നീർക്കോലി പിടുത്തവും
അതുണ്ടാക്കിയ പൊല്ലാപ്പും
ഏഴാംതരം ജയിച്ചു
ഹൈസ്കൂളിൽ എത്തിയതോടെ എനിയ്ക്ക് സമാധാനം ആയി. അതിനൊരു കാരണം അമ്മയുടെ കൺവെട്ടത്തു
നിന്നു ഒരു മാറ്റം കിട്ടിയതാണ്. അമ്മ ഞാൻ പഠിച്ച യു.പി സ്കൂളിലെ ടീച്ചർ ആയിരുന്നു.
ഞാൻ എന്തങ്കിലും കുരുത്തക്കേട് കാട്ടിയാൽ പെട്ടന്ന് തന്നെ അമ്മയുടെ അടുത്ത് വിവരം
എത്തും. അതിനാൽ യു.പി സ്കൂളിൽ
പത്തുമണിയ്ക്ക് സ്കൂളിൽ എത്താൻ
ഒരു എട്ട് എട്ടര മണിയ്ക്കേ വീട്ടിൽ നിന്ന് ഇറങ്ങും. കൂട്ടുകാർ ഒക്കെ വഴിയിൽ കാത്തു
നിൽക്കുന്നുണ്ടാകും. വീട്ടിൽ നിന്ന് ഇറങ്ങാൻ താമസിക്കുന്ന കൂട്ടത്തിൽ ആണ് പൊത്ത
ബാബു. ഇഷ്ടന് പൊത്ത എന്നു ഇരട്ടപ്പേര് കിട്ടാൻ കാരണം പൊത്തപിടുത്തത്തിൽ അവനെ
വെല്ലാൻ ഞങ്ങളുടെ കൂട്ടത്തിൽ ആരും ഇല്ല. തോട്ടിൽ കാണുന്ന ചെറുമീനുകളിൽ അല്പം
വലിപ്പമുള്ള ഒരു മീനാണ് പൊത്ത. മാനത്തുകണ്ണികളുടെ രാജാവ് എന്നു വേണമെങ്കിൽ പറയാം.
ഒരുകൂട്ടം മാനത്തുകണ്ണികളുടെ നടുവിൽ കാണും നേതാവ് ആയി പൊത്ത ഒരണ്ണം. അതിനെ
കൈകൊണ്ടു പിടിയ്ക്കുവാൻ മൂപ്പർ വിദഗ്ധൻ. പൊത്ത ബാബുവിന്‍റെ വീടിന്‍റെ അടുത്തുള്ള ഇടവഴിയിൽ
നിന്നു ഞങ്ങൾ ഒരു കൂവുകൂകും. മറുപടിയായി ഒരു മറുകൂകൽ.. കൂയ്. ഉറപ്പിച്ചു ബാബു
റെഡി. രാവിലത്തെ പഴങ്കഞ്ഞി വാരിക്കഴിച്ചു മുറ്റത്തു വെച്ചിരിയ്ക്കുന്ന
അലുമിനിയം കലത്തിൽ നിന്നു ചിരട്ടയിൽ മുക്കിയ വെള്ളത്തിൽ വായ് കഴുകി അവൻ
പാഞ്ഞെത്തും. പിന്നെ സ്കൂളിലേക്ക് ഒരു യാത്ര. അത് ഒരു ഒന്നൊന്നര യാത്രയാണ്. ഇടവഴികളും തോടും
വരമ്പും പരൽ മീനും ചേമ്പിലയും തൊട്ടാവാടിയും ഒക്കെ സമ്പന്നമാക്കിയ യാത്രകൾ.
ഇടവഴിയിൽ മരങ്ങൾക്കിടയിലൂടെ
വെയിൽ അരിച്ചരിച്ചു എത്തുണ്ടാകും. വഴിയിൽ രണ്ടുവശത്തുമായി
വേലിയ്ക്കു പകരമായി നട്ടുവളർത്തിയ കടലാമണക്കുകൾ. അതിന്‍റെ തലപ്പ് ഒടിച്ചെടുത്തു കറ പുൽത്തുമ്പിലൂടെ ഊതി
കുമിള പറപ്പിക്കാൻ എന്താ രസം..ആരുടെ കുമിളയാണ് കൂടുതൽ നേരം വായുവിൽ
തങ്ങി നിൽക്കുന്നത് എന്നത് നോക്കിയാകും വിജയിയെ
തിരഞ്ഞെടുക്കും.. മിക്കവാറും വെള്ളിക്കണ്ണൻ ഷാഹുൽ ആകും ജയിക്കുക. വെള്ളാരം കല്ലുപോലെ
കണ്ണുള്ള വെള്ളിക്കണ്ണൻ.
വഴിയിൽ പാമ്പുകൾ വെയിൽ കായുന്നുണ്ടാകും. മിക്കവാറും വില്ലൂന്നി എന്നു വിളിയ്ക്കുന്ന വിഷമില്ലാത്ത പാമ്പോ ചേരയോ ആകും. ഞാൻ ഒറ്റയ്ക്ക് ആണ് യാത്രയെങ്കിൽ പാമ്പിനെ കണ്ടാൽ ജീവനുംകൊണ്ട് പമ്പകടക്കും. ചെറുപ്പം മുതൽ പാമ്പുകളെ ഭയമാണെനിയ്ക്ക്.
