Friday, 13 November 2020

മയിലെണ്ണയും കരിങ്കുരങ്ങ് രസായനവും പിന്നെ എന്റെ ആദ്യത്തെ പരസ്യമോഡലിങ്ങും

 

മയിലെണ്ണയും കരിങ്കുരങ്ങ് രസായനവും പിന്നെ എന്റെ ആദ്യത്തെ പരസ്യമോഡലിങ്ങും 




അമ്മവീട്ടിൽ നിന്ന് തിരിച്ചു വരുന്ന വഴി ചന്ദ്രികാബസ്സിലിരിക്കുമ്പോളാണ് ഗവണ്മെന്റ് ഹൈസ്കൂളിന്റെ മുമ്പിലെ തണൽമരത്തിന്റെ കീഴിലൊരു ആൾകൂട്ടം ഞാൻ കണ്ടത്. അപ്പോൾ തന്നെ പി.എൻ.എസ് ജംങ്ക്ഷനിൽ ഇറങ്ങി ഞാൻ അങ്ങോട്ട് വെച്ചുപിടിച്ചു. അന്ന് പുനലൂർ ഗവണ്മെന്റ് സ്കൂളിന്റെ മുമ്പിൽ നിരനിരയായ് വെച്ചുപിടിപ്പിച്ച തണൽമരങ്ങളുണ്ടായിരുന്നു. ഏതു വേനൽക്കാലത്തും അവിടെ എത്തുമ്പോൾ നല്ല തണലും കുളിർമ്മയും ആയിരുന്നു. അവിടെ റോഡിന് നല്ല വീതി ഉള്ളതിനാൽ കൈനോട്ടക്കാരുടെയും തെരുവ് മാജിക്കുകാരുടെയും സർക്കസുകാരുടെയുമൊക്കെ താവളമായിരുന്നു അവിടം. ഞാൻ പ്രീഡിഗ്രി ഒന്നാം വർഷം പഠിക്കുന്ന സമയത്താണ് ഈ സംഭവം. ഒരു തമിഴ് നാടോടി ലാടവൈദ്യസംഘം അവിടെ മരുന്ന് വിൽപ്പന നടത്തുകയാണ്. നിലത്തുവിരിച്ച ചൗക്കാളത്തിൽ കുറേലേഹ്യകുപ്പികൾ അതിനടുത്തായി കുത്തിനിറുത്തിയ മയിൽപ്പീലികെട്ട്. ചെറിയ ചാക്കുകളിൽ എന്തൊക്കയോ കാട്ടുകിഴങ്ങുകളും വേരുകളും. ഒരു മൂലയ്ക്ക് കെട്ടിവെച്ച പച്ചിലകളും കുറെ എണ്ണക്കുപ്പികളും. റോഡ്‌സൈഡിൽ കത്തിച്ചു വെച്ച ടയർ പന്തങ്ങൾ. ശൂ... എന്ന ശബ്ദത്തിൽ കത്തുന്ന മണ്ണണ്ണ സ്റ്റോവിനു മുകളിലെ ഇരുമ്പ് സ്റ്റാൻറ്റിൽ തിളയ്ക്കുന്ന എണ്ണ നിറഞ്ഞ ഒന്നോരണ്ടോ ഇരുമ്പുചട്ടികൾ. പച്ചമരുന്നിന്റെയും എണ്ണയുടെയും ലേഹ്യത്തിന്റെയും രൂക്ഷഗന്ധം മൂക്കിലേക്ക് തുളച്ചു കയറുന്നു.

ആര്യങ്കാവ് ചുരം കയറിവന്ന നാടോടി ലാടവൈദ്യന്മാർ ആണ് വിൽപ്പനക്കാർ. കരിമന്തി ലേഹ്യവും ഉടുമ്പ് രസായനവും അജമാംസ രസായനവും മയിലെണ്ണയുമൊക്കെ ആകും വിൽപ്പന. പാണ്ടിനാട്ടിൽ നിന്ന് കിഴക്കൻമല കയറി മലയാളത്ത് നാട്ടിലെത്തിയാൽ ഉശിര് വിൽപ്പനയാണെന്നു നാടോടികൾക്ക് അറിയാം. മൂന്നാല് വിചിത്രവേഷധാരികളായ നാടോടികളോടൊപ്പം കാണും ഒന്നോരണ്ടോ പെണ്ണുങ്ങൾ. മിക്കപ്പോഴും പാണ്ടിചേലയുടുത്ത് വലിയ മൂക്കുത്തി അണിഞ്ഞ പെണ്ണുങ്ങളുടെ ഒക്കത്ത് കാണും മൂക്കിള ഒലിപ്പിച്ചു ഒന്നോരണ്ടോ കിടാങ്ങൾ. കൂടെ ഭാണ്ഡക്കെട്ടുകൾ നിറയെ പലതരം പച്ചമരുന്നുകൾ. പെണ്ണൊരുത്തി നല്ല താളത്തിൽ ചെറിയ തോൽച്ചെണ്ട കൊട്ടുകയും നാടോടികൾ നിറുത്താതെ ഉച്ചത്തിൽ സംസാരിച്ചു വിൽപന നടത്തുകയും ആണ്. ചെണ്ടകൊട്ടു മുറുകിയതോടെ ഞാൻ മുൻനിരയിൽ പോയി സ്ഥാനം പിടിച്ചു.

കൂട്ടത്തിൽ അവരുടെ തലവൻ എന്ന് തോന്നുന്ന നെറ്റിയിൽ മയിൽപ്പീലി കിരീടമണിഞ്ഞ നാടോടി ഉച്ചത്തിൽ കത്തികയറുകയാണ്.

*

‘’അയ്യാചാമി ... കാട്ടിലെ വിളയാടി നടന്ത മയിലൈ വലയില്ലാമ പിടിത്ത് തീനും തിനയും കൊടുത്ത് നീരും നെരുപ്പും കൊടുത്ത്, പാസം നേസം കൊടുത്ത് ഊരറിയാമ ഉലഹറിയാമ അന്പുക്ക് പിന്പെ അന്പ് പടാമ കണ്ടംതുണ്ടമാ വെട്ടി കലത്തിലേ പോട്ട് വാറ്റിയെടുത്ത സുത്തമാന മയിണ്ണൈയ്.. ഇതില്മായമില്ലൈ മന്ത്രമില്ലൈ കള്ളമില്ലൈ..സര്ക്കസു കാരനുക്കും അഭ്യാസികള്ക്കും മികമും തേവൈ.. ഉങ്ക ഉടമ്പിലൈ എലുമ്പുകള്പ്ലാസ്റ്റിക് മാതിരി വളെവതുക്ക് മയിലെണ്ണ തേവൈ.. മയിലെണ്ണയി ഇതു മയിലെണ്ണയീ മുരുഹാ ഉന്മയിലൈ കൊന്നുവിട്ടാന്ആണ്ടവാ ‘’...

മയിലെണ്ണ ആണ് വിൽപന. പച്ചമരുന്നിന്റെ രൂക്ഷഗന്ധത്തിന്റെ അകമ്പടിയോടുകൂടെയുള്ള തമിഴന്റെ വാചകമടി കേട്ടുനിൽക്കാൻ നല്ല രസം. വഴിയോരത്തു മയിലെണ്ണ വിൽക്കുന്ന ലാടവൈദ്യൻ കത്തികയറുകയാണ്.

'' ഉശിരിക്കും സക്തിയ്ക്കും വീരമാന മയിലെണ്ണ...''കുറെ ചെറുപ്പക്കാർ മുഖത്തുള്ള ജാള്യത പരമാവധി പുറത്തുകാണിക്കാതെ മയിലെണ്ണ വാങ്ങി എളിയിൽ ഒളിപ്പിച്ചു സ്ഥലം വിട്ടു. നൂറുമില്ലി കുപ്പിയ്ക്ക് മുപ്പത് രൂപയോ മറ്റോ ആണ് വില. ചുരുങ്ങിയ സമയംകൊണ്ട് എണ്ണക്കുപ്പികൾ നിറച്ച തട്ടം കാലിയായി.എനിക്കൊന്നും മനസ്സിലായില്ല. എന്തിനാണ് മയിലെണ്ണ എന്ന് ആരോടെങ്കിലും ചോദിച്ചാലോ.ഞാൻ ചുറ്റും നോക്കി പരിചയക്കാർ ആരെയും കാണുന്നില്ല. ഒരു പക്ഷെ എന്റെ കൂട്ടുകാരൻ വെള്ളിക്കണ്ണൻ അസീസിന്‌ അറിയാമായിരിക്കും. ഇനി കാണുമ്പോൾ ചോദിക്കാം എന്ന് സമാധാനിച്ചു ഞാൻ.

അടുത്തത് കരിമന്തി ലേഹ്യത്തിന്റെ വിൽപ്പനയാണ്. ഇരുമ്പുചട്ടിയിൽ കുഴഞ്ഞു വരുന്ന ലേഹ്യം ലാട വൈദ്യരുടെ സഹായികൾ ചെറിയ പരന്നകുപ്പികളിൽ നിറയ്ക്കുന്നുണ്ട്. കരിമന്തിലേഹ്യം എന്നാൽ കരിങ്കുരങ്ങു രസായനം. കരിമന്തിയെന്ന വിഭാഗം കുരങ്ങിന്റെ ലേഹ്യം നമ്മുടെ നാട്ടിൽ ഒരു കാലത്തു വലിയ സംഭവമായിരുന്നു . മെലിഞ്ഞിരിക്കുന്ന ഞാഞ്ഞൂലുകളെ തടിവെപ്പിക്കുവാൻ നാട്ടുവൈദ്യന്മാർ ച്യവനപ്രാശം പോലെ ഉണ്ടാക്കി വിൽപന നടത്തിയിരുന്ന കരിങ്കുരങ്ങു രസായനത്തിന് അന്ന് നല്ല ഡിമാൻഡ് ആയിരുന്നു. പഴുതാര മീശയും വെച്ച് മെലിഞ്ഞുങ്ങി പെൻസിൽ പോലെ നിൽക്കുന്ന എന്നെ ചൂണ്ടിക്കാട്ടി ആണ് ലാട മർമ്മാണി വൈദ്യന്റെ കരിങ്കുരങ്ങു രസായന വിൽപ്പന. ഞാൻ ആണ് അയാളുടെ വിൽപ്പനയ്ക്കു മോഡൽ. കൂട്ടത്തിൽ എന്റെ ചെവിയിൽ വന്നു അങ്ങേരു മന്ത്രിച്ചു. '' അമ്പത് കുപ്പി വിറ്റാൽ ഉങ്കളുക്ക് ഒരു കുപ്പി ഫ്രീ ''

ലാടവൈദ്യൻ എന്നെ മുമ്പോട്ടു വിളിച്ചു നിറുത്തി മലയാളം കലർന്ന തമിഴിൽ നിറുത്താതെ പേശുകയാണ്.

'' ഇന്ത തമ്പിയെപ്പാര്.. തടിയില്ലേ എടൈയില്ലൈ ( തൂക്കമില്ല ).... ഇന്ത കുരങ്ങുലേഹ്യം സാപ്പിട്ട് ഒരു ഒരു മാതത്തിനു (മാസം) പിൻപ് പാര്.. കട്ടബൊമ്മൻ മാതിരി ആകിടും..ഇന്ത മരുന്ന് രൻഡ്രു നേരം വെറുംവയറ്റിലെ തണ്ണി കുടിക്കാതെ ശാപ്പിട്ടു പാര്..കരികുരങ്ങിന്റെ ചങ്കും കരളും മാംസവും ശേർത്തു തയ്യാർ ചെയ്ത സുദ്ധമാന രസായനം. ഒരു ബോട്ടിലിക്ക് നൂറുറൂഫാ.. രണ്ടെടുത്താൽ ഒന്ന് ഫ്രീ.. കടന്നു വരൂ ..കടന്നു വരൂ''..

ആളുകൾ ഈ വാചകകസർത്തിനു മുമ്പിൽ അധികം താമസിക്കാതെ വീണുതുടങ്ങി. ഒന്നു രണ്ടുമണിക്കൂർ കൊണ്ട് മുഴുവൻ ബോട്ടിലുകളും ലാടവൈദ്യനും കൂട്ടരും വിറ്റു തകരപ്പെട്ടി പൂട്ടി എഴുന്നേറ്റു. നല്ലൊരു തുക അയാളുടെ തകരപ്പെട്ടിലെത്തിയിട്ടുണ്ടെന്ന് തീർച്ച. ഈ സമയമൊക്കെ വിൽപ്പനയ്ക്ക് മോഡലായി ഞാൻ ആൾക്കൂട്ടത്തിന്റെ നടുവിൽ ഉണ്ട്. തടി പാലംപോലെ വരാൻ മോഹിച്ചു അന്ന് എന്ത് ത്യാഗത്തിനും ഞാൻ തയാറായിരുന്നു.ഒടുവിൽ പടം മടക്കി പോകാൻ ലാടവൈദ്യനും കൂട്ടരുംതുടങ്ങിയപ്പോൾ ഇരുമ്പുചട്ടി വടിച്ചു കുപ്പിയിലാക്കി എനിക്ക് ഒരുകുപ്പി കുരങ്ങുരസായനം ലാടവൈദ്യൻ കനിഞ്ഞു നൽകി.

പുനലൂർ ടൗണിലെ വായിനോട്ടം ഒക്കെ കഴിഞ്ഞപ്പോഴാണ് അമ്മ മീനും പച്ചക്കറിയും വാങ്ങാൻ 50 രൂപ തന്നുവിട്ട കാര്യം ഞാനോർത്തത്.അപ്പോഴേക്കും വൈകുന്നേരം 5 മണി കഴിഞ്ഞിരുന്നു.

