ചിതറിയ സ്കൂൾ ഓർമ്മകൾ
എന്റെ ചെറുപ്പത്തിൽ നാട്ടിലെ ഏക പ്രാഥമിക വിദ്യാഭ്യാസകേന്ദ്രം ആയിരുന്നു ഇടമൺ ഗവ. എൽ.പി സ്‌കൂൾ. കൊല്ലം ചെങ്കോട്ട റോഡിന്‍റെ സൈഡിൽ നിലകൊള്ളുന്ന ഈ പള്ളികൂടത്തിനു കുറഞ്ഞത് ഒരു പത്തുനൂറു കൊല്ലമെങ്കിലും പഴക്കം കാണും. ആ നല്ല നാളുകളുടെ ഓർമ്മകൾ പ്രത്യേകിച്ച് എൽ. പി സ്കൂൾ ജീവിതകാല ഓർമ്മകൾ വായനക്കാരുമായി പങ്കുവെയ്ക്കുന്നു. കാലത്തിനും ജീവിത സാഹചര്യങ്ങൾക്കും അനുസരിച്ചു അല്പം വ്യത്യാസങ്ങളോടെ എല്ലാ വായനക്കാർക്കും കാണും ഇത്തരം മറക്കാൻ ആകാത്ത സ്കൂൾ ഓർമ്മകൾ.
അന്നൊക്കെ സ്‌കൂളുകളിൽ ഉച്ചക്കഞ്ഞിക്ക് പകരം നൽകിയിരുന്നത് അമേരിക്കൻ പുട്ട് എന്നറിയപ്പെടുന്ന ഉപ്പുമാവും പാലുമായിരുന്നു. എഴുപതുകളിലെ വറുതിക്കാലത്ത്, അമേരിക്ക ഇന്ത്യയെ പ്രീതിപ്പെടുത്താനും കൂടെ നിറുത്താനുമായി നൽകിയിരുന്ന ഗോതമ്പ് പൊടിയും പാലും എണ്ണയുമെല്ലാം കേരളത്തിലെ സ്‌കൂൾ കുട്ടികൾക്ക് മറക്കാനാകാത്ത ഒട്ടേറെ ഓർമ്മകളായിരുന്നു സമ്മാനിച്ചത്. അന്നത്തെ സ്കൂൾ ജീവിതത്തിൽ എനിക്ക് മറക്കാനാവാത്ത ഒരു ഗന്ധമുണ്ട്, പുട്ടുപുരയിൽ നിന്ന് പൊങ്ങുന്ന ഉപ്പുമാവിന്‍റെ ഗന്ധം. ഉള്ളിയും മുളകും വഴറ്റിയ എണ്ണയിലേക്ക് ഗോതമ്പ് റവപ്പൊടി ഇട്ടു കയിൽ കൊണ്ടു ഇളക്കി, ചെല്ലപ്പൻ ചേട്ടൻ ചെമ്പ് ഇറക്കി അടുപ്പിന്‍റെ ഓരത്തു വെയ്ക്കും. ഉച്ചയ്ക്ക് മണിയടിക്കുന്നതിനു അരമണിക്കൂർ മുമ്പ് തന്നെ അതിന്‍റെ കൊതിപ്പിക്കുന്ന മണം ക്ലാസ്സ് റൂമുകളിലേക്ക് അടിച്ചു കയറും. ചെല്ലപ്പൻ ചേട്ടന്റെ കൈപുണ്യത്തിന്‍റെ രുചി അറിഞ്ഞവർ ആയിരുന്നു ഞങ്ങളുടെ നാട്ടിലെ എന്‍റെ പ്രായത്തിലുള്ള മിക്കവരും. ആ ഗോതമ്പുപുട്ടിനു എന്ത് രുചി ആയിരുന്നു. അന്ന് സ്റ്റീൽ പാത്രങ്ങളിൽ ഒന്നും അല്ല സ്കൂളിൽ ഉപ്പുമാവ് നൽകിയിരുന്നത്. വട്ട ഇലയിൽ ആയിരുന്നു അന്ന് ഉപ്പുമാവ് വിളമ്പിയിരുന്നത്. രാവിലെ സ്കൂളിൽ പോകുമ്പോൾ വട്ടയില പറിക്കാൻ വഴിയിലെ വട്ടമരങ്ങളിൽ വലിഞ്ഞു കയറാൻ എന്തായിരുന്നു ഉത്സാഹം. വട്ടയിലയിൽ പൊതിഞ്ഞ ഉപ്പുമാവിന് ഒരു പ്രത്യേക സ്വാദാണ് കേട്ടോ. ചെറിയ ചൂടോടെ, എണ്ണയിൽ മൂത്തുകറുത്ത ഉള്ളികഷ്ണങ്ങളും മുളകും ചേർത്ത ഗോതമ്പുപുട്ട് കഴിയ്ക്കാൻ നല്ല ടേസ്റ്റാണ്. അതിന്‍റെ സ്വാദ് ഇപ്പോഴും നാവിൻ തുമ്പത്തുണ്ട്. ഗോതമ്പ് കൊണ്ടുള്ള റവ ഉപ്പുമാവ് കൂടാതെ മഞ്ഞ ചോളപ്പൊടി കൊണ്ടുള്ള പുട്ടും ചിലപ്പോൾ കിട്ടും. അതിനാണ് സ്വാദ് കൂടുതൽ. മഞ്ഞപ്പുട്ടിന്റെ രുചി, അതോർക്കുമ്പോൾ നാവിലെ രസമുകുളങ്ങളിൽ ഒരു കപ്പലോട്ടത്തിന്‍റെ അവസരം ഇപ്പോഴും ഉണ്ടാകുന്നു എന്നതാണ് സത്യം.
