Saturday, 13 February 2016

മരകൊനസു

                          

                                 മരകൊനസു
ഞങ്ങൾ പൊൻറ്റൂർക്കാർക്ക് കപ്പ ഒരു പ്രലോഭനമാണ് . പുനലൂരിന് ഞങ്ങൾ പുനലൂർക്കാർ തമ്മിൽ സംസാരിക്കുമ്പോൾ പൊൻറ്റൂർ എന്നേ പറയാറുള്ളൂ.   കപ്പ, കൊള്ളി, പൂള, റ്റപ്പിയോക്ക, കസാവ  ഇതൊന്നും പുനലൂർക്കാരുടെ ശബ്ദതാരാവലിയിൽ ഇല്ല, കാലി ചീനി മാത്രം.  തീരെ വിവരം  ഇല്ലാത്ത ചില  പുനലൂർക്കാർ മരച്ചീനിയെന്നും പറയും. ചെറുപ്പം മുതൽ കപ്പ തിന്നു ശീലിച്ച ഞങ്ങൾ ഏതു ദേശത്ത് പോയാലും ആദ്യം അന്വേഷിക്കുക അവിടെ കപ്പ കിട്ടുമോ എന്നാണ് . അത്തരത്തിൽ ഉള്ള ഒരു അന്വേഷണത്തിന്റെ കഥയാണിത്‌.

കർണാടകത്തിലെ മണിപ്പാലിൽ  ഫാർമസി കോളേജിൽ പഠിക്കുന്ന കാലം. ഒന്നാം വർഷക്കാരായ ഞങ്ങൾ ഫ്രെഷേര്സ് എന്ന അധ:കൃത വർഗം . ആദ്യ വർഷക്കാരായ ഞങ്ങൾ ക്ലീൻ ഷേവ് ചെയ്തു വള്ളി ചെരുപ്പും ഇട്ടു വേണം കോളേജിൽ പോകാൻ എന്നത് അലിഖിത നിയമം. കൂടെ ഹോസ്റ്റലിലെ മെസ്സിലെ ഫുഡ്‌,  മിക്കവാറും പരമദയനീയം . പശി മൂത്താൽ പശു പശുക്കയറും തിന്നും  എന്ന ഗതി ആയിരുന്നു ഞങ്ങൾ മലയാളികൾക്ക് . കുത്തരിചോറ് മീൻകറിയും കൂട്ടി തട്ടിയിരുന്ന ഞങ്ങൾ വെള്ളചോറും സാമ്പാറും ശീലമാക്കി .

ഒരു വിധം ഒന്നാം വർഷം കടന്ന ഞങ്ങൾ സീനീയേര്സ് എന്ന പ്രിവിലേജഡ്  കൂട്ടരായി മാറി.  അതോടെ ഞങ്ങളുടെ ജീവിത നിലവാരം BPL ലിൽ നിന്ന് APL ലിലേക്ക് മാറി. ചില വിരുതന്മാർ അതോടെ സ്വന്തമായി ഹോസ്റ്റലിൽ കഞ്ഞിവെപ്പ് തുടങ്ങി . ഹീറ്റെർ ഉപയോഗിച്ചു പാചകം തുടങ്ങിയ ഇക്കൂട്ടർ മിക്കവാറും ഹോസ്റ്റലിലെ പാചകശ്രീകൾ ആയിരുന്നു .
പാചകത്തിന്റെ മെനു ഈ വണ്ണം
1ചോറ് - കഞ്ഞിയായോ ഊറ്റി വറ്റായോ
2,  അച്ചാർ/ ചമ്മന്തി പൊടി - നാട്ടിൽ നിന്ന് ഏതങ്കിലും ഹതഭാഗ്യൻ കൊണ്ട് വന്നത് അടിച്ചു മാറ്റിയത്
 3,  സാമ്പാർ - ഈ വിഭവത്തെ ഏതു രൂപത്തിലും ഉണ്ടാക്കാം കുറച്ചു പരിപ്പ് സാമ്പാറുപൊടി ചേർത്ത് തിളപ്പിച്ചു കൂടെ എന്തങ്കിലും പച്ചക്കറി വെട്ടി ഇട്ടാൽ സാമ്പറായി . അത് കൊണ്ടാണല്ലോ ആറു മലയാളിക്ക്  നൂറു സാമ്പാർ എന്ന  പ്രയോഗം തന്നെ ഉണ്ടായത്.

