മുല്ലപ്പൂമൊട്ടുകളുടെ ചിരി
ഉരുകി ഒലിയ്ക്കുന്ന മരുഭൂമിയിലെ പകലിനുശേഷം പുകയുന്ന ഒരു സന്ധ്യയിൽ നഗരത്തിലെ മാളിൽ ഷോപ്പിങ്ങിന് ഇറങ്ങിയതായിരുന്നു
അയാൾ. ഗൾഫിൽ സാധാരണ വേനൽക്കാലത്ത് ഷോപ്പിംഗ് മാളുകളും സൂപ്പർ മാർക്കറ്റുകളും സജീവമാകുക വൈകുന്നേരങ്ങളിൽ ആണ്. വീട്ടിൽ നിന്ന് എഴുതി കൊടുത്തുവിട്ട
സാധനങ്ങളുടെ ലിസ്റ്റ് പോക്കറ്റിൽ തന്നെയുണ്ടോ എന്നു
ഉറപ്പുവരുത്തി അയാൾ കാറിൽനിന്ന് പുറത്തിറങ്ങി. മിക്കപ്പോഴും കുറിപ്പടി വഴിയിൽ എവിടെയെങ്കിലും നഷ്ടപ്പെടുകയോ അതുമല്ലെങ്കിൽ വീട്ടിൽ നിന്ന് എടുക്കുവാൻ മറക്കുകയോ ആണ് പതിവ്. വീട്ടിൽ
വിളിച്ചു വീണ്ടും വീണ്ടും വാങ്ങേണ്ട സാധനങ്ങളുടെ ലിസ്റ്റ് എടുക്കുക അയാളുടെ സ്ഥിരം
ഏർപ്പാട് ആയിരുന്നു. ' ഓ
ഇന്നും ലിസ്റ്റ് മറന്നോ' എന്നു ഭാര്യയുടെ പതിവ് പരിഭവവും
പുറകിൽ നിന്നു കുട്ടികളുടെ ചിരിയും അയാൾ തെല്ലുസന്തോഷത്തോടെ
ആസ്വദിക്കുമായിരുന്നു. അന്നെന്തോ ഭാഗ്യത്തിന് ലിസ്റ്റ് കീശയിൽ തന്നെ ഭദ്രമായി
കിടപ്പുണ്ടായിരുന്നു.ഉപ്പ്, മുളക്, ഗോതമ്പുമാവ്, പപ്പടം
അങ്ങനെ പത്തിരുപതു ഐറ്റങ്ങൾ. അതൊക്കെ ഒന്നും
വിട്ടുപോകാതെ വാങ്ങാൻ കൈയ്യിലുള്ള പണം തികയുമോ?..അയാൾ മനസ്സിൽ അക്കങ്ങളിട്ടു കൂട്ടിപ്പെരുക്കി. മാസാവസാനം ക്രെഡിറ്റ് കാർഡ് തന്നെ ശരണം. നിരനിരയായി പാർക്കുചെയ്ത കാറുകളുടെ ഇടയിലൂടെ
അയാൾ യാന്ത്രികമായി ഷോപ്പിംഗ്
മാളിലേക്ക് നടന്നു. പുറത്തു തെളിഞ്ഞു നിൽക്കുന്ന വർണ്ണലൈറ്റുകൾക്ക് ഒരു മിഴിവും
ഇല്ലാത്ത പോലെ, തലേന്ന് വീശിയടിച്ച പൊടിക്കാറ്റാകും കാരണം.