ഉപ്പുമാവ് കഴിക്കുന്ന കുട്ടികൾ ഒന്നുരണ്ടു വട്ടയില നാലായി ചുരുട്ടി പോക്കറ്റിൽ കരുതും. ഉച്ചമണി അടിക്കുമ്പോൾ ആകെക്കൂടി ഒരു കൂട്ടപൊരിച്ചിൽ ആണ്. ഒടുവിൽ സാറന്മാരുടെ തലവട്ടം കാണുന്നതോടെ നല്ലകുട്ടികളായി വരിവരിയ്ക്ക് സ്‌കൂൾ വരാന്തയിൽ നിരന്നു ഇരിക്കും. ഉപ്പുമാവ് വിളമ്പുന്നത് പാചകക്കാരിയും സാറന്മാരും ക്ലാസ്സിൽ തോറ്റുതോറ്റു മുതിർന്ന ഒന്നുരണ്ടു കുട്ടികളും ചേർന്നാകും. ഹെഡ്മാസ്റ്ററുടെ ചൂരൽ കൈയ്യിൽ ഇരുന്നു പല്ലിളിക്കുന്നതിനാൽ വല്യ കലപില ഒന്നും ഉണ്ടാകില്ല.കുട്ടികൾ ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ കാക്കകൾക്ക് സ്വാതന്ത്യം കിട്ടുന്ന സമയമാണ്. പിന്നീട് ആണ് കാക്കകളും ചെല്ലപ്പൻ ചേട്ടനും തമ്മിലുള്ള കശപിശ. കാക്കകൾക്കാകട്ടെ കുട്ടികളെയും ചെല്ലപ്പൻ ചേട്ടനെയും അശേഷം പേടിയില്ല. അവർ ചെമ്പുപാത്രത്തിൽ കയറി ഇരുന്ന് വിശാലമായി ഉപ്പുമാവ് കൊത്തി തിന്നും.
കുട്ടികൾ ശടേന്ന് സ്കൂൾ കിണറ്റിൽ നിന്ന് വെള്ളം കോരി വായ് കഴുകി എന്നുവരുത്തി കളികൾ തുടങ്ങും. സ്കൂൾ മുറ്റത്തു വലിയൊരു തേന്മാവ് ഉണ്ട് . അതിന്‍റെ ചുവട്ടിൽ ആകും കളികൾ. എന്തെല്ലാം കളികൾ ആണ് അക്കാലത്തു, കളത്തിൽ ചാടിയുള്ള കക്കുകളി, സാറ്റ്, കിളിത്തട്ട്, കബഡി, കഴുതപ്പെട്ടി, കണ്ണാരംപൊത്തിക്കളി, ഗോലികളി അങ്ങനെ എണ്ണിയാൽ തീരാത്ത കളികൾ. രണ്ടുമണിക്ക് ബെല്ലടിക്കുന്നതു വരെ നേരം പോകുന്നതറിയില്ല.
അപ്പോഴാകും സൈക്കിളിൽ ഐസ് വിൽപ്പനക്കാരന്‍റെ വരവ്. സൈക്കിൾ ബാറിൽ തൂക്കിയിട്ടിരിക്കുന്ന ഇരുമ്പുപട്ടയിൽ ഇരുമ്പുദണ്ഡു കൊണ്ട് അടിച്ചു താളാത്മകമായി അയാൾ കൂകും ഐസ് മുട്ടായി...ഐസ് മുട്ടായി. എന്തൊക്കെ തരത്തിൽ ഉള്ള ഐസ് മിട്ടായികളാണ് അയാളുടെ സൈക്കിളിൽ കെട്ടിവെച്ച ചെറിയ ഐസ് പെട്ടിയിൽ ഉണ്ടാകുക. അഞ്ചുപൈസ കൊടുത്താൽ കോലൈസ് എന്നു വിളിക്കുന്ന കമ്പ് ഐസ് കിട്ടും. ഒരു ചെറിയ മരക്കോലിൽ വർണ്ണപ്രപഞ്ചം തീർക്കുന്ന ഐസ് മിട്ടായി.. ചെമല, മഞ്ഞ, പച്ച, കാപ്പിപ്പൊടി അങ്ങനെ എന്തെല്ലാം ഇനങ്ങൾ. നാവിൻ തുമ്പിൽ ഇട്ടാൽ അലിഞ്ഞു നാവിനും ചുണ്ടിനും നിറങ്ങളുടെ വർണ്ണഭംഗി നൽകും. കുറേനേരത്തെക്കെങ്കിലും മധുരവും തണുപ്പും നൽകുന്ന അനുഭൂതിയുടെ സ്വർഗ്ഗലോകത്താകും കുട്ടികൾ. ഐസ് മിട്ടായി വാങ്ങി കഴിക്കരുത് എന്നു വീട്ടിൽനിന്നു പറഞ്ഞതൊക്കെ ആരു കേൾക്കാൻ. എന്തെല്ലാം രുചികളാ..പാലൈസ്, സേമിയ, ഓറഞ്ച്, ചോക്കലൈറ്റ്, മാംഗോ അങ്ങനെ ഹരം പിടിപ്പിക്കുന്ന രുചികളും ഓർമ്മകളും. കോലൈസ് വാങ്ങി വായിലേക്ക് നീട്ടുമ്പോളാകും ആരെങ്കിലും കുശുമ്പ് മൂത്തു പുറകിൽ നിന്നു തട്ടുക. കോലിൽ നിന്നു അടർന്നു വീഴുന്ന ഐസിനു വേണ്ടി കുട്ടികളുടെ പരക്കംപാച്ചിലും തല്ലും ഇപ്പോഴും ഓർമ്മയുണ്ട്. ഐസ് മിട്ടായി നഷ്ടപ്പെട്ടവൻ അണ്ടി കളഞ്ഞ അണ്ണാനെ പോലെ നിൽക്കുന്ന നിൽപ്പുണ്ടല്ലോ, മുഖത്തെ ഭാവം ഒന്നു കാണേണ്ടത് തന്നേ.. കരുണം, രൗദ്രം, ബീഭത്സം..
