Wednesday 27 April 2016

ഒരു പ്രവാസിയുടെ അവധിക്കാലവും ഒമാൻ ചാളയും


ഒരു  പ്രവാസിയുടെ  അവധിക്കാലവും  ഒമാൻ ചാളയും





ഗൾഫ്‌ പ്രവാസിക്ക്  നാട്ടിൽപോക്ക് ഒരു സുഖമുള്ള ഓർമ്മയാണ്.  ഓരോ യാത്രയും  ഓരോരോ പുതിയ അനുഭവങ്ങൾ ആകും അവന് സമ്മാനിക്കുക. ഇത്തവണ  നാട്ടിൽ പോയപ്പോൾ കണ്ട  ചില മാറ്റകാഴ്ച്ചകൾ…


തിരുവനന്തപുരത്ത്  പ്ലൈയിൻ ഇറങ്ങുമ്പോൾ ഒരു ഉൾകുളിരോട് കൂടെ ആയിരിക്കും നാം താഴോട്ടു നോക്കുക.. നല്ല പച്ചപ്പ്‌ ...ആഹാ..നമ്മുടെ ശ്യാമ സുന്ദര കേര കേദാര ഭൂമി ഇത്തവണ എയറോബ്രിഡ്ജിൽ കൂടെ നടന്നു പോകുമ്പോൾ മുഖത്തേക്ക് വരണ്ടചൂട് കാറ്റ് അടിച്ചു കയറുന്നു, വറചട്ടിയിലേക്ക് വീണപോലെ. പണ്ട് നാട്ടിൽ നിന്ന്  ആദ്യമായി അബുദാബിയിൽ പ്ലൈയിൻ ഇറങ്ങിയപ്പോൾ അനുഭവിച്ചത് പോലെ . കൊള്ളാം.. കേരളവും മറ്റൊരു ഗൾഫ്‌ ആയി മാറുകയാണല്ലോ .. നാട്ടിൽ ഇപ്പോൾ 40-42 ഡിഗ്രി ചൂടാണ്.. ഇപ്പോൾ  നാട്ടിൽ പോയാൽ കേരളം വെന്തുരുകുന്നത് നേരിൽ കാണാം. നാട്ടിലെവിടെയും എയർ കണ്ടിഷനറുകളുടെ കൊണ്ടുപിടിച്ച കച്ചവടമാണ്‌. പണ്ടൊക്കെ ഏ.സികൾ ഉള്ള വീടുകൾ നാട്ടിൽ ഒരു ആഡംബരകാഴ്ച്ച ആയിരുന്നു. ഇപ്പോൾ ഏ.സികൾ ഇല്ലാത്ത ഇടത്തരം വീടുകൾ ചുരുക്കം. ഏ.സികൾക്ക് കടകൾ ഓഫറുകളുടെ പെരുമഴയാണ്  നൽകുക. ഒരു രൂപയും  കൊണ്ടുവന്നാൽ  ഏ.സിയും കൊണ്ട് വീട്ടിൽ പോകാം. പണി പിന്നാലെ വന്നു കൊള്ളും, മാസതവണ  പിരിക്കുവാൻ  കടകൾ ഏർപ്പെടുത്തിയ ബ്ലേഡ് ഗുണ്ടകൾ   വീട്ടിൽ എത്തിക്കൊള്ളും. വിലയും  പലിശയും ചേർത്ത് നല്ലൊരു തുക അധികം ഈടാക്കാതെ അവൻമാർ നിറുത്തുകയില്ല. ഏ.സിക്കും നാട്ടിൽ ഇപ്പോൾ സ്റ്റാർ റേറ്റിങ്ങ് ആണ് 3 സ്റ്റാർ, 5 സ്റ്റാർ എന്നിങ്ങനെ പോകും . ഇൻവെർട്ടർ ഏ.സിക്കാണ് ഏറ്റവും പിടി.  ഇൻവെർട്ടറിൽ പ്രവർത്തിക്കും എന്നൊന്നും തെറ്റിധരിക്കണ്ട. അതൊക്കെ മാളോരുടെ കണ്ണിൽ പൊടി ഇടാൻ ഓരോരോ വിദ്യകൾ.

