Tuesday, 15 March 2016

ഷബീർ നിന്റെ ഓർമ്മയ്ക്ക്‌ ..

                  

                    ഷബീർ നിന്റെ ഓർമ്മയ്ക്ക്‌ ..








(ഏഷ്യാനെറ്റ്  ന്യൂസ്  ഓൺലൈൻ  മാഗസിനിലെ  ദേശാന്തരത്തിൽ  പ്രസിദ്ധീകരിച്ചത് 

http://www.asianetnews.com/magazine/deshantharam-samson-mathew-punalur )


മെഡിക്കൽ സ്റ്റോറിലെ തിരക്കുള്ള ഒരു പ്രഭാതത്തിൽ ആണ് ഞാൻ ആദ്യമായി ഷബീറിനെ കാണുന്നത്. ജനറൽ മെയിൻറ്റനൻസ് കമ്പനിയുടെ സൂപ്പർവൈസറുടെ  പുറകിൽ  പതുങ്ങി നിൽക്കുന്ന രണ്ടു പാകിസ്ഥാനി പയ്യൻമാർ ഷബീറും ജാഹർജാനും. ആദ്യം കണ്ടപ്പോൾ നീണ്ടു മെലിഞ്ഞ, വിളർത്ത് രക്തമയമില്ലാത്ത ഷബീറിന്റെ മുഖത്തേക്കാണ്  നോക്കിയത്. എവിടയോ കണ്ടുമറന്ന ദൈന്യതയാർന്ന മുഖം.   പുറകിൽ കുറേ കൂടി ആരോഗ്യമുള്ള  പ്രസന്നവാനായ ഒരു ചെറുപ്പക്കാരൻ , ജാഹർജാൻമെയിൻറ്റനൻസ് കമ്പനിയുടെ സൂപ്പർവൈസറുടെ മുഖത്തേക്ക് ഞാൻ ഒട്ടും മയമില്ലാത്ത നിലയിൽ  ഒന്നുനോക്കി .

