Friday, 9 October 2020

ബാക്കിയാക്കുന്ന ഓർമ്മകൾ

 

ബാക്കിയാക്കുന്ന ഓർമ്മകൾ



ഈ എഴുത്ത് മനോരമ ഓൺലൈനിൽ വായിക്കാം 

https://www.manoramaonline.com/literature/your-creatives/2020/09/12/memoir-written-by-samson-mathew-punalur.html?fbclid=IwAR1kP37tsU-an2aeFhwYoWaTjzSkqG7qnK8-5NVS67TdaJ94ai898LVNa3s



വർഷാവസാനം  എല്ലാ കൊല്ലത്തേയുംപോലെ മരുന്നുകളുടെ കണക്കെടുപ്പുമായി ബന്ധപ്പെട്ട യാത്രയിലായിരുന്നു ഞാൻ . അങ്ങനെയാണ്  ഞാൻ  മരുഭൂമിയിലെ സിജി എന്ന വിജനമായ പ്രദേശത്തെ ക്ലിനിക്കിലെത്തിയത്.   ഇത്തരം സ്റ്റോക്കെടുപ്പ്  കമ്മറ്റിയിൽ അംഗമായിക്കുന്നത് രസകരമായ അനുഭവം ആണ് .  മരുഭൂമിയിലെ ഒട്ടേറെ ഗ്രാമജീവിതങ്ങൾ  അതു മുഖാന്തരം കാണാനും അടുത്തറിയാനും സാധിച്ചു. ആരോഗ്യ വകുപ്പിന്റെ  കീഴിലുള്ള ക്ലിനിക്കുകളിലും ഹോസ്പിറ്റലുകളിലും ഉള്ള ഫാർമസികളിൽ ആണ് പരിശോധന. ഫുജറയെന്ന വടക്കൻ എമിറേറ്റിലെ ആരോഗ്യവകുപ്പിലെ ഫാർമസി ജീവനക്കാരൻ ആണ് ഞാൻ. സിജി എന്ന സ്ഥലം ഫുജറയ്ക്കും ഷാർജയ്ക്കും ഇടയിൽ ഉള്ള മരുഭൂമിലെ അത്ര ആൾപാർപ്പ്  ഇല്ലാത്ത സ്ഥലമാണ്. ഒരു ഗ്രാമവും അതിന്റെ അതിർത്തിയിൽ കുറെ ക്രഷറുകളും പിന്നെ കണ്ണെത്താത്ത നിലയിൽ പരന്നു കിടക്കുന്ന മരുഭൂമിയും. ക്രഷറുകളിലേക്ക്  പോകുന്ന ട്രക്കുകൾ ഒഴികെ വഴിയിലൊന്നും വാഹനങ്ങളേയില്ല. ട്രക്ക് റോഡിൽ നിന്ന് അഞ്ചാറ് കിലോമീറ്റർ  പൊടിമണ്ണ് നിറഞ്ഞ പാതയിലൂടെ സഞ്ചരിച്ചു വേണം ക്ലിനിക്കിലെത്താൻ.  ദൂരെ മണൽ നിറഞ്ഞ മൊട്ടക്കുന്നുകളും അങ്ങിങ്ങായി പ്രതികൂല കാലാവസ്ഥയിലും വേരുപിടിച്ചു നിൽക്കുന്ന ഗാഫുമരങ്ങളും പച്ചപ്പു തേടി അലയുന്ന ഒട്ടകകൂട്ടങ്ങളും  മണൽ വഴിയിൽ അപ്രതീക്ഷിതമായി എടുത്തു ചാടുന്ന കോവർ കഴുതകളും ഒക്കെ ചേർന്ന് മരുഭൂമിയുടെ എല്ലാ വന്യതയും സൗന്ദര്യവും നിറഞ്ഞ പ്രദേശം. കണ്ണെത്താദൂരത്ത്  പരന്നുകിടക്കുന്ന  മണൽകാട്ടിൽ നിന്ന് ഇടയ്ക്കിടെ വീശുന്ന  ഉഷ്‌ണകാറ്റിൽ   പറന്നുപൊങ്ങുന്ന മണൽപൊടി റോഡിനെയും കടന്നുപോകുന്ന വാഹനത്തെയും മൂടും. ശ്രദ്ധിച്ചു വണ്ടി ഓടിച്ചില്ല എങ്കിൽ അപകടസാധ്യത ഏറെ. സൂര്യൻ ഉച്ഛസ്ഥായിയായി എത്തുമ്പോൾ കാറ്റിന്റെ  രൗദ്രഭാവവും  വർദ്ധിക്കും.


