സത്യത്തില്‍, സാറിന്റെ ഉടുപ്പില്‍ മഷി കുടഞ്ഞത് ആരായിരുന്നു?
ഏഷ്യാനെറ്റ് ന്യൂസ് വെബ്പേജിൽ പ്രസിദ്ധീകരിച്ച എന്റെ അനുഭവകുറിപ്പ്... പാഠം രണ്ട്...
ചില അധ്യാപകരുണ്ട്. ആഴത്തില്‍ നമ്മെ സ്വാധീനിച്ചവര്‍. ജീവിതത്തെ മാറ്റിയെഴുതിയവര്‍. അത്തരം ഒരു അധ്യാപികയെക്കുറിച്ചാണ് ഈ കുറിപ്പുകള്‍.
ഗ്രാമത്തിൽ പുതുതായി തുടങ്ങിയ ഹൈസ്കൂളിലെ മൂന്നാമത്തെ ബാച്ചുകാരൻ ആയിരുന്നു ഞാൻ.
ചുടുകട്ടയുടെ മണമുള്ള ക്ലാസ്സ് റൂമുകളിൽ ഇരുന്നു ചരിത്രവും ഭുമിശാസ്ത്രവും കണക്കുമൊക്ക പഠിച്ചു ഞങ്ങൾ. ക്ലാസ്സ് റൂമിന്റെ തറ പ്ലാസ്റ്റർ ചെയ്യാത്തതിനാൽ കാല്പാദങ്ങളിൽ അപ്പടി ചെമ്മണ്ണായിരിക്കും.
ഒരു കുന്നിൽചരുവിൽ ആയിരുന്നു ഞങ്ങളുടെ സ്കൂൾ. ദൂരെ തോടും വയലേലകളും റബ്ബർ തോട്ടങ്ങളും കാണാം. വയലിറങ്ങി റബ്ബർതോട്ടം കടന്നാൽ എത്തുക കല്ലടയാറ്റിൽ. ഞങ്ങളുടെ സ്കൂൾ പഠനത്തോടൊപ്പം വയലിലും തോട്ടിലും പുഴയിലുമൊക്കെ അലഞ്ഞു നടന്നു പ്രകൃതിയെ തൊട്ടറിയുവാൻ പറ്റിയ ഇടമായിരുന്നു ആ സ്കൂൾ. തരം കിട്ടിയപ്പോഴൊക്ക ഞങ്ങൾ അവിടെ മേഞ്ഞു നടന്നു. എന്നാൽ ഞാൻ പത്താംക്ലാസ്സിൽ എത്തിയതോടെ കാര്യങ്ങൾക്കു ഒക്കെ ഒരു ഇരുത്തം വന്നു; പഠിക്കണം എന്ന ഒരു തോന്നൽ. നന്നായി പഠിച്ചില്ലെങ്കിൽ എനിയ്ക്ക് വളർത്തുവാൻ രണ്ടു പോത്തുകളെ വാങ്ങിത്തരും എന്നു അപ്പന്റെ ഭീഷണി കൊണ്ടാകാം ഞാൻ പഠിക്കാൻ തീരുമാനിച്ചത്.
എന്റെ ക്ലാസ്സിലെ സമർത്ഥരായ കുട്ടികളിൽ ഒരാളായിരുന്നു ഞാൻ. എനിയ്ക്കേറ്റവും പ്രിയപ്പെട്ട അധ്യാപകരിൽ ഒരാളായിരുന്നു എന്നെ കെമിസ്ട്രി പഠിപ്പിച്ച രാധാമണി ടീച്ചർ.