കാരണം ഇതിന് മുമ്പ് ഇവർക്ക് പകരമായി ഹോസ്പിറ്റലിലെ മെഡിസിൻ സ്റ്റോറിൽ പോർട്ടർ ജോലി ചെയ്തിരുന്നത്  രണ്ടു  മലയാളി പയ്യൻമാർ ആയിരുന്നു.     സ്റ്റോറിൽ  മുമ്പൊക്കെ  പോർട്ടർ ജോലി ചെയ്തിരുന്നത് തമിഴന്മാരോ ബംഗാളികളോ ആയിരുന്നു ,വല്യ ബുദ്ധിമുട്ടില്ലാതെ അവരെ കൊണ്ട് പോർട്ടർ പണി  എടുപ്പിക്കാമായിരുന്നു. പാവങ്ങൾ.. പറഞ്ഞു കൊടുത്താൽ അതുപോലെ ചെയ്യും.  എഴുത്തും വായനയും കമ്മി . മലയാളികൾ വന്നതോടെ കാര്യങ്ങൾ ആകെ  മാറി. നാട്ടിൽ ഓട്ടോ ഓടിച്ചു നടന്നയാളാണ്  ഒരാൾ. കൊല്ലക്കാരനായ  മറ്റേ ചെങ്ങാതി നാട്ടിൽ        സി.ഐ.റ്റി .യുക്കാരനായ ലോഡിങ്ങ് തൊഴിലാളി ആയിരുന്നു. തൊഴിൽ അവകാശങ്ങളേക്കുറിച്ച് അവരെ  പ്രത്യേകം പഠിപ്പിക്കണ്ട അവശ്യം ഇല്ലല്ലോ. സ്റ്റോറിലെ ഏക മലയാളി ഉദ്യോഗസ്ഥനായ എന്നോട് അവർ പെട്ടെന്ന് അടുപ്പം കാട്ടി. നാട്ടുകാരാണല്ലോ എന്ന മമത എനിക്കും. കോൺട്രാക്ടിങ്ങ്  കമ്പനി ജീവനക്കാരായ അവർക്ക് ശമ്പളവും മറ്റാനുകുല്യങ്ങളും കുറവ്. നാട്ടിൽ ദിവസം ആയിരം രൂപ ഉണ്ടാക്കിയിരുന്ന ഇവർ 800 ദിർഹത്തിനു  (  12000 രൂപ )  പണി എടുക്കുവാൻ വന്ന് കുടുങ്ങി.  ഏജെന്റിന് കിടപ്പാടം പണയപ്പെടുത്തി ഒരു ലക്ഷത്തിനുമേൽ നൽകി , കൈയ്യിൽ നിന്ന് ടിക്കറ്റിന്  കാശും കൊടുത്തു പ്ലൈയിൻ കയറി വന്നവർ. നാട്ടിൽ നിൽക്കുമ്പോൾ ഗൾഫ്‌ എന്നുകേട്ടാൽ ചാടി പുറപ്പെടും ഇവിടെ എത്തുമ്പോഴല്ലേ കാര്യങ്ങളുടെ കിടപ്പ് മനസിലാകുക.   പോർട്ടർ എന്നാൽ നാട്ടിലെ ചുമടെടുപ്പ് പണിതന്നെ. പൊരി വൈയിലത്ത് സാധനങ്ങൾ കയറ്റി ഇറക്കണം.  നാട്ടിൽ വെച്ച് എന്തോ ഓഫീസ് ജോലിയാണന്ന് തെറ്റിദ്ധരിച്ചു വന്നുപെട്ടു. പുറം കരാറുകാരായ അവരുടെ പ്രശ്നത്തിൽ ഇടപെടുക എനിക്ക് ബുദ്ധിമുട്ട്   ആയിരുന്നു.   കമ്പനിയോടുള്ള ദേഷ്യത്തിൽ അവർ പണി എടുക്കുവാൻ  പതിയെ മടികാട്ടിതുടങ്ങി . നാട്ടിലേ പോലെ ഒച്ചയും വിളിയും ആയപ്പോൾ കമ്പനി രണ്ട് മാസം കൊണ്ട് അവരെ തിരികെ പായ്ക്ക് ചെയ്തു. ആ സ്ഥാനത്തേക്ക് ആണ് ഈ പുതിയ രണ്ടു പാക്കിസ്ഥാനി പയ്യൻമാർ. പൊതുവേ പ്രശ്നക്കാരായാണ്  പച്ചകൾ അറിയപ്പെടുന്നത്. ഗൾഫിൽ പച്ചകൾ എന്നത് പാക്കിസ്ഥാനികളുടെ അപരനാമം ആണ്. പച്ചകൾ  പെട്ടെന്ന്  കോപിക്കുന്ന പ്രകൃതക്കാരാണ്. ഇനി ഇവന്മാർ എന്തൊക്കെ പുകിലാ ഉണ്ടാക്കുക ?

എന്നാൽ കുറേ ദിവസം കൊണ്ട് എന്റെ ധാരണകൾ എല്ലാം മാറി. നന്നായി പണി എടുക്കും .. സാധുക്കൾ..  യാതൊരു വിളവും അറിയാത്തവർ . പാകിസ്ഥാനിലെ ബലൂച്ചിസ്ഥാൻ പ്രവിശ്യകാരാണ് ഇവന്മാർ . ഇന്ത്യയിൽ ബീഹാർ പോലുള്ള  ഒരു സംസ്ഥാനം.  അക്ഷരാഭ്യാസമുള്ളവർ വളരെ ചുരുക്കം. മലകൾ നിറഞ്ഞ വരണ്ട ഒരു പ്രദേശം . മഴ കുറവായതിനാൽ കൃഷി അപ്രാപ്യം.  തീവ്രവാദവും ആഭ്യന്തര യുദ്ധവും താറുമാറാക്കിയ ജീവിതങ്ങൾ. അവിടുത്തെ പരുക്കൻ ജീവിതം അവരെ ഏതു ജീവിതസാഹചര്യങ്ങളെയും നേരിടുവാൻ കരുത്തുള്ളവരായി മാറ്റിയിരുന്നു. മെഡിക്കൽ സാധനങ്ങളും മരുന്നുകളും കയറ്റി ഇറക്കുന്ന ജോലിക്ക് പ്രത്യേക വൈദഗ്ധ്യം ഒന്നും ആവശ്യം ഇല്ലാത്തതിനാൽ വേഗത്തിൽ അവർ പണി പഠിച്ചു. ഭാഷ മാത്രമായി പിന്നീട് പ്രശ്നം. ബലൂച്ചിയും പസ്ത്തോയും കലർന്ന ഭാഷ അല്ലാതെ ഉർദുവോ ഹിന്ദിയോ കാര്യമായി  അറിയില്ല. ആംഗ്യഭാഷയിലൂടെയും  മുറിഉർദുവിലുടെയും കാര്യങ്ങൾ അവർ മനസ്സിലാക്കി.  പലപ്പോഴും ഉത്തരം നിഷ്കളങ്കമായ ഒരു ചിരിയായിരിക്കും . പക്ഷേ ആറുമാസം കൊണ്ട് അത്യാവശ്യം ഉർദുവും ഇംഗ്ലീഷും അവർ പഠിച്ചു. പതുക്കെ ഞങ്ങളിൽ  ഒരു ഭാഗമായി അവർ മാറി.

