Thursday, 1 June 2017

തോട്ടരികത്തെ കാക്ക


തോട്ടരികത്തെ കാക്ക






കാക്കമുട്ടകൾക്ക് ആകാശനീലിമയുടെ നിറമാണ്. കാക്കച്ചികൾ റബ്ബർമരങ്ങളുടെ മുകളിൽ ചുള്ളിക്കമ്പുകൾ കൊണ്ട് കൂടുണ്ടാക്കി മുട്ടയിട്ടു കാത്തിരിയ്ക്കും. നല്ല ഭംഗിയുള്ള ഈ മുട്ടകൾ തേടിനടന്നിരുന്ന ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു എനിയ്ക്കു ചെറുപ്പത്തിൽ. അന്ന് ഞങ്ങൾ താമസിച്ചിരുന്നത് റബ്ബർതോട്ടത്തിന്‍റെ  നടുവിൽ ഉള്ള ഒരു ചെറിയ വീട്ടിൽ ആയിരുന്നു. റബ്ബർതോട്ടത്തിൽ അത്ര വലിപ്പമുള്ള മരങ്ങൾ ഒന്നും ഇല്ല. തൈ വെച്ചു രണ്ടുമൂന്നു കൊല്ലം കഴിഞ്ഞുള്ള തൈ റബ്ബർ മരങ്ങൾ. കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ ഉള്ളവരുടെ ജീവിതം റബ്ബറുമായി ബന്ധപ്പെട്ടതായിരിയ്ക്കും. ചെറുപ്പം മുതൽ കണ്ടുംകേട്ടുമുള്ള പരിചയം. ഈ റബ്ബർതോട്ടം എന്‍റെ ഇളയപ്പന്‍റെതായിരുന്നു. അപ്പാപ്പന് പട്ടാളത്തിലായിരുന്നു ജോലി. തോട്ടത്തിന് നടുവിൽ ഉള്ള ഒരു ചെറിയ ഓടിട്ട വീടും 25 സെന്റോളം വരുന്ന പുരയിടവും എന്‍റെ  അപ്പന് സ്വന്തം. അപ്പൻ ഈ വീട് വെയ്ക്കുന്നത് എന്‍റെ ചെറുപ്പത്തിൽ ആണ്. സിമന്റ് കട്ട വെച്ചു പണിഞ്ഞ ഒരു ചെറിയ വീട്. ഇന്നത്തെപ്പോലെ ഹോളോബ്രിക്‌സ് ഒന്നും അന്ന് ഇല്ല, മറിച്ചു സിമെന്റും മണലും ചേർത്ത് പുരയിടത്തിൽ തന്നെ കട്ട അറുത്താണ് വീട് പണിഞ്ഞത്. വീടുപണി സമയത്ത് ഇടയ്ക്ക് അപ്പൻ  കൂടെ കൊണ്ടുപോകും. അന്ന് എനിയ്ക്കു മൂന്നാല് വയസ്സ് പ്രായം കാണും. വീടുപണിയുന്ന സ്ഥലത്തെത്തുമ്പോഴേക്കും ഞാൻ നടന്നു തളർന്നിരിക്കും. മടി പിടിച്ചു തറയിൽ ഇരുന്നു  ചിണുങ്ങുന്ന  എന്നെ തോളിൽ ഏറ്റി അപ്പനോ അപ്പാപ്പന്മാരോ കാഴ്ചകൾ ഒക്കെ കാണിയ്ക്കും. അതാണ് വീടിനെക്കുറിച്ചുള്ള എന്‍റെ  ആദ്യ ഓർമ്മ.


വാടകവീട് വിട്ടു ആ വീട്ടിലേക്കു താമസം മാറ്റിയതിന് ശേഷമുള്ള ഓർമ്മകൾ വ്യക്തം. റബ്ബർമരങ്ങൾ വളരുന്നതോടൊപ്പം ഞാനും വളർന്നു. കൂടെ അയൽപക്കത്തുള്ള സമപ്രായക്കാരും. മഴക്കാലത്ത് തൈ റബ്ബർ മരങ്ങൾക്ക് ഇടയിലൂടെ ഓടിച്ചാടി നടക്കുവാൻ, ഇലയിൽ മഴത്തുള്ളികൾ തങ്ങിനിൽക്കുന്ന മരം കുലുക്കി, മരം പെയ്യിച്ചിട്ടു മഴവെള്ളം ദേഹത്തുവീഴാതെ ഓടിമാറുവാൻ  എന്തുരസമായിരുന്നു. റബ്ബർ മരങ്ങൾക്ക് ചുവട്ടിൽ എടുത്തിട്ടുള്ള പ്ലാറ്റുഫോമുകളിൽ മഴവെള്ളം കെട്ടിനിൽക്കും. അവയിൽ കടലാസ്  തോണിയിറക്കി, അതിൽ കറുത്ത പൊണ്ണനുറുമ്പിനെ തോണിക്കാരനാക്കി കളിക്കുവാൻ എന്തുരസം.


റബ്ബറിനു പ്ലാറ്റുഫോമെടുക്കുവാൻ ചോയിമൂപ്പൻ വരും. എന്തോരം കഥകളാ മൂപ്പർക്ക് അറിയുക.എല്ലാം പേടിപ്പെടുത്തുന്ന കഥകൾ. മാടന്‍റെയും മറുതയുടെയും ഒറ്റമുലച്ചിയുടെയും കഥകൾ. മൂപ്പനാണ് ചങ്ങലമാടനെ കുറിച്ചു പറഞ്ഞുതന്നത്. ഉച്ചയ്ക്ക് തോട്ടത്തിൽ ഒറ്റയ്ക്ക് നിൽക്കുന്നവരെ ചങ്ങലമാടൻ അടിച്ചിടും  അത് കന്നുകാലിയായാലും  മനുഷ്യനായാലും. അടി കൊണ്ടയാൾ ചോര ചർദ്ധിച്ചു പിടഞ്ഞുമരിയ്ക്കും. ഒടുവിൽ ഒരു ഉപദേശവും,

"ഒറ്റയ്ക്ക് തോട്ടത്തിൽ കിടന്നു തിര്യേണ്ടാ കുട്ട്യേ..''  

പ്ലാറ്റുഫോം പണിക്കിടയിൽ  തൂമ്പയിൽ  ചാരി  മൂപ്പൻ കിതപ്പുമാറ്റും, കറുത്തമുഖത്തിലൂടെ  ദേഹത്തേക്ക് ഒലിച്ചിറങ്ങുന്ന വിയർപ്പുതുള്ളികൾ.കൊത്തിയിട്ട പ്ലാറ്റുഫോമിൽ ധാരാളം വിരകളും പുഴുക്കളും  കാണും. അവയെ തിന്നുവാൻ  ഉപ്പനെത്തും. ചെമ്പൻ കറുപ്പിൽ ചുമന്ന കണ്ണുകൾ  കാണുമ്പോൾ  തന്നെ  എനിയ്ക്ക്  കള്ളുകുടിയൻ വീരാനെ ഓർമ്മ വരും. എന്തൊരു ചുവപ്പാണ് 
കണ്ണിന്...




മുമ്പൊരുതവണ നാട്ടിൽ പോയപ്പോൾ ഒരു ദിവസം മുഖം നിറയെ ചിരിയുമായി നക്ഷത്രം പോലെ പൊട്ടൻ സത്യൻ പ്രത്യക്ഷപ്പെട്ടു. എന്റെ ചെറുപ്പത്തിലേ കളികൂട്ടുകാരനാണവൻ. തോളിലൊരു മുളയേണിയും കൈയ്യിൽ എനിയ്ക്കായി ഒരു പഴുത്ത വരിക്കച്ചക്കയും. മരം കയറ്റമാണ് പണി. സീസണനുസരിച്ചു  ചക്കയും മാങ്ങയും കുരുമുളകും ഉടമ്പടിയ്ക്കു പറിച്ചു വിൽക്കും. ഞാൻ നാട്ടിലെത്തിയിട്ടുണ്ടെന്നു  ആരോ പറഞ്ഞു കേട്ടുവന്നതാണവൻ.  കാർപോർച്ചിൽ  മുള ഏണി ചാരിവെച്ചു അടുക്കളപ്പുറത്ത്  വന്നിരിപ്പായി അവൻ. എത്ര നാളിനുശേഷം  കാണുകയാണ് ഞാനവനെ? , കണ്ടിട്ടു കുറഞ്ഞത് ഒരു  പത്തുമുപ്പത്  കൊല്ലമെങ്കിലും ആയിക്കാണും.

'' തജി(സജി) നിന്നെക്കാണാൻ വന്നതാടാ  നാൻ ''

കൊഞ്ഞനാണ്, കേൾവിയും അത്ര പോരഅതിനാൽ  ഉച്ചത്തിലാണ്  സംസാരം. അങ്ങനെയാണ് പൊട്ടൻ എന്ന പേര് വീണത്.  അവനെ  കണ്ടതും എനിയ്ക്കും  വല്യ സന്തോഷമായി. എന്തോരം  ഓർമ്മകളാ അവനോടൊപ്പം എന്നെ കാണാൻ വന്നത്.

എന്‍റെ  കൂടെ ചെറുപ്പം മുതൽ കളിച്ചു വളർന്നവൻ. എപ്പോഴും എന്‍റെ വീടിനെ  ചുറ്റിപ്പറ്റി  കാണും  സത്യൻ . അമ്മ  എനിയ്ക്ക്  ഭക്ഷണം  തരുന്നതിനോടൊപ്പം  അവനും  കൊടുക്കും. എന്റെ   വീടിനു  താഴെ വയലിറക്കത്ത്  ആയിരുന്നു അവന്‍റെ   വീട്. ഒരു ചെറിയ  ഓലപ്പുര.  സത്യനു  രണ്ടുമൂന്നു  മാസം പ്രായമുള്ളപ്പോൾ  അവന്‍റെ അച്ഛൻ ആ  കുടുംബത്തെ  കളഞ്ഞിട്ടു  പോയതാണ്. അലക്കുപണിക്കാരനായ  വല്യച്ഛനാണ്‌  മകളെയും  ചെറുമകനെയും നോക്കിയിരുന്നത്. അവന്‍റെ അമ്മ  അടുത്തുള്ള  വീടുകളിൽ  അടുക്കളപണി ചെയ്താണ് മകനെ പോറ്റിയിരുന്നത്. സത്യൻ  മഴയും  വെയിലും  കൊണ്ടു  വളർന്നു.ചീകാത്ത  ചപ്ര തലമുടി, ചുണ്ടുകളുടെ കടവാ മിക്കപ്പോഴും പൊട്ടിയിരിയ്ക്കും. മുഖത്ത്  നൂറുവാട്ട്‌  ചിരി  എപ്പോഴും കാണും. ഏതു വമ്പൻ മരത്തിലും അവൻ കയറും.കാക്കക്കൂട്ടങ്ങളെയും മിശറുകളെയും ഒട്ടും പേടിയില്ലാത്തവൻ. ആകാശം മുട്ടെ നിൽക്കുന്ന ആഞ്ഞിലിമരത്തിന്റെ  തുമ്പത്തുനിന്ന് പഴുത്ത ആഞ്ഞിലിച്ചക്കയൊക്കെ പുഷ്പം പോലെ പറിച്ചു കൊണ്ട് വരും ചെങ്ങാതി. അത് എനിയ്ക്ക് പങ്കുവെയ്ക്കുവാൻ ഒട്ടും മടിയില്ലാത്തവൻ.


( ചിത്രങ്ങൾ : ഗൂഗിൾ )


കാക്കമുട്ടകൾ ആയിരുന്നു പൊട്ടൻ സത്യന്‍റെ  മറ്റൊരു വീക്നെസ്. ദേഹത്തും തലയിലും പച്ചിലകമ്പുകൾ കെട്ടിവെച്ചു അവൻ റബ്ബർമരത്തിൽ കയറി കാക്കമുട്ടകൾ എടുക്കും. ചുള്ളിക്കമ്പുകൾ കൂട്ടിവെച്ചു ഉണ്ടാക്കിയ കൂട് കണ്ടുപിടിക്കുവാൻ അവന് പ്രത്യേക കഴിവാണ്. ആകാശനീലിമയുടെ നിറമുള്ള മുട്ടകൾ, ചിലപ്പോൾ പുള്ളിക്കുത്തുകളും കാണും.കാക്കമുട്ടകൾ കാണാനും തൊട്ടുനോക്കാനും എനിയ്ക്കു വല്യകൗതുകമായിരുന്നു. താഴെ എന്നെ കാവൽ നിറുത്തി അവൻ കാക്കമുട്ടകൾക്കായി മരംകയറും. ദൂരെ നിന്ന് കാക്കച്ചികൾ എത്തുന്നതുകണ്ടു കൂകി വിളിച്ചു അവനെ വിവരം അറിയിക്കലാണ് എന്‍റെ പണി. കാക്കച്ചികൾ പാഞ്ഞടുക്കുന്നതിന് മുമ്പ് അവൻ കാക്കമുട്ടകളുമായി താഴെ എത്തും. ഈ കാക്കമുട്ടകൾ എന്തുചെയ്യാനാണ് എന്ന ചോദ്യത്തിന് അവൻ കണ്ണിറുക്കി ഒന്നുചിരിയ്ക്കും. പിന്നീടാണ് മനസ്സിലായത് ഇഷ്ടന് ശാപ്പിടാനാണ് ഈ കാക്കമുട്ടകളെന്ന്. അണ്ണാനെയും കിളികളെയും പിടിയ്ക്കുക എന്നതാണ് മറ്റൊരു വിനോദം. റബ്ബർതോട്ടത്തിനിടയിൽ അങ്ങിങ്ങു മണ്ടപോയ തെങ്ങുകൾ ഉണ്ട്. അവയുടെ പൊത്തുകളിൽ നിന്ന് മൈനയേയും  തത്തയെയും അവൻ പിടിയ്ക്കും.


