Tuesday, 26 July 2016

ബാലരമയും പൂമ്പാറ്റയും പിന്നെ എന്റെ ബാല്യകാല സ്മരണകളും



ബാലരമയും പൂമ്പാറ്റയും പിന്നെ എന്റെ ബാല്യകാല സ്മരണകളും




ഞാൻ അക്ഷരം പഠിച്ചത് ആശാൻ പള്ളിക്കൂടത്തിൽ ആയിരുന്നു. ആശാൻ പള്ളിക്കൂടം എന്നതിനേക്കാൾ ആശാട്ടി പള്ളിക്കൂടം എന്നു പറയുന്നതാകും ശരി. ഒരു ആശാട്ടി ആയിരുന്നു എന്നെ അക്ഷരം പഠിപ്പിച്ചത്. ഞാൻ അക്ഷരം പഠിച്ച കാലത്തു കൂണുപോലെയുള്ള കിന്റർഗാർഡനുകളും നേഴ്സറികളും കേരളത്തിൽ അവതരിച്ചിട്ടില്ല. ആശാൻ പള്ളിക്കൂടങ്ങളും ബാലവാടികളും മാത്രം. എഴുത്ത്‌ ഓലയിൽ നിന്ന് സ്ലേറ്റിലേക്ക് മാറികൊണ്ടിരുന്ന കാലം. നിലത്തു നല്ല പൂഴിമണൽ വിരിച്ചു അതിൽ വിരൽ കൊണ്ടുരച്ചു എഴുതി പഠിക്കും. എന്നെ പഠിപ്പിച്ച ആശാട്ടിയമ്മ ഒരു മനുഷ്യപ്പറ്റില്ലാത്ത, കുട്ടികളെ എങ്ങനെ കൈകാര്യം ചെയ്യണം എന്നു അറിയാത്ത  സ്ത്രീയായിരുന്നു. ചട്ടയും മുണ്ടും വേഷം. അവരുടെ മുഖത്തു വലിയ മറുകിൽ കറുത്ത രോമം വളർന്നു നിൽക്കുന്നതു ഇപ്പോഴും ഓർമ്മയുണ്ട്. കയ്യിൽ എപ്പോഴും ഒരു വടി കാണും. ഒരിക്കൽ പോലും അവർ ചിരിച്ചതായി എനിക്ക് ഓർമ്മയില്ല. ഇപ്പോഴും എന്റെ സ്വപ്നങ്ങളിൽ എപ്പോഴെങ്കിലും ഒക്കെ വന്നു എന്നെ പേടിപ്പിക്കാറുണ്ട് ആ ആശാട്ടി. തുടക്കം അ..ആ..ഇ..ഈ എന്ന നാടൻ മട്ടിൽ തന്നെ.  കൈ ബലമായി പിടിച്ചു മണ്ണിൽ ഉരച്ചു എഴുതിപ്പിക്കും.  കൈ വഴങ്ങാത്ത പ്രായത്തിൽ അതു എഴുതുക ദുഷ്കരം. തെറ്റിയാൽ ആശാട്ടി കൈയ്യിൽ മണൽ കൂട്ടി തുടയിൽ നുള്ളും. തെറ്റും തോറും തുടയിലെ പാടുകൾ കൂടും. കൂടുതൽ തെറ്റുമ്പോൾ കൈ വെള്ളയിൽ കിട്ടും ചുട്ടഅടി. ഞാൻ അക്ഷരങ്ങളെ വെറുത്തു, "ഘ" യും  "ഗ" യും "ഖ" യും ഒക്കെ പേടിസ്വപ്നങ്ങൾ ആയി മാറി. പിന്നീട് ആശാൻ പള്ളിക്കൂടം വിട്ടു സ്‌കൂളിൽ ചേർന്നപ്പോഴും ആ ഭീകര ഓർമ്മകൾ എന്നെ വേട്ടയാടികൊണ്ടിരുന്നു. ആ എന്നെ അക്ഷരങ്ങളുടെ ലോകത്തേക്ക് തിരികെ കൊണ്ടുപോയത് ബാലരമയും പൂമ്പാറ്റയും അമ്പിളി അമ്മാവനും ആയിരുന്നു.

സ്‌കൂളിൽ ചേർന്നെങ്കിലും അക്ഷരങ്ങളോട്  എനിക്കു താൽപര്യം കുറവായിരുന്നു.  വായിക്കുന്നതും  എഴുതുന്നതും  എന്തോ മഹാഅപരാധം. അക്ഷരങ്ങളെ വെറുത്തിരുന്ന അക്കാലത്ത്‌  എന്റെ കൂട്ടുകാരൻ വേണു  പൂമ്പാറ്റ വായിക്കുന്നത്  ഞാൻ കണ്ടു. മറ്റുള്ള കുട്ടികൾ  സാറ്റും പശുവും പുലിയും കഴുതപ്പെട്ടിയും കളിക്കുമ്പോൾ  അവൻ മാത്രം പുസ്തകങ്ങൾ  വായിച്ചു രസിക്കുന്നു. വായനയ്ക്ക്  അനുസരിച്ചു മുഖത്തെ ഭാവങ്ങൾ മാറും. കഥാ സന്ദർഭങ്ങൾക്ക് അനുസരിച്ചു പുഞ്ചിരിയും സങ്കടവും ചിലപ്പോൾ പൊട്ടിച്ചിരിയും മുഴങ്ങും. അതിന്റെ കാരണം എന്താണെന്ന് ചോദിച്ചാൽ  ഉത്തരം ഒരു ചെറുചിരിയിൽ  ഒതുക്കും. വേണമെങ്കിൽ നീ വായിച്ചു നോക്ക് എന്ന ഭാവം. എനിക്കാകട്ടെ അക്ഷരങ്ങൾ  കൂട്ടിവായിക്കുവാൻ  അത്ര ഇഷ്ടമല്ല. പൂമ്പാറ്റയോ മറ്റോ കിട്ടിയാൽ പടങ്ങൾ മറിച്ചു നോക്കി തൃപ്തിപ്പെടും. അമ്മ സ്‌കൂൾ ടീച്ചർ ആയതിനാൽ എപ്പോഴും തിരക്കുതന്നെ. വീട്ടിൽ വന്നാൽ സ്‌കൂളിൽ നിന്ന് കൊണ്ടുവരുന്ന കുട്ടികളുടെ കോമ്പോസിഷൻ  ബുക്ക്  കറക്ട് ചെയ്യണം, ടെസ്റ്റുപേപ്പറുകളുടെ  ഉത്തരങ്ങൾ നോക്കി മാർക്കിടണം  അങ്ങനെ നൂറുകൂട്ടം പണികൾ . അതിനിടെ ഞാൻ പൂമ്പാറ്റയുമായി ചെന്നാൽ വഴക്കുകിട്ടും . അതിനേക്കാൾ ഭേദം കൊത്തിക്കൊറിച്ചു വായിക്കുകയാണ് . അങ്ങനെ ഞാൻ മെല്ലെ  അക്ഷരങ്ങൾ കൂട്ടിവായിക്കാൻ തീരുമാനിച്ചു . പതുക്കെ പതുക്കെ അക്ഷരങ്ങൾ  എന്റെ  വഴിക്കായി. ഞാൻ ബാലരമയുടെയും പൂമ്പാറ്റയുടെയും ലോകത്തായി.

എന്റെ ചെറുപ്പത്തിൽ ബാലരമയും പൂമ്പാറ്റയും അമ്പിളി അമ്മാവനും ലാലുലീലയും മാത്രമേ കുട്ടികളുടെ പ്രസിദ്ധികരണങ്ങൾ ആയി എല്ലാ ഇടങ്ങളിലും കിട്ടുകയുള്ളൂ എന്നാണ്  ഓർമ്മ.  അമ്പിളി അമ്മാവനെ കുറിച്ചാണ് ഏറ്റവും മനോഹരങ്ങളായ ഓർമ്മചിത്രങ്ങൾ. വർണ്ണക്കടലാസിൽ  ഉള്ള സചിത്ര പുറംചട്ട. അകത്തു നല്ല ചിത്രങ്ങളും കഥകളും . കഥകൾ പുരാണത്തിൽ നിന്നോ അല്ലെങ്കിൽ പഴയ രാജാക്കൻമാരുടെയോ അതും അല്ലെങ്കിൽ ഗുണപാഠകഥകളോ  ആയിരിക്കും. അവസാനതാളുകളിൽ വിക്രമാദിത്യനും വേതാളവും. കൂടെ  ഒരു പേജ്  നിറഞ്ഞുനിൽക്കുന്ന വിക്രമാദിത്യന്റെയും  വേതാളത്തിന്റെയും  ചിത്രം. വിക്രമാദിത്യന്റെ  തോളിൽ  കിടന്നു കഥ പറയുന്ന വേതാളം. കഥയ്ക്കു അവസാനം ചോദിക്കുന്ന കുടുക്കു ചോദ്യത്തിന് ഉത്തരം  പറയണം. ശരിയായ  ഉത്തരം പറഞ്ഞാൽ വേതാളം  തിരികെ മരത്തിൽ പോയി തൂങ്ങികിടക്കും. ഉത്തരം അറിഞ്ഞിട്ടു പറഞ്ഞില്ലെങ്കിൽ  വിക്രമാദിത്യരാജാവിന്റെ  തല ആയിരം ഖണ്ഡങ്ങൾ  ആയി പൊട്ടിത്തെറിക്കും.  എപ്പോൾ  ഉത്തരം  അറിയാതെ ഇരിക്കുന്നുവോ  അപ്പോൾ വേതാളം  വിക്രമാദിത്യന്റെ  കൂടെ  വരാൻ  തയ്യാർ. എത്ര  രസമായിരുന്നു  ആ  കഥകൾ. അമ്പിളി അമ്മാവനിലെ  കഥകൾക്ക്  മിക്കവാറും  ഒരേ  ശൈലി  ആയിരിക്കും. പണ്ട് പണ്ട് മഥുരാപുരി  എന്ന രാജ്യത്തിൽ വിഭാണ്ഡകൻ  എന്ന ഒരു ബ്രാഹ്മണൻ ഉണ്ടായിരുന്നു. അയാൾക്ക്‌ സുന്ദരിയായ  ഒരു  മകൾ ഉണ്ടായിരുന്നു . അളകനന്ദ എന്നു പേരുള്ള അവൾ  അതിബുദ്ധിമതിയായിരുന്നു ...  ഇങ്ങനെ പോകും  കഥയുടെ  ഒഴുക്ക്. കൂടെ നല്ല  ചിത്രങ്ങൾ, വായിക്കാനും നല്ല രസം . മിക്കവാറും  എല്ലാ കഥകളും എന്തെങ്കിലും ഗുണപാഠം നൽകുന്നതായിരിക്കും.



അമ്പിളി അമ്മാവൻ  വാങ്ങാൻ വീട്ടിൽ ഞങ്ങൾ കുട്ടികൾ എപ്പോഴും വാശി പിടിക്കും. അപ്പനോ അമ്മയോ ടൗണിൽ  പോയി  വരുമ്പോൾ  എന്ത്  വാങ്ങിക്കൊണ്ടു വരണം  എന്നുള്ള ചോദ്യത്തിന്  മിക്കപ്പോഴും അമ്പിളി അമ്മാവൻ മാസിക എന്നാകും മറുപടി. പലഹാരങ്ങളേക്കാൾ ഞങ്ങൾ കുട്ടികൾ പൂമ്പാറ്റയേയും അമ്പിളി അമ്മാവനേയും ഒക്കെ സ്നേഹിച്ചിരുന്നു. തിരികെ  അവർ  വരുന്നതുകാത്ത്  വഴി കണ്ണുകളുമായി പടിക്കൽ  നിൽക്കും. അപ്പൻ തിരികെ വന്നാൽ സാധനങ്ങൾ  വാങ്ങി കൊണ്ടുവരുന്ന സഞ്ചി മുഴുവൻ  തപ്പി അമ്പിളി അമ്മാവൻ കൈക്കലാക്കാൻ ഞങ്ങൾ കുട്ടികൾ തമ്മിൽ മത്സരമാണ്. മിക്കപ്പോഴും ഞങ്ങളെ പറ്റിക്കുവാൻ  വീട്ടിൽ  എത്തുന്നതിന് മുമ്പ്  അപ്പൻ മാസിക  എടുത്തു കുടക്കുള്ളിലോ മറ്റോ  ഒളിപ്പിക്കും. പിന്നീട് ഞങ്ങളുടെ സങ്കടം  കണ്ടു  മാസിക എടുത്തു തരും. ഇപ്പോൾ  അതൊക്കെ  ഓർമ്മിക്കാൻ  എന്ത് രസം.

