Thursday, 28 May 2020

കൊറോണക്കാലത്ത് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസിക്ക് ഒരു കൈപ്പുസ്തകം.



കൊറോണക്കാലത്ത്  നാട്ടിലേക്ക് മടങ്ങുന്ന  പ്രവാസിക്ക്  ഒരു കൈപ്പുസ്തകം.




നമ്പൂര്യച്ചനും കാര്യസ്ഥൻ രാമനും കൂടെ സിനിമയ്ക്ക് പോയി. സിനിമയിൽ കാമുകി നഷ്ടപ്പെട്ട നിരാശപൂണ്ട നായകൻ കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടുവാൻ ഒരുങ്ങുന്ന ഭാഗമായപ്പോൾ തിരുമേനി കാര്യസ്ഥനോട് ചോദിച്ചു,

' രാമാ നമ്മടെ നായകൻ ചാടുമോ? ' 

'എന്താ സംശയം അവൻ ചാടും എനിക്കുറപ്പാ..' രാമൻ മറുപടി പറഞ്ഞു.

' ന്നാൽ നൂറുരൂപ പന്തയം അവൻ ചാടില്ല ..നോം പറേണു '..എന്നായി നമ്പൂര്യച്ചൻ.
പക്ഷെ തിരുമേനിയുടെ കണക്ക് തെറ്റിച്ചുകൊണ്ട് നായകൻ ചാടി.  പന്തയത്തിൽ തോറ്റ നമ്പൂര്യച്ചൻ കാശ് കൊടുക്കാരുങ്ങുമ്പോൾ   രാമനോട് ഒരു കാര്യം പറഞ്ഞു .

'എടാ മിടുക്കാ നോം  ഈ പടം മുമ്പ് മൂന്ന് തവണ കണ്ടതാ ..കഴിഞ്ഞ തവണ ചാടിയപ്പോൾ അവന്റെ കയ്യും കാലും ഒടിഞ്ഞിരുന്നു ..ആ അനുഭവം ഉള്ളതുകൊണ്ട് അവൻ ഇത്തവണ ചാടില്ല എന്നാ നോം നിരീച്ചത്..എന്താ പറയ്യാ ..ഇവനൊക്കെ എപ്പോഴാ  ജീവിക്കാൻ പഠിക്ക്യാ..'

ഇതുപോലെ ആണ്  ഓരോ പ്രവാസിയും..ഓരോ തവണ ലോങ്ങ് ലീവിനും ജോലി നഷ്ടപ്പെടും നാട്ടിലെത്തി തെണ്ടി പാപ്പരായി തിരിച്ചുപോകുമ്പോൾ പുതിയ തീരുമാനങ്ങളോടെ ആകും ഓരോ പ്രവാസിയും ഗൾഫിൽ തിരികെയെത്തുക. എന്നാൽ വീണ്ടും നാട്ടിലെത്തുമ്പോൾ അവൻ എല്ലാം മറക്കും..അടിച്ചുപൊളിച്ചു കൈയ്യിലെ കാശെല്ലാം തീർത്തു ഭാര്യയുടെ കെട്ടുതാലി വരെ പണയം വെച്ചാകും തിരിച്ചു ഗൾഫിൽ എത്താനുള്ള ടിക്കറ്റ് എടുക്കുക. എന്നാൽ ഇത്തവണത്തെ കൊറോണക്കാലം പ്രവാസിയെ  ജീവിക്കാൻ  പഠിപ്പിക്കും  ഇതുവരെയുള്ള പോക്ക് കണ്ടിട്ട് തോന്നുന്നത്. കൊറോണക്കാലത്ത്  നാട്ടിലേക്ക് മടങ്ങുന്ന  പ്രവാസിക്ക്  പിടിച്ചുനിൽക്കാൻ ഉപകാരമാകുന്ന ചില പ്രായോഗിക നിർദ്ദേശങ്ങൾ ഇതാ.. പ്രവാസികൾ ഇത് നർമ്മമായി എടുക്കേണ്ട കാരണം ഉള്ളുരുകുന്നവന്റെ  വേദന കണ്ടുനിൽക്കുന്നവന് മനസ്സിലാകണമെന്നില്ല.



കൊറോണകാലത്ത് നാട്ടിലെത്തി സർക്കാർ വക ഫ്രീ ക്വാറന്റീനും അതുകഴിഞ്ഞു ഹോം ക്വാറന്റീനും ഒക്കെ കഴിയുമ്പോൾ പുറത്തേക്ക് ഇറങ്ങി നാലുമാളോരേക്കാണാൻ ഏതു പ്രവാസിയും മോഹിക്കും, പക്ഷെ കുറെ നാളത്തേക്ക് അങ്ങാടിയിലേക്ക് ഇറങ്ങരുത്. ഇറങ്ങിയാൽ  ഇതുവരെയുള്ള നാടിനെക്കുറിച്ചും നാട്ടാരെക്കുറിച്ചുമുള്ള സങ്കല്പങ്ങൾ മാറും. വെറുതെ അങ്ങോട്ട് ചെന്ന് പണി വാങ്ങരുത്. നാട്ടിലെത്തിയ നിങ്ങൾ വീട്ടിൽ അടങ്ങി ഒതുങ്ങി ഇരിക്കുക ആണ് എന്ന് നാട്ടുകാർക്കും സ്വന്തക്കാർക്കും  ബോധ്യം ആകുമ്പോൾ അവർ ഓരോരുത്തരായി ഫോണിലൂടെ വിശേഷം തിരക്കി ഒടുവിൽ കുഴപ്പമൊന്നുമില്ല എന്നറിയുമ്പോൾ പതിയെ വീട്ടിലെത്തും. അതുവരെ അവരെക്കാണാൻ അങ്ങോട്ട് പോകരുത്. ആരെങ്കിലും വീട്ടിലെത്തിയാൽ  അവർക്ക്  കൈകൊടുക്കാനോ കെട്ടിപ്പിടിച്ചു മുത്തം കൊടുക്കണോ നിൽക്കരുത്. അങ്ങനെ ചെയ്താൽ  അവർ നിങ്ങളുടെ പിതാമഹനെ സ്മരിക്കും.വെറുതെ അവരെ തുമ്മിക്കേണ്ട.. ആരെങ്കിലും  കാണാനെത്തുമ്പോൾ  വീടിന്റെ ഏതെങ്കിലും മൂലയില്‍ ചിന്താമൂകനായി നില്‍ക്കുക.' ചിന്താഭാരം തോട്ടില്‍' എന്ന റഷ്യന്‍ പ്രസിദ്ധ നാടോടിഗാനം സ്മരിക്കുക.. അടൂർ ഗോപാലകൃഷ്ണൻ സാറിന്റെ അവാർഡ് സിനിമയിലെ കരമന ജനാർദ്ധനന്റെ മുഖഭാവത്തോടെ നിൽക്കുക ഇവയൊക്കെ അനുവർത്തിക്കാവുന്നതാണ്.


വീട്ടിൽ കാണാൻ വരുന്നവരോട് തന്റെ ജോലി പോയെന്നും അറബി ആറുമാസത്തെ ശമ്പളം തരാൻ ബാക്കിയുണ്ടെന്നും വെച്ചു താങ്ങുക. തിരികെ പോകാൻ ചാൻസ് ഉണ്ടെങ്കിലും ഒരിക്കലും അത് വെളിപ്പെടുത്തരുത്. പണി പോയിട്ടാണ് നാട്ടിൽ എത്തിയതെങ്കിൽ അഭിനയം വേണ്ട, എക്സ്പ്രഷൻ തനിയെ വന്നോളും. കൈയ്യിലെ കാശെല്ലാം തീർന്നുപൊട്ടി പാളീസായിട്ടാണ് നാട്ടിലെത്തിയത് എന്ന് കൂടെകൂടെ സ്വന്തക്കാരോടും അയല്പക്കക്കാരോടും   പറയുക. പാരയായിട്ടുള്ള നമ്മുടെ ആൾക്കാർ തന്നെ നാടുനീളെ അത് പ്രചരിപ്പിച്ചോളും. നമ്മൾ പൊളിഞ്ഞു കുത്തുപാളയെടുത്തു എന്ന് കേട്ടാലുള്ള സന്തോഷം പലർക്കും ചില്ലറയല്ല, അത് മാനുഷിക സ്വഭാവമാണ്.. മൈൻഡ് ചെയ്യണ്ട. ഇതുവരെയുള്ള അവധിക്കാലത്ത് നാം കണ്ട നാട്ടുകാരെയും 
കുടുംബക്കാരെയും ആയിരിക്കില്ല കൊറോണക്കാലത്ത് നാം കാണുക, ഒരു ദാക്ഷണ്യവും പ്രതീക്ഷിക്കരുത്. ' അവനിത്തിരി പത്രാസ് കൂടുതൽ ആയിരുന്നു ' എന്ന് പലരും പറയും.. സാരമില്ല, അസൂയക്കാർ അർമാദിക്കട്ടെ.. മറ്റുള്ളവർക്ക് ഇത്തരം സന്തോഷം നൽകുക കാൽകാശിന് ചിലവില്ലാത്ത പുണ്യപ്രവർത്തിയാണ്.


പിരിവുകാർ പെരുന്നാൾ  കമ്മറ്റിക്കാർ, എൽ. ഐ. സി, മെറ്റ്ലൈഫ് ഏജന്റുമാർ, മണി ചെയിൻ മാർക്കറ്റുകാർ, ക്ലബ്‌ വാർഷികക്കാർ അമ്പലപള്ളിക്കാർ ഇവരെയൊക്കെ അകലെ നിന്ന് കാണുമ്പോഴെ മുറ്റത്തുനിൽക്കുന്ന മുരിങ്ങമരത്തിന്റെ കീഴിലോ കുരുമുളക് ചെടിയുടെ ചോട്ടിലോ ചിന്താമഗ്നനായി വിഷാദഭാവത്തിൽ നിൽക്കുക. അവർ അടുത്ത് വരുമ്പോൾ കൊറോണ ഇടിച്ചു തരിപ്പണമായ തന്റെ കമ്പനിയെക്കുറിച്ചും ഗൾഫ് നാട്ടിൽ പണിയില്ലാത്തതും അവരോട് പറയുക. എന്തെങ്കിലും  ജോലി നാട്ടിൽ  തരപ്പെടാൻ വഴിയുണ്ടോ എന്നു അവരോട് ചോദിക്കുക. ഇൻഷുറൻസ് ഏജന്റുമാരോട് തനിക്ക് ഒരു ഏജൻസി തുടങ്ങാൻ എന്താണ് വഴിയെന്നും ചോദിക്കുക. അവർ വേഗം സ്ഥലം കാലിയാക്കിക്കൊള്ളും. പണ്ട് പുതുപ്പള്ളി പള്ളി  പെരുന്നാളിന് ഒരു പിച്ചക്കാരൻ പറഞ്ഞത് പോലെ പിച്ച തരുന്ന തെണ്ടികളും ഉണ്ട് തെരാത്ത തെണ്ടികളും ഉണ്ട്.. അത്രേ ഉള്ളു കാര്യം.. തന്നോട് കടം  ചോദിക്കുവാൻ  സാധ്യത ഉള്ളവരോട് അവർ ചോദിക്കുന്നതിന് മുമ്പ് അങ്ങോട്ട് കടം ചോദിക്കുക. ബാങ്ക് ലോണിന് ജാമ്യം നിൽക്കാമോ എന്ന്  ശല്യക്കാരായ ബന്ധുക്കളോട്  ചോദിക്കുക. അവർ പിന്നെ അടുക്കില്ല എന്നാൽ  ബാങ്ക് ലോൺ   കഴിവതും എടുക്കരുത്. ഇപ്പോഴത്തെ സാഹചര്യത്തിൽ പണം സൂക്ഷിച്ചു ചിലവാക്കുക  കൊറോണക്കാലം എപ്പോൾ തീരുമെന്ന് ആർക്കും പ്രവചിക്കുവാൻ കഴിയുക ഇല്ല. കൈയ്യിലുള്ള  പണം കരുതി ചിലവാക്കിയാൽ എങ്ങനെയെങ്കിലും പിടിച്ചുനിൽക്കാം. കൈയ്യിൽ എത്ര കാശുണ്ടായാലും അത് തീരാൻ അത്രനേരം വേണ്ട. വരവില്ലാതെ ചിലവ് മാത്രമാകുമ്പോൾ മെല്ലെ പേഴ്‌സ് കാലിയാകും. അമ്പത്താറുമേളവും ചെണ്ടയ്ക്ക് താഴെ..കൈയ്യിൽ പണമില്ലെങ്കിൽ?



തനിക്കുള്ള ആസ്തികളെക്കുറിച്ചും  ബാധ്യതകളെക്കുറിച്ചും ഒരു ലിസ്റ്റ് തയാറാക്കുക. കൈയ്യിലുള്ള ബാങ്ക് ബാലൻസ്, ഭാര്യയുടെയും മക്കളുടെയും സ്വർണാഭരണങ്ങൾ ഇവയുടെ ഒക്കെ കണക്ക് എടുക്കുക. വീട്, വസ്തുക്കൾ, ഫ്ലാറ്റ്, കടകൾ ഇവയൊക്കെ ഇപ്പോൾ നിഷ്ക്രിയ ആസ്തികൾ ആയിട്ട് മാത്രമേ കണക്കാക്കാൻ കഴിയുകയുള്ളു.  അവ ഇപ്പോൾ വിറ്റാൽ വാങ്ങിയ വിലപോലും ലഭിക്കുക ഇല്ല. കിട്ടിയ വിലയ്ക്ക് വിറ്റാൽ ലഭിക്കുന്ന പണം കൈയ്യിൽ  ഇരുന്നു ചിലവായി പോകുമെന്നല്ലാതെ കാര്യമായ പ്രയോജനം ഉണ്ടാകില്ല. ആർകെങ്കിലും പണം കൊടുക്കാൻ ഉണ്ടെങ്കിൽ തവണകളായി കൊടുത്തു തീർക്കുക. കൊടുക്കാതെ ഇരിക്കരുത് അവരും നമ്മെപ്പോലെ പ്രയാസം അനുഭവിക്കുന്നവർ ആയിരിക്കും. ഒരു കാരണവശാലും പുതുതായി വസ്തുവകകൾ വാങ്ങരുത്, ലോണെടുത്തു വീട് പണിയോ കാറോ വാങ്ങരുത്. വീട് മോടിപിടിപ്പിക്കുകയോ പെയിന്റ് ചെയ്യുകയോ അരുത്. കൈയ്യിലെ കാശുചോരുന്ന വഴി അറിയുക ഇല്ല.


കഴിവതും കടം വാങ്ങാതിരിക്കാനുള്ള വഴികൾ ചിന്തിക്കുക, അനാവശ്യ ചിലവുകൾ കുറയ്ക്കുക. ഗൾഫിൽ അരിപ്പിച്ചു ജീവിക്കുന്നവർ പോലും നാട്ടിലെത്തിയാൽ ധാരാളികൾ ആകാറുണ്ട്. മുമ്പൊക്കെ അവധിയ്ക്ക് വരുമ്പോൾ ചെയ്യുന്നതുപോലെയുള്ള ധൂർത്തുകൾ ഒഴിവാക്കുക. വിനോദയാത്രകളും ഹോട്ടലിലെ അടിച്ചുപൊളി തീറ്റിയും തുണിക്കടകളിൽ ഉള്ള കറക്കവും വെറുതെ തുണികൾ വാങ്ങികൂട്ടുന്നതും ഒഴിവാക്കുക, അഥവാ തുണികൾ വാങ്ങണമെങ്കിൽ വലിയ വിലയുള്ള ബ്രാൻഡുകൾ  ആലോചിക്കുകയേ വേണ്ട. കല്യാണം, അടിയന്തരംചോറൂണ്, മാമോദീസ, പാലുകാച്ചൽ ഇവയിലെ ഒക്കെ ആഡംബരം ഒഴിവാക്കുക. വീട്ടിലെ ഭാര്യയോടും മക്കളോടും തന്റെ യഥാർത്ഥ അവസ്ഥ പറയുക.മക്കളെ കഴിവതും സർക്കാർ സ്കൂളിൽ ചേർക്കുക. സർക്കാർ സ്കൂളുകൾ പലതും ഇപ്പോൾ സ്വകാര്യസ്കൂളുകളെക്കാൾ സൂപ്പറാണ്. അതുപോലെ ഗൾഫുകാരന് പണ്ടേയുള്ള മറ്റൊരു അസുഖമാണ് മൊബൈൽ ഫോൺ ഭ്രമം. സ്മാർട്ട് ഫോൺ മോഡലുകൾ ഇടയ്ക്കിടെ മാറ്റുന്ന ശീലം ഉപേക്ഷിക്കുക.ആ പൈസയ്ക്ക് ഒരു കുടുംബആരോഗ്യഇൻഷുറൻസ് എടുക്കുക.. ഒരുപാട് ഉപകരിക്കും.