രാവിലെയും വൈകിട്ടും നാൽക്കവലകളിൽ ഇറങ്ങരുത് . ഇറങ്ങിയാൽ കേരളത്തിൽ തന്നയാണോ എന്ന് സംശയം തോന്നും . ബംഗാളിയും  ഹിന്ദിയും ഇടകലർന്ന കലമ്പലുകൾ കേട്ടാൽ ബോംബയിലെയോ കൽക്കട്ടയിലെയോ ഏതോ ഉൾനാടൻ കവലകളിൽ എത്തിയ പോലെ തോന്നും. എല്ലാത്തിനും ബംഗാളിയോ നേപ്പാളിയോ വേണം . ഇപ്പോൾ ധാരാളം നേപ്പാളി പെൺകുട്ടികളേയും കേരളത്തിൽ കാണാം . തിരക്കിയപ്പോൾ ബ്യൂട്ടി പാർലറിലെ ജോലിക്കാരാണത്രേ. ഹോട്ടലുകളിലെ പണിക്കാരിൽ ഭൂരിഭാഗവും നേപ്പാളികളും മറ്റും ആണ് , എന്തിനേറെ എപ്പോഴത്തെ തിരഞ്ഞെടുപ്പിൽ  പാർട്ടികൾക്ക് കൊടി പിടിക്കുവാനും നോട്ടീസ് ഒട്ടിക്കുവാനും ബംഗാളികൾ തന്നെ വേണം . മിക്കപ്പോഴും നോട്ടീസ് തല തിരിച്ചാണ് ഒട്ടിക്കുക ,  അല്ലെങ്കിൽ  സ്ഥാനാർത്ഥിയുടെ പടം വേണം . പാനിപ്പൂരിയും ബേൽപ്പൂരിയും  വിൽക്കുന്ന തട്ടുകടകൾ കേരളത്തിൽ ധാരാളം . ഹിന്ദിയുടെ ഏബിസിഡി അറിയാത്ത എന്റെ അപ്പൻ പോലും ഇടയ്ക്കിടെ ക്യാ..കിധർ.. എന്നൊക്കെ  പണിക്കാരോടു ചോദിക്കുന്നത് കേട്ട് തലതല്ലിച്ചിരിച്ചു പോയി.  അങ്ങനെ കേരളവും പരദേശികളുടെ മറ്റൊരു ഗൾഫ്‌ ആയി .



നാട്ടിൽ മുമ്പ് കാണാത്ത മറ്റൊരു ഐറ്റം ആണ് കുലുക്കി സർബത്ത്. ചൂട് കൂടിയപ്പോൾ റോഡുകളിൽ അങ്ങിങ്ങായി കൂണ് പോലെ മുളച്ചു പൊന്തിയിരിക്കുന്നു കുലുക്കിസർബത്ത് കടകൾ . തെർമോക്കോളിന്റെ ഒരു ഐസുപെട്ടിയും അഞ്ചാറു വിവിധ വർണങ്ങളിൽ ഉള്ള സർബത്ത് കുപ്പികളും ഒരു വർണക്കുടയും കുത്തിവെച്ചാൽ കുലുക്കി സർബത്ത് കടയായി. 10 രൂപ മുതൽ മേലോട്ട് കുലുക്കി സർബത്ത് ലഭിക്കും . ജീവനിൽ കൊതിയുണ്ടങ്കിൽ  കുലുക്കി സർബത്ത് കുടിക്കരുത് . തോട്ടിലെ വെള്ളവും മീൻ കടയിൽ നിന്ന് ശേഖരിക്കുന്ന ഐസും സർബത്തും  അഞ്ചാറു കുലുക്കും ചേർന്നാൽ കുലുക്കി സർബത്ത് ആയി . റോഡുവക്കിൽ കറണ്ട് കിട്ടാത്ത ഇടങ്ങളിൽ ( മിക്സി പ്രവർത്തിപ്പിക്കുവാൻ ) ജ്യൂസ് വിൽപ്പനയ്ക്ക് മലയാളി കണ്ടുപിടിച്ച സൂത്രം ആണ് കുലുക്കി സർബത്ത്. കോളേജുപിള്ളേർ മുതൽ വീട്ടമ്മമാർ വരെ ഇതിന്റെ ആരാധകർ ആണ് . വീട്ടിൽ ചുരുങ്ങിയ ചിലവിൽ ശുദ്ധമായ സംഭാരം ഉണ്ടാക്കി കുടിക്കുവാൻ മടിയുള്ള മലയാളി എത്ര കൂളായിട്ടാണ് ഈ തോട്ടുവെള്ളം വാങ്ങി കുടിക്കുന്നത് ?.



