Monday, 2 October 2017

നീർക്കോലി പിടുത്തവും അതുണ്ടാക്കിയ പൊല്ലാപ്പും

നീർക്കോലി പിടുത്തവും  

അതുണ്ടാക്കിയ  പൊല്ലാപ്പും






ഏഴാംതരം ജയിച്ചു ഹൈസ്കൂളിൽ എത്തിയതോടെ എനിയ്ക്ക് സമാധാനം ആയി. അതിനൊരു കാരണം അമ്മയുടെ കൺവെട്ടത്തു നിന്നു ഒരു മാറ്റം കിട്ടിയതാണ്. അമ്മ ഞാൻ പഠിച്ച യു.പി സ്കൂളിലെ ടീച്ചർ ആയിരുന്നു. ഞാൻ എന്തങ്കിലും കുരുത്തക്കേട് കാട്ടിയാൽ പെട്ടന്ന് തന്നെ അമ്മയുടെ അടുത്ത് വിവരം എത്തും. അതിനാൽ യു.പി സ്കൂളിൽ
വെച്ചു ഞാനൊന്നു ഒതുങ്ങി. ഒടുവിൽ ഹൈസ്കൂളിൽ എത്തിയതോടെ സമാധാനം ആയി. വീട്ടിൽ നിന്നു 2 കിലോമീറ്റർ ദൂരത്താണ് ഹൈസ്കൂൾ. കുന്നും പള്ളങ്ങളും ഇടവഴികളും പാടവും ഒക്കെ കടന്നു വേണം സ്കൂളിൽ എത്താൻ. മണ്ണിന്‍റെ  മണമുള്ള  യാത്രകൾ. എത്ര  പ്രിയപ്പെട്ടതായിരുന്നു  ആ  യാത്രകൾ


പത്തുമണിയ്ക്ക് സ്കൂളിൽ എത്താൻ ഒരു എട്ട് എട്ടര മണിയ്ക്കേ വീട്ടിൽ നിന്ന് ഇറങ്ങും. കൂട്ടുകാർ ഒക്കെ വഴിയിൽ കാത്തു നിൽക്കുന്നുണ്ടാകും. വീട്ടിൽ  നിന്ന്  ഇറങ്ങാൻ താമസിക്കുന്ന കൂട്ടത്തിൽ ആണ് പൊത്ത ബാബു. ഇഷ്ടന് പൊത്ത എന്നു ഇരട്ടപ്പേര് കിട്ടാൻ കാരണം പൊത്തപിടുത്തത്തിൽ അവനെ വെല്ലാൻ ഞങ്ങളുടെ കൂട്ടത്തിൽ ആരും ഇല്ല. തോട്ടിൽ കാണുന്ന ചെറുമീനുകളിൽ അല്പം വലിപ്പമുള്ള ഒരു മീനാണ് പൊത്ത. മാനത്തുകണ്ണികളുടെ രാജാവ് എന്നു വേണമെങ്കിൽ പറയാം. ഒരുകൂട്ടം മാനത്തുകണ്ണികളുടെ നടുവിൽ കാണും നേതാവ് ആയി പൊത്ത ഒരണ്ണം. അതിനെ കൈകൊണ്ടു പിടിയ്ക്കുവാൻ മൂപ്പർ വിദഗ്ധൻ. പൊത്ത ബാബുവിന്‍റെ വീടിന്‍റെ അടുത്തുള്ള ഇടവഴിയിൽ നിന്നു ഞങ്ങൾ ഒരു കൂവുകൂകും. മറുപടിയായി ഒരു മറുകൂകൽ.. കൂയ്. ഉറപ്പിച്ചു ബാബു റെഡി. രാവിലത്തെ പഴങ്കഞ്ഞി വാരിക്കഴിച്ചു മുറ്റത്തു വെച്ചിരിയ്ക്കുന്ന  അലുമിനിയം കലത്തിൽ നിന്നു ചിരട്ടയിൽ മുക്കിയ വെള്ളത്തിൽ വായ് കഴുകി  അവൻ പാഞ്ഞെത്തും. പിന്നെ സ്കൂളിലേക്ക് ഒരു യാത്ര. അത് ഒരു ഒന്നൊന്നര യാത്രയാണ്. ഇടവഴികളും തോടും  വരമ്പും പരൽ മീനും ചേമ്പിലയും   തൊട്ടാവാടിയും  ഒക്കെ  സമ്പന്നമാക്കിയ  യാത്രകൾ.


ഇടവഴിയിൽ മരങ്ങൾക്കിടയിലൂടെ വെയിൽ അരിച്ചരിച്ചു എത്തുണ്ടാകും. വഴിയിൽ രണ്ടുവശത്തുമായി വേലിയ്ക്കു പകരമായി നട്ടുവളർത്തിയ കടലാമണക്കുകൾ. അതിന്‍റെ തലപ്പ് ഒടിച്ചെടുത്തു കറ പുൽത്തുമ്പിലൂടെ ഊതി കുമിള പറപ്പിക്കാൻ എന്താ രസം..ആരുടെ കുമിളയാണ്  കൂടുതൽ നേരം വായുവിൽ  തങ്ങി നിൽക്കുന്നത്  എന്നത് നോക്കിയാകും വിജയിയെ തിരഞ്ഞെടുക്കും.. മിക്കവാറും വെള്ളിക്കണ്ണൻ ഷാഹുൽ ആകും ജയിക്കുക. വെള്ളാരം കല്ലുപോലെ കണ്ണുള്ള വെള്ളിക്കണ്ണൻ.