പുതുമഴ പെയ്താൽ പിന്നെ മീൻപിടുത്തമായി പണി.അവന്‍റെ വല്യച്ചന് വീശുവലയുണ്ട്. കല്ലടയാറ്റിൽ തുണികഴുകുവാൻ പോകുന്നതോടൊപ്പം അവനും വല്യച്ചനും ചേർന്നു മീൻപിടിയ്ക്കും. മഴ തുടങ്ങിയാൽ കല്ലടയാറ്റിൽ നിന്ന് മീനുകൾ കൈവഴികളായായ തോടുകളിലേക്ക് കയറും. തോട്ടിൽ ഇടയ്ക്കിടെ ചെറിയ തിട്ടകൾ കാണും. താഴെയുള്ള പുഴയിലേക്ക് വെള്ളം  ഒഴുകാൻ പ്രകൃതി ഉണ്ടാക്കിയ സംവിധാനം. രാത്രിയിൽ ഈ ഉയരത്തിലുള്ള തിട്ടകൾ കടക്കുവാൻ മീനുകൾ മുകളിലേക്ക് ചാടും. അവനും വല്യച്ചനും ചേർന്ന് തിട്ടകൾക്ക് താഴെ വിരിച്ച മുണ്ട് പിടിയ്ക്കും. ചാട്ടം പിഴച്ചു മുണ്ടിലേക്കു വീഴുന്ന  മീനുകളെ ഒറ്റപ്പിടുത്തത്തിൽ കൈയ്യിൽ കരുതിയിരിക്കുന്ന കുടത്തിലേക്ക് ആക്കും അവർ. രാത്രിയിലെ ഊത്തപിടുത്തതിൽ ധാരാളം മീനുകൾ കിട്ടും. മുശിയും വാകയും വരാലും കാരിയും കല്ലേമുട്ടിയും പിന്നെ പേരറിയാത്ത ഒത്തിരി മീനുകൾ. രാവിലെ ഞങ്ങളുടെ വീട്ടിലേക്കുള്ള പങ്ക്‌ മീൻ വല്യച്ചൻ പതിയാർ സത്യന്‍റെ  കൈയ്യിൽ കൊടുത്തുവിടും. ആറ്റുമീനുകളുടെ സ്വാദ്, വറുത്തും കൊടംപുളിയിട്ട് കറിവെച്ചും തിന്ന ഓർമ്മകൾ...ഹാവൂ..


സത്യനും ഞാനും സ്കൂളിൽ പോകുന്നത് ഒന്നിച്ചായിരുന്നു. 7-8 ക്ലാസ്സുവരെ തോറ്റുതോറ്റു പഠിച്ചു അവൻ. സ്കൂളിൽ ഞാനൊരു തല്ലുകൊള്ളിയായിരുന്നു. ഒട്ടും തണ്ടും തടിയുമില്ലാത്ത അശു. സ്കൂളിൽ തിണ്ണമിടുക്ക് ഉള്ള തടിയന്മാരെല്ലാം എന്നെ കയറി ഇടിയ്ക്കും. അതിനൊരു കാരണം ഉണ്ട്. അമ്മ ഞാൻ പഠിച്ച സ്കൂളിലെ ടീച്ചർ ആയിരുന്നു. ഇംഗ്ലീഷ് ടീച്ചറായ അമ്മ കുട്ടികളെ സ്നേഹിച്ചതോടൊപ്പം നല്ലവണ്ണം ശിക്ഷിച്ചിരുന്നു. ആ തല്ലു കിട്ടിയവരൊക്കെ വാശി തീർത്തത് എന്‍റെ  മുതുകത്തായിരുന്നു.  ഞാൻ സ്കൂളിൽ പഠിച്ചിരുന്നപ്പോൾ വിചാരിച്ചിരുന്നത് എന്റെ  കൈയ്യിലിരുപ്പ് കൊണ്ടാണ് ഈ തല്ലൊക്കെ കിട്ടുന്നത്  എന്നായിരുന്നു. പിന്നീട് അല്ലേ മനസ്സിലായത് കുറ്റം എന്റേതല്ല എന്നുള്ള കാര്യം, സ്കൂൾ കാലഘട്ടം കഴിഞ്ഞതിനു ശേഷം എന്‍റെ ദേഹത്ത് ആരും കൈവെച്ചിട്ടില്ല. സ്കൂളിൽ എന്റെ  രക്ഷകന്‍റെ റോളിലായിരുന്നു പൊട്ടൻ സത്യൻ. എനിയ്ക്കു കിട്ടിയിരുന്ന ഇടികൾ മിക്കപ്പോഴും ഏറ്റുവാങ്ങുക സത്യൻ ആയിരുന്നു. എന്നെ ഇടിയ്ക്കുമ്പോൾ സത്യൻ തടുക്കും,ഏറെ മൂപ്പിച്ചാൽ ഒന്നുരണ്ടണ്ണം തിരികെ കൊടുക്കും അവൻ. തിണ്ണമിടുക്കും തന്റേടവും ഉള്ള അവനോട് കളിയ്ക്കുവാൻ എല്ലാവർക്കും പേടി ആയിരുന്നു.


സത്യന്‍റെ  അമ്മ ഒരു പാവം സ്ത്രീ ആയിരുന്നു. എപ്പോഴും കരഞ്ഞതുപോലെ തോന്നിക്കുന്ന മുഖം. അടുത്തുള്ള വീടുകളിൽ അടുക്കളപ്പണി ചെയ്താണ് പാവം മകനെ പോറ്റിയിരുന്നത്.എന്‍റെ  
വീട്ടിലും രാവിലെ എത്തും. അമ്മ പര്യമ്പറത്ത് പെറുക്കിയിട്ട പാത്രങ്ങൾ ചാരം കൂട്ടി,തേച്ചു മെഴുക്കി അവർ വീടിന്‍റെ  ഇറയത്തു നിരത്തിവെയ്ക്കും. രാവിലെ പണിയ്ക്ക് വരുമ്പോൾ കൂടെ മകൻ സത്യനും കാണും. പ്രഭാതത്തിൽ വീടിന്‍റെ  മുമ്പിലെ തിണ്ണയിൽ വെയിൽ കായാനിരിയ്ക്കുകയാകും ഞാൻ. റബ്ബർ മരങ്ങളുടെ ഇടയിലൂടെ അരിച്ചരിച്ചെത്തുന്ന വെയിൽ. അവനെത്തുന്നതോടെ എനിയ്ക്കു ഉത്സാഹമാകും. അമ്മ രാവിലെ തന്നെ പഴങ്കഞ്ഞിയോ കപ്പപുഴുക്കോ ബാക്കിവരുന്നത് അവർക്കായി തയാറാക്കി വെച്ചിട്ടുണ്ടാകും. എനിയ്ക്കും ചെറുപ്പത്തിൽ പലഹാരത്തെക്കാൾ ഇഷ്ടം കപ്പപ്പുഴുക്കിനോടും പഴങ്കഞ്ഞിയോടും ആയിരുന്നു. സത്യൻ വേഗം അതു വാരികഴിച്ചിട്ടു എന്നോടൊപ്പം കളിയ്ക്കാനിറങ്ങും. മഴവെള്ളം നിറഞ്ഞുനിൽക്കുന്ന റബ്ബർ കാനക്കുഴിയിലാകും മിക്കപ്പോഴും കളി. ചൊറിയൻ തവളകളെ ഒക്കെ പേടിപ്പിച്ചു ഓടിയ്ക്കാനൊക്കെ എന്തുരസമായിരുന്നു. കാക്കകൾക്കും ഉപ്പനും കിളികൾക്കും തവളയ്ക്കുമൊന്നും സ്വസ്ഥത കൊടുക്കാത്ത കളി. ഒമ്പതുമണിയോടെ സ്കൂളിൽ പോകുവാൻ തോട്ടത്തിലെ ചാടിമറിയലും മറ്റും കഴിഞ്ഞു അടുക്കളപ്പുറത്ത് എത്തുമ്പോഴേക്കും അമ്മ ദേഷ്യപ്പെട്ടു തുടങ്ങും.

''ചെക്കൻ ചാട്ടം കഴിഞ്ഞു എത്തി.ഒരക്ഷരം പഠിയ്ക്കാതെ കളിച്ചു നടന്നോ"

ഞാനൊരു വികൃതിക്കുട്ടിയായതിനാൽ അമ്മ എപ്പോഴും ഇങ്ങനെ ഉപദേശിച്ചുകൊണ്ടിരിയ്ക്കും. എന്തെങ്കിലും ഒക്കെ കുരുത്തക്കേടുകൾ ഞാൻ എപ്പോഴും കാട്ടികൊണ്ടിരിയ്ക്കും. നാട്ടിലെ കാക്കകളെ   എല്ലാം കാ..കാ.. എന്നു കരഞ്ഞു വിളിച്ചു വരുത്തുക, കല്ലെടുത്തു കിണറ്റിൽ ഇടുക, കിണറ്റിൽ നിന്ന് കോരി വെച്ചിരിക്കുന്ന വെള്ളത്തിൽ മഷിയോ മഞ്ഞളോ കലക്കുക തുടങ്ങിയ കലാപരിപാടികൾ.


അങ്ങനെയിരിയ്ക്കെ ഒരിയ്ക്കൽ എനിയ്ക്കു ഒരു മുട്ടൻ പണി കിട്ടി. പുകയൂതുന്ന കുഴൽ അടുപ്പിലെ തീക്കനലിൽ വെച്ചു ചൂടാക്കുകയായിരുന്നു ഞാൻ. അത് തീക്കല്ലുപോലെ പഴുത്തു വരുന്നത് കാണാൻ നല്ലരസം. അപ്പോഴാണ് അമ്മ പുറകിൽ നിന്നു വരുന്നത്. പെട്ടന്നുള്ള ദേഷ്യത്തിൽ അമ്മ കുഴലെടുത്തു മുതുകത്ത് ഒരു കുത്ത്. എന്‍റെ  നിലവിളിയ്‌ക്കൊപ്പം അമ്മയും കരഞ്ഞു. കാളയുടെ പുറത്തു കാച്ചിയപോലെയുള്ള ആ പാട് എന്‍റെ  മുതുകത്ത് ഇപ്പോഴും ഉണ്ട്. കുറെ  ദിവസത്തേക്ക് എനിയ്ക്ക് നല്ല ഭക്ഷണവും പരിചരണവും കിട്ടിയത് മാത്രം മിച്ചം.എന്നെ നന്നാക്കാൻ അമ്മ എപ്പോഴും സത്യവേദപുസ്തകത്തിൽ നിന്ന്  ഉദ്ധരണികൾ പറയും. ശലോമോന്‍റെ സദൃശ്യവാക്യത്തിലെ വാക്യങ്ങൾ ആകും മിക്കപ്പോഴും പറയുക. മകന്റെ  കുരുത്തക്കേട് കുറയ്ക്കുവാൻ അമ്മയുടെ സൈക്കോളജിക്കൽ മൂവ്. ഞാനെവിടെ നന്നാകാൻ? അങ്ങനെ ഒരു ദിവസം ഞാൻ മുറ്റത്തെ കുട്ടകത്തിൽ സത്യന്‍റെ  അമ്മ കോരിവെച്ച വെള്ളത്തിൽ കല്ലുകൾ പെറുക്കിയിട്ടു കളിയ്ക്കുകയാണ്. അമ്മ എന്നെ വഴക്ക് പറയുന്നുണ്ട്, ആര് കേൾക്കാൻ അമ്മ സ്ഥിരം നമ്പരിട്ടു, ബൈബിളിലെ സദൃശ്യവാക്യത്തിലെ ഒരു നെടുങ്കൻ പ്രയോഗം..

"അപ്പനെ പരിഹസിക്കയും അമ്മയെ അനുസരിക്കാതിരിക്കയും ചെയ്യുന്ന കണ്ണിനെ തോട്ടരികത്തെ കാക്ക കൊത്തിപ്പറിക്കയും കഴുകിൻ കുഞ്ഞുകൾ തിന്നുകയും ചെയ്യും.." 

പറഞ്ഞുതീർന്നില്ല എവിടെനിന്നോ ഒരു കാക്ക പറന്നു വന്നു എന്‍റെ തലയിൽ കൊത്തി. നിലവിളിച്ചു കൊണ്ടു അമ്മയുടെ അരികിലേക്ക് ഓടി ഞാൻ. അമ്മയുടെ വാക്ക് ഫലിച്ചത് കണ്ടു ഏറെ ഭയന്നുപോയി ഞാൻ. പിന്നീട് ജീവിതത്തിൽ തെറ്റായതെന്തെങ്കിലും ചെയ്യുമ്പോൾ പഴയ കാക്കകഥ ഒരു ഓർമ്മപ്പെടുത്തൽ പോലെ മനസ്സിൽ വരും.


ഒരു വൈകുന്നേരം പര്യമ്പറത്തുനിന്ന് തേങ്ങികരച്ചിൽ കേട്ടാണ് ഞാൻ ഓടിച്ചെന്നത്‌. സത്യന്‍റെ  അമ്മ ഒരു തോർത്തുമുണ്ട് പുതച്ചു കൈകൾ കൂട്ടിപ്പിടിച്ചു അവിടെ നിന്നു തേങ്ങുന്നു.  അമ്മ എന്തൊക്കെയോ ആശ്വാസവാക്കുകൾ പറയുന്നുണ്ട്. എന്നെ കണ്ടതും അമ്മ ചീത്ത പറഞ്ഞു ഓടിച്ചു.എനിയ്ക്കൊന്നും മനസ്സിലായില്ല. ഞങ്ങൾ കുട്ടികൾ അറിയാൻ പാടില്ലാതെ എന്തോ സംഭവിച്ചിരിക്കുന്നു. രാത്രി റബ്ബർ തോട്ടത്തിലെ ഇരുട്ടിൽ അങ്ങിങ്ങു തെളിയുന്ന മിന്നാമിനുങ്ങിനെ നോക്കിയിരിയ്ക്കുന്ന എന്‍റെ  അടുക്കലേക്ക് അമ്മ വന്നു. ഇറയത്തെ  മണ്ണെണ്ണ വിളക്കിന്‍റെ തിരി അമ്മ ഒന്നുകൂടെ നീട്ടി വെച്ചു. എന്നിട്ടു എന്‍റെ  മൂർദ്ധാവിൽ തഴുകി അമ്മ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു

"ദുഷ്ടർ, ആ പാവം സ്ത്രീയോട് ചെയ്തത് എങ്ങനെ ദൈവം പൊറുക്കും"

എന്താണ് സംഭവമെന്ന് ഞാൻ തിരക്കി. സത്യന്‍റെ  അമ്മ ഉച്ചയ്ക്കുശേഷം വീടുപണിയ്ക്കു പോകുന്ന വീട്ടിലെ സ്ത്രീയുടെ ഒരു ബ്ലൗസ് അശയിൽ ഉണക്കാനിട്ടത് സത്യന്‍റെ അമ്മ എടുത്തുവത്രെ. പാവം സ്ത്രീ ദാരിദ്ര്യം കൊണ്ടാകും അവർ അങ്ങനെ ചെയ്തത്. ഇന്നു പണിയ്ക്ക് ആ ബ്ലൗസ് ഇട്ടുകൊണ്ട് ചെന്ന സത്യന്‍റെ  അമ്മയെ അവർ ബലമായി പിടിച്ചു ബ്ലൗസ് ഊരിച്ചുവിട്ടത്രേ. തോർത്ത് കൊണ്ട് മാറിടം മൂടി കരഞ്ഞുകൊണ്ട് അവർ നേരെ അമ്മയുടെ അടുത്തുവന്നു സങ്കടം പറഞ്ഞുകൊണ്ടിരിക്കുമ്പോൾ ആണ് ഞാൻ ചെന്നത്. അമ്മ, അമ്മയുടെ കൈയ്യിൽ ഉള്ള ഒന്നുരണ്ട് പഴയ ബ്ലൗസുകൾ കൊടുത്തു സത്യന്‍റെ അമ്മയെ ആശ്വസിപ്പിച്ചു വിട്ടു.

