Tuesday, 8 November 2016

ഗജിനിമീലനം

ഗജിനിമീലനം



നാലാൾ വായിക്കാൻ പറ്റുന്ന എന്തെങ്കിലും എഴുതുക അത്ര എളുപ്പമല്ല, ഒരു എഴുത്തുകാരൻ ആകുക അതിലേറെ ദുർഘടം. ഏതോ ഒരു സുപ്രഭാതത്തിൽ തോന്നിയ ഉൾവിളിയുടെ ഫലമായിട്ടാകും ഈ ഉള്ളവൻ ഒരു ബ്ലോഗ്  തുടങ്ങിയതെന്നാകും വായനക്കാർ ചിന്തിയ്ക്കുക. എന്നാൽ എന്റെ സാഹിത്യരചനാ പീഡനചരിത്രം ഞാൻ വള്ളിനിക്കർ ഇട്ടുനടന്നിരുന്ന കാലം വരെ നീളും. അതിന്റെ നാൾവഴികൾ ഒരു ബ്ലോഗ്‌പോസ്റ്റായി ഇടുന്നു. ഇതു വായിച്ചു ആരെങ്കിലും ഒരു എഴുത്തുകാരൻ ആകാൻ തുനിഞ്ഞാൽ എഴുത്തുകാരന്റെ വഴി മുള്ളും പറക്കാരയും കുണ്ടുകുഴികളും നിറഞ്ഞതാണ് എന്നു ആദ്യമേ ഓർമ്മിപ്പിക്കട്ടെ. എടുത്തുചാടിയ പൂച്ച എലിയെ പിടിക്കുക ഇല്ല എന്നല്ലേ പണ്ഡിതമതം.


ചെറുപ്പത്തിൽ വായനയുടെ അസ്കിത തുടങ്ങിയതിനു ശേഷം ഒരു എഴുത്തുകാരൻ ആകാനുള്ള മോഹം എനിക്കും തുടങ്ങി. സ്‌കൂളിലെ സാഹിത്യസമാജവും കൂട്ടുകാരും എന്നിലെ എഴുത്തുകാരനെ തോണ്ടി പുറത്തിറക്കുവാനുള്ള ശ്രമം നടത്തിയത് ആറാം ക്ലാസ്സിലോ മറ്റോ ആണെന്നു തോന്നുന്നു. സ്‌കൂളിൽ എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്കു ശേഷം അവസാന രണ്ടു പീരീഡ്‌ ക്ലാസ് സാഹിത്യസമാജം അരങ്ങേറും. സാഹിത്യസമാജത്തിന്റെ ക്ലാസ് സെക്രട്ടറി ഞാൻ ആയതിനാൽ പരിപാടികളുടെ ഉത്തരവാദിത്യം എനിക്കാണ്. മിക്കവാറും പാട്ടും പ്രസംഗവും പദ്യപാരായണവും മിമിക്രിയും ഒക്കെയാകും ഇനങ്ങൾ. മിമിക്രിക്കും മറ്റും പങ്കടുക്കുവാൻ ആകും  കൂടുതൽ ആൾക്കാർ. സിനിമാപ്പാട്ടു പാടുന്ന ഗാനഗന്ധർവ്വന്മാർ ഒന്നോ രണ്ടോ പേർ കാണും ക്ലാസ്സിൽ. എന്റെ ക്ലാസ്സിൽ വിദ്യാധരൻ ആയിരുന്നു താരം. ജയൻ പ്രാന്തനായ അവൻ ക്ലാസ്സിലെ സുന്ദരി സിന്ധുവിനെ നോക്കി, കസ്‌തൂരിമാൻ മിഴി മലർ ശരമെയ്യ്തു... എന്നു പാടുന്നതൊക്കെ ഇപ്പോഴും ഓർമ്മയിൽ ഉണ്ട്. മൂപ്പരുടെ അടുത്ത് സിനിമാനടൻ ജയന്റെ ചിത്രങ്ങളുടെയും സിനിമാപ്പാട്ടുകളുടെയും ഒരു ശേഖരമുണ്ട്.



                         ഹനുമാൻ  കിരീടം 

                       
                       കോഴിവാലൻ  ചെടി 

                                   
                      പൂച്ചവാലൻ  ചെടി 

                  ( ചിത്രങ്ങൾ  കടപ്പാട് : ഗൂഗിൾ )

