കാക്കതുരുത്ത്
വൈകുന്നേരം ബോട്ട് ജെട്ടിയിൽ നല്ല
തിരക്കായിരിക്കും. മീൻ പിടുത്തത്തിനായി പ്രഭാതത്തിൽ കടലിൽ പോയ ബോട്ടുകൾ മടങ്ങി
വരുന്ന സമയം.ഓരോ ബോട്ടും കരയോട് അടുക്കുമ്പോൾ അതിന്റെ ഉടമയായ അറബി ക്ഷമയോടെ അവിടെ
കാത്തു നിൽക്കുന്നുണ്ടാകും. ചിലപ്പോൾ ഒഴിഞ്ഞ ബോട്ടുകളാകും തീരത്ത് അടുക്കുക.മറ്റു
ചിലപ്പോൾ ഉടമയായ അറബിയെ ആവേശ ഭരിതനാക്കും വിധം നിറയെ കോരുമായിട്ടാകും ബോട്ട്
കരയ്ക്ക് അണയുക. ജോലിക്കാർ മിക്കവരും ബംഗാളികളോ സിംഗളരോ തമിഴരോ ആയിരിക്കും.
അപൂർവ്വം ചില അവസരങ്ങളിൽ മാത്രമേ ഞാൻ മലയാളികളെ ഈ പണിയ്ക്കു കണ്ടിട്ടുള്ളു. ബോട്ടിൽ
നിന്ന് മീൻ കൊട്ടകളിൽ നിറച്ചു കരയിൽ എത്തിച്ചശേഷം ബോട്ട് കഴുകി വൃത്തിയാക്കിയതിനു
ശേഷമേ ജോലിക്കാർക്ക് മടങ്ങാനാകുക.മടങ്ങുമ്പോൾ കൂടെ ഒരു പ്ലാസ്റ്റിക് കവറിൽ തന്റെ
ആവശ്യത്തിന് കുറെ മീനുകളും കാണും എല്ലാ പണിക്കാരുടെയും കൈയ്യിൽ.വല്യ വിലകിട്ടാത്ത
അയലയോ ചാളയോ ചെറുമീനുകളോ ആകും ഉടമ ഇത്തരത്തിൽ സൗജന്യമായി പണിക്കാർക്ക്
നൽകുക.പണ്ടൊക്കെ ചില സായാഹ്നങ്ങളിൽ ഈ കാഴ്ചകൾ കാണാൻ ഞാൻ ബോട്ടുജെട്ടിയിൽ
പോകാറുണ്ട്.കടൽപക്ഷികളും ആളും തിരക്കും ആരവങ്ങളും നിറഞ്ഞ കടൽതീരങ്ങൾ.സമയം
കൊല്ലുവാൻ വേണ്ടി ചൂണ്ടയിട്ട് മീൻ പിടിക്കുന്ന പ്രവാസികൾ ധാരാളം.ദുരിതങ്ങൾ നിറഞ്ഞ
പ്രവാസജീവിതത്തിന്റെ വിരസത അകറ്റുവാൻ അങ്ങനെ എന്തെല്ലാം വഴികൾ.
അങ്ങനെ ഒരു വൈകുന്നേരം ഞാൻ
താമസിക്കുന്ന ഗൾഫിലെ ചെറുപട്ടണത്തിലെ ബോട്ട് ജെട്ടിയിൽ വെച്ചാണ് അയാളെ ആദ്യമായി
കാണുന്നത്.എന്നെ അയാളിലേക്ക് എത്തിച്ചത് കുറെ കാക്കകൾ ആയിരുന്നു. കടൽതീരത്ത് ഞാൻ നിന്നിരുന്ന ഇടത്തു കുറെ കാക്കകൾ.
സാധാരണ കാക്കകളുടെ കരച്ചിലും കലപിലയും ആണ് കേൾക്കുക. എന്നാൽ ഈ കാക്കകൾ ക്ഷമയോടെ
ആരെയോ കാത്തിരികുകയാണ്. പതിവു ബഹളങ്ങളോ ഒച്ചപ്പാടുകളോ ഇല്ല. ഒരു പത്തിരുപത് എണ്ണം കാണും അക്കൂട്ടത്തിൽ. ദൂരെ കടലിൽ ഒരു ബോട്ട് പ്രത്യക്ഷപ്പെട്ടു.