മൂലകങ്ങളും രാസസമവാക്യങ്ങളുമൊക്കെ ഞങ്ങളെ അരച്ചുകലക്കി പഠിപ്പിച്ചു ടീച്ചർ. പാഠങ്ങൾ കുട്ടികൾക്ക് മനസ്സിലാകുന്നവിധം പഠിപ്പിക്കുവാൻ മിടുക്കി ആയിരുന്നു ടീച്ചർ. ടീച്ചർ പഠിപ്പിച്ചാൽ പിന്നെ വീട്ടിൽ പോയി അത് പഠിക്കേണ്ട ആവശ്യം ഇല്ലായിരുന്നു. ഒരു വിധം നന്നായി പഠിക്കുന്ന എന്നോട് ടീച്ചർക്ക് ഒരു പ്രത്യേക വാത്സല്യം ഉണ്ടായിരുന്നു. എന്നാൽ ഒരു തെറ്റിദ്ധാരണ നിമിത്തം ഓണപരീക്ഷയ്ക്കുശേഷം ടീച്ചർ എന്നെ തീരെ ശ്രദ്ധിക്കാതായി. അതിന് കാരണമായി തീർന്ന സംഭവം ഇങ്ങനെ. ഒരു ദിവസം ടീച്ചർ ക്ലാസ്സിൽ എത്തിയപ്പോൾ എന്നെ ബ്ലാക്ക് ബോർഡ് തുടയ്ക്കുവാൻ ഏൽപ്പിച്ചു. ക്ലാസ്സിലെ ഡസ്റ്റർ തപ്പിയിട്ട് കിട്ടിയില്ല. ടീച്ചർ തന്റെ കൈയ്യിലിരുന്ന പേപ്പർകെട്ടിൽ നിന്നു കുറെ പേപ്പർ വലിച്ചെടുത്തു എനിയ്ക്ക് ബോർഡ് തുടയ്ക്കുവാൻ തന്നു. ഞാൻ ബോർഡ് തുടച്ചിട്ടു നോക്കിയപ്പോൾ ആ പേപ്പർ ഒമ്പതാംക്ലാസ്സിൽ പഠിക്കുന്ന മിടുക്കനായ ഒരു കുട്ടിയുടെ ഉത്തരകടലാസ് ആയിരുന്നു. ക്ലാസ്സിൽ മുമ്പ് നോക്കികൊടുത്ത പേപ്പർ ആയതിനാൽ ടീച്ചറും അതത്ര ശ്രദ്ധിച്ചിരുന്നില്ല. ഞാൻ ആ ചുരുട്ടി ബോർഡ് തുടച്ച പേപ്പർ വലിച്ചെറിഞ്ഞു കളഞ്ഞു എങ്കിലും ആ പേപ്പറിന്റെ കാര്യം ചില കൂട്ടുകാരോട് പറഞ്ഞു. ഈ കാര്യം എങ്ങനെയോ ടീച്ചറോട് വിരോധം ഉള്ള മറ്റൊരു അദ്ധ്യാപിക അറിഞ്ഞു. അവർ ആ കാര്യം പൊടിപ്പും തൊങ്ങലും വെച്ചു ഹെഡ്മാസ്റ്ററുടെ ചെവിയിലെത്തിച്ചു.
ഹെഡ്മാസ്റ്റർ രാധാമണി ടീച്ചറെ വിളിച്ചു ഉത്തര കടലാസുകൾ അലക്ഷ്യമായി കൈകാര്യം ചെയ്തതിനു കുറെ വഴക്ക് പറഞ്ഞു. അതിനുശേഷം ടീച്ചർ ക്ലാസ്സിലെത്തിയാൽ എന്നെ ശ്രദ്ധിക്കാതായി. എന്നോട് ചോദ്യങ്ങൾ ചോദിക്കുകയില്ല, എന്നെ ക്ലാസ്സിലെ യാതൊരു ഉത്തരവാദിത്തവും ഏൽപ്പിക്കുകയില്ല എന്നിങ്ങനെ മൊത്തം ഒരവഗണന. ടീച്ചറുടെ വിചാരം ഞാൻ ആണ് ഈ ഉത്തര കടലാസ് വിഷയം ഹെഡ്മാസ്റ്ററെ അറിയിച്ചത് എന്നായിരുന്നു. അതിനിടെ എന്റെ ചില കൂട്ടുകാർ ടീച്ചർ എന്നെ ശപിച്ചു എന്നൊക്കെ പറഞ്ഞു പരത്തി. എന്റെ മനസ്സ് ഞാൻ അറിയാതെ ചെയ്തുപോയ ഈ തെറ്റിന് ഏറെ പശ്ചാത്തപിച്ചെങ്കിലും ടീച്ചറോട് നേരിട്ട് പോയി മാപ്പുപറയാൻ എനിയ്ക്കൊരു മടി. അതിനിടെ മാസങ്ങൾ കടന്നുപോയി.ഒടുവിൽ പത്താംക്ലാസ്സ് പരീക്ഷയെത്തി.
