Saturday, 13 February 2016

മരകൊനസു

                          

                                 മരകൊനസു




ഞങ്ങൾ പൊൻറ്റൂർക്കാർക്ക് കപ്പ ഒരു പ്രലോഭനമാണ് . പുനലൂരിന് ഞങ്ങൾ പുനലൂർക്കാർ തമ്മിൽ സംസാരിക്കുമ്പോൾ പൊൻറ്റൂർ എന്നേ പറയാറുള്ളൂ.   കപ്പ, കൊള്ളി, പൂള, റ്റപ്പിയോക്ക, കസാവ  ഇതൊന്നും പുനലൂർക്കാരുടെ ശബ്ദതാരാവലിയിൽ ഇല്ല, കാലി ചീനി മാത്രം.  തീരെ വിവരം  ഇല്ലാത്ത ചില  പുനലൂർക്കാർ മരച്ചീനിയെന്നും പറയും. ചെറുപ്പം മുതൽ കപ്പ തിന്നു ശീലിച്ച ഞങ്ങൾ ഏതു ദേശത്ത് പോയാലും ആദ്യം അന്വേഷിക്കുക അവിടെ കപ്പ കിട്ടുമോ എന്നാണ് . അത്തരത്തിൽ ഉള്ള ഒരു അന്വേഷണത്തിന്റെ കഥയാണിത്‌.

കർണാടകത്തിലെ മണിപ്പാലിൽ  ഫാർമസി കോളേജിൽ പഠിക്കുന്ന കാലം. ഒന്നാം വർഷക്കാരായ ഞങ്ങൾ ഫ്രെഷേര്സ് എന്ന അധ:കൃത വർഗം . ആദ്യ വർഷക്കാരായ ഞങ്ങൾ ക്ലീൻ ഷേവ് ചെയ്തു വള്ളി ചെരുപ്പും ഇട്ടു വേണം കോളേജിൽ പോകാൻ എന്നത് അലിഖിത നിയമം. കൂടെ ഹോസ്റ്റലിലെ മെസ്സിലെ ഫുഡ്‌,  മിക്കവാറും പരമദയനീയം . പശി മൂത്താൽ പശു പശുക്കയറും തിന്നും  എന്ന ഗതി ആയിരുന്നു ഞങ്ങൾ മലയാളികൾക്ക് . കുത്തരിചോറ് മീൻകറിയും കൂട്ടി തട്ടിയിരുന്ന ഞങ്ങൾ വെള്ളചോറും സാമ്പാറും ശീലമാക്കി .

ഒരു വിധം ഒന്നാം വർഷം കടന്ന ഞങ്ങൾ സീനീയേര്സ് എന്ന പ്രിവിലേജഡ്  കൂട്ടരായി മാറി.  അതോടെ ഞങ്ങളുടെ ജീവിത നിലവാരം BPL ലിൽ നിന്ന് APL ലിലേക്ക് മാറി. ചില വിരുതന്മാർ അതോടെ സ്വന്തമായി ഹോസ്റ്റലിൽ കഞ്ഞിവെപ്പ് തുടങ്ങി . ഹീറ്റെർ ഉപയോഗിച്ചു പാചകം തുടങ്ങിയ ഇക്കൂട്ടർ മിക്കവാറും ഹോസ്റ്റലിലെ പാചകശ്രീകൾ ആയിരുന്നു .
പാചകത്തിന്റെ മെനു ഈ വണ്ണം
1ചോറ് - കഞ്ഞിയായോ ഊറ്റി വറ്റായോ
2,  അച്ചാർ/ ചമ്മന്തി പൊടി - നാട്ടിൽ നിന്ന് ഏതങ്കിലും ഹതഭാഗ്യൻ കൊണ്ട് വന്നത് അടിച്ചു മാറ്റിയത്
 3,  സാമ്പാർ - ഈ വിഭവത്തെ ഏതു രൂപത്തിലും ഉണ്ടാക്കാം കുറച്ചു പരിപ്പ് സാമ്പാറുപൊടി ചേർത്ത് തിളപ്പിച്ചു കൂടെ എന്തങ്കിലും പച്ചക്കറി വെട്ടി ഇട്ടാൽ സാമ്പറായി . അത് കൊണ്ടാണല്ലോ ആറു മലയാളിക്ക്  നൂറു സാമ്പാർ എന്ന  പ്രയോഗം തന്നെ ഉണ്ടായത്.

ഇത്തരത്തിൽ  ഏറ്റവും പ്രസിദ്ധനായ പാചകവിദഗ്ധൻ ഞങ്ങൾ സ്നേഹപൂർവ്വം കിസ്ക്ക  എന്ന് പേരിട്ട് വിളിക്കുന്ന എന്റെ സഹമുറിയൻ സജി ആയിരുന്നു . മൂപ്പർ വീട്ടുകാരെ പറ്റിച്ചു മെസ്സ് ഫീസ്‌ തരമാക്കുകയും ചുരുങ്ങിയ ചിലവിൽ കഞ്ഞിവീഴ്ത്ത് നടത്തി ജീവനം കഴിച്ചിരുന്ന ഒരു രസികൻ . പകൽ കോളേജിൽ പോകാതെ റൂമിൽ കിടന്നുറങ്ങുകയും വൈകിട്ട് കൃത്യമായി ലേഡീസ് ഹോസ്റ്റലിനു മുമ്പിൽ ഹാജർ വെയ്ക്കുകയും ചെയ്തിരുന്ന ഈ മഹാനെ ഞങ്ങൾ ആദരവോടെ ആണ് കണ്ടിരുന്നത്‌ . അതിനുള്ള കാരണം ലേഡീസ് ഹോസ്റ്റലിലെ ന്യൂസുകൾ ലൈവ് ആയി ടിയാൻ എത്തിക്കുക, കൂടെയുള്ള പഠിപ്പിസ്റ്റുകളെ എന്തങ്കിലും  ഒക്കെ പറഞ്ഞു പറ്റിക്കുക  ആദിയായുള്ള മഹത്കർമങ്ങൾ  ചെയ്തിരുന്നതിനാൽ ആയിരുന്നു.