കേരളത്തിൽ കണ്ട വേറെ ഒരു മാറ്റം പുതുമഴയിൽ പൊന്തിയ തകരപോലെ അങ്ങിങ്ങ് മുളച്ചു പൊന്തിയ നിതാഖത്ത് ( ഗൾഫിൽ നിന്ന് തിരികെ വന്നവർ തുടങ്ങിയ ) റെസ്റ്റൊറന്റുകളും തട്ടുകടകളും ആണ്. റെസ്റ്റൊറന്റുകളിൽ  എല്ലാടത്തും ഉള്ള പ്രധാന വിഭവങ്ങൾ നരകക്കോഴിയും മന്തി ബിരിയാണിയും. മന്തി ബിരിയാണി എന്നു കേട്ടു കരിമന്തിയെ ( കരിങ്കുരങ്ങിനെ ) ബിരിയാണി വെച്ച് തരുകയാണന്ന് തെറ്റി ധരിക്കണ്ട . യെമനികളുടെ തനതു ബിരിയാണി ആണ് മന്ദി ( mandi ) ബിരിയാണി. മലയാളിക്ക് പെറോട്ട  പോലെ  സൗദികളുടെ ഇഷ്ട ഭക്ഷണം . ഗൾഫിൽ നിന്ന് മടങ്ങി വന്ന മലയാളി കുക്കുകൾ ആ പേർ പരിഷ്കരിച്ചു മന്തി ബിരിയാണി എന്നാക്കി . ഏകദേശം ഒന്നൊന്നര മീറ്റർ ആഴമുള്ള കുഴിയിൽ ആണ് മന്തി ബിരിയാണി പാകം ചെയ്യുക . കുഴിയിൽ  കനലിട്ടു കത്തിച്ചു ബിരിയാണി അരി ചെമ്പിൽ  ഇറക്കി അതിൽ മേലെ കോഴി അടുക്കി വെയ്ക്കും .കനലിൽ കോഴിയിൽ നിന്നുള്ള എണ്ണ ഒലിച്ചിറങ്ങി ചോറിൽ ചേർന്ന് വെന്താൽ മന്തി ബിരിയാണി റെഡി .മലപ്പുറം ഭാഗത്ത്‌ തുടങ്ങിയ മന്തി ബിരിയാണി കടകൾ ഇങ്ങു കൊല്ലം തിരുവനന്തപുരം ജില്ലകളിലും വ്യാപിച്ചിരിക്കുന്നു . നരകക്കോഴിയാണ് മറ്റൊരു പ്രധാന ഇനം . മസാലതേച്ച കോഴിയെ  ഒരു ഇരുമ്പുകമ്പിയിൽ കുത്തി ഇലക്ട്രിക്‌ ഹീറ്റെറിനു മുകളിൽ  കറക്കും . എണ്ണ ഉരുകി മാംസം വെന്ത് നരകക്കോഴി തയാറാകും . മിക്കപ്പോഴും ഈ കോഴികൾ പ്രാർത്ഥിക്കുക എത്ര ദിവസം ഇങ്ങനെ കറങ്ങിയാലാണ്  പടച്ചവനേ ഞാൻ കഴിക്കുന്നവന്റെ വയറ്റിൽ എത്തുക  എന്നാകും.