അക്കാലത്ത്  കുട്ടികൾക്ക്  വളരെ പ്രിയം ഉള്ള  മറ്റൊരു പ്രസിദ്ധികരണമായിരുന്നു  പൂമ്പാറ്റ. പൈ  പബ്ലിക്കേഷൻസ്    ഇറക്കിയിരുന്ന  പൂമ്പാറ്റയുടെ പ്രസാധകൻ  കുട്ടികളുടെ  പ്രിയങ്കരനായ  അനന്തപൈ  ആയിരുന്നു. അതിലെ  കഥകളും  കാർട്ടൂണുകളും  ബഹുകേമം. ആഗ്രഹിക്കുന്നതിന്   അനുസരിച്ചു  വാലുനീണ്ടു വരുന്ന കുട്ടിക്കുരങ്ങൻ കപീഷിനെയും  കൗശലകാരനായ  സിഗാൾ  എന്ന കുറുക്കനേയും  വെറും പൊട്ടനായ  പീലുകടുവയേയും എങ്ങനെ മറക്കാൻ.. ദൊപ്പയ്യ  എന്ന വേട്ടക്കാരന്റെ  കൈയ്യിൽ നിന്നും കാട്ടിലെ മൃഗങ്ങളെ രക്ഷിക്കുന്ന കപീഷ് . മൂപ്പർക്ക്  ധാരാളം കൂട്ടുകാർ മോട്ടുമുയൽ, പിന്റു മാൻ , ബബൂച്ച  എന്ന കരടി , പഞ്ചാ എന്ന പരുന്ത് , ബന്ദില എന്ന ആന എന്തു രസമായിരുന്നു അതൊക്കെ വായിക്കാൻ. കപീഷ്  എന്ന കുട്ടികുരങ്ങനെ എല്ലാവർക്കും ഇഷ്ടമാണെങ്കിലും സ്കൂളിൽ  ആരെയെങ്കിലും  കപീഷ്  എന്നു  വിളിച്ചാൽ  ഇടി ഉറപ്പായിരുന്നു  എന്നത് പരമസത്യം. അന്നൊക്കെ   ഈ മാസികകളുടെ  നടുക്കത്തെ പേജിൽ  ഉള്ള  നെയിം സ്ലിപ്പുകൾ  വെട്ടി  സ്കൂൾ  നോട്ടുബുക്കിന്റെ പുറത്തു ഒട്ടിക്കുവാൻ  എന്തു കൗതുകം  ആയിരുന്നു. കലുലൂ എന്ന കൗശലക്കാരനായ മുയൽ , ശുപ്പാണ്ടി , പപ്പൂസ് , ഇൻസ്‌പെക്ടർ  ഗരുഡ് , ഡിക്ടറ്റീവ്  വിക്രം , ഹവിൽദാർ  ബൽബീർ  ഇവരൊക്കെ  തകർത്താടിയ  പൂമ്പാറ്റയെ എങ്ങനെ മറക്കാൻ . പൂമ്പാറ്റയിലെ  മറ്റൊരു ആകർഷണം ആയിരുന്നു വിക്കി എന്ന അന്യഗ്രഹ ജീവി, അന്നൊക്കെ  വിക്കി എന്നു കേട്ടാൽ  വിക്കിപീഡിയയെ അല്ല ഓർമ്മ വരിക മറിച്ചു  വിക്കി  എന്ന തവളയുടെ രൂപമുള്ള  ഈ  ഇരട്ടകൊമ്പൻ ജീവിയെ ആയിരുന്നു . പൂമ്പാറ്റ പ്രസിദ്ധികരണം  നിറുത്തിയപ്പോൾ അവരിൽ  ചിലരൊക്കെ ബാലരമയിലേക്ക് കുടിയേറി.




പൂമ്പാറ്റയും ബാലരമയും ലാലുലീലയുമൊക്കെ  വാങ്ങിക്കാൻ  അന്ന് ഞങ്ങൾ കുട്ടികൾ  എന്തെങ്കിലും  ഒക്കെ  മാർഗ്ഗങ്ങൾ  കണ്ടെത്തിയിരുന്നു. മിക്കവാറും മാസത്തിൽ ഒരു ഞായറാഴ്ച്ച  എന്റെ  വല്യപ്പച്ചൻ ഞങ്ങൾ കൊച്ചുമക്കളെ  കാണാൻ  വീട്ടിൽ  വരുമായിരുന്നു.  ഞായറാഴ്ച്ച രാവിലെ  വീട്ടിൽ  എത്തുന്ന വല്യപ്പച്ചൻ പള്ളി കൂടി  ഉച്ചയ്ക്ക്  ഭക്ഷണം  ഒക്കെ കഴിച്ചു  അല്പം  വിശ്രമിച്ചു  പോകാൻ തുടങ്ങുമ്പോൾ ഞങ്ങൾ കുട്ടികളെ  അരികിൽ വിളിക്കും . തലയിൽ  ഒന്നു  തലോടി  നല്ലോണം പഠിക്കണം  എന്നു  ഉപദേശിച്ചു  വല്യപ്പച്ചൻ അരെയ്ക്കു  കെട്ടിയിരിക്കുന്ന തുകൽ ബെൽറ്റിൽ തിരുകി വെച്ചിരിക്കുന്ന തടിയൻ പേഴ്‌സ് തുറന്നു പുത്തൻ മണം മാറാത്ത  ഒരു  നോട്ട് എടുത്തു എനിക്കും പെങ്ങൾക്കും തരും. ഞങ്ങൾ  ആ നിമിഷത്തിനായി കാത്തിരിക്കുകയായിരിക്കും .  1970 കളിൽ ഒരു രൂപ നോട്ടായിരുന്നു തരിക. പിന്നീട്  വർഷങ്ങൾ  പോകുന്നത്  അനുസരിച്ചു അതു രണ്ടും അഞ്ചും പത്തുമൊക്കെയായി മാറി. ഞങ്ങൾക്ക് കിട്ടിയ  ഈ  പണത്തിൽ  കണ്ണുവയ്ക്കുന്ന അമ്മ, അത്   ചോദിച്ചാലും കൊടുക്കാതെ  ടൗണിൽ  പോകുമ്പോൾ  ബാലരമയോ  പൂമ്പാറ്റയോ  വാങ്ങും ഞങ്ങൾ.
അന്നൊക്കെ ബസ് സ്റ്റാന്റുകളിലും  റയിൽവേ സ്റ്റേഷനുകളിലും  വാരികകളും കുട്ടികളുടെ പ്രസിദ്ധികരണങ്ങളും കൊണ്ടു നടന്നു വിൽപന നടത്തുന്ന ധാരാളം കച്ചവടക്കാർ ഉണ്ടായിരുന്നു . ഇപ്പോഴാകട്ടെ  അവരെ തീരെ കാണാനില്ല . വാരികകളും  മറ്റും കടകളിൽ അല്ലാതെ  ലഭിക്കുക പ്രയാസം. വായനക്കാരായ  കുട്ടികളും മുതിന്നവരും  വളരെ ചുരുക്കം . ബാലരമയും പൂമ്പാറ്റയും  ഒക്കെ വാങ്ങുവാൻ അന്നത്തെ കുട്ടികൾ  എന്തെങ്കിലുമൊക്കെ  വഴി കണ്ടെത്തിയിരുന്നു. അന്ന്  സുലഭമായി ഗ്രാമവഴികളിൽ  പറങ്കിമാവ്  ഉണ്ടായിരുന്നു. പറങ്കിയണ്ടി        (കശുവണ്ടി) പെറുക്കിവിറ്റും റബ്ബർ കുരുവിന്റെ സീസൺ ആയാൽ കുരു  ശേഖരിച്ചു  വിറ്റും  അവർ അതിനുള്ള പണം കണ്ടെത്തിയിരുന്നു.

ബാലരമയുടെ  വിശേഷങ്ങൾ  എന്റെ ഓർമ്മകളിൽ  ധാരാളം  ഉണ്ട് . 1970 കളിൽ ബാലരമയുടെ  കെട്ടും മട്ടും വ്യത്യസ്തമായിരുന്നു . കുറെക്കൂടി    ഗൗരവമുള്ള   ഉള്ളടക്കം . ചിത്രകഥകൾ കുറവ് . ധാരാളം കഥകളും കവിതകളും വിജ്ഞാനപ്രദമായ അറിവുകളും ഉൾപ്പെടുത്തിയായിരുന്നു  അന്ന് ബാലരമ  പുറത്തിറക്കിയിരുന്നത്. 1980 കളിൽ   ബാലരമയുടെ കെട്ടും മട്ടും  മാറി . മായാവി  ചിത്രകഥയുടെ  വരവോടെ  ബാലരമ  ആകെ  മാറി. ഞങ്ങൾ  കുട്ടികൾക്ക് മായാവിയുടെ  അവതരണം  ഒരു അതിശയം  ആയിരുന്നു . അന്നുവരെ കാണാത്ത കഥാപാത്രങ്ങൾ . മായാവി, രാജുവും  രാധയും, ലുട്ടാപ്പി,  കുട്ടൂസൻ മന്ത്രവാദി, ഡാകിനി അമ്മൂമ്മ, ലുട്ടാപ്പിയുടെ അമ്മാവൻ പുട്ടാലു, കള്ളന്മാരായ വിക്രമനും മുത്തുവും, തരികിട ശാസ്ത്രജ്ഞരായ  ഗുലുമാലും ലൊട്ടുലൊടുക്കും  ആകെ  പൊടിപൂരം. രാജുവിനെയും രാധയേയും  അപകടങ്ങളിൽ  നിന്നു  രക്ഷിക്കാൻ വേണ്ടി  അവതരിച്ച  നല്ല കുട്ടിച്ചാത്തൻ മായാവി . അവരെ കുടുക്കാനും മായാവിയെ കുപ്പിയിൽ അടയ്ക്കാനും തക്കംപാർത്തു  നടക്കുന്ന കുട്ടുസൻ  മന്ത്രവാദിയും ഡാകിനി അമ്മൂമ്മയും, അവർക്കു കൂട്ടായി ലുട്ടാപ്പി  എന്ന കുട്ടിച്ചാത്തൻ . ലുട്ടാപ്പിയുടെ  വാഹനമായ  കുന്തത്തിൽ  കയറി  പറക്കുന്ന ലുട്ടാപ്പിയും കുട്ടുസനും ഡാകിനി അമ്മൂമ്മയും . ആഹാ  എന്തൊരു രസമായിരുന്നു അതൊക്കെ  വായിക്കാൻ. ലുട്ടാപ്പിയുടെ അമ്മാവൻ  മഹാവേന്ദ്രൻ ആണെങ്കിലും എപ്പോഴും ഉറക്കം തന്നെ. ബാങ്കു കവർച്ചക്കാരായ വിക്രമനും മുത്തുവും അവരുടെ തന്ത്രങ്ങളെ മായാവിയുടെ സഹായത്താൽ പരാജയപ്പെടുത്തുന്ന രാജുവും രാധയും. നന്മയും തിന്മയും തമ്മിലുള്ള  പോരാട്ടത്തിൽ  അന്തിമവിജയം  നന്മയ്ക്കു തന്നെ  എന്നു കുട്ടികളെ പഠിപ്പിക്കുവാൻ  ഈ കാർട്ടൂൺ കഥാപാത്രങ്ങൾ  വിജയിച്ചു  എന്നു പറയുന്നതാവും  ശരി. ഈയിടെ  ബാലരമ മായാവിയുടെ മുപ്പതാം വാർഷിക പതിപ്പ്  ഇറക്കിയിരുന്നു.  ഏതായാലും  വീട്ടിലും  സ്‌കൂളിലും  ഈ പേരുകൾ  അവരുമായി സാമ്യസ്വഭാവം  ഉള്ളവർക്ക്  ഇടം പേരുകൾ  ആയി മാറാൻ അധികകാലം വേണ്ടി വന്നില്ല. ക്ലാസിലെ ഏറ്റവും വികൃതിയായ കുട്ടി ലുട്ടാപ്പിയും  ചൂരൽ  വടിയുമായി  റോന്തുചുറ്റുന്ന  ഹെഡ്മാസ്റ്റർ  കുട്ടൂസനും തെറ്റിയ  ഉത്തരങ്ങൾ  നൂറു തവണ  ഇമ്പോസിഷൻ  നൽകുന്ന ടീച്ചർ  ഡാകിനി അമ്മൂമ്മയും  ആയി  മാറിയത്  സ്വാഭാവികം.  ആളൊരു പേടിത്തൊണ്ടൻ  ആണേലും  എനിക്കിഷ്ടം  രസികൻ  ലുട്ടാപ്പിയെ  ആയിരുന്നു.



