Friday, 8 February 2019

അറബിനാട്ടിൽ വാഴയില തേടി നടന്ന കഥ


അറബിനാട്ടിൽ വാഴയില തേടി നടന്ന കഥ



ഏഷ്യാനെറ്റ്  ന്യൂസ്  ഓൺലൈനിൽ  പ്രസിദ്ധീകരിച്ചത്.  ലിങ്ക്  താഴെ കൊടുക്കുന്നു.




പത്തിരുപത്തിരണ്ട്  കൊല്ലം മുമ്പ് ഞാൻ ഗൾഫിൽ ബാച്ചിലറായിരുന്ന കാലം. സാധാരണ പ്രവാസിയുടെ ഗൾഫിലെ ഓണാഘോഷമൊക്കെ  ഒരു വെള്ളിയാഴ്ചയിലെ സദ്യയിൽ  ഒതുങ്ങും. മറ്റ് മൂന്ന് സഹമുറിയന്മാരോടൊപ്പം  ഡബിൾ ഡക്കർ കട്ടിലിന്റെ മുകളിലത്തെ തട്ടിലിരുന്നു ഞാനും പിറ്റേന്ന് വെള്ളിയാഴ്ച്ചയിൽ ഉണ്ടാക്കേണ്ട  ഓണ സദ്യയ്ക്ക് ഉള്ള ഒരുക്കങ്ങളെക്കുറിച്ചു കൂലംകഷമായ ചർച്ചയിലാണ്. കൂട്ടത്തിൽ തലമൂത്ത മോഹനേട്ടനാണ് ഉസ്താദ്. അങ്ങേര് ഗൾഫിൽ പണ്ട് ഉരു കയറി വന്നതാണെന്നാണ് പുറം സംസാരം. ഒരു പുണ്ണ്യപുരാതന ഉരുപ്പടി. പാചകത്തിൽ  മൂപ്പർ പുപ്പുലി. അങ്ങേര് ഉള്ളതുകൊണ്ട് ഞങ്ങൾ  ബാക്കി മൂന്നുപേരും വായിക്ക് രുചിയായി  വെട്ടിവിഴുങ്ങുന്നു. മോഹനേട്ടൻ  ഞങ്ങളെ പാചകത്തിന്റെ ബാലപാഠങ്ങൾ  ഉള്ളി തൊലിക്കുക  ചിക്കൻ തൊലിയിരിച്ചു മുറിക്കുക, മീൻ വെട്ടി വൃത്തിയാക്കുക, പാത്രം കഴുകി വൃത്തിയാക്കുക തുടങ്ങിയവ  ഒക്കെ പഠിപ്പിച്ചു തന്നെങ്കിലും  മറ്റു മേജർ ഓപ്പറേഷൻസ് ഒന്നും ചെയ്യാൻ  സമ്മതിക്കുകയില്ല. ഉർവശി ശാപം ഉപകാരമെന്ന മട്ടിൽ ഞങ്ങളും കള്ളപ്പണി  പഠിച്ചു. മൂപ്പർ ഉണ്ടാക്കി വെയ്ക്കുന്നത്  മൂന്നുനേരം വെട്ടിവിഴുങ്ങുക, സൂപ്പർ മാർക്കറ്റിൽ  നിന്ന് സാധനങ്ങൾ വാങ്ങിക്കൊണ്ടു കൊടുക്കുക അത്യാവശ്യം പാത്രം കഴുകുക  ഇത്യാദി തടി കേടാകാത്ത പണി മാത്രം ഞാൻ ഏറ്റടുത്തു. മൂപ്പർക്ക്  ബലിദിയയിൽ  ഡ്രൈവറായിട്ടാണ് പണി .വലിയ ടാങ്കറിൽ രാത്രി ഒരു മണി വരെ റോഡിലെ ചെടികൾക്ക് വെളളം ഒഴിക്കണം കൂടെ ഒരു ബംഗാളി സഹായിയും കാണും.പണി തീർത്തു ബാച്ചിലർ റൂമിൽ വന്നു കിടക്കുന്ന പാവം രാവിലെ തന്നെ എഴുന്നേറ്റ് ബ്രേക്ഫാസ്റ്റ് ഉണ്ടാക്കും. ആരോടും പരാതി ഒന്നും പറയാറില്ല. ഞങ്ങളൊക്കെ അങ്ങനെ തിരിട്ടുപയലുകളായി തിരിഞ്ഞു കളിക്കുന്ന കാലം. പാചകത്തിൽ എന്റെ അസാധാരണ മികവ് കണ്ടു മൂപ്പർ എന്നെ ഭക്ഷണമേശയിൽ ന്യൂസ്‌പേപ്പർ വിരിയ്ക്കാനും സൂപ്പർ മാർക്കറ്റിൽ നിന്ന് സാധനങ്ങൾ  വാങ്ങാനുമുള്ള പണി ഏൽപ്പിച്ചു. മിക്കവാറും എല്ലാ പ്രവാസി റൂമുകളിലും ഭക്ഷണം വിളമ്പുന്നതിന് ഉള്ള ടേബിൾ മാറ്റ് ആയി ന്യൂസ്പേപ്പറുകൾ ആണ് ഉപയോഗിക്കുക പതിവ്,  മേശ തുടക്കേണ്ട എന്നൊരു എളുപ്പപണിയ്ക്ക്  ആരോ കണ്ടെത്തിയ വിദ്യ.

