സാധാരണക്കാരൻ ആയ ഒരു അപ്പന്റെ ഡയറികുറിപ്പുകൾ
ഞാൻ ലോകത്തെ അറിഞ്ഞത് അപ്പന്റെ ഡയറിക്കുറിപ്പുകളിലൂടെ ആയിരുന്നു. അപ്പൻ എനിക്ക് ബാക്കി വെച്ചുപോയ നിധിയാണ് ആ ഡയറികൾ. അപ്പന്റെ ആയിരത്തിത്തൊള്ളായിരത്തി അറുപതുകൾ മുതലുള്ള ഡയറികൾ എന്റെ ശേഖരത്തിലുണ്ട്.. ഞാൻ എന്റെ കുടുംബത്തിന്റെ ചരിത്രവും പൂർവികന്മാരെ അറിഞ്ഞതുമൊക്കെ ആ ഡയറികളിലൂടെ ആയിരുന്നു.. ലോകസംഭവങ്ങൾ ഒക്കെ അപ്പൻ അപ്പന്റേതായ കാഴ്ച്ചപ്പാടിലൂടെ അതിൽ വരച്ചിട്ടു.1964 ലിൽ നെഹ്‌റു അന്തരിച്ചതും 1971 ലിലെ ഇൻഡ്യാ പാകിസ്ഥാൻ യുദ്ധവുമൊക്കെ
ഞാൻ ഞാൻ ആദ്യം അറിഞ്ഞത് അപ്പന്റെ പഴയ ഡയറികളിലൂടെ ആയിരുന്നു.അപ്പൻ ഈ സംഭവങ്ങൾ ഒക്കെ ഒരു പേജിൽ ചുരുക്കം ചില വാചകങ്ങളിൽ രേഖപ്പെടുത്തിയിടും.
അപ്പൻ പ്രൈമറി സ്കൂൾ അധ്യാപകൻ ആയിരുന്നു. കേരളത്തിൽ തിരുവനന്തപുരം
കണിയാപുരം മുതൽ പാലക്കാട്
ജില്ലയിലെ അട്ടപ്പാടിയിൽ വരെ മൂപ്പർ ജോലി ചെയ്തിട്ടുണ്ട്. എയ്ഡഡ് സ്കൂളിൽ ആയിരുന്നു ആദ്യം
ജോലി.. അധ്യാപകർക്ക് അന്ന് സ്കൂളിൽ പോസ്റ്റ് നഷ്ടപ്പെട്ടാൽ പ്രൊട്ടക്ഷൻ ആയി സർക്കാർ ജോലി കൊടുക്കും പക്ഷെ വിദൂരമായ ആരും പോകാൻ തയാറാകാത്ത പട്ടിക്കാടുകളിൽ ആയിരിക്കും പോസ്റ്റിങ്ങ്.അപ്പൻ ജോലിക്ക് അവിടെ ഒക്കെ പോകുമ്പോഴും പത്രവായനയും ഡയറി എഴുത്തും മുടക്കില്ല. ടിപ്പിക്കൽ നസ്രാണി സ്റ്റൈലിൽ മനോരമ പത്രം മാത്രമേ വായിക്കുകയുള്ളൂ.. മനോരമ ഇറക്കുന്ന ഡയറിയിൽ മാത്രമേ എഴുതുക ഉള്ള എന്നതാണ് ശീലം. മനോരമ ഡയറി കിട്ടിയില്ലെങ്കിൽ മാതൃഭൂമി ആണ് അപ്പന് പഥ്യം. മാതൃഭൂമി പത്രവും ചിലപ്പോഴൊക്കെ
മൂപ്പർ വായിക്കുന്നത് കണ്ടിട്ടുണ്ട്.
ലോകവിവരങ്ങൾ എഴുതി കഴിഞ്ഞാൽ പിന്നെ കുടുംബവിശേഷങ്ങൾ ആകും രണ്ടുമൂന്നു വരികളിൽ.. വല്യപ്പച്ചന്റെ കൂടെ വയലിൽ കാളപൂട്ടിയതും കൃഷി വിവരങ്ങളും മക്കൾക്ക് പനി വന്നതും ഒക്കെ ആകും വിവരണത്തിൽ കൂടുതലും..പിന്നെ അന്നത്തെ ബസ് യാത്രയുടെ വിവരണം. ഒടുവിൽ കടം വാങ്ങിച്ചതും തിരികെ കൊടുത്തതുമായ കണക്കുകൾ.വറുതിയുടെയും ദാരിദ്ര്യത്തിന്റെയും കാലം..അപ്പന്റെ കുടുംബത്തിലെ അപ്പാപ്പന്മാരുടെയും സ്വന്തബന്ധക്കാരുടെയും വിവരങ്ങൾ ആകും ഒടുവിൽ. ദൈവം തമ്പുരാന് നന്ദി
പറഞ്ഞു ആ പേജ് അവസാനിപ്പിക്കും.ഞാൻ ഈ ഡയറികുറിപ്പുകൾ ഒക്കെ പലതവണ വായിച്ചിട്ടുണ്ട്.. ഒരു നീണ്ടകഥ വായിക്കുന്ന സുഖത്തോടെ ഞാൻ അത് ആസ്വദിച്ചിട്ടുണ്ട്. അപ്പന്റെ ജീവിതം ആണത്..ഒരു കുടുംബത്തിന്റെ ചരിത്രം ആണത്.. ലോകത്തോടൊപ്പം സഞ്ചരിച്ച ആരും അറിയാത്ത ഒരു ചെറിയ മനുഷ്യന്റെ ലോകസംഭവങ്ങളോടുള്ള കാഴ്ചപ്പാട് ആണത്.