''..ന്‍റെ  മോൻ പാവങ്ങളോടൊക്കെ കരുണ കാണിക്കണേട്ടോ.. അല്ലാഞ്ഞാ ശാപം കിട്ടും"

പാതി ഇരുട്ടത്ത് ഞാൻ തലയാട്ടിയത് അമ്മ കണ്ടുവോ ആവൊ? . കഴിഞ്ഞ തവണ നാട്ടിൽ പോയപ്പോൾ അന്നു പ്രതാപത്തിൽ നിന്നിരുന്ന ആ വീട് ഞാൻ കണ്ടു. മുറ്റത്തു കാടുകയറി,എല്ലാം നശിച്ചു ആൾ താമസ്സമില്ലാത്ത ആ വീട്. കാലം അതിന്റെ  കണക്കുകൾ തീർക്കും, ഒന്നും ബാക്കി വെയ്ക്കാതെ...



'' പഴകഞ്ഞിയുണ്ടോ താറേ(സാറേ) ? "

സത്യന്‍റെ  മനസ്സിലെവിടെയോ  പഴയ രുചിയുടെ ഓർമ്മകൾ ഞൊട്ട  പിടിച്ചു പതുങ്ങി  നിൽക്കുന്നു. വീടിന്റെ   പുറകിലെ  വർക്ക്  ഏരിയയിൽ  അമ്മ  വിളമ്പിയ പഴങ്കഞ്ഞി  അവൻ  ആർത്തിയോടെ  കുടിച്ചു. ഞാൻ  കൊതി പറഞ്ഞപ്പോൾ  അമ്മ  എനിയ്ക്കും  വിളമ്പി മൺചട്ടിയിൽ പഴങ്കഞ്ഞി. കാലമെത്ര  കഴിഞ്ഞാലും  ചില രുചികൾ  നാവിൽ  നിന്നു  മാഞ്ഞുപോകയില്ല. തണുത്ത ചോറിൽ തലേന്നത്തെ മീൻകറിയും പുളിങ്കറിയും മുഴുവൻ മാങ്ങാ അച്ചാറും തൈരും കൂടെ എരിവുള്ള കാന്താരി ചമ്മന്തിയും... അത് കൈയ്യിട്ടു ഞെരടി ഒരു പിടിപിടിച്ച   അന്നത്തെ ഓർമ്മ. ആ  പഴങ്കഞ്ഞിയുടെ  രുചി  എന്നെ  എത്ര  കൊല്ലം പിറകിലേക്ക്  കൊണ്ടു പോയിരിക്കുന്നു.. വീടിന്‍റെ തിണ്ണയിൽ  ഇരുന്നു  പഴങ്കഞ്ഞി  കുടിക്കുന്ന ഞാനും എന്‍റെ  പഴയ കളികൂട്ടുകാരനും..


(ചിത്രം  :   സ്വന്തം )


പോകാൻ നേരം അവൻ യാത്ര പറഞ്ഞിറങ്ങിയപ്പോൾ ചുരുട്ടി  അഞ്ഞൂറു രൂപയും കൂടെ ഒരു ഷർട്ടിന്‍റെ തുണിയും കുട്ടികൾക്കായി  കുറെ ഫോറിൻ മുട്ടായിയും മനോരമ പത്രത്തിൽ പൊതിഞ്ഞു  കൈയ്യിൽ കൊടുത്തു. ഒട്ടും  സങ്കോചമില്ലാതെ അവനു  അവകാശപ്പെട്ട വീതം കിട്ടിയതുപോലെ സത്യൻ വാങ്ങി. കുറെ ദൂരം പോയിട്ടു ഒന്നുകൂടെ കാണാൻ എന്നപോലെ അവൻ മുളയേണി ചരിച്ചു മുഖം നിറയെ ചിരിയോടെ അവൻ തിരിഞ്ഞുനോക്കി. തിരികെ വിളിച്ചു പോക്കറ്റിൽ ഒരു അഞ്ഞൂറ് കൂടെ ഇട്ടുകൊടുത്തു. നീ എനിയ്ക്കു വേണ്ടി കൊണ്ട ഇടികൾക്കു അഞ്ഞൂറ് പോര ചെങ്ങാതി.....       

Friday, 5 May 2017

എൻട്രൻസ് യക്ഷി


എൻട്രൻസ്  യക്ഷി





കൊല്ലം-ചെങ്കോട്ട റോഡിന്‍റെ സൈഡിൽ ഒരു കൊച്ചു വെളുപ്പാൻ കാലത്ത് ഞാൻ വണ്ടി കാത്തു  നിൽക്കുകയാണ്. പ്രീഡിഗ്രി പരീക്ഷ കഴിഞ്ഞ ആശ്വാസത്തിൽ കോളേജ് കുമാരൻ ആയ ഞാൻ സാധാരണ ഈ സമയത്ത് പുതപ്പിൽ ഒന്നുകൂടെ ചുരുണ്ടുകൂടി കിടക്കേണ്ടതാണ്. പക്ഷെ എന്തുചെയ്യാൻ, മകനെ ഡോക്ടർ ആക്കണമെന്ന് അപ്പനും അമ്മയും തീരുമാനിച്ചാൽ പിന്നെ മറുപക്ഷം ഇല്ലല്ലോ?..എനിയ്ക്കു എൻട്രൻസ് കിട്ടണമെങ്കിൽ  കാക്ക മലർന്നു പറക്കണമെന്നു  കാക്കയെ പറഞ്ഞു മനസിലാക്കിക്കാം, വീട്ടുകാരെ പറഞ്ഞു മനസ്സിലാക്കിക്കാനാണ് ബുദ്ധിമുട്ട്.  അങ്ങനെ ഒടുവിൽ  എൻട്രൻസ് പരീക്ഷ എഴുതാനായി കൊല്ലത്തേക്ക് പോകുവാൻ വണ്ടി കാത്തുനിൽക്കുകയായിരുന്നു ഞാൻ.  അന്ന് എൻട്രൻസ് കോച്ചിങ്ങിന് യൂണിവേഴ്സൽ ഇൻസ്റ്റിറ്റ്യൂട്ട് ഒക്കെ കത്തിനിൽക്കുന്ന സമയം. വീട്ടുകാർ കോച്ചിങ് ക്ലാസ്സിന് പോകുവാൻ നിർബന്ധിച്ചു പറഞ്ഞിട്ടും ഞാനൊട്ടുപോയില്ല. വീട്ടിലെ വെള്ളത്തിൽ കുളിച്ചില്ലെങ്കിൽ പനിയും ചുമയും വരുമെന്നായിരുന്നു എന്‍റെ ന്യായം. ഞാൻ തനിയെ പഠിച്ചുകൊള്ളാം എൻട്രൻസ് കോച്ചിങ്ങിനുള്ള മെറ്റീരിയൽ വാങ്ങിത്തന്നാൽ മതി എന്നു ഞാൻ. കൊല്ലത്ത് ഉള്ള ഏതോ ഒരു ബുക്ക്ഷോപ്പിൽ പോയി 750 രൂപ വീതം വിലയുള്ള ബ്രില്യൻസ് ടുട്ടോറിയൽസിന്‍റെ രണ്ട് തടിയൻ മെഡിക്കൽ എൻട്രൻസ് ബുക്കുകൾ ഞാൻ വാങ്ങി. പക്ഷെ ഒരു പ്രശ്നം ബുക്ക് തുറന്നാൽ അപ്പോൾ തന്നെ എനിക്ക് ഉറക്കം വരും. ഉറങ്ങാൻ ഇത്ര ബെസ്റ്റ് സാധനം ഈ ഉലകത്തിൽ വേറെ ഉണ്ടെന്ന് തോന്നുന്നില്ല. തടിയൻ ബുക്കിന്‍റെ ആദ്യ പേജ് തുറന്നു വായിക്കാൻ തുടങ്ങിയാൽ മതി കണ്ണുകൾ പതിയെ അടഞ്ഞുവരും. ബുക്കിനെ നെഞ്ചത്ത് വെച്ചു താരാട്ടുപാടി ഞാനങ്ങു സുഖമായി തൂങ്ങും. വീട്ടിലെ ചാരുകസേരയിൽ ഇരുന്നാവും എന്‍റെ പഠിത്തം. എന്‍റെ വീട്ടിൽ ഒരു ചാരുകസേര ഉണ്ട്. കാൽ കയറ്റി വെയ്ക്കാൻ പാകത്തിൽ പടികൾ ഉള്ള സൊയമ്പൻ കസേര. അപ്പൻ 25 രൂപ  കൊടുത്ത് ശിവരാമൻ മേശിരിയുടെ അടുത്തുനിന്നു വാങ്ങിയതാണ് ഈ പുരാവസ്തു. ശിവരാമൻ മേശിരി ഏതോ വീട്ടിൽ പണിക്കുപോയപ്പോൾ ഫ്രീയായി കൂടെ കൂട്ടിയതാണ് അതിനെ. കാലൊടിഞ്ഞു തട്ടിൻ പുറത്തിരുന്ന അതിനെ മേശിരി പുത്തൻ കാലൊക്കെ ഫിറ്റ് ചെയ്തു, വാർണിഷ് ഒക്കെ ഇട്ടു കുട്ടപ്പനാക്കി എടുത്തു. അതിൽ ചാരിക്കിടക്കാൻ നല്ല സുഖമാണ്. എന്‍റെ വീട്ടിലെ പൂച്ച വരെ അതിൽ കിടക്കുവാൻ ക്യൂ നിന്നു തുടങ്ങി. പ്രീഡിഗ്രി പരീക്ഷ കഴിഞ്ഞു ഒന്നര രണ്ടു മാസത്തിനുശേഷം ആണ് അന്ന് എൻട്രൻസ് പരീക്ഷ. വീട്ടുകാർ എപ്പോഴും പടിയെടാ..പടി എന്നു പറഞ്ഞുകൊണ്ടിരിക്കും. ഞാനോ എൻട്രൻസ് പഠനം വിജയകരമായി ചാരുകസേരയിൽ ഉറങ്ങി പൂർത്തിയാക്കി. ഒടുവിൽ കാത്തിരുന്ന പരീക്ഷാദിനം വന്നെത്തി.



പരീക്ഷദിനത്തിൽ അപ്പൻ കൂട്ടിനായി കൊല്ലത്തിനു വരാമെന്നു പറഞ്ഞിട്ടു ഞാൻ സമ്മതിച്ചില്ല. അതിനൊരു കാരണം ഉണ്ട്, അപ്പനെ കൂടെ കൂട്ടിയാൽ എന്‍റെ വിളവ് ഒന്നും നടക്കുകയില്ല. ബാബര്‍ കാ ബേട്ടാ ഹുമയൂണ്‍..എന്നോടല്ലേ കളി ?.. എന്‍റെ മനസ്സിൽ പരീക്ഷ എങ്ങനെയെങ്കിലും എഴുതിയെന്നു വരുത്തിയിട്ടു വേണം കൊല്ലത്ത് ഒന്നു കറങ്ങുവാൻ. ആസാദ് ഹോട്ടലിൽ നിന്ന് ബിരിയാണി അതിനു ശേഷം കൊല്ലം ബീച്ച്, തങ്കശേരി ലൈറ്റ് ഹൗസ്,ആശ്രാമം അഡ്വവഞ്ചർ പാർക്ക് ഇവിടെ ഒക്കെ ഒന്നു കറങ്ങുവാൻ. അങ്കവും കാണാം താളിയും ഒടിക്കാം എന്നാണ് എന്‍റെ മനസ്സിലിരിപ്പ്. ക്വയിലോൺ കണ്ടവന് ഇല്ലം വേണ്ട എന്നല്ലേ പഴമൊഴി.



