Friday, 5 August 2016

ഒരു ഗിന്നസ് റെക്കോർഡ് നഷ്ടമായതിന്റെ കഥ


ഒരു ഗിന്നസ്  റെക്കോർഡ്  നഷ്ടമായതിന്റെ  കഥ





പത്താംക്ലാസ്സിൽ  പഠിക്കുമ്പോൾ ക്ലാസ്സിലെ ചെറിയ കുട്ടിയാണ് ഞാൻ. ചെറിയ കുട്ടികൾക്ക്  ക്ലാസ്സിൽ  ആദ്യത്തെ  ബെഞ്ചിലാണ് സ്ഥാനം. മുമ്പിലത്തെ ബഞ്ചിലിരിക്കുക അത്ര സുഖമുള്ള ഏർപ്പാട് അല്ല. ഒരു മാതിരി തറടിക്കറ്റുകാരുടെ സ്ഥാനം. എന്തെങ്കിലും കുരുത്തക്കേട്  കാട്ടിയാൽ  സാറുന്മാരുടെ  കണ്ണിൽ  പെട്ടെന്ന്  പെടും. കയ്യിൽ  ഇരിക്കുന്ന വടികൊണ്ട് അടിയോ ചോക്ക് കൊണ്ട് ഏറോ  ഇൻസ്റ്റന്റ്  പ്രൈസ്  ആയി കിട്ടും, കൂടാതെ ചിലപ്പോൾ  ചെവിക്ക് പിടിയും. ഒരു വിധം തരക്കേടില്ലാതെ  പഠിക്കുന്നത് കൊണ്ട്  ഉത്തരം കിട്ടാതെ അലയുന്ന എല്ലാ ചോദ്യങ്ങളും  കറങ്ങിത്തിരിഞ്ഞു എന്റെ  അടുക്കൽ  എത്തും. ഉത്തരം  പറഞ്ഞില്ലെങ്കിൽ  അതിനും തല്ലുകൊള്ളും. ഇനി ഉത്തരം അറിയാമെങ്കിൽ പുറകിൽ  ഇരിക്കുന്ന മൂരികൾക്ക്  പറഞ്ഞു കൊടുത്തില്ലെങ്കിൽ കിട്ടുന്ന കിഴുക്ക്       വേറെ. ഏതാണ്ട്,  കഴുത്തുവരെ  പെരുമ്പാമ്പ്  വിഴുങ്ങിയവന്റെ തലയിൽ ആന ചവുട്ടിയ പോലെ..  ആകെ കൂടി അത്ര സുഖമില്ലാത്ത അവസ്ഥ.


പത്താംക്ലാസ്സിൽ എത്തിയെങ്കിലും  എന്നെ കണ്ടാൽ അതിന്റെ പകിട്ട് ഒന്നും ഇല്ല. വലിയ ചൗക്കാളം പോലുള്ള ഹാഫ് നിക്കറും ഷർട്ടും ആണ് എന്റെ വേഷം.  ക്ലാസ്സിലെ മിക്കവാറും കുട്ടികൾ പാന്റ്സും മുണ്ടും  ധരിക്കുമ്പോൾ  എനിക്ക് നിക്കറിൽ  നിന്ന് പ്രമോഷൻ കിട്ടാൻ  പത്താംക്ലാസ്സ്  കഴിയേണ്ടിവന്നു. ഞാൻ  വളർന്നു എന്നു വീട്ടുകാർക്കും തോന്നേണ്ടേ. മുഖത്താണെങ്കിൽ  പൊടിമീശ  ഒന്നും മുളയ്ക്കുന്ന ലക്ഷണം കാണുന്നില്ല. ആകെക്കൂടി  ഒരു മൈനർലുക്ക്. ആനപെട്ടകോങ്കലിൽ നിന്നു വരുന്ന  എന്റെ കൂട്ടുകാരൻ  കുരങ്ങു ബാബു  രഹസ്യമായി ഒരു സാധനം മീശ വളരാൻ കൊണ്ടുതന്നു. നല്ല ഒന്നാന്തരം കരടി നെയ്യ്‌. എന്നിട്ടു ഒരു ഉപദേശവും..