ഇത്തരം യാത്രകളിൽ ആണ്  യഥാർത്ഥ മരുഭൂജീവിതം അടുത്തറിയാൻ അവസരം ഉണ്ടായിട്ടുള്ളത്. എമിറേറ്റിലെ വിദൂരപ്രദേശമായ ത്വവിയൻ പോലുള്ള ചെറുഗ്രാമങ്ങളിലേക്കുള്ള യാത്രകൾ അവിസ്മരണീയമാണ്. പണ്ട് അവിടേക്ക് പോകുവാൻ റോഡുകളില്ല. മലകൾക്കിടയിലൂടെ വളഞ്ഞും പുളഞ്ഞുമുള്ള  മൺപാതയിലൂടെ പൊടിപറത്തി ഫോർവീൽ ഡ്രൈവിലുള്ള യാത്ര. ചുറ്റും മലകൾ മാത്രം.  അവിടേക്ക്  ഫോർവീൽ വാഹനത്തിലോ  പിക്കപ്പിലോ  മാത്രമേ  യാത്ര സാധ്യമാകുകയുള്ളു. മലയുടെ തിരിവിൽ ഉറക്കെ ഹോൺ മുഴക്കിക്കൊണ്ടു വേണം കടന്നുചെല്ലാൻ. എതിരെ വരുന്ന വാഹനത്തിന് കൊടുക്കുന്ന വാണിംഗ് സിഗ്നൽ ആണത്. വളരെ ശ്രദ്ധയോടെ വേണം വാഹനം ഓടിക്കുവാൻ. ചിലപ്പോൾ അപ്രതീക്ഷിതമായി ഒട്ടകങ്ങളും കഴുതകളുമൊക്കെ റോഡിൽ വന്നുചാടും. പട്ടാണി ഡ്രൈവറുമാർ അക്കാര്യത്തിൽ വിദഗ്ദ്ധന്മാർ ആണ് . വഴിയിൽ ഇടയ്ക്കുള്ള 'വാദി'കളോടു ചേർന്നുള്ള പച്ചപ്പുകളിൽ വെള്ളം കോരാൻ കിണറുകളും ചെറിയ ഉറവകളും കാണും. മിക്ക ഉറവകളോടും  ചേർന്ന്  ചെറിയ ഷെഡും ആട്ടിൻകൂടും കാണും. ആടുകൾക്ക് വെള്ളം കൊടുക്കാൻ ഉള്ള സൗകര്യം നോക്കിയാണത്. അങ്ങിങ്ങു അലസമായി ചുറ്റിത്തിരിയുന്ന ആട്ടിൻകൂട്ടങ്ങളും അവയെ നോക്കുവാൻ ബദുക്കളുടെ വേഷാദികളുള്ള  ബംഗാളികളും  പച്ചപ്പും ഈന്തപ്പനക്കൂട്ടങ്ങളും ഒക്കെ ചേർന്നുള്ള  മാസ്മരികമായ ഗ്രാമക്കാഴ്ചകൾ.


