Tuesday 26 July 2016

ബാലരമയും പൂമ്പാറ്റയും പിന്നെ എന്റെ ബാല്യകാല സ്മരണകളും



ബാലരമയും പൂമ്പാറ്റയും പിന്നെ എന്റെ ബാല്യകാല സ്മരണകളും




ഞാൻ അക്ഷരം പഠിച്ചത് ആശാൻ പള്ളിക്കൂടത്തിൽ ആയിരുന്നു. ആശാൻ പള്ളിക്കൂടം എന്നതിനേക്കാൾ ആശാട്ടി പള്ളിക്കൂടം എന്നു പറയുന്നതാകും ശരി. ഒരു ആശാട്ടി ആയിരുന്നു എന്നെ അക്ഷരം പഠിപ്പിച്ചത്. ഞാൻ അക്ഷരം പഠിച്ച കാലത്തു കൂണുപോലെയുള്ള കിന്റർഗാർഡനുകളും നേഴ്സറികളും കേരളത്തിൽ അവതരിച്ചിട്ടില്ല. ആശാൻ പള്ളിക്കൂടങ്ങളും ബാലവാടികളും മാത്രം. എഴുത്ത്‌ ഓലയിൽ നിന്ന് സ്ലേറ്റിലേക്ക് മാറികൊണ്ടിരുന്ന കാലം. നിലത്തു നല്ല പൂഴിമണൽ വിരിച്ചു അതിൽ വിരൽ കൊണ്ടുരച്ചു എഴുതി പഠിക്കും. എന്നെ പഠിപ്പിച്ച ആശാട്ടിയമ്മ ഒരു മനുഷ്യപ്പറ്റില്ലാത്ത, കുട്ടികളെ എങ്ങനെ കൈകാര്യം ചെയ്യണം എന്നു അറിയാത്ത  സ്ത്രീയായിരുന്നു. ചട്ടയും മുണ്ടും വേഷം. അവരുടെ മുഖത്തു വലിയ മറുകിൽ കറുത്ത രോമം വളർന്നു നിൽക്കുന്നതു ഇപ്പോഴും ഓർമ്മയുണ്ട്. കയ്യിൽ എപ്പോഴും ഒരു വടി കാണും. ഒരിക്കൽ പോലും അവർ ചിരിച്ചതായി എനിക്ക് ഓർമ്മയില്ല. ഇപ്പോഴും എന്റെ സ്വപ്നങ്ങളിൽ എപ്പോഴെങ്കിലും ഒക്കെ വന്നു എന്നെ പേടിപ്പിക്കാറുണ്ട് ആ ആശാട്ടി. തുടക്കം അ..ആ..ഇ..ഈ എന്ന നാടൻ മട്ടിൽ തന്നെ.  കൈ ബലമായി പിടിച്ചു മണ്ണിൽ ഉരച്ചു എഴുതിപ്പിക്കും.  കൈ വഴങ്ങാത്ത പ്രായത്തിൽ അതു എഴുതുക ദുഷ്കരം. തെറ്റിയാൽ ആശാട്ടി കൈയ്യിൽ മണൽ കൂട്ടി തുടയിൽ നുള്ളും. തെറ്റും തോറും തുടയിലെ പാടുകൾ കൂടും. കൂടുതൽ തെറ്റുമ്പോൾ കൈ വെള്ളയിൽ കിട്ടും ചുട്ടഅടി. ഞാൻ അക്ഷരങ്ങളെ വെറുത്തു, "ഘ" യും  "ഗ" യും "ഖ" യും ഒക്കെ പേടിസ്വപ്നങ്ങൾ ആയി മാറി. പിന്നീട് ആശാൻ പള്ളിക്കൂടം വിട്ടു സ്‌കൂളിൽ ചേർന്നപ്പോഴും ആ ഭീകര ഓർമ്മകൾ എന്നെ വേട്ടയാടികൊണ്ടിരുന്നു. ആ എന്നെ അക്ഷരങ്ങളുടെ ലോകത്തേക്ക് തിരികെ കൊണ്ടുപോയത് ബാലരമയും പൂമ്പാറ്റയും അമ്പിളി അമ്മാവനും ആയിരുന്നു.

സ്‌കൂളിൽ ചേർന്നെങ്കിലും അക്ഷരങ്ങളോട്  എനിക്കു താൽപര്യം കുറവായിരുന്നു.  വായിക്കുന്നതും  എഴുതുന്നതും  എന്തോ മഹാഅപരാധം. അക്ഷരങ്ങളെ വെറുത്തിരുന്ന അക്കാലത്ത്‌  എന്റെ കൂട്ടുകാരൻ വേണു  പൂമ്പാറ്റ വായിക്കുന്നത്  ഞാൻ കണ്ടു. മറ്റുള്ള കുട്ടികൾ  സാറ്റും പശുവും പുലിയും കഴുതപ്പെട്ടിയും കളിക്കുമ്പോൾ  അവൻ മാത്രം പുസ്തകങ്ങൾ  വായിച്ചു രസിക്കുന്നു. വായനയ്ക്ക്  അനുസരിച്ചു മുഖത്തെ ഭാവങ്ങൾ മാറും. കഥാ സന്ദർഭങ്ങൾക്ക് അനുസരിച്ചു പുഞ്ചിരിയും സങ്കടവും ചിലപ്പോൾ പൊട്ടിച്ചിരിയും മുഴങ്ങും. അതിന്റെ കാരണം എന്താണെന്ന് ചോദിച്ചാൽ  ഉത്തരം ഒരു ചെറുചിരിയിൽ  ഒതുക്കും. വേണമെങ്കിൽ നീ വായിച്ചു നോക്ക് എന്ന ഭാവം. എനിക്കാകട്ടെ അക്ഷരങ്ങൾ  കൂട്ടിവായിക്കുവാൻ  അത്ര ഇഷ്ടമല്ല. പൂമ്പാറ്റയോ മറ്റോ കിട്ടിയാൽ പടങ്ങൾ മറിച്ചു നോക്കി തൃപ്തിപ്പെടും. അമ്മ സ്‌കൂൾ ടീച്ചർ ആയതിനാൽ എപ്പോഴും തിരക്കുതന്നെ. വീട്ടിൽ വന്നാൽ സ്‌കൂളിൽ നിന്ന് കൊണ്ടുവരുന്ന കുട്ടികളുടെ കോമ്പോസിഷൻ  ബുക്ക്  കറക്ട് ചെയ്യണം, ടെസ്റ്റുപേപ്പറുകളുടെ  ഉത്തരങ്ങൾ നോക്കി മാർക്കിടണം  അങ്ങനെ നൂറുകൂട്ടം പണികൾ . അതിനിടെ ഞാൻ പൂമ്പാറ്റയുമായി ചെന്നാൽ വഴക്കുകിട്ടും . അതിനേക്കാൾ ഭേദം കൊത്തിക്കൊറിച്ചു വായിക്കുകയാണ് . അങ്ങനെ ഞാൻ മെല്ലെ  അക്ഷരങ്ങൾ കൂട്ടിവായിക്കാൻ തീരുമാനിച്ചു . പതുക്കെ പതുക്കെ അക്ഷരങ്ങൾ  എന്റെ  വഴിക്കായി. ഞാൻ ബാലരമയുടെയും പൂമ്പാറ്റയുടെയും ലോകത്തായി.