'' കൈവെള്ളയിൽ ഒന്നും കരടിനെയ്യ് പറ്റാതെ നോക്കണം. അല്ലെങ്കിൽ കൈവെള്ളയിൽ രോമം വളരും. ''

നായാട്ടുകാരനായ അവന്റെ ഇളയപ്പൻ എങ്ങാണ്ടുനിന്നു  കൊണ്ടുകൊടുത്തതാണ് ഈ കരടി നെയ്യ്.  അവന്റെ  അപ്പൻ അലമാരിയിൽ ഭദ്രമായി  വെച്ചിരുന്നെടുത്തുനിന്ന് ചൂണ്ടി കൊണ്ടുവന്നതാണ് അവൻ  എനിയ്ക്കു വേണ്ടി. എന്തൊരു സ്‌നേഹമുള്ള ചെങ്ങാതി. ചങ്ങാതിമാരായാൽ  ഇങ്ങനെ വേണം . അതു കൊണ്ടല്ലേ പണ്ടാരോ  ചങ്ങാതി  നന്നായാൽ  കണ്ണാടി  വേണ്ട  എന്നു പറഞ്ഞത്. അന്ന് മുഴുവൻ  മുഖത്തു മീശ കിളിക്കുന്നതോർത്ത്  ആകെ  ഒരു  രോമാഞ്ചം.  കുളിർത്തിട്ട് രോമാഞ്ചം കൺട്രോൾ  ചെയ്യാൻ കമ്പളിപുതപ്പ്  തേടി ഓടേണ്ട അവസ്ഥ. പൊടിമീശ വെച്ചു പാന്റ്സ് ഒക്കെയിട്ടു അടിപൊളിയായി സ്കൂളിൽ പോകുന്നത് ഞാൻ സ്വപ്നം കണ്ടു. വീട്ടുകാർ അറിയാതെ കുറേനാൾ  അതു  പുരട്ടിയെങ്കിലും  മീശ പോയിട്ട്  ഒരു ചെറിയ പൂടപോലും വളർന്നില്ല. കണ്ടൻപൂച്ച മീശ കുരുത്തോ  എന്നറിയാൻ വെള്ളത്തിൽ നോക്കുന്നതു പോലെ ഞാൻ ദിവസവും അലാറം വെച്ചു പലതവണ കണ്ണാടിയിൽ നോക്കിയത് മാത്രം മിച്ചം. അങ്ങനെ ആ മഹത്തായ ഉദ്യമം ഞാൻ പാതിവഴിയിൽ  ഉപേക്ഷിച്ചു.


എന്റെ ക്ലാസ്സിലെ തടിമാടന്മാരുടെ മുമ്പിൽ  ഞാൻ ചിന്ന പയ്യൻ. എന്നാലും കുരുത്തക്കേടിനൊന്നും  ഒരു കുറവും ഇല്ലായിരുന്നു. ഒരു ദിവസം ക്ലാസ്സിലെ ഏറ്റവും പൊണ്ണനായ ഭീമസേനൻ എന്നു വിളിപ്പേരുള്ള ചന്ദ്രശേഖരൻ  എന്നെ  തോളിൽ എടുത്ത് സ്കൂളിന്റെ  മുമ്പിലെ  വീടിന്റെ പുറത്തേക്ക് നിൽക്കുന്ന മാവിൽ നിന്നു മാങ്ങ പറിക്കുന്നത് ദൂരെ നിന്ന് ഹെഡ്മാസ്റ്റർ കണ്ടു. സാർ ആളെ വിട്ടു ഞങ്ങളെ വിളിപ്പിച്ചു. ഒത്തിരി വഴക്കുകിട്ടിയത് കൂടാതെ ഓഫീസ് റൂമിന്റെ  വെളിയിലെ വരാന്തയിൽ മാങ്ങ പറിക്കാൻ നിന്ന പോസിൽ ചന്ദ്രശേഖരന്റെ തോളിൽ എന്നെ കയറ്റി ഞങ്ങളെ ഉച്ചവരെ സാർ നിറുത്തി. റോഡിൽ കൂടി പോകുന്ന നാട്ടാർക്ക് ചിരിക്കാൻ ഒരു വഴിയായി. അതിന് ശേഷം കൂട്ടുകാർക്കിടയിൽ ഞങ്ങൾക്ക് വിക്രമാദിത്യനും  വേതാളവും എന്ന പേരുവീണു കുറെ നാളത്തേക്ക്.