ഇത്തരത്തിൽ  ഏറ്റവും പ്രസിദ്ധനായ പാചകവിദഗ്ധൻ ഞങ്ങൾ സ്നേഹപൂർവ്വം കിസ്ക്ക  എന്ന് പേരിട്ട് വിളിക്കുന്ന എന്റെ സഹമുറിയൻ സജി ആയിരുന്നു . മൂപ്പർ വീട്ടുകാരെ പറ്റിച്ചു മെസ്സ് ഫീസ്‌ തരമാക്കുകയും ചുരുങ്ങിയ ചിലവിൽ കഞ്ഞിവീഴ്ത്ത് നടത്തി ജീവനം കഴിച്ചിരുന്ന ഒരു രസികൻ . പകൽ കോളേജിൽ പോകാതെ റൂമിൽ കിടന്നുറങ്ങുകയും വൈകിട്ട് കൃത്യമായി ലേഡീസ് ഹോസ്റ്റലിനു മുമ്പിൽ ഹാജർ വെയ്ക്കുകയും ചെയ്തിരുന്ന ഈ മഹാനെ ഞങ്ങൾ ആദരവോടെ ആണ് കണ്ടിരുന്നത്‌ . അതിനുള്ള കാരണം ലേഡീസ് ഹോസ്റ്റലിലെ ന്യൂസുകൾ ലൈവ് ആയി ടിയാൻ എത്തിക്കുക, കൂടെയുള്ള പഠിപ്പിസ്റ്റുകളെ എന്തങ്കിലും  ഒക്കെ പറഞ്ഞു പറ്റിക്കുക  ആദിയായുള്ള മഹത്കർമങ്ങൾ  ചെയ്തിരുന്നതിനാൽ ആയിരുന്നു.

മിക്കവാറും അവധി ദിവസങ്ങളിൽ  ഞങ്ങൾ കുറേപ്പേർ  ഈ കഞ്ഞി പരിപാടിയിൽ ഭാഗവാക്കായി തുടങ്ങി കാരണം മറ്റൊന്നും അല്ല, മെസ്സിലെ  പുല്ലും വൈക്കോലും തിന്നാതെ രക്ഷപെടാമല്ലോ.  കഞ്ഞിയെങ്കിൽ കഞ്ഞി  കൂടെ ചമ്മന്തി പൊടിയോ അച്ചാറോ ചേർത്ത് ഒരു പിടി പിടിച്ചാൽ അതല്ലേ ഭേദം. അതിനിടെ കിസ്ക്കാ എവിടെ നിന്നോ ഒരു ചീനച്ചട്ടി സംഘടിപ്പിച്ചതോടെ സംഗതി ഉഷാർ ആയി. മൂപ്പർ ജോസേട്ടൻ  നടത്തുന്ന കേരളാ ഹോട്ടലിൽ പോയി കാളയിറച്ചി എവിടെ കിട്ടും എന്നു കണ്ടുപിടിച്ചു . അതോടെ ബീഫ് വരട്ടിയത് ഒരു സ്പെഷ്യൽ ഐറ്റം ആയി വീക്കെണ്ട് മെനുവിൽ സ്ഥാനം പിടിച്ചു. ഇക്കാരണത്താൽ  കഞ്ഞികുടിക്കാരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു.
അങ്ങനെ ഇരിക്കെ  ഒരു ദിവസം ഞങ്ങളുടെ  കൂട്ടത്തിൽ പഠിപ്പിസ്റ്റും സുന്ദര കോമളനുമായ ജെയിംസ്  കഞ്ഞി കുടിക്കാൻ കൂടി . കൂട്ടുകാർ കനിഞ്ഞു അനുഗ്രഹിച്ചു കേംരാജ്  എന്നു ഇടംപേർ ഇട്ടിരുന്ന ഈ ആശാൻ മണിപ്പാലിലെ ബീ.എസ്സി നേഴ്സിംഗ്  ബാച്ചിന്റെ രോമാഞ്ച കുഞ്ചുകം  ആയിരുന്നു. കിസ്ക്കായും കേംരാജും  പെൺപിള്ളേരെ വളയ്ക്കുന്ന പ്രോഫെഷനിൽ വിദഗ്ധർ  ആയതിനാൽ അവർ തമ്മിൽ ഒരു പ്രൊഫെഷനൽ ജെലസ്സി നിലനിന്നിരുന്നു . കിസ്ക്കാ എന്തങ്കിലും ഒരു പാര കേംരാജിനിട്ടു പണിയാൻ കാത്തിരിക്കുമ്പോൾ ആണ് മൂപ്പരുടെ വരവ്. 