അന്നു  എനിക്കു  ഒരു  ഹോം ലൈബ്രറി  എന്നു  വിശേഷിപ്പിയ്ക്കാവുന്ന  ബാലകഥാപുസ്തകങ്ങളുടെ  ശേഖരം  ഉണ്ട് . ഒരു  ചെറിയ  കാർഡ് ബോർഡ്  പെട്ടി  അത്രേയുള്ളു , അതു എന്റെ  കട്ടിലിന്റെ കീഴെ  ഭദ്രമായി വെച്ചിരിക്കും . അതിൽ  പഴയ പൂമ്പാറ്റയും  ബാലരമയും  കോമിക്കുകളും അടുക്കി വെച്ചിരിക്കും . ബാർട്ടർ സിസ്റ്റം  എങ്ങനെ ഫലപ്രദമായി  നടപ്പിലാക്കാം  എന്നു  ഞങ്ങളെ  പഠിപ്പിച്ചത്  ഇത്തരം പുസ്തക ശേഖരണങ്ങൾ തന്നെ . നിന്റെ ബാലരമയ്ക്കു  പകരം  എന്റെ ഇന്ദ്രജാൽ കോമിക്ക് . ആർക്കൊക്കെ കൊടുത്തു  എന്നു  ഒരു തുണ്ടു പേപ്പറിൽ  എഴുതി  വെയ്ക്കും. വായിച്ചു  ബുക്ക്  തിരികെ  കൊടുക്കും  വരെ  ഉറക്കം  വരില്ല.  


ടോംസിന്റെ  ബോബനും മോളിയും  വായിക്കാത്ത  ഏതെങ്കിലും  ഒരു  മലയാളി  ഭൂമി മലയാളത്തിൽ  ഉണ്ടോ എന്നതു സംശയം .  ഓർത്തിരിക്കാൻ  എത്ര  രസമുള്ള  കഥാപാത്രങ്ങൾ . കുസൃതികുരുന്നുകളായ  ബോബനും മോളിയും , അവരുടെ കൂട്ടായ പട്ടി , കേസില്ലാ വക്കീലായ  അപ്പൻ , അമ്മ മേരിക്കുട്ടി , പഞ്ചായത്ത്‌  പ്രസിഡണ്ട്  ഇട്ടുണ്ണൻ , ഇട്ടുണ്ണന്റെ  ഭീകരരൂപിയായ ഭാര്യ ചേടത്തി , വേലയും കൂലിയും ഇല്ലാത്ത പഞ്ചാരകുട്ടൻ അപ്പിഹിപ്പി ,കൂട്ടായി  ഒരു  ഗിത്താർ, ആശാൻ., ഉപ്പായി മാപ്ല , മൊട്ട   അങ്ങനെ  എത്രയെത്ര രസികൻ  കഥാപാത്രങ്ങൾ. അന്നത്തെ   ഏതു  പഞ്ചായത്തുകളുമായും  ഒത്തു പോകും  ഈ  കഥകൾ  നടക്കുന്ന കിഴുക്കാം തൂക്ക്  പഞ്ചായത്ത്.  മനോരമയിൽ നിന്നു പിണങ്ങി ടോംസ് സ്വന്തമായി  ബോബനും മോളിയും  കാർട്ടൂൺ പുസ്തകമായി പ്രസിദ്ധികരിച്ച കാലമാണ്  മലയാളത്തിലെ ബാലപ്രസിദ്ധികരണങ്ങളുടെ സുവർണ്ണകാലം . ബോബനും മോളിക്കും കൂട്ടായി ഉണ്ണിക്കുട്ടൻ  എന്ന കുറുമ്പുകാരനെക്കൂടി  സൃഷ്ടിച്ചു ടോംസ് . ഇന്ന്  ഉണ്ണിക്കുട്ടൻ  വളർന്ന്  ടിന്റുമോൻ  ആയി മാറിയോ  എന്ന ചിന്ന സംശയം  ബാക്കി.

കുട്ടികളുടെ  മനസ്സിൽ  സ്ഥാനം  പിടിച്ച  അനേകം  രസകരമായ  കാർട്ടൂണുകൾ  ഇനിയും  ബാക്കി . അതിൽ ഒന്നാണ്  ജമ്പനും തുമ്പനും . രസികനും തടിയനുമായ  ഡിറ്റക്റ്റീവ്  ജമ്പൻ . അവന്  കൂട്ടായി ,  ഉറങ്ങണം  അല്ലെങ്കിൽ  ഭക്ഷണം കഴിക്കണം  എന്ന  ചിന്ത മാത്രമുള്ള തുമ്പൻ  എന്ന നായ . അവരുടെ  സഹായം  എപ്പോഴും തേടുന്ന ഇൻസ്പെക്ടർ  ചെന്നിനായകംസൂത്രൻ എന്ന കുറുക്കനും കൂട്ടുകാരനായ ഷേരു എന്ന കടുവയും  ഒപ്പിക്കുന്ന  പുകിലുകൾ  ഉള്ള  സൂത്രൻ കാർട്ടൂൺ  വേറൊന്ന് . പപ്പൂസ്  എന്ന മൊട്ടത്തലയൻ കുട്ടി . ശുപ്പാണ്ടി എന്ന മണ്ടൻ ചെറുപ്പക്കാരൻ . എപ്പോഴും അബദ്ധത്തിൽ  ചെന്നു ചാടി  അവിടെ ഭാഗ്യം കൊണ്ടു  വിജയിക്കുന്ന ശിക്കാരി ശംഭു, കാർട്ടൂണിസ്ററ്  വേണു സൃഷ്ടിച്ച  മൃഗാധിപത്യം  വന്നാൽ , ചലോ  ചപ്പൽസ്  ഇവയൊക്കെ  ഓർക്കുമ്പോൾ  തന്നെ  ചിരി വരുന്നു







കൂട്ടത്തിൽ 1980 -90 കളിൽ കുട്ടികളെ   ആകർഷിച്ച മറ്റൊരു കഥാപാത്രം  ആയിരുന്നു  ബാലമംഗളത്തിലെ  ഡിങ്കൻ . പങ്കിലകാട്ടിൽ  നിന്നു  അച്ഛനോടും  അമ്മയോടും  പിണങ്ങി  നാടുവിട്ട കുഞ്ഞൻ എലി . അന്യഗ്രഹ ജീവികളുടെ  പിടിയിൽ  പെട്ടു  ശക്തിമാനായി  മാറുന്നു .. ഡിങ്കൻ ശക്തിമാൻ . അപകടത്തിൽ പെടുന്ന കുട്ടികളെ  രക്ഷിക്കാൻ  പറന്നെത്തുന്ന ഡിങ്കൻ . ബാലമംഗളം  പ്രസിദ്ധികരണം നിറുത്തി  എങ്കിലും  കുട്ടികളുടെ  മനസ്സിൽ  ആഴത്തിൽ  വേരോടിയ അത്ഭുത കഥാപാത്രം . കുട്ടികൾ മുതിർന്നപ്പോൾ  ഡിങ്കമതം  ഉണ്ടാക്കി  ഡിങ്കനെ  ആരാധിക്കുന്ന നിലവരെ  എത്തി  അവരുടെ  ഡിങ്കനോടുള്ള  വീരാരാധന.


അമർ ചിത്രകഥകളേയും   പൈക്കോ ക്ലാസ്സിക്കുകളേയും  എങ്ങനെ  വിട്ടുകളയും .അനന്തപൈ  പുറത്തിറക്കിയിരുന്ന  അമർ ചിത്രകഥകൾ  പുരാണകഥാപാത്രങ്ങളെ  കുട്ടികൾക്ക്   പരിചയപ്പെടുത്തുന്നതിൽ   വിജയിച്ചു.  അമർ ചിത്രകഥകൾ  വായിക്കുവാൻ  കാത്തുനിന്നിരുന്ന  ഒരു ബാല്യം  ആയിരുന്നു  അന്നത്തേത്.  കർണ്ണൻ , ദ്രോണർ , ഭീമൻ ,കണ്ണകി ശകുന്തള  തുടങ്ങി  എത്രയെത്ര  പുരാണകഥാപാത്രങ്ങൾ.  പൈക്കോ ക്ലാസ്സിക്കുകൾ  ആകട്ടെ  ലോക ക്ലാസ്സിക്ക് കഥകൾ  ചിത്രകഥാരൂപത്തിൽ. പൈക്കോക്ലാസ്സിക്ക് കഥകളിൽ  ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുള , നോത്ര ദാമിലെ കൂനന്‍, റോബിൻസൺ ക്രൂസോ  തുടങ്ങിയ  ലോകകഥാ ഇതിഹാസങ്ങൾ.  വീഡിയോഗെയിമുമായി  യുദ്ധത്തിനിരിക്കുന്ന  ഇന്നത്തെ  തലമുറയ്ക്ക്  അന്യമായത്  എത്ര വലിയ കഥാനിധികൾ.