പത്താംക്ലാസ്സ് പരീക്ഷ ഒരു കടമ്പയായി കരുതിയിരുന്ന പഴയകാലമായിരുന്നു അത്. എസ്. എസ്. എൽ. സി പരീക്ഷ ജയിച്ചാൽ അതൊരു ആഘോഷമായി കരുതിയിരുന്ന കാലം. അന്നൊക്കെ നൂറുകുട്ടികൾ പരീക്ഷ എഴുതിയാൽ വിജയിക്കുക 20-25 കുട്ടികൾ മാത്രം. സർക്കാർ തന്നെ മുൻകൈ എടുത്തു വിജയശതമാനം നൂറിൽ എത്തിക്കുന്ന ഇന്നത്തെ കാലത്ത് അതൊക്കെ ഭീകരഓർമ്മകൾ. അന്ന് മൊത്തം 12 പരീക്ഷകൾ. ഒരു ദിവസത്തെ ഇടവേളപോലും ഇല്ലാതെ ആണ് പരീക്ഷകൾ നടത്തുന്നത്. ദിവവും രണ്ടു പരീക്ഷകൾ കാണും രാവിലെയും ഉച്ചയ്ക്കും. ചിലദിവസത്തെ പരീക്ഷകൾ തമ്മിൽ യാതൊരു ബന്ധവും കാണില്ല. ഹിന്ദിപരീക്ഷയുടെ ദിവസം തന്നെയാണ് ഹിസ്റ്ററി പരീക്ഷ. കീറാമുട്ടിയായ ഹിന്ദിയും കടലുപോലെ പഠിക്കാൻ കിടക്കുന്ന ഹിസ്റ്ററിയും തമ്മിൽ അയലയും അലുവയും പോലത്തെ സാമ്യം. പത്താംക്ലാസ് കടക്കാൻ എന്തൊക്കെ കുതന്ത്രങ്ങൾ വേണമെങ്കിലും കുട്ടികൾ മെനയും. കോപ്പിയടി ഒക്കെ സ്കൂളിൽ സാധാരണം.
അവസാനം പരീക്ഷാദിനങ്ങൾ എത്തി. ആദ്യ പരീക്ഷകളൊക്കെ ഒരു വിധം കുഴപ്പമില്ലാതെ കടന്നു പോയി. സ്കൂളിൽ കോപ്പിയടിയൊക്കെ തകൃതിയായി നടക്കുന്നുണ്ട്.
ഞാൻ ഒരുവിധം നന്നായി പഠിച്ചതുകൊണ്ട് കോപ്പിയടിക്കാനൊന്നും മിനക്കെട്ടില്ല. ആകെയുള്ള പ്രശ്നം പരീക്ഷ എഴുതുന്നതിനിടെ അടുത്ത ബഞ്ചുകളിൽ നിന്നുള്ള കൂട്ടുകാർക്കു ഉത്തരങ്ങൾ എഴുതാൻ അല്ലറചില്ലറ സഹായങ്ങൾ ചെയ്തുകൊടുക്കണം.
ഉത്തരകടലാസുകൾ അവർക്ക് കാണുന്ന വിധത്തിൽ നീക്കി വെയ്ക്കണം,അവരുടെ കണ്ണുകൊണ്ടും കൈകൊണ്ടുമുള്ള ആംഗ്യങ്ങൾക്ക് മറുപടി അത്തരം ചില സൂചനകളിലൂടെ തിരികെ നൽകണം എന്നിങ്ങനെ നിരുപദ്രവപരമായ ചില കലാപരിപാടികൾ. കോപ്പിയടിക്കാരാകട്ടെ ഉത്തരങ്ങൾ കുനുകുനെ ചെറിയ തുണ്ടുപേപ്പറുകളിൽ എഴുതി പോക്കറ്റിലും ഷർട്ടിന്റെ മടക്കിലും മറ്റും ഒളിപ്പിച്ചാണ് എത്തുക. ഉത്തരങ്ങൾ എഴുതിയ തുണ്ടുകൾ ക്ലാസ്സിലങ്ങനെ ഓടി നടക്കും. ഏതാണ്ട് ബാർട്ടർ സിസ്റ്റത്തിൽ ആണ് കൈമാറ്റം. സൂപ്പർവിഷന് വരുന്ന അധ്യാപകർക്ക് ഇതൊക്കെ അറിയാമെങ്കിലും അവർ ഇതൊക്കെ കണ്ടില്ല എന്നുനടിക്കും.