ഓണസദ്യയ്ക്കുള്ള സാധനങ്ങൾ  ഒരുക്കേണ്ട കാര്യങ്ങളെക്കുറിച്ചു തീരുമാനം  ആയി. സൂക്കിൽ നിന്ന് പച്ചക്കറി വാങ്ങുന്നതും ഇല സംഘടിപ്പിക്കുന്നതും എന്റെ ചുമതല. മൂപ്പർ ഒരു  പേപ്പർ ചീന്തിയെടുത്തു  എന്നോട് ലിസ്റ്റ് എഴുതാൻ പറഞ്ഞു. അതിനൊരു കാരണം ഉണ്ട് അങ്ങേർ ലിസ്റ്റ് എഴുതിയാൽ വായിച്ചെടുക്കാൻ ഭഗീരഥ പ്രയത്നം നടത്തണം. ചെന എന്ന് എഴുതിയാൽ  ചേന എന്നർത്ഥം .പഴയ മൂന്നാംക്ലാസ്സാണ് മൂപ്പർ . ചെന എന്നാൽ ഗൾഫിലെ കടകളിൽ കടല എന്നർത്ഥം, ഹിന്ദി ഭാഷയാണ്. ഞാനൊരു ദിവസം അങ്ങേർ എഴുതിയ ലിസ്റ്റ് നോക്കി ചേനയ്ക്ക് പകരം  കടല വാങ്ങിക്കൊണ്ട് വന്നു. കടല കണ്ടതോടെ മോഹനേട്ടൻ ചൂടായി. ഞാൻ സാധനങ്ങൾ ലിസ്റ്റ് നോക്കി വാങ്ങിക്കാത്തതാണ് കാരണം എന്ന് അയാൾ. ലിസ്റ്റ് എടുത്തു കാണിച്ചതോടെ മൂപ്പർക്ക് ആകെ നാണക്കേട് ആയി. അതിനു ശേഷം മോഹനേട്ടൻ ലിസ്റ്റ് എഴുതുന്ന പണി ചെയ്യാറില്ല. സാമ്പാറിനുള്ള മിക്സഡ് വെജിറ്റബൽ , ചേന, പാവയ്ക്ക, വെണ്ടയ്ക്ക ,കാബേജ്, പയർ , വെള്ളരി, പച്ചക്കായ,  മത്തൻ, വാഴയില ലിസ്റ്റ് അങ്ങനെ നീണ്ടു. അന്ന് ഞങ്ങളുടെ സ്ഥലത്തു ലുലുപോലെയുള്ള  വലിയ സൂപ്പർമാർക്കറ്റുകൾ ഒന്നും തന്നെയില്ല. ആകെയുള്ളത് ചന്തയിലെ ചില പച്ചക്കറികടകൾ മാത്രം. പച്ചക്കറി കടയിൽ നിന്ന് സാധനങ്ങൾ ഒക്കെ വാങ്ങിയെങ്കിലും വാഴയിൽ മാത്രം കിട്ടിയില്ല. കടക്കാരോട് തിരക്കിയപ്പോൾ അത്  ഏതെങ്കിലും നക്കലിൽ (തോട്ടത്തിൽ) നിന്ന് ബംഗാളികളെ ചാക്കിട്ടു ഒപ്പിച്ചു കൊള്ളാൻ അവർ പറഞ്ഞു. എനിക്കാകട്ടെ  തോട്ടക്കാരായ ബംഗാളികളെ ആരെയും പരിചയമില്ല.

