തബ്ബാക്ക്
ജൂലൈ മാസത്തിലെ ഒരു വെള്ളിയാഴ്ച ദിവസം ഫിഷ്
മാർക്കറ്റിൽ നിന്ന് മീൻ വാങ്ങി മടങ്ങുകയായിരുന്നു ഞാൻ. കടലോരപട്ടണം ആയതിനാൽ ഞാൻ താമസിക്കുന്ന
ചെറുപട്ടണത്തിൽ ഏതുതരം മീനുകളും വലിയ വിലയില്ലാതെ കിട്ടും. വെള്ളിയാഴ്ചകളിലെ പ്രഭാതങ്ങളിൽ
പൊതുവെ റോഡിൽ അത്ര തിരക്കുണ്ടാവില്ല, കൂടാതെ പുറത്തു നല്ല ചൂടും. ജൂലൈ-ആഗസ്റ്റ്
മാസങ്ങളിൽ ഗൾഫിൽ ചൂടിന്‍റെ ആധിക്യമാണ്. റൂമിന് പുറത്തിറങ്ങി ഒരു അഞ്ചുമിനിറ്റ്
നിന്നാൽ വിയർത്തൊഴുകാൻ തുടങ്ങും. ക്ലോക്ക് റൌണ്ട് എബൌട്ട് കഴിഞ്ഞു വണ്ടി മുമ്പോട്ടു
കുതിക്കുമ്പോഴാണ് ഞാൻ അയാളെ കണ്ടത്. വെയിലത്ത് തലയിൽ ഒരു തൂവാല ചൂടി അയാൾ മുമ്പോട്ടു
ആഞ്ഞു നടക്കുന്നുണ്ട്. ഇടയ്ക്കിടയ്ക്കു പ്രതീക്ഷയോടെ റോഡിലെ വാഹനങ്ങളെ നോക്കും. ആരെങ്കിലും കരുണകാട്ടി വാഹനം നിറുത്തിയാലോ എന്നാകും
മനസ്സിൽ. നല്ല വെളുത്തു തടിച്ച ശരീരമുള്ള ഒരു മധ്യവയസ്കൻ. ഒരു സൈഡ് ചരിഞ്ഞു കാലുകൾ
ഏന്തിയുള്ള നടപ്പ്. നടപ്പുകണ്ടാൽ കാലിൽ ആണിരോഗത്തിന്‍റെ അസ്‌കിത ഉണ്ടെന്നു തോന്നും.
ഞങ്ങൾ മരുന്നുകച്ചവടക്കാർ ആരെ കണ്ടാലും അവരുടെ രോഗലക്ഷണങ്ങൾ ആകും ആദ്യം ശ്രദ്ധിക്കുക.
അത് ഒരു ശീലമായിപ്പോയി. ഞാൻ സൈഡ് സിഗ്നൽ ഇട്ടു കാർ നിറുത്തി. അയാൾ ഏന്തിവലിഞ്ഞു ഓടിയെത്തി
കാറിൽ കയറി.
ഗൾഫിൽ റോഡുസൈഡിൽ കാർ നിറുത്തി അന്യരെ കയറ്റിയാൽ ഫൈൻ
കിട്ടാൻ സാധ്യതയുള്ളതു കൊണ്ട് ഞാൻ ചോദ്യങ്ങളൊന്നുമില്ലാതെ കാർ വേഗം മുമ്പോട്ടു എടുത്തു.
ഞാൻ മലയാളി ആണെന്നു ഒറ്റനോട്ടത്തിൽ തോന്നിയതുകൊണ്ടാകും അയാൾ ഏതോ ഒരു ബന്ധുവിനെ കണ്ട
ലാഘവത്തോടെ മുഖം നിറയെ ചിരിയുമായി കാർസീറ്റിൽ അമർന്നിരിപ്പായി, കൂടെ ഒരു അഭ്യർത്ഥനയും..
''
മോനെ എന്നെ വല്യപള്ളിയുടെ അടുത്തുള്ള തിരിവിൽ വിട്ടാൽ മതീട്ടോ.."
