാണിത്. ഉത്രം
തിരുനാൾ മഹാരാജാവിന്‍റെ താൽപര്യപ്രകാരം തിരുവിതാംകൂറും ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയും സംയുക്തമായി
മുതൽ മുടക്കി നിർമ്മിച്ച ഈ പാതയുടെ
നിർമ്മാണചിലവ് അന്ന് ഏകദേശം 1.12 കോടി രൂപ വരും. കശുവണ്ടിയും സുഗന്ധവ്യജ്ഞനങ്ങളും മലഞ്ചരക്കും
തേക്കുതടികളും ചെന്നൈയിലേക്ക് എളുപ്പത്തിൽ
കടത്താനുള്ള മാർഗ്ഗമായിട്ടാണ് ബ്രിട്ടീഷുകാർ
ഈ പാത പണിയുവാൻ
ഉത്സാഹം കാണിച്ചത്. അവരുടെ കാലത്ത് പണിഞ്ഞ റെയിൽവേ സ്റ്റേഷനുകൾക്കും പാലങ്ങൾക്കും തുരങ്കങ്ങൾക്കും
ഒക്കെ എന്ത് ഭംഗിയായിരുന്നു. ആ ഓർമ്മകളെ
മനസ്സിൽ സൂക്ഷിച്ചിരുന്ന എനിക്കൊക്കെ
നിരാശ നൽകി പുതിയ സ്റ്റേഷനുകളും പാലങ്ങളും.
കോൺക്രീറ്റ് ചട്ടക്കൂടിൽ പണിഞ്ഞ ഒട്ടും ഭംഗിയില്ലാത്ത തീപ്പട്ടിക്കൂട് പോലെയുള്ള പുതിയ
സ്റ്റേഷൻ കെട്ടിടങ്ങൾ. പതിമൂന്നു കണ്ണറ പാലത്തിന്‍റെ
ഇപ്പോഴത്തെ അവസ്ഥ ഒന്നു കാണണം. മനോഹരമായ ആ പാലത്തെ എങ്ങനെ വികൃതമാക്കാം എന്ന വിഷയത്തിൽ പി.എച്ച്.ഡി എടുക്കുകയാണ് തമിഴനും മലയാളിയും ഒക്കെ ചേർന്നുള്ള
റെയിൽവേ അധികാരികൾ. പൗരാണിക പ്രൗഡി നിലനിർത്തിക്കൊണ്ട്
പുതുക്കി പണിയാമായിരുന്ന പാലങ്ങളും സ്റ്റേഷനുകളും
ഇത്ര ജുഗുപ്സാവഹമായി പണിഞ്ഞ അധികാരികൾക്ക്
നമോവാകം. ഒരു നൂറ്റാണ്ട് പഴക്കമുള്ള പൈതൃക ചരിത്രസ്മാരകങ്ങളെയാണ് അവർ തകർത്തതെന്ന തിരിച്ചറിവ് എന്നെങ്കിലും അവർക്കുണ്ടാകുമോ?.
കൊല്ലം-ചെങ്കോട്ട പാസഞ്ചർ ട്രെയിൻ
ഞങ്ങളുടെ നാട്ടിലെ ഒട്ടേറെപ്പേരുടെ ജീവസന്ധാരണത്തിനുള്ള മാർഗ്ഗം ആയിരുന്നു. രാവിലെയും വൈകിട്ടും അങ്ങോട്ടും ഇങ്ങോട്ടും
ഉള്ള രണ്ടു സർവീസുകൾ. രാവിലെ ചെങ്കോട്ടയ്ക്ക് പോകുന്ന ട്രെയിനിൽ നിറയെ തമിഴ്നാട്ടിൽ
നിന്നും അരിയും പച്ചക്കറികളും മറ്റും വാങ്ങാൻ പോകുന്ന മലയാളികൾ ആകും. അവർക്കിടയിൽ തമിഴ്നാട്ടിലേക്ക്
കശുവണ്ടിയും വിറകും കിറുക്കതണ്ണി(ചാരായം) യുമൊക്കെ കടത്തുന്ന ചില വിരുതന്മാർ. തിരികെ വൈകിട്ടത്തെ ട്രെയിനിൽ അരിയും മറ്റു പലവ്യജ്ഞനങ്ങളും പച്ചക്കറികളും ഒക്കെ ആകും കേരളത്തിലേക്ക് കൊണ്ടുവരിക. തമിഴ്നാട്ടിൽ അരിയ്ക്കും പച്ചക്കറിയ്ക്കും മറ്റും വിലക്കുറവായതിനാൽ അതു നാട്ടിൽ
കൊണ്ടുവന്നു വിട്ടു ഉപജീവനം കഴിയ്ക്കുന്ന ഒട്ടേറെപ്പേർ. ട്രെയിനിൽ ചായയും അരിമുറുക്കും കൊയ്യാപ്പഴവും(പേരയ്ക്ക) മുല്ലപ്പൂവും
ഒക്കെ വിൽക്കുന്ന തമിഴത്തികൾ. കൊല്ലത്തുനിന്ന് പുനലൂരേയ്ക്ക് വൈകിട്ടു വരുന്ന
ട്രെയിനിൽ നീണ്ടകരയിൽ നിന്നും മറ്റും
കൊണ്ടുവരുന്ന മീനാണ് പ്രധാന കച്ചവടം. പുനലൂരിൽ നിന്ന് കൊല്ലത്തേക്കുള്ള യാത്രയിൽ ട്രെയിൻ നിറയെ കോളേജുപിള്ളേരും സർക്കാർ ജോലിക്കാരും ആയിരിയ്ക്കും. പാട്ടൊക്കെ
പാടി, ചീട്ടുകളിച്ചു
നേരം കളയുന്ന സ്ഥിരം യാത്രക്കാർ. നല്ല രസമുള്ള കാഴ്ചകൾ.