എന്റെ  വായനാശീലത്തെ  ഗൗരവമുള്ള  ഒരു  തലത്തിലേക്ക്  കൊണ്ടുപോയ  ബാലപ്രസിദ്ധികരണം   ആണ്  തളിര്  മാഗസിൻ. സുഗതകുമാരി  ടീച്ചറുടെ  നേതൃത്വത്തിൽ  ജവഹർ  ബാലഭവൻ  പ്രസിദ്ധികരിച്ചിരുന്ന  തളിര്  മാഗസിൻ അന്ന് സ്കൂളുകൾക്ക്  സൗജന്യമായി  ലഭിച്ചിരുന്നു. ഞാൻ പ്രൈമറി സ്കൂളിൽ  പഠിക്കുമ്പോൾ  ഹെഡ്മാസ്റ്റർ  ഭാസ്കരൻ  സാർ  അവധി ദിവസങ്ങളിൽ  ശമ്പളം  വന്നാൽ  അടുത്തുള്ള  സാറുമ്മാരുടെ  വീട്ടിൽ  വിവരം  അറിയിക്കുവാൻ  എന്നെ  വിളിക്കും .അമ്മ  ആ  സ്കൂളിലെ  ടീച്ചർ  ആയതിനാലും  വീട്  സ്കൂളിന്റെ  അടുത്ത്  ആയതിനാലും  കിട്ടിയ ഭാഗ്യമായിരുന്നു  അത്. സാറിന്റെ  വിളി  കേൾക്കുമ്പോൾ  തന്നെ  ഞാൻ  ശരവേഗത്തിൽ  ഓട്ടം തുടങ്ങും. കൂട്ടിനായി  കമ്പിവളയവണ്ടിയും കാണും. ഒരു  കമ്പി  വളച്ചു  ചക്രമാക്കി  അത്  ഓടിക്കുവാൻ  ഒരു കോലും . നാട്ടിൽ  ഇപ്പോൾ  കുട്ടികളുടെ  ഇടയിൽ  നിന്ന്  ഇതൊക്കെ  എന്നേ  അപ്രത്യക്ഷമായി . തിരികെ  എത്തുമ്പോൾ  പ്രതിഫലമായി  വായിക്കുവാൻ  ആ  മാസത്തെ തളിര് മാഗസിൻ സാറുതരും. വായിച്ചു  ഭദ്രമായി  തിരികെ കൊടുക്കണം . ഒറ്റ  ഇരുപ്പിൽ  ഞാൻ  അത്  വായിച്ചു  തീർക്കും. വളരെ  നല്ല  നിലവാരം  ഉള്ള  ഒരു  പ്രസിദ്ധികരണം  ആയിരുന്നു  തളിര് . നല്ല  കഥകളും  കവിതകളും . കാർട്ടൂണുകൾ തീരെ  ഇല്ല . വിശ്വസാഹിത്യ കൃതികളുടെ  മലയാള പരിഭാഷകൾ  ഖണ്ഡശ്ശ  കാണും .  വിക്ടർ  ഹ്യൂഗോയുടെയും  ടോൾസ്റ്റോയിയുടെയും  കഥകൾ എനിക്ക്  പരിചിതമായത്  ഈ  വായനയിൽ  നിന്നാണ്. കഥകളും  കവിതകളും  ഒക്കെ  നല്ല  നിലവാരം  പുലർത്തുന്നത് . എഴുതുന്നതോ സിപ്പി    പള്ളിപ്പുറം , സുമംഗല , കുഞ്ഞുണ്ണി മാഷ് മാലി , സുഗതകുമാരി,  ഓ.എൻ.വി  തുടങ്ങിയ  പ്രശസ്തരും  പ്രിയങ്കരുമായ  എഴുത്തുകാർ .  ഇപ്പോൾ തളിര് മാഗസിൻ  പുറത്തിറക്കുന്നുണ്ടോ എന്തോ ?.

1980-90  കളിൽ ഇത്തരം ബാല മാഗസിനുകൾ  ആയിരുന്നു  ഞങ്ങളെ ചിന്തിക്കുവാനും  നല്ല  നാളെയേക്കുറിച്ചു  സ്വപ്നം കാണുവാനും  പഠിപ്പിച്ചത്. തിന്മയ്ക്ക് എതിരെ  നിൽക്കുവാനും  നന്മയ്ക്കാണ്  അന്തിമവിജയം  എന്നും  കുട്ടികളെ പഠിപ്പിച്ചത് . കാൻഡി  ക്രഷും ആംഗ്രി ബേർഡ്സും  പോക്കി മോനും  ഒക്കെ  കുട്ടികളുടെ  വിദൂരസ്വപ്നങ്ങളിൽ  പോലും  ഇല്ലാത്ത കാലം . മഷിത്തണ്ടും വളപ്പൊട്ടും ഗോട്ടിയും  തീപ്പട്ടി പടവും ബാലരമയും  പൂമ്പാറ്റയും ഒക്കെ  ചേർന്ന് സങ്കൽപ്പങ്ങൾക്ക് ചിറക് കൊടുത്തിരുന്ന കാലം . എന്നാൽ  ഇന്നു കാലം  മാറി, പുസ്തകങ്ങൾക്ക് പകരം  ഹിംസയെ അക്രമത്തെ , എന്തു  വിലകൊടുത്തും  ജയിക്കണം  എന്ന് മാത്രം  കുട്ടികളെ   പഠിപ്പിക്കുന്ന  കമ്പ്യൂട്ടർ ഗെയിമുകൾ   അറിഞ്ഞോ  അറിയാതെയോ  കളിക്കുവാൻ  നാം  കുട്ടികളെ  പ്രേരിപ്പിക്കുന്നു . അതിൽ  നാം  അഭിമാനം  കണ്ടെത്തുന്നു…നാമൊക്കെ  എത്രകണ്ടു  മാറിയിരിക്കുന്നു...

ഇത് വായിക്കുന്ന  ഓരോ വായനക്കാരനും  കാണും  അവരുടെ  ബാല്യത്തെക്കുറിച്ചു  ഇത്തരം  ഓർമ്മകൾ. ബാലരമയ്ക്കും പൂമ്പാറ്റയ്ക്കും  വേണ്ടി  കാത്തിരുന്ന നാളുകൾ . മനസ്സിൽ  മായാതെ  സൂക്ഷിച്ചിട്ടുള്ള ആ ഭൂതകാലത്തിന്റെ തിരുശേഷിപ്പുകൾ  ഓർത്തെടുക്കുമ്പോൾ പണ്ട് ഓ.എൻ .വി  മാഷ് എഴുതിയതുപോലെ.. ഒരു  വട്ടം കൂടി ആ ബാല്യകാലത്തിലേക്ക്  തിരിച്ചു പോകുവാൻ മോഹം . വെറുതെ  ആ  മോഹങ്ങൾ എന്നറിയുമ്പോളും  വെറുതെ മോഹിക്കുവാൻ മോഹം...


വായിച്ചാലും വളരും വായിച്ചിലെങ്കിലും വളരും
വായിച്ചു വളർന്നാൽ വിളയും, വായിക്കാതെ വളർന്നാൽ വളയും

                                          
                                          കുഞ്ഞുണ്ണി  മാഷ്

Monday, 27 June 2016

ദശപുത്ര സമോ ദ്രുമഃ


ദശപുത്ര സമോ ദ്രുമഃ


നാട്ടിൽ കാലവർഷം തിമിർത്തു പെയ്യുന്നു. ഈ കാലവർഷത്തിന്റെ തുടക്കദിവസങ്ങളിൽ ഞാനും നാട്ടിൽ പോയിരുന്നു .തോരാത്ത മഴയ്ക്ക് ഇറയത്തു ഒരു കസേര വലിച്ചിട്ടു മഴ നോക്കി ഇരിക്കാൻ എന്തുസുഖം.. ഇടമുറിയാത്ത മഴ.. കുടചൂടി വഴിയിലൂടെ പോകുന്ന അയൽവാസികളൊക്കെ ഉറക്കെ വിളിച്ചു ചോദിക്കും..എന്താ ഇവിടെ ഇരിക്കുന്നത് എന്ന് ..ഓ വെറുതേ ..മഴ കാണാൻ ആണ് എന്നാവും മറുപടി . നാട്ടുകാർക്ക്  ഇതൊക്കെ വട്ടാണ്. വട്ടു മൂത്തു ഒരുത്തൻ മഴ കാണാൻ ഇറങ്ങിയിരിക്കുന്നു. വല്ല ടി.വി സീരിയലും  കണ്ടു  മുറിയ്ക്കകത്ത് കുത്തിയിരിക്കണ്ടതിന് പകരം.

ഇത്തവണ നാട്ടിൽ പോയപ്പോൾ കുറേ പ്രാവശ്യം നമ്മുടെ മാണിസാറിന്റെ  സ്വന്തം നാട്ടിൽ പോയിരുന്നു. വഴി നീളെ  ചെടികളും വൃക്ഷതൈകളും  വിൽക്കുന്ന നേഴ്സറികൾ. മിക്കവയും  വീടിനോട് ചേർന്നു തന്നെ. മാണിസാറിന്റെ ആൾക്കാർ ജീവിക്കാൻ പഠിച്ചവരാണ്. എന്തിനേയും  വിൽപനചരക്കാക്കാൻ  അവർക്കറിയാം. റബ്ബറിന്റെ  വിലയിടിവൊന്നും  കൊണ്ടു അങ്ങനെ  പാലാ അച്ചായന്മാരെ തളർത്താം എന്നു ആരും കരുതേണ്ട. ഒന്നുരണ്ടു  നേഴ്‌സറികളിൽ  കയറി നോക്കി. റമ്പൂട്ടാൻ, ദൂരിയാൻ, മാങ്കോസ്‌റ്റീൻ, ലിച്ചി  തുടങ്ങിയ വിദേശ ഫലവൃക്ഷങ്ങളും നമ്മുടെ നാടൻ  പ്ലാവ്, മാവ്, തെങ്ങ്, മുരിങ്ങ, കറിവേപ്പില  തുടങ്ങിയ സർവ്വമാന അലുഗുലുത്ത്  വൃക്ഷങ്ങളുടെയും ചെടികളുടെയും തൈകൾ വിൽപ്പനക്ക് വെച്ചിരിക്കുന്നു. അതൊക്കെ വാങ്ങാൻ നാടിനേയും മരങ്ങളേയും  കുറിച്ചു നൊസ്റ്റി അടിച്ചു വരുന്ന പൊട്ടന്മാർ ധാരാളം ഉണ്ടെന്ന്  അവർക്കറിയാം. നേഴ്‌സറിയുടെ  സെറ്റപ്പാണ്  കൗതുകകരം. ചട്ടികളിൽ  കായ്കൾ  പിടിച്ചിട്ടുള്ള  റമ്പൂട്ടാനും സപ്പോട്ടയും നെല്ലിയും പ്ലാവും മാവും ഒക്കെ  കയറുന്ന വഴിയിൽ തന്നെ വെയ്ക്കും. അതുകണ്ടു മയങ്ങുന്ന  മലയാളി ഫ്ലാറ്റ്.. അകത്തു കയറിയാൽ  ഒരു തൈയെങ്കിലും  വാങ്ങാതെ പോകില്ല.

കൂട്ടത്തിൽ ലക്ഷ്മിതരുവും മുള്ളാത്തയും ആണ് താരങ്ങൾ . കാൻസർ മാറും  എന്നാണ് പ്രചരണം . മാറിയാൽ മതിയായിരുന്നു . അത്രയ്ക്കല്ലേ  വിഷമടിച്ച  പച്ചക്കറികൾ  മലയാളി തമിഴ്നാട്ടിൽ  നിന്നു വരുത്തി തിന്നുന്നത്. ഈയിടെയായി  അല്പം മാറ്റം കണ്ടു തുടങ്ങിയിട്ടുണ്ട് . വീടുകളിലെ തൊടിയിലും പറമ്പിലും ടെറസ്സിലും പച്ചക്കറികൾ വളർത്തി തുടങ്ങിയിരിക്കുന്നു മലയാളി. പണ്ട് ആർക്കും വേണ്ടാതെ വേലിപടർപ്പിൽ പാഴ്ച്ചെടികളായി കരുതിയിരുന്ന കോവയ്ക്ക, കുപ്പച്ചീര,തകര, തഴുതാമ തുടങ്ങിയവ ഒക്കെ  മലയാളി നട്ടുവളർത്താൻ തുടങ്ങിയിരിക്കുന്നു. കോവയ്ക്ക ഇപ്പോൾ ഗൾഫിൽ ലുലുമാർക്കറ്റിലും കിട്ടും. പ്രമേഹശമനത്തിനു  ഉത്തമം. തഴുതാമ വൃക്കരോഗങ്ങൾക്ക്  നല്ല പ്രതിവിധിയാണ് . അത്  ഇവിടെ ഗൾഫിലും  പാഴ്ച്ചെടിയായി  വളരുന്നത് ഞാൻ  കണ്ടിട്ടുണ്ട്.