എട്ടരമണിയാകുമ്പോഴേക്കും ഞാനും കൂട്ടുകാരും സ്കൂളിൽ എത്തും. എന്റെ വീടിന്റെ അടുത്തായിരുന്നു സ്കൂൾ. ക്ലാസ്സിലെത്തിയ ഉടൻ വള്ളി റബ്ബർ ഇട്ടു മുറുക്കിയ പുസ്തകക്കൂട്ടം ഡെസ്കിന്റെ അടിയിലെ തട്ടിലേക്ക് വലിച്ചെറിഞ്ഞു ഞാനും കൂട്ടുകാരും ഗ്രൗണ്ടിലേക്ക് പായും. എന്തൊക്കെ കളികൾ ആയിരുന്നു അന്ന്. ആൺകുട്ടികളുടെ കളികളിൽ പ്രധാനം കബഡിയും കിളിത്തട്ടും. പിന്നെ ഗോലികളി, കുട്ടിംകോലും,കുഴിപ്പന്തുകളി അങ്ങനെ ഒട്ടേറെ ഇനങ്ങൾ. പെൺകുട്ടികളുടെ കളികൾ ആയിരുന്നു കക്കുകളി,കല്ലുകൊത്ത്,അമ്മാനയാട്ടം തുടങ്ങിയവ. കായിക അധ്വാനം വേണ്ടിയിരുന്ന കളികൾ ആയിരുന്നു അതൊക്കെ. അനങ്ങാപ്പാറകളായ ചില മടിച്ചികോതകൾ കൂടിയിരുന്നു കൈയ്യിൽകുത്ത് കളിക്കും.
അക്കുതിക്കുത്താന വരമ്പ്
കയ്യേകുത്ത് കരിംകുത്ത്
ചീപ്പ് വെള്ളം താറാവെള്ളം
താറാമക്കടെ കൈയ്യേലൊരു വാങ്ക്..
കയ്യേകുത്ത് കരിംകുത്ത്
ചീപ്പ് വെള്ളം താറാവെള്ളം
താറാമക്കടെ കൈയ്യേലൊരു വാങ്ക്..
ജൂൺ മാസം സ്കൂൾ തുറക്കുമ്പോഴേക്കും മഴയും എത്തും. പുതുതായി പെയ്യുന്ന മഴയ്ക്ക് ആ അവധിക്കാലം കഴിഞ്ഞു സ്കൂളിൽ പോകാൻ വെമ്പൽ കൊള്ളുന്ന സ്കൂൾ കുട്ടികളുടെ ഉത്സാഹമാണ്; ഇടവപ്പാതിയ്ക്ക് ആദ്യമായി സ്കൂളിൽ പോകുന്ന ഒന്നാം ക്ലാസുകാരന്‍റെ മട്ടാണ്..എപ്പോഴാണ് ആർത്തലച്ചു പെയ്യുക എന്നു പറയുക വയ്യ. സ്കൂൾ തുറന്നു ചില ദിവസങ്ങൾ കഴിയുന്നതോടെ മഴയുടെ കുറുമ്പും കൂടിവരും. ഞങ്ങൾ കുട്ടികൾക്കാകട്ടെ മഴയൊന്നും പ്രശ്നമല്ല, അവർക്ക് കഴിഞ്ഞ രണ്ടു മാസത്തെ അവധിക്കാല വിശേഷങ്ങൾ കൂട്ടുകാരുമായി പങ്കുവെയ്ക്കാനുള്ള ധൃതിയാണ്. അവധിക്കാലത്ത് ബന്ധുവീട്ടിൽ വിരുന്നുപോയതും കാഴ്ച്ചബംഗ്ലാവ് കാണാൻ പോയതും അങ്ങനെ നൂറുകൂട്ടം വിശേഷങ്ങൾ. സ്കൂൾ തുറക്കുന്നതിന് മുമ്പുതന്നെ ബുക്കുകളും പുസ്തകങ്ങളും പൊതിഞ്ഞു റെഡിയാക്കി ഉത്സാഹത്തോടു കാത്തിരിക്കും.
പുസ്തകങ്ങൾ പൊതിയാൻ അന്നു കിട്ടുന്ന സോവിയറ്റ് യൂണിയൻ മാഗസിനിന്‍റെ ലക്കങ്ങൾ എവിടെ നിന്നെങ്കിലും കണ്ടെത്തും. മലയാളത്തിൽ ഉള്ള സോവിയറ്റ് നാട് മാഗസിനെക്കാൾ കുട്ടികൾക്ക് പ്രിയം ഇംഗ്ലീഷിലുള്ള സോവിയറ്റ് യൂണിയനോടായിരുന്നു. കൊല്ലം ജില്ലയുടെ കിഴക്കൻ പ്രദേശങ്ങൾ ഒക്കെ കമ്മ്യൂണിസ്റ്റ് വേരോട്ടം ഉള്ള സ്ഥലങ്ങൾ ആയതിനാൽ മിക്കവാറും എല്ലാ വീടുകളിലും സോവിയറ്റ് നാടിന്‍റെ ഒരു ലക്കമെങ്കിലും കാണും. കമ്മ്യൂണിസ്റ്റ് വിപ്ലവം പോലെ സമത്വസുന്ദര റഷ്യയുടെ ദൃശ്യങ്ങൾ നിറഞ്ഞ പുറംചട്ടയണിഞ്ഞ സ്കൂൾ പുസ്‌തകങ്ങൾ ഇന്നു ഓർമ്മമാത്രം. അതുമല്ലെങ്കിൽ ചുമരിൽ തൂങ്ങുന്ന ഉണ്ണിമേരിയുടെയോ ജയഭാരതിയുടെയോ മറ്റോ പടമുള്ള പഴയ വർണ്ണകലണ്ടറുകളാകും ശരണം. പൊതിഞ്ഞ ബുക്കുകൾ പ്ലാസ്റ്റിക്‌ഷീറ്റ് കൊണ്ടു കവർ ചെയ്യും. അതും അത്ര ബുദ്ധിമുട്ടുള്ള കാര്യം അല്ലായിരുന്നു. കാരണം പുനലൂർ പ്രദേശങ്ങളിൽ റബ്ബർ എസ്റ്റേറ്റുകൾ ധാരാളം ഉള്ളതിനാൽ മഴക്കാലത്ത് റബ്ബർമരങ്ങൾ പൊതിയുന്ന പ്ലാസ്റ്റിക് ഷീറ്റുകൾ തോട്ടപ്പണിക്കാരെ ആരെയെങ്കിലും ചാക്കിട്ടാൽ കിട്ടും. അങ്ങനെ പൊതിയുന്നതിനു മുമ്പ് നെയിംസ്ലിപ്പുകൾ കൂടെ ഒട്ടിച്ചാൽ സംഗതി ജോർ. നെയിംസ്ലിപ്പ് ബാലരമയിൽ നിന്നോ പൂമ്പാറ്റയിൽ നിന്നോ വെട്ടിയെടുത്ത് ഒട്ടിയ്ക്കും.വർണ്ണ കലണ്ടറുകളാണെങ്കിൽ ടീച്ചറെ പേടിച്ചു ഉണ്ണിമേരിയുടെയും ജയഭാരതിയുടെയും പള്ളയ്ക്കാകും നെയിംസ്ലിപ്പ് പതിക്കുക.
