Friday, 7 October 2016

മൗത്ത് ഓർഗനും ഓർമ്മപ്പുസ്തകത്തിലെ ചില താളുകളും

മൗത്ത് ഓർഗനും  ഓർമ്മപ്പുസ്തകത്തിലെ  ചില താളുകളും





അന്ന് ഒരോണക്കാലം  ആയിരുന്നു. ഞാൻ മൂന്നിലോ നാലിലോ പഠിക്കുന്ന കാലം. ഓണം വന്നതു അറിയിച്ചുകൊണ്ട് പൂത്തുമ്പികൾ  പാറിപറക്കുന്നുണ്ടാകും  അന്ന് ഞങ്ങൾ  താമസിച്ചിരുന്ന പുല്ലരിമലയിലെ  വീടിന്റെ പരിസരത്ത്. പുനലൂർ  ഇടമണ്ണിലെ  ഒരു  ഉൾപ്രദേശം  ആണ്  ഈ സ്ഥലം.വേണ്ടത്ര ഗതാഗത സൗകര്യങ്ങളോ  കറണ്ടോ  അന്ന് അവിടെ  ഉണ്ടായിരുന്നില്ല. നാട്ടുവഴികൾ നിറയെ ഊഞ്ഞാലുകൾ  ഉണ്ടാകും ഓണക്കാലത്ത്. ഇന്നത്തെപ്പോലെ  കയറുകൊണ്ടുള്ള  ഊഞ്ഞാൽ  അല്ല  മറിച്ചു  വനത്തിൽ  നിന്നു  കൊണ്ടുവന്ന  കാട്ടുവള്ളികളിൽ  ആകും  മിക്കവാറും ഊഞ്ഞാൽ കെട്ടുക.വേലിപ്പടർപ്പുകളിൽ  തുമ്പയും മുക്കൂറ്റിയും ചെമ്പരത്തിയും  ധാരാളം. തോട്ടുവരമ്പുകളിൽ  നിറയെ അമ്മൂമ്മപഴവും കൈതപ്പൂവും   ഒക്കെ കാണും. ഇടവഴികളിലാവും ഓണക്കളികളും മറ്റു മേളവട്ടവും.


വീടിന്  മുമ്പിലത്തെ  ഇടവഴിയിൽ  ഞാൻ ഊഞ്ഞാലാട്ടം  കണ്ടുനിൽക്കുകയാണ് . ഊഞ്ഞാലിൽ  രണ്ടുപേർ  എതിർ നിന്നാകും  ആടുക. ചില്ലാട്ടം  ആടി  അങ്ങു  ആകാശം  തൊടുന്ന നിലയിൽ ആകും. നാട്ടുമാവിന്റെ  മേലേകൊമ്പിലെ  ഇലപറിച്ചു  വരും  ചിലർ. ഞങ്ങൾ കുട്ടികൾക്ക്  അതൊക്കെ  അതിശയത്തോടെ  കണ്ടുനിൽക്കാനാകും വിധി. ആരോ  ആടിവന്ന  ഊഞ്ഞാൽ  എന്റെ  ഇടതു കൺപുരികത്ത്  വന്നിടിച്ചു. ചോരചീറ്റി  തെറിച്ചത്  മാത്രം ഓർമ്മയുണ്ട്. കൂട്ടനിലവിളി കേട്ടു ഓടിവന്ന അപ്പനും അമ്മയും  എന്നെ വാരിയെടുത്തു. അന്ന് ഹോസ്പിറ്റലിലോ മറ്റോ കൊണ്ടുപോകണമെങ്കിൽ കിലോമീറ്ററുകൾ  നടക്കണം. അപ്പൻ  എന്നെ വീട്ടിൽ കൊണ്ടുവന്നു .അപ്പന് അല്പസ്വല്പം  നാട്ടുചികിത്സ  അറിയാം. എവിടെ ആയുർവേദ പൊടികൈകൾ  ഉള്ള ബുക്കുകിട്ടിയാലും  വാങ്ങി സൂക്ഷിക്കും. പത്രത്തിലോ  മറ്റോ വരുന്ന  നാട്ടുചികിത്സാവിധികൾ  ഡയറിയിൽ  എഴുതി സൂക്ഷിക്കും. അപ്പൻ  അൽപം പഞ്ചസാരയും  വീട്ടിലെ ചിമ്മിനിയിൽ  നിന്നു എടുത്ത കരിപ്പൊടിയും ചേർത്തു  ഉള്ളം കൈയ്യിൽ ഇട്ടു തിരുമ്മിപൊടിച്ചു  മുറിവിൽ അമർത്തി . ഭാഗ്യത്തിന്  ചോര നിന്നു.  നെറ്റിയിൽ  ഒരു കെട്ടുമായി  ഞാൻ  കിടക്കയിലും ഉമ്മറത്തുമായി അക്കൊല്ലത്തെ  ഓണാവധി  ആഘോഷിച്ചു.