എന്റെ ചെറുപ്പത്തിൽ ബാലരമയും പൂമ്പാറ്റയും അമ്പിളി അമ്മാവനും ലാലുലീലയും മാത്രമേ കുട്ടികളുടെ പ്രസിദ്ധികരണങ്ങൾ ആയി എല്ലാ ഇടങ്ങളിലും കിട്ടുകയുള്ളൂ എന്നാണ്  ഓർമ്മ.  അമ്പിളി അമ്മാവനെ കുറിച്ചാണ് ഏറ്റവും മനോഹരങ്ങളായ ഓർമ്മചിത്രങ്ങൾ. വർണ്ണക്കടലാസിൽ  ഉള്ള സചിത്ര പുറംചട്ട. അകത്തു നല്ല ചിത്രങ്ങളും കഥകളും . കഥകൾ പുരാണത്തിൽ നിന്നോ അല്ലെങ്കിൽ പഴയ രാജാക്കൻമാരുടെയോ അതും അല്ലെങ്കിൽ ഗുണപാഠകഥകളോ  ആയിരിക്കും. അവസാനതാളുകളിൽ വിക്രമാദിത്യനും വേതാളവും. കൂടെ  ഒരു പേജ്  നിറഞ്ഞുനിൽക്കുന്ന വിക്രമാദിത്യന്റെയും  വേതാളത്തിന്റെയും  ചിത്രം. വിക്രമാദിത്യന്റെ  തോളിൽ  കിടന്നു കഥ പറയുന്ന വേതാളം. കഥയ്ക്കു അവസാനം ചോദിക്കുന്ന കുടുക്കു ചോദ്യത്തിന് ഉത്തരം  പറയണം. ശരിയായ  ഉത്തരം പറഞ്ഞാൽ വേതാളം  തിരികെ മരത്തിൽ പോയി തൂങ്ങികിടക്കും. ഉത്തരം അറിഞ്ഞിട്ടു പറഞ്ഞില്ലെങ്കിൽ  വിക്രമാദിത്യരാജാവിന്റെ  തല ആയിരം ഖണ്ഡങ്ങൾ  ആയി പൊട്ടിത്തെറിക്കും.  എപ്പോൾ  ഉത്തരം  അറിയാതെ ഇരിക്കുന്നുവോ  അപ്പോൾ വേതാളം  വിക്രമാദിത്യന്റെ  കൂടെ  വരാൻ  തയ്യാർ. എത്ര  രസമായിരുന്നു  ആ  കഥകൾ. അമ്പിളി അമ്മാവനിലെ  കഥകൾക്ക്  മിക്കവാറും  ഒരേ  ശൈലി  ആയിരിക്കും. പണ്ട് പണ്ട് മഥുരാപുരി  എന്ന രാജ്യത്തിൽ വിഭാണ്ഡകൻ  എന്ന ഒരു ബ്രാഹ്മണൻ ഉണ്ടായിരുന്നു. അയാൾക്ക്‌ സുന്ദരിയായ  ഒരു  മകൾ ഉണ്ടായിരുന്നു . അളകനന്ദ എന്നു പേരുള്ള അവൾ  അതിബുദ്ധിമതിയായിരുന്നു ...  ഇങ്ങനെ പോകും  കഥയുടെ  ഒഴുക്ക്. കൂടെ നല്ല  ചിത്രങ്ങൾ, വായിക്കാനും നല്ല രസം . മിക്കവാറും  എല്ലാ കഥകളും എന്തെങ്കിലും ഗുണപാഠം നൽകുന്നതായിരിക്കും.



അമ്പിളി അമ്മാവൻ  വാങ്ങാൻ വീട്ടിൽ ഞങ്ങൾ കുട്ടികൾ എപ്പോഴും വാശി പിടിക്കും. അപ്പനോ അമ്മയോ ടൗണിൽ  പോയി  വരുമ്പോൾ  എന്ത്  വാങ്ങിക്കൊണ്ടു വരണം  എന്നുള്ള ചോദ്യത്തിന്  മിക്കപ്പോഴും അമ്പിളി അമ്മാവൻ മാസിക എന്നാകും മറുപടി. പലഹാരങ്ങളേക്കാൾ ഞങ്ങൾ കുട്ടികൾ പൂമ്പാറ്റയേയും അമ്പിളി അമ്മാവനേയും ഒക്കെ സ്നേഹിച്ചിരുന്നു. തിരികെ  അവർ  വരുന്നതുകാത്ത്  വഴി കണ്ണുകളുമായി പടിക്കൽ  നിൽക്കും. അപ്പൻ തിരികെ വന്നാൽ സാധനങ്ങൾ  വാങ്ങി കൊണ്ടുവരുന്ന സഞ്ചി മുഴുവൻ  തപ്പി അമ്പിളി അമ്മാവൻ കൈക്കലാക്കാൻ ഞങ്ങൾ കുട്ടികൾ തമ്മിൽ മത്സരമാണ്. മിക്കപ്പോഴും ഞങ്ങളെ പറ്റിക്കുവാൻ  വീട്ടിൽ  എത്തുന്നതിന് മുമ്പ്  അപ്പൻ മാസിക  എടുത്തു കുടക്കുള്ളിലോ മറ്റോ  ഒളിപ്പിക്കും. പിന്നീട് ഞങ്ങളുടെ സങ്കടം  കണ്ടു  മാസിക എടുത്തു തരും. ഇപ്പോൾ  അതൊക്കെ  ഓർമ്മിക്കാൻ  എന്ത് രസം.

അക്കാലത്ത്  കുട്ടികൾക്ക്  വളരെ പ്രിയം ഉള്ള  മറ്റൊരു പ്രസിദ്ധികരണമായിരുന്നു  പൂമ്പാറ്റ. പൈ  പബ്ലിക്കേഷൻസ്    ഇറക്കിയിരുന്ന  പൂമ്പാറ്റയുടെ പ്രസാധകൻ  കുട്ടികളുടെ  പ്രിയങ്കരനായ  അനന്തപൈ  ആയിരുന്നു. അതിലെ  കഥകളും  കാർട്ടൂണുകളും  ബഹുകേമം. ആഗ്രഹിക്കുന്നതിന്   അനുസരിച്ചു  വാലുനീണ്ടു വരുന്ന കുട്ടിക്കുരങ്ങൻ കപീഷിനെയും  കൗശലകാരനായ  സിഗാൾ  എന്ന കുറുക്കനേയും  വെറും പൊട്ടനായ  പീലുകടുവയേയും എങ്ങനെ മറക്കാൻ.. ദൊപ്പയ്യ  എന്ന വേട്ടക്കാരന്റെ  കൈയ്യിൽ നിന്നും കാട്ടിലെ മൃഗങ്ങളെ രക്ഷിക്കുന്ന കപീഷ് . മൂപ്പർക്ക്  ധാരാളം കൂട്ടുകാർ മോട്ടുമുയൽ, പിന്റു മാൻ , ബബൂച്ച  എന്ന കരടി , പഞ്ചാ എന്ന പരുന്ത് , ബന്ദില എന്ന ആന എന്തു രസമായിരുന്നു അതൊക്കെ വായിക്കാൻ. കപീഷ്  എന്ന കുട്ടികുരങ്ങനെ എല്ലാവർക്കും ഇഷ്ടമാണെങ്കിലും സ്കൂളിൽ  ആരെയെങ്കിലും  കപീഷ്  എന്നു  വിളിച്ചാൽ  ഇടി ഉറപ്പായിരുന്നു  എന്നത് പരമസത്യം. അന്നൊക്കെ   ഈ മാസികകളുടെ  നടുക്കത്തെ പേജിൽ  ഉള്ള  നെയിം സ്ലിപ്പുകൾ  വെട്ടി  സ്കൂൾ  നോട്ടുബുക്കിന്റെ പുറത്തു ഒട്ടിക്കുവാൻ  എന്തു കൗതുകം  ആയിരുന്നു. കലുലൂ എന്ന കൗശലക്കാരനായ മുയൽ , ശുപ്പാണ്ടി , പപ്പൂസ് , ഇൻസ്‌പെക്ടർ  ഗരുഡ് , ഡിക്ടറ്റീവ്  വിക്രം , ഹവിൽദാർ  ബൽബീർ  ഇവരൊക്കെ  തകർത്താടിയ  പൂമ്പാറ്റയെ എങ്ങനെ മറക്കാൻ . പൂമ്പാറ്റയിലെ  മറ്റൊരു ആകർഷണം ആയിരുന്നു വിക്കി എന്ന അന്യഗ്രഹ ജീവി, അന്നൊക്കെ  വിക്കി എന്നു കേട്ടാൽ  വിക്കിപീഡിയയെ അല്ല ഓർമ്മ വരിക മറിച്ചു  വിക്കി  എന്ന തവളയുടെ രൂപമുള്ള  ഈ  ഇരട്ടകൊമ്പൻ ജീവിയെ ആയിരുന്നു . പൂമ്പാറ്റ പ്രസിദ്ധികരണം  നിറുത്തിയപ്പോൾ അവരിൽ  ചിലരൊക്കെ ബാലരമയിലേക്ക് കുടിയേറി.