ബദുഗ്രാമങ്ങളിലെ കാഴ്ചകൾ ഏറെ കൗതുകകരമാണ് . മലകൾക്ക്  ഇടയിൽ പച്ചപ്പിന്റെ ചെറുതുരുത്ത്. ഈന്തപ്പനകളുടെയും മരുമരങ്ങളുടെയും നടുവിൽ അങ്ങിങ്ങ്  വീടുകൾ. ഗ്രാമമദ്ധ്യത്തിലാകും ചെറിയ അങ്ങാടി. ബക്കാല എന്ന് പേരുള്ള ചെറിയ സ്റ്റേഷനറി കടകൾ, ടൈലറിംഗ് ഷോപ്പ് ,ലോണ്ടറി, ഒരു ചായക്കട പിന്നെ ഗ്രാമത്തിലെ സർവവിധ ലുങ്കി ന്യൂസിന്റെയും പ്രഭവകേന്ദ്രമായ ഒരു ബാർബർ ഷോപ്പ് ..റെസ്റ്റോറന്റിന്റെ മുറ്റത്തു മരത്തണലിൽ ഇട്ട തടികസാലകളിൽ  ഹുക്ക വലിച്ചുകൊണ്ട്  സൊറ പറഞ്ഞിരിക്കുന്ന അറബ് വൃദ്ധന്മാർ. പൊടിപറത്തി എത്തുന്ന ഫോർവീൽ വാഹനം അവർക്ക് കൗതുകമാണ്. ഗ്രാമത്തിലെ വിശാലമായ മൈതാനത്തിന്റെ ഒരറ്റത്താണ്   സർക്കാർ ഹെൽത്ത് സെന്റർ. അതിനോട് ചേർന്ന് ഗ്രാമത്തിലെ ഒരേയൊരു പള്ളി. എല്ലാവർക്കും എളുപ്പത്തിൽ എത്താവുന്ന ഗ്രാമത്തിന്റെ ഭാഗത്താണ്  അവ രണ്ടും. കാർപ്പറ്റ് വിരിച്ചു വൃത്തിയാക്കിയ ക്ലിനിക്കിന്റെ  മുറ്റത്തുള്ള വലിയ വേപ്പുമരത്തിന്റെ  തണലിൽ ഗാവ കുടിച്ചിരിക്കുന്ന അറബി കാവൽക്കാരൻ ക്ലിനിക്കിന്റെ  വലിയ ഗേറ്റ് തുറന്നുതരും. വാഹനത്തിൽ നിന്ന് പുറത്തു ഇറങ്ങുമ്പൊഴേക്കും  തല തിരിയുന്നുണ്ടാകും. ദൂരെ പട്ടണത്തിൽ  നിന്ന് ചെക്കിങ്ങിനു  വരുന്ന വെള്ള കുപ്പായമണിഞ്ഞ ' ദോക്ടറുമാർക്ക് ' വലിയ  സ്വീകരണമാണ്  ഗ്രാമവാസികൾ നൽകുക. കണക്കെടുപ്പും കഴിഞ്ഞു പുറത്തിറങ്ങുമ്പോഴേക്കും നിലത്തു വിരിച്ച തക്കായ( വലിയ പായ ) പഴങ്ങൾ നിറച്ച തളികയും ഈന്തപ്പഴവും ഗാവകൂജകളും  അണിനിരക്കും. ഗ്രാമമുഖ്യനായ അറബി വൃദ്ധനും കൂടെ മൂന്നാലു പൗര പ്രമുഖരും വിവരം കേട്ടറിഞ്ഞു സ്ഥലത്ത്  എത്തിയിരിക്കും. പിന്നെ അവരുടെ ആതിഥ്യം സ്വീകരിച്ചു നിറഞ്ഞ മനസോടെയാകും മടക്കം. അറബ് ഗോത്രസംസ്‌കൃതിയുടെ നൈർമല്യവും ആതിഥ്യമര്യാദയും മറക്കാനാവാത്ത അനുഭവം തന്നെ.


'സിജി' എന്ന ചെറിയ അറബുഗ്രാമത്തിലെ സർക്കാർ ക്ലിനിക്കിലെ ഫാർമസിയിൽ  കണക്കെടുപ്പ് നടത്താനുള്ള  യാത്രയിൽ ഞാനും വർക്കിച്ചനും. വർക്കിച്ചൻ ഒരു പുണ്യാത്മാവ് ആണ്. എല്ലാവർക്കും സഹായിയായ തിരുവല്ലക്കാരൻ. കൈമെയ്യ്  മറന്നു മറ്റുള്ളവരെ സഹായിക്കാൻ ഏതുസമയത്തും ഓടിനടക്കുന്ന വർക്കിച്ചനെ എല്ലാവർക്കും വല്യകാര്യമാണ് . സർക്കാർ വക ലാൻഡ് ക്രൂസർ വാഹനത്തിലാണ് യാത്ര. നാട്ടുവർത്തമാനവും കുട്ടികളുടെ പഠിത്തകാര്യവും  കേരളരാഷ്ട്രീയവും ഒക്കെ പതുക്കെ പറഞ്ഞു പിൻസീറ്റിൽ ഒതുങ്ങിക്കൂടി ഞങ്ങൾ . കൂടെ അറബ് വംശജരായ മറ്റു ആരോഗ്യപ്രവർത്തകരുമുണ്ട്.അവർക്ക് ക്ലിനിക്കിലെ മറ്റു കാര്യങ്ങൾ ഓഡിറ്റ് ചെയ്യുക ആണ് പണി. മസാഫിയിലെ  ഫ്രൈഡേ മാർക്കറ്റും കടന്നു  ട്രക്ക് റോഡിലൂടെ ഒത്തിരി ദൂരം സഞ്ചരിച്ചു  സിജി ഗ്രാമത്തിൽ എത്തിയപ്പോഴേക്കും നേരം പകൽ പത്തുമണി. ഞങ്ങളുടെ വരവ് പ്രതീക്ഷിച്ചു സുഡാനിയായ ഫാർമസിസ്റ്റ്  കാത്തുനിൽക്കുന്നുണ്ടായിരുന്നു.