സാഹിത്യസമാജത്തിന്  ക്ലാസ്സിൽ ഉച്ച മുതൽ ഒരുക്കം തുടങ്ങും. ക്ലാസ്സ് ടീച്ചർ ആയിരിക്കും അധ്യക്ഷൻ. മേശയിൽ ആരെങ്കിലും കൊണ്ടുവന്ന ഒരു വെള്ളമുണ്ട് വിരിക്കും. അതിൽ രണ്ടുമൂന്ന് കഴുത്ത് നീണ്ടകുപ്പികൾ കളർവെള്ളം നിറച്ചു വെയ്ക്കും. കടയിൽ നിന്നുള്ള കുങ്കുമവും പച്ചകളറും വീട്ടിൽ നിന്നുള്ള മഞ്ഞളുമൊക്കെയാകും വെള്ളത്തിൽ കളറിനായി ഉപയോഗിക്കുക.കുപ്പിക്ക് മുകളിൽ കോഴിവാലൻ ചെടിയോ പൂച്ചവാലൻ ചെടിയോ ഹനുമാൻ കിരീടമോ (പഗോഡച്ചെടി)  ഒരു ചെണ്ടുപോലെ തിരുകി വെയ്ക്കും. സാമ്പ്രാണിത്തിരി ഒരു പാളയങ്കോടൻ പഴത്തിലോ വാഴപ്പിണ്ടിയിലോ കുത്തി നിറുത്തും. പരിപാടി തീർന്നാൽ പഴത്തിനാകും അടിപിടി. അതുകൂടാതെ ക്ലാസ്സിലെ പെൺകുട്ടികൾ എല്ലാവർക്കും നെറ്റിയിൽ തൊടാൻ ചന്ദനവുംകൊണ്ടാവും വരിക. ചിലപ്പോൾ പ്രോഗ്രാം കഴിഞ്ഞുപോകുമ്പോൾ മുട്ടായി വിതരണവും കാണും. അതിനൊക്കെ പണം കുട്ടികൾ പങ്കിട്ടു കണ്ടെത്തും. അങ്ങനെ രസകരമായി കാര്യങ്ങൾ മുമ്പോട്ടുപോകുമ്പോൾ എന്റെ കൂട്ടുകാർക്ക് ഒരു മോഹം, ഒരു നാടകം അവതരിപ്പിച്ചാലോ എന്ന്. എനിക്കും സംഗതി ഉഷാറായി തോന്നി. ഞാൻ സാഹിത്യസമാജം സെക്രട്ടറി ആയിരിക്കുമ്പോൾ ഒരു നാടകം ഒക്കെ കളിച്ചാൽ കൂട്ടുകാരുടെ ഇടയിൽ ഷൈൻ ചെയ്യാം. ആര് നാടകം എഴുതും എന്നതായി അടുത്ത പ്രശ്‍നം. കൂട്ടുകാർ നാടകം എഴുതാനായി എന്നെ നിർബന്ധിച്ചു തുടങ്ങി. എന്റെ വായനാശീലം അവർക്ക് അറിയാം. അങ്ങനെ അവരുടെ നിർബന്ധത്തിനു വഴങ്ങി ഞാൻ നാടകകൃത്തായി. അല്ലേലും കൈ നനയാതെ മീൻ പിടിക്കാനൊക്കുമോ?.

അങ്ങനെ ഞാൻ നാടകം എഴുതി തുടങ്ങി. രചന,സംവിധാനം ഒക്കെ ഞാൻ തന്നെ. നായകനടനായി പുളുവൻ സിനുവിനെ തിരഞ്ഞെടുത്തു. അവൻ അല്പസ്വല്പ അഭിനയമോഹവുമായി നടക്കുന്ന കാലം ആണത്..പ്രേംനസ്സീർ ആണെന്നാണ് ഭാവം.നാടകത്തിന്റെ ഏകദേശ ഇതിവൃത്തം  ഇങ്ങനെ. രണ്ട് ആത്മാർത്ഥ സുഹൃത്തുക്കൾ .അതിൽ ഒരാളുടെ പിതാവിനെ ആരോ കൊലപ്പെടുത്തിയതാണ്. ഒരു ദിവസം അമ്മയിൽ നിന്നു അവനൊരു സത്യം മനസ്സിലാക്കി, അവന്റെ കൂട്ടുകാരന്റെ അച്ഛൻ ആണ് തന്റെ പിതാവിനെ കൊലപ്പെടുത്തിയതെന്ന് . പ്രതികാരചിന്ത  ജ്വലിച്ച നായകൻ തന്റെ ആത്മസുഹൃത്തിനെ സ്നേഹം നടിച്ചു ചതിയിലൂടെ കുത്തികൊലപ്പെടുത്തുന്നതാണ് നാടകത്തിന്റെ ക്ലൈമാക്സ്. സംഭാഷണങ്ങൾ ഒക്കെ ഞാൻ എഴുതിയുണ്ടാക്കി. എനിയ്ക്കു നായകന്റെ കൂട്ടുകാരന്റെ റോൾ. നാടകത്തിലെ മറ്റു സൈഡ് റോളുകൾ വേലക്കാരൻ, അമ്മ തുടങ്ങിയവയൊക്കെ ഓരോരുത്തർ ഏറ്റെടുത്തു. കുത്താനായുള്ള കത്തി കാർഡ്ബോർഡ് കൊണ്ടുണ്ടാക്കി അതിൽ തേയില പൊതിഞ്ഞുവരുന്ന അലൂമിനിയം ഫോയിൽ പേപ്പർ കൊണ്ടു പൊതിഞ്ഞു ഒരു പിടിയും ഒക്കെ ഫിറ്റ് ചെയ്തു റെഡിയാക്കി. കുത്തുമ്പോൾ ചോരയ്ക്കു പകരമായി ചുമന്ന കളറുവെള്ളം ഒരു പ്ലാസ്റ്റിക് കവറിൽ ഉടുപ്പിനടിയിൽ ഒളുപ്പിച്ചു  വെയ്ക്കണം. മീശ വരയ്ക്കാനായി ഉമിക്കരി പൊടിച്ചു റെഡിയാക്കി. അമ്മവേഷത്തിന് വേണ്ടി വീട്ടിൽ നിന്നു ചൂണ്ടിയ ഒരു പഴയ കൈലിമുണ്ടും ബ്ലൗസും ഒരു തോർത്തും ശരിയാക്കി. പറയാൻ കൊള്ളാത്തിടത്തു ഫിറ്റ് ചെയ്യാനായി രണ്ടു കഷ്ണം ഒട്ടുകറയും (റബർപാൽ ചിരട്ടയിൽ ഉറഞ്ഞുണ്ടാകുന്ന സാധനം) ആരോ കൊണ്ടുവന്നു. ഒട്ടുകറയ്ക്ക് ഏതാണ്ട് ചിരട്ട കമിഴ്ത്തിയ ഷേപ്പ്. അങ്ങനെ മെയ്ക്കപ്പ് ഒക്കെ അടിപൊളി.


