ചക്ക പുരാണം
ചക്കയുടെ ജന്മസ്ഥലം നമ്മുടെ സൗത്ത് ഇന്ത്യ തന്നെ . ജാക്ക് ഫ്രൂട്ട് എന്ന് ഇംഗ്ലീഷുകാർ വിളിക്കുന്ന ചക്കയുടെ ഈ പേര് ഭൂമി മലയാളത്തിൽ നിന്ന് ഉണ്ടായതാണന്ന് എത്ര പേർക്ക് അറിയാം.പണ്ട് കേരളത്തിൽ എത്തിയ പറങ്കികൾ ഇതിന്റെ രുചിയിൽ തലകുത്തി വീണത്രേ. അവർ കടത്തികൊണ്ടു പോയ ചക്കകുരു കിളിച്ച് ഉണ്ടായ മരത്തിനു ജക്ക
( jaca ) എന്നപേരും ഇട്ടു പിന്നിട് ഇംഗ്ലീഷുകാർ ചിന്തേരിട്ടു മിനുക്കി
ജാക്ക് ഫ്രൂട്ട് എന്നാക്കി.
കത്തൽ എന്ന് ബംഗാളികൾ വിളിക്കുന്ന ചക്ക ബംഗ്ലാദേശിന്റെ ദേശിയഫലം ആണ് . തമിഴന്മാർ കഴിഞ്ഞാൽ ഇക്കൂട്ടർ ചക്കയെന്ന് കേട്ടാൽ കമിഴ്ന്നു വീഴും . ഇപ്പോ നമ്മൾ മലയാളികളും ഒട്ടും പിന്നിൽ അല്ല , നായ്‌കാട്ടം ആയാലും നല്ലതെന്ന് ഇംഗ്ലീഷുകാർ പറഞ്ഞാൽ അല്ലേ നാം കേൾക്കൂ..
ബി.സി 4000 മുതൽ ഇന്ത്യയിൽ പ്ലാവുകൾ ഉണ്ടായിരുന്നു എന്നാണ് ചരിത്രം പറയുന്നത്. മഹാനായ അശോകചക്രവർത്തി പ്ലാവുകളുടെ ഒട്ടുതൈകൾ നാട്ടിൽ ഉടനീളം നട്ടുപിടിപ്പിച്ചതായി ചരിത്രം പറയുന്നു. ജ്യോതിശാസ്ത്രന്ജനും ഗണിതശാസ്ത്ര വിദഗ്ദ്ധനുമായ വരാഹമിഹിരൻ ( ബിസി 500) ബ്രഹിത് സംഹിതയിൽ പ്ലാവുകളുടെ ഗുണമേന്മയുള്ള തൈകൾ ഉണ്ടാക്കുന്ന വിധം വിവരിച്ചിട്ടുണ്ട്. ബാബർ ചക്രവർത്തി ഏറ്റവും കൂടുതൽ വെറുത്തഫലമാണ് ചക്ക. പതിനാറാം നൂറ്റാണ്ടിൽ എഴുതിയ ബാബർനാമയിൽ താൻ പറയുന്നത് ചക്കപഴം ആട്ടിൻ കുടലുപോലെ വൃത്തി കെട്ടതാണന്നാണ്,ചക്കപ്പഴം വയറിന് അസുഖം പിടിപ്പിക്കും വിധം മധുരമുള്ളതും . തുർക്കിക്കാരനായ ഈ മൂപ്പരെ ആരോ ചകിണി തീറ്റിച്ചുകാണും ..അല്ലങ്കിൽ ആർത്തി മൂത്ത് ചക്കപ്പഴം വലിച്ചു വാരിത്തിന്ന് വയറ്റിനസുഖം പിടിച്ചുകാണും
പ്രമേഹരോഗികളുടെ കേന്ദ്രമാണ് കേരളം.കേരളത്തിൽ 25 വയസിൽ മേലുള്ള 30 ശതമാനത്തോളം പേർ പ്രമേഹ രോഗികൾ ആണ്. 50 ശതമാനം കേരളിയരും പ്രമേഹ ബാധിതരാകാന്‍ സാധ്യതയുള്ളവരാണത്രെ.