വഴിയിൽ പാമ്പുകൾ വെയിൽ കായുന്നുണ്ടാകും.  മിക്കവാറും വില്ലൂന്നി എന്നു  വിളിയ്ക്കുന്ന വിഷമില്ലാത്ത പാമ്പോ ചേരയോ ആകും. ഞാൻ ഒറ്റയ്ക്ക് ആണ് യാത്രയെങ്കിൽ പാമ്പിനെ കണ്ടാൽ ജീവനുംകൊണ്ട്  പമ്പകടക്കും. ചെറുപ്പം മുതൽ പാമ്പുകളെ ഭയമാണെനിയ്ക്ക്.  പാവം പാമ്പുകൾ ഞങ്ങളുടെ നാട്ടിൽ വഴിയിൽ  സ്കൂളിൽ പോകുന്ന ഒരു കുട്ടിയേയും പാമ്പുകടിച്ചതായി എനിയ്ക്ക് ഓർമ്മയില്ല. എന്നാലും പാമ്പിനെ കാണുമ്പോൾ.. ഞാൻ പേടിച്ചു ഒരു ചാട്ടം ചാടും. പാമ്പോ എന്നേക്കാൾ മുമ്പേ പേടിച്ചു പറപറക്കും. വില്ലൂന്നി എന്ന പാമ്പാണെങ്കിൽ ഞാൻ ഒരു മീറ്റർ പേടിച്ചു ചാടുന്ന സമയം കൊണ്ട്  മൂപ്പർ പത്തു മീറ്റർ ദൂരത്തു എത്തിയിരിയ്ക്കും.


കൂട്ടുകാർ കൂടെ ഉണ്ടെങ്കിൽ കളി മാറും. പിന്നെ പാമ്പുകൾക്കോ വഴിയിൽ ഇടയ്ക്ക് കാണുന്ന കീരികൾക്കോ അണ്ണാനുകൾക്കോ സ്വസ്ഥത കൊടുക്കില്ല. അണ്ണാനെ പിടിയ്ക്കാൻ യോഹന്നാൻ  ആണ് മിടുക്കൻ.  അവനു  അണ്ണാൻ കുഞ്ഞിനെ  പിടിയ്ക്കാൻ പ്രത്യേക കഴിവാണ്. അണ്ണാൻ കുഞ്ഞിനെ ഓടിച്ചു അവൻ  തെങ്ങിലോ മറ്റോ കയറ്റും.  മിക്കവാറും മണ്ടപോയോ തെങ്ങുകൾ വഴിയിൽ ഉടനീളം കാണാം.  അണ്ണാൻകുഞ്ഞ്  മണ്ടപോയ തെങ്ങിൽ കയറിയാൽ പിന്നെ കുടുങ്ങി. അണ്ണാൻ കുഞ്ഞ്  മണ്ടപോയ തെങ്ങിൽ മുകളിലേക്ക്  സ്പീഡിൽ കയറും. മുകളിൽ എത്തുമ്പോഴാകും മനസ്സിലാകുക മണ്ടയില്ല എന്നകാര്യം. ഓടി തളർന്നു  പരിപ്പിളകിയ അണ്ണാൻ  താഴേക്കു ചാടാൻ ഒന്നു മടിക്കും. അവനൊന്നു പരുങ്ങുമ്പോൾ യോഹന്നാൻ പിടികൂടും. ദുർബലമായ  ഒരു  പ്രതിരോധവും  കുഞ്ഞിപ്പല്ലുകൾ  കൊണ്ടുള്ള  ഒരു  കടിയും  അണ്ണാൻകുഞ്ഞ്   പാസ്സാക്കും. പിടികൂടിയ അണ്ണാനെ അവൻ ഇണക്കി വളർത്തും. ഇണങ്ങി കഴിഞ്ഞാൽ പിന്നെ കൂട്ടിൽ ഒന്നും ഇടുകയില്ല. അങ്ങനെ ഇരിയ്ക്കുമ്പോളാകും ഒരു സുപ്രഭാതത്തിൽ  അണ്ണാനെ കാണാതാകുക. അവൻ പറയുന്നത്  മറ്റു അണ്ണാനുകൾ  വന്നു വിളിച്ചു കൊണ്ട് പോയതാണ്  എന്നാണ്. പിന്നെ അടുത്ത അണ്ണാനെ പിടിയ്ക്കാനുള്ള യജ്ഞത്തിൽ ആകും അവൻ.





ഇടവഴി കഴിഞ്ഞു പാടത്തേക്കു ഇറങ്ങിയാൽ  പുതിയ  ഒരു ലോകം. വയൽചുള്ളിയും കൊടങ്ങലും പോച്ചയും  വളർന്നു നിൽക്കുന്ന വരമ്പിലൂടെ നടത്തം. വരമ്പിന്റെ കൈവഴി നീർച്ചാലിൽ  നിറയെ മാനത്തുകണ്ണികളും മാക്രികളും.  വരമ്പിലൂടെ നടക്കുമ്പോൾ പുൽച്ചാടിയെ നോക്കി  തപസ്സിരിയ്ക്കുന്ന മാക്രികൾ  വെള്ളത്തിലേക്ക്  ചാടും.  മഴ ഒന്നു ചാറേണ്ട താമസം, തവളകള്‍ പാടവരമ്പിലും ചേമ്പിലകുണ്ടിലുമിരുന്ന്  പേക്രോം...പേക്രോം.. വയലിലെ നെല്ല് കൊയ്താൽ പിന്നെ പൊന്തൻ തവളകളുടെ കശയാണ്. വയറുവീർപ്പിച്ചു ഇപ്പോൾ പൊട്ടും എന്നു തോന്നുന്നമട്ടിൽ കുറുകുന്ന പച്ചകുണ്ടന്മാർ. പച്ചകുണ്ടന്മാരെ ഞങ്ങൾ കൂട്ടം കൂടി വളഞ്ഞിട്ടു പിടിയ്ക്കും. അതിനു വെള്ളികണ്ണൻ ഷാഹുൽ ആണ് മിടുക്കൻ. വലിയ കപ്പതണ്ട്  അവൻ വയലിൽ ഇറങ്ങുംമുമ്പ്  കയ്യിൽ കരുതും. പച്ചകുണ്ടനെ അവൻ ഒറ്റയടിക്ക് പതുക്കും. പിന്നെ പച്ചകുണ്ടന്‍റെ  കാലിൽ പിടിച്ചു ഒരു പൊക്കിയെടുക്കൽ. അവന്റെ മുഖത്തെ ഭാവം ഒന്ന് കാണണം. തെളിഞ്ഞ മുഖത്ത് ഒരായിരം പിണ്ടി ലൈറ്റുകൾ ഒന്നിച്ചു കത്തിയ പോലെ തോന്നും.