കേംരാജ് കഞ്ഞി മീനച്ചാറും ചമ്മന്തിയും കൂട്ടി വയറു നിറയെ കുടിച്ചു  ഏമ്പക്കം വിട്ടതിനു ശേഷം ഒരു ഐഡിയ മുമ്പോട്ട്‌ വെച്ചു
"നാളെ  ബീഫ് വരട്ടിയതും കപ്പ പുഴുങ്ങിയതും ആക്കിയാലോ ? ബീഫിന്റെയും  കപ്പയുടേയും കാശു ഞാൻ കൊടുത്തോളാം "
അറ്റ കൈയ്ക്ക്  ഉപ്പു തേക്കാത്ത കേംരാജിന്റെ ഓഫർ കേട്ടുനിന്ന ഞങ്ങളുടെ മനസിലിലൊരു ലെഡു പൊട്ടി , പക്ഷെ പ്രശ്നം കപ്പ എവിടെ കിട്ടും എന്നുള്ളതാണ് . കേട്ടുനിന്ന കിസ്ക്ക ഒരു പരിഹാരം മുമ്പോട്ട്‌ വെച്ചു .
'' ഞാൻ കേരള ഹോട്ടലിൽ ജോസേട്ടനോട് കപ്പ എവിടെ കിട്ടും എന്ന് തിരക്കാം .''
പിറ്റേന്ന് ഉച്ചയ്ക്കത്തേക്ക്‌ കപ്പ പുഴുങ്ങിയത്  ബീഫ് വരട്ടിയതും കൂട്ടി തട്ടുന്നത്  ഓർത്ത് ഞാൻ അടക്കം പലരുടെയും വായിൽ വെള്ളമൂറി .

പിറ്റേന്ന് രാവിലെ കേംരാജ്  കുളിച്ചു കുട്ടപ്പനായി ബൈക്കുമായി ഹോസ്റ്റൽ റൂമിന്റെ താഴെ വന്നു കിസ്ക്കായെ വിളിച്ചു
   '' അളിയാ കപ്പ വാങ്ങിക്കാൻ പോകാം ''
തലേന്ന് നല്ല ഉഷാറിൽ നിന്ന കിസ്ക്ക ഒന്ന് പുറകോട്ടു വലിഞ്ഞു.
‘’ഞാൻ ബീഫ് റെഡിയാക്കാം നീ പോയി കപ്പ വാങ്ങിച്ചോണ്ട് വാ ’’
എല്ലാത്തിനും ചാടിപുറപ്പെടുന്ന  കിസ്ക്കാ അന്ന് പതിവില്ലാതെ എന്നോട് പറഞ്ഞു കേംരാജിനോടൊപ്പം പോകാൻ.  അവൻ തലേന്ന് വൈകിട്ട് ജോസേട്ടനോട് ചോദിച്ചു മനസിലാക്കിയത്രെ കപ്പ സരളബേട്ടുവിലെ ഏതോ ഒരു കള്ളു ഷാപ്പിൽ കിട്ടുമത്രേ . പക്ഷെ കപ്പ എന്നതിന്  കന്നഡത്തിൽ  മരകൊനസു എന്ന് വേണം പറയാൻ. കന്നഡ അല്പമൊക്കെ അറിയാമെന്ന് ഇടയ്ക്ക് വീമ്പ് പറയുന്ന കിസ്ക്കാ  കേംരാജിനെ മരകൊനസു .. മരകൊനസു  എന്ന് മൂന്നാലു തവണ പറഞ്ഞു ഒരു വിധം പഠിപ്പിച്ചു എടുത്തു . കന്നഡ തീരെ വശമില്ലാത്ത കേംരാജ്  ഒരു വിധം മരകൊനസു എന്നു പറഞ്ഞു പഠിച്ചു ,  എന്നെ കൂട്ടി സരളബേട്ടുവിലെ കള്ളു ഷാപ്പ്‌ തേടി പോയി . വായിനോട്ടം ഒരു സൈഡ് ബിസിനെസ്സ് ആയതിനാൽ മൂപ്പർക്ക് വഴിയൊക്കെ നല്ല  നിശ്ചയം . ഇന്ത്യയിൽ എവിടെ പോയാലും കള്ളുഷാപ്പ്  കണ്ടു പിടിക്കുവാൻ പ്രത്യേക പരിജ്ഞാനം ഒന്നും ആവശ്യമില്ലാത്തതിനാൽ പെട്ടന്നു ഇടം കണ്ടു പിടിച്ചു.