അങ്ങനെ ഇല ഒപ്പിക്കാനായി  തപ്പിനടന്നപ്പോഴാണ്  ഞങ്ങൾ  താമസ്സിക്കുന്ന ഫ്ലാറ്റിന്റെ വഴിയിൽ ഒരു അറബിവില്ല കണ്ടത്. നല്ല ഭംഗിയുള്ള വില്ല. മതിൽകെട്ടിനുള്ളിൽ മുറ്റത്തു നിറയെ വൃക്ഷങ്ങൾ ഈന്തപ്പനയും മാവും ഞാവലുമൊക്കെ. ഏറെ ഉയരമില്ലാത്ത മതിലിലൂടെ മരക്കൊമ്പുകൾ പുറത്തേക്ക് എത്തിനോക്കുന്നു. നാലുചുറ്റും മതിലുള്ള വീടിന്റെ പുറകുവശത്തായി കുറേ വാഴകൾ. അവയുടെ ഇലകൾ പുറത്തേക്ക് നോക്കി എന്നെ കൈമാടി വിളിക്കുന്നു. ഞാൻ ഉറപ്പിച്ചു, ഇവിടെ നിന്നുതന്നെ വാഴയില അടിച്ചുമാറ്റാം. നാലു ഇലയല്ലേ വേണ്ടു അതിനിപ്പോൾ തോട്ടമൊക്കെ തപ്പി നടക്കുന്നത് ബുദ്ധിമുട്ട് അല്ലേ? പിറ്റേന്ന് വെള്ളിയാഴ്ച്ച ആണ് ഓണസദ്യ, അതിനുമുമ്പ് ഇല എങ്ങനെയെങ്കിലും അടിച്ചുമാറ്റണം ഞാൻ മനസ്സിൽ പദ്ധതിയിട്ടു. ഈ കാര്യം ഞാൻ റൂമിൽ  ആരോടും പറഞ്ഞതുമില്ല. പിറ്റേന്ന് വെള്ളിയാഴ്‌ച  രാവിലെ അഞ്ചരമണിക്ക് ഞാൻ അലാറം വെച്ചുണർന്നു. നേരം പരപരാ വെളുത്തു വരുന്നതേയുള്ളു. മോർണിംഗ് വാക്കിന് പോകുന്നമട്ടിൽ  ഞാൻ റൂമിനു പുറത്തിറങ്ങി. കൈയ്യിൽ ഒരു പേനാക്കത്തി കരുതിക്കൊണ്ടു അറബിവീട് ലക്ഷ്യമാക്കി നടന്നു. പള്ളിയിൽ നിന്ന് നിസ്കാരം കഴിഞ്ഞു മടങ്ങുന്ന ചിലരൊഴികെ റോഡിൽ ആരെയും  കണ്ടില്ല. ഇതു തന്നെ നല്ല സമയം ഞാൻ മനസ്സിൽ കരുതി. അറബിവില്ലയുടെ അടുത്ത് എത്തി ഞാൻ  നാലുപാടും നോക്കി .ആരെയും കാണുന്നില്ല. വാഴയില അടിച്ചുമാറ്റാൻ പറ്റിയ നേരം. വഴിയിൽകിടന്ന ഒരു നീണ്ട കമ്പെടുത്ത് ഞാൻ വാഴഇലകൾ വളച്ചുതാഴ്ത്തി  നൊടിയിടയിൽ നാലഞ്ചു ഇലകൾ മുറിച്ചു മാറ്റി.എന്നിട്ടു അതും ചുരുട്ടിപ്പിടിച്ചു ഞാൻ റോഡിലൂടെ തിരികെ ഫ്ലാറ്റിലേക്ക് നടന്നു. അഞ്ചുമിനിട്ടു നടന്നു കാണാം പുറകിൽ പോലീസ് വണ്ടിയുടെ സൈറൺ വിളി .അപ്പോഴാണ് എന്റെ തലയിൽ കിളി പോയത്. പണി പാളി... ഇനി വരുന്നേടത്തു  വെച്ചു കാണാം. പോലീസ് കാർ  വന്നു എന്റെ അടുത്തു ചവുട്ടി നിറുത്തി. " റഫീഖ് താൽ " എന്നെ അറബി പോലീസുകാരൻ കൈയാട്ടി വിളിച്ചു.ഞാൻ തെല്ലുപരുങ്ങലോടെ അടുത്തു ചെന്നു. ചോദ്യവും ഉത്തരവുമില്ലാതെ പോലീസുകാരൻ എന്നെ തള്ളി വണ്ടിക്കുള്ളിലാക്കി സ്റ്റേഷനിലേക്കു കൊണ്ടുപോയി.