കാറിൽ അസുഖകരമായ ഒരു ഗന്ധം നിറഞ്ഞു. വിയർപ്പിന്‍റെയും
പാചകശാലയിലെ എണ്ണയുടെയും കറികളുടെയും മനംമടുപ്പിക്കുന്ന ഗന്ധം. അപ്പോഴാണ് ഞാൻ അയാളെ
സൂക്ഷിച്ചു നോക്കുന്നത്. വെളുത്ത പാന്റ്സിലും ഷർട്ടിലും കറികളുടെയും പാചകാവിഷ്ടങ്ങളുടെയും
പാടുകൾ തെളിഞ്ഞു കാണാം. കണ്ടിട്ടു ഏതോ ഹോട്ടലിലെ പണിക്കാരൻ ആണെന്നു തോന്നുന്നു. ഒരു
മലയാളിയുടെ സ്വതസിദ്ധമായ ജിജ്ഞാസയോടെ ഞാൻ അയാളോട് കാര്യങ്ങൾ തിരക്കി.
" ന്‍റെ പേര് ഖാദർ. മുർഷിദ് റെസ്റ്റോറന്റിലെ തബ്ബാക്കാണ് മോനെ..''
അറബിയിൽ തബ്ബാക്ക് എന്നുവെച്ചാൽ കുക്ക്, ഹോട്ടലിലെ പാചകക്കാരൻ എന്നു സാരം.
പേരും ജോലിയും അറിഞ്ഞാൽ ഏതു മലയാളിയും അടുത്തതായി ചോദിക്കുക നാടെവിടെയെന്നാകും, അതു മുൻകണ്ടിട്ടാകും അയാൾ ചോദിക്കാതെ
പറഞ്ഞു
'' നാട്ടിലങ്ങു തെക്കാണ്..''
തെക്കന്നു കേട്ടതോടെ ഞാൻ ഉഷാറായി. ഗൾഫിൽ തെക്കന് തെക്കനെ കണ്ടാൽ നാട്ടിൽ നിന്നു പിരിഞ്ഞ ഏതോ ഒരു ബന്ധുവിനെ കണ്ട
സന്തോഷമാണ്..ഫയങ്കര സന്തോഷം. നാട്ടിൽ ഭാര്യയും മൂന്ന് പെൺമക്കളും, മക്കളൊക്കെ പഠിയ്ക്കുന്നു, മൂത്തയാളിന്‍റെ നിക്കാഹ് ഉറപ്പിച്ചിരിക്കുന്നു. പയ്യനു വാട്ടർ അതോറിറ്റിയിൽ ആണ്
പണി. അയാൾ നിറുത്താതെ വിശേഷങ്ങൾ പറഞ്ഞുകൊണ്ടിരുന്നു. കൂടെ ഞാൻ കൊല്ലത്തുകാരൻ ആണെന്നും
ഹോസ്പിറ്റലിൽ ആണ് ജോലിയെന്നും അറിഞ്ഞതിൽ മൂപ്പർക്ക് പെരുത്ത സന്തോഷം. കാറിൽ നിന്ന്
ഇറങ്ങാൻ നേരം കൈ അമർത്തിപ്പിടിച്ചു സലാം ചൊല്ലി അയാളുടെ കടയിൽ വരണമെന്നു ആവർത്തിച്ചു
പറഞ്ഞു ഖാദറിക്ക പോയി. ഒരു പെരുമഴ പെയ്തൊഴിഞ്ഞ പ്രതീതി. കാർ മുമ്പോട്ടു നീങ്ങുന്നതിനിടയിൽ
കൈവീശി യാത്ര പറഞ്ഞു അയാൾ പോയി.