പൂമ്പാറ്റയും ബാലരമയും ലാലുലീലയുമൊക്കെ  വാങ്ങിക്കാൻ  അന്ന് ഞങ്ങൾ കുട്ടികൾ  എന്തെങ്കിലും  ഒക്കെ  മാർഗ്ഗങ്ങൾ  കണ്ടെത്തിയിരുന്നു. മിക്കവാറും മാസത്തിൽ ഒരു ഞായറാഴ്ച്ച  എന്റെ  വല്യപ്പച്ചൻ ഞങ്ങൾ കൊച്ചുമക്കളെ  കാണാൻ  വീട്ടിൽ  വരുമായിരുന്നു.  ഞായറാഴ്ച്ച രാവിലെ  വീട്ടിൽ  എത്തുന്ന വല്യപ്പച്ചൻ പള്ളി കൂടി  ഉച്ചയ്ക്ക്  ഭക്ഷണം  ഒക്കെ കഴിച്ചു  അല്പം  വിശ്രമിച്ചു  പോകാൻ തുടങ്ങുമ്പോൾ ഞങ്ങൾ കുട്ടികളെ  അരികിൽ വിളിക്കും . തലയിൽ  ഒന്നു  തലോടി  നല്ലോണം പഠിക്കണം  എന്നു  ഉപദേശിച്ചു  വല്യപ്പച്ചൻ അരെയ്ക്കു  കെട്ടിയിരിക്കുന്ന തുകൽ ബെൽറ്റിൽ തിരുകി വെച്ചിരിക്കുന്ന തടിയൻ പേഴ്‌സ് തുറന്നു പുത്തൻ മണം മാറാത്ത  ഒരു  നോട്ട് എടുത്തു എനിക്കും പെങ്ങൾക്കും തരും. ഞങ്ങൾ  ആ നിമിഷത്തിനായി കാത്തിരിക്കുകയായിരിക്കും .  1970 കളിൽ ഒരു രൂപ നോട്ടായിരുന്നു തരിക. പിന്നീട്  വർഷങ്ങൾ  പോകുന്നത്  അനുസരിച്ചു അതു രണ്ടും അഞ്ചും പത്തുമൊക്കെയായി മാറി. ഞങ്ങൾക്ക് കിട്ടിയ  ഈ  പണത്തിൽ  കണ്ണുവയ്ക്കുന്ന അമ്മ, അത്   ചോദിച്ചാലും കൊടുക്കാതെ  ടൗണിൽ  പോകുമ്പോൾ  ബാലരമയോ  പൂമ്പാറ്റയോ  വാങ്ങും ഞങ്ങൾ.
അന്നൊക്കെ ബസ് സ്റ്റാന്റുകളിലും  റയിൽവേ സ്റ്റേഷനുകളിലും  വാരികകളും കുട്ടികളുടെ പ്രസിദ്ധികരണങ്ങളും കൊണ്ടു നടന്നു വിൽപന നടത്തുന്ന ധാരാളം കച്ചവടക്കാർ ഉണ്ടായിരുന്നു . ഇപ്പോഴാകട്ടെ  അവരെ തീരെ കാണാനില്ല . വാരികകളും  മറ്റും കടകളിൽ അല്ലാതെ  ലഭിക്കുക പ്രയാസം. വായനക്കാരായ  കുട്ടികളും മുതിന്നവരും  വളരെ ചുരുക്കം . ബാലരമയും പൂമ്പാറ്റയും  ഒക്കെ വാങ്ങുവാൻ അന്നത്തെ കുട്ടികൾ  എന്തെങ്കിലുമൊക്കെ  വഴി കണ്ടെത്തിയിരുന്നു. അന്ന്  സുലഭമായി ഗ്രാമവഴികളിൽ  പറങ്കിമാവ്  ഉണ്ടായിരുന്നു. പറങ്കിയണ്ടി        (കശുവണ്ടി) പെറുക്കിവിറ്റും റബ്ബർ കുരുവിന്റെ സീസൺ ആയാൽ കുരു  ശേഖരിച്ചു  വിറ്റും  അവർ അതിനുള്ള പണം കണ്ടെത്തിയിരുന്നു.

ബാലരമയുടെ  വിശേഷങ്ങൾ  എന്റെ ഓർമ്മകളിൽ  ധാരാളം  ഉണ്ട് . 1970 കളിൽ ബാലരമയുടെ  കെട്ടും മട്ടും വ്യത്യസ്തമായിരുന്നു . കുറെക്കൂടി    ഗൗരവമുള്ള   ഉള്ളടക്കം . ചിത്രകഥകൾ കുറവ് . ധാരാളം കഥകളും കവിതകളും വിജ്ഞാനപ്രദമായ അറിവുകളും ഉൾപ്പെടുത്തിയായിരുന്നു  അന്ന് ബാലരമ  പുറത്തിറക്കിയിരുന്നത്. 1980 കളിൽ   ബാലരമയുടെ കെട്ടും മട്ടും  മാറി . മായാവി  ചിത്രകഥയുടെ  വരവോടെ  ബാലരമ  ആകെ  മാറി. ഞങ്ങൾ  കുട്ടികൾക്ക് മായാവിയുടെ  അവതരണം  ഒരു അതിശയം  ആയിരുന്നു . അന്നുവരെ കാണാത്ത കഥാപാത്രങ്ങൾ . മായാവി, രാജുവും  രാധയും, ലുട്ടാപ്പി,  കുട്ടൂസൻ മന്ത്രവാദി, ഡാകിനി അമ്മൂമ്മ, ലുട്ടാപ്പിയുടെ അമ്മാവൻ പുട്ടാലു, കള്ളന്മാരായ വിക്രമനും മുത്തുവും, തരികിട ശാസ്ത്രജ്ഞരായ  ഗുലുമാലും ലൊട്ടുലൊടുക്കും  ആകെ  പൊടിപൂരം. രാജുവിനെയും രാധയേയും  അപകടങ്ങളിൽ  നിന്നു  രക്ഷിക്കാൻ വേണ്ടി  അവതരിച്ച  നല്ല കുട്ടിച്ചാത്തൻ മായാവി . അവരെ കുടുക്കാനും മായാവിയെ കുപ്പിയിൽ അടയ്ക്കാനും തക്കംപാർത്തു  നടക്കുന്ന കുട്ടുസൻ  മന്ത്രവാദിയും ഡാകിനി അമ്മൂമ്മയും, അവർക്കു കൂട്ടായി ലുട്ടാപ്പി  എന്ന കുട്ടിച്ചാത്തൻ . ലുട്ടാപ്പിയുടെ  വാഹനമായ  കുന്തത്തിൽ  കയറി  പറക്കുന്ന ലുട്ടാപ്പിയും കുട്ടുസനും ഡാകിനി അമ്മൂമ്മയും . ആഹാ  എന്തൊരു രസമായിരുന്നു അതൊക്കെ  വായിക്കാൻ. ലുട്ടാപ്പിയുടെ അമ്മാവൻ  മഹാവേന്ദ്രൻ ആണെങ്കിലും എപ്പോഴും ഉറക്കം തന്നെ. ബാങ്കു കവർച്ചക്കാരായ വിക്രമനും മുത്തുവും അവരുടെ തന്ത്രങ്ങളെ മായാവിയുടെ സഹായത്താൽ പരാജയപ്പെടുത്തുന്ന രാജുവും രാധയും. നന്മയും തിന്മയും തമ്മിലുള്ള  പോരാട്ടത്തിൽ  അന്തിമവിജയം  നന്മയ്ക്കു തന്നെ  എന്നു കുട്ടികളെ പഠിപ്പിക്കുവാൻ  ഈ കാർട്ടൂൺ കഥാപാത്രങ്ങൾ  വിജയിച്ചു  എന്നു പറയുന്നതാവും  ശരി. ഈയിടെ  ബാലരമ മായാവിയുടെ മുപ്പതാം വാർഷിക പതിപ്പ്  ഇറക്കിയിരുന്നു.  ഏതായാലും  വീട്ടിലും  സ്‌കൂളിലും  ഈ പേരുകൾ  അവരുമായി സാമ്യസ്വഭാവം  ഉള്ളവർക്ക്  ഇടം പേരുകൾ  ആയി മാറാൻ അധികകാലം വേണ്ടി വന്നില്ല. ക്ലാസിലെ ഏറ്റവും വികൃതിയായ കുട്ടി ലുട്ടാപ്പിയും  ചൂരൽ  വടിയുമായി  റോന്തുചുറ്റുന്ന  ഹെഡ്മാസ്റ്റർ  കുട്ടൂസനും തെറ്റിയ  ഉത്തരങ്ങൾ  നൂറു തവണ  ഇമ്പോസിഷൻ  നൽകുന്ന ടീച്ചർ  ഡാകിനി അമ്മൂമ്മയും  ആയി  മാറിയത്  സ്വാഭാവികം.  ആളൊരു പേടിത്തൊണ്ടൻ  ആണേലും  എനിക്കിഷ്ടം  രസികൻ  ലുട്ടാപ്പിയെ  ആയിരുന്നു.