ഞാൻ പത്താം തരത്തിൽ പഠിയ്ക്കുന്ന കാലം. ന്‍റെ ക്ലാസ്സിൽ   പഠിയ്ക്കുന്ന നാലഞ്ചുപേർ ആണ് ഞങ്ങളുടെ സംഘത്തിൽ ഉള്ള  അംഗങ്ങൾ.. ഞാനും വേണുവും വെള്ളിക്കണ്ണനും യോഹന്നാനും മറ്റും. കൂട്ടത്തിൽ ഞാനും വേണുവും അദ്ധ്യാപകരുടെ മക്കൾ ആണ്. അതിനാൽ എന്ത് കുരുത്തക്കേട് ചെയ്താലും ഞങ്ങളുടെ പേർ ആണ് പുറത്തു വരിക. സ്കൂളിൽ നിന്നും വീട്ടിൽ നിന്നും കിട്ടുന്ന അടികൾക്ക് കയ്യും കണക്കുമില്ല. എന്നാലും കമ്പനി വിടാൻ ഞങ്ങൾ ഒരുക്കമല്ല. രാവിലെ എട്ടരയ്ക്ക് ഞങ്ങളുടെ സ്കൂളിലേക്ക് ഉള്ള യാത്ര താങ്ങിയും തൂങ്ങിയും ആണ്. മിക്കവാറും സ്കൂളിൽ എത്തുമ്പോഴേക്കും ഒന്നാം മണി അടിച്ചിരിയ്ക്കും. ഈശ്വരപ്രാർത്ഥന നടക്കുകയാണങ്കിൽ സ്കൂളിന്‍റെ മുമ്പിൽ പ്രാർത്ഥന തീരുംവരെ അറ്റെൻഷൻ ആയി നിൽക്കണം. മിക്കവാറും വേണു എന്തെങ്കിലും കോക്രി കാണിയ്ക്കും. കൂട്ടത്തിൽ ഉള്ള ഞങ്ങൾ ചിരിതുടങ്ങും. ഇതെല്ലാം കണ്ടുകൊണ്ട് ദൂരെ നിൽക്കുന്ന ഹെഡ്മാസ്റ്ററുടെ കയ്യിൽ നിന്നു രാവിലെ തന്നെ ആദ്യവീതം കിട്ടും.



സ്കൂളിലേക്ക് പോകുന്ന വഴിയിൽ പാടം കഴിഞ്ഞാൽ പിന്നെ തോടാണ്. തോടിന്റെ ഒരുസൈഡിൽ സിമന്റ്കെട്ടിയ വരമ്പാണ്. മറ്റേ സൈഡ് കല്ലുവെച്ചു കെട്ടിയിട്ടുണ്ട്. കൽകെട്ടിന്റെ ഇടയിൽ ചെറിയ മാളങ്ങളും   പൊത്തുകളും ഉണ്ട്. മുകളിൽ  തോട്ടിലേക്ക് ചാഞ്ഞുനിൽക്കുന്ന കൈതകൾ. പൊത്തുകളിൽ നിറയെ നീർക്കോലികളാകും വാസം. ഞങ്ങളുടെ നാട്ടിൽ നീർക്കോലിയ്ക്ക് പുളവൻ എന്നാണ് പറയുക. നിരുപദ്രവിയായ  ഒരു ചെറിയ പാമ്പാണ് നീർക്കോലി.  മാക്രികളും മറ്റുമാണ് ആഹാരം.  അപൂർവമായി  മാത്രമേ നീർക്കോലി കടിക്കുകയുള്ളു. മിക്കവാറും വരമ്പിൽ കയറി  മൂപ്പർ കിടക്കും. അബദ്ധത്തിൽ ഏങ്ങാനും നമ്മൾ ചവിട്ടിയാൽ മൂപ്പർ ഒരു കടി പാസാക്കും. നല്ല അരപ്പാണ് കടി കിട്ടിയ ഭാഗത്തിന്.  വൈദ്യന്‍റെ അടുത്ത് കൊണ്ടുപോയാൽ ഒരു രാത്രി പട്ടിണി കിടത്തും, അതാണ്  ചികിത്സ.


 ഇനി ഞാൻ പറയാൻ പോകുന്നത്  ഒരു നീർക്കോലി പിടുത്തതിന്‍റെ കഥയും അതുണ്ടാക്കിയ പൊല്ലാപ്പിനെയും കുറിച്ചാണ്.



ഒരു ദിവസം രാവിലെ ഞങ്ങൾ സ്കൂളിലേക്ക് പോകുകയാണ്. വഴിയിലെ തോട്ടിന്‍റെ സൈഡിലെ പൊത്തിൽ നിറയെ നീർക്കോലികൾ. നീർക്കോലികൾക്ക് ഒരു ശീലമുണ്ട്. തല മാത്രം പൊത്തിനു വെളിയിലേക്കു ഇട്ടു പുറത്തെ കാഴ്ചകൾ നോക്കി അങ്ങനെ അനങ്ങാതെ ഏറെ നേരം ഇരിയ്ക്കും. നീർക്കോലിയെ പിടിക്കാനുള്ള വിദ്യ പറഞ്ഞു തന്നത് യോഹന്നാനാണ്.  പച്ചയീർക്കിലിന്റെ  അറ്റത്തു ഒരു കുരുക്ക്  ആദ്യം ഉണ്ടാക്കണം. നീർക്കോലി തല നീട്ടി ഇരിക്കുന്ന പൊത്തിന്റെ മുകളിലെ തിട്ടയിൽ വലിഞ്ഞു കയറി ശബ്ദം കൂട്ടാതെ പതുങ്ങി ഇരിയ്ക്കണം. മെല്ലെ കുരുക്ക് നീർക്കോലിയുടെ തലവെളിയിൽ ഇരിയ്ക്കുന്നടത്തേക്കു കൊണ്ടുപോയി തലയുടെ ഭാഗം കുരുക്കിനകത്തു  വരത്തക്കവിധം ഈർക്കിൽകുരുക്ക് കയറ്റണം. ഏതോ മുട്ടൻ മാക്രിയെ തിന്നുന്ന ദിവാസ്വപ്നം കണ്ടിരിയ്ക്കുന്ന നീർക്കോലിച്ചാർ ഇതൊന്നും അറിയുന്നേ ഉണ്ടാകില്ല. അല്ലെങ്കിലും മൂപ്പർക്ക് തലയ്ക്കു മുകളിലെ കാഴ്ചകൾ കാണാൻ പ്രയാസം ആണ്. കുരുക്ക്  ശരിക്കും തലയ്ക്കുള്ളിൽ എത്തിയെന്നു ഉറപ്പായാൽ ഒറ്റവലി. നീർക്കോലി പുഷ്പം പോലെ കുരുക്കിനകത്ത്.  കുരുക്ക് മുറുകിയാൽ പിന്നെ ബലം കൊടുക്കരുത്. ഈർക്കിൽ അയച്ചു കൊടുത്തു മെല്ലെ നീർക്കോലിയെ പൊത്തിൽ നിന്നു വലിച്ചു എടുക്കണം. ബലം കൊടുത്താൽ നീർക്കോലിയും ബലം പിടിക്കും. പുറത്തെത്തുന്ന പേടിത്തൊണ്ടൻ നീർക്കോലി ആദ്യം അല്പം പിടപിടച്ചിട്ടു പിന്നീട് ശാന്തനായി തന്റെ വിധി കാത്തു കിടക്കും.