ചെറുപ്പത്തിൽ ഓണത്തിന്  വീട്ടിൽ രസകരമായ  ഒരു  അനുഷ്ടാനമുണ്ടായിരുന്നു. ഞങ്ങൾ താമസിച്ചിരുന്ന വീടിനടുത്ത്  ഒരു പ്രായമുള്ള  ഉമ്മയും മകനും താമസ്സമുണ്ട് .വീടിന്റെ മുൻഭാഗത്ത് നാട്ടുവഴിയിലേക്ക് തുറക്കുന്ന  ഒരു ചെറിയ പീടികയിൽ നിന്നുള്ള വരുമാനം ആണ് ഉപജീവനമാർഗ്ഗം. നല്ല പ്രായമുള്ള ഉമ്മയുടെ പല്ലില്ലാത്ത മോണകാട്ടിയ ചിരിയും തോടകളുടെ ഭാരം കൊണ്ടുണ്ടായ വലിയ തുളകൾ ഉള്ള  കാതുകളും  ഇപ്പോഴും  ഓർമ്മയുണ്ട് . ഉമ്മ നല്ലവണ്ണം  വെറ്റില മുറുക്കും . നല്ല സ്നേഹമുള്ളവരായിരുന്നു  ഈ  ഉമ്മയും  മകനും. മകന്റെ പേര്  ഹംസ എന്നോ മറ്റോ ആണെന്നാണ്  ഓർമ്മ.  തിരുവോണ ദിവസം  രാവിലെ  അപ്പൻ  ഒരു കെട്ടു ജാപ്പണം പുകയിലയും  ഒരു രൂപ നാണയവും  എന്റെ  കൈയ്യിൽ  തരും . അത്  ആ  ഉമ്മയ്ക്ക്  ഓണസമ്മാനമായി  കൊടുക്കണം. വീട്ടിൽ  നിന്ന്  ഒരു നൂറുമീറ്റർ  ദൂരത്താണ്  ഈ  ഉമ്മയുടെ  വീടും പീടികയും . ഓണത്തിന്  വാങ്ങിയ  പുത്തൻ  കളികൂളിംഗ് ഗ്ലാസും കളിവാച്ചും  കെട്ടിയാകും  സ്റ്റൈലിൽ  എന്റെ അവിടുത്തേക്കുള്ള യാത്ര. ഉമ്മയുടെ  അടുത്തെത്തി  ഈ പുകയില കെട്ടും ഒറ്റരൂപാ നാണയവും  കൈമാറും. പകരമായി  ഉമ്മ ഓണത്തിന്  ഉണ്ടാക്കിയ പലഹാരങ്ങളുടെ  ഒരു പൊതി കൈയ്യിൽ തരും. മുറുക്കും അച്ചപ്പവും ഉപ്പേരിയും ഒക്കെയാകും  വിഭവങ്ങൾ . അതും കൊണ്ട്  വീട്ടിൽ  തിരിച്ചെത്തിയാകും  ഇലയിട്ടു  ഊണുകഴിക്കുക. കുറേ കൊല്ലങ്ങൾ, ആ ഉമ്മ മരിക്കുന്നത്  വരെ  തുടർന്നു പതിവ്.

ഇലയിലെ  സദ്യ അപ്പന്റെ ഒരു വീക്ക്നസ്  ആയിരുന്നു . എന്തു വിശേഷാവസരങ്ങൾ  വന്നാലും  അപ്പൻ  ഇലയിൽ  ഭക്ഷണം വിളമ്പാൻ  അമ്മയെ  നിർബന്ധിക്കും . പിറന്നാളോ  വീട്ടിൽ  വിരുന്നുകാർ  വന്നാലോ  ഇലയിൽ  ആകും  ഊണ്  വിളമ്പുക. കുട്ടികളായ ഞങ്ങൾക്കും  ഈ  ഇലയിലെ  ഊണ്  ഇഷ്ടമായിരുന്നു . അപ്പന്റെ  വീട്ടുകാർ കൃഷിക്കാർ  ആയതുകൊണ്ടാകും ഈ  വാഴയിലയോടുള്ള  താൽപര്യം എന്നു തോന്നിയിട്ടുണ്ട്.


