Thursday, 6 December 2018

മരുഭൂമിയിൽ മഴ പെയ്യുമ്പോൾ


മരുഭൂമിയിൽ മഴ പെയ്യുമ്പോൾ




രാവിലെ  ഓഫീസിലേക്ക് പോകാൻ ഇറങ്ങിയപ്പോൾ ആണ് ശ്രദ്ധിച്ചത്, ആകാശം  കറുത്തിരുണ്ടിരിക്കുന്നു. ഗൾഫിൽ മഴയുടെ  വരവായി എന്ന് തോന്നുന്നു. ഓഫീസിലെത്തിയ ഉടൻ സ്ഥിരം പതിവായ  ഒരു സുലൈമാനി  ഓഫീസ് ബോയി  മേശപ്പുറത്തു  കൊണ്ടുവച്ചു. കട്ടൻ ചായ നല്ലചൂടോടെ  മൊത്തികുടിക്കുമ്പോഴാണ്  റൂമിന്  പുറത്തുനിന്ന്  ഒരു ബഹളം കേട്ടത്. പുറത്തു മഴപെയ്യുന്നു. ആളുകൾ കൂട്ടമായി  മഴകാണുവാൻ  പുറത്തേക്ക്  ഓടുന്ന  ബഹളം  ആണ്  ഞാൻ   കേട്ടത്. മരുഭൂമിയിൽ അങ്ങനെ ആണ്, മഴ എല്ലാവർക്കും  ഒരു  കൗതുകമാണ്. ഞാനും  കൈയ്യിൽ  ചായക്കപ്പുമായി പുറത്തേക്കു പോയി മഴ കണ്ടുനിന്നു. വല്ലാതെ കൗതുകമാണ് മരുഭൂമിയിൽ  മഴ കണ്ടുനിൽക്കാൻ..

അലസമായി  മഴയെ നോക്കിനിന്നപ്പോൾ  അറിയാതെ ചെറുപ്പകാലത്ത്   സ്കൂൾ  വരാന്തയിൽ  മഴനോക്കി നിന്ന പഴയകാലം ഓർമ്മിച്ചു പോയി. മഴ മനസ്സിനെ ഏറെ ദൂരം പുറകിലേക്ക് കൊണ്ടുപോയി ... മഴകാഴ്ച്ചയും, പുതുമഴയുടെ  മണവും തുള്ളികൾ തുരുതുരാ വീഴുന്ന  ശബ്ദവുമൊക്കെ  ഒരു ഗൃഹാതുരത്വമുണർത്തുന്ന  നനുത്ത ശീലായി എന്റെ  മനസ്സിൽ കുളിരേകി. കുട എടുക്കാൻ മറന്നു സ്കൂൾ  വരാന്തയിൽ മഴ കണ്ടു നിൽക്കാൻ  എന്തായിരുന്നു ശേല്. മഴയെ  ശരിക്കും കണ്ടതും അറിഞ്ഞതും അത്തരം ചില നിമിഷങ്ങളിലാണ്.. ആ ഓർമ്മകൾക്ക്  ഇന്നും ഒരു സുഗന്ധമുണ്ട്... പുതുമഴ നനഞ്ഞ മണ്ണിന്‍റെയും  കൂലംകുത്തി സ്കൂൾ മുറ്റത്തുകൂടെ ഒലിയ്ക്കുന്ന മഴവെള്ളത്തിന്റെയും  ഗന്ധം. ഓടിൻപുറത്ത്  മേളപ്പദം തീർക്കുന്ന മഴയുടെ താളം. ഓടിന്റെ  ഈറയിലൂടെ മഴവെള്ളം തുമ്പിക്കെയുടെ വണ്ണത്തിൽ  സ്കൂൾ  മുറ്റത്ത്  വീണു ചാലുകൾ  തീർത്തു ഒഴുകുന്നത് കാണാൻ എന്തു രസം...