അതാണിപ്പോൾ പുലിവാല് ആയിരിക്കുന്നത്. നേരം പുലർച്ചെ ഏതാണ്ട് നാലര അഞ്ചുമണി ആയിക്കാണും. നല്ല കുറ്റാകൂരിരുട്ട്, അന്നു കറുത്തവാവ് ആണെന്നു തോന്നുന്നു. കൊല്ലം-ചെങ്കോട്ട റോഡിന്‍റെ സൈഡിൽ ബസ്സ് കാത്ത് നിൽക്കുകയാണ് ഞാൻ. രാവിലെ പൂത്തോട്ടം സ്റ്റേ ബസ്സ് അഞ്ചുമണിയ്ക്ക്  വരും, അതിൽകയറി പുനലൂരെത്തി കൊല്ലം ഫാസ്റ്റ് പിടിക്കണം. അപ്പനു പനി ആയതിനാൽ ബസ്സ് കയറ്റിവിടാൻ വരാമെന്നു പറഞ്ഞിട്ടും ഞാൻ സമ്മതിച്ചില്ല. റോഡില്ലെങ്ങും ഒറ്റയാളിനെപ്പോലും കാണുന്നില്ല. ഇടയ്ക്കു ഒന്നുരണ്ടു പാണ്ടിലോറികൾ മാത്രം റോഡിലൂടെ പാഞ്ഞുപോയി. ദൂരെ നിന്ന് വരുന്ന വാഹനത്തിന്‍റെ ഹെഡ് ലൈറ്റ് ഇരുട്ടിനെ കീറിമുറിച്ചു മുമ്പോട്ടു കുതിച്ചു. ഹെഡ് ലൈറ്റിന്‍റെ വെട്ടത്തിൽ വണ്ടിയ്ക്കു കുറുക്കുചാടിയ ഒരു കറുത്ത നായുടെ കണ്ണുകൾ വജ്രം പോലെ തിളങ്ങി. എന്തോ ഒരു ദുസൂചന എന്നപോലെ കാലൻ കോഴിയുടെ കൂവൽ ഇടയ്ക്ക് കേൾക്കാം. അന്ന് സുകുമാരക്കുറുപ്പും ചാക്കോ വധക്കേസുമൊക്കെ കേരളത്തിൽ നിറഞ്ഞു നിൽക്കുന്ന സമയം. ആരും അസമയത്ത് വണ്ടികാത്തു നിൽക്കാറില്ല. പുലർക്കാലമായതിനാൽ നല്ല തണുപ്പ് ഉണ്ട്. ഞാൻ റോഡ്‌സൈഡിലെ കടയുടെ തിണ്ണയിൽ കാലുകൾ പിണച്ചു കുത്തിയിരുന്നു. വാരിയെല്ലുകൾക്കിടയിലൂടെ അരിച്ചു കയറുന്ന തണുപ്പ്. എന്‍റെ പല്ലുകൾ കൂട്ടിയിടിക്കുന്നുണ്ട്. ആകാശത്തൊന്നും ഒറ്റ നക്ഷത്രം പോലും കാണുന്നില്ല. എന്‍റെ ഉൾമനസ്സിൽ എവിടെയോ ഭയത്തിന്‍റെ വിത്തുകൾ വീണപോലെ. ഈ കൊച്ചുവെളുപ്പാൻ കാലത്ത് റോഡിൽ ഒറ്റയ്ക്ക് വണ്ടി കാത്തുനിൽക്കുക, അതാണ് ഞാൻ ഏറ്റെടുത്ത തെറ്റായ തീരുമാനം. എനിക്ക് വേണമെങ്കിൽ കൂട്ടിനു ആരെയെങ്കിലും കൂട്ടാമായിരുന്നു. അല്ലെങ്കിൽ തന്നെ എൻട്രൻസ് പരീക്ഷയൊന്നും എഴുതേണ്ട എന്നു എത്ര തവണ വീട്ടുകാരോട് പറഞ്ഞു, ആര് കേൾക്കാൻ?...  ഒരു കൊള്ളിയാൻ മിന്നി, ചെറുതായി മഴ ചാറാൻ തുടങ്ങി.



ഭയമുണർത്തുന്ന അന്തരീക്ഷം. ഞാൻ അന്നുവരെ വായിച്ചിട്ടുള്ള നീലകണ്ഠൻ പരമാരയുടെയും കോട്ടയം പുഷ്പനാഥിന്‍റെയും ബാറ്റൺ ബോസിന്‍റെയും ഹൊറർ കഥകൾ ഒക്കെ എന്‍റെ മനസ്സിലൂടെ കടന്നുപോയി. ഡ്രാക്കുളകോട്ടയും ചുമന്ന മനുഷ്യനും ഒക്കെ വായിച്ചു ഞാൻ എത്ര പേടിച്ചിരുന്നു. എന്നെ ഭയത്താൽ ത്രസിപ്പിച്ച ഡ്രാക്കുളയുടെ അങ്കിയിലെ ഭാഗങ്ങൾ ഒക്കെ എന്‍റെ മനസ്സിലേക്ക് ഒരു വെള്ളിടി പോലെ കടന്നുവന്നു. എന്‍റെ ഉള്ളൊന്നു കിടുങ്ങി. ചുമന്ന സൂര്യൻ പടിഞ്ഞാറു കാർപാത്യൻ മലയുടെ പിന്നിൽ മറഞ്ഞു. താഴെ വിശാലമായ മലയുടെ ചുളിവുകളിൽ നിന്ന് ഇരുട്ട് സാവധാനം തലയുയർത്തി. വിജനമായ റെയിൽവേ സ്റ്റേഷനു പുറത്ത് വിളക്കുകൾ മെല്ലെ തെളിഞ്ഞു തുടങ്ങി. ദൂരെ നിന്നു കുതിര കുളമ്പടി നാദം… ട്രാൻസിൽവാനിയയിലെ ഡ്രാക്കുള കോട്ടയിലേക്ക് യാത്രക്കാരനെ കൊണ്ടുപോകുവാൻ കുതിരവണ്ടി വന്നു സ്റ്റേഷന് പുറത്തുനിന്നു. കുതിരവണ്ടിയുടെ വാതിൽ തുറന്നു ദീർഘകായകനായ ഒരു മനുഷ്യൻ പുറത്തേക്കു വന്നു. അയാൾ കഴുത്തു മുതൽ കീഴ്പോട്ട് ഒരു അങ്കി ധരിച്ചിരുന്നു. ദൂരെ കാർപാത്യൻ മലനിരകളിൽ നിന്ന് ഒരു കൂട്ടം ചെന്നായ്ക്കൾ ഓരിയിടാൻ തുടങ്ങി. ശീതകാറ്റ് വീശിയടിക്കുവാൻ തുടങ്ങിയതോടെ തണുപ്പിന്‍റെ ശക്തി കൂടി...വായിച്ചതൊക്കെ ഓർമിച്ചതോടെ എനിക്ക് വല്ലാത്ത പേടി തോന്നിത്തുടങ്ങി. ദൂരെ കാണുന്ന മരങ്ങളുടെ കറുത്ത നിഴലുകൾ ഭീകരസത്വങ്ങളായി എന്നെ  വിഴുങ്ങുവാൻ അടുത്തു വരുന്നതുപോലെ തോന്നി.



ഭാഗ്യത്തിന് ദൂരെ നിന്നു ഒരു വാഹനത്തിന്‍റെ വെളിച്ചം ഞാൻ കണ്ടു. എനിക്ക് ആശ്വാസമായി. വണ്ടിയുടെ വെളിച്ചം എന്‍റെ മനസ്സിലെ ഭയത്തെ കുറയ്ക്കുവാൻ തുടങ്ങി.കാറിന്‍റെ വെളിച്ചം അടുത്തടുത്ത് വന്നു. അത് ഒരു അംബാസിഡർ കാറായിരുന്നു. വെളുത്ത നിറമുള്ള അംബാസിഡർ കാറ്. ഞാൻ കാറിലേക്ക് ആകാംഷയോടെ നോക്കി. പുറകിലത്തെ സീറ്റിൽ വെളുത്ത സാരിയുടുത്ത ഒരു സ്ത്രീ. അവരെന്നെ തുറിച്ചു നോക്കുന്നു. ആ സ്ത്രീയുടെ മുഖത്ത് എന്തോ ഒരു നിഗൂഢഭാവം ഉള്ളതുപോലെ  എനിയ്ക്കു തോന്നി. കാർ എന്നെ കടന്നു  അല്പദൂരം മുമ്പോട്ടു പോയി. പെട്ടെന്ന് കാർ നിന്നു. കാർ തിരികെ ഞാൻ കുത്തിയിരിക്കുന്ന ഇടത്തേക്ക് റിവേഴ്സിൽ എത്തി. അത് കണ്ടു ഞാൻ ഇരിക്കുന്നടത്തു നിന്ന് പതിയെ എഴുന്നേറ്റു. വല്ല വഴിയും ചോദിയ്ക്കാൻ ആയിരിക്കും കാർ നിറുത്തിയത് എന്നായിരുന്നു എന്‍റെ മനസ്സിൽ തോന്നിയത്. ഞാൻ കാറിന്‍റെ ഉള്ളിലേക്ക് നോക്കി. ആ സ്ത്രീ എന്നെ നോക്കി ചിരിച്ചു. ചിരി മെല്ലെ അട്ടഹാസമായി മാറി. ഞാൻ നടുങ്ങി പോയി. ആ സ്ത്രീയുടെ വായിൽ നിന്ന് നാക്ക് പുറത്തേക്കു നീണ്ടുവന്നു. കണ്ണിന്‍റെ സ്ഥാനത്തു ജ്വലിക്കുന്ന രണ്ടു തീഗോളങ്ങൾ. നാവിലൂടെ ചോര ഒലിയ്ക്കുന്നു...യക്ഷി തന്നെ ഞാൻ ഉറപ്പിച്ചു. എന്‍റെ ഹൃദയം ശക്തിയായി ഇടിക്കാൻ തുടങ്ങി.എന്‍റെ അമ്മേ..എന്‍റെ കാലുകൾ വിറച്ചു. ഞാൻ പുറകോട്ടു തിരിഞ്ഞു ഓടി. കാലുകൾ കഴിയുന്നത്ര വലിച്ചുവെച്ചു ഞാൻ ഓടി. ഇടയ്ക്കു ഞാൻ ഒന്നു തിരിഞ്ഞു നോക്കി. ആ സ്ത്രീയുടെ ആകാരം  പനപോലെ ആകാശം മുട്ടുന്ന നിലയിൽ വലുതായിരിക്കുന്നു. നിലം വരെ മുട്ടുന്ന നിലയിൽ നീണ്ട മുടി. ഞാൻ തളർന്നു പോയി. എന്‍റെ കാലുകളുടെ വേഗം കുറഞ്ഞു..അവളുടെ കൂർത്ത ദ്രംഷ്ടങ്ങൾ എന്‍റെ കഴുത്തിനു നേരെ നീണ്ടു വരുന്നു. ഇനി ഒരടി മുമ്പോട്ട് വെയ്ക്കുവാൻ ശക്തിയില്ലാതതുപോലെ. എന്‍റെ എൻട്രൻസ് മോഹങ്ങൾ ഒക്കെ തച്ചുടയാൻ പോകുന്നു. എന്‍റെ ചോര ആ യക്ഷി ഊറ്റി കുടിക്കും. ഒടുവിൽ എന്‍റെ പല്ലും നഖങ്ങളും ഏതോ പനയുടെ മുകളിൽ നിന്ന് അവൾ വലിച്ചെറിയും. ഞാൻ സർവ്വശക്തിയും എടുത്ത് അലറി

'' അയ്യോ യക്ഷി, രക്ഷിക്കണേ.. എന്‍റെ ചോര കുടിക്കരുതേ..എനിയ്ക്കു എൻട്രൻസ് പരീക്ഷ എഴുതാനുള്ളതാണ്..എനിയ്ക്കു ജീവിക്കണം, പഠിച്ചു ഡോക്ടർ ആകണം..എന്നെ വെറുതെ വിടണം..'' 

തൊണ്ടക്കുഴിയിൽ നിന്ന് ശബ്ദം പുറത്തു വരുന്നില്ല. പേടികൊണ്ടു ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു. ഞാൻ ഒന്നു കുതറി.


പെട്ടെന്ന് 'ടിം' എന്ന ശബ്ദത്തോടെ ഞാൻ കട്ടിലിൽ നിന്നു താഴെ വീണു. മുറിയിൽ ലൈറ്റ് തെളിഞ്ഞു. ഞാൻ ഞെട്ടിയുണർന്നു. എന്‍റെ ഭാര്യ ഉറക്കച്ചടവോടെ കട്ടിലിൽ എഴുന്നേറ്റിരുന്നു. ഉറക്കം നഷ്ടമായതിന്‍റെ ദേഷ്യം അവളുടെ മുഖത്ത് പ്രകടമായിരുന്നു.

''എന്തോന്ന് മനുഷ്യാ.. യക്ഷി, എൻട്രൻസ് എന്നൊക്കെ പറഞ്ഞു കിടന്നു കാറുന്നത്..നിങ്ങൾ ഒന്നു  അടങ്ങ്.. ഞാനൊള്ളപ്പോൾ നിങ്ങളെ ഒരു യക്ഷിയും പിടിക്കൂല്ല.. ചൊവ്വിനു ദൈവത്തെ പ്രാർത്ഥിച്ചു കിടന്നുറങ്ങാൻ നോക്ക്..''


ഈ നാല്പത്തിയേഴാം വയസ്സിലും എൻട്രൻസ് പരീക്ഷ ഒക്കെ സ്വപ്നം കാണുന്ന എന്നെ യക്ഷി  പിടിച്ചില്ലെങ്കിൽ അല്ലേ കുറ്റം,  അല്ലേ ചെങ്ങാതിമാരേ?... ഇതുപോലെ എൻട്രൻസ് യക്ഷികളാൽ ഉറക്കം നഷ്ടപ്പെട്ട എത്രയെത്ര കുടുംബങ്ങൾ മലയാളക്കരയിൽ ഉണ്ടെന്നു നിങ്ങൾക്കറിയാമോ? ഇപ്പൊ എല്ലാറ്റിലും എൻട്രൻസ് പരീക്ഷയല്ലേ...കെ.ജി ക്ലാസ്സ് അഡ്മിഷന് വരെ എൻട്രൻസ്..   എൻട്രൻസ് പരീക്ഷകളൊക്കെ ഭീകരയക്ഷികളായി മക്കളുടെയും മാതാപിതാക്കന്മാരുടെയും 
ഉറക്കം കെടുത്തി മലയാളി കുടുംബങ്ങളെ എത്ര നാളായി 
വേട്ടയാടുന്നു…. പണ്ടാരം. 


കടപ്പാട് : അഡ്വ : ജിതേഷ് , കാർട്ടൂണിസ്റ്റ് 
 

                     

Thursday, 13 April 2017

ഓമന മണ്ടേലാ...


ഓമന മണ്ടേലാ...