മിക്കവാറും തലേന്ന് തന്നെ പിറ്റെ ദിവസം സ്കൂളിൽ കൊണ്ടുപോകുവാൻ ഉള്ള ബുക്കുകൾ ഒക്കെ അടുക്കി റബ്ബർനാട ഇട്ടു വലിച്ചുമുറുക്കി ടെമ്പറാക്കി വെക്കും. രണ്ടുതരം റബ്ബർനാടകൾ അന്ന് സ്കൂളിനടുത്തുള്ള കടകളിൽ കിട്ടും. വില കുറഞ്ഞ കറുത്ത റബ്ബർ നാടയും വില അല്പം കൂടിയ ആഢ്യൻ ഇലാസ്റ്റിക് നാടയും. ആ കറുത്ത റബ്ബർനാടകൊണ്ടു കാണിയ്ക്കാത്ത കുരുത്തക്കേടുകൾ ഇല്ല. മൊബൈൽ പേപ്പർ റോക്കറ്റ് വിക്ഷേപിണിയായും കാക്കാബെൽറ്റായും (തെറ്റാലി) കൂടെയുള്ളവന്‍റെ തലയ്ക്കിട്ടു വീക്കാനും ഒക്കെ അതു തന്നെ ശരണം. മഴക്കാലത്ത് ബുക്കുകൾ തുണിക്കടയിൽ നിന്നു ഡ്രസ്സ് വാങ്ങുമ്പോൾ കിട്ടുന്ന നല്ല കട്ടിയുള്ള പ്ലാസ്റ്റിക് കവറിൽ ഇട്ടാകും യാത്ര.
ഇടവഴി താണ്ടി പാടത്തേക്കു ഇറങ്ങുമ്പോഴാണ് രസം. പാടവരമ്പിന്‍റെ അരികിൽ നിൽക്കുന്ന കുടങ്ങൽ പടർപ്പിൽ നിന്നു ഇല പറിച്ചു നാവിനടിയിൽ തിരുകി ഉച്ചത്തിൽ പീ.. എന്നു ശബ്ദം കേൾപ്പിക്കാൻ നല്ല രസം. പാടത്തിനു നടുവിലൂടെ സിമന്റ് വരമ്പ് ഉണ്ട്, ഒരു സൈഡിൽ തോടാണ്. മഴ പെയ്‌തു കഴിഞ്ഞാൽ തോട്ടിലൂടെ കാടിവെള്ളത്തിന്റെ നിറത്തിൽ വെളളം കുത്തിയൊലിച്ചു ഒഴുകും. തോട്ടിൽ പേപ്പറുകൊണ്ട് കളിവള്ളം ഉണ്ടാക്കി അതിൽ വലിയ കറുത്ത ഉറുമ്പിനെ പിടിച്ചു തോണിക്കാരനാക്കി അതിനൊപ്പം ഓടുക എന്റെ ഇഷ്ടവിനോദം ആയിരുന്നു. ഒടുവിൽ ഏതെങ്കിലും ചുഴിയിൽ പെട്ടു ബോട്ടു മുങ്ങുമ്പോൾ ഉള്ള മുഖഭാവം കണ്ടാൽ കടലിൽ പോയ ബോട്ടുമുങ്ങിയ ഉടമയുടെ മട്ടാണ്. തോടിന്‍റെ ഒരു വശത്ത് കൈതകളും കാട്ടുചേമ്പുകളും കാണും. കാട്ടുചേമ്പിന്റെ ഇലകൊണ്ട് ഒത്തിരി കാര്യങ്ങൾ ചെയ്യാം. നിനച്ചിരിയ്‌ക്കാതെ മഴ പെയ്യുമ്പോൾ വലിയ ഇല പറിച്ചു കുടയാക്കി ചൂടി ഓടും. മഴ മാറി വെയിൽ വന്നാൽ ഇലയ്ക്കു നടുവിൽ തോട്ടിൽ നിന്നു കൈകൊണ്ടു വെള്ളം കോരിയൊഴിച്ചു തിളങ്ങുന്ന വൈഡൂര്യമണികളുടെ ഭംഗി ആസ്വദിയ്ക്കും. ഇല വെള്ളത്തിൽ മുക്കിവെച്ചു മാനത്തുകണ്ണിയെ പിടിയ്ക്കും. കിട്ടിയ മീനിനെ ചേമ്പിലയിൽ വെള്ളത്തോടുകൂടെ ഒരു കുമ്പിളുപോലെ ആക്കി വീട്ടിൽ കൊണ്ടുവന്നു ഒഴിഞ്ഞ ഹോർലിക്‌സ് കുപ്പിയിൽ ഇട്ടു വളർത്തും. ഒന്നുരണ്ടു തവണ കുപ്പിയിലെ വെള്ളം മാറ്റുന്നതോടെ പാവം അവറ്റകളുടെ കഥ കഴിയും.