അങ്ങനെ സയൻസ് പരീക്ഷയെത്തി. അന്ന് രാവിലെ കെമിസ്ട്രി പരീക്ഷയും ഉച്ചക്ക് ശേഷം ബയോളജിയും ആണ്. അന്നെന്തോ എന്റെ ക്ലാസ്സിൽ സൂപ്പർവിഷന് വന്ന അധ്യാപകൻ വല്യകർക്കശക്കാരൻ ആയിരുന്നു. ഖദർഷർട്ട് ഇട്ടു വെള്ളമുണ്ട് ഉടുത്ത ഒരു മധ്യവയസ്കൻ. ആരെയും അനങ്ങാൻ കൂടി സാർ സമ്മതിക്കുന്നില്ല. കോപ്പി അടിക്കുന്നവരെ സാർ പിടിച്ചു വഴക്കുപറഞ്ഞു കിട്ടിയ തുണ്ട് പേപ്പറുകൾ ഒക്കെ വലിച്ചുകീറി പുറത്തെറിഞ്ഞു. ഉച്ചയ്ക്ക് ശേഷമുള്ള ബയോളജി പരീക്ഷയുടെ ഉത്തരങ്ങളുടെ ബിറ്റുകൾ മിക്കവരുടെയും കൈയ്യിൽ ഉണ്ട്. വൃക്കയുടെ ഭാഗങ്ങൾ വരച്ചു അടയാളപ്പെടുത്തുക, ചെമ്പരത്തിപ്പൂവിന്റെ ഛേദം വരച്ചു ഭാഗങ്ങൾ അടയാളപ്പെടുത്തുക
ഇവയൊക്കെ പരീക്ഷയ്ക്ക് സ്ഥിരം ചോദിക്കുന്ന ചോദ്യങ്ങൾ ആണ്. അതിന്റെ ഒക്കെ തുണ്ടുകൾ ക്ലാസ്സിന് പുറത്തേക്കു പറന്നു.
ക്ലാസ്സിൽ ആകെ ഒരു അമ്പരപ്പ്. എങ്ങനെയെങ്കിലും കോപ്പിയടിച്ചു ബയോളജി ജയിക്കാം എന്നു കരുതിവന്നവർ നിരാശരായിപ്പോയി. അതിൽ ഒന്നുരണ്ട് തലതെറിച്ച കുട്ടികൾ ഒരു പണി ഒപ്പിച്ചു. അവർ പരീക്ഷാപേപ്പർ കൊടുന്നതിനിടെ സാറിന്റെ പുറകിൽ മഷി കുടഞ്ഞു. തലങ്ങും വിലങ്ങും മഷിയടയാളങ്ങൾ സാറിന്റെ തൂവെള്ള ഉടുപ്പുകളിൽ വീണെങ്കിലും പാവം സാർ അതൊന്നും അറിഞ്ഞില്ല. ഞാനാകട്ടെ പരീക്ഷ എഴുതിതീർക്കുന്ന തിരക്കിൽ അതൊന്നും ശ്രദ്ധിച്ചതേയില്ല.
പിറ്റേന്ന് കണക്കുപരീക്ഷയ്ക്ക് എത്തിയപ്പോലല്ലേ പുകിൽ. ആ ക്ലാസ്സിലിരുന്നു പരീക്ഷ എഴുതിയ ആരെയും ഹെഡ്മാസ്റ്റർ ഇന്നത്തെ പരീക്ഷ എഴുതാൻ അനുവദിക്കുന്നില്ല. എല്ലാവരെയും ഓഫീസ് റൂമിൽ വിളിപ്പിച്ചു നിരനിരയായി നിറുത്തി.
അദ്ധ്യാപകർ ഒക്കെ അവിടെ കൂടിയിട്ടുണ്ട്.