അന്നു  എനിക്കു  ഒരു  ഹോം ലൈബ്രറി  എന്നു  വിശേഷിപ്പിയ്ക്കാവുന്ന  ബാലകഥാപുസ്തകങ്ങളുടെ  ശേഖരം  ഉണ്ട് . ഒരു  ചെറിയ  കാർഡ് ബോർഡ്  പെട്ടി  അത്രേയുള്ളു , അതു എന്റെ  കട്ടിലിന്റെ കീഴെ  ഭദ്രമായി വെച്ചിരിക്കും . അതിൽ  പഴയ പൂമ്പാറ്റയും  ബാലരമയും  കോമിക്കുകളും അടുക്കി വെച്ചിരിക്കും . ബാർട്ടർ സിസ്റ്റം  എങ്ങനെ ഫലപ്രദമായി  നടപ്പിലാക്കാം  എന്നു  ഞങ്ങളെ  പഠിപ്പിച്ചത്  ഇത്തരം പുസ്തക ശേഖരണങ്ങൾ തന്നെ . നിന്റെ ബാലരമയ്ക്കു  പകരം  എന്റെ ഇന്ദ്രജാൽ കോമിക്ക് . ആർക്കൊക്കെ കൊടുത്തു  എന്നു  ഒരു തുണ്ടു പേപ്പറിൽ  എഴുതി  വെയ്ക്കും. വായിച്ചു  ബുക്ക്  തിരികെ  കൊടുക്കും  വരെ  ഉറക്കം  വരില്ല.  


ടോംസിന്റെ  ബോബനും മോളിയും  വായിക്കാത്ത  ഏതെങ്കിലും  ഒരു  മലയാളി  ഭൂമി മലയാളത്തിൽ  ഉണ്ടോ എന്നതു സംശയം .  ഓർത്തിരിക്കാൻ  എത്ര  രസമുള്ള  കഥാപാത്രങ്ങൾ . കുസൃതികുരുന്നുകളായ  ബോബനും മോളിയും , അവരുടെ കൂട്ടായ പട്ടി , കേസില്ലാ വക്കീലായ  അപ്പൻ , അമ്മ മേരിക്കുട്ടി , പഞ്ചായത്ത്‌  പ്രസിഡണ്ട്  ഇട്ടുണ്ണൻ , ഇട്ടുണ്ണന്റെ  ഭീകരരൂപിയായ ഭാര്യ ചേടത്തി , വേലയും കൂലിയും ഇല്ലാത്ത പഞ്ചാരകുട്ടൻ അപ്പിഹിപ്പി ,കൂട്ടായി  ഒരു  ഗിത്താർ, ആശാൻ., ഉപ്പായി മാപ്ല , മൊട്ട   അങ്ങനെ  എത്രയെത്ര രസികൻ  കഥാപാത്രങ്ങൾ. അന്നത്തെ   ഏതു  പഞ്ചായത്തുകളുമായും  ഒത്തു പോകും  ഈ  കഥകൾ  നടക്കുന്ന കിഴുക്കാം തൂക്ക്  പഞ്ചായത്ത്.  മനോരമയിൽ നിന്നു പിണങ്ങി ടോംസ് സ്വന്തമായി  ബോബനും മോളിയും  കാർട്ടൂൺ പുസ്തകമായി പ്രസിദ്ധികരിച്ച കാലമാണ്  മലയാളത്തിലെ ബാലപ്രസിദ്ധികരണങ്ങളുടെ സുവർണ്ണകാലം . ബോബനും മോളിക്കും കൂട്ടായി ഉണ്ണിക്കുട്ടൻ  എന്ന കുറുമ്പുകാരനെക്കൂടി  സൃഷ്ടിച്ചു ടോംസ് . ഇന്ന്  ഉണ്ണിക്കുട്ടൻ  വളർന്ന്  ടിന്റുമോൻ  ആയി മാറിയോ  എന്ന ചിന്ന സംശയം  ബാക്കി.

കുട്ടികളുടെ  മനസ്സിൽ  സ്ഥാനം  പിടിച്ച  അനേകം  രസകരമായ  കാർട്ടൂണുകൾ  ഇനിയും  ബാക്കി . അതിൽ ഒന്നാണ്  ജമ്പനും തുമ്പനും . രസികനും തടിയനുമായ  ഡിറ്റക്റ്റീവ്  ജമ്പൻ . അവന്  കൂട്ടായി ,  ഉറങ്ങണം  അല്ലെങ്കിൽ  ഭക്ഷണം കഴിക്കണം  എന്ന  ചിന്ത മാത്രമുള്ള തുമ്പൻ  എന്ന നായ . അവരുടെ  സഹായം  എപ്പോഴും തേടുന്ന ഇൻസ്പെക്ടർ  ചെന്നിനായകംസൂത്രൻ എന്ന കുറുക്കനും കൂട്ടുകാരനായ ഷേരു എന്ന കടുവയും  ഒപ്പിക്കുന്ന  പുകിലുകൾ  ഉള്ള  സൂത്രൻ കാർട്ടൂൺ  വേറൊന്ന് . പപ്പൂസ്  എന്ന മൊട്ടത്തലയൻ കുട്ടി . ശുപ്പാണ്ടി എന്ന മണ്ടൻ ചെറുപ്പക്കാരൻ . എപ്പോഴും അബദ്ധത്തിൽ  ചെന്നു ചാടി  അവിടെ ഭാഗ്യം കൊണ്ടു  വിജയിക്കുന്ന ശിക്കാരി ശംഭു, കാർട്ടൂണിസ്ററ്  വേണു സൃഷ്ടിച്ച  മൃഗാധിപത്യം  വന്നാൽ , ചലോ  ചപ്പൽസ്  ഇവയൊക്കെ  ഓർക്കുമ്പോൾ  തന്നെ  ചിരി വരുന്നു