പത്താംക്ലാസ്സ്  പരീക്ഷ കഴിഞ്ഞതോടെ ഞാൻ വീട്ടിൽ ഏകപക്ഷീയമായി  എന്റെ തീരുമാനം അറിയിച്ചു.

'' ഇനി മുതൽ ഞാൻ പാന്റ്സോ മുണ്ടോ മാത്രമേ ഇടുകയുള്ളു. അല്ലെങ്കിൽ  വീടിന് പുറത്തു ഇറങ്ങുകയില്ല കട്ടായം...''

എന്റെ ഒന്നൊന്നര ശപഥം കേട്ടു മനസ്സലിഞ്ഞിട്ടാണോ ആവോ ആ മാസത്തെ ശമ്പളം കിട്ടിയപ്പോൾ അപ്പൻ പുനലൂർ പി. എൻ. എസ്സിൽ  പോയി  രണ്ടു  പാന്റിനുള്ള  തുണി വാങ്ങിക്കൊണ്ടു വന്നു. അടുത്തുള്ള തയ്യക്കാരൻ സുരഅണ്ണനെ കൊണ്ട് രണ്ടു പാന്റ്സ് തയ്പ്പിച്ചു തന്നു. അന്നത്തെ പാന്റ്സ് കാണാൻ നല്ല രസമാണ്. അരഭാഗം ഇറുകിയും പാന്റ്സിന്റെ കാലുകൾ ആനക്കാലുപോലെയും കിടക്കും. ബെൽബോട്ടം  എന്നാണ് സായിപ്പ്  കനിഞ്ഞു തന്ന നാമം. പാന്റ്സ്  ഒക്കെയിട്ടു കൊല്ലം ചെങ്കോട്ട റോഡിലൂടെ ഒരു വാടകസൈക്കിൾ  എടുത്തു തെക്കോട്ടും വടക്കോട്ടും ഓടിച്ചു, ഞാൻ  നാട്ടാരെ  ഒക്കെ എന്റെ പാന്റ്സ്  കാണിച്ചു.  കൂടെ പഠിച്ച പെമ്പിള്ളേരുടെയും കൂട്ടുകാരുടെയും  വീടിന്റെ  അടുത്താകുമ്പോൾ അല്പം  സ്റ്റൈലിൽ ആകും സൈക്കിൾ  ഓടീര്. ഏതാണ്ട് ടാറിട്ട റോഡിലൂടെ ചേര പായുന്നതുപോലെ വളഞ്ഞും പുളഞ്ഞും ഒരു പോക്ക്. കൂട്ടത്തിൽ  പുട്ടിനു  പീരപോലെ മാളോരേ കേൾപ്പിക്കാൻ ഇടയ്‌ക്കിടെ ബെല്ലും അടിക്കും. ഞാൻ മേജർ ആയെന്ന്  അവരൊക്കെ ഒന്നു കാണട്ടെ.