കോളേജ് വിദ്യാഭ്യാസ കാലഘട്ടത്തിലെ ഓർമ്മകൾക്ക് ഒരു പ്രത്യേക ചാരുതയാണ്. ഒത്തിരി ഓർമ്മകൾ സമ്മാനിച്ചു കൊണ്ടാവും ഏതു ആളുടെയും കോളേജ് ജീവിതഘട്ടം കടന്നു പോകുക. പത്തുമുപ്പതു കൊല്ലത്തിനു ശേഷം അതൊക്കെ ഓർമ്മിച്ചെടുക്കുന്നത് കൗതുകകരമാണ്.  1980 കളിൽ  ഞാനൊക്കെ പ്രീഡിഗ്രിയ്ക്ക് പഠിച്ച കാലത്ത് കോളേജ് വിദ്യാഭ്യാസരംഗം  സംഘർഷഭരിതമായിരുന്നു. അന്ന് പത്താം ക്ലാസ് കഴിയുന്ന വിദ്യാർഥികൾ, നേരെ കോളേജുകളിലാണ് പ്രീഡിഗ്രിയ്ക്ക് അഡ്മിഷൻ നേടുക. പത്താംക്ലാസ് കഴിഞ്ഞു എട്ടുംപൊട്ടും തിരിയാത്ത കൗമാരക്കാർ പ്രീഡിഗ്രിയ്ക്ക് കോളേജുകളിൽ എത്തുമ്പോൾ അവർക്ക് മുമ്പിൽ തുറന്നിരിക്കുന്ന വിശാലമായ ഒരു ലോകമുണ്ട്. സ്കൂൾ ജീവിതത്തിന്റെ നിയന്ത്രണങ്ങൾ ഇല്ലാത്ത ലോകം. ആ ലോകത്തിലെ കാഴ്ചകൾ ഞങ്ങൾക്ക് പുതിയ അനുഭവങ്ങൾ ആയിരുന്നു. എലി പുന്നെല്ല്  കണ്ട പോലെത്തെ  അനുഭവം. പഠിപ്പുമുടക്കലും സമരങ്ങളും ബസ് തടയലും തല്ലും കല്ലേറും പൊതുമുതൽ നശിപ്പിക്കലും ലാത്തിച്ചാർജും ഒക്കെ ചേർന്ന എരിവും പുളിയുമുള്ള അനുഭവങ്ങൾ. 1980 കളിൽ കോളേജുകളിൽ സമരങ്ങളുടെ കുത്തൊഴുക്കായിരുന്നു,  എത്രയെത്ര സമരങ്ങൾ..  പ്രീഡിഗ്രി ബോർഡ് സമരം,വിളനിലം സമരം, കമ്പ്യൂട്ടർ വിരുദ്ധ സമരം, പോളിടെക്‌നിക്‌ സമരം, സാശ്രയ കോളേജ് സമരം അങ്ങനെ എത്ര സമരങ്ങൾ.  മിക്ക സമരങ്ങളിലും കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രിയെന്ന പോലെ കെ.കരുണാകരനും ടി.എം ജേക്കബും ഒരുഭാഗത്ത്,  വരിയ്ക്കപ്ലാവിലെ നീറുപോലെ എസ്.എഫ്.ഐ പിള്ളേർ മറുഭാഗത്ത്, പോരെ പൊടിപൂരം.  അന്ന് അമ്പരപ്പോടെ കണ്ടുനിന്ന ആ സമരങ്ങളെല്ലാം അബദ്ധസമരങ്ങളും ലക്ഷ്യശൂന്യ സമര ചാപ്പിള്ളകളും ആയിരുന്നെന്ന് ഇന്ന് ഏറെ നിസ്സംഗതയോടെ പറയാനാകും. ഞാൻ പഠിച്ച പുനലൂർ എസ്.എൻ കോളേജ് അത്തരം സമരങ്ങളുടെ ഒരു പ്രാദേശിക പരീക്ഷണശാലയായിരുന്നു, ഒന്നാന്തരം വെടിക്കെട്ട് പരീക്ഷണശാല.


ഞാൻ പഠിച്ച കാലത്ത് കോളേജിൽ മിക്ക ദിവസവും സമരമാണ്. ചുരുക്കം ചില അധ്യാപകർക്കൊഴിച്ചു മിക്കവർക്കും കുട്ടികളെ പഠിപ്പിക്കുവാൻ വല്യ താൽപ്പര്യം ഒന്നും ഇല്ലായിരുന്നു. സമരമാണങ്കിൽ അവർക്ക് നേരത്തെ സ്ഥലം കാലിയാക്കാമെല്ലോ. സമരം ചെയ്യുന്നതിന് പ്രത്യേകിച്ചു കാരണം എന്തെങ്കിലും വേണമെന്ന് തോന്നുന്നില്ല, എന്തിനും ഏതിനും സമരം. ആരോ പറഞ്ഞതുപോലെ എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാറുകൾ. ഓണം വരാനൊരു മൂലം എന്നപോലെ അന്നു രാവിലെ പത്രത്തിൽ കണ്ട ഏതെങ്കിലും ഒരു വാർത്തയുടെ പേരും പറഞ്ഞാകും മിക്ക സമരങ്ങളും. സമരങ്ങളുടെ തീച്ചൂളയിൽ ആയിരുന്നു എന്റെ പ്രീഡിഗ്രി പഠനകാലം. കമ്പ്യുട്ടർ വിരുദ്ധസമരം,പ്രീഡിഗ്രി ബോർഡ് സമരം,വിളനിലം സമരം തുടങ്ങി ഒട്ടേറെ സമരങ്ങൾ. പുനലൂർ ബസ് സ്റ്റാന്റിന്റെ മുമ്പിൽ നിന്ന് അച്യുതാനന്ദസഖാവ് നമ്മുടെ നാട്ടിൽ കമ്പ്യൂട്ടർ വരരുത് വന്നാൽ നാട്ടിലെ അധ്വാനശീല (?) രായ ക്ലാർക്കുമാരുടെ പണി പോകും എന്ന നെടുങ്കൻ പ്രസംഗം കേട്ടു കോൾമയിർ കൊണ്ടവരിൽ ഒരുവനാണ് ഈയുള്ളവൻ. 'പണിയെത്തിക്കൂ പട്ടിണി മാറ്റൂ എന്നിട്ടാകാം കമ്പ്യൂട്ടർ' എന്നു പറഞ്ഞ പാർട്ടിയുടെ ഓഫീസുകളിൽ ഇരുന്നു ഇപ്പോൾ കമ്പ്യൂട്ടറുകൾ കൊഞ്ഞണം കുത്തുന്നുണ്ട് എന്നത് വേറെ കാര്യം. അച്യുതാനന്ദസഖാവ് ആകട്ടെ രണ്ടുലക്ഷം ഫോളോവേഴ്സ് ഉള്ള ഫേസ്ബുക്ക് പേജിന്റെ മുതലാളിയായെന്നത് ഏറെ വിരോധാഭാസം. പ്രീഡിഗ്രിയൊക്കെ കോളേജിൽ നിന്നു മാറ്റിയാൽ കോളേജിന്റെ കാൽപനികഭാവം പോകും, പ്രണയസുരഭില പുഷ്പങ്ങൾ വാടിക്കരിഞ്ഞു പോകും എന്നൊക്കെ കേട്ടു എത്ര സെന്റി അടിച്ചിരുന്നു അന്നൊക്കെ. തൊണ്ണൂറ്റിഎട്ടിൽ പ്രീഡിഗ്രി സ്കൂളിലേക്ക് പറിച്ചു നട്ടു. പ്രണയസുരഭില പുഷ്പങ്ങൾ വാടിക്കരിഞ്ഞുവോ ആവോ?





പുനലൂർ എസ്.എൻ കോളേജ് സ്ഥിതി ചെയ്യുന്നത് ഒരു കുന്നിന്റെ മുകളിലാണ്.   മലയുടെ മുകളിൽ തലയുയർത്തി നിൽക്കുന്ന കൂറ്റൻ കെട്ടിടങ്ങൾ. അവിടെ നിന്നു  പുനലൂർ ടൗൺ കാണാൻ നല്ല ഭംഗിയാണ്. താഴെ ഉറുമ്പുകൾ പോലെ നീങ്ങുന്ന മനുഷ്യരും കൂറകൾ പായുന്നത് പോലെ പോകുന്ന വാഹനങ്ങളും കാണാം.



കോളേജ് മല നിറയെ പുൽമേടുകൾ ആണ്. വേനൽക്കാലത്ത് ചില കുരുത്തംകെട്ടവന്മാർ പുല്ലിന് തീ കൊടുക്കും. വെറുതെ ഒരു രസം. കുന്നിന്റെ താഴെ നിന്ന് നിലവിളിച്ചു കൊണ്ട് ബദ്ധപ്പെട്ടു കയറ്റം കയറി ഫയർ എൻജിൻ എത്തും.പിള്ളേർക്ക്  എന്തൊരു സന്തോഷം. എൻജിനിൽ നിന്ന് വെള്ളം ചീറ്റുന്നതിനിടയിൽ കൂരോൻ,ചെവിയൻ,കുറുനരി ഇവയൊക്കെ പുൽകാട്ടിൽ നിന്നു പുറത്തുചാടും. അവയെ ഓടിച്ചിട്ടു പിടിക്കുവാൻ പിള്ളേർ കൂട്ടമായി ഇറങ്ങും.





അന്നുണ്ടായിരുന്ന വളഞ്ഞുപുളഞ്ഞ ടാറിടാത്ത വഴിയിലൂടെ കോളേജിൽ എത്തുവാൻ ബുദ്ധിമുട്ടാണ്. അല്ലെങ്കിൽ കാക്കത്തൊള്ളായിരം പടികൾ കയറി വേണം മുകളിൽ എത്തുവാൻ. രാവിലെ കൊല്ലത്തുനിന്നുള്ള സാറന്മാർ വരുന്ന വാൻ എത്തും. അത് കോളേജ്  മല കയറുവാൻ ഏറെ ബുദ്ധിമുട്ടും. പിള്ളേരും സാറന്മാരും ചേർന്നു തള്ളി വണ്ടിയെ മല കയറ്റുന്നത് രസമുള്ള കാഴ്ചയായിരുന്നു. കുട്ടികൾക്ക് കാൽനട വണ്ടി തന്നെ ശരണം. ബൈക്ക് ഒക്കെ ഉള്ളവർ അന്നു വിരലിൽ  എണ്ണാൻ മാത്രം. അന്ന് കോളേജിൽ ക്യാന്റീൻ ഒന്നും ഇല്ല. ആകെയുള്ള പൊട്ടിപ്പൊളിഞ്ഞ മുറി കുട്ടിസഖാക്കൾ കയ്യേറി പാർട്ടി ഓഫീസാക്കിയിരുന്നു. അതുകൊണ്ട് കുന്നിൻമുകളിൽ കട്ടൻചായക്കും പരിപ്പുവടയ്ക്കുമുള്ള അവസരം ഇല്ലായിരുന്നു.  അതില്ലാതെ കുട്ടിസഖാക്കൾ പഠിപ്പുമുടക്കാനുള്ള ത്വാതിക അവലോകനങ്ങൾ എങ്ങനെ നടത്തിയോ ആവോ?.. പിന്നെ ആകെ കിട്ടുന്നത് തമിഴന്റെ ബ്രൂ കോഫി മാത്രം. ഒരു തമിഴൻ സൈക്കിളിൽ സ്റ്റീൽ സമോവർ കെട്ടിവെച്ചു കുന്നിൻ മുകളിൽ എത്തിച്ചു വിൽപന നടത്തും. ബ്രൂ കോഫി കുടിച്ചു വാട്ടർ ടാങ്കിന്റെ താഴയുള്ള പടിയിൽ കുത്തിയിരുന്നു നടത്തിയിരുന്ന 'പക്ഷി നിരീക്ഷണം' നല്ല രസമായിരുന്നു. വാട്ടർടാങ്കിനോട് ചേർന്നു വലിയ ഒരു പ്ലാവുമരം ഉണ്ടായിരുന്നു. കെമിസ്ട്രിലാബിൽ നിന്നു മെർക്കുറി അടിച്ചുമാറ്റി ആ മരത്തിൽ കുത്തിവെച്ചു ഉണക്കുവാൻ ശ്രമിച്ച തലതെറിച്ച സയന്റിസ്റ്റുകൾ ഞങ്ങളുടെ ബാച്ചിലും ഉണ്ടായിരുന്നു. ആ മരം അത്തരം ഗിനിപ്പന്നി പരീക്ഷണങ്ങളെ അതിജീവിച്ചുവോ ആവോ




കോളേജുമലയിൽ ഉള്ള പുൽമേടുകൾക്കിടയിൽ ഉള്ള തെങ്ങുകൾ ആണ് അടുത്ത പ്രലോഭനം. തേങ്ങകൾ എറിഞ്ഞു വീഴ്ത്തിയും കേറി അടത്തിയും കുട്ടികൾ ആഘോഷിച്ചിരുന്നു. ഇടയ്ക്കു കോളേജ് സൂപ്രണ്ട് അതുവഴിയൊക്കെ തേങ്ങാ അടത്തുന്ന പിള്ളേരെ പിടിക്കുവാൻ ചുറ്റി നടക്കുമായിരുന്നു. ഓഫീസ് സൂപ്രണ്ട്  ആണെങ്കിലും മൂപ്പരുടെ ഗമ വല്യപ്രൊഫസ്സറുടെ മട്ടിലായിരുന്നു. ഞണ്ടിന്  കോൽക്കാരൻ  പണി  കിട്ടിയത്  പോലെ. ഒളിഞ്ഞിരുന്നു സൂപ്രണ്ട് സാറിനെ ഇരട്ടപ്പേര് വിളിയ്ക്കുന്ന വിരുതന്മാർ ധാരാളം. ദേഷ്യം മൂത്തു സൂപ്രണ്ട് സാർ  ഇരട്ടപ്പേര് വിളിച്ച പിള്ളാരുടെ പിതാവിനെയും പിതാമഹനെയും പേരുകൂട്ടി വിളിച്ചിട്ടു പാൻറ്സിന്റെ സിപ്പ് തുറന്നങ്ങുകാട്ടും. പിള്ളേരുടെ പൊടി പോലും പിന്നെ കാണുകയില്ല. സാറുന്മാരുടെ പേരുകളേക്കാൾ ഇരട്ടപ്പേരുകൾക്കായിരുന്നു കോളേജിൽ പ്രസിദ്ധി. കുളിര്,കൂനിന്മേൽ കുളിര്,പാറാൻ,മൈക്രോ,മങ്കി,എരുമ,സിൽക്ക് സ്മിത ഇങ്ങനെ ഇരട്ടപ്പേരുകൾ ധാരാളം.



ഞാൻ പഠിക്കുന്നതിന് തൊട്ടുമുമ്പത്തെ കൊല്ലമാണ് കോളേജിന്റെ ചരിത്രത്തിലെ കുപ്രസിദ്ധമായ ഉറുമ്പ് കേസ് നടക്കുന്നത്. തട്ടുതട്ടായിട്ടാണ് കോളേജ് കെട്ടിടം സ്ഥിതിചെയ്യുന്നത്. ഓരോ തട്ടിലും നിന്നാൽ താഴെക്കൂടി കുട്ടികൾ വരുന്നതും പോകുന്നതും കാണാം. ഏതോ ഒരു കുബുദ്ധി ഒരു തട്ടിൽ നിന്ന പേരമരത്തിൽ നിന്നും ഉറുമ്പുകൂട് എടുത്തു താഴെ കൂടി പോയ പെൺകുട്ടികളുടെ ദേഹത്തിൽ എറിഞ്ഞു. പാവം പെൺകുട്ടികൾ ഉടുപ്പിനകത്ത് നീറു കയറിയാലുള്ള അവസ്ഥ ആലോചിക്കാമല്ലോ. അതിനെ ചോദ്യം ചെയ്തു ആ പെൺകുട്ടികളുടെ ക്ലാസ്സിലെ ആൺകുട്ടികൾ രംഗത്ത് വന്നു. എറിഞ്ഞയാൾ പാർട്ടിക്കാരൻ ആയതിനാൽ പാർട്ടി തിരിഞ്ഞായി അടി. തുടരുന്നു സമരപരമ്പര,കത്തിക്കുത്ത്, കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചിടൽ ..ആകെ പുകിൽ.