ഇനി എഴുതുന്ന  കാര്യം കൊണ്ട്  ഞാൻ സ്ത്രീ സമത്വവിരോധിയാണ്  എന്ന് ആരും പറയണ്ട . ലോകത്തിലെ ഏറ്റവും വൃത്തികെട്ട കാഴ്ച്ച എന്താണ് എന്ന് എന്നോട് ചോദിച്ചാൽ ഞാൻ പറയും മലയാളി സ്ത്രീകളുടെ ഇപ്പോഴത്തെ ബൈക്ക് യാത്രാരീതിയെന്ന്. മുമ്പൊക്കെ ബൈക്കിന്റെ പുറകിൽ ഒരു സൈഡിലേക്ക് ചരിഞ്ഞാണ് മലയാളി പെണ്ണുങ്ങൾ  ഇരുന്നിരുന്നത്. അതിന് ഒരു ഭവ്യതയും ആഢ്യത്വവും   ഉണ്ടായിരുന്നു. ഇപ്പോൾ പരിഷ്കാരം മൂത്ത് ആണുങ്ങളെപ്പോലെ   രണ്ടു സൈഡും കാലിട്ടാണ്  മലയാളിസ്ത്രീകൾ ബൈക്കിന് പുറകിൽ ഇരിക്കുന്നത് . ചെറിയ  പെൺകുട്ടികളായാൽ  എങ്ങനെയും സഹിക്കാം . പൊതുവെ മലയാളിപെണ്ണുങ്ങൾ 30-35 വയസ്സായാൽ നന്നായി തടിക്കും . അവർ ഇപ്പോഴത്തെ ഫാഷൻ ആയ ഇറുങ്ങിയ ലെഗ്ഗിൻസ്സും വലിച്ചു കയറ്റി  സീറ്റിനു  പുറകിൽ കാൽ  രണ്ടു  സൈഡിലും ഇട്ടു  പറക്കുന്നത് കാണാൻ  അസാമാന്യ മനക്കട്ടി വേണം. കൊച്ചു പിള്ളേർ ഇടുന്ന ടൈറ്റ്  ലെഗ്ഗിങ്ങ്സും  വെട്ടി കയറ്റിയ ചുരീദാരും ഇട്ടു ബൈക്കിന് പിറകിൽ തോട്ടുവരമ്പത്ത്  വെള്ളത്തിലേക്ക്‌  ചാടാൻ ഇരിക്കുന്ന പച്ചകുണ്ടനെ പോലയുള്ള ആ ഇരുപ്പ് വല്ലാത്ത ബോറാണ് ചേച്ചി.