അവധിക്കാലം നല്ല രസമുള്ള കാലമാണ്. കാലത്ത്  എഴുന്നേറ്റാൽ  വൈകുന്നേരം വരെ ക്രിക്കറ്റ്  കളിയാണ് പ്രധാന പരിപാടി . ഇടമൺ ഹൈസ്കൂളിന്റെ പുതിയ ഗ്രൗണ്ടിലാണ് കളി. അവധിക്കാലം ആണെങ്കിലും സ്കൂൾ ഓഫീസ് ഉള്ളതിനാൽ ഹെഡ്മാസ്റ്റർ മാത്യുസാറും ക്ലാർക്കും സ്കൂളിൽ കാണും. അവധി ആയതിനാൽ സാറിനും ഞങ്ങൾ ക്രിക്കറ്റ് കളിക്കുന്നതിന് പരിഭവം ഒന്നും ഇല്ല. അങ്ങനെ ഒന്നൊന്നര മാസം കഴിഞ്ഞപ്പോൾ പത്താം ക്ലാസ്സ് പരീക്ഷയുടെ റിസൾട്ട് വന്നു. ഞാൻ ഫസ്റ്റ് ക്ലാസ്സോടെ പത്താം ക്ലാസ്സ് പാസായി. എന്റെ  ഗമ ഒരു 110 ഡിഗ്രി കൂടി. അതെന്താണ്  110ന്റെ കണക്ക് എന്നല്ലേ ചോദ്യം. സാധാരണ കൂടുന്ന ഗമ 100 ഉം പത്താം ക്ലാസ്സ് ആയതിനാൽ ഒരു 10  ഡിഗ്രി കൂടുതലും. അന്നൊക്കെ പത്താം ക്ലാസ്സിൽ  ഫസ്റ്റ് ക്ലാസ്സ്  കിട്ടുക  എന്നു വെച്ചാൽ  ഇന്നു മെഡിക്കൽ എൻട്രൻസ് പരീക്ഷ പാസായ ഗമയാണ്. .
റിസൾട്ട്  വന്നെങ്കിലും ക്രിക്കറ്റ് കളിക്ക്  ഒന്നും ഒരു കുറവും വന്നില്ല. രാവിലെ കാപ്പികുടി കഴിഞ്ഞാൽ  ഞങ്ങൾ സംഘമായി ഒരു ബാറ്റും തൂക്കി ഇറങ്ങും. ജോണിഅപ്പാപ്പൻ (ഇളയപ്പൻ) മസ്കറ്റിൽ നിന്ന് കൊണ്ടുവന്ന ഫോറിൻ കൈലിയും ടീഷർട്ടും ആയിരിക്കും മിക്കവാറും എന്റെ വേഷം. അന്നത്തെ ഗ്രാമങ്ങളിൽ അതൊക്കെ ഒരു സ്റ്റൈലാണ്, ഫോറിൻ കൈലിയും പളപളപ്പൻ ടീഷർട്ടും. ഫോറിൻ കൈലിയൊക്കെ അടിപൊളിയാണെങ്കിലും  ഉടുത്താൽ അരയിൽ തന്നെ നിൽക്കാൻ വളരെ ബുദ്ധിമുട്ടാണ്. പോളിസ്റ്റർ തുണി ആയതിനാൽ ഊരി പോകാതിരിക്കാൻ  ഒരു  ചരടുവെച്ചു  കെട്ടണം. ക്രിക്കറ്റ് കളിയുടെ കാര്യം പറഞ്ഞാൽ ഞാൻ കളിയിൽ ചൂത്തയാണ്. മിക്കവാറും സബ്സ്റ്റിറ്റ്യൂട്ട്  ആയി ഓടാൻ ആയിരിക്കും എന്റെ വിധി. കപിൽദേവ് ലോകകപ്പ്  ഒക്കെ ജയിച്ചു ഇന്ത്യ ക്രിക്കറ്റ് കളിയിൽ കത്തി നിൽക്കുന്ന സമയം അല്ലേ, സബ്സ്റ്റിറ്റ്യൂട്ട് എങ്കിൽ സബ്സ്റ്റിറ്റ്യൂട്ട്..