കോളേജ് തുറക്കുമ്പോൾ തന്നെ പാർട്ടി മെമ്പർഷിപ്പുകൾ വിതരണം തുടങ്ങും. മിക്കവാറും കുട്ടികൾ പേടിച്ചു വിപ്ലവപാർട്ടിക്കാരുടെ മെമ്പർഷിപ്പ് തന്നെ എടുക്കും. അല്ലെങ്കിൽ ചാമ്പ് ഉറപ്പാണ്. കോളേജിൽ അടി സ്ഥിരമായി വാങ്ങുന്ന ഒരു കൂട്ടരേ ഉണ്ടായിരുന്നുള്ളു, കെ.എസ്.യു യൂത്തന്മാർ. എല്ലാ ബാച്ചിലും കാണും ഞാഞ്ഞൂലുപോലെ ഒന്നോ രണ്ടോപേർ. മൊത്തം അടികളും ഏറ്റുവാങ്ങുവാൻ വിധിക്കപ്പെട്ട  ന്യുനപക്ഷം. സാക്ഷാൽ മോഹൻദാസ് കരംചന്ദ് ഗാന്ധിയ്ക്കു പോലും കാണില്ല അത്രയും സഹിഷ്ണുത.


രാവിലെ കോളേജിൽ എത്തുമ്പോഴേക്കും ഏതെങ്കിലും ഒരു കാരണം പറഞ്ഞു സമരം തുടങ്ങിയിരിക്കും. മിക്ക പിള്ളേർക്കും അവർ സമരം ചെയ്യുന്നത് എന്തിനാണ് എന്നുപോലും അറിയില്ല. സോമാലിയയിലെ പട്ടിണിയും ക്യുബൻ ഐക്യദാർഢ്യവും അമേരിക്കൻ സാമ്രാജ്യത്വ ഭീഷണിയും ഒക്കെ ആയിരിക്കും മിക്കപ്പോഴും വിഷയങ്ങൾ. കോളേജിന്റെ താഴെ തട്ടിൽ നിന്നു മുദ്രാവാക്യം വിളി തുടങ്ങും. തോറ്റിട്ടില്ല..തോറ്റിട്ടില്ല..വിദ്യാർത്ഥി സമരം തോറ്റിട്ടില്ല .. കാലം സാക്ഷി,ചരിത്രം സാക്ഷി.. മുദ്രാവാക്യം മൂത്ത് വരുമ്പോൾ അടി തുടങ്ങും. ഇതൊക്കെ പറഞ്ഞു മിക്കവാറും വീക്കുകിട്ടുന്നത് പാവം യൂത്തന്മാർക്ക് ആയിരിക്കും. കാട്ടിലെ പശുവിനെ പുലി പിടിച്ചതിനു  വീട്ടിലെ പട്ടിക്കിട്ട് തല്ലുന്നതു പോലെ സമരാവേശം മുഴുവനും  യൂത്തന്റെ  മുതുകത്ത്  തീർക്കും. തല്ല് മൂത്ത് വരുമ്പോൾ പ്രിൻസിപ്പൽ പോലീസിനെ വിളിക്കും. പോലീസ് വണ്ടി താഴെ നിന്ന് കുന്ന്‌ കയറി വരുന്നത് കാണാം. കുട്ടികളും അതിനു മുമ്പ് തന്നെ സമരക്കാരും നാലുവഴിക്കായി കുന്നിറങ്ങി ഓടും. പോലീസ് ഇടവും വലവും നോക്കാതെ കയ്യിൽ കിട്ടുന്ന ആമ്പിള്ളേരെ ഒക്കെ തല്ലും. ഞാനും കൂട്ടുകാരും കോളേജിന്റെ പുറകുഭാഗത്തെ കുറ്റികാട്  താണ്ടി കാഞ്ഞിരമല വഴിയാകും ഓട്ടം.


ഒരു ദിവസം രാവിലെ ക്ലാസ്സ് തുടങ്ങിയ സമയം. പ്രീഡിഗ്രി ക്ലാസ്സിന്റെ മുമ്പിലൂടെ പത്തായത്തിൽ നിന്ന് പുറത്തു ചാടിയ വെള്ളലി കുഞ്ഞുങ്ങളെപ്പോലെ രണ്ടുമൂന്ന് ഖദറുധാരി കുഞ്ഞുങ്ങൾ നാലുവഴിക്ക്  ഓടുന്നു. യൂത്തന്മാരെന്ന് പ്രത്യേകം പറയണ്ടല്ലോ. പുറകെ മുദ്രാവാക്യം വിളിയുടെ അകമ്പടിയോടെ കയ്യിൽ മരച്ചീനിതണ്ടുമായി കുറെ കുട്ടിസഖാക്കൾ. കപ്പത്തണ്ടും കല്ലും  ആണ് കോളേജിലെ പ്രധാന സമരായുധങ്ങൾ. കോളേജിലേക്ക് വരുന്ന വഴിക്കുള്ള വീടുകളുടെ മുറ്റത്തു ഉണക്കാനിട്ട കപ്പതണ്ടുകളിൽ മൂത്തകമ്പുകൾ നോക്കിയെടുത്തുകൊണ്ടാണ് വരവ്. കൂടെ ഉച്ചത്തിൽ മുദ്രാവാക്യം വിളിയും.

" മണ്ടേലാ, മണ്ടേലാ.. ഞങ്ങടെ ഓമന മണ്ടേലാ..''

ദൈവമേ ഓമനയുടെ പേരിലും സമരമോ? ഏതു ഓമന ആയിരിക്കും? ഓണം വരാൻ ഓരോരോ മൂലങ്ങളേ.. എന്റെ മനസ്സിലൂടെ കോളേജിലെ ഒരുപാട് ഓമനമാർ കടന്നുപോയി. സെക്കന്റ് പീ.ഡി.സിയ്ക്കു പഠിക്കുന്ന പാറ്റൺ ടാങ്കുപോലുള്ള ഓമനകുമാരിയാണോ താരം, അതോ കോളേജ് ബ്യൂട്ടിയായ ഡിഗ്രിയ്ക്ക് പഠിക്കുന്ന ഓമനകുഞ്ഞമ്മയാണോ? ഏതു ഓമനയാണാലും മുപ്പത്തിയാർ എന്തിനാണ് മണ്ടയിൽ കയറിയത്. ഇനി ഓമന ആത്മഹത്യ ചെയ്യുവാൻ ഏതെങ്കിലും കോളേജ് ബിൽഡിങ്ങിന്റെ മണ്ടേൽ വലിഞ്ഞു കയറിയതാണോ?   കോട്ടയം പുഷ്പനാഥിന്റെ  ഡിറ്റക്ടീവ് നോവലുകൾ ഒക്കെ വായിച്ചു തല പുണ്ണാക്കിയിരുന്ന എന്റെ കുറ്റാന്വേഷണ ബുദ്ധി ഉണർന്നു. എന്തായിരിക്കും കാരണം?.. സ്ത്രീപീഡനം, പ്രണയ നൈരാശ്യം, പരീക്ഷയിൽ തോറ്റത്?. പക്ഷെ അതിൽ യൂത്തന്മാർക്ക് എന്താണ് റോൾ? എന്തിനാണ് അവന്മാർക്ക് ഇട്ടു വീക്കുന്നത്..ആകെ മൊത്തം കൺഫ്യൂഷൻ. 
  

കുറെ അടിയൊക്കെ കഴിഞ്ഞു രംഗം ശാന്തമായതിനുശേഷം ആണ് കാര്യം പിടികിട്ടിയത്. സൗത്ത് ആഫ്രിക്കയിലെ ജയിലിൽ നിന്ന്  നെൽസൺ മണ്ടേലയെ  വിട്ടയക്കണം എന്നാവശ്യപ്പെട്ടായിരുന്നു സമരം. 1985  കളിൽ നെൽസൺ മണ്ടേലയൊക്കെ  അന്ന് കേരളത്തിലെ വാർത്തകളിലും പത്രങ്ങളിലും സ്ഥാനം പിടിച്ചുവരുന്നതേ ഉള്ളൂ. അപ്പോഴാണ് ഈ സമരവും തല്ലും എന്നോർക്കണം.

എങ്കിലും എന്റെ മണ്ടേലേ, അങ്ങേക്കു വേണ്ടി തല്ലുകൊടുക്കുവാൻ ഇങ്ങു കൊച്ചു കേരളത്തിലും ചിലരൊക്കെ ഉണ്ടല്ലോ?.. പാവം യൂത്തന്മാർ അടി വരുന്ന ഓരോരോ വഴികളേ....


എസ്സൻസ്:
സാക്ഷാൽ ടി.പി ശ്രീനിവാസനെ വരെ ചെവിക്കുറ്റിയ്ക്ക് പൊട്ടിക്കുവാൻ ധൈര്യം കാണിച്ചവരാണ് ഞങ്ങൾ,  പിന്നല്ലേ ഈ എലിക്കുഞ്ഞുങ്ങൾ.. അല്ലെങ്കിൽ തന്നെ അമ്മായിക്ക് അടുപ്പിലും ആകാല്ലോ.. ലാൽസലാം.       
       

  

Wednesday, 22 March 2017

തബ്ബാക്ക്


തബ്ബാക്ക്






ജൂലൈ മാസത്തിലെ ഒരു വെള്ളിയാഴ്ച ദിവസം ഫിഷ് മാർക്കറ്റിൽ നിന്ന് മീൻ വാങ്ങി മടങ്ങുകയായിരുന്നു ഞാൻ. കടലോരപട്ടണം ആയതിനാൽ ഞാൻ താമസിക്കുന്ന ചെറുപട്ടണത്തിൽ ഏതുതരം മീനുകളും വലിയ വിലയില്ലാതെ കിട്ടും. വെള്ളിയാഴ്ചകളിലെ പ്രഭാതങ്ങളിൽ പൊതുവെ റോഡിൽ അത്ര തിരക്കുണ്ടാവില്ല, കൂടാതെ പുറത്തു നല്ല ചൂടും. ജൂലൈ-ആഗസ്റ്റ്  മാസങ്ങളിൽ ഗൾഫിൽ ചൂടിന്‍റെ ആധിക്യമാണ്. റൂമിന് പുറത്തിറങ്ങി ഒരു അഞ്ചുമിനിറ്റ് നിന്നാൽ വിയർത്തൊഴുകാൻ തുടങ്ങും. ക്ലോക്ക് റൌണ്ട് എബൌട്ട് കഴിഞ്ഞു വണ്ടി മുമ്പോട്ടു കുതിക്കുമ്പോഴാണ് ഞാൻ അയാളെ കണ്ടത്. വെയിലത്ത് തലയിൽ ഒരു തൂവാല ചൂടി അയാൾ മുമ്പോട്ടു ആഞ്ഞു നടക്കുന്നുണ്ട്. ഇടയ്ക്കിടയ്ക്കു പ്രതീക്ഷയോടെ റോഡിലെ വാഹനങ്ങളെ നോക്കും.  ആരെങ്കിലും കരുണകാട്ടി വാഹനം നിറുത്തിയാലോ എന്നാകും മനസ്സിൽ. നല്ല വെളുത്തു തടിച്ച ശരീരമുള്ള ഒരു മധ്യവയസ്കൻ. ഒരു സൈഡ് ചരിഞ്ഞു കാലുകൾ ഏന്തിയുള്ള നടപ്പ്. നടപ്പുകണ്ടാൽ കാലിൽ ആണിരോഗത്തിന്‍റെ അസ്‌കിത ഉണ്ടെന്നു തോന്നും. ഞങ്ങൾ മരുന്നുകച്ചവടക്കാർ ആരെ കണ്ടാലും അവരുടെ രോഗലക്ഷണങ്ങൾ ആകും ആദ്യം ശ്രദ്ധിക്കുക. അത് ഒരു ശീലമായിപ്പോയി. ഞാൻ സൈഡ് സിഗ്നൽ ഇട്ടു കാർ നിറുത്തി. അയാൾ ഏന്തിവലിഞ്ഞു ഓടിയെത്തി കാറിൽ കയറി.