മിക്കവാറും അവധി ദിവസങ്ങളിൽ  ഞങ്ങൾ കുറേപ്പേർ  ഈ കഞ്ഞി പരിപാടിയിൽ ഭാഗവാക്കായി തുടങ്ങി കാരണം മറ്റൊന്നും അല്ല, മെസ്സിലെ  പുല്ലും വൈക്കോലും തിന്നാതെ രക്ഷപെടാമല്ലോ.  കഞ്ഞിയെങ്കിൽ കഞ്ഞി  കൂടെ ചമ്മന്തി പൊടിയോ അച്ചാറോ ചേർത്ത് ഒരു പിടി പിടിച്ചാൽ അതല്ലേ ഭേദം. അതിനിടെ കിസ്ക്കാ എവിടെ നിന്നോ ഒരു ചീനച്ചട്ടി സംഘടിപ്പിച്ചതോടെ സംഗതി ഉഷാർ ആയി. മൂപ്പർ ജോസേട്ടൻ  നടത്തുന്ന കേരളാ ഹോട്ടലിൽ പോയി കാളയിറച്ചി എവിടെ കിട്ടും എന്നു കണ്ടുപിടിച്ചു . അതോടെ ബീഫ് വരട്ടിയത് ഒരു സ്പെഷ്യൽ ഐറ്റം ആയി വീക്കെണ്ട് മെനുവിൽ സ്ഥാനം പിടിച്ചു. ഇക്കാരണത്താൽ  കഞ്ഞികുടിക്കാരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു.
അങ്ങനെ ഇരിക്കെ  ഒരു ദിവസം ഞങ്ങളുടെ  കൂട്ടത്തിൽ പഠിപ്പിസ്റ്റും സുന്ദര കോമളനുമായ ജെയിംസ്  കഞ്ഞി കുടിക്കാൻ കൂടി . കൂട്ടുകാർ കനിഞ്ഞു അനുഗ്രഹിച്ചു കേംരാജ്  എന്നു ഇടംപേർ ഇട്ടിരുന്ന ഈ ആശാൻ മണിപ്പാലിലെ ബീ.എസ്സി നേഴ്സിംഗ്  ബാച്ചിന്റെ രോമാഞ്ച കുഞ്ചുകം  ആയിരുന്നു. കിസ്ക്കായും കേംരാജും  പെൺപിള്ളേരെ വളയ്ക്കുന്ന പ്രോഫെഷനിൽ വിദഗ്ധർ  ആയതിനാൽ അവർ തമ്മിൽ ഒരു പ്രൊഫെഷനൽ ജെലസ്സി നിലനിന്നിരുന്നു . കിസ്ക്കാ എന്തങ്കിലും ഒരു പാര കേംരാജിനിട്ടു പണിയാൻ കാത്തിരിക്കുമ്പോൾ ആണ് മൂപ്പരുടെ വരവ്. 

കേംരാജ് കഞ്ഞി മീനച്ചാറും ചമ്മന്തിയും കൂട്ടി വയറു നിറയെ കുടിച്ചു  ഏമ്പക്കം വിട്ടതിനു ശേഷം ഒരു ഐഡിയ മുമ്പോട്ട്‌ വെച്ചു
"നാളെ  ബീഫ് വരട്ടിയതും കപ്പ പുഴുങ്ങിയതും ആക്കിയാലോ ? ബീഫിന്റെയും  കപ്പയുടേയും കാശു ഞാൻ കൊടുത്തോളാം "
അറ്റ കൈയ്ക്ക്  ഉപ്പു തേക്കാത്ത കേംരാജിന്റെ ഓഫർ കേട്ടുനിന്ന ഞങ്ങളുടെ മനസിലിലൊരു ലെഡു പൊട്ടി , പക്ഷെ പ്രശ്നം കപ്പ എവിടെ കിട്ടും എന്നുള്ളതാണ് . കേട്ടുനിന്ന കിസ്ക്ക ഒരു പരിഹാരം മുമ്പോട്ട്‌ വെച്ചു .
'' ഞാൻ കേരള ഹോട്ടലിൽ ജോസേട്ടനോട് കപ്പ എവിടെ കിട്ടും എന്ന് തിരക്കാം .''
പിറ്റേന്ന് ഉച്ചയ്ക്കത്തേക്ക്‌ കപ്പ പുഴുങ്ങിയത്  ബീഫ് വരട്ടിയതും കൂട്ടി തട്ടുന്നത്  ഓർത്ത് ഞാൻ അടക്കം പലരുടെയും വായിൽ വെള്ളമൂറി .