ടാക്സി പിടിച്ചു പോകുന്നതും റെന്റ് എ കാർ ശീലവും ഒഴിവാക്കി ആനവണ്ടികളെയോ ഓട്ടോറിക്ഷയെയോ ആശ്രയിക്കുക. വീട്ടിലെ പെണ്ണുങ്ങളോട് പൊങ്ങച്ചപാചക പരീക്ഷങ്ങളും ബന്ധുക്കളെ വീട്ടിൽ വരുത്തിയുള്ള  സൽക്കാരങ്ങളും ഒഴിവാക്കാൻ തിട്ടൂരം നൽകുക.  ഗൾഫ്  സാധനങ്ങൾ  ഉപയോഗിച്ചുള്ള  ശീലം  ഒഴിവാക്കി ക്യുട്ടികുറയും  ചന്ദ്രികാസോപ്പും കൊണ്ട് തൃപ്തിപ്പെടുക. പെർഫ്യൂം  ഒരുകാരണവശാലും  ഉപയോഗിക്കരുത്. കൂളിംഗ് ഗ്ലാസ്സും ബർമുഡയും കുറ്റികാട്ടിൽ വലിച്ചെറിയുക. ഷർട്ട് ഇൻസേർട്ട്  ചെയ്യുന്ന ശീലം ഒഴിവാക്കുക. കഴിവതും  മുറിക്കയ്യൻ ഷർട്ടും ഒറ്റമുണ്ടും ഉപയോഗിക്കുക. വീട്ടിൽ റേഷൻ കാർഡ് ഇല്ലെങ്കിൽ അത്യാവശ്യമായി ഒരെണ്ണം സംഘടിപ്പിക്കുക. ഇപ്പോൾ  വെള്ള, നീല കാർഡുകാർക്കും കുറഞ്ഞ വിലയിൽ  റേഷൻകട വഴി കിട്ടുന്ന അരി ബ്രാന്റഡ്  മട്ടഅരിയെക്കാൾ സൂപ്പറാണ്.. വെറുതെ മട്ടഅരി വാങ്ങി  എക്സ്ട്രാ പൈസ കളയേണ്ട.

 പ്രാണവായു ഒഴിച്ച് എല്ലാം പൈസകൊടുത്തു വാങ്ങിക്കാം എന്ന ശീലം പ്രവാസി ഒഴിവാക്കുക. പറമ്പിൽ എന്തെങ്കിലും ഒക്കെ കുത്തികിളച്ചു ഉണ്ടാക്കുക. കഴിവതും പുറത്തുനിന്ന് പണിക്കാരെ നിറുത്തി ചെയ്യിക്കാതെ രാവിലെയും വൈകുന്നേരവും പറമ്പിലിറങ്ങുക. പറ്റുമെങ്കിൽ ഭാര്യയേയും മക്കളെയും കൂടെ കൂട്ടുക. അഞ്ചുസെന്റ് സ്ഥലമേയുള്ളെങ്കിലും വീട് ഒഴിച്ചിട്ടുള്ള സ്ഥലത്ത് പച്ചക്കറി കൃഷി തുടങ്ങുക. മുമ്പ് ഗൾഫ് പണത്തിന്റെ കുത്തലിൽ മുറ്റത്തും പരിസരത്തും വെള്ളം ഇറങ്ങാത്ത നിലയിൽ ടൈൽസ് ഇട്ടവരും വിഷമിക്കേണ്ട. പ്ലാസ്റ്റിക് ചാക്കുകളും  ബക്കറ്റും വീപ്പയും ഗ്രോബാഗുകളും വാങ്ങി  അതിൽ മണ്ണുനിറച്ചു കൃഷി തുടങ്ങുക. മുറ്റത്തോ ടെറസിലോ അനാവശ്യമായി ഒരിഞ്ചുസ്ഥലം  പോലും വെറുതെ ഇടരുത്. വിയർപ്പിന്റെ അസുഖം ഉള്ളവർക്കു ഒഴികെ ആപത്തുകാലത്ത് ചിലവ് കുറയ്ക്കാനുള്ള കച്ചിത്തുരുമ്പാണ് കൃഷി. അടുക്കളയിലേക്ക് ഉള്ളത് കിട്ടിയാൽ അത്രയും വീട്ടുചിലവ് ലാഭം. വെണ്ട,ചീര,വഴുതന,പയർ, പാവൽ, കോവൽ, തക്കാളി,കുമ്പളം, പടവലം, വെള്ളരി തുടങ്ങിയ പച്ചക്കറികളും വാഴ, കപ്പ, ചേന, ചേമ്പ്, കാച്ചിൽ തുടങ്ങിയ കാർഷിക വിളകളുമൊക്കെ മായം ചേർക്കാതെ ഭക്ഷിയ്ക്കാം.വീട്ടുവളപ്പിൽ പപ്പായമരവും മുരിങ്ങയും മാവും പ്ലാവുമൊക്കെ നട്ടുവളർത്താൻ അത്ര അദ്ധ്വാനമൊന്നും വേണ്ട. പണ്ട് ശങ്കരാടി പറഞ്ഞത് പോലെ ഇത്തിരി പരുത്തിക്കുരു.. ഇത്തിരി പിണ്ണാക്ക് .. അത്രേ വേണ്ടു..
കൊറോണക്കാലത്ത് ചക്കയും വാഴപ്പിണ്ടിയും വാഴക്കൂമ്പും ചേമ്പിൻതാളും ചേനത്തടയുമൊക്കെ തീൻമേശകളിൽ മടങ്ങിയെത്തിയിരിക്കുന്നത് വളരെ സന്തോഷമുള്ള കാര്യമാണ്.


 നാട്ടിൽ വന്നാൽ ഉടനടി സ്വന്തമായി ഒരു ബിസിനസ്സിനും ഇറങ്ങരുത്. ഇറങ്ങിയാൽ ഗവണ്മെന്റ് ആപ്പീസുകളിലെ ചുവപ്പ് നാടയും പഞ്ചായത്ത്‌ ഉദ്യോഗസ്ഥന്മാരും പാർട്ടിക്കാരും പാരപണിക്കാരും ചേർന്ന് നശിപ്പിച്ചു കൈയ്യിലിട്ടു തരും. ചെറിയ ശമ്പളത്തിനായാലും ഏതെങ്കിലും ജോലിയ്ക്ക് ചേരുക.നാട്ടിലെ സാഹചര്യങ്ങളും കുത്തിതിരുപ്പും മനസ്സിലാക്കാൻ അത് ഉപകരിക്കും.ഗൾഫിൽ നിന്ന് മടങ്ങുന്ന സ്‌കിൽഡ് ലേബർക്ക് ജോലി കിട്ടുക  അത്ര ബുദ്ധിമുട്ട് അല്ല. നാട്ടിൽ പണിയറിയാവുന്ന  ഇലെക്ട്രിഷ്യൻ, പ്ലംബർ, മേശൻ, മരപ്പണിക്കാരൻ തുടങ്ങിയവർക്ക് നല്ല ഡിമാൻഡ് ആണ്. സ്വന്തമായി ടുവീലറും കൈയ്യിലൊരു മൊബൈൽ ഫോണും പറഞ്ഞ സമയത്ത് വീട്ടിലെത്തി പണി തീർത്തുകൊടുക്കാനുള്ള മനസ്സുമുണ്ടെങ്കിൽ സംഗതി ജോർ. കുറഞ്ഞത് 1000 രൂപയെങ്കിലും ദിവസം കൈയ്യിൽ വരും. ഗൾഫുകാരെ ആരെയും ജോബ് ഡിസിപ്ലിൻ പഠിപ്പിക്കേണ്ട ആവശ്യം ഇല്ല. പന്ത്രണ്ടുമണിക്കൂറൊക്കെ തുടർച്ചയായി പൊരിവെയിലത്ത് പണിയെടുത്തു ശീലമുള്ളവരാണ് പ്രവാസികളിൽ ഭൂരിപക്ഷവും. നാട്ടിലെ സർക്കാർ ഉദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും അറബി അർബാബിനെ ബഹുമാനിക്കുന്നത്പോലെ ബഹുമാനിക്കണം. കാരണം അവരാണ് നാട്ടിലെ അറബിയും അർബാബും. വേണമെങ്കിൽ അവർ മുമ്പിൽ നിന്ന് മാറുമ്പോൾ അറബിയിൽ അഞ്ചാറുചീത്ത വിളിച്ചോളൂ.. മനസമാധാനം കിട്ടും. ഗൾഫിൽ അറബിയെ അയാൾ കേൾക്കാതെ   മലയാളത്തിൽ ചീത്ത വിളിക്കുന്നതുപോലെ. ഗൾഫ് നാടുവിട്ടുപോയി എന്ന് കരുതി നമ്മള്‍ നാട്ടുനടപ്പ് മറക്കരുത്. 


ലോണെടുത്തു കഴിവതും ഒരു ബിസിനസിനും ഇറങ്ങരുത് എന്നാണ് എന്റെ പക്ഷം.ബിസിനസിനു ഇറങ്ങുമ്പോൾ ചുരുങ്ങിയത് രണ്ടു വർഷത്തേക്കുള്ള പ്രവർത്തന മൂലധനം കണ്ടുവെയ്ക്കണം.പലരും കൈയ്യിലുള്ള മുഴുവൻ പണവും പിന്നെ കേറിക്കിടക്കുന്ന വീടും ഭാര്യയുടെ കെട്ടുതാലിയും വരെ പണയം വെച്ച് ബിസിനസിനിറങ്ങും.പിന്നീട് സംരംഭം  നടത്തിക്കൊണ്ട് പോകാൻ മൂലധനം ഉണ്ടാകില്ല. പിന്നെ പിടിച്ചുനിൽക്കാൻ വട്ടിപ്പലിശക്കാരോട് പണം കടംവാങ്ങും. ഒടുവിൽ എല്ലാം നഷ്ടപ്പെട്ടു നാട്ടിൽ നിന്ന് വനവാസത്തിന് പോകേണ്ടിവരും.


 എന്തൊക്കെ സംഭവിച്ചാലും കൈയ്യിലുള്ള ഫിക്സഡ് ഡെപ്പോസിറ്റിൽ, അതെത്ര ചെറിയ തുക ആയാലും അതിൽ കൈവെക്കരുത്. അത് പെരുമഴക്കാലത്തേക്കുള്ള സമ്പാദ്യം ആണ്.   ആ പണം  സ്വന്തനാട്ടിലെ ബാങ്കിലിടാതെ അല്പം ദൂരയുള്ള ബാങ്കിലിടണം. നമ്മൾ ഗൾഫുകാരൻ അല്ല  നാട്ടുകാരൻ ആണ് എന്ന് നാട്ടുകാർക്ക്  തോന്നുന്നത് വരെ കൈയ്യിലെ പൈസ കാര്യമായി പുറത്തിറക്കരുത്. ഇത്രയുമൊക്കെ ആയിക്കഴിയുമ്പോള്‍ നിങ്ങളെപ്പറ്റി ഏറെക്കുറെ ഒരു ധാരണ നാട്ടുകാര്‍ക്കിടയില്‍ ഉണ്ടായിത്തുടങ്ങും. നാട്ടുകാർ  നിങ്ങള്‍ പണ്ട് എങ്ങിനെ ആയിരുന്നോ എന്ന പോലെ അടുത്തിടപഴകാന്‍ തുടങ്ങും. പതിയെ നിങ്ങൾക്കും നാടിനെക്കുറിച്ചു ശരിയായ ധാരണയും കാര്യങ്ങൾ മനസ്സിലാക്കാൻ ഉള്ള കാഴ്ചപ്പാടും ഉണ്ടാകും.പഴയ പ്രതാപങ്ങളേയും ശീലങ്ങളേയും പടിയിറക്കി  കരുതലോടെ മുമ്പോട്ടു നീങ്ങിയാൽ പ്രവാസിയ്ക്ക് ഈ കൊറോണകാലത്തും നാട്ടിൽ പിടിച്ചു നിൽക്കാം.

''പുരയ്ക്ക് മീതെ വെള്ളം
വന്നാലതുക്കുമീതെ തോണി'

Thursday, 30 April 2020

ഓടിക്കോ പ്രവാസി വരുന്നുണ്ട്..


ഓടിക്കോ പ്രവാസി വരുന്നുണ്ട്..






ഈ എഴുത്ത് മനോരമ  ഓൺലൈനിൽ  പ്രസിദ്ധീകരിച്ചു ലിങ്ക്


https://www.manoramaonline.com/literature/your-creatives/2020/05/19/odikko-pravasi-varunnundu.html


പണ്ട് തെക്കനെയും പാമ്പിനെയും ഒരുമിച്ചു കണ്ടാല് ആദ്യം തെക്കനെ വേണം തല്ലി കൊല്ലാന് എന്ന് ഗൾഫിൽ ഒരു പറച്ചിൽ ഉണ്ടായിരുന്നു .ഇപ്പോൾ നാട്ടിൽ ഗൾഫുകാരുടെ സ്ഥിതി മൊത്തത്തിൽ അങ്ങനെ ആയി.കൊറോണയെക്കാളും പേടി നാട്ടാർക്ക് അവരെ ആണ്. നാട്ടിൽ കോവിഡ് കാലം തുടങ്ങിയതിനു മുമ്പു നാട്ടിൽ എത്തിയ ഗൾഫുകാരൻ പോലും ഇപ്പോൾ വീടിനുപുറത്ത് തല കാണിക്കാൻ മടിയാണ്.. അമേരിക്കക്കാരുടെയോ യൂറോപ്പിൽ നിന്ന് അവധിയ്ക്ക് വന്ന പ്രവാസിയുടെ കാര്യം പറയുകയേ വേണ്ട, അവരെ ടെലിഫോൺ വിളിക്കാൻ കൂടി നാട്ടുകാർക്ക് പേടി ആണ്. ടെലിഫോണിൽ കൂടിയെങ്ങാനും കൊറോണ പകർന്നാലോ ?
പണ്ടൊക്കെ നാട്ടിൽ എത്തിയാൽ ബർമുഡയും കൂളിംഗ് ഗ്ലാസ്സും വെച്ച് ഇന്നോവക്കാറിൽ നഗരത്തിൽ ചുറ്റി അടിക്കാനും പരിചയക്കാരെ കാണാനും പോയിരുന്ന പ്രവാസികൾ ഇപ്പോൾ വീടിന് പുറത്ത് ഇറങ്ങിയാൽ അയൽപക്കകാർ ചാടി വീടിനുള്ളിൽ കയറും. പിന്നെ ജനാലയുടെ കർട്ടൻ വിടവിലൂടെ നീണ്ടുവരുന്ന കാകദൃഷ്ടികൾ..പ്രവാസികളുടെ മുറ്റത്തുകൂടെ ഉള്ള നടപ്പും ഇരുപ്പും നോക്കി സി. ഐ.ഡി മൂസയെപ്പോലെ നോക്കി ഇരിപ്പുണ്ട്. എങ്ങാനും ഗേറ്റ് തുറന്നു പുറത്ത് ഇറങ്ങിയാൽ പോലീസിൽ വിളിച്ചു പറയാൻ നമ്പറും ഡയൽ ചെയ്തുകൊണ്ടാണ് പലരുടെയും ഇരിപ്പ്.
നാട്ടിൽ എത്തിയാൽ ചന്തയിൽ പോയി മുന്തിയ അയക്കൂറയും ആവോലിയും ഫ്രഷ് ചിക്കനും പോത്തും വാങ്ങാൻ വേണ്ടി ഇറങ്ങിയിരുന്ന ഗൾഫുകാരെ ഇപ്പോൾ മരുന്നിനുപോലും കാണാൻ ഇല്ല. മത്തി, ചാള, നെത്തോലി തുടങ്ങിയ വമ്പൻ മീനുകൾ വീട്ടുകാർ ആരെയെങ്കിലും വിട്ടു ഫിഷ് സ്റ്റാളിൽ നിന്ന് നിന്ന് വാങ്ങി കറിവെച്ചാൽ പഞ്ചാമൃതം പോലെ ശാപ്പിടാൻ അവർ റെഡി. നാട്ടിൽ ചക്കയുടെ സീസൺ ആയതിനാൽ ലോക്ക് ഡൌൺ കാലത്ത് പ്രവാസിയ്ക്ക് ജീവിതത്തിൽ ഇന്നേവരെ കഴിച്ചിട്ടില്ലാത്ത ചക്ക വിഭവങ്ങൾ തിന്നാൻ ഒരു അവസരം ആയി. പഴുത്ത ചക്ക , പച്ച ചക്ക വേവിച്ചത്, ചക്കപ്പുഴുക്ക് , ഇടിച്ചക്ക തോരൻ , ചക്കചിപ്സ്, ചക്ക എരിശ്ശേരി, ചക്ക അട ,ചക്കപ്രഥമൻ, ചക്ക ചമ്മന്തി, ചക്കക്കുരു മെഴുക്കുപുരട്ടി , ചക്കക്കുരു ചെമ്മീൻ കറി, ചക്കബജി, ചക്കഷേക്ക് , ചക്കപപ്പടം ഒടുവിൽ ചക്ക ചവിണി തോരൻ വരെ ആയി. അങ്ങനെ ഒരുപാട് ചക്ക ഐറ്റംസ്. എല്ലാ ഭക്ഷണത്തിനുമിപ്പോൾ നല്ല രുചി. ചേനത്തണ്ട് , ചേമ്പില താള്,മുരിങ്ങയില എന്നു വേണ്ട ചൊറിയിണത്തിന്റെ ഇല കൊണ്ട് വരെ തോരനും വറവലും ഉണ്ടാക്കാം എന്ന് മലയാളി പഠിച്ചു. മാങ്ങ, മുരിങ്ങക്കായ,കോവയ്ക്ക എന്നിവയ്ക്ക് എന്നാ ഡിമാൻഡ്. ഉണക്കമീൻ വറുത്താലും ബഹുകേമം. ഇതിനൊപ്പം ചമ്മന്തി മാത്രമുണ്ടെങ്കിൽ ചോറുണ്ണുന്നത് അറിയില്ലെന്നു കോട്ടിലും സൂട്ടിലും കറങ്ങി നടന്ന അമേരിക്കൻ പുലികൾ പോലും സമ്മതിച്ചു തുടങ്ങി. കേരളം കണികണ്ടുണരുന്ന നന്മ ഇപ്പോൾ മിക്കയിടത്തും കിട്ടാക്കനി ആയി മാറി. മിൽമാ പാലൊക്കെ ഇപ്പോൾ ആർഭാടം .രാവിലെ ചായ നിർബന്ധമാക്കിയ പലർക്കുമിപ്പോൾ കട്ടനാണു പ്രിയം. കട്ടനായാൽ കടുപ്പം അല്പം കൂട്ടിക്കോ എന്നാണ് അടുക്കളയിലേക്കുള്ള ഓർഡർ.
പണ്ടൊക്കെ ചോക്കലേറ്റും ബദാമും പിസ്തയും ഒക്കെ അയൽവീട്ടിൽ കൊടുത്താൽ ചാടിപ്പിടിച്ചു വാങ്ങി തിന്നുന്ന അയൽവാസികൾ ഇപ്പോൾ അതൊക്കെ കൊടുത്താൽ കയ്യോടെ എടുത്തു കച്ചട ഡ്രമ്മിൽ ഇടുക ആണ്. അതിനോടൊപ്പം വെല്ല കൊറോണ വൈറസിനെയും ഇമ്പോർട്ട് ചെയ്തു കൊണ്ടുവന്നുകാണും എന്ന പേടി ആണ് കാരണം.. വെറുതെ വേലിക്ക് കിടന്നതിനെ എടുത്തു വേഷ്ടിയിൽ വെയ്ക്കണ്ട എന്നതാണ് അയൽക്കാരുടെ മനോഗതം. മിക്കവീടുകളിലും ഗൾഫിൽ നിന്ന് കൊണ്ടുവന്ന പെട്ടികൾ അനാഥപ്രേതങ്ങളെപ്പോലെ വീടിന്റെ മൂലയിൽ കിടക്കുക ആണ്.. പ്ലെയിൻ കേറി വന്നതല്ലേ തൊട്ടാൽ ഇനി കൊറോണ എങ്ങാനും പകർന്നാലോ?