![]() |
മീറ്റർഗേജിലെ അവസാന യാത്ര |
ഇനി കഥയിലേക്ക് കടക്കാം.ഞാൻ കോളേജിൽ
പഠിയ്ക്കുന്ന കാലം. രാവിലെ വീട്ടിൽ നിന്ന് ഇറങ്ങി ഏറെ ബുദ്ധിമുട്ടി ആനവണ്ടി കയറി പുനലൂരെത്തി കോളേജുമല
കയറുമ്പോൾ ആകും അറിയുക, അന്ന് സമരമാണെന്ന്. സന്തോഷം ഇനി മല കയറേണ്ടല്ലോ..ആ സന്തോഷത്തിൽ ഞാൻ അമ്മ വീട്ടിലേക്ക് ഒരു മുങ്ങുമുങ്ങും.
പ്രത്യേകിച്ചു ഒരു അറിയിപ്പും
എന്‍റെ വീട്ടിൽ കൊടുക്കാതാകും
അമ്മ വീട്ടിലേക്കുള്ള യാത്ര. അമ്മയുടെ വീട് ഉൾപ്രദേശമായ
പുന്നലയിൽ ആണ്. കാട്ടുപുന്നല എന്നതാണ് പഴയപേര്, വനപ്രദേശമാണ്. അങ്ങോട്ടുള്ള യാത്രയ്ക്ക്
പ്രൈവറ്റ് ബസ്സ് മാത്രമേ ഉളളൂ
അതാകട്ടെ വല്ലപ്പോഴും മാത്രം. കോളേജ് സ്റ്റുഡൻറ് ആയതിനാൽ
പ്രൈവറ്റ് ബസ്സിൽ 25 പൈസ കൊടുത്താൽ അമ്മവീട്ടിൽ
എത്താം. അമ്മവീട്ടിലേക്കുള്ള യാത്രയ്ക്ക് എന്നെ മോഹിപ്പിക്കുന്ന ഘടകങ്ങൾ , അവിടെ ചെന്നാൽ
ഉച്ചയ്ക്ക് നല്ല ഒരു ഊണ് തരപ്പെടുത്താം. കൂടാതെ പറമ്പിൽ
നിറയെ ഫലവൃക്ഷങ്ങൾ, മാങ്ങയും
പറങ്കിപ്പഴവും കമ്പളി നാരങ്ങയും പാഷൻ ഫ്രൂട്ടും ഒക്കെ കാണും.
തൊട്ടടുത്തുള്ള തോട്ടത്തിലേക്ക് കയറിയാൽ
പഴുത്ത കൊക്കോയും കൈതചക്കയും. എല്ലാം എറിഞ്ഞിട്ടും
പറിച്ചും തിന്ന് ഒടുവിൽ ഉച്ചയ്ക്ക് ഒന്നാന്തരം ഒരു ഊണും
കഴിച്ചു മടക്കം. വല്യഅമ്മച്ചിയ്ക്കും അമ്മയുടെ അനുജത്തിമാർക്കും എന്നെ വല്യകാര്യമാണ്. ഞാനാണ് അമ്മവീട്ടിലെ കൊച്ചുമക്കളിൽ ആദ്യ ആൺതരി. നഞ്ചെന്തിനാ നാന്നാഴി എന്നപോലെ ആയിരുന്നു എന്‍റെ ചെറുപ്പം. അമ്മവീട്ടിൽ
ചെന്നാൽ എന്‍റെ കുരുത്തക്കേടിന് കൈയ്യും കാലും വെയ്ക്കും.
അമ്മവീട്ടിൽ എനിയ്ക്കു ആകെ പേടി ഉണ്ടായിരുന്നത്
വല്യപ്പച്ചനെ ആയിരുന്നു.വല്യപ്പച്ചന് പലചരക്കുകടയുണ്ട്, അത് കൂടാതെ കൃഷിയും
ഒക്കെ ചേർന്ന് ആകെ തിരക്ക്. വീടിന്‍റെ താഴെ കരകണ്ടത്തിൽ വല്യപ്പച്ചന്
വാഴക്കൃഷിയും മറ്റും ഉണ്ട് . വലിയ കർക്കശക്കാരൻ ആയിരുന്നു വല്യപ്പച്ചൻ. എന്നാൽ
കൊച്ചുമക്കളോടൊക്കെ വല്യ വാത്സല്യമാണ്. രാവിലെ ഭക്ഷണം കഴിയ്ക്കുമ്പോൾ
വല്യപ്പച്ചന്റെ പാത്രത്തിൽ നിന്ന് മുട്ട പുഴുങ്ങിയത് ഞങ്ങൾ കൊച്ചുമക്കളെ
അരികിൽ വിളിച്ചിട്ടു വായിൽ വെച്ചുതരും. വല്യപ്പച്ചന്‍റെ ശരീരം നല്ല
കടഞ്ഞെടുത്തത് പോലെ ആണ്. രാത്രി പത്തുമണിയ്ക്ക് കടയടച്ചു വന്നാൽ ദേഹത്തൊക്കെ
എണ്ണപുരട്ടി കസറത്ത് കാട്ടി ഒടുവിൽ വിശാലമായൊരു കുളി. അതിനു മുമ്പായി
തേങ്ങാകൊത്തും ശർക്കരയും കൊപ്രാപിണ്ണാക്കും സമാസമം ചേർത്ത് ഒരു തീറ്റി, കൂടെ ഒരുതുടം
വെളിച്ചെണ്ണയും കുടിയ്ക്കും.എല്ലാം ശുദ്ധമായതും വീട്ടിൽ ഉണ്ടാക്കുന്നതും.അതാണ്
വല്യപ്പച്ചന്‍റെ ആരോഗ്യരഹസ്യം. അത് കഴിയ്ക്കുമ്പോളാണ് മക്കളോടും
കൊച്ചുമക്കളോടും ഒക്കെ വിശേഷങ്ങൾ ഒക്കെ ചോദിയ്ക്കുക. വല്യമ്മച്ചി അന്നത്തെ
വീട്ടിലെ വിവരങ്ങളും മക്കളുടെ കയ്യിലിരിപ്പിനനുസരിച്ചു ആവശ്യം ഉള്ള തല്ലുകളും വീതം വെപ്പിച്ചു കൊടുക്കും.