ഗൾഫിൽ റോഡുസൈഡിൽ കാർ നിറുത്തി അന്യരെ കയറ്റിയാൽ ഫൈൻ കിട്ടാൻ സാധ്യതയുള്ളതു കൊണ്ട് ഞാൻ ചോദ്യങ്ങളൊന്നുമില്ലാതെ കാർ വേഗം മുമ്പോട്ടു എടുത്തു. ഞാൻ മലയാളി ആണെന്നു ഒറ്റനോട്ടത്തിൽ തോന്നിയതുകൊണ്ടാകും അയാൾ ഏതോ ഒരു ബന്ധുവിനെ കണ്ട ലാഘവത്തോടെ മുഖം നിറയെ ചിരിയുമായി കാർസീറ്റിൽ അമർന്നിരിപ്പായി, കൂടെ ഒരു അഭ്യർത്ഥനയും..
'' മോനെ എന്നെ വല്യപള്ളിയുടെ അടുത്തുള്ള തിരിവിൽ വിട്ടാൽ മതീട്ടോ.."
കാറിൽ അസുഖകരമായ ഒരു ഗന്ധം നിറഞ്ഞു. വിയർപ്പിന്‍റെയും പാചകശാലയിലെ എണ്ണയുടെയും കറികളുടെയും മനംമടുപ്പിക്കുന്ന ഗന്ധം. അപ്പോഴാണ് ഞാൻ അയാളെ സൂക്ഷിച്ചു നോക്കുന്നത്. വെളുത്ത പാന്റ്സിലും ഷർട്ടിലും കറികളുടെയും പാചകാവിഷ്ടങ്ങളുടെയും പാടുകൾ തെളിഞ്ഞു കാണാം. കണ്ടിട്ടു ഏതോ ഹോട്ടലിലെ പണിക്കാരൻ ആണെന്നു തോന്നുന്നു. ഒരു മലയാളിയുടെ സ്വതസിദ്ധമായ ജിജ്ഞാസയോടെ ഞാൻ അയാളോട് കാര്യങ്ങൾ തിരക്കി.
 " ന്‍റെ പേര് ഖാദർ. മുർഷിദ് റെസ്റ്റോറന്റിലെ തബ്ബാക്കാണ് മോനെ..''
അറബിയിൽ തബ്ബാക്ക് എന്നുവെച്ചാൽ കുക്ക്, ഹോട്ടലിലെ പാചകക്കാരൻ എന്നു സാരം. പേരും ജോലിയും അറിഞ്ഞാൽ ഏതു മലയാളിയും അടുത്തതായി ചോദിക്കുക നാടെവിടെയെന്നാകും, അതു മുൻകണ്ടിട്ടാകും അയാൾ ചോദിക്കാതെ പറഞ്ഞു
'' നാട്ടിലങ്ങു തെക്കാണ്..''
തെക്കന്നു കേട്ടതോടെ ഞാൻ ഉഷാറായി. ഗൾഫിൽ തെക്കന് തെക്കനെ കണ്ടാൽ നാട്ടിൽ നിന്നു പിരിഞ്ഞ ഏതോ ഒരു ബന്ധുവിനെ കണ്ട സന്തോഷമാണ്..ഫയങ്കര സന്തോഷം. നാട്ടിൽ  ഭാര്യയും  മൂന്ന് പെൺമക്കളും, മക്കളൊക്കെ പഠിയ്ക്കുന്നു, മൂത്തയാളിന്‍റെ നിക്കാഹ് ഉറപ്പിച്ചിരിക്കുന്നു. പയ്യനു വാട്ടർ അതോറിറ്റിയിൽ ആണ് പണി. അയാൾ നിറുത്താതെ വിശേഷങ്ങൾ പറഞ്ഞുകൊണ്ടിരുന്നു. കൂടെ ഞാൻ കൊല്ലത്തുകാരൻ ആണെന്നും ഹോസ്പിറ്റലിൽ ആണ് ജോലിയെന്നും അറിഞ്ഞതിൽ മൂപ്പർക്ക് പെരുത്ത സന്തോഷം. കാറിൽ നിന്ന് ഇറങ്ങാൻ നേരം കൈ അമർത്തിപ്പിടിച്ചു സലാം ചൊല്ലി അയാളുടെ കടയിൽ വരണമെന്നു ആവർത്തിച്ചു പറഞ്ഞു ഖാദറിക്ക പോയി. ഒരു പെരുമഴ പെയ്തൊഴിഞ്ഞ പ്രതീതി. കാർ മുമ്പോട്ടു നീങ്ങുന്നതിനിടയിൽ കൈവീശി യാത്ര പറഞ്ഞു അയാൾ പോയി. 


പൊതുവെ തെക്കരായ ഹോട്ടൽ പണിക്കാർ ഗൾഫിൽ കുറവാണ്. ഇവിടെ മലയാളി ഹോട്ടലുകൾ മിക്കവയും നടത്തുന്നത് നാദാപുരം തലശ്ശേരി ഭാഗക്കാരാണ്. ഖാദറിക്കയുടെ കൈപുണ്യം രുചിച്ചതോടെ  ഞാൻ ആ ഹോട്ടലിൽ ഇടയ്ക്കിടെ പോയിതുടങ്ങി. ഒരു ഇടത്തരം ഹോട്ടൽ. ഞാൻ താമസ്സിക്കുന്ന ചെറുപട്ടണത്തിലെ സനയ്യ (ഇൻഡസ്ട്രിയൽ ഏരിയ) ഭാഗത്താണ് ആ ഹോട്ടൽ. വടക്കൻ എമിറേറ്റ്സിൽ ഉള്ള ഈ പട്ടണത്തിലെ ഗവണ്മെന്റ് ഹോസ്പിറ്റലിൽ ആണ് എനിയ്ക്കു പണി. മരുന്നുകളുടെയും മറ്റു അനുബന്ധ സാധനങ്ങളുടെയും സ്റ്റോറിലെ എന്‍റെ ജോലി രാവിലെ 7 മണിയ്ക്ക് തുടങ്ങും. ഏഴുമണിക്ക് കാർഡ് പഞ്ചു ചെയ്തു ജോലിയ്ക്കു കയറിയില്ലെങ്കിൽ പണി പാളും. നേരം വെളുക്കുന്നതിനു മുമ്പ് പ്രഭാതഭക്ഷണമായി എന്തെങ്കിലുമൊന്നു കഴിച്ചെന്നു വരുത്തിയാകും ജോലിയ്‌ക്കെത്തുക. ഒരു 10 മണിയാകുമ്പോഴേക്കും വയറ്റിൽ വിശപ്പിന്‍റെ വിളി തുടങ്ങും. മെയിൻസ്റ്റോറിൽ നിന്നു മരുന്നുകൾ എത്തിക്കുവാനുള്ള ചുമതല ഉള്ളതിനാൽ എനിയ്ക്കു ജോലിയ്ക്കിടെ പുറത്തേക്കു പോകുവാനുള്ള അനുവാദം ഉണ്ട്. ആ പേരും പറഞ്ഞു ഞാൻ ഖാദറിക്കയുടെ ഹോട്ടലിലേക്ക് പ്രഭാതഭക്ഷണത്തിനായി ഒരു മുങ്ങുമുങ്ങും.



എന്നെ കണ്ടാലുടൻ ഖാദറിക്ക ഒരു വലിയ ചിരിയോടെ കിച്ചന്‍റെ വാതിൽ തുറന്ന് പുറത്തേക്കു വരും. നല്ല ചൂടുള്ള പൊറോട്ടയ്ക്കു ഒപ്പം വെജിറ്റബിൾ കുറുമയോ മീൻകറിയോ അയാൾ എനിയ്ക്കായി എടുത്തു കൊണ്ടുവരും. കൂടെ എനിയ്ക്കു മാത്രം സ്പെഷ്യലായി ഒരു ചെറിയ പാത്രം രസികൻ സാമ്പാറും. സാമ്പാറിന് പ്രത്യേക ചാർജ് ഒന്നും ഇല്ല. ഞാൻ കഴിക്കുന്നത് ഭിത്തിയിൽ ചാരിനിന്ന് നോക്കിക്കൊണ്ടു മൂപ്പർ നാട്ടുവിശേഷങ്ങളും മക്കളുടെ പഠിത്തകാര്യങ്ങളും മറ്റും നിറുത്താതെ പറഞ്ഞുകൊണ്ടിരിക്കും. കൂടെ രോഗങ്ങളെക്കുറിച്ചുള്ള സംശയങ്ങളും മരുന്നുസംബന്ധമായ സംശയങ്ങളും ഞാൻ തീർത്തുകൊടുക്കണം. 



ഖാദറിക്കയുടെ കൈപ്പുണ്യമറിഞ്ഞയാൾ പിന്നെ ആ രുചി മറക്കുകയില്ല. വെള്ളിയാഴ്ചകളിൽ ഉണ്ടാക്കുന്ന മീൻബിരിയാണിയാണ് മൂപ്പരുടെ മാസ്റ്റർ ഐറ്റം. വട്ടത്തിലുള്ള വലിയ ഒരു ചെമ്പു നിറയെ ബിരിയാണിച്ചോറും പരന്ന തട്ടത്തിൽ ഉള്ള ചെമ്പിൽ  മീൻ വറത്തു മസാലക്കൂട്ടോടെ ചേർത്തു വെച്ചിരിക്കും. ചെമ്പിൽ നിന്നു മീനും മസാലയും എടുത്തു മുകളിൽ ബിരിയാണിച്ചോർ ചേർത്തു ഞൊടിയിടയിൽ പ്ലേറ്റുകളിൽ നിറച്ചു മൂപ്പർ കിച്ചൻ ടേബിളിൽ നിരത്തിവെയ്ക്കും. ജുമാ നിസ്കാരം കഴിഞ്ഞു വിശന്നു വെപ്രാളം പിടിച്ചു വരുന്ന ആൾക്കാരുടെ മുമ്പിലേക്ക് ആ പ്ലേറ്റുകൾ എത്തുമ്പോൾ അവർ കാണിക്കുന്ന ആർത്തി കണ്ടാലറിയാം ഖാദറിക്കയുടെ പാചകത്തിന്‍റെ പെരുമ. അറബിയും മലയാളിയും ബംഗാളിയും പാകിസ്ഥാനിയുമെല്ലാം ആ രുചിയുടെ വൈശിഷ്ട്യത്തിൽ മൂക്കുകുത്തും.വെള്ളിയാഴ്ച ദിവസം ഹോട്ടലിൽ നല്ല തിരക്കാണ്. ഗൾഫിലെ കൊടുംഉഷ്ണത്തിൽ പൊരിയുന്ന കിച്ചണിലെ നരകച്ചൂടേറ്റു വിയർത്തൊലിക്കുന്ന ഖാദറിക്ക, നെറ്റിയിൽ കെട്ടിയിരിക്കുന്ന തൂവാല അഴിച്ചു ഇടയ്ക്കിടെ പിഴിഞ്ഞുകളയുന്നത് കാണാം. എണ്ണയിട്ട യന്ത്രം പോലെ മൂപ്പരുടെ കൈ എല്ലായിടവും എത്തണം. മുഖത്തെ വിയർപ്പ് അടുക്കളപ്പടിയിൽ തൂക്കിയിട്ടിരിക്കുന്ന ടവ്വൽ  കൊണ്ടു തുടച്ചു അയാളങ്ങനെ കിച്ചണിൽ ഓടിനടക്കും.



ഖാദറിക്ക റൂമിൽ നിന്നു പുലർച്ചെ നാലുമണിയ്ക്ക് എഴുന്നേറ്റു ഹോട്ടലിൽ എത്തി ബാങ്കുവിളിയ്ക്ക് മുമ്പ് ബ്രേക്ക്ഫാസ്റ്റിന്‍റെ പണികൾ തീർക്കും. പെറോട്ട അടിയ്ക്കാനായി ഒരു ബംഗാളിപ്പയ്യൻ ഉണ്ട്. ഉച്ചയ്ക്ക് ശേഷം മൂന്നുമണിയ്ക്ക് അവസാനിക്കുന്ന ആദ്യ ഷിഫ്റ്റ് തീരുമ്പോളാണ് ഒന്നു ശ്വാസം നേരെ വിടുക. ഹോട്ടലിന്‍റെ പുറത്തു വേപ്പുമരത്തിനു താഴെ ഇട്ടിരിക്കുന്ന ബെഞ്ചിൽ കിടന്നു അൽപ്പനേരം വിശ്രമിക്കും.  നാലുമണിയ്ക്കു ചായക്കടി ഉണ്ടാക്കാൻ ബംഗാളിയെ സഹായിക്കുന്ന പണി തുടങ്ങിയാൽ പിന്നെ രാത്രി 11 മണിയ്ക്കാവും ഒന്നിരിക്കുവാൻ സമയം ലഭിക്കുക. 1500 ദിറഹം ശമ്പളമാണ് തലശ്ശേരിക്കാരൻ കുഞ്ഞഹമദ് ഹാജി മൂപ്പർക്കു നൽകുക. റൂമിനും ടെലിഫോണിനും മറ്റു വട്ടചിലവുകളും കിഴിച്ചു ആയിരം ബാക്കി കിട്ടും. അത് മാസാദ്യം തന്നെ എക്സ്ചേഞ്ചിൽ   പോയി ഭാര്യയുടെ പേരിൽ അയച്ചുകഴിയുമ്പോഴാണ് മൂപ്പരുടെ ബേജാർ ഒന്നു കുറയുക.



ഞാൻ ഓരോ തവണ കാണുമ്പോഴും ഖാദറിക്ക നാട്ടിലെ മക്കളുടെ വിശേഷങ്ങളും അവരുടെ പഠിത്തകാര്യങ്ങളും എന്നോട് വിവരിച്ചു മൂപ്പർക്കുള്ള സംശയങ്ങൾ തീർക്കും. അയാളുടെ കണ്ണിൽ ഞാനൊക്കെ വല്യപഠിത്തം ഉള്ള ആളാണ്. കൂടാതെ മെഡിക്കൽ സംബന്ധമായ ജോലിയുള്ളവർ എല്ലാം ഡോക്റ്ററുമാരാണ് എന്നാണ് മൂപ്പരുടെ ധാരണ. അവരോട് ചോദിച്ചാൽ രോഗസംബന്ധമായ വിവരങ്ങളും മരുന്നും അറിയാം എന്നതുകൊണ്ട് ഹോട്ടലിൽ ചെന്നാൽ അയാളിൽ നിന്നും മറ്റുജോലിക്കാരിൽ നിന്നും വി.ഐ.പി പരിഗണന കിട്ടും. ഇടയ്‌ക്കോക്കെ എനിയ്ക്കും കുടുംബത്തിനും സ്പെഷ്യലായി ബിരിയാണിപൊതികളും പലഹാരങ്ങളും തന്നുവിടാൻ മൂപ്പർ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.