അപ്പന്റെ വീട്ടിൽ ദിവസവും  ധാരാളം കൃഷിപ്പണിക്കാർ കാണും. വലിയ  അദ്ധ്വാനി  ആയിരുന്നു  വല്യപ്പൻ. അമ്പറയും (50 പറ) നാപ്പറയും (40 പറ) അടക്കം  ഒട്ടേറെ  വയലുകൾ.നിലം പൂട്ടുന്നതതിലും  ഞാറുവിതക്കുന്നതിലും  കിളിയെ  ഓടിക്കുന്നതിലും   ഒക്കെ അപ്പനും ഇളയപ്പന്മാരും  പണിക്കാരോട് ചേരും. എം .കോമിന്  പഠിക്കുന്ന  ഇളയപ്പനും പണിക്കാരും  ചേർന്നാകും  ചിലപ്പോൾ  നിലം  ഉഴുതുക. ദേഷ്യം വന്നാൽ  വല്യപ്പൻ  പൂട്ടുവടി  എടുത്താകും  മക്കളെ  തല്ലുക. എന്നാൽ കൊച്ചുമക്കളോടൊക്കെ  വലിയ സ്നേഹമാണ്. രാവിലെ  പണിസ്ഥലത്തേക്ക് ഒരു വലിയ  ചരുവം നിറയെ പുഴുക്കും കഞ്ഞിയും  കാച്ചിലോ ചേനയോ കൊണ്ടുള്ള  അസ്ത്രവും       (മഞ്ഞക്കറി) കൊണ്ട്  പെൺമക്കളും കൊച്ചുമക്കളും പോകും. കൊച്ചുമക്കളിൽ മൂത്തവൻ ഞാനാണ്. വലിയ കൗതുകത്തോട് കൂടെ  ഞാൻ  പണിക്കാരും അപ്പനും  ഇളയപ്പൻമാരും  കഞ്ഞികുടിക്കുന്നത്  കണ്ടു നിന്നിട്ടുണ്ട് . തറയിൽ  ഒരു കുഴികുത്തി അതിൽ ഒരു വാഴയില  ഇടും , അതിലാകും  കഞ്ഞിയും പുഴുക്കും  വിളമ്പുക . പ്ലാവിലകൊണ്ട് കുത്തിയ കുമ്പിളിൽ കഞ്ഞികോരികുടിക്കുന്നത്  ഇപ്പോഴും  എന്റെ ഓർമ്മകളിൽ  ഉണ്ട് . ഈ യാത്ര  എനിക്ക് വലിയ ഇഷ്ടം  ആയിരുന്നു, കാരണം  തിരികെപോകുമ്പോൾ  ഇളയപ്പൻ  തോട്ടിൽനിന്ന് പൊത്തയെ പിടിച്ചു  ചേമ്പിലയിൽ  ആക്കി  കൈയ്യിൽ  തരും . എന്ത്  രസമായിരുന്നു  അന്നൊക്കെ.

അന്നത്തെ  വാഴയിലയിലെ  കഞ്ഞികുടിയാകും  അപ്പനെ  ഒരു  വാഴയിലപ്രേമിയാക്കിയത്  എന്നു  എനിക്ക് പിന്നീട്  തോന്നിയിട്ടുണ്ട്. ഇപ്പൊ  പിന്നെ  വിതയ്ക്കലുമില്ല  കൊയ്യലുമില്ല  ഒരു തുണ്ട് 
വയലുമില്ല .... അരി തീർന്നെന്നു  അമ്മ  വിളിച്ചു പറഞ്ഞപ്പോൾ  വീടിന്റെ  അടുത്തുള്ള സൂപ്പർമാർക്കറ്റിൽ  നിന്ന് തമിഴൻ  ചെക്കൻ  പത്തുകിലോയുടെ  നിറപറ വടിയരി  വീട്ടിൽ  എത്തിച്ചു. മലയാളി  എത്രകണ്ട്  മാറിയിരിക്കുന്നു?...