എന്റെ സ്കൂളോർമ്മകളിൽ മായാതെ നിൽക്കുന്ന ഒട്ടേറെ മരങ്ങൾ...കൊല്ലം ചെങ്കോട്ട റോഡിൽ ഇടമൺ എൽ.പി സ്കൂൾ മുതൽ യു.പി സ്കൂൾ ജംഗ്ഷൻവരെ എന്തോരം മുത്തശ്ശി മാവുകൾ ആയിരുന്നു ഉണ്ടായിരുന്നത് . ഉച്ചയ്ക്ക് ശേഷം മാനത്തു മഴകണ്ടാൽ ബെല്ലടിച്ചു പള്ളിക്കൂടം വിടും. വീട്ടിലേക്ക് ഓടുന്നതിനു പകരം ഞങ്ങൾ റോഡുവക്കിലെ മാവുകളുടെ മൂട്ടിലേക്കാകും പാഞ്ഞോടുക. വേനൽ മഴക്ക് മുമ്പ് വീശുന്ന കാറ്റിൽ ചറപറാ വീഴുന്ന മാങ്ങയ്ക്ക് പിറകെ പിന്നാലെ എത്തുന്ന മഴയെ വകവെയ്ക്കാതെ ഓടാൻ എന്തായിരുന്നു ഉത്സാഹം...ചിലപ്പോൾ കാറ്റിൽ ചെറുകൊമ്പുകൾ കുമ്പഴുപ്പൻ മാങ്ങകളോടെ താഴേക്ക് വീഴും. ഒരു മാസം കൂടിക്കഴിഞ്ഞാൽ ഒരു ചെറുകാറ്റടിച്ചാൽ പൊഴിയുന്ന ചക്കര മാങ്ങകൾ. ഞങ്ങളുടെ കല്ലും കപ്പത്തണ്ടും കൊണ്ടുള്ള ഏറുകളെ ഒരു കുഞ്ഞിന്റെ കുറുമ്പിനോട് മാതാവ് കാണിയ്ക്കുന്ന കനിവോടെ ഏറ്റുവാങ്ങിയ അമ്മച്ചി മാവുകൾ. മാങ്ങകൾ മരത്തിൽ വെച്ചു തന്നെ പാതിതീർത്തു വെയ്ക്കുന്ന അണ്ണാറക്കണ്ണന്മാർ, മാങ്ങ കൊത്തി താഴേക്ക് ഇടുന്ന കിളികൾ, പഴുത്ത മാങ്ങയുടെ മണം പിടിച്ചെത്തുന്ന വണ്ടുകൾ . ഈ ലോകത്ത് നമുക്ക് മാത്രമല്ല അണ്ണാറക്കണ്ണൻമാർക്കും കിളികൾക്കും വണ്ടുകൾക്കും മണിയനീച്ചകളും ഒക്കെ ജീവിയ്ക്കാൻ അവകാശമുണ്ടെന്നും ഭൂമിയിലെ ഓരോ ജീവികൾക്കുമുണ്ട് അവരുടേതായ അവകാശങ്ങൾ എന്നും നമ്മെ പഠിപ്പിച്ച വടവൃക്ഷങ്ങൾ. അവയെല്ലാം ഓരോരോ കാലങ്ങളിൽ ആയി മനുഷ്യൻ വെട്ടിവീഴ്ത്തി. ഇപ്പോഴും ആ വന്മരങ്ങളുടെ പിൻതലമുറക്കാർ ചിലരൊക്കെ അങ്ങിങ്ങു നിൽപ്പുണ്ട്, എപ്പോഴാണാവോ അധികാരികൾ പാതയ്ക്ക് ഭീഷണി എന്നു പേർപറഞ്ഞു അവയുടെ കടയ്ക്കൽ കത്തിവെയ്ക്കുക.
ഈ മാവുകളേക്കാൾ ഏറെ ഞാൻ ഓർമ്മിക്കുന്ന ഒരു മരമുണ്ടായിരുന്നു അന്ന് കൊല്ലം-ചെങ്കോട്ട റോഡ് സൈഡിൽ, ഒരു വമ്പൻ താന്നിമരം. എൽ.പി.സ്കൂൾ കഴിഞ്ഞു മുമ്പോട്ടു പോകുമ്പോൾ അമ്പലവളവ് കഴിഞ്ഞു അല്പം മുമ്പിലായി റോഡ്‌സൈഡിൽ ഒരു കൂറ്റൻ താന്നിമരം. മരത്തിൽ നിറയെ താന്നിക്കകൾ. കുഞ്ഞുനാളിൽ സ്കൂളിൽ പോകും വഴി കെ.ബി.എസ് എസ്റ്റേറ്റിലെ കുറുക്കുവഴിയിലൂടെ കുന്നുംപുറം താണ്ടി ആ മരത്തിന്റെ മൂട്ടിലേക്ക് ഞങ്ങൾ പ്രതീക്ഷയോടെ ചെല്ലുമായിരുന്നു. ആരെയും നിരാശരാക്കുകയില്ലായിരുന്നു ആ താന്നിമരം. എല്ലാവർക്കും കിട്ടും മൂന്നുംനാലും താന്നിക്കകൾ. അപ്പോഴാകും ഒരു ചെറുകാറ്റ് വീശുക. കനിവോടെ താന്നിമരം പൊഴിയ്ക്കും അഞ്ചാറ് താന്നിക്കകൾ. ഓടിച്ചെന്നു അതെടുത്തു നിക്കറിന്റെ പോക്കറ്റിൽ തിരുകി സ്കൂളിലേക്ക് ഒരോട്ടം. ഇടവേളയ്ക്ക് സ്കൂളിന്റെ തിണ്ണയിൽ ഇരുന്നു കല്ലുകൊണ്ട് താന്നിക്ക പൊട്ടിച്ചു പരിപ്പ് തിന്നുന്നതിന്റെ സുഖം. ആ താന്നിക്ക പൊട്ടിക്കുമ്പോൾ ഉള്ള ഒരു വേറിട്ട മണം എന്റെ മൂക്കിലേക്ക് ഇപ്പോഴും ഓർമ്മയായി തിരികെ എത്തുന്നു. കൂട്ടുകാർ തമ്മിൽ പിണങ്ങിയാൽ മുഖം വീർപ്പിച്ചു നടക്കുന്ന കൂട്ടുകാരനെ പലപ്പോഴും താന്നിക്ക കൊടുത്താകും വരുതിയിൽ ആക്കുക.