കറുവപട്ടമരം


നേഴ്‌സറി  നന്നായി ഒന്നു ചുറ്റിയടിച്ചിട്ടു കണ്ട  ഞാനും വാങ്ങി മൂന്നുതൈകൾ. ആദ്യത്തേത്  ഒരു ഒട്ടുപ്ലാവ്‌ . ഹണിഡ്യു  ജാക്ക്ഫ്രൂട്ട്  എന്നാണ്‌ നേഴ്‌സറി മുതലാളി ബോർഡ് വെച്ചിരിക്കുന്നത് . തേൻവരിക്ക എന്നു മലയാളത്തിൽ വിവർത്തനം ചെയ്യാം. ഹായ് ..തേൻവരിക്ക പേരു ഓർത്തപ്പോൾ തന്നെ നാവിൽ വെള്ളമൂറുന്നു. വിലയൊന്നും നോക്കാതെ  ഒരെണ്ണം  വാങ്ങി . രണ്ടാമത്തേത്  ഒരു  പുലോസാൻ തൈ. സംഗതി വിദേശിയാണ്. മലേഷ്യ ആണ് സ്വദേശം.നാട്ടിൽ  അത്ര സാധാരണം അല്ല . കുരു അടക്കം തിന്നാമെന്നാണ്  വിശേഷത. രുചി ലിച്ചിപഴത്തിനൊപ്പം വരുമെന്നാണ്  മുതലാളി അച്ചായൻ വക വിദഗ്ധ ഉപദേശം. വീട്ടിൽ രണ്ടുമൂന്ന്  റമ്പൂട്ടാൻ  മരങ്ങൾ  ഉള്ളതിനാൽ  ഒരു വിദേശി കൂടെ കൂട്ടാകട്ടെ  എന്നു കരുതി വാങ്ങിയതാണ്. ഇത്തവണ നാട്ടിൽ പോയപ്പോൾ വീട്ടിൽ  ധാരാളം റമ്പൂട്ടാൻ  പഴങ്ങൾ. പഴങ്ങൾക്ക്  നല്ല രുചിയും മധുരവും ഉണ്ട്.






റമ്പൂട്ടാൻ 

മൂന്നാമത് വാങ്ങിയത് ഒരു കറുവ( Cinnamon )തൈയ്യാണ്. അത് തേടിയാണ് നേഴ്‌സറിയിൽ  കയറിയത്. യഥാർത്ഥ കറുവപട്ട  ഇന്ത്യയിലും  ശ്രീലങ്കയിലും മാത്രമേ  വളരുകയുള്ളൂ. സിന്നമോമം വേരം ( Cinnamomum verum )  എന്നാണ് ശാസ്ത്രീയ നാമം. നമ്മുടെ നാട്ടിൽ മിക്കവാറും കടകളിൽ കിട്ടുന്നത് ചൈനീസ് കറുവപട്ടയായ കാസ്സിയ (Cassia) ആണ്. കൊടിയവിഷം ആണിത്. കുമാരിൻ (Coumarin) പോലുള്ള രാസവസ്തുക്കൾ  ധാരാളം. കരളിനും വൃക്കയ്ക്കും  വളരെ ദോഷം ചെയ്യും. കിലോയ്ക്ക് 20 -35 രൂപ നിരക്കിൽ ഇറക്കുമതി ചെയ്യുന്ന കാസ്സിയ 400 രൂപ നിരക്കിൽ ആണ് മാർക്കറ്റിൽ വിൽക്കുന്നത് . ഈ ഭീമമായ ലാഭം ആണ്  വ്യാപാരികളെ  ചൈനീസ് കാസ്സിയ  ഇറക്കുമതി ചെയ്യാൻ പ്രേരിപ്പിക്കുന്നത് . അമേരിക്കയിലും ജർമ്മനി, ഫ്രാൻസ് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിലും  ഇതിന്റെ ഇറക്കുമതി  നിരോധിച്ചതാണ് . യഥാർത്ഥ കറുവപട്ട തിന്നുനോക്കിയാൽ ഒരു മധുരം കലർന്ന ചവർപ്പാണ് രുചി. പട്ടയ്ക്കു കളറും കുറവ്. പ്രമേഹരോഗികൾ ഇതു വെള്ളത്തിൽ ഇട്ടുവെച്ചു  രാവിലെ  വെള്ളം കുടിക്കുന്നത് ഉത്തമമാണ്. ചൈനീസ്  കറുവാപ്പട്ടയ്ക്ക്  നല്ല ചുവപ്പ് നിറമാണ് ,ഇറച്ചിക്കൂട്ടിന്റെ രുചിയും മണവും. കൊല്ലത്തെ ഭാര്യാഗൃഹത്തിൽ  ഉണ്ട്  ഒരു ഒന്നാന്തരം നാടൻ കറുവപട്ടമരം. മരത്തിന്റെ തൊലി വെട്ടി എടുത്ത്  ഉണക്കി  എടുക്കണം. ഇലയ്ക്കും  നല്ല സുഗന്ധമാണ് . പായസത്തിലും  കുമ്പിൾ അപ്പം ഉണ്ടാക്കാനും മറ്റും ഉപയോഗിക്കാം. മരമൂട്ടിൽനിന്ന്  തൈകൾ  കിട്ടുമോ  എന്നുനോക്കി, കിട്ടിയില്ല. അതിനാൽ ഒരെണ്ണം വാങ്ങാമെന്ന് തീരുമാനിച്ചു . അതും  നേഴ്‌സറിയിൽ  നിന്ന് കിട്ടി.


കറുവതൈ

പുലോസാൻ തൈ


ഒട്ടുപ്ലാവ്‌
വീട്ടിൽ  എത്തി തൈകൾ  ഒക്കെ വരാന്തയിൽ  എടുത്തുവെച്ചു. ബഹളംകേട്ടു ഇറങ്ങിവന്ന അമ്മ എത്തി നോക്കിയിട്ട് എന്തോ പിറുപിറുത്തു കൊണ്ടു അകത്തേക്ക്  വലിഞ്ഞു. ഇതൊക്കെ നടാൻ എവിടെ സ്ഥലം കണ്ടുപിടിക്കും എന്നാവും പിറുപിറുത്തത് . 15 സെന്റുള്ള പുരയിടത്തിൽ വീടുകഴിഞ്ഞാൽ നിറയെ ചെടികളും പച്ചക്കറികളും ഫലവൃക്ഷങ്ങളുമാണ്. പുറത്തു ചാറ്റമഴ പെയ്യുന്നു . അപ്പോൾ തന്നെ സ്ഥലം കണ്ടുപിടിച്ചു തൈകൾ  നട്ടു. ഒട്ടുപ്ലാവ്,  മണ്ഡരി കേറി നശിച്ച ഒരു തെങ്ങുവെട്ടിയ സ്ഥലത്ത്‌ നട്ടു . ഒരു പൂവൻവാഴ വിത്ത്  പിഴുതുമാറ്റി നട്ടു,  അവിടെ പുലോസാൻ തൈ വെച്ചു. കറുവതൈയ്ക്കാകട്ടെ  പുരയിടത്തിന്റെ  വാരിയിൽ നിന്ന 2-3 കാട്ടുചേമ്പുകൾ വെട്ടിമാറ്റി സ്ഥലം കണ്ടെത്തി.

പണിയൊക്കെ കഴിഞ്ഞു അടുക്കളയിൽ എത്തിയപ്പോൾ ചൂടുചായ റെഡി. പ്ലാവിൽ തൈയ്ക്ക്  എത്രയായി  എന്നാണ് അമ്മയുടെ  അന്വേഷണം. 650 രൂപ എന്നു  കേട്ടപ്പോൾ അമ്മ മൂക്കത്തു വിരൽ വെച്ചു .

'' ഈ ചെക്കന്റെ  ഓരോരോ വട്ടേ ..തൊടിയിൽ നിറയെ  വലിച്ചെറിഞ്ഞ  ചക്കക്കുരുകിളിച്ചു  തൈകൾ നിൽക്കുന്നു .. അതേതെങ്കിലും  ഒന്നു പിഴുതുമാറ്റി നട്ടാൽ പോരേ ..''


പഴയ തലമുറ അങ്ങനെയാണ് , അവരുടെ അതിജീവനത്തിൽ  ചക്കയും മാങ്ങയും മുരിങ്ങയും കറിവേപ്പിലയും  ഒക്കെ ജീവിതത്തോടു  ഇഴചേർന്നതാണ് . അവയെ  നട്ടുവളർത്തി വിളവെടുത്തു കൊണ്ടും കൊടുത്തും അയൽക്കാർക്ക് പങ്കുവെച്ചും പങ്കുവാങ്ങിയും അവർ ജീവിതം ആസ്വദിക്കുന്നു. അതൊക്കെ പണം കൊടുത്തു വാങ്ങുന്നത് അവരെ സംബന്ധിച്ചടെത്തോളം ധാരാളിത്തമാണ്, യുക്തിക്ക് നിരക്കാത്തതാണ്.    

ഞാനൊന്നും മിണ്ടിയില്ല. അമ്മയ്ക്കറിയില്ലല്ലോ, ഗൾഫിലെ  ഫ്ലാറ്റിൽ ഉമ്മറത്തു സോഫായിൽ  ചാരികിടന്നു  നാടിനേക്കുറിച്ചും മരത്തേക്കുറിച്ചും മഴയേക്കുറിച്ചും  പുഴയേക്കുറിച്ചും   നൊസ്റ്റിയടിക്കുന്ന ഞാൻ എന്ന  ശരാശരി  ഗൾഫ് മലയാളിയുടെ തിക്കുമുട്ട് (ശ്വാസംമുട്ട്).


ദശകൂപ  സമോ വാപി.
ദശവാപി സമോ ഹൃദഃ
ദശഹൃദ  സമോ പുത്രഃ
ദശപുത്ര  സമോ  ദ്രുമഃ
                                                         ( മത്സ്യപുരാണം)


( പത്ത് കിണറുകൾക്ക്  തുല്യം ഒരു കുളം. പത്ത് കുളങ്ങൾക്ക് തുല്യം ഒരു ജലാശയം. പത്ത് ജലാശയങ്ങൾക്ക് തുല്യം ഒരു പുത്രൻ. പത്ത് ഉത്തമ പുത്രന്മാർക്ക് തുല്യം ഒരു മരം.)  

Sunday, 19 June 2016

എന്റെ ഓർമ്മകളിലെ റേഡിയോ


എന്റെ  ഓർമ്മകളിലെ റേഡിയോ





(ഏഷ്യാവിഷൻ  ഫാമിലി  മാഗസിനിൽ  പ്രസിദ്ധീകരിച്ചത്)


(ഈ എഴുത്ത് കേരള സർക്കാരിന്റെ ഐ.റ്റി സ്കൂൾ പ്രൊജക്റ്റ് ആയ സമഗ്രയിൽ പത്താംക്ലാസിലെ മലയാളം പാഠങ്ങളുടെ അധികവായനക്കായി തിരഞ്ഞെടുത്തു.)


എനിക്ക് നാലുവയസുള്ളപ്പോൾ ആണ് വീട്ടിൽ അപ്പൻ ഒരു റേഡിയോ വാങ്ങുന്നത്. അപ്പന് സ്കൂളിൽ വാധ്യാർ പണിയാണ്. 1970 കളിൽ അധ്യാപകരുടെ ജീവിതം ദുരിതപൂർണമായിരുന്നു. 300 രൂപ ശമ്പളം. വീട്ടു ചിലവുകളും കല്യാണം,മരണം തുടങ്ങി അല്ലറചില്ലറ ചിലവുകളും കഴിയുമ്പോൾ നീക്കിബാക്കി നാസ്തി. അന്ന് ഒരു റേഡിയോ വാങ്ങിക്കുക എന്നു വെച്ചാൽ ഇന്ന് ഒരു 42 ഇഞ്ച് LED TV വാങ്ങുന്നതിന് തുല്യം. പുനലൂരിൽ റേഡിയോ വാങ്ങാൻ കിട്ടുന്ന കടകൾ  വിരളം. തുമ്പശ്ശേരിയിൽ എന്നു പേരുള്ള ഒരു സ്ഥാപനം അന്നു പുനലൂരിൽ നിലവിൽ ഉണ്ടായിരുന്നു .അപ്പനും കൂടെ ജോലി ചെയ്യുന്ന 3 മൂന്നു സാറുന്മാരും  അവിടെ നിന്നു റേഡിയോ വാങ്ങി. സ്‌കൂൾ അദ്ധ്യാപകർ ആയതിനാൽ  പണം തവണകളായി അടച്ചാൽ മതി. മൊത്തവില 420 രൂപ. 100 രൂപ ആദ്യം കൊടുക്കണം. ബാക്കി 320 രൂപ 40 രൂപ വീതം 8 തവണകളായി അടയ്ക്കണം. അപ്പൻ റേഡിയോയുമായി വന്നപ്പോൾ ഒരു ഉത്സവത്തിന്റെ പ്രതീതി ആയിരുന്നു വീട്ടിൽ . ഫിലിപ്സിന്റെ 4 ബാൻഡ് ട്രാൻസിസ്റ്റർ റേഡിയോ ആണ് അപ്പൻ വാങ്ങിയത്. ഫിലിപ്സ്, നെൽകോ, മർഫി, ടെലിറാഡ് തുടങ്ങിയ കമ്പനികളുടെ റേഡിയോകൾ ആണ് അന്ന് മാർക്കറ്റിൽ പ്രമുഖം. അന്നു റേഡിയോ ഉള്ളവർ ഗവണ്മെന്റിനു നികുതി അടയ്ക്കണം. 1970 കളിൽ വർഷം 3  രൂപ ആയിരുന്നു നികുതി. 1980 കളിൽ അതു പൊടുന്നനെ 15 രൂപയായി വർദ്ധിപ്പിച്ചു. ഇന്നത്തെ തലമുറയോട് അതൊക്കെ പറഞ്ഞാൽ അവർ ചിരിക്കും .