ഏതോ ഒരു  ഓണക്കാലത്താണ്  എന്റെ  അയൽവാസിയായ കളിക്കൂട്ടുകാരൻ സഞ്ജിത്തിന്  അവന്റെ  മാമൻ  ലണ്ടനിൽ നിന്ന്  ഒരു മൗത്ത് ഓർഗൻ കൊണ്ടുവന്നു കൊടുത്തത്. മൗത്ത് ഓർഗനൊക്കെ  അന്നത്തെ കാലത്ത് കുട്ടികൾ  കണ്ടിട്ടുപോലും  ഉണ്ടാകില്ല . ആ  മൗത്ത് ഓർഗൻ ഞങ്ങൾ കുട്ടികൾക്കിടയിൽ  ഒരു വലിയ സംസാരവിഷയമായി മാറി. മൗത്ത് ഓർഗനിൽ ഒന്നു തൊടുവാൻ കൂടെ അവൻ  ഞങ്ങളെ  സമ്മതിക്കില്ല . വായിൽ വെച്ചു ചെറുകെ  ഒന്നു ഊതിയാൽ തന്നെ മനോഹരമായ സംഗീതം പൊഴിക്കുന്ന  ആ മൗത്ത് ഓർഗൻ ഒരു അത്ഭുതവസ്തുവായിരുന്നു ഞങ്ങൾ കുട്ടികൾക്ക്.മൗത്ത് ഓർഗൻ സൂക്ഷിക്കുവാൻ  ഒരു ചെറിയ പേടകവും ഉണ്ട്. അവൻ  ഊതിയിട്ട്  വെൽവെറ്റ്  തുണികൊണ്ട്  തുടച്ചു ആ  പെട്ടിയിൽ  ഭദ്രമായി  സൂക്ഷിക്കും. എന്താ  ഗമ... ആരെങ്കിലും മൗത്ത് ഓർഗനെ കുറിച്ച്  ചോദിച്ചാൽ  പിന്നെ ഒരു ലഘുപ്രഭാഷണം  തന്നെ  അവൻ നടത്തും. പുറത്തെടുത്തു പ്രദർശിപ്പിക്കും ,പക്ഷെ  ഊതാൻ മാത്രം  കൊടുക്കില്ല.

ഞാൻ വീട്ടിൽ പൊടിപ്പും തൊങ്ങലും  വെച്ചു മൗത്ത്  ഓർഗനെക്കുറിച്ചു  വർണ്ണിച്ചു . എനിക്കും ഒരു മൗത്ത് ഓർഗൻ  വേണം  എന്ന ആവശ്യം അപ്പനുമുമ്പാകെ അവതരിപ്പിച്ചു.പക്ഷേ  ആദ്യമൊക്കെ അപ്പൻ അത് ഈ നാട്ടിൽ കിട്ടുകയില്ല എന്നു പറഞ്ഞു രക്ഷപെടാൻ നോക്കി .ശരിയാണ് പുനലൂർ പട്ടണത്തിൽ  അക്കാലത്ത്  ഒരു മൗത്ത് ഓർഗൻ കിട്ടുക അസാദ്ധ്യം. എന്റെ  നിർബന്ധം ദിവസം ചെല്ലുംതോറും കൂടിവന്നു . അപ്പൻ കൂടെ ജോലി ചെയ്യുന്ന സാറന്മാരോടൊക്കെ  മൗത്ത് ഓർഗൻ എവിടെ കിട്ടും  എന്നു തിരക്കി .ആരോ തിരുവനന്തപുരത്തെ  ഏതോ  കടയിൽ മൗത്ത് ഓർഗൻ കിട്ടും  എന്നു അപ്പനോട് പറഞ്ഞു.അപ്രാവശ്യം  ഓണഅഡ്വാൻസും  ശമ്പളവും കിട്ടിയ ദിവസം അപ്പൻ എന്നോട് പറഞ്ഞു

'' നീ  വിഷമിക്കേണ്ട ..ഞാൻ തിരുവനന്തപുരത്ത് പോയി  നിന്റെ ആശപോലെ  ഒരു മൗത്ത് ഓർഗൻ  വാങ്ങിതരാം ''