ഷോപ്പിംഗ് മാളിനകത്തേക്കും പുറത്തേക്കും നടന്നു
നീങ്ങുന്ന വിവിധ രാജ്യക്കാരായ ആൾക്കാർ.നീണ്ടവർഷങ്ങളുടെ അനുഭവം കൊണ്ട് അയാൾക്ക്
ഏതൊരാളിനെയും കണ്ടാൽ ഏതു രാജ്യക്കാരനാണെന്ന് ഒറ്റനോട്ടത്തിൽ
പറയാൻ കഴിയും. മാളിന്റെ പുറത്ത് പാക്കിസ്ഥാനി ടാക്സി ഡ്രൈവറുമാർ അവിടവിടെ
കൂട്ടംകൂടി നിന്നു സൊറ പറഞ്ഞു സമയം കൊല്ലുന്നു.മാളിന് അടുത്തെത്താറായപ്പോൾ ആണ്
അയാൾ എതിരെ വരുന്ന ഒരു കുടുംബത്തെ ശ്രദ്ധിച്ചത്. മധ്യവയസ്കയായ ഒരു അമ്മയും കൂടെ
നാലഞ്ചു മക്കളും. അറബ് വംശജയാണ് എന്നു ആദ്യനോട്ടത്തിൽ
തന്നെ തിരിച്ചറിയാം. കുട്ടികളുടെ മുഖം കണ്ടിട്ട് ജന്മദേശം സിറിയയോ മറ്റോ ആണെന്ന്
തോന്നുന്നു. പർദ്ദയണിഞ്ഞു മുഖം മറയ്ക്കാത്ത ആ സ്ത്രീ ക്രെച്ചസിന്റെ സഹായത്തോടെ
നടന്നു നീങ്ങുന്നു. സൂക്ഷിച്ചു നോക്കിയപ്പോൾ ആണ് അയാൾക്ക് കാര്യം പിടികിട്ടിയത്.ആ
സ്ത്രീയ്ക്ക് ഒറ്റകാലേയുള്ളു. മറ്റേ കാലിന്റെ ഭാഗത്തെ പർദ്ദയുടെ ഭാഗം കാറ്റുപോയ
ബലൂൺ പോലെ തൂങ്ങിയാടുന്നു. അവരുടെ നാടിനെ തകർത്ത ആഭ്യന്തരയുദ്ധത്തിന്റെ
ബാക്കിപത്രം പോലെ അതു തോന്നിപ്പിച്ചു. കൂടെയുള്ള
കുട്ടികളിൽ ഇളയ പെൺകുട്ടിയ്ക്ക് അഞ്ചുവയസ്സ് പ്രായം
തോന്നും. നല്ല ഓമനത്തമുള്ള കുട്ടികൾ.ആയാസപ്പെട്ടു നടക്കുന്ന അമ്മയെ സഹായിക്കാനായി
കുട്ടികൾ ഉത്സാഹം കാണിക്കുന്നുണ്ട്. ഷോപ്പിംഗ് ബാഗുകൾ ഒക്കെ
മുതിർന്ന കുട്ടികൾ ആണ് പിടിക്കുന്നത്. മൂത്ത ആൺകുട്ടിയ്ക്ക് ഒരു 13-14
വയസ്സ് പ്രായം തോന്നും. സാധാരണയേക്കാൾ വലിപ്പമുള്ള തല നാലുഭാഗത്തേക്കും ഇളകി
ആടുന്നു. ബുദ്ധിമാന്ദ്യം ഉള്ള കുട്ടിയാണെന്ന് ഒറ്റനോട്ടത്തിൽ തിരിച്ചറിയാം. കുട്ടികൾ
മൂത്ത ജേഷ്ഠനോട് ഉച്ചത്തിൽ വർത്തമാനം പറയുന്നുണ്ട്. അവർ ഇടയ്ക്കിടെ എന്തൊക്കെയോ
തമാശകൾ പറഞ്ഞു ഉച്ചത്തിൽ പൊട്ടിച്ചിരിയ്ക്കുന്നുണ്ട്. ആഭ്യന്തരയുദ്ധത്തിന്റെ
പിടിയിൽ നിന്നു രക്ഷപെട്ടു ഈ രാജ്യത്തിന്റെ സുരക്ഷിതത്വത്തിലും കരുതലിലും എത്തപ്പെട്ടതിന്റെ
ആഹ്ലാദവും ആശ്വാസവും അവരുടെ ജീവിതങ്ങളിൽ
അലയടിയ്ക്കുന്നതു പോലെ അയാൾക്ക് തോന്നി. മുകളിലൂടെ ഇരമ്പിയാർക്കുന്ന മിസൈലുകൾ, നിലയ്ക്കാത്ത വെടിയൊച്ചകൾ, പിന്നാലെ
ഉയരുന്ന കൂട്ടനിലവിളികൾ..അശാന്തി നിറഞ്ഞ പഴയ ദിനങ്ങൾ സ്വപ്നം കൂടെ കാണുവാൻ അവർ
ഇഷ്ടപ്പെടുന്നുണ്ടാകില്ല. അതിജീവനത്തിനുവേണ്ടി മാത്രം
സ്വന്തം നാട്ടിൽ നിന്നു മാറിനിൽക്കുന്ന പ്രവാസികളായ ഇന്ത്യക്കാരൊക്കെ എത്ര
ഭാഗ്യവാൻമാർ. നമുക്കൊക്കെ തിരികെപോകുവാൻ സ്വന്തം നാടും അവിടെ നമ്മെ
കാത്തിരിക്കുന്നവരും ഉണ്ടല്ലോ. തിരികെ വീട്ടിൽ എത്തുന്നതുവരെ അയാളുടെ ചിന്തയിൽ ആ പാവം അമ്മയും കുട്ടികളും ആയിരുന്നു.