പിറ്റേന്ന് രാവിലെ കേംരാജ്  കുളിച്ചു കുട്ടപ്പനായി ബൈക്കുമായി ഹോസ്റ്റൽ റൂമിന്റെ താഴെ വന്നു കിസ്ക്കായെ വിളിച്ചു
   '' അളിയാ കപ്പ വാങ്ങിക്കാൻ പോകാം ''
തലേന്ന് നല്ല ഉഷാറിൽ നിന്ന കിസ്ക്ക ഒന്ന് പുറകോട്ടു വലിഞ്ഞു.
‘’ഞാൻ ബീഫ് റെഡിയാക്കാം നീ പോയി കപ്പ വാങ്ങിച്ചോണ്ട് വാ ’’
എല്ലാത്തിനും ചാടിപുറപ്പെടുന്ന  കിസ്ക്കാ അന്ന് പതിവില്ലാതെ എന്നോട് പറഞ്ഞു കേംരാജിനോടൊപ്പം പോകാൻ.  അവൻ തലേന്ന് വൈകിട്ട് ജോസേട്ടനോട് ചോദിച്ചു മനസിലാക്കിയത്രെ കപ്പ സരളബേട്ടുവിലെ ഏതോ ഒരു കള്ളു ഷാപ്പിൽ കിട്ടുമത്രേ . പക്ഷെ കപ്പ എന്നതിന്  കന്നഡത്തിൽ  മരകൊനസു എന്ന് വേണം പറയാൻ. കന്നഡ അല്പമൊക്കെ അറിയാമെന്ന് ഇടയ്ക്ക് വീമ്പ് പറയുന്ന കിസ്ക്കാ  കേംരാജിനെ മരകൊനസു .. മരകൊനസു  എന്ന് മൂന്നാലു തവണ പറഞ്ഞു ഒരു വിധം പഠിപ്പിച്ചു എടുത്തു . കന്നഡ തീരെ വശമില്ലാത്ത കേംരാജ്  ഒരു വിധം മരകൊനസു എന്നു പറഞ്ഞു പഠിച്ചു ,  എന്നെ കൂട്ടി സരളബേട്ടുവിലെ കള്ളു ഷാപ്പ്‌ തേടി പോയി . വായിനോട്ടം ഒരു സൈഡ് ബിസിനെസ്സ് ആയതിനാൽ മൂപ്പർക്ക് വഴിയൊക്കെ നല്ല  നിശ്ചയം . ഇന്ത്യയിൽ എവിടെ പോയാലും കള്ളുഷാപ്പ്  കണ്ടു പിടിക്കുവാൻ പ്രത്യേക പരിജ്ഞാനം ഒന്നും ആവശ്യമില്ലാത്തതിനാൽ പെട്ടന്നു ഇടം കണ്ടു പിടിച്ചു.

സരളബേട്ടുവിലെ  കള്ളുഷാപ്പിനടുത്ത്  എത്തിയതോടെ കേംരാജ്  ഉഷാറായി. ഗ്രഹിണി പിടിച്ച പിള്ളേർ ചക്കക്കൂട്ടാൻ കണ്ടതുപോലെ എന്നോട് പറഞ്ഞു .
'' നീ  ഇവിടെ നിൽക്ക്  ഞാൻ പോയി ചോദിച്ചിട്ട്‌ വരാം  മരകൊനസു ''

ഞാൻ കൂടെ വരാം എന്ന് എത്ര പറഞ്ഞിട്ടും അവൻ സമ്മതിച്ചില്ല . ഒരു പക്ഷേ  അങ്കവും കാണാം പറ്റുമെങ്കിൽ  താളിയും ഒടിയ്ക്കാം എന്നായിരിക്കും മൂപ്പരുടെ മനസിലിരുപ്പ്.  രക്ഷയില്ല എന്ന് കണ്ട  ഞാൻ നട്ട് പോയ അണ്ണാനെപ്പോലെ ബൈക്കിനടുത്ത്  കാത്തുനിന്നു. അല്ലേലും പരുത്തിക്കടയിൽ നായക്ക് എന്നാ കാര്യം ?

അല്പനേരം കഴിഞ്ഞു  ഷാപ്പിൽ നിന്ന് ഒരു അടിയുടെ ഒച്ചയും ബഹളവും കേട്ട് ഞാൻ ഓടി ചെല്ലുമ്പോൾ മൂന്നാല് തടിമാടൻമാരായ കന്നടക്കാർ  വളഞ്ഞു വെച്ച് കേം രാജിനെ ഇടിക്കുകയാണ്  കൂടെ കന്നടത്തിൽ പച്ച തെറിയും.

 ''  ***  മകനേ..നമ്മ ഊരു വന്ന് നമ്മത്ര കെട്ടഹേളികെ     മാത്താഡുത്താ..''

ഞാൻ എന്താണ്  പറ്റിയതെന്ന്  എന്ന് ചോദിച്ചപ്പോൾ പാതി കരച്ചിന്റെ വക്കത്തായ കേംരാജ് പറഞ്ഞു

''ഞാൻ മരകൊനസു ഉണ്ടോ എന്ന് ചോദിച്ചതാ..  അതിനാ ഇവൻമാർ  ഇങ്ങനെ ഇടിക്കുന്നേ ''

പെട്ടന്ന് തലയിൽ ബൾബ്‌ മിന്നിയ ഞാൻ പറഞ്ഞു

'' എടാ നിന്നെ കിസ്ക്കാ പറ്റിച്ചതാ .. ഇതു ഏതോ കന്നടത്തിലെ 
തെറിയാ ...''