പാന്റിന്റെ പോക്കറ്റ് തപ്പി നോക്കിയപ്പോഴാണ് പണി കിട്ടിയെന്ന് മനസ്സിലായത്. പാന്റ്സിന്റെ പോക്കറ്റ് ശൂന്യം. 50 രൂപ അപ്രത്യക്ഷമായിരിക്കുന്നു. ആൾക്കൂട്ടത്തിനിടയിൽ അവരുടെ തന്നെ കൂട്ടത്തിലുള്ള പോക്കറ്റടിക്കാർ ഉണ്ടാകും എന്നു അപ്പോളാണ് ഞാനോർത്തത്. കശ്മലന്മാർ സാധനങ്ങൾ വാങ്ങാനുള്ള ലിസ്റ്റ് സഹിതമാണ് അടിച്ചോണ്ട് പോയത്. അമ്മയോട് ഞാനിനി എന്ത് സമാധാനം പറയും. പൈസ ഞാൻ സൂക്ഷിക്കേണ്ടതായിരുന്നു. അല്ലേലും പോണ്ടതു പോയേ വേണ്ടത് തോന്നൂ.. കൺസഷൻ ടിക്കറ്റുള്ളതിനാൽ കൈയ്യിൽ കാശില്ലെങ്കിലും വീടണയാം എന്നൊരു ആശ്വാസം ഉള്ളതിനാൽ ആരുടെയും മുമ്പിൽ കാശിനായി ഇരക്കേണ്ട . എന്നാൽ പണം നഷ്ട്ടമായതിന്റെ യഥാർത്ഥ കാരണം അമ്മയോട് പറഞ്ഞാൽ പണി പാളും. ലാടവൈദ്യന്മാരുടെ കാര്യം പറഞ്ഞാൽ എങ്ങനെയാകും അമ്മ പ്രതികരിക്കുക എന്ന് പറയാൻ അസാധ്യം. കോളേജുകുമാരൻ എന്നൊക്കെ പറഞ്ഞിട്ട് കാര്യം ഇല്ല .ഇപ്പോഴും കൈയ്യിൽ കിട്ടുന്നത് വെച്ച് അമ്മ വീക്കും. എനിക്ക് കരച്ചിൽ വന്നു. അമ്മയോട് ബസ്സിലോ മറ്റോവെച്ച് പണം കളഞ്ഞുപോയന്ന് കള്ളം പറയാം.

അതുകൂടാതെയുള്ള അടുത്ത കടമ്പ, കരിങ്കുരങ്ങുരസായനം അമ്മയോ പെങ്ങളോ അറിയാതെ വീട്ടിനകത്തെ എത്തിക്കണം. അമ്മയെ പറ്റിച്ചാലും പെങ്ങളെ പറ്റിക്കാൻ ബുദ്ധിമുട്ടാണ്. അതിനൊരു സൂത്രപ്പണി ഞാൻ കണ്ടുവെച്ചു. ഞങ്ങളുടെ അടച്ചുകെട്ടിയ മതിലുള്ള പഴയ വീടാണ് . റോഡ് സൈഡിലാണ് എന്റെ വീട്. വീടിന്റെ മുമ്പിൽ ബസ്സിറങ്ങി ഗേറ്റുതുറന്നാൽ കാണുന്ന ആദ്യത്തെ ജനൽ എന്റെ മുറിയുടേതാണ്. പാതിതുറന്നു കിടക്കുന്ന ജനൽ വഴി ഞാൻ രസായനക്കുപ്പി അകത്തേക്ക് തള്ളിയിട്ടു. ഭാഗ്യം ആരും കണ്ടിട്ടില്ല.

വീട്ടിലെത്തിയ ഉടനെ ഞാനൊരു കള്ളകരച്ചിൽ അങ്ങ് കരഞ്ഞു. സാധനങ്ങൾ വാങ്ങാനുള്ള കാശ് ബസ്സിൽ എവിടയോവെച്ചു നഷ്ട്ടപ്പെട്ടു എന്നുപറഞ്ഞ കള്ളം അമ്മ വിശ്വസിച്ചു എന്നുതോന്നുന്നു. പെങ്ങൾക്ക് പരീക്ഷയോ മറ്റോ ആയതിനാൽ അവളും വല്യ മൈൻഡ് ചെയ്തില്ല. ഭാഗ്യം..

രാത്രി അത്താഴം കഴിഞ്ഞതിനുശേഷം ഞാൻ ആരും അറിയാതെ കരിങ്കുരങ്ങു രസായനം രണ്ടു സ്‌പൂൺ അകത്താക്കി. നല്ല മധുരം കലർന്ന ചവർപ്പ്. തമിഴന്റെ ലേഹ്യം കൊള്ളാം . തടി പാലം പോലെ പോരും . ജീവൻടോണിന്റെ കുപ്പിയിലെ മസ്സിലുപിടുത്തക്കാരന്റെ പടത്തിലെപ്പോലെ ഞാൻ മസിലുപിടിച്ചു നിൽക്കുന്ന രംഗം മനസ്സിലോർത്തു ഞാനൊന്ന് പുഞ്ചിരിച്ചു. എന്നിട്ട് ബാക്കി മരുന്ന് ഭദ്രമായി കട്ടിലിന്റെ അടിയിൽ ഒളിപ്പിച്ചു വെച്ചു ഞാൻ ഉറങ്ങാൻ കിടന്നു. നേരം ഒരു പന്ത്രണ്ട് മണിയായിക്കാണും. ഞാൻ ഞെട്ടിയെഴുന്നേറ്റു. അടിവയറ്റിൽ ചെറുതായൊരു വേദന.എന്തോ ഒരു പന്തികേട് .. വെറുതെ തോന്നിയതായിരിക്കും. ഞാൻ പുതപ്പ് വലിച്ചു കയറ്റി കമിഴ്ന്നു കിടന്നു. അടിവയറ്റിൽ എന്തോ കൊളുത്തിപിടിക്കുന്നത് പോലെ .വയറ്റിൽ നിന്ന് ഗുളുഗുളു എന്നൊരു ഒച്ച കേൾക്കാം ..രക്ഷയില്ല.. ഞാൻ എഴുന്നേറ്റിരുന്നു . അന്ന് എന്റെ വീട്ടിലെ കക്കുസ് വീടിന്റെ കോമ്പൗണ്ടിന്റെ ഒരറ്റത്താണ്.പുറത്ത് കുറ്റാകൂരിരുട്ടാണ് . എനിക്കാണെങ്കിൽ ഡ്രാക്കുളയെയും രക്തരക്ഷസിനെയുമൊക്കെ ഭയങ്കര പേടിയാണ്. അന്നത്തെ പുഷ്പനാഥ്‌ നോവലുകളുടെ ആഫ്റ്റർ എഫ്ഫക്റ്റ്. വയറു അമർത്തിപ്പിടിച്ചു ഒന്നുകൂടി ഞാൻ നോക്കി ഒരു സ്‌കോപ്പുമില്ല ..വീട്ടിലുള്ളവരെ വിളിച്ചുണർത്താൻ എനിക്കൊരു നാണക്കേട് .. മേശപ്പുറത്തുനിന്ന് ടോർച്ചു തപ്പിയെടുത്ത് ഞാൻ കക്കൂസ് ലക്ഷ്യമായി പാഞ്ഞു. പിന്നെ എത്ര തവണ ഓടിയെന്ന് ഓർമ്മയില്ല. കൂട്ടത്തിൽ ഓർക്കാനവും ശർദ്ധിലും തുടങ്ങി.

എന്റെ ഒച്ചയും വിളിയും കേട്ടിട്ട് അമ്മയും വീട്ടിലുള്ളവരും ഉണർന്നു. ഞാൻ വയറമർത്തി പിടിച്ചു നിലത്തുകുത്തിയിരിക്കുകയാണ്. വയറ്റിനസുഖം വന്നാൽ അമ്മയുടെ ഒറ്റമൂലി കട്ടൻചായയിൽ ഇഞ്ചിനീരും നാരങ്ങാനീരും ചേർത്ത് തരികയാണ്. അമ്മ വേഗം കട്ടൻചായയുണ്ടാക്കി. ചായ കുടിച്ചിട്ടും ഒട്ടും രക്ഷയില്ല. പിന്നെയും എത്ര തവണ വയറൊഴിഞ്ഞു എന്നറിയില്ല. വീട്ടിൽ മറ്റുള്ളവർക്കാർക്കും വയറിനു ഒരു പ്രശ്‌നവുമില്ല. എന്താണ് എനിക്കുമാത്രം വയറിനസുഖം പിടിച്ചതെന്നു അമ്മയ്ക്ക് എത്ര ആലോചിട്ടും പിടികിട്ടിയില്ല . അമ്മ എത്ര കുത്തിചോദിച്ചിട്ടും ഞാനാകട്ടെ കരിങ്കുരങ്ങ് രസായനത്തിന്റെ കാര്യം പുറത്തുപറഞ്ഞതേയില്ല. നേരം പുലർന്നതോടെ ഞാൻ അവശനായി. ശരീരത്തിലെ ജലാംശം നഷ്ട്ടപ്പെട്ട അവസ്ഥ ഞാൻ പറയാതെ തന്നെ അറിയാമല്ലോ? ഞാൻ നിലവിളിക്കാൻ തുടങ്ങി " ഞാനിപ്പോ ചത്തുപോകുമേ ..എന്നെ ആശൂത്രി കൊണ്ടുപോ.. '' . അപ്പൻ വേഗം അടുത്തുള്ള ഏതോ വാടകജീപ്പ് വിളിച്ചു എന്നെ താങ്ങിപ്പിടിച്ചു മോനി ഡോക്ടറുടെ ആശുപത്രിയിലെത്തിച്ചു.

മോനിഡോക്ടരുടെ ആശുപത്രി ഒരു ചെറിയ ക്ലിനിക് ആണ് . അന്നുമിന്നും ഞങ്ങളുടെ ഗ്രാമത്തിലെ രോഗികളുടെ അവസാന അത്താണിയാണ് മോനിഡോക്ടരുടെ ക്ലിനിക്. ഒട്ടേറെ പ്രത്യേകതകൾ ഉള്ള ക്ലിനിക് ആയിരുന്നു മോനി ഡോക്ടറുടേത്. കൺസൾട്ടേഷൻ റൂമിന്റെ പുറത്ത് വലിയൊരു ഫിഷ് ടാങ്കും മുമ്പിൽ നിരത്തി വെച്ചിരിക്കുന്ന മിനിയേച്ചർ ടോയികളും കണ്ടു നിന്നാൽ സമയം പോകുന്നത് അറിയില്ല. മോനി ഡോക്ടർ നല്ല കൈപുണ്യമുള്ള ഭിഷഗ്വരനാണ്. ഏതസുഖത്തിനും മോനി ഡോക്ടറുടെ ഒരു സൂചിവെപ്പും മരുന്നും മതിയായിരുന്നു. ക്ലിനിക്കിന്റെ താഴത്തെ നിലയിൽ അത്യാവശ്യം കിടത്തി ചികിത്സയും അന്നുണ്ടായിരുന്നു. എന്നെ കണ്ടതും മോനി ഡോക്ടർ താഴത്തെ നിലയിൽ സ്‌ട്രെച്ചറിൽ കിടത്താൻ പറഞ്ഞു . ഡോക്ടർ വന്നു ഗ്ലൂക്കോസ് ഡ്രിപ്പിട്ടു. പിന്നെ എന്താണ് കഴിച്ചത് എന്നു കുത്തികുത്തിയുള്ള ചോദ്യമായി. മോനി ഡോക്ടറുടെ ക്രോസ് വിസ്താരത്തിനു മുമ്പിൽ എനിക്ക് പിടിച്ചുനിൽക്കാനായില്ല ഞാൻ കരിങ്കുരങ്ങു രസായനം ശാപ്പിട്ടകാര്യം തത്ത പറയുന്നതുപോലെ പറഞ്ഞു. കാര്യം പിടികിട്ടിയതോടെ അപ്പൻ എന്റെ മുഖത്തേക്ക് ഒന്ന് സൂക്ഷിച്ചു നോക്കി. എന്റെ പരുങ്ങിയുള്ള കിടപ്പും ഞരങ്ങലും കണ്ടിട്ട് ഒന്നും മിണ്ടിയില്ല.

വൈകുന്നേരം ആയപ്പോൾ ഞാൻ ഒരുവിധം എഴുന്നേറ്റു നടക്കാൻ പരുവമായി..ഡോക്ടർ ഇനി ഇത്തരം ലേഹ്യങ്ങൾ ഒന്നും വാങ്ങിക്കഴിക്കരുത് എന്ന് ഉപദേശിച്ചു വീട്ടിൽ ചെന്ന് കഴിക്കാൻ ഉള്ള മരുന്നുകൾ നൽകി ഡിസ്ചാർജ് ചെയ്തു. കുരങ്ങ് ചത്ത കാക്കാലനെപ്പോലെ വളിച്ച മുഖവുമായി ഞാൻ അപ്പനൊപ്പം വീട്ടിലേക്ക് മടങ്ങി. വീട്ടിലെത്തിയ ഉടൻ അപ്പൻ എന്റെ കട്ടിലിന്റെ കീഴിൽ നിന്ന് കരിങ്കുരങ്ങു രസായനം തപ്പി എടുത്തു ജനലിൽ കൂടി പുറത്തേക്ക് ഒറ്റ ഏറുകൊടുത്തു.

എന്തായാലും രസായനം രണ്ടു മൂന്നു ദിവസക്ക് പണി തന്നു. അകത്തു കിടന്ന ഉരമരുന്നുവരെ പുറത്ത് വന്നതിന് ശേഷം ആണ് കരിങ്കുരങ്ങു രസായനം പ്രവർത്തനം നിറുത്തിയത്..