പ്രമേഹ ചികിത്സക്കായി നാം വർഷം തോറും 600 കോടിരൂപ ചെലവിടുന്നു. പച്ച ചക്ക പ്രമേഹത്തെ പ്രതിരോധിച്ചു നിർത്തുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പച്ചച്ചക്ക വേവിച്ചു കഴിച്ചു രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചുനിര്‍ത്താം. ധാരാളം നാരുകൾ അടങ്ങിയ ചക്ക പ്രമേഹത്തെ നിയന്ത്രിച്ചു നിറുത്തും എന്ന് പുതിയ പഠനങ്ങൾ വെളിപ്പെടുത്തുന്നു . പഴുക്കുന്നതിനു തൊട്ടുമുമ്പുള്ള വിളഞ്ഞ ചക്കയാണ് പ്രമേഹത്തെ പ്രതിരോധിക്കാന്‍ ഏറ്റവും പറ്റിയത് . ധാരാളം കാർബോഹൈഡ്രെറ്റുള്ള ചക്ക ഡയബറ്റിസുകാർ ഒഴിവാക്കണമെന്നായിരുന്നു ഇതുവരെ നാം കരുതിപ്പോന്നത്. പ്രമേഹനിയന്ത്രത്തിന് പച്ച ചക്ക ഏറ്റവും നല്ല ഭക്ഷണമാണെന്നത് പുതിയ വിവരം .
കേരളത്തിൽ ആരും പ്ലാവ് കൃഷിചെയ്യാറില്ല, അത് ഒരു കാർഷിക വിളയും അല്ല . തനിയെ കിളിർക്കുന്നു വളരുന്നു നനയും പരിചരണവുമില്ല ആരും ശ്രദ്ധിക്കാറുമില്ല .ഈ അടുത്ത കാലത്തായി അല്പം മാറ്റം വന്നിട്ടുണ്ട്. മലയാളികൾ പച്ചക്കറി കൃഷിയിലേക്കും ചക്കയിലേക്കും ഒക്കെ തിരിഞ്ഞിട്ടുണ്ട് .തൃശൂർ സ്വദേശി ആയ പ്ലാവു ജയൻ ഗൾഫിലെ ജോലി കളഞ്ഞു നാട്ടിൽ വന്നു 10000ത്തോളം പ്ലാവുകൾ കേരളത്തിൽ വെച്ചുപിടിപ്പിട്ടുണ്ട് . തന്റെ അഭിപ്രായത്തിൽ 200 കൊല്ലം ഫലം തരുന്ന കല്പവൃക്ഷം ആണ് പ്ലാവ് ചുരുങ്ങിയത് 1 ലക്ഷം പ്ലാവുകൾ എങ്കിലും നട്ടുപിടിപ്പിക്കണം എന്നാണ് ജയന്റെ ജീവിത അഭിലാഷം.
വെറുതെ വേവിച്ചും, ചക്കപഴമായും , വരട്ടി ചക്ക ഹലുവയാക്കിയും , വഴണ ഇലയിൽ പുഴുങ്ങിഅപ്പമാക്കിയും ,ചക്ക ചുളവറുത്തും മാത്രമല്ല ചക്ക ഉപയോഗിക്കാവുന്നത് . ചക്കപായസം,ചക്ക എരുശ്ശേരി , ചക്കകേക്ക്, ചക്കകൊഴുക്കട്ട ചക്ക ചമന്തി, ചക്കക്കുരു മെഴുക്കുപുരട്ടി ,ചക്ക വൈൻ ,ചക്കബിരിയാണി , ഇടിച്ചക്ക തോരൻ , ചക്ക പപ്പടം തുടങ്ങി ചക്ക വിഭവങ്ങൾ ഒരായിരം. പ്രോട്ടിൻ സമ്പുഷ്ടമായ ചക്കകുരു പൊടിച്ചു കാപ്പിപൊടിയായും മൈദയായും ഉപയോഗിക്കാം . കൂഴയും ചകിണിയും തോരന് ഉത്തമം. മടലൊഴികെ എല്ലാം ഭക്ഷ്യയോഗ്യം. ഇത്രയൊക്കെ കേമനായ ചക്കയെ നമ്മൾ മലയാളികൾക്ക് ഒരു വിലയില്ലാതെ കളയുന്നത് ദൈവം പോലും പൊറുക്കുല്ല. ഈയുള്ളവന്റെ ഈ ചക്കപ്രാന്തൊക്കെ കണ്ടിട്ട് ഉള്ള ജോലി കളഞ്ഞു നാട്ടിൽ പോയി പ്ലാവ് കൃഷി നടത്തുമോ എന്നാണ് നല്ലപാതിയുടെ ഇപ്പോഴത്തെ പേടി .