നാട്ടിൽ ഇപ്പോൾ നല്ല ചിലവുള്ള  മറ്റൊരു  വമ്പൻ  ആണ്  ഒമാൻ ചാള . ഗൾഫിൽ നിന്ന് കണ്ടയ്നെർ ഷിപ്പിൽ ഇറക്കുമതി ചെയ്തു വിൽക്കുന്ന  ഈ ചാളയ്ക്ക് നമ്മുടെ നാട്ടിൽ കിട്ടുന്ന ചാളയേക്കാൾ 2-3 ഇരട്ടി വലിപ്പം ഉണ്ട് . 140 മുതൽ 160 രൂപ വരെ കൊടുത്താൽ ഒരു കിലോ കിട്ടും . ഏതു  മീൻ കടയിലും ഇവനാണ് പ്രധാന താരം . സ്ത്രീകൾക്ക്  ഈ മീൻ  വെട്ടാൻ എളുപ്പം ആയതിനാൽ  വീട്ടിൽ കൊണ്ട് ചെന്നാൽ തെറി വിളി കിട്ടുകയില്ല , കൂടാതെ നല്ല  നെയ്യ് കൊഴുപ്പും . ആകയുള്ള കുഴപ്പം ഇവൻ പരലോകം പ്രാപിച്ചിട്ടു എത്ര മാസം ആയിക്കാണും എന്നത് മാത്രം ആണ്.  നാട്ടിൽ ഇതൊക്കെ ആര് ശ്രദ്ധിക്കുന്നു?  ഇനി മീൻ വാങ്ങാൻ പോയ കഥ . മെലിഞ്ഞുണങ്ങി നാടൻ പ്രകൃതക്കാരനായ എന്നേ കണ്ടാൽ ഗൾഫുകാരനാണന്ന്  ആർക്കും തോന്നുകയില്ല . മീൻ വാങ്ങാൻ പുനലൂർ ചന്തയിൽ  എത്തിയ എന്നോട് മീൻ മുതലാളി.
" നല്ല പിടയ്ക്കുന്ന ഒമാൻ ചാളയുണ്ട് സാറെ ''
" അതെങ്ങനയാ ഒമാൻ ചാള പിടയ്ക്കുന്നത്  ഒമാനിൽ നിന്ന് ഇവിടെ എത്താൻ കുറേ ദിവസം ആകില്ലേ ? "
എന്റെ ന്യായമായ സംശയം.
" അത് ഇന്നലെ വൈകിട്ടത്തെ പ്ലൈയിനിൽ വന്നതാണ്‌ .ഇന്നലെ രാവിലെ അവിടുത്തെ കടലിൽ നിന്ന് പിടിച്ചതാണ് സാറെ "
പിന്നെ കൊല്ലകുടിയിൽ അല്ലേ സൂചിവിൽപന ?  ഒമാൻ ചാള ഗൾഫിൽ ദിവസവും പൊരിച്ചും കറി വെച്ചും തട്ടുന്ന എന്നോടാ കളി .
" എന്നാൽ ചേട്ടൻ ഒരു കാര്യം ചെയ്യ് . ഒരു പത്തു ദിവസം കഴിഞ്ഞിട്ട് ഈ ചാള വിറ്റാൽ മതി ചേട്ടന്റെ അടുത്തുള്ള  ബാക്കി എല്ലാ മീനിനും അത്രയും ദിവസം പഴക്കം കാണുമല്ലോ "
മീൻ മുതലാളി പ്ലിങ്ങ്. ശേഷം ഉവാച ഇവിടെ എഴുതുന്നില്ല ....



നാട്ടിൽ എന്തൊക്കെ പരിഷ്കാരങ്ങൾ വന്നാലും കേരളം മറ്റൊരു ഗൾഫായാലും പിറന്നു വീണ മണ്ണിനെ നമുക്ക് മറക്കാൻ പറ്റുമോ? . രാവണനെ തോൽപ്പിച്ചു ലങ്ക പിടിച്ച രാമൻ അനുജനോട് പറയുന്നത് ഇങ്ങനെ,

അപി സ്വർണ മായേ ലങ്ക നാ മേ ലക്ഷ്മണ രോചതേ
ജനനി ജന്മ ഭൂമിശ്ച സ്വർഗ്ഗദാപി ഗരീയസി.
( ലക്ഷ്മണാ ഈ സ്വർണ ലങ്ക എനിക്ക് സ്വീകാര്യമല്ല
പെറ്റമ്മയും പിറന്നമണ്ണും സ്വർഗ്ഗത്തേക്കാൾ മഹത്തരം)


6 comments:

  1. kalakkan post

    ReplyDelete
  2. Awesome post.....keep writing more

    ReplyDelete
  3. തോട്ടുവരമ്പത്ത് വെള്ളത്തിലേക്ക്‌ ചാടാൻ ഇരിക്കുന്ന പച്ചകുണ്ടൻ ..ഹാ.. ഹാ സൂപ്പർ

    ReplyDelete
  4. K.C.Cherian Cherian · May 17
    പണ്ട് നൂറു ബൈസ കൊടുത്താല്‍ നമുക്ക് ഇഷ്ടമുള്ളിടത്തോളം ചാള സലാലയില്‍ വാരി എടുക്കാമായിരുന്നു. (കച്ചവടക്കാര്‍ എടുത്തു തിരില്ല എന്നു മാത്രം!)

    ReplyDelete