കാക്കകൾ ആവേശത്തോടെ പറന്നുയർന്നു ആ ബോട്ടിനെ ലക്ഷ്യമാക്കി നീങ്ങി. അവ കരയ്ക്ക് എത്തുവോളം ആ ബോട്ടിനെ വലംവെച്ചുകൊണ്ടിരുന്നു.ആ
ബോട്ടിനൊപ്പം അവരും കരയ്ക്ക് അണഞ്ഞു. കാക്കകൾ ആരെയോ പ്രതീക്ഷിക്കുന്നതു പോലെ എനിയ്ക്ക് തോന്നി. ബോട്ടിൽ നിന്ന് പ്ലാസ്റ്റിക് കൂടകളിൽ
മീൻ നിറച്ചു ജോലിക്കാർ കരയിൽ എത്തിച്ചു. ഈ സമയം ഒക്കെ കാക്കകൾ ക്ഷമയോടെ
കാത്തിരിക്കുകയാണ്. കുറെ ജോലിക്കാർ ചേർന്ന്
മീൻകുട്ടകൾ ലേലത്തിനായി തള്ളികൊണ്ട് പോകുന്ന തത്രപ്പാടിൽ ആയിരുന്നു. ഉടമയായ
അറബിയും അവരോടൊപ്പം ചേർന്നു.
ഒടുവിൽ ബോട്ടിൽ ഡ്രൈവർ മാത്രം
ശേഷിച്ചു. അപ്പോഴാണ് ഞാൻ അയാളെ ശ്രദ്ധിക്കുന്നത്. നല്ല കറുത്തുതടിച്ചു
ബകാസുരനെപ്പോലെ തോന്നിക്കുന്ന ഒരാൾ.കപ്പടാമീശ, ചുകന്ന കണ്ണുകൾ മലയാളിയോ തമിഴനോ ആണെന്ന് ഒറ്റനോട്ടത്തിൽ തോന്നും. മുടിയൊക്കെ നരച്ചിട്ടുണ്ട്. ബോട്ട് പ്ലാസ്റ്റിക് കാനിൽ കടൽവെള്ളം കോരിയൊഴിച്ചു
കഴുകിയതിനു ശേഷം അയാൾ അടുത്തുള്ള
യാർഡിലേക്ക് അത് ഓടിച്ചുകൊണ്ടു പോയി. കാക്കകളും
പുറകെ വെച്ചു പിടിച്ചു. അവിടെ ബോട്ട് കെട്ടിയിട്ടശേഷം അയാൾ തന്റെ സാധനങ്ങളും
പ്ലാസ്റ്റിക് കീശയിൽ കുറെ മീനുകളുമായി അയാൾ ബോട്ടിൽ നിന്ന് ഇറങ്ങി. കാക്കകളുടെ
ആരവം ഉച്ചത്തിൽ ആയി.കാക്കകൾ അയാളെ പിൻതുടർന്നു... കൂടെ ഞാനും. കടൽതീരത്തു കൂടെ കുറെദൂരം അയാൾ നടന്നു. കാക്കകൾ അയാളെ വട്ടംചുറ്റി
പറക്കുന്നുണ്ട്. കൂട്ടത്തിൽ അയാൾ അവറ്റകളോട് സംസാരിക്കുന്നുണ്ട്. ശുദ്ധമലയാളത്തിൽ നല്ല ഉച്ചത്തിൽ ആണ്
സംസാരം.
" ഒന്ന് അടങ്ങീൻ.. എല്ലാവർക്കും
ഒള്ള വീതം ഉണ്ട് "
കൈവീശി തിരിഞ്ഞപ്പോൾ അല്പം ദൂരത്തായി പിന്തുടരുന്ന എന്നെ അയാൾ കണ്ടു. സൗഹൃദത്തോടുള്ള ചിരി കണ്ടിട്ടാകും അയാൾ
എന്റെ നേരെ കൈവീശി കാണിച്ചു. എന്നിട്ട് ഞാൻ കേൾക്കുംവണ്ണം ഉച്ചത്തിൽ പറഞ്ഞു.
" ഓ ഇവറ്റകളെ കൊണ്ടു തോറ്റു.. ന്റെ
ചെങ്ങായിമാരാണ് ഇവര്.. കാത്തിരുന്നു വിശന്നു കാണും "
അയാൾ പ്ലാസ്റ്റിക് കീശ തുറന്നു മീൻ പുറത്തെടുത്തു.