കൊറോണക്കാലത്തെ ക്ഷമയോടെ നേരിടുക ആണ് നാട്ടിൽ എത്തിയ ഓരോ പ്രവാസിയും നേരിടുന്നത്.കോവിഡ് കാലത്ത് നാട്ടിൽ എത്തിയ പ്രവാസികളിൽ മിക്കവാറും എല്ലാവരും അക്ഷരാർത്ഥത്തിൽ പെട്ടുപോയി. ‘നീയെന്താടാ ഇപ്പോൾ നാട്ടിൽ ഓടിപ്പിടിച്ചു നാട്ടിൽ എത്തിയതു’ എന്ന് ബന്ധുക്കളും ‘ചേട്ടൻ ഇപ്പൊ എന്തിനാ നാട്ടിലേക്ക് കെട്ടിഎടുത്തത് ‘എന്ന് ഭാര്യയും ‘അച്ഛന്റെ പണി പോയോ ‘എന്ന് മക്കളും ചോദിക്കുമ്പോൾ കുനിഞ്ഞിരുന്നു കാൽകൊണ്ട് നക്ഷത്രം വരയ്ക്കുക ആണ് മിക്ക പ്രവാസികളും. റോഡിലിറങ്ങി നടക്കാൻ പറ്റാത്തതിനാൽ 'എപ്പ വന്നു എപ്പോഴാ തിരിച്ചു പോകുന്നത് ' എന്ന നാട്ടാരുടെ സ്ഥിരം ക്ളീഷേ ചോദ്യത്തിൽ നിന്ന് കഴിച്ചിലായി. ഗൾഫുകാരോടുള്ള നാട്ടുകാരുടെ സമീപനത്തിലെ മാറ്റം കണ്ട് ഞെട്ടിയിരിക്കുകയാണ് മിക്കപ്രവാസികളും . നാട്ടിൽ അവധിയ്ക്ക് എത്തിയാൽ ഗൾഫുകാരന്റെ വീട്ടിലേക്കു ഇരച്ചെത്തുന്ന പതിവ് കൂടലുകാരായ ചങ്കു ചെങ്ങാതിമാരെ ആരെയും കാണാനില്ല . പിരിവുകാരും ഇൻഷുറൻസ് ഏജന്റുമാരും എന്തിനുപറയാൻ പിച്ചക്കാർ പോലും പടി കയറാതെ ആയി.

കൊറോണ വൈറസിന്റെ മൊത്ത വിതരണക്കാരാണ് ഗൾഫുകാരെന്ന് നാട്ടിൽ മിക്കവരുടെയും ധാരണ. എന്തായാലും ഒരു കൊറോണ വന്നതോടെ പ്രവാസികൾക്ക് കാര്യം മനസ്സിലായി. പ്രവാസിയെ നാട്ടുകാർക്ക് കാശിനു പതിനാറാണ്. പ്രവാസികളെ പുച്ഛിക്കുന്നവരെ, പക്ഷെ നിങ്ങൾ ഒരു കാര്യം മറക്കരുത് പ്രവാസിയുടെ ചോരയും നീരുമാണ് കേരളത്തെ നമ്പർ വൺ സംസ്ഥാനമാക്കി മാറ്റിയത്.പണ്ട് അക്ബർ ചക്രവർത്തി വീർബലിനോട് പറഞ്ഞു ഒരു വാചകം ഭിത്തിയിൽ എഴുതണം. പക്ഷെ ഒരു നിബന്ധന ആ വാചകം സന്തോഷമുള്ളവൻ നോക്കിയാലും സങ്കടമുള്ളവൻ നോക്കിയാലും ഒരുപോലെ ആശ്വാസം നൽകണം. വീർബൽ എഴുതി,
' ഈ സമയവും കടന്നുപോകും'
കൊറോണക്കാലം ഇന്നോ നാളെയോ കഴിയും. കേരളത്തിന്റെ സമ്പത് വ്യവസ്ഥയ്ക്ക് നെടുംതൂണായിരുന്ന പ്രവാസികൾ അവിടെത്തന്നെ കാണും.. ഞങ്ങടെ പുളിഞ്ചിയും പൂക്കും ..

Sunday, 22 March 2020

ചിതറിയ സ്കൂൾ ഓർമ്മകൾ


ചിതറിയ സ്കൂൾ ഓർമ്മകൾ







എന്റെ ചെറുപ്പത്തിൽ നാട്ടിലെ ഏക പ്രാഥമിക വിദ്യാഭ്യാസകേന്ദ്രം ആയിരുന്നു ഇടമൺ ഗവ. എൽ.പി സ്‌കൂൾ. കൊല്ലം ചെങ്കോട്ട റോഡിന്‍റെ സൈഡിൽ നിലകൊള്ളുന്ന ഈ പള്ളികൂടത്തിനു കുറഞ്ഞത് ഒരു പത്തുനൂറു കൊല്ലമെങ്കിലും പഴക്കം കാണും. ആ നല്ല നാളുകളുടെ ഓർമ്മകൾ പ്രത്യേകിച്ച് എൽ. പി സ്കൂൾ ജീവിതകാല ഓർമ്മകൾ വായനക്കാരുമായി പങ്കുവെയ്ക്കുന്നു. കാലത്തിനും ജീവിത സാഹചര്യങ്ങൾക്കും അനുസരിച്ചു അല്പം വ്യത്യാസങ്ങളോടെ എല്ലാ വായനക്കാർക്കും കാണും ഇത്തരം മറക്കാൻ ആകാത്ത സ്കൂൾ ഓർമ്മകൾ.


അന്നൊക്കെ സ്‌കൂളുകളിൽ ഉച്ചക്കഞ്ഞിക്ക് പകരം നൽകിയിരുന്നത് അമേരിക്കൻ പുട്ട് എന്നറിയപ്പെടുന്ന ഉപ്പുമാവും പാലുമായിരുന്നു. എഴുപതുകളിലെ വറുതിക്കാലത്ത്, അമേരിക്ക ഇന്ത്യയെ പ്രീതിപ്പെടുത്താനും കൂടെ നിറുത്താനുമായി നൽകിയിരുന്ന ഗോതമ്പ് പൊടിയും പാലും എണ്ണയുമെല്ലാം കേരളത്തിലെ സ്‌കൂൾ കുട്ടികൾക്ക് മറക്കാനാകാത്ത ഒട്ടേറെ ഓർമ്മകളായിരുന്നു സമ്മാനിച്ചത്. അന്നത്തെ സ്കൂൾ ജീവിതത്തിൽ എനിക്ക് മറക്കാനാവാത്ത ഒരു ഗന്ധമുണ്ട്, പുട്ടുപുരയിൽ നിന്ന് പൊങ്ങുന്ന ഉപ്പുമാവിന്‍റെ ഗന്ധം. ഉള്ളിയും മുളകും വഴറ്റിയ എണ്ണയിലേക്ക് ഗോതമ്പ് റവപ്പൊടി ഇട്ടു കയിൽ കൊണ്ടു ഇളക്കി, ചെല്ലപ്പൻ ചേട്ടൻ ചെമ്പ് ഇറക്കി അടുപ്പിന്‍റെ ഓരത്തു വെയ്ക്കും. ഉച്ചയ്ക്ക് മണിയടിക്കുന്നതിനു അരമണിക്കൂർ മുമ്പ് തന്നെ അതിന്‍റെ കൊതിപ്പിക്കുന്ന മണം ക്ലാസ്സ് റൂമുകളിലേക്ക് അടിച്ചു കയറും. ചെല്ലപ്പൻ ചേട്ടന്റെ കൈപുണ്യത്തിന്‍റെ രുചി അറിഞ്ഞവർ ആയിരുന്നു ഞങ്ങളുടെ നാട്ടിലെ എന്‍റെ പ്രായത്തിലുള്ള മിക്കവരും. ആ ഗോതമ്പുപുട്ടിനു എന്ത് രുചി ആയിരുന്നു. അന്ന് സ്റ്റീൽ പാത്രങ്ങളിൽ ഒന്നും അല്ല സ്കൂളിൽ ഉപ്പുമാവ് നൽകിയിരുന്നത്. വട്ട ഇലയിൽ ആയിരുന്നു അന്ന് ഉപ്പുമാവ് വിളമ്പിയിരുന്നത്. രാവിലെ സ്കൂളിൽ പോകുമ്പോൾ വട്ടയില പറിക്കാൻ വഴിയിലെ വട്ടമരങ്ങളിൽ വലിഞ്ഞു കയറാൻ എന്തായിരുന്നു ഉത്സാഹം. വട്ടയിലയിൽ പൊതിഞ്ഞ ഉപ്പുമാവിന് ഒരു പ്രത്യേക സ്വാദാണ് കേട്ടോ. ചെറിയ ചൂടോടെ, എണ്ണയിൽ മൂത്തുകറുത്ത ഉള്ളികഷ്ണങ്ങളും മുളകും ചേർത്ത ഗോതമ്പുപുട്ട് കഴിയ്ക്കാൻ നല്ല ടേസ്റ്റാണ്. അതിന്‍റെ സ്വാദ് ഇപ്പോഴും നാവിൻ തുമ്പത്തുണ്ട്. ഗോതമ്പ് കൊണ്ടുള്ള റവ ഉപ്പുമാവ് കൂടാതെ മഞ്ഞ ചോളപ്പൊടി കൊണ്ടുള്ള പുട്ടും ചിലപ്പോൾ കിട്ടും. അതിനാണ് സ്വാദ് കൂടുതൽ. മഞ്ഞപ്പുട്ടിന്റെ രുചി, അതോർക്കുമ്പോൾ നാവിലെ രസമുകുളങ്ങളിൽ ഒരു കപ്പലോട്ടത്തിന്‍റെ അവസരം ഇപ്പോഴും ഉണ്ടാകുന്നു എന്നതാണ് സത്യം.

ഉപ്പുമാവ് കഴിക്കുന്ന കുട്ടികൾ ഒന്നുരണ്ടു വട്ടയില നാലായി ചുരുട്ടി പോക്കറ്റിൽ കരുതും. ഉച്ചമണി അടിക്കുമ്പോൾ ആകെക്കൂടി ഒരു കൂട്ടപൊരിച്ചിൽ ആണ്. ഒടുവിൽ സാറന്മാരുടെ തലവട്ടം കാണുന്നതോടെ നല്ലകുട്ടികളായി വരിവരിയ്ക്ക് സ്‌കൂൾ വരാന്തയിൽ നിരന്നു ഇരിക്കും. ഉപ്പുമാവ് വിളമ്പുന്നത് പാചകക്കാരിയും സാറന്മാരും ക്ലാസ്സിൽ തോറ്റുതോറ്റു മുതിർന്ന ഒന്നുരണ്ടു കുട്ടികളും ചേർന്നാകും. ഹെഡ്മാസ്റ്ററുടെ ചൂരൽ കൈയ്യിൽ ഇരുന്നു പല്ലിളിക്കുന്നതിനാൽ വല്യ കലപില ഒന്നും ഉണ്ടാകില്ല.കുട്ടികൾ ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ കാക്കകൾക്ക് സ്വാതന്ത്യം കിട്ടുന്ന സമയമാണ്. പിന്നീട് ആണ് കാക്കകളും ചെല്ലപ്പൻ ചേട്ടനും തമ്മിലുള്ള കശപിശ. കാക്കകൾക്കാകട്ടെ കുട്ടികളെയും ചെല്ലപ്പൻ ചേട്ടനെയും അശേഷം പേടിയില്ല. അവർ ചെമ്പുപാത്രത്തിൽ കയറി ഇരുന്ന് വിശാലമായി ഉപ്പുമാവ് കൊത്തി തിന്നും.




കുട്ടികൾ ശടേന്ന് സ്കൂൾ കിണറ്റിൽ നിന്ന് വെള്ളം കോരി വായ് കഴുകി എന്നുവരുത്തി കളികൾ തുടങ്ങും. സ്കൂൾ മുറ്റത്തു വലിയൊരു തേന്മാവ് ഉണ്ട് . അതിന്‍റെ ചുവട്ടിൽ ആകും കളികൾ. എന്തെല്ലാം കളികൾ ആണ് അക്കാലത്തു, കളത്തിൽ ചാടിയുള്ള കക്കുകളി, സാറ്റ്, കിളിത്തട്ട്, കബഡി, കഴുതപ്പെട്ടി, കണ്ണാരംപൊത്തിക്കളി, ഗോലികളി അങ്ങനെ എണ്ണിയാൽ തീരാത്ത കളികൾ. രണ്ടുമണിക്ക് ബെല്ലടിക്കുന്നതു വരെ നേരം പോകുന്നതറിയില്ല.