* ഡയലോഗ് -കടപ്പാട്

 

Friday, 9 October 2020

ബാക്കിയാക്കുന്ന ഓർമ്മകൾ

 

ബാക്കിയാക്കുന്ന ഓർമ്മകൾ



ഈ എഴുത്ത് മനോരമ ഓൺലൈനിൽ വായിക്കാം 

https://www.manoramaonline.com/literature/your-creatives/2020/09/12/memoir-written-by-samson-mathew-punalur.html?fbclid=IwAR1kP37tsU-an2aeFhwYoWaTjzSkqG7qnK8-5NVS67TdaJ94ai898LVNa3s



വർഷാവസാനം  എല്ലാ കൊല്ലത്തേയുംപോലെ മരുന്നുകളുടെ കണക്കെടുപ്പുമായി ബന്ധപ്പെട്ട യാത്രയിലായിരുന്നു ഞാൻ . അങ്ങനെയാണ്  ഞാൻ  മരുഭൂമിയിലെ സിജി എന്ന വിജനമായ പ്രദേശത്തെ ക്ലിനിക്കിലെത്തിയത്.   ഇത്തരം സ്റ്റോക്കെടുപ്പ്  കമ്മറ്റിയിൽ അംഗമായിക്കുന്നത് രസകരമായ അനുഭവം ആണ് .  മരുഭൂമിയിലെ ഒട്ടേറെ ഗ്രാമജീവിതങ്ങൾ  അതു മുഖാന്തരം കാണാനും അടുത്തറിയാനും സാധിച്ചു. ആരോഗ്യ വകുപ്പിന്റെ  കീഴിലുള്ള ക്ലിനിക്കുകളിലും ഹോസ്പിറ്റലുകളിലും ഉള്ള ഫാർമസികളിൽ ആണ് പരിശോധന. ഫുജറയെന്ന വടക്കൻ എമിറേറ്റിലെ ആരോഗ്യവകുപ്പിലെ ഫാർമസി ജീവനക്കാരൻ ആണ് ഞാൻ. സിജി എന്ന സ്ഥലം ഫുജറയ്ക്കും ഷാർജയ്ക്കും ഇടയിൽ ഉള്ള മരുഭൂമിലെ അത്ര ആൾപാർപ്പ്  ഇല്ലാത്ത സ്ഥലമാണ്. ഒരു ഗ്രാമവും അതിന്റെ അതിർത്തിയിൽ കുറെ ക്രഷറുകളും പിന്നെ കണ്ണെത്താത്ത നിലയിൽ പരന്നു കിടക്കുന്ന മരുഭൂമിയും. ക്രഷറുകളിലേക്ക്  പോകുന്ന ട്രക്കുകൾ ഒഴികെ വഴിയിലൊന്നും വാഹനങ്ങളേയില്ല. ട്രക്ക് റോഡിൽ നിന്ന് അഞ്ചാറ് കിലോമീറ്റർ  പൊടിമണ്ണ് നിറഞ്ഞ പാതയിലൂടെ സഞ്ചരിച്ചു വേണം ക്ലിനിക്കിലെത്താൻ.  ദൂരെ മണൽ നിറഞ്ഞ മൊട്ടക്കുന്നുകളും അങ്ങിങ്ങായി പ്രതികൂല കാലാവസ്ഥയിലും വേരുപിടിച്ചു നിൽക്കുന്ന ഗാഫുമരങ്ങളും പച്ചപ്പു തേടി അലയുന്ന ഒട്ടകകൂട്ടങ്ങളും  മണൽ വഴിയിൽ അപ്രതീക്ഷിതമായി എടുത്തു ചാടുന്ന കോവർ കഴുതകളും ഒക്കെ ചേർന്ന് മരുഭൂമിയുടെ എല്ലാ വന്യതയും സൗന്ദര്യവും നിറഞ്ഞ പ്രദേശം. കണ്ണെത്താദൂരത്ത്  പരന്നുകിടക്കുന്ന  മണൽകാട്ടിൽ നിന്ന് ഇടയ്ക്കിടെ വീശുന്ന  ഉഷ്‌ണകാറ്റിൽ   പറന്നുപൊങ്ങുന്ന മണൽപൊടി റോഡിനെയും കടന്നുപോകുന്ന വാഹനത്തെയും മൂടും. ശ്രദ്ധിച്ചു വണ്ടി ഓടിച്ചില്ല എങ്കിൽ അപകടസാധ്യത ഏറെ. സൂര്യൻ ഉച്ഛസ്ഥായിയായി എത്തുമ്പോൾ കാറ്റിന്റെ  രൗദ്രഭാവവും  വർദ്ധിക്കും.


ഇത്തരം യാത്രകളിൽ ആണ്  യഥാർത്ഥ മരുഭൂജീവിതം അടുത്തറിയാൻ അവസരം ഉണ്ടായിട്ടുള്ളത്. എമിറേറ്റിലെ വിദൂരപ്രദേശമായ ത്വവിയൻ പോലുള്ള ചെറുഗ്രാമങ്ങളിലേക്കുള്ള യാത്രകൾ അവിസ്മരണീയമാണ്. പണ്ട് അവിടേക്ക് പോകുവാൻ റോഡുകളില്ല. മലകൾക്കിടയിലൂടെ വളഞ്ഞും പുളഞ്ഞുമുള്ള  മൺപാതയിലൂടെ പൊടിപറത്തി ഫോർവീൽ ഡ്രൈവിലുള്ള യാത്ര. ചുറ്റും മലകൾ മാത്രം.  അവിടേക്ക്  ഫോർവീൽ വാഹനത്തിലോ  പിക്കപ്പിലോ  മാത്രമേ  യാത്ര സാധ്യമാകുകയുള്ളു. മലയുടെ തിരിവിൽ ഉറക്കെ ഹോൺ മുഴക്കിക്കൊണ്ടു വേണം കടന്നുചെല്ലാൻ. എതിരെ വരുന്ന വാഹനത്തിന് കൊടുക്കുന്ന വാണിംഗ് സിഗ്നൽ ആണത്. വളരെ ശ്രദ്ധയോടെ വേണം വാഹനം ഓടിക്കുവാൻ. ചിലപ്പോൾ അപ്രതീക്ഷിതമായി ഒട്ടകങ്ങളും കഴുതകളുമൊക്കെ റോഡിൽ വന്നുചാടും. പട്ടാണി ഡ്രൈവറുമാർ അക്കാര്യത്തിൽ വിദഗ്ദ്ധന്മാർ ആണ് . വഴിയിൽ ഇടയ്ക്കുള്ള 'വാദി'കളോടു ചേർന്നുള്ള പച്ചപ്പുകളിൽ വെള്ളം കോരാൻ കിണറുകളും ചെറിയ ഉറവകളും കാണും. മിക്ക ഉറവകളോടും  ചേർന്ന്  ചെറിയ ഷെഡും ആട്ടിൻകൂടും കാണും. ആടുകൾക്ക് വെള്ളം കൊടുക്കാൻ ഉള്ള സൗകര്യം നോക്കിയാണത്. അങ്ങിങ്ങു അലസമായി ചുറ്റിത്തിരിയുന്ന ആട്ടിൻകൂട്ടങ്ങളും അവയെ നോക്കുവാൻ ബദുക്കളുടെ വേഷാദികളുള്ള  ബംഗാളികളും  പച്ചപ്പും ഈന്തപ്പനക്കൂട്ടങ്ങളും ഒക്കെ ചേർന്നുള്ള  മാസ്മരികമായ ഗ്രാമക്കാഴ്ചകൾ.


ബദുഗ്രാമങ്ങളിലെ കാഴ്ചകൾ ഏറെ കൗതുകകരമാണ് . മലകൾക്ക്  ഇടയിൽ പച്ചപ്പിന്റെ ചെറുതുരുത്ത്. ഈന്തപ്പനകളുടെയും മരുമരങ്ങളുടെയും നടുവിൽ അങ്ങിങ്ങ്  വീടുകൾ. ഗ്രാമമദ്ധ്യത്തിലാകും ചെറിയ അങ്ങാടി. ബക്കാല എന്ന് പേരുള്ള ചെറിയ സ്റ്റേഷനറി കടകൾ, ടൈലറിംഗ് ഷോപ്പ് ,ലോണ്ടറി, ഒരു ചായക്കട പിന്നെ ഗ്രാമത്തിലെ സർവവിധ ലുങ്കി ന്യൂസിന്റെയും പ്രഭവകേന്ദ്രമായ ഒരു ബാർബർ ഷോപ്പ് ..റെസ്റ്റോറന്റിന്റെ മുറ്റത്തു മരത്തണലിൽ ഇട്ട തടികസാലകളിൽ  ഹുക്ക വലിച്ചുകൊണ്ട്  സൊറ പറഞ്ഞിരിക്കുന്ന അറബ് വൃദ്ധന്മാർ. പൊടിപറത്തി എത്തുന്ന ഫോർവീൽ വാഹനം അവർക്ക് കൗതുകമാണ്. ഗ്രാമത്തിലെ വിശാലമായ മൈതാനത്തിന്റെ ഒരറ്റത്താണ്   സർക്കാർ ഹെൽത്ത് സെന്റർ. അതിനോട് ചേർന്ന് ഗ്രാമത്തിലെ ഒരേയൊരു പള്ളി. എല്ലാവർക്കും എളുപ്പത്തിൽ എത്താവുന്ന ഗ്രാമത്തിന്റെ ഭാഗത്താണ്  അവ രണ്ടും. കാർപ്പറ്റ് വിരിച്ചു വൃത്തിയാക്കിയ ക്ലിനിക്കിന്റെ  മുറ്റത്തുള്ള വലിയ വേപ്പുമരത്തിന്റെ  തണലിൽ ഗാവ കുടിച്ചിരിക്കുന്ന അറബി കാവൽക്കാരൻ ക്ലിനിക്കിന്റെ  വലിയ ഗേറ്റ് തുറന്നുതരും. വാഹനത്തിൽ നിന്ന് പുറത്തു ഇറങ്ങുമ്പൊഴേക്കും  തല തിരിയുന്നുണ്ടാകും. ദൂരെ പട്ടണത്തിൽ  നിന്ന് ചെക്കിങ്ങിനു  വരുന്ന വെള്ള കുപ്പായമണിഞ്ഞ ' ദോക്ടറുമാർക്ക് ' വലിയ  സ്വീകരണമാണ്  ഗ്രാമവാസികൾ നൽകുക. കണക്കെടുപ്പും കഴിഞ്ഞു പുറത്തിറങ്ങുമ്പോഴേക്കും നിലത്തു വിരിച്ച തക്കായ( വലിയ പായ ) പഴങ്ങൾ നിറച്ച തളികയും ഈന്തപ്പഴവും ഗാവകൂജകളും  അണിനിരക്കും. ഗ്രാമമുഖ്യനായ അറബി വൃദ്ധനും കൂടെ മൂന്നാലു പൗര പ്രമുഖരും വിവരം കേട്ടറിഞ്ഞു സ്ഥലത്ത്  എത്തിയിരിക്കും. പിന്നെ അവരുടെ ആതിഥ്യം സ്വീകരിച്ചു നിറഞ്ഞ മനസോടെയാകും മടക്കം. അറബ് ഗോത്രസംസ്‌കൃതിയുടെ നൈർമല്യവും ആതിഥ്യമര്യാദയും മറക്കാനാവാത്ത അനുഭവം തന്നെ.


'സിജി' എന്ന ചെറിയ അറബുഗ്രാമത്തിലെ സർക്കാർ ക്ലിനിക്കിലെ ഫാർമസിയിൽ  കണക്കെടുപ്പ് നടത്താനുള്ള  യാത്രയിൽ ഞാനും വർക്കിച്ചനും. വർക്കിച്ചൻ ഒരു പുണ്യാത്മാവ് ആണ്. എല്ലാവർക്കും സഹായിയായ തിരുവല്ലക്കാരൻ. കൈമെയ്യ്  മറന്നു മറ്റുള്ളവരെ സഹായിക്കാൻ ഏതുസമയത്തും ഓടിനടക്കുന്ന വർക്കിച്ചനെ എല്ലാവർക്കും വല്യകാര്യമാണ് . സർക്കാർ വക ലാൻഡ് ക്രൂസർ വാഹനത്തിലാണ് യാത്ര. നാട്ടുവർത്തമാനവും കുട്ടികളുടെ പഠിത്തകാര്യവും  കേരളരാഷ്ട്രീയവും ഒക്കെ പതുക്കെ പറഞ്ഞു പിൻസീറ്റിൽ ഒതുങ്ങിക്കൂടി ഞങ്ങൾ . കൂടെ അറബ് വംശജരായ മറ്റു ആരോഗ്യപ്രവർത്തകരുമുണ്ട്.അവർക്ക് ക്ലിനിക്കിലെ മറ്റു കാര്യങ്ങൾ ഓഡിറ്റ് ചെയ്യുക ആണ് പണി. മസാഫിയിലെ  ഫ്രൈഡേ മാർക്കറ്റും കടന്നു  ട്രക്ക് റോഡിലൂടെ ഒത്തിരി ദൂരം സഞ്ചരിച്ചു  സിജി ഗ്രാമത്തിൽ എത്തിയപ്പോഴേക്കും നേരം പകൽ പത്തുമണി. ഞങ്ങളുടെ വരവ് പ്രതീക്ഷിച്ചു സുഡാനിയായ ഫാർമസിസ്റ്റ്  കാത്തുനിൽക്കുന്നുണ്ടായിരുന്നു.