എനിക്ക് ഓർമ്മവെച്ച നാളുമുതൽ ഹീറോപേന കൊണ്ടാണ് അപ്പൻ എഴുതുക.. ഡയറി ഭദ്രമായി സൂക്ഷിക്കുന്ന മേശയിൽ ചെൽപാർക്കിന്റെ നീലമഷിയുടെ ഒരു കുപ്പി എപ്പോഴും കാണും.എനിക്ക് തിരിച്ചറിവ് ആയ കാലം മുതൽ ഞാൻ ഈ ഡയറികൾ ഇടയ്ക്കിടെ അപ്പനറിയാതെ ചൂണ്ടി വായിക്കും.. മിക്കവാറും മേശ പൂട്ടി താക്കോൽ തലയിണയുടെ അടിയിൽ വെച്ചാകും അപ്പൻ പുറത്ത് പോകുക.അപ്പൻ വീട്ടിൽ തിരിച്ചെത്തും മുമ്പ് ഞാൻ താക്കോൽ കണ്ടുപിടിച്ചു മേശ പരിശോധിക്കും.പഴയ ഡയറികൾ കൈക്കലാക്കി എന്റെ
കിടക്കയുടെ അടിയിൽ ഒളിപ്പിക്കും..അപ്പൻ കാണാതെ അത് വായിച്ചു തിരികെ വെക്കും. ഹീറോ പേനയിലെ നീല മഷി തുള്ളിയായി ബക്കറ്റിലെ വെള്ളത്തിൽ വീഴ്ത്തി രസിക്കും.. നീലമഷി തുള്ളി വെള്ളത്തിലൂടെ ഒരു തൈ വളർന്നു മരവും മഹാവൃക്ഷവും ആകുന്ന സാവകാശത്തോടെ പടരുന്നത് കണ്ടുനിൽക്കാൻ എന്തായിരുന്നു രസം.
അപ്പൻ ഇതൊക്കെ എങ്ങനെയെങ്കിലും അറിഞ്ഞാലും അറിഞ്ഞതായി ഭാവിക്കില്ല, കാരണം അതിൽ അപ്പന് മക്കൾ അറിയാൻ പാടില്ലാത്ത രഹസ്യങ്ങൾ ഒന്നും എഴുതി വെച്ചിട്ടില്ല.. അപ്പനാരാ മോൻ?
അതിശയത്തോടെയാണ്
അപ്പന്റെ ഡയറി കുറിപ്പുകള്‍ വായിച്ചിരുന്നത്.എല്ലാം
അറിയാൻ ഉള്ള ഒരു പിഞ്ചുകുഞ്ഞിന്റെ കൗതുകം ആ വായനയിൽ ഉണ്ടായിരുന്നു. എനിക്ക് ഓർമ്മ വെയ്ക്കുന്നതിന് മുമ്പുള്ള ലോക
സംഭവങ്ങളെക്കുറിച്ച് ആദ്യം അറിഞ്ഞത് ആ ഡയറികളിലൂടെ ആയിരുന്നു.. അന്ന് ഇത് പോലെ ഇന്റെർനെറ്റോ, വിരൽതുമ്പിൽ ഒതുങ്ങുന്ന വിജ്ഞാന സാഗരങ്ങളോ ഉണ്ടായിരുന്നില്ല. എല്ലാം ദിവസവും അപ്പൻ കുറിപ്പുകള്‍ എഴുതിയിരുന്നു. ഒരു ദിവസം എഴുതുവാൻ വിട്ടു പോയാൽ അപ്പൻ അസ്വസ്ഥനാകും. ബന്ധുവീടുകളിൽ ഒക്കെ പോയാൽ എത്രയും പെട്ടന്ന് വീട്ടിൽ എത്തണം.. ഒരു പക്ഷേ അപ്പനെ തിരികെ വീട്ടിലേക്ക് മോഹിപ്പിക്കുന്ന ഒരു ഘടകം ഈ ഡയറികൾ ആയിരിക്കും. അതായിരിക്കും മറ്റു വീടുകൾ പോയാൽ അപ്പന് ഇത്ര തിക്കുമുട്ട്. ദിവസവും
കിടക്കുന്നതിന് മുമ്പ് എല്ലാം അതില്‍ വിശദമായി എഴുതിയിടും. ഡയറിയിൽ സാധാരണ നിസ്സാരമെന്നുതോന്നുന്ന സാധനങ്ങൾ ഒക്കെ ശേഖരിച്ചു വെയ്ക്കുന്ന ശീലം ഉണ്ട് അദ്ദേഹത്തിന്. യാത്രയിലെ ബസ് ട്രെയിൻ ടിക്കറ്റുകള്‍, ചില എഴുത്തുകൾ, സ്റ്റാമ്പുകൾ,വിദേശനാണയങ്ങൾ, കുടുംബഫോട്ടോകൾ,പത്രത്തിൽ വന്ന പ്രധാന സംഭവങ്ങൾ കട്ട് ചെയ്തൊക്കെ എല്ലാം അപ്പൻ സൂക്ഷിച്ച് ഡയറിയിൽ വെക്കുമായിരുന്നു.