സംഗതി വശക്കേടാണന്ന്‌ മനസിലായ ഞാൻ  അവനോട്  ഓടിക്കോളാൻ പറഞ്ഞു  പുറകെ ഞാനും വെച്ചുപിടിച്ചു . ഒരുവിധം  രക്ഷപെട്ടു ബൈക്കിൽ കേറി അവിടെ നിന്ന് വലിഞ്ഞു . പുറകിലേക്ക് തിരിഞ്ഞു നോക്കിയപ്പോൾ  അവന്മാർ  കല്ലും  വടിയുമായി ഷാപ്പിനു വെളിയിൽ ഓടി എത്തിയിരുന്നു. ഭാഗ്യം ആയുസിന്റെ ബലം കൊണ്ട് തടി കേടാകാതെ  രക്ഷപെട്ടു . മരോട്ടിക്കാ തിന്ന കാക്കയെ പോലെ ഹോസ്റ്റലിൽ എത്തിയ ഞങ്ങളെ കാത്ത് ഒരു മുട്ടൻ അളിഞ്ഞ ചിരിയും ആയി കിസ്ക്കാ നിൽക്കുന്നു .

'' അളിയാ എന്തോ പറ്റി  എവിടെ  മരകൊനസു ? ''

മറുപടിയായി കേംരാജ് പറഞ്ഞ മുഴുത്തതെറി കേട്ട് എന്റെ ചെവിയുടെ ഫ്യൂസ് അടിച്ചു പോയി.
ശേഷം സംഭവങ്ങൾ മനോധർമ്മം പോലെ....

പക്ഷെ മരകൊനസു എന്ന വാക്കിന്റെ അർത്ഥം നാളിതുവരെ പിടികിട്ടിയിട്ടില്ല.









Thursday, 21 January 2016

ചക്ക പുരാണം

                                 
                              ചക്ക പുരാണം

  

നാട്ടിൽ ബംഗാളി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഡിമാന്റ്റ് ഉള്ള ടീം ആയി മാറി ചക്ക. പണ്ടൊക്കെ വെറുതെ കൊടുത്താലും ആർക്കും വേണ്ടാത്ത സാധനം ആയിരുന്നു ചക്ക . ഇന്നു കാലം മാറി പ്രമേഹ നിയന്ത്രണത്തിന് ഏറ്റവും പറ്റിയ ആഹാരം ആയി ചക്ക. നാട്ടിൽ ഇപ്രാവശ്യം പോയപ്പോൾ ഒരു പഴുത്ത ചക്കയ്ക്ക് വേണ്ടി നെട്ടോട്ടം ഓടിയതാണ് എന്നെ ഇതു എഴുതിപ്പിച്ചത്

ചക്കയുടെ ജന്മസ്ഥലം നമ്മുടെ  സൗത്ത് ഇന്ത്യ തന്നെ . ജാക്ക് ഫ്രൂട്ട് എന്ന് ഇംഗ്ലീഷുകാർ  വിളിക്കുന്ന ചക്കയുടെ ഈ പേര്  ഭൂമി മലയാളത്തിൽ നിന്ന് ഉണ്ടായതാണന്ന് എത്ര പേർക്ക് അറിയാം.പണ്ട് കേരളത്തിൽ എത്തിയ പറങ്കികൾ   ഇതിന്റെ രുചിയിൽ തലകുത്തി വീണത്രേ. അവർ  കടത്തികൊണ്ടു പോയ ചക്കകുരു കിളിച്ച് ഉണ്ടായ മരത്തിനു ജക്ക 
( jaca ) എന്നപേരും ഇട്ടു പിന്നിട് ഇംഗ്ലീഷുകാർ ചിന്തേരിട്ടു  മിനുക്കി 
ജാക്ക് ഫ്രൂട്ട് എന്നാക്കി.

കത്തൽ എന്ന് ബംഗാളികൾ  വിളിക്കുന്ന ചക്ക ബംഗ്ലാദേശിന്റെ ദേശിയഫലം ആണ് . തമിഴന്മാർ കഴിഞ്ഞാൽ ഇക്കൂട്ടർ ചക്കയെന്ന് കേട്ടാൽ കമിഴ്ന്നു വീഴും . ഇപ്പോ നമ്മൾ  മലയാളികളും ഒട്ടും പിന്നിൽ അല്ല , നായ്‌കാട്ടം ആയാലും നല്ലതെന്ന് ഇംഗ്ലീഷുകാർ പറഞ്ഞാൽ അല്ലേ നാം കേൾക്കൂ..