ആറടി പൊക്കം ഉള്ള ഒരു ആജാനബാഹു ആണ് ഈസാ മുഹമ്മദ് ഈസ എന്ന സുഡാൻകാരൻ. ഗ്രാമത്തിലെ ക്ലിനിക്കിൽ ഫാർമസിസ്റ്റ്  ആയി ജോലി നോക്കാൻ തുടങ്ങിയിട്ട് ഏറെ കൊല്ലങ്ങൾ ആയി. ആളെ കണ്ടാൽ ആരും ഒന്ന് നോക്കിപ്പോകും. ആറടിപൊക്കവും അതിനൊത്ത തടിയും ഉള്ള ഒരു ഭീകരരൂപം. പരുപരുത്ത പാറയിൽ ചിരട്ട ഉരയ്ക്കുന്ന ശബ്ദത്തിൽ ആണ് സംസാരവും ചിരിയും. ചിരിക്കുമ്പോൾ കണ്ണുകൾ അടഞ്ഞു പുകയിലക്കറ പിടിച്ച വെളുത്ത പല്ലുകൾ തെളിഞ്ഞു നിൽക്കും ആളൊരു പാവത്താനാണ്. വർക്കിച്ചനുമായി ദീർഘനാളത്തെ പരിചയമുണ്ട്. ഞങ്ങളെ കണ്ടപ്പോൾ തന്നെ മൂപ്പർ ഓടിവന്നു കെട്ടിപ്പിടിച്ചു സലാം പറഞ്ഞു ഫാർമസിയിലേക്ക് കൊണ്ടുപോയി.പിന്നെ ഞങ്ങളുടെ വിശേഷങ്ങൾ തിരക്കലായി. കണക്കെടുപ്പ് തുടങ്ങുന്നതിനു മുമ്പ് ഓരോ ഗ്ലാസ് പാലൊഴിച്ചു കൊഴുപ്പിച്ച അറബികളുടെ ചായ മുമ്പിൽ കൊണ്ടുവച്ചു. പതുക്കെ ചായ കുടിച്ചുകൊണ്ട് ഞങ്ങൾ മരുന്നിന്റെ കണക്കെടുപ്പ് നടത്തി. ഇൻവെൻറ്ററി പേപ്പറിൽ  സ്റ്റോക്ക് രേഖപ്പെടുത്തി കണക്കുപുസ്തകത്തിലെ സ്റ്റോക്കുമായി ഒത്തുനോക്കി എല്ലാം ശരിയെന്ന് ഉറപ്പുവരുത്തി. രണ്ടു മണിക്കൂർ കൊണ്ട് അന്നത്തെ ജോലി പൂർത്തിയാക്കി. പിന്നെ ഈസയുടെ വക സൽക്കാരമായി . അടുത്തുള്ള കടയിൽ നിന്ന് പോർട്ടറെ വിട്ടു സാൻഡ് വിച്ച് വരുത്തിച്ചു പിന്നെ നേരത്തെ കരുതി വെച്ച ബിസ്ക്കറ്റും ഈന്തപ്പഴവും മേശമേൽ നിരത്തി,അകമ്പടിയായി സുലെമാനിയും മറ്റുമായി ഈസ ഞങ്ങളെ വിരുന്നൂട്ടി.