എന്നിട്ട് തന്റെ അരയിൽ തിരുകി വെച്ചിരുന്ന പിച്ചാത്തി വെളിയിൽ എടുത്തു മീൻ
ചെറുകഷ്ണങ്ങൾ ആയി മുറിക്കാൻ തുടങ്ങി. ചോരയിറ്റു വീഴുന്ന ചെറുകഷ്ണങ്ങൾ അയാൾ കാക്കകൾക്കിടയിലേക്ക് എറിഞ്ഞു
കൊടുത്തു. കാക്കകൾ ഇരകിട്ടിയ ആവേശത്തോടെ മണലിൽ നിന്ന് മീൻ കഷ്ണങ്ങൾ കൊത്തിതിന്നു
തുടങ്ങി.ഓരോ കഷ്ണത്തിന്റെ പുറകിലും മൂന്നാലു കാക്കകൾ. ഭക്ഷണം കിട്ടാത്ത
കാക്കകൾക്കായി അയാൾ തുണ്ടങ്ങൾ മാറ്റിമാറ്റി എറിയുന്നുണ്ട്. മീൻ മുറിച്ചു എറിയുമ്പോൾ അയാൾ കാക്കകളോട് ഉച്ചത്തിൽ വർത്തമാനം പറയുന്നുണ്ട്.
ഞാൻ തെല്ലുകൗതുകത്തോടെ ആ കാഴ്ച കണ്ടുനിന്നു.അയാളുടെ കീശയിലെ മീനുകൾ തീർന്നശേഷവും
അവിടവിടെ ചുറ്റിപറ്റി കുറേനേരം നിന്നശേഷം കാക്കകൾ മടങ്ങി.
കാക്കകൾ സ്ഥലം വിട്ടശേഷം കുറേനേരം ഞാൻ
അയാളുമായി വർത്തമാനം പറഞ്ഞു നിന്നു. പേര് നാരായണൻ. ഇവിടെ എത്തിയിട്ട് കുറേ കൊല്ലങ്ങളായി.
മീൻപിടുത്ത ബോട്ട് ഓടിക്കൽ ആണ് പണി. ഇപ്പോഴത്തെ അറബിയോട് കൂടെ കൂടിയിട്ട് നാലഞ്ചു കൊല്ലമായി. മുമ്പ് പുറംകടലിൽ ട്രോളറിൽ ആയിരുന്നു പണി. പുറംകടലിൽ
പോയാൽ രണ്ടു ആഴ്ചയെങ്കിലും എടുക്കും തിരികെ എത്താൻ.പുറംലോകത്തോട് യാതൊരു ബന്ധവും ആ
സമയങ്ങളിൽ ഉണ്ടാകുകയില്ല. ആ പണി മടുത്തിട്ടാണ് ഇപ്പോഴത്തെ ചെറിയ ബോട്ടിൽ ഡ്രൈവറായി കൂടിയത്.
ഇതാകുമ്പോൾ നേരത്തോടുനേരം കഴിയുമ്പോൾ കരയിൽ തിരികെ എത്താം. അയാൾ നിറുത്താതെ തന്റെ
കടൽ ജീവിത വിശേഷങ്ങൾ പറഞ്ഞുകൊണ്ടിരിക്കുന്നു. എനിക്ക് ഹോസ്പിറ്റലിൽ ആണ് പണി
എന്ന് കേട്ടതോടെ അയാൾക്ക് ഉത്സാഹമായി. പിന്നെ രോഗങ്ങളെകുറിച്ചായി സംസാരം.
കുറെനേരം വർത്തമാനം പറഞ്ഞു വിശേഷങ്ങൾ ഒക്കെ പങ്കുവെച്ചിട്ട് ഞാൻ
മടങ്ങി.നാരായണേട്ടൻ കുറെ ബോട്ട് പണിക്കാർ ആയ ബംഗാളികളോടൊപ്പം ഒരു വില്ലയിൽ ആണ്
താമസം. ബോട്ട് ഉടമ ആയ അറബിയുടെ ആണ് വില്ല.