ചക്കയെ ചുറ്റിപ്പറ്റി രസകരമായ അനേകം ചൊല്ലുകളും പ്രയോഗങ്ങളും ഉണ്ട് .
പനസി ദശായാം പാശി എന്താണന്ന് ചോദിച്ച് കുട്ടുകാരെ കുഴക്കുന്ന വിരുതന്മാരെ ഓർമയില്ലേ (പനസം -ചക്ക പനസി- ചക്കി ദശം- പത്ത് ദശായാം -പത്തായത്തിൽ പാശം -കയർ പാശി -കയറി ).
എങ്ങാനും ഒരു കണക്കു ശരിയായാൽ ചക്ക വീണു മുയൽ ചത്ത കഥ പറയുന്ന കണക്ക് മാഷിനെ ഓർമയില്ലേ . പരീക്ഷക്ക് നല്ല മാർക്ക് വാങ്ങിയാൽ വേണേൽ ചക്ക വേരേലും കായിക്കും എന്ന് സ്നേഹത്തോട് പറയുന്ന ടീച്ചറിനെ ...
ചക്ക പ്ലാവേൽ കണ്ടു മീശയ്ക്ക് എണ്ണ തേക്കരുതെന്ന് പറഞ്ഞു എടുത്തു ചാട്ടത്തെ തടയുന്ന അച്ഛനെ എങ്ങനെ മറക്കാൻ .
എപ്പോഴും ചക്ക വിഭവങ്ങൾ തിന്ന് മടുത്ത് ഒടുവിൽ അമ്മയെ കളിയാക്കാൻ ശ്ലോകത്തിന്റെ കൂട്ടുപിടിക്കുന്ന കുറുമ്പുകാരനെ മറക്കാനാവുമോ
പച്ചയ്ക്കുതിന്നു ചുളതിന്നു വരിക്കതിന്നു
ഉച്ചയ്ക്കഹോ കുളികഴിഞ്ഞൊരു ചക്കതിന്നു
അത്താഴവും പുനരിങ്ങഹ ചക്ക തന്നെ
നാരായണാ തലയിണയ്ക്കുമൊരൊത്ത ചക്ക
ക്രിസ്ത്യാനികുട്ടികൾ ചെറുപ്പത്തിൽ ‘ചക്കയുള്ള വീട്ടിൽ യോഗം വെക്കേണം അത് കൊത്തനായാലും ഞങ്ങൾ തിന്നോളാം’ എന്നു കളിയായി പാടാറുണ്ട്
കീടനാശിനിവിഷം അശേഷം തളിക്കാത്ത ചക്കയാണല്ലോ ലോകത്തിലെ ഏറ്റവും വലിയ ഫലം . പ്രവാസിയുടെ ഗൃഹാതുരത്വം ഉണർത്തുന്ന ഓർമയാണ്, ചക്ക …ചക്ക മഹാത്മ്യം വിജയിക്കട്ടെ
വാൽകഷ്ണം :
ഗൾഫിൽ വന്ന ആദ്യ നാളുകളിൽ കൂടെ ജോലി ചെയ്യുന്ന ബോംബെക്കാരനോട് മുറി ഹിന്ദിയിൽ ''ചക്ക** ചാഹിയെ? '' എന്ന് ചോദിച്ചപ്പോൾ അവൻ ചിരിച്ച അളിഞ്ഞ ചിരിയുടെ അർത്ഥം അടുത്ത കാലത്താണ് മനസ്സിലായത്
(**ചക്ക=ഹിജഡ)
No comments:
Post a Comment