പിന്നീട് അയാൾ ആ അമ്മയേയും കുട്ടികളെയും കാണുന്നത്
കോർണിഷിൽ വെച്ചായിരുന്നു. ബോട്ടുജെട്ടിയോടു ചേർന്നു
നിൽക്കുന്ന കോർണിഷിലെ നടപ്പാതയിൽ വൈകുന്നേരം നടക്കാനും കാറ്റുകൊള്ളാനും
മീൻപിടിയ്ക്കാനുമായി വരുന്നവർ ധാരാളം.മീൻപിടുത്തം ഗൾഫ് പ്രവാസികളുടെ ഇടയിൽ രസകരമായ
നേരംപോക്കാണ്. ഒരു ചൂണ്ടയും കങ്കൂസും പിന്നെ ഇരയായി ഇട്ടുകൊടുക്കുവാൻ അല്പം
മീൻകഷ്ണമോ ഇറച്ചികഷ്ണമോ ഉണ്ടെങ്കിൽ എത്ര വേണമെങ്കിലും നേരംകൊല്ലാം. ചിലപ്പോൾ ഒരു
വൈകുന്നേരം മുഴുവൻ മിനക്കെട്ടാൽ കിട്ടുക ഒന്നോ രണ്ടോ ചെറുമീനുകൾ ആയിരിക്കും.ഒടുവിൽ
അത് വെള്ളത്തിൽ തന്നെ വലിച്ചെറിഞ്ഞു ആകും മിക്കവരുടെയും മടക്കം.എന്നിരുന്നാലും
വിരസമായ ഗൾഫ് സായാഹ്നങ്ങളിൽ സമയം പോക്കാൻ വേണ്ടി ഇങ്ങനെ മീൻപിടുത്തത്തിനു
ഇറങ്ങുന്നവർ ധാരാളം.
നടക്കാനിറങ്ങിയ അയാൾ ആ സ്ത്രീയേയും കുട്ടികളെയും
ദൂരത്തു നിന്നു തന്നെ കണ്ടു. കോർണിഷിന്റെ അലുമിനിയം ഫ്രെയിം വേലിയിൽ ഒറ്റകാലിൽ
ചാരിനിന്ന് എത്ര വിദഗ്ദമായിട്ടാണ് ആ സ്ത്രീ ചൂണ്ട കറക്കി എറിയുന്നത്.
തെർമോകോളിന്റെ ഒരു ചെറിയ പെട്ടി മീൻ ശേഖരിക്കുവാൻ അവർ കൊണ്ടുവന്നിട്ടുണ്ട്. അയാൾ
നടത്തം നിറുത്തി അവരുടെ പ്രവർത്തി നോക്കി നിന്നു. കൊളുത്തി എറിയുന്ന ചൂണ്ട
വെള്ളത്തിൽ തൊടുന്നതിന് മുമ്പ് തന്നെ മീൻ ചാടിപ്പിടിക്കുന്നു. എന്തൊരു മറിമായം.. അയാളൊക്കെ മണിക്കൂറുകൾ ചൂണ്ടയുമായി
തപസ്സിരുന്നാൽ പോലും ഒറ്റമീനും തടയുകയില്ല. അല്പം കൂടി അടുത്ത് ചെന്നു അയാൾ
കാര്യങ്ങൾ വീക്ഷിച്ചു. ആട്ടമാവ് ഉണ്ടയാണ് അവർ ചൂണ്ടയിൽ കൊരുത്തിടുക.മീനുകളെ
ആകർഷിക്കുവാൻ വേണ്ടി ഇടയ്ക്കിടെ ആട്ടമാവിന്റെ കഷ്ണങ്ങൾ പൊടിച്ചു
വെള്ളത്തിൽ കുട്ടികൾ ഇടുന്നുണ്ട്. പക്ഷെ അതൊന്നുമല്ല ദൈവത്തിന്റെ
ഏതോ ഒരു അദൃശ്യകരം അവിടെ പ്രവർത്തിക്കുന്നതു പോലെ
അയാൾക്ക് തോന്നി. അവർ തെർമോകോൾ പെട്ടി തുറന്നപ്പോൾ അതിൽ ചെറുതും വലുതുമായി