സ്റ്റോറിലെ  കയറ്റിഇറക്ക് പണി അത്ര സുഖകരമായ ഒന്നല്ല.   പലപ്പോഴും പൊരിവെയിലത്ത്‌  ലോഡുകൾ ട്രക്കുകളിൽ കയറ്റണം . രാവിലെ ആറുമണിക്ക് ജോലി തുടങ്ങുന്ന ഇവർ  വൈകിട്ട് മൂന്ന് മണി വരെ ഒരേ ഷിഫ്റ്റിൽ ജോലി എടുക്കണം . അതിനു ശേഷം താമസ്സിക്കുന്ന  ക്യാമ്പിൽ  എത്തിയിട്ട് വേണം തലേന്ന് പാകം ചെയ്തുവെച്ച ആഹാരം കഴിക്കാൻ. രാവിലെ ഡ്യൂട്ടിക്കിടെ  ആണ് പ്രഭാതഭക്ഷണം . മിക്കപ്പോഴും  തലേന്നത്തെ  ഉണക്ക കുബൂസ് ( ഒരു തരം റൊട്ടി ) സുലൈമാനിയിൽ ( കട്ടൻ ചായ ) മുക്കി കഴിക്കുക ആണ് അവർ ചെയ്യുക . രാവിലെ ജോലിക്ക് വരുമ്പോൾ തലേന്ന് ബാക്കി വന്ന ഒന്നോ രണ്ടോ കുബൂസ് കൂടെ കരുതും.    അത് സ്റ്റോറി     സൌജന്യമായി കിട്ടുന്ന സുലൈമാനിയിൽ മുക്കി അകത്താക്കും. ഉച്ച വരെ പിടിച്ചു നിൽക്കണമെല്ലോ.


ഡിസ്ട്രിറ്റ് മെയിൻ സ്റ്റോർ 75 കിലോമീറ്റർ ദൂരെ ആയതിനാൽ ആഴ്ച്ചയിൽ  രണ്ട്തവണ എങ്കിലും അവിടെ എനിക്ക് പോകേണ്ട ആവശ്യം വരും. പലപ്പോഴും യാത്രകളിൽ  എന്റെ കൂടെ അവരും ഉണ്ടാകും.  അങ്ങനെയുള്ള യാത്രകളിൽ ഞാൻ അവരോട്‌ നാട്ടിലെ കാര്യങ്ങൾ ചോദിച്ചു അറിയാൻ ശ്രമിക്കാറുണ്ട്.  ജാഹർജാന്  പ്രായമായ മാതാപിതാക്കൻമാർ മാത്രം. കിട്ടുന്ന ശമ്പളം  ഇവിടുത്തെ ചിലവുകൾ കഴിച്ചു നാട്ടിൽ അയച്ചുകൊടുക്കും. നിക്കാഹ് കഴിക്കാത്തതിനാൽ കാര്യമായ പ്രാരാബ്ധങ്ങൾ ഇല്ല.   നല്ല ഉത്സാഹിയായ  ഒരു ചെറുപ്പക്കാരൻ. എത്ര ബുദ്ധിമുട്ടുള്ള പണിയും ഒരു മടിയും കൂടാതെ എടുക്കും.   മുൻവരിയിലെ  പല്ലുകൾ തമ്മിൽ  ഒരു പല്ലിന്റെ വിടവ് ഉണ്ട്. കല്യാണത്തെക്കുറിച്ച് ചോദിച്ചാൽ മുഖം നാണം കൊണ്ട് കുനിച്ചു നിഷ്കളങ്കമായ ഒരു ചിരി ചിരിക്കും .