ആറടി പൊക്കം ഉള്ള ഒരു ആജാനബാഹു ആണ് ഈസാ മുഹമ്മദ് ഈസ എന്ന സുഡാൻകാരൻ. ഗ്രാമത്തിലെ ക്ലിനിക്കിൽ ഫാർമസിസ്റ്റ്  ആയി ജോലി നോക്കാൻ തുടങ്ങിയിട്ട് ഏറെ കൊല്ലങ്ങൾ ആയി. ആളെ കണ്ടാൽ ആരും ഒന്ന് നോക്കിപ്പോകും. ആറടിപൊക്കവും അതിനൊത്ത തടിയും ഉള്ള ഒരു ഭീകരരൂപം. പരുപരുത്ത പാറയിൽ ചിരട്ട ഉരയ്ക്കുന്ന ശബ്ദത്തിൽ ആണ് സംസാരവും ചിരിയും. ചിരിക്കുമ്പോൾ കണ്ണുകൾ അടഞ്ഞു പുകയിലക്കറ പിടിച്ച വെളുത്ത പല്ലുകൾ തെളിഞ്ഞു നിൽക്കും ആളൊരു പാവത്താനാണ്. വർക്കിച്ചനുമായി ദീർഘനാളത്തെ പരിചയമുണ്ട്. ഞങ്ങളെ കണ്ടപ്പോൾ തന്നെ മൂപ്പർ ഓടിവന്നു കെട്ടിപ്പിടിച്ചു സലാം പറഞ്ഞു ഫാർമസിയിലേക്ക് കൊണ്ടുപോയി.പിന്നെ ഞങ്ങളുടെ വിശേഷങ്ങൾ തിരക്കലായി. കണക്കെടുപ്പ് തുടങ്ങുന്നതിനു മുമ്പ് ഓരോ ഗ്ലാസ് പാലൊഴിച്ചു കൊഴുപ്പിച്ച അറബികളുടെ ചായ മുമ്പിൽ കൊണ്ടുവച്ചു. പതുക്കെ ചായ കുടിച്ചുകൊണ്ട് ഞങ്ങൾ മരുന്നിന്റെ കണക്കെടുപ്പ് നടത്തി. ഇൻവെൻറ്ററി പേപ്പറിൽ  സ്റ്റോക്ക് രേഖപ്പെടുത്തി കണക്കുപുസ്തകത്തിലെ സ്റ്റോക്കുമായി ഒത്തുനോക്കി എല്ലാം ശരിയെന്ന് ഉറപ്പുവരുത്തി. രണ്ടു മണിക്കൂർ കൊണ്ട് അന്നത്തെ ജോലി പൂർത്തിയാക്കി. പിന്നെ ഈസയുടെ വക സൽക്കാരമായി . അടുത്തുള്ള കടയിൽ നിന്ന് പോർട്ടറെ വിട്ടു സാൻഡ് വിച്ച് വരുത്തിച്ചു പിന്നെ നേരത്തെ കരുതി വെച്ച ബിസ്ക്കറ്റും ഈന്തപ്പഴവും മേശമേൽ നിരത്തി,അകമ്പടിയായി സുലെമാനിയും മറ്റുമായി ഈസ ഞങ്ങളെ വിരുന്നൂട്ടി.



സുഡാനികൾക്ക് ഇന്ത്യക്കാരെ വലിയ ബഹുമാനവും സ്നേഹവുമാണ്. ധാരാളം സുഡാനി കുട്ടികൾ  ഇന്ത്യയിൽ പഠിക്കുന്നുണ്ട്. അയാളുടെ ഒരു മകൻ സർക്കാർ സ്കോളർഷിപ്പിൽ  മൈസൂരിലെ കാർഷിക സർവ്വകലാശാലയിൽ  പഠിക്കുന്നുണ്ട്. മകന്റെ അഡ്മിഷനുവേണ്ടി ബാംഗ്ലൂരിലും മൈസൂരിലുമായി ഒത്തിരി കറങ്ങിയത്രേ. കേരളത്തേക്കുറിച്ചു ഒത്തിരി കേട്ടിട്ടുണ്ടുത്രേ. അയാളുടെ വിചാരം കേരളവും മൈസൂരുമൊക്കെ അടുത്തടുത്ത സ്ഥലങ്ങളാണ്. മകൻ പഠിക്കുന്ന സ്ഥലത്തുള്ള നാട്ടുകാർ ആണ് ഞങ്ങൾ . ഇനി മൈസൂറിൽ മകനെ കാണാൻ പോകുമ്പോൾ കേരളമൊക്കെ ഒന്ന് ചുറ്റിക്കറങ്ങി കാണണം. അയാൾ ആഗ്രഹം പറഞ്ഞു. വലിയ കുടുംബത്തിന്റെ പ്രാരാബ്ദ്ധമൊഴിഞ്ഞു എപ്പോഴാണ് അയാൾക്ക് അതൊക്കെ സാധിക്കുക. സുഡാനികൾ വലിയ കുടുംബസ്നേഹമുള്ളവരാണ്. ഇപ്പോഴും കൂട്ടുകുടുംബ വ്യവസ്ഥിതി ആണ് അവർ പുലർത്തുന്നത്. അയാളുടെ ശമ്പളം കൊണ്ട് നാട്ടിലും ഇവിടെയുമായി ഒട്ടേറെ വയറുകൾ പുലരുന്നു.ഭാര്യ കാൻസർ രോഗി ആണത്രേ. ആറുമക്കളുടെ പഠിത്തം , ഭാര്യയുടെ ചികിത്സാചിലവുകൾ , നാട്ടിൽ അയാളുടെ മണിഡ്രാഫ്റ്റിനായി കാത്തിരിക്കുന്ന പെങ്ങന്മാരുടെ കുടുംബങ്ങൾ അങ്ങനെ എടുത്താൽ തീരാത്ത ഭാരം ഒറ്റയ്ക്ക് തലയിൽ എത്തിയാണ് അയാളുടെ ജീവിതം.


ഉപചാരവാക്കുകൾ ചൊല്ലി  യാത്രപിരിയാൻ നേരം  അയാൾ മുമ്പ് എന്തോ ആലോചിച്ചതു മറന്നതുപോലെ ഒരു നിമിഷം നിന്നു. പിന്നെ ഇതാ വരുന്നു എന്നു പറഞ്ഞുകൊണ്ട്  അയാൾ തന്റെ പഴഞ്ചൻ കാറിൽ കയറി എവിടേക്കോ പോയി. ചില മിനിട്ടുകൾക്ക് ശേഷം തിരികെ വന്നപ്പോൾ കൈയ്യിൽ രണ്ടു സഞ്ചികൾ. സഞ്ചി ഒരെണ്ണം എന്റെ കയ്യിലും മറ്റേതു വർക്കിച്ചനും നിർബന്ധിച്ചു ഏൽപ്പിച്ചിട്ടു  അയാൾ കണ്ണുകൾ ഇറുക്കി ഒന്നു ചിരിച്ചു. ഞങ്ങൾ സഞ്ചി തുറന്നു നോക്കി. ഓരോ സഞ്ചിയിലും രണ്ടാമൂന്നോ കിലോ അരിയും കുറച്ച് ഈന്തപ്പഴവും .വീട്ടിൽ പോയി  അടുക്കളയിൽ നിന്ന്  പാക്കറ്റിലാക്കി കൊണ്ടുവന്നത് ആണ് ആ സാധനങ്ങൾ എന്ന് സഞ്ചി കണ്ടാലറിയാം. ഞങ്ങൾക്ക് ഒന്നും തന്നുവിട്ടില്ല എന്ന വിഷമം തീർത്തതാണയാൾ.ഒരു പക്ഷേ അയാളുടെ വീട്ടിൽ ആകെയുള്ള അന്നം ആയിരിക്കും അത്.  ഞങ്ങൾ എത്ര വേണ്ടെന്നു പറഞ്ഞിട്ടും അയാൾ സാധനം തിരികെ എടുക്കാൻ തയാറായില്ല. ഒടുവിൽ വണ്ടിയിൽ സഞ്ചി വെച്ചു ഞങ്ങളെ കൈവീശി  യാത്ര ആക്കിയിട്ടാണ് അയാൾക്ക്‌ സമാധാനം ആയത്.


കഴിഞ്ഞ വെള്ളിയാഴ്‌ച ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചു ഉച്ചമയങ്ങുമ്പോൾ  ആണ് മൊബൈൽ ഫോൺ ശബ്ധിച്ചത്. ടെലിഫോൺ എടുത്തപ്പോൾ അത്ര പരിചിതമല്ലാത്ത അറബിസ്വരം. എന്റെ പഴയ പരിചയക്കാരനായ ഒരു അറബ് വംശജനായ  കൂട്ടുകാരൻ ആണ്  . അയാൾ മുഖവരയില്ലാതെ കാര്യം പറഞ്ഞു. '' നീയറിഞ്ഞോ നമ്മുടെ ഈസാ മുഹമ്മദ് കോവിഡ് പിടിച്ചു മരിച്ചു". കോവിഡ് പിടിച്ചു രണ്ടാഴ്ചയായി ഐ.സി.യുവിൽ ആയിരുന്നത്രേ. ഞാൻ ഒരു നിമിഷം കണ്ണുകൾ അടച്ചു നിശബ്ദനായി നിന്നു. പിന്നെ  കാര്യങ്ങൾ  ഒക്കെ ശാന്തമായി തിരക്കി.


പാവം ഈസാ മുഹമ്മദ്,  കാൻസർ രോഗിയായ ഭാര്യയേയും ആറുമക്കളെയും അനാഥരാക്കി ഈസാ മുഹമ്മദ് കടന്നുപോയി.കോവിഡ് എന്ന മഹാമാരി സംഹരിച്ച അസംഖ്യം ജീവനുകളിൽ ഒരാൾ. ഒരാൾ മരിക്കുമ്പോൾ ബാക്കിയാകുന്നത് അയാളെക്കുറിച്ചുള്ള ഓർമ്മകളാണ്. പ്രിയപ്പെട്ട ഈസാ മുഹമ്മദ് താങ്കളുടെ പേരു പോലെത്തന്നെ,  ബാക്കിയാകുന്നത്  സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും കാരുണ്യത്തിന്റെയും ഓർമ്മകളാണ്..

Friday, 31 July 2020

മനുഷ്യബന്ധങ്ങൾ നിലനിൽക്കട്ടെ..


മനുഷ്യബന്ധങ്ങൾ നിലനിൽക്കട്ടെ..





ഈ എഴുത്ത്  ഏഷ്യാനെറ്റ്  ന്യൂസ്  ഓൺലൈനിൽ  വായിക്കാം 







ഞാൻ താമസിക്കുന്ന ഗൾഫിലെ ചെറുപട്ടണം പ്രശാന്തസുന്ദരമാണ്. ഗ്രാമമെന്നോ പട്ടണമെന്നോ വേർതിരിച്ചു പറയാൻ കഴിയാത്ത ഒരു കടലോരം. കടലും കരയും നീലാകാശവും മലനിരകളും പരസ്പരം പുണർന്നുകിടക്കുന്ന നാട്. പവിഴപ്പുറ്റും പഞ്ചാരമണലും ഉരുളൻകല്ലുകളും പച്ചപ്പും നിറഞ്ഞ കടലോരഗ്രാമങ്ങളുടെ നാട്. ശുദ്ധ അറേബ്യൻ ഗ്രാമസംസ്കാരവും കലർപ്പില്ലാത്ത ഗ്രാമനന്മകളും തുടികൊട്ടുന്ന ദേശം. വെള്ളിയാഴ്ചകളിൽ രാവിലെ പട്ടണത്തിലെ മാർക്കറ്റ് രാവിലെ തന്നെ സജീവമാകും. മീൻ മാർക്കറ്റും പച്ചക്കറി മാർക്കറ്റും ജനങ്ങളെക്കൊണ്ട് നിറയും. വെള്ളിയാഴ്ചകളിൽ ആണ് മിക്കവരും മീൻ വാങ്ങിക്കാൻ ഇറങ്ങുന്നത്. കടലോരപട്ടണമായതിനാൽ മീൻ മാർക്കറ്റിൽ മത്സ്യങ്ങൾ ഇഷ്ടംപോലെ കിട്ടും.കോഫർ, ഷേരി, സാഫി, ഹമൂർ, ഇങ്ങനെയുള്ള അറബിനാട്ടിലെ താരങ്ങൾക്ക് ഒപ്പം നമ്മുടെ നെയ്‌മീനും ചൂരയും പാരയും അയലയും മത്തിയുമൊക്കെ ധാരാളം. നല്ല ഫ്രഷ് മീനുകൾ ചുരുങ്ങിയ വിലയ്ക്ക് കിട്ടുമെന്നതിനാൽ ദുബൈയിൽ നിന്നുപോലും ആൾക്കാർ വീക്കെൻഡിൽ ഇവിടെ മീൻ വാങ്ങാൻ എത്താറുണ്ട്.