പിന്നെ പോലീസ് മുറയിൽ ഉള്ള ചോദ്യംചെയ്യൽ. ആരാണ് മഷി കുടഞ്ഞത് എന്നു പറയാതെ ആരെയും പരീക്ഷ എഴുതിക്കില്ലത്രേ. എത്രയൊക്കെ ചോദ്യം ചെയ്തിട്ടും ആരും ആരെയും ഒറ്റിക്കൊടുക്കാൻ തയ്യാറായില്ല. എനിയ്ക്കും യഥാർത്ഥത്തിൽ ആരാണ് മഷികുടഞ്ഞത് എന്നു കൃത്യമായി അറിയില്ല. ക്ലാസ്സിലെ മിടുക്കൻ ആയ വിദ്യാർത്ഥി എന്ന നിലയിൽ എന്നെ മാറ്റിനിറുത്തി ഹെഡ്മാസ്റ്റർ തിരിച്ചുംമറിച്ചും നടന്ന സംഭവങ്ങൾ ചോദിച്ചു.
സാറിന്റെ വിചാരം എനിയ്ക്ക് ആരാണ് മഷി കുടഞ്ഞത് എന്നു അറിയാം എന്നാൽ ഞാൻ മനപ്പൂർവം ആളെ പറയാത്തതാണെന്നാണ്. ഞാൻ അറിയില്ല എന്നു എത്ര പറഞ്ഞിട്ടും സാർ വിശ്വസിക്കുന്നില്ല. ഒടുവിൽ ആളെ പറഞ്ഞു കൊടുത്തില്ല എങ്കിൽ എന്നെ പരീക്ഷ എഴുതിക്കുകയില്ല എന്നു കട്ടായം പറഞ്ഞു. എന്നിട്ട് ദേഷ്യത്തിൽ സാർ എവിടേക്കോ പോയി. ഞാൻ ആകെ വിഷമവൃത്തത്തിലായി. കണക്കുപരീക്ഷയുടെ ടെൻഷൻ ഒരു ഭാഗത്ത്, പരീക്ഷയ്ക്ക് മുമ്പ് പഠിച്ചഭാഗങ്ങൾ ഒന്നുകൂടെ മറിച്ചു നോക്കണം.. ഇനി പരീക്ഷ എഴുതാൻ സാർ സമ്മതിക്കുമോ? എന്ത് ചെയ്യണം എന്നറിയാതെ ഞാൻ കരയാൻ തുടങ്ങി. എന്റെ ധൈര്യം, ആത്മവിശ്വാസം ഇവയൊക്കെ എവിടേയോ
ചോർന്നുപോയി. ഞാൻ ആകെ പതറിപ്പോയി.
അപ്പോൾ പുറകിൽ നിന്നു ആരോ എന്റെ തോളിൽ തലോടി. ഞാൻ തിരിഞ്ഞു നോക്കി.. എന്റെ കെമിസ്ട്രി ടീച്ചർ.
ടീച്ചർ ഈ കാര്യങ്ങൾ ഒക്കെ കണ്ടുകൊണ്ട് ഓഫീസിൽ ഉണ്ടായിരുന്നു. ടീച്ചർ എന്നോട് കരച്ചിൽ നിറുത്താൻ ആംഗ്യം കാണിച്ചു. എന്നിട്ട് പറഞ്ഞു
"എടാ മണ്ടാ സാറിന് അങ്ങനെ നിന്നെ പരീക്ഷ എഴുതിക്കാതിരിക്കുവാൻ സാധ്യമല്ല. നീ ഈ സ്കൂളിന്റെ പ്രതീക്ഷ അല്ലേ.. നീ കരയാതെ ധൈര്യമായി നിൽക്കുക. വെറുതെ കരഞ്ഞു കണക്കുപരീക്ഷ മോശമാക്കേണ്ട"
ടീച്ചറുടെ വാക്കുകൾ എനിയ്ക്കു നൽകിയ ആശ്വാസം.. ഒരു തലോടൽ തിരികെ തന്ന ആത്മവിശ്വാസം. അന്ന് ഒരുപക്ഷെ ടീച്ചർ അങ്ങനെ ഒരു ആശ്വാസവാക്ക് പറഞ്ഞില്ലായിരുന്നു എങ്കിൽ ഞാൻ കണക്കുപരീക്ഷ പൂർത്തിയാക്കാതെ തകർന്നുപോയേനെ. ഏതു പ്രതിസന്ധിഘട്ടത്തിലും കുട്ടികളോട് ചേർന്നു നിൽക്കുന്നവരാണ് ശരിയായ അധ്യാപകർ.