തിണ്ണയിൽ  നിന്ന് മഴവെള്ളത്തിലേക്ക് കാലും നീട്ടി പിടിച്ച് പാതി നനഞ്ഞു സ്വപ്‍നം കണ്ടു അങ്ങനെ നിൽക്കുക .. മഴവെള്ളം ചാലുകളായി ഒഴുകി തോടായി  മാറി ഒടുവിൽ പുഴയായി മാറി ,പുഴകൾ  തമ്മിൽ ചേർന്ന്  കടലായി മാറുന്നതും  സങ്കൽപ്പിച്ചു അങ്ങനെ നിൽക്കുക. ആർത്തലച്ചു പെയ്യുന്ന മഴ ഒടുവിൽ  മന്ദഗതിയിൽ  ആകും. അപ്പോഴാകും ചില കരുമാടി കുട്ടന്മാർ മഴയത്തേക്കു ചാടുക. ചെളിവെള്ളം വരാന്തയിൽ നിൽക്കുന്നവരുടെ ഒക്കെ ദേഹത്ത് തട്ടിത്തെറിപ്പിച്ചു കലപില ഉണ്ടാക്കുന്ന ബാല്യത്തിന്റെ വികൃതികൾ...മഴയിൽ നനഞ്ഞ ഉടുപ്പു പിഴിഞ്ഞ്പുസ്തകങ്ങൾ പ്ലാസ്റ്റിക് കവറിലൊതുക്കി കാത്തുനിൽക്കും. കവർ ഷർട്ടിനുള്ളിൽ തിരുകി മഴ ഒന്നു തോരുമ്പോൾ വീട്ടിലേക്കു ഒറ്റ പാച്ചിലാണ്. എത്ര കൊതിച്ചാലും അതൊന്നും ഒരിക്കലും തിരിച്ചു വരില്ലെന്നുള്ള തിരിച്ചറിവാണ് ആ ഓർമ്മകളെ  അമൂല്യമാക്കി മാറ്റുന്നത്... മരുഭൂമിയിലെ മഴയ്ക്ക് പഴയ സ്കൂൾ കാലത്തെ മഴയുടെ ഭംഗിയില്ലെങ്കിലും മനസ്സൊന്നു കുളിരും..

നാട്ടിലെ  മഴസമൃദ്ധിയിൽ നിന്ന്  വ്യത്യസ്തമായി  മരുഭൂമിയിൽ പൊഴിയുന്ന കുറച്ചു മഴത്തുള്ളികൾ . പ്രവാസ ജീവിതത്തിന്റെ വേവലിൽ അപൂർവ്വമായി   കിട്ടുന്ന സൗഭാഗ്യമാണ് ഈ  മഴ.. ആ മഴപോലും ആസ്വദിക്കാൻ കഴിയാതെ ഉള്ളിലെ കത്തുന്ന ചൂടിൽ  വേവുന്ന ഒരുപാടു പേരുണ്ട് മരുഭൂമിയിലെ പ്രവാസ ജീവിതത്തിൽ..




പ്രവാസികളെ സംബന്ധിച്ചെടത്തോളം മരുഭൂമിയിലെ മഴ ഒരു കുളിരനുഭവമെങ്കിൽ സ്വദേശികളെ സംബന്ധിച്ചെടത്തോളം മഴ ഉത്സവത്തിമിർപ്പിന്റെ  നിമിഷങ്ങളാണ്.മഴ കാണുവാൻ  അവർ കൂട്ടമായി പുറത്ത് ഇറങ്ങും. റോഡ് നിറയെ വാഹനങ്ങൾ . സൈഡ് ഗ്ലാസ് താഴ്ത്തി മഴവെള്ളം മുഖത്തും ദേഹത്തും വീഴുവാനനുവദിച്ചു അവർ അലസമായി വണ്ടിയോടിക്കും. പിക്കപ്പ് വാനുകളുടെ മുകളിൽ കുട്ടികളും പെണ്ണുങ്ങളുമായി മഴ കാണാനിറങ്ങുന്ന ബദുകുടുംബങ്ങൾ. ബദുവെന്നാൽ  തനിഗ്രാമീണരായ അറബികൾ  എന്നർത്ഥം. അവരെ സംബന്ധിച്ചെടത്തോളം മഴ ദൈവത്തിന്റെ വരദാനമാണ്. മഴയെ വരവേൽക്കേണ്ടത്  ദൈവത്തോടുള്ള നന്ദിപ്രകടനമാണ്. മഴവെള്ളം കുത്തിയൊലിച്ചു ഒഴുകുന്ന വാദിക്കരികിലും താഴ്‌വാരങ്ങളിലും  അവർ തമ്പടിച്ചു മഴയാസ്വദിക്കും.