മീൻമാർക്കറ്റിനു വെളിയിൽ ഉള്ള നടവഴിയിൽ ആണ് ബംഗാളി വഴിയോര കച്ചവടക്കാരുടെ താവളം. മസറകളിൽ നിന്നുള്ള നാടൻപച്ചക്കറികളും പഴങ്ങളും ആണ് കച്ചവടം. കിയാർ, കൂസ,ലോക്കി ജിർജീർ തുടങ്ങിയ കേരളത്തിൽ പിടിക്കാത്ത പച്ചക്കറികളും പിന്നെ തക്കാളി, വെണ്ടയ്ക്ക, പാവയ്ക്ക,പയർ ബീൻസ്, നാരങ്ങ, മാങ്ങാ, മധുരകിഴങ്ങ് ഒക്കെയാകും കച്ചവടം. ഈന്തപ്പഴത്തിന്റെ സീസൺ പിന്നെ അതാകും മുഖ്യ ആകർഷണം.പലതരം ഈന്തപ്പഴങ്ങൾ.
ഫർദ്, ലുലു, സുക്കാരി തുടങ്ങിയ നാടൻ ഇനങ്ങളുടെ വിൽപ്പന സീസൺ തുടങ്ങിയാൽ പൊടിപൊടിക്കും. ബംഗാളികൾ ആണ് കച്ചവടക്കാർ. തോട്ടങ്ങളിൽ നിന്ന് കൊണ്ടുവരുന്ന പച്ചക്കറി വാങ്ങി ചെറുകിട വിൽപ്പന നടത്തുന്ന കച്ചവടക്കാർ. തുച്ഛമായ ലാഭം മാത്രമാണ് അവർക്ക് ലഭിക്കുക.അവധിദിവസം ആയതിനാൽ വെള്ളിയാഴ്ചയോ ശനിയാഴ്ചയോ ആണ് ഞാൻ മീനും പച്ചക്കറിയും വാങ്ങുക. അങ്ങനെയുള്ള യാത്രകൾക്കിടയിൽ ഉടലെടുത്ത സൗഹൃദങ്ങളിൽ ഒന്നാണ് ബംഗാളിമാമുമായിട്ടുള്ളത് . ഒരു ബംഗാളി വഴിയോരകച്ചവടക്കാരൻ ആണയാൾ. ഒരു പത്തുമുപ്പത്തഞ്ചു വയസ്സുപ്രായം വരുന്ന ഊർജ്ജസ്വലനായ ബംഗാളി ചെറുപ്പക്കാരൻ.മെലിഞ്ഞു കാറ്റേറ്റാൽ വീണു പോകുമെന്നു തോന്നിപ്പിക്കുന്ന ശരീരം. പാൻപരാഗ് മുറുക്കി ചുവപ്പിച്ച ദ്രവിച്ച പല്ലുകൾ.ഇപ്പോഴും മുഖത്ത് നിറയുന്ന ചിരി. ദൂരെനിന്ന് കാണുമ്പോൾ തന്നെ അയാൾ കൈ ഉയർത്തി 'മാമു കൈസേ ഹേ' എന്ന് കുശലാന്വേഷണം നടത്തും. ബംഗാളികൾ തമ്മിൽ മാമു എന്നാണ് വിളിക്കുക. സഹോദരൻ അല്ലെങ്കിൽ അമ്മാവൻ എന്നാണ് അർത്ഥം.കണ്ടാൽ ഒരു ബംഗാളി ലുക്ക്‌ ഉള്ള എന്നെ പലരും ബംഗാളിയായി തെറ്റിധരിക്കാറുണ്ട്. പലപ്പോഴും ബംഗാളികൾ എന്നോട് ബംഗാളിഭാഷയിൽ വർത്തമാനം പറയാൻ ശ്രമിച്ചു 'മിഴുങ്ങസ്യാ' അടിച്ചു നിൽക്കുന്നത് ഞാൻ കാണാറുണ്ട്. ഗൾഫിൽ എന്ത് ബംഗാളി എന്ത് മലയാളി? എല്ലാം ഹാരിജി (വരുത്തൻ) അല്ലേ?.
ബംഗാളി കച്ചവടക്കാരൻ മാമുവിനു എന്നെ കാണുമ്പോൾ വലിയ സന്തോഷമാണ്. വെണ്ടയ്ക്കയും പച്ചമുളകും കിയാറുമാണ് ഞാൻ സാധാരണയായി അയാളുടെ അടുത്തുനിന്ന് വാങ്ങുക. ചെറിയ ചെറിയ തടിപ്പെട്ടികളിൽ പച്ചക്കറികൾ നിറച്ചു വെച്ചിരിക്കും. കിലോകണക്കിന് അല്ല വിൽപ്പന. ഒരു പെട്ടിയ്ക്ക് ഇത്ര എന്ന കണക്കിനാണ് വിൽപ്പന. നാരങ്ങയുടെ സീസൺ ആയാൽ ഞാൻ അതും വാങ്ങിക്കും. സാധാരണ വിൽക്കുന്ന വിലയിൽ നിന്ന് ഒന്നോരണ്ടോ ദിർഹം കുറച്ചാകും അയാൾ എന്നോട് വാങ്ങുക. ഇങ്ങനെ ഒരു ഭായി ഭായി ബന്ധം ആണ് ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നത്. അയാൾക്കോ എനിക്കോ പരസ്പരം പേരുകൾ അറിയില്ല.. മാമുവിളിയിൽ പേരിന് എന്ത് പ്രസക്തി?



അതിനിടയിൽ ആണ് നിനച്ചിരിക്കാതെ കൊറോണ പണി നൽകിയത്. കൊറോണപ്രശ്നം രൂക്ഷമായതോടെ മാർക്കറ്റുകൾ മുനിസിപ്പാലിറ്റി അടച്ചു. മീൻമാർക്കറ്റും പച്ചക്കറി മാർക്കറ്റുമൊക്കെ താഴിട്ടു ജോലിക്കാർ പൂട്ടി. വഴിയോര കച്ചവടക്കാരെ പോലിസ് ഓടിച്ചു മാർക്കറ്റിലേക്കുള്ള വഴിയും ബ്ലോക്ക്‌ ചെയ്തു. കച്ചവടക്കാർ അനാഥമായി ഉപേക്ഷിച്ച പച്ചക്കറിപ്പെട്ടിയും തട്ടുമുട്ടു സാധനങ്ങളും മുനിസിപ്പാലിറ്റിയുടെ ഓറഞ്ച് നിറമുള്ള ലോറി വന്നു കൊണ്ടുപോയി. ആളും ആരവവും നിറഞ്ഞ മാർക്കറ്റിൽ ശ്മശാനമൂകത വന്നുമൂടി. ലോക്ക് ഡോൺ വൈകുന്നേരം ആറുമണിക്ക് തുടങ്ങും .പിന്നെ അണുനശീകരണ ലായനി തളിക്കുന്ന വണ്ടികളുടെ ഇരമ്പൽ മാത്രം. ഇടയ്ക്ക് ആംബുലൻസും പോലീസ് വണ്ടികളും നിലവിളിച്ചുകൊണ്ട് തെരുവിലൂടെ പാഞ്ഞുപോകും . ആ ശബ്ദം കേൾക്കുമ്പോൾ നെഞ്ചിൽ വല്ലാത്തൊരു പടപടപ്പ്.




കൊറോണ പിടിച്ചു പരിചയക്കാരിൽ പലരും ആശുപത്രിയിലായ വാർത്തകൾ ഇങ്ങനെ വന്നുകൊണ്ടിരുന്നു. ഒട്ടുമിക്കപേരും വല്യപരിക്കുകൾ ഇല്ലാതെ കൊറോണയെ അതിജീവിച്ചു.രാവിലെ മാസ്ക് വെച്ചുകൊണ്ട് ജോലിക്കുപോകലും തിരിച്ചു വീട്ടിലെത്തി കൈയ്യും മുഖവും സോപ്പിട്ടു ഉരച്ചു കഴുകലും നിത്യജീവിതത്തിന്റെ ഭാഗമായി. കൊറോണക്കാലം പ്രവാസിയെ പരസ്പരം സഹായിക്കാനും ഊന്നുവടികൾ ആകാനും നന്നായി പഠിപ്പിച്ചു. രോഗമുള്ളവർക്ക് അല്ലറചില്ലറ സഹായങ്ങളും ഭക്ഷണവും എത്തിച്ചുകൊടുക്കുവാൻ പ്രവാസികൾ പഠിച്ചു .കാരണം നാളെ അവരും രോഗത്തിന് അടിപെട്ടേക്കാം. ഇപ്പോൾ യു. എ. ഇ യിൽ കൊറോണ നിയന്ത്രണവിധേയമായതോടെ ജീവിതത്തിന്റെ പഴയ താളം മിക്കമേഖലകളിലും തിരിച്ചു വന്നു. മാർക്കറ്റുകളും പാർക്കുകളും പൊതുഗതാഗതവും ജനങ്ങൾക്കായി തുറന്നിരിക്കുന്നു . എല്ലാം പഴയപടി ആയിത്തുടങ്ങി. ഒരുവ്യത്യാസം മാത്രം എല്ലാചിരിയും സങ്കടവും ഒരുമുഖാവരണത്തിന്റെ മറവിൽ ഒളിപ്പിക്കാൻ ഗൾഫുകാർ പഠിച്ചു.


കഴിഞ്ഞ ദിവസം മാർക്കറ്റിൽ മീൻ വാങ്ങുവാനായി ഇറങ്ങിയതാണ് ഞാൻ. സാമൂഹിക അകലം പാലിച്ചുവേണം മീൻ മാർക്കറ്റിൽ കയറുവാൻ. അപ്പോഴാണ് ദൂരെ നിന്ന് ' മാമു ' വെന്ന വിളികേൾക്കുന്നത്. നമ്മുടെ പഴയ ബംഗാളി വഴിയോര കച്ചവടക്കാരനാണ്.ഏറെ നാളായി കാണാത്ത ഒരു ബന്ധുവിനെ കണ്ട ആവേശത്തോടെ അയാൾ എന്റെ അടുക്കലേക്ക് ഓടി വന്നു. കറുത്ത തുണിമാസ്ക് വെച്ചതിനാൽ മുഖത്തെ ചിരി കാണാൻ കഴിയുന്നില്ല , എന്നിരുന്നാലും കണ്ണുകളിൽ നിന്ന് ആ ചിരി വായിച്ചെടുക്കാം . കണ്ണുകൾ ഒക്കെ കുഴിഞ്ഞു അയാൾ ഒരു കോലമായിരിക്കുന്നു . പാവം അയാൾ കൊറോണ പിടിച്ചു ഒരു മാസം ദൂരെയുള്ള ഫീൽഡ് ഹോസ്പിറ്റലിൽ ആയിരുന്നത്രേ. പനിയും ചുമയും ഒക്കെ വർദ്ധിച്ചു കുറെ ദിവസം ബോധമില്ലാതെ ഏതോ മിഷൻ ഒക്കെ വെച്ചാണ് ശ്വസിച്ചത് എന്ന് അയാൾ പറഞ്ഞു . ഭാഗ്യം കൊണ്ടാണ് രക്ഷപെട്ടത് എന്നു ഡോക്ടറുമാർ പറഞ്ഞത്രേ. തിരിച്ചു വന്നപ്പോൾ പണിയൊന്നും ഇല്ല. മുനിസിപ്പാലിറ്റി ഇപ്പോഴും വഴിയോരകച്ചവടക്കാരെ അനുവദിക്കുന്നില്ല. റൂമിലിരുന്നാൽ ഭ്രാന്തുപിടിക്കുമെന്നതിനാൽ മാർക്കറ്റിൽ രാവിലെ മുതൽ കറങ്ങി നടക്കും .ആരെങ്കിലും പരിചയക്കാർ കൊടുക്കുന്ന പണം കൊണ്ടാണ് ജീവിതം തള്ളിനീക്കുന്നത്. ഞാൻ കൊടുത്ത അല്പം പണം അയാൾ ലേശം മടിയോടെ വാങ്ങി. കൂട്ടുകാർ ആരും അയാളെ കൊറോണ വന്നതിനാൽ അടുപ്പിക്കുന്നില്ലത്രേ. അതാണ് അയാളെ കൂടുതൽ വിഷമിപ്പിക്കുന്നത്. ' ആവൊ ചായ പീയേയാ ' എന്ന എന്റെ ക്ഷണം അയാൾ സന്തോഷപൂർവ്വം സ്വീകരിച്ചു. പാക്കിസ്ഥാനി റെസ്റ്റോറന്റിലെ ടേബിളിലിനു അപ്പുറവും ഇപ്പുറവുമായി ഞങ്ങളിരുന്നു. മാസ്ക് താഴ്ത്തി ചൂടുചായയും ആവി പറക്കുന്ന പെറോട്ടയും സബ്‌ജിയും ഞങ്ങൾ കഴിച്ചു. പിരിയാൻ നേരം എന്റെ കൈപിടിച്ചു അയാളൊന്നു തേങ്ങി..ഒരു ബന്ധുവിനോടെന്ന പോലെ..കൊറോണക്കാലം വരും പോകും.. മനുഷ്യബന്ധങ്ങൾ നിലനിൽക്കട്ടെ..

Bottom of Form


Tuesday, 30 June 2020

കൊറോണക്കാലത്തെ ചില ഐസക്ന്യൂട്ടന്മാർ


കൊറോണക്കാലത്തെ ചില  ഐസക്ന്യൂട്ടന്മാർ




മുല്ലാ നാസറുദ്ദീന്റെ മക്കള്‍ ഒരു ദിവസം മുറ്റത്ത് കളിക്കുകയായിരുന്നു. അപ്പോഴാണ് മുല്ലായുടെ ഒരു പഴയ ചെങ്ങാതി  അവിടെയെത്തിയത്. കുട്ടികളോട് ലോഹ്യവും കൊച്ചുവർത്തമാനവും  പറഞ്ഞു കൊണ്ടിരിക്കെ  അയാള്‍ അവരോട് ഒരു ചോദ്യം  ചോദിച്ചു.