കൂട്ടത്തിൽ 1980 -90 കളിൽ കുട്ടികളെ   ആകർഷിച്ച മറ്റൊരു കഥാപാത്രം  ആയിരുന്നു  ബാലമംഗളത്തിലെ  ഡിങ്കൻ . പങ്കിലകാട്ടിൽ  നിന്നു  അച്ഛനോടും  അമ്മയോടും  പിണങ്ങി  നാടുവിട്ട കുഞ്ഞൻ എലി . അന്യഗ്രഹ ജീവികളുടെ  പിടിയിൽ  പെട്ടു  ശക്തിമാനായി  മാറുന്നു .. ഡിങ്കൻ ശക്തിമാൻ . അപകടത്തിൽ പെടുന്ന കുട്ടികളെ  രക്ഷിക്കാൻ  പറന്നെത്തുന്ന ഡിങ്കൻ . ബാലമംഗളം  പ്രസിദ്ധികരണം നിറുത്തി  എങ്കിലും  കുട്ടികളുടെ  മനസ്സിൽ  ആഴത്തിൽ  വേരോടിയ അത്ഭുത കഥാപാത്രം . കുട്ടികൾ മുതിർന്നപ്പോൾ  ഡിങ്കമതം  ഉണ്ടാക്കി  ഡിങ്കനെ  ആരാധിക്കുന്ന നിലവരെ  എത്തി  അവരുടെ  ഡിങ്കനോടുള്ള  വീരാരാധന.


അമർ ചിത്രകഥകളേയും   പൈക്കോ ക്ലാസ്സിക്കുകളേയും  എങ്ങനെ  വിട്ടുകളയും .അനന്തപൈ  പുറത്തിറക്കിയിരുന്ന  അമർ ചിത്രകഥകൾ  പുരാണകഥാപാത്രങ്ങളെ  കുട്ടികൾക്ക്   പരിചയപ്പെടുത്തുന്നതിൽ   വിജയിച്ചു.  അമർ ചിത്രകഥകൾ  വായിക്കുവാൻ  കാത്തുനിന്നിരുന്ന  ഒരു ബാല്യം  ആയിരുന്നു  അന്നത്തേത്.  കർണ്ണൻ , ദ്രോണർ , ഭീമൻ ,കണ്ണകി ശകുന്തള  തുടങ്ങി  എത്രയെത്ര  പുരാണകഥാപാത്രങ്ങൾ.  പൈക്കോ ക്ലാസ്സിക്കുകൾ  ആകട്ടെ  ലോക ക്ലാസ്സിക്ക് കഥകൾ  ചിത്രകഥാരൂപത്തിൽ. പൈക്കോക്ലാസ്സിക്ക് കഥകളിൽ  ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുള , നോത്ര ദാമിലെ കൂനന്‍, റോബിൻസൺ ക്രൂസോ  തുടങ്ങിയ  ലോകകഥാ ഇതിഹാസങ്ങൾ.  വീഡിയോഗെയിമുമായി  യുദ്ധത്തിനിരിക്കുന്ന  ഇന്നത്തെ  തലമുറയ്ക്ക്  അന്യമായത്  എത്ര വലിയ കഥാനിധികൾ.


എന്റെ  വായനാശീലത്തെ  ഗൗരവമുള്ള  ഒരു  തലത്തിലേക്ക്  കൊണ്ടുപോയ  ബാലപ്രസിദ്ധികരണം   ആണ്  തളിര്  മാഗസിൻ. സുഗതകുമാരി  ടീച്ചറുടെ  നേതൃത്വത്തിൽ  ജവഹർ  ബാലഭവൻ  പ്രസിദ്ധികരിച്ചിരുന്ന  തളിര്  മാഗസിൻ അന്ന് സ്കൂളുകൾക്ക്  സൗജന്യമായി  ലഭിച്ചിരുന്നു. ഞാൻ പ്രൈമറി സ്കൂളിൽ  പഠിക്കുമ്പോൾ  ഹെഡ്മാസ്റ്റർ  ഭാസ്കരൻ  സാർ  അവധി ദിവസങ്ങളിൽ  ശമ്പളം  വന്നാൽ  അടുത്തുള്ള  സാറുമ്മാരുടെ  വീട്ടിൽ  വിവരം  അറിയിക്കുവാൻ  എന്നെ  വിളിക്കും .അമ്മ  ആ  സ്കൂളിലെ  ടീച്ചർ  ആയതിനാലും  വീട്  സ്കൂളിന്റെ  അടുത്ത്  ആയതിനാലും  കിട്ടിയ ഭാഗ്യമായിരുന്നു  അത്. സാറിന്റെ  വിളി  കേൾക്കുമ്പോൾ  തന്നെ  ഞാൻ  ശരവേഗത്തിൽ  ഓട്ടം തുടങ്ങും. കൂട്ടിനായി  കമ്പിവളയവണ്ടിയും കാണും. ഒരു  കമ്പി  വളച്ചു  ചക്രമാക്കി  അത്  ഓടിക്കുവാൻ  ഒരു കോലും . നാട്ടിൽ  ഇപ്പോൾ  കുട്ടികളുടെ  ഇടയിൽ  നിന്ന്  ഇതൊക്കെ  എന്നേ  അപ്രത്യക്ഷമായി . തിരികെ  എത്തുമ്പോൾ  പ്രതിഫലമായി  വായിക്കുവാൻ  ആ  മാസത്തെ തളിര് മാഗസിൻ സാറുതരും. വായിച്ചു  ഭദ്രമായി  തിരികെ കൊടുക്കണം . ഒറ്റ  ഇരുപ്പിൽ  ഞാൻ  അത്  വായിച്ചു  തീർക്കും. വളരെ  നല്ല  നിലവാരം  ഉള്ള  ഒരു  പ്രസിദ്ധികരണം  ആയിരുന്നു  തളിര് . നല്ല  കഥകളും  കവിതകളും . കാർട്ടൂണുകൾ തീരെ  ഇല്ല . വിശ്വസാഹിത്യ കൃതികളുടെ  മലയാള പരിഭാഷകൾ  ഖണ്ഡശ്ശ  കാണും .  വിക്ടർ  ഹ്യൂഗോയുടെയും  ടോൾസ്റ്റോയിയുടെയും  കഥകൾ എനിക്ക്  പരിചിതമായത്  ഈ  വായനയിൽ  നിന്നാണ്. കഥകളും  കവിതകളും  ഒക്കെ  നല്ല  നിലവാരം  പുലർത്തുന്നത് . എഴുതുന്നതോ സിപ്പി    പള്ളിപ്പുറം , സുമംഗല , കുഞ്ഞുണ്ണി മാഷ് മാലി , സുഗതകുമാരി,  ഓ.എൻ.വി  തുടങ്ങിയ  പ്രശസ്തരും  പ്രിയങ്കരുമായ  എഴുത്തുകാർ .  ഇപ്പോൾ തളിര് മാഗസിൻ  പുറത്തിറക്കുന്നുണ്ടോ എന്തോ ?.