ടീച്ചറുടെ വാക്കുകള്‍ നമുക്ക് ഏറെ പ്രചോദനം തന്നെയാകും. നമ്മുടെ കഴിവുകളെ അവര്‍ തിരിച്ചറിയുന്നത് നമ്മളില്‍ മാറ്റം ഉണ്ടാക്കും അല്ലെ.
ReplyDeleteഅതേ ..അധ്യാപകർ ഒരു തലമുറയെ വാർത്തെടുക്കുന്നവർ ആണ് ...നല്ല അധ്യാപകരെ കുട്ടികൾ ഒരിയ്ക്കലും മറക്കുകയില്ല ..ആശംസകൾ
Deleteമറക്കാനാവാത്ത അനുഭവം... പഴയ അദ്ധ്യാപകരെ ഒക്കെ പോയി കാണുവാൻ ശ്രമിക്കണം... അത് അവർക്ക് നൽകുന്ന ആഹ്ലാദം അനിർവ്വചനീയമായിരിക്കും...
ReplyDeleteസത്യം.. വിനുവേട്ടാ.ആശംസകൾ
Deleteഇന്നത്തെ സാറന്മാര് യുണിയൻ പ്രവർത്തനം ശമ്പളം എനീ കാര്യങ്ങളിൽകൂടുതൽ ശ്രദ്ധ ചെലുത്തുന്നു.
ReplyDeleteഅത് സത്യം ...ബിപിൻ സാർ ആശംസകൾ
DeleteAbsolutely. good writing
ReplyDeleteThanks for visting.. All the best
Deleteവളരെ ഹൃദയസ്പർശിയായിരിക്കുന്നു ചേട്ടാ.
ReplyDeleteപ്രിയ സുധി വീണ്ടും ഈ ബ്ലോഗിൽ എത്തിയതിന് വളരെ സന്തോഷം ..എന്തേ താങ്കളുടെ ബ്ലോഗിൽ പുതിയ പോസ്റ്റുകൾ ഒന്നും കാണാത്തെ ..ബ്ലോഗ് എങ്ങനെ ജനപ്രിയം ആക്കാം എന്ന് എന്നെ പഠിപ്പിച്ചത് താങ്കൾ ആണ് ..എന്തൊങ്കിലും ഒക്കെ എഴുതുക ..വായിക്കാൻ ഞങ്ങളൊക്കെ ഉണ്ട് ...ബ്ലോഗ് ഇപ്പോഴും മറിച്ചിട്ടില്ല ..വായനക്കാർ തിരിച്ചു വരും എന്നാണ് എന്റെ വിശ്വാസം ..ആശംസകൾ .
Deleteവളരെ സന്തോഷം പുനലൂരാൻ ചേട്ടാ...വായനക്കാർ എപ്പോഴുമുണ്ട്,അഭിപ്രായം പറഞ്ഞു പ്രോത്സാഹിപ്പിക്കാനാണു ആളില്ലാത്തത്..
Deleteഞാൻ വാട്സപ്പും ഫേസ്ബുക്കും നിർത്തി.അതുകൊണ്ട് എനിയ്ക്ക് വായനയ്ക്ക് ധാരാളം സമയം കിട്ടുന്നുണ്ട്.ബ്ലോഗ് വായിക്കാൻ സമയമില്ല എന്ന് പറയുന്നവർ ഫേസ്ബുക്കിലും വാട്സപ്പിലും നിരന്തരം പോസ്റ്റിടുന്നത് കാണുന്നില്ലേ??അവർക്കൊക്കെ അതിൽ നിന്നും എന്താണു കിട്ടുന്നതെന്ന് മനസ്സിലാകുന്നില്ല.