ഇനി നാടക റിഹേഴ്സൽ. സ്‌കൂളിൽ വെച്ചു റിഹേഴ്സൽ ചെയ്യാൻ പ്രയാസമാണ്.കാരണം കുട്ടികൾ എല്ലാവരും കൂടി നിന്നാൽ അലമ്പാകും. അതിനും ഞാൻ ഒരു പോംവഴി കണ്ടെത്തി. സ്‌കൂളിന്റെ അടുത്താണ് എന്റെ വീട്. വീടിന്റെ പുറകിലെ കക്കൂസിന്റെ സ്ലാബിന്റെ മുകളിൽ ആയി പരിശീലനം . തറയിൽ നിന്ന് അല്പം ഉയർന്നു നിൽക്കുന്നതിനാൽ ഒരു സ്റ്റേജിന്റെ പ്രതീതി.ഉച്ചയ്ക്കു സ്‌കൂൾ വിട്ടാൽ ചോറൊക്കെ പെട്ടെന്ന് വാരിക്കഴിച്ചു റിഹേഴ്സൽ ആരംഭിക്കും.അങ്ങനെ ഒന്നുരണ്ടു ആഴ്ച  കൊണ്ടു നാടകം രംഗത്ത് അവതരിപ്പിക്കാൻ റെഡി. നാടകത്തിൽ റോളുകിട്ടാത്തവർക്ക് കുശുമ്പ് സഹിക്കാൻ വയ്യ. അവർ രഹസ്യമായി ഒരു പാര തയ്യാറാക്കി. സാഹിത്യസമാജത്തിന്റെ ദിവസം ഉച്ചയ്ക്ക് ക്ലാസ്സിൽ ഞങ്ങൾ അറിയാതെ ഒരു നോട്ടീസ് എഴുതി ഒട്ടിച്ചു. "കക്കൂസ് നാടകം" രചന,സംവിധാനം: എന്റെ ഇരട്ടപ്പേര്, അഭിനയിക്കുന്നവർ: എല്ലാം ഇരട്ടപ്പേരുകൾ. സാഹിത്യസമാജത്തിന്റെ അല്പം മുമ്പാണ് ഞങ്ങൾ അതു കാണുന്നത്. കൂട്ടത്തിൽ തടിമാടനായ സുരേഷ് അതു വലിച്ചുകീറി തറയിൽ എറിഞ്ഞു.


സാഹിത്യസമാജം തുടങ്ങി. ഏറ്റവും ഒടുവിലത്തെ പ്രോഗ്രാം ആയി എല്ലാവരും കാത്തിരുന്ന നാടകം എത്തി. എല്ലാം വിചാരിച്ചതുപോലെ കത്തിക്കയറി. തട്ടുപൊളിപ്പൻ ഡയലോഗുകൾ, വേലക്കാരൻ പെൺബെഞ്ചുകളെ നോക്കി സ്വന്തം കയ്യിൽ നിന്ന് ഇട്ടു ഒരു തമിഴുപ്പാട്ട്  പാടി "'എന്നടീ രാക്കമ്മ പല്ലാക്ക് ചുവപ്പ്.." കൂട്ടച്ചിരി  എല്ലാം അടിപൊളി തന്നെ. ഒടുവിൽ സംഘർഷഭരിതമായ ക്ലൈമാക്സ്. ആവേശത്തിൽ കത്തി എടുത്തു കുത്താനായി പുളുവൻ സിനു ആഞ്ഞതും കത്തി രണ്ടു തുണ്ട്. പിടി ഒരു ഭാഗത്തും കുത്തുന്ന അലകുഭാഗം വേറെ ഒരിടത്തേക്കും തെറിച്ചു പോയി. ക്ലാസ്സിൽ കൂട്ട കൂക്കുവിളി ഉയർന്നു. അങ്ങനെ കുത്തുകൊള്ളാതെ  ഞാൻ കുത്തുകൊണ്ട് വീഴുന്നതുപോലെ അഭിനയിച്ചു തറയിലേക്ക് പതുക്കെ വീണു. കൂട്ടകൂവലും  വിസിൽ അടിയും ഉച്ചസ്ഥായിയായി. ശേഷം ഭാഗം ചിന്ത്യം.. ബഹളം കേട്ടു ഹെഡ്മാസ്റ്റർ ചൂരലുമായി വന്നതോടെ എല്ലാം ശുഭം. അങ്ങനെ എന്റെ ആദ്യ നാടക രചനാപരീക്ഷണം ചീറ്റിപ്പോയി. ഏതായാലും എല്ലാവർക്കും കുറേ നാളത്തേക്കു കളിയാക്കാൻ ഒരു വകയായി ഞങ്ങളുടെ കക്കൂസ് നാടകം.

എന്നിലെ ചീറ്റിപ്പോയ നാടകകൃത്തിനെ മനസ്സിലിട്ടു, മോഹഭംഗവുമായി നടന്നു ഞാൻ കുറേനാൾ. പിന്നീട് ഒരിക്കലും ഞാൻ നാടകരചനയിൽ കൈവെയ്ക്കാതെ നാടകസാഹിത്യ രംഗത്തെ മാനക്കേടിൽ നിന്നു രക്ഷിച്ചു എന്നു പറയുന്നതാകും ഭംഗി.