പിന്നീട് ആണ് ഞാൻ അയാളെക്കുറിച്ചുള്ള കാര്യങ്ങൾ
മനസ്സിലാക്കുന്നത്. പേര് കാക്ക നാരായണൻ. കാക്കകൾക്ക് ഭക്ഷണം കൊടുക്കുക ആണ്
പ്രധാനവിനോദം. നാട്ടിൽപോയിട്ട് കുറെ കൊല്ലങ്ങളായി. കുടുംബം ഉണ്ടോ എന്നുള്ള കാര്യം
ആർക്കും തിട്ടമായി അറിയുകയില്ല. അതല്ല നാട്ടിലെ ഭാര്യയ്ക്ക് അയച്ചു കൊടുത്ത പണവും
പണ്ടങ്ങളുമായി അവർ അയൽപക്കകാരനുമായി മുങ്ങി എന്നാണ് നാരായണേട്ടന്റെ പരിചയക്കാരൻ ആയ
കേരളഹോട്ടൽ ഉടമ കോയക്കുട്ടി എന്നോട് പറഞ്ഞത്. അതിനുശേഷം ആണത്രേ മൂപ്പർക്ക്
കാക്കകളോട് ഇത്ര പ്രേമം. തനിക്കു കിട്ടുന്നതിന്റെ ഭൂരിഭാഗവും കാക്കകളെ
പോറ്റാനായിട്ടാണ് അയാൾ ചിലവഴിക്കുക. കൂട്ടുകാർ ഒക്കെ കാക്ക നാരായണൻ എന്നു വിളിക്കുന്നതിൽ മൂപ്പർക്ക് ഒരു പരിഭവവുമില്ല. അർബാബ് ആയ അറബി പോലും
നാരായണേട്ടന്റെ കാക്കപ്രാന്ത് കൊണ്ട് അയാളെ ഗുരാബ് (കാക്ക)
എന്നാണ് വിളിയ്ക്കയത്രേ.
നാരായണേട്ടൻ ഇടയ്ക്കിടെ എന്നെ ഫോണിൽ വിളിയ്ക്കും. മൂപ്പർ
എന്നെ 'ഭായി' എന്നാണ് വിളിക്കുക. നല്ല മീൻ കിട്ടിയാൽ കുറെ എടുത്തു വെച്ചിട്ട് എന്നെ
വിളിക്കും. പണം കൊടുത്താൽ ഏറെ നിർബന്ധിച്ചാൽ മാത്രമേ വാങ്ങാറുള്ളു. കടലുമായി
ബന്ധപ്പെട്ട എന്തോരം കഥകൾ ആണ് മൂപ്പർക്ക് അറിയുക. ഇറാൻ പോലീസ് ഒരിക്കൽ ബോട്ടുമായി
പിടിച്ചുകൊണ്ടു പോയിട്ട് അവിടുത്തെ ജെയിലിൽ 2 മാസം കഴിഞ്ഞത്രേ. അങ്ങനെ എന്തെല്ലാം കഥകൾ.
കാക്കകളെ കുറിച്ചു പറഞ്ഞു തുടങ്ങിയാൽ
പിന്നെ നൂറുനാവാണ് അയാൾക്ക്. സ്ഥിരം സംഘത്തിൽ ഉള്ള കാക്കകൾക്ക് എല്ലാം നാരായണേട്ടൻ ഓരോരോ പേരുകൾ കൊടുത്തിട്ടുണ്ട്.
എല്ലാം പുരാണത്തിലെ പേരുകൾ. ഭീമസേനൻ, ചിത്രാംഗദൻ, മഹോദരൻ, ഉഗ്രസേനൻ, സുലോചന, ചാരുദത്ത, സുധർമ്മ അങ്ങനെ എനിക്ക് അത്ര പരിചിതമല്ലാത്ത കുറെ പേരുകൾ.
പുരാണങ്ങളിൽ ഇത്ര വിവരം ഉള്ള ഒരാൾ
എങ്ങനെ ആണ് മീൻപിടുത്തക്കാരൻ ആയത് എന്ന ചോദ്യത്തിന് മറുപടി നാരായണേട്ടൻ ഒരു ചെറുചിരിയിൽ ഒതുക്കും. അവധി ദിവസങ്ങളിൽ നാരായണേട്ടൻ
വില്ലയ്ക്ക് പുറത്തിറങ്ങിയാൽ തുടങ്ങും കാക്കകളുടെ നിലവിളി. ഭക്ഷണം കിട്ടാതെ പിന്നെ
അവ കരച്ചിൽ നിറുത്തുക ഇല്ല. നാരായണേട്ടൻ ഉച്ചയ്ക്ക് വെയ്ക്കുന്ന ചോറിന്റെയും മീൻകറിയുടെയും ഒരു പങ്ക് അവറ്റകൾക്ക് കിട്ടാതെ കാക്കകൾ
അടങ്ങുക ഇല്ല. നാരായണേട്ടൻ അല്ലാതെ വില്ലയിൽ മറ്റാരെങ്കിലും
ഭക്ഷണം നൽകിയാൽ കാക്കകൾ കണ്ടതായി ഭാവിക്കാറില്ല. കാക്കകൾക്ക് എന്തുകൊണ്ടോ എന്നെ
അത്ര ഇഷ്ടമല്ല. ഞാൻ അടുത്ത് ചെന്നാൽ കാക്കകൾ നാരായണേട്ടന്റെ അടുത്തുനിന്നു പറന്നു
ദൂരെ മാറിക്കളയും. അതിനാൽ നാരായണേട്ടൻ കാക്കകൾക്ക് ഭക്ഷണം കൊടുക്കുമ്പോൾ ഞാൻ ദൂരെ മാറി നിൽക്കുക
ആണ് പതിവ്.