 ഈ സ്രാവും തിമിംഗലവും തമ്മിലുള്ള ബന്ധമെന്താണെന്നറിയാമോ? ’
 ഓ അറിയാം’   മുല്ലായുടെ മകന്‍ തല്‍ക്ഷണം മറുപടി നല്‍കി.
 ശരി. എങ്കില്‍ പറയൂ’   അയാള്‍ പ്രോല്‍സാഹിപ്പിച്ചു
. ‘സ്രാവ് വളര്‍ന്നാണ് തിമിംഗലമായിത്തീരുന്നത്’. മുല്ലയുടെ മകൻ ആധികാരികമായി വ്യക്തമാക്കി.
 അതേയോ? എത്ര കാലമെടുക്കും സ്രാവ് തിമിംഗലമായിത്തീരാന്‍?’
മുന്ന് കൊല്ലവും എട്ടുമാസവും പതിനേഴു ദിവസവും. മാത്രമല്ല, എല്ലാ സ്രാവുകളും ഇങ്ങിനെ വളരുകയില്ല. കരിങ്കടലിനടിയിലെ പ്രത്യേക തരം കള്ളിച്ചെടികള്‍ ഭക്ഷിക്കുന്ന സ്രാവുകള്‍ മാത്രമാണ് ഇത്തരത്തില്‍ വലുതാവുക.’
കിറുകൃത്യമായിരുന്നു അവന്റെ മറുപടി.
ങ്‌ഹേ’   അയാള്‍ ഇത്തവണ ശരിക്കും അന്തംവിട്ടു.
 ഇതൊക്കെ ഇത്ര കൃത്യമായി എങ്ങിനെ മോന്‍ പഠിച്ചുവെച്ചു?’
 , അതെല്ലാം സ്കൂളിൽ നിന്ന്  പഠിച്ചതല്ലേ.. ഞങ്ങളുടെ ശാസ്ത്രപുസ്തകത്തിലെ   നാലാമത്തെ പാഠമാണത് ’
  അവന്‍ അടിപൊളിയായി കാര്യം വിശദീകരിച്ചുകൊടുത്തു.
സുഹൃത്ത് പോയി, ഉടനെതന്നെ മുല്ലാ ഓടിയെത്തി മകനെ കെട്ടിപ്പിടിച്ചു.
 എടാ നീയാടാ എന്റെ മോന്‍. എത്ര കൃത്യമായാണ് പൊട്ടത്തരങ്ങള്‍ സ്വന്തമായി ഉണ്ടാക്കി പറഞ്ഞു ഫലിപ്പിക്കുന്നത്'

അങ്ങനെ ലോകത്തുള്ള എല്ലാ മണ്ടത്തരങ്ങളും വിളിച്ചു കൂകുന്ന  വിരുതന്മാരുടെ സുവര്‍ണ്ണകാലമാണ് ഈ കൊറോണക്കാലം അഥവാ കോവിഡ് കാലം.  ഇത്തരം പൊട്ടത്തരങ്ങള്‍ മഹദ്‌വചനങ്ങളുടെ രൂപത്തില്‍ വാട്‌സപ്പിലൂടെയും ഫേസ്ബുക്കിലൂടെയും പ്രത്യക്ഷപ്പെടുന്നു.അതൊക്കെ മിന്നൽവേഗത്തിൽ ആണ് പ്രചരിക്കുന്നത്. കൊറോണ യൂനിവേഴ്സിറ്റിയിലെ ആധികാരിക പ്രൊഫെസറുമാർ ആണ് മിക്കവരും . ഏറ്റവും ആധികാരികം എന്ന രൂപത്തിലാണ് ഏറ്റവും വലിയ മണ്ടത്തരങ്ങള്‍ വാട്‌സാപ്പിലും ഫേസ്ബുക്കിലും മറ്റും  പ്രത്യക്ഷപ്പെടുക. ഇവ ഫോര്‍വേർഡ്  ചെയ്യുന്നതാവട്ടെ  വിദ്യാഭ്യാസം കുറഞ്ഞവരെന്നോ വിദ്യാസമ്പന്നരെന്നോ  ഭേദവുമില്ല.ഈ സാധനം കൈയ്യിൽ കിട്ടിയാൽ അഞ്ചാറ് ആൾക്കാർക്ക് ഫോർവേഡ്  ചെയ്യാതെ കിടക്കപ്പൊറുതി വരിക ഇല്ല.  മാവേലി നാടുവാഴും കാലം മാനുഷരെല്ലാരുമൊന്നുപോലെ എന്ന് പറഞ്ഞത് പോലെ ഈ കാര്യത്തിൽ മാനുഷർ എല്ലാം സമം.

ഇതാ അത്തരത്തിൽ പടച്ചു വിട്ട ചില സോഷ്യൽ മീഡിയ  വർത്തമാനങ്ങൾ :

പതിനാറു മണിക്കൂര്‍ മാത്രം വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ ഇരുന്നാൽ കൊറോണ ചത്തു പോവും എന്നത്  ഒരു പ്രചാരണം.16  മണിക്കൂർ മറ്റൊരു മനുഷ്യ ശരീരം കിട്ടിയില്ലെങ്കിൽ നമ്മുടെ  റോഡുകളിലും വീടിനു ചുറ്റും ഉള്ള വൈറസ് നശിച്ചു പോകും അതാണ് ബ്രേക് ദ സർക്കിൾ.അതായത് അത് കഴിയുമ്പോൾ വെളിയിലെങ്ങും ഒരു വൈറസും ഇല്ലാത്ത അവസ്ഥ ഉണ്ടാകും. അതുപോലെ കോറോണയെ പ്രതിരോധിക്കുവാൻ  ചൂടുവെള്ളം മാത്രം കുടിച്ചാൽ മതി വയറ്റിൽ എത്തുന്ന വൈറസുകൾ ചൂടുകൊണ്ട് ചത്തോളും.പിന്നെ ചെറുനാരങ്ങയും വെളുത്തുള്ളിയും മഞ്ഞളും  കൊണ്ടുള്ള ചികില്‍സ, തേനും ഇഞ്ചിയും മറ്റു  ചേര്‍ന്ന മരുന്നുകള്‍ എന്നിങ്ങനെ പോയി കഥകള്‍. ഗോമൂത്രം ആണ് അടുത്ത ഇനം.ഗോമൂത്രം കുടിച്ചാൽ കൊറോണ വെരില്ലത്രേ. ഈ തക്കം നോക്കി ഗോമൂത്രം കുപ്പിയിൽ വിറ്റു കാശാക്കിയ ഉത്തരേന്ത്യൻ ഗോസായി വിരുതന്മാർ ധാരാളം.



വാട്‌സാപ്പില്‍ മുഴങ്ങുന്നത് അതി പ്രശസ്തരായ പ്രഗല്‍ഭരായ അമേരിക്കയിലെയും ചൈനയിലെയും   ഡോക്റ്റര്‍മാരുടെയും പേര് വെച്ചുള്ള സന്ദേശങ്ങളാണ്  വിശ്വാസ്യത വര്‍ദ്ധിപ്പിക്കുന്നതിന് ആണ് അത്തരം നുണുക്ക് വിദ്യകൾ .ചൈനയിലെ പ്രൊ. ലൈല അഹ്മദിയുടെ പേരിൽ ഇറങ്ങിയ മേസേജ്  ലക്ഷങ്ങള്‍ക്കിടയില്‍ ആണ് പ്രചരിച്ചത്.അങ്ങനെ ഒരു വ്യക്തി ഉണ്ടോ എന്തോ?. ചൈനയില്‍ മാത്രം കൊറോണ പ്രചരിച്ച ആദ്യ നാളുകളില്‍ അവിടുത്തെ കഥകളിറക്കുന്നതായിരുന്നു സോഷ്യൽ മീഡിയ വീരന്മാരുടെ ഹോബി.  വാട്‌സാപ്പ് സര്‍വകലാശാലയിലെ ഇത്തരം  കണ്ടുപിടുത്തത്തിന്റെ ഉപജ്ഞാതാക്കൾ  എവിടെയോ ഇരുന്ന് ചിരിച്ച് രസിക്കുന്നുണ്ടാവും.

ശൈയിത്താൻ  പല രൂപത്തിലും വരും എന്ന വൈക്കം മുഹമ്മദ് ബഷീര്‍ പറഞ്ഞത് പോലെ, വ്യാജ വാര്‍ത്തകളും പല രൂപത്തിലും വരും. ഗൾഫിൽ പ്രചരിച്ച ഒരു വാർത്ത ഇങ്ങനെ, വൈറസിനെ സമ്പൂര്‍ണ്ണമായി നശിപ്പിക്കുന്നതിന് വേണ്ടി, രാജ്യം മുഴുവന്‍ അര്‍ദ്ധരാത്രിക്ക് ശേഷം ഹെലിക്കോപ്റ്ററില്‍ അണുനാശിനി തളിക്കാന്‍ പോവുന്നു എന്ന വിചിത്ര പ്രചരണം സോഷ്യൽ മീഡിയയിലൂടെ നടന്നു . മുന്നറിയിപ്പിനൊപ്പം മുന്‍കരുതലുകളെടുക്കാനുള്ള ചില നിര്‍ദ്ദേശങ്ങളുമുണ്ടായിരുന്നു. പാതിരാവില്‍ പന്ത്രണ്ടു മണി കഴിഞ്ഞ് ശബ്ദം കേട്ടാല്‍ അത് ഹെലിക്കോപ്റ്ററിന്റേതാണെന്ന് മനസിലാക്കിക്കൊള്ളണം. രാത്രിയില്‍ തുണികളൊന്നും പുറത്തിടരുത്. അവയിലൊക്കെ കീടനാശിനി വീഴാതിരിക്കാനായിരുന്നു ആ മുന്‍കരുതല്‍. ഏറ്റവും ആകര്‍ഷകമായ രീതിയിലാവും നുണകള്‍ അവതരിപ്പിക്കപ്പെടുക. 

ചില മഹാമണ്ടത്തരങ്ങൾ  പ്രചരിപ്പിക്കാന്‍ പ്രശസ്ത താരങ്ങളും മറ്റും  തന്നെ നേരിട്ട് ചാനലുകള്‍ വഴി ഭൂമിയിലേക്കിറങ്ങിയത് ആണ്  വളരെ കൗതുകം .എല്ലാവരും ചേർന്ന് കയ്യടിക്കുമ്പോൾ ഒരുപാട് ബാക്ടീരിയയും വൈറസുമൊക്കെ നശിച്ച് പോകാന്‍ സാധ്യതയുണ്ട് എന്നൊക്കെ  വിളിച്ചു പറയുമ്പോൾ അവരുടെ വിശ്വാസ്യത തന്നെയാണ് നഷ്ടമാകുന്നത്. അടുത്ത വിവരക്കേട് ട്രമ്പച്ചനെപോലുള്ള  രാഷ്ട്രനേതാക്കളിൽ നിന്നാണ് കോറോണയ്ക്ക് അത്‌ഭുതമരുന്ന്  കണ്ടുപിടിച്ചു എന്ന ടീറ്റ്  ചെയ്തതിനു പിന്നാലെ ആ മരുന്ന് വാങ്ങികൂട്ടാൻ ലോകമെമ്പാടുക്കും ഉള്ള ജനം നെട്ടോട്ടമോടി ഒടുവിൽ അത് നിയത്രണമില്ലാതെ കഴിച്ചു കുറേപ്പേരുടെ ജീവൻ  ഒടുങ്ങിയതോടെ ആ  പൂതിയും കഴിഞ്ഞു.

ആത്മീയ വ്യാപാരികൾ  ആണ് മറ്റൊരു കൂട്ടർ  കുവൈറ്റിൽ  തീയിറക്കി കൊറോണയെ നാടുകടത്തിയ അവറാനും മൂന്ന് കൊല്ലം മുമ്പ് കൊറോണ  ലോകത്തിൽ 2020ലിൽ  വരുമെന്ന് ദർശിച്ച ആൾദൈവവും ഒക്കെ  ജനങ്ങളെ വിഡ്ഢികളാക്കുക അല്ലേ ചെയ്തത്?
ഇതൊക്കെ ചെയ്തുകൂട്ടി ജനത്തെ വഴി തെറ്റിച്ചിട്ട് സ്വന്തം ലാവണത്തിൽ സുരക്ഷിതമായി  ഇരുന്നു പൊന്തിയോസ് പീലാത്തോസിനെ പോലെ കൈ കഴുകിയിട്ട് എനിക്ക് ഈ രക്തത്തിൽ പങ്കില്ല എന്നാണല്ലോ ഇവരൊക്കെ നിരന്തരം പറയുന്നത്.


കൊറോണക്കാലത്ത്  വിദഗ്ദ്ധരെ മുട്ടിയിട്ട് വഴിനടക്കാൻ പറ്റാത്ത അവസ്ഥ ആണ്. വരുന്നവനും പോകുന്നവനും എന്തിന് പറയാൻ മുടിവെട്ടുകടയിലെ ബാർബർവരെ ഉപദേശത്തോട്  ഉപദേശം. കേരളത്തിലെ എല്ലാ ചാനൽ അന്തിചർച്ചക്കാരും ഇപ്പോൾ കൊറോണ വിദദ്ധരാണ്.. അതിൽ രാഷ്ട്രീയ നേതാക്കളും മതമേലധികാരികളും  സിൽമാനടികളും   എന്തിന് വക്കീലുമാർ വരെ അല്ലേ പങ്കെടുക്കുന്നത്? ഈ വിദഗ്ദ്ധന്മാർ എന്തൊക്കെ ഉപദേശിച്ചാലും കൊറോണയ്ക്ക് എതിരേഉള്ള പ്രതിരോധമാർഗങ്ങൾ സാധാരണക്കാരൻ ചെയ്യേണ്ടത്  ഇത്രേ ഉള്ളു.. കഴിയുന്നതും വീട്ടിൽ ഇരിക്കുക, പുറത്തുപോകുന്നെങ്കിൽ ഒരു മാസ്ക് ധരിക്കുക, വ്യക്തികളുമായി സുരക്ഷിത അകലം പാലിക്കുക, ഇടയ്ക്കിടെ കൈ സോപ്പിട്ട് കഴുകുക, മൂക്കിലും കണ്ണിലും കൈ ഇട്ടു പിടിക്കാതെ ഇരിക്കുക.. തീർന്നു... അയിനാണ്  ഈ വങ്കത്തരം ഒക്കെ.

(കഥ : കടപ്പാട്)

Thursday, 28 May 2020

കൊറോണക്കാലത്ത് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസിക്ക് ഒരു കൈപ്പുസ്തകം.



കൊറോണക്കാലത്ത്  നാട്ടിലേക്ക് മടങ്ങുന്ന  പ്രവാസിക്ക്  ഒരു കൈപ്പുസ്തകം.




നമ്പൂര്യച്ചനും കാര്യസ്ഥൻ രാമനും കൂടെ സിനിമയ്ക്ക് പോയി. സിനിമയിൽ കാമുകി നഷ്ടപ്പെട്ട നിരാശപൂണ്ട നായകൻ കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടുവാൻ ഒരുങ്ങുന്ന ഭാഗമായപ്പോൾ തിരുമേനി കാര്യസ്ഥനോട് ചോദിച്ചു,

' രാമാ നമ്മടെ നായകൻ ചാടുമോ? ' 

'എന്താ സംശയം അവൻ ചാടും എനിക്കുറപ്പാ..' രാമൻ മറുപടി പറഞ്ഞു.