അങ്ങനെയിരിക്കെ ഒരു ദിവസം യോഹന്നാൻ  കട്ട കലിപ്പിലാണ്. കാരണം അവനു ബയോളജി ക്ലാസ്സിൽ ടീച്ചറുടെ കൈയ്യിൽ നിന്നും ചുട്ട പെട കിട്ടി. കാരണം ഇങ്ങനെ, ബയോളജി ടീച്ചർ കിഡ്നിയുടെ മലയാളവാക്ക് എന്തെന്ന് ചോദിച്ചതിന് മൂപ്പരുടെ ഉത്തരം ' വൃഷണം' അടി കിട്ടാൻ വേറെ കാരണം വല്ലതും വേണോ. അവനു 'വൃ' വെച്ചു തുടങ്ങുന്ന ഒരു വാക്കാണ് ഉത്തരം എന്നറിയാം.ഒരു ഊഹം വെച്ചു കീച്ചിയപ്പോൾ വൃക്ക വൃഷണം ആയി മാറിയതാണ്.. പാവം അവനെ കുറ്റം വെയ്ക്കാൻ പറ്റുമോ ?. അതിനിത്ര മുട്ടൻ തല്ലിന്റെ ആവശ്യം എന്താണ്?. ടീച്ചർ മനപ്പൂർവം അവനെ തല്ലിയതാണ് എന്നാണ് അവൻ പറയുന്നത്. സ്വീറ്റ്  23 പ്ലസ്കഴിഞ്ഞവളും അവിവാഹിതയും സുന്ദരിയും ആയ ടീച്ചറെ കളിയാക്കാൻ വേണ്ടി അവൻ അങ്ങനെ പറഞ്ഞു എന്നാണ്  ടീച്ചർ കരുതിയത്.  ടീച്ചർക്കിട്ട്  ഒരു പകരം പണി കൊടുക്കണം എന്ന അവന്റെ നിർബന്ധത്തിനു ഞങ്ങളും കൂടി ഒടുവിൽ വഴങ്ങേണ്ടിവന്നു. യോഹന്നാൻ മിനക്കെട്ട് ഒരു മൂത്ത നീർക്കോലിയെ ഈർക്കിൽ കുരുക്കിട്ട് പിടിച്ചു. അതിനെ ഒരു പ്ലാസ്റ്റിക് കവറിൽ ആക്കി ആരും അറിയാതെ സ്കൂളിൽ കൊണ്ടുപോയി.


 ആദ്യ പീരിയഡ് ഇംഗ്ലീഷ് ആയിരുന്നു. ഇംഗ്ലീഷ് പഠിപ്പിക്കുന്നത് ഹെഡ്മാസ്റ്റർ ആയതിനാൽ യോഹന്നാൻ ടിയാൻ.നീർക്കോലിയെ ഭദ്രമായി ഡെസ്കിനടിയിൽ ഒളിപ്പിച്ചു  വെച്ചു. രണ്ടാമത്തെ പീരിയഡ്  ബയോളജി. ടീച്ചർ ക്ലാസ്സിൽ വന്നു തലേന്ന് പഠിപ്പിച്ച ഭാഗങ്ങളിൽ നിന്നു ചോദ്യങ്ങൾ കുട്ടികളോട് ചോദിച്ചു തുടങ്ങി. ഞാനും വേണും ആകട്ടെ ഉള്ളിൽ ഒടുക്കത്തെ ടെൻഷൻ ഉണ്ടെങ്കിലും ഞങ്ങൾ  ഒന്നും അറിയാത്ത മര്യാദാരാമന്മാരെപോലെ ഇരിയ്ക്കുകയാണ്. യോഹന്നാൻ കൂൾ ആയി ബഞ്ചിൽ കുനിഞ്ഞു ഇരിക്കുകയാണ്. ഒടിയനെ മായം  പഠിപ്പിക്കണമോ? ടീച്ചറുടെ ക്വോസ്റ്റിയൻ  ചോദീരു മുറുകിയതോടെ യോഹന്നാൻ പ്ലാസ്റ്റിക് കൂട് ആരും കാണാതെ തുറന്നു നീർക്കോലിയെ പുറത്തേക്ക് വിട്ടു. കൂട്ടിൽ നിന്നു അപ്രതീക്ഷിതമായി രക്ഷ കിട്ടിയ നീർക്കോലി ക്ലാസ്സിന്റെ മുമ്പിലേക്ക് ബെഞ്ചുകളുടെ ഇടയിലൂടെ പാഞ്ഞു. ടീച്ചർ പാമ്പിനെ ഒന്നേ കണ്ടുളളു അവർ ഒരു ഒരു ഗംഭീര അലർച്ചയോടെ ടേബിളിനു മുകളിൽ ചാടികയറി. ടീച്ചരുടെ അലർച്ചയോടെ ക്ലാസ്സിലെ കുട്ടികൾ ആകെ അമ്പരന്നു. പാമ്പിനെ കണ്ട ചിലർ പാമ്പ് പാമ്പ് എന്നു കൂകികൊണ്ട് കൊണ്ടു ബഞ്ചുകളുടെ മുകളിലേക്ക് ചാടി കയറി. അതിനിടെ ടീച്ചർ പാമ്പ് എന്നു അലറിക്കൊണ്ട് ടേബിളിനു മുകളിൽ നിന്നു ഒറ്റക്കാലിൽ ബാലെ ട്രൂപ്പിലെ നായികയെപ്പോലെ ശിവതാണ്ടവമാടുകയാണ്. എനിയ്ക്കും വേണുവിനും ഞങ്ങളുടെ ഗ്യാങ്ങിലെ  ചിലർക്കും അത് നീർക്കോലിയാണെന്ന് അറിയാമെന്നതിനാൽ മറ്റുകുട്ടികളുടെ അത്ര തിടുക്കം ബഞ്ചിന്‍റെ  മുകളിൽ കയറുവാൻ ഉണ്ടായില്ല. നീർക്കോലി ആകട്ടെ  ടീച്ചറുടെയും കുട്ടികളുടെയും അലർച്ചയും തറയിൽ നിന്നു ബഞ്ചിലേക്കു ചാടികയറുന്ന  ഒച്ചയും കേട്ട് വിരണ്ടിട്ടാനാകും ക്ലാസ്സിന്‍റെ  ജനൽ വഴി എങ്ങോട്ടോ പാഞ്ഞു. നീർക്കോലിയുടെ കഴുത്തിലെ ഈർക്കിൽ കെട്ടു ആന്റിന പോലെ മുകളിലേക്ക് തളളി  നിൽക്കുന്നുണ്ടായിരുന്നു.