അപ്പോഴാകും സൈക്കിളിൽ ഐസ് വിൽപ്പനക്കാരന്‍റെ വരവ്. സൈക്കിൾ ബാറിൽ തൂക്കിയിട്ടിരിക്കുന്ന ഇരുമ്പുപട്ടയിൽ ഇരുമ്പുദണ്ഡു കൊണ്ട് അടിച്ചു താളാത്മകമായി അയാൾ കൂകും ഐസ് മുട്ടായി...ഐസ് മുട്ടായി. എന്തൊക്കെ തരത്തിൽ ഉള്ള ഐസ് മിട്ടായികളാണ് അയാളുടെ സൈക്കിളിൽ കെട്ടിവെച്ച ചെറിയ ഐസ് പെട്ടിയിൽ ഉണ്ടാകുക. അഞ്ചുപൈസ കൊടുത്താൽ കോലൈസ് എന്നു വിളിക്കുന്ന കമ്പ് ഐസ് കിട്ടും. ഒരു ചെറിയ മരക്കോലിൽ വർണ്ണപ്രപഞ്ചം തീർക്കുന്ന ഐസ് മിട്ടായി.. ചെമല, മഞ്ഞ, പച്ച, കാപ്പിപ്പൊടി അങ്ങനെ എന്തെല്ലാം ഇനങ്ങൾ. നാവിൻ തുമ്പിൽ ഇട്ടാൽ അലിഞ്ഞു നാവിനും ചുണ്ടിനും നിറങ്ങളുടെ വർണ്ണഭംഗി നൽകും. കുറേനേരത്തെക്കെങ്കിലും മധുരവും തണുപ്പും നൽകുന്ന അനുഭൂതിയുടെ സ്വർഗ്ഗലോകത്താകും കുട്ടികൾ. ഐസ് മിട്ടായി വാങ്ങി കഴിക്കരുത് എന്നു വീട്ടിൽനിന്നു പറഞ്ഞതൊക്കെ ആരു കേൾക്കാൻ. എന്തെല്ലാം രുചികളാ..പാലൈസ്, സേമിയ, ഓറഞ്ച്, ചോക്കലൈറ്റ്, മാംഗോ അങ്ങനെ ഹരം പിടിപ്പിക്കുന്ന രുചികളും ഓർമ്മകളും. കോലൈസ് വാങ്ങി വായിലേക്ക് നീട്ടുമ്പോളാകും ആരെങ്കിലും കുശുമ്പ് മൂത്തു പുറകിൽ നിന്നു തട്ടുക. കോലിൽ നിന്നു അടർന്നു വീഴുന്ന ഐസിനു വേണ്ടി കുട്ടികളുടെ പരക്കംപാച്ചിലും തല്ലും ഇപ്പോഴും ഓർമ്മയുണ്ട്. ഐസ് മിട്ടായി നഷ്ടപ്പെട്ടവൻ അണ്ടി കളഞ്ഞ അണ്ണാനെ പോലെ നിൽക്കുന്ന നിൽപ്പുണ്ടല്ലോ, മുഖത്തെ ഭാവം ഒന്നു കാണേണ്ടത് തന്നേ.. കരുണം, രൗദ്രം, ബീഭത്സം..





എട്ടരമണിയാകുമ്പോഴേക്കും ഞാനും കൂട്ടുകാരും സ്കൂളിൽ എത്തും. എന്റെ വീടിന്റെ അടുത്തായിരുന്നു സ്കൂൾ. ക്ലാസ്സിലെത്തിയ ഉടൻ വള്ളി റബ്ബർ ഇട്ടു മുറുക്കിയ പുസ്തകക്കൂട്ടം ഡെസ്കിന്റെ അടിയിലെ തട്ടിലേക്ക് വലിച്ചെറിഞ്ഞു ഞാനും കൂട്ടുകാരും ഗ്രൗണ്ടിലേക്ക് പായും. എന്തൊക്കെ കളികൾ ആയിരുന്നു അന്ന്. ആൺകുട്ടികളുടെ കളികളിൽ പ്രധാനം കബഡിയും കിളിത്തട്ടും. പിന്നെ ഗോലികളി, കുട്ടിംകോലും,കുഴിപ്പന്തുകളി അങ്ങനെ ഒട്ടേറെ ഇനങ്ങൾ. പെൺകുട്ടികളുടെ കളികൾ ആയിരുന്നു കക്കുകളി,കല്ലുകൊത്ത്,അമ്മാനയാട്ടം തുടങ്ങിയവ. കായിക അധ്വാനം വേണ്ടിയിരുന്ന കളികൾ ആയിരുന്നു അതൊക്കെ. അനങ്ങാപ്പാറകളായ ചില മടിച്ചികോതകൾ കൂടിയിരുന്നു കൈയ്യിൽകുത്ത് കളിക്കും.
അക്കുതിക്കുത്താന വരമ്പ്
കയ്യേകുത്ത് കരിംകുത്ത്
ചീപ്പ് വെള്ളം താറാവെള്ളം
താറാമക്കടെ കൈയ്യേലൊരു വാങ്ക്..
ജൂൺ മാസം സ്കൂൾ തുറക്കുമ്പോഴേക്കും മഴയും എത്തും. പുതുതായി പെയ്യുന്ന മഴയ്ക്ക് ആ അവധിക്കാലം കഴിഞ്ഞു സ്കൂളിൽ പോകാൻ വെമ്പൽ കൊള്ളുന്ന സ്കൂൾ കുട്ടികളുടെ ഉത്സാഹമാണ്; ഇടവപ്പാതിയ്ക്ക് ആദ്യമായി സ്കൂളിൽ പോകുന്ന ഒന്നാം ക്ലാസുകാരന്‍റെ മട്ടാണ്..എപ്പോഴാണ് ആർത്തലച്ചു പെയ്യുക എന്നു പറയുക വയ്യ. സ്കൂൾ തുറന്നു ചില ദിവസങ്ങൾ കഴിയുന്നതോടെ മഴയുടെ കുറുമ്പും കൂടിവരും. ഞങ്ങൾ കുട്ടികൾക്കാകട്ടെ മഴയൊന്നും പ്രശ്നമല്ല, അവർക്ക് കഴിഞ്ഞ രണ്ടു മാസത്തെ അവധിക്കാല വിശേഷങ്ങൾ കൂട്ടുകാരുമായി പങ്കുവെയ്ക്കാനുള്ള ധൃതിയാണ്. അവധിക്കാലത്ത് ബന്ധുവീട്ടിൽ വിരുന്നുപോയതും കാഴ്ച്ചബംഗ്ലാവ് കാണാൻ പോയതും അങ്ങനെ നൂറുകൂട്ടം വിശേഷങ്ങൾ. സ്കൂൾ തുറക്കുന്നതിന് മുമ്പുതന്നെ ബുക്കുകളും പുസ്തകങ്ങളും പൊതിഞ്ഞു റെഡിയാക്കി ഉത്സാഹത്തോടു കാത്തിരിക്കും.

പുസ്തകങ്ങൾ പൊതിയാൻ അന്നു കിട്ടുന്ന സോവിയറ്റ് യൂണിയൻ മാഗസിനിന്‍റെ ലക്കങ്ങൾ എവിടെ നിന്നെങ്കിലും കണ്ടെത്തും. മലയാളത്തിൽ ഉള്ള സോവിയറ്റ് നാട് മാഗസിനെക്കാൾ കുട്ടികൾക്ക് പ്രിയം ഇംഗ്ലീഷിലുള്ള സോവിയറ്റ് യൂണിയനോടായിരുന്നു. കൊല്ലം ജില്ലയുടെ കിഴക്കൻ പ്രദേശങ്ങൾ ഒക്കെ കമ്മ്യൂണിസ്റ്റ് വേരോട്ടം ഉള്ള സ്ഥലങ്ങൾ ആയതിനാൽ മിക്കവാറും എല്ലാ വീടുകളിലും സോവിയറ്റ് നാടിന്‍റെ ഒരു ലക്കമെങ്കിലും കാണും. കമ്മ്യൂണിസ്റ്റ് വിപ്ലവം പോലെ സമത്വസുന്ദര റഷ്യയുടെ ദൃശ്യങ്ങൾ നിറഞ്ഞ പുറംചട്ടയണിഞ്ഞ സ്കൂൾ പുസ്‌തകങ്ങൾ ഇന്നു ഓർമ്മമാത്രം. അതുമല്ലെങ്കിൽ ചുമരിൽ തൂങ്ങുന്ന ഉണ്ണിമേരിയുടെയോ ജയഭാരതിയുടെയോ മറ്റോ പടമുള്ള പഴയ വർണ്ണകലണ്ടറുകളാകും ശരണം. പൊതിഞ്ഞ ബുക്കുകൾ പ്ലാസ്റ്റിക്‌ഷീറ്റ് കൊണ്ടു കവർ ചെയ്യും. അതും അത്ര ബുദ്ധിമുട്ടുള്ള കാര്യം അല്ലായിരുന്നു. കാരണം പുനലൂർ പ്രദേശങ്ങളിൽ റബ്ബർ എസ്റ്റേറ്റുകൾ ധാരാളം ഉള്ളതിനാൽ മഴക്കാലത്ത് റബ്ബർമരങ്ങൾ പൊതിയുന്ന പ്ലാസ്റ്റിക് ഷീറ്റുകൾ തോട്ടപ്പണിക്കാരെ ആരെയെങ്കിലും ചാക്കിട്ടാൽ കിട്ടും. അങ്ങനെ പൊതിയുന്നതിനു മുമ്പ് നെയിംസ്ലിപ്പുകൾ കൂടെ ഒട്ടിച്ചാൽ സംഗതി ജോർ. നെയിംസ്ലിപ്പ് ബാലരമയിൽ നിന്നോ പൂമ്പാറ്റയിൽ നിന്നോ വെട്ടിയെടുത്ത് ഒട്ടിയ്ക്കും.വർണ്ണ കലണ്ടറുകളാണെങ്കിൽ ടീച്ചറെ പേടിച്ചു ഉണ്ണിമേരിയുടെയും ജയഭാരതിയുടെയും പള്ളയ്ക്കാകും നെയിംസ്ലിപ്പ് പതിക്കുക.

മിക്കവാറും തലേന്ന് തന്നെ പിറ്റെ ദിവസം സ്കൂളിൽ കൊണ്ടുപോകുവാൻ ഉള്ള ബുക്കുകൾ ഒക്കെ അടുക്കി റബ്ബർനാട ഇട്ടു വലിച്ചുമുറുക്കി ടെമ്പറാക്കി വെക്കും. രണ്ടുതരം റബ്ബർനാടകൾ അന്ന് സ്കൂളിനടുത്തുള്ള കടകളിൽ കിട്ടും. വില കുറഞ്ഞ കറുത്ത റബ്ബർ നാടയും വില അല്പം കൂടിയ ആഢ്യൻ ഇലാസ്റ്റിക് നാടയും. ആ കറുത്ത റബ്ബർനാടകൊണ്ടു കാണിയ്ക്കാത്ത കുരുത്തക്കേടുകൾ ഇല്ല. മൊബൈൽ പേപ്പർ റോക്കറ്റ് വിക്ഷേപിണിയായും കാക്കാബെൽറ്റായും (തെറ്റാലി) കൂടെയുള്ളവന്‍റെ തലയ്ക്കിട്ടു വീക്കാനും ഒക്കെ അതു തന്നെ ശരണം. മഴക്കാലത്ത് ബുക്കുകൾ തുണിക്കടയിൽ നിന്നു ഡ്രസ്സ് വാങ്ങുമ്പോൾ കിട്ടുന്ന നല്ല കട്ടിയുള്ള പ്ലാസ്റ്റിക് കവറിൽ ഇട്ടാകും യാത്ര.

ഇടവഴി താണ്ടി പാടത്തേക്കു ഇറങ്ങുമ്പോഴാണ് രസം. പാടവരമ്പിന്‍റെ അരികിൽ നിൽക്കുന്ന കുടങ്ങൽ പടർപ്പിൽ നിന്നു ഇല പറിച്ചു നാവിനടിയിൽ തിരുകി ഉച്ചത്തിൽ പീ.. എന്നു ശബ്ദം കേൾപ്പിക്കാൻ നല്ല രസം. പാടത്തിനു നടുവിലൂടെ സിമന്റ് വരമ്പ് ഉണ്ട്, ഒരു സൈഡിൽ തോടാണ്. മഴ പെയ്‌തു കഴിഞ്ഞാൽ തോട്ടിലൂടെ കാടിവെള്ളത്തിന്റെ നിറത്തിൽ വെളളം കുത്തിയൊലിച്ചു ഒഴുകും. തോട്ടിൽ പേപ്പറുകൊണ്ട് കളിവള്ളം ഉണ്ടാക്കി അതിൽ വലിയ കറുത്ത ഉറുമ്പിനെ പിടിച്ചു തോണിക്കാരനാക്കി അതിനൊപ്പം ഓടുക എന്റെ ഇഷ്ടവിനോദം ആയിരുന്നു. ഒടുവിൽ ഏതെങ്കിലും ചുഴിയിൽ പെട്ടു ബോട്ടു മുങ്ങുമ്പോൾ ഉള്ള മുഖഭാവം കണ്ടാൽ കടലിൽ പോയ ബോട്ടുമുങ്ങിയ ഉടമയുടെ മട്ടാണ്. തോടിന്‍റെ ഒരു വശത്ത് കൈതകളും കാട്ടുചേമ്പുകളും കാണും. കാട്ടുചേമ്പിന്റെ ഇലകൊണ്ട് ഒത്തിരി കാര്യങ്ങൾ ചെയ്യാം. നിനച്ചിരിയ്‌ക്കാതെ മഴ പെയ്യുമ്പോൾ വലിയ ഇല പറിച്ചു കുടയാക്കി ചൂടി ഓടും. മഴ മാറി വെയിൽ വന്നാൽ ഇലയ്ക്കു നടുവിൽ തോട്ടിൽ നിന്നു കൈകൊണ്ടു വെള്ളം കോരിയൊഴിച്ചു തിളങ്ങുന്ന വൈഡൂര്യമണികളുടെ ഭംഗി ആസ്വദിയ്ക്കും. ഇല വെള്ളത്തിൽ മുക്കിവെച്ചു മാനത്തുകണ്ണിയെ പിടിയ്ക്കും. കിട്ടിയ മീനിനെ ചേമ്പിലയിൽ വെള്ളത്തോടുകൂടെ ഒരു കുമ്പിളുപോലെ ആക്കി വീട്ടിൽ കൊണ്ടുവന്നു ഒഴിഞ്ഞ ഹോർലിക്‌സ് കുപ്പിയിൽ ഇട്ടു വളർത്തും. ഒന്നുരണ്ടു തവണ കുപ്പിയിലെ വെള്ളം മാറ്റുന്നതോടെ പാവം അവറ്റകളുടെ കഥ കഴിയും.

എന്റെ സ്കൂളോർമ്മകളിൽ മായാതെ നിൽക്കുന്ന ഒട്ടേറെ മരങ്ങൾ...കൊല്ലം ചെങ്കോട്ട റോഡിൽ ഇടമൺ എൽ.പി സ്കൂൾ മുതൽ യു.പി സ്കൂൾ ജംഗ്ഷൻവരെ എന്തോരം മുത്തശ്ശി മാവുകൾ ആയിരുന്നു ഉണ്ടായിരുന്നത്‌ . ഉച്ചയ്ക്ക് ശേഷം മാനത്തു മഴകണ്ടാൽ ബെല്ലടിച്ചു പള്ളിക്കൂടം വിടും. വീട്ടിലേക്ക് ഓടുന്നതിനു പകരം ഞങ്ങൾ റോഡുവക്കിലെ മാവുകളുടെ മൂട്ടിലേക്കാകും പാഞ്ഞോടുക. വേനൽ മഴക്ക് മുമ്പ് വീശുന്ന കാറ്റിൽ ചറപറാ വീഴുന്ന മാങ്ങയ്ക്ക് പിറകെ പിന്നാലെ എത്തുന്ന മഴയെ വകവെയ്ക്കാതെ ഓടാൻ എന്തായിരുന്നു ഉത്സാഹം...ചിലപ്പോൾ കാറ്റിൽ ചെറുകൊമ്പുകൾ കുമ്പഴുപ്പൻ മാങ്ങകളോടെ താഴേക്ക് വീഴും. ഒരു മാസം കൂടിക്കഴിഞ്ഞാൽ ഒരു ചെറുകാറ്റടിച്ചാൽ പൊഴിയുന്ന ചക്കര മാങ്ങകൾ. ഞങ്ങളുടെ കല്ലും കപ്പത്തണ്ടും കൊണ്ടുള്ള ഏറുകളെ ഒരു കുഞ്ഞിന്റെ കുറുമ്പിനോട് മാതാവ് കാണിയ്ക്കുന്ന കനിവോടെ ഏറ്റുവാങ്ങിയ അമ്മച്ചി മാവുകൾ. മാങ്ങകൾ മരത്തിൽ വെച്ചു തന്നെ പാതിതീർത്തു വെയ്ക്കുന്ന അണ്ണാറക്കണ്ണന്മാർ, മാങ്ങ കൊത്തി താഴേക്ക് ഇടുന്ന കിളികൾ, പഴുത്ത മാങ്ങയുടെ മണം പിടിച്ചെത്തുന്ന വണ്ടുകൾ . ഈ ലോകത്ത് നമുക്ക് മാത്രമല്ല അണ്ണാറക്കണ്ണൻമാർക്കും കിളികൾക്കും വണ്ടുകൾക്കും മണിയനീച്ചകളും ഒക്കെ ജീവിയ്ക്കാൻ അവകാശമുണ്ടെന്നും ഭൂമിയിലെ ഓരോ ജീവികൾക്കുമുണ്ട് അവരുടേതായ അവകാശങ്ങൾ എന്നും നമ്മെ പഠിപ്പിച്ച വടവൃക്ഷങ്ങൾ. അവയെല്ലാം ഓരോരോ കാലങ്ങളിൽ ആയി മനുഷ്യൻ വെട്ടിവീഴ്ത്തി. ഇപ്പോഴും ആ വന്മരങ്ങളുടെ പിൻതലമുറക്കാർ ചിലരൊക്കെ അങ്ങിങ്ങു നിൽപ്പുണ്ട്, എപ്പോഴാണാവോ അധികാരികൾ പാതയ്ക്ക് ഭീഷണി എന്നു പേർപറഞ്ഞു അവയുടെ കടയ്ക്കൽ കത്തിവെയ്ക്കുക.