എനിക്ക് വായനാശീലം ഉണ്ടാക്കിയത് ഈ ഡയറിക്കുറിപ്പുകളും അപ്പൻ ആദ്യകാലങ്ങളിൽ വാങ്ങി കൂട്ടിയ പുസ്തകങ്ങളും ആയിരുന്നു. പിന്നെ എത്ര ദാരിദ്ര്യം ആണെങ്കിലും വീട്ടിൽ മുടങ്ങാതെ വരുത്തിയിരുന്ന മനോരമപ ത്രം വരുത്തും. ഒരു തവണ അപ്പന് ശമ്പളം കിട്ടിയപ്പോൾ തിരുവനന്തപുരം കറന്റ് ബുക്സിൽ കയറി മൊത്തം ശമ്പളത്തിനും അപ്പൻ പുസ്തകങ്ങൾ വാങ്ങി.. അന്നു വൈകുന്നേരം വീട്ടിൽ ഉണ്ടായ പുകിൽ ഓർക്കുമ്പോൾ ഇപ്പോഴും ചിരിവരും.. 1970കളിൽ ഒരു മാസത്തെ ശമ്പളം മുഴുവൻ അപ്പൻ പുസ്തകങ്ങൾക്കായി ചിലവിട്ടു.. അന്നൊക്കെ പൈസയ്ക്ക് വലിയ ബുദ്ധിമുട്ട് ആയിരുന്നു.. വീട്ടുചെലവ്, പലചരക്ക് കടയിലെ
പറ്റ്,ബസ് കൂലി, പാൽ, പത്രം ഇവയ്‌ക്കോക്കെ പണം കൊടുക്കണം.. അതൊക്കെ മറന്ന് പുസ്തകങ്ങൾ വാങ്ങാൻ അപ്പനെ പ്രേരിപ്പിച്ച ചേതോവികാരം എന്തായിരുന്നു
എന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.
എന്തായാലും
എനിക്ക് ജീവിതത്തിൽ ഒരിക്കലും മറക്കാൻ ആവാത്ത ഒരു പുസ്തകം അന്ന് എനിക്ക് അപ്പൻ വാങ്ങിയിരുന്നു. പ്രഭാത് ബുക്സിന്
വേണ്ടി റഷ്യയിൽ അച്ചടിച്ച കട്ടികടലാസിൽ അതി മനോഹരങ്ങളായ
ചിത്രങ്ങളും ഹൃദയഹാരികളായ കഥകളും ഉള്ള 'കുട്ടിക്കഥകളും ചിത്രങ്ങളും'എന്ന പുസ്തകം. റഷ്യന്‍ എഴുത്തുകാരനും ചിത്രകാരനുമായ വ്യാദിമിർ സുത്യേയെവ് കുട്ടികൾക്കായി എഴുതിയ ചെറുരചനകൾ. നല്ല ചുവന്ന കട്ടി ബൈൻഡിങ്ങും പുറത്ത് പളുപളപ്പൻ കവറും ഉള്ള ഒരമൂല്യനിധി. ഒത്തിരി കഥകൾ. കുട്ടിക്കഥകളുടെ വര്‍ണലോകം. അതിലെ കുട്ടികഥകളും ഹൃദയഹാരിയായ ചിത്രങ്ങളും ഭാവനയുടെ അത്ഭുതലോകത്തേക്ക് എന്നെ കൂട്ടിക്കൊണ്ട് പോയി. ദുശാഠ്യക്കാരി ആയ പൂച്ച, അമ്മയുടെ കണ്ണുവെട്ടിച്ചു നടക്കാൻ ഇറങ്ങിയ കുറെ പൂച്ചക്കുട്ടികളുടെ കഥ, ആപ്പിൾ പഴം പങ്കുവെയ്ക്കാൻ കരടിയമ്മാവൻ കൂട്ടുകാരെ പഠിപ്പിച്ച കഥ, മഴയത്ത് ഒരു കൂണിന്റെ ചുവട്ടിൽ മഴ നനയാതെ ഓരോരുത്തരായി കയറി പരസ്പരം സഹായിക്കുന്ന മൃഗങ്ങളുടെ കഥ, ചുവന്ന മുള്ളങ്കി മൂക്കാക്കിയ മഞ്ഞപ്പൂപ്പന്റെ കഥ...അങ്ങനെ എന്തെല്ലാം കഥകൾ.. അന്ന് അപ്പൻ വാങ്ങിയ പുസ്തകങ്ങളുടെ ശേഖരത്തിൽ വേറെയും റഷ്യൻ പുസ്തകങ്ങളുടെ മലയാളം പരിഭാഷ ഉണ്ടായിരുന്നു.. കുട്ടികൾ എക്കാലവും ഓർമ്മിക്കുന്ന 'തീപ്പക്ഷി ', ചുക്കും ഗെക്കും'. രണ്ടും ഒന്നാന്തരം പുസ്തകങ്ങൾ. റഷ്യൻ നാടോടികഥകളുടെ ശേഖരമായ തീപ്പക്ഷിയിലെ 'വാളമീൻ കല്പിക്കുന്നു' എന്ന കഥ എന്നെ ഏറെ സ്വപ്നങ്ങൾ കാണാൻ പ്രേരിപ്പിച്ചു. മണ്ടനും മടിയനും ആയ യെമേല്യയെ സഹായിക്കാൻ വാളമീൻ തയാറാകുന്നു. അന്നൊക്കെ ഞാനും എന്നെ സഹായിക്കാൻ ഒരു വരാലെങ്കിലും എത്തുമെന്ന് മോഹിച്ചിരുന്നു. ചുക്കും ഗെക്കുമാകട്ടെ തമ്മിൽ എപ്പോഴും ശണ്ഠകൂടുന്ന ഇരട്ട സഹോദരന്മാരുടെ കഥയാണ്. അവരുടെ പിതാവ് ദൂരെ ഏതോ മഞ്ഞുമലയിലെ പട്ടാളക്യാമ്പിലെ കമാണ്ടർ ആണ്.അവധിക്കാലത്തു അയാളെ കാണാനായി കുട്ടികളും അമ്മയും ചെയ്യുന്ന യാത്രയാണ് ഇതിവൃത്തം.അതൊക്കെ ഓർമിക്കുമ്പോൾ തന്നെ സ്മരണകളുടെ ഒരു സാഗരം തന്നെ തിരയടിച്ചെത്തുന്നു.. ഇനി ജീവിതത്തിൽ എന്നെങ്കിലും ആ പുസ്തകം ഒന്ന് മറിച്ചു നോക്കാൻ അവസരം കിട്ടുമോ.. കിട്ടിയാൽ എന്റെ നഷ്ടപ്പെട്ട കുട്ടിക്കാലത്തിന്റെ ഓർമ്മകൾ ഒരു കുളിർസ്പർശം പോലെ എന്നെ തലോടുമെന്നു തീർച്ച..