പൊതുവെ തെക്കരായ ഹോട്ടൽ പണിക്കാർ ഗൾഫിൽ കുറവാണ്. ഇവിടെ
മലയാളി ഹോട്ടലുകൾ മിക്കവയും നടത്തുന്നത് നാദാപുരം തലശ്ശേരി ഭാഗക്കാരാണ്. ഖാദറിക്കയുടെ
കൈപുണ്യം രുചിച്ചതോടെ ഞാൻ ആ ഹോട്ടലിൽ ഇടയ്ക്കിടെ
പോയിതുടങ്ങി. ഒരു ഇടത്തരം ഹോട്ടൽ. ഞാൻ താമസ്സിക്കുന്ന ചെറുപട്ടണത്തിലെ സനയ്യ (ഇൻഡസ്ട്രിയൽ ഏരിയ) ഭാഗത്താണ് ആ ഹോട്ടൽ. വടക്കൻ എമിറേറ്റ്സിൽ
ഉള്ള ഈ പട്ടണത്തിലെ ഗവണ്മെന്റ് ഹോസ്പിറ്റലിൽ ആണ് എനിയ്ക്കു പണി. മരുന്നുകളുടെയും മറ്റു
അനുബന്ധ സാധനങ്ങളുടെയും സ്റ്റോറിലെ എന്‍റെ ജോലി രാവിലെ 7 മണിയ്ക്ക് തുടങ്ങും. ഏഴുമണിക്ക്
കാർഡ് പഞ്ചു ചെയ്തു ജോലിയ്ക്കു കയറിയില്ലെങ്കിൽ പണി പാളും. നേരം വെളുക്കുന്നതിനു മുമ്പ്
പ്രഭാതഭക്ഷണമായി എന്തെങ്കിലുമൊന്നു കഴിച്ചെന്നു വരുത്തിയാകും ജോലിയ്‌ക്കെത്തുക. ഒരു
10 മണിയാകുമ്പോഴേക്കും വയറ്റിൽ വിശപ്പിന്‍റെ വിളി തുടങ്ങും. മെയിൻസ്റ്റോറിൽ നിന്നു മരുന്നുകൾ
എത്തിക്കുവാനുള്ള ചുമതല ഉള്ളതിനാൽ എനിയ്ക്കു ജോലിയ്ക്കിടെ പുറത്തേക്കു പോകുവാനുള്ള
അനുവാദം ഉണ്ട്. ആ പേരും പറഞ്ഞു ഞാൻ ഖാദറിക്കയുടെ ഹോട്ടലിലേക്ക് പ്രഭാതഭക്ഷണത്തിനായി
ഒരു മുങ്ങുമുങ്ങും.
എന്നെ കണ്ടാലുടൻ ഖാദറിക്ക ഒരു വലിയ ചിരിയോടെ കിച്ചന്‍റെ
വാതിൽ തുറന്ന് പുറത്തേക്കു വരും. നല്ല ചൂടുള്ള പൊറോട്ടയ്ക്കു ഒപ്പം വെജിറ്റബിൾ കുറുമയോ
മീൻകറിയോ അയാൾ എനിയ്ക്കായി എടുത്തു കൊണ്ടുവരും. കൂടെ എനിയ്ക്കു മാത്രം സ്പെഷ്യലായി
ഒരു ചെറിയ പാത്രം രസികൻ സാമ്പാറും. സാമ്പാറിന് പ്രത്യേക ചാർജ് ഒന്നും ഇല്ല. ഞാൻ കഴിക്കുന്നത്
ഭിത്തിയിൽ ചാരിനിന്ന് നോക്കിക്കൊണ്ടു മൂപ്പർ നാട്ടുവിശേഷങ്ങളും മക്കളുടെ പഠിത്തകാര്യങ്ങളും
മറ്റും നിറുത്താതെ പറഞ്ഞുകൊണ്ടിരിക്കും. കൂടെ രോഗങ്ങളെക്കുറിച്ചുള്ള സംശയങ്ങളും മരുന്നുസംബന്ധമായ
സംശയങ്ങളും ഞാൻ തീർത്തുകൊടുക്കണം.
ഖാദറിക്കയുടെ കൈപ്പുണ്യമറിഞ്ഞയാൾ പിന്നെ ആ രുചി മറക്കുകയില്ല.
വെള്ളിയാഴ്ചകളിൽ ഉണ്ടാക്കുന്ന മീൻബിരിയാണിയാണ് മൂപ്പരുടെ മാസ്റ്റർ ഐറ്റം. വട്ടത്തിലുള്ള
വലിയ ഒരു ചെമ്പു നിറയെ ബിരിയാണിച്ചോറും പരന്ന തട്ടത്തിൽ ഉള്ള ചെമ്പിൽ മീൻ വറത്തു മസാലക്കൂട്ടോടെ ചേർത്തു വെച്ചിരിക്കും.