പാവം പാമ്പുകൾ ഞങ്ങളുടെ നാട്ടിൽ ആ വഴിയിൽ സ്കൂളിൽ പോകുന്ന ഒരു കുട്ടിയേയും പാമ്പുകടിച്ചതായി എനിയ്ക്ക് ഓർമ്മയില്ല. എന്നാലും പാമ്പിനെ കാണുമ്പോൾ.. ഞാൻ പേടിച്ചു ഒരു ചാട്ടം ചാടും. പാമ്പോ എന്നേക്കാൾ മുമ്പേ പേടിച്ചു പറപറക്കും. വില്ലൂന്നി എന്ന പാമ്പാണെങ്കിൽ ഞാൻ ഒരു മീറ്റർ പേടിച്ചു ചാടുന്ന സമയം കൊണ്ട് മൂപ്പർ പത്തു മീറ്റർ ദൂരത്തു എത്തിയിരിയ്ക്കും.
കൂട്ടുകാർ കൂടെ ഉണ്ടെങ്കിൽ കളി മാറും. പിന്നെ പാമ്പുകൾക്കോ വഴിയിൽ ഇടയ്ക്ക് കാണുന്ന കീരികൾക്കോ അണ്ണാനുകൾക്കോ സ്വസ്ഥത കൊടുക്കില്ല. അണ്ണാനെ പിടിയ്ക്കാൻ യോഹന്നാൻ ആണ് മിടുക്കൻ. അവനു അണ്ണാൻ കുഞ്ഞിനെ പിടിയ്ക്കാൻ പ്രത്യേക കഴിവാണ്. അണ്ണാൻ കുഞ്ഞിനെ ഓടിച്ചു അവൻ തെങ്ങിലോ മറ്റോ കയറ്റും. മിക്കവാറും മണ്ടപോയോ തെങ്ങുകൾ വഴിയിൽ ഉടനീളം കാണാം. അണ്ണാൻകുഞ്ഞ് മണ്ടപോയ തെങ്ങിൽ കയറിയാൽ പിന്നെ കുടുങ്ങി. അണ്ണാൻ കുഞ്ഞ് മണ്ടപോയ തെങ്ങിൽ മുകളിലേക്ക് സ്പീഡിൽ കയറും. മുകളിൽ എത്തുമ്പോഴാകും മനസ്സിലാകുക മണ്ടയില്ല എന്നകാര്യം. ഓടി തളർന്നു പരിപ്പിളകിയ അണ്ണാൻ താഴേക്കു ചാടാൻ ഒന്നു മടിക്കും. അവനൊന്നു പരുങ്ങുമ്പോൾ യോഹന്നാൻ പിടികൂടും. ദുർബലമായ ഒരു പ്രതിരോധവും
കുഞ്ഞിപ്പല്ലുകൾ കൊണ്ടുള്ള ഒരു കടിയും അണ്ണാൻകുഞ്ഞ് പാസ്സാക്കും. പിടികൂടിയ അണ്ണാനെ അവൻ ഇണക്കി വളർത്തും. ഇണങ്ങി കഴിഞ്ഞാൽ പിന്നെ കൂട്ടിൽ ഒന്നും ഇടുകയില്ല. അങ്ങനെ ഇരിയ്ക്കുമ്പോളാകും ഒരു സുപ്രഭാതത്തിൽ അണ്ണാനെ കാണാതാകുക. അവൻ പറയുന്നത് മറ്റു അണ്ണാനുകൾ വന്നു വിളിച്ചു കൊണ്ട് പോയതാണ് എന്നാണ്. പിന്നെ അടുത്ത അണ്ണാനെ പിടിയ്ക്കാനുള്ള യജ്ഞത്തിൽ ആകും അവൻ.
ഇടവഴി കഴിഞ്ഞു പാടത്തേക്കു ഇറങ്ങിയാൽ പുതിയ ഒരു ലോകം. വയൽചുള്ളിയും കൊടങ്ങലും പോച്ചയും വളർന്നു നിൽക്കുന്ന വരമ്പിലൂടെ നടത്തം. വരമ്പിന്റെ കൈവഴി നീർച്ചാലിൽ നിറയെ മാനത്തുകണ്ണികളും മാക്രികളും. വരമ്പിലൂടെ നടക്കുമ്പോൾ പുൽച്ചാടിയെ നോക്കി
തപസ്സിരിയ്ക്കുന്ന മാക്രികൾ വെള്ളത്തിലേക്ക് ചാടും. മഴ ഒന്നു ചാറേണ്ട താമസം, തവളകള്‍ പാടവരമ്പിലും ചേമ്പിലകുണ്ടിലുമിരുന്ന് പേക്രോം...പേക്രോം.. വയലിലെ നെല്ല് കൊയ്താൽ പിന്നെ പൊന്തൻ തവളകളുടെ കശയാണ്. വയറുവീർപ്പിച്ചു ഇപ്പോൾ പൊട്ടും എന്നു തോന്നുന്നമട്ടിൽ കുറുകുന്ന പച്ചകുണ്ടന്മാർ. പച്ചകുണ്ടന്മാരെ ഞങ്ങൾ കൂട്ടം കൂടി വളഞ്ഞിട്ടു പിടിയ്ക്കും. അതിനു വെള്ളികണ്ണൻ ഷാഹുൽ ആണ് മിടുക്കൻ. വലിയ കപ്പതണ്ട് അവൻ വയലിൽ ഇറങ്ങുംമുമ്പ് കയ്യിൽ കരുതും. പച്ചകുണ്ടനെ അവൻ ഒറ്റയടിക്ക് പതുക്കും. പിന്നെ പച്ചകുണ്ടന്‍റെ കാലിൽ പിടിച്ചു ഒരു പൊക്കിയെടുക്കൽ. അവന്റെ മുഖത്തെ ഭാവം ഒന്ന് കാണണം. തെളിഞ്ഞ മുഖത്ത് ഒരായിരം പിണ്ടി ലൈറ്റുകൾ ഒന്നിച്ചു കത്തിയ പോലെ തോന്നും.