റേഡിയോ അക്കാലത്തു  ഒരു വിശേഷവസ്തു ആയിരുന്നു. അപ്പൻ ഞങ്ങൾ മക്കളെ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സ്‌നേഹിച്ചിരുന്നത് റേഡിയോയെ ആയിരുന്നു എന്ന് അന്ന് എനിക്കു തോന്നിയിരുന്നു. തലയിൽ വെച്ചാൽ പേനരിക്കും തറയിൽ വെച്ചാൽ ഉറുമ്പ് അരിക്കും എന്ന നിലയിൽ ആണ് കൊണ്ടു നടപ്പ്.ആഴ്ചയിൽ ഒരു ദിവസം ഒരു മഞ്ഞഫ്ലാനൽ തുണി കൊണ്ട് റേഡിയോ വൃത്തിയാക്കും. ഉപയോഗിക്കാത്ത സമയത്ത്  ബാറ്ററി  ഊരി വെയ്ക്കും. ബാറ്ററി റേഡിയോയിൽ ഇട്ടു വെച്ചിരുന്നാൽ ചാർജ്ജ് തീർന്നു പോകും എന്നാണ് മൂപ്പരുടെ ന്യായം.അക്കാലത്ത് റേഡിയോകളുടെ കൂട്ടത്തിൽ ആഢ്യൻ വാൽവ് റേഡിയോകൾ തന്നെ. അന്നൊക്കെ ചായക്കടകളിലും ബാർബർ ഷോപ്പുകളിലും വാൽവ് റേഡിയോകൾ മുഖ്യസ്ഥാനം അപഹരിച്ചിരുന്നു. റേഡിയോ ഓൺ ചെയ്താൽ മഞ്ഞലൈറ്റ് കത്തും വാൽവ് ചൂടായി പച്ചലൈറ്റ് തെളിഞ്ഞാൽ റേഡിയോ പാടിതുടങ്ങും. വാൽവ് റേഡിയോകളിൽ നിന്നുള്ള പ്രക്ഷേപണം കേൾക്കാൻ നല്ല സുഖമാണ്.നല്ല ശബ്ദഗാംഭീര്യം.ഏതാണ്ട് ഒരു കുടത്തിന്റെ മുകളിൽ സ്പീക്കർ കെട്ടി വെച്ചത് പോലെയുള്ള മുഴക്കം.


ചെറുപ്പകാലത്ത്‌ ഞങ്ങൾ കുട്ടികൾക്ക് റേഡിയോ ഒരു കൗതുകവസ്തു ആയിരുന്നു. അൽപം കുരുത്തക്കേടും പിരുപിരുപ്പും ഉള്ള എനിക്ക് അപ്പൻ കാണാതെ അത് ഒന്നു തുറന്നു അകത്ത്‌ ആരാണ് ഇരുന്നു പാടുന്നത് എന്നു കാണാൻ വളരെ ആഗ്രഹം ഉണ്ടായിരുന്നു. എന്നാൽ അപ്പന്റെ തല്ലു പേടിച്ചു ആ സാഹസത്തിന് മുതിർന്നില്ല. വെളുപ്പിനെ 5.50 അപ്പൻ റേഡിയോ ഓൺ ചെയ്യും. കുറെനേരം റേഡിയോയിൽപ്രോഗ്രാം ആരംഭിക്കുന്നതിന്റെ മുന്നോടിയായുള്ള ട്യൂൺ കേൾക്കാം. ചെറുപ്പത്തിൽ എന്റെ സംശയം ഇത്ര രാവിലെ ആരാണ് ഈ ഉപകരണസംഗീതം വായിക്കുന്നത് എന്നായിരുന്നു . പിന്നീട് മുതിർന്നപ്പോഴാണ് ഇന്ത്യയിൽ അഭയാർത്ഥിയായിരുന്ന യഹൂദസംഗീതജ്ഞൻ വാൾട്ടർ കോഫ്മാൻ ആകാശവാണിക്ക് വേണ്ടി 1936 ൽ ശിവരഞ്ജിനി രാഗത്തിൽ ചിട്ടപ്പെടുത്തിയ അവതരണഗാനം ആണ് അതു  എന്നു മനസ്സിലായത്. അതുപോലെ തന്നെ ആകാശവാണി എന്ന പേർ ഇട്ടത് രവീന്ദ്രനാഥ ടാഗോർ ആണെന്ന് എത്ര പേർക്കറിയാം.



ആകാശവാണി തിരുവനന്തപുരം നിലയം ആണ് പുനലൂർ ഭാഗത്ത് പ്രധാനമായും കിട്ടുക. രാവിലെ തുടങ്ങുന്ന പ്രക്ഷേപണം രാത്രി 10-11 മണി വരെ നീളും. അക്കാലത്ത് വാർത്തകൾക്ക് വേണ്ടി ജനം പ്രധാനമായും ആശ്രയിച്ചിരുന്നത് റേഡിയോയെ തന്നെ. ഓരോ വാർത്താവായനക്കാർക്കും ഓരോ രീതിയുണ്ട്. കൂട്ടത്തിൽ രാമചന്ദ്രൻ തന്നെ കേമൻ. പ്രതാപൻ, ഗോപൻ, വെണ്മണി വിഷ്ണു, സുഷമ, എരുമ അമറുന്ന സ്വരത്തിൽ ഡൽഹിയിൽ നിന്നു വാർത്ത വായിക്കുന്ന ശങ്കരനാരായണൻ ..ഇവരെ ഒക്കെ എങ്ങനെ മറക്കാൻ. ഞങ്ങൾ കുട്ടികളും  റേഡിയോ വാർത്ത ശ്രദ്ധിക്കും, മറ്റൊന്നിനും അല്ല, വെല്ല.. കാറ്റോ മഴയോ മൂലം  ജില്ലാകലക്ടർ സ്‌കൂളുകൾക്ക് അവധിയോ മറ്റോ പ്രഖ്യാപിച്ചാലോ? . പത്രങ്ങൾ തലേന്ന് തന്നെ അച്ചിലേറുന്നതിനാൽ വൈകി കിട്ടുന്ന ഇത്തരം  വാർത്തകൾക്ക് ജനങ്ങൾ ആശ്രയിക്കുക റേഡിയോയെ തന്നെ.

രാവിലെ 7 .30 നോ മറ്റോ ഡൽഹിയിൽ നിന്നുള്ള സംസ്‌കൃതവാർത്തയോടെ മിക്ക വീടുകളിലും റേഡിയോ ഓഫ് ചെയ്യും.

ഈയാം ആകാശവാണി സമ്പ്രതി വാർത്താഹാ ശ്രൂയന്താ  
പ്രഭാഷകാ  ബല ദേവാനന്ദ സാഗര ..

സംസ്‌കൃതം എന്നൊരു ഭാഷയുണ്ടെന്നും അത് ഇന്ത്യയുടെ ഏറ്റവും പുരാതനമായ ശ്രേഷ്ടഭാഷയാണെന്നും മലയാളികളെ പഠിപ്പിച്ചത് ഈ സംസ്‌കൃതവാർത്ത തന്നെ. ഈ ബല ദേവാനന്ദ സാഗര ഏതോ ഒരു ഫയൽമാൻ   ആണെന്നാണ് ഞാൻ വിചാരിച്ചിരുന്നത്, കാരണം പേരു തന്നെ ഏതോ ഗുസ്തിക്കാരനെ പോലെ .


പലപ്പോഴും വൻ ദുരന്തങ്ങളും പ്രമുഖവ്യക്തികളുടെ മരണങ്ങളും നാം അറിഞ്ഞിരുന്നത് റേഡിയോയിലൂടെ ആയിരുന്നു. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതും പെരുമൺ തീവണ്ടി അപകടം ഉണ്ടായതും ഈയുള്ളവൻ അറിഞ്ഞത് റേഡിയോ വാർത്തകളിലൂടെ തന്നെ. ഞങ്ങൾ കുട്ടികളെ സംബന്ധിച്ചടത്തോളം നേതാക്കൾ മരിക്കുമ്പോൾ ഒന്നു രണ്ടു ദിവസം അവധി കിട്ടുമെന്ന സന്തോഷം ഉണ്ടങ്കിലും പിന്നീട് കുറഞ്ഞത് 10 ദിവസത്തേക്ക് ദുഃഖാചരണം മൂലം റേഡിയോ കേൾക്കാൻ കഴിയില്ലല്ലോ എന്ന സങ്കടം ബാക്കി. എങ്ങാനം റേഡിയോ ഓൺ ചെയ്താൽ വല്ലാത്ത ശബ്ദത്തിൽ ഉള്ള ഒരു നിലവിളി സംഗീതം കേട്ടു ഭയന്നു അപ്പോൾ തന്നെ റേഡിയോ ഓഫ് ചെയ്യും. പത്തു ദിവസം കഴിഞ്ഞാലോ പിന്നെ  കുറെ ദിവസത്തേക്ക് ഈശ്വരചിന്തയതൊന്നെ.., ആത്മ വിദ്യാലയമേ.. തുടങ്ങിയ ആത്മീയചിന്തകൾ ഉണർത്തുന്ന ഗാനങ്ങൾ മാത്രം. ഇലക്ഷൻ റിസൾട്ട് വരുമ്പോൾ ജനങ്ങൾ റേഡിയോയ്ക്ക് ചുറ്റും കൂടും. കൈയടിക്കും കൂക്കുവിളിക്കും ചിലപ്പോൾ കൈയ്യാംകളിയ്ക്കും റേഡിയോ സാക്ഷി. അന്നത്തെ പ്രമുഖ നേതാവായിരുന്ന സി.എം സ്റ്റീഫൻ ഏതോ ഇലക്ഷനിൽ ജയിച്ചതറിഞ്ഞു എന്റെ  വല്യപ്പൻ റേഡിയോ തറയിലേക്ക് വലിച്ചെറിഞ്ഞതായി വല്യമ്മച്ചി ഇടയ്ക്കിടെ പറയാറുണ്ടായിരുന്നു. വല്യപ്പന്റെ രാഷ്ട്രീയ സ്പിരിറ്റും സ്വഭാവവും വെച്ചു സംഗതി നേരാകാൻ ആണ് സാധ്യത.


കാലാവസ്ഥ പ്രവചനം ആണ് ഏറ്റവും രസകരം. ആകാശം ഭാഗികമായി മേഘാവൃതമാണ് ..ഇന്നു മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യതയുണ്ട് എന്നായിരിക്കും മിക്കപ്പോഴും പറയുക. ആകാശവാണിനിലയത്തിൽ തവളകളെ പിടിച്ചു കൂട്ടിൽ ഇട്ടിട്ടുണ്ട് എന്നും അവ കരയുന്നത് കേട്ടാണ് മഴ പെയ്യുമോ ഇല്ലയോ എന്നു തീരുമാനിക്കുന്നത് എന്നു എന്റെ ഏതോ ഒരു കൂട്ടുകാരൻ പറഞ്ഞത് ഞാൻ അക്ഷരംപ്രതി വിശ്വസിച്ചിരുന്നു അക്കാലത്ത്.