പോലീസ് സ്റ്റേഷന്റെ മുമ്പിൽ വണ്ടിനിറുത്തി അയാൾ  എന്നെ കൈയ്യിൽ ബലമായി പിടിച്ചുകൊണ്ട് ഉള്ളിലേക്ക് കൊണ്ടുപോയി. തൊണ്ടിമുതലായി എന്റെ കൈയ്യിൽ ഒരു പേനാക്കത്തിയും കുറെ ഇലകളും. എന്നെ കണ്ടതോടെ  സ്റ്റേഷനിലെ പോലീസുകാർ  ആർത്തു ചിരിച്ചുകൊണ്ട് അറബിയിൽ എന്തൊക്കെയോ പറഞ്ഞു. എനിക്ക് ഒന്നും മനസ്സിലായില്ല. ഒരു പോലീസുകാരൻ  എന്നെ അകത്തെ റൂമിലുള്ള മേലുദ്യോഗസ്ഥന്റെ അടുത്തേക്ക് കൊണ്ടുപോയി. എന്റെ കാലുകൾ വിറയ്ക്കാൻ തുടങ്ങി. വാഴയില വരുത്തിയ പൊല്ലാപ്പേ..

റൂമിൽ കടന്നതും ഞാൻ പതിഞ്ഞ സ്വരത്തിൽ ഒരു സലാം പറഞ്ഞു.. എന്റെ വാക്കുകൾ പുറത്തേക്കു വരുന്നില്ല. ഓഫീസർ എന്നെ  അടിമുടി നോക്കി ഒന്ന് നീട്ടിമൂളി. അയാൾ എന്നോട് ഐ.ഡി കാർഡ് ചോദിച്ചു. ഞാൻ  പോക്കറ്റിൽ  തപ്പി. നിർഭാഗ്യം.. കണ്ടകശനി കൊണ്ടേ പോകൂ.. പേഴ്സ് എടുത്തിട്ടില്ല. രാവിലെ  ഉറക്കത്തിൽ നിന്ന് ഈ പണിക്കിറങ്ങിയതിനിടയിൽ  പേഴ്സ് എടുക്കാൻ മറന്നു പോയി. അയാൾ അറബിയിൽ  എന്തോ പറഞ്ഞു. അയാൾ എന്നോട് മുറി ഇംഗ്ലീഷിൽ ചോദിച്ച ചോദ്യങ്ങൾക്ക്  ഓണം സെലിബ്രേഷൻ, ഈറ്റിംഗ് ഫുഡ്  എന്നൊക്കെ ഞാൻ വിക്കിവിക്കി പറഞ്ഞു .അയാൾക്ക്‌  ഒന്നും മനസ്സിലായില്ല. ഒടുവിൽ ഭക്ഷണം കഴിക്കുന്നതുപോലെ ഞാൻ ആംഗ്യം കാണിച്ചപ്പോൾ അയാൾക്ക്‌ എന്തൊക്കെയോ മനസ്സിലായി. ഇതു നമ്മുടെ നാട്ടിൽ കഴിക്കാറുള്ള വെജിറ്റബിൾ സാലഡ്  ആണെന്നോ മറ്റോ  ആകും അയാൾ കരുതിയത്. എവിടെയാണ് ജോലി എന്ന് ചോദിച്ചതിന് ഹോസ്പിറ്റലിൽ എന്ന് കേട്ടതോടെ അയാൾ തണുത്തു. ഞങ്ങളുടെ സ്ഥലത്തെ ഏക ഹോസ്പിറ്റൽ ആണത്. അവിടെ ജോലി ചെയ്യുന്നവരോട്  അറബികൾക്ക് പൊതുവെ ബഹുമാനമാണ്. ഭാഗ്യം പിടിവള്ളി കിട്ടി ഞാൻ  ഫാർമ സിസ്റ്റ്  ആണെന്നും  ദവ( മെഡിസിൻ ) സ്റ്റോറിൽ ആണ് ജോലി ചെയ്യുന്നതെന്നും കേട്ടതോടെ അയാൾ എന്നോട് കസേരയിൽ ഇരിയ്ക്കാൻ പറഞ്ഞു. ഞാൻ കസേരയിൽ മടിയിൽ ഇലയും  പേനാക്കത്തിയുമായി   വൈദ്യുതി കസേരയിൽ മരണശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുറ്റവാളിയെപ്പോലെ കുത്തിയിരുന്നു.