മെയിൻ സ്റ്റോറിൽ  നിന്ന്   പ്രതിമാസ മെഡിസിൻ  സപ്ലേ   എടുക്കാൻ  പോകുന്നത്  രണ്ട്  ദിവസത്തെ അധ്വാനം ആണ്. പോകുന്ന വഴിക്ക്  മസാഫിയിൽ  ചായ കുടിക്കാൻ  വണ്ടി നിറുത്തും. മസാഫി  ഗൾഫിൽ ശുദ്ധജലത്തിന്  വളരെ പ്രസിദ്ധമായ സ്ഥലം ആണ്.  ഗൾഫിലെ മിക്ക സ്ഥലത്തേക്കും കുപ്പിവെള്ളം പോകുന്നത് ഇവിടെ നിന്നാണ്.  മസാഫി എന്ന വാക്കിന്റെ  അർത്ഥം ശുദ്ധമായ വെള്ളം എന്നാണ്.  നല്ല പച്ചപ്പുള്ള സ്ഥലം, ധാരാളം  മഴ ലഭിക്കും. അവിടെയുള്ള ഒരു പാകിസ്ഥാനി ചായക്കടയിൽ  നിന്നാണ് ചായ കുടി . നല്ല രുചിയുള്ള കീമ സാൻറ്റുവിച്ച്  ലഭിക്കും . വലിയ ഒരു  റൊട്ടിയിൽ  കീമ ( ഇറച്ചി , മസാല ചേർത്ത് പൊടിച്ചത് ) വെച്ച് ചുരുട്ടി എടുത്താണ് സാൻറ്റുവിച്ച്  ഉണ്ടാക്കുന്നത്. ഒരണ്ണം കഴിച്ചാൽ  ഇരുമ്പ് കട്ടി വയറ്റിൽ  കിടക്കുന്നത്  പോലെ തോന്നും. ഉച്ചവരെ പിന്നെ വിശപ്പ് തോന്നാത്തതിനാൽ കൂടെ വരുന്ന കുട്ടികൾക്ക് പണി എടുക്കുവാൻ നല്ല ഉത്സാഹമാണ് , കൂടെ ഒരു ചായയും കുടിച്ചാൽ ഉഷാറായി. പണിക്കാർക്കും ഡ്രൈവർക്കും  കൂടെ ഞാൻ കാശു കൊടുക്കുന്നതിനാൽ അവർക്ക് പെരുത്ത സന്തോഷം.   എനിക്കാണങ്കിൽ  ജോലി എളുപ്പം നടന്നുകിട്ടുമല്ലോ എന്ന ആശ്വാസവും.



ഷബീറാകട്ടെ ഒരു പ്രത്യേക സ്വഭാവക്കാരനാണ്. ആരോടും അധികം സംസാരിക്കില്ല. എന്തങ്കിലും ചോദിച്ചാൽ മാത്രം മറുപടി പറയും. പ്രായം 33  മാത്രമേ ഉള്ളങ്കിലും കണ്ടാൽ  ഒരു 45 വയസിനുമേലിൽ തോന്നും. മുഖത്ത്  അങ്ങിങ്ങായി   നര കയറിയ കുറ്റി രോമങ്ങൾ.   എപ്പോഴും മുഖത്ത് സ്ഥായിയായ വിഷാദ ഭാവം.  പലപ്പോഴും നാട്ടിലെ കുടുംബത്തെ  കുറിച്ചുള്ള ചോദ്യങ്ങൾക്ക്  മറുപടി നിരർത്ഥകമായ വരണ്ട ഒരു ചിരി ആയിരിക്കും. അങ്ങനെയിരിക്കെ ഒരു ദിവസം മുഖത്തെ സങ്കടം കണ്ടു എന്തു പറ്റിയെ ന്നുള്ള  ചോദ്യത്തിന് മുമ്പിൽ അയാൾ മനസ് തുറന്നു.

"   സാബ്‌   ഉധർ രഹനാ ബഹുത്ത് മുഷ്കിൽ   ഹെ "

പതിഞ്ഞ  ശബ്ദത്തിൽ ഷബീർ തന്റെ ജീവിതകഥ എന്നോട് പറഞ്ഞു
ബലൂച്ചിസ്ഥാനിലെ തുർബേല എന്ന സ്ഥലത്തുകാരനാണ് അയാൾ.  ഭാര്യയും  മൂന്ന് കുട്ടികളും ഉണ്ട്. ആദ്യത്തെ രണ്ടും പെൺകുട്ടികൾ ഇളയ ആൺകുട്ടിക്ക്  മൂന്ന് വയസായി .