ഞാൻ പത്താം തരത്തിൽ പഠിയ്ക്കുന്ന കാലം. എന്റെ ക്ലാസ്സിൽ പഠിയ്ക്കുന്ന
നാലഞ്ചുപേർ ആണ് ഞങ്ങളുടെ സംഘത്തിൽ ഉള്ള അംഗങ്ങൾ.. ഞാനും വേണുവും വെള്ളിക്കണ്ണനും യോഹന്നാനും മറ്റും. കൂട്ടത്തിൽ ഞാനും വേണുവും അദ്ധ്യാപകരുടെ മക്കൾ ആണ്. അതിനാൽ എന്ത് കുരുത്തക്കേട് ചെയ്താലും ഞങ്ങളുടെ പേർ ആണ് പുറത്തു വരിക. സ്കൂളിൽ നിന്നും വീട്ടിൽ നിന്നും കിട്ടുന്ന അടികൾക്ക് കയ്യും കണക്കുമില്ല. എന്നാലും ഈ കമ്പനി വിടാൻ ഞങ്ങൾ ഒരുക്കമല്ല. രാവിലെ എട്ടരയ്ക്ക് ഞങ്ങളുടെ സ്കൂളിലേക്ക് ഉള്ള യാത്ര താങ്ങിയും തൂങ്ങിയും ആണ്. മിക്കവാറും സ്കൂളിൽ എത്തുമ്പോഴേക്കും ഒന്നാം മണി അടിച്ചിരിയ്ക്കും. ഈശ്വരപ്രാർത്ഥന നടക്കുകയാണങ്കിൽ സ്കൂളിന്‍റെ മുമ്പിൽ പ്രാർത്ഥന തീരുംവരെ അറ്റെൻഷൻ ആയി നിൽക്കണം. മിക്കവാറും വേണു എന്തെങ്കിലും കോക്രി കാണിയ്ക്കും. കൂട്ടത്തിൽ ഉള്ള ഞങ്ങൾ ചിരിതുടങ്ങും. ഇതെല്ലാം കണ്ടുകൊണ്ട് ദൂരെ നിൽക്കുന്ന ഹെഡ്മാസ്റ്ററുടെ കയ്യിൽ നിന്നു രാവിലെ തന്നെ ആദ്യവീതം കിട്ടും.
സ്കൂളിലേക്ക്
പോകുന്ന വഴിയിൽ പാടം കഴിഞ്ഞാൽ പിന്നെ തോടാണ്. തോടിന്റെ ഒരുസൈഡിൽ സിമന്റ് കെട്ടിയ വരമ്പാണ്. മറ്റേ സൈഡ് കല്ലുവെച്ചു കെട്ടിയിട്ടുണ്ട്. കൽകെട്ടിന്റെ ഇടയിൽ ചെറിയ മാളങ്ങളും പൊത്തുകളും ഉണ്ട്. മുകളിൽ തോട്ടിലേക്ക് ചാഞ്ഞുനിൽക്കുന്ന കൈതകൾ. പൊത്തുകളിൽ നിറയെ നീർക്കോലികളാകും വാസം. ഞങ്ങളുടെ നാട്ടിൽ നീർക്കോലിയ്ക്ക് പുളവൻ എന്നാണ് പറയുക. നിരുപദ്രവിയായ ഒരു ചെറിയ പാമ്പാണ് നീർക്കോലി. മാക്രികളും മറ്റുമാണ് ആഹാരം. അപൂർവമായി മാത്രമേ നീർക്കോലി കടിക്കുകയുള്ളു. മിക്കവാറും വരമ്പിൽ കയറി മൂപ്പർ കിടക്കും. അബദ്ധത്തിൽ ഏങ്ങാനും നമ്മൾ ചവിട്ടിയാൽ മൂപ്പർ ഒരു കടി പാസാക്കും. നല്ല അരപ്പാണ് കടി കിട്ടിയ ഭാഗത്തിന്. വൈദ്യന്‍റെ അടുത്ത് കൊണ്ടുപോയാൽ ഒരു രാത്രി പട്ടിണി കിടത്തും, അതാണ് ചികിത്സ.
ഇനി ഞാൻ പറയാൻ പോകുന്നത് ഒരു നീർക്കോലി പിടുത്തതിന്‍റെ കഥയും അതുണ്ടാക്കിയ പൊല്ലാപ്പിനെയും കുറിച്ചാണ്.