ഒരു പത്തുമിനുട്ട്  അങ്ങനെ ഇരുന്നപ്പോഴേക്കും  പരമ്പരാഗത  വേഷം ധരിച്ച ഒരു അറബി കയറിവന്നു. അയാൾ  എന്നെ  കണ്ടതും " ഹാദാ  ഹിമാർ " എന്നു വിളിച്ചു കൂകി. ഇവനാണ് ആ കഴുത എന്നർത്ഥം.  അവന്റെ വീട്ടിൽ കയറി മോഷണം നടത്തിയതിന്റെ  സർവ്വകലിപ്പും അയാളുടെ മുഖത്തുണ്ട്. ഞാൻ പേടിച്ചു കസേരയിൽ നിന്ന് എഴുന്നേറ്റു നിൽപ്പായി. അറബിയോട് ഓഫീസർ  ശാന്തമായി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി. ഇവൻ കള്ളനല്ല  ഇവരുടെ നാട്ടിൽ ഉപയോഗിക്കുന്ന ഏതോ പച്ചക്കറി സലാഡ്  നിന്റെ  വീട്ടിൽ നിന്ന് ചോദിക്കാതെ അടിച്ചുമാറ്റി  അത് ഒരു ക്ഷമിക്കാവുന്ന കുറ്റം അല്ലേ ഉള്ളു എന്നാകും അയാൾ പറഞ്ഞത്. അതിനിടെ ഞാൻ  കുറെ തവണ മാലിഷ്, മാലിഷ് (സോറി)  എന്ന് പറഞ്ഞിട്ടും  അറബിയുടെ  മുഖം  കടന്നൽ കുത്തിയതുപോലെ തന്നെ. ഞാൻ കള്ളനല്ലെന്ന് ഈ മറുതായോടു  എങ്ങനെ പറഞ്ഞു മനസ്സിലാക്കും? ആലോചിച്ചിട്ട് ഒരു എത്തുംപിടിയും  കിട്ടുന്നില്ല . അപ്പോഴാണ് തലയിൽ  ഒരു ബൾബ് മിന്നിയത്. ഇത് വർക്കായാൽ  രക്ഷപെട്ടു. ഞാൻ പൂഴിക്കടകൻ പുറത്തെടുത്തു. എന്റെ വയറിന്റെ  ഭാഗത്തു തടകി ഗർഭിണിയുടെ വയർ പോലെ പെരുപ്പിച്ചു കാണിച്ചു.
"ഹോർമ്മ ഫീ  ഹമൽ "
എന്ന് പറഞ്ഞു. എന്നുവച്ചാൽ  പെണ്ണുമ്പിള്ള ഗർഭിണി ആണെന്ന്.   അവൾക്ക് വാഴയില കൊതി മൂത്ത കാരണം ആണ്  ഞാൻ  മോഷണത്തിനു  ഇറങ്ങിയതെന്നും പറയാതെ പറഞ്ഞു . എന്റെ ദയനീയമായ നിൽപ്പ് കൂടെ കണ്ടതോടെ അവന്റെ മനസ്സലിഞ്ഞു. പാവം അറബി, ഞാൻ  എന്റെ ഗർഭിണിയായ ഭാര്യയെ സന്തോഷിപ്പിക്കാൻ ആണ് ഈ പണിക്കിറങ്ങിയത് എന്നുകേട്ടതോടെ അയാളുടെ ദേഷ്യമൊക്കെ അലിഞ്ഞു പോയി. അയാൾ എന്റെ തോളിൽ തട്ടിക്കൊണ്ട് 
"ഇൻദാ ക്വോയ്‌സ് സെൻ സെൻ "
എന്നുപറഞ്ഞു, അതായത്  നീ നല്ലവനാണ്,  കുഴപ്പക്കാരനല്ല എന്നർത്ഥം. കല്യാണസൗഗന്ധികം തേടിപ്പോയി പുലിവാലു പിടിച്ച അഭിനവ ഭീമനെപ്പോലെ ഞാൻ ഒരു വളിച്ച ചിരിയുമായി തല താഴ്ത്തി നിന്നു.