ചിത്രങ്ങളും ഹൃദയഹാരികളായ കഥകളും ഉള്ള 'കുട്ടിക്കഥകളും ചിത്രങ്ങളും'എന്ന പുസ്തകം. റഷ്യന്‍ എഴുത്തുകാരനും ചിത്രകാരനുമായ വ്യാദിമിർ സുത്യേയെവ് കുട്ടികൾക്കായി എഴുതിയ ചെറുരചനകൾ. നല്ല ചുവന്ന കട്ടി ബൈൻഡിങ്ങും പുറത്ത് പളുപളപ്പൻ കവറും ഉള്ള ഒരമൂല്യനിധി. ഒത്തിരി കഥകൾ. കുട്ടിക്കഥകളുടെ വര്‍ണലോകം. അതിലെ കുട്ടികഥകളും ഹൃദയഹാരിയായ ചിത്രങ്ങളും ഭാവനയുടെ അത്ഭുതലോകത്തേക്ക് എന്നെ കൂട്ടിക്കൊണ്ട് പോയി. ദുശാഠ്യക്കാരി ആയ പൂച്ച, അമ്മയുടെ കണ്ണുവെട്ടിച്ചു നടക്കാൻ ഇറങ്ങിയ കുറെ പൂച്ചക്കുട്ടികളുടെ കഥ, ആപ്പിൾ പഴം പങ്കുവെയ്ക്കാൻ കരടിയമ്മാവൻ കൂട്ടുകാരെ പഠിപ്പിച്ച കഥ, മഴയത്ത് ഒരു കൂണിന്റെ ചുവട്ടിൽ മഴ നനയാതെ ഓരോരുത്തരായി കയറി പരസ്പരം സഹായിക്കുന്ന മൃഗങ്ങളുടെ കഥ, ചുവന്ന മുള്ളങ്കി മൂക്കാക്കിയ മഞ്ഞപ്പൂപ്പന്റെ കഥ...അങ്ങനെ എന്തെല്ലാം കഥകൾ.. അന്ന് അപ്പൻ വാങ്ങിയ പുസ്തകങ്ങളുടെ ശേഖരത്തിൽ വേറെയും റഷ്യൻ പുസ്തകങ്ങളുടെ മലയാളം പരിഭാഷ ഉണ്ടായിരുന്നു.. കുട്ടികൾ എക്കാലവും ഓർമ്മിക്കുന്ന 'തീപ്പക്ഷി ', ചുക്കും ഗെക്കും'. രണ്ടും ഒന്നാന്തരം പുസ്തകങ്ങൾ. റഷ്യൻ നാടോടികഥകളുടെ ശേഖരമായ തീപ്പക്ഷിയിലെ 'വാളമീൻ കല്പിക്കുന്നു' എന്ന കഥ എന്നെ ഏറെ സ്വപ്നങ്ങൾ കാണാൻ പ്രേരിപ്പിച്ചു. മണ്ടനും മടിയനും ആയ യെമേല്യയെ സഹായിക്കാൻ വാളമീൻ തയാറാകുന്നു. അന്നൊക്കെ ഞാനും എന്നെ സഹായിക്കാൻ ഒരു വരാലെങ്കിലും എത്തുമെന്ന് മോഹിച്ചിരുന്നു. ചുക്കും ഗെക്കുമാകട്ടെ തമ്മിൽ എപ്പോഴും ശണ്ഠകൂടുന്ന ഇരട്ട സഹോദരന്മാരുടെ കഥയാണ്. അവരുടെ പിതാവ് ദൂരെ ഏതോ മഞ്ഞുമലയിലെ പട്ടാളക്യാമ്പിലെ കമാണ്ടർ ആണ്.അവധിക്കാലത്തു അയാളെ കാണാനായി കുട്ടികളും അമ്മയും ചെയ്യുന്ന യാത്രയാണ് ഇതിവൃത്തം.അതൊക്കെ ഓർമിക്കുമ്പോൾ തന്നെ സ്മരണകളുടെ ഒരു സാഗരം തന്നെ തിരയടിച്ചെത്തുന്നു.. ഇനി ജീവിതത്തിൽ എന്നെങ്കിലും ആ പുസ്തകം ഒന്ന് മറിച്ചു നോക്കാൻ അവസരം കിട്ടുമോ.. കിട്ടിയാൽ എന്റെ നഷ്ടപ്പെട്ട കുട്ടിക്കാലത്തിന്റെ ഓർമ്മകൾ ഒരു കുളിർസ്പർശം പോലെ എന്നെ തലോടുമെന്നു തീർച്ച..
അപ്പൻ വിടപറഞ്ഞപ്പോഴാണ് എത്രമാത്രം ആഴമുണ്ട് ആ ഡയറികുറിപ്പുകൾക്ക് എന്ന് എനിക്ക് മനസ്സിലായത്. ഞാൻ ഫോട്ടോ എടുത്തു വെച്ച ഒരു പേജിൽ രേഖപ്പെടുത്തിരുന്നത് ഇങ്ങനെ..
1980 ഫെബ്രുവരി മാസം പതിനാറാം തീയതി ശനിയാഴ്ച.