അന്നൊക്കെ നാട്ടുവഴികളിൽ പറങ്കിമാവ് സുലഭം. സ്കൂളിൽ പോകുന്ന വഴി റോഡിൽ വീണുകിടക്കുന്ന പറങ്കിപഴം.അത് കടിച്ചു ഈമ്പി ചാറുകുടിച്ചു പഴം തിന്നുന്നത് ഓർക്കുമ്പോൾ തന്നെ കുളിരുകോരുന്നു. പഴം ഇറുത്ത് അണ്ടികൾ നിക്കറിന്റെ പോക്കറ്റിൽ കുട്ടികൾ കരുതും. അന്നത്തെ വട്ടചിലവിനാണ്. മിക്ക കടകളിലും പൈസയ്ക്ക് പകരമായി കശുവണ്ടി എടുക്കും.അത് കൊടുത്തു നാരങ്ങമിട്ടായിയും നാവിൽ ഇട്ടാൽ അലിഞ്ഞു പോകുന്ന തേൻ
മുട്ടായിയും ഒക്കെവാങ്ങും.ഓർമ്മകളിലെവിടയോ ആ രുചികൾ ഇപ്പോഴും ചിലപ്പോഴൊക്കെ ഞൊട്ട പിടിച്ചു തിരിഞ്ഞു നിൽക്കും.
മുട്ടായിയും ഒക്കെവാങ്ങും.ഓർമ്മകളിലെവിടയോ ആ രുചികൾ ഇപ്പോഴും ചിലപ്പോഴൊക്കെ ഞൊട്ട പിടിച്ചു തിരിഞ്ഞു നിൽക്കും.
മിക്കവാറും പിള്ളേരെ പറ്റിക്കാനുള്ള എല്ലാ സാധനങ്ങളും സ്കൂളിന്റെ സമീപത്തെ കടകളിൽ കിട്ടും. വരി വരിയായി നിരത്തിവെച്ച മിഠായി ഭരണികൾ. നാരങ്ങമിട്ടായി കപ്പലണ്ടി മിട്ടായി, റബ്ബറുമിട്ടായി, അമ്മിക്കല്ല് മിട്ടായി പച്ചകളർ പ്ലാസ്റ്റിക് കവറുള്ള പാരീസ് മിട്ടായി,നാക്കിൽ ഇട്ടാൽ അലിഞ്ഞു പോകുന്ന പഞ്ചാരമിട്ടായി എന്നു വേണ്ട പീപ്പിയും ബലൂണും പൊട്ടാസും തോക്കും .കൂടാതെ കുപ്പിയിൽ നിറച്ച അച്ചാറും. റബ്ബറുമിട്ടായി എന്ന് വെച്ചാൽ മിട്ടായി ഒരു അലൂമിനിയം ഫോയിലിൽ പൊതിഞ്ഞു അതിന്റെ ചുറ്റും നീണ്ട റബ്ബർനാട ചുറ്റിയതാണ് .അത് വലിച്ചു വിട്ടാൽ വിട്ടെടുത്ത് തിരികെ എത്തും ,കൂടാതെ വട്ടത്തിൽ കറക്കാൻ നല്ല രസമാണ് . അമ്മിക്കല്ല് മിട്ടായി എന്നാൽ ആട്ടുകല്ലിന്റെ രൂപത്തിൽ ശർക്കരയും തേങ്ങാപ്പീരയും ചേർത്തുണ്ടാക്കിയതാണ് . പച്ച കളർ ഉള്ള പാരീസ് മിട്ടായിയുടെ കവർ കൊണ്ട് ഡാൻസ് ചെയ്യുന്ന പെൺകുട്ടിയെ ഉണ്ടാക്കുന്നത് ചെറുപ്പത്തിലെ ഞങ്ങളുടെ ഒരു പ്രധാന നേരം പോക്കായിരുന്നു. അന്ന് കടകളിൽ പാണ്ടിയിൽ നിന്നുള്ള അച്ചാറുപായ്ക്കറ്റ് അഞ്ച് പൈസ കൊടുത്താൽ കിട്ടും, നാരങ്ങ ചുമന്നഅച്ചാറാക്കി, പനയോല കൊണ്ട് പൊതിഞ്ഞു ചെറിയ ഓല പടക്കത്തിന്റെ രൂപത്തിൽ ഇരിക്കും. പൊതി അഴിച്ചു നാക്കിൽ ഇടുമ്പോൾ ഉള്ള രുചി ഓർത്താൽ ഇപ്പോഴും വായിൽ കപ്പലോടിക്കാം. പക്ഷെ വീട്ടിൽ വാങ്ങി കൊണ്ട് ചെന്നാൽ അമ്മ അടിക്കും. അമ്മയുടെ ഭാഷ്യത്തിൽ ഈ നാരങ്ങ അച്ചാർ ഉണ്ടാക്കുന്നത് കടയിൽ നിന്ന് നാരങ്ങ വെള്ളം പിഴിഞ്ഞതിനു ശേഷം പുറത്തേക്ക് എറിയുന്ന നാരങ്ങ കഷണങ്ങൾ പെറുക്കികൊണ്ട് പോയാണത്രേ.
സ്കൂളിൽ കളികൾക്കിടെ വീണു മുറിഞ്ഞു ചോര വന്നാൽ അടുത്ത പറമ്പിലേക്ക് ഓടും. കൂട്ടുകാർ കുറെ കമ്മ്യൂണിസ്റ്റ് പച്ചയുടെ ഇല എടുത്ത് പിഴിഞ്ഞു ചാറ് മുറിവിലേക്കു ഇറ്റിയ്ക്കും. ആദ്യം നല്ല നീറ്റൽ ആയിരിക്കും എങ്കിലും മൂന്നാലു ദിവസം കൊണ്ട് മുറിവ് ഉണങ്ങിയിരിക്കും..തീർന്നു ചികിത്സ. കൂട്ടുകാർ സ്കൂളിൽ കൊണ്ടു വരുന്ന പേരക്കയും മാങ്ങയുമൊക്കെ ഒരു മുറിബ്ലേഡ് കൊണ്ട് പൂളി ഞങ്ങൾ കൂട്ടം ചേർന്ന് പങ്കിടും. ചിലപ്പോൾ കല്ലുവെച്ചു ഇടിച്ചാകും ഭാഗം വെയ്ക്കുക. ഇന്ന് അങ്ങനെയൊക്കെ കഴിച്ചാൽ ഉണ്ടാകുന്ന രോഗങ്ങൾ അക്കാലത്ത് അന്യം. തൊടിയിലും മണ്ണിലുമൊക്കെ കളിച്ചു കരുത്ത് വന്ന ബാല്യങ്ങൾ.നെല്ലിക്ക അച്ചാറിന്റെയും പറങ്കിമാങ്ങാ ചൂരിന്റെയും ചെമ്മണ്ണിന്റെയും പുതുമഴയുടെയും ഗന്ധമുള്ള ഓർമ്മകൾ.