പിറ്റേ ദിവസം രാവിലെ അപ്പൻ തിരുവന്തപുരത്തേക്ക് പോയി. അന്ന് പുനലൂരിൽ നിന്നു തിരുവനന്തപുരത്തൊക്കെ പോയി വരിക എന്നത് ഏറെ ദുഷ്കരം . അതും ഒരു മൗത്ത് ഓർഗന്  വേണ്ടി  തിരുവനന്തപുരത്തൊക്കെ  പോകുക എന്നു കേട്ടാൽ ആളുകൾ  ചിരിക്കും. ഞാൻ മൗത്ത് ഓർഗനുമായി  അപ്പൻ വരുന്നതും കാത്തിരിപ്പായി.രാത്രി ആയിട്ടും അപ്പൻ  വന്നില്ല.പുനലൂരിൽ നിന്ന് രാത്രി കിഴക്കോട്ട് പത്തുമണിക്കോ  മറ്റോ  ആകും  ലാസ്റ്റ്  പൂത്തോട്ടം ബസ്സ് . അപ്പനെ കാത്തിരുന്നു ക്ഷീണിച്ചു  ഞാൻ ഉറങ്ങിപ്പോയി . രാത്രി  എപ്പഴോ അമ്മ തട്ടി ഉണർത്തിയപ്പോളാണ്  അപ്പൻ വന്നത് അറിയുന്നത്. ചിമ്മിനി  വെളിച്ചത്തിൽ  ഞാൻ കണ്ടു അപ്പന്റെ കൈയ്യിലെ  വർണപെട്ടിയിൽ  ഞാൻ  ആഗ്രഹിച്ച  മൗത്ത് ഓർഗൻ. എനിക്കു  സന്തോഷം കൊണ്ട് തുള്ളിച്ചാടാൻ തോന്നി . ആ പാതിരാത്രി തന്നെ കുറേ പ്രാവശ്യം മൗത്ത് ഓർഗൻ ഊതി സംതൃപ്തി അടഞ്ഞു. ഒടുവിൽ ഊത്ത്  കേട്ട്  വല്ല പാമ്പോ മറ്റോ കയറി വരും  എന്നു അപ്പൻ പറഞ്ഞിട്ടാണ് മൗത്ത്  ഓർഗൻ  വായന  നിറുത്തിയത്. പിറ്റേന്ന് തിരുവോണത്തിന്  സഞ്ജിത്തിനു മുമ്പിൽ കുറേ തവണ മൗത്ത് ഓർഗൻ  ഊതി  വാശി തീർത്തു . കൂടെയുള്ള കൂട്ടുകാർക്കും ഞാൻ മടികൂടാതെ മൗത്ത് ഓർഗൻ  വായിക്കാൻ കൊടുത്തു


ഇതൊക്കെ ഓർക്കുമ്പോൾ  ഇന്നലെ കഴിഞ്ഞതുപോലെ തോന്നുന്നു. ഈ  ഓണവും കടന്നുപോയി . പക്ഷെ അപ്പൻ  ഓണത്തിന് മുമ്പേ ഈ ലോകത്തിൻ നിന്നു പോയി . വാഴയിലയേയും  സദ്യയേയും ഇഷ്ടപ്പെട്ട  അപ്പൻ ...മകന്റെ  പൊട്ട പിടിവാശിക്കായി  തിരുവനതപുരം വരെ  പോകാൻ  മടിയില്ലാത്ത അപ്പൻ ... അപ്പനേക്കുറിച്ചുള്ള  ഓർമ്മകളോടെ അശാന്തമായ  മനസ്സുമായി  ഇരിക്കുമ്പോളാണ്  തിരുവോണത്തിന്റെ  തലേന്ന്  അടൂർ തേപ്പുപാറയിലെ  അനാഥാലയത്തിൽ നിന്ന് ഒരു ഫോൺ കോൾ . തേങ്ങുന്നതുപോലെ  ഒരു സ്ത്രീ ശബ്ദം ..

''നാളെ തിരുവോണമാണ്  സർ ..ഇതു വരെ  ഓണസദ്യയ്ക്ക്  ആരും സഹായം എത്തിച്ചിട്ടില്ല . ഇവിടുത്തെ അന്തേവാസികൾക്ക് ഓണസദ്യ കൊടുക്കാമോ സർ?...''