കുറേനാൾ കഴിഞ്ഞപ്പോൾ എന്റെ കൂട്ടുകാരനായ ജെക്‌സി  എഴുതിയ ഒരു കുട്ടികവിത ബാലരമയിലോ മറ്റോ പ്രസിദ്ധികരിച്ചു വന്നു. " പ " യുടെ പ്രാസം ഒപ്പിച്ചു എഴുതിയ 8-10 വരികൾ ഉള്ള ഒരു കുട്ടികവിത. കവിത പ്രസിദ്ധികരിച്ചതിനുശേഷം ഞങ്ങൾ കുട്ടികൾക്കിടയിൽ ഒരു വീരപുരുഷന്റെ പരിവേഷം കിട്ടി ടിയാന്. മൂപ്പർക്കാകട്ടെ കവിത പ്രസിദ്ധികരിച്ചതോടെ അല്പം ഗമ കൂടി. അവനെ കാണുമ്പോൾ കൂട്ടുകാർ തമ്മിൽ തമ്മിൽ പയ്യാരം പറഞ്ഞിരുന്നു.

" നോക്കേ അവന്റെ ഒരു പത്രാസ്...ഒരു വലിയ എഴുത്തുകാരൻ വന്നിരിക്കുന്നു.. "

പാവം ഇപ്പോൾ കാനഡയിൽ കുഞ്ഞുകുട്ടി പരാധീനങ്ങളോടെ സ്ഥിരവാസം. അവിടെയിരുന്നു കവിതകൾ ഒക്കെ എഴുതി നല്ലപാതിയെയും കുട്ടികളെയും രസിപ്പിക്കുന്നുണ്ടാകും.


അതോടെ ഒരു കവിയാകാനുള്ള ശ്രമം ഞാൻ തുടങ്ങി. കുന്നു കാണാത്തവന് പൊട്ടകുന്നും  കൈലാസം  എന്നല്ലേ  പ്രമാണം. എന്റെ കവിതാ രചനാചരിത്രം ആരംഭിക്കുന്നത് ഹൈസ്‌കൂൾ ക്ലാസ്സിൽ ആണെങ്കിലും അവസാനിക്കുന്നത് ഡിഗ്രി ക്ലാസ്സുകളിൽ ആണ്. ആരും കാണാതെ ഞാൻ ചില പൊട്ടക്കവിതകൾ എഴുതിത്തുടങ്ങി. ആദ്യമൊക്കെ പ്രാസം ഒപ്പിച്ചുള്ള കവിതകളിൽ ആയിരുന്നു കമ്പം. സ്‌കൂൾ യുവജനോത്സവത്തിൽ കവിതാരചനയ്ക്ക് പൊട്ടക്കുളത്തിൽ പുളവൻ ഫണീന്ദ്രൻ എന്ന പഴംചൊല്ല് ഒന്നുകൂടെ ഉറപ്പിക്കുന്ന മട്ടിൽ എനിക്ക് ഒന്നാം സ്ഥാനം കിട്ടി. അതിനു ശേഷം കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലാകലോത്സവത്തിന് സാറുന്മാർ എന്നെ കൊണ്ടുപോയി. ഒടുവിൽ കവിതയുടെ വിഷയം കിട്ടി '  ബാല്യകാലം ' . ബാല്യകാലം ഒക്കെ  കവിതയ്ക്കു ഒരു വിഷയമാണോ?. വല്ലഭന് പുല്ലുമായുധം എന്നമട്ടിൽ ഞാൻ കവിത എഴുതി തുടങ്ങി. ഒരു നാലുപേജുള്ള കവിത ഒരു മണിക്കൂർ കൊണ്ട് പൂർത്തിയാക്കി. ബാക്കിയുള്ള രണ്ടു മണിക്കൂർ സഹകവിതാ എഴുത്തുകാരെ പുച്ഛത്തോടു നോക്കിയിരുന്നു പൂർത്തിയാക്കി. " ഹന്ത എൻ ബാല്യകാലം എന്തൊരു വാസരമായ കാലം.... " എന്നതായിരുന്നു എന്റെ ഖണ്ഡകാവ്യത്തിന്റെ ആദ്യവരികൾ. ബാക്കി വരികൾ വായിൽ തോന്നുന്നത് കോതയ്ക്ക് പാട്ട് എന്നതുപോലെ എഴുതി പൂർത്തിയാക്കി. ഞാൻ എഴുതിയ കവിത വായിച്ചാൽ പെറ്റ തള്ള കൂടി സഹിക്കില്ല. സാറ് ചോദിച്ചപ്പോൾ ഒരു മണിക്കൂർ കൊണ്ടു നാലുപേജ്  കവിത എഴുതി എന്നു പറഞ്ഞപ്പോൾ തന്നെ സാറിനു കാര്യം പിടികിട്ടി. ഒടുവിൽ റിസൾട്ട് വന്നപ്പോൾ സാറുന്മാരുടെ വായിൽനിന്ന് ചീത്ത കേട്ടതുമാത്രം മിച്ചം.


കോളേജിൽ എത്തിയതോടെ എന്റെ കവിതാമോഹങ്ങൾ അത്യന്താധുനികം ആയിമാറി. അയ്യപ്പപണിക്കരും ഡി. വിനയചന്ദ്രനും സച്ചിതാനന്ദനും എ.അയ്യപ്പനും ഒക്കെ എഴുതിയ കവിതകൾ തിരിച്ചും മറിച്ചും വായിച്ചു പഠിച്ചു. ആധുനികം, അത്യന്താധുനികം ഇങ്ങനെ രാവും പകലും കവിത വായിച്ചു ഏകദേശം തല ചൂടായി. ഉഷ്ണം ഉഷ്ണേന ശാന്തി എന്നല്ലയോ പ്രമാണം. അതേ സ്റ്റൈലിൽ കവിത എഴുതാനായി എന്റെ ശ്രമം.  അങ്ങനെ എന്റെ എഴുത്ത് അത്യന്താധുനിക നിലവാരത്തിലേക്ക് മന്ദം മന്ദം നടന്നു കയറി. നാടകാന്തം കവിത്വം  എന്നു കവിവചനം.അന്നെഴുതിയ കവിതകളിൽ എന്റെ അവസാനത്തെ കവിത അടുത്തിടെ നാട്ടിൽ പോയപ്പോൾ ഡയറിയിൽ നിന്നു കിട്ടി. അത് വായനക്കാരുമായി പങ്കുവെയ്ക്കുന്നു.