കാലം മാറി, ഞങ്ങളുടെ മുത്തശ്ശി സ്കൂളും ഹൈടെക്ക് ആയി. നമ്മുടെ ഗ്രാമങ്ങളും സ്കൂളുകളുമൊക്കെ മാറി. ഗ്രാമങ്ങളിലെ സ്കൂളുകളിൽ പോലും യൂണിഫോമും ഷൂവും ടൈയ്യും സ്കൂൾ ബസ്സുമൊക്കെ നിലവിൽ വന്നു. ബട്ടൺ പോയ നിക്കർ സേഫ്റ്റി പിന്നുകൊണ്ട് കുത്തി പോസ്റ്റാപ്പീസ് പാതിതുറന്നു കിടക്കുന്നതൊന്നും മൈൻഡ് ചെയ്യാതെ ഓടിച്ചാടി നടന്നിരുന്ന കുട്ടിക്കാലമൊക്കെ ഇപ്പോൾ ഓർമ്മകൾ മാത്രം.
വായിച്ചപ്പോൾ ഞാനും കുട്ടിക്കാലത്തേയ്ക്ക് പോയി. കമ്പ് ഐസ്ക്രീം ഒക്കെ അന്ന് ആരെങ്കിലും വാങ്ങി തന്ന് കഴിച്ചിട്ടെ ഉള്ളൂ. ഓർമ്മകൾ മധുരമുള്ളതാണ്
ReplyDeleteവളരെ സന്തോഷം
Deleteപഠിത്തം ഒഴിച്ചുള്ള കാര്യങ്ങളൊക്കെ ഭംഗിയായി നടത്തുന്ന കുട്ടിക്കാലം.
ReplyDeleteഭംഗിയായി വരച്ചു കാട്ടി.
അന്ന് TV ഇല്ല fb ഇല്ല. അത് കൊണ്ട് കൂട്ടു ചേർന്നുള്ള കളികൾ മാത്രം. എല്ലാവരും ഒന്നിച്ച്. നന്നായി എഴുതി. പുനലൂരാൻ്റെ ശൈലിയിൽ.
വളരെ സന്തോഷം ബിപിൻ സർ
Deleteഎന്താ ഒരു ഓർമ്മെഴുത്ത്...
ReplyDeleteപുനലൂരാൻ പറഞ്ഞതുപോലെ എന്റെയും ഓർമ്മകൾ . ഓരോ കാലവും വ്യത്യസ്തമാണ്. എങ്കിലും അനുഭവിച്ച കാലം തന്നെ മധുരിതം..
ഓർമ്മിപ്പിച്ചതിന് നന്ദി.
വളരെ സന്തോഷം സുഹൃത്തേ..
Deleteഇതിനൊരു കമന്റ് ചെയ്യണമെങ്കിൽ ഓരോന്നും പെറുക്കിപ്പെറുക്കി എഴുതണം. അതിനു മടി ആയതു കൊണ്ട് മനസ്സിലുടക്കിയ പലതും ഒന്നു മെൻഷൻ ചെയ്തു പോകാം. പ്യാരി മിഠായി, പാണ്ടി അച്ചാർ(പ്ലാസ്റ്റിക് കൂടിലാണ് ഞാൻ കണ്ടിട്ടുള്ളത്), ആട്ടുകല്ല് മിഠായി(കട്ടി മിട്ടായി എന്നാണ് അറിയപ്പെട്ടിരുന്നത് - ത്രാസിലെ തൂക്കക്കട്ടിയുടെ ആകൃതി കാരണം), ബട്ടൻസ് പറിഞ്ഞ ഉടുപ്പ്, ഹെഡ് മാസ്റ്ററുടെ കയ്യിലെ ചൂരലിന്റെ പുളയൽ.. എല്ലാം കൂടി ഒരു സമ്പൂർണ്ണ നൊസ്റ്റാൽജിയ പായ്ക്കേജ് ആയിരുന്നു.
ReplyDeleteമഴ, തോട്ടിറമ്പ്, മാമ്പഴം, വേനലവധി വിശേഷങ്ങൾ ഇവ കേരളം മുഴുവനും ഒരൂപോലെ ബാധകമായ സ്കൂൾ നൊസ്റ്റു ആയിരിക്കും.
നന്ദി വിശദമായ ഈ ഓർമ്മക്കുറിപ്പിനു.
സന്തോഷം മാഷേ..
Deleteകുട്ടിക്കാലനഷ്ടസ്മരണകളുടെ ഒരു പൂക്കാലം തന്നെ തീർത്തിരിക്കുന്നു. എല്ലാവർക്കും നെഞ്ചോട് ചേർത്ത് വയ്ക്കാവുന്ന നനുത്ത ഓർമ്മകൾ... ഇഷ്ടം!
ReplyDeleteവളരെ സന്തോഷം
Deleteഗൃഹാതുരത്വം ഉണർത്തുന്ന ഓർമകൾ സമ്മാനിച്ചതിന് നന്ദി. അന്ന് എല്ലാ കുട്ടികളും ദരിദ്രർ ആയിരുന്നതിനാൽ ഒത്തൊരുമ ഉണ്ടായിരുന്നു. ഇന്ന് അതല്ല സ്ഥിതി. പണമുളവർ ആ സ്കൂളിൽ പോലും എത്തുന്നില്ല.
ReplyDeleteവളരെ സന്തോഷം സുഹൃത്തേ..
Deleteപാക്കറ്റ് അച്ചാർ..വല്ലാത്ത രുചി ആയിരുന്ന് അതിന്. അത് കഴിക്കുന്നതിന് എല്ലാ അമ്മമാരും എതിരായിരുന്നു.. കുട്ടികൾക്ക് പ്രിയതരവും..
ReplyDeleteഒരു പാട് കണ്ട് മറന്ന കാഴ്ചകൾ ഓർമിപ്പിക്കുന്ന പോസ്റ്റ്.. എല്ലാം എഴുതുന്നില്ല.