അങ്ങനെയിരിക്കെ  ഒരു ദിവസം ഞാൻ ഗ്രൗണ്ടിൽ നിന്ന് ക്രിക്കറ്റ് കളിക്കുന്നതു കണ്ട മാത്യൂ സാർ  ജനലിലൂടെ  എന്നെ കൈനീട്ടി  വിളിച്ചു. കൈലിയും ഉടുത്തു കൊണ്ട്  സാറിന്റെ  അടുത്തു പോകാൻ മടിയാണെങ്കിലും  എന്തെങ്കിലും കാര്യം  കാണും എന്നു വിചാരിച്ചു മനസ്സില്ലാമനസ്സോടെ  ഞാൻ ഓഫീസിലേക്ക് പോയി. സാറിനോടുള്ള ബഹുമാനത്തിൽ മടക്കികുത്തിയ കൈലി കുത്ത് ഒക്കെ അഴിച്ചു ഫുൾസൂട്ടിൽ മര്യാദ രാമനായി  ഞാൻ ഓഫീസിൽ കയറി. പത്താം ക്ലാസ്സിന്റെ മാർക്കുലിസ്റ്റ്  വന്നിട്ടുണ്ട് എന്നു സാർ വല്യകാര്യത്തിൽ പറഞ്ഞു. നേരത്തെ മാർക്ക് അറിഞ്ഞതിനാൽ എനിക്ക് വലിയ ടെൻഷൻ ഒന്നും തോന്നിയില്ല.

'' തനിക്ക് വേണമെങ്കിൽ ഒപ്പിട്ടു  എസ്.എസ്.എൽ.സി  ബുക്ക്  വാങ്ങിക്കൊണ്ടു പോകാം. ''

സാർ പറഞ്ഞു. ഏതായാലും സാർ പറഞ്ഞതല്ലേ ബുക്ക്  വാങ്ങിക്കളയാം എന്നു ഞാനും കരുതി. സാർ അലമാര തുറന്ന്  എസ്.എസ്.എൽ.സ്സി ബുക്കുകളുടെ അടുക്ക് എടുത്തു എന്റെ ബുക്ക് തിരഞ്ഞു കണ്ടുപിടിച്ചു. എന്റെ മാർക്ക് ഒക്കെ മറിച്ചു നോക്കി ആഹാ..കുഴപ്പമില്ല, മിടുക്കൻ.. എന്നൊരു കമെന്റും പാസ്സാക്കി എന്നിട്ട്  ഏതോ രജിസ്റ്റർ  തുറന്ന് ഒപ്പിടാൻ പറഞ്ഞു. ഞാൻ ഒപ്പിട്ടശേഷം ബുക്കിനായി ഭവ്യതയോടെ നിന്നു.

‘’ആദ്യമായി പാസായ പരീക്ഷ അല്ലേ ഈശ്വരനെ മനസ്സിൽ ധ്യാനിച്ചു ബുക്ക് കൈയ്യിൽ വാങ്ങിച്ചോ..’’

എന്ന് സാർ എന്നോട് പറഞ്ഞു.
എസ്.എസ്.എൽ.സി  ബുക്ക്  കൈയ്യിലേക്ക് കിട്ടുന്നതിന് മുമ്പ് ഞാൻ ബഹുമാനം മൂത്തു സാറിന്റെ കാലിൽ തൊട്ടു തൊഴുതു അനുഗ്രഹം വാങ്ങാനായി കുനിഞ്ഞതും, അരയിലെ ഫോറിൻ കൈലി ചരടുമായുള്ള ബന്ധം വിട്ടു താഴേക്ക് പതിച്ചു. ബുക്ക് വാങ്ങാനായി നീട്ടിയ കൈകൾ ഷോക്കടിച്ചതുപോലെ കൈലിയുടെ പിന്നാലെ പാഞ്ഞു. നിലം വരെയെത്തിയ കൈലി സ്വസ്ഥാനത്ത് പ്രതിഷ്ഠിച്ചു ഞാൻ അറ്റെൻഷൻ ആയി. കണ്ടുനിന്ന ലേഡിക്ലാർക്കും സാറും ഗൗരവമൊക്കെ വെടിഞ്ഞു ചിരിച്ച ചിരി ഇപ്പോഴും ഓർക്കുമ്പോൾഹൈടെൻഷൻ ലൈനിൽ ഇരുമ്പ് തോട്ടിയിട്ടു പിടിച്ചതുപോലെ ഒരു വിറയൽ പെരുവിരലിൽ നിന്നു മേലോട്ടു കയറും. എസ്.എസ്.എൽ.സി ബുക്കും വാങ്ങി ഞാൻ ഓടിയ വഴിയിൽ പിന്നീട് പുല്ല് പോലും മുളച്ചു കാണില്ല.