ഈ മാവുകളേക്കാൾ ഏറെ ഞാൻ ഓർമ്മിക്കുന്ന ഒരു മരമുണ്ടായിരുന്നു അന്ന് കൊല്ലം-ചെങ്കോട്ട റോഡ് സൈഡിൽ, ഒരു വമ്പൻ താന്നിമരം. എൽ.പി.സ്കൂൾ കഴിഞ്ഞു മുമ്പോട്ടു പോകുമ്പോൾ അമ്പലവളവ് കഴിഞ്ഞു അല്പം മുമ്പിലായി റോഡ്‌സൈഡിൽ ഒരു കൂറ്റൻ താന്നിമരം. മരത്തിൽ നിറയെ താന്നിക്കകൾ. കുഞ്ഞുനാളിൽ സ്കൂളിൽ പോകും വഴി കെ.ബി.എസ് എസ്റ്റേറ്റിലെ കുറുക്കുവഴിയിലൂടെ കുന്നുംപുറം താണ്ടി ആ മരത്തിന്റെ മൂട്ടിലേക്ക് ഞങ്ങൾ പ്രതീക്ഷയോടെ ചെല്ലുമായിരുന്നു. ആരെയും നിരാശരാക്കുകയില്ലായിരുന്നു ആ താന്നിമരം. എല്ലാവർക്കും കിട്ടും മൂന്നുംനാലും താന്നിക്കകൾ. അപ്പോഴാകും ഒരു ചെറുകാറ്റ് വീശുക. കനിവോടെ താന്നിമരം പൊഴിയ്ക്കും അഞ്ചാറ് താന്നിക്കകൾ. ഓടിച്ചെന്നു അതെടുത്തു നിക്കറിന്റെ പോക്കറ്റിൽ തിരുകി സ്കൂളിലേക്ക് ഒരോട്ടം. ഇടവേളയ്ക്ക് സ്കൂളിന്റെ തിണ്ണയിൽ ഇരുന്നു കല്ലുകൊണ്ട് താന്നിക്ക പൊട്ടിച്ചു പരിപ്പ് തിന്നുന്നതിന്റെ സുഖം. ആ താന്നിക്ക പൊട്ടിക്കുമ്പോൾ ഉള്ള ഒരു വേറിട്ട മണം എന്റെ മൂക്കിലേക്ക് ഇപ്പോഴും ഓർമ്മയായി തിരികെ എത്തുന്നു. കൂട്ടുകാർ തമ്മിൽ പിണങ്ങിയാൽ മുഖം വീർപ്പിച്ചു നടക്കുന്ന കൂട്ടുകാരനെ പലപ്പോഴും താന്നിക്ക കൊടുത്താകും വരുതിയിൽ ആക്കുക.

അന്നൊക്കെ നാട്ടുവഴികളിൽ പറങ്കിമാവ് സുലഭം. സ്കൂളിൽ പോകുന്ന വഴി റോഡിൽ വീണുകിടക്കുന്ന പറങ്കിപഴം.അത് കടിച്ചു ഈമ്പി ചാറുകുടിച്ചു പഴം തിന്നുന്നത് ഓർക്കുമ്പോൾ തന്നെ കുളിരുകോരുന്നു. പഴം ഇറുത്ത് അണ്ടികൾ നിക്കറിന്റെ പോക്കറ്റിൽ കുട്ടികൾ കരുതും. അന്നത്തെ വട്ടചിലവിനാണ്. മിക്ക കടകളിലും പൈസയ്ക്ക് പകരമായി കശുവണ്ടി എടുക്കും.അത് കൊടുത്തു നാരങ്ങമിട്ടായിയും നാവിൽ ഇട്ടാൽ അലിഞ്ഞു പോകുന്ന തേൻ
മുട്ടായിയും ഒക്കെവാങ്ങും.ഓർമ്മകളിലെവിടയോ ആ രുചികൾ ഇപ്പോഴും ചിലപ്പോഴൊക്കെ ഞൊട്ട പിടിച്ചു തിരിഞ്ഞു നിൽക്കും.

മിക്കവാറും പിള്ളേരെ പറ്റിക്കാനുള്ള എല്ലാ സാധനങ്ങളും സ്കൂളിന്റെ സമീപത്തെ കടകളിൽ കിട്ടും. വരി വരിയായി നിരത്തിവെച്ച മിഠായി ഭരണികൾ. നാരങ്ങമിട്ടായി കപ്പലണ്ടി മിട്ടായി, റബ്ബറുമിട്ടായി, അമ്മിക്കല്ല് മിട്ടായി പച്ചകളർ പ്ലാസ്റ്റിക്‌ കവറുള്ള പാരീസ് മിട്ടായി,നാക്കിൽ ഇട്ടാൽ അലിഞ്ഞു പോകുന്ന പഞ്ചാരമിട്ടായി എന്നു വേണ്ട പീപ്പിയും ബലൂണും പൊട്ടാസും തോക്കും .കൂടാതെ കുപ്പിയിൽ നിറച്ച അച്ചാറും. റബ്ബറുമിട്ടായി എന്ന് വെച്ചാൽ മിട്ടായി ഒരു അലൂമിനിയം ഫോയിലിൽ പൊതിഞ്ഞു അതിന്റെ ചുറ്റും നീണ്ട റബ്ബർനാട ചുറ്റിയതാണ് .അത് വലിച്ചു വിട്ടാൽ വിട്ടെടുത്ത് തിരികെ എത്തും ,കൂടാതെ വട്ടത്തിൽ കറക്കാൻ നല്ല രസമാണ് . അമ്മിക്കല്ല് മിട്ടായി എന്നാൽ ആട്ടുകല്ലിന്റെ രൂപത്തിൽ ശർക്കരയും തേങ്ങാപ്പീരയും ചേർത്തുണ്ടാക്കിയതാണ് . പച്ച കളർ ഉള്ള പാരീസ് മിട്ടായിയുടെ കവർ കൊണ്ട് ഡാൻസ് ചെയ്യുന്ന പെൺകുട്ടിയെ ഉണ്ടാക്കുന്നത് ചെറുപ്പത്തിലെ ഞങ്ങളുടെ ഒരു പ്രധാന നേരം പോക്കായിരുന്നു. അന്ന് കടകളിൽ പാണ്ടിയിൽ നിന്നുള്ള അച്ചാറുപായ്ക്കറ്റ് അഞ്ച് പൈസ കൊടുത്താൽ കിട്ടും, നാരങ്ങ ചുമന്നഅച്ചാറാക്കി, പനയോല കൊണ്ട് പൊതിഞ്ഞു ചെറിയ ഓല പടക്കത്തിന്റെ രൂപത്തിൽ ഇരിക്കും. പൊതി അഴിച്ചു നാക്കിൽ ഇടുമ്പോൾ ഉള്ള രുചി ഓർത്താൽ ഇപ്പോഴും വായിൽ കപ്പലോടിക്കാം. പക്ഷെ വീട്ടിൽ വാങ്ങി കൊണ്ട് ചെന്നാൽ അമ്മ അടിക്കും. അമ്മയുടെ ഭാഷ്യത്തിൽ ഈ നാരങ്ങ അച്ചാർ ഉണ്ടാക്കുന്നത് കടയിൽ നിന്ന് നാരങ്ങ വെള്ളം പിഴിഞ്ഞതിനു ശേഷം പുറത്തേക്ക് എറിയുന്ന നാരങ്ങ കഷണങ്ങൾ പെറുക്കികൊണ്ട് പോയാണത്രേ.

സ്കൂളിൽ കളികൾക്കിടെ വീണു മുറിഞ്ഞു ചോര വന്നാൽ അടുത്ത പറമ്പിലേക്ക് ഓടും. കൂട്ടുകാർ കുറെ കമ്മ്യൂണിസ്റ്റ് പച്ചയുടെ ഇല എടുത്ത് പിഴിഞ്ഞു ചാറ് മുറിവിലേക്കു ഇറ്റിയ്ക്കും. ആദ്യം നല്ല നീറ്റൽ ആയിരിക്കും എങ്കിലും മൂന്നാലു ദിവസം കൊണ്ട് മുറിവ് ഉണങ്ങിയിരിക്കും..തീർന്നു ചികിത്സ. കൂട്ടുകാർ സ്കൂളിൽ കൊണ്ടു വരുന്ന പേരക്കയും മാങ്ങയുമൊക്കെ ഒരു മുറിബ്ലേഡ് കൊണ്ട് പൂളി ഞങ്ങൾ കൂട്ടം ചേർന്ന് പങ്കിടും. ചിലപ്പോൾ കല്ലുവെച്ചു ഇടിച്ചാകും ഭാഗം വെയ്ക്കുക. ഇന്ന് അങ്ങനെയൊക്കെ കഴിച്ചാൽ ഉണ്ടാകുന്ന രോഗങ്ങൾ അക്കാലത്ത് അന്യം. തൊടിയിലും മണ്ണിലുമൊക്കെ കളിച്ചു കരുത്ത് വന്ന ബാല്യങ്ങൾ.നെല്ലിക്ക അച്ചാറിന്റെയും പറങ്കിമാങ്ങാ ചൂരിന്റെയും ചെമ്മണ്ണിന്റെയും പുതുമഴയുടെയും ഗന്ധമുള്ള ഓർമ്മകൾ.


കാലം മാറി, ഞങ്ങളുടെ മുത്തശ്ശി സ്കൂളും ഹൈടെക്ക് ആയി. നമ്മുടെ ഗ്രാമങ്ങളും സ്കൂളുകളുമൊക്കെ മാറി. ഗ്രാമങ്ങളിലെ സ്കൂളുകളിൽ പോലും യൂണിഫോമും ഷൂവും ടൈയ്യും സ്കൂൾ ബസ്സുമൊക്കെ നിലവിൽ വന്നു. ബട്ടൺ പോയ നിക്കർ സേഫ്റ്റി പിന്നുകൊണ്ട് കുത്തി പോസ്റ്റാപ്പീസ് പാതിതുറന്നു കിടക്കുന്നതൊന്നും മൈൻഡ് ചെയ്യാതെ ഓടിച്ചാടി നടന്നിരുന്ന കുട്ടിക്കാലമൊക്കെ ഇപ്പോൾ ഓർമ്മകൾ മാത്രം.

Saturday, 22 February 2020

മസറ


മസറ




ഈ എഴുത്ത് മനോരമ  ഓൺലൈനിൽ  പ്രസിദ്ധീകരിച്ചു ലിങ്ക്


https://www.manoramaonline.com/literature/your-creatives/2020/03/04/masara.html


ആട്ടിൻചൂര് മണക്കുന്ന ഗൾഫിലെ നാട്ടിടവഴികളൂടെ വെള്ളിയാഴ്ചകളിലെ  പ്രഭാതത്തിൽ ഇളംസൂര്യന്റെ കിരണങ്ങളേറ്റു നടക്കുന്നത് കുറേനാളായി ഒരു ശീലമായി തീർന്നിരിക്കുന്നു. ഗൾഫ് പ്രവാസികളുടെ വെള്ളിയാഴ്‌ച പ്രഭാതം സുഖസുഷുപ്തിയ്ക്കുള്ളതാണ് എന്ന അടിസ്ഥാനപ്രമാണം ഞാൻ തെറ്റിയ്ക്കുന്നത് മറ്റൊന്നും കൊണ്ടല്ല, പ്രഭാതസവാരി നൽകുന്ന കാഴ്ച്ചകളും അതിലൂടെ ലഭിയ്ക്കുന്ന അനിർവ്വചനീയമായ   ആനന്ദവും അനുഭവിക്കുന്നത് മുടക്കാൻ ഇഷ്ടമില്ലാത്തതുകൊണ്ടാണ്. ഞാൻ താമസിക്കുന്ന ഫ്ലാറ്റിന്റെ മുമ്പിലെ ഇരട്ടവരിപാതയിൽ  വെള്ളിയാഴ്ച  രാവിലെ തിരക്കുണ്ടാവാറില്ല. റോഡ് മുറിച്ചുകടന്നു റൌണ്ട് എബൗട്ടിനടുത്തെത്തി അല്പം മുമ്പോട്ടുനടന്നാൽ ഒരു ഭാഗത്ത് വിശാലമായ മൈതാനമാണ്. ദൂരെ മൈതാനം അവസാനിക്കുന്നത് ശ്മശാനത്തിന്റെ കനത്ത മതിൽകെട്ടിന്റെ മുമ്പിലാണ് . ഞാൻ താമസ്സിക്കുന്ന ചെറുപട്ടണത്തിലെ ഏറ്റവും വലിയ ഖബറിസ്ഥാൻ ആണത്. മൈതാനം ചുറ്റി ശ്മശാനത്തിന്റെ അരികിലൂടെ മുമ്പോട്ട് നടന്നാൽ വിശാലമായ കൃഷിയിടങ്ങളാണ് .ഈന്തപ്പനയും മാവും  ചിക്കുമരങ്ങളുമൊക്കെ നിറഞ്ഞു നിൽക്കുന്ന കൃഷിയിടങ്ങൾ. അറബിയിൽ  'മസറ'  എന്നു വിളിക്കുന്ന കൃഷിയിടങ്ങളിൽ മിക്കവയും മതിലുകെട്ടിയും മരവേലി കെട്ടിയും സുരക്ഷിതമാക്കിയിട്ടുണ്ട്. കൃഷിത്തോട്ടങ്ങളുടെ അരികിലുള്ള കാലിച്ചാണകം മണക്കുന്ന, മാവ്  പൂക്കുന്ന നാട്ടുവഴികളിലൂടെയുള്ള നടത്തം ഒരു പ്രത്യേക അനുഭവമാണ്.  കൊഴിഞ്ഞു വീണ മാമ്പൂക്കൾ പരവതാനി വിരിച്ച വഴികൾ .  പ്രഭാതത്തിൽ ഇളംസൂര്യന്റെ ചൂടുമേറ്റു കിളികളുടെ കളനാദവും ആടുകളുടെ കരച്ചിലും പൂവൻകോഴിയുടെ കൂവലുമൊക്കെ എന്നെ കേരളത്തിലെ ഏതോ നാട്ടിൻപുറത്തെത്തിച്ച പ്രതീതി ഉണ്ടാക്കും. അത് നഷ്ടമാക്കുവാൻ  ഞാൻ കഴിവതും ഇഷ്ടപ്പെടാറില്ല. മരവേലികളിൽ പടർന്നു നിൽക്കുന്ന വള്ളികളിൽ പൂത്തുനിൽക്കുന്ന ശംഖുപുഷ്പങ്ങളോടും ശവംനാറി പൂക്കളോടും പിന്നെ പേരറിയാത്ത ഒട്ടേറെ പൂക്കളോടും സൊറ പറഞ്ഞുള്ള പ്രഭാതയാത്രകൾ. 


മൈതാനത്തിന്റെ ഒരറ്റത്തു പ്രഭാതത്തിൽ കൊണ്ടുപിടിച്ച തീറ്റപ്പുല്ല് കച്ചവടമാണ്. ബംഗാളികൾ നക്കലിൽ (തോട്ടത്തിൽ) നിന്ന് മുറിച്ചെടുത്ത തീറ്റപ്പുല്ല് കെട്ടുകെട്ടാക്കി തലച്ചുമടായും സൈക്കിളിലും കെട്ടിവെച്ചു കൊണ്ടുവന്നു കച്ചവടം നടത്തും. പുലർച്ചെതന്നെ അറബികൾ പിക്കപ്പുകളിലും മറ്റും വന്നു തോട്ടത്തിലെയും വീടുകളിലെയും ആടുമാടുകൾക്ക്  വേണ്ടി ആ പുൽകെട്ടുകൾ വാങ്ങിക്കൊണ്ടു പോകും. നല്ല രസമാണ് ആ കാഴ്ച്ച കണ്ടുനിൽക്കാൻ. കരിമ്പിന്റെ ഓലപോലെയുള്ള വലിയ തീറ്റപ്പുല്ലിനാണ് ഡിമാൻഡ്. 'കസബ് ' എന്നോമറ്റോ അറബിയിൽ അതിനു പറയുക. അറബി വല്യയുപ്പമാരും അറബിത്തള്ളമാരുമൊക്കെ രാവിലെ തന്നെ വണ്ടിയിലെത്തും.  പിന്നെ വിലപേശലാണ്. ചെറുപ്പക്കാരായ അറബികൾ അപൂർവ്വമായേ  എത്താറുള്ളു. ബംഗാളിയുമായി തർക്കിച്ചു ഒടുവിൽ ഒരു വിലയ്ക്കു കച്ചവടം ഉറപ്പിക്കും. വണ്ടിയിൽ  'ദല്ലാ'  എന്നു വിളിക്കുന്ന അലാവുദീന്റെ അത്ഭുതവിളക്കുപോലെയുള്ള അറബിക് ചായപാത്രവും ഈന്തപ്പഴങ്ങളും കാണും. തീറ്റപ്പുല്ല് വണ്ടിയിൽ കയറ്റികൊടുത്ത്  പണം വാങ്ങുന്നതിനിടയിൽ അറബിതള്ളമാർ ചായയും ഈന്തപ്പഴവുമൊക്കെ അവർ ശാപ്പിടുന്നതിനൊപ്പം ബംഗാളികൾക്കും നൽകുന്നത് കാണാം. ചിലപ്പോൾ കാഴ്ച്ച കണ്ടുനിൽക്കുന്നവർക്കുവരെ അവർ  ചായ സമ്മാനിക്കും. ആട്ടിൻപാലൊഴിച്ച കൊഴുത്ത കടുപ്പം കൂടിയ ചായ മൺപാത്രങ്ങളിൽ ഈത്തപ്പഴത്തിന്റെ അകമ്പടിയോടെ അകത്താക്കുവാൻ നല്ല രസമാണ്. ഒന്നുരണ്ടു തവണ എനിക്കും കിട്ടിയിട്ടുണ്ട്  ആ ആതിഥ്യം. 