" ഇന്ന് സമ്പൂർണ സൂര്യഗ്രഹണം ആയിരുന്നു. ഉച്ച കഴിഞ്ഞു 2 മണി മുതൽ 5 മണി വരെ. 5 മണിക്ക് ശേഷം സൂര്യഗ്രഹണം ഇല്ലായിരുന്നു.കർത്താവിന്റെ കൃപയിൽ ലോകത്തിനു ആപത്തൊന്നും സംഭവിച്ചില്ല. ഗുഡ് നൈറ്റ് "
ഇത് അപ്പന്റെ
മരണശേഷം ഞാൻ വായിച്ചപ്പോൾ
പത്തുമുപ്പത്തിയേഴുകൊല്ലം മുമ്പ് അന്ന് നടന്ന സംഭവങ്ങൾ ഓരോന്നായി മനസ്സിലേക്ക് ഓടിയെത്തി. എനിക്ക് പത്തുവയസ്സാണ്
പ്രായം. സൂര്യഗ്രഹണം കാണുവാനായി അപ്പൻ ചാണകവെള്ളം കലക്കി വെച്ചത്.പത്രത്തിൽ ഒക്കെ ചാണകവെള്ളം കലക്കി അതിൽ സൂര്യന്റെ പ്രതിബിംബം കണ്ടാൽ കണ്ണുകൾക്ക് കുഴപ്പം വരില്ല എന്ന വാർത്ത വന്നിരുന്നു.. അപ്പൻ അത് പ്രകാരം ചാണകവെള്ളം കലക്കി സൂര്യഗ്രഹണം കണ്ടു. ഞങ്ങളെ ഒക്കെ കാണിച്ചു തന്നു.. വൈകിട്ടു ISRO തുമ്പയിൽ നിന്ന് വിക്ഷേപിച്ച സൗണ്ടിങ് റോക്കറ്റ് കണ്ടത്..ആരും അറിയാതെ തട്ടിൻപുറത്ത് തത്തിപ്പിടിച്ചു കയറി ഓടിന്റെ വിടവിലൂടെ സൂര്യനെ നോക്കിയത്.. പിറ്റേന്ന് പത്രത്തിൽ നിറയെ സമ്പൂർണ സൂര്യഗ്രഹണത്തിന്റെ വാർത്തകൾ. സൂര്യനെ
നഗ്നനേത്രം കൊണ്ട് നോക്കി കാഴ്ച നഷ്ടപ്പെട്ട സാഹസികരായ ഹതഭാഗ്യരുടെ കഥകൾ..അതൊക്കെ വായിച്ചു എന്റെ കണ്ണും അധികം താമസം ഇല്ലാതെ ചീത്തയാകും എന്ന് ഞാൻ ഏറെ നാൾ പേടിച്ചിരുന്നു. അങ്ങനെ അന്നത്തെ സമ്പൂർണ സൂര്യഗ്രഹണം ആകെ ജഗപൊഹ.
അപ്പന്റെ
ഡയറികുറിപ്പുകൾ എനിക്ക് ചരിത്രം ആണ്..തന്റെ ജീവിതകാലത്ത് ലോകചരിത്രത്തോട്
കൂടെ സഞ്ചരിച്ച ഒരു സാധാരണക്കാരന്റെ ചെറു പാഴ്കുറിപ്പുകളാണത്.. അപ്പൻ എനിക്കായി ബാക്കി വെച്ചു പോയ അമൂല്യനിധിയാണ് ആ ഡയറികൾ.. വീട്ടിലെ അലമാരയിൽ എണ്ണം തെറ്റാതെ അതൊക്കെ ഞാൻ ഭദ്രമായി സൂക്ഷിച്ചു വെച്ചിട്ടുണ്ട്..അല്ലാതെ ഒരു മകൻ എന്ന നിലയിൽ ഞാൻ എന്താണ് അപ്പന് തിരികെ കൊടുക്കാൻ കഴിഞ്ഞത്?
സാംസൺ
ReplyDeleteഅപ്പൻറെ ഡയറിക്കുറിപ്പുകൾ വളരെ ശ്രദ്ധയോടെ വായിച്ചു, അപ്പൻറെ ഈ പ്രകൃതത്തിൽ ചില സമാനതകൾ എന്നോടുള്ള ബന്ധത്തിൽ എനിക്കു കാണാൻ കഴിഞ്ഞു. ഡയറി എഴുത്തും, പുസ്തകം വാങ്ങിയതും പത്രവായനയും ഒപ്പം നാണയ, സ്റ്റാമ്പ് ശേഖരം തുടങ്ങിയവ. ഒപ്പം നിസ്സാരമെന്നുതോന്നുന്ന സാധനങ്ങൾ ഒക്കെ ശേഖരിച്ചു വെയ്ക്കുന്ന ശീലംഉണ്ട് അദ്ദേഹത്തിന്. യാത്രയിലെ ബസ് ട്രെയിൻ ടിക്കറ്റുകള്‍, ചില എഴുത്തുകൾ, സ്റ്റാമ്പുകൾ, വിദേശനാണയങ്ങൾ, കുടുംബഫോട്ടോകൾ, പത്രത്തിൽവന്ന പ്രധാന സംഭവങ്ങൾ കട്ട് ചെയ്തൊക്കെ എല്ലാം അപ്പൻ സൂക്ഷിച്ച് ഡയറിയിൽ വെക്കുമായിരുന്നു. ഈ പ്രകൃതം ഒരുകാലത്തു എനിക്കും ഉണ്ടായിരുന്നു അതാണ് സമാനത എന്ന് ഞാൻ എഴുതിയത്
എന്തായാലും അപ്പൻ താങ്കൾക്കായി കരുതിവെച്ച ഈ അമൂല്യ നിധി, നിധിയായിത്തന്നെ കാത്തു സൂക്ഷിക്കുക.