ബി.സി 4000 മുതൽ  ഇന്ത്യയിൽ പ്ലാവുകൾ ഉണ്ടായിരുന്നു എന്നാണ് ചരിത്രം പറയുന്നത്. മഹാനായ അശോകചക്രവർത്തി പ്ലാവുകളുടെ ഒട്ടുതൈകൾ നാട്ടിൽ ഉടനീളം നട്ടുപിടിപ്പിച്ചതായി ചരിത്രം പറയുന്നു. ജ്യോതിശാസ്ത്രന്ജനും ഗണിതശാസ്ത്ര വിദഗ്ദ്ധനുമായ വരാഹമിഹിരൻ ( ബിസി 500) ബ്രഹിത് സംഹിതയിൽ പ്ലാവുകളുടെ ഗുണമേന്മയുള്ള തൈകൾ ഉണ്ടാക്കുന്ന വിധം വിവരിച്ചിട്ടുണ്ട്. ബാബർ ചക്രവർത്തി ഏറ്റവും കൂടുതൽ വെറുത്തഫലമാണ് ചക്ക. പതിനാറാം നൂറ്റാണ്ടിൽ എഴുതിയ ബാബർനാമയിൽ താൻ പറയുന്നത് ചക്കപഴം ആട്ടിൻ കുടലുപോലെ വൃത്തി കെട്ടതാണന്നാണ്,ചക്കപ്പഴം വയറിന് അസുഖം പിടിപ്പിക്കും വിധം മധുരമുള്ളതും . തുർക്കിക്കാരനായ ഈ മൂപ്പരെ ആരോ ചകിണി തീറ്റിച്ചുകാണും ..അല്ലങ്കിൽ ആർത്തി മൂത്ത് ചക്കപ്പഴം   വലിച്ചു വാരിത്തിന്ന് വയറ്റിനസുഖം പിടിച്ചുകാണും

പ്രമേഹരോഗികളുടെ കേന്ദ്രമാണ് കേരളം.കേരളത്തിൽ 25 വയസിൽ മേലുള്ള 30 ശതമാനത്തോളം പേർ പ്രമേഹ രോഗികൾ ആണ്. 50 ശതമാനം കേരളിയരും പ്രമേഹ ബാധിതരാകാന്‍ സാധ്യതയുള്ളവരാണത്രെ.പ്രമേഹ ചികിത്സക്കായി നാം  വർഷം തോറും  600 കോടിരൂപ ചെലവിടുന്നു. പച്ച ചക്ക പ്രമേഹത്തെ പ്രതിരോധിച്ചു നിർത്തുമെന്ന്  ഡോക്ടര്‍മാര്‍ പറയുന്നു. പച്ചച്ചക്ക വേവിച്ചു കഴിച്ചു  രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചുനിര്‍ത്താം. ധാരാളം നാരുകൾ അടങ്ങിയ ചക്ക പ്രമേഹത്തെ നിയന്ത്രിച്ചു നിറുത്തും എന്ന് പുതിയ പഠനങ്ങൾ വെളിപ്പെടുത്തുന്നു . പഴുക്കുന്നതിനു തൊട്ടുമുമ്പുള്ള വിളഞ്ഞ ചക്കയാണ്  പ്രമേഹത്തെ പ്രതിരോധിക്കാന്‍ ഏറ്റവും പറ്റിയത് . ധാരാളം കാർബോഹൈഡ്രെറ്റുള്ള  ചക്ക ഡയബറ്റിസുകാർ   ഒഴിവാക്കണമെന്നായിരുന്നു ഇതുവരെ നാം കരുതിപ്പോന്നത്. പ്രമേഹനിയന്ത്രത്തിന്  പച്ച ചക്ക ഏറ്റവും  നല്ല ഭക്ഷണമാണെന്നത് പുതിയ വിവരം .
   



ഹിന്ദു പുരാണത്തിൽ ദേവനർത്തകി ഉർവ്വശി  ഇന്ദ്രനോട് സ്വർഗത്തിലും ഭുമിയിലും പാതാളത്തിലും ഇല്ലാത്ത ഒരു ഒരു പഴം വേണമെന്ന് ആവശ്യപ്പെട്ടു ,ഇന്ദ്രൻറെ സ്പെഷ്യൽ റെക്കമെന്റെഷൻ പ്രകാരം ബ്രഹ്മാവു് പാലാഴിയിലെ ഒരുതുള്ളി വെള്ളം എടുത്തു പ്ലാവിനെ ഉണ്ടാക്കി, മിക്കവാറും തേൻവരിക്ക ആകാനാണ് സാധ്യത. ‘പെണ്ണോരുമ്പിട്ടാൽ ബ്രഹ്മനും തടുക്കാ..’ എന്നല്ലയോ പ്രമാണം. ബുദ്ധസന്യാസികൾ തങ്ങളുടെ മഞ്ഞവസ്ത്രങ്ങൾ ഉണ്ടാക്കിയിരുന്നത് പ്രകൃതിദത്ത ചായം ആയ പ്ലാവ് തടിയുടെ കാതൽ പൊടിച്ചു ഉണ്ടാക്കിയ പ്രത്യേകകൂട്ടിൽ മുക്കിയാണ്.
കേരളത്തിൽ ആരും പ്ലാവ് കൃഷിചെയ്യാറില്ല, അത് ഒരു കാർഷിക വിളയും അല്ല . തനിയെ കിളിർക്കുന്നു വളരുന്നു നനയും പരിചരണവുമില്ല ആരും ശ്രദ്ധിക്കാറുമില്ല .ഈ അടുത്ത കാലത്തായി അല്പം മാറ്റം വന്നിട്ടുണ്ട്. മലയാളികൾ പച്ചക്കറി കൃഷിയിലേക്കും ചക്കയിലേക്കും ഒക്കെ തിരിഞ്ഞിട്ടുണ്ട് .തൃശൂർ സ്വദേശി ആയ പ്ലാവു ജയൻ ഗൾഫിലെ ജോലി കളഞ്ഞു നാട്ടിൽ വന്നു 10000ത്തോളം പ്ലാവുകൾ കേരളത്തിൽ വെച്ചുപിടിപ്പിട്ടുണ്ട് . തന്റെ അഭിപ്രായത്തിൽ  200 കൊല്ലം ഫലം തരുന്ന കല്പവൃക്ഷം ആണ് പ്ലാവ് ചുരുങ്ങിയത് 1 ലക്ഷം പ്ലാവുകൾ എങ്കിലും നട്ടുപിടിപ്പിക്കണം എന്നാണ് ജയന്റെ ജീവിത അഭിലാഷം.