ഞാൻ താമസിക്കുന്ന ചെറുപട്ടണം മൂന്നുവശവും ഹാജർമലകളാൽ ചുറ്റപ്പെട്ട കടലോരഗ്രാമമാണ്. വരണ്ട സിമന്റ് മലകളിലൂടെ മഴവെള്ളം കുത്തിയൊലിച്ചു വാദികളിലൂടെ കടലിലേക്ക് ഒഴുകും. മഴവെള്ളം ഒഴുകാനായി പ്രകൃതി നിർമ്മിച്ച ചാലുകൾ ആണ് വാദികൾ. വരണ്ടു കിടക്കുന്ന വാദികളിൽ മഴ പെയ്യുമ്പോൾ മാത്രമാണ് വെള്ളം ഒഴുകുക. മഴ പെയ്യുന്നതോടെ താഴ്‌വാരങ്ങളിലെ പച്ചപ്പുകളൊക്കയും സിമന്റ് പൊടിയൊക്കെ കഴുകികളഞ്ഞു ഹരിതശോഭയിൽ തിളങ്ങും. അങ്ങ് ദൂരെ ഹാജർ മലകളിൽ പെയ്യുന്ന മഴയുടെ വെള്ളം കുത്തിയൊലിച്ചു മണ്ണും പാറക്കല്ലുകളുമായി  വാദികളിലൂടെ തിമിർത്തൊഴുകും. സാഹസികരായ സ്വദേശി അറബ് ചെറുപ്പക്കാർ മഴവെള്ളത്തിനൊപ്പം വാഹനമോടിച്ചു രസിക്കാനുള്ള അവസരം പാഴാക്കാറില്ല. തങ്ങൾക്ക് പരിചിതമല്ലാത്ത ഈ പണിക്കിറങ്ങി ജീവൻ നഷ്ടപ്പെടുത്തിയിട്ടുള്ള പ്രവാസികൾ ധാരാളം. ശവം പോലും കണ്ടുകിട്ടുകയില്ല. മഴവെള്ളത്തിൽ കുത്തിയോലിച്ചെത്തുന്ന പാറക്കെട്ടുകൾക്കിടയിൽ എവിടെയൊക്കെയോ അവർ അന്ത്യവിശ്രമം കൊള്ളുന്നുണ്ടാകാം.




ഹാജർ മലമടക്കുകൾക്കിടയിൽ അങ്ങിങ്ങു പച്ചപിടിച്ചു നിൽക്കുന്ന ഗാഫ് മരങ്ങൾക്ക്  ആവശ്യമുള്ള വെള്ളം ലഭിക്കുന്നത് വർഷത്തിൽ ഒന്നോ രണ്ടോ തവണ പെയ്യുന്ന ഇത്തരം മഴകളിലൂടെയാണ്. അപൂർവമായി വിരുന്നെത്തുന്ന മഴയ്ക്കുശേഷം മലനിരകൾ പച്ചപ്പിന്റെ മേലാട എടുത്തണിയും.മണ്ണിനടിയിൽ ഉറങ്ങികിടന്നിരുന്ന പുൽവിത്തുകളിൽ മഴവെള്ളം എത്തി കുതിർത്തു ജീവന്റെ തുടിപ്പ് നൽകും. ദിവസങ്ങൾ കൊണ്ട്  അത് പുതുനാമ്പുകളായി തളിരിട്ടു തനിക്കു ചുറ്റുമുള്ള ലോകത്തെ കൗതുകത്തോടെ നോക്കി  തലയാട്ടി നിൽക്കും. അവയുടെ ആയുസ്സ് ശീതകാലത്തേയ്ക്ക്  മാത്രം.തണുപ്പുകാലത്തു മാത്രം നിലനിൽന്ന്‌ വേനലിന്റെ കാഠിന്യമേറുന്നതിനു മുമ്പ് അവയൊക്കെ കരിഞ്ഞു മണ്ണിലേക്ക് സിദ്ധി കൂടും. ഉണങ്ങിയ തണ്ടുകൾക്കിടയിൽ  ഒളുപ്പിച്ച വിത്തുകൾ ഒക്കെ അടുത്ത മഴവരെ സുഷുപ്‌തിയിലാഴും. പ്രകൃതിയുടെ നിയമങ്ങളെ...

താഴ്‌വാരത്ത്  നിന്ന് നോക്കിയാൽ മുമ്പിൽ നോക്കെത്താ ദൂരത്തേക്ക് പരന്നു കിടക്കുന്ന കടൽ.  തീരത്തുനിന്ന്  നോക്കിയാൽ നേർത്ത നിഴലുപോലെ  ദൂരത്തു ഹാജർ മലനിരകൾ. ഇടയ്ക്കു പച്ചപുതച്ച താഴ്‌വാരങ്ങളും ഈന്തപ്പന തോട്ടങ്ങളും.താഴ്‌വാരങ്ങളിൽ  മഴ പെയ്തൊഴിയുമ്പോൾ  വല്ലാത്ത ഒരു ഗന്ധം അനുഭവപ്പെടും. ഒട്ടകച്ചാണകത്തിന്റെയും കഴുതച്ചാണകത്തിന്റെയും ഗന്ധം.വല്ലാത്ത ചൂരാണ് താഴ്‌വാരങ്ങൾക്കപ്പോൾ.