സുഡാനികൾക്ക് ഇന്ത്യക്കാരെ വലിയ ബഹുമാനവും സ്നേഹവുമാണ്. ധാരാളം സുഡാനി കുട്ടികൾ  ഇന്ത്യയിൽ പഠിക്കുന്നുണ്ട്. അയാളുടെ ഒരു മകൻ സർക്കാർ സ്കോളർഷിപ്പിൽ  മൈസൂരിലെ കാർഷിക സർവ്വകലാശാലയിൽ  പഠിക്കുന്നുണ്ട്. മകന്റെ അഡ്മിഷനുവേണ്ടി ബാംഗ്ലൂരിലും മൈസൂരിലുമായി ഒത്തിരി കറങ്ങിയത്രേ. കേരളത്തേക്കുറിച്ചു ഒത്തിരി കേട്ടിട്ടുണ്ടുത്രേ. അയാളുടെ വിചാരം കേരളവും മൈസൂരുമൊക്കെ അടുത്തടുത്ത സ്ഥലങ്ങളാണ്. മകൻ പഠിക്കുന്ന സ്ഥലത്തുള്ള നാട്ടുകാർ ആണ് ഞങ്ങൾ . ഇനി മൈസൂറിൽ മകനെ കാണാൻ പോകുമ്പോൾ കേരളമൊക്കെ ഒന്ന് ചുറ്റിക്കറങ്ങി കാണണം. അയാൾ ആഗ്രഹം പറഞ്ഞു. വലിയ കുടുംബത്തിന്റെ പ്രാരാബ്ദ്ധമൊഴിഞ്ഞു എപ്പോഴാണ് അയാൾക്ക് അതൊക്കെ സാധിക്കുക. സുഡാനികൾ വലിയ കുടുംബസ്നേഹമുള്ളവരാണ്. ഇപ്പോഴും കൂട്ടുകുടുംബ വ്യവസ്ഥിതി ആണ് അവർ പുലർത്തുന്നത്. അയാളുടെ ശമ്പളം കൊണ്ട് നാട്ടിലും ഇവിടെയുമായി ഒട്ടേറെ വയറുകൾ പുലരുന്നു.ഭാര്യ കാൻസർ രോഗി ആണത്രേ. ആറുമക്കളുടെ പഠിത്തം , ഭാര്യയുടെ ചികിത്സാചിലവുകൾ , നാട്ടിൽ അയാളുടെ മണിഡ്രാഫ്റ്റിനായി കാത്തിരിക്കുന്ന പെങ്ങന്മാരുടെ കുടുംബങ്ങൾ അങ്ങനെ എടുത്താൽ തീരാത്ത ഭാരം ഒറ്റയ്ക്ക് തലയിൽ എത്തിയാണ് അയാളുടെ ജീവിതം.


ഉപചാരവാക്കുകൾ ചൊല്ലി  യാത്രപിരിയാൻ നേരം  അയാൾ മുമ്പ് എന്തോ ആലോചിച്ചതു മറന്നതുപോലെ ഒരു നിമിഷം നിന്നു. പിന്നെ ഇതാ വരുന്നു എന്നു പറഞ്ഞുകൊണ്ട്  അയാൾ തന്റെ പഴഞ്ചൻ കാറിൽ കയറി എവിടേക്കോ പോയി. ചില മിനിട്ടുകൾക്ക് ശേഷം തിരികെ വന്നപ്പോൾ കൈയ്യിൽ രണ്ടു സഞ്ചികൾ. സഞ്ചി ഒരെണ്ണം എന്റെ കയ്യിലും മറ്റേതു വർക്കിച്ചനും നിർബന്ധിച്ചു ഏൽപ്പിച്ചിട്ടു  അയാൾ കണ്ണുകൾ ഇറുക്കി ഒന്നു ചിരിച്ചു. ഞങ്ങൾ സഞ്ചി തുറന്നു നോക്കി. ഓരോ സഞ്ചിയിലും രണ്ടാമൂന്നോ കിലോ അരിയും കുറച്ച് ഈന്തപ്പഴവും .വീട്ടിൽ പോയി  അടുക്കളയിൽ നിന്ന്  പാക്കറ്റിലാക്കി കൊണ്ടുവന്നത് ആണ് ആ സാധനങ്ങൾ എന്ന് സഞ്ചി കണ്ടാലറിയാം. ഞങ്ങൾക്ക് ഒന്നും തന്നുവിട്ടില്ല എന്ന വിഷമം തീർത്തതാണയാൾ.ഒരു പക്ഷേ അയാളുടെ വീട്ടിൽ ആകെയുള്ള അന്നം ആയിരിക്കും അത്.  ഞങ്ങൾ എത്ര വേണ്ടെന്നു പറഞ്ഞിട്ടും അയാൾ സാധനം തിരികെ എടുക്കാൻ തയാറായില്ല. ഒടുവിൽ വണ്ടിയിൽ സഞ്ചി വെച്ചു ഞങ്ങളെ കൈവീശി  യാത്ര ആക്കിയിട്ടാണ് അയാൾക്ക്‌ സമാധാനം ആയത്.