ഞാനൊരു ദിവസം ഉച്ചയ്ക്ക്
അമ്മവീട്ടിൽ ചെന്നപ്പോൾ അതാ വല്യപ്പച്ചൻ. അന്ന് എന്തുകൊണ്ടോ വീട്ടിൽ
ഊണ് കഴിയ്ക്കാൻ എത്തിയതായിരുന്നു വല്യപ്പച്ചൻ. സാധാരണ ചോറും ചൂടുകറികളും
വലിയ തട്ടുതട്ടായ പാണ്ടൻ ചോറ്റുപാത്രത്തിൽ കടയിലേക്ക് വേലക്കാരുടെ കൈയ്യിൽ
കൊടുത്തു വിടുകയാണ് പതിവ്. വല്യപ്പച്ചൻ എന്നെ അടുത്തുവിളിച്ചു തലയിൽ തലോടി
വീട്ടുവിശേഷങ്ങളും പഠിത്തക്കാര്യങ്ങളും മറ്റും ചോദിച്ചു. ഒടുവിൽ പലചരക്കുകടയിലേക്ക്
പോകുന്നതിന് മുമ്പായി വലിയ ഒരു വെട്ടിരുമ്പുമായി വാഴത്തോട്ടത്തിലേക്കിറങ്ങി.
പലചരക്കുകടയിൽ വിൽക്കാനായി കുലവെട്ടികൊണ്ട് പോകാനാകും എന്നാണ് ഞാൻ കരുതിയത്.
തോട്ടത്തിൽ നിന്ന് അടിപ്പടല പഴുത്ത ഒരു എമണ്ടൻ ഏത്തക്കുല വല്യപ്പച്ചൻ
വെട്ടിയെടുത്ത് തോളിൽ ചുമന്നു വീട്ടിൽ എത്തിച്ചു. എന്നിട്ട് എന്നോടു
പറഞ്ഞു
'' മോനെ നീ ഇതു വീട്ടിൽ കൊണ്ടുപോയി
പഴുപ്പിച്ചു തിന്നോ. രാസവളം ഒന്നും ചേർക്കാത്ത കുലയാണ്"
'കുടുങ്ങി, കോളേജുകുമാരൻ
ആയ ഞാൻ ഈ കുലയും ചുമന്നു കൊണ്ട് വീട്ടിൽ പോകുകയോ..ഛെ..ലജ്ജാവഹം' ഞാൻ
മനസ്സിൽ പറഞ്ഞു. വല്യപ്പച്ചനോട് പറ്റുകയില്ല എന്നുപറഞ്ഞാൽ നല്ല
വഴക്കുകിട്ടും.ബസ്സിൽ വാഴക്കുല കയറ്റുകയില്ല എന്നൊക്കെ ഞാൻ മെല്ലെ
തടിയൂരാൻ പറഞ്ഞു നോക്കിയിട്ടു വല്യപ്പച്ചൻ വിട്ടില്ല. വല്യപ്പച്ചൻ തന്നെ ഏത്തക്കുല
ഒരു ചാക്കിലാക്കി കെട്ടി തോളിൽ ചുമന്ന് ബസ്സ് സ്റ്റോപ്പ് വരെ
എത്തിച്ചു. അവിടെ നിന്ന് എന്നെ പ്രൈവറ്റ് ബസ്സിൽ കയറ്റിവിട്ടു. ബസ്സിൽ
കയറുംമുമ്പ് വണ്ടിക്കൂലിയ്ക്കും മറ്റുമായി പത്തുരൂപയും കൈയ്യിൽ വെച്ചു
തന്നു.
ബസ്സിൽ കയറിയിട്ടും എനിയ്ക്കു ഒരു ഉഷാറുമില്ല.