"   ഉസ്കാ ദിൽ   മേം എക് സുരാക്ക് ഹെ "

ചെറിയ മകന്റെ  ഹൃദയത്തിനു തകരാർ (  സുഷിരം ) ഉണ്ടെന്നും അതിന് ചികിത്സയ്ക്കായി ധാരാളം പണം ചിലവായെന്നും എന്നോട് പറഞ്ഞു. അതിന്റെ  കടങ്ങൾ  വീട്ടണം , തുടർചികിത്സ ചെയ്യണം. ആകെ പ്രതിസന്ധിയിലാണ് ജീവിതം ,  ഒരു വശത്ത് കടക്കാർ മറുവശത്ത് മകന്റെ ചികിത്സ .

 നാട്ടിൽ ഇറാനിൽ നിന്ന് കള്ളകടത്തായി പെട്രോൾ  കൊണ്ടു വന്നു   അവന്റെ സ്ഥലത്ത് വിറ്റാണ് ജീവിതം തള്ളി നീക്കിയിരുന്നത്.  ഇറാന്റെ  ബോർഡറിൽ നിന്ന് അധികം  ദൂരത്തല്ല അവന്റെ ഗ്രാമം . സ്വന്തമായി എട്ടു  കനാൽ ( ഏകദേശം ഒരേക്കർ ) ഭൂമിയുണ്ട് . മഴയില്ലാത്തതിനാൽ  കൃഷി സാധ്യമല്ലത്രേ . കുറേ ഈന്തപ്പനകൾ ആ സ്ഥലത്തുണ്ട് അതിൽ നിന്ന് കാര്യമായി ഒന്നും കിട്ടാനില്ല.  ശരിയാണ്,  ഗൾഫിൽ ജോലി ചെയ്തവർക്ക് ഒരുപക്ഷെ അറിയാം   അവിടെ കിട്ടുന്ന ഈന്തപ്പഴത്തിന്റെ  ഭൂരിഭാഗവും  ആടുകൾക്ക് തീറ്റിയായിട്ടാണ് ഉപയോഗിക്കുന്നത്.   സ്വന്തമായി ഉണ്ടായിരുന്ന പിക്ക്അപ്പ്  വാൻ  വിറ്റിട്ടാണ്  ഗൾഫിൽ  എത്തിയത് . അമേരിക്കൻ ഉപരോധം  നിലനിൽക്കുന്നതിനാൽ  ഇറാനിൽ പെട്രോളിന് വിലക്കുറവാണ് അവിടെ നിന്ന്  പെട്രോൾ കാനുകളിൽ ആക്കി പിക്ക്അപ്പിൽ പച്ചകറി ലോഡിനോടോപ്പം  കയറ്റി കള്ളകടത്തായി  നാട്ടിൽ  കൊണ്ട് വന്നു  വിൽക്കുക ദുഷ്കരം. എപ്പോൾ വേണമെങ്കിലും  പിടിക്കപെടാം. പിന്നീടു  ജീവിതം ഇറാൻ ജയിലുകളിൽ ഹോമിച്ചു തീർക്കണം. വീട്ടിൽ  വെറുതെ ഇരുന്നാൽ തീവ്രവാദികൾ  പിടികൂടി അവരുടെ കൂട്ടത്തിൽ ചേർക്കും . ഒടുവിൽ ചാവേറായി പൊട്ടിത്തെറിക്കാനാകും വിധി . ജീവിതം മുമ്പോട്ട്‌ നയിക്കുവാൻ യാതൊരു മാർഗവുമില്ലാതെ  ഇരുന്നപ്പോൾ  ആരോ  ഉപദേശിച്ചതാണ് ഗൾഫ്‌.  പിക്ക്അപ്പ്  വിറ്റപണവും ഭാര്യയുടെ സ്വർണാഭരണങ്ങൾ വിറ്റപണവും  ചേർത്ത്  ഒന്നരലക്ഷം പാകിസ്ഥാനി രൂപ ഏജെന്റിനു കൊടുത്തിട്ടാണ് ഗൾഫിൽ എത്തിയത്. മാസം ഇരുപത്തിഅയ്യായിരം രൂപ ശമ്പളം കിട്ടും എന്നാണ് ഏജെന്റ് പറഞ്ഞത്  കൂടെ ആയാസം കുറഞ്ഞ ഹൊസ്പിറ്റൽ പണിയും. ഇവിടെ വന്നപ്പോഴല്ലേ കാര്യങ്ങൾ മനസിലായത് 800 ദിർഹം ശമ്പളം. മാസം പതിനായിരം  മിച്ചം കിട്ടുക പട്ടിണികിടന്നാലും അസാധ്യം. നാട്ടിലെ കടക്കാരെ കൊണ്ട് പൊറുതിമുട്ടിയിട്ടു വയ്യ .