ചെമ്പിൽ നിന്നു മീനും മസാലയും എടുത്തു മുകളിൽ ബിരിയാണിച്ചോർ ചേർത്തു ഞൊടിയിടയിൽ പ്ലേറ്റുകളിൽ
നിറച്ചു മൂപ്പർ കിച്ചൻ ടേബിളിൽ നിരത്തിവെയ്ക്കും. ജുമാ നിസ്കാരം കഴിഞ്ഞു വിശന്നു വെപ്രാളം
പിടിച്ചു വരുന്ന ആൾക്കാരുടെ മുമ്പിലേക്ക് ആ പ്ലേറ്റുകൾ എത്തുമ്പോൾ അവർ കാണിക്കുന്ന
ആർത്തി കണ്ടാലറിയാം ഖാദറിക്കയുടെ പാചകത്തിന്‍റെ പെരുമ. അറബിയും മലയാളിയും ബംഗാളിയും
പാകിസ്ഥാനിയുമെല്ലാം ആ രുചിയുടെ വൈശിഷ്ട്യത്തിൽ മൂക്കുകുത്തും.വെള്ളിയാഴ്ച ദിവസം ഹോട്ടലിൽ
നല്ല തിരക്കാണ്. ഗൾഫിലെ കൊടുംഉഷ്ണത്തിൽ പൊരിയുന്ന കിച്ചണിലെ നരകച്ചൂടേറ്റു വിയർത്തൊലിക്കുന്ന
ഖാദറിക്ക, നെറ്റിയിൽ കെട്ടിയിരിക്കുന്ന
തൂവാല അഴിച്ചു ഇടയ്ക്കിടെ പിഴിഞ്ഞുകളയുന്നത് കാണാം. എണ്ണയിട്ട യന്ത്രം പോലെ മൂപ്പരുടെ
കൈ എല്ലായിടവും എത്തണം. മുഖത്തെ വിയർപ്പ് അടുക്കളപ്പടിയിൽ തൂക്കിയിട്ടിരിക്കുന്ന ടവ്വൽ കൊണ്ടു തുടച്ചു അയാളങ്ങനെ കിച്ചണിൽ ഓടിനടക്കും.
ഖാദറിക്ക റൂമിൽ നിന്നു പുലർച്ചെ നാലുമണിയ്ക്ക് എഴുന്നേറ്റു
ഹോട്ടലിൽ എത്തി ബാങ്കുവിളിയ്ക്ക് മുമ്പ് ബ്രേക്ക്ഫാസ്റ്റിന്‍റെ പണികൾ തീർക്കും. പെറോട്ട
അടിയ്ക്കാനായി ഒരു ബംഗാളിപ്പയ്യൻ ഉണ്ട്. ഉച്ചയ്ക്ക് ശേഷം മൂന്നുമണിയ്ക്ക് അവസാനിക്കുന്ന
ആദ്യ ഷിഫ്റ്റ് തീരുമ്പോളാണ് ഒന്നു ശ്വാസം നേരെ വിടുക. ഹോട്ടലിന്‍റെ പുറത്തു വേപ്പുമരത്തിനു
താഴെ ഇട്ടിരിക്കുന്ന ബെഞ്ചിൽ കിടന്നു അൽപ്പനേരം വിശ്രമിക്കും. നാലുമണിയ്ക്കു ചായക്കടി ഉണ്ടാക്കാൻ ബംഗാളിയെ സഹായിക്കുന്ന
പണി തുടങ്ങിയാൽ പിന്നെ രാത്രി 11 മണിയ്ക്കാവും ഒന്നിരിക്കുവാൻ സമയം ലഭിക്കുക. 1500
ദിറഹം ശമ്പളമാണ് തലശ്ശേരിക്കാരൻ കുഞ്ഞഹമദ് ഹാജി മൂപ്പർക്കു നൽകുക. റൂമിനും ടെലിഫോണിനും
മറ്റു വട്ടചിലവുകളും കിഴിച്ചു ആയിരം ബാക്കി കിട്ടും. അത് മാസാദ്യം തന്നെ എക്സ്ചേഞ്ചിൽ
പോയി ഭാര്യയുടെ പേരിൽ അയച്ചുകഴിയുമ്പോഴാണ് മൂപ്പരുടെ ബേജാർ ഒന്നു കുറയുക.
ഞാൻ ഓരോ തവണ കാണുമ്പോഴും ഖാദറിക്ക നാട്ടിലെ മക്കളുടെ
വിശേഷങ്ങളും അവരുടെ പഠിത്തകാര്യങ്ങളും എന്നോട് വിവരിച്ചു മൂപ്പർക്കുള്ള സംശയങ്ങൾ തീർക്കും.