പുനലൂരിൽ എത്തിയാൽ ഞാൻ എങ്ങനെ ഈ ചാക്കുകെട്ടും ചുമന്നുകൊണ്ട് നടക്കും?. എങ്ങനെ ഞാൻ എന്‍റെ സ്ഥലത്തേക്ക് കെ.എസ്.ആർ.ടി.സി ബസ്സ് കയറും?. കൂട്ടുകാരുടെയും
ക്ലാസ്സിൽ പഠിയ്ക്കുന്ന പെൺകുട്ടികളുടെയും കണ്ണുവെട്ടിച്ചു ബസ്സിൽ കയറുക
അസാധ്യം. ചാക്കുകെട്ട് കണ്ടാൽ നല്ല മുഴുപ്പുണ്ട്. എന്‍റെ കൂടെ കോളേജിൽ
പഠിയ്ക്കുന്ന ആരെങ്കിലും കണ്ടാൽ കഥ കഴിഞ്ഞു. പിന്നെ അവർ കോളേജിൽ
നോട്ടീസ് അടിച്ചിറക്കും. ഈ സംഭവം പൊടിപ്പും തൊങ്ങലും വച്ച് അവർ പാടി നടക്കും. ഏതു
കഷ്ടകാലത്താണോ അമ്മവീട്ടിൽ പോകാൻ തോന്നിയത്. ഞാനാലോചിട്ടു ഒരു പോംവഴിയും കാണുന്നില്ല. അപ്പോഴാണ് തലയിൽ ഒരു ട്യൂബ്‌ലൈറ്റ് മിന്നിയത്.
നേരെ പ്രൈവറ്റ് ബസ്സ് സ്റ്റാൻഡിൽ ഇറങ്ങി റയിൽവേ സ്റ്റേഷനിലോട്ടു
വെച്ചു പിടിയ്ക്കാം.അവിടെ നിന്ന് വൈകിട്ടത്തെ ട്രെയിനിൽ ഇടമണ്ണിൽ എത്താം. പ്രൈവറ്റ് ബസ്സ് സ്റ്റാന്റ് അന്ന് പുനലൂർ ചന്തയുടെ
എതിരെ ആണ്. അവിടെ നിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് കുറച്ചു ദൂരം
മാത്രമേ ഉള്ളൂ. റെയിൽവേ സ്റ്റേഷനിലേക്ക് ഉള്ളവഴിയിൽ പൊതുവെ
കോളേജ് പിള്ളേർ കുറവായതിനാൽ കൂട്ടുകാർ ആരും എന്നെ കാണുകയില്ല. അങ്ങനെ ഞാൻ പ്രൈവറ്റ് ബസ്സ് സ്റ്റാൻഡിലിറങ്ങി. ആരും കാണാതെ കൈയ്യിലിരുന്ന
ബുക്ക് ഷർട്ടിനകത്താക്കി അരയിൽ പാൻറ്സിനകത്തേക്ക് കുത്തിത്തിരുകി. എന്നിട്ടു ചാക്കുകെട്ട്
ചുമലിൽ എടുത്ത് മെല്ലെ നടന്നുതുടങ്ങി. അരയിൽ ബുക്ക് കുത്തിത്തിരുകിയതുകൊണ്ട് കാല് സ്വതന്ത്രമായി മുമ്പോട്ടു
നീങ്ങുകയില്ല. എന്റെ പോക്ക് കണ്ടാൽ
ആദ്യമായി AB പാഡ് വെച്ചുകെട്ടി
ക്രീസിലിറങ്ങിയ ക്രിക്കറ്റ് ബാറ്റ്സ്മാനേപ്പോലെ തോന്നും. ഇടയ്ക്ക് ഞാൻ എതിരെ
വരുന്ന ആൾക്കാരെ ശ്രദ്ധിയ്ക്കുണ്ട്. ആരെങ്കിലും പരിചയക്കാർ കണ്ണിൽ പെടരുതേ ദൈവമേ എന്നാണ് എന്‍റെ പ്രാർത്ഥന.
ഒടുവിൽ റെയിൽവേസ്റ്റേഷനിൽ കൂട്ടുകാരുടെ ആരുടെയും കണ്ണിൽപെടാതെ
എത്തി ചുമടിറക്കി ഞാൻ ഒരു
ദീർഘശ്വാസം വിട്ടു, അതൊരു ഒന്നൊന്നര ദീർഘശ്വാസം ആയിരുന്നു. തിരക്ക് കൂടുന്നതിന് മുമ്പ്
ടിക്കറ്റ് എടുത്തു ഞാൻ പ്ലാറ്റുഫോമിലേക്ക് കടന്നു. അപ്പോഴതാ നക്ഷത്രം പോലെ പ്ലാറ്റുഫോമിലെ കസേരയിൽ
എന്‍റെ ക്ലാസ്സിൽ പഠിയ്ക്കുന്ന
രണ്ട് പെൺകുട്ടികൾ അജിതയും
ബിന്ദുകുമാരിയും. കർത്താവേ പണികിട്ടി..വിധിയെ തടുക്കാൻ
വില്ലേജാഫീസർക്കും കഴിയില്ലല്ലോ. കൊല്ലത്തേക്കുള്ള
പാസഞ്ചർ ട്രെയിനിൽ പോകാനെത്തിയവർ ആയിരുന്നു അവർ. ആവണീശ്വരത്തോ മറ്റോ ആണ് അവരുടെ
വീട് എന്നുതോന്നുന്നു .അവളുമാരാകട്ടെ ചാക്കുകെട്ടും തലയിൽ ചുമന്നുകൊണ്ടുള്ള എന്‍റെ
വരവ് ദൂരത്തുനിന്നു കണ്ടപ്പോഴേ
ചിരി തുടങ്ങി. ഞാൻ അവരെ ആലുവ മണപ്പുറത്തുകണ്ട പരിചയം പോലും കാണിയ്ക്കാതെ ഞാൻ ഈ നാട്ടുകാരനേ അല്ല എന്ന മട്ടിൽ പ്ലാറ്റുഫോമിലൂടെ നടന്നു
ഒരു മൂലയ്ക്ക് പോയി ചാക്കുകെട്ടു താഴെവെച്ചു ബഞ്ചിൽ കുത്തിയിരുന്നു. ഇടയ്ക്കിടെ അവർ എന്നെ നോക്കി
എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നുണ്ട്. പോടെ..നിനക്കൊക്കെ എന്താ ഇത്ര ചിരിയ്ക്കാൻ?.. ഇട്ടിയമ്മ ചാടിയാൽ
കൊട്ടിലമ്പലം വരെ..പോ പെണ്ണുങ്ങളെ.. വല്ലാതെ ചിരിയ്ക്കേണ്ട..ചാക്കുകെട്ട് നീയൊക്കെ
കണ്ടിട്ടില്ലേ? . കോളേജുപിള്ളേർ
ചാക്കുകെട്ട് ചുമന്നാൽ ആകാശം ഇടിഞ്ഞു
വീഴുമോ?.. ഞാൻ മൈൻഡ് ചെയ്യാതെ ഞാൻ അവിടെ
തന്നെ കുത്തിപ്പിടിച്ചിരുന്നു.