1980-90  കളിൽ ഇത്തരം ബാല മാഗസിനുകൾ  ആയിരുന്നു  ഞങ്ങളെ ചിന്തിക്കുവാനും  നല്ല  നാളെയേക്കുറിച്ചു  സ്വപ്നം കാണുവാനും  പഠിപ്പിച്ചത്. തിന്മയ്ക്ക് എതിരെ  നിൽക്കുവാനും  നന്മയ്ക്കാണ്  അന്തിമവിജയം  എന്നും  കുട്ടികളെ പഠിപ്പിച്ചത് . കാൻഡി  ക്രഷും ആംഗ്രി ബേർഡ്സും  പോക്കി മോനും  ഒക്കെ  കുട്ടികളുടെ  വിദൂരസ്വപ്നങ്ങളിൽ  പോലും  ഇല്ലാത്ത കാലം . മഷിത്തണ്ടും വളപ്പൊട്ടും ഗോട്ടിയും  തീപ്പട്ടി പടവും ബാലരമയും  പൂമ്പാറ്റയും ഒക്കെ  ചേർന്ന് സങ്കൽപ്പങ്ങൾക്ക് ചിറക് കൊടുത്തിരുന്ന കാലം . എന്നാൽ  ഇന്നു കാലം  മാറി, പുസ്തകങ്ങൾക്ക് പകരം  ഹിംസയെ അക്രമത്തെ , എന്തു  വിലകൊടുത്തും  ജയിക്കണം  എന്ന് മാത്രം  കുട്ടികളെ   പഠിപ്പിക്കുന്ന  കമ്പ്യൂട്ടർ ഗെയിമുകൾ   അറിഞ്ഞോ  അറിയാതെയോ  കളിക്കുവാൻ  നാം  കുട്ടികളെ  പ്രേരിപ്പിക്കുന്നു . അതിൽ  നാം  അഭിമാനം  കണ്ടെത്തുന്നു…നാമൊക്കെ  എത്രകണ്ടു  മാറിയിരിക്കുന്നു...

ഇത് വായിക്കുന്ന  ഓരോ വായനക്കാരനും  കാണും  അവരുടെ  ബാല്യത്തെക്കുറിച്ചു  ഇത്തരം  ഓർമ്മകൾ. ബാലരമയ്ക്കും പൂമ്പാറ്റയ്ക്കും  വേണ്ടി  കാത്തിരുന്ന നാളുകൾ . മനസ്സിൽ  മായാതെ  സൂക്ഷിച്ചിട്ടുള്ള ആ ഭൂതകാലത്തിന്റെ തിരുശേഷിപ്പുകൾ  ഓർത്തെടുക്കുമ്പോൾ പണ്ട് ഓ.എൻ .വി  മാഷ് എഴുതിയതുപോലെ.. ഒരു  വട്ടം കൂടി ആ ബാല്യകാലത്തിലേക്ക്  തിരിച്ചു പോകുവാൻ മോഹം . വെറുതെ  ആ  മോഹങ്ങൾ എന്നറിയുമ്പോളും  വെറുതെ മോഹിക്കുവാൻ മോഹം...


വായിച്ചാലും വളരും വായിച്ചിലെങ്കിലും വളരും
വായിച്ചു വളർന്നാൽ വിളയും, വായിക്കാതെ വളർന്നാൽ വളയും

                                          
                                          കുഞ്ഞുണ്ണി  മാഷ്

31 comments:

  1. വായന കഴിഞ്ഞപ്പോൾ അറിയാതെ കണ്ണു നിറഞ്ഞു.

    ഒരു
    ബ്ലോഗർ
    എന്ന നിലയിൽ ഈ ഒറ്റ പോസ്റ്റ്‌ കൊണ്ട്‌ ഞാൻ താങ്കളുടെ ആരാധകനായി മാറി .

    ബാലമംഗളം
    പ്രസിദ്ധീകരണം
    നിർത്തിയോ ?

    പിന്നെ
    ഇൻസ്പെക്ടർ
    ഗരുഢിനേയും,ഹവിൽദാർ ബൽബീറിനേയും വിട്ടു പോയോ???? . ?

    ReplyDelete
    Replies
    1. പ്രിയ സുഹൃത്തേ , എന്നെ സംബന്ധിച്ചെടത്തോളം ഒരു വലിയ അംഗീകാരം ആണ് താങ്കളുടെ അഭിപ്രായം. ഭൂതകാലത്തിന്റെ തിരുശേഷിപ്പുകളെ മനസ്സിൽ ഇട്ടു താലോലിക്കുന്നതും സമാനഹൃദയരോട് പങ്കുവയ്ക്കുന്നതും രസകരം . ബാലമംഗളം 2012 ൽ പ്രസിദ്ധികരണം നിറുത്തിയെന്നാണ് അറിവ്. നന്ദി ...

      Delete
  2. ഇപ്പോള്‍ ഇതൊക്കെയുണ്ടോ.....എല്ലാം യന്ത്റങ്ങളിലേക്ക് മാറിയല്ലോ.

    ReplyDelete
    Replies
    1. പ്രിയ സുഹൃത്തേ , വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.പഴയതൊക്കെ ഓർക്കുമ്പോൾ ഒരു സുഖം...യന്ത്രങ്ങൾ മനുഷ്യന്റെ ചിന്തകളെയും പ്രവർത്തിയേയും നിയന്ത്രിക്കുന്ന കാലം വിദൂരമല്ല ..ഇന്നു ആർക്കാണ് പുസ്തകങ്ങൾ ഒക്കെ വായിക്കാൻ സമയം?

      Delete
  3. കാലം മാറുമ്പോൾ കോലവും മാറും.
    നമ്മുടെ ആ നല്ല കാലം (നമ്മൾ മാത്രം പറയുന്ന ) ഇന്നത്തെ കുട്ടികൾക്ക് അന്യം. ഇന്നിന്റെ കളികളാണ് അവർക്ക് വലുത്. അവരതിൽ ആനന്ദം കണ്ടെത്തുന്നു.പണ്ടത്തെ കളികളെക്കുറിച്ച് പറയുമ്പോൾ - അന്ന് ഹൈടെക്കല്ലാതിരുന്നത് ഞങ്ങടെ കുറ്റമാണൊയെന്ന് മറു ചോദ്യം വരും.

    ReplyDelete
  4. ഇപ്പോള്‍ ഇതൊക്കെയുണ്ടോ.....എല്ലാം യന്ത്റങ്ങളിലേക്ക് മാറിയല്ലോ.

    ReplyDelete
  5. കാലം മാറുമ്പോൾ കോലവും മാറും.
    നമ്മുടെ ആ നല്ല കാലം (നമ്മൾ മാത്രം പറയുന്ന ) ഇന്നത്തെ കുട്ടികൾക്ക് അന്യം. ഇന്നിന്റെ കളികളാണ് അവർക്ക് വലുത്. അവരതിൽ ആനന്ദം കണ്ടെത്തുന്നു.പണ്ടത്തെ കളികളെക്കുറിച്ച് പറയുമ്പോൾ - അന്ന് ഹൈടെക്കല്ലാതിരുന്നത് ഞങ്ങടെ കുറ്റമാണൊയെന്ന് മറു ചോദ്യം വരും.

    ReplyDelete
    Replies
    1. ശരിയാണ് സുഹൃത്തേ , നമുക്ക് അവരെ കുറ്റപ്പെടുത്താൻ ആവില്ല ... കാരണം ഇന്നു കാലം മാറിയിരിക്കുന്നു . ആരോ പറഞ്ഞത് പോലെ നമ്മുടെ വയസ്സിനോടുകൂടെ നമ്മുടെ കുട്ടികളുടെ പ്രായം കൂട്ടുന്നതാണ് കുട്ടികളുടെ ഇന്റെലിജന്റൽ പ്രായം. അവർക്ക് നാം കളിയ്ക്കാൻ ഉപയോഗിച്ച വസ്തുക്കൾ പാഴ്വസ്തുക്കളാണ് ..നന്ദി താങ്കളുടെ അഭിപ്രായത്തിനും ഈ ബ്ലോഗ് വായിച്ചതിനും

      Delete
  6. ബാലരമയും ,പൂമ്പാറ്റയും ബാലമംഗളവും നിറകൊടുത്ത ബാല്യങ്ങളായിരുന്നു പണ്ട് ... നമ്മേ സ്വപ്നം കാണാൻ പഠിപ്പിച്ചത് അവരായിരുന്നു ... ആ ആശാട്ടി ഇന്നാണെങ്കിൽ ജയിലിൽ കിടന്നേനേ ..