ഖാദറിക്ക ഒരു നിത്യരോഗിയാണ്. എപ്പോഴും കാണും അയാൾക്ക്‌ മുട്ടുവേദനയും തോളെല്ലിനു വേദനയും. വിശ്രമമില്ലാത്ത പണികൊണ്ടാണ് എന്നു പറഞ്ഞാൽ മൂപ്പർ ഒരു ചിരി ചിരിക്കും.. ഉള്ളുരുകുന്ന ഒരു ചിരി. വേദനാസംഹാരിയും പുറത്തുപുരട്ടുവാൻ ക്രീമും ഒക്കെ അയാൾ ഫാർമസിയിൽ നിന്നു വാങ്ങി തരംപോലെ ഉപയോഗിക്കും. സാമ്പിളായി കിട്ടുന്ന മരുന്നുകൾ ഞാനും ഇടയ്ക്ക് കൊടുക്കും. വേദനസംഹാരികൾ അധികം കഴിച്ചാൽ ശരീരത്തിന് ദോഷമാണ് എന്നു ഉപദേശിച്ചാൽ,
" വേറെ എന്താണ് ഒരു നിവർത്തി മോനെ? ഡോക്കിട്ടറെ ഒക്കെ കാണാൻ എനിക്ക്  എവിടാ നേരം? ''
എന്നാകും മറുചോദ്യം ഉന്നയിക്കുക. അങ്ങനെയിരിക്കെ ഒരു ദിവസം ഞാൻ കടയിൽ ചെന്നപ്പോൾ ഖാദറിക്ക, രാത്രിയിൽ ഉറങ്ങാൻ കഴിയുന്നില്ല, തലയ്ക്ക് പെരുപ്പും കൈകാലുകൾക്ക് മരവിപ്പും ആണെന്നു എന്നോട് പറഞ്ഞു. ഞാൻ ഡോക്ടറെ കാണാൻ നിർബന്ധിച്ച പ്രകാരം അയാൾ എന്‍റെ ഹോസ്പിറ്റലിൽ ഉള്ള ഒരു മലയാളി ഫിസിഷ്യനെ കണ്ടു. കൂടെ ഞാനും ഉണ്ടായിരുന്നു. ബ്ലഡ് പ്രഷറും ഷുഗറും ഒക്കെ കൂടുതൽ, കൊളസ്‌ട്രോൾ ആകട്ടെ മുന്നൂറിനു മേൽ. മരുന്നും ഭക്ഷണങ്ങളും ഒക്കെ ഡോക്ടർ നിർദേശിച്ചതനുസരിച്ചു കഴിക്കണമെന്നു പറഞ്ഞത് മൂപ്പർ ഒട്ടും ശ്രദ്ധിച്ചതായി തോന്നുന്നില്ല,  അല്ലെങ്കിൽ ശ്രദ്ധിക്കുവാൻ അയാളുടെ ജീവിതസാഹചര്യങ്ങൾ സമ്മതിച്ചില്ല എന്നതാകും സത്യം. അതിനിടെ വർഷങ്ങൾ പലതു കഴിഞ്ഞു പലതവണ ഖാദറിക്ക നാട്ടിൽ പോയി. മൂത്ത രണ്ടുമക്കളുടെ കല്യാണം കഴിഞ്ഞു. അതിനുള്ള പണമൊക്കെ ഖാദറിക്ക ഓടിനടന്നു കണ്ടെത്തി. അറിയാവുന്ന പലരും കൈയ്യയച്ചു സഹായിച്ചു. പിന്നെ അവരുടെ വീടുകാണൽ, പ്രസവം, കുഞ്ഞിനു പേരിടൽ, മരുമക്കളെ സഹായിക്കൽ തുടങ്ങി ഖാദറിക്കയ്‌ക്ക്‌ വഹിക്കാൻ കഴിയാത്ത നിലയിൽ ചിലവുകൾ വർദ്ധിച്ചു. ഇളയകുട്ടി പഠിയ്ക്കുവാൻ മിടുക്കിയായതിനാൽ മോളെ എം.എസ്സി വരെ പഠിപ്പിക്കുവാൻ കഴിഞ്ഞു. എന്‍റെ മക്കളാണ് എന്‍റെ ധനമെന്ന് മൂപ്പർ ഇടയ്ക്കിടെ വീമ്പുപറയും. ഇടയ്ക്കു വല്ലപ്പോഴുമൊക്കെ എന്നെ കാണുമ്പോൾ മുന്നൂറും അഞ്ഞൂറും ദിർഹമൊക്കെ കടം വാങ്ങുമെങ്കിലും മാസശമ്പളം കിട്ടുമ്പോൾ കൃത്യമായി തിരികെ തരും. അതിനിടയിൽ ഇളയകുട്ടി പഠിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ ഏതോ ഒരു ഗൾഫുകാരൻ കണ്ടു ഇഷ്ടപ്പെട്ടു അവളുടെ നിക്കാഹ് കഴിഞ്ഞു.



അങ്ങനെയിരിക്കെ ഒരു രാത്രി 8 മണികഴിഞ്ഞപ്പോൾ എനിയ്ക്കു ഖാദറിക്കയുടെ ഫോണിൽ നിന്നു ഒരു കോൾ വന്നു. ടെലിഫോൺ എടുത്തപ്പോൾ ഹോട്ടലിലെ ഒരു ജോലിക്കാരനാണ്. ഖാദറിക്ക ഹോസ്പിറ്റലിൽ ആണ് എന്നും അത്യാവശ്യമായി എന്നെ കാണണമെന്നു മൂപ്പർ പറഞ്ഞതായി വിവരം അറിയിച്ചു. ഹോസ്പിറ്റലിൽ എത്തിയപ്പോൾ ആണ് വിവരം അറിഞ്ഞത്. ബ്ലഡ്പ്രഷർ കൂടി ഖാദറിക്കയുടെ ഒരു വശം തളർന്നുപോയി എന്ന കാര്യം. എന്നെ കണ്ടപ്പോൾ ഖാദറിക്ക ദയനീയമായി ഒരു ചിരി ചിരിച്ചു, മുഖത്തിന്‍റെ ഒരു വശം കോടിയതു കൊണ്ട് വാക്കുകൾക്ക് പതറിച്ച ഉണ്ട്. ഡോക്ടർ എന്‍റെ പരിചയക്കാരനായതിനാൽ വിവരങ്ങളൊക്കെ തിരക്കി അറിയാൻ കഴിഞ്ഞു.ഖാദറിക്കയുടെ ശരീരത്തിന്‍റെ ഒരു ഭാഗം സ്ട്രോക്ക് വന്നു തളർന്നുപോയി,ഭാഗ്യത്തിനു ജീവൻ രക്ഷപെട്ടു. ഇനി പരസഹായം കൂടാതെ ജോലി ചെയ്തു ജീവിക്കുവാൻ സാധ്യമല്ലെന്നുമുള്ള കാര്യം ഡോക്ടർ എന്നോടു പറഞ്ഞു. ഈ കാര്യം സാവകാശം ഖാദറിക്കയെ അറിയിക്കുവാൻ ഡോക്ടർ എന്നെ ചുമതലപ്പെടുത്തി. ഏകദേശം രണ്ടാഴ്ചയ്ക്ക് ശേഷം ഹോസ്പിറ്റലിൽ നിന്നു ഖാദറിക്കയെ ഡിസ്ചാർജ് ചെയ്തു. നല്ലവനായ ഹോട്ടൽ മുതലാളി അതുവരെയുള്ള ആനുകൂല്യങ്ങളും ടിക്കറ്റും കൊടുത്തു ഖാദറിക്കയെ നാട്ടിൽ വിട്ടു. നാട്ടിൽ പോകുന്നതിന് തലേന്നു റൂമിൽ കാണാൻ ചെന്നു ഞാൻ. കൈയ്യിൽ നാട്ടിൽ മൂപ്പരുടെ കുട്ടികൾക്കു കൊടുക്കുവാനായി ചോക്ലേറ്റും ചില സാധനങ്ങളും കരുതിയിരുന്നു. ഏറെ നേരം ഞങ്ങൾ പഴയകാര്യങ്ങൾ ഒക്കെ പറഞ്ഞിരുന്നു. കെട്ടിപ്പിടിച്ചു പിരിയാൻ നേരം ഉള്ളിൽ ഒരു വിങ്ങൽ..നമുക്ക് പ്രിയപ്പെട്ട എന്തോ ഒന്നു നഷ്ടപ്പെടുന്നത് പോലെ ഒരു തോന്നൽ...എന്തുകൊണ്ടോ ഖാദറിക്ക നാട്ടിൽ എത്തിയശേഷമുള്ള വിവരങ്ങൾ പിന്നീട് അറിയാൻ കഴിഞ്ഞില്ല.



ഏകദേശം ഒരു കൊല്ലത്തിനുശേഷം ആണ് ഞാൻ പിന്നീട് നാട്ടിൽ പോയത്. തിരക്കുകൾ ഒക്കെ കഴിഞ്ഞതിന് ശേഷം എന്‍റെ ഒരു പരിചയക്കാരനെ കൂട്ടി ഞാൻ കൊല്ലത്തെ ഖാദറിക്കയുടെ വീട് തേടിപോയി. ടൗൺ വിട്ടു ഒരു ഉൾപ്രദേശത്താണ് ഖാദറിക്കയുടെ വീട്. വീട് കണ്ടുപിടിക്കുവാൻ ഏറെ ബുദ്ധിമുട്ടി. ഇടത്തരം ഒരു ഓടിട്ട പഴയ വീട്. ഞാൻ ചെന്നപ്പോൾ വീടിന്‍റെ ഉമ്മറത്ത് ആരെയും കാണാൻ കഴിഞ്ഞില്ല. ആരും ഇല്ലേ എന്ന ചോദ്യം കേട്ടിട്ടാകും അകത്തു നിന്ന് മധ്യവയസ്‌കയായ ഒരു സ്ത്രീ പുറത്തേക്കു വന്നു. ഖാദറിക്കയുടെ ഭാര്യ ആണെന്നു തോന്നുന്നു. ആരാ എന്ന ചോദ്യത്തിനു ഖാദറിക്കയെ കാണാൻ വന്നതാണെന്നും കൂടെ ഗൾഫിൽ ഉണ്ടായിരുന്ന ആളാണെന്നും ഞാൻ പറഞ്ഞു. എന്തുകൊണ്ടോ ആ സ്ത്രീയുടെ മുഖത്ത് വല്യ ഒരു താൽപര്യവും തെളിച്ചവും ഞാൻ കണ്ടില്ല. ആകെ ഒരു മുഷിപ്പ് പോലെ. അവർ ഖാദറിക്ക ഉൾമുറിയിൽ ഉണ്ടെന്നും ചെന്നു കണ്ടുകൊള്ളാനും പറഞ്ഞു. 



കൂടെയുള്ള ആളെ കൂട്ടി അകത്തെ മുറിയിലെത്തിയപ്പോൾ കണ്ട കാഴ്‌ച ഒരിക്കലും ഞാൻ മറക്കില്ല. ഒരു തടിക്കട്ടിലിൽ അനങ്ങാൻ കഴിയാതെ ജീവച്ഛവം പോലെ ഖാദറിക്ക… ആകെ മെലിഞ്ഞുണങ്ങിയിരിക്കുന്നു. മുറിയിൽ മൂത്രത്തിന്‍റെയും ആയുർവേദ മരുന്നിന്‍റെയും മനംമടുപ്പിക്കുന്ന ഗന്ധം. എന്നെ കണ്ടതും അയാൾ ഒരു വിളറിയ ചിരി ചിരിച്ചു.  
'' മോനെ നീ വന്നല്ലോ എന്നെ കാണാൻ..പെരുത്ത സന്തോഷം ഉണ്ടു കുട്ട്യേ.."
ഞാൻ തെല്ലുനേരം നിശബ്ദനായി ആ മുഖത്തേക്ക് നോക്കി. അൽപം പതറിച്ച ഉണ്ടെങ്കിലും വർത്തമാനം വ്യക്തം. ഞാൻ പതിയെ ആ കട്ടിലിന്‍റെ ഓരത്തിരുന്നു ഖാദറിക്കയുടെ കൈ എടുത്തു എന്‍റെ കൈകളോടു ചേർത്തുവെച്ചു. മുമ്പ് വെളുത്തുതുടുത്തിരുന്ന കൈകൾ ശോഷിച്ചു ഉണക്കചുള്ളികൾ പോലെയായിരിക്കുന്നു. ഉടുപ്പും മുണ്ടും ഒക്കെ മുഷിഞ്ഞു നാറുന്നു. പാവം ഖാദറിക്ക, ഒരു പുരുഷാർത്ഥം മുഴുവൻ  മക്കൾക്കും കുടുംബത്തിനും വേണ്ടി ഓടിയ ആ മനുഷ്യന്‍റെ അവസ്ഥ എന്നെ വല്ലാതെ നൊമ്പരപ്പെടുത്തി. അയാൾ എന്‍റെ മുഖത്തേക്ക് എന്തൊക്കയോ പറയാനെന്നവണ്ണം സൂക്ഷിച്ചുനോക്കി. പക്ഷെ ഒന്നും പറയാതെ തന്നെ എനിക്കു എല്ലാം മനസ്സിലായി.
'' മക്കളൊക്കെ വരാറില്ലേ?.. ''
ഞാൻ ഭംഗിവാക്കിനു ചോദിച്ചു.
" ഓ ആദ്യമൊക്കെ വന്നിരുന്നു. പിന്നീട് മാസങ്ങൾ കഴിഞ്ഞപ്പോൾ അവർ ഈ ഉപ്പാനെ മറന്നു... അവർക്കൊക്കെ വല്യ തിരക്കല്ലേ?.. ''
പിന്നീട് ഞാൻ അധികമൊന്നും ആ കാര്യത്തെക്കുറിച്ചു ചോദിച്ചില്ല, ചോദിച്ചാൽ ആ മനുഷ്യൻ വേദനിച്ചാലോ?..നിരർത്ഥകമായ വാക്കുകൾ കൊണ്ട് എനിക്കു അയാളെ ആശ്വസിപ്പിക്കാനാകില്ല.


എന്‍റെ സംസാരം ചികിത്സയെ കുറിച്ചായി.  കഷായം ഒക്കെ കഴിക്കുന്നുണ്ടന്നും ഇപ്പോൾ അൽപം ആശ്വാസമുണ്ടെന്നും ഖാദറിക്ക എന്നോടു ഭംഗിവാക്ക് പറഞ്ഞു. ഇറങ്ങാൻ നേരം യാത്ര ചോദിച്ചു കൈയ്യിൽ ഒരു ചെറിയ പൊതി തിരുകിയപ്പോൾ ഖാദറിക്ക പറഞ്ഞു.
"ഞാൻ ചണ്ടിയല്ലേ മോനെ, ആർക്കും വേണ്ടാത്ത ഗൾഫ് ചണ്ടി.."
ഞാനൊന്നും മറുപടി പറഞ്ഞില്ല. എന്തുപറയാൻ എല്ലാ ഗൾഫുകാരും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ചണ്ടി തന്നയല്ലേ?.. ചായക്കോപ്പയിലെ  തേയിലസഞ്ചി പോലെ  സത്തു പിഴിഞ്ഞൊഴിച്ചു  ഒടുവിൽ  പുറത്തേക്ക്  വലിച്ചെറിയപ്പെടാൻ  മാത്രം  വിധിക്കപ്പെട്ടവർ.  



തൊണ്ടക്കുഴിയിൽ നിന്നു അറിയാതെ ഉയർന്നുവന്ന ഗദ്ഗദം അടക്കി ഞാൻ ആ മുറിയിൽ നിന്നു പുറത്തിറങ്ങി. എവിടെയാണ് ഖാദറിക്കയ്‌ക്കു പിഴച്ചത്?  മക്കളെ മരുഭൂമിയിൽ കിടന്നു കഷ്ടപ്പെട്ടു പോറ്റിയതിലോ?  ഭാര്യയേയും കുടുംബത്തെയും നന്നായി നോക്കിയതിലോ?.. അറിയില്ല,  ഉത്തരം കിട്ടാത്ത ഒത്തിരി സമസ്യകൾ ഈ ലോകത്തു ഉണ്ടല്ലോ....