' ന്നാൽ നൂറുരൂപ പന്തയം അവൻ ചാടില്ല ..നോം പറേണു '..എന്നായി നമ്പൂര്യച്ചൻ.
പക്ഷെ തിരുമേനിയുടെ കണക്ക് തെറ്റിച്ചുകൊണ്ട് നായകൻ ചാടി.  പന്തയത്തിൽ തോറ്റ നമ്പൂര്യച്ചൻ കാശ് കൊടുക്കാരുങ്ങുമ്പോൾ   രാമനോട് ഒരു കാര്യം പറഞ്ഞു .

'എടാ മിടുക്കാ നോം  ഈ പടം മുമ്പ് മൂന്ന് തവണ കണ്ടതാ ..കഴിഞ്ഞ തവണ ചാടിയപ്പോൾ അവന്റെ കയ്യും കാലും ഒടിഞ്ഞിരുന്നു ..ആ അനുഭവം ഉള്ളതുകൊണ്ട് അവൻ ഇത്തവണ ചാടില്ല എന്നാ നോം നിരീച്ചത്..എന്താ പറയ്യാ ..ഇവനൊക്കെ എപ്പോഴാ  ജീവിക്കാൻ പഠിക്ക്യാ..'

ഇതുപോലെ ആണ്  ഓരോ പ്രവാസിയും..ഓരോ തവണ ലോങ്ങ് ലീവിനും ജോലി നഷ്ടപ്പെടും നാട്ടിലെത്തി തെണ്ടി പാപ്പരായി തിരിച്ചുപോകുമ്പോൾ പുതിയ തീരുമാനങ്ങളോടെ ആകും ഓരോ പ്രവാസിയും ഗൾഫിൽ തിരികെയെത്തുക. എന്നാൽ വീണ്ടും നാട്ടിലെത്തുമ്പോൾ അവൻ എല്ലാം മറക്കും..അടിച്ചുപൊളിച്ചു കൈയ്യിലെ കാശെല്ലാം തീർത്തു ഭാര്യയുടെ കെട്ടുതാലി വരെ പണയം വെച്ചാകും തിരിച്ചു ഗൾഫിൽ എത്താനുള്ള ടിക്കറ്റ് എടുക്കുക. എന്നാൽ ഇത്തവണത്തെ കൊറോണക്കാലം പ്രവാസിയെ  ജീവിക്കാൻ  പഠിപ്പിക്കും  ഇതുവരെയുള്ള പോക്ക് കണ്ടിട്ട് തോന്നുന്നത്. കൊറോണക്കാലത്ത്  നാട്ടിലേക്ക് മടങ്ങുന്ന  പ്രവാസിക്ക്  പിടിച്ചുനിൽക്കാൻ ഉപകാരമാകുന്ന ചില പ്രായോഗിക നിർദ്ദേശങ്ങൾ ഇതാ.. പ്രവാസികൾ ഇത് നർമ്മമായി എടുക്കേണ്ട കാരണം ഉള്ളുരുകുന്നവന്റെ  വേദന കണ്ടുനിൽക്കുന്നവന് മനസ്സിലാകണമെന്നില്ല.



കൊറോണകാലത്ത് നാട്ടിലെത്തി സർക്കാർ വക ഫ്രീ ക്വാറന്റീനും അതുകഴിഞ്ഞു ഹോം ക്വാറന്റീനും ഒക്കെ കഴിയുമ്പോൾ പുറത്തേക്ക് ഇറങ്ങി നാലുമാളോരേക്കാണാൻ ഏതു പ്രവാസിയും മോഹിക്കും, പക്ഷെ കുറെ നാളത്തേക്ക് അങ്ങാടിയിലേക്ക് ഇറങ്ങരുത്. ഇറങ്ങിയാൽ  ഇതുവരെയുള്ള നാടിനെക്കുറിച്ചും നാട്ടാരെക്കുറിച്ചുമുള്ള സങ്കല്പങ്ങൾ മാറും. വെറുതെ അങ്ങോട്ട് ചെന്ന് പണി വാങ്ങരുത്. നാട്ടിലെത്തിയ നിങ്ങൾ വീട്ടിൽ അടങ്ങി ഒതുങ്ങി ഇരിക്കുക ആണ് എന്ന് നാട്ടുകാർക്കും സ്വന്തക്കാർക്കും  ബോധ്യം ആകുമ്പോൾ അവർ ഓരോരുത്തരായി ഫോണിലൂടെ വിശേഷം തിരക്കി ഒടുവിൽ കുഴപ്പമൊന്നുമില്ല എന്നറിയുമ്പോൾ പതിയെ വീട്ടിലെത്തും. അതുവരെ അവരെക്കാണാൻ അങ്ങോട്ട് പോകരുത്. ആരെങ്കിലും വീട്ടിലെത്തിയാൽ  അവർക്ക്  കൈകൊടുക്കാനോ കെട്ടിപ്പിടിച്ചു മുത്തം കൊടുക്കണോ നിൽക്കരുത്. അങ്ങനെ ചെയ്താൽ  അവർ നിങ്ങളുടെ പിതാമഹനെ സ്മരിക്കും.വെറുതെ അവരെ തുമ്മിക്കേണ്ട.. ആരെങ്കിലും  കാണാനെത്തുമ്പോൾ  വീടിന്റെ ഏതെങ്കിലും മൂലയില്‍ ചിന്താമൂകനായി നില്‍ക്കുക.' ചിന്താഭാരം തോട്ടില്‍' എന്ന റഷ്യന്‍ പ്രസിദ്ധ നാടോടിഗാനം സ്മരിക്കുക.. അടൂർ ഗോപാലകൃഷ്ണൻ സാറിന്റെ അവാർഡ് സിനിമയിലെ കരമന ജനാർദ്ധനന്റെ മുഖഭാവത്തോടെ നിൽക്കുക ഇവയൊക്കെ അനുവർത്തിക്കാവുന്നതാണ്.


വീട്ടിൽ കാണാൻ വരുന്നവരോട് തന്റെ ജോലി പോയെന്നും അറബി ആറുമാസത്തെ ശമ്പളം തരാൻ ബാക്കിയുണ്ടെന്നും വെച്ചു താങ്ങുക. തിരികെ പോകാൻ ചാൻസ് ഉണ്ടെങ്കിലും ഒരിക്കലും അത് വെളിപ്പെടുത്തരുത്. പണി പോയിട്ടാണ് നാട്ടിൽ എത്തിയതെങ്കിൽ അഭിനയം വേണ്ട, എക്സ്പ്രഷൻ തനിയെ വന്നോളും. കൈയ്യിലെ കാശെല്ലാം തീർന്നുപൊട്ടി പാളീസായിട്ടാണ് നാട്ടിലെത്തിയത് എന്ന് കൂടെകൂടെ സ്വന്തക്കാരോടും അയല്പക്കക്കാരോടും   പറയുക. പാരയായിട്ടുള്ള നമ്മുടെ ആൾക്കാർ തന്നെ നാടുനീളെ അത് പ്രചരിപ്പിച്ചോളും. നമ്മൾ പൊളിഞ്ഞു കുത്തുപാളയെടുത്തു എന്ന് കേട്ടാലുള്ള സന്തോഷം പലർക്കും ചില്ലറയല്ല, അത് മാനുഷിക സ്വഭാവമാണ്.. മൈൻഡ് ചെയ്യണ്ട. ഇതുവരെയുള്ള അവധിക്കാലത്ത് നാം കണ്ട നാട്ടുകാരെയും 
കുടുംബക്കാരെയും ആയിരിക്കില്ല കൊറോണക്കാലത്ത് നാം കാണുക, ഒരു ദാക്ഷണ്യവും പ്രതീക്ഷിക്കരുത്. ' അവനിത്തിരി പത്രാസ് കൂടുതൽ ആയിരുന്നു ' എന്ന് പലരും പറയും.. സാരമില്ല, അസൂയക്കാർ അർമാദിക്കട്ടെ.. മറ്റുള്ളവർക്ക് ഇത്തരം സന്തോഷം നൽകുക കാൽകാശിന് ചിലവില്ലാത്ത പുണ്യപ്രവർത്തിയാണ്.


പിരിവുകാർ പെരുന്നാൾ  കമ്മറ്റിക്കാർ, എൽ. ഐ. സി, മെറ്റ്ലൈഫ് ഏജന്റുമാർ, മണി ചെയിൻ മാർക്കറ്റുകാർ, ക്ലബ്‌ വാർഷികക്കാർ അമ്പലപള്ളിക്കാർ ഇവരെയൊക്കെ അകലെ നിന്ന് കാണുമ്പോഴെ മുറ്റത്തുനിൽക്കുന്ന മുരിങ്ങമരത്തിന്റെ കീഴിലോ കുരുമുളക് ചെടിയുടെ ചോട്ടിലോ ചിന്താമഗ്നനായി വിഷാദഭാവത്തിൽ നിൽക്കുക. അവർ അടുത്ത് വരുമ്പോൾ കൊറോണ ഇടിച്ചു തരിപ്പണമായ തന്റെ കമ്പനിയെക്കുറിച്ചും ഗൾഫ് നാട്ടിൽ പണിയില്ലാത്തതും അവരോട് പറയുക. എന്തെങ്കിലും  ജോലി നാട്ടിൽ  തരപ്പെടാൻ വഴിയുണ്ടോ എന്നു അവരോട് ചോദിക്കുക. ഇൻഷുറൻസ് ഏജന്റുമാരോട് തനിക്ക് ഒരു ഏജൻസി തുടങ്ങാൻ എന്താണ് വഴിയെന്നും ചോദിക്കുക. അവർ വേഗം സ്ഥലം കാലിയാക്കിക്കൊള്ളും. പണ്ട് പുതുപ്പള്ളി പള്ളി  പെരുന്നാളിന് ഒരു പിച്ചക്കാരൻ പറഞ്ഞത് പോലെ പിച്ച തരുന്ന തെണ്ടികളും ഉണ്ട് തെരാത്ത തെണ്ടികളും ഉണ്ട്.. അത്രേ ഉള്ളു കാര്യം.. തന്നോട് കടം  ചോദിക്കുവാൻ  സാധ്യത ഉള്ളവരോട് അവർ ചോദിക്കുന്നതിന് മുമ്പ് അങ്ങോട്ട് കടം ചോദിക്കുക. ബാങ്ക് ലോണിന് ജാമ്യം നിൽക്കാമോ എന്ന്  ശല്യക്കാരായ ബന്ധുക്കളോട്  ചോദിക്കുക. അവർ പിന്നെ അടുക്കില്ല എന്നാൽ  ബാങ്ക് ലോൺ   കഴിവതും എടുക്കരുത്. ഇപ്പോഴത്തെ സാഹചര്യത്തിൽ പണം സൂക്ഷിച്ചു ചിലവാക്കുക  കൊറോണക്കാലം എപ്പോൾ തീരുമെന്ന് ആർക്കും പ്രവചിക്കുവാൻ കഴിയുക ഇല്ല. കൈയ്യിലുള്ള  പണം കരുതി ചിലവാക്കിയാൽ എങ്ങനെയെങ്കിലും പിടിച്ചുനിൽക്കാം. കൈയ്യിൽ എത്ര കാശുണ്ടായാലും അത് തീരാൻ അത്രനേരം വേണ്ട. വരവില്ലാതെ ചിലവ് മാത്രമാകുമ്പോൾ മെല്ലെ പേഴ്‌സ് കാലിയാകും. അമ്പത്താറുമേളവും ചെണ്ടയ്ക്ക് താഴെ..കൈയ്യിൽ പണമില്ലെങ്കിൽ?



തനിക്കുള്ള ആസ്തികളെക്കുറിച്ചും  ബാധ്യതകളെക്കുറിച്ചും ഒരു ലിസ്റ്റ് തയാറാക്കുക. കൈയ്യിലുള്ള ബാങ്ക് ബാലൻസ്, ഭാര്യയുടെയും മക്കളുടെയും സ്വർണാഭരണങ്ങൾ ഇവയുടെ ഒക്കെ കണക്ക് എടുക്കുക. വീട്, വസ്തുക്കൾ, ഫ്ലാറ്റ്, കടകൾ ഇവയൊക്കെ ഇപ്പോൾ നിഷ്ക്രിയ ആസ്തികൾ ആയിട്ട് മാത്രമേ കണക്കാക്കാൻ കഴിയുകയുള്ളു.  അവ ഇപ്പോൾ വിറ്റാൽ വാങ്ങിയ വിലപോലും ലഭിക്കുക ഇല്ല. കിട്ടിയ വിലയ്ക്ക് വിറ്റാൽ ലഭിക്കുന്ന പണം കൈയ്യിൽ  ഇരുന്നു ചിലവായി പോകുമെന്നല്ലാതെ കാര്യമായ പ്രയോജനം ഉണ്ടാകില്ല. ആർകെങ്കിലും പണം കൊടുക്കാൻ ഉണ്ടെങ്കിൽ തവണകളായി കൊടുത്തു തീർക്കുക. കൊടുക്കാതെ ഇരിക്കരുത് അവരും നമ്മെപ്പോലെ പ്രയാസം അനുഭവിക്കുന്നവർ ആയിരിക്കും. ഒരു കാരണവശാലും പുതുതായി വസ്തുവകകൾ വാങ്ങരുത്, ലോണെടുത്തു വീട് പണിയോ കാറോ വാങ്ങരുത്. വീട് മോടിപിടിപ്പിക്കുകയോ പെയിന്റ് ചെയ്യുകയോ അരുത്. കൈയ്യിലെ കാശുചോരുന്ന വഴി അറിയുക ഇല്ല.