ഏതായാലും ഭാഗ്യം അല്ലെങ്കിൽ  ഉടുമുണ്ട് ഇല്ലാതെ എസ്.എസ്.എൽ.സി  ബുക്ക്   കൈയ്യിൽ മേടിച്ച  ലോകത്തെ  ഏക വ്യക്തിയായി ഞാൻ ഗിന്നസ്സ് ബുക്കിൽ കയറിയേനെ.


പിൻ  കുറിപ്പ്     :


അടുത്തിടെ നാട്ടിൽ പോയപ്പോൾ  പിള്ളേരുമായി ഹെഡ്മാസ്റ്റർ സാറിനെ കാണാൻ പോയിരുന്നു. മടങ്ങാൻ നേരം ഞാൻ സാറിന്റെ കാലിൽ തൊട്ടു തൊഴുതപ്പോൾ സാർ ചിരിച്ച ചിരിയുടെ അർത്ഥം എനിക്കും സാറിനും മാത്രമേ അന്നു മനസ്സിലായുള്ളൂ..

19 comments:

  1. ഹാ ഹാ ഹാാ.രസകരമായി എഴുതി.

    ReplyDelete
  2. നന്ദി സുഹൃത്തേ , ഇനിയും ഈ ബ്ലോഗ് വായിക്കാൻ സമയം കണ്ടത്തണമേ

    ReplyDelete
  3. !!ബ്ലോഗ്‌ വായന ഹരമായ ഒരാളായത്‌ കൊണ്ട്‌ ഇറപ്പായും വരും.ഇത്ര നല്ല കഴിവുള്ള താങ്കളെന്താ മറ്റുള്ള ബ്ലോഗുകളിൽ പോകാത്തത്‌?എങ്കിലല്ലേ വായനക്കാർ വരൂ.എന്റെ ബ്ലോഗിൽ കമന്റ്‌ ചെയ്തിരിക്കുന്ന ലൈവ്‌ ബ്ലോഗേഴ്സിന്റെ പോസ്റ്റുകളിൽ പോകൂ.അവരൊക്കെ വരും.

    മറുപടിയ്ക്ക്‌
    നന്ദി
    !! !

    ReplyDelete
  4. താങ്കളുടെ വിലയേറിയ നിർദ്ദേശത്തിന് നന്ദി. ബ്ലോഗ് ലോകത്ത് ഉള്ള പരിചയക്കുറവാണ് പ്രശ്‌നം.ഞാൻ ശ്രമിക്കാം ..താങ്കളുടെ വഴക്കുപക്ഷി ബ്ലോഗ് പ്ലാറ്റ്‌ഫോം നന്നായിരിക്കുന്നു ..

    ReplyDelete
  5. Very good post

    ReplyDelete
  6. പണ്ടു നടന്ന സംഭവങ്ങൾ അന്നു നമേമ വേദനിപ്പിക്കുമെങ്കിലും പിന്നീട് ഇതോർത്ത് നമ്മൾ ചിരിക്കും ... നന്നായി എഴുതി .ബാല്യത്തിലേക്കൊരു എത്തിനോട്ടം

    ReplyDelete
    Replies
    1. നന്ദി സുഹൃത്തേ .. വായനയ്ക്കും അഭിപ്രായത്തിനും .