അയാൾ പോലീസുകാരനോടു യാത്ര പറഞ്ഞു എന്നെ കൈപിടിച്ചു കൊണ്ട് അയാളുടെ വണ്ടിയുടെ അടുത്തേക്ക് കൊണ്ടുപോയി . എന്നോട്  വണ്ടിയിൽ കയറികൊള്ളാൻ പറഞ്ഞു. ഞാൻ താമസിക്കുന്നയിടത്ത് വിടാൻ ആയിരിക്കും എന്നാണ് ഞാൻ കരുതിയത്. നല്ല പടപണ്ടാരം പോലത്തെ വണ്ടി. പതുപതുത്ത സീറ്റിൽ  ഞാൻ ഒരു നത്തിനെപ്പോലെ അള്ളിപ്പിടിച്ചിരുന്നു. അയാൾ ഒന്നും പറയാതെ  എന്നെ അയാളുടെ തോട്ടത്തിലേക്ക് കൂട്ടികൊണ്ടു പോയി.  പണിക്കാരനായ ബംഗാളിയെ  വിളിച്ചു  എനിക്കുവേണ്ടി ഒരു പത്തമ്പത്  വാഴയില മുറിച്ചു അടുക്കി കൈയ്യിൽ  തന്നിട്ട്  മാത്രം ആണ്  അറബിയ്ക്ക് സമാധാനം ആയത്. ഒടുവിൽ ഒരു പഞ്ച് ഡയലോഗും..

" അക്കൽ  അക്കൽ  മാഷാ  അള്ളാ  ബച്ചാ  ഇത്തനീൻ  ഈജി ".
( കഴിച്ചോളൂ, കഴിച്ചോളൂ ദൈവം സഹായിച്ചു നിനക്ക് ഇരട്ടകുട്ടികൾ  ഉണ്ടാകും)


15 comments:


  1. പാവം അറബി, ഞാൻ എന്റെ ഗർഭിണിയായ ഭാര്യയെ സന്തോഷിപ്പിക്കാൻ ആണ്
    ഈ പണിക്കിറങ്ങിയത് എന്നുകേട്ടതോടെ അയാളുടെ ദേഷ്യമൊക്കെ അലിഞ്ഞു പോയി.
    അയാൾ എന്റെ തോളിൽ തട്ടിക്കൊണ്ട്
    "ഇൻദാ ക്വോയ്‌സ് സെൻ സെൻ "
    എന്നുപറഞ്ഞു, അതായത് നീ നല്ലവനാണ്, കുഴപ്പക്കാരനല്ല എന്നർത്ഥം.
    കല്യാണസൗഗന്ധികം തേടിപ്പോയി പുലിവാലു പിടിച്ച അഭിനവ ഭീമനെപ്പോലെ ഞാൻ ഒരു വളിച്ച ചിരിയുമായി തല താഴ്ത്തി നിന്നു.
    അസ്സൽ അനുഭാവാവിഷ്കാരം ...എന്നിട്ട് ആ ഹനുമാൻ വരം പ്രാബല്യത്തിൽ ആയോ ഭായ് - ഇരട്ട കുട്ടികൾ ?