സമയം കിട്ടുമ്പോൾ വീണ്ടും വായിക്കുക അത് രചനകളാണ് ഇവിടെ തെളിയട്ടെ.
ആശംസകൾ
പിന്നൊരു നിർദ്ദേശം ആ ചിത്രങ്ങൾ ഒന്ന് കൂടി വലുതാക്കി പോസ്റ്റ് ചെയ്ക
നന്ദി
വളരെ സന്തോഷം സർ..ഇന്ന് എത്ര പേർ ഡയറി എഴുതും. ആർക്കാണ് ഈ പരക്കംപാച്ചിൽ അതിനൊക്കെ സമയം...
Deleteഫോട്ടോ വലുതാക്കി ഇട്ടിട്ടുണ്ട്.. ഈ പോസ്റ്റ് ബ്ലോഗ് ചലഞ്ച് കണ്ട് ചുരുങ്ങിയ ചില മണിക്കൂറുകൾ മാത്രം ചിലവഴിച്ചു എഴുതിയതാണ്.. നന്ദി ..ആശംസകൾ
പുനലൂരാനേ നന്ദി... മൺമറഞ്ഞ ഒരു തലമുറയുടെ ജീവിതചര്യകളും ശീലങ്ങളും വീണ്ടും കൺമുന്നിൽ എത്തിച്ചതിന്... എന്റെ അമ്മയുടെ പിതാവിനും ഉണ്ടായിരുന്നു ഇതുപോലത്തെ ഡയറി എഴുത്ത് ശീലം... അമ്മയുടെ വീട്ടിൽ പോകുമ്പോൾ അവ തപ്പിയെടുത്ത് വായിക്കുന്നത് എന്റെയും ഹോബി ആയിരുന്നു. സഖാവ് എ.കെ.ജി വീട്ടിൽ വന്ന വിശേഷങ്ങളും ഇ.എം.എസ്സിന്റെ മന്ത്രിസഭയെ പിരിച്ചു വിട്ടതിന്റെ വേദനയും ഒക്കെ ആ ഡയറിക്കുറിപ്പുകളിലൂടെ ഞാൻ അനുഭവിച്ചു. പിന്നീടൊരിക്കൽ എ.കെ.ജിയോടൊപ്പം ഇരുന്നു യാത്ര ചെയ്യുവാനുള്ള ഭാഗ്യവും ആ മുത്തച്ഛൻ മൂലം ലഭിച്ചു.
ReplyDeleteഓർമ്മകളുടെ മുറ്റത്ത് ഒരു വട്ടം കൂടി ഉലാത്തുവാൻ അവസരമൊരുക്കിയതിന് ഒരിക്കൽക്കൂടി നന്ദി പുനലൂരാനേ...
എല്ലാ കുടുംബങ്ങളിലും കാണും ഇത്തരം ചില നിഷ്ഠകളുള്ള ചിലർ.. ചരിത്രത്തോട് കൂടെ സഞ്ചരിച്ചു മണ്മറഞ്ഞു പോയവർ. നന്ദി വിനുവേട്ടാ..ആശംസകൾ
Deleteനിധിപ്പെട്ടിയാണല്ലോ ഡയറി
ReplyDeleteഅക്ഷരങ്ങൾക്ക് മരണമില്ല
ഭാഗ്യമുള്ള മകൻ തന്നെ
അക്ഷരങ്ങൾക്ക് മരണമില്ല ..സത്യം . നന്ദി ഈ വരവിനും വായനയ്ക്കും
Deleteഅതെ ആ അക്ഷരങ്ങൾ ഒരു അമൂല്യ നിധി തന്നെയാണ് ...
ReplyDeleteഅപ്പന്റെ ജീവിതത്തിലെ വിലപ്പെട്ട സംഗതികളെല്ലാം കുറിച്ചു
വെച്ച ഇന്നും കാത്തുസൂക്ഷിച്ചു വെച്ചിരിക്കുന്ന ആ ഡയറിക്കുറിപ്പുകൾ
തന്നെയാണ് മകന് ഇപ്പോൾ ഒരു വരപ്രസാദമായി കിട്ടിയിരിക്കുന്ന
എഴുത്തിന്റെ ഉറവിടം ...!
അപ്പന്റെ ഡയറികൾ എന്റെ വായനാശീലം വർധിപ്പിച്ചു..സത്യം.ഞാൻ കുത്തിക്കുറിക്കുന്നത് ഒക്കെ എഴുത്ത് ആണോ? അറിയില്ല..