ഒരു ദിവസം വൈകുന്നേരം ഞാൻ
ബോട്ടുജെട്ടിയിൽ മീൻ വാങ്ങുവാനായി പോയി. നാരായണേട്ടന്റെ ബോട്ട്
വരാറാകുന്നതേയുള്ളൂ. കാക്കകൾ അങ്ങിങ്ങു ചുറ്റിപറ്റി
നിൽക്കുന്നുണ്ട്. അക്കൂട്ടത്തിലെ ഒരു വെള്ളപാണ്ട് പിടിച്ച കാക്കയെ ഞാൻ അന്നാണു
ആദ്യമായി ശ്രദ്ധിക്കുന്നത്. വെള്ളനിറം ഉള്ളത് കൊണ്ടാകും മറ്റു കാക്കകൾ അതിനെ
കൂട്ടത്തിൽ കൂട്ടുന്നതേ ഇല്ല.
പതുങ്ങിയ പ്രകൃതം ഉള്ള ഒരു വയസ്സായ കാക്ക. അതു അടുത്തുവന്നാൽ മറ്റു കാക്കകൾ
കൊത്തി ഓടിക്കുന്നുണ്ട്. പാവം വയസ്സായതു കൊണ്ടാകും പൊരുതാൻ കൂടി അത് തയ്യാറല്ല.
എന്തുകൊണ്ടോ ആ വെള്ളപ്പാണ്ട് പിടിച്ച കാക്കയെ എനിക്ക് ഏറെ
ഇഷ്ടമായി. നല്ല ശാന്തപ്രകൃതം ഉള്ള ഒതുക്കം
വന്ന കാക്ക. നാരായണേട്ടൻ വന്നതോടെ കാക്കകൾ ആവേശതിമിർപ്പിലായി. കാക്കകൾക്ക് ഭക്ഷണം
കൊടുക്കുമ്പോൾ ആണ് എനിക്ക് ഒരു കാര്യം മനസ്സിലായത് ആ വെള്ളകാക്ക നാരായണേട്ടനും
പ്രിയപ്പെട്ടത് ആണെന്ന കാര്യം. ആ കാക്ക ആകട്ടെ മറ്റു കാക്കകളോടൊപ്പം ഭക്ഷണത്തിനായി തിരക്ക് കൂട്ടുന്നില്ല.
മാറി ഒരു ഭാഗത്ത് ഒതുങ്ങി നിൽക്കുകയാണ്. ആ കാക്കയ്ക്കായി ഭക്ഷണത്തിന്റെ ഒരു
വിഹിതം മാറ്റിവെച്ചു മറ്റു കാക്കകൾക്ക്
ഇട്ടുകൊടുക്കുന്ന കൂട്ടത്തിൽ ഇടാതെ നാരായണേട്ടൻ വേറെ നൽകുകയാണ് ചെയ്യുന്നത്. അയാളുടെ കൈയ്യിൽ നിന്നു അതു നേരിട്ടു
ഭക്ഷണം കൊത്തി കഴിക്കുന്നുണ്ട്. ഭക്ഷണം നൽകുന്ന നേരം എന്തൊക്കെയോ അയാൾ കാക്കയോട്
നിറുത്താതെ പറയുന്നുണ്ട്. ആ വെള്ളകാക്കയ്ക്കാകട്ടെ നാരായണേട്ടനോട് എന്തോ വല്ലാത്ത
അടുപ്പം. ആ കാക്കയോട് സംസാരിക്കുമ്പോൾ അയാളുടെ മുഖത്ത് വന്നുമറഞ്ഞ ഭാവങ്ങൾ എന്നെ
അതിശയിപ്പിച്ചു.. കരുണ, സ്നേഹം, ബഹുമാനം, ആർദ്രത അങ്ങനെ എന്തെല്ലാമോ. അയാൾക്ക് പ്രിയമുള്ള ആരെയോ ഭക്ഷണം കഴിപ്പിക്കുന്നത് പോലെ എനിയ്ക്ക് തോന്നി.