പത്തിരുപതു മീനുകൾ. എന്തൊരു മിടുക്കിയായ ചൂണ്ടക്കാരിയാണ് ആ സ്ത്രീ. ഒറ്റക്കാലിൽ
നിന്നു വേലിയിൽ ചാരി അവർ കറക്കി എറിയുന്ന ചൂണ്ടയ്ക്കായി
കാത്തിരിക്കുന്ന മീനുകൾ. ആ വലിയ കുടുംബത്തിന് അവശ്യമുള്ളത്ര മീനുകൾ അല്പനേരം
കൊണ്ട് അവർ പിടിച്ചു. മീൻകടയിൽ നിന്ന് വാങ്ങുകയാണെങ്കിൽ നല്ലൊരു തുക ആ മീനുകൾക്ക്
വേണ്ടി ചിലവഴിക്കേണ്ടിവരും. ജീവിതത്തെ എങ്ങനെ നേരിടണമെന്ന് അവർക്ക് നന്നായി അറിയാം
എന്നയാൾക്ക് തോന്നി. മന്ദബുദ്ധിയായ കുട്ടിയും തന്നാലാകുന്ന വിധം അമ്മയെ
സഹായിക്കുന്നുണ്ട്. ഇളയപെൺകുട്ടി അല്പം ദൂരെ മാറിനിന്ന് കളിക്കുന്നുണ്ട്. അയാൾ ആ
കാഴ്ച കണ്ടു നടക്കാൻ മറന്നു അവിടെ തന്നെ ഏറെനേരം നിന്നു. രണ്ടിടങ്ങളിലും വെച്ചു
അവരുടെ ഭർത്താവിനെ അയാൾ കണ്ടില്ല.ഒരു പക്ഷെ ഭർത്താവ് ജോലിയിലോ മറ്റോ ആകും.
അതുമല്ലെങ്കിൽ യുദ്ധം കവർന്നെടുത്ത ലക്ഷകണക്കിന് മനുഷ്യജീവനുകളിൽ ഒരാളാകും അവരുടെ
ഭർത്താവ്.
അയാൾക്ക് എന്തൊക്കെയോ ആ കുടുംബത്തോട് ചോദിച്ചറിയണമെന്നുണ്ട്.
ഭാഷയുടെയും ദേശത്തിന്റെയും അതിരുകൾ അയാളുടെ കുതുകത്തെ അടക്കികളഞ്ഞു. അവർ മീനുമായി
മടങ്ങിപോകുന്നത് വരെ അയാൾ ആ കാഴ്ച നോക്കി നിന്നു. പിന്നെ ഉള്ളിൽ നിറഞ്ഞഅവർ
മീനുമായി മടങ്ങിപോകുന്നത് വരെ അയാൾ ആ കാഴ്ച നോക്കി നിന്നു. പിന്നെ ഉള്ളിൽ നിറഞ്ഞ
ഉണ്മയോടും ശുഭതയോടും കൂടെ അയാൾ മടങ്ങി. വികലാംഗയായ അമ്മയും ആ
കുടുംബവും നൽകിയ പോസിറ്റീവ് എനർജി അയാൾക്ക് ഒരു പുതിയ അനുഭവമായിരുന്നു. ജീവിത
ഊർവ്വരതയുടെ നാമ്പുകൾ ഉള്ളിൽ എവിടെയോ മുളപൊട്ടിയതുപോലെ അയാൾക്ക് തോന്നി. ഓരോ
തവണയും അവരെ കാണുമ്പോൾ അദൃശ്യമായ ഒരു ഊർജ്ജം അയാളുടെ മനസ്സിൽ വന്നു
നിറയുന്നതുപോലെ. ജീവതത്തെ കുറിച്ചുള്ള പ്രതീക്ഷകൾ, ഏത്
സാഹചര്യത്തിലും ജീവിതത്തോടു പൊരുതി ജയിക്കണമെന്ന വാഞ്ച ആ അമ്മയുടെയും
കുട്ടികളുടെയും മുഖത്തുള്ളതുപോലെ അയാൾക്ക് തോന്നി.