മസറകളിലെ ജീവിതം ഒരു പ്രത്യേക ലോകമാണ്. ഈന്തപ്പനകളും മാവുകളും വാഴയും പപ്പായമരങ്ങളും  ഒക്കെ നിറഞ്ഞ കൃഷിത്തോട്ടങ്ങൾ. ഒരറ്റത്തു ഇളക്കിമറിച്ചു നിരപ്പാക്കിയ നിലത്താണ് പച്ചക്കറി കൃഷി.പച്ചക്കറി തോട്ടത്തിൽ  'കിയാർ' എന്നു വിളിക്കുന്ന സാലഡ്  വെള്ളരിക്ക, വത്തക്ക, ചീര, വെണ്ടയ്ക്ക,പച്ചമുളക് ,തക്കാളി ,വഴുതനങ്ങ  എന്നിങ്ങനെ ഒട്ടുമിക്ക പച്ചക്കറികൃഷികളും  കാണും. തോട്ടത്തിന് അരികിൽ മതിലിനോട് ചേർന്ന് ആട്ടിൻകൂടുകളും വലിയ കോഴിക്കൂടുകളും കാണും. ഫാൻ ഒക്കെ ഫിറ്റ് ചെയ്തു ആധുനിക രീതിയിൽ ആണ് സെറ്റപ്പ്. ഓരോ തോട്ടത്തിലും കാണും പത്തുനൂറു ആടുകളും എണ്ണിയാൽ തീരാത്ത കോഴികളും കാടപ്പക്ഷികളും മറ്റും . ബംഗാളികളാകും മിക്ക തോട്ടത്തിലെയും പണിക്കാർ. തോട്ടത്തിൽ തന്നെ രണ്ടോമൂന്നോ  മുറികളുള്ള ചെറിയ ഷെഡുകളാണ് അവരുടെ താമസം. ചൂടുകാലത്ത് ആണ്  ദുരിതം. റൂമിൽ ഏ.സിയൊക്കെ  ചുരുക്കം  ചില ഷെഡുകളിൽ മാത്രമേ കാണുകയുള്ളു.പെഡൽ ഫാനാണ് മിക്കവരുടെയും ആശ്രയം . ബംഗാളികൾ ചൂടുകുറയ്ക്കുവാൻ  മേൽക്കൂരയിൽ  ഈന്തപ്പനയോല മേയും. അതിൽ  വെള്ളം കോരിയൊഴിച്ചു  തണുപ്പിച്ചു ആകും ചൂടിന്റെ കാഠിന്യം കുറയ്ക്കുക. കോഴിയും ആടും പൂച്ചയും എല്ലാം ചേർന്ന ജീവിതം. എല്ലാ താമസസ്ഥലത്തും കാണും മൂന്നോനാലോ വളർത്തുപൂച്ചകൾ. ബംഗാളികൾ മീൻപ്രിയരായതിനാൽ  ആണ് പൂച്ചകളുടെ സഹവാസം. തോട്ടത്തിലെ പണിക്കിടയിൽ  സദാസമയവും ഹെഡ്ഫോൺ ചെവിയിൽ  തിരുകി ഉച്ചത്തിൽ നാട്ടിലുള്ള വീട്ടുകാരോട്  വർത്തമാനം പറയുകയോ പാട്ടുകേൾക്കുകയോ  ആകും മിക്ക ബംഗാളികളുടെയും  വിനോദം. ബംഗാളികൾക്ക് തോട്ടത്തിൽ  പിടിപ്പത് പണിയുണ്ട്. രാവിലെ എഴുന്നേറ്റാലുടെൻ  ആടുകളെ കൂട്ടിൽ നിന്ന് തുറന്നുവിടണം. കോഴികൾക്കും കാടകൾക്കും തീറ്റയും വെള്ളവും കൊടുക്കണം. തോട്ടത്തിന് നടുവിലുള്ള ടാങ്കിൽ നിന്ന്  മോട്ടോർ ഓൺ ചെയ്തു തോട്ടവും പച്ചക്കറികളും നനയ്ക്കണം. പച്ചക്കറി കൃഷിയിടത്തിൽ എല്ലായിടത്തും തോട്ടം നനയ്ക്കുവാൻ  സ്പ്രിംഗ്ളർ  ഫിറ്റ് ചെയ്തിട്ടുണ്ട്. പിന്നെ പാകമായ പച്ചക്കറികൾ വിളവെടുക്കണം. അത് തടിപ്പെട്ടികളിൽ നിറച്ച്  സെയിലിനായി  എത്തുന്ന പിക്കപ്പുകളിൽ കയറ്റികൊടുക്കണം. അങ്ങനെ  നൂറുകൂട്ടം പണികൾ.


അതിനിടയിൽ  രാത്രിയിൽ  ഉണ്ടാക്കിവെച്ച  മീൻകറിയോ പരിപ്പുകറിയോ കൂട്ടി കുബൂസോ  വെള്ളച്ചോറോ പണിക്കാർ എല്ലാവരും കൂടിയിരുന്നു കഴിക്കും. വല്ലാത്തൊരു ജീവിതം തന്നെ തോട്ടക്കാരുടേത്. വൈകുന്നേരം ആകുമ്പോൾ തോട്ടത്തിന്റെ ഉടമയായ അറബി തോട്ടത്തിലെത്തി പണികൾ നോക്കികാണും. അർബാബിന്റെ   ഉച്ചത്തിലുള്ള ശകാരം ആകും മിക്കപ്പോഴും ആദ്യം കേൾക്കുക. പിന്നെ പതുക്കെ അർബാബ്  ശാന്തനാകുമ്പോൾ ആകും ബംഗാളികൾ  ആവലാതികളുടെ കെട്ടുഅഴിക്കുക. ചിലർക്ക് നാട്ടിൽപോകാൻ അവധിവേണം മറ്റുചിലർക്ക് നാട്ടിൽ അയയ്ക്കാൻ അഡ്വാൻസ്  പണം  വേണം. ബംഗാളിയും അറബിയും ചേർന്നുള്ള സമാന്തരഭാഷയിൽ  കാര്യങ്ങൾക്ക് ഒരു തീരുമാനം ആക്കി അറബി സ്ഥലം കാലിയാക്കുമ്പോൾ ഒരു ഏഴുമണിയാകും. പിന്നെയാകും ഭക്ഷണം ഉണ്ടാക്കലും വിശ്രമവും.


എന്റെ ദിനംപ്രതിയുള്ള സവാരിയ്ക്കിടയിൽ ചുരുക്കം ചില തോട്ടക്കാരുമായി പരിചയത്തിലായിട്ടുണ്ട് . അവരിൽ ഒരാളാണ് ആലംനൂർ മിയ. ജൂൺമാസത്തിലെ ഒരു പുകയുന്ന സായാഹ്നത്തിലാണ്‌  ഞാൻ അയാളെ പരിചയപ്പെട്ടത്. ഒരു പത്തുമുപ്പത് വയസ്സുപ്രായം കാണും അയാൾക്ക്‌. കറുത്തുമെല്ലിച്ച ശരീരം. എപ്പോഴും പാൻ മുറുക്കി  ചുവപ്പിച്ച പല്ലുകൾ കാട്ടി ഇങ്ങനെ നടക്കും . ചെവിയിൽ  ഹെഡ്‍ഫോൺ. മൊബൈൽ  ഭ്രാന്തനാണ്. അവന്റെ മസറയുടെ  മുമ്പിലെ ഗേറ്റിൽ എനിക്കായി  കാത്തുനിൽകുകയായിരുന്നു അയാൾ.ഞാൻ അതുവഴി സായാഹ്നങ്ങളിൽ സ്ഥിരം നടക്കുന്നത്  അയാൾ കണ്ടിട്ടുണ്ടത്രേ.
'ഭായ്  യേ  പടോ '  അവൻ മൊബൈൽ  എന്റെ കൈയ്യിലേക്ക്  നീട്ടി.
കാര്യം ഇത്രയേയുള്ളു  അവന്റെ മൊബൈലിൽ  ഇംഗ്ലീഷിൽ  ഏതോ  ഒരു മെസ്സേജ്  വന്നിരിക്കുന്നു. അത് വായിച്ചു അർഥം പറഞ്ഞു കൊടുക്കണം.'മലബാറി' ആയതിനാൽ ആയതിനാൽ എനിക്ക് ഇംഗ്ലീഷ് അറിയാം  എന്നാണ് അവന്റെ  ധാരണ. ഞാൻ മെസ്സേജ് എടുത്തുനോക്കി. ഏതോ ഒരു ഫിലിപ്പെനി  പെണ്ണ്   അയച്ച ശൃംഗാരത്തിൽ കുതിർന്ന മെസ്സേജ് ആണത്. ലൗവ്ചിഹ്‌നം  ഒക്കെ കണ്ടുത്രിൽ  അടിച്ച ആലംനൂറിന്  അത് ആരെക്കൊണ്ടെങ്കിലും വായിപ്പിച്ചു കാര്യം മനസ്സിലാക്കാതെ  ഇരിക്കപ്പൊറുതി ഇല്ലെന്നായി. ഞാൻ കാര്യം പറഞ്ഞതോടെ അവൻ ഒരു കള്ളച്ചിരിയോടെ  മുഖം കുനിച്ചു. ആരാണ് കക്ഷി എന്ന് ചോദിച്ചിട്ടു  അവൻ ഒന്നും മിണ്ടുന്നില്ല. ഒരുപക്ഷെ  അവന്റെ അറബിയുടെ  വീട്ടിലെ പണിക്കാരികളായ ഏതെങ്കിലും ഫിലിപ്പെനി പെണ്ണാകും. ഇത്തരം ചുറ്റിക്കളികൾ  ഗൾഫിൽ സാധാരണയാണ്.
ഏതായാലും ആ കൂടികാഴ്ചയോടെ  ഞാനും ആലംനൂറും തമ്മിൽ പരിചയക്കാരായി.  അയാളെ  പിന്നീട്  പലപ്പോഴും വൈകുന്നേരങ്ങളിൽ  കറുപ്പും സിൽവറും  നിറമുള്ള ടേപ്പ് ഒട്ടിച്ചു വികൃതരൂപിയാക്കിയ സൈക്കിളിൽ ചെവിയിൽ ഹെഡ്ഫോൺ  തിരുകി  മൈതാനത്തിലൂടെ പാഞ്ഞുപോകുന്നത് കാണാം.മാർക്കറ്റിലും കൂട്ടുകാരായ  ഭായികളെ കാണാനും ഒക്കെ പോകുവാൻ ബംഗാളികൾക്ക്  സൈക്കിളാണ് ആശ്രയം. എന്നെ കണ്ടാലുടൻ  കൈയ്യുർത്തി  സലാം കാണിച്ചു ചുവന്ന കറപിടിച്ച പല്ലുകാട്ടി ചിരിച്ചു അയാൾ പരിചയം പുതുക്കും. പതുക്കെ എനിക്കും  അയാൾക്കും ഇടയിൽ  ഒരു സൗഹൃദം രൂപപ്പെട്ടു വന്നു. എനിക്ക്  ഹോസ്പിറ്റലിൽ ആണ്  ജോലി  എന്നറിഞ്ഞതോടെ അല്പം ബഹുമാനത്തിലായി പിന്നീടുള്ള ഇടപാടുകൾ. അവനും കൂട്ടത്തിൽ പണിയെടുക്കുന്ന  തോട്ടത്തിലെ ബംഗാളിഭായിമാർക്കും  ഞാൻ ഒരു മുറിഡോക്ടർ ആയിമാറി. അവരുടെ കൊച്ചുകൊച്ചു സംശയങ്ങൾ,  അവർക്കുള്ള രോഗങ്ങളെക്കുറിച്ചും കഴിക്കുന്ന മരുന്നുകളെക്കുറിച്ചും  ഉള്ള  സംശയങ്ങൾ ഞാൻ തീർത്തുകൊടുക്കണം. ഇടയ്ക്ക് ഉപകാരസൂചകമായി  മാങ്ങയോ പച്ചപപ്പായയോ ഈന്തപ്പഴമോ ഒക്കെ  തന്നു സൽക്കരിക്കാൻ അവർ മറക്കാറില്ല.


ആലംനൂർ മിയയുടെ  ജീവിതം അതൊരു കഥയാണ്. ആദ്യമെത്തിയത്  ഒമാനിലെ ഒരു ഗ്രാമത്തിൽ.  അവിടെ ഏതോ ഒരു കാട്ടറബി കഫീലിന്റെ  കീഴിൽ  ഒരു കൊല്ലം ശമ്പളമില്ലാതെ പണിയെടുത്തു.പകലന്തിയോളം പണിയെടുത്തിട്ടും ശമ്പളം കിട്ടാത്ത അവസ്ഥ. ഒടുവിൽ അവിടെ നിന്ന് ഒളിച്ചോടി ഒമാൻ ബോർഡർ കടന്നു ഇന്നാട്ടിലെത്തിയതാണ് അയാൾ. കയ്യിൽ പാസ്സ്പോർട്ടോ വിസയോ മറ്റു രേഖകളോ ഇല്ല. എങ്ങനെയോ ഈ തോട്ടത്തിൽ പണി കിട്ടി . തോട്ടത്തിലെ  പണി   ആയതിനാൽ  പോലീസ് പിടിക്കും എന്ന ആധി വേണ്ട. നാട്ടിൽ ഇതുവരെ പോയിട്ടില്ല, എട്ടുകൊല്ലമായി ഗൾഫിലെത്തിയിട്ട് . നാട്ടിൽ ഉപ്പയും ഉമ്മയും നാലുസഹോദരിമാരും ഇളയ അനുജനുമുണ്ട്. ഇവിടെനിന്ന് അയക്കുന്ന നിസ്സാരമായ തുക കൊണ്ടാണ് കുടുംബം പുലരുന്നത്. എന്നാണ് നാട്ടിൽ പോകുന്നത് എന്ന് ചോദിച്ചപ്പോൾ അവനൊരു ചിരി ചിരിച്ചു ചുവപ്പും കറുപ്പുമുള്ള പുഴുപ്പല്ലുകൾ  കാട്ടിയുള്ള പ്രതീക്ഷ നിറഞ്ഞ ചിരി.ഇങ്ങനെയും ഒരുപാട്  ജീവിതങ്ങൾ. സ്വന്തം നാട് കാണാതെ നീണ്ടവർഷങ്ങൾ ജീവിക്കുക. ഒടുവിൽ നാട്ടിൽ തിരിച്ചെത്തുമ്പോൾ നാട്ടുകാരും വീട്ടുകാരുമൊക്കെ അപരിചിതരാകുന്ന അവസ്ഥ.


മൈതാനത്തിലൂടെയും  തോട്ടങ്ങളുടെ ഇടയിലൂടെയുള്ള നാട്ടുവഴികളിലൂടെയും ഉള്ള യാത്രകൾ ഒരുപാട് കാഴ്ചകളെ എന്റെ മുമ്പിലെത്തിച്ചു.എന്റെ ചുറ്റുമുള്ള ജീവിതങ്ങളെകുറിച്ച് ചിന്തിക്കുവാനും സഹജീവികളുടെ  കഷ്ടപ്പാടുകളെക്കുറിച്ചു മനസ്സിലാക്കുവാനും എന്നെ പഠിപ്പിച്ചു. പുല്ലും പാഴ്ച്ചെടികളും അങ്ങിങ്ങായി പിടിച്ചു നിൽക്കുന്ന മൈതാനം അവസാനിക്കുന്നത് ശ്മശാനത്തിന്റെ മുമ്പിലാണ്. ഇരട്ടമതിലുകളുള്ള ഖബറിസ്ഥാന്റെ അഴിയുള്ള ഗേറ്റുകൾ മിക്കപ്പോഴും അടഞ്ഞുകിടക്കും.അഴികളുള്ള ഗേറ്റിലൂടെ അകത്തേക്ക് നോക്കിയാൽ നൂറുകണക്കിന് ഖബറുകൾ. സ്വദേശിയും വിദേശിയും എന്ന വ്യത്യാസമില്ലാതെ രണ്ടു മീസാൻ കല്ലുകൾക്കിടയിൽ അവർ ഉറങ്ങുന്നു.താമസരേഖകളില്ലാതെ വിദേശികൾ മരിച്ചാൽ മിക്കപ്പോഴും നാട്ടിൽ മൃതദേഹം കൊണ്ടുപോകാറില്ല . മരുഭൂമിയിൽ സ്വപ്നം കുരുപ്പിടിപ്പിക്കുവാൻ വന്നവർ ഒന്നുമാകാനാകാതെ മണൽക്കാട്ടിൽ ഉറങ്ങുന്നു .  ആ പള്ളിക്കാട്ടിലെ മക്ബറകൾക്ക് എന്തെല്ലാം കഥകളാണ് പറയാനുള്ളത്?