മഴ പെയ്യുന്നതോടെ മലകളുടെ ഭാവമാറ്റം നമ്മെ  വിസ്മയപ്പെടുത്തും. ചൂടുകാലത്ത് നേർത്ത നിഴലുപോലെ കണ്ടിരുന്ന ഹാജർ മലനിരകൾക്ക് വ്യക്തതയേറും. മഴ പെയ്തു  അന്തരീക്ഷത്തിലെ പൊടിയൊക്കെ  അടങ്ങി  പ്രകൃതി സൗമ്യഭാവം കൈവരിക്കും. ചെങ്കുത്തായ പാറക്കെട്ടുകളുടെ കാഴ്ചകൾ തെളിവോടെ കാണാനാകും. മലകൾക്കിടയിലൂടെ  വളഞ്ഞും പുളഞ്ഞും ചുരം കയറിപ്പോകുന്ന ഇടുങ്ങിയ മലമ്പാതകൾ . അതിലൂടെ ഉറുമ്പുകൾപോലെ  ഇഴഞ്ഞുനീങ്ങുന്ന  ഫോർവീൽ ഡ്രൈവുകൾ.അവയ്ക്കു മാത്രമേ ചെങ്കുത്തായ മല കയറാനുള്ള കരുത്ത്  ഉള്ളു. മലയുടെ മുകളിൽ  നിന്നാൽ  ദൂരെ ഹോർമ്മൂസ്  കടലിടുക്കിലൂടെ  നീങ്ങുന്ന കപ്പലുകൾ കാണാമെന്നു പറയപ്പെടുന്നു. മലകളെ അങ്ങിങ്ങു തൊട്ടുനിൽക്കുന്ന വെളുത്ത പഞ്ഞികെട്ടുകൾ പോലെ മേഘശകലങ്ങൾ. അവയിലേക്ക് സൂക്ഷിച്ചു നോക്കിയാൽ മലപുകയുന്നത് കാണാം.




മലയിൽ താഴ്ന്ന വെള്ളത്തെ  മണ്ണിനടിയിലുള്ള  ചൂട് പാറക്കെട്ടുകൾ നീരാവിയാക്കി മാറ്റുന്നതാണ് കാരണം. തണുപ്പ് കാലത്തിന്റെ വരവറിയിച്ചു കൊണ്ട്  ചൂളക്കാറ്റ്  താഴ്‌വാരങ്ങളിലേക്ക്  വീശും. പെട്ടിയിൽ ഭദ്രമായി സൂക്ഷിച്ചിട്ടുള്ള  കമ്പിളി ഉടുപ്പുകളും സ്വെറ്ററുകളും പുറത്തെടുക്കുവാൻ സമയമായി എന്നർത്ഥം.


(ചിത്രങ്ങൾ :ഗൂഗിൾ )

മരുഭൂമിയിലെ മഴയുടെ വിശേഷങ്ങൾ ഇങ്ങനെയൊക്കെയാണ്.  മരുഭൂമികളിൽ പെയ്യുന്ന മഴ ഒരു അനുഭവമാണ്.. ആ അനുഭവത്തിനു  ഇടവപ്പാതിയുടെ തിമിർപ്പില്ല, ഇടമുറിയാതെ പെയ്യുന്ന കര്‍ക്കിടക മഴയുടെ ശേലില്ല, തുലാവർഷത്തിലെ ഇടിയും മിന്നലിന്റെയും അകമ്പടിയില്ല. മഴ വെറും മഴ മാത്രം..ഒരു കൈകുമ്പിളിൽ കോരി എടുക്കാവുന്ന മഴ. ആ  മഴ പെയ്തു തോർന്നാലും പ്രവാസിയുടെ മനസ്സിൽ ഓർമ്മകൾ  പെയ്യുന്നുണ്ടായിരിക്കും..ഒരിക്കലും പെയ്തു തീരാത്ത ഓർമ്മകളുടെ മഴ..