ഒരു ദിവസം രാവിലെ ഞങ്ങൾ സ്കൂളിലേക്ക് പോകുകയാണ്. വഴിയിലെ തോട്ടിന്‍റെ സൈഡിലെ പൊത്തിൽ നിറയെ നീർക്കോലികൾ. ഈ നീർക്കോലികൾക്ക് ഒരു ശീലമുണ്ട്. തല മാത്രം പൊത്തിനു വെളിയിലേക്കു ഇട്ടു പുറത്തെ കാഴ്ചകൾ നോക്കി അങ്ങനെ അനങ്ങാതെ ഏറെ നേരം ഇരിയ്ക്കും. നീർക്കോലിയെ പിടിക്കാനുള്ള വിദ്യ പറഞ്ഞു തന്നത് യോഹന്നാനാണ്. പച്ചയീർക്കിലിന്റെ അറ്റത്തു ഒരു കുരുക്ക് ആദ്യം ഉണ്ടാക്കണം. നീർക്കോലി തല നീട്ടി ഇരിക്കുന്ന പൊത്തിന്റെ മുകളിലെ തിട്ടയിൽ വലിഞ്ഞു കയറി ശബ്ദം കൂട്ടാതെ പതുങ്ങി ഇരിയ്ക്കണം. മെല്ലെ ഈ കുരുക്ക് നീർക്കോലിയുടെ തലവെളിയിൽ ഇരിയ്ക്കുന്നടത്തേക്കു കൊണ്ടുപോയി തലയുടെ ഭാഗം കുരുക്കിനകത്തു വരത്തക്കവിധം ഈർക്കിൽകുരുക്ക് കയറ്റണം. ഏതോ മുട്ടൻ മാക്രിയെ തിന്നുന്ന ദിവാസ്വപ്നം കണ്ടിരിയ്ക്കുന്ന നീർക്കോലിച്ചാർ ഇതൊന്നും അറിയുന്നേ ഉണ്ടാകില്ല. അല്ലെങ്കിലും മൂപ്പർക്ക് തലയ്ക്കു മുകളിലെ കാഴ്ചകൾ കാണാൻ പ്രയാസം ആണ്. കുരുക്ക് ശരിക്കും തലയ്ക്കുള്ളിൽ എത്തിയെന്നു ഉറപ്പായാൽ ഒറ്റവലി. നീർക്കോലി പുഷ്പം പോലെ കുരുക്കിനകത്ത്. കുരുക്ക് മുറുകിയാൽ പിന്നെ ബലം കൊടുക്കരുത്. ഈർക്കിൽ അയച്ചു കൊടുത്തു മെല്ലെ നീർക്കോലിയെ പൊത്തിൽ നിന്നു വലിച്ചു എടുക്കണം. ബലം കൊടുത്താൽ നീർക്കോലിയും ബലം പിടിക്കും. പുറത്തെത്തുന്ന പേടിത്തൊണ്ടൻ നീർക്കോലി ആദ്യം അല്പം പിടപിടച്ചിട്ടു പിന്നീട് ശാന്തനായി തന്റെ വിധി കാത്തു കിടക്കും.
അങ്ങനെയിരിക്കെ ഒരു ദിവസം യോഹന്നാൻ കട്ട കലിപ്പിലാണ്. കാരണം അവനു ബയോളജി ക്ലാസ്സിൽ ടീച്ചറുടെ കൈയ്യിൽ നിന്നും ചുട്ട പെട കിട്ടി. കാരണം ഇങ്ങനെ, ബയോളജി ടീച്ചർ കിഡ്നിയുടെ മലയാളവാക്ക് എന്തെന്ന് ചോദിച്ചതിന് മൂപ്പരുടെ ഉത്തരം ' വൃഷണം' അടി കിട്ടാൻ വേറെ കാരണം വല്ലതും വേണോ. അവനു 'വൃ' വെച്ചു തുടങ്ങുന്ന ഒരു വാക്കാണ് ഉത്തരം എന്നറിയാം.ഒരു ഊഹം വെച്ചു കീച്ചിയപ്പോൾ വൃക്ക വൃഷണം ആയി മാറിയതാണ്.. പാവം അവനെ കുറ്റം വെയ്ക്കാൻ പറ്റുമോ ?. അതിനിത്ര മുട്ടൻ തല്ലിന്റെ ആവശ്യം എന്താണ്?. ടീച്ചർ മനപ്പൂർവം അവനെ തല്ലിയതാണ് എന്നാണ് അവൻ പറയുന്നത്. സ്വീറ്റ് 23 പ്ലസ് കഴിഞ്ഞവളും അവിവാഹിതയും സുന്ദരിയും ആയ ടീച്ചറെ കളിയാക്കാൻ വേണ്ടി അവൻ അങ്ങനെ പറഞ്ഞു എന്നാണ് ടീച്ചർ കരുതിയത്. ടീച്ചർക്കിട്ട് ഒരു പകരം പണി കൊടുക്കണം എന്ന അവന്റെ നിർബന്ധത്തിനു ഞങ്ങളും കൂടി ഒടുവിൽ വഴങ്ങേണ്ടിവന്നു. യോഹന്നാൻ മിനക്കെട്ട് ഒരു മൂത്ത നീർക്കോലിയെ ഈർക്കിൽ കുരുക്കിട്ട് പിടിച്ചു. അതിനെ ഒരു പ്ലാസ്റ്റിക് കവറിൽ ആക്കി ആരും അറിയാതെ സ്കൂളിൽ കൊണ്ടുപോയി.
ആദ്യ പീരിയഡ് ഇംഗ്ലീഷ് ആയിരുന്നു. ഇംഗ്ലീഷ് പഠിപ്പിക്കുന്നത് ഹെഡ്മാസ്റ്റർ ആയതിനാൽ യോഹന്നാൻ ടിയാൻ.നീർക്കോലിയെ ഭദ്രമായി ഡെസ്കിനടിയിൽ ഒളിപ്പിച്ചു വെച്ചു. രണ്ടാമത്തെ പീരിയഡ് ബയോളജി. ടീച്ചർ ക്ലാസ്സിൽ വന്നു തലേന്ന് പഠിപ്പിച്ച ഭാഗങ്ങളിൽ നിന്നു ചോദ്യങ്ങൾ കുട്ടികളോട് ചോദിച്ചു തുടങ്ങി. ഞാനും വേണും ആകട്ടെ ഉള്ളിൽ ഒടുക്കത്തെ ടെൻഷൻ ഉണ്ടെങ്കിലും ഞങ്ങൾ ഒന്നും അറിയാത്ത മര്യാദാരാമന്മാരെപോലെ ഇരിയ്ക്കുകയാണ്. യോഹന്നാൻ കൂൾ ആയി ബഞ്ചിൽ കുനിഞ്ഞു ഇരിക്കുകയാണ്. ഒടിയനെ മായം പഠിപ്പിക്കണമോ? ടീച്ചറുടെ ക്വോസ്റ്റിയൻ ചോദീരു മുറുകിയതോടെ യോഹന്നാൻ പ്ലാസ്റ്റിക് കൂട് ആരും കാണാതെ തുറന്നു നീർക്കോലിയെ പുറത്തേക്ക് വിട്ടു. കൂട്ടിൽ നിന്നു അപ്രതീക്ഷിതമായി രക്ഷ കിട്ടിയ നീർക്കോലി ക്ലാസ്സിന്റെ മുമ്പിലേക്ക് ബെഞ്ചുകളുടെ ഇടയിലൂടെ പാഞ്ഞു. ടീച്ചർ പാമ്പിനെ ഒന്നേ കണ്ടുളളു അവർ ഒരു ഒരു ഗംഭീര അലർച്ചയോടെ ടേബിളിനു മുകളിൽ ചാടികയറി. ടീച്ചരുടെ അലർച്ചയോടെ ക്ലാസ്സിലെ കുട്ടികൾ ആകെ അമ്പരന്നു. പാമ്പിനെ കണ്ട ചിലർ പാമ്പ് പാമ്പ് എന്നു കൂകികൊണ്ട് കൊണ്ടു ബഞ്ചുകളുടെ മുകളിലേക്ക് ചാടി കയറി. അതിനിടെ ടീച്ചർ പാമ്പ് എന്നു അലറിക്കൊണ്ട് ടേബിളിനു മുകളിൽ നിന്നു ഒറ്റക്കാലിൽ ബാലെ ട്രൂപ്പിലെ നായികയെപ്പോലെ ശിവതാണ്ടവമാടുകയാണ്. എനിയ്ക്കും വേണുവിനും ഞങ്ങളുടെ ഗ്യാങ്ങിലെ ചിലർക്കും അത് നീർക്കോലിയാണെന്ന് അറിയാമെന്നതിനാൽ മറ്റുകുട്ടികളുടെ അത്ര തിടുക്കം ബഞ്ചിന്‍റെ മുകളിൽ കയറുവാൻ ഉണ്ടായില്ല. നീർക്കോലി ആകട്ടെ ടീച്ചറുടെയും കുട്ടികളുടെയും അലർച്ചയും തറയിൽ നിന്നു ബഞ്ചിലേക്കു ചാടികയറുന്ന ഒച്ചയും കേട്ട് വിരണ്ടിട്ടാനാകും ക്ലാസ്സിന്‍റെ ജനൽ വഴി എങ്ങോട്ടോ പാഞ്ഞു. നീർക്കോലിയുടെ കഴുത്തിലെ ഈർക്കിൽ കെട്ടു ആന്റിന പോലെ മുകളിലേക്ക് തളളി നിൽക്കുന്നുണ്ടായിരുന്നു.
ബഹളം കേട്ടു ക്ലാസ്സിന്‍റെ അടുത്തുളള ആൺസാറുമ്മാരുടെ ടീച്ചേർസ് റൂമിൽ നിന്നു കുറെ സാറുന്മാരും പ്യുണുന്മാരും ഓടി വന്നു. അവർ അവിടം മുഴുവനും അരിച്ചു പറക്കിയിട്ടും പാമ്പിനെ മാത്രം കിട്ടിയില്ല. സാക്ഷാൽ ശ്രീമാൻ നീർക്കോലി അബ്സ്കൌണ്ട്. ബയോളജി ടീച്ചറുടെ അലർച്ച എന്‍റെ അമ്മോ...,ഇത്ര ഭീകര അലർച്ച നീർക്കോലി ജീവിതത്തിൽ കേട്ടിട്ടുണ്ടാകില്ല.