Deleteവളരെ സന്തോഷം മുരളിഭായ്. .ആശംസകൾ
വളരെയധികം ഇഷ്ടം
ReplyDeleteഏറെ സന്തോഷം ..സുഹൃത്തേ
Deleteഓർമകൾക്ക് മരണമില്ലെന്നല്ലേ പറയാറ്. പലപ്പോഴും അത്തരം മരണമില്ലാത്ത ഓർമ്മകൾ രേഖപ്പെടുത്തിയിരിക്കുന്നത് ഇത്തരം ഡയറികളിലാകും.
ReplyDeleteപണ്ട് ഡയറികൾ തന്നെ എത്ര തരമായിരുന്നു.. കല്യാണ ബ്രോക്കർ, അധ്യാപകൻ, കണക്കപ്പിള്ള അങ്ങനെ സമൂഹത്തിലെ ഓരോ ശ്രേണിയിൽ പെട്ടവർക്കും പ്രത്യേകം ഡയറികൾ...
ഓർമ്മകൽക്കൊപ്പം അക്ഷരങ്ങൾക്കും ... വളരെ സന്തോഷം മഹേഷ് ..ആശംസകൾ
Deleteഅപ്പനാരാ മോൻ.. അല്ലേ. 😃 അപ്പൻ അന്ന് ഡയറി എഴുതിയതും പുസ്തകം വാങ്ങിയതും വെറുതെ ആയില്ല. അത് മോൻ ബ്ലോഗിലൂടെയും fb യിലൂടെയും നടത്തുന്നു. അവിടൊക്കെ ഇന്റെനെറ്റ് ഉള്ളത് കൊണ്ട് അപ്പൻ വായിക്കുന്നുണ്ടായിരിക്കും. അപ്പൻറെ അമിത മനോരമ പ്രേമം അത്ര സുഖിക്കുന്നില്ല, ഇടയ്ക്കിടെ മാതൃഭൂമിയും വായിച്ചത് കൊണ്ട് അത് വിടുന്നു.ഹ ഹ 😤. ഇനി ഒരു ഉത്തരവാദിത്വം കൂടി മോന് ഉണ്ട്. പഴയ കാലം പുനരാവിഷ്‌ക്കരിക്കുക. (ഇത് വരെ ചെയ്തിട്ടില്ലെങ്കിൽ). ഈ ചെറിയ ഡയറിക്കുറിപ്പുകളിൽ നിന്നും. അന്നത്തെ കഥകൾ ആചാരങ്ങൾ തുടങ്ങി പലതും. നമ്മുടെ ഒരു ദേശത്തിന്റെ കഥ സ്റ്റയിലിൽ. പുനലൂരാന് അത് കഴിയും. കാത്തിരിക്കുന്നു.
ReplyDeleteഞാൻ ഈ പോസ്റ്റിന് മറുപടി യായി വായിച്ച കമന്റുകളിൽ എന്നെ ഏറ്റവും സന്തോഷിപ്പിച്ച കമന്റ് ഇതാണ് സർ . ഞാൻ ബ്ലോഗ് ഒക്കെ എഴുതുന്നു എന്നറിഞ്ഞതിന് ശേഷം ആണ് അപ്പൻ മരിച്ചത്. അപ്പന് ഏറെ സന്തോഷം ആയിരുന്നു ഞാൻ എഴുതുന്നത് .പിന്നെ ഒരു ദേശത്തിന്റെ കഥയുമായിട്ടൊക്കെ ഈ ബ്ലോഗെഴുത്ത് കമ്പയർ ചെയ്യാമോ? നക്ഷത്രമെവിടെ പുൽക്കൊടിയെവിടെ? വളരെ വളരെ സന്തോഷം സർ
Deleteഭാഗ്യം ചെയ്ത മകൻ. കുഞ്ഞുനാളിലെ എത്രയെത്ര നല്ല പുസ്തകങ്ങൾ പരിചയപ്പെട്ടു. അക്ഷരങ്ങളിലൂടെ അപ്പനെ ഇപ്പോഴും ദർശിക്കാൻ യോഗമുണ്ടല്ലോ.
ReplyDeleteഅപ്പൻ വളരെ സാധാരണക്കാരൻ ആയിരുന്നു.. പുസ്തകവായനയും ന്യൂസ് പേപ്പർ വായനയും അപ്പൻ ഞങ്ങളെ പഠിപ്പിച്ചു.. അത് ജീവിതത്തിൽ ഗുണം ചെയ്തു..ആശംസകൾ പ്രിയ സുഹൃത്തേ .
Deleteപുനലൂരാന്‍, തികച്ചും ഭാഗ്യം തന്നെ ഇത്. അമൂല്യവും. ഒരു നിധിയായി തന്നെ അത് കാത്തുവക്കണം.
ReplyDeleteതീർച്ചയായും മാഡം..ഞാൻ അതെല്ലാം വളരെ ഭദ്രമായി വെച്ചിട്ടുണ്ട്.. നന്ദി.. ആശംസകൾ
Delete