ബഹളം കേട്ടു ക്ലാസ്സിന്‍റെ  അടുത്തുളള  ആൺസാറുമ്മാരുടെ ടീച്ചേർസ് റൂമിൽ നിന്നു കുറെ സാറുന്മാരും പ്യുണുന്മാരും ഓടി വന്നു. അവർ അവിടം  മുഴുവനും അരിച്ചു പറക്കിയിട്ടും പാമ്പിനെ മാത്രം കിട്ടിയില്ല. സാക്ഷാൽ ശ്രീമാൻ നീർക്കോലി അബ്സ്കൌണ്ട്. ബയോളജി ടീച്ചറുടെ അലർച്ച എന്‍റെ അമ്മോ...,ഇത്ര ഭീകര അലർച്ച നീർക്കോലി  ജീവിതത്തിൽ കേട്ടിട്ടുണ്ടാകില്ല.

ഇതൊക്കെ കണ്ടു യോഹന്നാൻ  മാത്രം കൂസലില്ലാതെ നിൽക്കുന്നതു കണ്ടിട്ട് സാറുമ്മാർക്കും മറ്റു കുട്ടികൾക്കും എന്തോ ഒരു ചെറിയ സംശയം. കൊരങ്ങൻ....സർവ്വവിധ  ഗുലുമാലും  ഒപ്പിച്ചിട്ടു  കൂൾ ആയി നിൽക്കുന്നു. തൊണ്ടിമുതൽ ആയി തുറന്ന പ്ലാസ്റ്റിക് കൂട് അവന്റെ ബെഞ്ചിന്റെ അടിയിൽ നിന്നു കിട്ടിയതോടെ സംശയം ബലപ്പെട്ടു. പിന്നെ ചോദ്യം ചെയ്യലായി, ഭേദ്യശ്രമമായി, ഒടുവിൽ നിക്കകളളി  ഇല്ലാതെ യോഹന്നാൻ കുറ്റം സമ്മതിച്ചു. കൂട്ടത്തിൽ കൂട്ടുപ്രതികളായി കാര്യത്തെക്കുറിച്ചു അറിവുളള ഞാനും വേണുവും ഗ്യാങ്ങിലെ മറ്റുളളവരും.  പ്രതികളെ  എല്ലാവരെയും ഓഫീസ് റൂമിൽ കൊണ്ടുപോയി. ഞങ്ങളെ ഓഫീസ് റൂമിലേക്ക്കൊണ്ടു പോകുന്നത് കണ്ടു നിൽക്കുന്ന മറ്റു കുട്ടികളുടെ സന്തോഷം കണ്ടാൽ സാറുമ്മാർ  ചായയും പരിപ്പ് വടയും നൽകി സൽക്കരിക്കാൻ  വേണ്ടി കൊണ്ടു പോകുന്നത് പോലെ തോന്നും.
ഭാഗ്യത്തിന് ഹെഡ്മാസ്റ്റർ  ഓഫീസിൽ ഇല്ലായിരുന്നു ഉണ്ടായിരുന്നെങ്കിൽ വീട്ടിൽ നിന്നു ഞങ്ങൾ  രക്ഷിതാക്കളെ വിളിച്ചു കൊണ്ടു വരേണ്ടി വന്നേനെ. പിന്നെ കണക്കുമാഷും കൂട്ടരും കണക്കുപറഞ്ഞു തുട പൊട്ടി ചോര വരുന്നത് വരെ അടിച്ചു. 


അന്ന് കിട്ടിയ അടിയുടെ ചൂട് ഓർക്കുമ്പോൾ ന്‍റെ പൊന്നു കണക്ക് സാറെ  അടിവയറ്റിൽ നിന്ന് ഒരു ആളൽ ഇപ്പോഴും മേലോട്ട് കയറും.


ത്വാതിക അവലോകനം :


സ്കൂൾ ജീവിതത്തിന്‍റെ രസതന്ത്രം അന്നും ഇന്നും ഒന്നുതന്നെ. പുതിയ തലമുറയുടെ താല്പര്യങ്ങൾ ഒക്കെ മാറിയിരിക്കുന്നു.പഴയകാല സ്കൂൾ ജീവിതത്തിൽ മറക്കാനാവാത്ത ഓർമ്മകൾ സമ്മാനിച്ച നീർക്കോലിയും മാനത്തുകണ്ണിയും പൊന്തൻ തവളയും അണ്ണാൻകുഞ്ഞുമൊക്കെ പാഡും ടാബ്ലറ്റും മൊബൈൽ ഫോണും കമ്പ്യൂട്ടരുമൊക്കെ ആയി മാറി എന്നു മാത്രം .