പിന്നീടൊരു ദിവസം ഷോപ്പിംഗ് മാളിന് പുറത്തെ
പാർക്കിങ്ങിൽ വച്ചു അവരെ വീണ്ടും അയാൾ കണ്ടുമുട്ടി. മൂത്ത മന്ദബുദ്ധിയായ കുട്ടിയും
അനുജനും ചേർന്നു പോപ്പ്കോൺ വിൽപ്പന നടത്തുകയാണ്. അവരുടെ കൈയ്യിൽ വിൽപ്പനയ്ക്കായി
ചെറിയ പ്ലാസ്റ്റിക് കൂടുകളിൽ നിറച്ച പോപ്പ്കോണുകൾ.
അവിടെ പാർക്കുചെയ്യുന്ന ഓരോ വണ്ടിക്കാരന്റെ അടുത്തുചെന്നു അവർ പോപ്പ്കോൺ
പായ്ക്കറ്റുകൾ നീട്ടും. പ്രതീക്ഷ തുടിയ്ക്കുന്ന അവരുടെ നോട്ടവും നിൽപ്പും കണ്ട്
ചിലരൊക്കെ അതു വാങ്ങും. വീട്ടിൽ നിന്ന് ആ അമ്മയാകും പോപ്പ്കോണുകൾ വറുത്ത്
പായ്ക്കറ്റുകളിൽ ആക്കി വിൽപ്പനയ്ക്കായി കൊടുത്തുവിടുന്നത്. അയാൾ കാർ നിറുത്തി
പുറത്തേക്കു ഇറങ്ങുമ്പോൾ അവർ പോപ്പ്കോണുമായി മുമ്പിലെത്തി. എല്ലാംകൂടി പത്തിരുപതു
പായ്ക്കറ്റുകൾ കാണും. അയാൾ പേഴ്‌സ് തുറന്നു ഒരു 100
ദിർഹത്തിന്റെ നോട്ട് പുറത്തെടുത്തു മൂത്ത കുട്ടിയുടെ കൈയ്യിൽ വെച്ചുകൊടുത്തു. അവർ
തെല്ലൊരമ്പരപ്പോടെ ആ നോട്ടിലേക്ക് നോക്കി. അവരുടെ അമ്പരപ്പ് കണ്ട് 'ബാക്കി
വേണ്ട അതു വെച്ചോളൂ' എന്നു അയാൾ അവരോട് പറഞ്ഞു. കുട്ടികൾ ആകെ
അങ്കലാപ്പിലായി, അവരുടെ കൈയ്യിലെ പോപ്പ്കോണുകൾ
മൊത്തവും വിറ്റാലും അത്ര അധികം പണം
കിട്ടുകയില്ല. ഒടുവിൽ അവർ പോപ്പ്കോൺ പായ്ക്കറ്റുകൾ മൊത്തമായി അയാൾക്ക് കൈമാറാൻ
ശ്രമം തുടങ്ങി. അയാളാകട്ടെ പോപ്പ്കോൺ വേണ്ട ആ പണം വെറുതെ നൽകിയതാണ് എന്നു
പറഞ്ഞുനോക്കി. എത്രകണ്ടു നിർബന്ധിച്ചിട്ടും വെറുതെ ആ പണം കൈപ്പെറ്റാൻ അവർ
തയ്യാറായില്ല. അവർ പണം കൈപ്പെറ്റാതെ പോയിക്കളയും എന്നു തോന്നിയപ്പോൾ അയാൾ അവരോടു
പോപ്പ്കോൺ പായ്ക്കറ്റുകൾ കാറിന്റെ പിൻസീറ്റിൽ വെച്ചുകൊള്ളാൻ
പറഞ്ഞു. അവരാകട്ടെ തെല്ലുആശ്വാസത്തോടെ പോപ്പ്കോൺ പായ്‌ക്കറ്റുകൾ അയാളുടെ കാറിന്റെ
പിൻസീറ്റിൽ വെച്ചു മാറി നിന്നു. എന്തൊരു അഭിമാനികളായ കുട്ടികൾ..വെറുതെ കിട്ടുന്ന പണം വാങ്ങാൻ അവർക്കുള്ള മടി അയാളെ അതിശയപ്പെടുത്തി. നിലനിൽപ്പിന് വേണ്ടിയുള്ള
പോരാട്ടത്തിലും അഭിമാനം കൈവിടാത്ത പെരുമാറ്റം.
പാർക്കിങ്ങിൽ നിന്ന് കാറെടുത്തു പോകാൻനേരം
അവർ അയാളെ ചിരിച്ചുകൊണ്ട് കൈവീശി കാണിച്ചു.. മുല്ലപ്പൂമൊട്ടുകളുടെ ചിരി... ജീവിതം
പ്രതീക്ഷാനിർഭരവും പ്രത്യാശാപൂർണ്ണവും പ്രകാശപൂരിതവും ആണെന്ന് അന്നയാൾക്ക്
തോന്നി.