ഇടിവെട്ടിയവനെ
പാമ്പുകടിച്ചു എന്നപോലെ അപ്പോഴാണ് അതുവഴി
രണ്ടു പാണ്ടി റെയിൽവേ പോലീസുകാർ
കടന്നുപോയത്. കുരങ്ങു ചത്ത കാക്കാലനെപ്പോലെയുള്ള എന്‍റെ ഇരിപ്പും മുഖഭാവവും മുഴുത്ത ചാക്കുകെട്ടും കണ്ടിട്ടാകും
അവർക്ക് എന്തോ സംശയം. അവർ എന്‍റെ അടുത്തെത്തി ; എന്‍റെ മുഖത്തേക്കും
ചാക്കുകെട്ടിലേക്കും മാറിമാറി നോക്കി.കൂട്ടത്തിൽ തടിയൻ കപ്പടാമീശക്കാരൻ പോലീസ് എന്നോട് ഒരു ചോദ്യം.
'' തിരുട്ടുപയലേ, എന്നാടാ ഇന്ത ചാക്കിൽ? ''
ഞാനാകെ വിരണ്ടു, ഇനി എന്തൊക്കെ പുലിവാലാണ്
ദൈവമേ ഉണ്ടാകാൻ പോകുന്നത്. ഞാൻ ചാടി എഴുന്നേറ്റ് അറ്റെൻഷൻ
ആയി നിന്നിട്ടു പറഞ്ഞു.
'' ഇതു ഒരു കുലയാണ് സർ. സാറേ ഞാൻ കോളേജ് സ്റ്റുഡന്റാ''
'' എന്ത കൊല, നീങ്ക യാരെയാണ് കൊല പണ്ണിയത്.
അതുക്കും ഇതുക്കും എന്ന സംബന്ധം?
''
കൂടെയുള്ള എലുമ്പൻ
പോലീസ് ചോദിച്ചു.
'' സാർ ഇതു അന്തമാതിരി കൊലയല്ല , വെറും വാഴക്കുല''
ഞാൻ മറുപടി പറഞ്ഞു.
'' എന്നാടാ തിരിട്ടു പേശുന്നത്, ചാക്ക് ഓപ്പൺ പണ്ണ് ''
കപ്പടാമീശക്കാരൻ വിരട്ടി.
എന്‍റെ കർത്താവേ
എന്തൊരു പരീക്ഷണം. ഇനി ഞാൻ ചാക്കുകെട്ട് അഴിച്ചു വാഴക്കുല പുറത്തെടുത്തു കാണിച്ചാൽ മാത്രമേ ഇവന്മാർ അടങ്ങു എന്നുതോന്നുന്നു. ഞാൻ ഒന്ന് പാളി നോക്കിയപ്പോൾ
അജിതയും ബിന്ദുകുമാരിയും കൂടെ കുനിഞ്ഞിരുന്നു ഇളിയ്ക്കുന്നു. അവർക്ക് എന്തൊരു
സന്തോഷം എനിയ്ക്ക് പണി കിട്ടിയെന്നു
കണ്ടപ്പോൾ. ഞാൻ നിന്നു പരുങ്ങുന്നു എന്ന് കണ്ടപ്പോൾ
കപ്പടാമീശക്കാരൻ അലറി.
'' എന്നാടാ ഒരു താമസം..