Thursday, 14 September 2017

കുംഭകോണം



കുംഭകോണം






ഇത്തവണത്തെ ബ്ലോഗ് പോസ്റ്റ് അല്പം  വ്യത്യസ്തമാകട്ടെ. കുംഭകോണം  എന്ന  മലയാളവാക്ക്  നാം പത്രങ്ങളിലൂടെയും വാർത്താമാധ്യമങ്ങളിലൂടെയും ദിനംപ്രതി കേൾക്കുന്നതാണ്.  SCAM  എന്ന ഇംഗ്ലീഷ്  വാക്കിന് അഴിമതി  എന്നാണ് മലയാള വിവർത്തനംഎന്നാൽ  കുംഭകോണം  എന്ന മലയാള വാക്കിനും  SCAM  എന്നുതന്നെയാണ്  നിഘണ്ടുക്കളിൽ വിവർത്തനം  കൊടുത്തിരിയ്ക്കുന്നത്. തമിഴ്‌നാട്ടിലെ തീർത്ഥാടനനഗരമായ കുംഭകോണം എങ്ങനെ മലയാളത്തിൽ അഴിമതിയ്ക്ക് പകരം വെയ്ക്കാവുന്ന  വാക്കായി കടന്നു കൂടിയത്  എന്നത്  ഒരു കൗതുകത്തിനു പരതിയപ്പോൾ  കിട്ടിയ വിവരങ്ങൾ രസകരം. സ്ഥലനാമപ്രകാരം കുംഭം എന്നാൽ കുടം കോണം എന്ന വാക്കിന് ഇടം, മുക്കോല എന്നൊക്കെ അർത്ഥം. എന്നാൽ കുംഭകോണം എന്ന വാക്ക്  ഭൂമിമലയാളത്തിൽ  അഴിമതിയ്ക്കും വെട്ടിപ്പിനും പകരം  വയ്ക്കുന്ന പദമായി മാറാൻ ചില കാരണങ്ങൾ ഉണ്ട്. 



ലോകപ്രശസ്തഗണിത ശാസ്ത്രജ്ഞനായ ശ്രീനിവാസരാമാനുജന്റെ  ജന്മദേശം എങ്ങനെ   തട്ടിപ്പിന്റെ  പര്യായമായ   കുംഭകോണം എന്ന പദമായി  മലയാളത്തിൽ  ചാർത്തപ്പെട്ടു എന്നത്  പഠിയ്ക്കുന്നത് രസകരം. തമിഴ്നാട്ടിലെ തഞ്ചാവൂർ ജില്ലയിലെ തഞ്ചാവൂർ നഗരത്തിൽനിന്നും 40 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്ന പട്ടണമാണ്‌ കുംഭകോണം. ഹൈന്ദവ  പുരാണങ്ങൾ പ്രകാരം  പുണ്യനഗരമായ  ഈ  പട്ടണത്തിന്റെ  പേരിൽ  മലയാളത്തിൽ  ഇങ്ങനെ  ഒരു  ദുഷ്‌പര്യായം  വീഴാൻ കാരണം  നമ്മുടെ കേരളത്തിലെ അഴിമതിക്കാരായ  രാഷ്ട്രീയ വർഗ്ഗവും അധികാര ദുഷ്പ്രഭുക്കളുമാണ്.

 ചരിത്രം, ഹൈന്ദവ ഐതിഹ്യം


ദക്ഷിണ ഇന്ത്യയിലെ പ്രമുഖ ശിവക്ഷേത്രം  സ്ഥിതി ചെയ്യുന്നത്  ഇവിടെയാണ്. കുംഭത്തിന്റെ ( കുടത്തിന്റെ ) ആകൃതിയിൽ  ആണ്  ഇവിടെ  ശിവലിംഗം പ്രതിഷ്ഠിച്ചിരിയ്ക്കുന്നത്. പന്ത്രണ്ടു വർഷ ത്തിലൊരിക്കൽ  നടക്കുന്ന ഉത്സവമായ കുംഭകോണം മഹാമഹം   ദക്ഷിണേന്ത്യയിലെ കുംഭമേളയെന്ന് അറിയപ്പെടുന്നു. ഉത്സവ ദിവസത്തിൽ  ഈരേഴു പതിന്നാലുലോകത്തെയും ദേവന്മാർ ഭൂമിയിലേക്ക് ഇറങ്ങിവന്ന് മഹാമഹം കുളത്തില്‍ ഭക്തജനങ്ങളോടൊപ്പം പുണ്യസ്‌നാനം നടത്തുമെന്നാണ് ഹൈന്ദവ വിശ്വാസം. അന്നേദിവസം മഹാമഹം തീർത്ഥത്തിൽ ഗംഗ,യമുന ,സ്വരസ്വതി,നർമ്മദ,കാവേരി, സരയൂ  തുടങ്ങിയ പുണ്യനദികൾ  എത്തിച്ചേരുന്നു  എന്നാണ്  ഐതിഹ്യം.അന്നേദിവസം   അവിടെ സ്നാനം  ചെയ്യുന്നത്  പുണ്യമെന്നു കരുതുന്നതിനാൽ  ഇന്ത്യയ്ക്കകത്തും പുറത്തും നിന്നുമായി 30  ലക്ഷത്തിൽപരം   ഭക്തജനങ്ങൾ  അവിടെ  എത്തുന്നു.കാവേരി നദി തീരത്തു സ്ഥിതി ചെയ്യുന്ന കുംഭകോണത്തിനു കാശിയോളം പ്രധാനം പൂർവികർ നൽകുന്നു. 

1991-ലെ കുംഭകോണം മഹാമഹത്തിൽ 70 പേർ    തിക്കിലും തിരക്കിലും പെട്ടു മരിയ്ക്കാൻ കാരണം അന്നത്തെ മുഖ്യമന്ത്രിയായ  ജയലളിതയുടെയും കൂട്ടുകാരി ശശികലയുടെയും കുളി  കാണാനുള്ള  ആകാംക്ഷയിൽ  ജനങ്ങൾ  തിങ്ങിക്കൂടിയതുകൊണ്ടായിരുന്നു. ഇദയകനിയായ  ജയലളിതയുടെ കുളി കാണാനുള്ള  വ്യഗ്രത നഷ്ടപ്പെടുത്തിയത് 70 വിലപ്പെട്ട ജീവിതങ്ങൾ. അവിടുത്തെ ക്ഷേത്രത്തിൽ അറുപതു വയസുകഴിഞ്ഞ ദമ്പതിമാർ  വീണ്ടും വിവാഹം നടത്തുന്ന  ചടങ്ങ്‌  ഒരു ആചാരമായി  നടത്താറുണ്ട്. അതുപോലെ  ജയലളിത അവരുടെ തോഴിയായ ശശികലയെ മാല്യം ചാര്‍ത്തി ആ മഹാമഹത്തിനു  ഉയിർ തോഴിയാക്കിയതും കൗതുക കരം. അഴിമതിയ്ക്കും കുംഭകോണത്തിനും   രണ്ടാളും   മോശക്കാരല്ലല്ലോ.