ഇതൊക്കെ കണ്ടു യോഹന്നാൻ മാത്രം കൂസലില്ലാതെ നിൽക്കുന്നതു കണ്ടിട്ട് സാറുമ്മാർക്കും മറ്റു കുട്ടികൾക്കും എന്തോ ഒരു ചെറിയ സംശയം. കൊരങ്ങൻ....സർവ്വവിധ ഗുലുമാലും ഒപ്പിച്ചിട്ടു കൂൾ ആയി നിൽക്കുന്നു. തൊണ്ടിമുതൽ ആയി തുറന്ന പ്ലാസ്റ്റിക് കൂട് അവന്റെ ബെഞ്ചിന്റെ അടിയിൽ നിന്നു കിട്ടിയതോടെ സംശയം ബലപ്പെട്ടു. പിന്നെ ചോദ്യം ചെയ്യലായി, ഭേദ്യശ്രമമായി, ഒടുവിൽ നിക്കകളളി ഇല്ലാതെ യോഹന്നാൻ കുറ്റം സമ്മതിച്ചു. കൂട്ടത്തിൽ കൂട്ടുപ്രതികളായി ഈ കാര്യത്തെക്കുറിച്ചു അറിവുളള ഞാനും വേണുവും ഗ്യാങ്ങിലെ മറ്റുളളവരും. പ്രതികളെ എല്ലാവരെയും ഓഫീസ് റൂമിൽ കൊണ്ടുപോയി. ഞങ്ങളെ ഓഫീസ് റൂമിലേക്ക് കൊണ്ടു പോകുന്നത് കണ്ടു നിൽക്കുന്ന മറ്റു കുട്ടികളുടെ സന്തോഷം കണ്ടാൽ സാറുമ്മാർ ചായയും പരിപ്പ് വടയും നൽകി സൽക്കരിക്കാൻ വേണ്ടി കൊണ്ടു പോകുന്നത് പോലെ തോന്നും.
ഭാഗ്യത്തിന് ഹെഡ്മാസ്റ്റർ ഓഫീസിൽ ഇല്ലായിരുന്നു ഉണ്ടായിരുന്നെങ്കിൽ വീട്ടിൽ നിന്നു ഞങ്ങൾ രക്ഷിതാക്കളെ വിളിച്ചു കൊണ്ടു വരേണ്ടി വന്നേനെ. പിന്നെ കണക്കുമാഷും കൂട്ടരും കണക്കുപറഞ്ഞു തുട പൊട്ടി ചോര വരുന്നത് വരെ അടിച്ചു.
അന്ന് കിട്ടിയ അടിയുടെ ചൂട് ഓർക്കുമ്പോൾ എന്റെ പൊന്നു കണക്ക് സാറെ അടിവയറ്റിൽ നിന്ന് ഒരു ആളൽ ഇപ്പോഴും മേലോട്ട് കയറും.
ത്വാതിക അവലോകനം :
സ്കൂൾ ജീവിതത്തിന്‍റെ രസതന്ത്രം അന്നും ഇന്നും ഒന്നുതന്നെ. പുതിയ തലമുറയുടെ താല്പര്യങ്ങൾ ഒക്കെ മാറിയിരിക്കുന്നു.പഴയകാല സ്കൂൾ ജീവിതത്തിൽ മറക്കാനാവാത്ത ഓർമ്മകൾ സമ്മാനിച്ച നീർക്കോലിയും മാനത്തുകണ്ണിയും പൊന്തൻ തവളയും അണ്ണാൻകുഞ്ഞുമൊക്കെ ഐ പാഡും ടാബ്ലറ്റും മൊബൈൽ ഫോണും കമ്പ്യൂട്ടരുമൊക്കെ ആയി മാറി എന്നു മാത്രം .