    ReplyDelete
    Replies
    1. മിക്ക കുട്ടികളും പഠനത്തിൽ പിറകോട്ട് പോകുന്നതിന് ഇത്തരത്തിൽ എന്തെകിലും കാരണങ്ങൾ ഉണ്ടാകും ..ബാലരമയും പൂമ്പാറ്റയും ഒക്കെ നമ്മളെ സ്വപ്നം കാണാൻ പ്രേരിപ്പിച്ചിരുന്നു .. ഇന്ന് നമ്മുടെ കുട്ടികൾക്ക് അതിന് പകരം കൊടുക്കാൻ ?.... നന്ദി സുഹൃത്തേ വായനയ്ക്കും അഭിപ്രായത്തിനും ...

      Delete
  7. This comment has been removed by the author.

    ReplyDelete
  8. പുനലൂരാൻറെ ബ്ലോഗിൽ ഇതാദ്യം
    പൂർവ്വ കാല സ്മരണകൾ തൊട്ടുണർത്തിയ ഒരു പോസ്റ്റ്
    പരാമർശിക്കപ്പെട്ട പല കാര്യങ്ങളും
    എന്റെയും അനുഭവം പോലെ തോന്നി.
    ബാലരമയിലും പൂമ്പാറ്റയിലും ബാലയുഗത്തിലും
    കുട്ടികളുടെ ദീപികയിലും മറ്റും കുട്ടിക്കവിതകളും
    കുറിപ്പുകളും കുറിച്ചു നടന്ന കാലം
    വീണ്ടും തൊട്ടുണർത്തിയതിൽ വളരെ സന്തോഷം
    ബാലരമയുടെ മാറ്റം തികച്ചും ശ്രദ്ധേയം തന്നെയായിരുന്നു,
    താങ്കൾ കുറിച്ചതുപോലെ

    ബാലരമയുടെ വിശേഷങ്ങൾ എന്റെ ഓർമ്മകളിൽ ധാരാളം ഉണ്ട് . 1970 കളിൽ ബാലരമയുടെ കെട്ടും മട്ടും വ്യത്യസ്തമായിരുന്നു . കുറെക്കൂടി ഗൗരവമുള്ള ഉള്ളടക്കം . ചിത്രകഥകൾ കുറവ് . ധാരാളം കഥകളും കവിതകളും വിജ്ഞാനപ്രദമായ അറിവുകളും ഉൾപ്പെടുത്തിയായിരുന്നു അന്ന് ബാലരമ പുറത്തിറക്കിയിരുന്നത്. 1980 കളിൽ ബാലരമയുടെ കെട്ടും മട്ടും മാറി . മായാവി ചിത്രകഥയുടെ വരവോടെ ബാലരമ ആകെ മാറി."
    അതെ ഈ മാറ്റം എനിക്ക് സത്യത്തിൽ ആദ്യം അൽപ്പം അരോചകം ഉളവാക്കിയെങ്കിലും പിന്നീടും ബാലരമ വായന കുറേക്കാലം കൂടി തുടർന്ന്. പിന്നെ സിക്കന്തരാബാദിലേക്കു ചേക്കേറിയതോടെ, വായന കുറേക്കൂടി ഗൗരവമായി, എങ്കിലും ബാലരമയെ മറന്നില്ല
    ഇവിടെ അത് കിട്ടുന്ന ഏക പുസ്തകക്കടയിൽ ഒരു കോപ്പി മാറ്റി വെക്കാൻ ആവശ്യപ്പെട്ടിരുന്നു. അക്കാലത്തു ബാലരമയുടെ സ്ഥിരം വായനക്കാരനും കഥകളും മറ്റും അതിൽ കുറിച്ചിരുന്നതിനാലും, സിക്കന്തരാബാദിൽ എത്തിയ വിവരം അന്നത്തെ പത്രാധിപർ ശ്രീ കടവനാട് കുട്ടിക്കൃഷ്ണൻ സാറിനെ അറിയിച്ചിരുന്നു, തുടർന്ന് സിക്കന്തരാബാദിനെക്കുറിച്ചു ഒരു സചിത്ര ലേഖനം എഴുതി തരാമോ എന്ന സാറിന്റെ കത്തു കിട്ടിയതും, അതിനു മറുപടി കൊടുത്തതും, പിന്നെ ലേഖനം തയ്യാറാക്കാൻ ഇവിടുത്തെ സിറ്റി സെൻട്രൽ ലൈബ്രറിയിൽ കയറിയിറങ്ങിയതും, പടം പിടിക്കാൻ ഒരു അഗ്‌ഫാ ക്യാമറ വാങ്ങിയതും പടം പിടിച്ചതും ലേഖനം തയ്യാറാക്കി അച്ചടിച്ച് വന്നതും അന്നെന്നെ പോലെ ഓർക്കാൻ താങ്കളുടെ ഈ കുറിപ്പ് ഇടയാക്കി, ഒപ്പം ഇത്തരത്തിൽ ഒരു ഓർമ്മക്കുറിപ്പ് എഴുതാനുള്ള ഒരു പ്രചോദനവും കിട്ടിയെന്നു കുറയ്ക്കുന്നതിൽ സന്തോഷം. ആ കുറിപ്പ് എന്റെ മലയാളം ബ്ലോഗിൽ അന്യത്ര ചേർത്തിരിക്കുന്നത് വായിക്കുവാൻ മറക്കില്ലല്ലോ!
    നന്ദി നമസ്കാരം
    വീണ്ടുംകാണാം
    വളഞ്ഞവട്ടം ഏരിയൽ ഫിലിപ്പ്
    സിക്കന്തരാബാദ്

    ReplyDelete
    Replies
    1. സർ ,ബ്ലോഗ് രംഗത്ത് പിച്ച വയ്ക്കുന്ന കുട്ടിയായ എനിക്ക് അങ്ങയെ പോലെ ഈ രംഗത്ത് കാരണവസ്ഥാനം ഉള്ള ആളുടെ അഭിപ്രായം എത്ര സന്തോഷകരം . അങ്ങയുടെ ബ്ലോഗ് വളരെ ശ്രദ്ധിച്ചു വായിച്ചു പഠിച്ചു , പുതു ബ്ലോഗറുൻമ്മാരുടെ സർവ സംശയങ്ങൾക്കും മറുപടിയാണ് അത് . എനിക്കുള്ള മിക്ക സംശയങ്ങളും മാറിക്കിട്ടി സർ .വളരെ സന്തോഷം. ബാലരമയുമായി ബന്ധമുള്ള ഓർമ്മകൾ രസകരം പക്ഷെ അങ്ങയുടെ ബ്ലോഗിൽ തപ്പിയിട്ട് അതു മാത്രം കിട്ടിയില്ല . എന്താണ് തലക്കെട്ട് ?. ആശംസകൾ ...