ചാക്ക് ഓപ്പൺ പണ്ണ് ? ''
''പണ്ണി സാർ ''
ഞാൻ തിടുക്കപ്പെട്ടു ചാക്കുകെട്ടു അഴിച്ചു
വാഴക്കുലയെ സ്വതന്ത്രയാക്കി.അവിടെ അങ്ങിങ്ങായി
ഈ സംഭവങ്ങൾ നോക്കി നിന്നവരൊക്കെ ചിരിതുടങ്ങി. അടിപടല പഴുത്ത
വിളഞ്ഞ ഏത്തക്കുല കണ്ടതും പോലീസുകാർക്ക് തൃപ്തിയായി. എലി പുന്നെല്ലുകണ്ടപോലെ ആ എലുമ്പൻ
പോലീസുകാരൻ അതിൽ നിന്ന് നല്ലതുപോലെ പഴുത്ത രണ്ടു പഴങ്ങൾ നിമിഷനേരം
കൊണ്ടു കൈക്കലാക്കി, എന്നിട്ടു ഒരു വളിഞ്ഞ
വർത്തമാനവും
'' തമ്പി മന്നിച്ചിട് ''
മന്നിച്ചു സാർ, സാറിന് വേണമെങ്കിൽ
ഈ കുലയോടെ കൊണ്ടുപോയ്ക്കോ, വീട്ടിൽ പൊണ്ടാട്ടിയ്ക്കും
പിള്ളേർക്കും കൊടുക്കാം, ഞാൻ
മനസ്സിൽ പറഞ്ഞു. വാഴക്കുല കണ്ടതു മുതൽ
അജിതയും ബിന്ദുവും കൂടെ നിറുത്താതെ
കക്കക്കാ ..എന്നു ചിരിയ്ക്കുകയാണ്. പണ്ടാരക്കാലികളെ നിനക്കൊക്കെ
എന്നെങ്കിലും മനസ്സറിയാതെ ഇതുപോലെ
പണികിട്ടും സൂക്ഷിച്ചോ..ഞാൻ മനസ്സിൽ
പ്രാകി.
അപ്പോഴാണ് കപ്പടാമീശക്കാരൻ
തടിയൻ പോലീസ് എന്‍റെ വയറ്റിലേക്കു ശ്രദ്ധിയ്ക്കുന്നത്. അവിടം വീർത്തിരിയ്ക്കുന്നു. ബുക്ക് കുത്തിത്തിരുകി വെച്ചതിനാൽ
അത് ഏതാണ്ട് ഒരു ബെൽറ്റ് ബോംബ് കെട്ടിവെച്ചത്
പോലെ ഒറ്റനോട്ടത്തിൽ തോന്നും. അല്ലേലും ആപത്തുകാലത്ത് അരഞ്ഞാൺ
ചരടും പാമ്പ് എന്നല്ലയോ
പ്രമാണം.
'' എന്നാ തമ്പി, ബെൽറ്റ്
ബോംബാ?''
തടിയൻ ലാത്തികൊണ്ട് എന്‍റെ
വയറ്റിൽ ഒരു കുത്തുകുത്തി.
'' അല്ല സാർ. ബോംബ് അല്ല ബുക്കാ ''
ഞാൻ കൂടുതൽ കുഴപ്പത്തിന് നിൽക്കാതെ ഷർട്ട്
പൊക്കി ബുക്ക് വലിച്ചെടുത്തു. ബുക്ക് കണ്ടതും
പോലീസുകാർ അടക്കം അവിടെ കൂടിനിന്നവർ
ആർത്തു ചിരിച്ചു.
'' നീങ്കെ കോളേജ്
സ്റ്റുഡന്റാ..പോങ്കേ പോങ്കേ..''
പോലീസുകാർ അതും പറഞ്ഞുകൊണ്ട് സ്ഥലം വിട്ടു.
എടോ പന്ന പരട്ട പാണ്ടിപ്പോലീസേ നിന്നോടൊക്കെ ഞാൻ ആദ്യമേ ഇതു പറഞ്ഞതല്ലേ ഞാൻ പിറുപിറുത്തു. അജിതയും ബിന്ദുകുമാരിയും കമിഴ്ന്നു
കിടന്നു ചിരിയ്ക്കുന്ന ഭാഗത്തേക്ക്
ഒന്നു നോക്കാൻ എനിയ്ക്കു
ധൈര്യം ഉണ്ടായില്ല. നഞ്ചു തിന്ന കൊരങ്ങനെപ്പോലെയായി എന്‍റെ
അവസ്ഥ. നാളെ ഞാൻ എങ്ങനെ
ക്ലാസ്സിൽ പോകും. ഇവർ ഇനി എന്തൊക്കെയാകും പറഞ്ഞു പരത്തുക . പഠിത്തം നിറുത്തി ഇനി ഞാൻ വല്ല വാർപ്പുപണിയ്ക്കും പോകുകയാകും
ഇതിലും ഭേദം.
പിന്നെ പ്ലാറ്റുഫോമിൽ
ട്രെയിൻ വന്നതും ഞാൻ അതിൽ
ചാക്കുകെട്ടു കൊണ്ടു കയറിയതും ഒന്നും അറിഞ്ഞില്ല, ഒക്കെ യാന്ത്രികമായിരുന്നു. വാതിലിനരികെ ചാക്കുകെട്ടു
വെച്ചു എങ്ങനെയോ ഞാൻ സീറ്റിൽ ഇരുപ്പുറപ്പിച്ചു. വണ്ടി നീങ്ങിത്തുടങ്ങി. എനിയ്ക്കു എല്ലാവരോടും
കലി തോന്നി, വാഴക്കുല ചാക്കിൽ കെട്ടി എന്നെ ഏൽപ്പിച്ച വല്യപ്പച്ചനോട്,കൂടെ പഠിയ്ക്കുന്ന പെൺകുട്ടികളോട്, ആ പാണ്ടി റെയിൽവേ പോലീസുകാരോട് ,
ഒടുവിൽ എന്നോട് തന്നെ. എങ്ങനെയെങ്കിലും ഈ കുരിശ് ഒഴിവാക്കണം. ചാക്കുകെട്ടിലേക്ക് നോക്കാൻ
കൂടി ഞാൻ വെറുത്തു. ഇനി ഇടമണ്ണിൽ
ട്രെയിനിറങ്ങി ചാക്കുകെട്ടും ചുമന്നുകൊണ്ട് റോഡിലൂടെ വീട്ടിലേക്കു നടക്കുന്നത്
ചിന്തിക്കാനേ വയ്യ. അപ്പോഴാണ്
ട്രെയിൻ ഒരു കടകട ശബ്ദത്തോടെ കല്ലടയാറ്റിന്‍റെ മുകളിൽ എത്തിയത്. എനിയ്ക്ക് ഒരു ഐഡിയ
തോന്നി. ഞാൻ ഡോറിനടുത്തെത്തി കാലുകൊണ്ട്
ചാക്കിന് ഒരു തൊഴികൊടുത്തു.ചാക്കുകെട്ട് തെറിച്ചു
ഡോറിലൂടെ കല്ലടയാറ്റിലേക്ക് പതിച്ചു. വീട്ടിൽ എത്തിയിട്ടും
ഞാൻ വല്യപ്പച്ചൻ വാഴക്കുല
തന്നുവിട്ടതും മറ്റു സംഭവങ്ങളും
ആരോടും മിണ്ടിയില്ല.