വെറുതെ  വേവിച്ചും, ചക്കപഴമായും , വരട്ടി ചക്ക ഹലുവയാക്കിയും വഴണ ഇലയിൽ  പുഴുങ്ങിഅപ്പമാക്കിയും ,ചക്ക ചുളവറുത്തും  മാത്രമല്ല ചക്ക ഉപയോഗിക്കാവുന്നത് . ചക്കപായസം,ചക്ക എരുശ്ശേരി , ചക്കകേക്ക്, ചക്കകൊഴുക്കട്ട ചക്ക ചമന്തി, ചക്കക്കുരു മെഴുക്കുപുരട്ടി ,ചക്ക വൈൻ ,ചക്കബിരിയാണി , ഇടിച്ചക്ക തോരൻ , ചക്ക പപ്പടം തുടങ്ങി ചക്ക വിഭവങ്ങൾ ഒരായിരം. പ്രോട്ടിൻ സമ്പുഷ്ടമായ ചക്കകുരു പൊടിച്ചു കാപ്പിപൊടിയായും മൈദയായും ഉപയോഗിക്കാം . കൂഴയും ചകിണിയും തോരന് ഉത്തമം. മടലൊഴികെ എല്ലാം ഭക്ഷ്യയോഗ്യം. ഇത്രയൊക്കെ കേമനായ ചക്കയെ നമ്മൾ  മലയാളികൾക്ക് ഒരു വിലയില്ലാതെ കളയുന്നത് ദൈവം പോലും പൊറുക്കുല്ല. ഈയുള്ളവന്റെ ഈ ചക്കപ്രാന്തൊക്കെ കണ്ടിട്ട് ഉള്ള ജോലി കളഞ്ഞു നാട്ടിൽ പോയി പ്ലാവ് കൃഷി നടത്തുമോ എന്നാണ് നല്ലപാതിയുടെ ഇപ്പോഴത്തെ പേടി .
 



ചക്കയെ ചുറ്റിപ്പറ്റി രസകരമായ അനേകം ചൊല്ലുകളും പ്രയോഗങ്ങളും ഉണ്ട് .
പനസി ദശായാം പാശി എന്താണന്ന് ചോദിച്ച് കുട്ടുകാരെ  കുഴക്കുന്ന  വിരുതന്മാരെ  ഓർമയില്ലേ  (പനസം -ചക്ക പനസി- ചക്കി ദശം- പത്ത് ദശായാം -പത്തായത്തിൽ പാശം -കയർ പാശി -കയറി ).
എങ്ങാനും ഒരു കണക്കു ശരിയായാൽ ചക്ക വീണു മുയൽ ചത്ത കഥ  പറയുന്ന കണക്ക് മാഷിനെ ഓർമയില്ലേ . പരീക്ഷക്ക് നല്ല മാർക്ക് വാങ്ങിയാൽ വേണേൽ ചക്ക വേരേലും കായിക്കും എന്ന് സ്നേഹത്തോട് പറയുന്ന ടീച്ചറിനെ  ...
ചക്ക പ്ലാവേൽ കണ്ടു മീശയ്ക്ക് എണ്ണ തേക്കരുതെന്ന് പറഞ്ഞു എടുത്തു ചാട്ടത്തെ തടയുന്ന അച്ഛനെ എങ്ങനെ മറക്കാൻ .
എപ്പോഴും ചക്ക വിഭവങ്ങൾ തിന്ന് മടുത്ത് ഒടുവിൽ അമ്മയെ കളിയാക്കാൻ ശ്ലോകത്തിന്റെ കൂട്ടുപിടിക്കുന്ന കുറുമ്പുകാരനെ മറക്കാനാവുമോ

പച്ചയ്ക്കുതിന്നു ചുളതിന്നു വരിക്കതിന്നു
ഉച്ചയ്ക്കഹോ കുളികഴിഞ്ഞൊരു ചക്കതിന്നു
അത്താഴവും പുനരിങ്ങഹ ചക്ക തന്നെ
നാരായണാ തലയിണയ്ക്കുമൊരൊത്ത ചക്ക

ക്രിസ്ത്യാനികുട്ടികൾ ചെറുപ്പത്തിൽ ചക്കയുള്ള വീട്ടിൽ യോഗം വെക്കേണം അത് കൊത്തനായാലും ഞങ്ങൾ തിന്നോളാം എന്നു കളിയായി പാടാറുണ്ട്

കീടനാശിനിവിഷം അശേഷം തളിക്കാത്ത ചക്കയാണല്ലോ ലോകത്തിലെ ഏറ്റവും വലിയ ഫലം . പ്രവാസിയുടെ ഗൃഹാതുരത്വം      ഉണർത്തുന്ന ഓർമയാണ്ചക്ക …ചക്ക മഹാത്മ്യം വിജയിക്കട്ടെ

വാൽകഷ്ണം :
ഗൾഫിൽ വന്ന ആദ്യ നാളുകളിൽ കൂടെ ജോലി ചെയ്യുന്ന ബോംബെക്കാരനോട് മുറി ഹിന്ദിയിൽ ''ചക്ക** ചാഹിയെ? ''     എന്ന് ചോദിച്ചപ്പോൾ അവൻ ചിരിച്ച അളിഞ്ഞ ചിരിയുടെ അർത്ഥം അടുത്ത കാലത്താണ് മനസ്സിലായത്