കുംഭകോണം എന്ന വാക്ക്  മലയാളത്തിൽ  ഉണ്ടാകാൻ  ഉള്ള  കാരണങ്ങൾ


തിരുവതാംകൂർ  മഹാരാജ്യത്തിൽ  ദിവാന്മാർ  ആയിരുന്നവർ  മിക്കവരും രാമേശ്വരം, കുംഭകോണം  തുടങ്ങിയ  ദേശത്തു നിന്ന്  വന്ന  തമിഴ് ബ്രാഹ്മണരായിരുന്നു. അവർ  തങ്ങളുടെ  ഔദ്യോഗിക  കൃത്യനിർവഹണത്തിനായി കൂടെ കൂട്ടിയത്  ആ  ദേശത്തു നിന്നുള്ള  ആൾക്കാരെ  ആയിരുന്നു. ഇക്കൂട്ടർ  തിരുവിതാംകൂറിൽ  തങ്ങളുടെ  സ്ഥാനം ഉപയോഗിച്ചു  ജനങ്ങളിൽ  നിന്ന്  കൈക്കൂലിയും മറ്റു വസ്തുവഹകളും  കൈക്കലാക്കിയിരുന്നു. ജനങ്ങൾ ഈ  കൂട്ടരെ  വെറുത്തിരുന്നങ്കിലും  രാജകോപം ഭയന്ന്  പ്രതികരിച്ചിരുന്നില്ല. എന്നാൽ  കൈക്കൂലിയ്ക്കും അഴിമതിയ്ക്കും  പകരമായി  കുംഭകോണം  എന്നു  വിളിപ്പേര്  സാധാരണക്കാരുടെ  ഇടയിൽ  പ്രചാരത്തിൽ ആയി. അതിനിടെ കുംഭകോണത്തെ  ക്ഷേത്രഭൂമിയിൽ   കൃഷി  ചെയ്തിരുന്ന  പാവപ്പെട്ട  കൃഷിക്കാരെ  1920-25  കാലത്ത്  ഒരു  കുരുട്ടുബുദ്ധിക്കാരനായ  വക്കീലിന്റെ  സഹായത്തോടെ  കള്ളക്കേസുകളിൽ കുടുക്കി  മേലാളർ  പുറത്താക്കി  വസ്തുക്കൾ  സ്വന്തമാക്കി.  അതോടെ  തട്ടിപ്പിനു  പര്യായമായി  കുംഭകോണം  സംഭവം  ജനങ്ങളുടെ ഇടയിൽ  പ്രചരിച്ചു.  ഇതാകും  മലയാളത്തിൽ അഴിമതിയ്ക്ക്  കുംഭകോണം എന്ന  വാക്ക്  വരുവാനുള്ള  ഒരു  കാരണം.



ആദ്യ  കമ്മ്യൂണിസ്റ്റ്  സർക്കാർ ആണ് കുംഭകോണം എന്ന  പദം  മലയാളിക്ക്‌  സമ്മാനിക്കുന്നതിൽ  ഒരു  പങ്ക്‌  വഹിച്ചത് എന്നത്   വിരോധാഭാസം. 1950 കളിൽ  അരിയുടെ  കാര്യത്തിൽ കേരളം മിക്കപ്പോഴും  ഒരു കമ്മിസംസ്ഥാനമായിരുന്നു. 1957 ൽ   മറ്റു  വർഷങ്ങളെ അപേക്ഷിച്ചു  അരിയുടെ ക്ഷാമം  രൂക്ഷമായി. 1957 ൽ അധികാരത്തിൽ എത്തിയ ഇ.എം.എസ്. മന്ത്രിസഭ അധികാരം ഏറ്റെടുത്ത സമയത്തു് അരിക്ഷാമവും വിലക്കയറ്റവും നിയന്ത്രണാതീതമായിത്തുടങ്ങി. ആവശ്യത്തിനു് അരി കിട്ടാനില്ലാതായതോടെ റേഷൻ കടകൾ വഴിയുള്ള അരിവിതരണം നിലച്ചു. പുറത്തെ കടകളിൽ  ആകട്ടെ   അരിവില  കുതിച്ചുയർന്നു.  "അരിയെവിടെ? തുണിയെവിടെ? പറയൂ പറയൂ നമ്പൂരീ" എന്നായിരുന്നു അന്നത്തെ പൊറുതിമുട്ടിയ ജനങ്ങളുടെ  മുദ്രാവാക്യം. അരിയ്ക്ക് പകരം  മക്കെറോണി ഉപയോഗിയ്ക്കുക എന്ന ഉട്ടോപ്യൻ ആശയം അന്നത്തെ ഭക്ഷ്യമന്ത്രി   കെ.സി. ജോർജ്ജ് മുമ്പോട്ടു വെച്ചു . ജനങ്ങൾക്കു് തീരെ പരിചയമില്ലാതിരുന്ന ഈ പുതിയ സാധനം  തികഞ്ഞ പരിഹാസത്തോടെയാണ്  ജനങ്ങൾ എതിരേറ്റത് . പാർട്ടി അനുഭാവികളും മുറുമുറുത്തു തുടങ്ങി . ആലപ്പുഴയിലെ ഒരു കയർ ഫാക്ടറി തൊഴിലാളിയായിരുന്ന രാജൻ എന്ന മുൻ കമ്യൂണിസ്റ്റു് അനുഭാവി പാർട്ടിയുടെ നയങ്ങളിൽ രോഷം പൂണ്ട് "ഭഗവാൻ മക്രോണി" എന്ന പേരിൽ ഒരു കഥാപ്രസംഗം എഴുതി അവതരിപ്പിച്ചുതുടങ്ങി.