രണ്ടാമതൊന്ന്  ആലോചിച്ചില്ല, ശരി എത്ര വേണമെങ്കിലും ചിലവഴിച്ചോളൂ...ഒന്നാന്തരം  ഒരു  സദ്യ ഒരുക്കികൊള്ളുക  എന്നു  ഞാൻ മറുപടി പറഞ്ഞു. ഓണത്തിന് അവരോടൊപ്പം  ഉണ്ണാൻ ഇരുന്നു. പ്രായം ചെന്നവരും കുട്ടികളും ഒക്കെ ചേർന്നു  ഒരു പത്തുമുപ്പതുപേർ. പലരും വീൽ ചെയറിലും വാക്കറിലും മറ്റും ആണ്. ഊണിന് മുമ്പ് രണ്ടുമൂന്നു  കുട്ടികൾ  ചേർന്നു  ഒരു പാട്ടുപാടി..

കരുതുന്നവൻ  ഞാൻ അല്ലയോ കലങ്ങുന്നതെന്തിനു  നീ 
കണ്ണുനീരിന്റെ താഴ്വരയിൽ കൈവിടുകയില്ല ഞാൻ നിന്നെ ....


ഒന്നും കഴിക്കാൻ തോന്നുന്നില്ല. വിശപ്പൊക്കെ എവിടേയോ പോയ്മറഞ്ഞതുപോലെ. എന്തൊക്കെയോ  കഴിച്ചെന്നു വരുത്തി ഞാൻ  എഴുന്നേറ്റു. അടുത്തിരിക്കുന്ന വൃദ്ധന്റെ മുഖത്തേക്ക് ഞാൻ  ഒന്നു നോക്കി.. സദ്യ കഴിക്കുമ്പോൾ അപ്പന്റെ മുഖത്ത് കാണുന്ന അതേ  വ്യഗ്രതയും ഉത്സാഹവും  ആ മുഖത്തും .. മെല്ലെ ഓർമ്മകൾ  വന്നു കണ്ണുകളെ  മൂടി..ചുറ്റുമുള്ള കാഴ്ച്ചകൾ  ഒക്കെ പതിയെ കണ്ണിൽ നിന്നു മറഞ്ഞു. മൗത്ത് ഓർഗനു വേണ്ടി  വാശി പിടിക്കുന്ന ആ പഴയ കുട്ടിയായി  ഞാൻ  മാറി....

20 comments:

  1. സജി, നിന്റെ വരികൾ സത്യത്തിൽ കണ്ണിനെ ഈറൻ അണിയിച്ചു.... ഇനി കൂടുതൽ എഴുതുന്നില്ല..... നെൽസൺ

    ReplyDelete
    Replies
    1. പ്രിയ നെൽസൺ അനുഭവങ്ങളാണ് എഴുത്താകുന്നത് . നന്ദി വായനയ്ക്കും അഭിപ്രായത്തിനും

      Delete
  2. ചേട്ടാ,നല്ല ഓർമ്മകൾ!!നിറഞ്ഞ മനസ്സോടെ വായന അവസാനിപ്പിച്ചു.നന്മ വരട്ടെ.

    ReplyDelete
    Replies
    1. പ്രിയ സുധി ഇഷ്ടപ്പെട്ടവർ ഒരുപാട് ഓർമ്മകൾ നൽകിയാകും പോകുക . വായിച്ചതിനും അഭിപ്രായത്തിനും നന്ദി ...സസ്നേഹം ...

      Delete
  3. ചേട്ടാ...
    മനസ്സിൽ തട്ടിയ എഴുത്ത്, നല്ല അനുഭവങ്ങളും ഓർമ്മകളും, ഇന്ന് എനിക്ക് ഒക്കെ സ്വപ്നത്തിൽ കാണാൻ പറ്റുന്ന ആ ഊഞ്ഞാൽ ആട്ടം ഒക്കെ ചേട്ടന് ശരിക്ക് അനുഭവിക്കാൻ കഴിഞ്ഞു എന്നറിഞ്ഞതിന്റെ ചെറിയ അസൂയ ഉണ്ട് എനിക്ക്.