(**ചക്ക=ഹിജഡ) 

















Friday, 15 January 2016

32 ഇഞ്ച്‌ സാംസുങ്ങ് ടി.വി


                          32 ഇഞ്ച്‌ സാംസുങ്ങ് ടി.വി





തിരുവന്തോരം എയർ പോർട്ടിൽ വൈകിട്ട് 6.30 ന് വിമാനം ലാന്റ് ചെയ്തപ്പോഴെ മനസ്സ് കുളിർത്തു . വിന്ഡോയിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ ചാറ്റമഴ ..ആവൂ  ആശ്വാസമായി  നാട് പിടിച്ചല്ലോ എന്റെ നാട് നാട്ടിൽ ഞാൻ മുവത്തൻ ( അറബിയിൽ സ്വദേശി )  ആഹാ  തന്തോഴം ..പെരുത്ത സന്തോഷംപ്ലൈയിൻ ഇറങ്ങി ലഗേജ് കിട്ടാൻ ഒരു മണിക്കൂറെ എടുത്തുള്ളൂ . കോഴിക്ക് മുല വരുമ്പോലെയുള്ള അനന്തമായ കാത്തിരുപ്പിനിടെ പുറകിൽ നിന്ന് ഒരു വിളി, സാറിന്റെ ലഗേജ് വന്നില്ലേ . തിരിഞ്ഞു നോക്കിയ ഞാൻ ഞെട്ടിപ്പോയി കസ്റ്റംസ് ഉദ്യോഗസ്ഥൻ ..ഇവർ ഇത്രയും മര്യാദക്കാരോ ..വെറുതെ ഓരോരോ അപവാദങ്ങൾ പത്രക്കാർ പറഞ്ഞുണ്ടാക്കുന്നതെ ..തങ്കപെട്ടമനിതർ  ഇവരെ കുറിച്ചാണോ ഈ അപവാദങ്ങൾ …ഭാഗ്യത്തിന് ലഗേജ്  ഉടൻ വന്നു .ഗൾഫിൽ നിന്ന് ചുളു   വിലയ്ക്ക്  ഓഫെറിൽ  കിട്ടിയ 32 ഇഞ്ച്‌ സാംസുങ്ങ് ടിവിയിലേക്ക് കോഴി കോങ്കണിട്ട്‌ നോക്കുന്നത് പോലെയുള്ള ഓഫീസറുടെ നോട്ടം കണ്ടപ്പോഴേ മനസ്സിൽ പറഞ്ഞു ..കുടുങ്ങി  വീട്ടുകാരെ ചുരുങ്ങിയ  ചിലവിൽ സന്തോഷിപ്പികാനുള്ള എന്റെ മോഹം ഗോപി.. ഞാൻ വരുന്നത് വരട്ടെ എന്ന് വിചാരിച്ചു പോക്കറ്റിൽ നിന്ന് ബില്ല് എടുത്തു കൊടുക്കാൻ ഒരു വിഫല ശ്രമം നടത്തി .അതവിടെ വെച്ചേരെ സാറെ ഇവിടുത്തെ വിലയ്ക്കാണ് ടാക്സ്..അപ്പോഴാണ് സാറ് വിളിയുടെ ഗുട്ടന്സ് പിടികിട്ടിയത്..അങ്ങേർ ഒരു വലിയ ലിസ്റ്റ് പുറത്തെടുത്തു സാംസുങ്ങ്  ടി വി യുടെ ലിസ്റ്റിൽ നോക്കി 32 ഇഞ്ചിന്റെ ടാക്സ് പറഞ്ഞു 5400 രൂപ ..കർത്താവെ പണി കിട്ടി സാറ് വിളിയുടെ പുറകിൽ ഇങ്ങനെ ഒരു ദുരുദ്ദേശം ഉണ്ടെന്ന് മനസാ വാചാ വിചാരിച്ചില്ല  ..കശ്മലൻ.എന്തായാലും ഒരു നമ്പർ ഇട്ടു നോക്കാം.  സാറെ.. എന്തങ്കിലും ഒന്ന് കുറയ്ക്കണം ..സാറിന് മാത്രമേ പറ്റു ..സാറ് വിചാരിച്ചാൽ മാത്രമേ നടക്കൂ ...
പിന്നെ അതെനിക്ക് അറിയില്ലേ അനിയാ .. ഡിം.. ഇപ്രാവശ്യം സാറിന് അനിയനായി ഡീപ്രൊമോഷൻ കിട്ടി .സാരമില്ല പൂച്ച ഏതായാലും എലിയെ പിടിച്ചാൽ പോരെ. ഒടുവിൽ അങ്ങേർ കാൽകുലേറ്റർ എടുത്ത് കൂട്ടിയും കുറച്ചും നോക്കി .വർക്ക് ചെയ്യാത്തത്‌ കൊണ്ടാതിരിക്കും അതിന് എനിക്ക് തരുന്നത് പോലെ തോന്നും വണ്ണം രണ്ടു ഇടി കൊടുത്തു ..ഭാഗ്യം 1000 രൂപ കുറഞ്ഞു 4300 റിൽ ഉറപ്പിച്ചു.കുറച്ചു കൂടെ താഴോട്ട് ..ഞാൻ അവസാനത്തെ നമ്പർ ഇട്ടു .ഇനി കുറച്ചാൽ റിമോട്ട് മാത്രമേ തരാൻ പറ്റു ..എന്നായി കസ്റ്റംസ് സർ.പണി പാളും എന്ന് തോന്നിയതിനാൽ കൂടുതൽ തർക്കിക്കാൻ നിന്നില്ല. പെട്ടന്നു  പോയി ക്യുവിൽ നിന്ന് പണം അടച്ചു .ആവു ആശ്വാസം ആയി ..വേഗം ടി വി വെച്ച ട്രോളി തള്ളി ഒരു പാട്ടും പാടി സോറി ഒന്നൊന്നര പാട്ടും പാടി പുറത്തിറങ്ങിയപ്പോൾ സമയം രാത്രി 8.30ഇത്രയൊക്കെ അല്ലിയോ പറ്റിയുള്ളൂ ..ആശ്വാസം ഉടുമുണ്ട് ഉരിഞ്ഞില്ലല്ലോ ഭാഗ്യം ..ശുഭരാത്രി..സുഖനിദ്ര.