 

എന്റെ കവിതാരചനാ കമ്പത്തെ സഡൻബ്രേക്ക് ഇട്ടു നിറുത്തിച്ച കവിതയാണ് 'ചൊറിയുന്നവന്റെ സംഗീതം.' ഞാൻ ഉറക്കമിളച്ചിരുന്നു ഈ കവിത എഴുതി, പിറ്റേ ദിവസം അത് എന്റെ കൂട്ടുകാരൻ വേണുവിനെ കാണിച്ചു. ഞാൻ ഒരു അത്യന്താധുനിക കവിത എഴുതിയിട്ടുണ്ട് എന്നു  ഗമയൊക്കെ പറഞ്ഞിട്ടാണ് മൂപ്പരെ സംഗതി കാണിക്കുന്നത്. കവിത വായിച്ചതും അവൻ ആർത്തട്ടഹസിച്ചു ചിരിച്ചു. കവിത തിരികെ തരാതെ ഉടൻ തന്നെ ചുരുട്ടി അവൻ പോക്കറ്റിലാക്കി. മറ്റുള്ള  കൂട്ടുകാരുടെ മുമ്പാകെ അതു വായിച്ചു കളിയാക്കി എന്നെ കൊന്നു കൊലവിളിച്ചു. കുറേനാൾ കൂട്ടുകാരുടെ മുമ്പിൽ അവൻ എന്നെ കാണുമ്പോൾ ചൊറിയുന്നവന്റെ സംഗീതത്തിലെ ചില വരികൾ ഉറക്കെ പാടും. കൂട്ടുകാരുടെ മുമ്പിൽ എനിക്കിട്ടു കിട്ടിയ കനത്ത പണിയായി മാറി ആ കവിത. ചുരുക്കത്തിൽ കൈവിട്ട കല്ലും എഴുതിയ കവിതയും തിരിച്ചെടുക്കുവാൻ സാധിക്കുകയില്ല എന്നു അന്ന് എനിക്കു മനസ്സിലായി. അടുത്തിടെ ആ കവിത വായിച്ചു ഞാനും കുറെ ചിരിച്ചു. ഓരോരോ കാലത്തേ പൊട്ടത്തരങ്ങളേ.....


എന്റെ കവിതാമോഹങ്ങളെ ആ കശ്മലൻ നിഷ്കരുണം വലിച്ചു കീറി മതിലിൻമേൽ ഒട്ടിച്ചു കളഞ്ഞു. അല്ലായിരുന്നെങ്കിൽ അത്യന്താധുനിക കവി പുനലൂരാൻ നിങ്ങളെയൊക്കെ കവിത എഴുതി ബോറടിപ്പിച്ചേനെ... ഏതായാലും എന്റെ കശ്മലസുഹൃത്തിനോട് മലയാളകവിത ഉള്ള കാലത്തോളം സാഹിത്യകുതുകികൾ കടപ്പെട്ടിരിക്കുന്നു.


ആയിടയ്ക്കാണ് എഴുത്തുകാരൻ പ്രഭാകരൻ പഴശ്ശി ഞങ്ങളുടെ കോളേജുമാഗസിന്റെ പ്രകാശന ചടങ്ങിനോടനുബന്ധിച്ചു കോളേജിൽ എത്തിയത്. അദ്ദേഹം എഴുതിയ ഏതോ ഒരു കഥ ആയിടെ കലാകൗമുദിയിൽ ഒക്കെ വലിയ ചർച്ചയായിരുന്നു. കേൾവിക്കാരെ രസിപ്പിക്കുന്ന അദ്ദേഹത്തിന്റെ പ്രസംഗം കേട്ടു എനിക്കും ഒരു കഥാകൃത്ത്  ആകണം എന്ന മോഹം മൊട്ടിട്ടു. ഞാൻ കഥാരംഗത്തേക്ക് കൈകടത്തുവാൻ ശ്രമം തുടങ്ങി. അവിടെയും പ്രശ്നം പഴയതു തന്നെ. ആധുനികം, ഉത്തരാധുനികം  എന്നൊക്കെയുള്ള വേർതിരിവുകൾ കഥാരംഗത്തും ഉണ്ടെന്നു ഞാൻ മനസ്സിലാക്കി. ഞാൻ ഗബ്രിയേൽ ഗാർഷേ മാർക്വിസ്, കാഫ്ക തുടങ്ങി മുട്ടത്തുവർക്കി,ജോസ്സി വാഗമറ്റം വരെയുള്ള സർവ്വമാനസാഹിത്യകാരന്മാരുടെയും കൃതികൾ വായിച്ചു മനഃപാഠമാക്കി തുടങ്ങി.