അയാളുടെ കണ്ണിൽ ഞാനൊക്കെ വല്യപഠിത്തം ഉള്ള ആളാണ്. കൂടാതെ മെഡിക്കൽ സംബന്ധമായ ജോലിയുള്ളവർ
എല്ലാം ഡോക്റ്ററുമാരാണ് എന്നാണ് മൂപ്പരുടെ ധാരണ. അവരോട് ചോദിച്ചാൽ രോഗസംബന്ധമായ വിവരങ്ങളും
മരുന്നും അറിയാം എന്നതുകൊണ്ട് ഹോട്ടലിൽ ചെന്നാൽ അയാളിൽ നിന്നും മറ്റുജോലിക്കാരിൽ നിന്നും
വി.ഐ.പി പരിഗണന കിട്ടും. ഇടയ്‌ക്കോക്കെ എനിയ്ക്കും കുടുംബത്തിനും സ്പെഷ്യലായി ബിരിയാണിപൊതികളും
പലഹാരങ്ങളും തന്നുവിടാൻ മൂപ്പർ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.
ഖാദറിക്ക ഒരു നിത്യരോഗിയാണ്. എപ്പോഴും കാണും അയാൾക്ക്
മുട്ടുവേദനയും തോളെല്ലിനു വേദനയും. വിശ്രമമില്ലാത്ത പണികൊണ്ടാണ് എന്നു പറഞ്ഞാൽ മൂപ്പർ
ഒരു ചിരി ചിരിക്കും.. ഉള്ളുരുകുന്ന ഒരു ചിരി. വേദനാസംഹാരിയും പുറത്തുപുരട്ടുവാൻ ക്രീമും
ഒക്കെ അയാൾ ഫാർമസിയിൽ നിന്നു വാങ്ങി തരംപോലെ ഉപയോഗിക്കും. സാമ്പിളായി കിട്ടുന്ന മരുന്നുകൾ
ഞാനും ഇടയ്ക്ക് കൊടുക്കും. വേദനസംഹാരികൾ അധികം കഴിച്ചാൽ ശരീരത്തിന് ദോഷമാണ് എന്നു ഉപദേശിച്ചാൽ,
" വേറെ എന്താണ് ഒരു നിവർത്തി മോനെ? ഡോക്കിട്ടറെ ഒക്കെ കാണാൻ എനിക്ക് എവിടാ
നേരം? ''
എന്നാകും മറുചോദ്യം ഉന്നയിക്കുക. അങ്ങനെയിരിക്കെ ഒരു
ദിവസം ഞാൻ കടയിൽ ചെന്നപ്പോൾ ഖാദറിക്ക, രാത്രിയിൽ ഉറങ്ങാൻ കഴിയുന്നില്ല, തലയ്ക്ക് പെരുപ്പും കൈകാലുകൾക്ക് മരവിപ്പും ആണെന്നു
എന്നോട് പറഞ്ഞു. ഞാൻ ഡോക്ടറെ കാണാൻ നിർബന്ധിച്ച പ്രകാരം അയാൾ എന്‍റെ ഹോസ്പിറ്റലിൽ ഉള്ള
ഒരു മലയാളി ഫിസിഷ്യനെ കണ്ടു. കൂടെ ഞാനും ഉണ്ടായിരുന്നു. ബ്ലഡ് പ്രഷറും ഷുഗറും ഒക്കെ
കൂടുതൽ, കൊളസ്‌ട്രോൾ ആകട്ടെ മുന്നൂറിനു
മേൽ. മരുന്നും ഭക്ഷണങ്ങളും ഒക്കെ ഡോക്ടർ നിർദേശിച്ചതനുസരിച്ചു കഴിക്കണമെന്നു പറഞ്ഞത്
മൂപ്പർ ഒട്ടും ശ്രദ്ധിച്ചതായി തോന്നുന്നില്ല, അല്ലെങ്കിൽ
ശ്രദ്ധിക്കുവാൻ അയാളുടെ ജീവിതസാഹചര്യങ്ങൾ സമ്മതിച്ചില്ല എന്നതാകും സത്യം. അതിനിടെ വർഷങ്ങൾ പലതു കഴിഞ്ഞു പലതവണ ഖാദറിക്ക നാട്ടിൽ പോയി. മൂത്ത രണ്ടുമക്കളുടെ