Wednesday, 13 January 2016

പ്രവാസികളുടെ അടയാളപ്പാറ


                  പ്രവാസികളുടെ അടയാളപ്പാറ






ഗൾഫ്‌ മലയാളികൾക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത പാറയാണ് ഖോർഫക്കാനിലെ ഈ അടയാളപ്പാറ. 1960-70 കളിൽ അനേക ഗൾഫ്‌ പ്രവാസികൾ ഈ തീരത്ത് ഉരുക്കളിൽ വന്നിറങ്ങിയിരുന്നു . സ്വപ്നഭൂമി തേടി നീന്തലറിയാത്ത അനേകം പേർ ഈ തീരത്ത് മരിച്ചു വീണു . പത്തേമാരിയിൽ ഈ തീരത്ത് എത്തി കടൽ തീരത്ത് കൂടെ കാൽനടയായും മലയിറങ്ങി വരുന്ന പിക്ക് അപ്പ് വാനുകളിലും കയറി ദുബായിൽ എത്തി ജീവിതം പടുത്തുയർത്തിയവർ .. പ്രവാസികളുടെ കണ്ണീരും സന്തോഷവും ഒരു പോലെ ഏറ്റുവാങ്ങിയ മണ്ണാണിത് .ജീവിത യാഥാർത്ഥ്യങ്ങളുടെ ചൂരേറ്റു വാങ്ങിയ മണ്ണ് .ഒരു കാലത്ത് ബോംബെയിൽ നിന്നും ഗൾഫ്‌ മരുപ്പച്ച തേടി വരുന്ന ഭാഗ്യാന്യേഷികളായ   മലയാളി ചെറുപ്പക്കാരെ   ഖോർഫക്കാൻ തീരത്ത് ഉരു ഉടമകൾ ഇറക്കിവിടും കാരണം ഹൊർമുസ് കടലിടുക്ക്  ചുറ്റി ദുബായിയിൽ എത്തിയാൽ പോലീസിന്റെ പിടിയിൽ പെടാൻ സാധ്യത കൂടുതൽ ആയിരുന്നു . താരതമ്യേന വിജനമായ ഖോർഫക്കാൻ തീരം അവർക്ക് സുരക്ഷിത താവളം ആയിരുന്നു .നിഷ്കളങ്കരായ തദ്ദേശിയർ അവർക്ക് ആഹാരവും അഭയവും നൽകിയിരുന്നു . 
                         ഖോർക്കാനിലെ  അടയാളപ്പാറ  1980 കളിൽ                            ( കടപ്പാട് : മലയാള സിനിമ  വിൽകാനുണ്ട്  സ്വപ്‌നങ്ങൾ ) 

 ഫുജൈറയിൽ ആഴ്ച്ചയിൽ ഒന്നോ രണ്ടോ തവണ ജോലിയോടുള്ള ബന്ധത്തിൽ പോകുമ്പോൾ പല വട്ടം ആലോചി ട്ടുണ്ട് ഇവിടെ ഒന്ന് ഇറങ്ങി ഈ മണ്ണിൽ കാൽ പതിപ്പിക്കണമെന്ന് . ഒരു നിയോഗം.. കർമബന്ധങ്ങളുടെ പാശം എന്നെ  അവിടേക്ക് വലിച്ചു കൊണ്ട് പോകുന്നത് പോലെ ..  ഒരു നൂറു തവണ ഇതു വഴി കടന്നു പോയിട്ടുണ്ടങ്കിലും ഒറ്റ  പ്രാവശ്യം പോലും ഇവിടെ വണ്ടി നിറുത്തി ഒരു ഫോട്ടോ  എടുക്കണം എന്ന ആശ സാധിച്ചിട്ടില്ല. ഒടുവിൽ 2016 ൽ അതും  സാധ്യമായിരിക്കുന്നു ...അനേക ഗൾഫ്‌ പ്രവാസികളിൽ  ഒരുവനായ എനിക്കും പച്ചപ്പ് തന്ന മണ്ണ് ...ജീവിതം എത്ര    ചെറുതും സുന്ദരവും ...ദൈവ കൃപ ...നന്ദി പ്രവാസമേ.

     അടയാളപ്പാറ  2015 ൽ  ( കടപ്പാട് : മലയാളസിനിമ  പത്തേമാരി  )