രണ്ടുമൂന്നാല് ദിവസം കഴിഞ്ഞുകാണും. ഞാൻ ഒരു വൈകുന്നേരം കോളേജ്
കഴിഞ്ഞു വീട്ടിലെത്തി. ഉമ്മറത്ത് അമ്മ കലിതുള്ളി നിൽക്കുകയാണ്. അകത്തുകയറിയതും അമ്മ ചൂടായി.
'' എവിടെടാ ഏത്തക്കുല ? ''
വല്യപ്പച്ചൻ ഏത്തക്കുല
കൊടുത്തുവിട്ട വിവരം അമ്മയ്ക്ക് എങ്ങനെയോ കിട്ടിയിരിയ്ക്കുന്നു. ഞാൻ മുഖത്തു നോക്കാതെ മറുപടി പറഞ്ഞു.
'' വേഗം പോയി തപ്പ് . ഇപ്പൊ തപ്പിയാൽ
ഏത്തക്കുല കല്ലടയാറ് കടന്നു
അറബിക്കടലിൽ എത്തിക്കാണും. ഒന്നുത്സാഹിച്ചാൽ ചിലപ്പോ
കിട്ടിയേക്കും''
അമ്മ എന്‍റെ
നേർക്ക് എറിഞ്ഞ ചപ്പാത്തിപ്പലക ഫ്ലൈയ്യിങ്
സോസറുപോലെ പറന്നു ക്രാഷ് ലാൻഡിംഗ് നടത്തി രണ്ടായി
ഒടിഞ്ഞതു മാത്രം മിച്ചം.
04-10-17
അനുബന്ധം :
ഈ ബ്ലോഗ് പോസ്റ്റ് ഓഗസ്റ്റിൽ എഴുതിയതാണ് . എന്നാൽ കഴിഞ്ഞ ദിവസം പുനലൂർ * എന്ന ഫേസ് ബുക്ക് കൂട്ടായ്മയിൽ ഷെയർ ചെയ്തതോടെ അപ്രതീക്ഷിതമായി ഒരു കൂട്ടം വായനക്കാരെത്തി. ഈ പൈതൃകപാതയെ നെഞ്ചോട് ചേർത്ത് സ്നേഹിയ്ക്കുന്ന ഒട്ടേറെപേരുണ്ടെന്ന തിരിച്ചറിവ് എന്നെ സന്തോഷിപ്പിക്കുകയും അഭിമാനം കൊള്ളിക്കുകയും ചെയ്യുന്നു. ഇതോടൊപ്പം 03-10-2017 ലെ മനോരമയിൽ വന്ന വാർത്ത ഇരട്ടിമധുരമേകി.
കൊല്ലം ചെങ്കോട്ട റെയിൽവേ പാതയുടെ സംരക്ഷണത്തിനും പൈതൃകഭംഗി നിലനിർത്തുന്നതിനും കൂട്ടായ്‌മയും പദയാത്രയും സംഘടിപ്പിക്കുന്ന നാട്ടുകാർ. എന്നെങ്കിലും ഈ പാതയ്ക്ക് പഴയ പ്രൗഢി കൈവരും എന്ന ആശയോടെ ആ വാർത്ത കൂടി ഈ പോസ്റ്റിനോടൊപ്പം അനുബന്ധമായി ചേർക്കുന്നു.
ഒരു വാഴക്കുല അഭിമാന പ്രശ്നമായാൽ ഇങ്ങനെ തന്നെ സംഭവിക്കും അതും കലാശാല പ്രായത്തിൽ പ്രത്യേകിച്ചും കൂട്ടുകാരികളുടെ കണ്ണിൽ പെട്ടാൽ....
ReplyDeleteപോലീസ്സ് ഇന്നും അന്നും ഒരുപോലെ ...
ഇഷ്ട്ടപ്പെട്ടു.........
ആശംസകൾ ...
കോളേജിൽ പഠിയ്ക്കുമ്പോൾ ഇതൊക്കെ വല്യ അഭിമാനപ്രശ്നം ആണ്. ഇപ്പോൾ ആലോചിയ്ക്കുമ്പോൾ ഒരു രസം. നന്ദി വരവിനും അഭിപ്രായത്തിനും..
Deleteഎന്നാലും പുനലൂരാനേ... ആ വാഴക്കുല കളഞ്ഞത് കഷ്ടായിപ്പോയി...