ഇയാളെ  എന്ത് പറഞ്ഞാണ്  ആശ്വസിപ്പിക്കുക ?  . നാട്ടിൽ  നിന്ന് ഗൾഫ്‌ സ്വപ്നവും പേറി ഇവിടെ വരുന്ന ഒട്ടുമിക്ക പേരുടെയും സ്ഥിതി ഇതല്ലേ ? ഗൾഫ്‌ ഒരു  മരീചിക ആണന്ന്  ഇവിടെ  വരുമ്പോൾ ആണ്  തിരിച്ചറിയുക. ചിലർ  രക്ഷപെടും, ഒട്ടുമിക്ക പേർക്കും ജീവിതപ്രാരാബ്ധ ങ്ങളുടെ ഭാണ്ടകെട്ടും പേറി മരുഭൂമിയിൽ അലയാനാകും വിധി.

‘’ ഭായി വിഷമിക്കാതെ  ഇരിയ്ക്കൂ. പടച്ചവൻ  എന്തങ്കിലും  ഒരു  വഴി കാട്ടിത്തരാതെയിരിയ്ക്കുകയില്ല . ''

എന്റെ ഭംഗിവാക്കുകൾ  ഒന്നും  അയാളുടെ  പ്രശ്നങ്ങൾ  പരിഹരിക്കുകയില്ല എന്നു എനിക്കറിയാം. എന്നാലും സഹജീവിയോട്  അല്പം  സഹതാപം. അത് അയാൾക്ക് ഒരു പക്ഷേ ആശ്വാസം ആയാലോനാമെല്ലാവരും  ഓരോ തുരുത്തുകളിൽ ആണ് .. പൊള്ളുന്ന ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ തുരുത്തുകളിൽ....

ചില ദിവസങ്ങൾക്ക് ശേഷം എനിക്ക് അത്യാവശ്യമായി നാട്ടിൽ പോകേണ്ട കാര്യം വന്നു. വർഷാവസാനം  ആയതിനാൽ  സ്റ്റോറിലും നല്ല തിരക്കുള്ള സമയം. സ്റ്റോക്ക്‌ പരിശോധിച്ചു കണക്കുകൾ ഒക്കെ കൃത്യപ്പെടുത്തി വെയ്ക്കണം. പരിശോധനയ്ക്കായി പുറത്തു നിന്ന് കമ്മറ്റി വരും.   ഒരു വിധം പണി തീർത്ത് ഞാൻ രണ്ടാഴ്ച്ചയ്ക്ക് നാട്ടിൽ പോയി.


പുതുവർഷത്തിന്റെ പിറ്റേന്ന് തിരികെ ജോലിയ്ക്ക് കയറിയ ഞാൻ എല്ലാവരെയും കണ്ടു നാട്ടിലെ വിശേഷങ്ങൾ പങ്കുവെച്ചു.   നാട്ടിൽ നിന്ന് വരുന്നവരോട് പൊതുവായ ചില ചോദ്യങ്ങൾ ഉണ്ട്.  വീട്ടുകാർ സുഖം തന്നയോ?   മഴയുണ്ടോ?   അരിയ്ക്കും പെട്രോളിനും എന്താ വില? .  ഇതൊക്കെ വെറുതെ ഒരു ഭംഗിവാക്കിന് ചോദിക്കുന്നതാണ് എന്തങ്കിലും ചോദിക്കേണ്ടേ?

സ്റ്റോറിൽ  മൊത്തത്തിൽ  അഞ്ച്  പുറംലേബർസ് ഉണ്ട്,  രണ്ടു പോർട്ടർമാർ, രണ്ടു ക്ലീനെർമാർ,  ഒരു ഓഫീസ് ബോയി.    ഞാൻ അവർക്കായി നാട്ടിൽ നിന്ന് കൊണ്ട് വന്ന പലഹാരങ്ങൾ പങ്കുവെച്ചു . അവർക്ക് കോക്കനട്ട്  ബൻ  വളരെ ഇഷ്ടപ്പെട്ടു.  പുനലൂരിലെ ബേക്കറികളിൽ വളരെ രുചിയുള്ള  കോക്കനട്ട്  ബൺ   കിട്ടും . പരന്ന ബന്നിനകത്ത്‌  തേങ്ങാപീരയും ഞാലി പൂവൻ പഴവും മധുരവും ഡ്രൈഫ്രൂട്ട്സും നിറച്ചു ബേക്ക് ചെയ്തു എടുക്കുന്നത് , തിന്നാൻ നല്ല സ്വാദ് ആണ്.  ആരോ പറഞ്ഞു.