ആകാശവാണിയുടെ മാസ്റ്റർ ഐറ്റം ആയിരുന്നു റേഡിയോ നാടകങ്ങൾ. മിക്കപ്പോഴും സാമൂഹിക പ്രസക്തി ഉള്ള വിഷയങ്ങളോ പുണ്യപുരാണ ചരിത്ര വിഷയങ്ങളോ ആയിരിക്കും നാടകമായി അവതരിപ്പിക്കുക . ഇന്നത്തെ ടിവി  സീരിയലുകളുമായി തുലനം ചെയ്തു നോക്കുമ്പോൾ എത്ര ഉയരത്തിൽ ആയിരുന്നു ആ നാടകങ്ങളുടെ നിലവാരം. ജനങ്ങളുടെ സാംസ്കാരികനിലവാരവും ധാർമ്മികബോധവും അക്കാലത്ത് ഉയർന്നതായിരുന്നു. ഇപ്പൊഴത്തെ സീരിയലുകളിലോ അവിഹിതബന്ധങ്ങളും വഴിപിഴച്ച ജീവിതകഥകളും മാത്രം...വർഷത്തിൽ ഒരിക്കൽ മാത്രം വരുന്ന റേഡിയോ നാടകവാരത്തിനായി ജനങ്ങൾ കാത്തിരിക്കും. കവലകളിൽ നിന്നും നേരത്തെ മടങ്ങുന്ന ഗൃഹനാഥന്മാരും നേരത്തെ തന്നെ വീട്ടിലെ പണികൾ ഒതുക്കിയ അമ്മമാരും അന്നത്തെ പഠിത്തം  വഴിപാടാക്കി കുട്ടികളും ഒത്തുചേർന്നു റേഡിയോ നാടകം ആസ്വദിക്കും. റേഡിയോനാടകവാരം അവസാനിക്കുക ഒരു ഹാസ്യനാടകം കൊണ്ടായിരിക്കും. റേഡിയോ നാടക വാരത്തിന്റെ അവസാന നാടകം '' അച്ഛൻ കൊമ്പത്തു അമ്മ വരമ്പത്ത് ''   രചന : ശ്രീ. തിക്കുറിശ്ശി സുകുമാരൻ നായർ സംവിധാനം : ശ്രീ: ശ്രീകണ്ഠൻ നായർ അഭിനയിക്കുന്നത് സർവ്വശ്രീ ശ്രീകണ്ഠൻ നായർ,രാമൻകുട്ടി  നായർ തുടങ്ങി അഞ്ചാറു നായന്മാരും ദേവകിയമ്മ സ്വരസ്വതിയമ്മ തുടങ്ങി രണ്ടുമൂന്നു അമ്മമാരും. ഉരുളയ്ക്കു ഉപ്പേരി പോലുള്ള ഡയലോഗുകളും സമകാലീന സംഭവങ്ങളും  ചേർത്തുണ്ടാക്കിയ സംഗതി കേൾക്കാൻ ഉഷാർ. അതുപോലെ 'തിരുവന്തോരം' ഭാഷയിൽ  ഞായറാഴ്ച്ച ദിവസങ്ങളിൽ  രാത്രി  പ്രക്ഷേപണം ചെയ്യുന്ന 2 മിനിറ്റ്‌ ആക്ഷേപ ഹാസ്യപരിപാടി കണ്ടതും കേട്ടതും കേട്ടില്ലെങ്കിൽ അന്നു ജനത്തിന് ഉറക്കം വരില്ലായിരുന്നു.


പിന്നീട് 1984-85 കളിൽ പോക്കറ്റ്‌ റേഡിയോകളുടെയും റേഡിയോ കമൻറെറികളുടെയും കാലം വരവായി. ഗുജറാത്തിൽ നിന്നു വന്ന എന്റെ ഇളയപ്പൻ ഒരു പോക്കറ്റ് റേഡിയോ കൊണ്ടുവന്നു. ഏതു നേരവും ചെവിയോടു അടുപ്പിച്ചു ഇളയപ്പൻ ക്രിക്കറ്റ് കമൻറെറി കേൾക്കും .കൊതിയോടെ കാത്തുനിൽക്കുന്ന എനിക്കും കേൾക്കാൻ തരും. പോകാൻ നേരം എന്നോടുള്ള സ്നേഹം കൊണ്ടും എന്റെ റേഡിയോ ആക്രാന്തം കണ്ടും ഇളയപ്പൻ അതു എനിക്കു തന്നു.

'' ഇത് നീ എടുത്തോ നന്നായി സൂക്ഷിക്കണം '' 

എനിക്ക്  ഒരു പാൽപ്പായസം കുടിച്ച സന്തോഷം. ഇളയപ്പൻ നാട്ടിൽ വന്നപ്പോൾ മുതൽ ഞാൻ ആഗ്രഹിച്ചതാണ് ഈ പോക്കറ്റ്‌ റേഡിയോ എങ്ങാനും എനിക്കു  തന്നിട്ടു മൂപ്പർ പോയാലോ എന്ന് .ക്രിക്കറ്റ് കമൻറെറി ഇങ്ങനെ പോകും.
'' കപിൽ ദേവ് ഓൺ ദ ബൗളിങ് എൻഡ് ആൻഡ് ഇറ്റിസ് ജാവേദ് മിയാൻദാദ് ഓൺ ക്രീസ്... ഓ ഇറ്റ്  ഇസ്  എ  ഫുൾ ടോസ്സ് ...ഔട്ട്... ഹീ  ഈസ്  ഔട്ട് ''
പിന്നീട് അഞ്ചു മിനിറ്റ് നേരത്തേക്ക് ആരവം മാത്രം കേൾക്കാം. അന്നൊക്കെ റേഡിയോ കമൻറെറി കേട്ടു ക്രിക്കറ്റ് ആസ്വദിക്കുക എന്തൊരു രസം ആയിരുന്നു . പക്ഷെ എന്റെ കൂട്ടുകാരൻ ആയ ഒരു കശ്മലൻ ആ റേഡിയോ എങ്ങനെയോ അടിച്ചുകൊണ്ടു പോയി. കുറേ ദിവസം അണ്ടി നഷ്ടപ്പെട്ട അണ്ണാനെ പോലെ ആ റേഡിയോ തിരഞ്ഞു നടന്നു, സങ്കടപ്പെട്ടു.  ഇളയപ്പനോടു അടുത്ത പ്രാവിശ്യം നാട്ടിൽ വരുമ്പോൾ എന്ത് സമാധാനം പറയും എന്നു ആധി പിടിച്ചു നടന്നു കുറേനാൾ . പിന്നീട് എപ്പഴോ അതും വിസ്‌മൃതിയുടെ കടലിൽ മറഞ്ഞു.



അന്നത്തെ ജനങ്ങൾ ദൈനംദിന വിനോദ ഉപാധിയായി ആശ്രയിക്കുക റേഡിയോയെ ആയിരുന്നു . ജനങ്ങളെ രസിപ്പിക്കുന്ന ധാരാളം പരിപാടികൾ നിങ്ങൾ അവശ്യപ്പെട്ട ചലച്ചിത്ര ഗാനങ്ങൾ, രഞ്ജിനി,ചലച്ചിത്ര ശബ്ദരേഖ, യുവവാണി, വയലും വീടും, മഹിളാലയം, ഡോക്ടറോട് ചോദിക്കാം, ബാലലോകം, കൗതുക വാർത്തകൾ, ലളിത സംഗീതപാഠം,ഹിന്ദിപാഠം,സുഭാഷിതം തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ. ചിലതൊക്കെ ഇപ്പോഴും ഓർമ്മയിൽ നിന്നു മായാതെ നിൽക്കുന്നു.

ആകാശവാണിയിലെ ഏതോ ഒരു ചേട്ടനും ചേച്ചിയും ചേർന്ന് അവതരിപ്പിക്കുന്ന എഴുത്തുപെട്ടി വളരെ രസകരം ആയിരുന്നു. പരിപാടിയുടെ പോക്ക് ഏതാണ്ട് ഇതു വിധം. കൊല്ലം ജില്ലയിലെ ആര്യങ്കാവ് റോസ് മലയിൽ നിന്ന് കഷ്ടകാലൻ നായർ എഴുതുന്നത് . പ്രീയപെട്ട ചേട്ടാ, ചേച്ചി..കഴിഞ്ഞ ഞായറാഴ്ച്ച രാത്രി 8 .30 ന് സംപ്രക്ഷേപണം ചെയ്ത ഹാസ്യനാടകം '' മാറിനില്ല് മറിയാമ്മേ, മലയിടിഞ്ഞു വരുന്നു''  ഞാൻ കള്ളുഷാപ്പിലായിരുന്നതിനാൽ കേൾക്കാൻ കഴിഞ്ഞില്ല . ആ നാടകം ഒന്നു കൂടെ  സംപ്രക്ഷേപണം ചെയ്യുമോ? . പ്രിയ കഷ്ടകാലൻ നായർ താങ്കൾ ഞങ്ങളുടെ പരിപാടികൾ ശ്രദ്ധിക്കുന്നതിന് നന്ദി. ആ നാടകം മറിയാമ്മ മലയുടെ അടിയിൽ പെട്ടതിനാൽ പുനഃ സംപ്രക്ഷേപണം ചെയ്യാൻ സാങ്കേതിക തടസ്സങ്ങൾ ഉണ്ട് . ഈ കാര്യത്തിൽ താങ്കൾക്ക് ഒരു നിർദ്ദേശം ഞങ്ങൾ  മുമ്പോട്ടു വെയ്ക്കുന്നു, വെറുതെ കള്ളുകുടിച്ചു സമയം കളയാതെ വീട്ടിൽ ഇരുന്നു റേഡിയോ കേട്ടു കൂടെ?. താങ്കളുടെ കത്തിനു നന്ദി. അടുത്ത കത്തു വായിക്കൂ...



ആകാശവാണിയിലെ വയലും വീടും , കൃഷി പാഠം തുടങ്ങിയ പരിപാടികൾക്കും ഒരു പ്രത്യേകശൈലി ഉണ്ട് . ചെറുപ്പത്തിൽ കേട്ടുകേട്ടു അതും പരിചിതം ആയി . കുരുമുളക് ചെടികളിലെ ദ്രുതവാട്ടം എങ്ങനെ ഫലപ്രദമായി തടയാം എന്ന വിഷയത്തെക്കുറിച്ചു തൃശ്ശൂർ  കാർഷിക കോളേജിലെ പ്രൊഫസ്സർ : പി .കെ സാലി പ്രഭാഷണം നടത്തുന്നു . മഴക്കാലത്ത് കുരുമുളക് ചെടികളിൽ കണ്ടുവരുന്ന കുമിൾ രോഗം ആണ്  ദ്രുതവാട്ടം. രോഗബാധയേറ്റ ചെടികൾ പൂർണമായും പറിച്ചു മാറ്റി തീയിടുകയോ, തുരിശ് ലായനി 5 %  വീര്യത്തിൽ കലക്കി ചെടിയുടെ മൂട്ടിൽ ഒഴിക്കുകയോ ചെയ്യുക. അതു കൊണ്ടും ഫലം കണ്ടില്ലെങ്കിൽ കൃഷി നഷ്ടത്തിലായ കർഷകൻ 50ഗ്രാം ഫ്യൂരിഡാൻ കഞ്ഞിവെള്ളത്തിൽ കലക്കികുടിയ്ക്കുക. അതോടുകൂടി ആ പ്രശ്നം ശ്വാശ്വതമായി പരിഹരിക്കാം.