ReplyDeleteസമാനമായ എന്റെ ഒരു കോളേജനുഭവം ഇതാ ഇവിടെയുണ്ട് കേട്ടോ...
http://thrissurviseshangal.blogspot.in/2007/05/blog-post.html?m=0
കുല കളഞ്ഞത് ഒരു പാതകം ആയിപ്പോയെന്ന് പിന്നീട് തോന്നിയിട്ടുണ്ട്, അന്നത്തെ ഓരോരോ എടുത്തുചാട്ടങ്ങളെ .. പിന്നെ പട്ടി കഥ വായിച്ചു ഒരുപാട് ചിരിച്ചു ,ചില പ്രയോഗങ്ങൾ നന്നായി രസിച്ചു ..ജോക്കർ തന്നെ വേണ്ടാത്ത റാണിയെ ദയനീയമായി ഒന്നു നോക്കിയിട്ടു ഞങ്ങളുടെ കൂടെ പടിയിറങ്ങി ..നല്ല രസമുള്ള പ്രയോഗങ്ങൾ. വിനുവേട്ടൻ ഒരു പുലിയാണട്ടോ ..ആശംസകൾ
Deleteപഴയ ലീലാവിലാസങ്ങളടക്കം പണ്ടത്തെ മീറ്റർ ഗേജിന്റെ
ReplyDeleteചരിത്രവും പുത്തൻ ചരിതവും നന്നായി അവതരിപ്പിച്ചിരിക്കുന്നു ...
150 കൊല്ലം പഴക്കമുള്ള റെയിൽ സ്റ്റേയ്ഷനുകളടക്കം സായിപ്പ്
ഇവിടെ ഇപ്പോഴും വളരെ പ്രൗഢിയോടെ നവീകരണ സാംവിധാനങ്ങളോടെ
നിലനിറുത്തുന്നു ...നമ്മളോ...?
എങ്ങനെ പഴയതൊക്കെ നശിപ്പിക്കാം എന്ന് ഗവേഷണം നടത്തുന്നു.. ആശംസകൾ മുരളി ഭായ്
Deleteനമ്മള്‍ നമ്മുടെതായ മഹത്വങ്ങള്‍ നശിപ്പിയ്ക്കുന്നു. വിദേശികള്‍ അതെല്ലാം സംഭരിച്ച് അതിമഹത്വങ്ങളാക്കി നമ്മുടെ മുന്നില്‍ അവതരിപ്പിയ്ക്കുന്നു. നമ്മള്‍ നാണമില്ലാതെ എന്നിട്ട് അതെല്ലാം കാശ് കൊടുത്തു വാങ്ങുന്നു.
ReplyDeleteവളരെ സത്യം .. നാം തന്നെ വികസനത്തിന്റെ പേരിൽ നശിപ്പിക്കാൻ എല്ലാം നശിപ്പിക്കുന്നു ...നന്ദി ഈ അഭിപ്രായത്തിന് ..ആശംസകൾ
Deleteചങ്ങാതി , ഇന്ന് വന്നിട്ട് ഇദ്ദേഹത്തിന്റെ ബ്ലോഗ്സ് വായിയ്ക്കാന്‍ മാത്രമേ സമയം കണ്ടുള്ളൂ.. ഇനി വരുമ്പോള്‍ ബാക്കിയും ഓരോന്നായി നോക്കാം.
ReplyDeleteബ്ലോഗ് ഒത്തിരി ഇഷ്ടമാണല്ലേ ..സന്തോഷം സുഹൃത്തേ
Deleteവായന വളരെ ഇഷ്ടമാണ്. സമയവും സാഹചര്യവും അനുസരിച്ച് ബ്ലോഗും പുസ്തകങ്ങളും മാറി മാറി വായിയ്ക്കുന്നു. നല്ലതെന്ന് തോന്നുന്നത് തിരഞ്ഞു വായിയ്ക്കയാണ് ഇഷ്ടം. ഇഷ്ടം തോന്നുന്നത് എന്തായാലും സൂക്ഷിച്ചു വയ്ക്കും. പുസ്തകങ്ങള്‍ , ചില ബ്ലോഗിന്റെ ബുക്ക് മാര്‍ക്കുകള്‍ , പേപ്പര്‍ കട്ടിങ്ങുകള്‍ , ചില കഥകള്‍, ചില കവിതകള്‍ ... അങ്ങനെയങ്ങനെ... ഇദ്ദേഹത്തിന്റെ ബ്ലോഗ് ബുക്ക് മാര്‍ക്ക് ചെയ്തിട്ടുണ്ട് എന്നും സന്തോഷത്തോടെ അറിയിയ്ക്കുന്നു. :)
Deleteവായനാസുഖം പകരുന്ന എഴുത്ത്...താങ്കളോടൊപ്പം ആ യാത്രയിൽ ഞാനും കൂടി ;
ReplyDeleteവളരെ നന്നായിരിക്കുന്നു
വളരെ സന്തോഷം സുഹൃത്തേ
Deleteസുന്ദരം
ReplyDeleteവളരെ സന്തോഷം സുഹൃത്തേ.. ആശംസകൾ
Deleteസുന്ദരം
ReplyDeleteനമ്മുടെ ഒക്കെ ജീവിതത്തിന്റെ ഭാഗമായിരുന്നു ആ പഴയ കുഞ്ഞൻ വണ്ടികൾ, ഇപ്പോൾ വലിയ വണ്ടികൾ വന്നതോടെ യാത്രകൾ കുറച്ച് Formal ആയിപ്പോയോ എന്നൊരു സംശയം
ReplyDelete