കഴിവതും കടം വാങ്ങാതിരിക്കാനുള്ള വഴികൾ ചിന്തിക്കുക, അനാവശ്യ ചിലവുകൾ കുറയ്ക്കുക. ഗൾഫിൽ അരിപ്പിച്ചു ജീവിക്കുന്നവർ പോലും നാട്ടിലെത്തിയാൽ ധാരാളികൾ ആകാറുണ്ട്. മുമ്പൊക്കെ അവധിയ്ക്ക് വരുമ്പോൾ ചെയ്യുന്നതുപോലെയുള്ള ധൂർത്തുകൾ ഒഴിവാക്കുക. വിനോദയാത്രകളും ഹോട്ടലിലെ അടിച്ചുപൊളി തീറ്റിയും തുണിക്കടകളിൽ ഉള്ള കറക്കവും വെറുതെ തുണികൾ വാങ്ങികൂട്ടുന്നതും ഒഴിവാക്കുക, അഥവാ തുണികൾ വാങ്ങണമെങ്കിൽ വലിയ വിലയുള്ള ബ്രാൻഡുകൾ  ആലോചിക്കുകയേ വേണ്ട. കല്യാണം, അടിയന്തരംചോറൂണ്, മാമോദീസ, പാലുകാച്ചൽ ഇവയിലെ ഒക്കെ ആഡംബരം ഒഴിവാക്കുക. വീട്ടിലെ ഭാര്യയോടും മക്കളോടും തന്റെ യഥാർത്ഥ അവസ്ഥ പറയുക.മക്കളെ കഴിവതും സർക്കാർ സ്കൂളിൽ ചേർക്കുക. സർക്കാർ സ്കൂളുകൾ പലതും ഇപ്പോൾ സ്വകാര്യസ്കൂളുകളെക്കാൾ സൂപ്പറാണ്. അതുപോലെ ഗൾഫുകാരന് പണ്ടേയുള്ള മറ്റൊരു അസുഖമാണ് മൊബൈൽ ഫോൺ ഭ്രമം. സ്മാർട്ട് ഫോൺ മോഡലുകൾ ഇടയ്ക്കിടെ മാറ്റുന്ന ശീലം ഉപേക്ഷിക്കുക.ആ പൈസയ്ക്ക് ഒരു കുടുംബആരോഗ്യഇൻഷുറൻസ് എടുക്കുക.. ഒരുപാട് ഉപകരിക്കും.


ടാക്സി പിടിച്ചു പോകുന്നതും റെന്റ് എ കാർ ശീലവും ഒഴിവാക്കി ആനവണ്ടികളെയോ ഓട്ടോറിക്ഷയെയോ ആശ്രയിക്കുക. വീട്ടിലെ പെണ്ണുങ്ങളോട് പൊങ്ങച്ചപാചക പരീക്ഷങ്ങളും ബന്ധുക്കളെ വീട്ടിൽ വരുത്തിയുള്ള  സൽക്കാരങ്ങളും ഒഴിവാക്കാൻ തിട്ടൂരം നൽകുക.  ഗൾഫ്  സാധനങ്ങൾ  ഉപയോഗിച്ചുള്ള  ശീലം  ഒഴിവാക്കി ക്യുട്ടികുറയും  ചന്ദ്രികാസോപ്പും കൊണ്ട് തൃപ്തിപ്പെടുക. പെർഫ്യൂം  ഒരുകാരണവശാലും  ഉപയോഗിക്കരുത്. കൂളിംഗ് ഗ്ലാസ്സും ബർമുഡയും കുറ്റികാട്ടിൽ വലിച്ചെറിയുക. ഷർട്ട് ഇൻസേർട്ട്  ചെയ്യുന്ന ശീലം ഒഴിവാക്കുക. കഴിവതും  മുറിക്കയ്യൻ ഷർട്ടും ഒറ്റമുണ്ടും ഉപയോഗിക്കുക. വീട്ടിൽ റേഷൻ കാർഡ് ഇല്ലെങ്കിൽ അത്യാവശ്യമായി ഒരെണ്ണം സംഘടിപ്പിക്കുക. ഇപ്പോൾ  വെള്ള, നീല കാർഡുകാർക്കും കുറഞ്ഞ വിലയിൽ  റേഷൻകട വഴി കിട്ടുന്ന അരി ബ്രാന്റഡ്  മട്ടഅരിയെക്കാൾ സൂപ്പറാണ്.. വെറുതെ മട്ടഅരി വാങ്ങി  എക്സ്ട്രാ പൈസ കളയേണ്ട.

 പ്രാണവായു ഒഴിച്ച് എല്ലാം പൈസകൊടുത്തു വാങ്ങിക്കാം എന്ന ശീലം പ്രവാസി ഒഴിവാക്കുക. പറമ്പിൽ എന്തെങ്കിലും ഒക്കെ കുത്തികിളച്ചു ഉണ്ടാക്കുക. കഴിവതും പുറത്തുനിന്ന് പണിക്കാരെ നിറുത്തി ചെയ്യിക്കാതെ രാവിലെയും വൈകുന്നേരവും പറമ്പിലിറങ്ങുക. പറ്റുമെങ്കിൽ ഭാര്യയേയും മക്കളെയും കൂടെ കൂട്ടുക. അഞ്ചുസെന്റ് സ്ഥലമേയുള്ളെങ്കിലും വീട് ഒഴിച്ചിട്ടുള്ള സ്ഥലത്ത് പച്ചക്കറി കൃഷി തുടങ്ങുക. മുമ്പ് ഗൾഫ് പണത്തിന്റെ കുത്തലിൽ മുറ്റത്തും പരിസരത്തും വെള്ളം ഇറങ്ങാത്ത നിലയിൽ ടൈൽസ് ഇട്ടവരും വിഷമിക്കേണ്ട. പ്ലാസ്റ്റിക് ചാക്കുകളും  ബക്കറ്റും വീപ്പയും ഗ്രോബാഗുകളും വാങ്ങി  അതിൽ മണ്ണുനിറച്ചു കൃഷി തുടങ്ങുക. മുറ്റത്തോ ടെറസിലോ അനാവശ്യമായി ഒരിഞ്ചുസ്ഥലം  പോലും വെറുതെ ഇടരുത്. വിയർപ്പിന്റെ അസുഖം ഉള്ളവർക്കു ഒഴികെ ആപത്തുകാലത്ത് ചിലവ് കുറയ്ക്കാനുള്ള കച്ചിത്തുരുമ്പാണ് കൃഷി. അടുക്കളയിലേക്ക് ഉള്ളത് കിട്ടിയാൽ അത്രയും വീട്ടുചിലവ് ലാഭം. വെണ്ട,ചീര,വഴുതന,പയർ, പാവൽ, കോവൽ, തക്കാളി,കുമ്പളം, പടവലം, വെള്ളരി തുടങ്ങിയ പച്ചക്കറികളും വാഴ, കപ്പ, ചേന, ചേമ്പ്, കാച്ചിൽ തുടങ്ങിയ കാർഷിക വിളകളുമൊക്കെ മായം ചേർക്കാതെ ഭക്ഷിയ്ക്കാം.വീട്ടുവളപ്പിൽ പപ്പായമരവും മുരിങ്ങയും മാവും പ്ലാവുമൊക്കെ നട്ടുവളർത്താൻ അത്ര അദ്ധ്വാനമൊന്നും വേണ്ട. പണ്ട് ശങ്കരാടി പറഞ്ഞത് പോലെ ഇത്തിരി പരുത്തിക്കുരു.. ഇത്തിരി പിണ്ണാക്ക് .. അത്രേ വേണ്ടു..
കൊറോണക്കാലത്ത് ചക്കയും വാഴപ്പിണ്ടിയും വാഴക്കൂമ്പും ചേമ്പിൻതാളും ചേനത്തടയുമൊക്കെ തീൻമേശകളിൽ മടങ്ങിയെത്തിയിരിക്കുന്നത് വളരെ സന്തോഷമുള്ള കാര്യമാണ്.


 നാട്ടിൽ വന്നാൽ ഉടനടി സ്വന്തമായി ഒരു ബിസിനസ്സിനും ഇറങ്ങരുത്. ഇറങ്ങിയാൽ ഗവണ്മെന്റ് ആപ്പീസുകളിലെ ചുവപ്പ് നാടയും പഞ്ചായത്ത്‌ ഉദ്യോഗസ്ഥന്മാരും പാർട്ടിക്കാരും പാരപണിക്കാരും ചേർന്ന് നശിപ്പിച്ചു കൈയ്യിലിട്ടു തരും. ചെറിയ ശമ്പളത്തിനായാലും ഏതെങ്കിലും ജോലിയ്ക്ക് ചേരുക.നാട്ടിലെ സാഹചര്യങ്ങളും കുത്തിതിരുപ്പും മനസ്സിലാക്കാൻ അത് ഉപകരിക്കും.ഗൾഫിൽ നിന്ന് മടങ്ങുന്ന സ്‌കിൽഡ് ലേബർക്ക് ജോലി കിട്ടുക  അത്ര ബുദ്ധിമുട്ട് അല്ല. നാട്ടിൽ പണിയറിയാവുന്ന  ഇലെക്ട്രിഷ്യൻ, പ്ലംബർ, മേശൻ, മരപ്പണിക്കാരൻ തുടങ്ങിയവർക്ക് നല്ല ഡിമാൻഡ് ആണ്. സ്വന്തമായി ടുവീലറും കൈയ്യിലൊരു മൊബൈൽ ഫോണും പറഞ്ഞ സമയത്ത് വീട്ടിലെത്തി പണി തീർത്തുകൊടുക്കാനുള്ള മനസ്സുമുണ്ടെങ്കിൽ സംഗതി ജോർ. കുറഞ്ഞത് 1000 രൂപയെങ്കിലും ദിവസം കൈയ്യിൽ വരും. ഗൾഫുകാരെ ആരെയും ജോബ് ഡിസിപ്ലിൻ പഠിപ്പിക്കേണ്ട ആവശ്യം ഇല്ല. പന്ത്രണ്ടുമണിക്കൂറൊക്കെ തുടർച്ചയായി പൊരിവെയിലത്ത് പണിയെടുത്തു ശീലമുള്ളവരാണ് പ്രവാസികളിൽ ഭൂരിപക്ഷവും. നാട്ടിലെ സർക്കാർ ഉദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും അറബി അർബാബിനെ ബഹുമാനിക്കുന്നത്പോലെ ബഹുമാനിക്കണം. കാരണം അവരാണ് നാട്ടിലെ അറബിയും അർബാബും. വേണമെങ്കിൽ അവർ മുമ്പിൽ നിന്ന് മാറുമ്പോൾ അറബിയിൽ അഞ്ചാറുചീത്ത വിളിച്ചോളൂ.. മനസമാധാനം കിട്ടും. ഗൾഫിൽ അറബിയെ അയാൾ കേൾക്കാതെ   മലയാളത്തിൽ ചീത്ത വിളിക്കുന്നതുപോലെ. ഗൾഫ് നാടുവിട്ടുപോയി എന്ന് കരുതി നമ്മള്‍ നാട്ടുനടപ്പ് മറക്കരുത്. 


ലോണെടുത്തു കഴിവതും ഒരു ബിസിനസിനും ഇറങ്ങരുത് എന്നാണ് എന്റെ പക്ഷം.ബിസിനസിനു ഇറങ്ങുമ്പോൾ ചുരുങ്ങിയത് രണ്ടു വർഷത്തേക്കുള്ള പ്രവർത്തന മൂലധനം കണ്ടുവെയ്ക്കണം.പലരും കൈയ്യിലുള്ള മുഴുവൻ പണവും പിന്നെ കേറിക്കിടക്കുന്ന വീടും ഭാര്യയുടെ കെട്ടുതാലിയും വരെ പണയം വെച്ച് ബിസിനസിനിറങ്ങും.പിന്നീട് സംരംഭം  നടത്തിക്കൊണ്ട് പോകാൻ മൂലധനം ഉണ്ടാകില്ല. പിന്നെ പിടിച്ചുനിൽക്കാൻ വട്ടിപ്പലിശക്കാരോട് പണം കടംവാങ്ങും. ഒടുവിൽ എല്ലാം നഷ്ടപ്പെട്ടു നാട്ടിൽ നിന്ന് വനവാസത്തിന് പോകേണ്ടിവരും.


 എന്തൊക്കെ സംഭവിച്ചാലും കൈയ്യിലുള്ള ഫിക്സഡ് ഡെപ്പോസിറ്റിൽ, അതെത്ര ചെറിയ തുക ആയാലും അതിൽ കൈവെക്കരുത്. അത് പെരുമഴക്കാലത്തേക്കുള്ള സമ്പാദ്യം ആണ്.   ആ പണം  സ്വന്തനാട്ടിലെ ബാങ്കിലിടാതെ അല്പം ദൂരയുള്ള ബാങ്കിലിടണം. നമ്മൾ ഗൾഫുകാരൻ അല്ല  നാട്ടുകാരൻ ആണ് എന്ന് നാട്ടുകാർക്ക്  തോന്നുന്നത് വരെ കൈയ്യിലെ പൈസ കാര്യമായി പുറത്തിറക്കരുത്. ഇത്രയുമൊക്കെ ആയിക്കഴിയുമ്പോള്‍ നിങ്ങളെപ്പറ്റി ഏറെക്കുറെ ഒരു ധാരണ നാട്ടുകാര്‍ക്കിടയില്‍ ഉണ്ടായിത്തുടങ്ങും. നാട്ടുകാർ  നിങ്ങള്‍ പണ്ട് എങ്ങിനെ ആയിരുന്നോ എന്ന പോലെ അടുത്തിടപഴകാന്‍ തുടങ്ങും. പതിയെ നിങ്ങൾക്കും നാടിനെക്കുറിച്ചു ശരിയായ ധാരണയും കാര്യങ്ങൾ മനസ്സിലാക്കാൻ ഉള്ള കാഴ്ചപ്പാടും ഉണ്ടാകും.പഴയ പ്രതാപങ്ങളേയും ശീലങ്ങളേയും പടിയിറക്കി  കരുതലോടെ മുമ്പോട്ടു നീങ്ങിയാൽ പ്രവാസിയ്ക്ക് ഈ കൊറോണകാലത്തും നാട്ടിൽ പിടിച്ചു നിൽക്കാം.

''പുരയ്ക്ക് മീതെ വെള്ളം
വന്നാലതുക്കുമീതെ തോണി'