'' സാർ ഇനിയും നാട്ടിൽ പോയി വരുമ്പോൾ ഇതു കൊണ്ടു വരണേ ''

അപ്പോഴാണ്  ഞാൻ  ഷബീറിനെ  കാണാത്തത്‌ ശ്രദ്ധിച്ചത് .

''എവിടെ  ഷബീർ? ''   ഞാൻ അവരോട് തിരക്കി 

'' അവന് നല്ല പനിയാണ് സാർ ‘’

മരുന്ന് വല്ലതും വാങ്ങിയോ എന്ന ചോദ്യത്തിന് അവർ ഹൊസ്പിറ്റലിലെ എമർജൻസിയിൽ കാണിച്ചെന്ന് പറഞ്ഞു.   പിറ്റേന്ന് ഞാൻ  സാമ്പിൾ ആയി കിട്ടിയ  ഒരു  കോഴ്സ് ആന്റിബയോട്ടിക്ക്  കൊണ്ടുവന്നങ്കിലും കൊടുക്കാൻ സാധിച്ചില്ല. കാരണം അയാൾക്ക് വേറെ  എവിടയോ  നിന്ന് ആന്റിബയോട്ടിയ്ക്കും മരുന്നും ലഭിച്ചു എന്ന് കൂട്ടുകാർ പറഞ്ഞു . സാധാരണ പനിയ്ക്ക്  പാരസെറ്റമോളും ഏതങ്കിലും ഒരു ആന്റിബയോട്ടിയ്ക്കും ഒരു കോഫ് സിറപ്പും ആണ്  ഞങ്ങൾ ഫാർമസിസ്റ്റുകൾ കൊടുക്കാറ്. കൂടെ രണ്ടുമൂന്ന് ദിവസം റസ്റ്റ്‌ എടുത്താൽ  തീരാവുന്നതേ ഉള്ളൂ പനി.  അതിനാൽ ഞാനും ഷബീറിന്റെ കാര്യത്തിൽ അത്ര ശ്രദ്ധിച്ചില്ല .  പിന്നീട് കുറേ ദിവസത്തേക്ക് ഞാൻ ഷബീറിനെ കണ്ടില്ല. കൂടെയുള്ളവരോട് തിരക്കിയപ്പോൾ പനി കുറഞ്ഞില്ല എന്നും റൂമിൽ കിടക്കുക ആണന്നും പറഞ്ഞു. ഹൊസ്പിറ്റലിൽ  കാണിച്ചോ എന്നു ചോദിച്ചപ്പോൾ കാണിച്ചു എന്നും പറഞ്ഞു. പിറ്റേ ദിവസം അയാളുടെ ഏതോ ബന്ധു വന്നു ദുബൈയ്ക്ക് കൊണ്ട് പോയി എന്നും അവിടെ ഏതോ ഹൊസ്പിറ്റലിൽ  അഡ്മിറ്റ്‌  ചെയ്തു എന്നും നാട്ടിൽ തിരികെ പോകുകയാണന്നും കേട്ടു.

ലീവ് ബാലൻസ് ഉള്ളതിനാൽ പിന്നീടുള്ള  രണ്ടു ദിവസം ഞാൻ ജോലിക്ക് പോയില്ല.   രണ്ടാം ദിവസം  നിനച്ചിരിക്കാതെ എനിക്ക് ഒരു ഫോൺകോൾ. എടുത്തപ്പോൾ മെയിൻസ്റ്റോറിലെ എന്റെ ഒരു സുഹൃത്താണ്.