കല്യാണം കഴിഞ്ഞു. അതിനുള്ള പണമൊക്കെ ഖാദറിക്ക ഓടിനടന്നു കണ്ടെത്തി. അറിയാവുന്ന പലരും
കൈയ്യയച്ചു സഹായിച്ചു. പിന്നെ അവരുടെ വീടുകാണൽ, പ്രസവം, കുഞ്ഞിനു പേരിടൽ,
മരുമക്കളെ സഹായിക്കൽ തുടങ്ങി ഖാദറിക്കയ്‌ക്ക് വഹിക്കാൻ കഴിയാത്ത നിലയിൽ ചിലവുകൾ
വർദ്ധിച്ചു. ഇളയകുട്ടി പഠിയ്ക്കുവാൻ മിടുക്കിയായതിനാൽ മോളെ എം.എസ്സി വരെ പഠിപ്പിക്കുവാൻ
കഴിഞ്ഞു. എന്‍റെ മക്കളാണ് എന്‍റെ ധനമെന്ന് മൂപ്പർ ഇടയ്ക്കിടെ വീമ്പുപറയും. ഇടയ്ക്കു
വല്ലപ്പോഴുമൊക്കെ എന്നെ കാണുമ്പോൾ മുന്നൂറും അഞ്ഞൂറും ദിർഹമൊക്കെ കടം വാങ്ങുമെങ്കിലും
മാസശമ്പളം കിട്ടുമ്പോൾ കൃത്യമായി തിരികെ തരും. അതിനിടയിൽ ഇളയകുട്ടി പഠിച്ചുകൊണ്ടിരിക്കുമ്പോൾ
തന്നെ ഏതോ ഒരു ഗൾഫുകാരൻ കണ്ടു ഇഷ്ടപ്പെട്ടു അവളുടെ നിക്കാഹ് കഴിഞ്ഞു.
അങ്ങനെയിരിക്കെ ഒരു രാത്രി 8 മണികഴിഞ്ഞപ്പോൾ എനിയ്ക്കു
ഖാദറിക്കയുടെ ഫോണിൽ നിന്നു ഒരു കോൾ വന്നു. ടെലിഫോൺ എടുത്തപ്പോൾ ഹോട്ടലിലെ ഒരു ജോലിക്കാരനാണ്.
ഖാദറിക്ക ഹോസ്പിറ്റലിൽ ആണ് എന്നും അത്യാവശ്യമായി എന്നെ കാണണമെന്നു മൂപ്പർ പറഞ്ഞതായി
വിവരം അറിയിച്ചു. ഹോസ്പിറ്റലിൽ എത്തിയപ്പോൾ ആണ് വിവരം അറിഞ്ഞത്. ബ്ലഡ്പ്രഷർ കൂടി
ഖാദറിക്കയുടെ ഒരു വശം തളർന്നുപോയി എന്ന കാര്യം. എന്നെ കണ്ടപ്പോൾ ഖാദറിക്ക ദയനീയമായി
ഒരു ചിരി ചിരിച്ചു, മുഖത്തിന്‍റെ ഒരു വശം
കോടിയതു കൊണ്ട് വാക്കുകൾക്ക് പതറിച്ച ഉണ്ട്. ഡോക്ടർ എന്‍റെ പരിചയക്കാരനായതിനാൽ വിവരങ്ങളൊക്കെ
തിരക്കി അറിയാൻ കഴിഞ്ഞു.ഖാദറിക്കയുടെ ശരീരത്തിന്‍റെ ഒരു ഭാഗം സ്ട്രോക്ക് വന്നു തളർന്നുപോയി,ഭാഗ്യത്തിനു ജീവൻ രക്ഷപെട്ടു. ഇനി പരസഹായം കൂടാതെ ജോലി ചെയ്തു ജീവിക്കുവാൻ സാധ്യമല്ലെന്നുമുള്ള
കാര്യം ഡോക്ടർ എന്നോടു പറഞ്ഞു. ഈ കാര്യം സാവകാശം ഖാദറിക്കയെ അറിയിക്കുവാൻ ഡോക്ടർ എന്നെ ചുമതലപ്പെടുത്തി.