    ഇഷ്ടമായി.,,,

    ReplyDelete
    Replies
    1. നന്ദി സുഹൃത്തേ , പുതിയ തലമുറയ്ക്ക് അന്യമായ ഇതൊക്കെ ആഗ്രഹിക്കുന്ന നിങ്ങളെപ്പോലുള്ളവർ ഉണ്ടെന്നു അറിയുന്നതുതന്നെ സന്തോഷം ...നന്ദി വായനയ്ക്കും അഭിപ്രായത്തിനും

      Delete
  4. Pleasant memories
    Well presented one.
    I love it.
    Keep writing
    Thanks for sharing
    @PVAriel

    ReplyDelete
  5. ഞാനീ ബ്ലോഗിൽ ആദ്യവരവാണ്. നല്ലൊരു വായന സമ്മാനിച്ചതിൽ ആദ്യമേ നന്ദി പറയട്ടെ. ഓർമ്മകൾ പങ്കുവയ്ക്കൽ രസകരവും, മനസ്സിൽ സന്തോഷം നിറയ്‌ക്കുന്നതുമായിരുന്നു . അവസാന വരികൾ മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തി.
    ആശംസകൾ

    ReplyDelete
    Replies
    1. നന്ദി മാഡം വരവിനും വായനയ്ക്കും . എഴുത്തിന്റെ ലക്ഷ്യം വായനക്കാരിൽ ഗൃഹാതുരത്വവും സന്തോഷവും നന്മയും നിറക്കുന്നതാകണം എന്നതാണ് എന്റെ ആഗ്രഹം . നന്ദി വായനയ്ക്കും മനസ്സിൽ തട്ടുന്ന മറുപടിക്കും ...

      Delete
  6. പുനലൂരാന്റെ ഓണ ഓർമ്മകൾ മനസ്സിൽ പൂത്തിരി കത്തിച്ചു. ഒപ്പം നഷ്ടബോധത്തിന്റെ ദുഖവും. നന്നായി എഴുതി.മനസ്സിൽ തട്ടുന്ന വിധം. ഓണത്തിന്റന്നു അപ്പൂപ്പന് പൊയില കൊണ്ട് കൊടുക്കുന്ന കാര്യവും ഓര്മ വന്നു.

    ReplyDelete
    Replies
    1. നന്ദി സർ . നഷ്ടപ്പെട്ടതൊന്നും തിരികെ കിട്ടില്ല .. ഓർമ്മകൾ മാത്രം പിന്തുടരും ..ആശംസകൾ .വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി

      Delete
  7. നല്ലൊരു ഓണസദ്യയുണ്ട പ്രതീതി..വരികളില്‍ കൂടി ഓര്‍മ്മളിലേക്ക് ഒരു പിന്‍ നടത്തം ..ആദ്യമായിട്ടാണ് ഈബ്ലോഗിലെത്തിയത് എന്ന് തോന്നുന്നു.വായന മടുപ്പിക്കാത്ത വിവരണവും ,അവതരണവും ....ഇനിയും എഴുതുക ,പുതിയ പോസ്റ്റുകള്‍ ,അറിയിക്കാതിരിക്കാന്‍ മറക്കാതിരിക്കുക!!ആശംസകള്‍...

    ReplyDelete
    Replies
    1. തീർച്ചയായും സുഹൃത്തേ . വളരെ നന്ദി വായനയ്ക്കും മനസ്സിൽ തട്ടുന്ന അഭിപ്രായത്തിനും

      Delete
  8. ഒന്നാലോചിച്ചാൽ ഈ ഓണവും ക്രിസ്ത്മത്സും പെരുന്നാളും ഒക്കെയാണ് നമ്മുടെ ഓർമ്മകളുടെ സംരക്ഷകർ .ഓണത്തിൽ കോർത്ത ഓർമ്മയുടെ മുത്തുകൾ വളരെ ഇഷ്ടപെട്ടു . ആശംസകൾ ...

    ReplyDelete
    Replies
    1. നന്ദി സുഹൃത്തേ ഇവിടെ എത്തിയതിനും പ്രോത്സാഹനത്തിനും......

      Delete
  9. ഓർമ്മകളുടെ പൂത്തിരി
    കത്തിച്ച് ആ വർണ്ണ ഭംഗിയുടെ
    വെട്ടത്താൽ ശോഭിച്ച കുറിപ്പുകൾ ...

    ReplyDelete
    Replies
    1. സന്തോഷം ..വളരെ നന്ദി ചെങ്ങാതി വരവിനും വായനയ്ക്കും ..

      Delete
  10. വായനക്കാരെ പിടിച്ചിരുത്തുന്ന ഈ ശൈലിയെ ഞാന്‍ ആരാധിയ്ക്കുന്നു സുഹൃത്തേ..

    ReplyDelete
    Replies
    1. വളരെ സന്തോഷം..മനസ്സിൽ തട്ടിയ ഈ അഭിപ്രായത്തിന് ..ആശംസകൾ

      Delete