മറ്റെല്ലാ കാക്കകളും അവിടം വിട്ടതിനുശേഷം ആണ് ആ വെള്ളപാണ്ടുള്ള കാക്ക അയാളെ
വിട്ടുപോയത്. അതു പോയതിനുശേഷം നാരായണേട്ടൻ ഞാൻ ഇരിക്കുന്നിടത്തേക്ക് വന്നു. ഞാൻ ചോദിച്ചു .
" എന്താ നാരായണേട്ടാ ആ കാക്കയുമായി
അത്ര അടുപ്പം. അത് ചേട്ടന്റെ പൊണ്ടാട്ടിയാ.."
അയാൾക്ക് ദേഷ്യം വന്നു. അയാൾ വല്ലാതെ ക്ഷോഭിച്ചു. വായിൽ തോന്നിയ
എന്തൊക്കെയോ കുറെ ചീത്തകൾ അയാൾ എന്നെ വിളിച്ചു. ഞാൻ ആകെ വല്ലാതെ ആയി. ഒടുവിൽ ഒരു
കൊച്ചുകുഞ്ഞിനെപ്പോലെ അയാൾ തേങ്ങി കരയാൻ തുടങ്ങി. കരച്ചിൽ അടക്കുന്നതിന് ഇടയിൽ
അയാൾ പറഞ്ഞത് കേട്ടു ഞാൻ ഒരു നിമിഷം സ്തബ്ധനായിപ്പോയി.
" ഭായി ..നിക്കറിയുമോ അതെന്റെ മരിച്ചുപോയ അമ്മയാണെടോ.. എന്നെ ഒന്നു കാണാൻ കൊതിയോടെ
കാത്തിരുന്നു ഒടുവിൽ മരണത്തിനു കീഴടങ്ങിയ എന്റെ പെറ്റമ്മ.. അമ്മയ്ക്കും ഈ
കാക്കയെപ്പോലെ വെള്ളപ്പാണ്ടുണ്ടായിരുന്നു."
ഒരു തേങ്ങലോടെ അയാളക്കഥ എന്നോട് പറഞ്ഞു. മുമ്പത്തെ അറബിയുടെ കീഴിൽ വിസയും
മറ്റു രേഖകളും ഇല്ലാതെ ജോലിചെയ്തിരുന്ന കാലം. നാട്ടിൽ പോയിട്ടു ഏറെ
കാലങ്ങളായിരുന്നു. എങ്ങനെങ്കിലും നാട്ടിൽ പോയി വയസ്സായ അമ്മയെ കാണാൻ ഏറെ
ആഗ്രഹിച്ചിരുന്നു. ഔട്ട്‌പാസ്സ് കിട്ടുവാൻ എംബസിയിൽ അപേക്ഷിച്ചിരുന്നു. അമ്മയ്ക്ക് മകനെ ഒരു നോക്കുകണ്ടിട്ടു
കണ്ണടയ്ക്കണം എന്നായിരുന്നു ആഗ്രഹം.
അയാൾ പുറംകടലിൽ മീൻപിടുത്തതിന്
പോയിരിക്കുന്ന സമയത്താണ് അമ്മയ്ക്കു അസുഖം കൂടിയത്.. ബോധം തെളിയുമ്പോൾ നാരായണൻ വന്നോ
എന്ന് ചോദിക്കും.. ഒടുവിൽ ഒരു ഗവണ്മെന്റ് ആശുപത്രിയിലെ തറയിൽ വിരിച്ച കീറപ്പായിൽ കിടന്നു അമ്മ മരിച്ചു. അമ്മ മരിക്കുമ്പോൾ നാരായണേട്ടൻ പുറംകടലിൽ വിവരങ്ങൾ എത്തപ്പെടാത്ത
ദൂരത്തായിരുന്നു. ടെലിഫോണിൽ വിളിച്ചു അമ്മ മരിച്ച വിവരം പറയുവാൻ ബന്ധുക്കൾ
ശ്രമിച്ചിട്ടും നാരായണേട്ടനെ കിട്ടിയില്ലത്രേ. ഒടുവിൽ ആരോ പരിചയക്കാരെ വിവരം
അറിയിച്ചിട്ടും നാരായണേട്ടൻ വിവരം അറിയുവാൻ പത്തു ദിവസം വൈകി. അപ്പോഴേക്കും എല്ലാം
കഴിഞ്ഞിരുന്നു. അന്നു നിറുത്തിയതാണ് അയാൾ
പുറംകടലിലെ ട്രോളർ പണി. പാവം നാരായണേട്ടന് അമ്മയെ ഏറെ
ഇഷ്ടമായിരുന്നു.നാട്ടിൽ അയാളുടെ വേരുകൾ
നിലനിർത്തുന്ന ഏകകണ്ണി. എനിക്ക് എല്ലാം മനസിലായി.. എന്തിനാണ് അയാൾ കാക്കകൾക്ക്
ഭക്ഷണം കൊടുക്കുന്നതെന്ന്?.. എന്തിനാണ് അയാൾ ആ വെള്ളപാണ്ടുള്ള
കാക്കയെ അത്ര സ്നേഹിക്കുന്നതെന്ന്?...