എന്നാലിനി ഒരു ആധുനികകഥ എഴുതിയിട്ടു തന്നെ കാര്യം. ആദ്യം കഥയ്ക്ക് ഒരു കിടിലൻ തലക്കെട്ട് വേണം. കോളേജ് ലൈബ്രറിയിൽ നിന്നു ശ്രീകണ്ടേശ്വരം ശബ്ദതാരാവലി തപ്പി ഞാൻ ഒരു തലക്കെട്ട് കണ്ടുപിടിച്ചു, 'ഗജിനിമീലനം'. ആഹാ.. തലക്കെട്ടുതന്നെ കിടിലൻ, കിടിലോൽകിടിലൻ. എന്താണ് ഗജിനിമീലനം എന്നാകും വായനക്കാരുടെ ചിന്ത. ആനയുടെ നോട്ടം പോലെ കണ്ടിട്ടും കാണാതെ ഇരിക്കുന്ന ഭാവം എന്നു അർത്ഥം. ഒരു വെള്ള പേപ്പർ  എടുത്തു ഞാൻ തലക്കെട്ട് എഴുതി 'ഗജിനിമീലനം'. അടിയിൽ ഒരു വരയും ഇട്ടു. ഇനി ആധുനികശൈലിയിൽ കഥ എഴുതണം. വായിക്കുന്നവർ കിടുങ്ങണം, കിടുങ്ങി പനി പിടിച്ചു പണ്ടാരമടങ്ങി കമ്പിളിപുതപ്പ്‌ തേടി ഓടണം എന്നാലല്ലേ ആധുനികകഥയാകുക. ഇരുന്നും കിടന്നും ഒത്തിരി ആലോചിച്ചു ആദ്യവാചകം എഴുതി.

'' തന്റെ പതിവുകാരെ സ്വീകരിക്കുവാൻ നഗരം നിയോൺ വിളക്കുകളാകുന്ന ആടകൾ ഇട്ടു ഒരു വേശ്യയെപ്പോലെ അണിഞ്ഞൊരുങ്ങി  "

ആ വരികൾ എഴുതി ഒരു കുത്തും ഇട്ടു. ബാക്കി ഇനി നാളെ എഴുതാം എന്നു വിചാരിച്ചു പേപ്പർ മേശപ്പുറത്ത് വെച്ചു ഞാൻ കിടന്നുറങ്ങി. രാവിലെ ഉച്ചത്തിലുള്ള ശകാരവും ബഹളവും കേട്ടാണ് ഞാൻ ഉണരുന്നത്. ഉണർന്നപ്പോൾ അമ്മ കലിയും തുള്ളി നിൽക്കുന്നു.

'' എന്തോന്നാടാ ഇത്, എന്തെങ്കിലും ഒക്കെ എഴുതി കൂട്ടും കുടുംബത്തിന്റെ മാനം കളയാൻ ''

ആദ്യം ഒന്നും പിടികിട്ടിയില്ല, പെട്ടെന്ന്  ട്യൂബ് ലൈറ്റ് തലയിൽ മിന്നി. എന്റെ കഥയുടെ പേരും ആദ്യവാചകവും രാവിലെ മുറി തൂക്കാൻ വന്ന അമ്മ വായിച്ചിരിക്കുന്നു. പാവം അമ്മ ഞാൻ ഏതോ തെറിക്കഥ എഴുതുകയാണ് എന്നു വിചാരിച്ചാണ് ഈ പുകിൽ ഒക്കെ ഉണ്ടാക്കുന്നത്. അമ്മയുടെ ചീത്ത കേൾക്കുന്നതിലും ഭേദം വല്ല പാണ്ടിലോറിക്കും തല വെയ്ക്കുന്നതാണ് എന്നു അന്നു തോന്നിപ്പോയി. അതോടെ എന്നിലെ ആധുനിക കഥാകാരൻ സ്വാഹാ.. എന്റെ ആധുനിക കഥയുടെ മുകുളം അല്ലേ  അമ്മ മുളയിലേ നുള്ളികളഞ്ഞത്. അന്നു അടച്ചു     വെച്ചതാണ് എന്റെ പേന. പിന്നീട് ഒരു പത്തിരുപതിന്നാലുകൊല്ലം കഥ പോയിട്ട് ഒരു വരി പോലും ഞാൻ എഴുതിയിട്ടില്ല. അല്ലേലും കടിക്കുന്ന പട്ടിക്ക് എന്തിനാ തല ?  


ഈ വർഷം എനിക്കു ബ്ലോഗെഴുത്തിന്റെ ശീലക്കേട്‌ തുടങ്ങിയെന്ന് അമ്മയോട് ആരോ വിളിച്ചു പറഞ്ഞു പാര പണിതു. ഞാൻ വീട്ടിലേക്ക് ടെലിഫോൺ ചെയ്തപ്പോൾ അമ്മ ചോദിച്ചു,

'' നീ ഫേസ്ബുക്കിലോ ഇന്റെർനെറ്റിലോ മറ്റോ എന്തൊക്കെയോ എഴുതിക്കൂട്ടുന്നെന്നു കേട്ടല്ലോ. വെറുതെ കുടുംബത്തിന് ചീത്തപ്പേര് ഉണ്ടാക്കരുത് "

പാവം  അമ്മ,  അമ്മയുടെ മനസ്സിൽ  ഇപ്പോഴും  എന്റെ  പഴയ ആധുനിക കഥ ' ഗജിനിമീലനം'  കിടന്നു തികട്ടുകയാണ്. ഈയിടെ  നാട്ടിൽ  പോയപ്പോൾ  ഇന്റർനെറ്റിൽ  നിന്നും  എന്റെ  പൊതിച്ചോറിനെ കുറിച്ചുള്ള  ബ്ലോഗ്‌  പോസ്റ്റ്  ഒരു  പ്രിന്റ്  എടുത്തു  വായിച്ചു  കേൾപ്പിച്ചു. അതു  വായിച്ചുകേട്ടതോടെ  അമ്മയുടെ  ശ്വാസം  നേരെ  വീണു.

'' ഇതു  കൊള്ളാമെല്ലോ...  ഇതു  നീ  തന്നെ  എഴുതിയതാണോ  മോനെ... നീ  ഇതൊക്കെ  എവിടെ  നിന്നു  പഠിച്ചു...''   എന്നു അമ്മ.