പഴയ കാലം മനോഹരമായി വിവരിച്ചിരിക്കുന്നു. പോച്ച ,പൊത്ത ഇതൊക്കെ പ്രാദേശിക നാടൻ ഭാഷ. സ്ത്രീകളും അന്ന് സാർ ആയിരുന്നു. ഹെഡ്മാഴ്സാർ -ഹെഡ്മാസ്റ്റർ. പുനലൂരാനെ രസതന്ത്രം ഒന്നല്ല. പൂർണമായും മാറിയിരിക്കുന്നു. അന്ന് ഒരു കൂട്ടായ്മ ഉണ്ടായിരുന്നു. ഒന്നിച്ചു ചെയ്യുന്നതിന്റെ ആവേശം -സന്തോഷം. ഇന്ന് എല്ലാം തനിച്ചു. എന്നാലും ഇന്നത്തെ കുട്ടികൾ സ്‌കൂൾ ബസിൽ ഒക്കെ കിട്ടുന്ന സമയത്തു കാണിക്കുന്ന വികൃതികൾ പഴയ കാലത്തിന്റെ ഒരു ആവിഷ്ക്കരണം തന്നെ
ReplyDeleteഅല്ല സർ , സ്കൂൾ ജീവിതത്തിന്റെ രസതന്ത്രവും അടിസ്ഥാന മൂലകങ്ങളും അന്നും ഇന്നും ഒന്നുതന്നെ. കോമ്പിനേഷനുകളിൽ മാറ്റം വന്നിരിക്കുന്നു എന്നു മാത്രം.എന്റെ കുട്ടികൾ സ്കൂൾ പ്രായത്തിലാണ്. അവരുമായിട്ടുള്ള കൊച്ചുവർത്തമാനത്തിൽ നിന്ന് എനിയ്ക്ക് മനസ്സിലായത് ഇന്നും അന്നത്തെപ്പോലെ കൊച്ചു കൊച്ചു തമാശകൾ ,ഇരട്ടപ്പേരുകൾ , ടീച്ചറെ പറ്റിക്കൽ ..അങ്ങനെ എല്ലാം നിലനിൽക്കുന്നു. സോഷ്യൽ മീഡിയയുടെ അതിപ്രസരം മൂലം അല്പം നിഷ്കളങ്കത നഷ്ടപ്പെട്ടു എന്നുമാത്രം...നന്ദി വായനയ്ക്കും അഭിപ്രായത്തിനും...ആശംസകൾ
Deleteകുട്ടിക്കാലത്തെ ഓർമ്മകൾ... അന്ന് അവയിൽ പലതും വേദനാജനകങ്ങൾ ആയിരുന്നുവെങ്കിലും വർഷങ്ങൾക്കിപ്പുറം ഇന്ന് ഓർക്കുമ്പോൾ എത്ര മധുരതരം അല്ലേ പുനലൂരാനേ...
ReplyDeleteവേദനയേക്കാൾ ഉപരി എന്നെ ചിരിപ്പിച്ചത് ടേബിളിന് മുകളിൽ നിന്ന് ടീച്ചറുടെ ഒറ്റക്കാലിൽ ചാട്ടമായിരുന്നു എന്നതാണ് സത്യം ..
Deleteനന്ദി വായനയ്ക്കും അഭിപ്രായത്തിനും ആശംസകൾ
ശരിക്കും ചെറുപ്പകാലത്തേക്ക് കൊണ്ട് പോയിരിക്കുന്നു
ReplyDeleteപച്ചഈർക്കിളി കുടുക്കിട്ട് നീർക്കോലിയെ പിടിക്കുക ,തോർത്തുണ്ട്
വലയാക്കി പൊടിമീൻ പിടിക്കുക ,...,...അങ്ങിനെയെത്രയെത്ര സുന്ദര
ബാല്യകാല സ്മരണകളാണ് നമുക്കൊക്കെ ഓരോരുത്തർക്കും ഉണ്ടായിട്ടുള്ളത്
അല്ലെ സാംസൺ ഭായ് .
എന്ത് രസമുള്ള ബാല്യമായിരുന്നു അത് .. എല്ലാം ഇന്നലെ കഴിഞ്ഞപോലെ..ആശംസകൾ മുരളിഭായ്
Deleteജീവിതത്തിലെ ഏറ്റവും മനോഹരമായ കാലം. എല്ലാം മാറിയിരിക്കുന്നു ഇപ്പോള്‍.
ReplyDeleteസത്യം.. ജീവിതത്തിൽ ഏറ്റവും നല്ല കാലം സ്കൂൾ ജീവിതകാലം ആണ് ചേച്ചി.. ആശംസകൾ
Deleteഞാനും ഒരുപാടു നടന്ന വഴികളാണിത്,ഒരിക്കൽ കൂടി ഓര്മിപ്പിച്ചതിനു നന്ദി.ഇപ്പൊ തവളയുമില്ല നീർക്കോലിയുമില്ല കൊക്കുമില്ല പരല്മീനുമില്ല .തോടും വയലുമില്ല പിന്നെ പറഞ്ഞിട്ടെന്തു കാര്യം ..
ReplyDeleteസത്യം വെറുതെ എങ്കിലും ഇതൊക്കെ ഓർമ്മിക്കുമ്പോൾ ഒരു മഴനനഞ്ഞ സുഗം...ജെരീഷേ ആശംസകൾ
Deleteഹ്ഹഹഹഹ ഞാനിപ്പോ ചിരിച്ചു മരിയ്ക്കും. എന്താന്ന്‍ വെച്ചാ ... ഒന്നുല്യ. ഇതിലെ ചില തമാശകള്‍ വായിച്ചിട്ടാ.. സത്യസന്ധമായ എഴുത്ത്. :) ഒരു തിരിഞ്ഞുനോട്ടം..
ReplyDeleteഎന്ത് മനോഹരം ആയ ബാല്യം ആയിരുന്നു നമ്മുടെ.. എല്ലാം ഓർക്കുക ഒരു സുഗം..