ജൂൺമാസത്തിൽ നാട്ടിൽപോയി തിരിച്ചു  വന്നിട്ടു  കുറേനാൾ നടക്കുവാൻ പോകാൻ കഴിഞ്ഞില്ല. നല്ലചൂട്  സമയത്ത് ഗൾഫിൽ  വ്യായാമത്തിനായി നടക്കുക ഒരു സാഹസമാണ്. ഒരു രണ്ടുമിനിറ്റ്‌ നടക്കുമ്പോഴേക്കും ശരീരം വിയർത്തൊലിച്ചു ഒരു പരുവമാകും. അതിനാൽ മിക്കവരും ആ മാസങ്ങളിൽ നടത്തം ഒഴിവാക്കുകയാണ് പതിവ്.  സെപ്തംബർ  മാസമാകുമ്പോഴേക്കും ചൂടിന്റെ ആധിക്യം കുറഞ്ഞുതുടങ്ങും. നടത്തക്കാർ അവരുടെ പഴയപതിവ് പുനരാരംഭിക്കും. ഞാൻ  സായാഹ്‌നസവാരികൾ  വീണ്ടും ആരംഭിച്ചു. പഴയവഴികളൂടെ പലദിവസം നടന്നിട്ടും ആലംനൂർ മിയയോ അവന്റെ തോട്ടത്തിൽ  പണിയെടുക്കുന്ന മറ്റാരെയും ഞാൻ കണ്ടില്ല. ഒരു ദിവസം  ഞാൻ അവൻ പണിയെടുക്കുന്ന തോട്ടത്തിൽ പോയി തിരക്കാൻ തീരുമാനിച്ചു.ഒരുപക്ഷെ അവൻ  ഔട്ട്പാസ് കിട്ടി നാട്ടിൽ കയറിപ്പോയിക്കാണും.ഗൾഫിൽ വല്ലപ്പോഴും അത്തരം ചില നല്ല തീരുമാനങ്ങൾ ഭരണാധികാരികൾ എടുക്കാറുണ്ട്. തോട്ടത്തിന്റെ അടഞ്ഞുകിടക്കുന്ന  ഗേറ്റിൽ  പലവുരി തട്ടിയിട്ടും ആരെയും കാണുന്നില്ല. ഒടുവിൽ ആരോ വന്നു ഗേറ്റിന്റെ ചെറിയ പാളി തുറന്നു. എനിക്ക് പരിചയം ഇല്ലാത്ത ഒരു പുതുമുഖം. ബംഗാളികളുടെ സ്ഥിരം സ്റ്റൈലിൽ ചെവിയിൽ ഇയർഫോൺ വെച്ച് ആരോടോ സംസാരിച്ചുകൊണ്ടാണ് അവൻ ഗേറ്റ് തുറന്നത്. ആലംനൂർ മിയ എവിടെ എന്ന ചോദ്യത്തിന് അവൻ ഒറ്റവാക്കിൽ മറുപടി പറഞ്ഞു
' വോ മർ ഗയാ '
കൂടുതൽ  വിശദീകരണത്തിനൊന്നും നിൽക്കാതെ അവൻ ഗേറ്റ് അടച്ചു അകത്തേക്ക് പോയി.


പിന്നീടാണ് ഞാൻ പരിചയമുള്ള  ഒരു ബംഗാളി തോട്ടക്കാരനിൽ നിന്ന് കാര്യങ്ങൾ വിശദമായി അറിഞ്ഞത്. ഞാൻ നാട്ടിൽ പോയിരുന്ന സമയത്ത്  അവൻ സൈക്കിളിൽ  മാർക്കറ്റിലേക്കു  പോകുമ്പോൾ,  ഏതോ ഒരു അറബിചെക്കൻ  ഓടിച്ച വണ്ടി തട്ടി തെറിപ്പിച്ചു.  ആലംനൂർ മിയ അപ്പോൾ തന്നെ മരണപ്പെട്ടു. ഗൾഫിൽ ഇത്തരം അപകടങ്ങൾ സാധാരണയാണ്.സൈക്കിൾ യാത്രക്കാരെ ആരും പരിഗണിക്കാറില്ല. തെല്ലു അശ്രദ്ധയോടെ സൈക്കിൾ ഓടിച്ചാൽ  വൻഅപകടത്തിലാകും കലാശിക്കുക. ആലംനൂർ ആകട്ടെ ഇപ്പോഴും ചെവിയിൽ ഇയർഫോൺ തിരുകി പാട്ടുകേട്ടു അലക്ഷ്യമായിട്ടാണ്  സൈക്കിൾ ഓടിക്കുക. തോട്ടത്തിൽ അന്ന് ഞാൻ പോയപ്പോൾ അവനു പകരം ജോലിയ്ക്ക് കയറിയ ബംഗാളിപ്പയ്യനെ ആണ് ഞാൻ കണ്ടത്.  പാസ്സ്പോർട്ടും മറ്റുരേഖകളും ഇല്ലാത്തതിനാൽ മൃതദേഹം നാട്ടിൽ കൊണ്ടുപോകുവാൻ കഴിഞ്ഞില്ല. തൊട്ടുമുമ്പിലത്തെ ശ്മശാനത്തിലെവിടയോ  അവൻ ഉറങ്ങുന്നു. ഞാൻ ആ മതിൽകെട്ടിനുള്ളിലേക്ക് ഒന്ന്  പാളിനോക്കി. നൂറുകണക്കിന്  ഖബറാളികൾ  വിശ്രമിക്കുന്ന  സ്ഥലം അവിടെ എവിടേയോ ആലം നൂറിന്റെ ഖബറും ഉണ്ട് .സ്വന്തം  നാട്ടിൽ മയ്യത്തായിപ്പോലും  എത്താനാവാതെ അവൻ മണൽകാട്ടിൽ ഉറങ്ങുന്നു. മതിൽകെട്ടിനുള്ളിൽ നിന്ന്  വിറങ്ങലിച്ചുനിന്ന  ഒരു വരണ്ട മണൽകാറ്റ്  പുറത്തേക്ക്  വീശി.


Thursday, 23 January 2020

മണ്ണിൽ വീണ പരിപ്പുവടകൾ




മണ്ണിൽ  വീണ പരിപ്പുവടകൾ





ഈ എഴുത്ത് മനോരമ  ഓൺലൈനിൽ  പ്രസിദ്ധീകരിച്ചു ലിങ്ക്




പരിപ്പുവടകളുടെ  ചിത്രങ്ങളോട്  എനിക്ക്  വല്ലാത്തൊരു  ഇഷ്ടം ആണ് . സ്വർണ്ണനിറത്തിൽ  മൊരിഞ്ഞ പരിപ്പുവടകളും  കൂട്ടായി ചായയോ പഴമോ ആകും ആ ചിത്രങ്ങളിൽ മിക്കവയിലും.  മരുഭൂമിയിൽ ഇരുന്ന്  അതൊക്കെ കാണുമ്പോൾ  ഓർമ്മകൾക്ക്  ചിറകുമുളയ്ക്കും. പഴയ  ഓർമ്മകളിലെ എന്തോരം  പരിപ്പുവട കോമ്പിനേഷനുകൾ  ആണ്  നാവിന്റെ  രസമുകുളങ്ങളെ ത്രസിപ്പിക്കുന്നത്. കട്ടൻചായയും പരിപ്പുവടയും, സമോവറിൽ നിന്ന് ചായക്കാരൻ കൂട്ടിയെടുത്തു  പൊക്കിയടിച്ചു  പതനിറപ്പിച്ചു  നൽകുന്ന നാടൻപാൽ ചായയും കൂടെ നല്ലതുപോലെ മൊരിഞ്ഞ  ചൂട്  പരിപ്പുവടയും,  എന്റെ ഫാർമസി  പഠനകാലത്ത്   ഉഡുപ്പി ബ്രാഹ്മിൻസ്  ഹോട്ടലിൽ   കിട്ടുന്ന മസാല രസവട, സ്കൂൾ മാഷായ അപ്പൻ സ്കൂൾ വിട്ടു  മടങ്ങിവരുമ്പോൾ വാങ്ങികൊണ്ടുവരുന്ന  പരിപ്പുവടയും  ഞാലിപ്പൂവൻ  പഴവും അങ്ങനെ  നാവിന്റെ രസനയിൽ തങ്ങി  നിൽക്കുന്ന ഒട്ടേറെ പരിപ്പുവട  രുചികൾ.

വടയുടെ  വകഭേദങ്ങൾ  ലോകത്തിന്റെ  വിവിധ ഭാഗങ്ങളിൽ  കാണാൻ  കഴിയും. അറബിനാട്ടിലെ  ഫിലാഫിൽ നമ്മുടെ  നാട്ടിലെ വടയുടെ വകേല് ഒരു  അനന്തരവനായിട്ടുവരും. പാശ്ചാത്യരുടെ  ഡോണട്ട്, ട്രിനിയാഡിലെ  പ്രസിദ്ധമായ  വിഭവം  ഡബിൾ‍സ്‌  ഇതൊക്കെ  വടയുടെ ബന്ധുമിത്രാദികൾ  തന്നെ.  വടയുടെ  ജീവചരിത്രം പരിശോധിച്ചാൽ  തമിഴ് നാട്ടിലോ  ശ്രീലങ്കയിലോ  ആണ്  പിറവി. ഏകദേശം രണ്ടായിരം കൊല്ലത്തെ  ചരിത്രം  ഉള്ള  പലഹാരം  ആണ്  വട.  സംസ്കൃതത്തിലെ  വടക  എന്ന പദത്തിൽ  നിന്നാണ്  വട എന്ന പേര്  രൂപംകൊണ്ടതെന്ന്  പറയപ്പെടുന്നു. കർണാടകയിൽ  പരിപ്പുവടയ്ക്ക്  മസാലവടയെന്നും  തമിഴ്നാട്ടിൽ  ആമവട  എന്നും  പറയാറുണ്ട്. ആമയുടെ  പുറംതോടിന്റെ രൂപം ഉള്ളത് കൊണ്ടാകും അത്. കേരളീയന്റെ ചൂടുചായക്ക്  കൂടെ ഉള്ള പ്രധാനകടിയായി പരിപ്പ് വട മാറാൻ കാരണം  അതിന്റെ അല്പം എരിവ് കലർന്ന ടേസ്റ്റും  ഉഴുന്ന് വടയെക്കാൾ കൂടുതൽ നേരം മൊരിവോടെ കേടുകൂടാതെ ഇരിക്കും എന്നതും ആയിരിക്കും. പരിപ്പുവടയും കട്ടന്‍ചായയും ദിനേശ്  ബീഡിയും  കേരള രാഷ്ട്രീയ ചരിത്രത്തില്‍ സ്റാറ്റസ് സിംബലുകളായി അവതരിപ്പിക്കപ്പെട്ടതോടെ  പരിപ്പുവട ഒരു ഹാസ്യ കഥാപാത്രമായി  മാറി. പക്ഷെ പരിപ്പുവടയോളം ജനകീയമായ മറ്റൊരു ചായക്കടി വേറേ ഉണ്ടെന്നു തോന്നുന്നില്ല.








ഞാൻ ഡിഗ്രിയ്ക്ക്  പഠിക്കുമ്പോൾ  ഒരിക്കൽ  കൂട്ടുകാരോടൊത്ത്  പാലരുവി  വെള്ളച്ചാട്ടം കാണാൻ  പോയി. എന്റെ  കൂട്ടുകാരൻ രാധാകൃഷ്ണന്റെ  വീട്  ആര്യങ്കാവിൽ ആണ് . അവിടെ നിന്ന് പാലരുവിയ്ക്ക്  അധികം ദൂരമില്ല. പുനലൂരിൽ നിന്ന് മീറ്റർ ഗേജ് ട്രെയിനിൽ ആയിരുന്നു യാത്ര. പുലർകാലത്തെ കുളിരിൽ ഇളവെയിലിന്റെ  നൂലാട വകഞ്ഞുമാറ്റി  കുതിച്ചും കിതച്ചും ഓടുന്ന മീറ്റർഗേജ്  തീവണ്ടി. പത്തുകണ്ണറ  പാലവും  ചെറിയ നീർച്ചോലകളും കല്ലടയാറും ഒക്കെ നൽകിയ സുഭഗമായ കാഴ്ചയുടെ അനുഭൂതി  തീരുന്നതിനു മുമ്പ് ട്രെയിൻ  ഇടപ്പാളയത്ത്  എത്തി. ചെറിയ ഒരു ഒറ്റമുറി സ്റ്റേഷൻ. പ്ലാറ്റ്‌ഫോം ഒന്നും ഇല്ല. അവിടെ രാധാകൃഷ്ണൻ കാത്തുനിൽപ്പുണ്ടായിരുന്നു. കൊല്ലം ചെങ്കോട്ട റോഡ്  സൈഡിൽ ആണ് അവന്റെ വീട് . വീടിനു പുറകിലൂടെ ഒഴുകുന്ന അച്ചൻകോവിലാറ്  ദൂരെ ഉൾവനത്തിൽ  നിന്ന് ആരംഭിക്കുന്നതാണ്  . ഞാനും മാത്യു പ്രകാശും ജയപാലനും ഒക്കെ  ചേർന്ന് അഞ്ചാറുപേർ അടങ്ങുന്ന സംഘത്തിന്  അവന്റെ അമ്മ കപ്പ പുഴുങ്ങിയതും കാന്താരി ചമ്മന്തിയും ഒരുക്കി വെച്ചിരുന്നു. കൂടെ കുരുമുളക്  ചേർത്ത  കരുപ്പട്ടി കാപ്പിയും   ഉള്ളിൽ  ചെന്നതോടെ  ഞങ്ങൾ ഉഷാറായി. രാധാകൃഷ്ണന്റെ  വീടിന്റെ ഇരുപുറം  റിസേർവ്  വനമാണ്.  അമ്പഴവും കാട്ടുമാങ്ങയും നെല്ലിക്കയും  ഒക്കെ  വനത്തിൽ സമൃദ്ധം. അവൻറെ വീടിന്റെ എതിർഭാഗത്തിലെ വനത്തിലൂടെ കുറെ ദൂരം സഞ്ചരിച്ചാൽ  ഒരു ഗുഹയിൽ  എത്താം  വലിയ  ഒരു പാറയിൽ അള്ളിപ്പിടിച്ചു കയറി വേണം അവിടേക്കു എത്തുവാൻ. മനുഷ്യന്റെ കാലൊച്ച കേൾക്കുന്നതോടെ അവിടെ വാസമാക്കിയ കാട്ടാടുകൾ  ഓടി മറയും. ഞങ്ങൾ അവിടൊക്കെ കുറെനേരം കറങ്ങിയടിച്ചെങ്കിലും കാട്ടാടിനെ ഒന്നും കണ്ടില്ല  ആട്  ഓടിപ്പോയിടത്തെ ആട്ടിൽകാട്ടം മാത്രം കണ്ടു തൃപ്തി അടഞ്ഞു. തിരികെ രാധാകൃഷ്ണന്റെ  വീട്ടിൽ  എത്തിയപ്പോഴേയ്ക്കും മണി പത്തുകഴിഞ്ഞു. അവിടെ നിന്ന് മൂന്നാല് കിലോമീറ്റർ റോഡിലൂടെ നടന്നാൽ മാത്രമേ പാലരുവി വെള്ളച്ചാട്ടത്തിലേക്ക് പോകുന്ന കാട്ടുപാതയുടെ കവാടത്തിൽ എത്തുക ഉള്ളു. തേക്ക് കൂപ്പിന്റെ നടുവിലൂടെ വനത്തിലേക്ക് പോകുന്ന കാട്ടുപാത. അതിനടുത്തായി ഒരു നാടൻ ചായക്കട അന്നുണ്ടായിരുന്നു.ആ കടയിൽ കയറി കപ്പവേവിച്ചതും ഇറച്ചി കറിയും ഓർഡർ ചെയ്തു.അപ്പോഴാണ് കടനടത്തിപ്പുകാൻ  ചേട്ടൻ  പരിപ്പ് വട വേണോ എന്ന് ചോദിച്ചത് . പരിപ്പ് വട എന്ന് കേൾക്കുമ്പോൾ  എനിക്ക് കൊതി അടക്കുവാൻ പ്രയാസം ആണ് . ഞാൻ ഒരെണ്ണം ഓർഡർ ചെയ്തു .വട കൊണ്ടു വന്നപ്പോൾ സംഗതി കേമം,  ചമ്മന്തി കൂട്ടിൽ മുക്കിയിട്ടിരിക്കുന്ന രസികൻ പരിപ്പ് വട. തേക്ക്  ഇലയിൽ ചമ്മന്തിയിൽ കുതിർന്ന പരിപ്പുവടയും കപ്പയും ഇറച്ചികറിയും , ചേർത്ത്  ഒരു പിടിപിടിച്ചതിന്റെ സ്വാദ് ഓർക്കുമ്പോൾ ഇപ്പോഴും നാവിന്റെ  രസമുകുളങ്ങൾ പ്രകമ്പനം കൊള്ളുന്നു.  ഞാൻ ആദ്യമായിട്ടാണ് ചമ്മന്തിയിൽ  ഇട്ടു കുതിർത്ത പരിപ്പുവട കപ്പയുടെ കൂടെ കഴിക്കുന്നത് ജീവിതത്തിൽ പിന്നീട് ഒരിക്കലും അത്തരം ഒരു കോമ്പിനേഷൻ കഴിച്ചിട്ടില്ല.