കൂട്ടത്തിൽ  അമ്മയുടെ  പിറുപിറുക്കൽ  അല്പം  ഉച്ചത്തിലായി.
'' പിന്നെന്താ ലവൻ അങ്ങനെ പറഞ്ഞത് ''  എന്നായി  അമ്മ. ലെവൻ  ആരാണെന്നു  എത്ര  ചോദിച്ചിട്ടും  അമ്മ  പറഞ്ഞില്ല. ഒരു  കലഹം  ഉണ്ടാക്കേണ്ട  എന്നു  വിചാരിച്ചിട്ടാകും.  ലെവനെത്ര  പാര വെച്ചാലും  ഒരു  കവി(പി) ആകാനുള്ള  പുറപ്പാട്  ഞാൻ  ഉപേക്ഷിക്കും  എന്നു  കരുതേണ്ട . അല്ലെങ്കിലും  മുട്ടയ്ക്ക്  എന്തുപറ്റും  എന്നോർത്ത്  ഏതെങ്കിലും  കോഴി മുട്ടയിടാതിരിക്കുമോ?


വാൽകഷ്ണം :

മത്തായിച്ചൻ  അതിരാവിലെ  എഴുന്നേറ്റു  തെങ്ങിന്  തടം  എടുത്തു, വളം  ഇട്ടു, പച്ചിലകമ്പുകൾ  വെട്ടി പുതയും  ഇട്ടു. ഏറ്റവും  അവസാനം മോളിലേക്കു  നോക്കിയപ്പോൾ ആണ് മനസ്സിലായത് തെങ്ങിന് മണ്ടയില്ലെന്ന്..                            
ഗുണപാഠം: പുളവൻ  മൂത്താൽ നീർക്കോലി

26 comments:

  1. സാഹിത്യരചനാ പീഢന ചരിത്രം നന്നായിരുന്നു ചേട്ട . ആസ്വദിച്ച് വായിച്ചു. ഇത്രേം പ്രതീക്ഷിച്ചില്ല. ഇഷ്ടായി. ആശംസകൾ

    ReplyDelete
    Replies
    1. ആദ്യ കമന്റ് ആദിയിൽ നിന്ന്. സന്തോഷം, ആശംസകൾ.. നന്ദി വായനയ്ക്കും അഭിപ്രായത്തിനും











      Delete
  2. ആദ്യമായാണ് ഇവിടെ എന്നു തോന്നുന്നു. രചന ഇഷ്ടമായി. നീളക്കൂടുതല്‍ വായനയെ തടസപ്പെടുത്തിയില്ല. ആശംസകള്‍ പ്രിയ പുനലൂരാന്‍.

    ReplyDelete
    Replies
    1. വളരെ സന്തോഷം . എഴുതി വന്നപ്പോൾ നീളം കൂടിപ്പോയി . ഒന്നും കളയാൻ മനസ്സ് വന്നില്ല . വായനയ്ക്കും അഭിപ്രായത്തിനും നന്ദി ...

      Delete
  3. ഒരിടവേളയ്ക്ക് ശേഷം ബ്ലോഗ് ലോകത്തിലേക്ക് തിരിച്ചെത്തിയതിനു ശേഷം ആദ്യമായി വായിക്കുന്ന രചന പുനലൂരാന്റെ ആണ് . ഭാഷയിലെ ലാളിത്യം നന്നായി ആകർഷിച്ചു .ബ്ലോഗനാകാനാണ് യോഗം .അല്ലേൽ ഒരു പാടു സ്ഥലത്ത് തട്ടി തെറിച്ച് ഇവിടെ എത്തില്ലലോ . പിന്നെ ... കുറച്ചു കഴിഞ്ഞു ഇതെല്ലാം പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ച് അസൂയാലുക്കളോടും പാരകളോടും പ്രതികാരം ചെയ്യാം ... ആശംസകൾ

    ReplyDelete
    Replies
    1. അങ്ങനെ ഞാനും ഒരു ബ്ലോഗറായി ...പ്രിയ അമൽ ദേവ് വായനയ്ക്കും അഭിപ്രായത്തിനും വളരെ നന്ദി ..ആശംസകൾ

      Delete
  4. ആ പീഡനവുമായി ഇപ്പോഴും തുടരുന്നു.

    ReplyDelete
    Replies
    1. സാറെങ്കിലും സത്യം പറഞ്ഞല്ലോ ..വളരെ സന്തോഷം സർ . പക്ഷെ മുട്ടയ്ക്ക് എന്തുപറ്റും എന്നോർത്ത് ഏതെങ്കിലും പൂവൻ കോഴി മുട്ടയിടാതിരിക്കുമോ സർ ?...

      Delete
  5. ഇത്തിരി നീളം കൂടിപ്പോയെങ്കിലും ഒട്ടും ബോറടിക്കാതെ മുഴുവനും വായിച്ചു. ആ ക്ലാസ്സ് മീറ്റിങ്ങും കാര്യങ്ങളും ഒക്കെ വായിച്ചപ്പോൾ ഞാനും സ്കൂൾ കാലങ്ങൾ ഓർമ്മിച്ചുപോയി. നാടകം.... കഥ.... എല്ലാ മേഖലകളിലൂടെയും കടന്നു അവസാനം ബ്ലോഗിൽ എത്തിനിൽക്കുന്നു അല്ലെ... എന്തായാലും രസം തോന്നി ഈ വായന... തുടരട്ടെ ഇനിയും ഇതുപോലുള്ള കഥകളോ .. ഓർമ്മകളോ ഒക്കെ... ആശംസകൾ. പിന്നെ ആ പഴയകാലങ്ങളിലെ ചെടികളുടെ ഫോട്ടോയും കൊള്ളാരുന്നു.