"   താൻ അറിഞ്ഞോ..  ഷബീർ മരിച്ചു പോയി "

കാതുകളെ  വിശ്വസിക്കാൻ പ്രയാസം തോന്നി.  എന്തെന്ത്  പ്രതീക്ഷകളുമായി  ഈ രാജ്യത്തു വന്ന ചെറുപ്പക്കാരൻ. മകന്റെ  ചികിത്സ..നാട്ടിലെ പ്രാരാബ്ധങ്ങൾ.. എല്ലാറ്റിനും  ഉള്ള  മറുപടി ആണല്ലോ  ഈ  ലോകം വിട്ടു കടന്നു പോയത്.   പാവം ചെറുപ്പക്കാരൻ.. ദൂരെ  അവനെ  കാത്തിരിക്കുന്ന അവന്റെ  ഭാര്യയേയും പറക്കമുറ്റാത്ത  മൂന്ന്  കുഞ്ഞുങ്ങളെയും ബാക്കിയാക്കി ആ പാവം ഈ ലോകം വിട്ടുപോയി .   പാകിസ്ഥാനിലേക്ക്  ഉള്ള യാത്രാമധ്യേ എയർപോർട്ടിൽ  വച്ച് അയാൾ മരണപ്പെട്ടു.


മനസ്സിൽ ഒരു നീറ്റൽ.. ഒരു കുറ്റബോധം..വേണമെങ്കിൽ എനിക്ക് ആ ചെറുപ്പക്കാരനെ പനി പിടിച്ചു കിടന്നപ്പോൾ ഒരു  നല്ല  ഡോക്ടറെ കാണിക്കാമായിരുന്നു.   പരിചയമുള്ള  എത്ര ഡോക്ടറുമാർ . ഹൊസ്പിറ്റലിലെ മെഡിക്കൽ ഡയറക്ടറുമായി  നല്ല  പരിചയം .  എന്നിട്ടും വേണ്ടത്  ചെയ്തില്ല. ആകെ മനസ്സിന് ഒരു പ്രയാസം.  ഒരു പക്ഷെ നല്ല ഒരു ഡോക്ടറെ ആദ്യമേ  കാണിച്ചിരുന്നെങ്കിൽ..രക്ഷപെട്ടേനെ…     ഇല്ല.. ഓരോരുത്തർക്കും ദൈവം  നിശ്ചയിച്ച സമയത്തിന്റെ മുമ്പ്‌ മരിക്കാനാവില്ല..നിശ്ചയിച്ച സമയത്തേക്കാൾ ഒരു നിമിഷം പോലും അധികം  ജീവിക്കാനും കഴിയില്ല... ജനിമൃതികളെ  മാറ്റിമറിക്കുവാൻ പാവം  മനുഷ്യനാകുമോ..   നാമൊക്കെ വിധിയുടെ കൈയ്യിലെ കളിപ്പാട്ടങ്ങൾ. ലക്ഷക്കണക്കിന് വിലയുള്ള  മരുന്നുകളുടെ  ഇടയിൽ  ജോലി  ചെയ്ത ചെറുപ്പക്കാരൻ,   ആ മരുന്നുകൾ ഒന്നും ആവശ്യത്തിന് അയാൾക്ക് ഉപകരിച്ചില്ല .


പ്രിയപ്പെട്ട ഷബീർ , ഞാനും താങ്കളുമൊക്കെ  ഈ  ലോകത്തിൽ  നമുക്ക്  ആടിത്തീർക്കുവാനുള്ള  വേഷങ്ങൾ നടിക്കുന്നവർ. സമയം കഴിയുമ്പോൾ  വേദി വിട്ടു ഒഴിയണം. മരണം , അതിന്റെ മുമ്പിൽ ഇന്ത്യക്കാരനെന്നോ പാകിസ്ഥാനിയെന്നോ ഇല്ല,  ജാതിമത വ്യത്യാസം ഇല്ല,  കേവലം നിസ്സഹായരായ മനുഷ്യർ മാത്രം… എപ്പോൾ മരണം  വന്നുവിളിക്കുവോ പോയേ പറ്റു. ദൈവത്തിനോട്  എന്തേ എന്നേ തിരികെ  വിളിച്ചു എന്ന് ചോദിക്കുവാൻ  അധികാരം  ഇല്ലാത്തവർ..  ഒരു പക്ഷേ , പടച്ചവന്റെ  തോട്ടത്തിലെ  മുള്ളുകൾ  ഇല്ലാത്ത പാവം പുഷ്പങ്ങളെ ആയിരിക്കും  തമ്പുരാൻ  ആദ്യം  ഇറുത്തു  എടുക്കുക …..       ആർക്കറിയാം?..



''നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക്‌ വെറും കെട്ടുകഥകൾ മാത്രമാണ്‌ ''

( ആടുജീവിതം- ബെന്യാമിൻ )












1 comment: