Thursday, 1 September 2016

പൊതിച്ചോറും ഗൾഫ് പ്രവാസിയും


പൊതിച്ചോറും ഗൾഫ് പ്രവാസിയും






ഞാൻ പ്രീഡിഗ്രിയ്ക്ക് പഠിക്കുന്ന കാലം. പ്രീഡിഗ്രി എന്നുവെച്ചാൽ  ഇന്നത്തെ പ്ലസ്‌ 2 മാതിരി  യൂണിഫോം ഇട്ടു  എൽ.കെ.ജി കുട്ടികളെപ്പോലെ സ്കൂളിൽ  പോകുന്ന പരിപാടി അല്ല . സാക്ഷാൽ ആർട്സ് ആൻഡ് സയൻസ് കോളേജിൽ  ആണ് പഠനം. പത്താംക്ലാസ്സുവരെ വരണ്ട ഉണക്കപ്പുട്ട് അടിച്ചവനു നല്ല വറുത്തരച്ച  കോഴിക്കറിയും പെറോട്ടയും മുമ്പിൽ വെച്ചുകൊടുത്ത അനുഭവം. ഒരു കാര്യം,  പഠിക്കുവാണെങ്കിൽ  ഞാൻ ഒക്കെ പഠിച്ച പുനലൂർ എസ്.എൻ  കോളേജ് പോലുള്ള കോളേജിൽ തന്നെ പഠിക്കണം. ഞങ്ങൾ ഓണം കേറാമൂലകളിൽ നിന്ന് ആനവണ്ടിയൊക്കെ പിടിച്ചു പുനലൂരെത്തി 3 കിലോമീറ്റർ നടന്നു കോളേജ് നിൽക്കുന്ന മല കേറുമ്പോഴേക്കും അവിടെ പഠിത്തവും സമരവും കഴിഞ്ഞു പിള്ളേർ താഴേക്ക് ഇറങ്ങി വരുന്നതാകും മിക്ക ദിവസത്തെയും കാഴ്ച്ച . ദോഷം പറയരുത്,  പഠിക്കേണ്ടവർ  വല്ല  ട്യൂട്ടോറിയൽ  കോളേജിലോ പ്രൈവറ്റ് ട്യൂഷനോ പോയി പഠിച്ചോളും. ഉച്ച കഴിഞ്ഞേ ഉള്ളൂ  ട്യൂട്ടോറിയൽ  ക്ലാസ്സ്. അതിനാൽ ഉച്ച വരെ തെണ്ടി തിരിയാൻ എന്തൊക്കെ അവസരങ്ങളാണ് ഞങ്ങൾ കുട്ടികൾക്ക് പുനലൂർ പട്ടണം  ഒരുക്കി വച്ചിരുന്നത്. ആ കഥകൾ ഒക്കെ  എഴുതാൻ പുതിയ ബ്ലോഗ് തന്നെ തുടങ്ങേണ്ടിവരും.


കോളേജിൽ ചേർന്ന കാലം അമ്മ  രാവിലെ  ചോറുപൊതി കെട്ടി തന്നുവിടും. അന്നൊക്കെ കോളേജിൽ പഠിക്കുന്ന കുട്ടികൾ നോട്ടുബുക്കുകൾ ഒന്നും കൊണ്ടുനടക്കാറില്ല . പകരം ഒരു പ്ലാസ്റ്റിക്ക് ഫയൽ കാണും. അതിൽ അന്നന്നു പഠിപ്പിക്കുന്ന കാര്യങ്ങൾ പേപ്പറിൽ  എഴുതി ചരടുവെച്ചു കെട്ടി സൂക്ഷിക്കും. ഫയൽ കൊണ്ടു നടക്കാൻ സൗകര്യം. ചുരുട്ടി പാൻസിന്റെ പോക്കറ്റിൽ വെയ്ക്കാം . വേണ്ടിവന്നാൽ പേപ്പറുകൾ മടക്കി റോക്കറ്റായി പ്ലാറ്റുഫോമിൽ  നിൽക്കുന്ന സാറുന്മാരുടെ നേരെ പ്രയോഗിക്കാം, ചുരുട്ടി മുമ്പിൽ ഇരിക്കുന്ന പഠിപ്പിസ്റ്റുകളുടെ തലയിൽ എറിയാം, അതുമല്ലെങ്കിൽ ലെക്ച്ചർ  നോട്ട്  എഴുതുന്നു എന്ന വ്യാജേനെ പ്രേമസുരഭില കുറിപ്പടികൾ എഴുതി പെൺബെഞ്ചുകളിലേക്ക് കൈമാറാം..അങ്ങനെ എന്തെല്ലാം  ഉപകാരങ്ങൾ  ആണ് പേപ്പറിനുള്ളത്. പിന്നെ ആകെയുള്ള ശല്യം പൊതിച്ചോറ്. അത് അന്നത്തെ ഫാഷനും സ്റ്റൈലിനും പിടിക്കുകയില്ല.


കൊല്ലം-ചെങ്കോട്ട റോഡിന്റെ സൈഡിൽ ആയിരുന്നു എന്റെ വീട് . ബസ്സുകൾ  വീടിന്റെ മുമ്പിലത്തെ കവലയിൽ നിറുത്തും. വീടിനു മുമ്പിലത്തെ ഗെയ്റ്റിനകത്ത് നിന്നാൽ  എതിരെ ബസുകാത്ത്  നിൽക്കുന്ന കോളേജുകുമാരിമാരുടെ  ദർശനം കൃത്യമായി കിട്ടും . ഗെയ്റ്റിന് പുറത്തു ഒരു തിണ്ണയുണ്ട് . രാവിലെ കോളേജിൽ പോകാൻ റെഡിയായി  ഫയലും പൊതിച്ചോറും തിണ്ണയിൽ കൊണ്ടുപോയി പ്രതിഷ്ഠിക്കും . ഞാൻ ഹാജർ ഉണ്ടെന്നു സഹ വാളികളെ ( ഞങ്ങളുടെ നാട്ടിൽ കോളേജു കുമാരന്മാരെ നാട്ടാർ വിളിക്കുന്ന സുന്ദരപദം ) ധരിപ്പിക്കാൻ ഉള്ള ശ്രമത്തിന്റെ ഭാഗമാണിത്. ഗെയ്റ്റിനകത്തു നിന്ന് വായിനോക്കുമ്പോൾ ആകും അമ്മ എന്തെങ്കിലും ആവശ്യത്തിന് അകത്തേക്ക് വിളിപ്പിക്കുന്നത്.  കള്ളകാക്കകൾ ആ തക്കം  നോക്കി ഇരിക്കുകയാകും , ഞാൻ എന്ന പോഴൻ  പൊതിച്ചോറും  വെച്ചിട്ടു വീടിനകത്തേക്ക്  പോകും എന്ന കാര്യം അവകൾക്ക്  കൃത്യമായി  അറിയാം. അകത്തോട്ടു പോകുന്ന തക്കം നോക്കി കാക്ക വന്നു പൊതിച്ചോർ കൊത്തും. തിരികെ  അമ്മ പറഞ്ഞ കാര്യം കേട്ടു  എത്തുമ്പോഴേക്കും കാക്ക പൊതിച്ചോർ കൊത്തി ഞാനൊന്നും അറിഞ്ഞില്ലേ രാമ നാരായണ..എന്ന മട്ടിൽ  ഇരിക്കും. എതിരെ നിൽക്കുന്ന കോളേജ്  ലലനാമണികളുടെ കൂട്ട പരിഹാസച്ചിരി കാണുമ്പോഴേ അറിയാം പണികിട്ടിയെന്ന്.

പൊതിച്ചോർ കാക്കകൊത്തിയെന്നു  അമ്മയോട്  പറഞ്ഞാൽ  കയ്യിൽ ഇരിക്കുന്ന തവിക്കണ കൊണ്ടോ പാത്രം കൊണ്ടോ  വീക്ക്‌ കിട്ടും. പാടുപെട്ടു രാവിലെ എഴുന്നേറ്റു ഉണ്ടാക്കിയ ചോറും കറികളുമാണ് കാക്ക കൊത്തിയത്.അതുകൊണ്ട് പൊതിച്ചോർ അമ്മ അറിയാതെ വഴിയിൽ  എവിടെയെങ്കിലും ഉപേക്ഷിക്കും. ചിലപ്പോൾ ഒരുകാരണവും ഇല്ലാതെ ചുമക്കാനുള്ള മടികൊണ്ടാവും  അങ്ങനെ ചെയ്യുക. ഇന്ന്  അങ്ങനെ വെറുതെ കളഞ്ഞ പൊതിച്ചോറുകളെ കുറിച്ചു ഓർമ്മിക്കുമ്പോൾ തന്നെ കണ്ണുനിറയും. അമ്മ പാടുപെട്ടു ഉണ്ടാക്കി തരുന്ന  പൊതിച്ചോറുകൾ എത്ര നിസ്സാരമായിട്ടായിരുന്നു പെരുവഴിയിൽ തള്ളിയത്. അമ്മയുടെ കൈപുണ്യമുള്ള ആ ചോറിന്റെ   രുചി  ഇപ്പോൾ ഓർക്കുമ്പോൾ  തന്നെ വായിൽ  വെള്ളം നിറയും. ഈ മരുഭൂമിയിൽ പൊതിച്ചോർ പോയിട്ട് ഒരു വാഴയില വേണമെങ്കിൽ  പൈസ മുടക്കി ലുലു സൂപ്പർ മാർക്കറ്റിൽ നിന്നോ മറ്റോ വാങ്ങണം.  ചെയ്ത  മഹാപാപത്തിന് തമ്പുരാൻ നൽകുന്ന ശിക്ഷയേ...


ഞാൻ പ്രീഡിഗ്രിയ്ക്ക് രണ്ടാം കൊല്ലമായപ്പോൾ  ഇനി മുതൽ പൊതിച്ചോർ കോളേജിൽ കൊണ്ടുപോകുകയില്ല  എന്ന് ഒരു പ്രഖ്യാപനം അങ്ങു നടത്തി. കാരണം ഞാൻ തന്നെ  ഒരു സബ്മിഷൻ ആയി അവതരിപ്പിച്ചു. കോളേജിലെ പൈപ്പിൽ വെള്ളം ഇല്ല. ചോറുണ്ടിട്ടു കൈ കഴുകാതിരിക്കുവാൻ  എന്നെ കൊണ്ടുപറ്റുകയില്ല  എന്നതായിരുന്നു  അതിന്റെ ഉള്ളടക്കം. കാക  ശല്യത്തേക്കുറിച്ചു ഒരക്ഷരം മിണ്ടിയില്ല . മിണ്ടിയാൽ പണിപാളും.  നീണ്ട വാദപ്രതിവാദങ്ങൾ..വാക്ക് ഔട്ട് ..കുത്തിയിരുപ്പ് സമരം ..ഒടുവിൽ പാവം അമ്മ അന്നുമുതൽ കോളേജിൽ പോകുന്ന ദിവസങ്ങളിൽ ഉച്ച ഭക്ഷണ അലവൻസായി  2 രൂപ  അനുവദിച്ചു . എനിക്കും പരമ സന്തോഷം. പൊതിച്ചോർ ചുമക്കേണ്ട , കൂടാതെ  അയൽപക്കക്കാരായ കോളേജ്  പെൺമണികളുടെ  ഊളച്ചിരി സഹിക്കേണ്ടല്ലോ.. അന്ന് രണ്ടു രൂപ ഉണ്ടെങ്കിൽ  ഉച്ച ഭക്ഷണം  കുശാൽ. പുനലൂർ  കോളേജ്  ജംഗ്ഷനിൽ അന്ന് ഒരു അച്ചായന്റെ  ഹോട്ടൽ  ഉണ്ട്. പെറോട്ട ഒന്നിന് 25  പൈസ വീതം നാലെണ്ണത്തിന്  ഒരു  രൂപ.  കൂടെ സാമ്പാറോ ചമ്മന്തിയോ ആണെങ്കിൽ ഫ്രീ. നീക്കിബാക്കി  ഒരു രൂപ പോക്കറ്റിൽ. കടലക്കറിയാണെങ്കിൽ  50പൈസ, മുട്ട റോസ്റ്റ് എങ്കിൽ  ഒരു  രൂപ  എങ്ങനെ പോയാലും 2   രൂപയിൽ  കാര്യം നടക്കും. പിന്നീട് എത്രയോ തവണ ആ ഹോട്ടലുകളിൽ നിന്നു കിട്ടുന്ന പഴകിയ കറികളും  പെറോട്ടയും കഴിച്ചു വയറു ചീത്തയായിട്ടും പൊതിച്ചോറ് കോളേജിൽ കൊണ്ടുപോകാൻ  എന്റെ  വൃഥാഭിമാനം  സമ്മതിച്ചിട്ടില്ല.


പിന്നീട് പഠിത്തം കഴിഞ്ഞു  പണി തേടി  എത്തപ്പെട്ട നാളുകളിൽ  ഒരു പൊതിച്ചോറിനായി  എത്ര കൊതിച്ചിട്ടുണ്ട്. നാട്ടിൽ  നിന്നു  ഗൾഫിലെത്തി ജോലിയ്ക്കായി  നെട്ടോട്ടം  ഓടിയ നാളുകൾ. ജോലി കിട്ടി ആദ്യതവണ മൂന്നുകൊല്ലം കഴിഞ്ഞാണ് നാട്ടിൽ പോയത്. ഉച്ചയ്ക്ക് 12 മണിയ്ക്കാണ്  തിരുവന്തപുരത്ത്‌  പ്ലെയിൻ  ഇറങ്ങിയത്. നേരത്തെ അമ്മയോട് വിളിച്ചു പറഞ്ഞിരുന്നു, എനിക്ക് പൊതിച്ചോർ കെട്ടിക്കൊണ്ടു വരണമെന്ന്. ബാക്കി എല്ലാവരും ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചപ്പോൾ ഞാൻ മാത്രം വെഞ്ഞാറംമൂടിനടുത്ത്‌  റോഡ്‌ സൈഡിൽ  വണ്ടിയൊതുക്കി ആ പൊതിച്ചോർ കഴിച്ചത്  ഇപ്പോഴും ഓർമ്മയിൽ മായാതെ നിൽക്കുന്നു. ആ പൊതി ഒറ്റവറ്റുപോലും  കളയാതെ തിന്നു,  വീട്ടിൽ നിന്നു കൊണ്ടുവന്ന കിണറ്റുവെള്ളം  കുറേ കുടിച്ചപ്പോൾ  ഉണ്ടായ സുഖം..എങ്ങനെ മറക്കാൻ ?


ചെറുപ്പത്തിൽ  അമ്മ  എത്ര ബുദ്ധിമുട്ടിയായിരുന്നു  പൊതിച്ചോർ  കെട്ടി തന്നിരുന്നത്. അമ്മ വൈകിട്ടു തന്നെ  ഞങ്ങളെകൊണ്ട് ഇല സംഘടിപ്പിക്കും. സ്‌കൂൾ തുറന്നു  ഒന്നുരണ്ടു മാസം കഴിയുമ്പോളേക്കും വീട്ടിലെ പറമ്പിൽ  ഉള്ള വാഴയിലകൾ  ഒക്കെ തീർന്നിരിക്കും. പിന്നീട്  ഞാനും അപ്പനും  ഒരു ചെറിയ തോട്ടിയും കോങ്കിയിരുമ്പുമായി  പറമ്പിന് പുറത്തേക്കു  ഇറങ്ങും. ഞങ്ങളുടെ പറമ്പിന്  പുറത്തു വിശാലമായ  ഒരു തൊടിയാണ്, അതിൽ കാപ്പിമരങ്ങളും  ഇടയ്ക്ക്   വാഴയും  കമുകും. തൊട്ടടുത്ത  വീട്ടുകാരുടെയാണ് , അവർക്ക് ഞങ്ങൾ  ഇല വെട്ടുന്നതിൽ  പരിഭവമില്ല. ആകെയുള്ള  പ്രശ്നം  സൂക്ഷിച്ചില്ലെങ്കിൽ  പാമ്പത്താന്മാരുടെ  കടി കിട്ടും. പൊത്തുകളിൽ നിന്ന്  അവന്മാർ  ഇടയ്ക്കിടെ  തല  നീട്ടി  വെളിയിലേക്ക് നോക്കും. ഞാനും അപ്പനും  നിരുപദ്രവകാരികൾ  ആണെന്നു  തോന്നിയതിനാൽ  ആകും  ഞങ്ങളെ  വെറുതേ വിട്ടിരുന്നത്. അപ്പൻ പാകത്തിനുള്ള ഇല കണ്ടുപിടിക്കും. ഞാലിപ്പൂവന്റെയോ  കുടിവാഴയുടെയോ  ഇലയാണ് പൊതിച്ചോറ് കെട്ടാൻ  ഉത്തമം. ഞാൻ തോട്ടികൊണ്ട് ഇല ചായിച്ചുകൊടുക്കും. അപ്പനാകും തുമ്പുനോക്കി  ഇല  വെട്ടി എടുക്കുക. സൂക്ഷിച്ചില്ലെങ്കിൽ ഉടുപ്പിൽ  കറപറ്റും. ഇലകൾ കിണറ്റുകരയിൽ കൊണ്ടുവന്ന്  വെള്ളം കോരികഴുകി തുടച്ചു എടുക്കും. അതിനു ശേഷം വീട്ടിന്റെ പുറത്തെ  ചായ്പ്പിൽ കല്ലുകൂട്ടിയ  അടുപ്പിൽ  കനലിൽ  വാട്ടി എടുക്കും.  തുടർന്ന് അപ്പൻ  ഇരുമ്പുകൊണ്ട്  വാഴയിലയുടെ  പുറത്തെ  നരമ്പ്  ചെറുതായി പോന്തിഎടുത്ത്  കളയും. പൊതിച്ചോറ്  കെട്ടാനുള്ള ഇല റെഡി. അപ്പൻ ആ  ഇലകൾ  ഒരു മുറത്തിൽ  അടുക്കി  വെയ്ക്കും.




രാത്രിയിൽ  അങ്ങനെ  മുറത്തിൽ  സൂക്ഷിക്കുന്ന  ഇലയിൽ  അമ്മ  ചോറുപൊതി  കെട്ടും. രാവിലെ അഞ്ചുമണിക്ക്  ഞങ്ങളൊക്കെ സുഖം  പിടിച്ചു  ഉറങ്ങുമ്പോൾ അമ്മ  രാവിലത്തെ കാപ്പിയുടെയും പൊതിച്ചോറിന്റെയും  പണി തുടങ്ങും. മൂന്നുപൊതിയെങ്കിലും കെട്ടണം , എനിക്കും പെങ്ങൾക്കും പിന്നെ സ്കൂൾ അധ്യാപകനായ അപ്പനും. അമ്മ പഠിപ്പിക്കുന്ന സ്കൂൾ  അടുത്തായതിനാൽ  ഉച്ചയ്ക്ക്  വീട്ടിൽ  വന്നു കഴിക്കും. അടുക്കളയിലെ കലത്തിൽ   വേവുന്ന കുത്തരിയുടെ മണമാകും  മിക്കപ്പോഴും ഞങ്ങളെ  ഉറക്കത്തിൽനിന്ന്  ഉണർത്തുക. വെന്ത ചുടുചോറ്  അമ്മ  ഇലയുടെ നടുക്കുകോരിയിടും. നല്ല ചുട്ടരച്ച  തേങ്ങചമ്മന്തി  അകമ്പടിയായി  ഉണ്ടാകും. പിന്നെ ഏതെങ്കിലും  ഒരു തോരൻ, പയറോ മുരിങ്ങയിലയോ  അതുമല്ലെങ്കിൽ  ചീരയോ ആകും തോരൻ ആയി രൂപാന്തരം പ്രാപിക്കുക. കൂടെ  ഒരു കഷ്ണം ഉണക്കമീൻ  വറുത്തതോ  മുട്ട പൊരിച്ചതോ. ഒടുവിലായി  മേമ്പൊടിക്ക്  കടുമാങ്ങ ഉപ്പിലിട്ടതോ നാരങ്ങയോ. പിന്നെ  എനിക്കു സ്‌പെഷ്യൽ ആയി  കുറെ വാഴയ്ക്ക വറ്റൽ  അമ്മ ചോറിൽ പൂഴ്ത്തിവെയ്ക്കും. അതിനേകുറിച്ചൊക്കെ  ഓർക്കുമ്പോൾ തന്നെ കൊതിയാകുന്നു..

( ചിത്രങ്ങൾ കടപ്പാട്  : ഗൂഗിൾ )


ഉച്ചയ്ക്ക്  അടിവയറ്റിൽ  നിന്ന് വിശപ്പ് കത്തി ക്കയറുമ്പോൾ  ആകും  സ്‌കൂൾമണി  അടിക്കുക. പിന്നെ പൊതിക്കരികിലേക്ക്  ഒറ്റ ഓട്ടമാണ്. കൈയൊന്നും  കഴുകാൻ എവിടെ സമയം. ചോറുപൊതി  തുറക്കുമ്പോൾ  ഉള്ള മണം... ചോറും കൂട്ടാനുകളും ചേർന്നുള്ള  വർണപ്രപഞ്ചം. പൊതി തുറക്കുമ്പോൾ ആദ്യം പ്രത്യക്ഷപ്പെടുക വലിയൊരു പൊട്ട് ചമ്മന്തി. പതുക്കെ മറ്റുള്ളവയും തെളിഞ്ഞുവരും. ചുമന്ന ചീരയാണ് തോരൻ എങ്കിൽ ചുമന്ന കളറിന്റെ ചോറ്, നേരേമറിച്ചു പച്ച ചീരയെങ്കിൽ  ആകെ പച്ചനിറം. അവിയലോ മറ്റോ  ഉണ്ടെങ്കിൽ  മഞ്ഞയാകും നിറം. നാവിന്റെ  രസമുകുളങ്ങളിൽ  രുചിയുടെ കമ്പക്കെട്ട്  തീർക്കുകയാകും ഓരോ ഉരുളയും... കൂടെ, എനിക്ക്  പ്രിയപ്പെട്ട  തണുത്ത  വാഴയ്ക്കാ വറ്റലും.. വാട്ടിയ വാഴയിലയുടെ മണവും അകമ്പടിയായി  എത്തുമ്പോൾ  എങ്ങനെ  പിടിച്ചു നിൽക്കാൻ ?


മലയാളിയുടെ  ഗൃഹാതുരത്വം  പേറുന്ന  ഓർമ്മയാണ്  പൊതിച്ചോർ. അമ്മയുടെ  വിയർപ്പിന്റെ  ഉപ്പും  സ്നേഹത്തിന്റെ  മാധുര്യവും  ഉണ്ട്  ആ പൊതിച്ചോറിനു് .  ആ വാട്ടിയ ഇലയുടെ  ഗന്ധം  ഓർക്കുമ്പോൾ  മൂക്കിലേക്ക് അടിച്ചുകയറുക  നമ്മുടെ നഷ്ടബാല്യങ്ങളുടെ  ഓർമ്മപ്പെടുത്തലുകൾ ആകും. അമ്മയുടെ  കരുതലും  സ്നേഹവും നിറഞ്ഞ ആ പൊതിച്ചോറിനേക്കാൾ വരില്ല ഏതു ഫൈവ്സ്റ്റാർ ഹോട്ടലിലെ  ഭക്ഷണവും.  ഈയിടെ തിരുവനന്തപുരം  ദുബൈ  എമിരേറ്റ്സ്  വിമാനം കത്തിനശിച്ചപ്പോൾ  നഷ്ടപ്പെട്ട  സാധനങ്ങളുടെ  കൂട്ടത്തിൽ നൂറിലധികം പൊതിച്ചോറുകൾ ഉണ്ടാകും  എന്നു ട്രോളുകാർ കളിയാക്കിയിരുന്നു. തീർച്ചയായും..ആ പാഥേയങ്ങളുടെ എണ്ണം  അവർ കളിയാക്കിയതിനേക്കാൾ കൂടുതൽ  ആയിരിക്കും. കാരണം മലയാളി, നാടിന്റെ  ഓർമ്മയെ താലോലിക്കുക  ഇത്തരത്തിലുള്ള  ചില അനുഷ്ടാനങ്ങളിലൂടെ  ആയിരിക്കും. അപ്രാവശ്യത്തെ യാത്രയുടെ കലാശക്കൊട്ടാകും അവൻ നാട്ടിൽ നിന്നു കൊണ്ടുവന്നു കഴിക്കുന്ന  ആ പൊതിച്ചോറ്. അവൻ,  അടുത്തവർഷം വരെയോ അല്ലെങ്കിൽ  അതിനടുത്ത വർഷം വരെയോ ഈ മരുഭൂമിയുടെ കനൽക്കാറ്റിനെ നേരിടുക  ആ ഓർമ്മയുടെ കരുത്തുകൊണ്ടാകും.


ഗൾഫിൽ നിന്ന് ഞാൻ നാട്ടിൽ പോയിവരുമ്പോൾ  ഒറ്റപ്രാവശ്യം  പോലും പൊതിച്ചോറിനെ കൂടെ കൂട്ടാതിരുന്നിട്ടില്ല. തിരികെ പോകുന്നതിനു തലേന്ന് അപ്പൻ പഴയതുപോലെ ഒരു കൊങ്കിയിരുമ്പുമായി  തൊടിയിലേക്ക്  ഇറങ്ങും. പ്രായം 75 കഴിഞ്ഞെങ്കിലും അതിനുള്ള ഉത്സാഹം  കാണുമ്പോൾ തന്നെ മനസ്സുനിറയും. ഞാൻ  ഇല  വെട്ടാമെന്നു  പറഞ്ഞാലും  നീ കുട്ടിയല്ലേ ,നല്ലയില  ഏതാണെന്ന്  നിനക്കറിയില്ല എന്നാകും രണ്ടു കുട്ടികളുടെ അപ്പനായ എന്നോടുള്ള  മറുപടി. ഇല വാട്ടി പഴയതുപോലെ നരമ്പ്‌ ഒക്കെ കളഞ്ഞു തയാറാക്കും. രണ്ടു തേങ്ങ ചുട്ടരച്ചു,  ചമ്മന്തി  അപ്പോഴേക്കും  അമ്മ  തയ്യാറാക്കിയിരിക്കും. പിന്നെ പാവയ്ക്ക മെഴുക്കുപുരട്ടി, വാഴക്കൂമ്പ് തോരൻ തുടങ്ങിയവയും.   പോത്തിറച്ചി  വരട്ടിയതോ അല്ലെങ്കിൽ മീൻ വറുത്തതോ മൂന്നാലു ദിവസത്തേക്ക് കഴിക്കാനുള്ളതും കൂടെ അടുപ്പിൽ  തയ്യാറുണ്ടാകും. നേരത്തെ  തയാറാക്കി വെച്ച  ഇഞ്ചിപ്പുളിയും  കൂടെ കൂട്ടും. വീട്ടിൽ നിന്ന് യാത്ര പുറപ്പെടുന്നതിനു മണിക്കൂറുകൾക്ക് മുമ്പ്  വെന്ത കുത്തരിച്ചോർ ഒരു വലിയ ഇല നിറയെ തിക്കി നിറയ്ക്കും.  ചമ്മന്തിയും മറ്റു അസ്മാദികളും  വെവ്വേറെ  ഇലകളിൽ പൊതിഞ്ഞു  ഒരു ഒറ്റ പൊതിയാക്കും. അങ്ങനെ ചോറിന്റെയും കൂട്ടാന്റെയും രണ്ടു പൊതികൾ. വീട്ടിൽ നിന്നു ഇറങ്ങുന്നതിന്  മുമ്പ് ഹാൻഡ്ബാഗിൽ രണ്ടുപൊതികളും ഭദ്രമായി വെച്ചോയെന്നു ഉറപ്പ് വരുത്തിയാകും യാത്ര. ഇവിടെ എത്തിയാലോ ഒരു മൂന്നാലു ദിവസം അതുകൊണ്ടാകും കഴിയുക. ആദ്യദിവസത്തിൽ തന്നെ ചോറു കഴിയും. മൂന്നാലു ദിവസത്തേക്ക് ചോറുമാത്രം വെയ്ക്കും കറികൾ നാട്ടിൽ നിന്നുകൊണ്ടു വന്ന പൊതിയിൽ നിന്ന് അരിഷ്ടിച്ചു എടുക്കും. ഫോൺ വിളിക്കുമ്പോൾ ചോറും കൂട്ടാനും തീർന്നോ എന്നാകും അമ്മ ആദ്യം ചോദിക്കുക.



ഗൾഫ് മലയാളിയുടെ പ്രീയപ്പെട്ടവർക്ക് അത് അമ്മയാകാം, ഭാര്യയാകാം, അതൊക്കെ ഒരു നേർച്ചക്കടം പോലെയാണ്.  അവനെ നാടുമായി ബന്ധിപ്പിക്കുന്ന സ്നേഹം നിറഞ്ഞ നേർച്ചക്കടം. തന്റെ ഗൾഫ് പ്രവാസത്തിന്റെ യാത്രകളിൽ അവൻ അനുഭവിക്കുന്ന അവസാനത്തെ നാടൻരുചിയാണ് ആ പാഥേയത്തിന്റേത്. ആദ്യമായി ഗൾഫിൽ എത്തുന്നവന് അതുവരെ ആസ്വദിച്ചിട്ടുള്ള പലരുചികളുടേയും അന്ത്യഅത്താഴം ആണ് ആ ബലിച്ചോറ്. ഓരോ ഉരുളയിലും ഓർമ്മയുടെ വേലിയേറ്റം ആകും ഉണ്ടാകുക, ചിലപ്പോൾ മുഴുമിക്കാനാവാതെ കണ്ണുനീർ ഉപ്പാകും അതിൽ കലരുക. ആ പൊതിച്ചോറിലെ അവസാനത്തെ ഉരുളയോടെ നാട് ഓർമ്മയായി മാറുന്നു , വളരെ സുഖകരമായ ഓർമ്മ. ആ ഓർമ്മകളുടെ ഭാണ്ഡവും പേറിയാകും പിന്നീട് നാട്ടിൽ തിരികെ എത്തുംവരെ അവൻ ജീവിക്കുക. മരുഭൂമിയിലെ ഏതു പ്രതിസന്ധിയേയും നേരിടുവാൻ അവനെ പ്രേരിപ്പിക്കുന്നത് തന്റെ പ്രിയപ്പെട്ടവരുടെ ഇത്തരത്തിലുള്ള കരുതലും സ്നേഹവുമാണ്. അത് പ്രവാസിയുടെ അവകാശമാണ്, ഒരു കുന്നിമണിയോളം വലുപ്പമുള്ള അവന്റെ മാത്രം അവകാശം. ഒടുക്കത്തെ വറ്റും തിന്നു ഇലയും കടലാസും ചുരുട്ടി എറിയുമ്പോൾ അവൻ വീണ്ടും ഒരു പ്രവാസിയായി മാറുന്നു,  അടുത്ത അവധിക്കാലത്തിനായി ദിവസങ്ങൾ എണ്ണുന്ന ഗൾഫ് പ്രവാസി...


വഴി നടന്നേറെ തളര്‍ന്നുവെന്നാകില്‍
നിറയെ പൂത്തൊരീക്കണിക്കൊന്നച്ചോട്ടില്‍
ചുമലിലെച്ചുമടിറക്കിവച്ചിനി
പതിയെ പാഥേയപ്പൊതി തുറന്നിടാം

തനയനുള്ളിലെ തളര്‍ച്ചയാറ്റുവാന്‍
അറിഞ്ഞമ്മയേകുമമൃതമീയന്നം
ഇതിലുണ്ടമ്മതന്‍ ചിരിയും കണ്ണീരും
തളരും നാളിലെ തണല്‍ പ്രതീക്ഷയും..
                    ( പാഥേയം - ജ്യോതീബായ് പരിയാടത്ത് )     

30 comments:

  1. നഷ്ടപ്പെടുമ്പോളേ നമ്മൾ പലതിന്റെയും വിലയറിയൂ..

    ReplyDelete
    Replies
    1. സത്യം സുഹൃത്തേ ..നഷ്ടബാല്യത്തിന്റെ ഓർമ്മകൾ മാത്രം അവശേഷിക്കുന്നു .. നന്ദി വായനയ്ക്കും അഭിപ്രായത്തിനും

      Delete
  2. Aptitude never dies. Your aptitude on writting come again . continue...

    ReplyDelete
    Replies
    1. മത്തായിച്ചാ ..ജീവിതപ്രാരാബ്ധത്തിന്റെ തിരക്കിൽ പലതും നഷ്ടപ്പെട്ടു . ഓർത്തെടുക്കുമ്പോൾ ഒരു സുഖം . വായനയ്ക്കും അഭിപ്രായത്തിനും നന്ദി

      Delete
  3. !ചേട്ടാ,എന്താ എഴുത്ത്‌!!!വായന കഴിഞ്ഞപ്പോൾ അമ്മി പുലർച്ചേ എഴുന്നേറ്റ്‌ ഉണ്ടാക്കിത്തന്നുവിടുമായിരുന്ന പൊതിച്ചോർ കഴിച്ച്‌ ഒരു കുഞ്ഞ്‌ ഏമ്പക്കം വിട്ട ഒരു അനുഭൂതി.

    ആശംസകൾ.

    (ഉച്ച വരെ തെണ്ടി തിരിയാൻ എന്തൊക്കെ അവസരങ്ങളാണ് ഞങ്ങൾ കുട്ടികൾക്ക് പുനലൂർ പട്ടണം ഒരുക്കി വച്ചിരുന്നത്. ആ കഥകൾ ഒക്കെ എഴുതാൻ പുതിയ ബ്ലോഗ് തന്നെ തുടങ്ങേണ്ടിവരും..)
    എന്നാപ്പിന്നെ ആയിക്കോട്ടേ വായിക്കാൻ തയ്യാർ !!

    ReplyDelete
    Replies
    1. വളരെ സന്തോഷം സുധീ . ഒരു കുഞ്ഞുസുധിക്ക് വേണ്ടിയുള്ള കാത്തിരിപ്പിനിടെ ഈയുള്ളവന്റെ ബ്ലോഗ് വായിക്കുവാനും പ്രോത്സാഹിപ്പിക്കുവാനും സമയം കണ്ടത്തിയതിന് . ..ആശംസകൾ ..
      ലോകാ സമസ്താഃ സുഖിനോ ഭവന്തു ..

      Delete
  4. പൊതിച്ചോർ, അത് കിട്ടുന്ന കാലത്തു ഒരു മോശം പോലെയാണ്. പകരം ഹോട്ടലിൽ നിന്നും ഭക്ഷണം കഴിക്കുന്ന ഭാഗ്യവാന്മാരെ നോക്കി അസൂയപ്പെടും. അതിന്റെ കാലം കഴിയുമ്പോൾ അതിനെ ഓർമിച്ചു നെടുവീർപ്പിടും.

    പൊതിച്ചോർ അതിന്റെ രുചി ഇന്നും നാക്കിൽ ഉണ്ട്. വാട്ടിയ വാഴയിലയിൽ ചൂട് ചോറ് കെട്ടി വയ്ക്കുമ്പോഴുള്ള മണവും രുചിയും. ചോറിനു നടുക്ക് ഒരു കുഴിയിൽ ഉപ്പ് ചേർത്ത തൈര്. ഒരു വശം പുലി വച്ചരച്ച കട്ടി ചമ്മന്തി. മറു വശത്തു ഇലയിൽ പൊതിഞ്ഞ തോരൻ പൊതി. മാങ്ങാക്കറിയും മുട്ടയപ്പവും കൂടിയാകുമ്പോൾ പൊതി പൂർണം. ഉച്ചയ്ക്ക് പൊതി തുറക്കുമ്പോൾ........ അതിന്റെ രുചി ഒന്ന് വേറെ തന്നെയാണ്. കഴിച്ചു തന്നെ അറിയണം.

    പ്രവാസിക്ക് മാത്രമല്ല. പൊതിച്ചോർ ഉണ്ട പഴയ സ്‌കൂൾ-കോളേജ് കുട്ടികൾക്കെല്ലാം മധുരിക്കുന്ന ഓർമകൾ തന്നെ.

    ReplyDelete
    Replies
    1. ദൂരത്തിരിക്കുമ്പോൾ നഷ്ടപ്പെട്ടതിന്റെ മാധുര്യം വലുതായിരിക്കും സർ . അതുകൊണ്ടാണ് പ്രവാസിക്ക് പൊതിച്ചോർ കൂടുതൽ പ്രിയതരമാകുന്നത് ..നന്ദി സർ വായിച്ചതിനും അഭിപ്രായത്തിനും

      Delete
  5. " അമ്മയുടെ സ്നേഹവും കരുതലും നിറഞ്ഞ പൊതിച്ചോറിനോളം വരില്ല ഏതു ഫൈവ് സ്റ്റാർ ഹോട്ടലിലെ ഭക്ഷണവും ." പ്രിയപ്പെട്ട Samson ഞാൻ അറിയാതെ കരഞ്ഞു പോയി . കായംകുളം പുനലൂർ (കെ പി) റോഡിന്റെ സൈഡിൽ തന്നെയാണ് എന്റെയും വീട് . നിങ്ങളുടെ അനുഭവം വായിച്ചപ്പോൾ അത് ഞാൻ തന്നെയല്ലേ എഴുതിയതെന്നു തോന്നി പോയി .
    ഇപ്പോഴും ഈ പ്രവാസ ലോകത്ത് നിന്നും നാട്ടിൽ ചെല്ലുമ്പോൾ മമ്മി യെ
    കൊണ്ട് പൊതിച്ചോർ കെട്ടി വെച്ച് ഉച്ച്യ്ക്കു ഞാൻ അതെടുത്ത് കഴിയ്ക്കുന്നത് കാണുമ്പോൾ അവരൊക്കെ ചിരിക്കും . നല്ല എഴുത്ത് . അഭിനന്ദനങ്ങൾ .

    ReplyDelete
    Replies
    1. ഗൾഫ് പ്രവാസി നാടിന്റെ ഓർമ്മകൾ അയവിറക്കുക ഇത്തരത്തിലുള്ള ഗൃഹാതുരത്വം പേറുന്ന ഓർമ്മകളുടെ ആയിരിക്കും .. നന്ദി വായനയ്ക്കും മനസ്സിൽ തട്ടുന്ന മറുപടിക്കും ...

      Delete
  6. 'പൊതിച്ചോർ' പൊതിഞ്ഞ രീതി വളരെ നന്നായിട്ടുണ്ട് . പണ്ട് പൊതിച്ചോർ തന്നു വിടുമ്പോൾ ഒരു ചമ്മലായിരുന്നു ,മറ്റുള്ളവർ എന്തു വിചാരിക്കും എന്ന് ആലോചിച്ച് .പക്ഷേ ഇപ്പോൾ അതൊരു വലിയ നഷ്ടമായി തോന്നുന്നു .ഒരുപാടു നന്ദി ആ പൊതിച്ചോറിന്റെ ഗന്ധം എന്റെ ഓർമ്മയിൽ എത്തിച്ചതിന് ...

    ReplyDelete
    Replies
    1. നന്ദി സുഹൃത്തേ , ഞാൻ ഒരു പ്രവാസി ആയതുകൊണ്ടാകും പൊതിച്ചോറിനോടൊക്കെ ഇത്ര നൊസ്റ്റാൾജിയ എന്നാണ് കരുതിയിരുന്നത് . എന്നാൽ എല്ലാ വായനക്കാർക്കും 'പൊതിച്ചോർ ഓർമ്മകൾ' അവരെ അവരുടെ ബാല്യകാല ഓർമ്മകളിലേക്ക് കൊണ്ടുപോകുന്നു എന്നു തോന്നുന്നു . ആശംസകൾ ..താങ്കളുടെ ബ്ലോഗ് എനിക്ക് വളരെ ഇഷ്ടമാണ് ... അടുത്ത പോസ്റ്റ് എന്നാണ് ?

      Delete
  7. നാവിൽ വെള്ളം നിറഞ്ഞു ഈ പൊതിച്ചോറുണ്ടപ്പോൾ.
    ഇപ്പോൾ ബാല്യത്തിലെ ചില രസകരമായ ഓർമ്മകൾ എന്നിലേക്ക് കടന്നു വന്നു. ഉച്ചഭക്ഷണം എന്നും എന്നിൽ നിന്നും അല്പം അകലം പാലിച്ചിരുന്നു.

    ReplyDelete
    Replies
    1. പ്രിയ സുഹൃത്തേ മറുപടി താമസിച്ചതിൽ ക്ഷമാപണം .. ഇല വെട്ടാൻ ഉത്സാഹം കാട്ടുന്ന അപ്പൻ ഓർമ്മയായി ...ഓർമ്മകൾ മാത്രം ബാക്കി ...നന്ദി വായനയ്ക്കും മനസ്സിൽ തൊടുന്ന അഭിപ്രായത്തിനും .....

      Delete
  8. ഹൃദ്യമായ എഴുത്ത്...
    പൊതിച്ചോറ് തിന്നാനുള്ള ഭാഗ്യം രണ്ടാഴ്ച എനിക്കും കിട്ടി. വെള്ളമില്ല, ആരും ചോറ് കൊണ്ട് വരാറില്ല എന്നൊക്കെ പറഞ്ഞ് സമരം ചെയ്ത് ഞാനും അത് നിർത്തിച്ചു. ഇപ്പോ തോന്നുന്നു അത് വേണ്ടിയിരുന്നില്ല എന്ന്...

    ഒരുപാട് ഇഷ്ടമായി.

    ReplyDelete
    Replies
    1. പ്രിയ സുഹൃത്തേ , പലതും നഷ്ടപ്പെടുമ്പോൾ ആണ് അതിന്റെ വില അറിയുന്നത് ...നന്ദി വായനയ്ക്കും അഭിപ്രായത്തിനും

      Delete
  9. പൊതിച്ചോർ പൊതിച്ചോർ തന്നെ.