ഈയിടെ തീരെ മറന്നേ പോയതായിരുന്നു ആ പാക്കറ്റ് അച്ചാർ..
അതു കൊണ്ട് അത് മാത്രം എഴുതുന്നു
വളരെ സന്തോഷം.. ആശംസകൾ
Deleteഎന്നിലും ബാല്യകാലോർമ്മകളുണർത്തിയ വിവരണം മനോഹരമായി.
ReplyDeleteവായിക്കുന്ന വരികളോടൊപ്പം എന്റെ മനസ്സും,ചിന്തയും ആറുപ്പതിറ്റാണ്ടു മുമ്പിലെ ഓർമ്മകളിലൂടെ സഞ്ചരിക്കുകയായിരുന്നു... ഞാനെന്നെ തേടുകയായിരുന്നു!
ആശംസകൾ
വളരെ സന്തോഷം തങ്കപ്പൻ മാഷേ..
Deleteകുട്ടിക്കാല ഓർമ്മകൾ അതിമനോഹരമായി പകർത്തി . ഓരോ കാര്യങ്ങളും എത്ര വിശദമായി പറഞ്ഞു . ആ മുട്ടായികളുടെയും കളികളുടെയും ഒക്കെ പേരുകൾ എത്ര കൃത്യമായി ഓർത്തെഴുതി . ആശംസകൾ
ReplyDeleteവളരെ സന്തോഷം.. ആശംസകൾ
Deleteഉച്ചക്കഞ്ഞിയും , ഉപ്പുമാവും , ഐസ് ….. ഒരുപാട് പണ്ടത്തെ സ്കൂൾ ഓർമ്മകൾ എന്റെ മനസ്സിലും ഓടിയെത്തി …. 'അമേരിക്കൻ പുട്ട് എന്നറിയപ്പെടുന്ന ഉപ്പുമാവ്' എന്നത് എനിക്ക് പുതിയൊരിവായി !!
ReplyDeleteവളരെ സന്തോഷം ഷഹീം
Deleteകശുമാവും അച്ചാർ പാക്കറ്റും, മിട്ടായി കവർ കൊണ്ടുള്ള ഡാൻസുകാരിയുമുൾപ്പടെ പലതും എന്റെയും ഗൃഹാതുരതകളാണ്. ഭംഗിയായി post. 👌
ReplyDeleteസന്തോഷം സുഹൃത്തേ.. ആശംസകൾ
Deleteഓഹ്... എത്രയെത്ര ഓർമകളാ പെറുക്കി എടുത്ത് നിരത്തി വച്ചിരിക്കുന്നത്?
ReplyDeleteവളരെ സന്തോഷം മാഷേ..
Deleteഅതെ ഏവരുടെയും കുട്ടികാലത്തുള്ള
ReplyDeleteഇത്തരം വിസ്മരിക്കാത്ത ഓർമ്മകളിൽ ചെന്നെത്തിക്കും
കുറിപ്പുകളാണിത് കേട്ടോ ഭായ്
സന്തോഷം മുരളിഭായ്
Deleteപുനലൂരാനേ... നിങ്ങള് നൊസ്റ്റിയടിപ്പിച്ച് ഞങ്ങളെ ഒരു വഴിയ്ക്കാക്കീല്ലോ... 1969-1979 ആയിരുന്നു എന്റെ സ്കൂൾ കാലഘട്ടം... അന്നും ഇതൊക്കെത്തന്നെ ആയിരുന്നു ഞങ്ങളുടെ കലാപരിപാടികൾ...
ReplyDeleteഓർമ്മകൾ മരിക്കുമോ? ആശംസകൾ
Deleteസ്കൂൾ കാലഘട്ടത്തിലെ നൊസ്റ്റാൾജിയ മധുരങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഉച്ചക്ക് സ്കൂളിലെ അടുക്കളയിൽ നിന്ന് പൊങ്ങുന്ന ചെറുപയറിന്റെയും കഞ്ഞിയുടെയും മണവും, പുളിമിട്ടായിയും, ഉപ്പിലിട്ട ലൂവിക്കയും, പല്ലൊട്ടി മിട്ടായിയും തുടങ്ങി പലവിധ കളികളും ഒരു ഫ്ലാഷ്ബാക്കിൽ മിന്നിമായുന്നു :-)
ReplyDeleteഇങ്ങനത്തെ പോസ്റ്റ് ഇടുന്നതിനു ആശംസകൾ എന്നല്ല ഒരുപാട് നന്ദി എന്ന് പറയാൻ തോന്നുന്നു :-)
മഹേഷ് വളരെ സന്തോഷം പോസ്റ്റ് ഇഷ്ടം ആയതിൽ..ആശംസകൾ
Deleteസാർവ പ്രാപഞ്ചികമായ ഓർമകൾ.. എല്ലാർക്കും... ഉണ്ടാവുന്ന മനോഹരമായ കഥകൾ... ചെറിയ ചെറിയ മാറ്റങ്ങൾ കാലങ്ങൾ കൊണ്ടുവരുമെങ്കിലും ഇന്നത്തെ തലമുറ അനുഭവിക്കാത്ത ആ മുത്തശ്ശി ഓർമകളുടെ സ്വാദ് ഏറെക്കുറെ ഒന്നായിരുന്നു.. 70 ആയാലും 80 ആയാലും 90 ആയാലും.. ഹൃദ്യമായ വായന നൽകി..😍😍
ReplyDeleteവളരെ സന്തോഷം..ഓർമ്മകൾ ഇഷ്ടം ആയതിൽ.. ആശംസകൾ
Deleteഎന്റെ പൊന്നോ ... നൊസ്റ്റാൾജിയ ക്ക് ഇങ്ങനേം ഒരു പേരുണ്ടോ. പുനലൂരാൻ ചേട്ടാ.... ഇങ്ങനെ വായിപ്പിച്ചു കുഞ്ഞുകാലത്തേയ്ക്ക് കൊണ്ടോകാൻ നിങ്ങൾക്കേ കഴിയൂ.
ReplyDeleteതികട്ടിത്തികട്ടി വരുന്ന അസംഖ്യം ഓർമ്മകൾ.
സന്തോഷം സുധി... ആശംസകൾ
Delete