കർണാടകയിലെ ഉഡുപ്പിയിൽ നിന്നാണ്  ഞാൻ മസാല രസവട ആദ്യമായി ശാപ്പിട്ടത്. ഫാർമസിയ്ക്ക് പഠിച്ചുകൊണ്ടിരുന്ന സമയം ഒട്ടേറെ കൊങ്കിണി പട്ടന്മാർ ആയ സഹപാഠികൾ എനിക്ക് ഉണ്ടായിരുന്നു. അവരിൽ ഒരാളായിരുന്ന ജഗദീഷ് ഭട്ടിന്റെ  വീട്ടിൽ ഒരു ദിവസം അവൻ ഞങ്ങളെ കൂട്ടികൊണ്ടുപോയി. അരിപ്പൊടികൊണ്ട് കോലം എഴുതിയ തുളസിത്തറയുള്ള ആ വീടിന്റെ തിണ്ണയിൽ ഇരുന്ന് അവന്റെ അമ്മ ഉണ്ടാക്കിയ ചൂട്  മസാല രസവട  ബ്രൂകോഫിയുടെ അകമ്പടിയോടെ  അകത്താക്കിയത്  വിസ്മരിക്കാനാകില്ല . ഒരു സ്റ്റീൽ  കിണ്ണത്തിൽ ചൂട് രസവും   അതിൽ അപ്പോൾ മൊരിച്ചെടുത്ത കറുമുറു പരിപ്പ് വടയും ഇട്ട് ആവി പറക്കുന്ന  കാപ്പിക്കൊപ്പം  മുമ്പിലേക്ക്  എത്തുമ്പോൾ ആരുടെ ആണെങ്കിലും കൺഡ്രോളു പോകും.ഞാൻ ഒരു രണ്ടുമൂന്ന് വട ഇരുന്ന ഇരുപ്പിൽ ശാപ്പിട്ടു. ഒരു ചെറുചിരിയോടെ വീണ്ടും ആ പാത്രത്തിലേക്ക് ചൂട് രസം കോരി ഒഴിയ്ക്കുന്ന കന്നഡമാത്രം സംസാരിക്കാൻ അറിയുന്ന ആ അമ്മയുടെ വാത്സല്യം  എങ്ങനെ മറക്കാൻ ?




പിന്നീട്  ഗൾഫിൽ  എത്തിയതോടെ  ഇത്തരം നാടൻ പലഹാരരുചികൾ കുറെകാലത്തോളം  നഷ്ടമായി. പരിപ്പുവടയും നെയ്യപ്പവും ഇലയപ്പവുമൊക്കെ  വിസ്‌മൃതിയിലായി പകരം സമൂസയും പക്കവടയും ബജിയുമൊക്കെ  ആ സ്ഥാനത്തു കേറി ഇരിപ്പുറപ്പിച്ചു. നമ്മുടെ നാടൻ പലഹാരങ്ങളുടെ രുചി  വൈവിധ്യങ്ങളുടെ  ഏഴയലത്തു വരുവാൻ പോലും ഇത്തരം നോർത്ത് ഇന്ത്യൻ ഗോസായിമാർക്ക്  കഴിയില്ല ..പക്ഷെ വേറെ നിവർത്തി ഇല്ലല്ലോ. ഒടുവിൽ ഗൾഫിലെ ഉൾനാടൻ പ്രദേശം ആയ ദിബ്ബയിൽ എത്തിയതോടെ വീണ്ടും പഴയ രുചിക്കൂട്ടുകൾ ജീവിതത്തിലേക്ക് തിരികെ വന്നു. നമ്മുടെ നാട്ടിലെ നാടൻ ചായക്കടകളെ  ഓർമ്മിപ്പിക്കുന്ന  ചെറു റസ്റ്റോറന്റുകൾ ഈ പ്രദേശത്തു ധാരാളം. നാദാപുരം തലശ്ശേരി ഭാഗത്തുള്ളവരാണ് മിക്ക റെസ്റ്റോറന്റ്  ഉടമകളും. ദിബ്ബയിൽ അങ്ങനെ നാടൻ പലഹാരം തേടി നടന്ന  ഞാൻ കണ്ടെത്തി നല്ല ചൂട് പരിപ്പുവട കിട്ടുന്ന ഒരു സ്ഥലം. അൽനാദാ റെസ്റ്റോറന്റിലെ പരിപ്പുവടയുടെ സ്വാദ് ഒന്ന് വേറേ തന്നെ .  തിരൂർ ഭാഗത്തുകാരായ നാലഞ്ചു സഹോദരന്മാർ ചേർന്ന്   നടത്തുന്ന  ആ കടയുടെ വിശേഷങ്ങൾ ഒട്ടേറെയുണ്ട്. കാരണവരായ മൂത്തജേഷ്ഠന്റെ മേൽനോട്ടത്തിൽ   സഹോദരന്മാർ  ഒത്തൊരുമിച്ചു കട നടത്തുന്നു.രാവിലത്തെ പ്രധാന വിഭവം ചൂട് പൂരിയും കിഴങ്ങുകറിയും ഉച്ചയ്ക്ക് നാടൻ ഊണ് , വൈകിട്ട് ചായയ്ക്ക്  പരിപ്പു വട സ്‌പെഷ്യൽ, രാത്രിയിലെ പ്രധാന വിഭവം ചിക്കൻ ചില്ലിയും പെറോട്ടയും  .വെള്ളിയാഴ്ച ഉച്ചയ്ക്ക് മാത്രം  ഉണ്ടാക്കുന്ന മീൻബിരിയാണിയുടെ സ്വാദിനെ വെല്ലുന്ന മറ്റൊരു മീൻബിരിയാണി ഞാൻ ജീവിതത്തിൽ കഴിച്ചിട്ടില്ല.വെള്ളിയാഴ്ച രാവിലെ ഓർഡർ കൊടുത്താലേ മീൻബിരിയാണി പാർസൽ ലഭിക്കുക ഉള്ളു. അത്ര പിടിയാണ് വെള്ളിയാഴ്ചത്തെ മീൻ ബിരിയാണിക്ക്. അവിടെ മുമ്പ് ലഭിച്ചിരുന്ന പരിപ്പുവടയുടെ കാര്യം പറഞ്ഞാൽ നാവിൽ വെള്ളമൂറും.നല്ല കറുമുറാ മൊരിഞ്ഞ രുചികരമായ പരിപ്പുവടകൾ. പച്ചമുളകും   കറിവേപ്പിലയും ഇഞ്ചിയും ഉള്ളിയും പരിപ്പിനോട് ചേർന്നു കുഴഞ്ഞു എണ്ണയിൽ മൊരിഞ്ഞു വരുന്ന സുവർണ്ണ നിറമുള്ള പരിപ്പുവടകൾ . എന്ത് സ്വാദായിരുന്നു സുലൈമാനിയുടെ കൂടെ കഴിക്കുവാൻ. മലബാറിന്റെ  മുഹബത്തിന്റെ പരിപ്പുവടകൾ തേടി അറബികൾ വരെ എത്തുമായിരുന്നു . 'ഫിലാഫിൽ ഹിന്ദി ' എന്നാണ് അറബികൾ പരിപ്പുവടയ്ക്ക് പറയുന്നത്. പിന്നീട് എപ്പോഴോ തിരൂർക്കാരൻ കാക്ക പരിപ്പുവട കച്ചവടം നിറുത്തി. കാരണം ചോദിച്ചപ്പോൾ ഒരു ചിരിയിൽ മറുപടി ഒതുക്കി കടയുടെ തിരക്കിലേക്കു  മൂപ്പർ ഊളയിട്ടു. ഒരു പക്ഷെ മിനക്കേട് കൂലി മുതലാകുന്നില്ലായിരിക്കും ?
ചെറുപ്പത്തിൽ എന്റെ പരിപ്പുവട പ്രേമം മൂലം  അപ്പൻ മിക്കപ്പോഴും   വീട്ടിൽ പരിപ്പുവട വാങ്ങിക്കൊണ്ടു വരുമായിരുന്നു. സ്കൂൾമാഷായ അപ്പൻ രാവിടെ  സ്കൂളിൽ  ചോറ്   കൊണ്ടുപോകുന്ന ചോറ്റുപാത്രത്തിൽ വൈകുന്നരം തിരികെ വരുമ്പോൾ  ഇത്തരം വിഭവങ്ങൾ എന്തെങ്കിലും  കാണും. ഞാനും പെങ്ങളും വൈകുന്നേരം  അപ്പൻ തിരികെ  വരുന്നത് കാത്തു  കാപ്പി കുടിക്കാതെ കാത്തിരിക്കും .അപ്പൻ വന്നിട്ട് വേണം കട്ടൻകാപ്പിയും ആ പലഹാരങ്ങളും ശാപ്പിടുവാൻ. അപ്പൻ വീടിന്റെ  പടിക്കൽ എത്തുമ്പോഴേക്കും ഓടിച്ചെന്ന്  കയ്യിലിരിക്കുന്ന ബാഗ് കൈക്കലാക്കാൻ ഞാനും പെങ്ങളും മത്സരമായിരുന്നു. ബാഗ് തുറന്നു ചോറ്റുപാത്രം എടുത്ത്  ഒന്ന് കുലുക്കി നോക്കും. ആഹാ ..സമാധാനമായി അകത്തു എന്തോ കുലുങ്ങുന്നുണ്ട് .പിന്നെ ചോറ്റുപത്രം തുറന്ന് അകത്തെ വിഭവം കാണാതെ സമാധാനമാക്കുകയില്ല. മിക്കപ്പോഴും പരിപ്പുവടയും പൂവൻപഴവും ആകും അകത്ത് . അതുമല്ലെങ്കിൽ  പാത്രത്തിൽ നെയ്യപ്പമോ  അൽബൂരിയോ ആയിരിക്കും . തമിഴ് നാട്ടിലെ  അതിരസം എന്ന പലഹാരം ആണ് നമ്മുടെ അൽബൂരി.ഒരു നാടൻ ഡൗനട്ട്.. അരിപ്പൊടി ചേർത്ത് ഉണ്ടാക്കിയ  വടപോലെ ഉള്ള ഈ  പലഹാരം ശർക്കരപാനിയിൽ  മുക്കി എണ്ണയിൽ വറത്തെടുക്കും ഏറെ ദിവസം കേടാകാതെ ഇരിക്കും  എന്നതാണ് ഈ പലഹാരത്തിന്റെ പ്രത്യേകത.   അപ്പൻ കൊണ്ടുവരുന്ന പലഹാരം ചൂട് കട്ടൻകാപ്പിയോടൊപ്പം അകത്താക്കി ഒരു ഏമ്പക്കം വിടുന്നതോടെ സമാധാനം ആകും.  അതുപോലെ ഞായറാഴ്ച പള്ളി കഴിഞ്ഞു  അപ്പന്റെ കൂടെ വരുമ്പോൾ അപ്പൻ വഴിയോരത്തെ നാടൻ ചായക്കടയിൽ നിന്ന് മൂന്നാലു പരിപ്പുവടകൾ വാങ്ങിക്കൊണ്ട് വരും . ന്യൂസ് പേപ്പറിൽ പൊതിഞ്ഞ ആ പരിപ്പുവടകൾ ഉച്ചയ്ക്ക് ചോറിനോടൊപ്പം കഴിക്കും .മിക്കപ്പോഴും ചോറിനു കറികൾ കുറവായിരിക്കും  പഞ്ഞകാലമല്ലേ അന്ന് .. അതിന്റെ ക്ഷീണം ചോറിനോടും കാച്ചിയ മോരിനോടും ഒപ്പം പരിപ്പുവട ചേർത്ത് പിടിക്കുമ്പോൾ തീർന്നുകിട്ടും. പരിപ്പുവട പൊതിഞ്ഞു കൊണ്ടുവന്ന പേപ്പർ വായിച്ചുകൊണ്ടായിരിക്കും ഊണ് കഴിക്കുക .  ആ പരിപ്പ് വട പൊതിഞ്ഞു കൊണ്ടുവന്ന എണ്ണ മെഴുക്കു പിടിച്ച ന്യൂസ്‌പേപ്പറിന്റെ മണം ഇപ്പോഴും മൂക്കിൽ എവിടെയോ നിൽക്കുന്നതുപോലെ..

ഈ പരിപ്പുവട കഥകളുമായി ചേർത്തുവെയ്ക്കുമ്പോൾ  എന്നെ സങ്കടപ്പെടുത്തുന്ന ഒരു അനുഭവം കൂടിയുണ്ട്. അപ്പന് അന്ന്  വീടിന്റെ നാലഞ്ചുകിലോമീറ്റർ ദൂരത്തുള്ള ഒരു ഗവണ്മെന്റ് എൽ.പി സ്കൂളിൽ ആണ് ജോലി.പ്രൊട്ടക്ഷൻ വേക്കൻസി ആയതിനാൽ മാസങ്ങളോളം ശമ്പളം കിട്ടാൻ ബാക്കി ഉണ്ടാകും. ഏറെ ദുരിതം പിടിച്ചതായിരുന്നു അന്നത്തെ അധ്യാപകരുടെ ജീവിതം. സർക്കാർ സ്കൂളുകളിൽ  അന്ന് ഉച്ചഭക്ഷണം ആയി ഉപ്പുമാവ് ആയിരുന്നു കൊടുത്തിരുന്നത് . അപ്പന്റെ സ്കൂളിലും ഉപ്പുമാവ് വിതരണം ഉണ്ടായിരുന്നു. ഉപ്പുമാവ് പാകം ചെയ്യുവാൻ സർക്കാർ എണ്ണയും മറ്റുസാധനങ്ങളും എത്തിച്ചു കൊടുത്തിരുന്നു.  ദാരിദ്യം കൊണ്ട്  ചില അധ്യാപകർ  ആ സാധനങ്ങളിൽ  ചിലതൊക്കെ  വീട്ടിലേക്ക് കടത്തുമായിരുന്നു. അപ്പന്റെ സ്കൂളിൽ ഇത്തരത്തിൽ പാചക എണ്ണയും മറ്റും അധ്യാപകർ   കടത്തുന്നുണ്ടെന്ന്  നാട്ടുകാരിൽ ചിലർക്ക് സംശയം. അത് പരിശോധിക്കാനായി അവരിൽ ചിലർ ഇറങ്ങി. അപ്പനോട് എതിരുള്ള ഏതോ ഒരു അധ്യാപകൻ  അപ്പൻ എണ്ണ ചോറ്റുപാത്രത്തിൽ   കടത്തി കൊണ്ടുപോകുന്നുണ്ട്  അവരോട്  കള്ളം പറഞ്ഞിരുന്നു. ഒരു ദിവസം അപ്പൻ സ്കൂൾ  വിട്ടുവരുമ്പോൾ വഴിയിൽ വെച്ചു അവരിൽ ഒരുത്തൻ തടഞ്ഞു നിറുത്തി ബലമായി ബാഗ് കൈക്കലാക്കി പരിശോധന തുടങ്ങി. അപ്പൻ  വിഷണ്ണനായി  റോഡിൽ  നിന്ന്  വിയർക്കുകയാണ് . ചോറ്റുപാത്രം വലിച്ചു പുറത്തെടുത്തു  നോക്കിയപ്പോൾ  നല്ല കനം. എന്തോ പാചകസാധനങ്ങൾ തന്നെ അവർ ഉറപ്പിച്ചു. കള്ളനെ പിടിച്ച സന്തോഷത്തോടെ അവർ ആ  ചോറ്റുപാത്രം വലിച്ചു തുറന്നു. പിടിവലിയ്ക്കിടയിൽ മണ്ണിലേക്ക് തെറിച്ചു വീണു നാലു പരിപ്പുവടകൾ.  അപ്പൻ ഞങ്ങൾക്കായി ഇല്ലാത്ത പൈസ മുടക്കി  വാത്സല്യത്തോടെ  വാങ്ങിക്കൊണ്ടു  വന്ന പരിപ്പുവടകൾ  മണ്ണിൽ പൊടി പറ്റി കിടക്കുന്നത്  കണ്ട് അപ്പന്റെ ഉള്ളുപിടഞ്ഞുകാണും..തീർച്ച.