കഴിഞ്ഞ വെള്ളിയാഴ്‌ച ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചു ഉച്ചമയങ്ങുമ്പോൾ  ആണ് മൊബൈൽ ഫോൺ ശബ്ധിച്ചത്. ടെലിഫോൺ എടുത്തപ്പോൾ അത്ര പരിചിതമല്ലാത്ത അറബിസ്വരം. എന്റെ പഴയ പരിചയക്കാരനായ ഒരു അറബ് വംശജനായ  കൂട്ടുകാരൻ ആണ്  . അയാൾ മുഖവരയില്ലാതെ കാര്യം പറഞ്ഞു. '' നീയറിഞ്ഞോ നമ്മുടെ ഈസാ മുഹമ്മദ് കോവിഡ് പിടിച്ചു മരിച്ചു". കോവിഡ് പിടിച്ചു രണ്ടാഴ്ചയായി ഐ.സി.യുവിൽ ആയിരുന്നത്രേ. ഞാൻ ഒരു നിമിഷം കണ്ണുകൾ അടച്ചു നിശബ്ദനായി നിന്നു. പിന്നെ  കാര്യങ്ങൾ  ഒക്കെ ശാന്തമായി തിരക്കി.


പാവം ഈസാ മുഹമ്മദ്,  കാൻസർ രോഗിയായ ഭാര്യയേയും ആറുമക്കളെയും അനാഥരാക്കി ഈസാ മുഹമ്മദ് കടന്നുപോയി.കോവിഡ് എന്ന മഹാമാരി സംഹരിച്ച അസംഖ്യം ജീവനുകളിൽ ഒരാൾ. ഒരാൾ മരിക്കുമ്പോൾ ബാക്കിയാകുന്നത് അയാളെക്കുറിച്ചുള്ള ഓർമ്മകളാണ്. പ്രിയപ്പെട്ട ഈസാ മുഹമ്മദ് താങ്കളുടെ പേരു പോലെത്തന്നെ,  ബാക്കിയാകുന്നത്  സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും കാരുണ്യത്തിന്റെയും ഓർമ്മകളാണ്..

7 comments:

  1. കോവിഡ് താണ്ഡവത്തിൽ പൊലിഞ്ഞുപോയ പ്രവാസ ജീവിതത്തിൽ അടുത്തറിഞ്ഞ ഈസാ മുഹമ്മദിനെ കുറിച്ചുള്ള സ്‌മരണകൾ...

    ReplyDelete
    Replies
    1. ഈസ വളരെ നല്ല മനുഷ്യൻ ആയിരുന്നു.. കോവിഡ് കവർന്നെടുത്ത അനേകം ശുദ്ധാത്മക്കളിൽ ഒരുവൻ.. നന്ദി ഭായ്

      Delete
  2. ഗ്രാമീണ ഭംഗിയും പ0ന കാലത്ത് ഞാനും നേരിട്ടനുഭവിച്ച സുഡാനി സ്നേഹവും മനസ്സിൽ കുളിരു പരത്തി. പക്ഷെ ഈസയുടെ വിയോഗം പ്രതീക്ഷിച്ചില്ല. ഞങ്ങൾക്കും ഈ ആഴ്ച ഏറെ പ്രിയങ്കരനായ ഒരു സുഹൃത്തിനെ കോ വിഡ് നഷ്ടമാക്കി - സൗദിയിൽ ആയിരുന്നു.

    ReplyDelete
    Replies
    1. എല്ലാവർക്കും കോവിഡ് ഒരുപാട് നഷ്ടങ്ങൾ ഉണ്ടാക്കി.. നന്ദി അരീക്കോടൻ മാഷേ..

      Delete
  3. വായിച്ചു വന്ന് അവസാനം ഇങ്ങനെയായിരുന്നെന്നു പ്രതീക്ഷിച്ചില്ല . പാവം . കുടുംബത്തിന്റെ നെടുംതൂണായിരുന്ന ആ മനുഷ്യൻ .. ഇങ്ങനേ അറിയാവുന്നവരും പിന്നെ അറിയാത്തവരും ഒക്കെയായി എത്രപേർ ഈ മഹാമാരി പിടിപെട്ടു ഈ ലോകത്തോട് വിടപറഞ്ഞു പോയി .

    ReplyDelete
    Replies
    1. സത്യം ഒരുപാട് നഷ്ടങ്ങൾ.. ഈസ അങ്ങനെ ഒരു നഷ്ടം.. നന്ദി മാഡം

      Delete
  4. ഈസാ സങ്കടമായി. ഫുജൈറ - എൻ്റെ കുട്ടികാലങ്ങളിലെ കുറച്ചോർമ്മകൾ അവിടെയൊക്കെയുണ്ട് . ആദ്യ സ്കൂൾ, കളിക്കൂട്ടുകാർ . നല്ലെഴുത്ത് .

    ReplyDelete