    ReplyDelete
    Replies
    1. നന്ദി വായനയ്ക്കും അഭിപ്രായത്തിനും

      Delete
  10. ഓര്‍മ്മകളുടെ ഇരട്ടിമധുരമീ പോതിച്ചോര്‍ വിശേഷം !.

    ReplyDelete
    Replies
    1. നന്ദി സുഹൃത്തേ .. ഈ വരവിനും വായനയ്ക്കും

      Delete
  11. മലയാളിയുടെ ഗൃഹാതുരത്വം
    പേറുന്ന ഓർമ്മയാണ് പൊതിച്ചോർ.
    അമ്മയുടെ വിയർപ്പിന്റെ ഉപ്പും സ്നേഹത്തിന്റെ
    മാധുര്യവും ഉണ്ട് ആ പൊതിച്ചോറിനു് . ആ വാട്ടിയ
    ഇലയുടെ ഗന്ധം ഓർക്കുമ്പോൾ മൂക്കിലേക്ക് അടിച്ചുകയറുക
    നമ്മുടെ നഷ്ടബാല്യങ്ങളുടെ ഓർമ്മപ്പെടുത്തലുകൾ ആകും. അമ്മയുടെ കരുതലും സ്നേഹവും നിറഞ്ഞ ആ പൊതിച്ചോറിനേക്കാൾ വരില്ല ഏതു ഫൈവ്സ്റ്റാർ ഹോട്ടലിലെ ഭക്ഷണവും...'
    ഇഷ്ടമായി....

    ReplyDelete
    Replies
    1. അങ്ങേയ്ക്ക് ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം . നന്ദി വരവിനും വായനയ്ക്കും

      Delete
  12. ഈ ആഫ്രികയില്‍ അതും രാവിലെ ഒന്നും കഴിക്കാതെ ഇരിക്കുന്ന എനിക്ക് ഇതൊക്കെ വായിച്ചു കൊതിവിടണ്ട വല്ല കാര്യമുണ്ടോ? ഉണ്ടോന്നു?

    ReplyDelete
    Replies
    1. ഇവിടെ മരുഭൂമിയിൽ ഞാനും ചെങ്ങാതി ..

      Delete
  13. നന്നായിരിക്കുന്നു ഇത് വായിച്ചപ്പോൾ എനിക്ക് സി രാധാകൃഷ്ണന്റെ നോവൽ വായിക്കുന്ന അനുഭൂതിയാണ് ഉണ്ടാക്കിയത്.നല്ല വിവരണം .

    ReplyDelete
    Replies
    1. നന്ദി ഈ നല്ല വാക്കുകൾക്കും വായനയ്ക്കും ... ആശംസകൾ

      Delete
  14. വല്ലാത്ത ഗൃഹാതുരത്വം... പൊതിചോര്‍ കണ്ടിട്ട് കൊതിയായിട്ട് വയ്യ. കോളേജില്‍ പോകുന്ന സമയത്ത് അമ്മ പൊതിഞ്ഞുകെട്ടിത്തന്ന ചോറിന്റെ സ്വാദ്.. ! ചുമ്മാ തൈരും ഇത്തിരി തേങ്ങ ചുട്ടരച്ച ചമ്മന്തിയും മാത്രം കൂട്ടി വാഴയില വാട്ടി പൊതിഞ്ഞു കേട്ടിത്തരുന്ന ചോറ്.. !! വര്‍ഷങ്ങള്‍ പോയപ്പോള്‍ , ജീവിതത്തിലെ സര്‍വ്വസുഗന്ധിയായൊരു കാലത്ത് ഞാന്‍ ആവശ്യപ്പെട്ട ഒരേയൊരു സാധനം അമ്മ കേട്ടിത്തരുന്ന പൊതിച്ചോര്‍.. !!! പാവം അമ്മ .. രാവിലെ പൊതിച്ചോര്‍ കെട്ടി ഉച്ചയാവുംപോഴെയ്ക്കും വരും. ( ആ സമയത്തല്ലാതെ ഇങ്ങനത്തെ ഭ്രാന്തന്‍ ഇഷ്ടങ്ങളൊക്കെ പറഞ്ഞാല്‍ ആരെങ്കിലും സാധിച്ചു തരുവോ> ഹ്ഹ അപ്പോപ്പിന്നെ മാക്സിമം യൂട്ടിലൈസ് ചെയ്യുക ..അല്ലപിന്നെ ..)

    ReplyDelete
    Replies
    1. ഈ കമന്റ് ഞാൻ വായിച്ചത് ഗൾഫിലെ എന്റെ ഓഫീസിൽ ഇരുന്നാണ് ..വല്ലാത്ത ചെയ്തു ആയി പോയി ..എനിയ്ക്കും ഇപ്പോൾ തന്നെ ഒരു പൊതിച്ചോർ ഉണ്ണാൻ കലശലായ മോഹം ..ഓഫീസിൽ ഇരുന്നു വായിയ്ക്കണ്ടായിരുന്നു ... വളരെ സന്തോഷം ഹൃദയത്തിൽ തൊടുന്ന ഈ അഭിപ്രായത്തിന് ..പിന്നെ സർവ്വസുഗന്ധി ?...കവിയാണല്ലോ നല്ല പ്രയോഗം

      Delete
  15. പിന്നല്ലാതെ ? ഹ്ഹ്.. ആ കാലത്തിനെ സര്‍വ്വസുഗന്ധി എന്നല്ലാതെ എന്താ വിളിയ്ക്കുക ? ഒരു സ്ത്രീയുടെ ജീവിതത്തിലെ സുവര്‍ണ്ണകാലമല്ലേ അത് ? എന്ത് കൊതി പറഞ്ഞാലും എത്തിച്ചുതരും. അതും ആദ്യത്തെ കണ്മണിയ്ക്കുള്ള കാതിരിപ്പാവുംപോള്‍. അതുകഴിഞ്ഞല്പ്പിന്നെ ആരെങ്കിലും തിരിഞ്ഞു നോക്കുവോ? ഹഹഹഹ്

    ReplyDelete
    Replies
    1. അത് ഒരു സത്യം..ജീവിതത്തിൽ അങ്ങനെ എന്തെല്ലാം അനുഭവങ്ങൾ.. ആശംസകൾ

      Delete