Deleteബ്ലോഗ് ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ അതിയായ സന്തോഷം.. ആശംസകൾ
ഇത് പറഞ്ഞപ്പോഴാ.. ഒരു കാര്യം ഓര്‍ത്തത്. എന്റെ പേരമ്മ (വല്യച്ഛന്റെ ഭാര്യ ) ഒരു രോഗത്തെപ്പറ്റി പറഞ്ഞതാ. അടുത്ത വീട്ടിലെ ചേട്ടന് കിഡ്നി യ്ക്ക് പ്രോബ്ലം . പേരമ്മ അത് പറഞ്ഞ രംഗം ഓര്‍ത്ത് പിന്നേം ചിരി വരുന്നു. പേരമ്മ എല്ലാരോടും വല്യൊരു രഹസ്യം പറഞ്ഞു. " നീ അറിഞ്ഞോ ? അവനു എന്തോകുഴപ്പാ.. എവിടെന്നറിയാവോ? ( പിന്നെ സ്വകാര്യമായി) കിഡ്നി യ്ക്ക് കുഴപ്പം.."
ReplyDeleteകിഡ്നി എന്ന് വച്ചാല്‍ പേരമ്മ കരുതിയതും ഈ ബ്ലോഗില്‍ പറഞ്ഞത് തന്നെ . ഹ്ഹ്ഹ്ഹ
കിഡ്നി എന്തോ ഒരു ഭീകരവസ്തു.. അല്ലേ.. അനുഭവം ഇഷ്ടപ്പെട്ടു..ബ്ലോഗുകാർ തമ്മിൽ അനുഭവങ്ങൾ പങ്കുവെയ്ക്കുമ്പോൾ ഒരു രസം.. നന്ദി.. ആശംസകൾ
Deleteഹ്ഹ്ഹ്ഹ..
Deleteക്ളാവുപിടിച്ച ചില ചെമ്പുപാത്രങ്ങൾ ആർക്കും വേണ്ടാതെ ചിലപ്പോൾ വീടിന്റെ കോലായിൽ കിടക്കാറുണ്ട്. പക്ഷേ എപ്പോഴെങ്കിലുമൊക്കെ അതൊന്നു തേച്ചുമിനുക്കുമ്പോൾ സ്വർണംപോലെ മിന്നും. അതുപോലാണ് ഓർമ്മകളുമെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. വർഷങ്ങൾക്കു മുൻപുള്ളതെല്ലാം മനസ്സിന്റെ ഏതോ അറയിൽ അങ്ങനെ കിടക്കുന്നു വെളിച്ചംകാണാതെ. പിന്നെ ചേട്ടന്റെയും സുധിയുടേയുമൊക്കെ ബ്ലോഗ് വായിക്കുമ്പോളാണ് അവ സൂര്യപ്രകാശമേറ്റ സ്ഫടികംപോലെ മിന്നാറുള്ളത്.:-) ശരിക്കും ഈയൊരു പോസ്റ്റ് ദീപ്തമായൊരു ബാല്യകാലത്തെ ഓർമിപ്പിച്ചു.
ReplyDeleteഎന്താ പറയുക, മറവിതൻ ഉറവയിൽ ഓർമ്മകൾ തിരയുന്ന ഒരു പ്രത്യേകസുഖം.....
പിന്നെ ചേട്ടാ ഞാനൊരു 'പുനലൂരാൻ ഗുണ്ടർട്ട് ഗ്രാമീണമലയാളം നിഘണ്ടു' ഇറക്കുന്നതിനെപ്പറ്റി ആലോചിക്കുന്നുണ്ട് . അടുത്ത തലമുറയ്ക്ക് ഒരു ഉപകാരമാകട്ടെ.
കുറച്ചു വാക്കുക്കൾ നോട്ട് ചെയ്തിട്ടുണ്ട്. ബാക്കി പോസ്റ്റുകൾകൂടി വായിച്ചു കഴിയുമ്പോൾ ആവശ്യത്തിനുള്ളത് വഴിയേ കിട്ടുമെന്ന് കരുതുന്നു ;-)
പോച്ച
ചേമ്പിലക്കുണ്ട്
കശ
പ്രിയ മഹേഷ് എന്താ ഒരു കമന്റ് ഞാൻ ആകെ ത്രില്ല് അടിച്ചുപോയി..എന്റെ ഭൂതകാല സ്മരണകൾ അല്പം നർമ്മത്തിന്റെ
Deleteമേമ്പോടി ചേർത്ത് അവതരിപ്പിച്ചു എന്നേ ഉള്ളു..നന്നായിട്ടുണ്ട് എന്ന് കേട്ടതിൽ സന്തോഷം.. പ്രാദേശികഭാഷ പ്രയോഗങ്ങൾ ഇനിയും സ്റ്റോക്ക് ഉണ്ട് സമയം പോലെ എഴുതണം.. ആശംസകൾ
ആഹാ അപ്പൊ എന്റെ നിഘണ്ടു ഐഡിയ വെറുതെ ആകില്ല ;-) .... തുടർച്ചയായി എഴുതാൻ ശ്രമിക്കുന്നുണ്ട്. ചെറിയൊരു ബാംഗ്ലൂർ ഓർമയെപ്പറ്റി പുതുതായി എഴുതിയിട്ടുണ്ട് വഴിയോരക്കാഴ്ചകളിൽ. സമയംപോലെ വായിക്കൂ..
Deleteസുഹൃത്തേ താങ്കളുടെ ബ്ലോഗ് എനിയ്ക്കു നന്നായി ഇഷ്ടം ആണ്,വഴിയേ എത്താം.. കമെന്റ് ഇടാതെ പോകില്ല..തീർച്ച.. ആശംസകൾ
Delete