ഒടുവിൽ പ്രതിസന്ധി മറികടക്കാൻ 5000 ടൺ അരി നേരിട്ട് അരി ഇറക്കുമതി ചെയ്യാനും റേഷൻ കടകൾ  വഴി  അതു വിതരണം ചെയ്യാനും തീരുമാനിച്ചു. മദ്രാസ്സിലുള്ള ഒരു മൊത്തവ്യാപാരസ്ഥാപനമായ "മെസ്സേഴ്സ് ടി. ശ്രീരാമുലു, പി. സൂര്യനാരായണ & കമ്പനി ." എന്ന സ്ഥാപനവുമായി സർക്കാർ ഉടനടി കരാറിലെത്തി. അവർ  തമിഴ്‌നാട്ടിലെ  കുംഭകോണത്തുനിന്നും,  ആന്ധ്രയിൽ നിന്നും അരി കേരളത്തിൽ  എത്തിച്ചു. നിയമാനുസൃതം പതിവുള്ളതുപോലെ ടെണ്ടർ വിളിക്കാനോ കുറഞ്ഞ വിലയ്ക്കു് കരാർ ഉറപ്പിക്കാനോ കാത്തുനിൽക്കാതെ രായ്ക്കുരാമാനം  കരാർ ഉറപ്പിച്ചു. ഈ  ഇടപാടിൽ  വൻക്രമക്കേട്  നടന്നതായും  അരിയുടെ  ഗുണനിലവാരം  കുറഞ്ഞതായിരുന്നു  എന്നും  പ്രതിപക്ഷം  ആരോപിച്ചു. പ്രതിപക്ഷത്തെ ടി ഓ ബാവയാണ് ഇതിനെതിരെ ആദ്യമായി അഴിമതി ആരോപണം ഉന്നയിച്ചത്. ടെണ്ടർ വിളിക്കാതെ അരി വാങ്ങിയതിൽ സംസ്ഥാനത്തിന് 16 .50 ലക്ഷം രൂപ നഷ്ടം വന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. ജനങ്ങൾ  ആകെ  ഇളകി. 1958 ഫെബ്രുവരിയിൽ  ഇറങ്ങിയ മനോരമ പത്രത്തിൽ  "ആന്ധ്ര അരി കുംഭകോണം" എന്ന വമ്പൻ തലക്കെട്ടിൽ ഇറങ്ങിയ ഈ  വാർത്ത  വലിയ തരംഗങ്ങൾ തന്നെ ജനങ്ങൾക്കിടയിൽ ഉണ്ടാക്കി. മറ്റു പത്രങ്ങളും  പ്രതിപക്ഷവും ഇതേറ്റുപിടിച്ച് സംസ്ഥാനമാകെ പ്രചരിപ്പിച്ചു.അവർ ആന്ധ്രാ അരി കുംഭകോണം എന്ന പേരിൽ പ്രതിദിനം പത്രവാർത്തകൾ കൊടുത്തു തുടങ്ങി. അങ്ങനെ കുംഭകോണം എന്ന വാക്ക് മലയാളത്തിൽ അഴിമതിയ്ക്കും തട്ടിപ്പിനും പകരം വെയ്ക്കാനുള്ള പദം ആയി മാറി.

അക്കാലത്തുയര്‍ന്ന ഒരു മുദ്രാവാക്യം ശ്രദ്ധിക്കുക.

ആരുമാരുമറിയാതെ
ആരോടും പറയാതെ
ആന്ധ്രയില്‍ കച്ചോടം
ചെയ്ത ജോര്‍ജ്ജേ
ഒന്നര കൊല്ലം കൊണ്ടൊന്നരകോടി
കട്ടൊന്നര കാലാ രാജി വയ്യോ

ഒരു കാലിന് അല്‍പം വളര്‍ച്ചക്കുറവുളള ആളായിരുന്നു  അന്നത്തെ  ഭക്ഷ്യമന്ത്രി കെ.സി. ജോര്‍ജ്ജ്.


ഒടുവിൽ  ജനങ്ങളുടെയും  പ്രതിപക്ഷത്തിന്റെയും  ശല്യം  സഹിക്കാൻ  കഴിയാതെ  കമ്മ്യൂണിസ്റ്റ് സർക്കാർ ജസ്റ്റിസ് പി ടി രാമൻ നായർ അന്വേഷണകമ്മീഷനെ നിയമിച്ചു അന്വേഷണം നടത്തി.രാമൻ നായർ കമ്മീഷൻ ആണ്  സ്വതന്ത്ര കേരളത്തിലെ ആദ്യ ജുഡീഷ്യൽ കമ്മീഷൻ.  കമ്മീഷൻ  പൊതു ഖജനാവിനുണ്ടായ നഷ്ടം സ്ഥിരീകരിച്ചു എങ്കിലും വ്യക്തിപരമായി മന്ത്രി നേട്ടം ഉണ്ടാക്കിയില്ല എന്ന കാരണം  പറഞ്ഞു  റിപ്പോർട്ട്  സർക്കാർ  മുക്കി കൈ കഴുകി.ചുരുക്കത്തിൽ  ആദ്യ ജനകീയ കമ്യൂണിസ്റ്റ് സർക്കാർ ഒട്ടകപ്പക്ഷിയെ പോലെ മണലിൽ തല പൂഴ്ത്തി  തടി രക്ഷിച്ചു.


അങ്ങനെ ആദ്യമായി കമ്മ്യൂണിസ്റ് മന്ത്രിസഭയുടെ പിന്തുണയോടെയുള്ള കുംഭകോണം കേരളത്തിൽ  നടപ്പിലായി, കൂടെ മലയാളികൾക്ക്  എന്നും  അഴിമതിയ്ക്ക്  പകരമായി ഉപയോഗിക്കാൻ  കുംഭകോണം  എന്ന വാക്കും മലയാളത്തിന് അവർ സംഭാവനയും  നൽകി.


'പുര വിഴുങ്ങുന്ന ഭൂതം വന്നാൽ, വാതിൽ ചാരി മറഞ്ഞിരിക്കുക.' 

ചൈനീസ് പഴമൊഴി