ഏകദേശം രണ്ടാഴ്ചയ്ക്ക് ശേഷം ഹോസ്പിറ്റലിൽ നിന്നു ഖാദറിക്കയെ ഡിസ്ചാർജ് ചെയ്തു. നല്ലവനായ
ഹോട്ടൽ മുതലാളി അതുവരെയുള്ള ആനുകൂല്യങ്ങളും ടിക്കറ്റും കൊടുത്തു ഖാദറിക്കയെ നാട്ടിൽ
വിട്ടു. നാട്ടിൽ പോകുന്നതിന് തലേന്നു റൂമിൽ കാണാൻ ചെന്നു ഞാൻ. കൈയ്യിൽ നാട്ടിൽ മൂപ്പരുടെ
കുട്ടികൾക്കു കൊടുക്കുവാനായി ചോക്ലേറ്റും ചില സാധനങ്ങളും കരുതിയിരുന്നു. ഏറെ നേരം ഞങ്ങൾ
പഴയകാര്യങ്ങൾ ഒക്കെ പറഞ്ഞിരുന്നു. കെട്ടിപ്പിടിച്ചു പിരിയാൻ നേരം ഉള്ളിൽ ഒരു വിങ്ങൽ..നമുക്ക്
പ്രിയപ്പെട്ട എന്തോ ഒന്നു നഷ്ടപ്പെടുന്നത് പോലെ ഒരു തോന്നൽ...എന്തുകൊണ്ടോ ഖാദറിക്ക
നാട്ടിൽ എത്തിയശേഷമുള്ള വിവരങ്ങൾ പിന്നീട് അറിയാൻ കഴിഞ്ഞില്ല.
ഏകദേശം ഒരു കൊല്ലത്തിനുശേഷം ആണ് ഞാൻ പിന്നീട് നാട്ടിൽ
പോയത്. തിരക്കുകൾ ഒക്കെ കഴിഞ്ഞതിന് ശേഷം എന്‍റെ ഒരു പരിചയക്കാരനെ കൂട്ടി ഞാൻ കൊല്ലത്തെ
ഖാദറിക്കയുടെ വീട് തേടിപോയി. ടൗൺ വിട്ടു ഒരു ഉൾപ്രദേശത്താണ് ഖാദറിക്കയുടെ വീട്.
വീട് കണ്ടുപിടിക്കുവാൻ ഏറെ ബുദ്ധിമുട്ടി. ഇടത്തരം ഒരു ഓടിട്ട പഴയ വീട്. ഞാൻ ചെന്നപ്പോൾ
വീടിന്‍റെ ഉമ്മറത്ത് ആരെയും കാണാൻ കഴിഞ്ഞില്ല. ആരും ഇല്ലേ എന്ന ചോദ്യം കേട്ടിട്ടാകും
അകത്തു നിന്ന് മധ്യവയസ്‌കയായ ഒരു സ്ത്രീ പുറത്തേക്കു വന്നു. ഖാദറിക്കയുടെ ഭാര്യ ആണെന്നു
തോന്നുന്നു. ആരാ എന്ന ചോദ്യത്തിനു ഖാദറിക്കയെ കാണാൻ വന്നതാണെന്നും കൂടെ ഗൾഫിൽ ഉണ്ടായിരുന്ന
ആളാണെന്നും ഞാൻ പറഞ്ഞു. എന്തുകൊണ്ടോ ആ സ്ത്രീയുടെ മുഖത്ത് വല്യ ഒരു താൽപര്യവും തെളിച്ചവും
ഞാൻ കണ്ടില്ല. ആകെ ഒരു മുഷിപ്പ് പോലെ. അവർ ഖാദറിക്ക ഉൾമുറിയിൽ ഉണ്ടെന്നും ചെന്നു കണ്ടുകൊള്ളാനും
പറഞ്ഞു.
കൂടെയുള്ള ആളെ കൂട്ടി അകത്തെ മുറിയിലെത്തിയപ്പോൾ കണ്ട
കാഴ്‌ച ഒരിക്കലും ഞാൻ മറക്കില്ല. ഒരു തടിക്കട്ടിലിൽ അനങ്ങാൻ കഴിയാതെ ജീവച്ഛവം പോലെ
ഖാദറിക്ക… ആകെ മെലിഞ്ഞുണങ്ങിയിരിക്കുന്നു. മുറിയിൽ മൂത്രത്തിന്‍റെയും ആയുർവേദ മരുന്നിന്‍റെയും
മനംമടുപ്പിക്കുന്ന ഗന്ധം. എന്നെ കണ്ടതും അയാൾ ഒരു വിളറിയ ചിരി ചിരിച്ചു.
'' മോനെ നീ വന്നല്ലോ എന്നെ കാണാൻ..പെരുത്ത സന്തോഷം ഉണ്ടു കുട്ട്യേ.."