എന്റെ ഉള്ളിലെവിടെയോ ഞാൻ മറന്നുപോയ ചിലതൊക്കെ നുരപൊന്തുന്നത് പോലെ.. എനിയ്ക്ക് എന്തോ വല്ലാത്ത അസ്വസ്ഥത. ഞാൻ
അയാളെ ആശ്വസിപ്പിക്കുവാൻ ശ്രമിയ്ക്കാതെ പെട്ടന്നുതന്നെ അവിടം വിട്ടു. എന്റെ
കണ്ണുകൾ നിറഞ്ഞിരുന്നു. കൈയ്യിലെ മൊബൈൽ ഫോണിൽ ഞാൻ നാട്ടിലെ നമ്പർ തിരഞ്ഞു. വീട്ടിൽ
അമ്മ തനിച്ചാണ്. ടെലിഫോൺ റിംഗ് ചെയ്തിട്ടും ആരും ഫോൺ എടുക്കുന്നില്ല. നീണ്ടനേരത്തെ
റിംങ്ങിനു ശേഷം അത് നിന്നു.രണ്ടാംതവണ റിങ്ങു ചെയ്തിട്ടും ഫലമില്ല. ഒടുവിൽ ടെലിഫോൺ
റിംഗ് നിലയ്ക്കുമെന്നു തോന്നിയ നിമിഷം അമ്മ ടെലിഫോൺ എടുത്തു. ഞാൻ ഹലോ പറഞ്ഞു.
ഭൂഗോളത്തിലെ ഏതോ ഒരു ഏകാന്ത തുരുത്തിൽ നിന്ന് എന്നപോലെ അമ്മയുടെ പതിഞ്ഞ ശബ്ദം.
"ഹലോ മോനെ.. നീ എന്താ പതിവില്ലാതെ വിളിച്ചത്.. തിങ്കളാഴ്ച്ച അല്ലേ നീ വിളിക്കുന്നത്.. ഇന്നെന്താ
പതിവില്ലാതെ?.."
എന്റെ പിറകിലൂടെ ഏതോ ഒരു കാക്ക ദീനമായി കരഞ്ഞുകൊണ്ട് പറന്നു പോയി. ഞാൻ മറുപടി
ഒന്നും പറയാതെ ഒരു നിമിഷം നിശബ്ദനായി നിന്നു..പിന്നെ പതിയെ ചോദിച്ചു ..
" അമ്മയ്ക്ക് സുഖമാണോ?. "
വല്ലാതെ നൊമ്പരപ്പെടുത്തിയല്ലോ പുനലൂരാനേ ഈ പോസ്റ്റ്... ഈ കഥ വിജയിച്ചിരിക്കുന്നു...
ReplyDeleteവളരെ സന്തോഷം വിനുവേട്ടാ ...ഈ കഥ എഴുതുമ്പോൾ എനിയ്ക്ക് വല്ലാത്ത ഒരു ഫീൽ ആയിരുന്നു ..കഥ എഴുതുമ്പോൾ വാക്കുകൾ ഞാൻ അറിയാതെ വിരൽതുമ്പിൽ വരുന്നപോലെ ..സന്തോഷം ..ആശംസകൾ
Deleteസൂപ്പർ കഥ. റിയേലി റ്റച്ചിങ്ങ്. മനസ്സിലെ നന്മ ശരിക്കും എഴുത്തിൽ കാണുന്നുണ്ട്. വെരി ഗുഡ്.