ഇയ്യോബ് 38: 24-30 

വെളിച്ചം പിരിഞ്ഞുപോകുന്നതും കിഴക്കൻ കാറ്റു ഭൂമിമേൽ  വ്യാപിക്കുന്നതും ആയ വഴി ഏത് ? നിർജ്ജ്നദേശത്തും ആൾ  പാര്‍പ്പില്ലാത്ത മരുഭൂമിയിലും മഴ പെയ്യിക്കേണ്ടതിന്നും തരിശും ശൂന്യവുമായ നിലത്തിന്റെ  ദാഹം തീർക്കേണ്ടതിനും  ഇളമ്പുല്ലു മുളെപ്പിക്കേണ്ടതിന്നും ജലപ്രവാഹത്തിന്നു ചാലും ഇടിമിന്നലിന്നു പാതയും വെട്ടിക്കൊടുത്തതാര്‍? മഴെക്കു അപ്പനുണ്ടോ? അല്ല, മഞ്ഞുതുള്ളികളെ ജനിപ്പിച്ചതാര്‍?  ആരുടെ ഗർഭത്തിൽ  നിന്നും  ഹിമം പുറപ്പെടുന്നുആകാശത്തിലെ നീഹാരത്തെ ആര്‍ പ്രസവിക്കുന്നു?..

10 comments:

  1. അതെ നാട്ടിലെ മഴ സമൃദ്ധിയിൽ നിന്ന്
    വ്യത്യസ്തമായി മരുഭൂമിയിൽ പൊഴിയുന്ന കുറച്ചു
    മഴത്തുള്ളികൾ നമ്മൾ മലയാളികൾക്ക് പ്രവാസ ജീവിതത്തിന്റെ
    വേവലിൽ അപൂർവ്വമായി കിട്ടുന്ന ഒരു സൗഭാഗ്യമാണ്....
    ആ മഴ വീഴലിന്റെ മനോഹാരിതകൾ മുഴുവൻ
    വരികളാൽ ഭായ് ഇവിടെ വരച്ചുകാട്ടിയിരിക്കുന്നു ..!

    ReplyDelete
    Replies
    1. ഗൾഫിലെ മഴ ഒരു പ്രതീക്ഷ ആണ് മുരളിഭായ്.. സ്വന്തം നാടിന്റെ ഓർമ്മകൾ അയവിറക്കി അവൻ അത് ആഘോഷിക്കും.. നന്ദി. ആശംസകൾ

      Delete
  2. എവിടെയായാലും മഴ നമ്മെ നാട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകും

    ReplyDelete
    Replies
    1. അതേ.. പ്രവാസിയ്ക്ക് മഴ ഒരു ഓർമ്മ പ്പെടുത്തൽ ആണ്.. അവന്റെ നാടിന്റെ കുളിരോർമ്മകൾ.. നന്ദി ..ആശംസകൾ

      Delete
  3. "ഫൈസീ നീ മരുഭൂമിയിലെ മഴ കണ്ടിട്ടുണ്ടോ" എന്ന് തിലകൻ ഉസ്താദ് ഹോട്ടൽ സിനിമയിൽ ചോദിക്കുന്നത് കേട്ടപ്പോൾതൊട്ട് വിചാരിക്കുന്നതാ മരുഭൂമിയിലെ മഴക്കെന്താ ഇത്ര പ്രത്യേകത എന്ന്.. ഇപ്പോളല്ലേ പിടികിട്ടിയത് ;-)

    ReplyDelete
    Replies
    1. മരുഭൂമിയിലെ മഴയെക്കുറിച്ച് ഇനിയും ഏറെ പറയാൻ ഉണ്ട്.. മുസാഫിറിന്റെ മരുമരങ്ങളിലും ആട് ജീവിതത്തിലും മരുഭൂമിയിലെ മഴയെ മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്. .ഞാൻ താമസിക്കുന്ന സ്ഥലം ബേസ് ചെയ്തു എഴുതാൻ ആണ് ശ്രമിച്ചത് . ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ..ആശംസകൾ

      Delete
  4. മഴയായാലും മറ്റെന്തായാലും അത് നാടുമായി ബന്ധപ്പെടുത്തിയേ നമുക്കൊക്കെ ചിന്തിക്കാന്‍ കഴിയൂ അല്ലേ?

    ഇക്കൊല്ലത്തെ പ്രളയത്തിനു ശേഷം മഴ എന്ന് പറയുമ്പോള്‍ ആ കറുത്തിരുണ്ട ആ രണ്ടുമൂന്നു ദിവസങ്ങളാണ് മനസ്സില്‍ ഓടിവരുന്നത്‌.

    ReplyDelete
    Replies
    1. കഴിഞ്ഞ പ്രളയകാലം പേടിപ്പെടുത്തി അല്ലേ ...പക്ഷെ മഴയെ എങ്ങനെ ഈ മരുഭൂമിയിൽ സ്നേഹിക്കാതെ ഇരിക്കും ..ആശംസകൾ മാഡം

      Delete