ഞാൻ തെല്ലുനേരം നിശബ്ദനായി ആ മുഖത്തേക്ക് നോക്കി. അൽപം
പതറിച്ച ഉണ്ടെങ്കിലും വർത്തമാനം വ്യക്തം. ഞാൻ പതിയെ ആ കട്ടിലിന്‍റെ ഓരത്തിരുന്നു ഖാദറിക്കയുടെ
കൈ എടുത്തു എന്‍റെ കൈകളോടു ചേർത്തുവെച്ചു. മുമ്പ് വെളുത്തുതുടുത്തിരുന്ന കൈകൾ ശോഷിച്ചു
ഉണക്കചുള്ളികൾ പോലെയായിരിക്കുന്നു. ഉടുപ്പും മുണ്ടും ഒക്കെ മുഷിഞ്ഞു നാറുന്നു. പാവം
ഖാദറിക്ക, ഒരു പുരുഷാർത്ഥം മുഴുവൻ മക്കൾക്കും കുടുംബത്തിനും
വേണ്ടി ഓടിയ ആ മനുഷ്യന്‍റെ അവസ്ഥ എന്നെ വല്ലാതെ നൊമ്പരപ്പെടുത്തി. അയാൾ എന്‍റെ മുഖത്തേക്ക്
എന്തൊക്കയോ പറയാനെന്നവണ്ണം സൂക്ഷിച്ചുനോക്കി. പക്ഷെ ഒന്നും പറയാതെ തന്നെ എനിക്കു എല്ലാം
മനസ്സിലായി.
''
മക്കളൊക്കെ വരാറില്ലേ?.. ''
ഞാൻ ഭംഗിവാക്കിനു ചോദിച്ചു.
" ഓ ആദ്യമൊക്കെ വന്നിരുന്നു. പിന്നീട് മാസങ്ങൾ
കഴിഞ്ഞപ്പോൾ അവർ ഈ ഉപ്പാനെ മറന്നു... അവർക്കൊക്കെ വല്യ തിരക്കല്ലേ?.. ''
പിന്നീട് ഞാൻ അധികമൊന്നും ആ കാര്യത്തെക്കുറിച്ചു ചോദിച്ചില്ല, ചോദിച്ചാൽ ആ മനുഷ്യൻ വേദനിച്ചാലോ?..നിരർത്ഥകമായ വാക്കുകൾ കൊണ്ട്
എനിക്കു അയാളെ ആശ്വസിപ്പിക്കാനാകില്ല.
എന്‍റെ സംസാരം ചികിത്സയെ കുറിച്ചായി. കഷായം ഒക്കെ കഴിക്കുന്നുണ്ടന്നും ഇപ്പോൾ അൽപം ആശ്വാസമുണ്ടെന്നും
ഖാദറിക്ക എന്നോടു ഭംഗിവാക്ക് പറഞ്ഞു. ഇറങ്ങാൻ നേരം യാത്ര ചോദിച്ചു കൈയ്യിൽ ഒരു ചെറിയ
പൊതി തിരുകിയപ്പോൾ ഖാദറിക്ക പറഞ്ഞു.
"ഞാൻ ചണ്ടിയല്ലേ മോനെ, ആർക്കും വേണ്ടാത്ത ഗൾഫ് ചണ്ടി.."
ഞാനൊന്നും മറുപടി പറഞ്ഞില്ല. എന്തുപറയാൻ എല്ലാ ഗൾഫുകാരും
ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ചണ്ടി തന്നയല്ലേ?.. ചായക്കോപ്പയിലെ തേയിലസഞ്ചി പോലെ സത്തു പിഴിഞ്ഞൊഴിച്ചു ഒടുവിൽ
പുറത്തേക്ക് വലിച്ചെറിയപ്പെടാൻ മാത്രം
വിധിക്കപ്പെട്ടവർ.
തൊണ്ടക്കുഴിയിൽ നിന്നു അറിയാതെ ഉയർന്നുവന്ന ഗദ്ഗദം അടക്കി
ഞാൻ ആ മുറിയിൽ നിന്നു പുറത്തിറങ്ങി. എവിടെയാണ് ഖാദറിക്കയ്‌ക്കു പിഴച്ചത്? മക്കളെ മരുഭൂമിയിൽ കിടന്നു കഷ്ടപ്പെട്ടു
പോറ്റിയതിലോ? ഭാര്യയേയും കുടുംബത്തെയും നന്നായി
നോക്കിയതിലോ?..
അറിയില്ല,
ഉത്തരം കിട്ടാത്ത ഒത്തിരി
സമസ്യകൾ ഈ ലോകത്തു ഉണ്ടല്ലോ....