സരളബേട്ടുവിലെ  കള്ളുഷാപ്പിനടുത്ത്  എത്തിയതോടെ കേംരാജ്  ഉഷാറായി. ഗ്രഹിണി പിടിച്ച പിള്ളേർ ചക്കക്കൂട്ടാൻ കണ്ടതുപോലെ എന്നോട് പറഞ്ഞു .
'' നീ  ഇവിടെ നിൽക്ക്  ഞാൻ പോയി ചോദിച്ചിട്ട്‌ വരാം  മരകൊനസു ''

ഞാൻ കൂടെ വരാം എന്ന് എത്ര പറഞ്ഞിട്ടും അവൻ സമ്മതിച്ചില്ല . ഒരു പക്ഷേ  അങ്കവും കാണാം പറ്റുമെങ്കിൽ  താളിയും ഒടിയ്ക്കാം എന്നായിരിക്കും മൂപ്പരുടെ മനസിലിരുപ്പ്.  രക്ഷയില്ല എന്ന് കണ്ട  ഞാൻ നട്ട് പോയ അണ്ണാനെപ്പോലെ ബൈക്കിനടുത്ത്  കാത്തുനിന്നു. അല്ലേലും പരുത്തിക്കടയിൽ നായക്ക് എന്നാ കാര്യം ?

അല്പനേരം കഴിഞ്ഞു  ഷാപ്പിൽ നിന്ന് ഒരു അടിയുടെ ഒച്ചയും ബഹളവും കേട്ട് ഞാൻ ഓടി ചെല്ലുമ്പോൾ മൂന്നാല് തടിമാടൻമാരായ കന്നടക്കാർ  വളഞ്ഞു വെച്ച് കേം രാജിനെ ഇടിക്കുകയാണ്  കൂടെ കന്നടത്തിൽ പച്ച തെറിയും.

 ''  ***  മകനേ..നമ്മ ഊരു വന്ന് നമ്മത്ര കെട്ടഹേളികെ     മാത്താഡുത്താ..''

ഞാൻ എന്താണ്  പറ്റിയതെന്ന്  എന്ന് ചോദിച്ചപ്പോൾ പാതി കരച്ചിന്റെ വക്കത്തായ കേംരാജ് പറഞ്ഞു

''ഞാൻ മരകൊനസു ഉണ്ടോ എന്ന് ചോദിച്ചതാ..  അതിനാ ഇവൻമാർ  ഇങ്ങനെ ഇടിക്കുന്നേ ''

പെട്ടന്ന് തലയിൽ ബൾബ്‌ മിന്നിയ ഞാൻ പറഞ്ഞു

'' എടാ നിന്നെ കിസ്ക്കാ പറ്റിച്ചതാ .. ഇതു ഏതോ കന്നടത്തിലെ 
തെറിയാ ...''

സംഗതി വശക്കേടാണന്ന്‌ മനസിലായ ഞാൻ  അവനോട്  ഓടിക്കോളാൻ പറഞ്ഞു  പുറകെ ഞാനും വെച്ചുപിടിച്ചു . ഒരുവിധം  രക്ഷപെട്ടു ബൈക്കിൽ കേറി അവിടെ നിന്ന് വലിഞ്ഞു . പുറകിലേക്ക് തിരിഞ്ഞു നോക്കിയപ്പോൾ  അവന്മാർ  കല്ലും  വടിയുമായി ഷാപ്പിനു വെളിയിൽ ഓടി എത്തിയിരുന്നു. ഭാഗ്യം ആയുസിന്റെ ബലം കൊണ്ട് തടി കേടാകാതെ  രക്ഷപെട്ടു . മരോട്ടിക്കാ തിന്ന കാക്കയെ പോലെ ഹോസ്റ്റലിൽ എത്തിയ ഞങ്ങളെ കാത്ത് ഒരു മുട്ടൻ അളിഞ്ഞ ചിരിയും ആയി കിസ്ക്കാ നിൽക്കുന്നു .

'' അളിയാ എന്തോ പറ്റി  എവിടെ  മരകൊനസു ? ''

മറുപടിയായി കേംരാജ് പറഞ്ഞ മുഴുത്തതെറി കേട്ട് എന്റെ ചെവിയുടെ ഫ്യൂസ് അടിച്ചു പോയി.
ശേഷം സംഭവങ്ങൾ മനോധർമ്മം പോലെ....

പക്ഷെ മരകൊനസു എന്ന വാക്കിന്റെ അർത്ഥം നാളിതുവരെ പിടികിട്ടിയിട്ടില്ല.

1 comment:

  1. അതു കൊള്ളാം. കിസ്‌ക്കാ പണി കൊടുത്തതായിരുന്നല്ലേ....

    അവരൊക്കെ ഇപ്പൊ എവിടെ ഉണ്ട്? ഈ പോസ്റ്റ് വായിച്ചോ

    ReplyDelete