ഫേസ് ബുക്ക് പോസ്റ്റുകൾക്കും വാട്സാപ്പ് പോസ്റ്റുകളും വലിയ പ്രസക്തി ഇല്ല .എല്ലാവർ അവ വായിച്ചു ചവറു കുട്ടയിൽ തള്ളും പിന്നെ അതൊന്നും ഓർമ്മിക്കാറെ ഇല്ല ....ബ്ലോഗ് ഒക്കെ ഇന്റർനെറ്റ് ഉള്ള കാലത്തോളം കാലാദിവർത്തി ആയി നമ്മുടെ പേജിൽ കിടക്കും ..ആർക്കും എപ്പോഴും വായിക്കാവുന്ന തരത്തിൽ ..എന്നെ ബ്ലോഗിൽ നിലനിൽക്കാൻ പ്രേരിപ്പിക്കുന്നത് ഈ ചിന്തയാണ് ...ദയവായി സമയം കിട്ടുമ്പോൾ എഴുത്ത് തുടരുക .ആശംസകൾ .
Deleteനന്നായി എഴുതി <3
ReplyDeleteസന്തോഷം ഈ വരവിനും അഭിപ്രായത്തിനും ..ആശംസകൾ
Deleteജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ചില നല്ല ഓർമ്മകൾ തന്നെ വിദ്യാലയസ്മരണകൾ. ഗുരുക്കന്മാരെക്കുറിച്ചുള്ള ഓർമ്മകൾ....
ReplyDeleteകുട്ടികളെ മനസ്സിലാക്കാനും , അവരെ സ്നേഹിക്കുവാനും അവരുടെ കഴിവുകളെ അംഗീകരിച്ചുകൊടുക്കുവാനും , കുറവുകൾ മനസ്സിലാക്കി അവർക്കു വേണ്ടുന്ന പ്രോത്സാഹനം നൽകുവാനും കഴിയുന്നവരാണ് ശരിയായ അദ്ധ്യാപകർ.
ആശംസകൾ സർ. നല്ലൊരു അനുഭവക്കുറിപ്പായിരുന്നു.
സത്യം.. മാഡം ടീച്ചർ ആണോ?.. ഒരു ടീച്ചറുടെ എല്ലാ ആത്മാർത്ഥയും വാക്കുകളിൽ കാണാം..
Deleteഎന്തെ പുതിയ പോസ്റ്റുകൾ ഒന്നും ഇടാത്തത്.. വായിക്കാൻ ഞങ്ങളൊക്കെ ഉണ്ട് ആശംസകൾ
ഇതൊരു ഗുരുദക്ഷിണ കൂടിയാണ് ...
ReplyDeleteപഴയ ഒട്ടുമിക്ക ഗുരു ശിഷ്യബന്ധങ്ങളും
ഇങ്ങനെയൊക്കെ തന്നെയായിരുന്നു .അന്നത്തെ
ഇത്തരം ടീച്ചർമാർ നമ്മുടെയൊക്കെ സ്മരണകളിൽ
എന്നും ഇതുപോലെ തന്നെ നിറഞ്ഞുനില്ക്കും ...!
സത്യം സ്കൂൾ ജീവിതത്തിൽ നമ്മെ സ്വാധീനിച്ച നല്ല ഗുരുനാഥരെക്കുറിച്ചു ഓർമ്മിക്കുന്നത് തന്നെ പുണ്യം..നന്ദി വരവിനും അഭിപ്രായത്തിനും..