വാർത്തകൾക്ക് മുമ്പ് വരുന്ന കമ്പോള വിലനിലവാര ബുള്ളറ്റിൻ മറ്റൊരു നൊസ്റ്റാൾജിയ. ചുക്ക് ക്വിന്റലിനു 900 രൂപ, ജാതിക്ക തൊണ്ടോടെ500 രൂപ, തൊണ്ടില്ലാതെ 700 രൂപ, കുരുമുളക്  ക്വിന്റലിനു നാടൻ 1200 രൂപ, ചേട്ടൻ 1300 , ഗാർബിൾഡ് , അൺഗാർബിൾഡ് ഇങ്ങനെ പോകും.  റബ്ബർ  ആണെങ്കിൽ ലാറ്റക്സ് , R.S.S  1 , R.S.S  4 , അവധിവില എന്നിങ്ങനെആയിരിക്കും . നാളിതുവരെ ഏതെങ്കിലും പൊലീസുകാരന്(പുനലൂർ ഭാഷയിലെ സാധാരണക്കാരൻ ) ഈ ഗാർബിൾഡ്, അൺഗാർബിൾഡ്, R.S.S  എന്താണെന്ന് അറിയുമോ എന്നത് വേറെ കാര്യം. ക്വിന്റൽ എന്ന ഒരു തൂക്കകണക്ക് ഉണ്ടെന്ന് ഞങ്ങൾ കുട്ടികളെ ആദ്യം പഠിപ്പിച്ചതും ഈ കമ്പോള വിലനിലവാര ബുള്ളറ്റിൻ തന്നെ.


ഞങ്ങൾ കുട്ടികൾക്ക് ഇഷ്ടപരിപാടികൾ ആയിരുന്നു ബാലലോകവും കൗതുകവാർത്തകളും. ബാലലോകത്തിൽ അമ്മാവന്റെ ഒരു ചെറു പ്രഭാഷണവും കുട്ടികളുടെ ലഘുനാടകവും കൂട്ടുകാർ അയച്ച കത്തുകൾക്കുള്ള മറുപടിയും കാണും. ഏറ്റവും അവസാനം ഇങ്ങനെ ആയിരിക്കും കോട്ടയം കഞ്ഞിക്കുഴി പഞ്ചായത്തിലെ ജവഹർ റേഡിയോ ക്ലബ്ബിലെ കൊച്ചുകൂട്ടുകാർ പാടുന്ന ദേശഭക്തി ഗാനം ഇപ്പോൾ
കേൾക്കാം ...



പിന്നീട് എപ്പഴോ ആകാശവാണിയിൽ പരസ്യങ്ങളുടെ വരവായി .പരസ്യങ്ങൾ പത്രങ്ങളിൽ മാത്രം കണ്ടു പരിചയിച്ച മലയാളിക്ക് ഒരു പുത്തൻ അനുഭവം ആയിരുന്നു റേഡിയോ പരസ്യങ്ങൾ . അന്നത്തെ ഏതു ചെറിയ കുട്ടിക്കും നാവിൻതുമ്പിൽ പരിചിതം ആയിരുന്നു റേഡിയോ പരസ്യങ്ങൾ. പരസ്യങ്ങളിൽ ആദ്യം ഓർമ്മ വരുന്നത് സെൻറ് ജോർജ്ജ് കുടയുടെ പരസ്യം തന്നെ .

'' മഴ.. മഴ.. കുട.. കുട.. മഴ വന്നാൽ സെൻറ് ജോർജ്ജ് കുട ''..

ഈ മരുഭൂമിയിൽ ഇരുന്നു അതോർക്കുമ്പോൾ തന്നെ എന്തൊരു സുഖം.

'' ആരോഗ്യജീവിതത്തെ കാത്തിടും ലൈഫ്ബോയ്.. ലൈഫ്ബോയ് എവിടയോ അവിടെയാണ് ആരോഗ്യം ''

ഇതു കേൾക്കുമ്പോൾ തന്നെ ഒരു ചുമന്ന കട്ടസോപ്പും  അതിന്റെ മണവും എന്റെ മൂക്കിൽ ഇപ്പോഴും അടിച്ചു കയറുന്നതുപോലെ തോന്നും.

'' ആഹാ വന്നല്ലോ വനമാല.. വസ്ത്രവർണ്ണങ്ങൾക്ക് ശോഭകൂട്ടാൻ വനമാല ബാർസോപ്പ് ''..

വനമാല ബാർസോപ്പ് ഇപ്പോൾ എവിടെയാണാവോ ? കാൽകാശിനു കൊള്ളാത്ത വനമാല  ബാർസോപ്പ്  ഇപ്പോൾ  ആർക്കും വേണ്ട, പരസ്യവാചകം  ഇപ്പോഴും  വോട്ടിനു മാത്രം മുമ്പിൽ എത്തുന്ന രാഷ്ട്രീയക്കാരെയും നേതാക്കളെയും  കളിയാക്കാൻ ജനം ഉപയോഗിക്കുന്നത് മാത്രം മിച്ചം.

'' വാട്ടീസ്‌ ദിസ് ലീലാമ്മേ ഫയലുകൾ ഒന്നും നീങ്ങുന്നില്ലല്ലോ. മൈക്കിൾസ് ടീ കുടിച്ചില്ലേ .. ആരോഗ്യത്തിനും ഉന്മേഷത്തിനും മൈക്കിൾസ് ടീ ഒരു ശീലമാക്കു''..

ഇതു കേട്ടു സർക്കാർ ഓഫീസുകളിലെ ജീവനക്കാർ മൈക്കിൾസ് ടീ കുടിച്ചിരുന്നെങ്കിൽ  കേരളത്തിലെ  സർക്കാർ ഓഫീസുകളിലെ മാറാലപിടിച്ചു കിടക്കുന്ന ലക്ഷകണക്കിന് ഫയലുകൾ നീങ്ങിയേനെ.

''എന്ത് ചായക്ക് പാലില്ലന്നോ.. പാലില്ലെങ്കിൽ വിഷമിക്കേണ്ട അനിക് സ്പ്രേ  ഉണ്ടല്ലോ..അനിക്സ്പ്രേ.. പൊടി പോലും ഇല്ല കണ്ടുപിടിക്കാൻ''..

ഓഫീസിൽ നിന്ന്  സ്ഥിരം മുങ്ങുന്ന ആഫീസറുന്മാരെ ഓർത്തു പൊതുജനം പൊടിപോലും ഇല്ല  കണ്ടുപിടിക്കാൻ  എന്നു പരിതാപം പറയുന്ന കാര്യം  ഇത്തരുണത്തിൽ  ഓർത്തുപോകുന്നു.
ഇനി സ്ക്കൂളിലും കോളേജിലും എന്തിന് അടുക്കളയിലും വരെ പരസ്പരം കളിയാക്കാനും ദ്വയാർത്ഥ പ്രയോഗത്തിനും ഉതകുന്ന ചിലപരസ്യങ്ങൾക്കും പിതൃത്വം ആകാശവാണിക്ക് തന്നെ.

'' രാധേ അതിമനോഹരമായിരിക്കുന്നു.. എന്നെയാണോ ഉദ്ദേശിച്ചത് ഛേ.. നിന്നെയല്ല ..നിന്റെ  പാചകം ''
'' പുലരി മുതൽ സന്ധ്യ വരെ പുതുമ തരും അംബർ.. അംബർ ബനിയനും ജട്ടികളും ''
'' കല്യാണ സാരി എവിടെ നിന്നാ എടുക്കുന്നത് കോട്ടയം അയ്യപ്പാസിൽ നിന്നും ... അതൊരു ചെറിയ കടയല്ലേ ..പുറത്തു നിന്നു നോക്കിയാൽ ചെറുത് .. അകത്ത് അതിവിശാലമായ ഷോറൂം ''..

ജീവിതത്തിൽ ഇതുപോലെ സുഖകരമായ ഒത്തിരി ഓർമ്മകൾ  നമുക്കോരോരുത്തർക്കും  കാണും. ഇനി ഒരിക്കലും തിരികെ വരാത്ത ഓർമ്മകൾ. ഇന്നു വിരൽതുമ്പിൽ എത്തിനിൽക്കുന്ന ഇന്റർനെറ്റ് റേഡിയോയും നൂറുകണക്കിനു എഫ്. എം സ്റ്റേഷനുകളും രഞ്ജിനി ഹരിദാസിനെ തോൽപ്പിക്കുന്ന വിധത്തിൽ മംഗ്ലീഷ് മൊഴിയുന്ന അവതാരകരും ഉള്ള ഈ കാലത്തു ആ പഴഞ്ചൻ ആകാശവാണി കാലഘട്ടത്തെക്കുറിച്ചും  അതിന്റെ ഗൃഹാതുരത്വത്തേകുറിച്ചും ആരോർക്കാൻ..





അടുത്തിടെ നാട്ടിൽ പോയപ്പോൾ അപ്പനോടൊപ്പം എന്തോ റിക്കാർഡുകൾ പരതുമ്പോൾ അപ്പന്റെ ഡയറിയിൽ നിന്ന് എന്തോ പുറത്തേക്ക് വീണു . അതാ ..കിടക്കുന്നു പഴയ റേഡിയോ ലൈസൻസ് ..ഈ റേഡിയോ ലൈസൻസും ഞാനുമായി ബന്ധപ്പെട്ടു മറക്കാനാവാത്ത ചില ഓർമ്മകൾ ഉണ്ട്. പണ്ട് ഞാൻ ആറിലോ ഏഴിലോ പഠിക്കുന്നകാലം. സ്റ്റാമ്പ് കളക്ഷൻ ആയിരുന്നു എന്റെ അന്നത്തെ കമ്പം. സ്റ്റാമ്പ് കമ്പം മൂത്തു ഞാൻ അപ്പനറിയാതെ ഒന്നുരണ്ടു സ്റ്റാമ്പുകൾ റേഡിയോ ലൈസൻസിൽ നിന്ന് ഇളക്കി എടുത്തു. പിന്നീട് എപ്പഴോ അപ്പൻ അതു കണ്ടുപിടിച്ചു . അപ്പന്റെ കൈയ്യിൽ നിന്നും കാപ്പിവടി കൊണ്ടു പൊതിരെ തല്ലുകിട്ടി . അപ്പൻ അതുപോലെ നിർദയം എന്നെ തല്ലിയ  മറ്റൊരു സന്ദർഭവും പിന്നീട്  ഉണ്ടായിട്ടില്ല. തറയിൽ വീണ ലൈസൻസ് ഞാൻ പതുക്കെ  മറിച്ചു നോക്കി. അതാ ഞാൻ സ്റ്റാമ്പ് കീറിയെടുത്ത ഭാഗം.. എന്റെ മുതുകത്തു അപ്പന്റെ ശുഷ്ക്കിച്ച കൈകൾ കൊണ്ടു പതിയെ ഒരു തലോടൽ ..
'' നിനക്ക് ഓർമ്മയുണ്ടോ മോനെ, നീ സ്റ്റാമ്പ് കീറിയെടുത്തതിന് ഞാൻ തല്ലിയത്''..
ഒരു നിമിഷം ആ 36 കൊല്ലം മുമ്പത്തെ ചെറിയ ചെക്കൻ ആയി ഞാൻ മാറി. ഒരുപാട് ഓർമ്മകൾ മനസ്സിലൂടെ കടന്നു പോയി. ഞാൻ പതിയെ ഒന്നു മൂളി.. കൺകോണിൽ ഒരു തുള്ളി കണ്ണുനീർ വന്നു ഓർമ്മകളെ മൂടി.. മനഃപൂർവം ഞാൻ അപ്പന്റെ മുഖത്തേക്കു നോക്കിയില്ല..അവിടെയും ഒരു തുള്ളി കണ്ണുനീർ പൊടിഞ്ഞിട്ടുണ്ടോ എന്നു ഒരു  തോന്നൽ.....


കാലമിനിയും ഉരുളും വിഷു വരും
വര്‍ഷം വരും തിരുവോണം വരും...
പിന്നെയോരോ തളിരിനും പൂ വരും കായ് വരും.
അപ്പോള്‍ ആരെന്നും എന്തെന്നും ആര്‍ക്കറിയാം...

            ( സഫലമീയാത്ര - എൻ. എൻ. കക്കാട് )