      Delete
  7. ഒരു പത്താം ക്ലാസുകാരന്റെ സ്വപ്നവും ജീവിതവും രസകരമായി എഴുതി.
    എല്ലാം കൂടി ഒന്നായി എഴുതി തീർത്തത് പോലെ തോന്നി. പെട്ടെന്ന് പറഞ്ഞത് പോലെ. ഓരോന്നും അൽപ്പം കൂടി ശ്രദ്ധിച്ചു എഴുതിയിരുന്നവെങ്കിൽ കൂടുതൽ നന്നായേനെ. ഉദാഹരണം കരടി നെയ്യും മീശയും. അത് പണ്ട് നാട്ടിൽ ഉണ്ടായിരുന്ന വിശ്വാസമാണ്. അത് ശരിയായി വികസിപ്പിച്ചു അതിൽ തന്നെ പൂർണമായ ഒരു കഥ ഉണ്ടാക്കാമായിരുന്നു. അങ്ങിനെ ഓരോന്നും.
    ഏതായാലും എഴുത്തു നന്നായി. ഭാഷയും നന്ന്

    ReplyDelete
    Replies
    1. വളരെ സന്തോഷം സർ. അങ്ങയുടെ പരിചയസമ്പത്തിൽ നിന്ന് വരുന്ന അഭിപ്രായം എന്നേ പോലുള്ള ഒരു പുതുബ്ലോഗർക്ക് വളരെ സന്തോഷം നൽകുന്നു. തുടർന്ന് എഴുതുമ്പോൾ ശ്രദ്ധിക്കാം സർ ... നന്ദി

      Delete
  8. എല്ലാം ഓര്‍ത്തെടുക്കാന്‍ കഴിയുന്നത് നല്ലൊരു അനുഗ്രഹമാണ്..പിന്നെ ആ പിന്‍ കുറി ..:) ഇഷ്ടായിട്ടോ

    ReplyDelete
    Replies
    1. നന്ദി സുഹൃത്തേ .. ഈ വരവിനും വായനയ്ക്കും. പിൻ വർത്തമാനം എന്ന വാക്ക് മാറ്റി പിൻ കുറിപ്പ് എന്നാക്കി മാറ്റി , അതാണ് കൂടുതൽ ചേരുക ..നന്ദി .. സ്നേഹാദരവുകളോടെ ...

      Delete
  9. സാംസൺ ഭായിയുടെ
    എഴുത്തുകളൊക്കെ കൊള്ളാം .
    താങ്കൾക്ക് എഴുത്തിന്റെ വരമുണ്ട് ..കേട്ടോ .

    ReplyDelete
    Replies
    1. സന്തോഷം .. അങ്ങയെപോലുള്ള ബ്ലോഗ് രംഗത്തെ പരിചയസമ്പന്നരിൽ നിന്നുള്ള ഈ അഭിപ്രായം മനസ്സിനെ കുളുർമ്മിപ്പിക്കുന്നു ..വളരെ നന്ദി ചെങ്ങാതി വരവിനും വായനയ്ക്കും ..

      Delete
  10. പഠന കാലത്തെ ഓര്‍മ്മകള്‍ എത്ര എഴുതിയാലും തീരില്ല. ഈ ഓര്‍മ്മകള്‍ ഓരോന്നും വായിയ്ക്കുമ്പോള്‍ ഞാനും പോകുന്നു എന്റെ പിന്നിലേയ്ക്ക്..

    ReplyDelete
    Replies
    1. നമ്മുടെ ചെറിയ ജീവിതത്തിലെ കുഞ്ഞുകുഞ്ഞുതമാശകൾ ..പിന്നീട് ഓർമ്മിക്കുവാനും ചിരിയ്ക്കുവാനും അതൊക്കെയേ ഉണ്ടാവൂ ..ആശംസകൾ

      Delete
  11. ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ

    ReplyDelete