ReplyDeleteവിശാലഗുരു എന്റെ ബ്ലോഗിൽ ഇടുന്ന രണ്ടാമത്തെ കമന്റ് . ബ്ലോഗിൽ എന്റെ ഗുരുസ്ഥാനീയൻ. ആദ്യമായി കണ്ടപ്പോൾ തൃശൂർ പൂരത്തിന് എഴുന്നള്ളിച്ച കൊമ്പനാനയെപ്പോലെ ഉള്ള ആ നിൽപ്പ് ഒരിയ്ക്കലും മറക്കാൻ സാധിക്കയില്ല..പിന്നെ കൂടെ ഒരു ഡയലോഗും ഞാൻ ആണ് കൊടകരപുരാണക്കാരൻ ..ഞാൻ അന്ന് ബ്ലോഗ് ഒന്നും വായിച്ചിട്ടില്ല ..വൈകിട്ട് വീട്ടിലെത്തി കൊടകരപുരാണം നെറ്റിൽ തപ്പിപ്പിടിച്ചു വായന തുടങ്ങി ..
Deleteഎന്താ രസം.. പാൽപായസം പൂവൻപഴം കൂട്ടി ഒരു പിടി പിടിക്കുന്ന പോലെ ...അന്ന് ഒറ്റയ്ക്കിരുന്നു ഞാൻ ചിരിക്കുന്ന കണ്ടു നല്ലപാതിയും കുട്ടിയോളും എനിയ്ക്ക് വട്ടായി എന്നാണ് കരുതിയത് ...
എന്ന് ഗുരുവിനെ എന്റെ കഥ സങ്കടപ്പെടുത്തി എന്നു കേൾക്കുമ്പോൾ ഏറെ സന്തോഷം ..ആശംസകൾ
ഹഹഹ... :) :) താങ്ക്യൂ താങ്ക്യൂ...
Deleteഎന്റേം കൂടി ഗുരുവാണ്‌ട്ടോ...
Deleteഅത് കൊണ്ടല്ലേ വിശാലഗുരു .. എന്ന പേര് ഞാൻ വിളിക്കുന്നത്.. വിശാലമായ മനസ്സ്.. എല്ലാവർക്കും പ്രിയൻ.. വിശാലഗുരു നീണാൾ വാഴ്ക
Deleteമനോഹരമായിരിക്കുന്നു .കുറെ നാളുകൾക്കു ശേഷം വായിച്ച നല്ലോരു കഥ .അഭിനന്ദനങ്ങൾ.
ReplyDeleteവളരെ സന്തോഷം ജെറീഷ് .. എഴുത്തു ഇഷ്ടപ്പെട്ടതിൽ ..താങ്കൾ ഒരു ബ്ലോഗ് തുടങ്ങാൻ ഞാൻ എത്ര നാളായി പറയുന്നു ..കഴിവ് ഒക്കെ പുറത്തുവരട്ടെ ..ആശംസകൾ
Deleteഎന്താ പറയേണ്ടതെന്നറിയില്ല...വായിച്ചു കഴിഞ്ഞ് ഇതുപോലെ എത്രയെത്ര അമ്മമാർ എന്നാലോചിക്കുമ്പോൾ വല്ലാത്തൊരു വിങ്ങൽ.... :-(
ReplyDeleteഈ കഥ എഴുതുമ്പോൾ വല്ലാതെ ഞാനും അസ്വസ്ഥനായിരുന്നു ..ആശംസകൾ
DeleteRealistic & Touching
ReplyDeleteസന്തോഷം പ്രിയ സുഹൃത്തേ..
Deleteഎത്ര അമ്മമാരും എത്ര മക്കളും ഇതുപോലെ അക്കരയും ഇക്കരയുമായി നൊമ്പരപ്പെട്ടു കഴിയുന്നു!
ReplyDeleteസത്യം.. പ്രവാസം അങ്ങനെ ആണ്.. ആശംസകൾ.
Deleteനൊമ്പരമുളവാക്കിയ കഥയാണിത് കേട്ടോ ഭായ്
ReplyDeleteഒപ്പം നല്ല വിലപ്പെട്ട അഭിപ്രായങ്ങളും കിട്ടിയിട്ടുണ്ടല്ലോ..!
ഞാനും ഈ കഥ എഴുതുമ്പോൾ വല്ലാതെ സങ്കടപ്പെട്ടിരുന്നു..ആശംസകൾ
Deleteഒറ്റയിരിപ്പിൽ വായിച്ചു തീർത്തു | വളരെ നന്നായിട്ടുണ്ട്, അഭിവാദ്ധ്യങ്ങൾ .......
ReplyDeleteസന്തോഷം സുഹൃത്തേ..
DeleteThis comment has been removed by a blog administrator.
ReplyDelete