      Delete
  9. പ്രീയ പുനലൂരാൻ
    നന്ദി ഈ വാക്കുകൾക്കു
    പരുന്തു വെട്ടി പത്രോയുടെ മാനസാന്തരം
    എന്ന തലക്കെട്ടിലും തുടർന്നുള്ള ലിങ്കിലും വായിക്കുക
    ലിങ്കുകൾ ഇവിടെ ഇതാ:

    പരുന്തു വെട്ടി പത്രോയുടെ മാനസാന്തരം


    മറ്റൊരു ലിങ്ക്:

    പരുന്തു വെട്ടി പത്രോയുടെ മാനസാന്തരം" ബ്ളോഗ് കഥാ സമാഹാരത്തിൽ


    ആന്ധ്രയെക്കുറിച്ചുള്ള ലേഖനത്തിന്റെ ലിങ്ക് നോക്കി അയക്കാം
    വൈകാതെ.

    നന്ദി നമസ്കാരം
    വീണ്ടും ബ്ലോഗിൽ വരുമല്ലോ അഭിപ്രായങ്ങൾ കുറിക്കുമല്ലോ
    എനിക്കൊരു ഇംഗ്ലീഷ് ബ്ലോഗും ഉണ്ട്

    ReplyDelete
  10. ഹാവൂ. നൊസ്റ്റാൾജിയ ഉണർത്തി ആ കാലത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി. വളരെ നല്ല എഴുത്ത്. പിന്നെ ആ പപ്പൂസ് പേജ് എവിടുന്ന് കിട്ടി? പൂമ്പാറ്റയുടെ പഴയ പ്രതികൾ കൈവശമുണ്ടോ? എന്റെ കളക്‌ഷൻ പണ്ട് ചേട്ടൻ പഴയ പത്രം വാങ്ങുന്നയാൾക്കു തൂക്കി വിറ്റത് ഇന്നും ഓർക്കുമ്പോൾ വല്ലാത്ത വിഷമമുള്ള കാര്യമാണ്. അതൊക്കെ ഒന്നു കൂടി ഒന്നു കാണാനെങ്കിലും പറ്റിയിരുന്നെങ്കിൽ എന്ന് വല്ലാത്ത ആഗ്രഹമുണ്ട്!

    ReplyDelete
    Replies
    1. സന്തോഷം സുഹൃത്തേ , 2003 -05 വർഷങ്ങളിൽ ഇറങ്ങിയ ബാലരമ കൈവശമുണ്ട് അതിൽ പപ്പൂസ് തുടങ്ങിയ കാർട്ടൂൺസ് ഉണ്ട് എന്റെ കുഞ്ഞുമകളെ മലയാളം വായിച്ചു കേൾപ്പിക്കാൻ അന്ന് വാങ്ങിയതാണ് . ഇമെയിൽ അഡ്രസ്സ് തന്നാൽ സ്കാൻ ചെയ്തു അയയ്ക്കാം..വളരെ സന്തോഷം ഈ പോസ്റ്റ് ഇഷ്ടപ്പെട്ടതിൽ ..ആശംസകൾ എന്റെ ഈമെയിൽ samsonmathewdibba@ gmail.com

      Delete
    2. This comment has been removed by the author.

      Delete
    3. can you send it to me. arunjakson99@gmail.com

      Delete
  11. അമ്പിളി അമ്മാവന്റെ പഴയ ലക്കങ്ങൾ ഉണ്ടോ? വീണ്ടും വായിക്കുവാൻ കൊതിയാവുന്നു.

    ReplyDelete
    Replies
    1. പ്രിയ സുഹൃത്തേ, പഴയ അമ്പിളിഅമ്മാവൻ കിട്ടാൻ ഒരു വഴിയും കാണുന്നില്ല. യൂട്യൂബിൽ അമ്പിളിഅമ്മാവന്റെ ഒരു ലക്കം അപ്‌ലോഡ് ആരോ ചെയ്തിട്ടുണ്ട് .ലിങ്ക് കൊടുക്കുന്നു..ആശംസകൾ വായനക്കും വരവിനും നന്ദി .
      https://www.youtube.com/watch?v=g3rqEWdbNpI

      Delete
  12. ശ്ശൊ.. എന്റെയുള്ളിലും വളരാന്‍ മടിയ്ക്കുന്നൊരു ശിശു വാശി പിടിയ്ക്കുന്നു.. എനിയ്ക്ക് കളിക്കുടുക്ക വേണം..ബാലരമ വേണം.. അമ്പിളി അമ്മാവന്‍ വേണം.. അമ്പിളി അമ്മാവനിലെ മനോഹരമായ ചിത്രങ്ങള്‍ കാണണം.. അതിലെ രാജകുമാരി ഞാന്‍ ആണെന്ന് സങ്കല്പ്പിയ്ക്കണം..

    ReplyDelete
    Replies
    1. കളിക്കുടുക്ക ഒക്കെ ജനിയ്ക്കുന്നതിനു മുമ്പ് എന്റെ ബാല്യം കടന്നുപോയി .അമ്പിളി അമ്മാവൻ ഒരെണ്ണം കിട്ടിയെങ്കിൽ നന്നായിരുന്നു എന്ന് ഞാൻ ഇപ്പോഴും ആശിയ്ക്കാറുണ്ട് ..ആശംസകൾ

      Delete
  13. https://drive.google.com/open?id=12EBUTk_oBWP-YkWvWsYUvhzifCNdnwNA

    ReplyDelete
  14. Ambili Ammavan April 1977 https://drive.google.com/file/d/1wdWBpAGCpkA-XbFE1wU_5OKxkRLotRG2/view?usp=sharing

    ReplyDelete
    Replies
    1. വളരെ സന്തോഷം സുഹൃത്തേ. ആശംസകൾ

      Delete
  15. തിരിച്ചു കിട്ടാത്ത ബാല്യകാലത്തിന്റെ ഓർമകൾ സമ്മാനിച്ചതിന് നന്ദി.

    ReplyDelete
    Replies
    1. വളരെ സന്തോഷം സുഹൃത്തേ ..ഇന്നാണ് ഈ കമന്റ്‌ കാണുന്നത്.. ആശംസകൾ

      Delete
  16. അമ്പിളി അമ്മാവൻ പഴയ ലക്കം ഷെയർ ചെയ്ത സുഹൃത്തിന് ആയിരം നന്ദി.

    ReplyDelete
  17. പൂമ്പാറ്റയിൽ ഒരു വിക്കി എന്ന കഥാപാത്രം ഉണ്ടായിരുന്നല്ലോ ? അടിപൊളിയായി എഴുതി!! - സൂപ്പർ

    ReplyDelete
    Replies
    1. ഒറ്റകൊമ്പുള്ള വിക്കി എന്ന അന്യഗ്രഹജീവിയുടെ കാർട്ടൂൺ ഓർമ്മ ഉണ്ട് ..നല്ല രസമായിരുന്നു ആ കാർട്ടൂൺ ..നന്ദി വായനക്കും അഭിപ്രായത്തിനും ..ആശംസകൾ

      Delete
    2. അമ്പിളി അമ്മാവൻ മാസികയുടെ പ്രധാന ആകർഷണം അതിലെ അതി മനോഹരങ്ങളായ ചിത്രങ്ങൾ തന്നെ ആയിരുന്നു. എത്ര ഗൗരവബുദ്ധിയോടെ ആണ് അവർ അതിൽ ചിത്രങ്ങൾക്കു പ്രാധാന്യം നൽകുന്നത് എന്നു തോന്നിയിട്ടുണ്ട്. ചിത്രങ്ങൾക്കു കീഴെ കാണാറുള്ള Sankar എന്ന ഒപ്പിന്റെ ഉടമയോട് ബാല്യം മുതൽ വലിയ ആരാധനയാണു . പ്രതിഭാധനനായ ആ ചിത്രകാരൻ ഇന്ന് അന്തരിച്ചു എന്ന വിവരം അറിയുന്നു.. 97 വയസ്സായിരുന്നു അദ്ദേഹത്തിനു .. ഹൃദയപൂർവ്വം ബാഷ്പാഞ്ജലി🙏🙏🙏🙏

      Delete