അനുഭവം ആണല്ലേ????????????????
ReplyDeleteഅതേ സുധി.. നന്ദി ആദ്യവായനയ്ക്കും കമെന്റിനും
Deletebeautifully written..
ReplyDeletepravasikalkk matram manasilavum
സന്തോഷം പ്രിയ സുഹൃത്തേ.. ആശംസകൾ
Deleteഎന്തൊരു അഭിമാനികളായ കുട്ടികൾ..
ReplyDeleteവെറുതെ കിട്ടുന്ന പണം വാങ്ങാൻ അവർക്കുള്ള
മടി അയാളെ അതിശയപ്പെടുത്തി. നിലനിൽപ്പിന്
വേണ്ടിയുള്ള പോരാട്ടത്തിലും അഭിമാനം കൈവിടാത്ത പെരുമാറ്റം.
പാർക്കിങ്ങിൽ നിന്ന് കാറെടുത്തു പോകാൻനേരം അവർ അയാളെ ചിരിച്ചു
കൊണ്ട് കൈവീശി കാണിച്ചു.. മുല്ലപ്പൂമൊട്ടുകളുടെ ചിരി... ജീവിതം പ്രതീക്ഷാനിർഭരവും
പ്രത്യാശാപൂർണ്ണവും പ്രകാശപൂരിതവും ആണെന്ന് അന്നയാൾക്ക് തോന്നി...
പ്രവാസ ജീവിതത്തിൽ നിന്നും വീണു കിട്ടുന്ന നിറമേറിയ മങ്ങാത്ത കാഴ്ച്ചകളാണിതൊക്കെ കേട്ടോ ഭായ്
വളരെ സന്തോഷം മുരളി ഭായ്... ആശംസകൾ
Deleteവളരെ സന്തോഷം മുരളി ഭായ്. ആശംസകൾ
Deleteസൗദിയിൽ ആയിരുന്നപ്പോൾ സിറിയൻ അഭയാർത്ഥികളെ കണ്ടിട്ടുണ്ട്... അവരിൽ പലരും പക്ഷേ ഇതുപോലെ ആയിരുന്നില്ല... തങ്ങളുടെ ദയനീയാവസ്ഥ കരഞ്ഞു പറഞ്ഞ് സാമ്പത്തിക സഹായം ചോദിക്കുമായിരുന്നു...
ReplyDeleteമതതീവ്രവാദത്തിന്റെ പേരിൽ കുട്ടിച്ചോറായ ഒരു രാജ്യം... ചോര കുടിക്കുവാൻ തക്കം പാർത്തിരിക്കുന്ന ചെന്നായ്ക്കളും... കഷ്ടം എന്നല്ലാതെ എന്ത് പറയാൻ..
ഇവിടെ സ്ഥിതി ഭേദം ആണ്. .ആശംസകൾ
Deleteകുറച്ചുനാൾ ജോലിത്തിരക്കിൽ പെട്ടതുകൊണ്ട് വായിക്കാനല്പം വൈകിപ്പോയി!
ReplyDeleteനന്നായിരിക്കുന്നു ചേട്ടാ... അല്ലെങ്കിലും ദാരിദ്ര്യത്തിനു മുന്നിൽ ആത്മാഭിമാനത്തെ പണയം വെക്കാത്ത എത്രയോ ഉദാഹരണങ്ങൾ നമുക്കുചുറ്റും കണ്ടുമുട്ടുന്നു. അവരെ കാണുമ്പോളാണ് ഈ വലിയ ലോകത്ത് നമ്മളെത്ര ചെറുതാണെന്ന് മനസിലാകുന്നത്.
അതുപോലെ പലരുടെയും അവസ്ഥകൾ കാണുമ്പോളാണ് നമ്മൾ എത്ര ബാലിശമായ കാര്യങ്ങളെ ഓർത്താണ് ദിവസവും ആധി പിടിക്കുന്നത് എന്ന കുറ്റബോധം തോന്നാറുള്ളത്.
വളരെ സന്തോഷം ... ആശംസകൾ
Deleteനല്ലെഴുത്ത് നല്ല കാഴ്ചപ്പാടും... ദൈവം അനുഗ്രഹിക്കട്ടെ. ..
ReplyDeleteവളരെ സന്തോഷം ... ആശംസകൾ
Delete