    ReplyDelete
    Replies
    1. എഴുതി വന്നപ്പോൾ നീണ്ടുപോയി മാഡം, ഒന്നും കളയാൻ മനസ്സ് വന്നില്ല അടുത്ത പ്രാവിശ്യം ശ്രദ്ധിയ്ക്കാം ..ഈ പഴയ ചെടികൾ ഒക്കെ പുതിയ തലമുറയിൽ എത്രപേർക്കറിയാം .. നൊസ്റ്റി അടിച്ചു ഇട്ടതാണ് ..വളരെ നന്ദി വായനയ്ക്കും അഭിപ്രായത്തിനും ...

      Delete
  6. നീളമുള്ള പോസ്റ്റുകളാണെനിയ്ക്കേറെയിഷ്ടം.
    എന്തോരം ഓർമ്മകളാ??ഇഷ്ടായത്‌ ഏതാന്ന് പറയാൻ പറ്റുന്നുമില്ല.ഇനിയും ഇങ്ങനെയുള്ള നല്ല നല്ല കഥകളുമായി പോരൂ.വായനക്കാർ റെഡി.!!!

    ReplyDelete
    Replies
    1. വളരെ സന്തോഷം സുധി നീണ്ട പോസ്റ്റുകൾ ഇഷ്ടപ്പെടുന്നതിൽ, പറഞ്ഞുവരുമ്പോൾ നീളം കൂടിപ്പോകുന്നു ...നന്ദി ..ആശംസകൾ

      Delete
  7. രസമുള്ള ഓര്‍മ്മകള്‍, മാഷേ

    ഇനിയുമെഴുതുക

    ReplyDelete
    Replies
    1. വളരെ സന്തോഷം ശ്രീ..വായനയ്ക്കും അഭിപ്രായത്തിനും




      Delete
    2. നല്ല എഴുത്ത് ഓർമകളിലൂടെ...

      Delete
    3. നന്ദി വായനയ്ക്കും അഭിപ്രായത്തിനും

      Delete
  8. പ്രിയ പുനലൂരാൻ, പോസ്റ്റ് വായിച്ചു. കൊള്ളാം. ഇഷ്ടായി. കത്തിക്കുത്ത് പൊരിച്ചു. പിന്നെ, മുട്ടക്ക് എന്ത് പറ്റും എന്നോർത്ത് കോഴി മുട്ടയിടാതിരിക്കുമോ? എന്ന ആറ്റിറ്റ്യൂഡ് ഇടിവെട്ടാണ്.

    ഇത്തരം ഓർമ്മകൾ ഒരു നിധിയാണ്. ഈ ഓർമ്മയുടെ കല്ലുവെട്ട് മടയിൽ നിന്നും വീണ്ടും നല്ല കലക്കൻ ഫിനിഷിങ്ങുള്ള കല്ലുകൾ വെട്ടിവരട്ടേ. എല്ലാ ആശംസകളും.

    ReplyDelete
    Replies
    1. ഗുരുവേ നമഃ . മലയാളബ്ലോഗിന്റെ കുലഗുരുവിൽ നിന്ന് കിട്ടിയ ഈ അഭിപ്രായത്തിനു പവൻമാറ്റ്. അങ്ങയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ്‌ ഈയുള്ളവൻ ബ്ലോഗ് എഴുത്ത് തുടങ്ങിയത് എന്നുകൂടി കുറിച്ചാൽ ഈ ബ്ലോഗ് പോസ്റ്റ്
      പൂർണ്ണം. നന്ദി നമസ്കാരം .



      Delete
  9. രസകരമായ ഓർമ്മകൾ.. വായിച്ചു.. ആസ്വദിച്ചു..

    ReplyDelete
    Replies
    1. വരവിനും വായനയ്‌ക്കും നന്ദി..ആശംസകൾ




      Delete
  10. പുളവൻ മൂത്താൽ നീർക്കോലിയാണെങ്കിലും
    ചിലരുടെ അത്താഴം മുടക്കാൻ നീർക്കോലി തന്നെ ധാരാളം ...!

    ReplyDelete
    Replies
    1. നീർക്കോലിയായാലും എഴുത്ത് വായനക്കാരിൽ ഗൃഹാതുരത്വവും സന്തോഷവും നന്മയും നിറയ്ക്കുന്നെങ്കിൽ വിജയിച്ചു എന്നാണ് എന്റെ പക്ഷം ..വളരെ നന്ദി സുഹൃത്തേ വരവിനും വായനയ്ക്കും ..

      Delete
  11. valare nannayittundu, simple and beautiful writing. i read it in one sitting . congratulations. keep going. publish it in magazines so that every one will read and enjoy.

    ReplyDelete
    Replies
    1. Thanks for reading. I am happy to know that my readers enjoyed the writing. Best wishes..

      Delete
  12. എഴുത്തിന്റെ ലോകത്ത് എനിയ്ക്കും ഒരു നിലനില്പ്പുണ്ടാക്കിത്തന്നത് ബ്ലോഗെഴുത്താണ്.. സത്യസന്ധമായ എഴുത്ത് ചങ്ങാതി.. :) വായിച്ചുതുടങ്ങിയാല്‍ വീണ്ടും വീണ്ടും വായിയ്ക്കാന്‍ തോന്നുന്ന എഴുത്ത്..

    ReplyDelete
    Replies
    1. ബ്ലോഗിന്റെ സുഖം ബ്ലോഗിൽ നമുക്കിഷ്ടമുള്ളത് എഴുതാം ..നിബന്ധനകൾ ഇല്ല ..അത് ഇന്റർനെറ്റ് ഉള്ള കാലത്തോളം സമാനഹൃദയർ വായിക്കും ..അഭിപ്രായം പറയും ..വളരെ സന്തോഷം സുഹൃത്തേ

      Delete