Deleteനല്ല പോസ്റ്റ്! പത്താംക്ലാസ്സിലെ ഇംഗ്ലീഷ് സെക്കൻഡിൽ അവസാനം മൾട്ടിപ്പിൾ ചോയ്സ് ആയ ഒരു 7 ചോദ്യങ്ങളുണ്ട്. കൈയിലെ സംജ്ഞ കൊണ്ടാണ് അതിന്റെ ഉത്തരങ്ങൾ ബാക്കിയുള്ളവർക്ക് കൈമാറാറുള്ളത്. ആ കാലത്തെ ഈ പോസ്റ്റ് അനുസ്മരിപ്പിച്ചു. :-)
ReplyDeleteസത്യം പറഞ്ഞാൽ മുൻപും ചേട്ടന്റെ പഴയ ചില പോസ്റ്റുകൾ വായിച്ചിട്ടുണ്ടെങ്കിലും കമന്റ് ചെയ്യാനൊരു ധൈര്യമില്ലായിരുന്നു. പിന്നെ സുധിയെപ്പോലുള്ളവർ കാണിച്ചു തന്ന വഴിയേ നടന്നാണ് തുടർച്ചയായി മറ്റു ബ്ലോഗുകൾ വായിക്കാനും കമന്റ് ചെയ്യാനും തുടങ്ങിയത്. നാം മറ്റുള്ളവരുടെ പോസ്റ്റുകൾ വായിക്കുകയും കമന്റ് ചെയ്യുകയും ചെയ്താലേ മറ്റുവരും നമ്മുടെ ബ്ലോഗിൽ അതുചെയ്യൂ എന്ന വലിയ പാഠം പഠിച്ചു :-)
നന്ദി ഈ വായനയ്ക്ക് ..പ്രിയ മഹേഷ് ബ്ലോഗ് എഴുത്ത് നന്നായി ഇഷ്ടപ്പെടുന്ന ആളാണ് അല്ലേ ,ഞാൻ ഇന്നലെ തന്നെ താങ്കളുടെ ബ്ലോഗിൽ എത്തിയിരുന്നു ..പോസ്റ്റുകൾ ഗംഭീരം ..കമന്റ് ഒക്കെ പുറകെ ...ആശംസകൾ
Deleteമറക്കാന്‍ മറന്ന ഓര്‍മ്മകള്‍... നല്ല ഓര്‍മ്മകള്‍..
ReplyDeleteകോളേജില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ക്ലാസ് കട്ട് ചെയ്ത് ഇറങ്ങേണ്ട സാഹചര്യം വന്നപ്പോള്‍ , അതൊരിയ്ക്കലും ഇഷ്ടപ്പെടാത്ത സാര്‍ എന്നെ നോക്കി ഒരു ചിരി ചിരിച്ചു. "ശിവ ഇഷ്ടം പോലെ ചെയ്യൂ.." എന്നൊരു പറച്ചിലും. ആ ചിരി ഇന്നും എന്നെ വേദനിപ്പിയ്ക്കുന്നു. അതിനു മുന്‍പിലത്തെവര്‍ഷം ഇലക്ഷന് മത്സരിയ്ക്കുകയും തിരഞ്ഞെടുക്കപ്പെടുകയും ചെയ്തതിനാല്‍ എനിയ്ക്ക് പോകാതിരിയ്ക്കാനും വയ്യ. സാര്‍ എന്നെ വഴക്ക് പറഞ്ഞിരുന്നെങ്കില്‍ എനിയ്ക്കിത്ര സങ്കടം തോന്നില്ലായിരുന്നു. പക്ഷെ ആ ചിരി.. അത് ഞാനെന്നും മറക്കാന്‍ മറക്കും..
ആ ചിരി മറക്കാൻ കഴിയാത്തത് താങ്കളിൽ ഉള്ള നന്മകൊണ്ടാണ്.. സാർ അത് തിരിച്ചറിഞ്ഞു..നല്ല ഗുരുക്കൾ കുട്ടികളുടെ നന്മ വേഗം തിരിച്ചറിയും.. ആശംസകൾ
Deleteഅതെ.. അത് ഞാനും തിരിച്ചറിഞ്ഞു . അതുകൊണ്ടാണ് എനിയ്ക്ക് സങ്കടവും.
Deleteഎന്റെ ബ്ലോഗിലെ കമന്റ് കണ്ടാണ് ഈ ബ്ലോഗ്സ് അന്വേഷിച് ഞാന്‍ എത്തിയത്. കുറെ തിരഞ്ഞു. അവസാനം കണ്ടു. ഓരോന്നായി വായിയ്ക്കും സുഹൃത്തെ ..
ReplyDeleteസന്തോഷം.. ഒടുവിൽ ഇവിടെ എത്തിയതിന്.. ആശംസകൾ
Deleteകുട്ടികൾക്കൊപ്പം നിൽക്കുന്നവരെയെ നമ്മൾ പിന്നീട് ഓർക്കുകയോള്ളൂ... സ്നേഹത്തോടെ ഓർക്കുകയോള്ളൂ
ReplyDeleteഅത് വളരെ സത്യം.. നന്ദി. ആശംസകൾ
Delete