    ReplyDelete
    Replies
    1. അന്നേരം വായിൽ തോന്നിയത് പറഞ്ഞു രക്ഷപെട്ടു.. അയാളുടെ വാക്ക് ഫലിച്ചില്ല ഭായ്..സന്തോഷം. ആശംസകൾ

      Delete
  2. സംഗതി സത്യം അല്ലെങ്കിലും സത്യസന്ധമായി എഴുതി.പോലീസ് സ്റ്റേഷനിലെ നിൽപ്പ് കണ്ടപ്പോൾ ചിരിയും സങ്കടവും തോന്നി...അക്കൽ.. അക്കൽ...

    ReplyDelete
    Replies
    1. എഴുതി ഫലിപ്പിപ്പിക്കാൻ കഴിഞ്ഞില്ലേ മുഹമ്മദ്‌ ഇക്ക?. എഴുതിയതിൽ ചിലതൊക്കെ സത്യം ആണ് . നന്ദി ..സ്നേഹം.. ആശംസകൾ

      Delete
  3. ജയ്പൂരിൽ ആയിരുന്നപ്പോൾ എന്റെ സ്ഥിരം പരിപാടി ഇതായിരുന്നു... അറബി പോലീസ് അല്ലാത്തത് കൊണ്ട് രക്ഷപെട്ട്.. അല്ലെങ്കിൽ കാണാമായിരുന്നു.

    ReplyDelete
    Replies
    1. മലയാളിയ്ക്ക് എവിടെ ആയാലും വാഴയില ഒഴിവാക്കാൻ പാടാണ്..നന്ദി സ്നേഹം.. ആശംസകൾ

      Delete
  4. എന്നാലും ആ വരം ഫലിക്കാഞ്ഞത് കഷ്ടമായിപ്പോയി :-) വന്നു വന്നു ഇപ്പോ അറബിനാട്ടിലല്ല കേരളത്തിൽ തന്നെ വാഴയില കാശുകൊടുത്തു വാങ്ങേണ്ട അവസ്ഥയായിതുടങ്ങി

    ReplyDelete
    Replies
    1. സത്യം..വാഴയില ഒക്കെ ഓർമ്മയായി മാറുന്ന കാലം ഏറെ അടുത്തു ചെങ്ങാതി.. ആശംസകൾ

      Delete
  5. ഹാ ഹാ ഹാ.ആ ഗർഭം ഉണ്ടാക്കിയില്ലായിരുന്നെങ്കിൽ എന്നായേനേ അല്ലേ???

    ReplyDelete
    Replies
    1. ഗർഭം രക്ഷിച്ചു.. അല്ലെങ്കിൽ ഉണക്ക കുബൂസ് തിന്ന് കുറെ കാലം കിടന്നേനെ.. ആശംസകൾ സുഹൃത്തേ

      Delete
  6. ഈ വാഴയില കഥ ഞാൻ നേരത്തെ വായിച്ചു കമന്റും ഇട്ടതാണ്.. പക്ഷേ എന്റെ കമെന്റ് പബ്ലിഷ് ആയില്ല എന്നു തോന്നുന്നു.
    നല്ല അറബി അല്ലേ ..എന്നിട്ട് എന്തായി. ..
    രസകരം ആക്കി വായന

    ReplyDelete
    Replies
    1. അറബി ഇലയും തന്ന് ഫ്ലാറ്റിന്റെ മുമ്പിൽ ഇറക്കി വിട്ടു.. അറബികളിൽ ഹൃദയവിശാലർ ധാരാളം.. നന്ദി മാഡം.

      Delete
  7. ചേട്ടാ പുതിയ പോസ്റ്റ് ഒന്നുമില്ലേ? വലിയൊരു ഗ്യാപ്പ് ആയല്ലോ ഇപ്പൊ...

    ReplyDelete
  8. കൊള്ളാം.
    നമ്മുടെ നാട്ടിലെ കളികൾ അവിടെ നടപ്പില്ല എന്ന് അവിടെ ജോലി ചെയ്യുന്ന ആളിന് അറിയില്ലായിരുന്നോനോ

    ReplyDelete
    Replies
    1. അന്ന് വാഴയിലയിൽ ഒരു സദ്യ ഉണ്ണുക എന്നത് ഒരു ത്രില്ല്.. അതിന് എന്ത് ത്യാഗവും സഹിക്കാൻ തയാർ ആയ പ്രായം.. പിന്നെ എന്താ ചെയ്ക..

      Delete